Wednesday, 17 August 2022

1534. Gargi (Tamil, 2022)

 1534. Gargi (Tamil, 2022)

           Streaming on SonyLiv



സിനിമയുടെ ക്ലൈമാക്സ്‌ ഒരു മരവിപ്പോടെ ആണ്‌ കണ്ട് തീർത്തത്. സാധാരണ സിനിമകളുടെ ഫോർമാറ്റിൽ നിന്നും എന്നെ സംബന്ധിച്ച് അപ്രതീക്ഷിതമായ ഒരു ക്ലൈമാക്സ്‌ തന്നെ ആയിരുന്നു അത്. കുറ്റാരോപിതൻ ആയ സ്വന്തം പിതാവിനെ രക്ഷിക്കാൻ ഇറങ്ങിയ ഗാർഗി എന്ന മകളുടെ കഥയിൽ നിന്നും പ്രതീക്ഷിക്കുന്ന ഒരു അവസാനം ഉണ്ട്. എന്നാൽ ആ പ്രതീക്ഷയെ തകിടം മറിച്ച ഒരു ക്ലൈമാക്സ്‌ ആയിരുന്നു ഗാർഗിയ്ക്കു ഉണ്ടായിരുന്നത്.


  ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ പല രീതിയിൽ ഉള്ള സോഷ്യൽ കമന്ററിയും ഉണ്ടായിരുന്നു. അതിൽ സിനിമാറ്റിക് രീതിയിൽ നോക്കിയാൽ തന്നെ ട്രാൻസ്‌ജെണ്ടർ ആയ ജഡ്ജിയുടെ ഡയലോഗ് ഒക്കെ നന്നായിരുന്നു. കുട്ടികൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളും അതിനോട് അനുബന്ധിച്ചുള്ള ഭാഗം ചേരലും എല്ലാം സിനിമ എന്ന നിലയിൽ ഉള്ള കതയ്ക്ക് അനുയോജ്യം ആയിരുന്നു താനും.

  

 കാളി വെങ്കട്ടിന്റെ വക്കീലും, സായി പല്ലവിയുടെ ഗാർഗിയും, ശരവണന്റെ അച്ഛൻ കഥാപാത്രവും, കുറ്റാരോപിതൻ ആയ ശിവാജിയും എല്ലാം തന്നെ സിനിമയ്ക്ക് അനുയോജ്യമായവർ ആയിരുന്നു.ചിത്രത്തിന്റെ മിസ്റ്ററി പാർട്ട് ആയിരുന്നു അതിന്റെ നട്ടെല്ല് എന്ന് പറയേണ്ടി വരും. നേരത്തെ പറഞ്ഞത് പോലെ ഊഹിച്ചെടുക്കാം എന്ന് തോന്നിയ ഒരു ഡ്രാമയിൽ നിന്നും അതിനു ഉണ്ടായ മാറ്റം ഗംഭീരമായിരുന്നു ഷോക്കിങ്ങും


  SonyLiv നല്ല content തരുന്നത് ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു. മിനിമം ഗ്യാരണ്ടി ഉള്ള content ആണ്‌ കുറച്ചു ഉള്ളു എങ്കിലും കൂടുതലും. പ്രത്യേകിച്ചും ഇന്ത്യൻ വിഭാഗം. സിനിമ SonyLiv ൽ stream ചെയ്യുന്നുണ്ട്. എനിക്ക് ഗാർഗി ഇഷ്ടമായി. താൽപ്പര്യം ഉള്ളവർ കണ്ട് നോക്കൂ.

1533. Luck (English, 2022)

 1533. Luck (English, 2022)

           Comedy, Feel-good, Animation: Streaming on Apple TV+

     


              ജീവിതത്തിൽ ഭാഗ്യം എന്ന ഘടകം പലരെയും പല വിധത്തിൽ ആണ് സ്വാധീനിക്കുക. ഭാഗ്യത്തിന് ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുമായി ബന്ധം ഉണ്ടെന്ന് കരുതുന്നവരുണ്ട് , അല്ലാത്തവരും .Luck, സാം എന്ന പെൺകുട്ടിയുടെ ഭാഗ്യ - നിർഭാഗ്യങ്ങളുടെ കഥയാണ്.സാം തന്റെ പതിനെട്ട് വയസ്സു വരെ കെയർ ഹോമുകളിൽ ആണ് ജീവിച്ചത്. പല സ്ഥലങ്ങളിൽ ജീവിച്ച അവൾക്ക് എന്നാൽ ഒരിക്കൽ പോലും അവളെ ഇഷ്ടപ്പെട്ടു ഫോസ്റ്റർ കെയറിലേക്ക് കൊണ്ട് പോകാൻ ഒരു കുടുംബവും തയ്യാറാകത്തത് അവളുടെ ഭാഗ്യക്കേട് കൊണ്ടാണ് എന്ന് വിശ്വസിച്ചു. എന്നാൽ അത് മാത്രമല്ല അവളുടെ ചിന്തകളെ സാധൂകരിച്ചത്. അവളുടെ ജീവിതത്തിലെ ഓരോ സ്റ്റേജിലും ഇത് കടന്നു വന്നൂ, പല രൂപത്തിലും . സിനിമ കണ്ടു നോക്കുമ്പോൾ മനസ്സിലാകും അവളുടെ അവസ്ഥ. 


  എന്നാൽ, ജീവിതത്തിൽ ഒരിക്കൽ അവൾ ഭാഗ്യം നിർമിക്കുന്ന ഒരു സ്ഥലത്തിലേക്ക് പോകാൻ ഉള്ള അവസരം ഉണ്ടാവുകയാണ്.അതെ, ഭാഗ്യം മാത്രമുളള ഒരു സ്ഥലത്തു.അതും എല്ലാവരും നിർഭാഗ്യത്തിന്റെ പ്രതീകം ആയി കാണുന്ന ഒരു കറുത്ത പൂച്ച വഴി. സാമിന് സ്വന്തം കാര്യങ്ങളെക്കാൾ  തന്റെ അവസ്ഥ ഒരു പക്ഷേ വന്നേക്കാം എന്ന് ഭയക്കുന്ന ഒരാളെ രക്ഷിക്കണം. ഭാഗ്യ - നിർഭാഗ്യത്തിന്റെ കളികൾ ആണ് Luck എന്ന ആനിമേഷൻ ചിത്രം പറയുന്നത്.


  ചെറിയ ഒരു കഥ. ഒരു ഫീൽ ഗുഡ് മൂഡിൽ ഇരുന്നു കുട്ടികളുടെ ഒപ്പം ഇരുന്നു കാണാൻ പറ്റുന്ന സിനിമ. അതാണ് Luck. കുട്ടികളുടെ ഒപ്പം ഇരുന്നാണ് കണ്ടത്. എന്താണ് എന്നറിയില്ല. അവർക്ക് നന്നായി ഇഷ്ടപ്പെടുകയും, അത് അവർ ആസ്വദിക്കുന്നത് കാണാനും കഴിഞ്ഞു. ആ ഒരു വൈബ് ഉള്ളത് കൊണ്ട് സിനിമ കണ്ടപ്പോൾ ഇഷ്ടമാവുകയും ചെയ്തു. പിന്നീട് ആലോചിച്ചപ്പോൾ കഥയിൽ വലിയ സംഭവം ഇല്ലെങ്കിലും കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന കുറേ കഥാപാത്രങ്ങൾ ചിത്രത്തിൽ കഥാപാത്രങ്ങൾ ആയി വന്നു പോകുന്നുണ്ട്. Unicorn, Leprechauns പോലെ ഉള്ളവ കൂട്ടികൾക്ക് കണക്റ്റ് ചെയ്യാൻ കഴിയും പെട്ടെന്ന്. അതായിരിക്കും കാരണം.അല്ലാതെ നോക്കിയാലും മോശം സിനിമ അല്ല Luck.


കുട്ടികളോടൊപ്പം കണ്ടു നോക്കൂ.

1532. Cadaver (Tamil, 2022)

 1532. Cadaver (Tamil, 2022)

          Streaming on ഹോട്ട്സ്റ്റാർ




കണ്ടില്ലെങ്കിൽ പ്രത്യേകിച്ച് കുഴപ്പമില്ലായിരുന്നു എന്ന്  തീർന്നപ്പോൾ തോന്നിപ്പിച്ച സിനിമ ആണ്‌ Cadaver. തുടക്കത്തിൽ ദുരൂഹമായ കൊലപാതക കേസിൽ നിന്നു ഉണ്ടായ അന്വേഷണം സിനിമയോടുള്ള താൽപ്പര്യം പിന്നീട് കുറെ സിനിമകളിൽ കണ്ട കഥയിലൂടെ പോയി ഇങ്ങനെ ഒരു ട്വിസ്റ്റ് വരുത്തണം എന്ന് കരുതിയ സ്ഥലത്തു ഒക്കെ കൈ വിട്ടു പോയത് പോലെ തോന്നി. ലൂപ് ഹോൾസ് ഒക്കെ ക്ഷമിച്ചു കൊടുക്കാം എന്ന് തന്നെ വച്ചാലും കഥയിലെ കഥാപാത്രങ്ങൾ ഒന്നും അങ്ങ് കണക്റ്റ് ആയില്ല.


 തുടക്കമേ മോശം പറഞ്ഞത് സിനിമയെ കുറിച്ച് ഉണ്ടായിരുന്ന പ്രതീക്ഷ, അത് തുടക്കത്തിൽ നല്ലത് പോലെ കൊണ്ട് പോയി അവസാനം എങ്ങും എത്താതെ പോയതിൽ ഉള്ള നിരാശ കൊണ്ട് മാത്രമാണ്.


ഇനി സിനിമ കാണാൻ ഉണ്ടായ സാഹചര്യം.ഹോട്ടസ്റ്റാർ സബ്സ്ക്രിപ്‌ഷൻ എടുത്തിട്ടുണ്ട്.ജോലി കഴിഞ്ഞു വന്നപ്പോൾ കാണാൻ വച്ച മറ്റു ചില സിനിമകൾ, OTT യിൽ ഇല്ലാത്തത് പെൻ ഡ്രൈവ് കുത്തി, ഡൌൺലോഡ് ചെയ്തത് കോപ്പി ചെയ്തു ടി വിയിൽ കണക്റ്റ് ചെയ്യുന്ന ദുർഘടമേറിയ പ്രക്രിയ ഒഴിവാക്കാൻ വേണ്ടി ആണ്‌ പെട്ടെന്ന് റോക്കൂ റിമോട്ടിൽ "ഓക്കെ" പ്രസ്സ് ചെയ്യാൻ എളുപ്പം ഉള്ള ഹോട്ട്സ്റ്റാർ ഞെക്കിയത്. ഇതേ പോലെ ഉള്ള എന്റെ  അവസ്ഥ ആണെങ്കിൽ സിനിമ കാണുന്നതിൽ തെറ്റില്ല എന്ന് മാത്രേ പറയൂ.

 

Wednesday, 10 August 2022

1531. Resurrection (English, 1999)

1531. Resurrection (English, 1999)

          Mystery.



    ഇടതു കൈ മുറിച്ചെടുക്കപ്പെട്ട നിലയിൽ ആണ് ആ മൃതദേഹം കാണപ്പെട്ടത്. അതിനോടു ചേർന്ന് രക്തത്തിൽ എഴുതിയ വാചകങ്ങൾ . വളരെ വിചിത്രം എന്ന് തോന്നാവുന്ന ഈ കൊലപാതകത്തിന് പിന്നാലെ ഇതേ രീതിയിലുള്ള മറ്റ് കൊലപാതകങ്ങളും നടക്കുന്നു. ഓരോ തവണയും മൃതദേഹത്തിൽ നിന്നും പ്രധാനപ്പെട്ട അവയങ്ങൾ ഏതെങ്കിലും ഒന്ന് കൊലയാളി കൈക്കലാക്കിയിട്ടുണ്ടാകും . അയാൾ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട് തന്റെ കൊലപാതകങ്ങളിലൂടെ. അതോ കൊലയാളി എന്തെങ്കിലും പ്ലാൻ ചെയ്യുന്നുണ്ടോ? തന്റെ ഇരകളിൽ നിന്നും എന്തിനാണ് കൊലയാളി അവയവങ്ങൾ മുറിച്ചെടുക്കുന്നത്? അത് തന്റെ കൊലപാതകങ്ങളിലൂടെ ലഭിക്കുന്ന ട്രോഫികൾ ആണോ, അതോ മറ്റെന്തെങ്കിലും? ധാരാളം ചോദ്യങ്ങൾ ഈ കേസ് അന്വേഷിക്കുന്ന ചിക്കാഗോ പൊലീസിലെ കുറ്റാന്വേഷകർ ആയ പ്രുഡോമിനും ഹോളിൻസ്വർത്തിനും ഉണ്ട്. എന്തായാലും അവരുടെ മുന്നിൽ ഈ കൊലപാതകങ്ങളെ കുറിച്ച് ഒറ്റ വിവരമേ ഉള്ളൂ. ഈ കൊലപാതകങ്ങളുടെ പിന്നിൽ എല്ലാം ഒരാളാണ്. അയാൾ എന്തോ പറയാൻ ഉദ്ദേശിക്കുന്നുണ്ട്. എന്നാൽ അവരുടെ ചിന്തകൾ ശരിയാണോ?


  ക്ലാസിക് സീരിയൽ കില്ലർ രീതിയിൽ ആണ്  Resurrection എന്ന ചിത്രം അവതരിപ്പിച്ചിരിക്കുന്നത് . ജീവിതത്തിൽ മുന്നേ ഉണ്ടായ പ്രശ്നങ്ങൾ കാരണം മാനസിക സംഘർഷം ഉള്ള കുറ്റാന്വേഷകൻ . അയാളുടെ മുന്നിൽ ചോദ്യ ചിഹ്നം ആയി ഒരു കൊലയാളി. അങ്ങനെ ഒരു പാറ്റേൺ ആണ് ഇവിടെയും. ഭ്രാന്തമായി ചിന്തിക്കുന്ന കൊലയാളിയും കുറ്റാന്വേഷകരും തമ്മിലുള്ള ക്യാറ്റ് ആൻഡ് മൌസ് ഗെയിം ആണിവിടെ. ഇന്നത്തെക്കാലത്ത് ഇത്തരം കഥകൾ ഒട്ടും പുതുമ നൽകുന്നില്ല എന്നതാണ് സത്യം. കുറച്ചു ലൂപ്പ് ഹോൾസ് ഒക്കെ ഉണ്ടെങ്കിലും സിനിമ ഇറങ്ങിയ കാലം നോക്കുമ്പോൾ ക്ലീഷേ ആയ കഥ അല്ലായിരുന്നു അത്. പ്രത്യേകിച്ചും കൊലയാളിയുടെ ലക്ഷ്യം ഒക്കെ കൌതുകകരം ആയിരുന്നു. 


 2022 ൽ  റിലീസ് ആയ Resurrection കണ്ടു കഴിഞ്ഞപ്പോൾ ആണ് ഇതേ പേരിൽ ഉള്ള 1999 ലെ ചിത്രം suggestion ആയി കിട്ടുന്നത് . പ്ലോട്ടിലെ മിസ്റ്ററി element കാരണം ആണ് കണ്ടു തുടങ്ങിയത്. തരക്കേടില്ലാത്ത ഒരു സിനിമാനുഭവം ആയിരുന്നു 1999 ലെ Resurrection നല്കിയതും. 

Download Link (Telegram) : t.me/mhviews1   or search @mhviews1 in Telegram

  സിനിമയുടെ ഡൗൺലോഡ് ലിങ്കിന്  https://movieholicviews.blogspot.com/ സന്ദർശിക്കുക. 

Monday, 8 August 2022

1530. Resurrection (English, 2022)

 1530. Resurrection (English, 2022)

          Psychological Thriller.



ഒരാളുടെ ഭൂതക്കാലത്തിനു അയാളെ എന്ത് മാത്രം നശിപ്പിക്കുവാൻ സാധിക്കും ? ഇവിടെ സ്വയം പഴിച്ചു കൊണ്ട് മാർഗരറ്റ് ജീവിതം തള്ളി നീക്കുമ്പോൾ പതിനെട്ടു വയസാകാൻ പോകുന്ന തന്റെ മകൾ അഭിഗേയ്‌ലിനു അമിതമായ ശ്രദ്ധ ആണ്‌ അമ്മയായ മാർഗരറ്റ് നൽകുന്നതെന്ന അഭിപ്രായമായിരുന്നു. അത് കാരണം അമ്മയും മകളും തമ്മിൽ ഉള്ള ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങി.മാർഗരറ്റിന്റെ മാതാപിതാക്കൾ ജിപ്സികൾ ആയിരുന്നു. വലിയ അറിവില്ലാത്ത, മകൾ പറയുന്നത് വിശ്വസിച്ചിരുന്നവർ. ഇന്നത്തെ മാർഗരറ്റിന്റെ ദു:സ്വപ്നങ്ങൾക്ക്  അവർക്കും പങ്കുണ്ടെന്നുള്ള വിശ്വാസത്തിലാണ് അവൾ മകളെ നന്നായി നോക്കാൻ ശ്രമിക്കുന്നത്.


  എന്നാൽ മാർഗരറ്റിന്റെ ഭൂതക്കാലം അവളെ വീണ്ടും തേടിയെത്തുകയാണ്.അത് ഒരു വ്യക്തിയാണ്. അവളുടെ ജീവിതത്തിലെ ആരും എറിയാത്ത രഹസ്യം പേറുന്ന മറ്റൊരാൾ. ചില സമയങ്ങളിൽ അയാൾ യാഥാർഥ്യം ആണോ എന്ന് പോലും നമ്മൾ സംശയിക്കും.

 

മരണങ്ങളെ നമ്മൾ പല തരത്തിലുള്ള പ്രതീകങ്ങൾ ആയി സിനിമയിൽ കണ്ടിട്ടുണ്ട്. എന്നാൽ, ഇത്രയും ഭീകരമായി ഒരു കൊലപാതകത്തെ narrate ചെയ്യുകയും അതിനു delsusion - horror ഘടങ്ങങ്ങളിലൂടെ പ്രേക്ഷകനിൽ അപ്രതീക്ഷിതമായ ഞെട്ടൽ ഉണ്ടാക്കുവാൻ  കഴിയുന്ന ചിത്രങ്ങൾ കുറവായിരിക്കും. അത്തരത്തിൽ ഒരു ചിത്രമാണ് Resurrection. ഉയിർത്തെഴുന്നേൽപ്പ് ആരുടേതും ആകാം. ചിത്രത്തിലെ ക്ലൈമാക്സ്‌ വിശ്വസിക്കാം. വിശ്വസിക്കാതെ ഇരിക്കാം. അത് പ്രേക്ഷകന്റെ മാനസികാവസ്ഥ അനുസരിച്ചിരിക്കും.ഈ കാഴ്ചപ്പാട് ആണ്‌ പ്രേക്ഷന് സിനിമയെ കുറിച്ച് ഉള്ള അഭിപ്രായം ഉണ്ടാക്കാൻ സഹായിക്കുന്നത്.മാർഗരറ്റിന്റെ രഹസ്യവും, അത് അവളുടെ ജ്വവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതും ആണ്‌ സിനിമയുടെ കഥ.


  Resurrection നെ കുറിച്ച് സിനിമയുടെ സംവിധായകൻ ഉൾപ്പടെ പലരുടെയും കാഴ്‌ചപ്പാടുകൾ വായിച്ചിരുന്നു. അതിലൂടെ തന്നെ ഉരുതിരിഞ്ഞ ചിന്തകൾ സിനിമയുടെ സൈക്കോളജിക്കൽ ത്രില്ലർ എന്ന ജോൺറെയോട് എന്ത് മാത്രം നീതി പുലർത്താൻ കഴിഞ്ഞു എന്ന് മനസ്സിലായി. ചിത്രം കണ്ടതിനു ശേഷം ഇഷ്ടപ്പെടാം, ഇഷ്ടപ്പെടാതെ ഇരിക്കാം. എന്നേ സംബന്ധിച്ച് നല്ല പോലെ ഇഷ്ടമായ ഒരു സിനിമ ആണ്‌ Resurrection.

ടെലിഗ്രാം link: t.me/mhviews1


More movie suggestions and download link available @www.movieholicviews.blogspot.com

1529. Due Date (English, 2010)

 

1529. Due Date (English, 2010)
          Road/Comedy




വളരെ പ്രതീക്ഷയോടെ തുടങ്ങുന്ന ഒരു യാത്രയിൽ അപ്രതീക്ഷിതമായി ഒരാളെ കണ്ടുമുട്ടുകയും, അയാൾ ആ യാത്രയിൽ  ഒട്ടും പ്രതീക്ഷിക്കാത്ത, ശല്യമായി മാറി, അവസാനം ആ യാത്രയുടെ സ്വഭാവം തന്നെ മാറ്റിയാലോ?  തനിക്ക് ആദ്യ കുട്ടി ഉണ്ടാകുന്ന സമയം ഭാര്യയുടെ അടുക്കൽ എത്താൻ പീറ്റർ ഹൈമാൻ അറ്റ്ലാന്റയിൽ  നിന്നും ലോസ് ഏഞ്ചൽസിലേക്ക് ഫ്ലൈറ്റിൽ യാത്ര പുറപ്പെടുക ആണ്. അപ്പോഴാണ് അയാൾ ഈഥനെ പരിചയപ്പെടുന്നത്.പ്രശ്നങ്ങളിലൂടെ ആണ് അയാളെ പരിചയപ്പെടുന്നതും. അയാളുമായി അൽപ്പ നേരം സംസാരിച്ചപ്പോൾ തന്നെ പീറ്റർ  തീവ്രവാദിയാക്കി no-fly status വരെ എയർലൈൻസിൽ നിന്നും നേടാൻ കഴിഞ്ഞു. എന്നാൽ, അത്രയ്ക്കും ശല്യക്കാരനായ ഈഥനെ പിന്നീട് തന്റെ യാത്രയ്ക്ക് പീറ്ററിന് ആശ്രയിക്കേണ്ടി വരുകയാണ്. സാധാരണ ഒരു യാത്ര ഒന്നും അല്ലായിരുന്നു  അത്. അതുക്കും മേലെ ഒരു ഒന്നൊന്നര യാത്ര. Chaos എന്ന് അക്ഷരംപ്രതി വിളിക്കാവുന്ന ഒന്ന്.

  Laugh-riot എന്ന് തന്നെ വിളിക്കാം Due Date എന്ന ചിത്രത്തെ. റോബെർട്ട് ടൌണി ജൂ. - സാക് എന്നിവരുടെ കൂട്ടുകെട്ട്, സ്വഭാവത്തില് രണ്ടു extreme ആയ ആളുകൾ ആയത് കൊണ്ട് തന്നെ അതിൽ നിന്നും ഉരുത്തിരിയുന്ന കോമഡികൾ രസകരം ആയിരുന്നു. ചിത്രം മൊത്തത്തിൽ അതേ ഫ്ലോയിൽ പോവുകയായിരുന്നു. ഇത്തരത്തില് ശല്യക്കാരായ ആളുകൾ കാരണം ഉള്ള പ്രശ്നങ്ങൾ പ്രമേയമാക്കി ഉള്ള സിനിമകളിൽ മികച്ച ഒന്നാണ് Due Date.

  കണ്ടു നോക്കൂ. നിരാശപ്പെടേണ്ടി വരില്ല.


Telegram Link: t.me/mhviews1

സിനിമയുടെ ലിങ്കിന് www.movieholicviews.blogspot.com സന്ദർശിക്കുക.

Sunday, 7 August 2022

1528. Darlings (Hindi, 2022)

 1528. Darlings (Hindi, 2022)

          Streaming on Netflix



   മദ്യപാനിയായ ഭർത്താവ്. മദ്യപിച്ചു കഴിഞ്ഞാൽ ഭാര്യയെ ഉപദ്രവിക്കുമെങ്കിലും ക്ഷമിച്ചു കൊടുക്കുന്ന ഭാര്യ. ഭർത്താവിനെ ഉപേക്ഷിച്ചു വരാൻ പറയുന്ന അമ്മ.ഇതാണ് ബദ്രുവിന്റെ ലോകം.ഒരു ദിവസം മതി ഇതൊക്കെ മാറാൻ.അങ്ങനെ ഒരു ദിവസം വന്നെത്തി. ബദ്രുവിന്റെ മറ്റൊരു മുഖം ആയിരുന്നു പിന്നീട് അവിടെ കണ്ടത്.


 അലിയാ ഭട്ട് നിർമാതാക്കളിൽ ഒരാളായി മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച, Domestic Violence പ്രധാന വിഷയം ആയി വരുന്ന ചിത്രം ബ്ലാക് - ഹ്യൂമർ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. അലിയാ ഭട്ട് ആയിരുന്നു സിനിമയുടെ എല്ലാം. റോഷനും, ഷെഫലി ഷായും, വിജയ് വർമയും എല്ലാം നന്നായി തന്നെ അവരുടെ റോളുകൾ അവതരിപ്പിച്ചു.


  ചെറിയ കുറച്ചു ട്വിസ്റ്റുകളോടെ അവസാനിക്കുന്ന ചിത്രം തരക്കേടില്ലാത്ത ഒന്നാണ്.അധികം ബോർ അടിക്കാതെ കണ്ട് തീർക്കാവുന്ന ഒന്ന്.

1527. Maha (Tamil, 2022)

 1527. Maha (Tamil, 2022)

       Streaming on Aha



  തമിഴിൽ രാക്ഷസൻ പോലെ കുറെ സിനിമകൾ ഒക്കെ ഇറങ്ങിയത് അല്ലെ? അതെ പോലെ ഒരെണ്ണം ആകാം തന്റെ അമ്പതാം ചിത്രത്തിന് കഥ എന്ന് ഹാൻസിക തീരുമാനിച്ചു. ഫണ്ട് ഇറങ്ങി, സിമ്പുവിന്റെ ഡേറ്റ് ഒക്കെ കിട്ടി, cameo appearance ആണ്‌. ശ്രീകാന്തിനു നല്ല ക്ഷീണം ആണെങ്കിലും പോലീസ് ഓഫീസർ ആയിട്ടാണ് അഭിനയിക്കുന്നത് .അവസാനം തമിഴിലെ എന്നല്ല സകല ഭാഷകളിലെയും സീരിയൽ കില്ലർ സിനിമ ഒക്കെ കണ്ട ആരോ ഒരു സിനിമ എടുക്കുന്നു.

  

  മഹാ എന്നാണ് പേര്. നല്ല ബോറിങ് മേക്കിങ്ങും കൂടി ആകുമ്പോൾ എല്ലാം ശുഭം. മഴക്കാലം ഒക്കെ അല്ലെ നാട്ടിൽ? ഈ സിനിമ കാണുന്ന സമയം കുറച്ചു പേപ്പർ ബോട്ട് ഉണ്ടാക്കി വെള്ളത്തിൽ വിട്ടു കളിച്ചാൽ അത്രയും നിഷ്‌ക്കളങ്ക ബാല്യകാലം എങ്കിലും തിരിച്ചു കിട്ടി എന്ന് പറഞ്ഞു സന്തോഷിക്കാം.

  

Avoidable

Saturday, 6 August 2022

1526. Scribe / La Mécanique de l'ombre/ The Eavesdropper (French, 2016)

 1526. Scribe / La Mécanique de l'ombre/ The Eavesdropper (French, 2016)

           Thriller.



ജോലിയിൽ ആത്മാർഥത കാണിച്ചിരുന്ന ദുവൽ എന്ന മധ്യവയ്സ്ക്കന് ഒരു ദിവസം തന്റെ ജോലി നഷ്ടമാകുന്നു.അയാളുടെ പ്രായം കാരണം  മറ്റു ജോലികൾ ലഭിക്കുന്നും ഇല്ല. അങ്ങനെ ഇരിക്കെ അയാൾക്ക്‌ ഒരു അജ്ഞാതന്റെ ഫോൺ കോൾ വരുന്നു. ദുവലിനു അയാൾ ഒരു ജോലി ഓഫർ ചെയ്യുന്നു. കുറച്ചു ഫോൺ കോളുകൾ കാസറ്റിൽ റെക്കോർഡ് ചെയ്തു കൊടുക്കും. അതിലെ വിവരങ്ങൾ പേപ്പറിൽ ആക്കുക. ഒറ്റ കാര്യമേ ഉളളൂ. തന്റെ ജോലി എന്താണെന്ന് ആരോടും പറയാതെ, ഒറ്റയ്ക്ക് ഒരു അപാർട്മെന്റിൽ ഇരുന്നാണ് ജോലി. സംഭവം രഹസ്യമാണ്. പക്ഷെ നല്ലൊരു തുക ശമ്പളവും ഉണ്ട്. ദുവൽ ഓക്കെ പറയുന്നു. നല്ല ഒരു ഡീൽ അല്ലെ??


  പക്ഷെ ഇത്തരം ഒരു ജോലിയുടെ പുറകിൽ ഒളിച്ചിരിക്കുന്ന ധാരാളം നിഗൂഢതകൾ ഉണ്ടായിരുന്നു. ഒരു പക്ഷെ കോൺസ്പിറസി തിയറി എന്നൊക്കെ വിളിക്കാവുന്ന ഒന്ന്. ജീവിതത്തിൽ ആരെയാണ് വിശ്വസിക്കേണ്ടത് എന്ന് പോലും ദുവലിനു സംശയം തോന്നുന്ന ദിവസങ്ങൾ ആണ്‌ പിന്നീട് ഉണ്ടായത്.


ദുവലിന്റെ സംഭവ ബഹുലമായ പുതിയ ജോലിയുടെ നിഗൂഢതയും അതിനു പിന്നിൽ ഉള്ള സാധാരണക്കാരന്റെ ചിന്തയ്ക്കും അപ്പുറം നടക്കുന്ന കാര്യങ്ങൾ ആണ്‌ സിനിമയുടെ കഥ. നല്ലൊരു ത്രില്ലർ ആണ്‌ ചിത്രം. പ്രത്യേകിച്ചും ക്ലൈമാക്സ്‌, ഒറ്റ സെക്കൻഡിൽ വലിയ ട്വിസ്റ്റ് പോലെ കഥ മൊത്തം മാറിയ അവസ്ഥ ആയിരുന്നു അതിനു ഉണ്ടായിരുന്നത്.

Telegram ലിങ്ക് :t.me/mhviews1

 സിനിമയുടെ ഡൗൺലോഡ് ലിങ്ക് www.movieholicviews.blogspot.com ൽ ലഭ്യമാണ്.

Friday, 5 August 2022

1525. The Arbit Documentation of An Amphibian Hunt: Aavasavyuham (Malayalam, 2022)

 1525. The Arbit Documentation of An Amphibian Hunt: Aavasavyuham (Malayalam, 2022)

          Streaming on SonyLiv




 യഥാർത്ഥ 'പ്രകൃതി പടം' എന്ന് പറഞ്ഞാൽ ഇതാണ്.സർക്കാസ്റ്റിക് ആയല്ല, അക്ഷരം പ്രതി പ്രകൃതി പടം എന്ന് പറയാൻ പറ്റിയ സിനിമ. പ്രകൃതിയെ സംബന്ധിച്ചുള്ള ഒരു മോക്യുമെന്ററി രീതിയിൽ തുടങ്ങുന്ന ചിത്രം തുടക്കത്തിൽ സദാചാര ജീവികൾ മുതൽ കേരളത്തിൽ കാണപ്പെടുന്ന മണി ചെയിൻ തട്ടിപ്പ്, പരിസ്ഥിതി പ്രശ്നങ്ങൾ തുടങ്ങി പല കാര്യങ്ങളിലേക്കും ഉള്ള ഒരു ചൂണ്ടു പലകയാണ്. സോഷ്യൽ കമന്ററിയോടൊപ്പം വലിയ ഒരു കഥ കൂടി ചിത്രം പറയുന്നുണ്ട്.

 

   വലിയ കഥ എന്ന് ഉദ്ദേശിച്ചത് ചിത്രം അവതരിപ്പിക്കുന്ന ജോൻറെകളെ കുറിച്ചാണ്.പ്രകൃതി, സോഷ്യൽ കമന്ററി എന്നിവയോടൊപ്പം ആക്ഷൻ,ഹൊറർ സർറിയൽ -ഫാന്റസി, ക്രൈം,സൂപ്പർ -ഹീറോ,sci- fi, കുറ്റാന്വേഷണം, റൊമാൻസ് തുടങ്ങി ചില കഥാപാത്രങ്ങളിലൂടെ കോമഡിയും അവതരിപ്പിക്കുന്നുണ്ട്. കഥയുടെ പ്രത്യേകത കൊണ്ട് തന്നെ  one of its kind എന്ന് പറയാവുന്ന ചിത്രമാണ് The Arbit Documentation of An Amphibian Hunt: ആവാസവ്യൂഹം.


   കരിക്കിൽ കണ്ട രാഹുൽ രാജാഗോപാൽ എന്ന നടന്റെ ആകാരമാണ് പല പേരുകളിൽ അറിയപ്പെടുന്ന നായകൻ കഥാപാത്രത്തിനു വിശ്വസനീയമായ ഒരു ചട്ടക്കൂട് ഉണ്ടാക്കി കൊടുത്തത് എന്ന് തോന്നുന്നു. പുതു വൈപ്പിനിലെ സാമൂഹിക -പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഒപ്പം അവിടേക്കു വരുന്ന അജ്ഞാതൻ എന്ന നിലയിൽ അവതരിപ്പിക്കുന്ന കഥാപാത്രം സിനിമയ്ക്ക് നൽകിയ പുതുമ എത്രയാണെന്ന് കണ്ടു തന്നെ മനസ്സിലാക്കണം.കൃശന്ത് എന്ന സംവിധായകനെ ഒട്ടും പരിചയം ഇല്ലെങ്കിലും ഇനി ആ പേര് മറക്കാത്ത അത്ര impact ചിത്രത്തിന് നൽകാൻ കഴിയുന്നുണ്ട്. 2021 ലെ സംസ്ഥാന അവാർഡുകളിൽ മികച്ച ചിത്രത്തിനും തിരക്കഥയ്ക്കും നേടിയ അവാർഡുകളോട് നീതി പുലർത്തിയ ചിത്രം തന്നെയാണ് The Arbit Documentation of An Amphibian Hunt: Aavasavyuham.


   ചെറിയ ബഡ്ജറ്റിൽ അവതരിപ്പിച്ച ചിത്രത്തിന് അതിന്റേതായ പോരായ്മകൾ ഉണ്ടാകും, അവാർഡ് ചിത്രമല്ലേ എന്നുള്ള ചിന്തകളിൽ കണ്ടു തുടങ്ങിയ സിനിമയിൽ എന്നാൽ കണ്ടത് കഥാ പശ്ചാത്തലത്തിനും മറ്റും അനുസൃതമായ ബഡ്ജറ്റിൽ അവതരിപ്പിച്ചു പ്രൊഡക്ഷൻ നിലവാരം ഉള്ള ചിത്രമാണ്. തങ്ങൾ ചെയ്യുന്നത് എന്താണെന്ന് വ്യക്തതയുള്ള ഒരു ടീം ആയിരിക്കാം സിനിമയ്ക്ക് പിന്നിൽ ഉള്ളത്.ഒരു പക്ഷെ സാധാരണ ഒരു സിനിമയിൽ പരസ്യത്തിന് വേണ്ടിയെങ്കിലും വലിയ VFX എന്നൊക്കെ പറഞ്ഞു അവതരിപ്പിക്കുന്ന സീനുകളിൽ നിന്നും നിലവാരത്തോടെ അത്തരത്തിൽ സാധ്യതകൾ ഉള്ള രംഗങ്ങൾ അവതരിപ്പിച്ചു ഫലിപ്പിച്ചു എന്നത് നല്ലൊരു കാര്യവുമാണ്.


  അവാർഡ് കിട്ടിയ സിനിമ അല്ലെ? ബോർ ആയിരിക്കും എന്ന് കരുതി മാറ്റി വയ്ക്കേണ്ട ചിത്രമല്ല The Arbit Documentation of An Amphibian Hunt: ആവാസവ്യൂഹം. പകരം, സിനിമ സ്നേഹി എന്ന നിലയിൽ ഒന്ന് കണ്ട് ചിത്രത്തെ കുറിച്ച് സംസാരിക്കാൻ എങ്കിലും കഴിഞ്ഞാൽ നല്ലത് ആയിരിക്കും എന്ന് കരുതുന്നു. സിനിമ കണ്ട് കഴിഞ്ഞതിനു ശേഷം, ഒരു മലയാള ചിത്രം തന്നെ ആണോ ഞാൻ കണ്ടതെന്നു ഓർത്തു കുറച്ചു നേരം ഇരുന്നു. ഒരു പക്ഷെ നല്ല ഒരു സിനിമ കണ്ടതിന്റെ excitement ആകാം. മറ്റുള്ളവർക്ക് നിർബന്ധമായും ഇഷ്ടപ്പെടണം എന്നൊന്നും വാശി പിടിക്കുന്നില്ല . പക്ഷെ വ്യത്യസ്തമായ, നിലവാരം ഉള്ള ഒരു സിനിമ പരിശ്രമം എന്ന നിലയിൽ എങ്കിലും ചിത്രം കാണണം എന്നാണ് അഭിപ്രായം.


Thursday, 4 August 2022

1524. John Luther (Malayalam, 2022)

 1524. John Luther (Malayalam, 2022)

         Streaming on Manorama Max




 സിനിമയുടെ ആദ്യ 35 മിനിറ്റിൽ മിസ്റ്ററിയുടെ ചുരുളഴിഞ്ഞു എന്ന് വിചാരിച്ചിരുന്നിടത്തു നിന്നാണ് കഥയിൽ പിന്നീട് ഉള്ള ട്വിസ്റ്റുകളും ആയി ജോൺ ലൂതർ മുന്നോട്ടു പോകുന്നത്. നല്ല ഒരു ശ്രമം തന്നെ ആയിരുന്നു മിസ്റ്ററി ത്രില്ലർ എന്ന നിലയിൽ ചിത്രത്തിന് ഉണ്ടായിരുന്നതും. എന്നാൽ ക്ലൈമാക്സിനോട് അടുക്കുമ്പോൾ സിനിമയ്ക്ക് ആ വേഗം നഷ്ടം ആയതായി തോന്നി.സിനിമയെ കുറിച്ചുള്ള അഭിപ്രായം ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ പറയാം.


   ഒരു സീരിയൽ കില്ലർ സിനിമയുടെ സ്ഥിരം ടെമ്പ്ലേറ്റിൽ നിന്നല്ല ചിത്രം ആരംഭിക്കുന്നത്. കഥയെ കുറിച്ച് ഒരു മുൻ ധാരണയും ഇല്ലാതിരുന്നത് കൊണ്ട് തന്നെ അങ്ങനെ ഒരു വഴിയ്ക്കു ചിത്രത്തെ കുറിച്ച് ചിന്തിച്ചതും ഇല്ല. അത് കൊണ്ട് തന്നെ സിനിമയുടെ കഥയെ കുറിച്ച് അറിയാൻ ഉള്ള താൽപ്പര്യം ആദ്യ സീൻ മുതൽ ഉണ്ടായിരുന്നു.


  ജയസൂര്യ നന്നായി തന്നെ ജോൺ ലൂതർ എന്ന സർക്കിൽ ഇൻസ്പെക്റ്ററെ അവതരിപ്പിച്ചു എന്നാണ് അഭിപ്രായം.ഒരു കുറ്റാന്വേഷണ ചിത്രം എന്ന നിലയിലും തരക്കേടില്ലാത്ത അവതരണം ആണ്‌ ഉണ്ടായിരുന്നത്. നേരത്തെ പറഞ്ഞത് പോലെ ക്ലൈമാക്സ്‌ കുറെയേറെ നീണ്ടു പോയതായി തോന്നി.ഇത്തരം സിനിമകളിൽ ഫൈനൽ ട്വിസ്റ്റ് ഇതായിരിക്കും എന്ന് പ്രേക്ഷകന് തോന്നുകയും, പിന്നീട് അതെ പോലെ തന്നെ നടക്കുകയും ചെയ്‌താൽ സിനിമയോടുള്ള ഇഷ്ടം കുറയാൻ സാധ്യതയുണ്ട്. അത് തന്നെ ആണ്‌ ഇവിടെയും സംഭവിച്ചത്. ജോൺ ലൂതറിൽ ഇനി മുന്നോട്ടു എന്താണ് സംഭവിക്കുക എന്നത് ഊഹിച്ചെടുക്കാൻ പറ്റുന്നതായതു കൊണ്ട് ആ ഭാഗം നീളമേറിയതായി അനുഭവപ്പെടുകയും , അത് കൊണ്ട് ചെറിയ രീതിയിൽ മുഷിപ്പിക്കുകയും ചെയ്തു.

  

  അഭിജിത് ജോസഫ് എന്ന സംവിധായകൻ താൻ തിരഞ്ഞെടുത്ത സിനിമ ജോൺറെയോട് നീതി പുലർത്തിയിട്ടുണ്ട്. അധികം അതി ഭാവുകത്വങ്ങളില്ലാത്ത ഒരു ചെറിയ, തരക്കേടില്ലാത്ത മലയാള ചിത്രമാണ് ജോൺ ലൂതർ.

Wednesday, 3 August 2022

1523. Kaduva (Malayalam, 2022)

 1523. Kaduva (Malayalam, 2022)

         Streaming on Amazon Prime.




 ' പ്രകൃതി' സിനിമകളുടെ ഇടയിൽ ഒരു ആശ്വാസം തന്നെയാണ് കടുവ. എന്നാൽ,പാപ്പൻ കണ്ടപ്പോൾ തോന്നിയ, മാസ് സിനിമകൾ എഴുതി ഫലിപ്പിക്കാൻ കഴിവുള്ള ആഭാവത്തിനോടൊപ്പം പുതു തലമുറയിൽ അത്തരം വേഷങ്ങൾ ചെയ്യാൻ ആളില്ലാത്തതും പ്രശ്നം ആണെന്ന് മനസ്സിലായി കടുവ കണ്ടപ്പോൾ . 'താന്തോന്നി' സിനിമയിൽ ആണെന്ന് തോന്നുന്നു പൃഥ്വിരാജ് ഇതു പോലെ മോഹൻലാലിനെ മിമിക്രി ചെയ്തു തുടങ്ങിയതെന്നു തോന്നുന്നു. എന്നാൽ അത് വർഷങ്ങൾക്കു അപ്പുറം 'കടുവ'യിലും മാറ്റം ഒന്നുമില്ല.


  മോഹൻലാൽ അത്തരം വേഷങ്ങളിൽ ചെയ്തു വച്ച ഒരു കയ്യൊപ്പ് ഉണ്ട്. ചുമ്മാ ഷോ  (പട്ടി ഷോ ) കാണിക്കാൻ പോകുന്ന ശരാശരി മലയാളി എന്തായാലും ചെറുതായി എങ്കിലും അംഗീകരിക്കും അത്തരം വേഷ പകർച്ച സ്വന്തം ജീവിതത്തിൽ. എനിക്ക് മനസ്സിലാകാത്തത് ഇത്രയും അനുഭവ സമ്പന്നൻ ആയ ഒരു നടനായ പൃഥ്വിരാജ് എന്തിനിത് ഇപ്പോഴും ഫോളോ ചെയ്യുന്നു എന്നതാണ്.ഡയലോഗ് പറയുന്നത് മുതൽ ശരീര ഭാഷയിൽ പോലും അത് വ്യക്തമായി പ്രകടമാണ്.ആറാട്ട്  പോലത്തെ കോമാളി പടത്തിനു തല വച്ച സമയത്തു ഇങ്ങനെ ഒരെണ്ണം മോഹൻലാൽ ചെയ്‌താൽ മതിയായിരുന്നു.എന്തായാലും തൽക്കാലം മലയാളം യൂത്തന്മാരിൽ ആരും ഇതിന്റെ അടുത്ത് പോലും പെർഫോം ചെയ്യാൻ ഉള്ള ആമ്പിയർ ഇല്ലാത്തത് കൊണ്ട് ഉള്ളത് കൊണ്ട് ഓണം പോലെ എന്നു കരുതി ആശ്വസിക്കാം.


  ഷാജി കൈലാസിന്റെ പഴയ സിനിമകളുടെ അടുത്ത് എങ്ങും ഇല്ലെങ്കിലും മലയാള സിനിമയ്ക്ക് ഏറെ കുറെ അന്യമായി തീരുന്ന മാസ് സിനിമ എന്ന നിലയിൽ ആശ്വാസം ആയിരുന്നു കടുവ. സിനിമയുടെ പ്രധാന ഭാഗം റിലീസിനോട് അനുബന്ധിച്ചു ഉണ്ടായ വിവാദങ്ങൾ കാരണം ആമസോണും മ്യൂട്ട് ചെയ്താണ് അവതരിപ്പിച്ചത്. അഹങ്കാരം കാരണം അങ്ങോട്ട്‌ ചൊറിഞ്ഞു പണി വാങ്ങിയ നായകൻ ആണ്‌ കഥയുടെ പ്രമേയം എങ്കിലും,അത്തരം ചില കുൽസിതങ്ങൾ താൽക്കാലികം ആയി മാസ് സിനിമ ആരാധകൻ എന്ന നിലയിൽ അത്തരം ഒരു സിനിമ കാണാൻ വേണ്ടി കണ്ണടച്ചാൽ മതി. അത്തരം കുൽസിതങ്ങൾ സമൂഹത്തിലെ വലിയ പാരമ്പര്യവും പണവും രാഷ്ട്രീയവും ഹീയോയിസവും വില്ലനിസം ഒക്കെ ചേർന്ന ടിപ്പിക്കൽ മലയാളം മാസ് പടം ആയി മാറി.


  സിനിമയുടെ മൊത്തത്തിൽ ഉള്ള അമ്പിയൻസിന് ആണ്‌ മുഴുവൻ മാർക്കും.നല്ല ലൗഡ് ആയ കഥാപാത്രങ്ങൾ കുറെ വർഷങ്ങൾക്കു ശേഷം ആണെന്ന് തോന്നുന്നു മലയാളം സംസാരിച്ചു കാണുന്നതെന്നു തോന്നുന്നു.പഴയ ഷാജി കൈലാസ് സിനിമകളിലെയും ജഗതി ഉൾപ്പടെ ഉള്ള പല നടന്മാരെയും, അതായതു നായകന്റെ വാലുകളെ പലരും റീപ്ലേസ് ചെയ്തിട്ടുണ്ട്. എന്ന് എന്തായാലും ഇനിയും ധാരാളം മാസ് സിനിമകൾ വരട്ടെ.


 റിയലിസ്റ്റിക് സിനിമകൾ ആയ പ്രകൃതി സിനിമകൾ ഏറെ ആയപ്പോൾ, അതും ഒരേ ഫോർമാറ്റിൽ വരുമ്പോൾ എത്ര മികച്ചത് ആണെങ്കിലും ആവർത്തന വിരസത കാരണം ബോർ ആകുന്നുണ്ട്. അതാണ്‌ കാരണം.എന്തായാലും തരക്കേടില്ലാത്ത ചിത്രം ആയാണ് കടുവ തോന്നിയത്. സി ബി ഐയിലെ സുകുമാരന്റെ മിമിക്രി കാണിക്കുന്ന സായ്കുമാറിനെ പോലെ മോഹൻലാലിന്റെ മിമിക്രി കാണിക്കുന്ന സിനിമയിലെ നായകനായ പ്രിത്വിരാജ് ആണ്‌ അൽപ്പം മുഷിപ്പിച്ചതും. അതാണ്‌ ഈ സിനിമയിലെ ഏറ്റവും വലിയ വിരോധാഭാസവും.

Tuesday, 2 August 2022

1522. The Life Before Her Eyes (English, 2007)

 1522. The Life Before Her Eyes (English, 2007)

          Drama, Thriller



  ഡയാനയുടെ ജീവിതത്തിലെ രണ്ട് കാലഘട്ടങ്ങൾ നോൺ -ലീനിയർ രീതിയിൽ ആണ്‌ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അവളുടെ ജീവിതം കൗമാരത്തിലും അതിനു ശേഷം ഒരു കുടുംബിനിയായും ഒരേ സമയം അവതരിപ്പിക്കുന്നു.ലോറ കാസിഷ്ക്കെയുടെ ഇതേ പേരിൽ ഉള്ള നോവലിൽ നിന്നാണ് ഡയാന മാക്ഫീ വരുന്നത്. വളരെ സാധാരണമായി പോയേക്കുമായിരുന്ന  ജീവിതത്തിൽ ഡയാന വ്യത്യസ്ത ആകുന്നതു അവൾ സ്കൂൾ ജീവിതത്തിൽ കടന്നു പോയ ഒരു ദുരന്തത്തിലൂടെ ആണ്‌. അമേരിക്കയിലെ കുപ്രസിദ്ധമായ സ്കൂൾ ഷൂട്ടിങ് സംഭവങ്ങളിൽ ഒന്നിനെ അവൾ അതി ജീവിച്ചതാണ്.


  സിനിമയുടെ കഥ ഇങ്ങനെ കുറച്ചു സാധാരണവും അതിനൊപ്പം അസാധാരണവും ആയി പോകുമ്പോൾ ആണ്‌ സിനിമയിലെ ട്വിസ്റ്റ്‌ ഉണ്ടാകുന്നത്. ചില തിരഞ്ഞെടുപ്പുകളിൽ നമ്മുടെ സ്ഥാനം എന്താണെന്നും അതിൽ നിന്നും ഉത്ഭവിക്കുന്ന ജീവിതം എങ്ങനെ ആകും എന്നുമുള്ള സങ്കീർണമായ ഒരു ഭാഗത്തിലേക്കു ആണ്‌ സിനിമ പിന്നീട് പോകുന്നത്.


  അസാധാരണമായ ഒരു കഥ അവതരണം ആണ്‌ ചിത്രത്തിനുള്ളത്. ഒരു പക്ഷെ ഫാന്റസിയും യഥാർത്ഥ ജീവിതവും തമ്മിൽ പ്രേക്ഷകന് തിരിച്ചറിയാൻ കഴിയാത്ത ഒരു അവസ്ഥ.കണ്ടു കൊണ്ടിരുന്നപ്പോൾ സാധാരണമായ കഥയിൽ ഒന്നും തോന്നിയില്ലെങ്കിലും പിന്നീട് ക്ലൈമാക്സ്‌ എത്തുമ്പോൾ പെട്ടെന്ന് ഇതെന്താണ് സംഭവിക്കുന്നത് എന്നു പെട്ടെന്ന് വിചാരിച്ചു. അൽപ്പ നേരം സിനിമയുടെ കഥയെ കുറിച്ച് ചിന്തിച്ചപ്പോൾ ആണ്‌ സ്പൂൺ ഫീഡിങ് ഇല്ലാതെ അവതരിപ്പിച്ച കഥയുടെ സങ്കീർണത മനസിലായത്.

 

 കുറെയേറെ രീതിയിൽ ചിന്തിക്കാവുന്ന ധാരാളം സാധ്യതകൾ ഉള്ള കഥ. മനസാക്ഷിയും കുറ്റബോധവും ജീവിതത്തിലെ insecurity യും എല്ലാം പല തരത്തിൽ അവതരിപ്പിച്ചു  അതിനു മറ്റൊരു അവസാനം നൽകിയിരിക്കുന്നു. അതിന്റെ കൂടെ മറ്റുള്ളവർക്ക് എന്താകും സംഭവിച്ചിരിക്കുക എന്നത് ദുരൂഹത ആയും നിർത്തിയിരിക്കുന്നു.ഒരു പക്ഷെ ഏതാനും നിമിഷങ്ങളിൽ ഉള്ള ചിന്തകൾ ആയിരുന്നു അത്.


  ഡയാന ജീവിച്ച ജീവിതത്തിനു യഥാർത്ഥത്തിൽ മറ്റൊരു അവകാശി ഉണ്ടായിരുന്നെങ്കിലോ?സംശയങ്ങൾ ധാരാളമാണ്. അത് കൊണ്ട് തന്നെ സിനിമ കണ്ടിട്ട് ഇഷ്ടപ്പെടാം, അല്ലെങ്കിൽ തീരെ മനസ്സിലാകാതെയും വരാം. നേരത്തെ പറഞ്ഞത് പോലെ ഡയാനയുടെ സംഭാഷങ്ങളിലേക്ക് ഒന്ന് ശ്രദ്ധ തിരിച്ചാൽ കഥ മനസ്സിലാകും.

Download Link: t.me/mhviews1

  More movie suggestions and download link available @ www.movieholicviews.blogspot.com

Monday, 1 August 2022

1520. Paappan (Malayalam, 2022)

 1520. Paappan (Malayalam, 2022)



   സുരേഷ് ഗോപിയുടെ മാസ്  വേഷങ്ങൾ ഇനി മലയാളത്തിൽ ഉണ്ടാകുമോ എന്നത് സംശയമാണ്. സുരേഷ് ഗോപിയുടെ കാര്യം മാത്രം അല്ല. അത്തരത്തിൽ ഉള്ള സിനിമകളിലൂടെ താര പദവികൾ നേടിയ നടന്മാർക്ക് പോലും ഇനി അതൊക്കെ സ്‌ക്രീനിൽ അവതരിപ്പിക്കാൻ ഉള്ള അവസരം ഉണ്ടാകുമോ എന്നതും അത്തരം സിനിമകൾ ഇഷ്ടപ്പെടുന്ന ഒരാൾ എന്ന നിലയിലും സംശയമാണ്.


  കാരണങ്ങൾ പലതാണ്. പ്രധാനമായും മാറിയ സിനിമ സങ്കൽപ്പങ്ങൾ.മാസ് നായകന്മാർക്ക് അവരുടെ ശരീര ഭാഷ, ഡയലോഗ്  എന്നിവയിൽ ഒക്കെ കണ്ടെത്തുന്ന 'toxic masculinity' പോലുള്ളവ, അല്ലെങ്കിൽ അത്തരം ഒരു കാര്യം ശ്രദ്ധിച്ചു മാത്രം സിനിമ എടുക്കേണ്ട അവസ്ഥ ഒരു കാരണമാകാം. ഇതിലൊക്കെ ഉപരി അത്തരം സിനിമകൾക്ക് സംഭാഷണങ്ങൾ എഴുതി വലിയ ഒരു കൂട്ടം പ്രേക്ഷകർക്ക് ആഘോഷിക്കാൻ തക്ക വലിയ സിനിമകൾ എഴുതാൻ കഴിവുള്ള ആളുകളുടെ അഭാവം ഒരു കാരണം ആകാം. പണ്ട് ഇത്തരം ചിത്രങ്ങൾ എഴുതിയ ആളുകൾ പലരും അതിൽ പശ്ചാത്തപിക്കുകയും, പല അവസരങ്ങളിലും സോഷ്യൽ മീഡിയ ഓഡിറ്റിനു വിധേയർ ആവുകയും ചെയ്തിട്ടുണ്ട്. എന്തായാലും വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു സിനിമ വിഭാഗം ആയി മാറുകയാണ് മലയാളത്തിലെ മാസ് മസാല സിനിമകൾ.


  പറഞ്ഞു വന്നത് മറ്റൊന്നുമല്ല. ജോഷി - സുരേഷ് ഗോപി ചിത്രമായ പാപ്പൻ ആ വിഭാഗത്തിൽ ഉള്ളതല്ല. ഫയർ ബ്രാൻഡ് ആയ ജോഷി - സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഇത്തവണ വന്നത്  കുറച്ചു ദുരൂഹത നിറഞ്ഞ, ഡ്രാമ / മിസ്റ്ററി വിഭാഗത്തിൽ ഉള്ള ഒരു ചിത്രമാണ്. RJ ഷാൻ കഥയെഴുതിയ ചിത്രത്തിൽ ജീവിതത്തിൽ നടന്ന പല സംഭവങ്ങൾ കാരണം അൽപ്പം ക്ഷീണിതനായി കാണപ്പെട്ട പാപ്പൻ എന്ന വിളിപ്പേരുള്ള മുൻ പോലീസ് ഉദ്യോഗസ്ഥനായി ആണ്‌ എസ്. ജി സ്‌ക്രീനിൽ വന്നത്. നേരത്തെ പറഞ്ഞ ഫയർ ബ്രാൻഡ് എന്ന വിശേഷണം കുറച്ചെങ്കിലും ക്ലൈമാക്സ്‌ ആകുമ്പോൾ മാത്രമാണ് എസ്. ജിയിൽ കാണാൻ ആവുക. അത് വരെ കഥാപാത്രം ആവശ്യപ്പെട്ട അവശതയോടെ ആണ്‌ എസ് ജി സ്‌ക്രീനിൽ ഉണ്ടായിരുന്നത്.


  ഇതേ സമയം നിതയുടെ വേഷത്തിന് ആയിരുന്നു സ്ക്രീൻ പ്രസൻസ് കൂടുതൽ.നിത നന്നായി തന്നെ ആ കഥാപാത്രം അവതരിപ്പിച്ചു എന്നാണ് അഭിപ്രായം.ഗോകുൽ സുരേഷിന്റെ മൈക്കിൽ എന്ന കഥാപാത്രവും നന്നായിരുന്നു. പാപ്പൻ പോലുള്ള ചിത്രങ്ങൾ ധാരാളമായി  ത്രില്ലർ ലേബലിൽ ധാരാളം മലയാളം സിനിമയിൽ വന്നിട്ടുള്ളതും അതിന്റെ pattern ആയിരുന്നു സിനിമയിൽ സ്വീകരിച്ചത് എന്നും തോന്നുന്നു. ബൈബിൾ വചനങ്ങൾ ഉപയോഗിക്കുന്ന സീരിയൽ കില്ലറുകളെ അതിനൊപ്പം ട്രോളിയതും നന്നായിരുന്നു. ശരിയല്ലേ? എന്ത് കൊണ്ട് മറ്റു മത ഗ്രന്ഥങ്ങൾ അവർക്കു ഉപയോഗിച്ചൂടാ?


 ചിത്രത്തിന്റെ കഥയെ സംബന്ധിച്ച്, ക്ലൈമാക്സ്‌ ആകുന്നതിനു മുന്നേ ഉള്ള ഒരു ത്രില്ല് ക്ലൈമാക്സിനു നൽകാൻ സാധിച്ചില്ല എന്നു തോന്നി. കുറേക്കൂടി convincing ആയ ഒരു ക്ലൈമാക്സ്‌ ചിത്രത്തിന് മുതൽക്കൂട്ടായേനെ. എന്നാൽ ഒരു പ്രേക്ഷകൻ എന്ന നിലയിൽ ചിത്രം തൃപ്തിപ്പെടുത്തി.തരക്കേടില്ലാതാണൊരു മിസ്റ്ററി / ഡ്രാമ ആണ്‌ ചിത്രം.


എന്തായാലും out and out ഒരു മാസ് മലയാള ചിത്രം ഇനിയും ഏറെ അകലെ ആണെന്ന് തോന്നുന്നു. ഒരു ചിത്രമെങ്കിലും അത്തരത്തിൽ വന്നിരുന്നെങ്കിൽ നന്നായേനെ.


More movie suggestions @www.movieholicviews.blogspot.com

1521. Below Zero( Spanish, 2021)

 1521. Below Zero( Spanish, 2021)

         Action, Thriller: Streaming on Netflix



  പല തരത്തിൽ ഉള്ള കുറ്റങ്ങൾ ചെയ്ത കുറ്റവാളികളുമായി കറക്ഷൻ സെന്ററിൽ നിന്നും ഒരു വാൻ പുറപ്പെടുകയാണ് രാത്രിയിൽ. അകമ്പടിയ്ക്കായി ഒരു പോലീസ് കാറിൽ 2 പോലീസുകാരും വാനിൽ മറ്റു രണ്ട് ഓഫീസറുമാരും ആണുള്ളത്. അതി ശൈത്യം ഉള്ള സമയം ആണ്‌ ഇതു നടക്കുന്നത്. പോകുന്ന വഴിയിൽ വച്ച് അജ്ഞാതനായ ഒരാളുടെ ആക്രമണം വാഹനങ്ങൾക്ക് നേരെ നടക്കുന്നു. അതിൽ ഉള്ള കുറ്റവാളികളിൽ ഒരാളെ രക്ഷപ്പെടുത്തുക ആണ്‌ അയാളുടെ ഉദ്ദേശ്യം എന്നു തടവ് പുള്ളികൾ കരുതുന്നു. എന്നാൽ അപ്രതീക്ഷിതമായി അയാളുടെ ലക്ഷ്യം മറ്റൊരാൾ ആയിരുന്നു. ഇതിനോട് അനുബന്ധിച്ചു ഒരു കഥ കൂടി അവരുടെ ഇടയിൽ വരുന്നു.


  സ്വന്തം ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന, നിയമത്തിന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ ഉള്ള അവസരം ലഭിച്ചു എന്നു വിശ്വസിച്ച അവരെ തേടിയിരുന്നത് ഒരു വലിയ അപകടം ആയിരുന്നു. ആരായിരുന്നു ആ അജ്ഞാതൻ? എന്തായിരുന്നു അയാളുടെ ലക്ഷ്യം? സർവോപരി ഇവിടെ പറഞ്ഞ കഥയിൽ എന്ത് മാത്രം സത്യം ഉണ്ടായിരുന്നു?


   നല്ല രീതിയിൽ ത്രിൽ അടുപ്പിക്കുകയും, സിനിമയുടെ അവസാനത്തോട് അടുക്കുമ്പോൾ പ്രേക്ഷകന് അത് വരെ ഉണ്ടായിരുന്ന കഥാപാത്രങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടിൽ മാറ്റം കൊണ്ട് വരുകയും ചെയ്യുന്ന മികച്ച ഒരു ചിത്രമാണ് Below Zero.തേർഡ് ആക്റ്റിൽ പ്രേക്ഷകനെ പിരി മുറുക്കത്തിൽ ആക്കുന്ന സന്ദർഭം ഉണ്ട്. സിനിമയുടെ പ്രധാനപ്പെട്ട ഭാഗവും അത് തന്നെ. ഒരു survival ത്രില്ലർ ആയി തുടങ്ങുകയും അതിനു ശേഷം അപ്രതീക്ഷിതമായി മറ്റൊരു വഴിയിലേക്ക് പോവുകയും ചെയ്ത ചിത്രമാണ് Below Zero.

   

കാണുക.


More movie suggestions and download link available at www.movieholicviews.blogspot.com