Monday, 5 December 2022

1603. Black Widow (English, 1987)

 1603. Black Widow (English, 1987)

          Mystery, Crime: Streaming on Disney+



അടുത്തടുത്തായി നടക്കുന്ന മൂന്നു മരണങ്ങൾ. മരണപ്പെട്ടത് എല്ലാം അവരവരുടെ മേഖലയിൽ കഴിവ് തെളിയിച്ച ധനികർ. സാധാരണ മരണങ്ങൾ പോലെ അതെല്ലാം തോന്നിയെങ്കിലും, ഈ മരണങ്ങൾ തമ്മിൽ എന്തോ ബന്ധം ഉണ്ടെന്നു അലൈക്സാന്ദ്ര എന്ന ജസ്റ്റിസ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥയ്ക്ക് തോന്നി തുടങ്ങി. പക്ഷെ അതിനു വ്യക്തമായ തെളിവുകൾ ഒന്നും ഇല്ലായിരുന്നു. സാധാരണ രീതിയിൽ മരിച്ച മൂന്നു പേർ.പ്രത്യക്ഷത്തിൽ മരണങ്ങൾ തമ്മിൽ ബന്ധം ഒന്നുമില്ല.അങ്ങനെ ഒരു pattern ഈ മരണങ്ങളിൽ കാണുന്നുമില്ല ആദ്യ നോട്ടത്തിൽ. എന്നാലും കാഴ്ചയ്ക്കും അപ്പുറം എന്തെങ്കിലും ഉണ്ടാകുമോ?


  അലക്സാന്ദ്ര ഈ കേസുകളിൽ ഒരു ബന്ധം കണ്ടു പിടിക്കുന്നു. ഈ മരിച്ച മൂന്നു പേരും അവരുടെ വിവാഹം കഴിഞ്ഞു കൃത്യം ഒരു മാസം ആകുമ്പോൾ ആണ്‌ മരണപ്പെടുന്നത്. ഇവരെ വിവാഹം ചെയ്തത് വ്യത്യസ്ത പേരിൽ ഉള്ള സ്ത്രീകളും ആണ്‌. എന്നാലും ഈ ഒരു ചെറിയ സംശയവും ആയി അലക്സന്ദ്ര ഓഫീസ് ജോലിയിൽ നിന്നും ഫീൽഡിലേക്ക് ഇറങ്ങുന്നു. അലക്സന്ദ്രയുടെ സംശയങ്ങൾ യാഥാർഥ്യം ആണോ? അതോ അവളുടെ തോന്നലുകൾ മാത്രമോ? എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നതാണ് സിനിമയുടെ ബാക്കി കഥ.


 ഈ അടുത്ത് ഇറങ്ങിയ ഒരു മലയാള സിനിമ കാണുന്നതിന് മുന്നേ ഈ സിനിമ കണ്ടാൽ നന്നായിരിക്കും എന്ന് ഒരു സുഹൃത്ത്‌ പറഞ്ഞത് കാരണം ആണ്‌ Black Widow കണ്ടത്. മലയാളം പിന്നീട് കാണുകയും ചെയ്തു. പക്ഷെ ഈ സിനിമയിലെ മൂല കഥ എടുത്തു ചെയ്ത മലയാളം സിനിമ തീരെ മോശം ആയപ്പോൾ നല്ലൊരു മിസ്റ്ററി ത്രില്ലർ ആയിരുന്നു Black Widow.തെരേസ രസലിന്റെയും, ഡബ്ര വിങ്ങറുടെയും കിടിലൻ പ്രകടനം ആണ്‌ സിനിമയിൽ. പ്രത്യേകിച്ചും ക്ലൈമാക്സ്‌ ട്വിസ്റ്റ് ഒക്കെ നന്നായിരുന്നു.


സിനിമയുടെ പേരിൽ തന്നെ കഥ ഉണ്ടെങ്കിലും അത് അവതരിപ്പിച്ച രീതി ആണ്‌ എനിക്ക് ഇഷ്ടപ്പെട്ടത്. കഴിയുമെങ്കിൽ കാണാൻ ശ്രമിക്കുക. ഒരു ചെറിയ റേറ്റിങ്ങും കൊടുക്കുന്നു 3.5/5


സിനിമ കണ്ടവരുടെ അഭിപ്രായം എന്താണ്?


സിനിമയുടെ ലിങ്ക് www.movieholicviews.blogspot.com ൽ ലഭ്യമാണ്.

1602. Kantara ( Kannada, 2022)

 1602. Kantara ( Kannada, 2022)

          Streaming on Amazon Prime.



കാന്താരാ റിലീസ് ആയ സമയത്തു തിയറ്ററിൽ കണ്ടവർ വരാഹാരൂപം സിനിമയ്ക്ക് മൊത്തത്തിൽ നൽകിയ മാസ്മരികമായ അനുഭവത്തിനെ കുറിച്ച് അറിവ് ഉള്ളത് കൊണ്ട് തന്നെ പുതിയ വരാഹാരൂപം ഉള്ള സിനിമ കാണേണ്ട എന്ന് തന്നെ തീരുമാനിച്ചത് ആണ്‌ പ്രൈം വീഡിയോയിൽ വന്നപ്പോൾ. അത് കൊണ്ട് തന്നെ എല്ലാ ദിവസവും പ്രൈം തുറന്നു ക്ലൈമാക്സ്‌ ഭാഗം നോക്കുമായിരുന്നു, ഒറിജിനൽ വന്നോ എന്ന് അറിയാൻ. എന്തായാലും ഇന്ന് നോക്കിയപ്പോൾ ഒറിജിനൽ വരാഹരൂപം തന്നെ കിടക്കുന്നതു കണ്ടു. അത് കൊണ്ട് സിനിമ പ്രൈമിൽ കണ്ടു.


  സിനിമയെക്കുറിച്ച് പറയുക ആണെങ്കിൽ, ഒരു മിത്തിൽ നിന്നും തുടങ്ങി ഫിക്ഷനൽ ആയ ഒരു ഗ്രാമവും, ആ ഗ്രാമത്തിന്റെ രക്ഷകനായ ദൈവ പ്രതിഷ്ഠയും അതിൽ നിന്നും കാലങ്ങൾക്ക് അപ്പുറം നടക്കുന്ന സംഭവങ്ങൾ എല്ലാം ആണ്‌ സിനിമയുടെ കഥ. മണ്ണിനോട് മനുഷ്യനുള്ള ആർത്തിയും, അതേ സമയം കാലുറച്ചു നിൽക്കാൻ മണ്ണ് വേണമെന്നുള്ള മനുഷ്യന്റെ ആവശ്യവും തമ്മിലുള്ള സംഘർഷം ആണ്‌ സിനിമയിൽ ഉള്ളത്. പതിവ് ഇന്ത്യൻ സിനിമകളിൽ കണ്ടു പഴകിയ ഒരു കഥ. അതിലേക്കു വരുന്ന ജീവിതം ചുമ്മാതെ എങ്ങനെയൊക്കെ ആഘോഷിക്കാൻ കഴിയുമോ എന്ന് അന്വേഷിച്ചു നടക്കുന്ന നായകൻ.


 എന്നാൽ കാന്താരാ അതിന്റെ ഉഗ്ര രൂപം എടുക്കുന്നത് അവസാന ഒരു അര മണിക്കൂർ ആണ്‌. ടി വിയിൽ കുഴപ്പമില്ലാത്ത ഒരു സൗണ്ട് സിസ്റ്റത്തിൽ കണ്ട എനിക്ക് പോലും ആ ഭാഗങ്ങൾ നൽകിയ സിനിമ അനുഭവത്തെ കുറിച്ച് ഓർക്കുമ്പോൾ ആണ്‌ സിനിമ തിയറ്ററിൽ കണ്ടവരുടെ അനുഭവത്തെ കുറിച്ചുനോർത്തു പോകുന്നത്. അത്രയ്ക്കും ഇഷ്ടപ്പെട്ടൂ എന്ന് തന്നെ പറയാം. പ്രത്യേകിച്ചും ക്ലൈമാക്‌സിലെ വരാഹാരൂപം ഒരു സാധാരണ കഥ പറഞ്ഞ് പോയ സിനിമയെ  മറ്റൊരു തലത്തിലേക്കു എത്തിച്ചു എന്ന് തന്നെ പറയാം.


 പ്രദേശികമായ മിത്തും, ഫോക്ലോറിന്റെ സാധ്യതകൾ മികച്ച രൂപത്തിൽ അവതരിപ്പിക്കുന്നതിനോടൊപ്പം ഒരു സിനിമ കണ്ടു തീരുമ്പോൾ പ്രേക്ഷകന്റെ മനസ്സിൽ എന്താണോ സിനിമ കഴിയുമ്പോൾ തങ്ങി നിൽക്കുക എന്നത് അറിഞ്ഞു തന്നെ ആണ് റിഷഭ് ഷെട്ടിയും കൂട്ടരും സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ട്രോളുകളിൽ കണ്ട അലർച്ച രംഗങ്ങൾ സിനിമ കാണുമ്പോൾ അത് കഥയുടെ ആത്മാവും ആയി എത്ര മാത്രം യോജിച്ചു നിൽക്കുന്നു എന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞു.


 എന്ത് മാത്രം മിത്തുകൾ ആണ്‌ നമ്മുടെ ചുറ്റും ഫാന്റസിയുടെ വലിയ സാധ്യതകൾ ഉപയോഗിക്കാൻ പാകത്തിൽ ഉള്ളത് എന്ന് ചിന്തിച്ചു പോയി. ഈ ഒരു സിനിമ ഴോൻറെയിൽ തുമ്പാട് നൽകിയ അനുഭവം മറക്കാൻ സാധ്യതയില്ല എന്ന് വിശ്വസിക്കുന്നു. ആ സിനിമയുമായി കാന്താരയെ താരതമ്യം ചെയ്യുകയും അല്ല. പകരം നല്ല രീതിയിൽ കഥ അവതരിപ്പിക്കാൻ കഴിവ് ഉള്ളവർക്ക് ഓരോ ചെറിയ ഗ്രാമത്തിനും പറയാൻ ഇതു പോലെ കഥകൾ എത്രയോ കാണും.


പ്രദേശികമായ ദൈവ വിശ്വാസവും മിത്തും എല്ലാം കൂടി ചേർന്നു വലിയ ഒരു ലോകം ആണ്‌ കാന്താരാ നമ്മുടെ മുന്നിൽ അവതരിപ്പിച്ചത്. സിനിമയുടെ വലിയ വിജയം, അത്തരം ഒരു സമീപനത്തിന്റെ ഫലവും ആണ്‌. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു സിനിമ. പ്രത്യേകിച്ചും ക്ലൈമാക്സ്‌ തന്ന അനുഭൂതി. അത് അത്ര ഗംഭീരവും ആയിരുന്നു. കാത്തിരുന്നത് വെറുതെ ആയില്ല തന്നെ ഉറപ്പായി സിനിമ കഴിഞ്ഞപ്പോൾ.


ചെറിയ ഒരു റേറ്റിങ് കൊടുക്കുന്നു : 4/5


സിനിമ കണ്ടവരുടെ അഭിപ്രായം എന്താണ്?

Friday, 2 December 2022

1601. Barbarian (English, 2022)

 

1601. Barbarian (English, 2022)
           Horror, Mystery: Streaming on Disney+



Airbnb യിൽ റൂം ബുക് ചെയ്തിട്ടു  ആണ് ടെസ് അവളുടെ അടുത്ത ദിവസമുള്ള ഇൻറർവ്യുവിന് വേണ്ടി എത്തിയത്. എന്നാൽ പാതി രാത്രിയ്ക്ക് എത്തിയ അവൾ അവിടെ കാണുന്നത്, നേരത്തെ തന്നെ മറ്റൊരാൾ മറ്റൊരു ബുക്കിങ് സൈറ്റ് വഴി അന്നേ ദിവസം തന്നെ അവിടെ ബുക്ക് ചെയ്തിരുന്നു എന്നാണ്. അയാൾ അവിടെ ഉണ്ടായിരുന്നു. കീത്ത് എന്നായിരുന്നു അയാളുടെ പേര്. പാതി രാത്രി ആയി, വേറെങ്ങും താമസിക്കാൻ സ്ഥലവും ഇല്ല. ടെസ് ആണ് രാത്രി ആ അപരിചിതനോടൊപ്പം ആ വീട്ടിൽ താമസിക്കാൻ തീരുമാനിച്ചു, അൽപ്പം ഭീതിയോടെ തന്നെ.

  ഇത്രയും കഥ വായിക്കുമ്പോൾ ഏകദേശം ഒരു കഥ ഒക്കെ മനസ്സിൽ വരുന്നില്ലേ?എനിക്കും തോന്നിയിരുന്നു അങ്ങനെ ഒരു കഥ. അപരിചിതൻ ആയ ആളോടൊപ്പം ഒരു സ്ത്രീ ഒരു വീട്ടിൽ. അതും പാതിരാത്രിയിൽ . ആഹ്, സിനിമ ഹൊറർ ആയത് കൊണ്ടൊക്കെ ഊഹിക്കാൻ  കുറെ ഉണ്ടാകും. എന്നാൽ ആ ഊഹം ഒക്കെ കുറച്ചൊന്നു മാറ്റി പിടിച്ചോ. കാരണം Barbarian എന്ന സിനിമയുടെ കഥ അതല്ല. ക്ലാസിക് ഹൊറർ സിനിമകളുടെ രൂപത്തിൽ തന്നെ പുതിയ കാലഘട്ടത്തിൽ ഉള്ള അവതരണം ആണ് Barbarian പ്രേക്ഷകന്റെ മുന്നിൽ എത്തിക്കുന്നത്.

ഹൊറർ എന്നു പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്ന ഭൂതം, പ്രേതം, പിശാച് ഒക്കെ എല്ലാവരുടെയും മനസ്സിൽ നിന്നും ഇപ്പോൾ ഏകദേശം പോയ മട്ടാണ് . അതിനും അപ്പുറം സ്ക്രീനിൽ കാണുന്ന രക്തവും, അതിലൂടെ ഉണ്ടാകുന്ന ഭീതിയും എല്ലാം ആണ് ആധുനിക കാലത്തിലെ ഹൊറർ സിനിമകളിൽ ഭൂരിഭാഗവും എന്നു തന്നെ പറയാം. പരേത സിനിമകൾ ഇല്ല എന്നല്ല. പക്ഷേ പ്രേത സിനിമകൾ കണ്ടു ആളുകൾ പേടിക്കുന്ന കാലം എല്ലാം jump - scare സിനിമകളുടെ അപ്പുറം വലിയ സാധ്യത ഇല്ലാത്തത് ആണെന്ന് തോന്നുന്നു.

അത് കൊണ്ട് തന്നെ ഹൊറർ എന്നു പറഞ്ഞാൽ അതിനു അപ്പുറവും ഉള്ള കൂടുതൽ gore ആയ, creepy ആയ സിനിമകളിലേക്കും ശ്രദ്ധ തിരിക്കാം. അത്തരത്തിൽ ഒന്നാണ് Barbarian . Disney + പോലുള്ള ഒരു പ്ലാറ്റ്ഫോമിൽ പോലും സിനിമ നല്ല ഹിറ്റ് ആയിരുന്നു. സിമ്പിൾ ആയ കഥയിൽ ഹൊറർ കൂടി ചേർത്ത തരക്കേടില്ലാത്ത ഒരു സിനിമ ആണ് Barbarian . എനിക്കു ഇഷ്ടപ്പെട്ടൂ.

ഒരു ചെറിയ റേറ്റിംഗ് കൊടുക്കുക ആണ്: 3/5.

സിനിമയുടെ ലിങ്ക് വേണ്ടവർ t.me/mhviews1 ലേക്ക് പോവുക.

സിനിമ കണ്ടവരുടെ അഭിപ്രായം കൂടി പറയാമോ?

Thursday, 1 December 2022

1599. Vengeance (English, 2022)

 

1599. Vengeance (English, 2022)
           Mystery, Thriller.




     ഒരു ദിവസം ബെന്നിന് ഒരു ഫോൺ കോൾ വരുകയാണ്. അയാളുടെ മുൻ കാമുകി അബിഷാ മരിച്ചു എന്നും, അവളുടെ മരണാന്തര ചടങ്ങിന് ബെൻ വരണമെന്നും ആയിരുന്നു അവളുടെ സഹോദരൻ എന്നു വെളിപ്പെടുത്തിയ ആൾ പറഞ്ഞത് . ഏതാനും ദിവസങ്ങൾ മാത്രം പരിചയം ഉള്ള അവളുടെ മരണാന്തര ചടങ്ങിന് താൻ എന്ത് കൊണ്ട് പോകണം എന്നു ബെൻ ചിന്തിച്ചു എങ്കിലും, പിന്നീട് pod-caster ആയ ബെൻ അതിനു സമ്മതം മൂളി. തന്റെ പോഡ്കാസ്റ്റിന് എന്തെങ്കിലും ഉപയോഗം ഈ യാത്രയിലൂടെ ഉണ്ടാകും എന്നു അയാൾ കണക്ക് കൂട്ടി.

  മരണാന്തര ചടങ്ങുകളുടെ ഇടയിൽ ആണ് അവളുടെ സഹോദരൻ ബെന്നിനോട് യാതൊരു കൊലപാതകം ആണെന്ന് സംശയം ഉണ്ടെന്നും, അതിനു പ്രതികാരം ചെയ്യണം എന്നും പറയുന്നത്. തനിക്ക് ഒന്നോ രണ്ടോ രാത്രിയിലെ പരിചയം മാത്രം ഉള്ള ആൾക്ക്  വേണ്ടി ഇത്രയൊക്കെ ചെയ്യണോ എന്ന സംശയം ബെന്നിന് ഉണ്ടാകുന്നു. എന്നാൽ അവരുടെ ഒപ്പം നിന്നാൽ തന്റെ podcast ന് കിട്ടാവുന്ന റീച്ച് ഓർത്തപ്പോൾ അയാൾ അതിനു തയ്യാറാകുന്നു. അതിനു ശേഷം നടക്കുന്ന സംഭവങ്ങൾ ആണ് സിനിമയുടെ കഥ.

  ആദ്യം തന്നെ പറയട്ടെ, ഈ  കഥ നമ്മുടെ മനസ്സിൽ ഉണ്ടാക്കുന്ന രീതിയിൽ ഉള്ള ഒരു കുറ്റാന്വേഷണ ചിത്രം അല്ല ഈ സിനിമ. പകരം, ഡാർക് - ഹ്യൂമറിലൂടെ അമേരിക്കയിലെ പല വിഭാഗത്തിൽ  ഉള്ള മനുഷ്യരുടെ ജീവിതത്തിലേക്ക്, അവർ നേരിടുന്ന സാഹചര്യങ്ങളിലേക്ക്, പോലീസ് ചില കാര്യങ്ങളെ എങ്ങനെ എല്ലാം കാണുന്നു തുടങ്ങി വളരെ നല്ല ഒരു പൊളിറ്റിക്കൽ - സോഷ്യൽ കമൻറ്ററി  ഈ ചിത്രത്തിൽ കാണാൻ സാധിക്കും.സിനിമ പ്രാദേശികമായി ഹിറ്റ് ആകാൻ കാരണം ഇത്തരം സംഭവങ്ങളിലേക്കുള്ള സിനിമയുടെ ശ്രദ്ധ ആയിരുന്നു. ഒരു കുറ്റാന്വേഷണ ചിത്രം ഇത്തരത്തിൽ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. പ്രധാന കഥാപാത്രം തന്നെ സ്വന്തം ജീവിതത്തിൽ ചില തിരിച്ചറിവുകൾ പോലും ഈ സംഭവത്തിലൂടെ നേടുകയാണ്.

ഓഫീസ് സീരീസിൽ ഉണ്ടായിരുന്ന B.J Novak കഥയെഴുതി, നായകനും സംവിധായകനും ആയ ചിത്രമാണ് Vengeance. എനിക്കു സിനിമ നന്നായി ഇഷ്ടപ്പെട്ടൂ. അതിനുള്ള പ്രധാന കാരണം, ഞാൻ  ഈ സിനിമയുടെ തുടക്കം പ്രതീക്ഷിച്ച രീതികളിൽ നിന്നും ചിത്രം യാത്ര ചെയ്ത വഴികൾ ആണ്. കണ്ടു നോക്കൂ. ഇഷ്ടമാകുമായിരിക്കാം.

ഒരു ചെറിയ റേറ്റിംഗ്: 3.5/5

സിനിമയുടെ ലിങ്ക് വേണ്ടവർക്ക്  www.movieholicviews.blogspot.com ൽ ലഭിക്കും.

സിനിമ കണ്ടവർ ഉണ്ടെങ്കിൽ അഭിപ്രായം പങ്ക് വയ്ക്കാമോ ?

1600. Kochaal (Malayalam, 2022)

 1600. Kochaal (Malayalam, 2022)

           Streaming on Zee5



 പോലീസ് ആകാൻ ആഗ്രഹിച്ചു നടക്കുന്ന നായകൻ . പക്ഷേ പ്രശ്നം എന്താണെന്നു വച്ചാൽ ആയാൾക്ക് പോലീസ്  ആകാൻ ആവശ്യം ഉള്ളത്ര നീളമില്ല. നാട്ടുകാർ പോലും കൊച്ചാൾ  എന്നാണ് അയാളെ  വിളിക്കുന്നത്. നല്ലത് പോലെ ഓടും എന്നൊക്കെ പറയുന്നുണ്ട് എന്നല്ലാതെ പ്രേക്ഷകനും ഇവൻ എങ്ങനെ പോലീസ് ആകും എന്നു ആകും നോക്കി ഇരിക്കുക . എന്തിനേറെ  ഒരു പോലീസ് ഓഫീസര് ആയി സിനിമയിൽ അവതരിപ്പിക്കാൻ നല്ല ഒരു പേര് പോലുമില്ല നായകന്. നായകന്റെ പേര് ശ്രീക്കുട്ടൻ .പോലീസ് ആകാൻ ഉള്ള ഫിസിക്കൽ ടെസ്റ്റിൽ തന്നെ പൊട്ടി വരുന്ന ശ്രീക്കുട്ടന് പിന്നീട് ആകസ്മികമായി, ചില സംഭവങ്ങൾ കാരണം പോലീസ് ആകാൻ ഉള്ള അവസരം കിട്ടുകയാണ്. 


പോലീസ് ആയിട്ടും, സ്വന്തം നാട്ടിൽ തന്നെ അപ്പോയിന്മെന്റ് ഒപ്പിച്ചിട്ടും നാട്ടുകാർക്ക് പഴയ പുച്ഛം അത് പോലെയുണ്ട്. പ്രത്യേകിച്ചും പിങ്കർ ബാബു എന്ന നാട്ടിലെ ഗുണ്ടയുടെ പുച്ഛം ഒക്കെ കണ്ടാൽ ശ്രീക്കുട്ടൻ വെറും കോമഡി പോലീസ് ആണെന്ന് തന്നെ തോന്നും. എനിക്കു മനസ്സിലാകാത്ത ഒരു കാര്യം ശ്രീകുട്ടൻ പോലീസിന്റെ അത്ര നീളം ഇല്ലാത്തവർ പോലും എന്തിനാണോ ആ പാവത്തിനെ കളിയാക്കുന്നത് എന്നതായിരുന്നു. എന്തായാലും ആ സമയം ആണ് ശ്രീക്കുട്ടൻ പോലീസിന്റെ നാട്ടിൽ ഒരു ഇരട്ട കൊലപാതകം നടക്കുന്നത്. ഇതിന് ശേഷം ഉള്ള സംഭവങ്ങൾ ആണ് സിനിമയുടെ കഥ. 


ശ്രീക്കുട്ടൻ പോലീസ് ആയി കൃഷ്ണ ശങ്കർ ആണ് അഭിനയിച്ചിരിക്കുന്നത്. മൊത്തത്തിൽ ആ റോളിന് പറ്റിയ ആൾ അല്ല എന്നു ആരും പറയില്ല. എനിക്കു തോന്നുന്നത് സംവിധായകൻ ആയ ശ്യാമിന്റെയും എഴുത്തുകാരായ മിഥുൻ , പ്രജിത്ത് എന്നിവരുടെ ആദ്യ സിനിമ ആണെന്നാണ്. വലിയ പരീക്ഷണം ഒന്നും ഇല്ലാതെ സിംമ്പിൾ ആയി സിനിമ അവതരിപ്പിച്ചിട്ടുണ്ട്.


'കൊച്ചാൾ' എന്ന സിനിമയുടെ മുഖ മുദ്ര അതിന്റെ വലിയ ഏച്ചുകെട്ടലുകൾ ഇല്ലാത്ത നായക കഥാപാത്രവും കഥ അവതരിപ്പിച്ച രീതിയും ആണ്. യൂറോപ്യൻ സിനിമകളുടെ ഇരുണ്ടു നിറഞ്ഞ പശ്ചാത്തലത്തിൽ ഉള്ള സിനിമകളെ പോലെ ഈ അടുത്ത് വന്ന മലയാളം സിനിമകൾ പോലെ അല്ല കൊച്ചാൾ അവതരിപ്പിച്ചിരിക്കുന്നത്. കുറച്ചു പ്രണയം, കുറച്ചു തമാശകൾ, കഥയായി ഒരു കൊലപാതക അന്വേഷണവും. സാധാരണയായി പോയിരുന്ന ഒരു കഥയുടെ അവസാന അര മണിക്കൂർ ആണ് കുറ്റാന്വേഷണം നല്ല ത്രില്ലിംഗ് ആയി മാറുന്നത്. പലരെയും സംശയിക്കാവുന്ന രീതിയിൽ, സി ബി ഐ സിനിമകളുടെ പോലെ ഉള്ള അവതരണം ആയിരുന്നു. എന്തിനേറെ, പ്രതികൾ എന്നു സംശയിക്കുന്നവരെ എല്ലാം കൊണ്ട് വന്നു യഥാർത്ഥ പ്രതികളെ കാണിക്കുന്ന ശൈലി പോലും തമാശ രൂപേണ ആണെങ്കിൽ പോലും ഇതിലുണ്ട്. വേണമെങ്കിൽ പാവങ്ങളുടെ സി ബി ഡയറിക്കുറിപ്പ് എന്നു തമാശയ്ക്ക് പറയാം ഈ ചിത്രത്തെ കുറിച്ച്. 


സമ്മിശ്രമായ റിവ്യു ആണ് പലയിടത്തും ഈ സിനിമയെ കുറിച്ച് കണ്ടത്. പക്ഷേ തീരെ പ്രതീക്ഷ ഇല്ലാത്തത് കൊണ്ട് തന്നെ എനിക്കു നന്നായി ഇഷ്ടപ്പെടുകയും ചെയ്തു. വലിയ സിനിമ ഒന്നുമല്ല. പക്ഷേ കണ്ടാൽ സമയം നഷ്ടം ആയി എന്നു തോന്നിക്കാത്ത പഴയ രീതിയിൽ ഉള്ള സിനിമ അവതരണം ആണ് കൊച്ചാൾ പ്രേക്ഷകന് നല്കുന്നത്. കുറ്റാന്വേഷണം ആണെങ്കിലും അധികം സങ്കീർണമാക്കാതെ എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ തന്നെ അവതരിപ്പിച്ചിട്ടും ഉണ്ട്. കണ്ടു നോക്കൂ. എനിക്കു ഇഷ്ടമായി. OTT കാഴ്ചയ്ക്ക് പറ്റിയ, കുടുംബമായി കാണാവുന്ന ഒരു കൊച്ചു സിനിമ ആണ് കൊച്ചാൾ


ഒരു ചെറിയ റേറ്റിംഗ് കൊടുക്കാം   3.5/5 


സിനിമ കണ്ടവരുടെ അഭിപ്രായം എന്താണ്? 

Monday, 21 November 2022

1598. Smile (English, 2022)

 

1598. Smile (English, 2022)
           Psychological Horror, Mystery: Streaming on Paramount+

            



          
            ഡോ. റോസ് കോട്ടറിന്റെ മുന്നിൽ വച്ചാണ് ഒരു യുവതി ഭീതിപ്പെടുത്തുന്ന ഒരു ചിരിയോടെ സ്വന്തം കഴുത്ത് മുറിക്കുന്നത് .ചിരിച്ചു കൊണ്ട് കഴുത്ത് അറക്കുക എന്നൊക്കെ പറയില്ലേ? അതിലും ഭീകരമായ ഒരു ചിരി.ചിരി എന്ത് കൊണ്ട് ഇവിടെ പരാമർഷിച്ചു എന്നതിന് ഇത്രയും ക്രൂരമായ ചിരികൾ പുറത്തു അധികം എവിടെയും കാണാൻ സാധിക്കില്ല എന്നാണ് ഉത്തരം. ട്രോമ  നിറഞ്ഞ ജീവിതം, മറ്റുള്ളവരിൽ നിന്നും അകന്നു കഴിയുന്നവർ എന്നു വേണ്ട ജീവിക്കാൻ ഉള്ള സമയം സ്വയം കൊടുക്കാതെ ജോലി ചെയ്യുന്നവരെ പോലും ആക്രമിക്കുന്ന, ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പടരുന്നത് പോലെ ഒരു ചിരിയാണ് ഇവിടെ എല്ലാത്തിനും ഉത്തരവാദി. സിനിമയുടെ കഥയും ഇതാണ്. ഈ ചിരി എന്താണ്  എന്നുള്ള ചോദ്യത്തിന് ഉത്തരം ആണ് ഈ ചിത്രം.

ആ ചിരി സൂപ്പർ നാച്ചുറൽ ശക്തികൾ എന്തെങ്കിലും ആണോ?അതോ പല ഘടങ്ങളും ചേര്ന്ന് ഒരു മനുഷ്യൻ സ്വന്തമായി മനസ്സിൽ നിർമിക്കുന്ന ഒരു ഭീകരൻ ആണോ ആ ചിരി?സിനിമയിൽ പല സാധ്യതകൾ പ്രേക്ഷകന് തിരഞ്ഞെടുക്കാൻ കഴിയുന്നുണ്ട്. വെറും ഒരു ഹൊറർ സിനിമ പോലെ, അതും ഇടയ്ക്ക് കുറച്ചു മാത്രം jump scare രംഗങ്ങൾ വച്ച് വിലയിരുത്തേണ്ട ചിത്രമല്ല Smile.പകരം, വളരെ വലിയ ഒരു ക്യാൻവാസിലേക്ക് പകർത്തിയാൽ , അത് സ്വന്തം ജീവിതത്തിലേക്ക് അല്ലെങ്കിൽ പരിചയം ഉള്ള ആരുടെയെങ്കിലും jeevithathilekkഉ എടുക്കുക ആണെങ്കിൽ കൂടുതൽ മനസ്സിലാക്കാൻ സാധിക്കും സിനിമ നൽകുന്ന ഭീകരമായ ഒരു അനുഭവം.

ഈ രീതിയിൽ സിനിമ കാണണം എന്നു നിർബന്ധിക്കുക ഒന്നുമല്ല. പകരം, അങ്ങനെയും കാണാം എന്നു മാത്രം. ഹൊറർ/ സൈക്കോജിക്കൽ ഹൊറർ സിനിമകളുടെ വർഷം ആണ് 2022 എന്നു തന്നെ പറയാം. പ്രത്യേകിച്ചും പലരും മരണത്തെ മുഖാമുഖം കണ്ട കോവിഡ് എന്ന ദുരന്തത്തിന് ശേഷം വന്ന സിനിമകൾ പലതും മനുഷ്യനെ നല്ല രീതിയിൽ haunt ചെയ്യാൻ ഉദ്ദേശിച്ച് തന്നെ ആയിരുന്നു എന്നു പറയേണ്ടി വരും. ആ രണ്ടു വർഷക്കാലത്തെ ജീവിതം കാരണം കൂടി ആകണം ഇപ്പോൾ അല്പ്പം ഹൊറർ ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്നായിട്ടുണ്ട് എന്നു തോന്നുന്നു.

Smile ഇത്തരം സിനിമകളിൽ ഒരു ബെഞ്ചമാർക്ക് കൂടി ആണ്. സാധാരണ ഒരു ഹൊറർ സിനിമ നല്കുന്ന ഫീലിനെക്കാളും ഒരു സൈക്കോളജിക്കൽ ഹൊറർ ആയി കാണുമ്പോൾ അമാനുഷിക ശക്തിയെ കുറിച്ച് പറയുന്ന ഒരു ചിത്രം എന്ന നിലയിൽ ധാരാളം മാറുന്നുണ്ട് Smile .കഥാപാത്രങ്ങളിൽ പലരുടെയും ജീവിതം analysis നടത്തി കൊണ്ട് ഡോ . റോസ്, അവരുടെ മാറിയ മാനസിക നിലയിൽ നിന്നു കൊണ്ട് എന്തെല്ലാം ചെയ്യാൻ ശ്രമിക്കുന്നു എന്നു സിനിമയിൽ കാണാം.

സിനിമ കാണാനോ എന്നു ആരെങ്കിലും ചോദിച്ചാൽ വേണം എന്നോ വേണ്ട എന്നോ പറയാൻ എനിക്കു കഴിയില്ല. കാരണം, സിനിമ നല്കുന്ന അത്രയും ഭയങ്കരമായ ഡിപ്രഷൻ എഫെക്റ്റ് കൂടി കാരണം ആണ്.അത് സിനിമയുടെ മെന്മയായി കൂടി കരുതുന്നു.പ്രത്യേകിച്ചും സിനിമയുടെ അവസാന ഭാഗങ്ങളിൽ അത് നന്നായി കാണാനും സാധിക്കും. മനുഷ്യനെ ഭയപ്പെടുത്തുന്ന ഴോൻറെയിൽ വന്ന ചിത്രം എന്ന നിലയിൽ,  It served its purpose എന്നു പറയേണ്ടി വരും. കഴിയുമെങ്കിൽ കാണുക.

ഒരു ചെറിയ റേറ്റിംഗ് 4/5

സിനിമയുടെ ലിങ്ക് ആവശ്യം ഉള്ളവർ t.me/mhviews1  സന്ദർശിക്കുക .

സിനിമ കണ്ടവരുടെ അഭിപ്രായം എന്താണ്? മിക്സഡ് ആയിരിക്കും എന്നാണ് ഒരു തോന്നൽ. എന്നാലും പറഞ്ഞോളൂ.

1597. Padma (Malayalam, 2022)

 1597. Padma (Malayalam, 2022)

         Streaming on Amazon Prime (എന്ന് പറയപ്പെടുന്നു )



   പഴയ ബാലചന്ദ്ര മേനോൻ സിനിമകളെക്കാളും ഇഷ്ടമാണ് ഇപ്പോഴത്തെ  അനൂപ് മേനോൻ സിനിമകൾ. ആദ്യം പറഞ്ഞത് ടി വി സീരിയൽ കഥ പോലെ ഉള്ള സിനിമകൾ  ആണെങ്കിൽ ,(എന്റെ അഭിപ്രായം മാത്രമാണ്.പക്ഷേ സിനിമകൾ ഇഷ്ടവും ആയിരുന്നു )  അനൂപ് മേനോന്റെ പടം: ആഹ് ഹാ, എന്താ ഫിലോസഫി? ഓരോ ഡയലോഗ് കേൾക്കുമ്പോഴും, അദ്ദേഹത്തിന്റെ ജീവിത വീക്ഷണങ്ങളെ കുറിച്ച്  കൂടുതൽ അറിയുമ്പോഴും ആണ്‌ നമ്മൾ ജീവിതത്തിൽ എത്ര ചെറിയ ആളുകൾ ആണെന്നു മനസ്സിലാവുക.

  

 ജീവിതത്തിലെ എലീറ്റ് വിഷ് ലിസ്റ്റിൽ എന്തൊക്കെ ഇനി ആഡ് ചെയ്യണം എന്ന് ഓരോ അനൂപ് മേനോൻ സിനിമ കഴിയുമ്പോഴും മനസ്സിലാക്കാൻ കഴിയും. അത്രയ്ക്കും റിച്ചും വലിയ സെറ്റപ്പുമാണ് അദ്ദേഹത്തിന്റെ ആശയങ്ങൾ . ഓൺലി ഹൈ ക്ലാസ് ആകാൻ വേണ്ടി അനൂപ് മേനോൻ സമൂഹത്തിന് വേണ്ടി ഇറക്കുന്ന സിനിമകളെ പ്രോൽസാഹിപ്പിക്കുക തന്നെ വേണം. 


 ഹൈ ക്ലാസ് സൊസൈറ്റി ആകുമ്പോൾ അവിഹിതം നിർബന്ധം ആണല്ലോ?അത് അനൂപിന്റെ സിനിമകളിൽ ധാരാളം ഉണ്ട്. അതിനൊക്കെ പശ്ചാത്തലം ആയി കവിത പോലുള്ള കുറച്ചു പാട്ടുകളും. അത് പോലെ തന്നെ ആണ് ബ്രാൻഡഡ് വസ്തുക്കളുടെ  ഉപയോഗം ജീവിതത്തിലും പ്രൊഫഷനിലും എന്ത് നേടി തരും എന്നുള്ള ഉപദേശവും. പല പേരറിയാത്ത വലിയ ബ്രാൻഡുകളും അനൂപ് മേനോൻ സിനിമകളിലൂടെ നമുക്കും മനസ്സിലാകും. 


പദ്മ എന്ന കഥാപാത്രം ഭർത്താവിന്റെ ഒപ്പം പുതിയ കൊട്ടാരം പോലുള്ള വീട്ടിലേക്കു മാറുമ്പോൾ അവിടെ ഉള്ള പല ഫെമിസ്റ്റുകളെയും പഴയ തലയിണ മന്ത്രം സിനിമയിലെ ജിജിയേയും സുലോചന തങ്കപ്പനെയും ഓർമിപ്പിച്ചു . പഴയ സൊസൈറ്റി ലേഡീസിന്റെ പുതിയ വേർഷൻ ആണ് ഫെമിനിസ്റ്റുകൾ എന്നു പറയാതെ പറയുന്നുണ്ട് ചിത്രത്തിൽ . പദ്മ ആണെങ്കിൽ ഇക്കാലത്തെ കാഞ്ചന ആണ്. ആണ് ഡാൻസ് മാഷ് വളയ്ക്കാൻ നോക്കിയിട്ട് വീഴാത്ത കാഞ്ചനയെ പോലെ അല്ല പദ്മ എന്നു മാത്രം. അതാണ് ഇക്കാലത്തെ കാഞ്ചന എന്നു പറഞ്ഞത്.  പക്ഷേ രവി ശങ്കർ സുകുമാരനെക്കാളും ഡെവെലപ്ഡ് ആണ് താനും .ഇടയ്ക്ക് അനൂപേട്ടൻ എന്നത്തേയും പോലെ ചിറയ്ക്കൽ ശ്രീഹരി തുടങ്ങി ലാലേട്ടന്റെ പല തരം ആവാഹനങ്ങളും സ്വന്തം ശരീരത്തിൽ നടത്തുന്നുണ്ട്. പ്രത്യേകിച്ചും ആൾ വെള്ളമടിച്ചാൽ ലാലേട്ടന്റെ ഫിഗർ ചെയ്യാൻ, വിത് വോയിസ് ആൻഡ് ചിരി ശ്രമിക്കും. ഇതിലും അങ്ങനെ തന്നെ. 


 അതിന്റെ കൂടെ എടുത്തു പറയേണ്ട ഒരാൾ ആണ്‌ രവിശങ്കരിന്റെ സുഹൃത്ത്‌.രവി ശങ്കറിന്റെ കൂട്ടുകാരൻ ശങ്കർ രാമകൃഷ്ണൻ ആകുമ്പോൾ ഫിലോസഫിയുടെ ആഴം കൂടുന്നത് നമുക്ക് കൂടുതൽ കാണാൻ സാധിക്കും. പഴയ ട്രിവാൻഡ്രം ലോഡ്ജിലെ അബ്ദു ആയി വന്ന ജയസൂര്യ ആണ് ഇതിൽ വോയിസ് ഓവർ പ്രത്യേകിച്ച് ഒരു കാരണ്യവും ഇല്ലാതെ കൊടുത്തിരിക്കുന്നത്. മേനോന്റെ സുഹൃത്തു ആയത് കൊണ്ടാകും. എന്നാൽ അബ്ദുവിനെ ഓർമിപ്പിക്കുന്ന മറ്റൊരു അബ്ദു സിനിമയിൽ ഉണ്ട്. ആ റോൾ ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് 'നട്പൂക്കാക' ജയസൂര്യ  ശബ്ദമായി അഭിനയിച്ചു എന്നു വിശ്വസിക്കുന്നു.   


പദ്മ എന്ന സിനിമയെ കുറിച്ച് പറയാൻ പോയാൽ  കുറെയേറെ പറയാൻ ഉണ്ട്. തുടരെ തുടരെ സിനിമകൾ ചെയ്യുന്ന അനൂപ് മേനോന്റെ കയ്യിൽ നിന്നും ഇനിയും ഇത്തരം സിനിമകൾ പ്രതീക്ഷിക്കുന്നുണ്ട്. ജീവിതത്തിൽ വലിയ സംഭവം അല്ല എന്നു തോന്നുന്നവർക്ക് വലിയ ഒരു സെറ്റപ്പിൽ എങ്ങനെ ജീവിക്കാം എന്നു വിദ്യാഭ്യാസം നല്കുന്ന സിനിമ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. 


റേറ്റിംഗ് ഇടാൻ പറയരുത് . എത്ര ഇട്ടാലും അത് ഒരു കുറവാകും സിനിമയ്ക്ക്. അഞ്ചിൽ പത്തു ഇട്ടാൽ പോലും കുറവ് ആണ് എന്നു മാത്രമേ പറയാൻ സാധിക്കൂ. 


Verbal Diarrhea ആണ് സിനിമയിൽ മൊത്തം എന്നും. സിനിമ ഒന്നും മനസ്സിലായില്ല എന്നും, എന്താണ് ഈ സിനിമ കൊണ്ട് ഉദ്ദേശിച്ചത് എന്നു ചോദിക്കുന്നവർ ദയവായി ഈ പോസ്റ്റ് വായിക്കരുത്. അഭിപ്രായം പറയുകയും ചെയ്യരുത് . ഹൈ ക്ലാസ് ആളുകൾ മാത്രം , അതും ഫിലോസഫി എല്ലാം നന്നായി മനസ്സിലാകുന്നവർ മാത്രം അഭിപ്രായം രേഖപ്പെടുത്തുമല്ലോ?

     

1995. Drop ( English, 2025)