Wednesday, 29 January 2014

89.HER(ENGLISH,2013)

89.HER(ENGLISH,2013),|Sci-fi|Romance|Fantasy|,Dir:-Spike Jonze,*ing:-Joaquin PhoenixAmy AdamsScarlett Johansson,Brian Cox.

 ഓസ്കാര്‍ വേദിയില്‍ മികച്ച ചിത്രമാകാന്‍ സാദ്ധ്യത ഉള്ള "ഹെര്‍ "!!
     ജീവിതത്തില്‍ ഉണ്ടാകുന്ന ഒറ്റപ്പെടലുകള്‍ മനുഷ്യനെ പല രീതിയില്‍ മാറ്റുന്നു .ഏകാന്തതയില്‍ നിന്നും വഴി മാറി സഞ്ചരിക്കാന്‍ ഉള്ള ഒരു ത്വര മനുഷ്യനില്‍ ഉണ്ടാവുക സാധാരണം.ആ യാത്ര ചെന്നെത്തുന്നത് ചില ബന്ധങ്ങളില്‍ ആയിരിക്കും.ചില ബന്ധങ്ങള്‍ നഷ്ടങ്ങളുടെ മേല്‍ ലഭിച്ച ലാഭങ്ങള്‍ ആയി മാറാറുണ്ട്.എന്നാല്‍ ചിലര്‍ വീണ്ടും പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകും.ഒരു മനുഷ്യന് ജീവിതത്തില്‍ നിന്നും എന്ത് ലഭിക്കണം എന്ന് അവന്‍ തന്നെ എടുക്കുന്ന തീരുമാനങ്ങള്‍ ആണ് അവന്റെ ജീവിതത്തിന്‍റെ ഓരോ നിമിഷവും .ഏകാന്തതയില്‍ നിന്നുമുള്ള വഴി മാറി ചെന്നെത്തുന്നത് പലപ്പോഴും മേല്‍പ്പറഞ്ഞ ബന്ധങ്ങളില്‍ ആയിരിക്കും.ഒരു പ്രണയം ചിലപ്പോള്‍ അവരുടെ ജീവിതം തന്നെ മാറ്റി മറിയ്ക്കാന്‍ ഉള്ള സാധ്യത കൂടുതലാണ്.ആ പ്രണയം സാധ്യമാക്കാന്‍ ഒരു മനുഷ്യന്‍ തന്നെ എതിര്‍വശത്ത് വേണം എന്ന ആവശ്യമുണ്ടോ?അല്‍പ്പം കുഴയ്ക്കുന്ന ചോദ്യം.എന്നാല്‍ അത്തരത്തില്‍ ഒരു വ്യത്യസ്തമായ പ്രണയ കഥ പറയുകയാണ് "ഹെര്‍"എന്ന ഈ ചിത്രം.

     ഈ കഥ നടക്കുന്നത് സമീപഭാവിയില്‍ എവിടെയോ ആണ് .തിയോഡര്‍   പ്രിയപ്പെട്ടവര്‍ക്കായി കത്തുകള്‍  എഴുതി കൊടുക്കുന്ന  ഒരു ഓണ്‍ ലൈന്‍ സൈറ്റിലെ ജീവനക്കാരനാണ്.അതിമനോഹരമാണ് തിയോഡര്‍ എഴുതുന്ന കത്തുകള്‍.അതിനു ആവശ്യക്കാര്‍ കൂടുതലുമാണ്.എന്നാല്‍ പ്രണയാതുരമായ ഈ കത്തുകള്‍ എഴുതുന്ന തിയോഡര്‍ തന്‍റെ ജീവിതത്തില്‍ ഒറ്റപ്പെടലില്‍ ആണ്.പഴയ സുഹൃത്തായ കാതറിന്‍ എന്ന സ്ത്രീയെ വിവാഹം ചെയ്ത തിയോഡര്‍ എന്നാല്‍ കാലത്തിന്‍റെ ഒഴുക്കില്‍ രണ്ടു പേര്‍ക്കും വന്ന അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പിരിയാന്‍ തീരുമാനിച്ചു കഴിയുകയാണ്.എങ്കിലും ഉള്ളിന്‍റെ ഉള്ളില്‍ കതരിനെ പ്രണയിക്കുന്ന തിയോഡര്‍ പിരിയാന്‍ സമ്മതിക്കുന്നില്ല.എങ്കില്‍ പോലും ഒറ്റയ്ക്കുള്ള ജീവിതം തിയോഡര്‍ വെറുക്കുന്നു.അങ്ങനെ ഇരിക്കെ ഒരു ദിവസം ആകസ്മികമായി ലോകത്തില്‍ ആദ്യമായി വികസിപ്പിച്ചെടുത്ത സ്വയം ചിന്താ ശേഷി ഉള്ള (Artificial Intelligence) ഒരു Operating System വാങ്ങുന്നു.അതിന്‍റെ പേര് OS1.Operating System ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ പ്രവര്‍ത്തനത്തിനായി ഒരു  സ്ത്രീയുടെ ശബ്ദം തിരഞ്ഞെടുക്കുന്ന തിയോഡര്‍ പിന്നെ കടന്നു പോയത് അസാധാരണമായ സംഭവ വികാസങ്ങളിലൂടെ ആയിരുന്നു.ആ OS സ്വയമായി സമാന്ത എന്ന പേര് സ്വീകരിക്കുകയും ചെയ്തു.ആദ്യമൊക്കെ തന്‍റെ ജോലിയില്‍ കൂടുതല്‍ സഹായകരമായ ആ സ്ത്രീ ശബ്ദവുമായി തിയോഡര്‍ മെല്ലെ അടുക്കുന്നു.അവര്‍ അവരുടെ ജീവിത കാഴ്ചപ്പാടുകളിലൂടെ തങ്ങളുടെ ശബ്ദങ്ങള്‍ പങ്കു വയ്ച്ചു.സമാന്ത ദിവസം തോറും സ്വയം ചിന്താശേഷി വളര്‍ന്നു വരുന്ന ഒരു OS ആയിരുന്നു.പതുക്കെ പതുക്കെ തിയോടരുമായുള്ള ബന്ധം സമാന്തയെ ഒരു സ്ത്രീയാക്കി മാറ്റുന്നു.അവര്‍ തമ്മില്‍ വൈകാരികമായ ഒരു അടുപ്പം ഉണ്ടാകുന്നു.വെര്‍ച്ച്വല്‍ ലോകത്തുള്ള ഒരു OS ആണ് താന്‍ എന്ന് ഓര്‍ക്കാതെ സമാന്ത- തിയോഡര്‍ ബന്ധം ബലപ്പെടുന്നു.അവര്‍ തമ്മില്‍ ശബ്ധങ്ങളിലൂടെ ശാരീരിക ബന്ധം പോലും ഉണ്ടാകുന്നു.സമാന്ത അയാളുടെ ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങളില്‍ പോലും പങ്ക് ചേരുന്നു.

     അമി തിയോടരിന്റെ സുഹൃത്താണ്.അമി ഭര്‍ത്താവുമായി തെറ്റി പിരിയുന്നു.എന്നാല്‍ അവര്‍ക്കും ഒരു സുഹൃത്തിനെ  ലഭിക്കുന്നു.പിരിഞ്ഞു പോയ ഭര്‍ത്താവിന്‍റെ സ്ത്രീ ശബ്ദത്തില്‍ ഉള്ള Operating System .ലോകം പതുക്കെ പതുക്കെ ബന്ധങ്ങള്‍ തമ്മില്‍ ഉള്ള ആഴം കുറച്ച് ഒരു കമ്പ്യുട്ടറില്‍ ഒതുങ്ങി കൂടാന്‍ പോയിരുന്ന സമയം.OS ബന്ധം ഉള്ളവരുടെ എണ്ണം വളരെയധികം കൂടുന്നു .എന്നാല്‍ സമയത്തിന്‍റെ പാച്ചിലില്‍ മനുഷ്യനും യന്ത്രവുമായുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണമാകുന്നു.മനുഷ്യന്‍റെ ചിന്തകളില്‍ തങ്ങള്‍ക്കും പങ്കു വേണം എന്ന രീതിയില്‍ അവ മാറുന്നു.മനുഷ്യന്‍ ,മനുഷ്യനില്‍ നിന്നും എപ്പോള്‍ അകലുന്നുവോ അപ്പോള്‍ ഉണ്ടാകുന്ന ജീവിതത്തിലെ വിടവുകള്‍  ഒരു സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നികത്താന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ക്ക് തീവ്രത കൂടുതല്‍ ആയിരിക്കും.നഷ്ടങ്ങളും. തിയോഡര്‍-സമാന്ത -അമി എന്നിവരുടെ ബന്ധങ്ങളില്‍ ഇത്തരത്തില്‍  ഉണ്ടാകുന്ന മാറ്റങ്ങള്‍ ആണ് ബാക്കി ചിത്രം.

  സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ധാരാളം ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും അതെല്ലാം കൂടുതലും ഒരു ആക്ഷന്‍ പശ്ചാത്തലത്തില്‍ ഉള്ളവ ആയിരുന്നു.എന്നാല്‍ ഇവിടെ ബന്ധങ്ങളുടെ രസങ്ങളും രസക്കേടുകളും കാല്‍പനികതയുടെ മേമ്പൊടി ചേര്‍ത്ത് പ്രണയത്തിന്റെ രീതിയില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്.ഈ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രം സമാന്ത ഒരു സ്സെനില്‍ പോലും മുഖം കാണിക്കുന്നില്ല.പകരം "മതിലുകള്‍" സിനിമയിലെ പോലെ ശബ്ദമായി മാത്രമാണ് അവതരിപ്പിക്കുന്നത്‌.സമാന്തയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് സ്കാര്‍ലറ്റ് ജോന്സന്‍ ആണ്.തിയോഡര്‍ ആയി ജോക്വിന്‍ ഫീനിക്സും അമി ആയി അമി ആദംസും വേഷമിടുന്നു.

 കഴിഞ്ഞ വര്‍ഷത്തെ പുരസ്ക്കാര പട്ടികയില്‍ മിക്കതിലും ഇടം പിടിച്ചതായിരുന്നു ഈ ചിത്രം.ഈ വര്‍ഷം അഞ്ച് ഓസ്കാര്‍ നാമ നിര്‍ദേശങ്ങള്‍  ലഭിക്കുകയും ചെയ്തു.ഈ ചിത്രം പറയുന്നത് ഒരു സാധാരണ പ്രണയ കഥ അല്ല.തികച്ചും വ്യത്യസ്തമായ ,കൂടുതല്‍ മാനസികമായ അടുപ്പം തോന്നിക്കുന്ന ഒരു പ്രണയത്തെ കുറിച്ചാണ് .പ്രണയകഥകള്‍ ഇഷ്ടമില്ലാതിരുന്ന എനിക്ക് എന്നാല്‍ ഈ സിനിമയിലൂടെ ലഭിച്ചത് വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു.കഴിഞ്ഞ വര്‍ഷം അവസാനം ഇറങ്ങിയ ചിത്രങ്ങള്‍ കൂടുതല്‍ അത്ഭുതം ആവുകയാണ്.എല്ലാം ഒന്നിനോടൊന്ന് മികച്ചത്.മറ്റൊന്ന് കൂടി ഈ ചിത്രം കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളില്‍ മികച്ചത് എന്ന പുരസ്ക്കാരം ലഭിച്ചാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ല അത്രയ്ക്കും മനോഹരമാണ് ഇതിന്‍റെ സംഗീതവും തിരക്കഥയും സംവിധാനവും..നിലയ്ക്കാത്ത ഒരു കവിത പോലെ..ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 8/10!!

 More reviews @ www.movieholicviews.blogspot.com


No comments:

Post a Comment