Saturday, 3 November 2018

965.Pudhupettai(Tamil,2006)



965.Pudhupettai(Tamil,2006)

        യുവന്‍ ശങ്കര്‍ രാജയുടെ   "എങ്ക ഏരിയ ഉള്ള വരാതെ" പാട്ടും,ധനുഷ്,സെല്‍വ രാഘവന്‍..ഇതെല്ലാം വലിയ ഘടകങ്ങള്‍ ആയിരുന്നു അന്ന് റിലീസ് ദിവസം 21 തികഞ്ഞ ഒരു പ്രേക്ഷകന് തിയറ്ററില്‍ പോയി സിനിമ കാണാന്‍.മാര്‍ത്താണ്ഡം,ആനന്ദ്‌ തിയറ്ററില്‍ ആയിരുന്നു റിലീസ് എന്നാണു ഓര്മ.ബര്‍ത്ത്ഡേ ആയതു കൊണ്ട് കൂട്ടുകാരന്‍ കണ്ണനെയും കൂട്ടി ആണ് സിനിമയ്ക്ക് പോയത്.പാട്ടുകള്‍ എല്ലാം ഇഷ്ടപ്പെട്ടു,യുവന്റെ വലിയ ഫാന്‍ എന്നതിനോടൊപ്പം,സെല്‍വ-ധനുഷ് കൂട്ടുക്കെട്ടിലെ സിനിമകളുടെ വലിയ ആരാധകനും ആയിരുന്നു ആ സമയം.സ്ഥിരം ക്ലീഷേ സിനിമകളില്‍ നിന്നും വിഭിന്നമായി വന്ന തുള്ളുവതോ ഇളമൈ,കാതല്‍ കൊണ്ടേന്‍,രവിയും ആയി വന്ന 7 G റെയിന്‍ബോ കോളനി ഒക്കെ സെല്‍വയെ  പ്രിയപ്പെട്ട സംവിധായകന്‍ ആക്കി മാറ്റിയിരുന്നു.സ്ഥിരം രക്ഷകന്‍ സിനിമകള്‍ വന്നിരുന്ന സമയത്തെ വ്യത്യസ്തത ആയിരുന്നു ഈ സിനിമകള്‍ ഒക്കെ.

   എന്തായാലും നീള കൂടുതല്‍ ഉണ്ടായിരുന്നെങ്കിലും ഒട്ടും ബോര്‍ അടിപ്പിക്കാതെ 'പുതുപ്പേട്ടെ" അവസാനിച്ചു.വീട്ടില്‍ ചോറിന്റെ കൂടെ ചിക്കന്‍ ഇല്ലാത്തതു കൊണ്ട് സൈക്കിളില്‍ മുംബയില്‍ പോയി ഡോണ്‍ ആകാന്‍ ശ്രമിക്കുന്നു എന്ന് ട്രോള്‍ ഇറക്കുന്ന ഈ കാലത്തെ സംബന്ധിച്ച് ഒരു പുതുമയും ഇല്ലായിരിക്കും 'കുമാര്‍' ഗുണ്ട തലവന്‍ ആയ ഈ കഥയുടെ ഒറ്റവരി വിവരണത്തിന്.പക്ഷെ 'പുതുപ്പേട്ടെ' വലിയൊരു സിനിമയായിരുന്നു.തമിഴ് പശ്ചാത്തലത്തില്‍ ,രാഷ്ട്രീയവും അധികാരവും ഏറെ ആശ്രയിക്കുന്ന ,"കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍" എന്ന പതിവില്‍  ഒരു കഥാപാത്രം കൂടി പിറവി എടുക്കുക ആയിരുന്നു."കൊക്കി" കുമാര്‍ ധനുഷ് എന്ന നടന്റെ 'മാസ്റ്റര്‍പ്പീസ്"   തന്നെ ആയിരുന്നു.അയാള്‍ അല്ലാതെ ആ കഥാപാത്രം ആര്‍ക്കാണ് ചെയ്യാന്‍ കഴിയുക?

   ചേരിയിലെ പട്ടിണിയില്‍ നിന്നും വരുന്ന ,ശരീരത്തില്‍ മാംസത്തിന്റെ ആധിക്യം ഇല്ലാത്ത പ്ലസ് ടൂ വിദ്യാര്‍ഥി,അമ്മ കൊല്ലപ്പെട്ടപ്പോള്‍ സ്വന്തം പിതാവില്‍ നിന്നും രക്ഷപ്പെടാന്‍ വീടിറങ്ങി പോകുമ്പോഴും അതിനു ശേഷം ഉള്ള അയാളുടെ പുറം ലോകത്തിലെ ആദ്യ ദിവസങ്ങള്‍ക്കും വിശ്വസനീയത ഉണ്ടായിരുന്നു.ധനുഷിന്റെ രൂപം വലിയ ഒരു ഘടകം ആയിരുന്നു ആ വേഷത്തിന് എന്ന് തന്നെ വേണം പറയാന്‍.കൊക്കി കുമാറിന് എന്നും ഭയം ഉണ്ടായിരുന്നു.തുടക്ക കാലത്തില്‍ അയാളോട് പറയുന്നുണ്ട്,സ്വന്തം ജീവനില്‍ ഭയം ഉള്ളവന് മാത്രമേ മറ്റുള്ളവരുടെ ജീവന്‍ എടുക്കാം കഴിയൂ എന്ന്.ഉള്ളില്‍ ഉള്ള ഭയം ആയിരുന്നു എതിരാളികളെ അവസാനിപ്പിക്കണം എന്ന നിലപാടില്‍ അയാള്‍ എത്തി ചേര്‍ന്നത്‌.സ്വന്തം പിതാവിനോട് പോലും അയാള്‍ ദയ കാണിച്ചില്ല.തന്നെ കൊല്ലാതെ വിട്ടയക്കണം എന്ന് പറയുമ്പോള്‍ മണി പറയുന്നുണ്ട്"നിനക്ക് നിന്റെ മകനെ അറിയാത്തത് കൊണ്ടാണ്.നാളെ വന്നു അവന്‍ കാല്‍ അനക്കി നോക്കും നീ ജീവിച്ചിരുപ്പുണ്ടോ" എന്ന്.സ്വന്തം ജീവനെ രക്ഷിക്കുക എന്നതില്‍ ഉരിതിരിയുന്ന നായക രീതികള്‍ അല്ലാതെ വലിയ രീതിയില്‍ കൊക്കി കുമാറിനെ ഗ്ലോറിഫൈ ചെയ്യാന്‍ ചിത്രത്തില്‍ ശ്രമിച്ചിട്ടില്ല.

  വിശ്വസ്തനായ മണിയുടെ പെങ്ങളെ ആവേശത്താല്‍ അയാള്‍ കല്യാണം കഴിക്കുന്നതോടെ കുമാറിന്റെ ശരിക്കുള്ള സ്വഭാവം പുറത്തു വരുന്നു.വിശ്വസ്തരോടൊപ്പം തന്‍റെ 'Safe zone' ല്‍ ജീവിച്ചിരുന്ന ആളുടെ യഥാര്‍ത്ഥ ഭയം പുറത്തേക്കു വരുന്നു.കൊക്കി കുമാറിന് ധാരാളം അവസരങ്ങള്‍ ഉണ്ട്,രാഷ്ട്രീയത്തിലും ഒരു ഗുണ്ടാ തലവന്‍ എന്ന നിലയിലും.എന്നാല്‍ ഒന്നുണ്ട്.അയാള്‍ യഥാര്‍ത്ഥത്തില്‍ നമ്മള്‍ കണ്ടു ശീലിച്ച സിനിമ നായകന്മാരെ പോലെ അതി ശക്തന്‍ അല്ലായിരുന്നു.ജീവിതത്തിന്റെ തുടക്കത്തില്‍ ഒരിടിക്ക് ഒരാളെ കൊല്ലുന്നത് ഒക്കെ തന്‍റെ നില നില്‍പ്പിനു ആയി വേണ്ടി ചെയ്തത് ആണെങ്കിലും പിന്നീട് അയാള്‍ക്ക്‌ ആ ശക്തി നഷ്ടമായി തീര്‍ന്നിരുന്നു.

  കഥയുടെ മുന്നോട്ടുള്ള ഇടപ്പെടലുകളില്‍ ഈ ഘടകം ആണ് കൂടുതല്‍ ഫോക്കസ് ചെയ്തിരിക്കുന്നത്.അശക്തനായ ഗുണ്ടാ തലവന്‍,എന്നാല്‍ തന്നിലെ ദൌര്‍ബല്യങ്ങള്‍ ഒളിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നു.സിനിമയുടെ അവസാനം അയാള്‍ എത്തേണ്ട സ്ഥലത്ത് എത്തി ചേര്‍ന്നതായി മനസ്സിലാക്കുമെങ്കിലും അമാനുഷികാന്‍ അല്ലാത്ത ഒരു സാധാരണ മനുഷ്യന് വേണ്ട ഭാഗ്യത്തിന്റെ അകമ്പടി ഇവിടെ അയാള്‍ക്ക് ഉണ്ട്.ഇന്ത്യന്‍ രാഷ്ട്രീയം എന്താണ് മുന്നോട്ടു വയ്ക്കുന്നത് എന്നുള്ള ചെറിയ ബോധ്യം ഉണ്ട് ആ സീനില്‍.ഇതില്‍ എല്ലാം ധനുഷ് എന്നാ നടന്‍ 'കൊക്കി' കുമാര്‍ ആയി തന്നെ മാറുക ആയിരുന്നു.പ്രത്യേകിച്ചും അയാളുടെ ആദ്യ രണ്ടു ചിത്രത്തിലെയും കഥാപാത്രങ്ങളുടെ ഒരു സ്വാധീനവും ഇല്ലാതെ കൊക്കി കുമാര്‍.


   വില്ലന്‍ പരിവേഷം ഉള്ള നായകന്‍.എല്ലാവരും പോസിറ്റീവ് ആയ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ ഒരു ഭാഗത്ത്‌ ഇത്തരത്തില്‍ ഉള്ള ചിത്രങ്ങളും ഉണ്ടായിരുന്നു.തമിഴ് സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി അന്നും ഇന്നും തോന്നിയ "പുതുപ്പേട്ട" വലിയ ഒരു വിജയ ചിത്രം ആയില്ല എന്നാണു ഓര്‍മ.ഒരു പക്ഷെ കാലം തെറ്റി വന്ന ചിത്രമായിരിക്കാം.

  വര്‍ഷങ്ങള്‍ക്കു ശേഷം ചെറിയ ഒരു കൌതുകം കാരണം ഒന്നുകൂടി ചിത്രം കണ്ടൂ.ഇന്നത്തെ കാഴ്ചയില്‍ ശരിക്കും അത്ഭുതപ്പെടുത്തി.ഇന്ന് പോലും പുതുമ നല്‍കാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്.കാലം ഏറെ കഴിഞ്ഞിട്ടും വലിയ വ്യത്യസ്തതകള്‍ ഒന്നും തോന്നിയില്ല.ആള്‍ക്കൂട്ടത്തിലെ ഒരാള്‍ ആയിരുന്ന 'വിജയ്‌ സേതുപതി' ഇന്ന് തമിഴിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയിരിക്കുന്നു.അന്നുണ്ടായ അതെ തോന്നല്‍ ആണ് ഇന്നും.തമിഴ് സിനിമയിലെ തന്നെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് 'പുതുപ്പേട്ട'.അതില്‍ വലിയ മാറ്റം ഒന്നും വന്നിട്ടില്ല എന്ന് തോന്നി ഒരു പ്രേക്ഷകന്‍ എന്ന നിലയ്ക്ക്.

കൊക്കി കുമാറിന്റെ ക്ലീഷേകള്‍ നിറഞ്ഞ ഈ gangster ചിത്രം കാണാത്തവര്‍ ഉണ്ടെങ്കില്‍ കാണണം.

യൂടൂബില്‍ ചിത്രം ലഭ്യമാണ്.അല്ലാതെ ഉള്ള ലിങ്ക് എന്റെ ടെലിഗ്രാം ചാനലിലും.

  More movie suggestions @www.movieholicviews.blogspot.ca

Telegram Channel Link: t.me/mhviews

No comments:

Post a Comment