Sunday, 30 August 2020

1272. The Swindlers (Korean, 2017)

 

1272. The Swindlers (Korean, 2017)

           Action, Crime



  ഏറ്റവും എളുപ്പത്തിൽ പണം ഉണ്ടാക്കാൻ ഉള്ള മാർഗം ആണ് മറ്റുള്ളവരിൽ നിന്നും അതു മോഷ്ടിച്ചെടുക്കുക എന്നത്. എന്നാൽ സാധാരണ രീതിയിൽ ഉള്ള മോഷണത്തിനും അപ്പുറം ആളുകളുടെ നിസ്സഹായതയും, പ്രതീക്ഷകൾ നൽകിയും ഒക്കെ ഫ്രോഡ് പരിപാടികളിലൂടെ അതു തട്ടിയെടുക്കുന്നവർ ധാരാളം നമ്മുടെ ചുറ്റിനും ഉണ്ട്.മണി ചെയിൻ,തേക്ക്, മാഞ്ചിയം, ഇരുതലമൂരി, വെള്ളിമൂങ്ങ, തുടങ്ങി ധാരാളം ഉദാഹരണങ്ങൾ നമുക്ക് ചുറ്റിനും കാണാൻ സാധിയ്ക്കും.അത്തരത്തിൽ ഒരു തട്ടിപ്പിന് ഇരയാക്കപ്പെട്ടവരും അവർ അന്വേഷിക്കുന്ന ,അവരെ പറ്റിച്ച ആളുടെയും കഥ ആണ് The Swindlers എന്ന കൊറിയൻ സിനിമ അവതരിപ്പിക്കുന്നത്



  മുകളിൽ പറഞ്ഞതിനു സമാനമായ ഒരു തട്ടിപ്പു തകർത്തത് ധാരാളം ആളുകളുടെ ജീവിതം ആണ്.അതിന്റെ പിന്തുടർച്ച എന്നോണം സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരിലേക്കു വരെ അതു നീളുന്നു.നാട് വിട്ടതിനു ശേഷം എല്ലാവരെയും പറ്റിച്ച ആൾ മരിച്ചു എന്ന വിവരം പുറത്തു വരുന്നു.എന്നാൽ അതു സത്യമാണോ?ഈ കേസ് അന്വേഷിക്കാൻ ഉദ്യോഗസ്ഥർ ഉണ്ട്.എന്നാൽ അവർ ചിലരുടെ സഹായം തേടുകയാണ്.പക്ഷെ കണ്മുന്നിൽ കാണുന്നതൊക്കെ സത്യം ആണോ?


  The Swindlers ഒരു കുറ്റാന്വേഷണ കഥയായി മാറുമെങ്കിലും മറ്റൊരു രീതിയിൽ  കാണാൻ ആണ് ഇഷ്ടം.അവസാനത്തെ ട്വിസ്റ്റ് പ്രവചിക്കാവുന്നത് ആണെങ്കിലും ആ ട്വിസ്റ്റിനും അപ്പുറം അതിലേക്കു എത്തുന്ന രീതി ഒക്കെ നന്നായി തോന്നി.നല്ല വേഗതയിൽ പോകുന്ന കഥയാണ് സിനിമയ്ക്ക് ഉള്ളത്.അതു കൊണ്ടു തന്നെ പ്രേക്ഷകനെ അധികം മുഷിപ്പിക്കും എന്നു തോന്നുന്നില്ല.കണ്ടു പരിചയം ഉള്ള കഥ ആണെങ്കിലും സിനിമ കാണാൻ തരത്തിൽ പ്രേക്ഷകനിലേക്ക് അടുപ്പിക്കുന്ന ഘടകം അതാണ്.


  MH Views Opinion: കണ്ടു നോക്കൂ..ഇഷ്ടമാകും!!


ചിത്രത്തിന്റെ ലിങ്ക് t.me/mhviews യിൽ ലഭ്യമാണ്.



Friday, 28 August 2020

1270.Class of '83 (Hindi, 2020)

 1270.Class of  '83 (Hindi, 2020)

         Crime.



  



Netflix ൽ റിലീസ് ആകാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ ആദ്യം ശ്രദ്ധയിൽ വന്നത് സിനിമയുടെ കാസ്റ്റിങ് ആണ്. ബോബി ഡിയോൾ എന്ന പേര് ആയിരുന്നു ആകർഷിച്ചത്.വലിയ സൂപ്പർസ്റ്റാർ ഒന്നും ആയില്ലെങ്കിലും ഗുപ്ത്, Soldier പോലെയുള്ള പടങ്ങളിലൂടെ ആ സിനിമകൾ ഇറങ്ങിയ സമയം നീണ്ട തലമുടിയും അത്യാവശ്യം ഹീറോ ലുക്കും ഉള്ള അന്നത്തെ ബോബിയെ ഇഷ്ടമായിരുന്ന ഒരു പ്രേക്ഷകൻ ആയിരുന്നു.പിന്നീട് പലപ്പോഴും മോശം സിനിമകളുടെ ഭാഗമായി , വലിയ potential ഇല്ലാത്തത് കൊണ്ടും ആകാം ധർമെന്ദ്രയെയോ, സണ്ണിയെയോ പോലെ ഒന്നും വലിയ സംഭവം ആകാൻ പറ്റിയതും ഇല്ല.എന്തായാലും Netflix റിലീസിന്റെ അന്ന് തന്നെ സിനിമ കണ്ടു.



  പോലീസ് സർവീസിൽ ഉണ്ടായ മോശം അനുഭവങ്ങൾ സത്യസന്ധനായ ഒരു പോലീസുകാരനെ പോലീസ് ട്രെയിനിങ് കോളേജിന്റെ ഡീൻ ആക്കി മാറ്റി.എന്നാൽ അയാളുടെ ശ്രദ്ധയിൽ പെടുന്ന കുറച്ചു ട്രെയ്നികളിൽ അയാൾ മറ്റൊരു അവസരം കണ്ടെത്തുന്നു.താൻ തുടങ്ങി വച്ചതു വിദഗ്ധമായി മറ്റൊരു രീതിയിൽ ചെയ്യാൻ ഉള്ള അവസരം. ആ ബാച്ചിന്റെ കഥയാണ് Class of '83 അവതരിപ്പിക്കുന്നത്.


  അധികം പരിചിതം അല്ലാത്ത മുഖങ്ങൾ ആയതു കൊണ്ടും ആകാം ഒരു ഒറീജിനാലിറ്റി ഫാക്റ്റർ കഥാപാത്രങ്ങൾക്ക് തോന്നിയിരുന്നു.മുംബൈ അധോലോകവും രാഷ്ട്രീയവും ഒന്നിച്ചു ചേരുമ്പോൾ ഉള്ള deadly combination, അതിന്റെ പേരിൽ നടക്കുന്ന organized crime എല്ലാം സിനിമയിൽ വിഷയം ആണ്.ഹുസ്സൈൻ സെയ്ദിയുടെ അതേ പേരിൽ ഉള്ള നോവൽ ആണ് സിനിമയ്ക്ക് ആധാരം.


  ഒരു ആക്ഷൻ ട്രീറ്റ് അല്ല സിനിമ.കഥാപാത്രങ്ങളുടെ സ്വഭാവ രൂപീകരണത്തിന് ആണ് സിനിമ കൂടുതൽ സമയവും ശ്രദ്ധിച്ചിരിക്കുന്നത്.ഒരു തരത്തിൽ പറഞ്ഞാൽ അവരുടെ transformation element ആണ് ഇവിടെ പ്രാമുഖ്യം ഉള്ളത്.അതു സിനിമയുടെ അവസാനം വരെയും കാണാം.ജീവിതത്തിൽ ഓരോ ഘട്ടത്തിലും സ്വന്തം ജോലിയോടുള്ള പ്രതിപത്തത ഏതെല്ലാം രീതിയിൽ മാറാൻ സാധ്യത ഉണ്ടെന്നു ഉള്ള ഒരു വിശകലനം കൂടി ആണ് ചിത്രം.അതിലൊന്നും വെള്ളം ചേർത്തിട്ടുമില്ല.


  ക്ളൈമാക്‌സ് പെട്ടെന്ന് തീർന്നത് പോലെ ഒരു തോന്നൽ ഉണ്ടാക്കിയിരുന്നു.അവിടെ കൂടുതൽ സാധ്യതകൾ ഉണ്ടായിരുന്നു  ഒരു കോപ് സ്റ്റോറിയെ കൂടുതൽ ആസ്വാദ്യകരം ആക്കാൻ എന്നു തോന്നി. വലിയ ഒരു Nepotism Product ആണ് ബോബി ഡിയോൾ.അതു കൊണ്ടു അതിനെതിരെ ഉള്ള പോരാളികൾ ആ വഴിക്കു പോകേണ്ട.സമാധാനം വേണമല്ലോ എല്ലാവർക്കും.



  MH Views Opinion: A watchable, not a regular cop flick with colourful action scenes. The movie just works with its moralities.

1271. The Dude in Me (Korean, 2019)

 1271. The Dude in Me (Korean, 2019)

           Fantasy, Comedy




  Body Swap സിനിമകൾ ഏറെ കുറെ പ്രശസ്തമായ ഒരു സിനിമ വിഭാഗം ആണ്. ഇന്ത്യൻ ഭാഷകളിൽ പോലും പൂർണമായും  swap ചെയ്‌തല്ലെങ്കിൽ പോലും മറ്റൊരാളുടെ ശരീരത്തിൽ ജീവിക്കുന്ന തികച്ചും വ്യത്യസ്തനായ മറ്റൊരാൾ പോലുള്ള തീമുകൾ കാണുവാൻ സാധിക്കും.പപ്പൻ പ്രിയപ്പെട്ട പപ്പൻ പോലുള്ള ചിത്രങ്ങൾ ഒക്കെ ഉദാഹരണം.


  കൊറിയൻ ചിത്രമായ The Dude in Me യും സമാനമായ ഒന്നാണ്.ഇവിടെ പൂർണമായും  Body Swap നടക്കുന്നുണ്ട്.രണ്ടു വ്യത്യസ്തരായ, സ്വഭാവ രീതികളും ,ജീവിത രീതികളും, സമൂഹത്തിലെ സ്ഥാനവും വ്യത്യസ്തമായ ആളുകൾ.അപ്രതീക്ഷിതമായി അവരുടെ ശരീങ്ങൾ പരസ്പ്പരം മാറുന്നു.വലിയ അത്ഭുതം ഒന്നും തോന്നില്ല ഈ ഫാന്റസി ഘടകത്തെ കുറിച്ചു ഇപ്പോൾ. എന്നാൽ പരസ്പ്പരം ശരീരം മാറിയ വ്യക്തികൾ തമ്മിൽ നേരത്തെ പറഞ്ഞ വ്യത്യാസങ്ങൾ ആണ് പ്രധാനം ആയി മാറുന്നത്.


  ഇപ്പോൾ ക്ളീഷേ ആയി മാറി എന്നു പറയാവുന്ന പ്രമേയം ആണെങ്കിലും ഫാന്റസി/കോമഡി എന്ന നിലയിൽ ചിത്രം തരക്കേടില്ല എന്നു പറയാം.ഫാന്റസി വിഷയങ്ങളുടെ ലോജിക്കില്ലായ്മ ശ്രദ്ധിക്കാതെ അതിലെ fun, കൗതുകം എന്നിവയൊക്കെ ആണ് ഇഷ്ടമെങ്കിൽ സിനിമ കണ്ടോളൂ.ഇഷ്ടമാകും.നല്ല അഭിനയം ആയിരുന്നു കഥാപാത്രങ്ങൾ എല്ലവരും തന്നെ.തരക്കേടില്ലാത്ത ഒരു കഥയും.


MH Views Opinion: Full Fun Ride!!

ചിത്രത്തിന്റെ ലിങ്ക് t.me/mhviews യിൽ ലഭ്യമാണ്.



Thursday, 20 August 2020

1269. The Family (English, 2013)

 1269. The Family (English, 2013)

          Action,Comedy


  ഇറ്റലിക്കാരൻ ആയ മാഫിയ ബോസ് ആയ ജിയോവാനി തന്റെ മാഫിയ ബോസിനിട്ടു പണി കൊടുത്തു witness protection programme ൽ ആണ് ഇപ്പോൾ.ഒപ്പം സ്വന്തം കുടുംബവും ഉണ്ട്.അവരുടെ തലയ്ക്കു വലിയ വില ആണ് മാഫിയ ഇട്ടിരിക്കുന്നത്.അതു കൊണ്ടു തന്നെ അത് നേടാനായി വാടക കൊലയാളികൾ ഏത് അറ്റം വരെ പോകാൻ തയ്യാറാണ്.അതു കൊണ്ടു അവർ പല പേരുകളിൽ ,പല വ്യക്തിത്വങ്ങൾ ആയി പല സ്ഥലങ്ങൾ മാറിയാണ് അവർ താമസിക്കാൻ ശ്രമിക്കുന്നത്.എന്നാൽ, ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ അല്ലെ?


   Robert De Nero ജിയോവാനിയെ അവതരിപ്പിക്കുന്ന ഒരു ആക്ഷൻ കോമഡി ചിത്രം ആണ് The Family.രസകരമായ ധാരാളം മുഹൂർത്തങ്ങൾ ആ കുടുംബം പ്രേക്ഷകന് നൽകുന്നുണ്ട്.പ്രത്യേകിച്ചും അവരുടെ സ്വഭാവം ഒക്കെ.മുഴുവൻ ആർമാദം ആണെന്ന് തന്നെ പറയാം.


  ബോർ അടിപ്പിക്കാതെ കണ്ടിരിക്കാൻ പറ്റിയ ചിത്രമാണ് The Family. ഇടയ്ക്കു ഒരു Goodfellas reference വരുന്നുണ്ട്.കിടിലം ആയിരുന്നു ആ സീനുകൾ ഒക്കെ.എന്തായാലും കണ്ടാൽ വലിയ സമയ നഷ്ടം ഒന്നും ഉണ്ടാക്കാത്ത ചിത്രമാണ് The Family.


 MH Views Opinion: Fun-Entertainer!!


t.me/mhviews യിൽ ചിത്രത്തിന്റെ ലിങ്ക് ലഭ്യമാണ്.


1268. Offering to the Storm (Spanish, 2020)

 


1268. Offering to the Storm (Spanish, 2020)
          Mystery , Crime.

  നവജാത ശിശുക്കളുടെ മരണം ആണ് ഇത്തവണ ബാസ്റ്റൻ ഗ്രാമത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധ ക്ഷണിക്കുന്നു.ദുരചരങ്ങളുടെയും അതിൽ നിന്നും ഉരുത്തിരിയുന്ന അന്ധവിശ്വാസങ്ങളുടെയും താവളം ആയി ബാസ്റ്റൻ മാറുന്നുവോ? കുട്ടികളുടെ മരണങ്ങളുടെ സാമ്യത പല സ്ഥലങ്ങളിലും കണപ്പെടുന്നതോട് കൂടി അതു തമ്മിൽ ഉള്ള കാണികളെ യോജിപ്പിക്കാൻ അമേയ ശ്രമിക്കുകയാണ്.

Part 3 of Baztan Trilogy by Dolores Redondo

 അതിനൊപ്പം അവളുടെ ജീവിതത്തിലെ മാറ്റങ്ങളും അതിൽ ഉള്ള അവളുടെ നിലപാടുകളും എല്ലാം കേസിൽ നിർണായകം ആവുകയാണ്. അമേയയുടെ കേസ് അന്വേഷണം ശരിയായ ദിശയിൽ ആണോ?ഒരു പക്ഷെ അവൾ കാണുന്നതും അറിയുന്നതും എല്ലാം സത്യം തന്നെയാണോ?അതോ അവളുടെ കാഴ്ചകൾ മറയ്ക്കപ്പെട്ടിരിക്കുന്നോ?അമേയയുടെ ബാസ്റ്റൻ ഗ്രാമത്തിലെ അന്വേഷണം തുടരുകയാണ്, ഒരു അവസാനത്തിലേക്കുള്ള യാത്ര എന്ന പോലെ.


  ആദ്യ രണ്ടു ഭാഗങ്ങളും ഇഷ്ടമായത് കൊണ്ടു തന്നെ മൂന്നാം ഭാഗം നൽകിയ ആകാംക്ഷ കാരണം രണ്ടാം ഭാഗം കഴിഞ്ഞ ഉടനെ തന്നെ മൂന്നാം ഭാഗവും കാണാൻ പ്രേരിപ്പിച്ചു.ഒരു പക്ഷെ കഥാപാത്രങ്ങളുമായി ഒരു ബന്ധം സ്ഥാപിക്കൻ കഴിഞ്ഞത് കൊണ്ടു കൂടി ആകണം, ഈ ഭാഗവും പേർസണൽ ആയി ഇഷ്ടമായി.

  ആദ്യ രണ്ടു ഭാഗങ്ങളും ഇഷ്ടം ആയവർക്കു പരമ്പരയുടെ അവസാനം എന്തായിരിക്കും ഒരുക്കി വച്ചിട്ടുണ്ടാവുക? അങ്ങനെ ഒരു ആകാംക്ഷ ഉണ്ടെങ്കിൽ മടിക്കാതെ കാണുക.സിനിമ Netflix ൽ ലഭ്യമാണ്


MH Views Opinion: Watchable like the first 2 installments, Mystery movie lovers, have fun!!

t.me/mhviews യിൽ ചിത്രം ലഭ്യമാണ്.

1267. The Legacy of Bones ( Spanish, 2019)

1267. The Legacy of Bones ( Spanish, 2019)
           Mystery, Crime

  ഒരു പ്രത്യേക രീതിയിൽ നടക്കുന്ന ആത്മഹത്യകളുടെ പിന്നിൽ ഒരു പൊതുവായ ഘടകം ആയിരുന്നു രക്തത്തിൽ എഴുതിയ ആ വാക്കുകൾ.ക്രൂരമായ നിലയിൽ പ്രിയപ്പെട്ടവരെ കൊലപ്പെടുത്തുന്ന ആളുകൾ ഒരു ദുരൂഹതയായി മാറുന്നു.ബാസ്റ്റൻ ഗ്രാമത്തിലെ ദുരൂഹതകളിലേക്കു ആ മരണങ്ങൾ ബന്ധിക്കപ്പെടുന്നതോട് കൂടി അവിടത്തെ ദുരൂഹതകൾ കൂടുകയാണ്.ഭൂതകാലം ബാക്കി ആക്കിയ അന്ധവിശ്വാസങ്ങളുടെ ബാക്കി പത്രങ്ങൾ.

Part 2 of Baztan Trilogy by Dolores Redondo

    അമേയ തന്നെ ആണ് ഇത്തവണയും അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.അവളുടെ കുടുംബം തന്നെ ഇത്തരത്തിൽ ഉള്ള ദുരാചാരങ്ങളുടെ ഇരയായി മാറുന്നു എന്നുള്ള അവളുടെ തോന്നലുകൾ അവളുടെ ഭൂതക്കാലത്തോട് ബന്ധിപ്പിക്കുന്നതിലൂടെ കേസ് അന്വേഷണം മുന്നോട്ടു പോവുകയാണ്.

എന്നാൽ അമേയ പോകുന്ന ശരിയായ വഴിയിലൂടെ ആണോ?അവളുടെ കണ്ടെത്തലുകൾ എത്ര മാത്രം ആകും കേസിനു സഹായകരം ആവുക?ഈ കൊലപാതകങ്ങൾക്കു പിന്നിൽ പ്രേരക ശക്തി എന്തെങ്കിലുമുണ്ടോ? ഈ ചോദ്യങ്ങളുടെ ഉത്തരം ഈ പരമ്പരയിലെ രണ്ടാമത്തെ കഥയിലൂടെ വെളിവാകുന്നു.

ആദ്യ ഭാഗത്തിന്റെ അതേ വേഗതയിൽ ആണ് രണ്ടാം ഭാഗവും പോകുന്നത്.ആദ്യ ഭാഗം നിർത്തിയിടത്തു നിന്നും തുടരുന്ന രണ്ടാം ഭാഗം കൂടി ആകുമ്പോൾ സിനിമ പരമ്പരയിൽ താൽപ്പര്യം കൂടുന്നുണ്ട്.ആദ്യ  ഭാഗം  ഇഷ്ടമായെങ്കിൽ രണ്ടാം ഭാഗവും കണ്ടു നോക്കാം.

ചിത്രം Netflix ൽ ലഭ്യമാണ്.

MH Views Opinion: Watchable. Mystery movie fans, go for it!!

t.me/mhviews യിൽ ചിത്രത്തിന്റെ ലിങ്ക് ലഭ്യമാണ്.

  

1266. The Invisible Guardian (Spanish, 2017)

 


1266. The Invisible Guardian (Spanish, 2017)
         Mystery, Crime.

    ആ പെണ്കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത് നഗ്നമായ നിലയിൽ ആയിരുന്നു.പ്രത്യേക രീതിയിൽ ഒരുക്കിയ മുടി.അതിനൊപ്പം ശരീരത്തിൽ കേക്ക് പോലുള്ള ഒരു പലഹാരവും വച്ചിരുന്നു.അവളുടെ ശരീരത്തിൽ മൃഗങ്ങളുടെ രോമവും കാണപ്പെട്ടൂ.എന്നാൽ മൃഗങ്ങൾ ഏതെങ്കിലും ആക്രമിച്ചതായി ഒരു സൂചനയും ഇല്ലായിരുന്നു.

   Part 1 of Baztan Trilogy by Dolores Redondo

ബാസ്റ്റൻ എന്ന  ഗ്രാമത്തിൽ നടക്കുന്ന സ്‍ത്രീകളുടെ കൊലപാതകങ്ങൾ തമ്മിൽ ഉള്ള സാമ്യം അന്വേഷണ ഉദ്യോഗസ്ഥയായ അമേയ കണ്ടെത്തുന്നതോടെ ഒരു പരമ്പര കൊലയാളിയുടെ സാന്നിധ്യം വെളിവാക്കുന്നു.അന്ധവിശ്വാസങ്ങളുടെ വിളനിലമായ ആ ഗ്രാമത്തിൽ വർഷങ്ങൾക്കു മുൻപ് നടന്നിരുന്ന പല ദുരാചാരങ്ങളും അവിടെ തന്നെ ജനിച്ച അമേയയെ സംബന്ധിച്ചു ഭയപ്പെടുത്തുന്ന ഓർമകൾ ആയിരുന്നു.അവളുടെ അന്വേഷണം ആണ് സിനിമയുടെ കഥ.വർഷങ്ങൾക്കു മുൻപ് ഉണ്ടായ സംഭവങ്ങളുടെ നിലവറ തുറക്കുന്നതോടെ പലരുടെയും ഭൂതക്കാലവും വിഷയം ആകുന്നു.

  പതിഞ്ഞ താളത്തിൽ പോകുന്ന കഥയിൽ സാമൂഹികമായി നില നിന്നിരുന്ന വ്യവസ്ഥിതിയിൽ നന്മയേക്കാളും തിന്മകളുടെ പ്രതിരൂപങ്ങൾക്ക് സ്വാധീനം ഉണ്ടായിരുന്നോ?ദുരൂഹതകൾ നിറഞ്ഞ വലിയ ഒരു കഥയ്ക്കുള്ള ആമുഖം ആണോ ഈ സംഭവങ്ങൾ?അറിയാൻ സിനിമ കാണുക.

  ഇരുട്ട് നിറഞ്ഞ ഫ്രേയ്മുകൾ പലപ്പോഴും പ്രേക്ഷകന് ദുരൂഹമായ നിഗൂഢതയുടെ അന്തരീക്ഷം നൽകുന്നതിലൂടെ തന്നെ സിനിമയിലേക്കു അടുപ്പിക്കാൻ കഴിയുന്നുണ്ട്.ഇത്തരത്തിൽ ഉള്ള കഥകൾ താൽപ്പര്യം ഉള്ളവർ ഒന്നു കണ്ടു നോക്കൂ.ഇഷ്ടമായേക്കാം.

  MH Views Opinion: Watchable. Mystery movie lovers go for it!!

സിനിമ Netflixൽ ലഭ്യമാണ്.

t.me/mhviews യിൽ ചിത്രം ലഭ്യമാണ്.


1265. Crazy Awesome Teachers (Indonesian, 2020)

 



1265. Crazy Awesome Teachers (Indonesian, 2020)
          Comedy, Romance

  എങ്ങനെയെങ്കിലും പെട്ടെന്ന് പണക്കാരൻ ആവുക എന്ന ലക്ഷ്യം ആണ് റ്റാറ്റിന് ഉണ്ടായിരുന്നത്.പല കാരണങ്ങൾ കൊണ്ടും അധ്യാപകനായ പിതാവിന്റെ വഴി തിരഞ്ഞെടുക്കാൻ അയാൾ തയ്യാറായിരുന്നില്ല.എന്നാൽ ആകസ്മികമായി അധ്യാപകൻ ആകേണ്ടി വന്ന അയാൾക്ക് ഒരു മോഷണത്തെ കുറിച്ചു അന്വേഷിക്കാൻ ഉള്ള സാഹചര്യം ഉണ്ടാകുന്നു.എന്നാൽ അയാൾക്ക്‌ അതിനു പിന്നിൽ പല ലക്ഷ്യങ്ങളും ഉണ്ടായിരുന്നു.അതിനു ശേഷം എന്താണ് സംഭവിക്കുന്നത് എന്നതാണ് സിനിമയുടെ കടക.

   ഒരു സത്യൻ അന്തിക്കാട് സിനിമ കണ്ട പ്രതീതി കുറച്ചെങ്കിലും ഈ സിനിമ കണ്ടു തീർന്നപ്പോൾ ഉണ്ടായി.പ്രേത സിനിമകൾക്ക് പേര് കേട്ട ഇന്തോനേഷ്യയിൽ നിന്നും ഉള്ള ഒരു കൊച്ചു ഫീൽ ഗുഡ് മൂവി ആണ് Crazy Awesome Teachers.വിനോദയാത്ര സിനിമയിലെ വിനോദ് എന്ന കഥാപാത്രത്തെ ഓർമിപ്പിക്കുന്ന ഒരു കഥാപാത്രം ആയിരുന്നു റ്റാറ്റ്.

  സ്വന്തം ജീവിതത്തിൽ അയാൾക്ക്‌ ഉണ്ടാകുന്ന തിരിച്ചറിവുകൾക്കു ഒപ്പം ചെറിയ ഒരു ക്രൈം/ത്രില്ലർ ഘടകം കൂടി ചിത്രത്തിലുണ്ട്.താൽപ്പര്യം ഉണ്ടെങ്കിൽ കണ്ട നോക്കാവുന്നതാണ്.

  സിനിമ Netflix ൽ ലഭ്യമാണ്

MH Views View: Timepass movie!!

ചിത്രത്തിന്റെ ലിങ്ക്  t.me/mhviews യിൽ ലഭ്യമാണ്.


Sunday, 16 August 2020

1264. Lockup (Tamil, 2020)



1264. Lockup (Tamil, 2020)
          Mystery, Crime

   ഒരു ഇൻസ്‌പക്റ്ററുടെ കൊലപാതകത്തിനു ശേഷം ആ കേസിലെ പ്രതിയെ പോലീസ് ഉടൻ തന്നെ പിടിക്കുന്നു.ആ കേസ് കോടതിയിൽ സബ്മിറ്റ് ചെയ്യാൻ ആയാണ്  ഒരു ദിവസത്തേക്ക് മറ്റൊരു പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്‌ടർ അവിടേക്ക് വരുന്നത്.എന്നാൽ അവർക്ക് ആ കേസിൽ ചില സംശയങ്ങൾ തോന്നുന്നു.അവരുടെ സംശയങ്ങളുടെ പിന്നിൽ എന്തെങ്കിലും കഴമ്പുണ്ടോ?Lockup പറയുന്നത് ആ സംശയങ്ങളുടെ കഥ ആണ്.

നോൺ-ലീനിയർ നറേഷൻ ആണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിൽ ഉള്ള കഥകൾ, കള്ളങ്ങൾ, സത്യങ്ങൾ എല്ലാം ഇഴചേർന്നുള്ള നല്ല അവതരണം ആയിരുന്നു ചിത്രത്തിനു.സംശയത്തിന്റെ മുന പല കഥാപാത്രങ്ങളുടെ നേരെ പോകുമെങ്കിലും Whodunit എന്നതിലും കൂടുതൽ Whydunit എന്നതിന് ആയിരുന്നു പ്രാധാന്യം.

   Zee5 യിൽ റിലീസ് ആയ ചിത്രത്തിൽ വെങ്കട്ട് പ്രഭുവിന്റെ ടീമിലെ സ്ഥിരം പേരുകൾ ചിലതു കാണാം.വൈഭവ് പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.ഒപ്പം വെങ്കട്ട് പ്രഭുവും.നിതിൻ സത്യ ആണ് പ്രൊഡ്യൂസർ. ലോജിക് എന്ന നിലയിൽ ചില ചോദ്യങ്ങൾ സിനിമയിൽ വരുന്നുണ്ടെങ്കിലും തരക്കേടില്ലാത്ത അവതരണം ഈ കുറ്റാന്വേഷണ കഥയെ അതിലേക്കു കൂടുതൽ ശ്രദ്ധിക്കാതെ മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്.ചില കാര്യങ്ങൾക്ക് ഒക്കെ വ്യക്തത വരുത്തി തന്നെയാണ് ചിത്രം പോകുന്നത്.

  OTT റിലീസുകളിൽ വന്ന ചിത്രങ്ങളിൽ മികച്ചവയിൽ ഒന്നായി ആണ് തോന്നിയത്.നേരത്തെ പറഞ്ഞ പോലെ ലോജിക് പ്രശ്നങ്ങൾ വലിയ ശല്യം ആകുന്നില്ലെങ്കിൽ കാണാവുന്നതാണ്.കഥയിൽ ആ ഭാഗത്തെക്കു അധികം പ്രേക്ഷകന്റെ ശ്രദ്ധ അധികം ശ്രദ്ധ കൊണ്ടു പോകാൻ ശ്രമിച്ചിട്ടും ഇല്ല.

  കണ്ടു നോക്കുക.

Opinion: Watchable!!

More movie suggestions @www.movieholicviews.blogspot.ca

Thursday, 13 August 2020

1262. Three Identical Strangers (English,2018)

 


1262. Three Identical Strangers (English,2018)
          Documentary

  ഒരു മിസ്റ്ററി/സസ്പെൻസ്/ഹൊറർ സിനിമായേക്കാളും ഒരു പക്ഷെ ഉള്ളിലൊട്ടു ഇറങ്ങുമ്പോൾ നമ്മളെ പേടിപ്പിക്കുന്ന ഒരു ഡോക്യുമെന്ററി ആണ് Three Identical Strangers. തുടക്കത്തിലേ കഥ ഒക്കെ പഴയ ഹിന്ദി സിനിമകളിലെ പോലെ ഉള്ള ക്ളീഷേ ആണെന്ന് തോന്നാം.പക്ഷെ ഞാൻ തിരിച്ചാണ് ആലോചിച്ചത്.ഒരു പക്ഷെ അന്നത്തെ സംഭവങ്ങൾ കാരണം നല്ലതു പോലെ  വാർത്താ പ്രാധാന്യം കിട്ടിയ ഈ സംഭവം സിനിമകൾ ആയി മാറിയത് അല്ലെ എന്നു?

  കമൽഹാസന്റെ 'മൈക്കിൾ മദന കാമ രാജൻ'  സിനിമ ഓർമയില്ലേ?ഈ യഥാർത്ഥ സംഭവത്തിലെ കഥയ്ക്ക് അതിനോട് സാമ്യമുണ്ട്.യാദൃച്ഛികമായി പുതിയ കോളേജിൽ ചേരാൻ എത്തിയ യുവാവിനോട് എല്ലാവരും പരിചയം കാണിക്കുന്നു.അമ്പരന്നു പോയ അവനു പിന്നീട് മനസ്സിലായി അവനു മറ്റൊരു ഇരട്ട സഹോദരൻ ഉണ്ടെന്നു.പിന്നീട് ആ അത്ഭുതം തുടരുക ആയിരുന്നു.വേറൊരു സഹോദരൻ കൂടി അവരുടെ ഒപ്പം ജനിച്ചു എന്നത് അറിഞ്ഞതോടെ.പക്ഷെ തുടക്കത്തിൽ വാർത്താ പ്രാധാന്യം ലഭിച്ച അവരുടെ യഥാർത്ഥ കഥ സിനിമകളെ വെല്ലുന്ന ഒന്നായി മാറുകയായിരുന്നു.അവരുടെ ജീവിതത്തിന്റെ ഉദ്ദേശം എന്തായിരുന്നു? ഒരു വലിയ ചിത്രത്തിലെ കുഞ്ഞു വർണ്ണ തുള്ളികൾ ആയിരുന്നോ അവർ?ആരാണ് അവർ യഥാർത്ഥത്തിൽ?

  Residential School System പോലുള്ള പല പ്രശ്നങ്ങളും അമേരിക്കൻ ഭൂഖണ്ഡത്തിൽ ഉള്ള പല ജനതയ്ക്കും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.ഇത്തരത്തിൽ ഉള്ള വികലമായ തീരുമാനങ്ങൾക്കും അപ്പുറം ജീവിതങ്ങൾ നിയന്ത്രിക്കുന്ന പലരും ഉണ്ടാകും.എന്തായാലും അതൊരു സസ്പെൻസ് ആയി നിൽക്കട്ടെ.ഒന്നു പറയാം.നിങ്ങൾ ശ്രദ്ധയോടെ കണ്ടാൽ ഏതൊരു മികച്ച മിസ്റ്ററി/ ത്രില്ലർ സിനിമയ്ക്കും മുകളിൽ നിൽക്കും ഈ സഹോദരങ്ങളുടെ കഥ.

  നേരത്തെ പറഞ്ഞ കമൽഹാസന്റെ സിനിമയ്ക്ക് കാരണം ഇതാണ്.ആ കഥാപാത്രങ്ങൾ ജീവിച്ച സാഹചര്യം.ഈ സംഭവത്തിൽ നിന്നും reference യഥാർത്ഥത്തിൽ ഉണ്ടെങ്കിൽ ഇന്ത്യൻ സാഹചര്യത്തിൽ വിശദീകരണം ആയി.വേറൊരു സാമ്യം മറ്റൊരു ചിത്രവുമായി ഉണ്ട്. ജിം കാരിയുടെ The Truman Show.കണക്റ്റ് ചെയ്യാം പലതും.

  എന്തായാലും കണ്ടു നോക്കൂ.ഒരു ഡോക്യുമെന്ററി ആണെന്ന് കരുതി കാണാതെ ഇരിക്കരുത്.കാണാതെ പോയാൽ നഷ്ടം ആകുന്നതു മുകളിൽ പറഞ്ഞ രീതിയിൽ ഉള്ള മികച്ച ഒരു നോൺ- ഫിക്ഷൻ സിനിമ കാണാൻ ഉള്ള അവസരം ആണ്, ഫിക്ഷനുകളെ കവച്ചു വയ്ക്കുന്ന ഒരു നോൺ- ഫിക്ഷൻ സിനിമ!!!

MH Views Rating: 5/5

ഡോക്യുമെന്ററി ലിങ്ക് t.me/mhviews യിൽ ലഭ്യമാണ്.

More movie suggestions @www.movieholicviews.blogspot.ca


1263.Gunjan Saxena: The Kargil Girl (Hindi,2020)

 



1263.Gunjan Saxena: The Kargil Girl (Hindi,2020)

          Biography



  വീരോതിഹാസങ്ങൾ ഇന്ത്യൻ സിനിമയിൽ എന്നും പ്രിയപ്പെട്ട പ്രമേയം ആണ്.സിനിമകളിൽ മുഖ്യ കഥാപാത്രങ്ങൾക്ക് നൽകുന്ന പരിവേഷം ഇന്ത്യൻ സിനിമയുടെ മുഖമുദ്ര ആണെന് പറഞ്ഞാലും കുഴപ്പമില്ല.അത്തരത്തിൽ പ്രശസ്ത ആയ, അതു കാർഗിൽ യുദ്ധത്തിൽ ധീരത പ്രകടിപ്പിച്ച ഗുഞ്ചൻ സക്സേനയുടെ കഥ സിനിമ ആയപ്പോഴും വ്യത്യാസം ഒന്നുമില്ല.ഇത്തരത്തിൽ ഉള്ള സിനിമകൾ കാണുമ്പോൾ ഉള്ള ഫീൽ കൊണ്ടു വരാൻ സാധിച്ചു എന്നു പറയാം.


  എന്നാൽ അതു മാത്രം ആണോ ഗുഞ്ചന്റെ കഥ പറയുന്ന ചിത്രം പറയാൻ ഉദ്ദേശിച്ചത് എന്നു ചോദിച്ചാൽ അല്ല എന്നാണ് ഉത്തരം.ഗുഞ്ചന്റെ കഥ ഇന്ത്യയിലെ ഏത് പെണ്കുട്ടിയുടെ ജീവിതവുമായി ചേർന്നു പോകുന്നു.അവരുടെ പ്രശ്നങ്ങൾ പലപ്പോഴും സങ്കുചിതമായ മനസുകളിൽ ഉണ്ടാകുന്നവ ആണ്.അതു മാതാപിതാക്കൾ ആയാലും, സഹോദര- സഹോദരിമാർ ആണെങ്കിലും സമൂഹം മൊത്തതോടെ എടുത്താലും ഒരേ പോലെ ആണ്.അവിടെ ആണ് പങ്കജിന്റെ കഥാപാത്രം പ്രസക്തം ആകുന്നതു.ഗുഞ്ചൻ എന്ന കഥാപാത്രത്തെക്കാളും മനസ്സിൽ തങ്ങി നിൽക്കുന്നത് ശാന്ത സ്വഭാവം ഉള്ള, എന്നാൽ സ്വപ്നങ്ങളെ വേട്ടയാടാൻ  പഠിപ്പിക്കുന്ന കഥാപാത്രം ആണ് സിനിമയുടെ നട്ടെല്ല്.ലിംഗ ഭേദം ഇല്ലാതെ സ്വപ്നങ്ങൾ കാണാൻ ഉള്ള സ്വാതന്ത്ര്യവും അതിനൊപ്പം അതിലേക്കു എത്താൻ ഉള്ള വഴികളും കണ്ടെത്താൻ എല്ലാവർക്കും ഒരേ അവകാശം ആണുള്ളത്.


  സിനിമ ഫെമിനിസം പറയുന്നുണ്ട്.എന്നാൽ മറ്റാരോ കൂടി പറഞ്ഞ പോലെ ഫെയ്ക് ആയി forced ആയി അല്ല എന്ന് തോന്നി.ആ സിനിമയിലെ സാഹചര്യങ്ങളും ആയി കൂടി ചേർന്നിട്ടുണ്ട് ആ ഭാഗം.പക്ഷെ യഥാർത്ഥ ജീവിതത്തിൽ ഉള്ളതിനെ കുറേക്കൂടി പർവതീകരിച്ചു കാണിച്ചു എന്നതിന്റെ പേരിൽ വിവാദം ആയിട്ടുണ്ട്.


 ഒരു ബയോഗഫി എന്ന നിലയിലും സിനിമ എന്ന നിലയിലും ചിത്രം മികച്ചതായി തന്നെ തോന്നി.ജാന്വി കപൂറിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രം തന്റെ കരിയറിന്റെ തുടക്കം തന്നെ ലഭിച്ചു എന്നു പറയാം.സിനിമ Netflix ൽ ആണ് റിലീസ് ചെയ്തത്.ഇപ്പോഴത്തെ നെപ്പോട്ടിസം വിവാദത്തിൽ ഉള്ള എതിർപ്പുകൾ കാരണം imdb യിൽ നല്ല പോലെ കുറഞ്ഞ റേറ്റിങ് കിട്ടിക്കൊണ്ട് ഇരിക്കുക ആണ് ചിത്രം.എന്നാൽ നല്ലൊരു സിനിമ കാണണം എന്നതാണ് ലക്ഷ്യം എങ്കിൽ Gunjan Saxena: The Kargil Girl കണ്ടോളൂ.


MH Views Rating 3.5/5


More movie suggestions @www.movieholicviews.blogspot.ca



Tuesday, 11 August 2020

1261. Becky (English, 2020)

 



1261. Becky (English, 2020)
          Thriller , Action.

 അന്വേഷണ ഉദ്യോഗസ്ഥർ ആ പെണ്കുട്ടിയോട് അവിടെ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു.അവളുടെ മറുപടി ഒന്നും അറിയില്ല എന്നായിരുന്നു

ബെക്കി സിനിമ ഇറങ്ങിയപ്പോൾ വന്ന ഏറ്റവും വലിയ വിമർശനം ആയിരുന്നു വയലൻസ് രംഗങ്ങൾ ഒരു കുട്ടിയെ കൊണ്ടു ഇത്ര അധികം കാണിക്കുന്നു എന്നു.ഒരു സാധാരണ പെണ്കുട്ടിയ്ക്കു ഇങ്ങനെ ഒക്കെ പെരുമാറാൻ കഴിയുമോ എന്നൊക്കെ?കുട്ടികൾ കേന്ദ്ര കഥാപാത്രങ്ങൾ ആയ സാഹസിക സിനിമകൾ ഒക്കെ ധാരാളം ഉള്ളത് അല്ലെ എന്ന സംശയം ആയിരുന്നു ഈ വാദഗതി കേട്ടപ്പോൾ.എന്തായാലും ബെക്കി കാണാൻ തീരുമാനിച്ചു.കണ്ടു!!

   'അമ്മ മരിച്ചു പോയ ബെക്കി പിതാവിനോടൊപ്പം അവധിക്കാലം ചിലവഴിക്കാൻ ആയി ആണ് ആ തടാകത്തിന്റെ അടുത്തുള്ള വീട്ടിലേക്കു പോകുന്നത്.തന്റെ ഭാവി ജീവിതത്തെ കുറിച്ചുള്ള വിവരങ്ങൾ അവളോട് അവതരിപ്പിക്കുക എന്ന ലക്ഷ്യവും അവളുടെ പിതാവിന് ഉണ്ടായിരുന്നു.എന്നാൽ അവരെ അവിടെ കാത്തിരുന്നത് കുറച്ചു അതിഥികൾ ആയിരുന്നു.അവരുടെ സ്വന്തമായ ഒരു വസ്തു അന്വേഷിച്ചു വന്നവർ.എന്നാൽ അവർ സാധാരണക്കാർ അല്ലായിരുന്നു.അവർ ആരായിരുന്നു?ഉദ്ദേശം?

  കഥാഗതി ക്ളീഷേ ആണ് എന്ന് വായിക്കുമ്പോൾ തോന്നുമല്ലോ.പക്ഷെ കണ്ടൊണ്ട് ഇരിക്കാൻ പ്രേരിപ്പിച്ച കുറച്ചു ഘടകങ്ങൾ ഉണ്ട്.അതിലൊന്ന് കെവിൻ ജയിംസിന്റെ മേക്കോവർ ആയിരുന്നു.Mall Cop പരമ്പരയിൽ തടി കാരണം ബുദ്ധിമുട്ടുന്ന പോൾ ബ്ലാർട്ടിൽ നിന്നും macho ലുക് ഉള്ള കെവിൻ ജെയിംസ്.കാര്യമായി ഒന്നും ചെയ്യാൻ ഇല്ലായിരുന്നു എങ്കിലും വംശീയ വെറിയൻ ആയ കുറ്റവാളി ആയി ഉള്ള ആളെ നന്നായി അവതരിപ്പിച്ചു.ലുലു വിൽസൻ ആണ് ചിത്രത്തിന്റെ എല്ലാം എന്നു പറയാം.നല്ല പ്രകടനം.

 ഒരു ക്ളീഷേ കഥയിൽ നിന്നും തരക്കേടില്ലാത്ത ഒരു ത്രില്ലർ സിനിമ ആയി മാറിയതിൽ ഇവരുടെ രണ്ടു പേരുടെയും പ്രകടനം ആയിരുന്നു കാരണം.അധികം കുഴപ്പിക്കുന്ന സംഭവങ്ങൾ ഒന്നും ഇല്ലാത്ത  ഇരുന്നു കാണാവുന്ന ഒരു decent ത്രില്ലർ ആണ് ബെക്കി.കണ്ടു നോക്കൂ!!

  ക്ളൈമാക്‌സ്....!!!

MH Views Rating: 3/5

ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക്  t.me/mhviews യിൽ ലഭ്യമാണ്.



  


Monday, 10 August 2020

1260. Sully: Miracle on the Hudson (English, 2016)

 


1260. Sully: Miracle on the Hudson (English, 2016)

         Drama.


  ക്യാപ്റ്റൻ ചീസ്‌ലി ഒരിക്കലും തോൽക്കാൻ തയ്യാറല്ലായിരുന്നു.അയാൾ 2009 ൽ തന്റെ 42 വർഷത്തെ പരിചയ സമ്പന്നത ഉപയോഗിച്ചു നടത്തിയ നീക്കം രക്ഷിച്ചത് 155 ഓളം ആളുകളുടെ ജീവൻ ആയിരുന്നു.പക്ഷെ ഹീറോ ആയി എല്ലാവരും അയാളെ കാണുന്ന സമയം തന്റെ വിചിത്രം എന്നു തോന്നിക്കുന്ന തീരൂമാനത്തിനു പുറകിലെ പ്രായോഗിക വശങ്ങളെ കുറിച്ചു വിശദീകരണം നൽകാനും ബാധ്യസ്ഥൻ ആയിരുന്നു.


   ശരിക്കും ഒരു ഫീൽ ഗുഡ് സിനിമ എന്നത്‌ കൂടാതെ തക്ക സമയത്തു ഉചിതമായ തീരുമാനങ്ങൾ കൃത്യതയോടെ ചെയ്യുന്നതിനെ കുറിച്ചുള്ള ഒരു നല്ല ചിത്രം ആണ് സള്ളി.ടോം ഹാങ്ക്സിന്റെ മികച്ച കഥാപാത്രം അല്ലായിരുന്നിരിക്കാം സള്ളിയിലെ കഥാപാത്രം.പക്ഷെ ചിത്രത്തിന്റെ കഥയുമായി വരുമ്പോൾ അദ്ദേഹം ആ കഥാപാത്രമായി ജീവിക്കുക ആണെന്ന് തോന്നി.


  ശാസ്ത്രീയമായ കണ്ടെത്തലുകൾക്കും അപ്പുറം ഉള്ള മനുഷ്യന്റെ മനസാനിധ്യം.അതിന്റെ ശക്തി, ഈ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് അങ്ങനെ ഒരു മുഖം ആണ് സിനിമ കഴിയുമ്പോഴും മനസ്സിൽ തങ്ങി നിൽക്കുക.സള്ളി കാണാത്തവർ ആയി അധികം ആളുകൾ ഉണ്ടാകില്ല.എന്നാലും കാണാത്തവർ ഉണ്ടെങ്കിൽ കണ്ടോളൂ.ഒരു ഫീൽ ഗുഡ് ത്രില്ലർ ആണ് ചിത്രം.കണ്ടിരിക്കേണ്ട ഒന്നു.

  യഥാർത്ഥ സംഭവങ്ങളുടെ ദൃശ്യാവിഷ്‌ക്കാരം ആണ് ക്ലിന്റ് ഈസ്റ്റവുഡ് അണിയിച്ചൊരുക്കിയിരിക്കുന്നത്.


MH Views Rating 3.5/5


ചിത്രത്തിന്റെ ലിങ്ക് t.me/mhviews യിൽ ലഭ്യമാണ്.


Saturday, 8 August 2020

1259. Bell Bottom (Kannada, 2019)

 


1259. Bell Bottom (Kannada, 2019)
          Mystery,Thriller

  സിനിമ ഇറങ്ങിയ സമയം മുതൽ ഉണ്ടായ നല്ല അഭിപ്രായങ്ങൾ കാരണം കാത്തിരുന്നു കണ്ട സിനിമ ആണ് Bell Bottom.പോസ്റ്ററിൽ നിന്നും 80 കളിലെ കഥയാണ് എന്നു ഒരു ഐഡിയ മാത്രം ആണ് ഉണ്ടായിരുന്നതും.

  സിനിമ കാണാൻ തുടങ്ങി.അതേ.80 കളിലെ കഥ തന്നെ.ദൂരദർശൻ, ഓഡിയോ കാസറ്റ്,സ്‌കൂട്ടർ,ജാവ ബൈക്, ബെൽ ബോട്ടം പാന്റ് അങ്ങനെ എല്ലാം ആ കാലഘട്ടം തന്നെ.ഇതൊക്കെ കാണുമ്പോൾ കഥ പഴയത്‌ ആണോ എന്നൊരു തോന്നൽ ഉണ്ടാകുമോ?കഥ ഒക്കെ അൽപ്പം പഴയതാണ്.രാജ്കുമാറിന്റെ ഡിറ്റക്ട്ടീവ് സിനിമകളും കുറ്റാന്വേഷണ നോവലുകളും ഇഷ്ടമുള്ള പോലീസുകാരന്റെ മകൻ ദിവാകരന് വലുതാകുമ്പോൾ ഒരു ഡിറ്റക്ട്ടീവ് ആകണം എന്നാണ് ആഗ്രഹം.പക്ഷെ ജോലിക്കൊന്നും പോകാതെ സ്വപ്നം മാത്രം കാണുന്ന മകന് 'അമ്മ സെന്റിമെന്റ്‌സ് ഉപയോഗിച്ചു സ്വപിതാവ് പോലീസിൽ ജോലി നേടി കൊടുത്തു.അതും പാറാവുകാരൻ ആയി. ദിവാകരന് തന്റെ ഇപ്പോഴത്തെ ജോലിയിൽ നിന്നും സ്വന്തം സ്വപ്നങ്ങൾ തേടി പോകാൻ കഴിയുമോ?അതിനുള്ള അവസരം എങ്ങനെ വരും?അതാണ് ബാക്കി ഉള്ള സിനിമയുടെ കഥ.

   സൂക്ഷ്മമായി ഒരു കേസ് അവതരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഒരു സീരിയസ് അന്തരീക്ഷം അല്ല ചിത്രത്തിനുള്ളത്.തമാശകളും ഒക്കെ ആയി കുറെ ഏറെ കഥാപാത്രങ്ങൾ.എല്ലാവരും മികവ് പുലർത്തി എന്നു തന്നെ പറയാം.ഒട്ടും മുഷിപ്പിക്കാതെ, കഥയിൽ പലപ്പോഴും പ്രേക്ഷകന് ചിന്തിക്കാൻ ഉള്ളതും ട്വിസ്റ്റുകളും എല്ലാം നല്ല രീതിയിൽ നൽകി ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

  ഋഷഭ് ഷെട്ടിയുടെ മുഖ്യ കഥാപാത്രം നന്നായി ഇഷ്ടപ്പെടുകയും ചെയ്തു.അവസരം കിട്ടിയാൽ കണ്ടു നോക്കണം.ഇഷ്ടമാകും.പലരും കണ്ടതാണ് എന്നറിയാം.ഹൈപ് അത്ര മാത്രം ഉണ്ടായിരുന്നല്ലോ?അതിനോട് എന്തായാലും നീതി പുലർത്തി ഒപ്പം എനിക്ക് ചിത്രം ഇഷ്ടമായി.

MH Views Rating : 4/5

ചിത്രത്തിന്റെ ലിങ്ക് t.me/mhviews ൽ ലഭ്യമാണ്.


Monday, 3 August 2020

1258. The Postcard Killings (English,2020)





1258. The Postcard Killings (English,2020)
           Crime Investigation ,Mystery


  പ്രത്യേക രീതിയിൽ ആയിരുന്നു ആ ദമ്പതികളുടെ ശവ ശരീരങ്ങൾ കണ്ടെത്തിയത്.ശരീരത്തിലെ അവയവങ്ങൾ മാറ്റപ്പെട്ട നിലയിൽ അതിനു പകരം മറ്റു വസ്തുക്കൾ അവിടെ ഘടിപ്പിച്ചിരുന്നു.ന്യൂയോർക്കിലെ പോലീസ് ഉദ്യോഗസ്ഥനായ ജേക്കബ് കാനന്റെ മകളും ഭർത്താവും ആയിരുന്നു കൊല്ലപ്പെട്ടവർ.പോലീസ് അന്വേഷണം എങ്ങും എത്താതെ ആയപ്പോൾ ജേക്കബ് തന്നെ കേസ് അന്വേഷണത്തിന് ഇറങ്ങി.

  അപ്പോഴാണ് സമാനമായ രീതിയിൽ നടന്ന പല കൊലപാതകങ്ങളെയും കുറിച്ചു അറിയുന്നത്.പല രാജ്യങ്ങളിൽ ആയി നടന്ന കൊലപാതകത്തിന്റെ സമയത്തു അവിടെ ഉള്ള പത്ര സ്ഥാപനങ്ങളിലേക്ക് വന്ന പോസ്റ്റകാർഡുകൾ പരമ്പര കൊലയാളികൾക്കു നേരെ ആണ് വിരൽ ചൂണ്ടുന്നത്.ആരാണ് അവർ?എന്താണ് അവരുടെ ലക്ഷ്യം?ചിത്രം കാണുക.

  യൂറോപ്പിന്റെ വശ്യമായ സൗന്ദര്യം മരണങ്ങളുടെ ഫ്രെയ്മുകളിൽ അവതരിപ്പിച്ച ചിത്രമാണ് The Postcard Killings.പതിയെ ആണ് ചിത്രം പോകുന്നത്.കൊലപാതകങ്ങൾ സംബന്ധിച്ചുള്ള വിഷയം ആയാലും തികച്ചും അസാധാരണമായ ഒരു വിഷയം.ജെയിംസ് പാറ്റേഴ്സൻ- ലിസ മക്ലാൻഡ് എന്നിവർ എഴുതിയ നോവലിനെ ആധികാരമാക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

  നിരൂപകരുടെ ഇടയിൽ അധികം നല്ല അഭിപ്രായങ്ങൾ ചിത്രത്തിന് ലഭിച്ചിരുന്നില്ല.എന്നാൽ ഒരു പ്രേക്ഷകൻ എന്ന നിലയിൽ ചിത്രം വളരെയധികം ഇഷ്ടമായി.സമാനമായ യൂറോപ്യൻ സിനിമ/സീരീസ് ഒക്കെ കാണുന്ന അനുഭവം ആണ് ചിത്രം നൽകിയത്.കാണുന്നത് കൊണ്ടു നഷ്ടം.ഒന്നും ഉണ്ടാകില്ല.അവസാനം വരെ കഥയിലെ ട്വിസ്റ്റുകൾ പറയുന്നുണ്ട് ചിത്രത്തിൽ.

 Lag Level: Medium to High
MH Views Rating: 3/5

 ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് www.movieholicviews.blogspot.ca യിൽ ലഭ്യമാണ്.

1257. The Art of Self Defense (English,2019)





1257. The Art of Self Defense (English,2019)
        Dark Comedy

  ദുർബലൻ ആയ മനുഷ്യൻ ഒരു ദിവസം ശക്തിമാൻ ആയാലോ?ഛെ!! ക്ളീഷേ കഥ അല്ലെ?ശരിക്കും ഞാനും അങ്ങനെ ഒരു കഥയാണ് കാസി എന്ന കഥാപാത്രത്തെ കണ്ടപ്പോൾ തോന്നിയത്.ഇങ്ങനത്തെ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ജെസെ കഴിഞ്ഞേ ഇപ്പോൾ ആരും ഉള്ളൂ എന്നു തോന്നി പോകും.മാസ് അപ്പീൽ എന്നതൊക്കെ പോലെ ഒരു 'ദുർബലൻ അപ്പീൽ' ജെസെ സ്‌പെഷ്യൽ ആണ്.

  ഒരു അക്കൗണ്ടന്റ് ആയ , എല്ലാത്തിനെയും ഭയക്കുന്ന, ആത്മവിശ്വാസം തീരെ ഇല്ലാത്ത അവനെ ഒരു ദിവസം ഹെൽമറ്റ് ധരിച്ചു വന്ന ബൈക്കേഴ്‌സ് ആക്രമിക്കുന്നു.സ്വയ രക്ഷയ്ക്ക് വേണ്ടി ആണ് കാസി ആ തീരുമാനം എടുക്കുന്നത്.ഒരു കരാട്ടെ ക്ലാസിൽ ചേരാൻ.എന്നാൽ അവിടെ അയാളെ കാത്തിരുന്നത് മറ്റൊന്നായിരുന്നു.

  ഡാർക് കോമഡി ആണ് ചിത്രം പ്രധാനമായും കാര്യങ്ങൾ അവതരിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.ദുർബലനായ ആളുടെ ദൗർബല്യത്തെ ഹാസ്യവൽക്കരിക്കുന്നത് മുതൽ അതു തുടങ്ങുന്നു.മരണം പോലും ചിലപ്പോൾ ചിരിപ്പിക്കാം.ക്ളൈമാക്‌സ് കാണുക.നിങ്ങളുടെ സാധാരണ സിനിമ ജീവിതത്തിലെ വലിയ ത്രില്ലർ അല്ല ചിത്രം.അതു കൊണ്ടു ലാഗ് ഒക്കെ തോന്നും.

എനിക്ക് എന്തായാലും പടം ഇഷ്ടമായി.ജെസ്സെ ഫാൻ ആയതു കൊണ്ട് കൂടി ആകും അതു.നല്ല ക്രിട്ടിക്സ് നിരൂപണങ്ങൾ ആയിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നതും.

  NB: എന്തായാലും ഇനി സിനിമയെ കുറിച്ചു പോസ്റ്റ് ഇടുമ്പോൾ ലാഗ് അഡ്വൈസറി ഇടാം എന്നു തോന്നുന്നു.മ്യൂസിക്, കാർ ചേസ്, അടി-ഇടി- വെടി പുക,മാസ് ഡയലോഗ്, നായകന്റെ മാസ് ചിരി ഒന്നും ഇല്ലാത്ത സിനിമകൾക്ക് ഇനി മുതൽ ലാഗ് അഡ്വൈസറി വയ്ക്കുന്നതാണ്. ഇന്നലെ നല്ലതായി തോന്നിയ, കഥ വിശദമായി അവതരിപ്പിക്കേണ്ട ഒരു സിനിമ കണ്ടു ഇട്ട പോസ്റ്റിൽ മുടിഞ്ഞ ലാഗിനെ പറ്റി ആയിരുന്നു കമന്റ് കൂടുതൽ.കഥയ്ക്ക് ആവശ്യമുള്ള രീതിയിൽ സംവിധായകന്റെ രീതി അനുസരിച്ചു അല്ലെ അതൊക്കെ വരുക?

ആദ്യ ലാഗ് അഡ്വൈസറി: ലാഗ് ഉണ്ട്
MH Views Rating: 3.5/4

ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews യിൽ ലഭ്യമാണ്.

1256. Raat Akeli Hain (Hindi, 2020)




1256. Raat Akeli Hain (Hindi, 2020)

     തന്റെ രണ്ടാം വിവാഹത്തിന്റെ അന്നാണ് ധനികനായ രഘുബീറിന്റെ മരണം.അയാളുടെ മരണ ശേഷം സ്വത്തുക്കളുടെ അവകാശത്തിനായി ബന്ധുക്കൾ,അതിനൊപ്പം അയാൾ രണ്ടാമതായി വിവാഹം ചെയ്ത രാധ അയാളുടെ സ്വത്തുക്കളുടെ അവകാശിയായി തീർന്നതിന്റെ പരിഭവത്തിലും ആണ്.കേസ് അന്വേഷണത്തിനായി ഇൻസ്‌പെക്ടർ ജതിൽ വരുന്നു. രാധ ആണ് രഘുബീറിന്റെ കൊലപാതകത്തിന് പിന്നിൽ എന്ന നിലയിൽ ആണ് തെളിവുകൾ.എന്നാൽ ആരാണ് യഥാർത്ഥത്തിൽ രഘുബീറിന്റെ മരണത്തിനു പിന്നിൽ?രാധ തന്നെ ആണോ?എന്താണ് കാരണം?

  Whodunit,Whydunit തുടങ്ങിയ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്ന ചിത്രം ആദ്യ അര മണിക്കൂറിൽ Knives Out നെ റീമേക് ആണോ എന്ന് തോന്നി പോകും.അതിനു കുറ്റം പറയാനും സാധിക്കില്ല.കാരണം, Raat Akeli Hain ലെ കഥാപാത്രങ്ങളിൽ പലരെയും  Knives Out ലും കാണാൻ സാധിക്കും.എന്നാൽ അതിനു ശേഷം ഉള്ള ഏകദേശം രണ്ടു മണിക്കൂർ സിനിമയുടെ കഥ പോകുന്നത് വേറെ രീതിയിലേക്ക് ആണ്. അര മണിക്കൂറിനു ശേഷം സ്വന്തമായ ഒരു വ്യക്തിത്വം സിനിമയ്ക്ക് നേടാൻ സാധിച്ചു.

  ധനികനായ പല കഥാപാത്രങ്ങളുടെയും പിന്നിൽ ഉള്ള രഹസ്യങ്ങൾ, മുഖമൂടികൾക്കു പുറകിൽ ഒളിപ്പിച്ച അവരുടെ ഭൂതക്കാലവും വർത്തമാന കാലവും.കഥ പല വഴിയിലൂടെ ആണ് പോകുന്നത്.അതിൽ പലരും പ്രതി സ്ഥാനത്തു വരുന്നു ഉണ്ട്.അവരിൽ ആരാണ് യഥാർത്ഥ കൊലപാതകി എന്ന് ബാക്കി ചിത്രം പറയും.

  രണ്ടര മണിക്കൂർ ഇന്നത്തെ കാലത്തു ഒരു സിനിമയ്ക്ക് വളരെ നീള കൂടുതൽ ആണെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ സിനിമയിലേക്ക് പിടിച്ചിരുത്താൻ കഴിഞ്ഞു എന്നതാണ് എന്റെ അനുഭവം.കണ്ടു നോക്കൂ.ചിത്രം ഇഷ്ടമായേക്കാം.പ്രത്യേകിച്ചും Netflix ഒരു സിനിമ ഇൻഡസ്ട്രി ആയി കണക്കാക്കിയാൽ അതിലെ ഇന്ത്യൻ സൂപ്പർ താരങ്ങൾ ആയി പരിഗണിക്കാവുന്ന നവാസുദീനും രാധിക ആപ്തെയും കൂടി ചേരുമ്പോൾ മോശം ആകാൻ ഇടയില്ലല്ലോ.

സിനിമ Netflix ൽ ലഭ്യമാണ്.

MH Views Rating: 4/5

Sunday, 2 August 2020

1255. Shakuntala Devi (Hindi, 2020)






1255. Shakuntala Devi (Hindi, 2020)
          Biography, Drama.

  ശകുന്തള ദേവിയെ കുറിച്ചു ചെറുപ്പം മുതലേ കേട്ടിട്ടുണ്ട്.മനുഷ്യ കമ്പ്യൂട്ടർ എന്ന നിലയിൽ പ്രശസ്തിയാര്ജിച്ച അവരുടെ കഥകൾ ഒക്കെ കേട്ട് വായും പൊളിച്ചിരുന്നിട്ടുണ്ട്.സിനിമ കാണാൻ തുടങ്ങുമ്പോൾ അങ്ങനെ ഒരു ഫുൾ 'ഷോ' ആയിരിക്കും എന്നാണ് കരുതിയതും.സാധാരണ ആയുള്ള ഇന്ത്യൻ ബയോപിക് എല്ലാം പിന്തുടരുന്ന മാതൃകയും അതാണല്ലോ.

  എന്നാൽ സിനിമയുടെ തുടക്കം മുതൽ ശകുന്തള ദേവിയുടെ മകളിലൂടെ കഥ പറഞ്ഞു വന്നപ്പോൾ മനസ്സിലായി ഇതു വ്യത്യസ്തം ആണെന്ന്.സ്ത്രീകളെ കുറിച്ചുള്ള പഴയകാല സമൂഹത്തിന്റെ ധാരണകളെ എല്ലാം അട്ടിമറിച്ച ഒരു സ്ത്രീ ആണ് അവർ എന്നത് അത്ഭുതം ആയിരുന്നു.ഇന്ത്യൻ സാഹചര്യത്തിൽ സ്വവർഗ ലൈംഗികതയെ കുറിച്ചു പുസ്തകം എഴുതിയ അവരുടെ കാഴ്ചപ്പാടുകൾ ഒക്കെ ഒരു ഗണിത വിദഗ്ധ എന്ന നിലയിൽ നിന്നും വ്യത്യസ്തമായി അവർ സഞ്ചരിച്ച പാതകളിലൂടെ ആണ് അവതരിപ്പിക്കുന്നത്.ഇത്രയും സെന്സിട്ടീവ് ആയ ഒരു പുരോഗമന വിഷയം പുസ്തകമായി അവതരിപ്പിച്ച  അവർ ഒരു ആസ്ട്രോളജർ ആയും സമൂഹത്തിൽ ജീവിച്ചിരുന്നു എന്നത് രണ്ടു എക്‌സ്ട്രീം ആയാണ് തോന്നിയത്.

  ഭയങ്കരമായ വൈരുധ്യങ്ങൾ ആണ് അവരുടെ ജീവിതം. ഒരു പക്ഷെ ഒരു സ്ത്രീയ്ക്ക് പുരുഷന്മാരെ കുറിച്ചു വിശാലമായ ഒരു കാഴ്ചപ്പാട് ഇന്ത്യൻ സമൂഹത്തിൽ ഉണ്ടാകുമ്പോൾ, പ്രത്യേകിച്ചും അതു പ്രണയത്തെ കുറിച്ചു ആകുമ്പോൾ വിളിക്കുന്ന പേരുകൾ പലതാണ്.പക്ഷെ ഈ സിനിമയിൽ ശകുന്തള ദേവിയുടെ ജീവിതത്തിലെ ആ വശം പോലും പ്രത്യേകം എടുത്തു കാണിച്ചിട്ടുണ്ട്.

  സ്വയം ജീവിക്കാൻ അറിയാവുന്ന, സ്വന്തമായി കാര്യങ്ങൾ നേടാൻ പ്രാപ്തയായ സ്ത്രീ. വിദ്യ ബാലൻ എന്ന നടിയിലൂടെ ആ കഥാപാത്രം സ്‌ക്രീനിൽ വരുമ്പോൾ ആദ്യം പറഞ്ഞത് പോലെ ഉള്ള സ്ഥിരം ഫോർമുല ബയോഗ്രാഫി അല്ല എന്ന് മനസ്സിലാകും.കണക്കിന്റെ മായലോകം പോലെ സങ്കീർണവും ആയിരുന്നു അവരുടെ ജീവിതവും.അതിന്റെ പല മുഖങ്ങളും സിനിമയിൽ കാണിക്കുന്നുണ്ട്.

  ശരിക്കും impressed ആകുന്ന ഒരു വ്യക്തിത്വം.ഒരു math-magician എന്ന നിലയിൽ മാത്രം ശകുന്തള ദേവിയെ അറിയാവുന്ന എനിക്കൊക്കെ ഒരു അത്ഭുതം ആയിരുന്നു ഈ ചിത്രം.ധാരാളം ഫീൽ ഗുഡ് രംഗങ്ങളും ,അതിലുപരി ഫെമിനിസത്തിന്റെ യഥാർത്ഥത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഒരു മുഖവും ഈ ചിത്രത്തിൽ പല കഥാപാത്രങ്ങളിലൂടെ വരുന്നുണ്ട്.

  കാണാൻ അവസരം കിട്ടിയാൽ കാണുക.ചിത്രം Amazon Prime ൽ ഉണ്ട്.


MH Views Rating: 4/5

1890. Door (Japanese, 1988)