966.Pariyerum Perumal(Tamil,2018)
"NB:സംവരണത്തിലൂടെ സാമൂഹിക നീതി നടപ്പാക്കേണ്ട ആവശ്യം അല്ലാതെ ജാതി ചിന്തകളിലൂടെ ജീവിക്കുന്ന ആളുകളെ മനുഷ്യരായി കണക്കാക്കാന്‍ ഈ കാലഘട്ടത്തില്‍ ശ്രമിക്കാതെ ഇരിക്കുക.ജാതികള്‍ ആണ് സംസ്ക്കാരം എന്ന രീതിയില്‍ നടത്തപ്പെടുന്ന ഓരോ നീക്കങ്ങളും വിദ്യാസമ്പന്നര്‍ ഉള്ള സമൂഹം എതിര്‍ക്കേണ്ടത് ആണ്."
ഇന്ത്യയുടെ പുറത്തു പ്രവാസികള്‍ നേരിടേണ്ടി വരുന്ന ഒരു 'സാധാരണ' ചോദ്യമാണ് "ഇപ്പോഴും ഇന്ത്യയില്‍ ജാതി വ്യവസ്ഥ ഉണ്ടോ?" എന്നത്.പ്രത്യേകിച്ചും യൂറോപ്യന്‍,അമേരിക്കന്‍ രാജ്യങ്ങളില്‍ ഓക്കെ ജീവിക്കുമ്പോള്‍.ഒരു നിമിഷം നമ്മള്‍ സ്വയം ചെറുതായി പോകും ആ ചോദ്യത്തില്‍.ചോദിക്കുന്ന ആള്‍ക്ക് നമ്മളോട് ഉള്ള കാഴ്ചപ്പാട് അതായിരിക്കുമോ എന്ന് ഭയക്കുകയും ചെയ്യും.കേരളത്തില്‍ ജീവിച്ചിരുന്നത് കൊണ്ട് ഇത്തരത്തില്‍ ജാതി വ്യവസ്ഥയുടെ നശിച്ച ഭാരം പേറേണ്ടി വന്നില്ലെങ്കിലും പഠന സമയത്ത് എന്തിനും ഏതിനും ജാതി പറയുന്ന ചില തമിഴന്മാരെ കണ്ടിട്ടുണ്ട്.നമ്മള്‍ അറിഞ്ഞിട്ടുള്ള ജാതി ചിന്തകള്‍ ബ്രാഹ്മണ്യ മേധാവിത്തവും അതിനോട് അനുബന്ധിച്ച് ഉള്ളതാണെങ്കിലും ,തമിഴ്നാട്ടില്‍ ഇത് വേറെ ഒരു രീതിയില്‍ ആണ്.ഓരോ ജാതിയും സ്വയം അവര്‍ ആണ് ഉയര്‍ന്നവര്‍ എന്ന നിലപാട് നിലനിര്‍ത്തി കൊണ്ട് മറ്റുള്ള ജാതികള്‍ക്കു നല്‍കുന്ന അയിത്തം.അത് ജാതി വേര്‍തിരിവുകള്‍ സംവരണത്തിന് ഓക്കെ നിഷ്കര്‍ഷിക്കുന്നത് പോലെ അല്ല.പലപ്പോഴും വടക്കേ ഇന്ത്യന്‍ ജാതി വ്യവസ്ഥകളില്‍ നിന്നും വളരെയേറെ വിഭിന്നം ആണ് ഇത്.പണം ഉള്ള ആര്‍ക്കും അവകാശപ്പെടാം ഉയര്‍ന്ന ജാതിയുടെ അവകാശം.ഇതവര്‍ക്ക് നല്‍കുന്നത് 'ദുരഭിമാന കൊലകള്‍" പോലെയുള്ള മലിനമായ സാമൂഹിക അവസ്ഥകളിലേക്ക് ആണ്.രാഷ്ട്രീയത്തില്‍ പോലും ജാതിയുടെ അതി പ്രസരം ഉള്ളവരുടെ അടുക്കല്‍ നിന്നും എന്ത് പ്രതീക്ഷിക്കാന്‍ ആണ്? ഇത് ആണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ പല ഭാഗത്തും ഉള്ള അവസ്ഥ.ജാതി-രാഷ്ട്രീയത്തിന്‍റെ കളികള്‍!!
പാ.രഞ്ജിത്ത് നിര്‍മാതാവ് ആയി ,മാരി സെല്‍വരാജ് സംവിധാനം ചെയ്ത 'പരിയേറും പെരുമാള്‍' ചര്‍ച്ച ചെയ്യുന്നത് ഇത്തരത്തില്‍ പ്രാദേശിക അടിസ്ഥാനത്തില്‍ നടക്കുന്ന ജാതി വെറിയുടെ കഥയാണ്.അംബേദ്‌കര്‍ വഴിതുറന്ന, സമൂഹത്തില്‍ ഉണ്ടായിരുന്ന/ഉള്ള ഇത്തരം അവസ്ഥയെ പ്രതിനിധീകരിക്കാന്‍ ഉപയോഗിച്ച 'നീല' നിറത്തിന്റെ രാഷ്ട്രീയം മികച്ച രീതിയില്‍ തന്നെ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.'നീലം' productions എന്ന പേരില്‍ തന്നെ പറയാന്‍ ഉദ്ദേശിച്ച രാഷ്ട്രീയത്തിന്‍റെ സൂചനകള്‍ ഉണ്ട്.കഥാപരമായി നോക്കുക ആണെങ്കില്‍ ഒരു സാധാരണ പ്രണയ കഥ തന്നെ ആണ് ഇവിടെയും പ്രമേയം.
എന്നാല്‍,സമൂഹത്തില്‍ ഉയര്‍ന്നു വരാന്‍ ആഗ്രഹം ഉള്ള ഒരു വിഭാഗത്തെ ചിത്രം പ്രതിനിധീകരിക്കുന്നുണ്ട്.കതിര്‍ അവതരിപ്പിച്ച നായക കഥാപാത്രം പല തരത്തില്‍ ഒരു ലാര്‍വയില്‍ നിന്നും ചിത്രശലഭം ആയി മാറുന്നത് കാണാന്‍ കഴിയും.അത് പോലെ ലോ കോളേജിന്റെ പ്രിന്‍സിപ്പല്‍ ആയ വ്യക്തി ,അദ്ദേഹത്തിന്റെ കഥ പറയുന്ന ഭാഗം ഒക്കെ ഒരു സാധാരണ തമിഴ് ചിത്രത്തില്‍ നിന്നും വിഭിന്നം ആണ്.എന്ത് കൊണ്ടാണ് ഇങ്ങനെ തോന്നിയത് എന്ന് പറയാം.ഈ ഒരു തീമിന് വയലന്‍സിന്റെ അതി പ്രസരമുള്ള ഒരു ചിത്രമായി മാറാന്‍ ഉള്ള പശ്ചാത്തലം ഉണ്ടായിരുന്നു.പക്ഷേ അതിനു പകരം പക്വമായ സമീപനങ്ങളിലൂടെ 'വലിയ ജാതി' ക്കാര്‍ എന്ന് അഹങ്കരിക്കുന്ന മനുഷ്യര്‍ക്ക് ഏറ്റവും ഭംഗിയായി തന്നെ അവരുടെ ജീവിതത്തിലെ നിലപാടുകള്‍ കൊണ്ട് മറുപടി നല്‍കാന്‍ കഴിയുന്നുണ്ടായിരുന്നു.വാളരെ പക്വമായ സിനിമ സമീപനം ആയിരുന്നു ഇത്.ശ്രദ്ധിക്കപ്പെടേണ്ട കാര്യങ്ങളിലേക്ക് തന്നെ വ്യക്തമായ വെളിച്ചം വിതറിയിട്ടുണ്ട് 'പരിയേറും പെരുമാളിന്റെ' കഥയിലൂടെ.
ദുരഭിമാനം കാരണം സ്വന്തം പിതാവിനെ പോലും മാറ്റി പറയേണ്ട അവസ്ഥ വരുന്ന ജീവിതം.എന്ത് മാത്രം മോശമായ അവസ്ഥ ആയിരിക്കും ആ അവസരത്തില്‍ ഉണ്ടായിരിക്കുക?മനസ്സില്‍ നിറഞ്ഞു നില്‍ക്കും ആ കഥാപാത്രം.സ്വന്തം ജീവിതം തന്നെ കുറഞ്ഞതാണ് എന്ന ബോധത്തില്‍ ജീവിക്കുന്ന ഒരാള്‍.അയാളെ ആ അവസ്ഥയില്‍ കൊണ്ടെത്തിച്ച സമൂഹം.യഥാര്‍ത്ഥ ജീവിതത്തില്‍ ഇത്തരം മനുഷ്യരെ കാണാന്‍ കഴിയും.'കറുപ്പി' എന്ന നായയ്ക്ക് പോലും ചിത്രത്തില്‍ വ്യക്തമായ സ്ഥാനമുണ്ട് ഇത്തരത്തില്‍.അത് പോലെ ആണ് ചിത്രത്തിലെ ഗാനങ്ങള്‍."നാന്‍ യാര്‍','കറുപ്പി' തുടങ്ങിയ ഗാനങ്ങളുടെ വരികളില്‍ വ്യക്തമാക്കിയിട്ടുണ്ട് സിനിമയുടെ മൊത്തത്തില്‍ ഉള്ള പ്രാധാന്യത്തെ.സ്വയം ആരാണെന്ന് അറിയാതെ ജീവിക്കാന്‍ നിര്‍ബന്ധിതര്‍ ആക്കിയ മനുഷ്യര്‍.എല്ലാവരിലും ശരീരത്തിലൂടെ ഓടുന്ന ചോരയ്ക്കപ്പുറം വ്യത്യാസം ഒന്നും ഇല്ല എന്ന് മനസ്സിലാക്കിയാല്‍ തീരാവുന്ന വ്യത്യാസമേ ഇപ്പോള്‍ ഉള്ളൂ എന്ന് കരുതുന്നു.എന്നാല്‍ പ്രശ്നം,ഈ കാര്യം മനസ്സിലാക്കാന്‍ ആരും ശ്രമിക്കുന്നില്ല എന്നതാണ്.
ഈ സിനിമയെ വരികളിലൂടെ അവതരിപ്പിക്കുമ്പോള്‍, ഒരിക്കലും മേല്‍പ്പറഞ്ഞ രാഷ്ട്രീയം ഒന്നും മറച്ചു എഴുതിയാല്‍ ഈ ചിത്രത്തിന് തന്നെ പ്രസക്തി ഇല്ലാതെ ആകും.ചിത്രത്തില്‍ ഉള്ള 'പരമ്പര' കൊലയാളി എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന കഥാപാത്രമാണ് ഇത് വരെ കണ്ട ചിത്രങ്ങളിലെ ഏറ്റവും ഭയപ്പെടുത്തുന്ന കൊലയാളി കഥാപാത്രം ആയി തോന്നിയത്.പ്രത്യേകിച്ചും ആദ്യത്തെ ആ കൊലപാതകം.അതിന്റെ ഭീകരത.അത് എന്തിനു വേണ്ടി ആണെന്ന് കഥ വികസിക്കുമ്പോള്‍ മനസ്സിലാകുമ്പോള്‍ ഒരു തരം മരവിപ്പ് ആണ് ഉണ്ടാവുക.'Sairat' ലെ ദുരഭിമാന കൊല ഒക്കെ ഒരു ഷോക്ക് ആയി മാറിയപ്പോള്‍,ആ വഴിയില്‍ നിന്നും ചെറിയൊരു diversion എടുക്കുകയും ,ജാതിയുടെ പേരില്‍ അഹങ്കരിക്കുന്ന വ്യക്തികള്‍ക്ക് മേല്‍ നേടിയ മാനസികമായ ഒരു വിജയം ആയിരുന്നു പരിയേറും പെരുമാളിന് ഉണ്ടായത്.കതിര്‍ നല്ലൊരു നടന്‍ ആണ്.നല്ല വേഷങ്ങള്‍ ചെയ്യാന്‍ കഴിവുള്ള നടന്‍.
ചിത്രം കാണാത്തവര്‍ കാണാന്‍ ശ്രമിക്കുക.ഇത്തരം ഒരു വിഷയത്തെ പക്വമായ രീതിയില്‍ അവതരിപ്പിച്ച ഒരു ചിത്രം എന്ന രീതിയില്‍ ഉള്ള കാഴ്ച തന്നെ ആണ് ആവശ്യം.അല്ലാതെ ഒരു റൊമാന്റിക് ചിത്രം ഒക്കെ പ്രതീക്ഷിച്ചു പോയാല്‍ നിരാശ ആകും ഉണ്ടാവുക.മനുഷ്യനെ മനുഷ്യനായി കാണാന്‍ സാധിക്കുന്ന,ജാതിയുടെ അതിര്‍വരമ്പുകള്‍ പൊട്ടിച്ചു എറിയുന്ന ഒരു നല്ല നാളെയ്ക്കായി പ്രതീക്ഷിക്കുന്നതിനോടൊപ്പം,ഇപ്പോഴത്തെ തലമുറയിലും ജാതിയുടെ വിഷ വിത്തുകള്‍ പാകാതെ ഇരിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ!!
More movie suggestions @www.movieholicviews.blogspot.ca
No comments:
Post a Comment