1525. The Arbit Documentation of An Amphibian Hunt: Aavasavyuham (Malayalam, 2022)
Streaming on SonyLiv
യഥാർത്ഥ 'പ്രകൃതി പടം' എന്ന് പറഞ്ഞാൽ ഇതാണ്.സർക്കാസ്റ്റിക് ആയല്ല, അക്ഷരം പ്രതി പ്രകൃതി പടം എന്ന് പറയാൻ പറ്റിയ സിനിമ. പ്രകൃതിയെ സംബന്ധിച്ചുള്ള ഒരു മോക്യുമെന്ററി രീതിയിൽ തുടങ്ങുന്ന ചിത്രം തുടക്കത്തിൽ സദാചാര ജീവികൾ മുതൽ കേരളത്തിൽ കാണപ്പെടുന്ന മണി ചെയിൻ തട്ടിപ്പ്, പരിസ്ഥിതി പ്രശ്നങ്ങൾ തുടങ്ങി പല കാര്യങ്ങളിലേക്കും ഉള്ള ഒരു ചൂണ്ടു പലകയാണ്. സോഷ്യൽ കമന്ററിയോടൊപ്പം വലിയ ഒരു കഥ കൂടി ചിത്രം പറയുന്നുണ്ട്.
വലിയ കഥ എന്ന് ഉദ്ദേശിച്ചത് ചിത്രം അവതരിപ്പിക്കുന്ന ജോൻറെകളെ കുറിച്ചാണ്.പ്രകൃതി, സോഷ്യൽ കമന്ററി എന്നിവയോടൊപ്പം ആക്ഷൻ,ഹൊറർ സർറിയൽ -ഫാന്റസി, ക്രൈം,സൂപ്പർ -ഹീറോ,sci- fi, കുറ്റാന്വേഷണം, റൊമാൻസ് തുടങ്ങി ചില കഥാപാത്രങ്ങളിലൂടെ കോമഡിയും അവതരിപ്പിക്കുന്നുണ്ട്. കഥയുടെ പ്രത്യേകത കൊണ്ട് തന്നെ one of its kind എന്ന് പറയാവുന്ന ചിത്രമാണ് The Arbit Documentation of An Amphibian Hunt: ആവാസവ്യൂഹം.
കരിക്കിൽ കണ്ട രാഹുൽ രാജാഗോപാൽ എന്ന നടന്റെ ആകാരമാണ് പല പേരുകളിൽ അറിയപ്പെടുന്ന നായകൻ കഥാപാത്രത്തിനു വിശ്വസനീയമായ ഒരു ചട്ടക്കൂട് ഉണ്ടാക്കി കൊടുത്തത് എന്ന് തോന്നുന്നു. പുതു വൈപ്പിനിലെ സാമൂഹിക -പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഒപ്പം അവിടേക്കു വരുന്ന അജ്ഞാതൻ എന്ന നിലയിൽ അവതരിപ്പിക്കുന്ന കഥാപാത്രം സിനിമയ്ക്ക് നൽകിയ പുതുമ എത്രയാണെന്ന് കണ്ടു തന്നെ മനസ്സിലാക്കണം.കൃശന്ത് എന്ന സംവിധായകനെ ഒട്ടും പരിചയം ഇല്ലെങ്കിലും ഇനി ആ പേര് മറക്കാത്ത അത്ര impact ചിത്രത്തിന് നൽകാൻ കഴിയുന്നുണ്ട്. 2021 ലെ സംസ്ഥാന അവാർഡുകളിൽ മികച്ച ചിത്രത്തിനും തിരക്കഥയ്ക്കും നേടിയ അവാർഡുകളോട് നീതി പുലർത്തിയ ചിത്രം തന്നെയാണ് The Arbit Documentation of An Amphibian Hunt: Aavasavyuham.
ചെറിയ ബഡ്ജറ്റിൽ അവതരിപ്പിച്ച ചിത്രത്തിന് അതിന്റേതായ പോരായ്മകൾ ഉണ്ടാകും, അവാർഡ് ചിത്രമല്ലേ എന്നുള്ള ചിന്തകളിൽ കണ്ടു തുടങ്ങിയ സിനിമയിൽ എന്നാൽ കണ്ടത് കഥാ പശ്ചാത്തലത്തിനും മറ്റും അനുസൃതമായ ബഡ്ജറ്റിൽ അവതരിപ്പിച്ചു പ്രൊഡക്ഷൻ നിലവാരം ഉള്ള ചിത്രമാണ്. തങ്ങൾ ചെയ്യുന്നത് എന്താണെന്ന് വ്യക്തതയുള്ള ഒരു ടീം ആയിരിക്കാം സിനിമയ്ക്ക് പിന്നിൽ ഉള്ളത്.ഒരു പക്ഷെ സാധാരണ ഒരു സിനിമയിൽ പരസ്യത്തിന് വേണ്ടിയെങ്കിലും വലിയ VFX എന്നൊക്കെ പറഞ്ഞു അവതരിപ്പിക്കുന്ന സീനുകളിൽ നിന്നും നിലവാരത്തോടെ അത്തരത്തിൽ സാധ്യതകൾ ഉള്ള രംഗങ്ങൾ അവതരിപ്പിച്ചു ഫലിപ്പിച്ചു എന്നത് നല്ലൊരു കാര്യവുമാണ്.
അവാർഡ് കിട്ടിയ സിനിമ അല്ലെ? ബോർ ആയിരിക്കും എന്ന് കരുതി മാറ്റി വയ്ക്കേണ്ട ചിത്രമല്ല The Arbit Documentation of An Amphibian Hunt: ആവാസവ്യൂഹം. പകരം, സിനിമ സ്നേഹി എന്ന നിലയിൽ ഒന്ന് കണ്ട് ചിത്രത്തെ കുറിച്ച് സംസാരിക്കാൻ എങ്കിലും കഴിഞ്ഞാൽ നല്ലത് ആയിരിക്കും എന്ന് കരുതുന്നു. സിനിമ കണ്ട് കഴിഞ്ഞതിനു ശേഷം, ഒരു മലയാള ചിത്രം തന്നെ ആണോ ഞാൻ കണ്ടതെന്നു ഓർത്തു കുറച്ചു നേരം ഇരുന്നു. ഒരു പക്ഷെ നല്ല ഒരു സിനിമ കണ്ടതിന്റെ excitement ആകാം. മറ്റുള്ളവർക്ക് നിർബന്ധമായും ഇഷ്ടപ്പെടണം എന്നൊന്നും വാശി പിടിക്കുന്നില്ല . പക്ഷെ വ്യത്യസ്തമായ, നിലവാരം ഉള്ള ഒരു സിനിമ പരിശ്രമം എന്ന നിലയിൽ എങ്കിലും ചിത്രം കാണണം എന്നാണ് അഭിപ്രായം.
No comments:
Post a Comment