Thursday, 22 September 2022

1548. The Night Clerk (English, 2020)

 1548. The Night Clerk (English, 2020)

          Crime, Drama



  ബാർട്ടിനു സാമൂഹികമായി ഉള്ള ഇടപെടലുകൾ നടത്താൻ ബുദ്ധിമുട്ടുള്ള അവസ്ഥയാണ്. Asperger's Syndrome ആണ്‌ അവന്. ഒരു ഹോട്ടലിൽ ആണ്‌ അവൻ ജോലി ചെയ്യുന്നത്. അവൻ ജോലി ചെയ്യുന്ന ഹോട്ടൽ മുറികളിൽ ആരും അറിയാതെ അവൻ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അൽപ്പം ദുരൂഹമായ കാര്യമായി തോന്നുമെങ്കിലും മറ്റുള്ളവർ സംസാരിക്കുമ്പോൾ അവന് അതിനോട് യഥാർത്ഥ രീതിയിൽ പ്രതികരിക്കാൻ കഴിയുന്നില്ല. പകരം അവൻ ക്യാമറയിൽ പതിയുന്ന സംഭാഷണ ശകലങ്ങളോട് പ്രതികരിച്ചു കൊണ്ട് ആ സമയം അവൻ പറയാൻ സാധിക്കാതിരുന്ന കാര്യങ്ങൾ പറഞ്ഞു പരിശീലിക്കും.


 അങ്ങനെ ഇരിക്കെ അവന്റെ ക്യാമറയിലൂടെ ഹോട്ടലിൽ നടക്കുന്ന ഒരു കൊലപാതകം അവൻ കാണുന്നു. കൊലപാതകി ആരാണെന്ന് വ്യക്തം അല്ലായിരുന്നെങ്കിലും കൊലപാതകം നടക്കുന്ന സമയം അവൻ അവിടെ എത്തുന്നു. സ്വാഭാവികമായും അവൻ പോലീസിന്റെ മുന്നിൽ പ്രതി ആയി സംശയിക്കപ്പെടുന്നു. പക്ഷെ യഥാർത്ഥ സംഭവങ്ങൾ അവന് പോലീസിനോട് പറയാനും സാധിക്കുന്നില്ല. ഇങ്ങനെ ഇരിക്കുമ്പോൾ ആണ്‌ അവൻ ജോലി ചെയ്യുന്ന ഹോട്ടലിൽ മറ്റൊരു യുവതി വരുന്നത്. പിന്നീട് എന്ത് സംഭവിച്ചു എന്നതാണ് കഥ.


   സിനിമയുടെ കഥ synopsis നല്ല താൽപ്പര്യം ഉളവാക്കുന്നത് ആണെങ്കിലും വളരെ സാവധാനത്തിൽ ഉള്ള അവതരണം ആണ്‌ സിനിമയ്ക്ക് ഉണ്ടായിരുന്നു. ബാർട്ടും അമ്മയും തമ്മിൽ ഉള്ള ബന്ധമൊക്കെ ചെറിയ സമയം മാത്രേ ഉള്ളായിരുന്നു എങ്കിലും നല്ല touching ആയിരുന്നു. പക്ഷെ സിനിമയുടെ കഥയിൽ ഇനി എന്താണെന്ന് ഉള്ള ആകാംക്ഷയിൽ ഇരുന്നു കാണുമ്പോൾ സിനിമയുടെ പതിയെ പോക്ക് നല്ല ബോർ ആയി മാറുന്നുണ്ട്. കഥയിൽ ഉള്ള അവസാന ട്വിസ്റ്റ് ഒക്കെ അത്തരത്തിൽ ഒരു അവതരണ രീതിയിൽ വലിയ impact ഉണ്ടാക്കുന്നും ഇല്ല.

മൊത്തത്തിൽ ശരാശരി സിനിമാനുഭവം ആയി മാറി The Night Clerk. കഥയുടെ synopsis ൽ കിട്ടിയ രസം അതിൽ ഉണ്ടായില്ല.

Download Link:t.me/mhviews1

 സിനിമ കാണണം എന്ന് ആഗ്രഹം ഉള്ളവർക്ക് www.movieholicviews.blogspot.com ൽ ലിങ്ക് ലഭിക്കും.

1547. Confess, Fletch (English, 2022)

 1547. Confess, Fletch (English, 2022)

         Comedy, Crime



  Confess, Fletch കണ്ട് തുടങ്ങിയപ്പോൾ മനസ്സിൽ വന്നത് 'മൈ ഡിയർ റോങ് nambar' എന്ന സിനിമ ആയിരുന്നു. കഥ അത് പോലെ ആണെന്നല്ല ഉദ്ദേശിച്ചത്. ചെറിയ സാമ്യം പോലെ തോന്നി എന്നതാണ്. അത് പോലെ ചെറിയ തമാശകൾ ഓക്കെ ആയിട്ടാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നതും.



താൻ താമസിക്കുന്ന വീട്ടിൽ കണ്ടെത്തിയ അജ്ഞാത യുവതിയുടെ മൃതദേഹത്തെ കുറിച്ച് ഫ്ലച് തന്നെയാണ് പോലീസിനെ വിളിച്ചു അറിയിക്കുന്നത്. എന്നാൽ അവിടെ എത്തിയ പോലീസ് കൊലപാതകം എന്ന് സംശയിക്കുന്ന ആ സംഭവത്തിലെ മുഖ്യ പ്രതി  ഫ്ലച്ച് തന്നെ ആണെന്ന് വിശ്വസിക്കുന്നു. ഫ്രീലാൻസ് ജർണലിസ്റ്റ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഫ്ലച്ച് ലോകത്തിലെ അപൂർവമായ ചിത്ര ശേഖരം ഉള്ള കോടീശ്വരന്റെ മകളുടെ കാമുകനും ആണ്‌. പോലീസ് ഫ്ലച്ചിനോട് കുറ്റം ഏറ്റ് പറയാൻ ആവശ്യപ്പെടുന്നു. എന്നാൽ അയാൾ അതിനു തയ്യാറാകുന്നില്ല.പോലീസ് ഫ്ലച്ചിന്റെ പുറകെ ആണെന്ന് മനസ്സിലാക്കിയപ്പോൾ അയാൾ തന്നെ ആ യുവതിയുടെ കൊലപാതകത്തിന്റെ പിന്നിൽ ഉള്ള രഹസ്യം കണ്ട് പിടിക്കാൻ ഇറങ്ങി.എന്താണ് ആ രഹസ്യം എന്നതാണ് ചിത്രത്തിന്റെ ബാക്കി ഉള്ള കഥ. ചെറിയ ഒരു tail - end ഒക്കെ ട്വിസ്റ്റ് രൂപത്തിൽ നൽകി സിനിമ അവസാനിക്കുന്നു.



 ഗ്രിഗറി മക്ഡോണാൾഡിന്റെ ഇതേ പേരിൽ ഉള്ള നോവലിനെ ആധാരം ആക്കി അവതരിപ്പിച്ച നോവലിനെ ആസ്പദം ആക്കിയുള്ള മൂന്നാമത്തെ ചിത്രമാണ് Confess, Fletch.  Fletch, Fletch Lives എന്നിവ ആയിരുന്നു ആദ്യ രണ്ട് ഭാഗങ്ങൾ. 30 വർഷങ്ങൾക്കു ശേഷമാണു ഫ്ലച്ച് പരമ്പരയിലെ മൂന്നാമത്തെ സിനിമ വരുന്നത്. അമേരിക്കൻ പോപ് - കൾച്ചറിൽ ഫ്ലച്ചിന് ആരാധകർ ഉള്ളത് ആണ്‌. ആദ്യ രണ്ട് ഭാഗങ്ങൾ ഞാൻ കണ്ടിട്ടും ഇല്ല. പക്ഷെ സിനിമകളുടെ പേര് നേരത്തെ കേട്ടിട്ടുണ്ട്.


  എന്നെ സംബന്ധിച്ച് ശരാശരി ചിത്രമായി ആണ്‌ Confess, Fletch തോന്നിയത്. മോശം ആണെന്നുള്ള അഭിപ്രായമില്ല. പക്ഷെ ഫ്ലച്ച് എന്ന കഥാപാത്രത്തെ കുറിച്ച് ഉള്ള പരിചയമില്ലായ്മ കാരണം ആ കഥാപാത്രത്തിന്റെ വൈബ് മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്ന് വിശ്വസിക്കുന്നു. ഫ്ലച്ചിന്റെ ആരാധകർ ആരെങ്കിലും കണ്ടിട്ട് അഭിപ്രായം പറയുമെന്ന് കരുതുന്നു. പ്രേക്ഷകരുടെ ഇടയിൽ തരക്കേടില്ലാത്ത അഭിപ്രായം നേടിയ ചിത്രമാണ് Confess, Fletch.

Telegram Link: t.me/mhviews1

സിനിമയുടെ ലിങ്കിനു www.movieholicviews.blogspot.com സന്ദർശിക്കുക.




  

Wednesday, 21 September 2022

1546. The Little Things ( English, 2021)

 1546. The Little Things ( English, 2021)

          Crime, Drama: Streaming on Netflix 



   1990 ൽ ലോസ് ഏഞ്ചൽസിൽ തുടരെ തുടരെ നടക്കുന്ന കുറച്ചു കൊലപാതകങ്ങൾ. അതിന്റെ അന്വേഷണം നടക്കുന്ന സമയമാണ് അവിടെ ഉണ്ടായിരുന്ന മുൻ കുറ്റാന്വേഷകൻ ആയ ഡീക് മറ്റൊരു കേസിനോട് അനുബന്ധിച്ചുള്ള കാര്യങ്ങൾക്കായി മറ്റൊരു സ്ഥലത്തു നിന്നും വരുന്നത്. തന്റെ ജീവിതത്തിൽ നല്ലതും, അതിനൊപ്പം മോശം ഓർമകളും നൽകിയ സ്ഥലമാണ് ലോസ് ഏഞ്ചൽസ്. അഞ്ചു വർഷങ്ങൾക്കു മുന്നേ നടന്ന കൊലപാതക പരമ്പര അയാൾക്ക്‌ ഏൽപ്പിച്ച ആഘാതം അത്രയുമായിരുന്നു.


 ഇപ്പോൾ ഡീക്കിന്റെ പദവിയിൽ ഉള്ള ജിം ബാക്സ്റ്റർ ആണ്‌ കേസ് അന്വേഷണം നടത്തുന്നത്. അവിചാരിതമായി ആണ്‌ ഡീക് ആ കേസിന്റെ ഭാഗം ആയി മാറുന്നത്. കൂടുതൽ സങ്കീർണം ആയി കേസ് മാറുകയാണ് ഇതിന്റെ ഇടയിൽ. ഈ സമയം അവരുടെ മുന്നിൽ സംശയത്തിന്റെ മുന്നിൽ ഒരാളുണ്ട്. പ്രതിയാണെന്ന് തെളിയിക്കാൻ വ്യക്തമായ തെളിവുകൾ ഇല്ലെങ്കിലും അയാളാണ് പ്രതി എന്ന് വിശ്വസിക്കാവുന്ന തോന്നൽ ഉണ്ടാക്കുന്ന ഒരാൾ. അയാൾ ആണോ യഥാർത്ഥത്തിൽ ഈ കൊലപാതകങ്ങൾക്ക് പിന്നിൽ? അതോ?


  സിനിമയുടെ ക്ലൈമാക്സ്‌ കഴിയുമ്പോൾ ആദ്യ കാഴ്ചയിൽ പ്രതി ആരാണെന്ന് പ്രേക്ഷകന് കണ്ടെത്താൻ കഴിയും എന്ന് വിചാരിക്കും. പക്ഷെ മറ്റൊരു രീതിയിൽ അതിനു എതിരായി കണക്കാക്കാവുന്ന കാര്യങ്ങളും സിനിമയിൽ ഉണ്ട്. Ambiguous ആയ കഥാന്ത്യം ആണ്‌ ചിത്രത്തിന് ഉള്ളത്. അത്തരം ഒരു തോന്നൽ ഉണ്ടാക്കാൻ അവസാന സീനിൽ വരെ ഈ ചിത്രത്തിന് കഴിയുന്നുണ്ട്.


തന്റെ തന്നെ രീതിയിൽ പോകുമായിരുന്ന മറ്റൊരാളുടെ ജീവിതത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന മറ്റൊരു കഥാപാത്രത്തിന്റെ പങ്ക് കൂടി ആകുമ്പോൾ കൂടുതൽ സങ്കീർണമാകും സിനിമ. നല്ല അഭിനേതാക്കൾ ആണ്‌ ചിത്രത്തിന് ഉള്ളത്. ഡെൻസൽ വാഷിംഗ്ട്ടൻ,റമി മാലേക്, ജാർഡ് ലെറ്റോ തുടങ്ങിയവരുടെ മികച്ച പ്രകടനം ആണ്‌ ചിത്രത്തിന്റെ ജീവൻ. ചിത്രം ഒരു സ്ലോ ബേർണർ ആണ്‌. രണ്ട് മണിക്കൂറിൽ അൽപ്പം കൂടി ദൈർഘ്യമുള്ള സിനിമ ആണെങ്കിൽ കൂടിയും കഥ പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട്. കഥാപത്രങ്ങൾ എസ്റ്റാബ്ലിഷ് ആയതിനു ശേഷം പ്രേക്ഷകനിലേക്ക് സിനിമയുടെ ഓരോ ലെയർ ആയി മുന്നിൽ എത്തുകയാണ്. അവിടെയാണ് കഥയെ കുറിച്ച് പ്രേക്ഷകന്റെ ഭാവന തുറക്കുകയും ചെയ്യുന്നത്.


  സിനിമ കണ്ടതിനു ശേഷം കുറച്ചു വീഡിയോകൾ കണ്ടൂ. പലരും സിനിമയെ കുറിച്ച് സീനുകളിലൂടെ കഥ എങ്ങനെ ഒക്കെ ആകാം എന്ന് കാണിച്ചു തന്നപ്പോൾ സിനിമയുടെ ambiguity കൂടുതൽ വെളിവാക്കുകയും ചെയ്തു.സിനിമ കണ്ട് നോക്കൂ.


ഡൌൺലോഡ് ലിങ്ക് : t.me/mhviews1

 More movie suggestions & download link available @ www.movieholicviews.blogspot.com

Tuesday, 20 September 2022

1545. Cobra (Tamil, 2022)

 1545. Cobra (Tamil, 2022)



             സ്ക്കൂളിൽ Cos θ, Sin θ ഒക്കെ കണക്കിൽ പഠിക്കുന്നത് എന്തിനാണെന്ന് ചോദിക്കുന്നവരുണ്ട്.കണക്കിലെ പല കാര്യങ്ങളും നമ്മൾ  അറിയാതെ തന്നെ ജോലിയിലും ജീവിതത്തിലും ഉപയോഗിക്കാറുണ്ട്. ചുമ്മാ കണക്കു കൂട്ടുന്നത് മാത്രമല്ല കണക്ക്.അതിന്റെ പ്രായോഗിക വശം ആണ്‌ അതിന്റെ സൗന്ദര്യം എന്ന് ആരോ പറഞ്ഞത് ഓർക്കുന്നു. എന്നാൽ കണക്കിന് മറ്റൊരു ഉപയോഗവും ഉണ്ടായിരുന്നു. അത് മനസ്സിലാക്കിയ ഒരു വാടക കൊലയാളിയും .അതിനൊപ്പം അയാൾ വലിയ ഫാൻസി ഡ്രസ്സുകാരനും ആയിരുന്നു. നിന്ന നിൽപ്പിൽ ലുക്ക് മാറ്റുന്ന ആൾ.

            

ലോകത്തിൽ എവിടെയും പോയി കൊലപാതകങ്ങൾ നടത്തുക ആണ്‌ വാടക കൊലയാളി ആയ അയാൾ ചെയ്യുന്നത്.അപ്പോൾ അതൊക്കെ ആവശ്യം ഉള്ളതുമാണല്ലോ .പക്ഷെ ചില്ലറ കളിയൊന്നും അല്ല അയാൾ കളിക്കുന്നത് . കണക്കിന്റെ അനന്ത സാധ്യതകൾ ഉപയോഗിച്ച് നടത്തുന്ന, തലയിൽ അൽപ്പം വെളിച്ചം ഉള്ളവർക്ക് മാത്രം മനസ്സിലാകുന്ന രീതിയിൽ കൊലപാതകങ്ങൾ നടത്തുന്ന ഒരാൾ ആണയാൾ . രാമാനുജന്റെയും ശകുന്തളാ ദേവിയുടെയും നാട്ടിൽ പിറന്ന ഒരാൾക്ക്‌ ഇത്രയും എങ്കിലും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ മാത്രേ അത്ഭുതപ്പെടാൻ ഉളളൂ.


  സിനിമയിൽ ഇതൊന്നും പറയുന്നില്ലെങ്കിലും അമ്മാതിരി ഒരു ബിൽഡപ്പിൽ ഇന്ത്യയിൽ നിന്നും ഒരു വാടക കൊലയാളി ആണ്‌ സിനിമയിലെ ഒരു മുഖ്യ കഥാപാത്രം . സംഭവം ഒക്കെ കിടിലം ആണ്‌. നമുക്ക് അത്ര കണക്കു അറിയില്ലെങ്കിലും എന്തൊക്കെയോ സംഭവം ഉണ്ട് എന്ന് തോന്നും. അങ്ങനെ കുറച്ചു കൊലപാതകങ്ങൾ ഒക്കെ കൊള്ളാമായിരുന്നു . അങ്ങനെ കൊലപാതകം ഒക്കെ ആയി പോകുമ്പോൾ ലോകത്തിലെ ഏതു ഇൻവെസ്റ്റിഗേഷൻ സംഘടനയും ഹാക്ക് ചെയ്യാൻ ചെയ്യാൻ കഴിയുന്ന ജോക്കറിന്റെ ഫോട്ടോ പോലെ ഒരെണ്ണം ഐ ഡി ആയി വച്ചിരിക്കുന്ന അജ്ഞാതനായ ഒരാൾ ഈ കൊലയാളിക്ക് എതിരെ വരുന്നു . അയാൾ ഇന്റർപ്പോൾ മുതൽ റഷ്യയിൽ വരെ ഈ കൊലയാളിയെ കുറിച്ച് വിവരം കൊടുക്കുന്നു, അതും അവരെ ഒക്കെ ഹാക്ക് ചെയ്തു കൊണ്ട് തന്നെ . പക്ഷെ ഒരു രക്ഷയും ഇല്ല. ഓരോ കൊലപാതകങ്ങൾ കഴിയുമ്പോഴും ഇവരൊക്കെ ചമ്മുന്നു. C++ പോലും അറിയാത്ത എന്നെ പോലുള്ളവർ അമ്പരപ്പോടെ  കാണുന്ന ഹാക്കിങ് രംഗങ്ങൾ.


  ഇപ്പോഴും വൻ സംഭവം ആയാണ് സിനിമ പോകുന്നത്. അന്താരാഷ്ട്ര ഡീൽസ് ആണ്‌ കൂടുതലും. എന്നാൽ പെട്ടെന്ന് സിനിമ ഇന്ത്യയിലേക്ക് മാറി. പിന്നെ അണ്ണൻ -തമ്പി പാസം, കുടുംബ ബന്ധങ്ങൾ, പ്രണയം, കാമുകി, ത്യാഗം ഒക്കെ ആയി വേറെ ലെവലിലേക്ക് സിനിമ മാറുകയാണ്. ഇതൊന്നും ഇല്ലാതെ എന്ത് തമിഴ് സിനിമ എന്ന് കരുതുന്ന സംവിധായകൻ ആണെന്ന് തോന്നുന്നു.

 

എന്നാൽ, 3 മണിക്കൂർ ഉള്ളത് കൊണ്ട് വേണമെങ്കിൽ ഇടയ്ക്കൊക്കെ ഉറങ്ങിയോ മൊബൈൽ നോക്കിയോ ഒക്കെ ടി വിയിൽ സിനിമ കണ്ട് തീർക്കാവുന്ന അവസ്ഥയാണ് പിന്നീട് ഉള്ളത്. ഇനി കൂടുതൽ ഒന്നും പറയുന്നില്ല. വലിയ ബിൽഡപ്പ് കൊടുത്തു എങ്ങും ആകാതെ പോയ ഒരു തമിഴ് ബോംബ് സിനിമയാണ് കോബ്ര.


 വിക്രവും ജയറാമും തിരിച്ചു വരവുകൾ കുറെയേറെ നടത്തേണ്ടി വരുമെന്നാണ് തോന്നുന്നത്. രണ്ട് പേരും എന്നെങ്കിലും ഒരു നല്ല സിനിമ ആയി തിരിച്ചു വരും എന്ന് കരുതിയിരിക്കുന്ന ഒരാളായത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. പക്ഷെ വിക്രത്തിന്റെ മഹാൻ  നല്ല സിനിമ ആയിരുന്നു.കിടിലം എന്നൊക്കെ പറയാവുന്ന ഒന്ന് ആയി തോന്നിയതും ആണ്‌.പക്ഷെ അങ്ങേരു വീണ്ടും പഴയ ഫോമിൽ എത്തിയിട്ടുണ്ട്.


ഇവന്മാരൊക്കെ ഇതു പോലത്തെ സിനിമയിലൊക്കെ ഇങ്ങനത്തെ വൈകാരിക സംഭവങ്ങളൊക്കെ എന്തിനാണോ ഇടിച്ചു കുത്തി കയറ്റുന്നത്? ചുമ്മാ ഒരു ക്യാറ്റ് & മൗസ് ഗെയിം ഒക്കെ ആണെങ്കിൽ പോലും കണ്ടിരിക്കാമായിരുന്നു എന്ന് തോന്നി. എന്നാൽ അതും ഉണ്ടായില്ല ഇവിടെ.

1544. Attention Please (Malayalam, 2022)

 1544. Attention Please (Malayalam, 2022)

          Streaming on Netflix



    പണ്ട് കോളേജിൽ പഠിച്ചിരുന്ന സമയം നഗർകോവിലിലെ SMRV യിൽ ആണെങ്കിലും മണവാളക്കുറിച്ചിയിൽ ആണെങ്കിലും പാതി രാത്രി ടെറസിന്റെ മുകളിൽ റൂമിൽ ഉള്ളവരെല്ലാം കൂടി ചെറിയ കലാപരിപാടികളും ആയി കുറെ കഥകളും ആയി ഇരിക്കുക പതിവായിരുന്നു. പ്രായത്തിന്റെതായ കഥകൾ, പിന്നെ കുറെ തള്ളൽ കഥകൾ അങ്ങനെ പലതും അത്തരം സദസ്സുകളെ കൊഴുപ്പിക്കുമായിരുന്നു.


  പക്ഷെ ഈ കഥകൾക്കും അപ്പുറം യഥാർത്ഥത്തിൽ സംഭവിച്ചിട്ടുണ്ടെന്ന രീതിയിൽ ഇടയ്ക്ക് വരുന്ന പ്രേത കഥകൾ, അല്ലെങ്കിൽ ഹൊററിന്റെ അതി പ്രസരം ഉള്ള കഥകൾ ഒക്കെ സ്ഥിരമായിരുന്നു. നന്ദി പറയേണ്ടത് കോളേജ് ഇരിക്കുന്ന വലിയ ക്യാമ്പസ്സിൽ ഉള്ള മരങ്ങളിലെ ആണികൾക്കും, അതിൽ ചുറ്റിയിരിക്കുന്ന ചുവന്ന തുണികൾക്കും ഒപ്പം മണവാളക്കുറിച്ചിയിൽ താമസിച്ചിരുന്ന വീടിന്റെ മുറ്റത്തു ഉള്ള, രാത്രിയിൽ മുല്ലപ്പൂവിന്റെ മണം വരുന്ന നാല് ശവക്കല്ലറകൾക്ക് കൂടി ആണ്‌. വല്ലാത്തൊരു അന്തരീക്ഷം ആയിരുന്നു അത്. പല സംഭവങ്ങൾ കാരണം വീടിന്റെ ഉടമസ്ഥർ സൗകര്യങ്ങൾ എല്ലാം ഉള്ള ആ വീട്ടിൽ താമസിക്കാതെ അപ്പുറത്ത് കുടിൽ കെട്ടി തമായിക്കുന്നു. അതും തുച്ഛമായ വാടകയ്ക്ക് വീട് ഞങ്ങൾക്ക് തന്നിട്ട്.


  ഇത്തരം സ്ഥലങ്ങളിലെ കഥകൾക്ക് എല്ലിന്റെ ഇടയിലേക്ക് പോലും ഒരു ചെറിയ തണുപ്പോടെ ഭീതി ഉളവാക്കാൻ സാധിക്കാറുണ്ട്. പറഞ്ഞു വന്നത് അറ്റൻഷൻ പ്ലീസ് എന്ന മലയാള സിനിമയെ കുറിച്ചാണ്. വളരെയധികം ഇത്തരം ഒരു അന്തരീക്ഷം ആവശ്യപ്പെടുന്ന സിനിമയാണ് അത്. താൻ സിനിമയ്ക്ക് വേണ്ടി എഴുതുന്ന കഥകൾ കൊള്ളില്ല എന്നു പറയുന്ന നാല് സുഹൃത്തുക്കൾക്ക് ഇടയിൽ ഹരി എന്ന യുവാവ് തന്റെ കഥകൾ അവതരിപ്പിക്കുന്ന രീതിയിൽ ആണ്‌ സിനിമ അവതരിപ്പിച്ചിരുന്നത്. നേരത്തെ പറഞ്ഞ ടെറസിലെ കഥകൾ പോലെ കഥകൾ ഓരോന്നായി വരുകയാണ്. അതിന്റെ ഒപ്പം അവിചാരിതമായി പലതും സംഭവിക്കുന്നു.


  തുടക്കത്തിൽ ഹൊറർ മാത്രം വിഷയമായി മാറിയെങ്കിലും പിന്നീട് ഈഗോ, തൊലിയുടെ നിറം, ജാതി, അതിജീവനം തുടങ്ങിയവയെല്ലാം വിഷയമായി മാറുന്നുണ്ട്. ഒരു പക്ഷെ മുഖ്യ കഥപാത്രത്തിന്റെ മാനസിക വ്യാപരങ്ങൾ എല്ലാം തന്നെ ആ കഥകളിൽ നിഴലിക്കുന്നുണ്ട്. അതിൽ നിന്നും ഹൊറർ ആയി ചിത്രം മാറുന്നത് മികച്ച അനുഭവം ആയിരുന്നു. പണ്ട് Get Out കണ്ടപ്പോൾ കിട്ടിയ ഒരു വൈബ് ഇവിടെയും ഉണ്ടായി. അവിടെ നിന്നും ഒരു പക്ഷെ പ്രതീക്ഷിക്കാവുന്ന ഒരു ക്ലൈമാക്സ്‌ ആയിരുന്നു ചിത്രത്തിന് വന്നതെങ്കിലും സിനിമയുടെ ഇനിയും മുന്നോട്ടു ഉള്ള കഥയെ കുറിച്ച് ചെറിയ രീതിയിൽ കൗതുകം തോന്നുകയും ചെയ്തു.


 അസാധ്യമായി ആണ്‌ ഹരി എന്ന കഥാപാത്രത്തെ വിഷ്ണു ഗോവിന്ദൻ അവതരിപ്പിച്ചത്. ചൊറി കൂട്ടുകാരിൽ മികച്ച ചൊറിയും ആയി ശ്രീജിത് അവതരിപ്പിച്ച ജിതിനും ആനന്ദ് അവതരിപ്പിച്ച അജിത്തും സിനിമയിൽ മുഖ്യ പങ്കു വഹിക്കുന്നുണ്ട്. സാധാരണ സിനിമ സങ്കൽപ്പങ്ങളിൽ നിന്നും വ്യത്യസ്തമായ അവതരണ ശൈലി ആണ്‌ ചിത്രത്തിന് ഉള്ളതു. കഥ എഴുതി സംവിധാനം ചെയ്ത ജിതിൻ ഐസക്ക് സിനിമയെ സമീപിച്ച രീതി നന്നായിരുന്നു.


 ചെറിയ സിനിമ ആണ്‌. OTT യിൽ കാണേണ്ട ആവശ്യം മാത്രമുള്ള സിനിമ. പക്ഷെ അവതരണ രീതി കൊണ്ട് മികച്ച മൂല്യം ഉള്ള ചിത്രം ആയി ആണ്‌ എനിക്ക് തോന്നിയത്. കണ്ട് നോക്കൂ.

Wednesday, 14 September 2022

1543. The Lovebirds (English, 2020)

 1543. The Lovebirds (English, 2020)

           Mystery, Comedy. Streaming on Netflix



നാല് വർഷം നീണ്ടു നിന്ന ദാമ്പത്യം അവസാനിപ്പിക്കാൻ ഉള്ള തീരുമാനത്തിലേക്ക് അടുക്കുന്ന ദമ്പതികളുടെ  അവിചാരിതമായി ഒരു കൊലപാതകത്തിന് സാക്ഷി ആകുന്നു.  അതിനു ശേഷം അത് ചെയ്ത കൊലയാളി അവരെ  പിന്തുടരാൻ തുടങ്ങുന്നു. അതോടെ ആ സംഭവം  അവരുടെ  ജീവൻ  മരണ പോരാട്ടം ആയി മാറുന്നു .അതിനോടു അനുബന്ധിച്ച് നടക്കുന്ന ക്യാറ്റ് & മൌസ് ഗെയിം ആണ് The Lovebirds  ന്റെ കഥ. അതിനോടൊപ്പം ഈ സംഭവങ്ങൾ എങ്ങനെ അവരുടെ രണ്ടു പേരുടെയും മുന്നോട്ടുളള ജീവിതത്തെ ബാധിച്ചു എന്നതും സിനിമയിൽ കാണാം.


വലിയ സംഭവം ഒന്നും അല്ല ചിത്രം. കുറച്ചു തമാശയും അതിന്റെ ഒപ്പം നടക്കുന്ന ചില സംഭവങ്ങളും ഒക്കെ ആയി ഒരു കൊച്ചു ചിത്രം എന്ന് പറയാം  The Lovebirds നെ കുറിച്ച്. മോശം സിനിമ ആണെന്നുള്ള അഭിപ്രായമൊന്നുമില്ല. വെറുതെ ഒരു പോപ്കോൺ ഫ്ലിക്ക് എന്ന് ധൈര്യമായി വിളിക്കാവുന്ന സിനിമയാണ് The Lovebirds. വെറുതെ ഇരുന്നു കാണാം.


  നല്ല ഒരു ടൈം പാസ് സിനിമ എന്ന് പറയാം Lovebirds നെ കുറിച്ച്.

1542. Fall (English, 2022)

 1542. Fall (English, 2022)

         Adventure, Survival- Thriller




 ഇതിലും മികച്ച survival - thriller സിനിമകൾ കണ്ടത് കൊണ്ട് ആകണം Fall വലിയ ഒരു സംഭവമായി തോന്നിയില്ല. പക്ഷെ ഇടയ്ക്ക് ഒക്കെ പടം നന്നായി പേടിപ്പിച്ചു. Acrophobia ഉള്ളത് കൊണ്ട് ഹണ്ടറും ബെക്കിയും റേഡിയോ ടവർ കയറുമ്പോൾ ഉള്ള പല സീനുകളും കാലിൽ നിന്നും മുകളിലേക്കു ഒരു പെരുപ്പ് ഉണ്ടാക്കി എന്നതാണ് സത്യം. ബ്രോഡ്കാസ്റ്റിങ് ഫീൽഡിൽ ജോലി ചെയ്യുന്നത് കൊണ്ട് ഇടയ്ക്ക് ടവർ maintenance ന് ആളുകൾ വന്നു ടവറിൽ കയറുമ്പോൾ താഴെ നിന്നു മുകളിലേക്കു നോക്കുമ്പോൾ പോലും തല കറങ്ങുന്ന അവസ്ഥയാണ് എനിക്ക് .

 സ്ഥിരമായി റേഡിയോ വാക്കി - ടോക്കി വഴി ടവർ കയറുന്നവരും ആയി ആശയവിനിമയം നടത്തുമ്പോഴും വെറുതെ എങ്ങാനും മുകളിലേക്കു നോക്കി സംസാരിച്ചാൽ പോലും തല കറങ്ങി നിലത്തു വീഴും എന്ന അവസ്ഥയിൽ നിൽക്കുന്ന എന്നെ സംബന്ധിച്ച് നല്ല പേടി ഉണ്ടാക്കുന്ന രംഗങ്ങൾ ആയിരുന്നു കഥാപാത്രങ്ങൾ മുകളിലേക്കു കയറുന്നതും പിന്നീട് അവർ മുകളിൽ എത്തിയതിനു ശേഷം താഴോട്ടു ഉള്ള കാഴ്ചകൾ കാണിക്കുന്ന രംഗങ്ങൾ എല്ലാം.


പക്ഷെ പൂർണമായും ചിത്രം സംതൃപ്തി നൽകിയില്ല എന്നൊരു പരാതി അതിനൊപ്പം ഉണ്ട്. മുകളിലും താഴെയും ഉള്ള കാഴ്ചകൾ നൽകിയ ഭീതിയ്ക്കു അപ്പുറം സിനിമ എന്ന നിലയിൽ വലിയ കാര്യം ഉള്ളതായി തോന്നിയില്ല Fall. അതിന്റെ ഇടയ്ക്ക് വന്ന അവിഹിത കഥ കൂടി ആകുമ്പോൾ സിനിമ അത്ര ഇഷ്ടപ്പെട്ടില്ല.


  ഇതിലും നല്ല survival thrillers പലതും ഉണ്ട്. പക്ഷെ ഈ ഒരു ചിത്രത്തിന് കിട്ടിയ ഹൈപ്പ് വളരെ അധികമായിരുന്നു. അത് കൊണ്ട് തന്നെ ആവശ്യമില്ലാതെ കൂടുതൽ പ്രതീക്ഷിച്ചതു കൊണ്ട് കൂടി ആകാം സിനിമ കണ്ട് കഴിഞ്ഞപ്പോൾ ഉണ്ടായ ഈ അവസ്ഥ. മോശം സിനിമ ആണെന്നുള്ള അഭിപ്രായം ഇല്ല. പക്ഷെ മൊത്തത്തിൽ ഒരു തൃപ്തി കിട്ടിയില്ല.

1995. Drop ( English, 2025)