Monday, 9 December 2019

1127. One Must Fall(English,2019)



1127. One Must Fall(English,2019)
         Slasher,Black Comedy.
   നേരത്തെ ഉണ്ടായിരുന്ന ജോലി ശല്യക്കാരനായ ബോസ് കാരണം പോയ സാറ പുതിയ ജോലിയിലേക്ക് കയറി.ക്രൈം സീൻ ക്ളീൻ അപ് ആണ് ജോലി.സ്ക്കൂൾ മുതലേ സുഹൃത്തായ ആൾട്ടനും സാറയുടെ ഒപ്പം ഉണ്ട്.കൊലപാതകങ്ങളോ ആത്മഹത്യകളോ ഉണ്ടായതിനു ശേഷം അവിടെ ബാക്കി വരുന്ന ശരീര ഭാഗങ്ങൾ,രക്തം തുടങ്ങിയവ കഴുകി വൃത്തിയാക്കി ആ സ്ഥലം പഴയത് പോലെ ആക്കുക എന്നതാണ് സാറയുടെ പുതിയ ജോലിയിൽ ഉള്ളത്.
  ആദ്യ ജോലിയ്ക്ക് ശേഷം ഇനി അത് തുടരണോ വേണ്ടയോ എന്ന് ചിന്തിച്ചിരിക്കുമ്പോൾ ആണ് അടുത്ത ജോലി വരുന്നത്.നഗരത്തിൽ ഒരു സീരിയൽ കില്ലർ ഉണ്ട്.അയാളുടെ ചെയ്തികൾ വളരെ ഭീകരം ആയിരുന്നു.കൊലപാതകങ്ങളിൽ ഹരം കണ്ടെത്തുന്ന അയാൾ തന്റെ ഇരകളുടെ ശരീരം ക്രൂരമായി തന്നെ വികൃതമാക്കും.
  അയാൾ ചെയ്ത പുതിയ കൊലപാതകങ്ങൾ ആണ് പുതിയ ജോലിയ്ക്ക് വിളി വരാൻ കാരണം.സാറ എന്തായാലും ഇതു ചെയ്യാൻ തീരുമാനിക്കുന്നു.ഒറ്റപ്പെട്ട ഒരു വെയർഹൗസിൽ ആണ് ജോലി.ഈ ജോലിയിൽ ഏറ്റവും ഭയപ്പെടേണ്ട ഒന്നുണ്ട്.സാറയുടെ ആ ഭയം യാഥാർഥ്യം ആകുമോ?എന്താണ് അവളുടെ ഭയം?കൂടുതൽ അറിയാൻ ചിത്രം കാണുക.
 
   1980 കളിൽ നടക്കുന്ന കഥ ആണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.ബി ഗ്രേഡ്  സിനിമകളുടെ മൂഡ് നൽകുന്ന ചിത്രം.ബ്ളാക് കോമഡി ധാരാളം ഉണ്ട് ചിത്രത്തിൽ.കൊലയാളിയുടെ ഉള്ളിലേക്ക് അധികം പോകാതെ അയാളുടെ ക്രൂരമായ കൊലപാത രീതികൾ പച്ചയ്ക്ക് കാണിച്ചു ഹൊറർ സ്വഭാവം നില നിർത്തിയിട്ടുണ്ട്.
തരക്കേടില്ലാത്ത slasher/horror ചിത്രം.സ്വതന്ത്ര സിനിമ വിഭാഗത്തിൽ ഉള്ള ഹൊറർ ഴോൻറെ വിഭാഗത്തിൽ ധാരാളം അവാർഡുകൾ നേടിയിട്ടുണ്ട്
  കാണാൻ താൽപ്പര്യം ഉള്ളവർ  ടെലിഗ്രാം ചാനൽ ലിങ്ക് ഉപയോഗിക്കുക.

t.me/mhviews 

or
@mhviews

    




1126.Go(English,1999)
         Crime,Thriller.

  Twenty:20  സിനിമയിൽ മോഹൻലാലിന്റെ ദേവരാജ പ്രതാപ വർമ്മ എന്ന കഥാപാത്രം ഇന്റർവലിന് മുന്നേ മമ്മൂട്ടിയുടെ രമേശ് നമ്പ്യാർ എന്ന കഥാപാത്രത്തെ പറ്റിച്ചു മാസ് ആയി ഇറങ്ങി പോകുന്ന സ്ഥലത്തു സിനിമ തീർന്നിരുന്നെങ്കിലോ?ബാക്കി കഥയിലേക്ക് ഒന്നും കടക്കാതെ?അത്രയും കണ്ടു സംതൃപ്തി തോന്നി സിനിമ കണ്ടു ഇറങ്ങുന്നവരും ഉണ്ട്,പൂർണത ഇല്ല എന്നു പറയുന്നവരും ഉണ്ട്.

  സാധാരണ സിനിമകളിൽ ക്ളൈമാക്സിൽ നായകൻ വിജയിച്ചു അവസാനം സ്ലോ മോഷനിൽ പോകുന്നു.ആ പോകുന്ന വഴിക്ക് ഒരു ലോറി ഇടിച്ചു മരിച്ചാലോ?അതു പ്രേക്ഷകൻ എന്തായാലും കാണില്ല.അങ്ങനെ നോക്കുമ്പോൾ പല സിനിമകളും അപൂർണമാണ്.പ്രത്യേകിച്ചും ഒരു പ്രത്യേക കഥ മാത്രം പറഞ്ഞു പോകുമ്പോൾ.ആ കഥയ്ക്ക് അപ്പുറം ഒന്നിനും സ്ക്കോപ് ഇല്ല സിനിമയിൽ.

  എന്തു കൊണ്ടാണ് ഇങ്ങനെ ഒക്കെ എഴുതിയത് എന്നു വച്ചാൽ GO എന്ന സിനിമയെ കുറിച്ചു പറയാൻ ആണ്.ആദ്യം പറഞ്ഞതിൽ നിന്നും വ്യത്യസ്തമായി അവതരിപ്പിച്ച സിനിമ ആണ് Go.ഒരു പരിധി വരെയെങ്കിലും.

  ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന റോന വാടക അടയ്ക്കാത്തത് കൊണ്ടു വീട്ടിൽ നിന്നും ഇറങ്ങേണ്ട അവസ്ഥ ആണ്.അപ്പോഴാണ് കൂടെ ജോലി സിബിയുന്ന സൈമണിന് ലാസ് വെഗാസിൽ കൂട്ടുകാരുടെ പോകണം എന്നും ആ സമയം റോന അയാൾക്ക്‌ പകരം ജോലി ചെയ്യാനും ഉള്ള അവസരം നൽകുന്നത്.

   കാശ് ആവശ്യം ഉള്ളത് കൊണ്ട് റോന അതിനു സമ്മതിക്കുന്നു.ജോലിയുടെ ഇടയിൽ സൈമണിനെ അന്വേഷിച്ചു വരുന്ന രണ്ടു യുവാക്കൾ റോനയോട് അവരുടെ ഒരു ആവശ്യം പറയുന്നു.എന്തായിരുന്നു ആ ആവശ്യം?അത് ഈ കഥയിൽ എന്തു മാത്രം സ്വാധീനം ഉണ്ടാക്കും?ചിത്രം കാണുക.


   Go എന്ന സിനിമ തിയറ്ററിൽ ചലനം ഉണ്ടാക്കിയില്ലെങ്കിലും പിന്നീട് ഒരു കൾട് ക്ലാസിക് ആയി മാറി.ഒരു സംഭവത്തോടെ കഥ തീർന്നൂ എന്നു കരുതുന്നിടത്തു നിന്നും മറ്റു കഥാപാത്രങ്ങൾ ആ സമയം എന്തു ചെയ്യക ആയിരുന്നു എന്നതിൽ നിന്നും ഒരു ത്രില്ലർ ആക്കി എടുത്തിട്ടുണ്ട് Go.


    തികച്ചും അപ്രസക്തമായ കഥാപാത്രങ്ങൾ ഹൈപ്പർ ലിങ്കിലൂടെ പരസ്പ്പരം ബന്ധിക്കുന്നു പിന്നീട്.ആ രീതിയിൽ നോക്കുക ആണെങ്കിൽ ഭയങ്കര സങ്കീർണം ആണ് കഥ.പക്ഷെ സിംപിൾ ആയി നല്ല fun മൂഡിൽ അവതരിപ്പിച്ചത് കൊണ്ടു പ്രേക്ഷകന് അധികം സങ്കീർണതകൾ തോന്നില്ല.ഒന്നു ആലോചിച്ചാൽ കൂടുതൽ ലെയർ ഉണ്ടാകുന്നു ഓരോ കഥാപാത്രങ്ങൾക്കും.അതിനെ വെവ്വേറെ ആയി കാണിച്ചിരിക്കുന്നു.അതാണ് Go.

സിനിമ കാണാൻ താൽപ്പര്യം ഉണ്ടെങ്കിൽ ടെലിഗ്രാം ചാനൽ ലിങ്ക് ഇതാ t.me/mhviews or @mhviews

More movie suggestions @ www.movieholicviews.blogspot.ca

Thursday, 5 December 2019

1123. Margamkali(Malayalam,2019)



1123. Margamkali(Malayalam,2019)
 

    ഒരു ടൈം പാസ് സിനിമ എന്ന നിലയിൽ മാത്രം കണ്ടൂടെ എന്നു ചോദിക്കാവുന്ന സിനിമ.പക്ഷെ ഒരു പ്രശ്നം ഉണ്ട്.ഗുരുതരമായ പ്രശ്നം.പഴയ തമിഴ് സിനിമകളിൽ ഉള്ള ഗൗണ്ടമണി  - സെന്തിൽ കോംബോ പോലെ ഉള്ള തമാശ(????) കൾ ധാരാളം ഉണ്ട് സിനിമയിൽ.തമിഴ് സിനിമകളിൽ അന്നത്തെ കാലത്തു പ്രധാന കഥയോടൊപ്പം സമാന്തരമായി ഒരു കോമഡി ട്രാക് ഉണ്ടാക്കി ആയിരുന്നു അവരുടെ കളികൾ.വലിയ ഹിറ്റ് ആയ ഒരു കൂട്ടുക്കെട്ടു.


   പക്ഷെ അതിൽ ഉപയോഗിക്കുന്ന കഥകൾ എപ്പോഴും ഗൗണ്ടമണി ,സെന്തിലിന്റെ ശരീരത്തെയും നിറത്തെയും കളിയാക്കി ഉള്ള സംഭാഷണങ്ങൾ ആയിരുന്നു.ഒരു സൂത്രൻ- ഷെരു അല്ലെങ്കിൽ ടോം ആൻഡ് ജെറി രീതിയിൽ ആയിരുന്നു പലപ്പോഴും സമാന്തരമായ കഥകൾ എങ്കിലും സംഭാഷണങ്ങൾ ഈ നിലവാരം ആയിരുന്നു ഉണ്ടായിരുന്നത്.കാലങ്ങൾ കഴിഞ്ഞതോടെ അവരുടെ കൂട്ടുക്കെട്ടു പതുക്കെ അപ്രത്യക്ഷമായി.വിവേക് ഒക്കെ വന്നപ്പോൾ ബോഡി ഷെയമിങ് താരതമ്യേന കുറഞ്ഞെങ്കിലും സോഷ്യൽ കമന്ററി ആയിരുന്നു സിനിമകളിൽ ഭൂരിഭാഗവും.

  ഇത്രയും പറയാൻ കാരണം ഉണ്ട്.മാർഗംകളി എന്ന സിനിമയിൽ മിയ്ക്കപ്പൊഴും പഴയ സെന്തിൽ- ഗൗണ്ടമണി രീതിയിൽ ഉള്ള തമാശകൾ ആണ് ഉണ്ടാക്കാൻ ശ്രമിച്ചത്.എന്തിനു നായികയുടെ വരെ മുഖത്തെ മറുക് ആണ് സിനിമയുടെ പ്രമേയം.കാലിനു സ്വാധീന കുറവുള്ള നായകന് നായികയുടെ മറുക് വലിയ പ്രശ്നം ആയി തീരുന്നു.

  സിനിമകൾ ഇപ്പഴും സാമൂഹിക പ്രതിബദ്ധത ഉരുക്കി ഒഴിച്ചു കാണിക്കണം എന്നോ മറ്റോ ഉള്ള അഭിപ്രായം ഇല്ല.ഒരു സിനിമയിൽ പല രീതിയിൽ ഉള്ള കഥാപാത്രങ്ങൾ ഉണ്ടാകാം.എന്നാൽ ബോഡി ഷെയമിങ്ങിന് വേണ്ടി മാത്രം ഒരു സിനിമ.അതാണ് മാർഗംകളി.

  മലയാള സിനിമയിൽ തെറി പറയാൻ ഉള്ള ലൈസൻസ് കിട്ടിയ ബൈജുവിന്റെ കഥാപാത്രം പോലും ചിരിപ്പിക്കുമ്പോൾ ഈ കഥ പ്രമേയം തീരെ ആരോചകം ആയി തന്നെ തോന്നി.സിനിമയ്ക്ക് ലോജിക് വേണോ വേണ്ടയോ, No plans to change എന്നതൊക്കെ അതാതു സിനിമകളുടെ പ്രവർത്തകരുടെ ഇഷ്ടമാണ്.ഒരു മറുകിന്റെ പേരിൽ സെന്റി ഒക്കെ അടിച്ചുള്ള പ്രണയം.അതിന്റെ പേരിൽ ദുഃഖിക്കുന്ന നായിക.

  തമാശ എന്ന ഒരു വിനയ് ഫോർട്ട് ചിത്രം ഇറങ്ങിയിരുന്നു.കഷണ്ടി,തടി എന്നീ വളരെ സീരിയസ് ആയ, ബോഡി ഷെയമിങ്ങിന് വേണ്ടി മലയാളികൾ ഉപയോഗിക്കുന്ന ഏറ്റവും വലിയ ടൂളുകൾ പ്രമേയം ആയ സിനിമ.പക്ഷെ അതിൽ അവസാനം ഒരു പോസിറ്റിവ് ഉണ്ടായിരുന്നു.ഇത്തരം സിനിമകളുടെ ആത്യന്തികമായി ഉള്ള ലക്ഷ്യവും അതായിരിക്കണം.അല്ലെങ്കിൽ പാടെ ഉപേക്ഷിക്കണം.മാർഗംകളി എന്ന സിനിമ അങ്ങനെ ആണ്.

   ബിബിൻ ദിലീപിനെ അനുകരിക്കാൻ നന്നായി നോക്കിയത് പോലെ തോന്നി.ഇടയ്ക്കു ദിലീപിന്റെ സിനിമകളിൽ ആയിരുന്നല്ലോ ഇതു പോലത്തെ സംഭവങ്ങൾ കൂടുതൽ.പക്ഷെ അതിനെ ഒക്കെ കവച്ചു വയ്ക്കും മാർഗംകളി.

  കാണണോ വേണ്ടയോ എന്ന് ആലോചിച്ചു കാണാവുന്ന സിനിമ.കുടുംബ പ്രേക്ഷകർ ഇതൊക്കെ കാണും, ചിരിക്കും എന്നുള്ള വിശ്വാസത്തിൽ ആണ് ഇത്തരം സിനിമകൾ വരുന്നത്.വന്നു കൊണ്ടേ ഇരിക്കും.പേഴ്‌സണൽ ആയ അഭിപ്രായം ആണ്.

1124.Joker (English,2019)


1124.Joker (English,2019)
         Drama,Thriller.


"In a white room with black curtains near the station..."


   ക്രീമിന്റെ White Room എന്ന ഗാനം സാധാരണ FM റേഡിയോയിൽ കേൾക്കുന്ന പാട്ടാണ്.ഡ്രൈവ് ചെയ്യുമ്പോൾ ഒക്കെ ആ ഒരു ഫ്ലോയിൽ കേൾക്കുന്ന ഒന്നു.പക്ഷെ,ജോക്കർ സിനിമയുടെ പശ്‌ചാത്തലത്തിൽ കേൾക്കുമ്പോൾ ആകെ ഒരു തരിപ്പ് ആണ്.അതു വരെ നടന്ന സംഭവങ്ങൾ എല്ലാം ആർതറിനെ എന്താക്കി മാറ്റി എന്നു പ്രേക്ഷകന് പോലും മനസ്സിലാകാത്ത നിമിഷം.നിസ്സഹായത ആണോ അതോ അയാളിലെ killer instinct ആണോ?
   
    പണ്ട് ഹീത് ലെഡ്ജറുടെ ജോക്കർ കണ്ടപ്പോൾ ഉണ്ടാകാത്ത അത്ര ഒരു impact ആണ് ജോക്വീന്റെ ജോക്കർ കണ്ടപ്പോൾ ഉണ്ടായത്.ഒരു കാരണം ആദ്യത്തേത് ബാറ്റ്മാന്റെ കൂടെ കഥ ആയതിനാൽ ആകാം.പക്ഷെ ഇവിടെ ഒരാളിൽ മാത്രം ആണ് ഫോക്കസ്.ജോക്കർ എന്ന പേരിൽ കുപ്രസിദ്ധനായ ആർതർ ഫ്ലെക്കിന്റെ മാത്രം കഥ.ബാക്കി എല്ലാവരും കാഴ്ചക്കാർ മാത്രം.


    കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ട് ആർതർ.ഒരു സ്റ്റാൻഡ് അപ് കോമഡിയേൻ ആയി മാറാൻ ഉള്ള ആഗ്രഹം പലപ്പോഴും പരാജയപ്പെട്ടു.അനിയന്ത്രിതമായ, അനവസരത്തിൽ വരുന്ന ചിരിയുടെ രോഗം.ആർതർ കഷ്ടപ്പെടുക ആണ്.മാനസികമായി അയാൾ ഒരു രോഗിയാണ്.മിനിസ്റ്ററിയെ ആശ്രയിച്ചു മരുന്നുകൾ കഴിച്ചു മാത്രം മാനസിക ആരോഗ്യം നിലനിർത്തുന്ന ആൾ.


  ഈ സാഹചര്യങ്ങൾ,പലപ്പോഴായി അനുഭവിക്കേണ്ടി വന്ന അഭിമാനക്ഷതങ്ങൾ,തന്റെ ജനനത്തെ കുറിച്ച് പോലും ഉള്ള വെളിപ്പെടുത്തലുകൾ,എല്ലാം കൂടി ആകുമ്പോൾ അയാൾ ഇതു വരെ അറിയുന്ന ലോകത്തിൽ നിന്നും ഒറ്റപ്പെടുക ആണ്.അവിടെ ആണ് ജോക്കർ അവതരിക്കുന്നത്.

  ജോക്കർ എന്ന കഥാപാത്രത്തെ വേണമെങ്കിൽ  ഒരു വലിയ ജനതയുടെ പ്രതീകം ആയി എടുക്കാം.അവിടെ നിന്നും അയാളുടെ കഥാപാത്രത്തെ വിശകലനം ചെയ്ത് നോക്കണം.അയാൾ ഇവിടെ ഒരു സാമ്പിൾ ആണ്.ദാരിദ്ര്യം,അവഗണന തുടങ്ങി തന്റെ മരുന്നുകൾ പോലും മുടങ്ങാതെ കിട്ടാവുന്ന സാഹചര്യം ഇല്ലാതെ ആവുക.അയാൾ സ്ഫോടക ശേഷി ഉള്ള ഒരാളായി മാറുക ആണ്.സമൂഹത്തോട് തന്നെ വെറുപ്പും അതിനെ ആക്രമിക്കാനും ഉള്ള ത്വരയും അയാളിൽ ഉണ്ടാകുന്നു.

  ഇതു ഇനി ഒരു വലിയ സമൂഹം ആയി നോക്കിക്കേ.ഇത്തരം ഒരു അവസ്ഥയിൽ സ്ഫോടക ശേഷി ഉള്ള ആളുകൾ.ജോക്കർ ഇവിടെ ചെയ്യുന്നത് അതാണ്.തനിക്കു നല്ലതു ഒന്നും സംഭവിക്കാത്ത സമൂഹത്തിന്റെ നാശത്തിനു വേണ്ടി അയാൾ പ്രവർത്തിക്കാൻ തുടങ്ങുന്നു.Chaos എന്നു മാത്രം വിശേഷിപ്പിക്കാവുന്ന അവസ്ഥ.

  സമൂഹം എങ്ങനെ വേണമെങ്കിലും നശിക്കുക അതിനു സ്ഥായിയായി രൂപകൽപ്പന ചെയ്ത വിശദീകരണം ഒന്നുമില്ല.ആ ഒരു വഴിയിലേക്കുള്ള ആദ്യ കല്ലിട്ടത് ഗോതം നഗരത്തിൽ ജോക്കർ ആയിരുന്നിരിക്കാം.

   ജോക്കർ എങ്ങനെ രൂപപ്പെട്ടു എന്നതാണ് സിനിമയുടെ കഥ.സിനിമ കണ്ട് കുറച്ചു ദിവസം കഴിഞ്ഞിട്ടുണ് മനസ്സിൽ നിന്നും പോകുന്നില്ല.ഒരു  സിനിമ ഒന്നിൽ കൂടുതൽ കാണുന്ന സ്വഭാവം കുറച്ചു വർഷങ്ങളായി കുറവാണ്.പക്ഷെ ജോക്കർ സിനിമ മുഴുവൻ ആയി അല്ലാതെ ഇടയ്ക്കുള്ള സീനുകൾ ടാബ്‌ലറ്റിൽ കാണും വെറുതെ ഇരിക്കുമ്പോൾ.ഒരു മനസുഖം!!എനിക്ക് ഏറ്റവും പ്രിയപ്പെട്ട ജോക്കർ ജോക്വീൻ ഫീനിക്സ് തന്നെ ആണ്.

  ജോക്കർ കാണാത്തവർ കുറവായിരിക്കും.എന്തെങ്കിലും കാരണം കൊണ്ട് കാണാതെ മാറ്റി വച്ചിട്ടുണ്ടെങ്കിൽ കണ്ടു നോക്കാൻ മറക്കല്ലേ!!

More movie suggestions @www.movieholicviews.blogspot.ca

1125. A Witness Out of the Blue(Cantonese,2019)


1125. A Witness Out of the Blue(Cantonese,2019)

   ഒരു കൊലപാതകം നടക്കുന്നു.അടുത്തായി നടന്ന ഒരു വലിയ ജ്വലറി മോഷണ കേസിലെ പ്രതികളിൽ ഒരാളാണ് കൊല്ലപ്പെട്ടത്.ഒഴിഞ്ഞ ഒരു കെട്ടിടത്തിൽ നടന്ന കൊലയ്ക്കു ദൃക്‌സാക്ഷികൾ ആയി മനുഷ്യർ ആരും ഇല്ലായിരുന്നു.മനുഷ്യർ ആരും ഇല്ല എന്നേ ഉള്ളൂ.ഒരു തത്ത ഉണ്ടായിരുന്നു ദൃക്‌സാക്ഷി ആയി.സംസാരിക്കാൻ കുറച്ചൊക്കെ കഴിയുന്ന തത്ത.ഇനി തത്ത ചൈനീസ് ഭാഷയോ, ഇംഗ്ലീഷ് ഭാഷയോ പഠിച്ചു കൊലപാതകിയെ കണ്ടു പിടിക്കണമായിരിക്കും.

  അങ്ങനെ ചിന്തിച്ച ഒരാളുണ്ട്.പൊലീസിലെ ഉദ്യോഗസ്ഥനായ ലാറി.വലിയ മൃഗ സ്നേഹി ആണ്.ജോലിയിൽ വലിയ മിടുക്ക് ഒന്നും ഇല്ലാത്ത പാവത്താൻ.എന്നാൽ മൃഗങ്ങളോട് സ്നേഹം ഉള്ളത് കൊണ്ട് തത്തയെ ട്രെയിൻ ചെയ്‌ത് എടുത്തു തെളിവ് കൊണ്ടു വരുമോ?

  പൊലീസിന് മുന്നിൽ പ്രതി എന്നു സംശയിക്കുന്നത് ഷോണിനെ ആണ്.ഷോണ് ആയിരുന്നു ജ്വലറി മോഷണക്കേസിലെ കൊള്ള തലവൻ.കേസ് അന്വേഷണം പോലീസ് ഇൻസ്‌പെക്‌ടർ യിപ്പിന്റെ നേതൃത്വത്തിലും.കൂട്ടാളികൾക്കു മോഷണത്തിന്റെ പങ്കു കൊടുക്കാതെ ഇരിക്കാൻ ഷോണ് അവരെ കൊല്ലാൻ ശ്രമിക്കുന്നതിന്റെ ഭാഗം ആയിരിക്കും ഈ കൊലപാതകം.അതു കൊണ്ടു കൂടിത്തൽ കൊലകൾ നടക്കും എന്നു അവർ കണക്കു കൂട്ടി.

  ഒരു കേസിൽ പ്രതികളെ കുടുക്കാൻ തെളിവുകൾ വേണം.ആ തെളിവുകൾ സാഹചര്യവും ആയി ഒത്തു പോകണം.അങ്ങനെ പലതും ഉണ്ടല്ലോ?ഇവിടെ എന്താണ് സംഭവിക്കുന്നത് എന്നു മനസിലാക്കാൻ സിനിമ കാണുക.

   Distraction എന്ന ഒരു പഴയ ടെക്നിക് നല്ല രീതിയിൽ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്.ശരിക്കും സിനിമ കാണുമ്പോൾ മനസ്സു ഒറ്റ ഘടകത്തിൽ ആയിരുന്നു.അതു സംഭവം ശരിക്കും distraction ആണെന്ന് മനസ്സിലാക്കിയപ്പോഴേക്കും സിനിമ തീർന്നൂ.

   എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഒരു കഥ ഇങ്ങനെ അവതരിപ്പിച്ചത് നന്നായി ഇഷ്ടമായി.ഇഷ്ടം ഇല്ലാത്തവരും ഉണ്ടാകും.ഈ പറഞ്ഞ distraction ശരിക്കും മനസ്സിലാക്കണമെങ്കിൽ സിനിമ കാണണം.സംവിധായകൻ ഫങ് ആ ഘടകത്തെ ഉപയോഗിച്ചത് ബുദ്ധിപൂർവം ആയിരുന്നു.

  സിനിമയുടെ ടെലിഗ്രാം ലിങ്ക് : @mhviews or t.me/mhviews


www.movieholicviews.blogspot.ca

Sunday, 1 December 2019

1122.Kaithi (Tamil,2019)


1122.Kaithi (Tamil,2019)

    ഇത്രയും ഉന്മാദം നിറഞ്ഞ ഒരു ക്ളൈമാക്‌സ് ഈ അടുത്തു കണ്ടിട്ടില്ല.ഹോ! സിനിമ കണ്ട് കഴിഞ്ഞപ്പോൾ ആരോടെങ്കിലും ഇതു പറയണം എന്നാണ് തോന്നിയത്.മിസ്റ്ററി, സസ്പെൻസ് ഒന്നും പ്രതീക്ഷിച്ചു പോകണ്ട.മറ്റൊന്നാണ് ഉദ്ദേശിച്ചത്.

   കൈദി ഭയങ്കര റിയലിസ്റ്റിക് ചിത്രം ഒന്നും അല്ല.കുറെ ആളുകളെ ഇടിച്ചിടുന്ന  അമാനുഷികതയുള്ള നായകൻ ആണ് ദില്ലി.അയാൾ വെട്ടേറ്റു കുത്തു കൊണ്ടു വീണാലും പിന്നെയും എഴുന്നേൽക്കുന്നുണ്ട്.എന്തൊരു ക്ളീഷേ ആണെന്ന് ഓരോ രംഗവും ഇങ്ങനെ എടുത്തു പറഞ്ഞാൽ തോന്നും.

പക്ഷെ എന്തു കൊണ്ടാകും ഇങ്ങനെ എല്ലാമായിട്ടും കൈദി എന്ന സിനിമയ്ക്ക് ഇത്രയും ആരാധകർ ഉണ്ടായതെന്നു നോക്കിയാൽ ഉള്ള കാരണങ്ങളിൽ ഒന്നു അവതരണ മികവാണ്.സിനിമ തുടങ്ങുന്ന സമയം മുതൽ ആ രാത്രിയിലേക്കുള്ള തയ്യാറെടുപ്പുകൾ ആണ് നടക്കുന്നത്.രാത്രി നടക്കാൻ പോകുന്ന സംഭവവികാസങ്ങളിലേക്കുള്ള തുടക്കമാണ്.അതിലേക്കുള്ള മുന്നൊരുക്കം ആണ്.

  പ്രേക്ഷകന്റെ ശ്രദ്ധ സിനിമയ്ക്ക് അവിടെ കിട്ടുന്നു.അവിടുന്നു പിന്നെ അങ്ങോട്ടു പേരക്ഷകന്റെ ഊഴമാണ് സിനിമ ആസ്വദിക്കാൻ.കഥയിൽ പുതുമ ഇല്ല എന്നു പറയാം.പ്രത്യേകിച്ചും Assault on the Precinct ഒറിജിനലും അതിന്റെ പ്രമേയം കടമെടുത്ത Assault on the Precinct 13 ഒക്കെ കണ്ടവർക്ക്.കൈദിയുടെ ഒരു പ്രത്യേകതയും അതാണ്.

  ഒരു സീൻ ബൈ സീൻ കോപ്പി ഒന്നും അല്ല രണ്ടു സിനിമകളുടെയും.പക്ഷേ അത്തരത്തിൽ  ഉള്ള അവസ്ഥ ഇന്ത്യൻ പശ്ചാത്തലത്തിലേക്കു മാറ്റി അവതരിപ്പിച്ചിരിക്കുന്നു.ഇതിൽ സെന്റിമെന്റ്‌സ് ഉണ്ട്,കടമകളെ കുറിച്ചുള്ള സ്റ്റഡി ക്ലാസ് ഉണ്ട്,അങ്ങനെ പലതും.ഇന്ത്യൻ സിനിമയുടെ പൊതുവായ ഒരു ഫോർമാറ്റ് ഇവിടെ പിന്തുടരുന്നും ഉണ്ട്.എന്നാൽ, മുഖ്യ പ്രമേയത്തിൽ നിന്നും സമനതരമായി വരുന്ന കോമഡി ,പ്രണയം,ഗാനങ്ങൾ ഒക്കെ ഒഴിവാക്കി ആണ് സിനിമ അവതരിപ്പിച്ചത്‌.ഈ മൂന്നും മോശം ആണ് എന്നല്ല പറഞ്ഞതു.പക്ഷെ ഇത്തരം ഒരു സിനിമയിൽ  നല്ല ബോർ ആക്കി മാറ്റും.തുടക്കത്തിൽ ഉണ്ടാക്കിയ ഒരു മൂഡ് നഷ്ടമാവുകയും ചെയ്യുമായിരിക്കാം.

  ലോകേഷ് കനകരാജ് നന്നായി അവതരിപ്പിച്ചിട്ടുണ്ട് ചിത്രം.പ്രത്യേകിച്ചും ഇരുട്ടിൽ തന്നെ അവതരിപ്പിച്ച ചിത്രം ഒരു നല്ല ത്രില്ലർ എന്ന നിലവാരത്തിൽ എത്താൻ ഉള്ള കഷ്ടപ്പാട്.കാർത്തി, ബി ജി എം സിനിമ മുഴുവൻ നിറഞ്ഞു നിന്നു എന്നു തന്നെ പറയാം .കാർത്തിയുടെ കഥാപാത്രത്തിന്റെ ഓരോ തവണയും ഉള്ള ഉയിർത്തെഴുന്നേൽപ്പിന്റെ സമയം ഉള്ള ആ ബി ജി എം ഒക്കെ മികച്ചതായിരുന്നു. അതിന്റെ ഒപ്പം ഈ അടുത്തായി കാർത്തി സ്‌ക്രിപ്റ്റ് സെലക്ഷനിൽ നിലവാരം എന്ന ഘടകത്തിന് പ്രാധാന്യം കൊടുക്കുന്നു എന്നു തോന്നുന്നു.'ആൾ ഇൻ അഴകുരാജ' പോലെ ഉള്ള ചവറുകൾ ഇനി വരില്ല എന്നു പ്രതീക്ഷിക്കുന്നു.

 വിദേശ സിനിമകൾ ഈച്ച കോപ്പി അടിക്കുന്നതിനു പകരം അതിന്റെ പ്രമേയം  എങ്ങനെ ഒരു സിനിമയ്ക്ക് വേണ്ടി adapt ചെയ്യാം എന്നതിന്റെ മികച്ച ഉദാഹരണം ആണ് കൈദി.കൈദി ഒരിക്കലും Assault on the Precinct ആകുന്നില്ല.പകരം മറ്റൊരു ചിത്രമായി, അതിന്റെതായ വ്യക്തിത്വം  കാത്തു സൂക്ഷിക്കുന്ന ഒന്നായി നിൽക്കുന്നു.

സിനിമ കാണാൻ താൽപ്പര്യം ഉള്ളവർ കാണുക.

More movie suggestions @www.movieholicviews.blogspot.ca

1121.War (Hindi,2019)

​​

1121.War (Hindi,2019)

       Statutory Warning: സിനിമ കണ്ട ഒരു ഫാനിന്റെ പോസ്റ്റ് ആയി കൂട്ടിയാൽ മതി.ആരാധന മൂത്ത് ആദ്യം ഉണ്ടായ മകന് ഋതിക് എന്നു പേരിട്ട ഒരു ഫാൻ.War സിനിമ റിലീസ് ആയപ്പോൾ തിയറ്ററിൽ പോയി കാണാവുന്ന ഒരു സാഹചര്യം അല്ലായിരുന്നു.അതു കൊണ്ടു ആമസോണ് പ്രൈമിൽ ആണ് കണ്ടത്.ഇത്രയൊക്കെ പറഞ്ഞതു സിനിമ ഇഷ്ടമാകാത്ത ധാരാളം ആളുകൾ ഉള്ളത് കൊണ്ടാണ്.കാരണം,ഇനി പറയാൻ പോകുന്നത് പടം വലിയ ഇഷ്ടമായ കാര്യമാണ്.

  War ഒരു ആക്ഷൻ മൂവി ആണെന്ന് അറിഞ്ഞതോടെ പഴയ 'കഹോ നാ പ്യാർ ഹേ' ഫാനിനും ത്രിൽ അടിച്ചു. ഫസ്റ്റ് ലുക്ക്,പോസ്റ്റർ ഒക്കെ പ്രതീക്ഷകൾ കൂട്ടി.2 മിനിറ്റോളം ഉള്ള 'ജയ് ജയ് ശിവ് ശങ്കർ' പാട്ട് ആയിരുന്നു വീട്ടിലെ ടി വിയിൽ യൂടൂബിൽ എപ്പോഴും.ഋതിക് റോഷൻ ജീവിതത്തിൽ ഉണ്ടായ പല മോശം സാഹചര്യങ്ങളിലും നിന്നും തിരിച്ചു വന്നത് ഒരു ആരാധകൻ എന്ന നിലയിൽ നല്ല ത്രില്ലിംഗ് ആയിരുന്നു.

  എന്തായാലും സിനിമ ഇന്ന് തിരക്കുകൾ ഒക്കെ മാറിയപ്പോൾ കണ്ടൂ.ഒറ്റ വാക്കിൽ പറഞ്ഞാ കിടിലം ആയാണ് തോന്നിയത്.ഒറ്റ ഇരുപ്പിൽ തന്നെ കണ്ടൂ.എന്താണെന്ന് അറിയില്ല ഋതിക്കിന്റെ സ്‌ക്രീൻ പ്രസൻസ് അപാരം ആയിരുന്നു. സൈഡിലേക്കു ഒതുങ്ങി പോകും എന്ന് കരുതിയ ടൈഗറും നല്ല പ്രകടനം ആയിരുന്നു.പ്രത്യേകിച്ചും ആക്ഷനും ഡാൻസിനും ഒരേ സ്റ്റെപ്പുകൾ വലിയ വ്യത്യാസം ഇല്ലാതെ കാണിച്ചെങ്കിലും ഒരു ആക്ഷൻ ഹീറോ എന്ന നിലയിൽ ആളും കിടിലം ആയിരുന്നു.

  ഡാൻസിൽ ഋതിക് റോഷന്റെ സ്റ്റെപ്പുകൾ, ആക്ഷൻ രംഗങ്ങളിലെ ഭാഗങ്ങളിൽ ഒക്കെ പ്രായത്തിന്റേതായ വ്യത്യാസം ഉണ്ടായിരുന്നു ടൈഗറും ആയി.പക്ഷെ പെര്ഫെക്ഷനാ സാറേ ഇവന്റെ മെയിൻ എന്നു പറയാൻ തോന്നി.

  പ്രകൃതി,നന്മ മരം സിനിമകൾ ഒക്കെ ഇഷ്ടം ഉള്ള പ്രേക്ഷകൻ എന്ന നിലയിൽ ബോംബ് കഥ ആയിരുന്നിട്ടു പോലും entertain ചെയ്യിപ്പിച്ചു.ബോംബ് കഥകൾ ആണ് നമ്മുടെയും മെയിൻ ഇഷ്ടം എന്ന് മനസ്സു കൊണ്ടു ഉറപ്പിച്ചു.നല്ല വേഗതയിൽ അവതരിപ്പിച്ച കഥ ഒരിക്കലും ബോർ അടുപ്പിച്ചും ഇല്ല.

  കബീർ- ഖാലിദ് എന്നിവരുടെ ജീവിതവും അവരുടെ ജോലിയിൽ രണ്ടു പേരും ഉണ്ടാക്കുന്ന സ്വാധീനം ആണ് കഥയുടെ ചുരുക്കം.ദേശ സ്നേഹം,ഫാമിലി സെന്റിമെന്റ്,Who is the black sheep തുടങ്ങി പല ക്ളീഷേകളും ഉണ്ട്.പക്ഷെ നല്ല വേഗതയിൽ പോകുന്ന ചടുലമായ സിനിമയിൽ പലയിടത്തും പശ്ചാത്തല സംഗീതം ഒക്കെ മികച്ചതായി.

   ഋതിക്കിന് ശരിക്കും വേണ്ടത് ഒരു സ്റ്റയിൽ -മാച്ചോ  സെറ്റപ്പിൽ ഉള്ള ഫ്രാഞ്ചൈസി ആണ്.War ലെ കബീറിന് ധാരാളം സാധ്യതകൾ ഉണ്ട്.രണ്ടാം ഭാഗം ആയി പുതിയ താരങ്ങളിൽ ഉള്ള ആരെങ്കിലും ആയി ബാക്കി ഭാഗങ്ങൾ വന്നാൽ പൊളിയ്ക്കും.പോലീസ് യൂണിവേഴ്‌സ് ആയി അക്ഷയ്,അജയ്,രൻവീർ തുടങ്ങിയവർ പോകുമ്പോൾ ഇതു പോലെ ഉള്ള മറ്റു ഫുൾ ഫ്ലോയിൽ ഉള്ള സിനിമകളും വേണം എന്നാണ് അഭിപ്രായം.നല്ല സിനിമകൾ എല്ലാം ഇഷ്ടമാണ്.

  പക്ഷെ കണ്ടു കഴിഞ്ഞിട്ടു വലിയ impact ഒന്നും ഉണ്ടാക്കാത്ത ,എന്നാൽ ബോർ അടിപ്പിക്കാത്ത സിനിമകൾ ഒഴിവു നേരങ്ങൾ ആനന്ദകരം ആക്കും.ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ പടം ആണോ അല്ലയോ എന്ന് ചോദിച്ചാൽ അറിയില്ല.എന്റെ അഭിപ്രായത്തിൽ ഹിന്ദിയിലെ മികച്ച ആക്ഷൻ സിനിമകളിൽ ഒന്നു തന്നെയാണ് War.


More movie suggestions @www.movieholicviews.blogspot.com

1890. Door (Japanese, 1988)