Friday, 31 January 2014

90.1983(MALAYALAM,2014)

90.1983(MALAYALAM,2014),Dir:-Abrid Shine,*ing:-Nivin Pauly,Anoop Menon,Joy Mathew.


" Don't stop chasing your dreams,because dreams do come true"-Sachin Tendulkar

" ക്രിക്കറ്റും സച്ചിനും ശ്വാസത്തില്‍ അലിഞ്ഞു ചേര്‍ന്ന 1983"
ഒരു കായികവിനോദം എന്ന നിലയില്‍ നിന്നും ഓരോ ഭാരതീയനും ക്രിക്കറ്റ് ഒരു വികാരമാണ്.ഏതൊരു മതത്തെക്കാളും ആരാധ്യമാണ് .ക്രിക്കറ്റിലെ ദൈവം എന്ന് വരെ സച്ചിന്‍ എന്ന മഹാപ്രതിഭയെ നമ്മള്‍ വാഴ്ത്തി.ഒരു പക്ഷെ നമ്മുടെ നാട്ടില്‍ ജനിക്കുന്ന ഓരോ കുട്ടിയുടെ രക്തത്തിലും അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഒരു വികാരമാണ് സായിപ്പുമാര്‍ കണ്ടു പിടിച്ച ഈ കളി.പണ്ടെവിടെയോ വായിച്ചത് പോലെ ഭാരതീയര്‍ക്ക് ദേശിയതാ ബോധം ഉണ്ടാകുന്നതും ഒരേ ശബ്ദത്തില്‍ ഒരു മനമായി പ്രാര്‍ത്ഥിക്കുന്നതും ഈ കളി കാണുമ്പോള്‍ ആണെന്ന്.സത്യമാണ് അത്.ലോകത്തിലെ സ്വാധീനമുള്ള കായിക ശക്തിയായി ബി സി സി ഐ വളര്‍ന്നതില്‍ ഓരോ ഇന്ത്യക്കാരനും പങ്കുണ്ട്.അത് പോലെ ആണ് സച്ചിനും.തലമുറകളായി വലിപ്പച്ചെറുപ്പം ഇല്ലാതെ എല്ലാവര്‍ക്കും അറിയുന്ന ഒരേ ഒരു പേരായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ .സച്ചിന്‍ ഔട്ട്‌ ആയാല്‍ ടി വി നിര്‍ത്തി പോയിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും ക്രിക്കറ്റ് വളരെയധികം മാറിയിരിക്കുന്നു.എങ്കിലും ഒരു തലമുറയുടെ താരം തന്നെ ആയിരുന്നു സച്ചിന്‍.സച്ചിന്‍ എന്ന വികാരവും ക്രിക്കറ്റ് എന്ന കളിയും കൂട്ടി കെട്ടി അബ്രിദ് ഷൈന്‍ എന്ന പുതുമുഖ സംവിധായകന്‍ അവതരിപ്പിച്ച 1983 യെ കുറിച്ച് ഒന്നേ പറയാന്‍ ഉള്ളു.ഒരു തലമുറയുടെ ഓര്‍മ്മകള്‍ അല്‍പ്പ നേരത്തേക്ക് മടക്കി തരാന്‍ കഴിഞ്ഞ കലാകാരന്‍.

   ഒരു സിനിമയേക്കാള്‍ ഉപരി 1983 ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലൂടെ ഉള്ള ഒരു യാത്ര ആണ്.നാല് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ലോക കപ്പില്‍ മൂന്നാം തവണയും അടുപ്പിച്ച് ജേതാക്കള്‍ ആകാന്‍ കച്ച മുറുക്കി ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് എന്ന അതികായരെ കറുത്ത കുതിരകളായ കപില്‍ ദേവിന്‍റെ ചെകുത്താന്മാര്‍ തുരത്തിയോടിച്ചു ക്രിക്കറ്റ് കളിയുടെ മെക്കയായ ലോര്‍ഡ്സില്‍ വിജയപതാക പറപ്പിച്ച 1983 മുതല്‍ ഇന്ന് വരെയുള്ള കാലഘട്ടം ആണ് ഈ സിനിമ സഞ്ചരിക്കുന്നത്.പത്തു വയസ്സുള്ള രമേശന്‍ എന്ന നാട്ടിന്‍പുറത്ത് ഉള്ള കുട്ടിയിലും സുഹൃത്തുക്കളിലും ടി വിയില്‍ കണ്ട ആ വിജയം ഒരു ആവേശമായി മാറി.അവരുടെ ശ്വാസവും മതവും എല്ലാം ക്രിക്കറ്റ് ആയി മാറി.അത്രയേറെ അവരെ ആ കളി ആകര്‍ഷിച്ചിരുന്നു.മടല്‍ ബാറ്റുകളും ടെന്നീസ്,റബ്ബര്‍ പന്തുകളിലൂടെയും അവരും ചിലപ്പോഴൊക്കെ ക്രിക്കറ്റ് ഇതിഹാസങ്ങളായി പറമ്പിലെയും തൊടിയിലെയും മൈതാനങ്ങളിലെയും പിച്ചുകളില്‍ പാറി നടന്നു.ഇന്ന് ട്യുഷന് വിടുന്നത് പോലെ ക്രിക്കറ്റ് കോചിങ്ങിനു കുട്ടികളെ അയക്കുന്ന ഒരു കാലം അല്ലായിരുന്നു അന്ന്.പണമുള്ളവര്‍ മാത്രം നാടിനു വേണ്ടി കളിക്കും എന്നൊരു വിശ്വാസം രക്ഷിതാക്കള്‍ക്ക് ഉണ്ടായിരുന്നു.അതിനാല്‍ തന്നെ സ്വന്തം വീട്ടിലെ സച്ചിനെയും കപില്‍ ദേവിനെയും ഒക്കെ അവര്‍ വീട്ടില്‍ തന്നെ കുഴിച്ചു മൂടാന്‍ കൂട്ട് നിന്നു ,സ്വന്തം മക്കളുടെ ഭാവി ഓര്‍ത്തു.രമേശന്റെയും ജീവിതം വ്യത്യാസം ഇല്ലായിരുന്നു.ഒരു എന്‍ജിനിയര്‍ ആകണം തന്‍റെ മകന്‍ എന്ന് ആഗ്രഹിക്കുന്ന സാധാരണക്കാരായ മാതാപിതാക്കള്‍.രമേശന്റെ ജീവിതം ആണ് ഈ സിനിമ.രമേശന്‍ വളര്‍ന്നു..സ്കൂള്‍ കാലത്തെ പ്രണയം,പരീക്ഷകളിലെ തോല്‍വി,വിവാഹം പിന്നെ ക്രിക്കറ്റ്.രമേശന്‍ സച്ചിന്‍റെ പ്രായം ആയപ്പോഴും ക്രിക്കറ്റില്‍ നിന്നും റിട്ടയര്‍ ചെയ്തില്ല.പകരം തന്‍റെ ജീവന് തുല്യം സ്നേഹിക്കുന്ന ആ ബാറ്റിനെയും ഒഴുകുന്ന രണ്സിനെയും സിക്സരുകളെയും സ്നേഹിച്ചു.രമേശന് തന്‍റെ ജീവിതത്തില്‍ ഉള്ള ഏറ്റവും വലിയ ആഗ്രഹം നടപ്പാക്കാന്‍ ഒരു അവസരം ലഭിക്കുന്നു.രമേശന്റെ ജീവിതത്തിനു അര്‍ഥം ഉണ്ടാകുന്നതു അവിടെയാണ്.ആ കഥയാണ് 1983 പറയുന്നത്.


     സിനിമയില്‍ ഓരോ ലോക കപ്പും അവതരിപ്പിക്കുമ്പോള്‍ ഇന്ത്യയ്ക്ക് ആദ്യ ലോക കപ്പു കിട്ടിയിട്ട് രണ്ടു വര്‍ഷത്തിനു ശേഷം ജനിച്ച എനിക്കൊക്കെ ആ ദൂരദര്‍ശന്‍ ലോഗോ,രാമായണം സീരിയല്‍ 1992 ലെ ലോക കപ്പൊക്കെ ചെറുപത്തില്‍ ഞാനൊക്കെ എന്തായിരുന്നു എന്നുള്ളതിന്റെ ഒരു ഓര്‍മ കുറിപ്പായി മാറി.2003 ലോക കപ്പൊക്കെ കാണുമ്പോള്‍ അന്നുണ്ടായ അതേ വികാരം തിരയില്‍ അതേ സ്പിരിറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്.ഈ സിനിമ തീര്‍ച്ചയായും ക്രിക്കറ്റ് എന്ന മതത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രമാണ്.ക്രിക്കറ്റിനെ കുറിച്ച് സുശീലയോട് സച്ചിന്‍ ആരാണെന്നു ചോദിച്ചപ്പോള്‍ പറയുന്ന ഉത്തരം പറയുന്നവര്‍ ഈ ചിത്രം കാണാതെ ഇരിക്കുന്നതാണ് നല്ലത് .ഒരു സിനിമ എന്ന നിലയില്‍ നിന്നും ഈ ഒരു വികാരത്തെ ഇത്ര മാത്രം തീവ്രതയോടെ അവതരിപ്പിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി.സിനിമയുടെ തുടക്കത്തില്‍ സച്ചിന്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ ഉള്ള പ്രസംഗം അവതരിപ്പിച്ചത്നി മുതല്‍ ഇന്റെര്‍വല്‍ വന്നപ്പോഴും എന്തിനു സിനിമയുടെ അവസാനം എഴുതി കാണിച്ചത് വരെ ക്രിക്കറ്റ് ആയിരുന്നു . നിവിന്‍ പോളി എന്തായാലും തട്ടതിന്‍ മറയത്തില്‍ നിന്നും ഇറങ്ങി വരാന്‍ ശ്രമിച്ചിട്ടുണ്ട്.സ്വാഭാവിക അഭിനയം നടത്താന്‍ പരിശ്രമിക്കുന്ന അനൂപ്‌ മേനോനും മോശം ആക്കിയില്ല.ജോയ് മാത്യുവിന്റെ അച്ഛന്‍ വേഷവും നന്നായിരുന്നു.തീര്‍ച്ചയായും ഇപ്പോള്‍ മുപ്പതോ അതില്‍ കൂടുതലോ പ്രായം ഉള്ളവര്‍ക്ക് ചെറുപ്പതിലേക്ക് ഒരു തിരിച്ചു പോക്കായിരിക്കും 1983.ഈ വര്‍ഷത്തിലെ ആദ്യ മാസം നല്ല ചിത്രങ്ങള്‍ ഒന്നും കണ്ടില്ലല്ലോ എന്ന നിരാശയില്‍ ഇരിക്കുമ്പോള്‍ മാസാവസാനം നല്ല ഒരു സിനിമയും ഈ വര്‍ഷത്തെ ആദ്യ ഹിറ്റ്‌ ആകാന്‍ ഉള്ള സാധ്യതയുമായി 1983 വന്നു.തിയറ്ററിലെ കുടുംബ പ്രേക്ഷകര്‍ അതിനു അടിവരയിടുന്നു.സെക്കണ്ട് ഷോ ബാല്‍ക്കണി ഫുള്‍ ആയിരുന്നു.


   തങ്ങളുടെ ഇഷ്ട താരങ്ങള്‍ക്ക് വേണ്ടി തല്ലുണ്ടാക്കുന്ന ആരാധകര്‍ ഇത്തരം സിനിമകളെയും പ്രോത്സാഹിപ്പിച്ചു കൂടെ?മാസ്സും ഇത്തരം സിനിമകളും ഒരു ബാലന്‍സില്‍ പോകും.മലയാള സിനിമയ്ക്കും അതാണ്‌ നല്ലത് .ഞാന്‍ ഈ സിനിമയ്ക്ക് നല്‍കുന്ന റേറ്റിംഗ് 4/5!!




More review @ www.movieholicviews.blogspot.com

No comments:

Post a Comment