1755. Parking (Tamil, 2023)
Streaming on Hotstar.
⭐⭐⭐⭐/5
ഇവ വർഷം ഇറങ്ങിയ സിനിമകളിൽ മിസ്സ് ചെയ്യരുത് എന്ന് തോന്നിയ ഒന്നാണ് പാർക്കിങ് എന്ന ചിത്രം.ഈഗോ കാരണം പോരാടുന്ന മനുഷ്യരുടെ കഥകൾ പലപ്പോഴും സിനിമകൾക്ക് പ്രമേയം ആയിട്ടുണ്ട്. സാധാരണക്കാരായ രണ്ടു പേർ, ഒരു പക്ഷെ തീരെ ഗൗരവം തോന്നാത്ത ഒരു വിഷയത്തിൽ വഴക്കിടുന്നതും അത് അവരുടെ കയ്യിൽ നിന്നും മുഴുവനായി പോകുന്നതും ആണ് പാർക്കിങ് എന്ന സിനിമയുടെ കഥ.
ഐ റ്റി പ്രഫഷണൽ ആയ ഈശ്വറും സർക്കാർ ഉദ്യോഗസ്ഥനായ ഇളമ്പരുതിയും ഒരു വീടിന്റെ മുകളിലും താഴെയുമായി വാടകയ്ക്ക് താമസിക്കുക ആണ്. ഈശ്വർ ഒരു പുതിയ കാർ വാങ്ങുകയും അതിന്റെ പാർക്കിങ്ങിനെ ചൊല്ലി ഇളമ്പരുതിയും ആയി വഴക്കിടുകയും അത് അവരെ എവിടെ കൊണ്ടെത്തിക്കുന്നു എന്നതാണ് സിനിമയുടെ കഥ.
ചെറിയ ഒരു വിഷയം, സാധാരണക്കാരായ മനുഷ്യർ. എന്നാൽ അവരുടെ ഈഗോയ്ക്ക് പരിധി ഇല്ലായിരുന്നു. അമാനുഷിക കഥാപാത്രങ്ങൾ അല്ലായിരുന്നിട്ടു കൂടി അവരുടെ പരിധിയ്ക്കും അപ്പുറം ആയിരുന്നു അവർ പരസ്പ്പരം പണി കൊടുക്കാൻ ശ്രമിക്കുന്ന പല സംഭവങ്ങളും.അതവരുടെ ജീവിതത്തിന്റെ തന്നെ താളം തെറ്റിക്കുകയും ചെയ്യുന്നു. പലപ്പോഴും അവരുടെ രണ്ടു പേരുടെയും ജീവന് തന്നെ ഭീഷണി ആയി പരസ്പ്പരം മാറുകയും ചെയ്യുന്നു.
പതിയെ തുടങ്ങി, കഥാപാത്രങ്ങൾ പ്രേക്ഷകന് റെജിസ്റ്റർ ആയി കഴിയുന്നത് മുതൽ സിനിമ ത്രില്ലർ മൂഡിലേക്ക് മാറുകയാണ്. ധാർമികത പോലും നോക്കാതെ അവർ പരസ്പ്പരം പോരാടുകയാണ്. ഇടയ്ക്ക് ഒരാൾ താഴ്ന്നു കൊടുക്കാൻ ശ്രമിച്ചാൽ പോലും മറ്റുള്ള ആൾ അപകടകരമായ രീതിയിൽ തന്നെ നിലനിൽക്കുന്ന അവസ്ഥ.
കിടിലം സിനിമ ആയിട്ടാണ് എനിക്ക് തോന്നിയത്. കഴിയുമെങ്കിൽ കാണുക.എം എസ് ഭാസ്‌ക്കർ,ഹരീഷ് കല്യാൺ എന്നിവർ ഈ കഥാപാത്രങ്ങൾക്ക് തികച്ചും യോജിച്ചതായി തോന്നി. കണ്ടു നോക്കുക. സമയം നഷ്ടമാകില്ല.എനിക്ക് നന്നായി ഇഷ്ടപ്പെട്ടൂ.