Sunday 17 January 2021

1319. The Great Indian Kitchen (Malayalam, 2021)

 


1319. The Great Indian Kitchen (Malayalam, 2021)



   സിനിമ ഇറങ്ങിയത് മുതൽ നവോത്ഥാന കേരളവും ഇടതു പക്ഷ അണികളും കൂടി സിനിമയുടെ ക്ളൈമാക്‌സ് സീൻ വരെ സ്‌ക്രീൻ ഷോട്ട് ഇട്ടു കഥ പറഞ്ഞതു കൊണ്ടു കഥ ഒന്നും പറയാനില്ല.ഫേസ്ബുക് അക്കൗണ്ട് ഉപയോഗിക്കുന്ന ഒരു ശരാശരി സിനിമ ആസ്വാദകന് കഥ മനസ്സിലായിട്ടുണ്ടാകും.പല ഉപന്യാസങ്ങളിലും വന്ന കാര്യങ്ങൾ കേട്ടപ്പോൾ ആദ്യം അമ്പരന്നു പോയി.ഇപ്പോഴും ഇങ്ങനെ ഒക്കെ ചിന്തിക്കുന്ന മൂരാച്ചികൾ ആയ ഹിന്ദുക്കൾ ഉണ്ടോ എന്ന്.


അതായത് ചാണകം തിന്നാൻ പറയുന്ന, ഭാര്യയോട് ഇത്ര മോശമായി പെരുമാറുന്ന ആളുകൾ.ചെരുപ്പ് പോലും എടുത്തു കൊടുത്താൽ മാത്രം ഇടുന്ന അമ്മായി അപ്പൻ, വാഷിങ് മെഷീനിൽ ഇട്ടാൽ തുണി പൊടിഞ്ഞു പോകും എന്ന് പറയുന്ന അതേ ആൾ, വേസ്റ്റ് ഇടാൻ ഉള്ള പാത്രം വച്ചാൽ പോലും വിദ്യാഭ്യാസം ഉണ്ടായിട്ടും മേശയിൽ തന്നെ ചവച്ചു തുപ്പി ഇടുന്ന ആളുകൾ, വീട്ടിലെ അടുക്കള സിങ്കിലെ പൈപ്പ് പൊട്ടിയിട്ട് പോലും അതു ശ്രദ്ധിക്കാത്ത ആൾ (സ്വന്തം വീടാണ് എന്നുള്ള ബോധം പോലും ഇല്ല).ആർത്തവ ദിവസത്തിൽ ജയിലിൽ ഇട്ടതു പോലെ ഭാര്യയെ അടച്ചു പൂട്ടി ഇരിക്കാൻ പ്രേരിപ്പിക്കുന്ന ഭർത്താവ്, മാല ഇട്ടതു കൊണ്ടു വണ്ടിയിൽ നിന്നു വീണാൽ പോലും രക്ഷിക്കാൻ സമ്മതിക്കാത്ത ഭർത്താവ്. സൈക്കോ ഷമിക്കു ശേഷം കേട്ട ഏറ്റവും വലിയ സൈക്കോൾ ആണ് ഇതിലെ സുരാജിന്റെയും അദ്ദേഹത്തിന്റെ അച്ഛൻ ആയി വന്ന ആളുടെ കഥാപാത്രവും.


  ഒരു propaganda സിനിമ ആണെന്ന് കരുതി ഇരിക്കുമ്പോൾ ആണ് ഒരു സിനിമ ഗ്രൂപ്പിൽ ഇടതു പക്ഷ അനുഭാവി ആയ ഒരു കുട്ടി അവരുടെ വീട്ടിൽ ഇങ്ങനെ ആണെന്നുള്ള സത്യം പറഞ്ഞതു.പ്രത്യേകിച്ചും ശബരിമലയ്ക്ക് പോകാൻ മാല ഇടുന്ന നാളിൽ. അവരുടെ വീട്ടിൽ പറഞ്ഞു മനസിലാക്കാൻ പറ്റില്ലെങ്കിലും നാട്ടുകാരെ പറഞ്ഞു മനസ്സിലാക്കണം എന്നുള്ള ആ കുട്ടിയുടെ ദൃഢ ശപഥം കണ്ടു ആകെ കോരി തരിച്ചു പോയി. വിപ്ലവം വീട്ടിൽ നിന്നും തുടങ്ങുന്നതിന് താൽപ്പര്യമില്ല.നാട്ടുകാർ ആദ്യം നന്നാകട്ടെ എന്നു.എന്തായാലും ഇടതു പക്ഷക്കരുടെ വീട്ടിൽ എന്താണ് നടക്കുന്നത് എന്നറിയാൻ കൗതുകം ഉണ്ടായി. അതു കൊണ്ടു സിനിമ കാണാൻ തീരുമാനിച്ചു.  Neestream പണി തന്നൂ.എങ്കിലും സിനിമ കണ്ടു അവസാനം.


സിനിമ കണ്ടു തുടങ്ങി.കല്യാണ സീൻ ഒക്കെ നന്നായിരുന്നു.പിന്നെ അടുക്കള,ദോശ ചുടുന്നു, ഫുഡ് കഴിക്കുന്നു, വേസ്റ്റ് ഇടുന്നു, ബെഡ്റൂം, അങ്ങനെ മാറി മാറി വീണ്ടും വീണ്ടും കാണിക്കുന്നു.ഇടയ്ക്കു വിരുന്നിനു പോകുമ്പോൾ ദേശാഭിമാനി പത്രം വായിക്കുന്ന അമ്മച്ചി ബീഫ് വീട്ടിൽ പാചകം ചെയ്യാൻ സമ്മതിക്കില്ല എന്നു. അതെന്താ ബീഫ് കഴിച്ചാൽ എന്നു തോന്നി പോയി.അതും ബീഫ് ഫെസ്റ്റ് നടത്തിയ കേരളത്തിൽ.ബീഫ് നല്ല രുചികരമായ ഭക്ഷണം ആണെന്ന് സവർണ ഹിന്ദുക്കളെ മാത്രമല്ല, ദേശാഭിമാനി വായിക്കുന്ന പുരോഗമനക്കാരെയും പറഞ്ഞു മനസ്സിലാക്കേണ്ട അവസ്ഥ ആണെന്ന് തോന്നുന്നു.നവോത്ഥാന കാലഘട്ടം തുറന്നു കൊടുത്ത മുഖ്യ മന്ത്രി അനുഭവിച്ച ദുർഘട പാത അപ്പോഴാണ് മനസ്സിലായത്.


  അനുഭവിച്ചിട്ടില്ലാത്ത ജീവിതം കെട്ടു കഥ ആണെന്നുള്ള അഭിപ്രായമില്ല.ഇങ്ങനെ ഉള്ള ആളുകൾ നാട്ടിൽ ഉണ്ടാകും.പ്രത്യേകിച്ചും രാഷ്ട്രീയമായി വലതു പക്ഷത്തു (കോണ്ഗ്രസ്) ഉള്ള NSS ന്റെ പഴയ കരയോഗത്തിലെ ആളൊക്കെ ഇതൊക്കെ ചെയ്യില്ല എന്നു ഉറപ്പൊന്നും ഇല്ല.ബി ജെ പിയുടെ റെഡി ടൂ വെയ്റ്റ് വേറെ.ആകെ മൊത്തം എല്ലാ രാഷ്ട്രീയക്കാരെയും ബാലൻ സിങ് പോലെ സംവിധായകൻ തലോടി പോയിട്ടുണ്ട്.


  പക്ഷെ സിനിമ ഇറങ്ങിയപ്പോൾ സംഭവിച്ചത് 'ഡ്രൈവിങ് ലൈസൻസ്' സിനിമയിലെ സുരേഷ് കൃഷ്ണയുടെ ഭദ്രനെ കണ്ടു അതു ഇക്ക ആണെന്ന് ഏട്ടൻ ഫാൻസും.അല്ല അതു ഏട്ടൻ ആണെന്ന് ഇക്ക ഫാൻസും.അതും അല്ല ദിലീപെട്ടൻ ആണെന്ന് എല്ലാ ഫാൻസും കൂടി പറയുന്ന പോലെ സിനിമ സംഘ പരിവാറിനെ കളിയാക്കി ആണെന്ന് ആദ്യം തന്നെ ഇടതു പക്ഷം പറഞ്ഞു. അതോടെ സിനിമ കാണാതെ ഇതൊക്കെ എവിടെ ആണ് സംഭവിക്കുന്നത് എന്നു പറഞ്ഞു അവരും ഇറങ്ങി.സിനിമ കണ്ടപ്പോൾ ഇടതു പക്ഷക്കാർ പക്ഷെ അവരുടെ കഥ ആണെന്ന് പറഞ്ഞും തുടങ്ങി.ആകെ confusion ൽ ആണ് ഇപ്പോഴും.


  ആകെ മൊത്തം സാമൂഹിക പ്രശ്നം ആയപ്പോൾ ആണ് പല ഇടതു പക്ഷ അനുഭാവികളും അവരുടെ വീട്ടിലെ കദന കഥ പറഞ്ഞതു.മാല ഇടുമ്പോൾ അശുദ്ധി വന്നു ചാണകം തിന്നുന്ന സംഭവം ഒന്നും അറിയില്ല.അങ്ങനെ ഉണ്ടെങ്കിൽ അത് ഏതു വില കൊടുത്തും നിർത്തണം.കാരണം ചാണകം  തിന്നുന്നത് hygiene അല്ല.സ്ത്രീകളെ വീട്ടിൽ ഇരുത്താതെ ജോലിക്കു വിടണം.എങ്കിൽ മാത്രമേ ജീവിതം നന്നായി മുന്നോട്ടു പോകൂ.എത്ര കാശ് ഉണ്ടായാലും നാട്ടിൽ കുട്ടികളെ പഠിപ്പിക്കാൻ ഉള്ള ചിലവ് കൂടി വരുകയാണ്.ഈ attitude ഉള്ളവർ ശ്രദ്ധിക്കുക.


  അതു പോലെ ആണുങ്ങൾ വീട്ടിൽ ഇരുന്നു ജോലി ചെയ്താലും പ്രശ്നം ഒന്നുമില്ല.ഇടയ്ക്ക് സിനിമ ഒക്കെ കണ്ടു റിലാക്സ് ചെയ്തു ഭക്ഷണം ഒക്കെ പാകം ചെയ്യാം.അതു അറിയാത്തവരെ പഠിപ്പിക്കാൻ ധാരാളം യൂടൂബ് ചാനലുകളും ഫേസ്ബുക് ഗ്രൂപ്പുകളും ഉണ്ട്.പിന്നെ മലയ്ക്കു പോകാൻ മാല ഇടുമ്പോൾ ഇപ്പോഴത്തെ കാലം അനുസരിച്ചു ചില മാറ്റങ്ങൾ ഒക്കെ വരുത്താം.നമ്മുടെ ഭക്തി നമ്മുടെ ഉള്ളിൽ ഇരുന്നാൽ പോരെ?മറ്റുള്ളവരെ കാണിക്കണോ?ഏതു മതം ആയാലും അങ്ങനെ ചിന്തിക്കൂ.ശബരിമലയിൽ പോകുമ്പോൾ നല്ല ഒരു സന്തോഷം ആണ്.ആദ്യത്തെ പ്രാവശ്യം അല്ലാതെ 41 ദിവസം വ്രതം എടുക്കാതെ പിന്നെ പോയപ്പോൾ ഒക്കെ ഭക്തൻ എന്ന നിലയിൽ സംതൃപ്തി തന്നെ ആയിരുന്നു.പിന്നെ വീട്ടിലെ മറ്റുള്ളവരുടെ സാഹചര്യം കൂടി നോക്കി വ്രതം ഒക്കെ എടുക്കാൻ പഠിക്കണം.സ്ത്രീകളെ മുറിയിൽ അടച്ചു പൂട്ടി ഇടരുത്. കെട്ട് നിറയ്ക്കുമ്പോൾ സ്ത്രീകൾ ആരും ആ ഭാഗത്തു ഇല്ലാത്തതും അത്ഭുതം ആയിരുന്നു.അമ്മയും അമ്മൂമ്മയും ഒക്കെ കെട്ടു നിറച്ചു തരുമായിരുന്നു.


  എന്തായാലും ഇപ്പോഴും ഇത്തരം അനാചാരങ്ങൾ നടക്കുന്ന കുടുംബങ്ങൾ ഈ സിനിമ കണ്ടെങ്കിലും നിലപാട് മാറ്റട്ടെ എന്നു ആഗ്രഹിച്ചു പോകുന്നു.ഹിന്ദു മതം അയിത്തം പോലുള്ള ദുരാചാരങ്ങളിൽ നിന്നും മാറിയെന്നു വിശ്വസിക്കുമ്പോഴും ജാതി ചിന്തകൾ ഉള്ള പലരും ഉള്ളത് പോലെ ചില പുഴുക്കുത്തുകൾ ഇപ്പോഴും കാണും എന്നു മനസ്സിലായി.


ഇതു പോലെ ഓരോ മതത്തെയും അവരുടെ പൊള്ളത്തരങ്ങളെയും തുറന്നു കാണിച്ചു ഒരു സിനിമ പരമ്പര വന്നാൽ നന്നായിരുന്നു. The Great Indian Kitchen Part 2,3,4.. ഒക്കെ ഇന്നത്തെ സമൂഹത്തിന്റെ ആവശ്യകത ആണെന്ന് പ്രത്യേകിച്ചു പറയണ്ടല്ലോ. അതു പോലെ patriarchy യുടെ പേരും പറഞ്ഞു സ്ത്രീകളോട് സോറി ഒക്കെ പറയാൻ പറഞ്ഞു സ്വയം ചീപ് ആകാതെ ഇരിക്കാൻ ഭർത്താക്കന്മാർ ശ്രമിക്കുക.


  പടം നല്ല പോലെ ഇഷ്ടമായി!!


  

No comments:

Post a Comment

1818. Lucy (English, 2014)