Friday, 30 November 2018

981.Mindfulness and Murder(Thai,2011)


981.Mindfulness and Murder(Thai,2011)

     മൃതദേഹം കാണപ്പെട്ടത് കാലുകള്‍ മുകളിലേക്ക് ഉയര്‍ത്തി ,ശിരസ്സ്‌ ജലസംഭരണിയുടെ ഉള്ളിലേക്ക് ആക്കി വായില്‍ കാരറ്റ് കുത്തി വച്ച രീതിയില്‍ ആയിരുന്നു.ശരീരത്തില്‍ ആകമാനം സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകള്‍,സൂചി കൊണ്ടുള്ള പാടുകള്‍ എന്നിവയൊക്കെ ആയിരുന്നു.ആരാണിയാള്‍?അയാള്‍ എങ്ങനെ കൊല്ലപ്പെട്ടു?


   'Mindfulness and Murder' എന്ന തായ് ചിത്രത്തിന്‍റെ പ്രമേയം ആണിത്.ഒരു ബുദ്ധ സന്യാസി മഠവും.അവിടെ ഉണ്ടാകുന്ന കൊലപാതകങ്ങളിലേക്കും വെളിച്ചം വീശുകയാണ് ഈ ചിത്രത്തില്‍.പോലീസ് ,കേസുകളുടെ ആധിക്യം കാരണം ആരോരുമില്ലാത്ത ഒരാള്‍ മരണപ്പെട്ടു എന്നത് അത്ര കാര്യമായി എടുക്കുന്നില്ല.അപ്പോഴാണ്‌ ആശ്രമത്തിലെ അന്തെവസിയും,മുന്‍ പോലീസ് കുറ്റാന്വേഷകനും ആയ ആനന്തയോട് കേസിനെ കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മഠത്തില്‍ നിന്നും ആവശ്യപ്പെടുന്നു.ആനന്ത വീണ്ടും തന്‍റെ പഴയ ജോലിയിലേക്ക്.എന്നാല്‍ ഈ പ്രാവശ്യം പണ്ട് ജോലി ചെയ്തത് പോലെ ഉള്ള സൌകര്യങ്ങള്‍ ഒന്നും ഇല്ലായിരുന്നു.

    മരണപ്പെട്ട ആളെ കുറിച്ചുള്ള അധികം കാര്യങ്ങള്‍ പലര്‍ക്കും അജ്ഞാതമായിരുന്നു.തുടക്കം തന്നെ അനന്ത തനിക്കു സംശയിക്കാന്‍ പാകത്തില്‍ ഉള്ളവരെ സമീപിക്കാന്‍ ഒരുങ്ങുന്നു.എന്നാല്‍ പ്രതീക്ഷകളെ ആകെ തകിടം മറിച്ചു കൊണ്ടുള്ള സംഭവങ്ങള്‍ ആണ് പിന്നീട് അരങ്ങേറുന്നത്.കള്ളത്തരങ്ങളുടെ മീതെ കെട്ടി പൊക്കിയ കാര്യങ്ങള്‍,അവയുടെ കഥകള്‍.അവയുടെ പിന്നാലെ ഉള്ള അന്വേഷങ്ങള്‍ അദ്ധേഹത്തെ എവിടെ കൊണ്ടാണ് എത്തിക്കുന്നത്?രാജ്യത്തിലെ കുറ്റാന്വേഷണ ഏജന്‍സികള്‍ നേരിട്ട് ഉള്‍പ്പെടാത്ത കേസന്വേഷണം ആയിരുന്നെങ്കിലും അവരുടെ മൗനാനുവാദം ഇവിടെ ഉണ്ടായിരുന്നു.

  'ടോണി ജാ' തായ് സിനിമകളില്‍ നിന്നും  വിഭിന്നമായ രീതിയില്‍ ആണ് 'വിത്തായ പരിസ്രിന്ഗരം' പ്രധാന കഥാപാത്രമായ അനന്തയെ അവതരിപ്പിച്ച ഈ ചിത്രം.ഷെര്‍ലോക്ക് ഹോംസിന്റെ പോലുള്ള കേസ് അപഗ്രഥനം,തെളിവുകള്‍ എതൊരു സാഹചര്യത്തിലും കണക്കു കൂട്ടലുകളിലൂടെയോ വരുന്നില്ല.പകരം,സാധാരണ ആളുകള്‍,സാധാരണ ചുറ്റുപ്പാടുകള്‍,എന്നാല്‍ ദുരൂഹം നിറഞ്ഞവ.ഇതായിരുന്നു അവിടത്തെ സാഹചര്യം.ആദ്യ കൊലപാതകത്തിന് ശേഷം പിന്നീടും കൊലപാതകം നടക്കുന്നു.എന്താണ് ഈ ദുരൂഹ മരണങ്ങള്‍ക്ക് കാരണം?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

   തായ് മാര്‍ഷ്യല്‍ ആര്‍ട്സ് സിനിമ സ്നേഹികള്‍ക്ക് ഈ ചിത്രം ഒരു പക്ഷെ നിരാശ ആയിരിക്കും നല്‍കുക.നല്ല റിച് ആയ ഫ്രെയിമുകള്‍ നിലനിര്‍ത്തി കൊണ്ട്,ബുദ്ധ മതത്തിലെ രീതികള്‍ പിന്തുടര്‍ന്ന് കൊണ്ട് അവതരിപ്പിച്ച തായ് ചിത്രം പ്രേക്ഷകര്‍ക്ക്‌ കണ്ടു നോക്കാന്‍ ഉള്ളതുണ്ട്.ചായാഗ്രഹണത്തിനു പുരസ്ക്കാരങ്ങള്‍ നേടിയിരുന്നു ഈ ചിത്രം. ചിത്രത്തിലെ കേസന്വേഷണം  രസകരമായിരുന്നു.ഇത്തരത്തില്‍ ഉള്ള ഒരു ചിത്രത്തിന് വേണ്ടുന്ന രീതിയില്‍ തന്നെ അത് അവതരിപ്പിച്ചിരിക്കുന്നു.


   ചിത്രം Netflix ല്‍ ലഭ്യമാണ്!!

More movie suggestions @www.movieholicviews.blogspot.ca

ചിത്രം എന്റെ ടെലിഗ്രാം ചാനലിലും ലഭ്യമാണ്

ടെലിഗ്രാം ചാനല്‍ ലിങ്ക്: MH Views

980.Un homme idéal(French,2015)



980.Un homme idéal(French,2015)
       Thriller

   അയാള്‍ കഥ മോഷ്ടിച്ചാണ് ഇന്നത്തെ നിലയില്‍ എത്തിയത്.മോഷണം നടത്തി മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം അയാള്‍ക്ക്‌ അതിന്റെ വില നല്‍കേണ്ടി വരുന്നു.അതയാളെ കൊണ്ട് ചെല്ലുന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത വഴികളിലേക്ക് ആയിരുന്നു,അയാളുടെ existence നെ ആയിരുന്നു!!

   'Un homme idéal' (A Perfect Man) എന്ന ഫ്രഞ്ച് സിനിമയുടെ പ്രമേയമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌.തന്‍റെ പുസ്തകം പ്രസാധനം ചെയ്യുന്നതോട് കൂടി തന്‍റെ ജീവിതം തന്നെ മാറി മറിയും എന്നായിരുന്നു മാത്യൂ വിശ്വസിച്ചിരുന്നത്.അയാളുടെ വിശ്വാസം ശരിയായിരുന്നു.അതിനു കാരണം ആയത് ആകസ്മികം ആയി അയാള്‍ക്ക്‌ ലഭിച്ച മറ്റൊരു പുസ്തകം ആയിരുന്നു.സ്വന്തമായി  എഴുതി പ്രസാധകര്‍ക്ക് അയച്ചു കൊടുത്തതൊന്നും പ്രസിദ്ധീകരണ യോഗ്യം അല്ല എന്ന മറുപടിയില്‍ തളര്‍ന്നിരിക്കുമ്പോള്‍ ആണ് അയാള്‍ക്ക്‌ ആ എഴുത്ത് പ്രതി ലഭിക്കുന്നത്.ഉടമസ്ഥന്‍ ഇല്ലാത്ത,എന്നാല്‍ അനുഭവങ്ങള്‍ ഏറെ ഉള്ള ഒന്ന്.ചിന്തകള്‍ പേപ്പറില്‍ പതിപ്പിക്കാന്‍ കഴിയാതിരുന്ന അയാളെ സംബന്ധിച്ചിടത്തോളം ആ പുസ്തകത്തില്‍ ഉള്ളത് ടൈപ്പ് ചെയ്തു പ്രിന്‍റ് പ്രസാധകര്‍ക്ക് കൊടുക്കുക എന്നതു മാത്രം ആയിരുന്നു ജോലി.ഫലം,അയാള്‍ Instant Hit ആയി.

   എന്നാല്‍ പ്രതിഭയുടെ സ്പര്‍ശം ഇല്ലാതെ Plagiarism കൊണ്ട് മാത്രം ഒരാള്‍ എത്ര നാള്‍ പിടിച്ചു നില്‍ക്കും?വിധി മാത്യുവിന് കാത്തു വച്ചതും അതാണ്‌.മൂന്നു വര്‍ഷങ്ങള്‍ക്കു അപ്പുറം ജീവിതത്തില്‍ ധനികയായ കാമുകി,എല്ലാ സുഖ സൌകര്യങ്ങള്‍,പ്രശസ്തി എന്നിവയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ അയാളെ തേടി ഒരാള്‍ എത്തി.ആരാണ് അയാള്‍?എന്താണ് അയാളുടെ ലക്‌ഷ്യം?മാത്യുവിന്‍റെ ജീവിതത്തില്‍ അയാള്‍ എന്ത് മാറ്റം ആകും ഉണ്ടാക്കുക?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

   ഒരു ത്രില്ലര്‍ സിനിമ എന്ന നിലയില്‍ ഏറെ കാര്യങ്ങള്‍ ചിത്രം പറയുന്നുണ്ട്.പ്രത്യേകിച്ചും Plagiarism  അഥവാ 'പ്രതിഭാ മോഷണം' കൂടുതലായി നടക്കുന്ന നവ സാമൂഹിക മാധ്യമങ്ങളുടെ ലോകത്ത് ഒരിക്കല്‍ പിടിക്കപ്പെട്ടാല്‍ ഒരാളുടെ ഭാവിയെ അതെങ്ങനെ ബാധിക്കും എന്നുള്ളതിന്റെ സിനിമാറ്റിക് വേര്‍ഷന്‍ എന്ന് പറയാം.കാണാന്‍ ശ്രമിക്കുക!!


 More movie suggestions @www.movieholicviews.blogspot.ca

ചിത്രത്തിന്‍റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.
ടെലിഗ്രാം ചാനല്‍ ലിങ്ക് :Movieholic Views Telegram Channel

Wednesday, 28 November 2018

979.Cronicas(Spanish,2004)


979.Cronicas(Spanish,2004)
       Crime,Thriller

 
   അയാളുടെ ഇരകള്‍ കുട്ടികള്‍ ആയിരുന്നു.അവരെ പീഡിപ്പിച്ചു കൊന്ന അയാള്‍ പക്ഷെ തെളിവുകള്‍ ഒന്നും അവശേഷിപ്പിച്ചിരുന്നില്ല.അയാളെ അവര്‍ "Monster of Babahoyo" എന്ന് വിളിച്ചു.അയാളുടെ ഇരകളില്‍ ഒരാളായ കുട്ടിയുടെ ശവസംസ്ക്കാരം നടക്കുന്ന ദിവസമാണ് അത് സംഭവിച്ചത്.അവന്റെ ഇരട്ട സഹോദരനും കൊല്ലപ്പെട്ടു.എന്നാല്‍ പകല്‍ വെളിച്ചത്തില്‍ നടന്ന ആ മരണത്തിന്റെ പിന്നാലെ നടന്നാല്‍ എന്താണ് സംഭവിക്കുക?പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ആയ 'ബോനില' അത്തരം ഒരു അവസ്ഥയില്‍ ആണ്.

      Ecuador  ന്‍റെ 77 ആം അക്കാദമി പുരസ്ക്കരങ്ങളിലെ നാമനിര്‍ദേശം ആയിരുന്നു Cronicas.ഒരു പരമ്പര കൊലയാളി ആണ് ചിത്രത്തിന്‍റെ മുഖ്യമായ പ്രതിപാദ്യ വിഷയം.സാധാരണ ചിത്രങ്ങളില്‍ ഇത്തരം കഥാപാത്രങ്ങള്‍ക്ക് നല്‍കുന്ന നിഗൂഡമായ ഒരു മുഖം നല്‍കുന്നില്ല എങ്കില്‍ പോലും,അത് മറ്റൊരു രീതിയില്‍ നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്.തികച്ചും സങ്കീര്‍ണമായ കഥാഖ്യാനം ആണ് ചിത്രത്തിനുള്ളത്.വളരെ സാധാരണമായ അവതരണം ആയി തോന്നുമെങ്കിലും ചിത്രം അവസാനത്തോട് അടുക്കുമ്പോള്‍ ആണ് പ്രേക്ഷകന് ഇത്തരം ഒരു അഭിപ്രായം ഉണ്ടാവുക.


    അന്നത്തെ ആ ദിവസം ജനക്കൂട്ടം  ആക്രമിച്ച വിനീസിയോയെ കാണാന്‍ ചെന്ന ബോനില,അയാളുടെ നിരപരാധിത്വവും തന്നെ രക്ഷിക്കണം എന്നും ആണ് അപേക്ഷിക്കുന്നത്.അയാള്‍ ആ ജയിലില്‍ എപ്പോള്‍ വേണമെങ്കിലും മരണപ്പെടാം എന്നും.അത് പോലെ തന്നെ ഗര്‍ഭിണിയായ ഭാര്യയെയും മകനെയും ആരും നോക്കാന്‍ ഇല്ലാത്തത് കൊണ്ട് തന്നെ രക്ഷിക്കണം എന്നും അപേക്ഷിക്കുന്നു.ജനങ്ങളുടെയും അധികൃതരുടെയും ഇടയില്‍ നല്ല സ്വാധീനം ഉണ്ടായിരുന്ന ബോനിലയോട് അതിനു പകരമായി അയാളുടെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ സ്ക്കൂപ് നല്‍കാന്‍ സാധിക്കും എന്ന് വിനീസിയോ പറയുന്നു.കാരണം അയാള്‍ക്ക്‌ ആ ചെകുത്താനെ പരിചയമുണ്ട്.ആളുകളുടെ പേടി സ്വപ്നം ആയ "Monster of Babahoyo" യെ അയാള്‍ ഒരിക്കല്‍ നേരിട്ട് കണ്ടിട്ടുണ്ട്.

  Ecuador ലെ അന്നത്തെ സാമൂഹികാവസ്ഥ വ്യക്തമായി പരമാര്‍ഷിച്ചിട്ടുണ്ട് ചിത്രത്തില്‍.പരമ്പര കൊലയാളി നല്‍കിയ മുറിവുകളില്‍ നിന്നും കര കയറാന്‍ ശ്രമിക്കുന്ന അവര്‍ക്ക് വിനീസിയോയെ അന്നത്തെ അപകടത്തിന്‍റെ പേരില്‍ കൊന്നാല്‍ പോലും ആശ്വാസം കിട്ടുമായിരുന്നു.സ്വാധീനം ഉള്ളവര്‍ക്ക് എന്തും ചെയ്യാന്‍ കഴിയുന്ന എല്ലായിടത്തെയും പോലെ ഒരു സമൂഹം.വാര്‍ത്തകള്‍ ജനങ്ങളെ സ്വാധീനിക്കുന്ന സമൂഹം എന്നിവയെല്ലാം ഇന്നും നമുക്കെലാം പരിചിതമാണ്.സിനിമയിലെ അവസാന സംഭവങ്ങളില്‍ തന്നെയുള്ള മാധ്യമ സ്വാധീനം ഉദാഹരണമാണ്.

  സാധാരണ ,പരമ്പര കൊലയാളിയെ കണ്ടെത്താന്‍ പോകുന്ന സാഹചര്യം ഒന്നും അല്ല സിനിമയില്‍ ഉള്ളത്.പ്രത്യേകിച്ചും കഥ സങ്കീര്‍ണം ആകും എന്ന് പറഞ്ഞ ആ വശം ആകുമ്പോള്‍ ഇത്തരം ഒരു അവസ്ഥയെ ഒരു തരിപ്പോടെ മാത്രമേ കാണാന്‍ സാധിക്കൂ.സത്യം അറിയുമ്പോഴേക്കും ചെകുത്താനും കടലിനും ഇടയില്‍ ആകും എന്ന് കേട്ടിട്ടില്ലേ?അത്തരം ഒരു അവസ്ഥ.കഴിയുമെങ്കില്‍ കാണുക.നല്ല ഒരു ക്രൈം/ത്രില്ലര്‍ ആണ് ചിത്രം!!

More movie suggestions @www.movieholicviews.blogspot.ca

ചിത്രത്തിന്‍റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

t.me/mhviews

Monday, 26 November 2018

978.Dark Figure of Crime(Korean,2018)


978.Dark Figure of Crime(Korean,2018)
       Mystery,Thriller,Crime.


  തന്‍റെ കാമുകിയെ കൊലപ്പെടുത്തിയ കുറ്റത്തിന് 15 വര്ഷം തടവ്‌ ലഭിച്ച ടെ-ഹോ,ബുസനിലെ പോലീസ് കുറ്റാന്വേഷകന്‍ ആയ ഹ്യുംഗ് മിന്നിനെ ഫോണില്‍ വിളിച്ച് ആ രഹസ്യം പറയുന്നു.താന്‍ ഇപ്പോള്‍ പിടിയില്‍ ആയ കൊലപാതകം അല്ലാതെ മറ്റു ആറു കൊലപാതകങ്ങള്‍ കൂടി ചെയ്തിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ താരാന്‍ താന്‍ തയ്യാറാണ് എന്നും ആണ് അയാള്‍ അറിയിച്ചത്.എന്ത് കൊണ്ട് ആയിരിക്കും ടെ-ഹോ താന്‍ ചെയ്തെന്നു പറയുന്ന കൊലപാതകങ്ങള്‍ ഹ്യുംഗ് മിന്നിനെ വിളിച്ചു പറയുന്നത്?അയാളെ തന്നെ തിരഞ്ഞെടുക്കാന്‍ എന്തെങ്കിലും കാരണം ഉണ്ടോ?

   'Dark Figure of Crime".കുറ്റാന്വേഷകനെ സംബന്ധിച്ച് പേടിപ്പെടുത്തുന്ന ഒരു 'term' ആയിരുന്നിരിക്കണം.കാരണം,തെളിയാതെ പോയ കേസുകളുടെ ആകെത്തുക ആണ് അത്.ഈ ചിത്രവും അത്തരം ഒരു കഥയാണ് പറയുന്നത്.ടെ-ഹോ അയാള്‍ ചെയ്ത കൊലപാതകങ്ങള്‍ വിവരിക്കുകയും,അതിനു പിന്നിലെ സത്യം അന്വേഷിച്ചു പോകുമ്പോള്‍ കാണുന്നത് ഇത്തരത്തില്‍ തെളിവുകള്‍ കിട്ടാത്ത പല കേസുകളുടെയും യഥാര്‍ത്ഥ ചിത്രമാണ്.എന്നാല്‍ ടെ-ഹോ പറയുന്ന കഥകളില്‍ എന്തെങ്കിലും വാസ്തവം ഉണ്ടാകുമോ?ഒരു സൈക്കോ ആണെന്ന് പോലീസ് തന്നെ കരുതി പോകുന്ന ഒരാളുടെ ഇത്തരം ഒരു നീക്കം പോലീസിലെ പലര്‍ക്കും വിശ്വാസം ഇല്ല.


   ഹ്യുംഗ് -മിന്‍ വെറുതെ ആവശ്യമില്ലാതെ സമയം കളയുക ആണെന്നാണ്‌ അവരുടെ മതം.ഹ്യുംഗ്-മിന്നും,തനിക്കു പരാജയം നേരിടുക ആണെങ്കില്‍ അവരുടെ വാദം ശരി വച്ച് കൊണ്ട് ഒരു പരിഹാസ കഥാപാത്രം ആകാന്‍ തയ്യാറും ആണ്.കൊറിയന്‍ സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളായ കിം യുന്‍ -സിയോക് ആണ് കുറ്റാന്വേഷക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.വളരെ അനായാസമാണ് അദ്ദേഹത്തിന്റെ അഭിനയം.പ്രത്യേക മാനറിസങ്ങള്‍ ഒന്നും ഇല്ലാതെ ഒരു കഥാപാത്രമായി മാറുന്ന ആളുടെ മികച്ച വേഷങ്ങളില്‍ ഒന്നാണ് ഇതിലും ഉള്ളത്.ദുരൂഹമായിരുന്നു ടെ-ഹോയുടെ സ്വഭാവ രീതികള്‍.അത് കൊണ്ട് തന്നെ അയാളുടെ മൊഴികള്‍ കണക്കിലെടുക്കണം എന്നുള്ള അഭിപ്രായം പോലും ധാരാളം അപകടകരം ആയിരുന്നു.പോലീസ് എന്ന നിലയില്‍ സാധാരണ ഗതിയില്‍ അയാള്‍ പറഞ്ഞ ആറു കേസുകളില്‍ ഉള്ള 'Statute of Limitations' പോലും അവസാനിച്ചത്‌ കൊണ്ട് പ്രത്യേകിച്ച് ഒരു ഉപയോഗവും ഇല്ലായിരുന്നു.എന്നാല്‍ ഈ രണ്ടു കഥാപാത്രങ്ങള്‍ക്കും അവരുടേതായ ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കുമോ?

   ഈ വര്‍ഷത്തെ 'ബ്കൂ ഡ്രാഗന്‍ പുരസ്ക്കാര'ങ്ങളില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്ക്കാരം ചിത്രം ഈ ചിത്രത്തിനായിരുന്നു.കൊറിയന്‍ സിനിമകളുടെ പതിവ് ദുരൂഹതകളും ആമ്പിയന്സും എല്ലാം ച്ഹിത്രത്തിനു അവകാശപ്പെടാന്‍ ഉണ്ട്.പ്രത്യേക ഗിമിക്കുകളിലൂടെ അല്ല അന്വേഷണം പോകുന്നതെങ്കിലും,അവതരിപ്പിച്ചു പ്രേക്ഷകനില്‍ ജിജ്ഞാസയും കൂട്ടുന്നുണ്ട് അവസാനം ട്വിസ്റ്റ് എന്നൊക്കെ പറയാവുന്ന രീതിയില്‍ സംഭവങ്ങള്‍ കൂടി ചേരുമ്പോള്‍.അതൊക്കെ ചിത്രത്തിന്റെ മിസ്റ്ററി സ്വഭാവം കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്.

കൊറിയന്‍ സിനിമയുടെ ആരാധകര്‍ കാണാന്‍ ശ്രമിക്കുമല്ലോ!

More movie suggestions@www.movieholicvies.blogspot.ca

ടെലിഗ്രാം ലിങ്ക് എന്റെ ചാനലില്‍ ലഭ്യമാണ്.


t.me/mhviews


         

Saturday, 24 November 2018

977.BlacKkKlansman(English,2018)



977.BlacKkKlansman(English,2018)
        Biography,Comedy,Crime

   #Oscar 1

   Anglo-Saxon,Protestant വിഭാഗങ്ങളുടെ വംശീയവാദ സംഘടന ആയിരുന്ന KKK(Ku Klax Klan) യില്‍ ഒരിക്കല്‍ ഒരു കറുത്ത വംശജന് മെമ്പര്‍ഷിപ്പ് ലഭിച്ചു.ജൂതന്മാര്‍ ഉള്‍പ്പടെ,തങ്ങളില്‍ ഉള്‍പ്പെട്ടവര്‍ എല്ലാവരെയും ഉന്മൂലനം ചെയ്യണം എന്ന ചിന്താഗതി ഉണ്ടായിരുന്ന KKK യില്‍ ഒരു കറുത്ത വര്‍ഗക്കാരന് എങ്ങനെ ആണ് അംഗത്വം ലഭിക്കുക?അയാള്‍ എങ്ങനെ ആണ് അവരുടെ നേതാവായി മാറുക? ഇത്തരം  കൗതുകകരമായ ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് 'BlacKkKlansman".

   'Denzel Washington' ന്‍റെ മകന്‍ 'ജോണ് ഡേവിഡ് വാഷിങ്ങ്ടന്‍' മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച  ചിത്രം എന്ന നിലയില്‍ തോന്നിയ കൌതുകം ആണ് സിനിമ കാണാന്‍ പ്രേരിപ്പിച്ചത്.ഒപ്പം KKK യെ കുറിച്ചുള്ള പരാമര്‍ശവും.അമേരിക്കയില്‍ പച്ച പിടിച്ചെങ്കിലും തൊട്ടു അപ്പുറത്തുള്ള കാനഡയില്‍ തീരെ പരാജയം ആയിരുന്നെങ്കിലും അവരുടെ തലസ്ഥാനം എന്ന് അറിയപ്പെടുന്ന 'Saskatchewan' ല്‍ ജീവിക്കുന്നത് കൊണ്ട് തന്നെ സംഘടനയെ കുറിച്ച് ഏകദേശ രൂപം വായനയിലൂടെയും പ്രദേശ വാസികളില്‍ നിന്നും ലഭിച്ചിരുന്നു.ഹിറ്റ്ലര്‍,Aryan Supremacy Theory പരീക്ഷിച്ചത് പോലെ വെളുത്ത വര്‍ഗക്കാര്‍,അമേരിക്കയിലെ കറുത്ത വംശജര്‍ അടിമകള്‍ ആണെന്നുള്ള മുന്‍വിധികള്‍ മാറ്റി പൊതു സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ വന്നു തുടങ്ങിയപ്പോള്‍ ,തങ്ങളുടെ സ്ഥാനം നഷ്ടപ്പെടുമോ എന്ന ഭീതി കൊണ്ട് കൂടി ആണ് 70 കളില്‍ പോലും സംഘടന പ്രവര്‍ത്തന സജ്ജം ആക്കി നിര്‍ത്തിയത്.

  Colarado Springs ലെ ആദ്യ കറുത്ത വംശജനായ പോലീസ് ഓഫീസര്‍ ആയിരുന്നു 'റോണ്‍ സ്റ്റാല്‍വര്‍ത്ത്".വെള്ളക്കാരായ സഹ പ്രവര്‍ത്തകരില്‍ നിന്ന് പോലും വംശീയാധീക്ഷേപങ്ങള്‍ നേരിടേണ്ടി വന്ന റോണ്‍ എന്നാല്‍ അതില്‍ തളരാതെ തന്‍റെ വഴികള്‍ പോലീസില്‍ വെട്ടി തെളിച്ചു.അതില്‍ ഒന്നായിരുന്നു KKK യുടെ രഹസ്യ പ്രവര്‍ത്തനങ്ങളെ നിയമത്തിന്‍റെ വഴിയില്‍ കൊണ്ട് വരാന്‍ അദ്ദേഹം പ്രയോഗിച്ച വഴി.'ശബ്ദം-ശരീരം' എന്നിവ കൊണ്ടുള്ള ബുദ്ധിപൂര്‍വമായ ഒരു കളി ആയിരുന്നു അത്.ശക്തമായി കൊണ്ടിരുന്ന കറുത്ത വംശജരുടെ കൂട്ടായ്മകളെ ഭയന്നിരുന്ന പോലീസില്‍, വെളുത്ത വര്‍ഗക്കാരുടെ വംശീയ കൂട്ടായ്മയെ ,അതിന്‍റെ അപകടത്തെക്കുറിച്ച് അറിയിച്ചു  ഈ വിഷയവും ശ്രദ്ധിക്കപ്പെടേണ്ട കാര്യമായി ഉയര്‍ത്തി കൊണ്ട് വരാന്‍ റൊണിന് സാധിച്ചിരുന്നു.


  ആ ഇടയ്ക്ക് KKK അപകടകരമായ വിധത്തില്‍ സമൂഹത്തിലേക്കു ഇറങ്ങാന്‍ ഉള്ള ത്വര കാണിച്ചിരുന്നു.ഭൂരിഭാഗവും വെളുത്ത വര്‍ഗക്കാര്‍ ജോലി ചെയ്യുന്ന പോലീസില്‍ ,ജൂത വംശജനായ 'സിമ്മര്‍മാന്‍' ആണ് അപകടകരമായ ദൗത്യത്തില്‍ ,റൊണിന്റെ കൂടെ ഉണ്ടായിരുന്നത്.സംഘാംഗങ്ങളുടെ വിശ്വാസം പിടിച്ചു പറ്റുക,അവരില്‍ ഒരാളായി മാറുക എന്നതൊക്കെ വിഷമം പിടിച്ച സംഭവങ്ങള്‍ ആയിരുന്നു.പലപ്പോഴും നേരെ അപകടത്തിലേക്ക് അവര്‍ ചെന്ന് ചാടുകയും ചെയ്യുന്നുണ്ട്.യഥാര്‍ത്ഥ  സംഭവങ്ങളുടെ രസകരമായ അവതരണം ആണ് ചിത്രം.

  ,സ്പൈക് ലീ'യുടെ മികച്ച ചിത്രമായി കണക്കാക്കപ്പെടുന്ന BlacKkKlansman ,നിരൂപകരുടെ ഇടയിലും 2018 ലെ മികച്ച ചിത്രങ്ങളുടെ കൂടെ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.തീര്‍ച്ചയായും കാണേണ്ട ചിത്രമാണ് BlacKkKlansman.ഒരു പക്ഷെ ഉള്ളില്‍ ഉള്ള വംശീയ വെറി പുറത്തു കാണിക്കാതെ ഇരിക്കാന്‍ വെളുത്ത വര്‍ഗക്കാരില്‍ ,KKK യോടുള്ള എതിര്‍പ്പ് സമൂഹത്തില്‍ ഉണ്ടെന്നു മനസ്സിലാക്കി കൊടുക്കാന്‍ അക്കാലത്ത് സാധിച്ചിരുന്നു.ഇപ്പോഴും ഈ സംഘടന രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു .


  6 വിഭാഗത്തിലാണ് ചിത്രത്തിന് ഓസ്ക്കാര്‍ നാമനിര്‍ദേശം ലഭിച്ചിരിക്കുന്നത്.മികച്ച സഹ നടന്‍ ആയി ആഡം ഡ്രൈവര്‍,മികച്ച ചിത്രം,മ്യൂസിക്,തിരക്കഥ,സംവിധാനം,ഫിലിം എഡിറ്റിംഗ് എന്നിവയാണ് ഈ വിഭാഗങ്ങള്‍.മറക്കാതെ കാണുക.നിരാശരാകേണ്ടി വരില്ല.


More movie suggestions @www.movieholicviews.blogspot.ca

  ചിത്രത്തിന്‍റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

ടെലിഗ്രാം ലിങ്ക്: t.me/mhviews

    

976.If Only(English,2004)

976.If Only(English,2004)
        Fantasy,Romance


      തന്‍റെ ജീവിതത്തില്‍ നടക്കാന്‍ പോകുന്ന അപകടത്തെ കുറിച്ച് ഇയാന്‍ മനസ്സിലാക്കുന്നു.പിന്നീട്  രാവിലെ എഴുന്നേറ്റപ്പോള്‍ ആണ് താന്‍ അനുഭവിച്ച അപകടം നിറഞ്ഞ ആ ദിവസം ഒന്ന് കൂടി അനുഭവിക്കാന്‍ സാധ്യത ഉണ്ടെന്നു മനസ്സിലാക്കുന്നത്.അയാളുടെ മുന്നില്‍ ഒറ്റ വഴിയെ ഉള്ളൂ.അയാള്‍ മനസ്സിലാക്കിയ ആ ദിവസം മാറ്റാന്‍ ശ്രമിക്കുക.ഒരു രണ്ടാം അവസരം.അതിനു ഇയാന് സാധിക്കുമോ?


 Life Mulligan സിനിമകളില്‍ ജീവിതത്തില്‍ പ്രായോഗികം ആയി ഒരിക്കലും സാധിക്കാത്ത രണ്ടാമതൊരു അവസരം ആണ് പ്രമേയം ആയി വരുന്നത്.ജീവിതത്തില്‍ ഒരു രണ്ടാം അവസരം കിട്ടിയാല്‍ എന്ത് നന്നായിരിക്കും അല്ലെ?ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇങ്ങനെ ഒരു അവസരത്തിനായി കാത്തിരിക്കാത്തവര്‍ വിരളമായിരിക്കും.ഒരാള്‍ അനുഭവിച്ച കാര്യങ്ങള്‍,അതില്‍ നിന്നും സംഭവിക്കാന്‍ പോകുന്ന അപകടങ്ങള്‍ ഓക്കെ മുന്‍ക്കൂട്ടി മനസ്സിലാക്കി അതില്‍ tweak ചെയ്യുക എന്നത് തന്നെ മികച്ച ഒരു ഫാന്റസിയും ആണ്.

  ബ്രിട്ടീഷ് വംശജനായ ഇയാനും അയാളുടെ അമേരിക്കന്‍ ആയ ഗേള്‍ ഫ്രണ്ട് സമാന്തയും ഒരുമിച്ചു ആണ് ജീവിക്കുന്നതെങ്കിലും ജീവിതത്തില്‍ പല പ്രശ്നങ്ങളും ഉണ്ടാകുന്നു.പ്രണയം അവര്‍ക്കിടയില്‍ ഉണ്ടെങ്കിലും അത് ആഗ്രഹിക്കുന്ന അളവില്‍ അല്ല കിട്ടുന്നത് എന്ന് സമാന്തയ്ക്ക് തോന്നുന്നു.അവള്‍ സംഗീതത്തില്‍ ബിരുദം നേടുന്ന ദിവസത്തെ സംഭവങ്ങള്‍ ആണ് കഥയ്ക്ക്‌ ആസ്പദം.ജെനിഫര്‍ ലവ് ഹ്യുവിറ്റും പോല്‍ നിക്കൊല്‍സും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഇതില്‍ ഫാന്റസി എന്ന element നു കൂടുതല്‍ വിശദീകരണം ഒന്നും നല്‍കുന്നില്ല.കാരണം പ്രധാനമായും പ്രണയ കഥ എന്ന നിലയില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്.

  Predictable ആണ് കഥ.പക്ഷെ,ഇത്തരം പ്രമേയങ്ങളില്‍ മറ്റൊരു രീതിയിലേക്ക് മാറാന്‍ ഉള്ള അവസരം കുറവാണ്.ഒരു ഫാന്റസി/റൊമാന്‍സ് സിനിമ എന്ന നിലയില്‍ തരക്കേടില്ലാത്ത ചിത്രമാണ് If Only.

  More movie suggestions @www.movieholicviews.blogspot.ca

സിനിമയുടെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

ടെലിഗ്രാം ചാനല്‍ ലിങ്ക്:  t.me/mhviews

Friday, 23 November 2018

975.La Mante(French TV mini Series,2017)


975.La Mante(French TV mini Series,2017)
       Mystery,Thriller,Crime

       കൊല്ലപ്പെടുത്തിയതിനു ശേഷം തല മുറിച്ചു മാറ്റി ശരീരത്തിന്റെ വലതു വശത്ത് വയ്ക്കുക.ഇതും കൂടി ചേര്‍ത്ത് മൂന്നാമത്തെ കൊലപാതകം.ഈ ഒരു രീതി ആണെങ്കില്‍ ഇനിയും കൊലപാതകങ്ങള്‍ പ്രതീക്ഷിക്കുന്നു.അതിനു കാരണം ഉണ്ട്.25 വര്‍ഷങ്ങള്‍ക്കു മുന്‍പ് സമാനമായ രീതിയില്‍ എട്ടു കൊലപാതകങ്ങള്‍ നടന്നിരുന്നു.സമാനത എന്ന് പറഞ്ഞാല്‍ മതിയാകില്ല.ആദ്യ കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ അവിടെ ഉണ്ടാവുകയും സംഭവങ്ങള്‍ അതെ പോലെ കാണുകയും ,അതനുസരിച്ച് നടത്തുന്ന കൊലപാതകങ്ങള്‍ പോലെ കൃത്യതയോടെ ആണ് സംഭവങ്ങള്‍ നടന്നിരുന്നത്.

  'Mantis' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ജീനെ ടെബെരിന്റെ രീതി ആണ് കൊലയാളി പിന്തുടരുന്നത്.'ഹാനിബാള്‍ ലെക്ട്ടരിന്റെ സ്ത്രീ/ഫ്രഞ്ച് പതിപ്പ് എന്ന് വിളിക്കാവുന്ന കഥാപാത്രം.ഇടയ്ക്ക് 'Manhunter' ചിത്രത്തിലെ ഹാനിബാള്‍ ആയി വന്ന ബ്രയാന്‍ കൊക്സിനെ ഓര്‍ത്തു പോയി. ഇവിടെ 'Mantis' വര്‍ഷങ്ങളായി ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്.ഇപ്പോള്‍ നടക്കുന്ന കൊലപാതകങ്ങള്‍ ആര് നടത്തുന്നു എന്നോ?എന്ത് ഉദ്ദേശ്യത്തില്‍ നടത്തുന്നോ എന്ന് പോലീസിനു അറിയില്ല.കൊലപാതകത്തിന് ഇര ആയവര്‍ തമ്മില്‍ ബന്ധമോ അല്ലെങ്കില്‍ 'Mantis'  ജീവിക്കാന്‍ യോഗ്യര്‍ ആണെന്ന് കണ്ടെത്തിയത് പോലുള്ള കണ്ടെത്തലുകള്‍ ഒന്നും ഈ കേസില്‍ ഇല്ല.

  'Mantis' നു ഒരു 'കോപ്പിക്ക്യാറ്റ്' ഉണ്ടെന്നുള്ള വിശ്വാസത്തില്‍ പോലീസും മാധ്യമങ്ങളും കരുതി ഇരിക്കെ ആണ് പോലീസ് സുപ്രണ്ടിനു ജയിലില്‍ നിന്നും 'Mantis' ന്‍റെ ഈ കേസില്‍ സഹായിക്കാന്‍ ഉള്ള താല്‍പ്പര്യം അറിയിക്കുന്നത്.എന്നാല്‍ അവര്‍ അതിനായി ചില നിബന്ദനകള്‍ മുന്നോട്ടു വയ്ക്കുന്നു.പോലീസിനും അവരുടെ പരിമിതികള്‍ ഉണ്ട്.എന്നാല്‍ യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്തിയേ തീരൂ.ആരാണത് എന്നത് പ്രാധാന്യമേറിയ ചോദ്യമാണ്?എന്നാല്‍ അവര്‍ക്കും പരിമിതികള്‍ ഉണ്ട്.

   ഓരോ എപിസോഡിലും വെളിവാകുന്ന മിസ്റ്ററിയും, അത് പോലെ പരമ്പരയുടെ അവസാന ഭാഗത്ത്‌ പോലും reveal ചെയ്യുന്ന കൂടുതല്‍ രഹസ്യങ്ങള്‍ എന്നിവയൊക്കെ പരമ്പരയെ സംബന്ധിച്ച് പ്രേക്ഷകരുടെ ജിജ്ഞാസ കൂട്ടാന്‍ പാകത്തില്‍ ഉള്ളതായിരുന്നു.കുടുംബ ബന്ധങ്ങളിലെ രഹസ്യങ്ങള്‍,മാനസികമായി, തങ്ങള്‍ക്കു ചുറ്റും നടക്കുന്ന സംഭവങ്ങളെ എങ്ങനൊക്കെ ബാധിക്കുന്നു എന്ന് കാണിച്ചു തരുന്ന കഥാപാത്രങ്ങള്‍ തുടങ്ങി അത്ര സുഖകരം അല്ലാത്ത പല സംഭവങ്ങളും ഉണ്ടായിരുന്നു പരമ്പരയില്‍.കഥപാത്രങ്ങളുടെ ഇരുണ്ട വശങ്ങള്‍ക്കും ഒപ്പം സ്ക്രീനില്‍ പ്രകടമായ നിഗൂഡതയുടെ കറുപ്പും മഴയും എല്ലാം കൂടി ചേരുമ്പോള്‍ നല്ലൊരു മിനി സീരീസ് ആണ് മുന്നില്‍ ഇരിക്കുന്നത്.

  Netflix ഏകദേശം ഒരു മണിക്കൂറില്‍ താഴെ ഉള്ള 6 എപിസോഡ് ആയി ആണ് പരമ്പര അവതരിപ്പിച്ചത്.എല്ലാ എപിസോഡും ഓരോ വിധത്തിലും മിസ്റ്ററി/ത്രില്ലര്‍ ഴോന്രെയോടു നീതി പുലര്‍ത്തി.കാണാത്തവര്‍ കാണാന്‍ ശ്രമിക്കുക...നഷ്ടം ആവുകയില്ല...


  സീരീസിന്‍റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

More suggestions @www.movieholicviews,blogspot,ca

ടെലിഗ്രാം ചാനല ലിങ്ക്:t.me/mhviews

Thursday, 22 November 2018

974.Bose:Dead/Alive(Web/Mini Series,2017)


974.Bose:Dead/Alive(Web/Mini Series,2017)

          സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ രഹസ്യങ്ങളില്‍ ഒന്നാണ് നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ മരണവും അതിനെ കുറിച്ചുള്ള ദുരൂഹതകളും.'ഫോര്മോസ' യില്‍ നടന്ന പ്ലെയിന്‍ അപകടത്തില്‍, ഒളിവില്‍ ആയിരിക്കുമ്പോള്‍ മരണപ്പെട്ടു എന്നതിനെ എതിര്‍ത്ത് കൊണ്ട് ധാരാളം കഥകള്‍ പിന്നീട് വന്നിരുന്നു.മരണം നടന്നൂ എന്ന് പറഞ്ഞ ദിവസത്തിന് ശേഷം അദ്ധേഹത്തെ പിന്നീട് പല സ്ഥലത്തും കണ്ടതായി പലരും അഭിപ്രായപ്പെടുന്നു.എന്തിനേറെ,ഇന്ത്യയുടെ പ്രധാന മന്ത്രിമാരില്‍ ഒരാളായിരുന്നു ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മരണത്തിനു മുന്‍പുള്ള ദിവസം അദ്ദേഹം നേതാജിയെ നേരില്‍ കണ്ടതായി പോലും കഥകള്‍.അതില്‍ ഏറ്റവും പ്രധാനപ്പെട്ട കഥകളില്‍  ഒന്നായിരുന്നു കൊല്ലപ്പെട്ടു എന്ന് ഉള്ള വാര്‍ത്തകള്‍ വന്നതിനു ശേഷം മഹാത്മാ ഗാന്ധിജി ,നേതാജിയുടെ വീട്ടിലേക്കു അദ്ദേഹത്തിന് വേണ്ടി മരണാന്തര ക്രിയകള്‍ നടത്തേണ്ട എന്ന് പറഞ്ഞു അയച്ച ടെലിഗ്രാം.

  Bose:Dead/Alive എന്ന മിനി/വെബ്‌ സീരീസ് ആരംഭിക്കുന്നത് ഈ ഒരു രംഗത്തിലൂടെ  ആണ്.അനുജ് ധര എഴുതിയ 'India's Biggest Cover-up' എന്ന പുസ്തകത്തിന്റെ തിരശീലയിലെ ആവിഷ്ക്കാരം ആണ് ഈ പരമ്പര.AltBalaji പരമ്പരകളില്‍ ഒന്ന്.രാജ്കുമാര്‍ റാവു ശരിക്കും സുഭാഷ് ചന്ദ്ര ബോസിനെ സ്ക്രീനില്‍ നന്നായി ചെയ്തു എന്ന് വേണം പറയാന്‍.ഒരു സീരീസിന്‍റെ പരിധിയില്‍ നിന്നും കൊണ്ട് ഏകദേശം 20 മിനിറ്റുകളോളം ഉള്ള 9 എപിസോഡുകള്‍ ആണ് ഉള്ളത്.വളരെ വേഗം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവങ്ങള്‍,അന്നത്തെ നേതാക്കന്മാര്‍ തമ്മില്‍ ഉണ്ടായ ബന്ധങ്ങള്‍ എന്നിവയെല്ലാം ഇതില്‍ പ്രതിപാദിക്കുന്നുണ്ട്.

    കുറെ Conspiracy Theory കളില്‍ ഒന്നായി മാത്രം കാണാന്‍ കഴിയുന്നതിലും വിശ്വസനീയം ആയിരുന്നു മൊത്തത്തില്‍ ഉള്ള കഥയുടെ അവതരണം.ഹിറ്റ്ലര്‍-ബോസ് കൂടിക്കാഴ്ച്ച ഓക്കെ നന്നായി ചെയ്തിട്ടുണ്ടായിരുന്നു.ഹീറോയിക് പരിവേഷമുള്ള നേതാജിയെ ആയിരുന്നു ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്.ബ്രിട്ടീഷുകാരോട് നേരിട്ട്,അവരുടെ പ്രവര്‍ത്തികള്‍ക്ക് അതെ നാണയത്തില്‍ ഉത്തരം നല്‍കുന്ന ബോസിനെ ആണ് കാണാന്‍ കഴിയുക.നെഹ്‌റു-നേതാജി ബന്ധം,അതില്‍ വിവാദം ആകാവുന്ന കാര്യങ്ങള്‍ ഒകെ തൊട്ടു തലോടി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

   ഒറ്റ ഇരുപ്പില്‍ തന്നെ കാണാവുന്ന 9 എപിസോഡുകള്‍ മടുപ്പിക്കില്ല എന്ന് മാത്രമല്ല,OST കേട്ട് തുടങ്ങുമ്പോള്‍ തന്നെ ഒരു ആവേശം ആയിരുന്നു.ആ ആവേശം സ്ക്രീനില്‍ തരാനും ഈ സീരീസിനു കഴിഞ്ഞിരുന്നു.ഈ സീരീസിലെ ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ 'സ്റ്റാന്‍ലി അലനെ' പോലെ ആയിരുന്നു കണ്ടു തുടങ്ങിയപ്പോള്‍.ബോസിന്‍റെ അടുത്ത നീക്കം എന്താകും?പലരും പറയുന്ന ബോസ് ആണോ അവിടെ എല്ലാം ഉണ്ടായിരുന്നത് എന്ന ജിജ്ഞാസ.പ്രേക്ഷകന്റെ ഭാഗത്ത്‌ നിന്നും ചിന്തിക്കുന്ന ഈ ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനെ പോലെ ധാരാളം കഥാപാത്രങ്ങള്‍ വന്നും പോയും ഇരുന്നു.ഇവരെല്ലാം പരമ്പര ആസ്വാദ്യകരമായ അനുഭവം ആക്കിയെടുത്തു.

   കഴിയുമെങ്കില്‍ കാണുക!!!ഇന്ത്യയില്‍ നിന്നും ഉള്ള മികച്ച പരമ്പരകളില്‍ ഒന്നാണ്!!

സീരീസിലെ എപിസോഡുകള്‍ സബ്സ് ഉള്‍പ്പടെ എന്‍റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

More suggestions @www.movieholicivews.blogspot.ca

ടെലിഗ്രാം ചാനല ലിങ്ക് : t.me/mhviews

973.Stree(Hindi,2018)


973.Stree(Hindi,2018)
        Fantasy,Comedy

         ഗ്രാമത്തിലെ ഉത്സവ ദിനങ്ങളിലെ 4 രാത്രികളില്‍ അവിടെ നിന്നും പുരുഷന്മാര്‍ അപ്രത്യക്ഷരാകുന്നു.'സ്ത്രീ' എന്നൊരു പ്രേതം ആണത്രേ അതിനു കാരണം.അവരില്‍ നിന്നും ആ ഗ്രാമത്തെ രക്ഷിക്കാന്‍ ഒരാള്‍ക്ക്‌ മാത്രമേ കഴിയൂ.ആ ഗ്രാമത്തിലെ പുരുഷന്മാരുടെ രക്ഷകന്‍.പുരുഷന്മാരെ 'സ്ത്രീ' എന്ന പ്രേതത്തില്‍ നിന്നും ആരാണ് രക്ഷിക്കാന്‍ വരുക?

   2018 ലെ വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ 'സ്ത്രീ' എന്ന സിനിമയുടെ കഥയാണിത്.ഹൊറര്‍/കോമഡി എന്ന നിലയില്‍ ആണ് ചിത്രം കാണാന്‍ ഇരുന്നത്.എന്നാല്‍  ഈ 2 ഘടകങ്ങളെയും കൂടാതെ മറ്റൊന്ന് കൂടി ഉണ്ടായിരുന്നു.സിനിമയുടെ അവസാനം വളരെയധികം സന്തോഷം തന്ന ഒരു രംഗം.അതാണ്‌ ഈ സിനിമയുടെ ഏറ്റവും മികച്ചതായ ഘടകവും.കഥയും കഥാപാത്രങ്ങളും എല്ലാം പിന്നീട് ആണ് വരുന്നത്.

   പ്രാദേശിക മിത്തുകള്‍ നിറഞ്ഞ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കുപ്രസിദ്ധമായ ഒരു കഥയാണ് പഴയ ബാംഗ്ലൂരിലെ 'നാളെ ബാ' യുടേത്.സമാനമായ കഥകള്‍ പല സ്ഥലങ്ങള്‍ക്കും പറയാനുണ്ട്.ഇത്തരം പ്രാദേശിക മിത്തുകള്‍ എല്ലാം കൂടി ഭോപാലിലെ 'ചന്ദേരി' എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്.പുരുഷന്മാരെ വശീകരിച്ചു അപായപ്പെടുത്തുന്ന സ്ത്രീ പ്രേതം  ആണ്  പ്രമേയം.രാജ്കുമാര്‍ റാവു,ശ്രദ്ധ കപൂര്‍ തുടങ്ങി എല്ലാവരും അവരുടെ രംഗങ്ങള്‍ നന്നായി ചെയ്തു.ചിത്രത്തില്‍ jump scare രംഗങ്ങളോ ഒന്നും അധികം ഇല്ല.കോമഡിയുമായി  മുന്നോട്ടു പോകുന്ന കഥയില്‍ , എന്നാല്‍ ആഴത്തില്‍  ശ്രദ്ധിച്ചാല്‍ അല്‍പ്പം ഒക്കെ വേണമെങ്കില്‍ പേടിക്കാം.പക്ഷെ പേടിപ്പിക്കുക എന്നതായിരുന്നു ഈ ചിത്രത്തിന്റെ ഉദ്ദേശം എന്ന് കരുതുന്നില്ല.അതിനു കാരണം ആണ് ആദ്യം പറഞ്ഞ ആ ക്ലൈമാക്സ് രംഗം.

   അത് പോലെ സിനിമയ്ക്ക് ഒരു ഓപ്പണ്‍ ക്ലൈമാക്സ് ആണ് കൊടുത്തിരിക്കുന്നത്‌ എന്ന് തോന്നുന്നു.രണ്ടാം ഭാഗത്തിന് ഒരുങ്ങുന്ന ചിത്രം അതിനുള്ള വഴി കൂടി തുറന്നിട്ടിട്ടുണ്ട്.വടക്കേ ഇന്ത്യയിലെ സംസാര രീതികളിലെ പ്രത്യേകതകളില്‍ നിന്നും ഉണ്ടാകുന്ന തമാശകള്‍ പോലെ ഇടയ്ക്കിടെ ചിരി ഉണ്ടാക്കാന്‍ ഉള്ള ശ്രമങ്ങളും ചിത്രത്തില്‍ ധാരാളം ഉണ്ട്.യഥാര്‍ത്ഥത്തില്‍ അവയൊന്നും മുഷിപ്പിച്ചതും ഇല്ല.വളരെ രസകരമായി,എന്നാല്‍ അല്‍പ്പം ഒരു ഹൊറര്‍ പശ്ചാത്തലം കൂടി ഉള്‍പ്പെടുത്തിയ ചിത്രം പ്രേക്ഷകനെയും മുഷിപ്പിക്കുക ഇല്ല.സ്ത്രീകളെ കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തേണ്ടതുണ്ട് എന്ന് തന്നെയാണ് ചിത്രം സ്ഥാപിക്കുന്നത്.അതിനായി കണ്ടെത്തിയത് ജനപ്രിയമായ ഒരു പ്ലാറ്റ്ഫോമിലൂടെ ആയിരുന്നു.അതും,എതിരഭിപ്രായങ്ങള്‍ ഒന്നും വരാത്ത  വിധം 'സ്ത്രീ ശാക്തീകരണത്തിന്' പോസിറ്റീവ് ആയ ഒരു മുഖവും നല്‍കി,രസകരമായ ഒരു പശ്ചാത്തലത്തിലൂടെ.

  തീര്‍ച്ചയായും കാണാന്‍ ശ്രമിക്കുക.എനിക്ക് ഈ വര്ഷം കണ്ടത്തില്‍ മികച്ച ചിത്രങ്ങളില്‍ ഒന്നായി ആണ് 'സ്ത്രീ' സിനിമയെ തോന്നിയത്.ഭൂരിപക്ഷം പ്രേക്ഷകര്‍ക്കും അത് തന്നെ ആണ് അഭിപ്രായവും എന്ന് തോന്നുന്നു.

  സിനിമയുടെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

More movie suggestions @www.movieholicviews.blogspot.ca

Telegram Channel:t.me/mhviews

972.La ragazza nella nebbia(Italian,2017)



972.La ragazza nella nebbia(Italian,2017)
       Mystery,Crime.

   വെറും മൂന്നൂറു മീറ്റര്‍ ദൂരത്തു എവിടെയോ വച്ചാണ് അവളെ കാണാതെ പോകുന്നത്.അവളെ ആരെങ്കിലും അപായപ്പെടുത്തുന്നതായി ആരും കണ്ടിട്ടും ഇല്ല.ബലപ്രയോഗം നടന്നതിന്റെ സൂചനകളും ഇല്ല.അപ്പോള്‍ അവളുടെ തിരോധാനത്തിനു പിന്നില്‍ അവളെ അറിയാവുന്ന ആരെങ്കിലും ആയിരുന്നിരിക്കണം.അതാകും നിശബ്ദമായി അവള്‍ അപ്രത്യക്ഷ ആയതു.ആരാണ് അയാള്‍?എന്താണ് അയാളുടെ ഉദ്ദേശം?

     "Donato Carrisi" എഴുതിയ നോവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ സംവിധാനവും തിരക്കഥയും എഴുതി അവതരിപ്പിച്ച ചിത്രമാണ് 'La ragazza nella nebbia' എന്ന ഇറ്റാലിയന്‍ ചിത്രം.തിരോധാനം അന്വേഷിക്കാന്‍, കുറ്റാന്വേഷകന്‍ വരുന്നു.'വോഗേല്‍' എന്ന  കുറ്റാന്വേഷണ വിദഗ്ധന്‍ ആണ് അന്വേഷണത്തിന്റെ ചുമതല.സിനിമയുടെ കഥ ആരംഭിക്കുന്നതും അയാളില്‍ നിന്നുമാണ്.ശരീരത്തില്‍ രക്തം പുരണ്ടു ഇരിക്കുന്ന അയാള്‍ ഇപ്പോള്‍ ഒരു മനശാസ്ത്രജ്ഞന്റെ മുന്നില്‍ ആണ്.വോഗേല്‍ അയാളോട് തന്‍റെ മനസ്സ് തുറക്കുന്നു.സങ്കീര്‍ണമായ,അയാള്‍ തന്‍റെ കഴിവുകള്‍ ഉപയോഗിച്ച് കണ്ടെത്തിയ ഒരു കേസിന്‍റെ ചുരുള്‍ അഴിയുന്നു.

  എന്നാല്‍ അവിടെ വീണ്ടും ഒരു ചോദ്യം.അയാള്‍ പറയുന്ന കഥ മുഴുവന്‍ സത്യമാണോ?മനുഷ്യ മനസ്സ് പലപ്പോഴും പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാന്‍ പല വഴികളും കണ്ടെത്തും.അത് സാധാരണ എല്ലാ മനുഷ്യരുടെ കാര്യത്തിലും ഒരേ പോലെയാണ്.ഇവിടെ വോഗേല്‍ അത്തരം ഘട്ടത്തിലൂടെ ആണ് കടന്നു പോയത്.അതിനു അയാള്‍ ഉപയോഗിച്ച വഴി,ഒരു പക്ഷെ അയാളിലെ കുറ്റാന്വേഷകനെ പോലെ ചോദ്യം ചെയ്തു എന്ന് വരാം.ഇതിലും ഉപരി അയാളില്‍ നിന്നും മറഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ വേറെയും ഉണ്ടെങ്കിലോ?

  ഒരാള്‍ ,തന്‍റെ ഭാഗത്ത്‌ നിന്നും കഥ അവതരിപ്പിക്കുകയും,അതിന്റെ മറു വശം,അതും അയാളുടെ പോലും പ്രതീക്ഷകള്‍ക്കും അപ്പുറം ആയ ഒന്ന്?മിസ്റ്ററി ചിത്രം എന്ന നിലയില്‍ 'La ragazza nella nebbia' മികച്ച പ്രകടനം ആണ് കാഴ്ച വച്ചിരിക്കുന്നത്.സാധാരണ ഒരു കുറ്റാന്വേഷണ കഥയായി പോകുമ്പോള്‍ അതിന്റെ ക്ലൈമാക്സിലേക്ക് അടുക്കുമ്പോള്‍ പ്രേക്ഷകന് ഇതിലും മികച്ച ഒരു അവസാനം നല്‍കാന്‍ കഴിയില്ല.സമാന്തരമായ മറ്റൊരു വഴിയിലൂടെ വികസിക്കുന്ന കഥയ്ക്ക്‌ മറ്റൊരു കഥ ഉണ്ടാവുക.മിസ്റ്ററി ചിത്രങ്ങളുടെ ആരാധകര്‍ മറക്കാതെ കാണുക ഈ ഇറ്റാലിയന്‍ ചിത്രം.ഇഷ്ടമാകും.!!

സിനിമ എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

More movie suggestions @www.movieholicviews.blogspot.ca

Telegram channel link: t.me/mhviews



Wednesday, 21 November 2018

971.Peppermint(English,2018)



971.Peppermint(English,2018)
      Action,Thriller

    രാവിലെ നഗരത്തില്‍ എല്ലാവര്ക്കും കാണാവുന്ന രീതിയില്‍,കൊല്ലപ്പെടുത്തിയ ശേഷം മൂന്നു പേരുടെ മൃതദേഹം കാണപ്പെട്ടൂ.സാധാരണ കൊലപാതകങ്ങളില്‍ ഉണ്ടാകുന്നതിലും ഏറെ പക ഉള്ളതായി കാണാം ആ മരണങ്ങളില്‍.അതിനോടൊപ്പം ആര്‍ക്കെക്കെയോ വേണ്ടിയുള്ള മുന്നറിയിപ്പ് കൂടി ആയിരുന്നു അത്.പോലീസ് ,കേസിന്‍റെ പിന്നാല്‍ കൂടി.കൊല്ലപ്പെട്ടവരുടെ മുന്ക്കാല ജീവിതം വച്ച് നോക്കുമ്പോള്‍ ആണ് അവര്‍ അത് മനസ്സിലാക്കുന്നത്.അത് 'അവള്‍' ആണ്.'അവള്‍' തിരിച്ചു വന്നിരിക്കുന്നു.ആരാണ് 'അവള്‍'?


  ജെനിഫര്‍ ഗാര്‍നര്‍ അഭിനയിച്ച Revenge Thriller ആണ് "Peppermint".എല്ലാ പ്രതികാര കഥകളിലും ഉള്ളത് പോലെ സമാനമായ ഒരു കഥയാണ് ഇതിനും.കഥയില്‍,മുന്‍പ് കാണാത്ത ഒന്നുമില്ല എന്ന് ചുരുക്കം.അല്‍പ്പം അധികം ഉപയോഗിച്ച സ്ഥിരം പ്രതികാര കഥകളില്‍ നിന്നും ചിത്രം നല്ലതായി മാറുന്നതിനു കാരണം ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ആണ്.പ്രതികാര സിനിമകളിലെ നവീന ഹോളിവുഡ് ബെഞ്ച്മാര്‍ക്ക് എന്നൊക്കെ വിളിക്കാവുന്ന 'John Wick' ന്‍റെ അടുത്തൊന്നും എത്തില്ലെങ്കിലും ജെനിഫര്‍ ഗാര്‍നര്‍ നന്നായി തന്നെ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ അവതരിപ്പിച്ചു.

    അമേരിക്കയിലെ തെരുവുകളില്‍ ഒരു 'Vigilante' പരിവേഷം കൂടി ലഭിക്കുകയും ചെയ്ത കഥാപാത്രം ,ഡ്രഗ് മാഫിയ,കാര്‍ട്ടല്‍,പോലീസിലെ ചതിയന്മാര്‍ തുടങ്ങിയുള്ള സ്ഥിരം ചേരുവകളുടെ ഒപ്പം ചോരക്കളിയും .അതാണ്‌ 'Peppermint".അധികം പുകഴ്ത്തിപ്പാടാന്‍ ഒന്നും ഇല്ലെങ്കിലും വേഗതയുള്ള കഥാവതരണ രീതി സിനിമയെ കാഴ്ചക്കാരുടെ ഇടയില്‍ മോശം എന്ന് പറയിക്കില്ല.കുഴപ്പമില്ലാത്ത ഒരു പ്രതികാര കഥ കാണണം എന്ന് തോന്നിയാല്‍ നേരെ തുടങ്ങിക്കോ ഡൌണ്‍ലോഡ്!!

സിനിമ എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

More movie suggestions @www.movieholicviews.blogspot.ca

Telegram channel link:t.me/mhviews

  

Monday, 12 November 2018

970.Missing You(Korean,2016)



970.Missing You(Korean,2016)
      Mystery,Thriller

            15 വര്‍ഷങ്ങള്‍ക്കു ശേഷം കി-ബം ജയില്‍ ശിക്ഷ കഴിഞ്ഞു ഇറങ്ങി.വിവാദപരമായ ഒരു കേസില്‍ നിയമത്തിന്റെ ആനുകൂല്യം ലഭിച്ച അയാള്‍ പുറത്തിറങ്ങിയതിനു ശേഷം അയാളുടേത് എന്ന് സംശയിക്കുന്ന രീതിയില്‍ ഉള്ള കൊലപാതകങ്ങള്‍ വീണ്ടും സംഭവിക്കുന്നു.അയാള്‍ പുറത്തു വന്നതും വീണ്ടും പഴയ പോലത്തെ കൊലപാതകങ്ങള്‍ ഉണ്ടാകുന്നു.ഒരു സീരിയല്‍ കില്ലര്‍ വീണ്ടും തന്‍റെ രീതികള്‍ ആരംഭിക്കുന്നത് ആണോ?അതോ?.ആരാണ് കി-ബം?അയാള്‍ യഥാര്‍ത്ഥത്തില്‍ തെറ്റുകാരന്‍ ആണോ??

  'Missing You' എന്ന കൊറിയന്‍ ചിത്രത്തിന്റെ ചെറിയ ഒരു കഥാ സന്ദര്‍ഭം ആണ് മേലെ അവതരപ്പിച്ചത്.15 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു കോടതി മുറിയില്‍,അയാള്‍ ചെയ്തതെന്ന് കരുതുന്ന അനേകം കൊലപാതകങ്ങളില്‍ വെറും ഒന്നിന് മാത്രം ആണ് ശിക്ഷ ലഭിക്കുന്നത്.ഒരു 'സീരിയല്‍ കില്ലര്‍' ആയി കണക്കാകി പോലീസ് അയാള്‍ കൊന്നതെന്ന് വിശ്വസിക്കുന്ന സ്ത്രീകളുടെ കേസിലും ഒപ്പം കേസന്വേഷണം നടത്തിയ പോലീസുകാരില്‍ ഒരാളുടെ കൊലപാതകത്തിലും എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ ഒരു കേസില്‍ മാത്രം അയാള്‍ക്ക്‌ ശിക്ഷ ലഭിക്കുകയും ചെയ്തു.15 വര്‍ഷത്തേക്ക് ആയിരുന്നു അത്.

   എന്നാല്‍ അയാള്‍ക്ക്‌ മരണ ശിക്ഷ തന്നെ വേണം എന്ന് കരുതുന്നവര്‍ ഉണ്ടായിരുന്നു.നഷ്ടങ്ങള്‍ അവര്‍ക്ക് ഉണ്ടായത് വലിയ രീതിയില്‍ ആണ്.അവര്‍ അതിനായി കാത്തിരുന്നു.അവസാനം അയാള്‍ ജയിലില്‍ നിന്നും ഇറങ്ങി.ജീവിതത്തില്‍ അവശേഷിക്കുന്നത് അയാളോടുള്ള പക മാത്രം ആയി ജീവിക്കുന്ന  പലരും ഉണ്ട്.സങ്കീര്‍ണമായ കാര്യങ്ങള്‍ ആണ് സംഭവിക്കുന്നത്‌.ദുരൂഹമായി നടക്കുന്ന സംഭവങ്ങളുടെ പിന്നിലെ രഹസ്യം അറിയാന്‍ ചിത്രം കാണുക.

    പ്രതികാര കഥകള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ ആണ് അത് ആ ഴോന്രെയില്‍ ഉള്ള ചിത്രങ്ങളില്‍ മികച്ചതായി തീരുക.'Missing You' ഇത്തരത്തില്‍ ഒന്നാണ്.കിം-സുംഗ് ഹോയുടെ കി-ബം എന്ന കഥാപാത്രം രൂപത്തില്‍ പോലും ഒരു സൈക്കോ കില്ലര്‍ പ്രതീതി നല്‍കുന്നുണ്ട്.കൊറിയന്‍ സിനിമയിലെ സീരിയല്‍ കില്ലര്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ ചിത്രവും ഇഷ്ടമാകും.


More movie suggestions @www.movieholicviews.blogspot.ca

ചിത്രം എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

 Telegram Channel Link: t.me/mhviews

 
     

969.A Bittersweet Life(Korean,2005)


969.A Bittersweet Life(Korean,2005)
       Action,Thriller.

         "എത്ര നന്നായി ജോലി ചെയ്താലും ഒരു ചെറിയ പിഴവ് വന്നൂ എന്ന് തോന്നിയാല്‍ ജീവന്‍ വരെ പോകാം'.സുന്‍-വൂവിന്‍റെ ജോലിയും അങ്ങനെ ആയിരുന്നു.7 വര്‍ഷമായി നന്ദിയുള്ള നായയെ  പോലെ ജോലി ചെയ്ത അവന്‍ ഒരിക്കല്‍ ഒരു സ്ത്രീയോട് ദാക്ഷിണ്യം കാണിച്ചു.അതോടെ അവന്റെ ജീവിതവും ആദ്യം പറഞ്ഞത് പോലെ ആയി.

     'A Bittersweet Life' ഇത്തരത്തില്‍ ഒരു കഥയാണ് പറയുന്നത്.സംവിധായകന്‍ 'കിം-ജീ വുന്‍' ന്‍റെ ചിത്രങ്ങളില്‍ ഉള്ള കഥയിലെ സരളത ആണ് ഈ ചിത്രത്തിന്‍റെ കഥയിലും.തന്‍റെ പ്രായം അധികം ഇല്ലാത്ത പുതിയ ഗേള്‍ ഫ്രണ്ട് മറ്റാരുമായോ ബന്ധം ഉണ്ടെന്നുള്ള സുന്‍-വൂവിന്‍റെ ബോസിന്റെ സംശയം ആണ്,വൃദ്ധനായ അയാളെ കൊണ്ട് സുന്‍-വൂവിനെ അവരുടെ ബോഡി ഗാര്‍ഡ് ആക്കി അവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ പ്രേരിപ്പിച്ച ഘടകം.ആരോടും പ്രത്യേക മമത ഒന്നും ഇല്ലാതിരുന്ന അവന്‍ എന്നാല്‍ ഒരു അവസരത്തില്‍ അല്‍പ്പം ദയ കാണിക്കുന്നു.ചിലപ്പോഴൊക്കെ അവനു അവരോടു പ്രണയം തോന്നിയിരുന്നോ എന്ന് സംശയിച്ചു പോവുക പോലും ചെയ്തു.

  തന്‍റെ ജോലിയിലെ ആത്മാര്‍ത്ഥത ധാരാളം ശത്രുക്കളെ നേരത്തെ തന്നെ സൃഷ്ടിച്ചിരുന്നു.അവര്‍ ഒരു അവസരം കാത്തു നില്‍ക്കുക ആയിരുന്നു.അവര്‍ എല്ലാം കൂടി ഒരുമിക്കുന്നു സുന്‍-വൂവിന്‍റെ ജീവനായി.അയാളുടെ അതിജീവനം ആണ് 'A Bittersweet Life'.മികച്ച ആക്ഷന്‍ രംഗങ്ങള്‍ ആണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.മറ്റുള്ളവര്‍ക്ക് വേണ്ടി അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്തിരുന്ന ഒരാള്‍ തന്‍റെ ജീവിതത്തില്‍ ആദ്യമായി എടുത്ത തീരുമാനങ്ങളുടെ പ്രത്യാഘാതം വളരെ വലുതായിരുന്നു.ഈ ഒരു പ്രമേയത്തില്‍ ആക്ഷന്‍ ചിത്രമായി വരുമ്പോള്‍ ആക്ഷന് പ്രാധാന്യം നല്‍കണം.അത് വൃത്തിയായി ഇവിടെ ചെയ്തിട്ടുമുണ്ട്.

  Gangster ചിത്രമാണ് എന്നുള്ള തോന്നല്‍ തുടക്കത്തില്‍ ഉണ്ടാകുമെങ്കിലും ചിത്രം അതില്‍ മാത്രം നില്‍ക്കാതെ വേറെ രീതിയിലേക്ക് മാറുന്നതാണ് പിന്നെ കാണുന്നത്.ചെറിയ ഒരു മിക്സ് എന്ന് വേണമെങ്കില്‍ പറയാം.ചിത്രം കാണാത്തവര്‍ ഉണ്ടെങ്കില്‍ കാണുക.കൊറിയന്‍ സിനിമയിലെ മികച്ച ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നതാണ് 'A Bittersweet Life'.


ചിത്രം എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

More movie suggestions @www.movieholicviews.blogspot.ca

Telegram Channel Link: t.me/mhviews

968.I Saw the Devil(Korean,2010)



968.I Saw the Devil(Korean,2010)
        Thriller,Drama

             അയാള്‍ കൊല്ലുന്നതിന്റെ കാരണം പ്രേക്ഷകന്‍ മനസ്സിലാകുമ്പോള്‍ ആണ് ഒരു തരം മരവിപ്പ് ഉണ്ടാകുന്നത്.വെറുതെ ഒരു മന:സുഖത്തിനു ആളുകളെ കൊല്ലുക .അതും പല പ്രായത്തില്‍ ഉള്ള ഭൂരിഭാഗവും സ്ത്രീകള്‍ ആയിരുന്നു അയാളുടെ ഇര.ഇതേ മാനസികാവസ്ഥ ഉള്ള ഒരു സുഹൃത്തും അയാള്‍ക്ക് ഉണ്ടെങ്കിലോ?

   'I Saw the Devil".കൊറിയന്‍ സിനിമകളില്‍ ഈ ഴോന്രെയില്‍ ഉള്ള മാസ്റ്റര്‍പ്പീസ് എന്ന് വിളിക്കാവുന്ന ചിത്രം.പ്രതികാരം എന്ത് മാത്രം ക്രൂരം ആകും എന്ന് കാണണം എന്നുണ്ടെങ്കില്‍ ഈ ചിത്രത്തില്‍ അത്തരത്തില്‍ ഒന്നുണ്ട്.സ്വന്തം സുഖങ്ങള്‍ക്കായി ഇരകളെ തേടി ഏറ്റവും ക്രൂരമായ രീതിയില്‍ കൊന്നിരുന്ന ആള്‍ ഒരിക്കല്‍ തന്‍റെ ഇരയായി വന്നത് മുന്‍ പോലീസ് ചീഫിന്റെ മകളും,രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍റെ ഭാവി വധുവിനെ ആയിരുന്നു.അവിടെ തുടങ്ങുന്നു "I Saw the Devil' ന്‍റെ കഥ.

ഒരു പക്ഷെ ചിത്രത്തിലെ ക്രൂരനായ സൈക്കോ കൊലയാളി ആയ ക്യുംഗ്-ചുള്‍ ആയിരിക്കും ചെകുത്താന്‍ എന്ന് തുടക്കത്തില്‍ കരുതി പോകും.എന്നാല്‍ സിനിമ കാണുമ്പോള്‍ മനസ്സിലാകുന്ന ഒന്നുണ്ട്.ചെകുത്താന്‍ ശരിക്കും അയാള്‍ അല്ലായിരുന്നു.അയാളുടെ ക്രൂരതകള്‍ കാരണം ,അയാള്‍ തന്നെ ചെകുത്താനെ നേരില്‍ കാണുക ആണ് കിം-സൂവിന്റെ രൂപത്തില്‍.പ്രതികാരത്തിന്റെ അങ്ങേ അറ്റം എന്ന് പറയാവുന്ന കാര്യങ്ങള്‍.

    ഒറ്റയടിക്ക് കൊല്ലാവുന്ന അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടു കൂടി പുറകെ പോയി പോയി...'I Saw the Devil' കൊറിയന്‍ സിനിമയുടെ ഇരുണ്ട മുഖത്തിന്‍റെ പ്രതിനിധി ആയി 'Memories of Murder' ന്‍റെ ഒപ്പം കണക്കാക്കാന്‍ തുടങ്ങിയിട്ട് കുറച്ചു വര്‍ഷങ്ങളായി.കൊറിയന്‍ സിനിമ കണ്ടു തുടങ്ങുന്നവരുടെ ആദ്യ സിനിമ.വര്‍ഷങ്ങള്‍ക്കു ശേഷം ഒന്ന് കൂടി കണ്ടപ്പോള്‍ ഇപ്പോഴും ആ ഴോന്രെയില്‍ ഇത്ര പുതുമയോടെ തന്നെ ഈ ചിത്രം നില്‍ക്കുന്നത് കണ്ടപ്പോള്‍ അത്ഭുതം തോന്നി.'ചോയി-മിന്‍-സിക്ക്' അവതരിപ്പിച്ച സീരിയല്‍ കില്ലര്‍ ഒക്കെ ഈ വിഭാഗത്തിലെ പാഠപുസ്തകം ആയിട്ടുണ്ടാകും ഇപ്പോഴും.അദ്ദേഹം അനായാസമായി ആണ് ആ വേഷം അവതരിപ്പിച്ചിരിക്കുന്നതെന്ന് തോന്നും.അത്രയേറെ എളുപ്പത്തില്‍ മനസ്സില്‍ ഭീതിയുടെ മുഖമായി അയാള്‍ മാറും.

  കോമിക് ബുക്കുകളില്‍ ഒക്കെ കാണാറുള്ള പോലെ തോന്നും കൊലപാതകങ്ങള്‍ ഓക്കെ.പലപ്പോഴും അതൊക്കെ അയാളുടെ സാധാരണ ഒരു ദിവസം പോലെ ആണ് തോന്നുക.അയാള്‍ അതില്‍ സന്തോഷം കണ്ടെത്തുന്നു.അയാള്‍ ഇരകളെ തിരഞ്ഞെടുക്കുന്നത് അവരുടെ നിസഹായ അവസ്ഥയെ മുതലെടുത്ത്‌ കൊണ്ടാണെന്ന് കാണാന്‍ സാധിക്കും.അതിനു ശേഷം ആണ് ക്രൂരമായ രീതിയില്‍ കൊല്ലപ്പെടുതുന്നത്.എന്താണെന്ന് അറിയില്ല,ഇത്തരത്തില്‍ ഉള്ള കഥാപാത്ര സൃഷ്ടി സിനിമയുടെ മികവിന്റെ ഉദാഹരണം ആണ്.'കിം-ജീ-വുന്‍' കൊറിയന്‍ സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളായി മാറിയത് സൂക്ഷ്മമായി അവതരിപ്പിച്ച ഇത്തരം കഥാപാത്രങ്ങള്‍ കാരണം ആകും.

   ചിത്രം കാണാത്തവര്‍ ആയി അധികം ആളുകള്‍ ഉണ്ടാകില്ല.എന്നാലും കാണാത്തവര്‍ ഉണ്ടെങ്കില്‍ കാണണം ഒരിക്കല്‍ എങ്കിലും ഈ ചിത്രം.!!


ചിത്രം എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്..

More movie suggestions @www.movieholicviews.blogspot.ca

Telegram Channel Link: t.me/mhviews

Sunday, 11 November 2018

967.Searching(English,2018)



967.Searching(English,2018)
       Mystery,Thriller.

    ശ്വാസം അടക്കിപ്പിടിച്ചു കണ്ടു കൊണ്ടിരുന്ന സിനിമ കഴിയുമ്പോള്‍ സംവിധായകന്റെ പേര് കാണുമ്പോള്‍ 'Aneesh Changanty'.അനീഷ്‌,എങ്ങാനും മലയാളി ആണോ എന്ന് നോക്കുക ആയിരുന്നു ആദ്യം ചെയ്തത്.ആന്ധ്ര വേരുകള്‍ ഉള്ള അമേരിക്കന്‍-ഇന്ത്യന്‍ ആണെന്ന് മനസ്സിലാക്കി പിന്നീട്.ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു ത്രില്ലര്‍ അവാതരിപ്പിച്ച സംവിധായകന്‍ ശരിക്കും ഞെട്ടിച്ചു എന്ന് വേണം പറയാന്‍.2014 ല്‍ റിലീസ് ചെയ്ത 'Unfriended' ഇത്തരത്തില്‍ ഉള്ള ഒരു ചിത്രമായിരുന്നു.ഒരു കമ്പ്യൂട്ടര്‍ സ്ക്രീനില്‍,വീഡിയോ ചാറ്റിലൂടെ ഒക്കെ കഥ അവതരിപ്പിച്ചു എന്നാണു ഓര്‍മ.

  എന്നാല്‍ 'Searching' അവതരണത്തില്‍ ഒരു പടി കൂടി കടന്ന്,ഒരു കുടുംബത്തിന്റെ ജീവിത കഥ Operating System,അതാതു കാലത്ത് സോഷ്യല്‍ മീഡിയ,മെയില്‍ ബോക്സുകള്‍ എന്ന് വേണ്ട, സാധ്യമായ ടെക്നോളജിയിലൂടെ തന്നെ കാലഘട്ടങ്ങളെ രേഖപ്പെടുത്തിയിട്ടുണ്ട്.വളരെ മികച്ച രീതിയില്‍ തന്നെ,വ്യക്തമായി കമ്പ്യൂട്ടറുകള്‍ മനുഷ്യ ജീവിതത്തെ എങ്ങനെ എല്ലാം സ്വാധീനിക്കുന്നു എന്നുള്ള വ്യക്തമായ സൂചനകളോടെ തന്നെ.'ജോണ്‍ ചോ' അവതരിപ്പിച്ച പിതാവിന്റെ കഥാപാത്രം, ദുരൂഹമായ രീതിയില്‍ കാണാതെ പോയ സ്വന്തം മകളെ അന്വേഷിച്ചു ഇറങ്ങുന്നതാണ് ചിത്രത്തിന്റെ പ്രമേയം.ഒരു പക്ഷെ സാധാരണ രീതിയില്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ പ്രത്യേകതകള്‍ ഒന്നും ഇല്ലാതെ ആകുമായിരുന്ന ചിത്രം ആണ് 'Searching'.

   എന്നാല്‍ കമ്പ്യൂട്ടര്‍,മൊബൈല്‍ സ്ക്രീനുകളിലൂടെ അവതരിപ്പിക്കപ്പെട്ട സംഭവങ്ങള്‍ ചിത്രത്തിന്റെ മുഖം തന്നെ മാറ്റി മറിച്ചു എന്ന് വേണം പറയാന്‍.ഏറ്റവും Innovative ആയ ഒരു രീതി ആയിരുന്നു ഇത്.കാരണം സ്ക്രീനിലൂടെ കാര്യങ്ങള്‍ വായിച്ചും വീഡിയോ കോള്‍,ഫോണ്‍ സന്ദേശങ്ങള്‍ എന്നിവയിലൂടെ ഓക്കെ ആയിരുന്നു പ്രേക്ഷകന് സിനിമയും ഉദ്വേഗം നിറഞ്ഞ നിമിഷങ്ങളും സമ്മാനിച്ചത്‌.

   സിനിമയുടെ കഥ ഇങ്ങനെ അവതരിപ്പിച്ചത് മാത്രം അല്ലാതെ,ഈ കാലഘട്ടത്തില്‍ ബന്ധങ്ങള്‍ കുറച്ചു device കളിലേക്ക് ഒതുങ്ങി പോകുന്നതിന്‍റെ പ്രശ്നങ്ങളും അവതരിപ്പിച്ചിട്ടും ഉണ്ട്.പ്രത്യേകിച്ചും മകള്‍ ഏറെ മാസങ്ങളായി പോയിരുന്നു എന്ന് പറഞ്ഞ ക്ലാസില്‍ അവള്‍ പോകുന്നില്ലായിരുന്നു എന്നുള്ള ഭാഗങ്ങള്‍ ഓക്കെ കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നു.ഞാനുള്‍പ്പടെ ഉള്ള പലരും ഇത് പോലെ ഓക്കെ ആണെന്ന് തോന്നുകയും ചെറിയ ഒരു ചമ്മലോടെ ആണെങ്കിലും ശ്രദ്ധിക്കപ്പെടേണ്ട,എന്നാല്‍ അധികം പ്രാധാന്യം കൊടുക്കാത്ത ഒരു സത്യം ഓര്‍മപ്പെടുത്തിയത് പോലെ തോന്നി.

  കാണാത്തവര്‍ ഉണ്ടെങ്കില്‍ കാണുക!!വളരെ നല്ല രീതിയില്‍ അവതരിപ്പിച്ച ചിത്രം എന്നതിലുപരി മികച്ച ഒരു മിസ്റ്ററി/ത്രില്ലറും ആണ്.

ചിത്രത്തിന്റെ ലിങ്ക് എന്‍റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

More movie suggestions @www.movieholicviews.blogspot.ca

Telegram Channel: t.me/mhviews

966.Pariyerum Perumal(Tamil,2018)


966.Pariyerum Perumal(Tamil,2018)


"NB:സംവരണത്തിലൂടെ സാമൂഹിക നീതി നടപ്പാക്കേണ്ട  ആവശ്യം അല്ലാതെ ജാതി ചിന്തകളിലൂടെ ജീവിക്കുന്ന ആളുകളെ മനുഷ്യരായി കണക്കാക്കാന്‍ ഈ കാലഘട്ടത്തില്‍ ശ്രമിക്കാതെ ഇരിക്കുക.ജാതികള്‍ ആണ് സംസ്ക്കാരം എന്ന രീതിയില്‍ നടത്തപ്പെടുന്ന ഓരോ നീക്കങ്ങളും വിദ്യാസമ്പന്നര്‍ ഉള്ള സമൂഹം എതിര്‍ക്കേണ്ടത് ആണ്."



          ഇന്ത്യയുടെ പുറത്തു പ്രവാസികള്‍ നേരിടേണ്ടി വരുന്ന ഒരു 'സാധാരണ' ചോദ്യമാണ് "ഇപ്പോഴും ഇന്ത്യയില്‍ ജാതി വ്യവസ്ഥ ഉണ്ടോ?" എന്നത്.പ്രത്യേകിച്ചും യൂറോപ്യന്‍,അമേരിക്കന്‍ രാജ്യങ്ങളില്‍ ഓക്കെ ജീവിക്കുമ്പോള്‍.ഒരു നിമിഷം നമ്മള്‍ സ്വയം ചെറുതായി പോകും ആ ചോദ്യത്തില്‍.ചോദിക്കുന്ന ആള്‍ക്ക് നമ്മളോട് ഉള്ള കാഴ്ചപ്പാട് അതായിരിക്കുമോ എന്ന് ഭയക്കുകയും ചെയ്യും.കേരളത്തില്‍ ജീവിച്ചിരുന്നത് കൊണ്ട് ഇത്തരത്തില്‍ ജാതി വ്യവസ്ഥയുടെ നശിച്ച ഭാരം പേറേണ്ടി വന്നില്ലെങ്കിലും പഠന സമയത്ത് എന്തിനും ഏതിനും ജാതി പറയുന്ന ചില തമിഴന്മാരെ കണ്ടിട്ടുണ്ട്.നമ്മള്‍ അറിഞ്ഞിട്ടുള്ള ജാതി ചിന്തകള്‍ ബ്രാഹ്മണ്യ മേധാവിത്തവും അതിനോട് അനുബന്ധിച്ച് ഉള്ളതാണെങ്കിലും ,തമിഴ്നാട്ടില്‍ ഇത് വേറെ ഒരു രീതിയില്‍ ആണ്.ഓരോ ജാതിയും സ്വയം അവര്‍ ആണ് ഉയര്‍ന്നവര്‍ എന്ന നിലപാട് നിലനിര്‍ത്തി കൊണ്ട് മറ്റുള്ള ജാതികള്‍ക്കു നല്‍കുന്ന അയിത്തം.അത് ജാതി വേര്‍തിരിവുകള്‍ സംവരണത്തിന് ഓക്കെ നിഷ്കര്‍ഷിക്കുന്നത് പോലെ അല്ല.പലപ്പോഴും വടക്കേ ഇന്ത്യന്‍ ജാതി വ്യവസ്ഥകളില്‍ നിന്നും വളരെയേറെ വിഭിന്നം ആണ് ഇത്.പണം ഉള്ള ആര്‍ക്കും അവകാശപ്പെടാം ഉയര്‍ന്ന ജാതിയുടെ അവകാശം.ഇതവര്‍ക്ക് നല്‍കുന്നത് 'ദുരഭിമാന കൊലകള്‍" പോലെയുള്ള മലിനമായ സാമൂഹിക അവസ്ഥകളിലേക്ക് ആണ്.രാഷ്ട്രീയത്തില്‍ പോലും ജാതിയുടെ അതി പ്രസരം ഉള്ളവരുടെ അടുക്കല്‍ നിന്നും എന്ത് പ്രതീക്ഷിക്കാന്‍ ആണ്? ഇത് ആണ് യഥാര്‍ത്ഥത്തില്‍  ഇന്ത്യയുടെ പല ഭാഗത്തും ഉള്ള അവസ്ഥ.ജാതി-രാഷ്ട്രീയത്തിന്‍റെ കളികള്‍!!

   പാ.രഞ്ജിത്ത് നിര്‍മാതാവ് ആയി ,മാരി സെല്‍വരാജ് സംവിധാനം ചെയ്ത 'പരിയേറും പെരുമാള്‍' ചര്‍ച്ച ചെയ്യുന്നത് ഇത്തരത്തില്‍ പ്രാദേശിക അടിസ്ഥാനത്തില്‍ നടക്കുന്ന ജാതി വെറിയുടെ കഥയാണ്.അംബേദ്‌കര്‍ വഴിതുറന്ന, സമൂഹത്തില്‍ ഉണ്ടായിരുന്ന/ഉള്ള ഇത്തരം അവസ്ഥയെ പ്രതിനിധീകരിക്കാന്‍ ഉപയോഗിച്ച 'നീല' നിറത്തിന്റെ രാഷ്ട്രീയം മികച്ച രീതിയില്‍ തന്നെ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.'നീലം' productions എന്ന പേരില്‍ തന്നെ പറയാന്‍ ഉദ്ദേശിച്ച രാഷ്ട്രീയത്തിന്‍റെ സൂചനകള്‍ ഉണ്ട്.കഥാപരമായി നോക്കുക ആണെങ്കില്‍ ഒരു സാധാരണ പ്രണയ കഥ തന്നെ ആണ് ഇവിടെയും പ്രമേയം.

   എന്നാല്‍,സമൂഹത്തില്‍ ഉയര്‍ന്നു വരാന്‍ ആഗ്രഹം ഉള്ള ഒരു വിഭാഗത്തെ ചിത്രം പ്രതിനിധീകരിക്കുന്നുണ്ട്.കതിര്‍ അവതരിപ്പിച്ച നായക കഥാപാത്രം പല തരത്തില്‍ ഒരു ലാര്‍വയില്‍ നിന്നും ചിത്രശലഭം ആയി മാറുന്നത് കാണാന്‍ കഴിയും.അത് പോലെ ലോ കോളേജിന്റെ പ്രിന്‍സിപ്പല്‍ ആയ വ്യക്തി ,അദ്ദേഹത്തിന്റെ കഥ പറയുന്ന ഭാഗം ഒക്കെ ഒരു സാധാരണ തമിഴ് ചിത്രത്തില്‍ നിന്നും വിഭിന്നം ആണ്.എന്ത് കൊണ്ടാണ് ഇങ്ങനെ തോന്നിയത് എന്ന് പറയാം.ഈ ഒരു തീമിന് വയലന്‍സിന്റെ അതി പ്രസരമുള്ള ഒരു ചിത്രമായി മാറാന്‍ ഉള്ള പശ്ചാത്തലം ഉണ്ടായിരുന്നു.പക്ഷേ അതിനു പകരം പക്വമായ സമീപനങ്ങളിലൂടെ 'വലിയ ജാതി' ക്കാര്‍ എന്ന് അഹങ്കരിക്കുന്ന മനുഷ്യര്‍ക്ക്‌ ഏറ്റവും ഭംഗിയായി തന്നെ അവരുടെ ജീവിതത്തിലെ നിലപാടുകള്‍ കൊണ്ട് മറുപടി നല്‍കാന്‍ കഴിയുന്നുണ്ടായിരുന്നു.വാളരെ പക്വമായ സിനിമ സമീപനം ആയിരുന്നു ഇത്.ശ്രദ്ധിക്കപ്പെടേണ്ട കാര്യങ്ങളിലേക്ക് തന്നെ വ്യക്തമായ വെളിച്ചം വിതറിയിട്ടുണ്ട് 'പരിയേറും പെരുമാളിന്റെ' കഥയിലൂടെ.

     ദുരഭിമാനം കാരണം സ്വന്തം പിതാവിനെ പോലും മാറ്റി പറയേണ്ട അവസ്ഥ വരുന്ന ജീവിതം.എന്ത് മാത്രം മോശമായ അവസ്ഥ ആയിരിക്കും ആ അവസരത്തില്‍ ഉണ്ടായിരിക്കുക?മനസ്സില്‍ നിറഞ്ഞു നില്‍ക്കും ആ കഥാപാത്രം.സ്വന്തം ജീവിതം തന്നെ കുറഞ്ഞതാണ് എന്ന ബോധത്തില്‍ ജീവിക്കുന്ന ഒരാള്‍.അയാളെ ആ അവസ്ഥയില്‍ കൊണ്ടെത്തിച്ച സമൂഹം.യഥാര്‍ത്ഥ ജീവിതത്തില്‍ ഇത്തരം മനുഷ്യരെ കാണാന്‍ കഴിയും.'കറുപ്പി' എന്ന നായയ്ക്ക്‌ പോലും ചിത്രത്തില്‍ വ്യക്തമായ സ്ഥാനമുണ്ട് ഇത്തരത്തില്‍.അത് പോലെ ആണ് ചിത്രത്തിലെ ഗാനങ്ങള്‍."നാന്‍ യാര്‍','കറുപ്പി' തുടങ്ങിയ ഗാനങ്ങളുടെ വരികളില്‍ വ്യക്തമാക്കിയിട്ടുണ്ട് സിനിമയുടെ മൊത്തത്തില്‍ ഉള്ള പ്രാധാന്യത്തെ.സ്വയം ആരാണെന്ന് അറിയാതെ ജീവിക്കാന്‍ നിര്‍ബന്ധിതര്‍ ആക്കിയ മനുഷ്യര്‍.എല്ലാവരിലും ശരീരത്തിലൂടെ ഓടുന്ന ചോരയ്ക്കപ്പുറം വ്യത്യാസം ഒന്നും ഇല്ല എന്ന് മനസ്സിലാക്കിയാല്‍ തീരാവുന്ന വ്യത്യാസമേ ഇപ്പോള്‍ ഉള്ളൂ എന്ന് കരുതുന്നു.എന്നാല്‍ പ്രശ്നം,ഈ കാര്യം മനസ്സിലാക്കാന്‍ ആരും ശ്രമിക്കുന്നില്ല എന്നതാണ്.

  ഈ  സിനിമയെ വരികളിലൂടെ അവതരിപ്പിക്കുമ്പോള്‍,  ഒരിക്കലും മേല്‍പ്പറഞ്ഞ രാഷ്ട്രീയം ഒന്നും മറച്ചു എഴുതിയാല്‍ ഈ ചിത്രത്തിന് തന്നെ പ്രസക്തി ഇല്ലാതെ ആകും.ചിത്രത്തില്‍ ഉള്ള 'പരമ്പര' കൊലയാളി എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന കഥാപാത്രമാണ് ഇത് വരെ കണ്ട ചിത്രങ്ങളിലെ ഏറ്റവും ഭയപ്പെടുത്തുന്ന കൊലയാളി കഥാപാത്രം ആയി തോന്നിയത്.പ്രത്യേകിച്ചും ആദ്യത്തെ ആ കൊലപാതകം.അതിന്റെ ഭീകരത.അത് എന്തിനു വേണ്ടി ആണെന്ന് കഥ വികസിക്കുമ്പോള്‍ മനസ്സിലാകുമ്പോള്‍ ഒരു തരം മരവിപ്പ് ആണ് ഉണ്ടാവുക.'Sairat' ലെ ദുരഭിമാന കൊല ഒക്കെ ഒരു ഷോക്ക് ആയി മാറിയപ്പോള്‍,ആ വഴിയില്‍ നിന്നും ചെറിയൊരു diversion എടുക്കുകയും ,ജാതിയുടെ പേരില്‍ അഹങ്കരിക്കുന്ന വ്യക്തികള്‍ക്ക് മേല്‍ നേടിയ മാനസികമായ ഒരു വിജയം ആയിരുന്നു പരിയേറും പെരുമാളിന് ഉണ്ടായത്.കതിര്‍ നല്ലൊരു നടന്‍ ആണ്.നല്ല വേഷങ്ങള്‍ ചെയ്യാന്‍ കഴിവുള്ള നടന്‍.

  ചിത്രം കാണാത്തവര്‍ കാണാന്‍ ശ്രമിക്കുക.ഇത്തരം ഒരു വിഷയത്തെ പക്വമായ രീതിയില്‍ അവതരിപ്പിച്ച ഒരു ചിത്രം എന്ന രീതിയില്‍ ഉള്ള കാഴ്ച തന്നെ ആണ് ആവശ്യം.അല്ലാതെ ഒരു റൊമാന്റിക് ചിത്രം ഒക്കെ പ്രതീക്ഷിച്ചു പോയാല്‍ നിരാശ ആകും ഉണ്ടാവുക.മനുഷ്യനെ മനുഷ്യനായി കാണാന്‍ സാധിക്കുന്ന,ജാതിയുടെ അതിര്‍വരമ്പുകള്‍ പൊട്ടിച്ചു എറിയുന്ന ഒരു നല്ല നാളെയ്ക്കായി പ്രതീക്ഷിക്കുന്നതിനോടൊപ്പം,ഇപ്പോഴത്തെ തലമുറയിലും ജാതിയുടെ വിഷ വിത്തുകള്‍ പാകാതെ ഇരിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ!!

More movie suggestions @www.movieholicviews.blogspot.ca



Saturday, 3 November 2018

965.Pudhupettai(Tamil,2006)



965.Pudhupettai(Tamil,2006)

        യുവന്‍ ശങ്കര്‍ രാജയുടെ   "എങ്ക ഏരിയ ഉള്ള വരാതെ" പാട്ടും,ധനുഷ്,സെല്‍വ രാഘവന്‍..ഇതെല്ലാം വലിയ ഘടകങ്ങള്‍ ആയിരുന്നു അന്ന് റിലീസ് ദിവസം 21 തികഞ്ഞ ഒരു പ്രേക്ഷകന് തിയറ്ററില്‍ പോയി സിനിമ കാണാന്‍.മാര്‍ത്താണ്ഡം,ആനന്ദ്‌ തിയറ്ററില്‍ ആയിരുന്നു റിലീസ് എന്നാണു ഓര്മ.ബര്‍ത്ത്ഡേ ആയതു കൊണ്ട് കൂട്ടുകാരന്‍ കണ്ണനെയും കൂട്ടി ആണ് സിനിമയ്ക്ക് പോയത്.പാട്ടുകള്‍ എല്ലാം ഇഷ്ടപ്പെട്ടു,യുവന്റെ വലിയ ഫാന്‍ എന്നതിനോടൊപ്പം,സെല്‍വ-ധനുഷ് കൂട്ടുക്കെട്ടിലെ സിനിമകളുടെ വലിയ ആരാധകനും ആയിരുന്നു ആ സമയം.സ്ഥിരം ക്ലീഷേ സിനിമകളില്‍ നിന്നും വിഭിന്നമായി വന്ന തുള്ളുവതോ ഇളമൈ,കാതല്‍ കൊണ്ടേന്‍,രവിയും ആയി വന്ന 7 G റെയിന്‍ബോ കോളനി ഒക്കെ സെല്‍വയെ  പ്രിയപ്പെട്ട സംവിധായകന്‍ ആക്കി മാറ്റിയിരുന്നു.സ്ഥിരം രക്ഷകന്‍ സിനിമകള്‍ വന്നിരുന്ന സമയത്തെ വ്യത്യസ്തത ആയിരുന്നു ഈ സിനിമകള്‍ ഒക്കെ.

   എന്തായാലും നീള കൂടുതല്‍ ഉണ്ടായിരുന്നെങ്കിലും ഒട്ടും ബോര്‍ അടിപ്പിക്കാതെ 'പുതുപ്പേട്ടെ" അവസാനിച്ചു.വീട്ടില്‍ ചോറിന്റെ കൂടെ ചിക്കന്‍ ഇല്ലാത്തതു കൊണ്ട് സൈക്കിളില്‍ മുംബയില്‍ പോയി ഡോണ്‍ ആകാന്‍ ശ്രമിക്കുന്നു എന്ന് ട്രോള്‍ ഇറക്കുന്ന ഈ കാലത്തെ സംബന്ധിച്ച് ഒരു പുതുമയും ഇല്ലായിരിക്കും 'കുമാര്‍' ഗുണ്ട തലവന്‍ ആയ ഈ കഥയുടെ ഒറ്റവരി വിവരണത്തിന്.പക്ഷെ 'പുതുപ്പേട്ടെ' വലിയൊരു സിനിമയായിരുന്നു.തമിഴ് പശ്ചാത്തലത്തില്‍ ,രാഷ്ട്രീയവും അധികാരവും ഏറെ ആശ്രയിക്കുന്ന ,"കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍" എന്ന പതിവില്‍  ഒരു കഥാപാത്രം കൂടി പിറവി എടുക്കുക ആയിരുന്നു."കൊക്കി" കുമാര്‍ ധനുഷ് എന്ന നടന്റെ 'മാസ്റ്റര്‍പ്പീസ്"   തന്നെ ആയിരുന്നു.അയാള്‍ അല്ലാതെ ആ കഥാപാത്രം ആര്‍ക്കാണ് ചെയ്യാന്‍ കഴിയുക?

   ചേരിയിലെ പട്ടിണിയില്‍ നിന്നും വരുന്ന ,ശരീരത്തില്‍ മാംസത്തിന്റെ ആധിക്യം ഇല്ലാത്ത പ്ലസ് ടൂ വിദ്യാര്‍ഥി,അമ്മ കൊല്ലപ്പെട്ടപ്പോള്‍ സ്വന്തം പിതാവില്‍ നിന്നും രക്ഷപ്പെടാന്‍ വീടിറങ്ങി പോകുമ്പോഴും അതിനു ശേഷം ഉള്ള അയാളുടെ പുറം ലോകത്തിലെ ആദ്യ ദിവസങ്ങള്‍ക്കും വിശ്വസനീയത ഉണ്ടായിരുന്നു.ധനുഷിന്റെ രൂപം വലിയ ഒരു ഘടകം ആയിരുന്നു ആ വേഷത്തിന് എന്ന് തന്നെ വേണം പറയാന്‍.കൊക്കി കുമാറിന് എന്നും ഭയം ഉണ്ടായിരുന്നു.തുടക്ക കാലത്തില്‍ അയാളോട് പറയുന്നുണ്ട്,സ്വന്തം ജീവനില്‍ ഭയം ഉള്ളവന് മാത്രമേ മറ്റുള്ളവരുടെ ജീവന്‍ എടുക്കാം കഴിയൂ എന്ന്.ഉള്ളില്‍ ഉള്ള ഭയം ആയിരുന്നു എതിരാളികളെ അവസാനിപ്പിക്കണം എന്ന നിലപാടില്‍ അയാള്‍ എത്തി ചേര്‍ന്നത്‌.സ്വന്തം പിതാവിനോട് പോലും അയാള്‍ ദയ കാണിച്ചില്ല.തന്നെ കൊല്ലാതെ വിട്ടയക്കണം എന്ന് പറയുമ്പോള്‍ മണി പറയുന്നുണ്ട്"നിനക്ക് നിന്റെ മകനെ അറിയാത്തത് കൊണ്ടാണ്.നാളെ വന്നു അവന്‍ കാല്‍ അനക്കി നോക്കും നീ ജീവിച്ചിരുപ്പുണ്ടോ" എന്ന്.സ്വന്തം ജീവനെ രക്ഷിക്കുക എന്നതില്‍ ഉരിതിരിയുന്ന നായക രീതികള്‍ അല്ലാതെ വലിയ രീതിയില്‍ കൊക്കി കുമാറിനെ ഗ്ലോറിഫൈ ചെയ്യാന്‍ ചിത്രത്തില്‍ ശ്രമിച്ചിട്ടില്ല.

  വിശ്വസ്തനായ മണിയുടെ പെങ്ങളെ ആവേശത്താല്‍ അയാള്‍ കല്യാണം കഴിക്കുന്നതോടെ കുമാറിന്റെ ശരിക്കുള്ള സ്വഭാവം പുറത്തു വരുന്നു.വിശ്വസ്തരോടൊപ്പം തന്‍റെ 'Safe zone' ല്‍ ജീവിച്ചിരുന്ന ആളുടെ യഥാര്‍ത്ഥ ഭയം പുറത്തേക്കു വരുന്നു.കൊക്കി കുമാറിന് ധാരാളം അവസരങ്ങള്‍ ഉണ്ട്,രാഷ്ട്രീയത്തിലും ഒരു ഗുണ്ടാ തലവന്‍ എന്ന നിലയിലും.എന്നാല്‍ ഒന്നുണ്ട്.അയാള്‍ യഥാര്‍ത്ഥത്തില്‍ നമ്മള്‍ കണ്ടു ശീലിച്ച സിനിമ നായകന്മാരെ പോലെ അതി ശക്തന്‍ അല്ലായിരുന്നു.ജീവിതത്തിന്റെ തുടക്കത്തില്‍ ഒരിടിക്ക് ഒരാളെ കൊല്ലുന്നത് ഒക്കെ തന്‍റെ നില നില്‍പ്പിനു ആയി വേണ്ടി ചെയ്തത് ആണെങ്കിലും പിന്നീട് അയാള്‍ക്ക്‌ ആ ശക്തി നഷ്ടമായി തീര്‍ന്നിരുന്നു.

  കഥയുടെ മുന്നോട്ടുള്ള ഇടപ്പെടലുകളില്‍ ഈ ഘടകം ആണ് കൂടുതല്‍ ഫോക്കസ് ചെയ്തിരിക്കുന്നത്.അശക്തനായ ഗുണ്ടാ തലവന്‍,എന്നാല്‍ തന്നിലെ ദൌര്‍ബല്യങ്ങള്‍ ഒളിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നു.സിനിമയുടെ അവസാനം അയാള്‍ എത്തേണ്ട സ്ഥലത്ത് എത്തി ചേര്‍ന്നതായി മനസ്സിലാക്കുമെങ്കിലും അമാനുഷികാന്‍ അല്ലാത്ത ഒരു സാധാരണ മനുഷ്യന് വേണ്ട ഭാഗ്യത്തിന്റെ അകമ്പടി ഇവിടെ അയാള്‍ക്ക് ഉണ്ട്.ഇന്ത്യന്‍ രാഷ്ട്രീയം എന്താണ് മുന്നോട്ടു വയ്ക്കുന്നത് എന്നുള്ള ചെറിയ ബോധ്യം ഉണ്ട് ആ സീനില്‍.ഇതില്‍ എല്ലാം ധനുഷ് എന്നാ നടന്‍ 'കൊക്കി' കുമാര്‍ ആയി തന്നെ മാറുക ആയിരുന്നു.പ്രത്യേകിച്ചും അയാളുടെ ആദ്യ രണ്ടു ചിത്രത്തിലെയും കഥാപാത്രങ്ങളുടെ ഒരു സ്വാധീനവും ഇല്ലാതെ കൊക്കി കുമാര്‍.


   വില്ലന്‍ പരിവേഷം ഉള്ള നായകന്‍.എല്ലാവരും പോസിറ്റീവ് ആയ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ ഒരു ഭാഗത്ത്‌ ഇത്തരത്തില്‍ ഉള്ള ചിത്രങ്ങളും ഉണ്ടായിരുന്നു.തമിഴ് സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി അന്നും ഇന്നും തോന്നിയ "പുതുപ്പേട്ട" വലിയ ഒരു വിജയ ചിത്രം ആയില്ല എന്നാണു ഓര്‍മ.ഒരു പക്ഷെ കാലം തെറ്റി വന്ന ചിത്രമായിരിക്കാം.

  വര്‍ഷങ്ങള്‍ക്കു ശേഷം ചെറിയ ഒരു കൌതുകം കാരണം ഒന്നുകൂടി ചിത്രം കണ്ടൂ.ഇന്നത്തെ കാഴ്ചയില്‍ ശരിക്കും അത്ഭുതപ്പെടുത്തി.ഇന്ന് പോലും പുതുമ നല്‍കാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്.കാലം ഏറെ കഴിഞ്ഞിട്ടും വലിയ വ്യത്യസ്തതകള്‍ ഒന്നും തോന്നിയില്ല.ആള്‍ക്കൂട്ടത്തിലെ ഒരാള്‍ ആയിരുന്ന 'വിജയ്‌ സേതുപതി' ഇന്ന് തമിഴിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയിരിക്കുന്നു.അന്നുണ്ടായ അതെ തോന്നല്‍ ആണ് ഇന്നും.തമിഴ് സിനിമയിലെ തന്നെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് 'പുതുപ്പേട്ട'.അതില്‍ വലിയ മാറ്റം ഒന്നും വന്നിട്ടില്ല എന്ന് തോന്നി ഒരു പ്രേക്ഷകന്‍ എന്ന നിലയ്ക്ക്.

കൊക്കി കുമാറിന്റെ ക്ലീഷേകള്‍ നിറഞ്ഞ ഈ gangster ചിത്രം കാണാത്തവര്‍ ഉണ്ടെങ്കില്‍ കാണണം.

യൂടൂബില്‍ ചിത്രം ലഭ്യമാണ്.അല്ലാതെ ഉള്ള ലിങ്ക് എന്റെ ടെലിഗ്രാം ചാനലിലും.

  More movie suggestions @www.movieholicviews.blogspot.ca

Telegram Channel Link: t.me/mhviews