Monday, 12 November 2018

968.I Saw the Devil(Korean,2010)



968.I Saw the Devil(Korean,2010)
        Thriller,Drama

             അയാള്‍ കൊല്ലുന്നതിന്റെ കാരണം പ്രേക്ഷകന്‍ മനസ്സിലാകുമ്പോള്‍ ആണ് ഒരു തരം മരവിപ്പ് ഉണ്ടാകുന്നത്.വെറുതെ ഒരു മന:സുഖത്തിനു ആളുകളെ കൊല്ലുക .അതും പല പ്രായത്തില്‍ ഉള്ള ഭൂരിഭാഗവും സ്ത്രീകള്‍ ആയിരുന്നു അയാളുടെ ഇര.ഇതേ മാനസികാവസ്ഥ ഉള്ള ഒരു സുഹൃത്തും അയാള്‍ക്ക് ഉണ്ടെങ്കിലോ?

   'I Saw the Devil".കൊറിയന്‍ സിനിമകളില്‍ ഈ ഴോന്രെയില്‍ ഉള്ള മാസ്റ്റര്‍പ്പീസ് എന്ന് വിളിക്കാവുന്ന ചിത്രം.പ്രതികാരം എന്ത് മാത്രം ക്രൂരം ആകും എന്ന് കാണണം എന്നുണ്ടെങ്കില്‍ ഈ ചിത്രത്തില്‍ അത്തരത്തില്‍ ഒന്നുണ്ട്.സ്വന്തം സുഖങ്ങള്‍ക്കായി ഇരകളെ തേടി ഏറ്റവും ക്രൂരമായ രീതിയില്‍ കൊന്നിരുന്ന ആള്‍ ഒരിക്കല്‍ തന്‍റെ ഇരയായി വന്നത് മുന്‍ പോലീസ് ചീഫിന്റെ മകളും,രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍റെ ഭാവി വധുവിനെ ആയിരുന്നു.അവിടെ തുടങ്ങുന്നു "I Saw the Devil' ന്‍റെ കഥ.

ഒരു പക്ഷെ ചിത്രത്തിലെ ക്രൂരനായ സൈക്കോ കൊലയാളി ആയ ക്യുംഗ്-ചുള്‍ ആയിരിക്കും ചെകുത്താന്‍ എന്ന് തുടക്കത്തില്‍ കരുതി പോകും.എന്നാല്‍ സിനിമ കാണുമ്പോള്‍ മനസ്സിലാകുന്ന ഒന്നുണ്ട്.ചെകുത്താന്‍ ശരിക്കും അയാള്‍ അല്ലായിരുന്നു.അയാളുടെ ക്രൂരതകള്‍ കാരണം ,അയാള്‍ തന്നെ ചെകുത്താനെ നേരില്‍ കാണുക ആണ് കിം-സൂവിന്റെ രൂപത്തില്‍.പ്രതികാരത്തിന്റെ അങ്ങേ അറ്റം എന്ന് പറയാവുന്ന കാര്യങ്ങള്‍.

    ഒറ്റയടിക്ക് കൊല്ലാവുന്ന അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടു കൂടി പുറകെ പോയി പോയി...'I Saw the Devil' കൊറിയന്‍ സിനിമയുടെ ഇരുണ്ട മുഖത്തിന്‍റെ പ്രതിനിധി ആയി 'Memories of Murder' ന്‍റെ ഒപ്പം കണക്കാക്കാന്‍ തുടങ്ങിയിട്ട് കുറച്ചു വര്‍ഷങ്ങളായി.കൊറിയന്‍ സിനിമ കണ്ടു തുടങ്ങുന്നവരുടെ ആദ്യ സിനിമ.വര്‍ഷങ്ങള്‍ക്കു ശേഷം ഒന്ന് കൂടി കണ്ടപ്പോള്‍ ഇപ്പോഴും ആ ഴോന്രെയില്‍ ഇത്ര പുതുമയോടെ തന്നെ ഈ ചിത്രം നില്‍ക്കുന്നത് കണ്ടപ്പോള്‍ അത്ഭുതം തോന്നി.'ചോയി-മിന്‍-സിക്ക്' അവതരിപ്പിച്ച സീരിയല്‍ കില്ലര്‍ ഒക്കെ ഈ വിഭാഗത്തിലെ പാഠപുസ്തകം ആയിട്ടുണ്ടാകും ഇപ്പോഴും.അദ്ദേഹം അനായാസമായി ആണ് ആ വേഷം അവതരിപ്പിച്ചിരിക്കുന്നതെന്ന് തോന്നും.അത്രയേറെ എളുപ്പത്തില്‍ മനസ്സില്‍ ഭീതിയുടെ മുഖമായി അയാള്‍ മാറും.

  കോമിക് ബുക്കുകളില്‍ ഒക്കെ കാണാറുള്ള പോലെ തോന്നും കൊലപാതകങ്ങള്‍ ഓക്കെ.പലപ്പോഴും അതൊക്കെ അയാളുടെ സാധാരണ ഒരു ദിവസം പോലെ ആണ് തോന്നുക.അയാള്‍ അതില്‍ സന്തോഷം കണ്ടെത്തുന്നു.അയാള്‍ ഇരകളെ തിരഞ്ഞെടുക്കുന്നത് അവരുടെ നിസഹായ അവസ്ഥയെ മുതലെടുത്ത്‌ കൊണ്ടാണെന്ന് കാണാന്‍ സാധിക്കും.അതിനു ശേഷം ആണ് ക്രൂരമായ രീതിയില്‍ കൊല്ലപ്പെടുതുന്നത്.എന്താണെന്ന് അറിയില്ല,ഇത്തരത്തില്‍ ഉള്ള കഥാപാത്ര സൃഷ്ടി സിനിമയുടെ മികവിന്റെ ഉദാഹരണം ആണ്.'കിം-ജീ-വുന്‍' കൊറിയന്‍ സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളായി മാറിയത് സൂക്ഷ്മമായി അവതരിപ്പിച്ച ഇത്തരം കഥാപാത്രങ്ങള്‍ കാരണം ആകും.

   ചിത്രം കാണാത്തവര്‍ ആയി അധികം ആളുകള്‍ ഉണ്ടാകില്ല.എന്നാലും കാണാത്തവര്‍ ഉണ്ടെങ്കില്‍ കാണണം ഒരിക്കല്‍ എങ്കിലും ഈ ചിത്രം.!!


ചിത്രം എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്..

More movie suggestions @www.movieholicviews.blogspot.ca

Telegram Channel Link: t.me/mhviews

Sunday, 11 November 2018

967.Searching(English,2018)



967.Searching(English,2018)
       Mystery,Thriller.

    ശ്വാസം അടക്കിപ്പിടിച്ചു കണ്ടു കൊണ്ടിരുന്ന സിനിമ കഴിയുമ്പോള്‍ സംവിധായകന്റെ പേര് കാണുമ്പോള്‍ 'Aneesh Changanty'.അനീഷ്‌,എങ്ങാനും മലയാളി ആണോ എന്ന് നോക്കുക ആയിരുന്നു ആദ്യം ചെയ്തത്.ആന്ധ്ര വേരുകള്‍ ഉള്ള അമേരിക്കന്‍-ഇന്ത്യന്‍ ആണെന്ന് മനസ്സിലാക്കി പിന്നീട്.ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു ത്രില്ലര്‍ അവാതരിപ്പിച്ച സംവിധായകന്‍ ശരിക്കും ഞെട്ടിച്ചു എന്ന് വേണം പറയാന്‍.2014 ല്‍ റിലീസ് ചെയ്ത 'Unfriended' ഇത്തരത്തില്‍ ഉള്ള ഒരു ചിത്രമായിരുന്നു.ഒരു കമ്പ്യൂട്ടര്‍ സ്ക്രീനില്‍,വീഡിയോ ചാറ്റിലൂടെ ഒക്കെ കഥ അവതരിപ്പിച്ചു എന്നാണു ഓര്‍മ.

  എന്നാല്‍ 'Searching' അവതരണത്തില്‍ ഒരു പടി കൂടി കടന്ന്,ഒരു കുടുംബത്തിന്റെ ജീവിത കഥ Operating System,അതാതു കാലത്ത് സോഷ്യല്‍ മീഡിയ,മെയില്‍ ബോക്സുകള്‍ എന്ന് വേണ്ട, സാധ്യമായ ടെക്നോളജിയിലൂടെ തന്നെ കാലഘട്ടങ്ങളെ രേഖപ്പെടുത്തിയിട്ടുണ്ട്.വളരെ മികച്ച രീതിയില്‍ തന്നെ,വ്യക്തമായി കമ്പ്യൂട്ടറുകള്‍ മനുഷ്യ ജീവിതത്തെ എങ്ങനെ എല്ലാം സ്വാധീനിക്കുന്നു എന്നുള്ള വ്യക്തമായ സൂചനകളോടെ തന്നെ.'ജോണ്‍ ചോ' അവതരിപ്പിച്ച പിതാവിന്റെ കഥാപാത്രം, ദുരൂഹമായ രീതിയില്‍ കാണാതെ പോയ സ്വന്തം മകളെ അന്വേഷിച്ചു ഇറങ്ങുന്നതാണ് ചിത്രത്തിന്റെ പ്രമേയം.ഒരു പക്ഷെ സാധാരണ രീതിയില്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ പ്രത്യേകതകള്‍ ഒന്നും ഇല്ലാതെ ആകുമായിരുന്ന ചിത്രം ആണ് 'Searching'.

   എന്നാല്‍ കമ്പ്യൂട്ടര്‍,മൊബൈല്‍ സ്ക്രീനുകളിലൂടെ അവതരിപ്പിക്കപ്പെട്ട സംഭവങ്ങള്‍ ചിത്രത്തിന്റെ മുഖം തന്നെ മാറ്റി മറിച്ചു എന്ന് വേണം പറയാന്‍.ഏറ്റവും Innovative ആയ ഒരു രീതി ആയിരുന്നു ഇത്.കാരണം സ്ക്രീനിലൂടെ കാര്യങ്ങള്‍ വായിച്ചും വീഡിയോ കോള്‍,ഫോണ്‍ സന്ദേശങ്ങള്‍ എന്നിവയിലൂടെ ഓക്കെ ആയിരുന്നു പ്രേക്ഷകന് സിനിമയും ഉദ്വേഗം നിറഞ്ഞ നിമിഷങ്ങളും സമ്മാനിച്ചത്‌.

   സിനിമയുടെ കഥ ഇങ്ങനെ അവതരിപ്പിച്ചത് മാത്രം അല്ലാതെ,ഈ കാലഘട്ടത്തില്‍ ബന്ധങ്ങള്‍ കുറച്ചു device കളിലേക്ക് ഒതുങ്ങി പോകുന്നതിന്‍റെ പ്രശ്നങ്ങളും അവതരിപ്പിച്ചിട്ടും ഉണ്ട്.പ്രത്യേകിച്ചും മകള്‍ ഏറെ മാസങ്ങളായി പോയിരുന്നു എന്ന് പറഞ്ഞ ക്ലാസില്‍ അവള്‍ പോകുന്നില്ലായിരുന്നു എന്നുള്ള ഭാഗങ്ങള്‍ ഓക്കെ കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നു.ഞാനുള്‍പ്പടെ ഉള്ള പലരും ഇത് പോലെ ഓക്കെ ആണെന്ന് തോന്നുകയും ചെറിയ ഒരു ചമ്മലോടെ ആണെങ്കിലും ശ്രദ്ധിക്കപ്പെടേണ്ട,എന്നാല്‍ അധികം പ്രാധാന്യം കൊടുക്കാത്ത ഒരു സത്യം ഓര്‍മപ്പെടുത്തിയത് പോലെ തോന്നി.

  കാണാത്തവര്‍ ഉണ്ടെങ്കില്‍ കാണുക!!വളരെ നല്ല രീതിയില്‍ അവതരിപ്പിച്ച ചിത്രം എന്നതിലുപരി മികച്ച ഒരു മിസ്റ്ററി/ത്രില്ലറും ആണ്.

ചിത്രത്തിന്റെ ലിങ്ക് എന്‍റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

More movie suggestions @www.movieholicviews.blogspot.ca

Telegram Channel: t.me/mhviews

966.Pariyerum Perumal(Tamil,2018)


966.Pariyerum Perumal(Tamil,2018)


"NB:സംവരണത്തിലൂടെ സാമൂഹിക നീതി നടപ്പാക്കേണ്ട  ആവശ്യം അല്ലാതെ ജാതി ചിന്തകളിലൂടെ ജീവിക്കുന്ന ആളുകളെ മനുഷ്യരായി കണക്കാക്കാന്‍ ഈ കാലഘട്ടത്തില്‍ ശ്രമിക്കാതെ ഇരിക്കുക.ജാതികള്‍ ആണ് സംസ്ക്കാരം എന്ന രീതിയില്‍ നടത്തപ്പെടുന്ന ഓരോ നീക്കങ്ങളും വിദ്യാസമ്പന്നര്‍ ഉള്ള സമൂഹം എതിര്‍ക്കേണ്ടത് ആണ്."



          ഇന്ത്യയുടെ പുറത്തു പ്രവാസികള്‍ നേരിടേണ്ടി വരുന്ന ഒരു 'സാധാരണ' ചോദ്യമാണ് "ഇപ്പോഴും ഇന്ത്യയില്‍ ജാതി വ്യവസ്ഥ ഉണ്ടോ?" എന്നത്.പ്രത്യേകിച്ചും യൂറോപ്യന്‍,അമേരിക്കന്‍ രാജ്യങ്ങളില്‍ ഓക്കെ ജീവിക്കുമ്പോള്‍.ഒരു നിമിഷം നമ്മള്‍ സ്വയം ചെറുതായി പോകും ആ ചോദ്യത്തില്‍.ചോദിക്കുന്ന ആള്‍ക്ക് നമ്മളോട് ഉള്ള കാഴ്ചപ്പാട് അതായിരിക്കുമോ എന്ന് ഭയക്കുകയും ചെയ്യും.കേരളത്തില്‍ ജീവിച്ചിരുന്നത് കൊണ്ട് ഇത്തരത്തില്‍ ജാതി വ്യവസ്ഥയുടെ നശിച്ച ഭാരം പേറേണ്ടി വന്നില്ലെങ്കിലും പഠന സമയത്ത് എന്തിനും ഏതിനും ജാതി പറയുന്ന ചില തമിഴന്മാരെ കണ്ടിട്ടുണ്ട്.നമ്മള്‍ അറിഞ്ഞിട്ടുള്ള ജാതി ചിന്തകള്‍ ബ്രാഹ്മണ്യ മേധാവിത്തവും അതിനോട് അനുബന്ധിച്ച് ഉള്ളതാണെങ്കിലും ,തമിഴ്നാട്ടില്‍ ഇത് വേറെ ഒരു രീതിയില്‍ ആണ്.ഓരോ ജാതിയും സ്വയം അവര്‍ ആണ് ഉയര്‍ന്നവര്‍ എന്ന നിലപാട് നിലനിര്‍ത്തി കൊണ്ട് മറ്റുള്ള ജാതികള്‍ക്കു നല്‍കുന്ന അയിത്തം.അത് ജാതി വേര്‍തിരിവുകള്‍ സംവരണത്തിന് ഓക്കെ നിഷ്കര്‍ഷിക്കുന്നത് പോലെ അല്ല.പലപ്പോഴും വടക്കേ ഇന്ത്യന്‍ ജാതി വ്യവസ്ഥകളില്‍ നിന്നും വളരെയേറെ വിഭിന്നം ആണ് ഇത്.പണം ഉള്ള ആര്‍ക്കും അവകാശപ്പെടാം ഉയര്‍ന്ന ജാതിയുടെ അവകാശം.ഇതവര്‍ക്ക് നല്‍കുന്നത് 'ദുരഭിമാന കൊലകള്‍" പോലെയുള്ള മലിനമായ സാമൂഹിക അവസ്ഥകളിലേക്ക് ആണ്.രാഷ്ട്രീയത്തില്‍ പോലും ജാതിയുടെ അതി പ്രസരം ഉള്ളവരുടെ അടുക്കല്‍ നിന്നും എന്ത് പ്രതീക്ഷിക്കാന്‍ ആണ്? ഇത് ആണ് യഥാര്‍ത്ഥത്തില്‍  ഇന്ത്യയുടെ പല ഭാഗത്തും ഉള്ള അവസ്ഥ.ജാതി-രാഷ്ട്രീയത്തിന്‍റെ കളികള്‍!!

   പാ.രഞ്ജിത്ത് നിര്‍മാതാവ് ആയി ,മാരി സെല്‍വരാജ് സംവിധാനം ചെയ്ത 'പരിയേറും പെരുമാള്‍' ചര്‍ച്ച ചെയ്യുന്നത് ഇത്തരത്തില്‍ പ്രാദേശിക അടിസ്ഥാനത്തില്‍ നടക്കുന്ന ജാതി വെറിയുടെ കഥയാണ്.അംബേദ്‌കര്‍ വഴിതുറന്ന, സമൂഹത്തില്‍ ഉണ്ടായിരുന്ന/ഉള്ള ഇത്തരം അവസ്ഥയെ പ്രതിനിധീകരിക്കാന്‍ ഉപയോഗിച്ച 'നീല' നിറത്തിന്റെ രാഷ്ട്രീയം മികച്ച രീതിയില്‍ തന്നെ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.'നീലം' productions എന്ന പേരില്‍ തന്നെ പറയാന്‍ ഉദ്ദേശിച്ച രാഷ്ട്രീയത്തിന്‍റെ സൂചനകള്‍ ഉണ്ട്.കഥാപരമായി നോക്കുക ആണെങ്കില്‍ ഒരു സാധാരണ പ്രണയ കഥ തന്നെ ആണ് ഇവിടെയും പ്രമേയം.

   എന്നാല്‍,സമൂഹത്തില്‍ ഉയര്‍ന്നു വരാന്‍ ആഗ്രഹം ഉള്ള ഒരു വിഭാഗത്തെ ചിത്രം പ്രതിനിധീകരിക്കുന്നുണ്ട്.കതിര്‍ അവതരിപ്പിച്ച നായക കഥാപാത്രം പല തരത്തില്‍ ഒരു ലാര്‍വയില്‍ നിന്നും ചിത്രശലഭം ആയി മാറുന്നത് കാണാന്‍ കഴിയും.അത് പോലെ ലോ കോളേജിന്റെ പ്രിന്‍സിപ്പല്‍ ആയ വ്യക്തി ,അദ്ദേഹത്തിന്റെ കഥ പറയുന്ന ഭാഗം ഒക്കെ ഒരു സാധാരണ തമിഴ് ചിത്രത്തില്‍ നിന്നും വിഭിന്നം ആണ്.എന്ത് കൊണ്ടാണ് ഇങ്ങനെ തോന്നിയത് എന്ന് പറയാം.ഈ ഒരു തീമിന് വയലന്‍സിന്റെ അതി പ്രസരമുള്ള ഒരു ചിത്രമായി മാറാന്‍ ഉള്ള പശ്ചാത്തലം ഉണ്ടായിരുന്നു.പക്ഷേ അതിനു പകരം പക്വമായ സമീപനങ്ങളിലൂടെ 'വലിയ ജാതി' ക്കാര്‍ എന്ന് അഹങ്കരിക്കുന്ന മനുഷ്യര്‍ക്ക്‌ ഏറ്റവും ഭംഗിയായി തന്നെ അവരുടെ ജീവിതത്തിലെ നിലപാടുകള്‍ കൊണ്ട് മറുപടി നല്‍കാന്‍ കഴിയുന്നുണ്ടായിരുന്നു.വാളരെ പക്വമായ സിനിമ സമീപനം ആയിരുന്നു ഇത്.ശ്രദ്ധിക്കപ്പെടേണ്ട കാര്യങ്ങളിലേക്ക് തന്നെ വ്യക്തമായ വെളിച്ചം വിതറിയിട്ടുണ്ട് 'പരിയേറും പെരുമാളിന്റെ' കഥയിലൂടെ.

     ദുരഭിമാനം കാരണം സ്വന്തം പിതാവിനെ പോലും മാറ്റി പറയേണ്ട അവസ്ഥ വരുന്ന ജീവിതം.എന്ത് മാത്രം മോശമായ അവസ്ഥ ആയിരിക്കും ആ അവസരത്തില്‍ ഉണ്ടായിരിക്കുക?മനസ്സില്‍ നിറഞ്ഞു നില്‍ക്കും ആ കഥാപാത്രം.സ്വന്തം ജീവിതം തന്നെ കുറഞ്ഞതാണ് എന്ന ബോധത്തില്‍ ജീവിക്കുന്ന ഒരാള്‍.അയാളെ ആ അവസ്ഥയില്‍ കൊണ്ടെത്തിച്ച സമൂഹം.യഥാര്‍ത്ഥ ജീവിതത്തില്‍ ഇത്തരം മനുഷ്യരെ കാണാന്‍ കഴിയും.'കറുപ്പി' എന്ന നായയ്ക്ക്‌ പോലും ചിത്രത്തില്‍ വ്യക്തമായ സ്ഥാനമുണ്ട് ഇത്തരത്തില്‍.അത് പോലെ ആണ് ചിത്രത്തിലെ ഗാനങ്ങള്‍."നാന്‍ യാര്‍','കറുപ്പി' തുടങ്ങിയ ഗാനങ്ങളുടെ വരികളില്‍ വ്യക്തമാക്കിയിട്ടുണ്ട് സിനിമയുടെ മൊത്തത്തില്‍ ഉള്ള പ്രാധാന്യത്തെ.സ്വയം ആരാണെന്ന് അറിയാതെ ജീവിക്കാന്‍ നിര്‍ബന്ധിതര്‍ ആക്കിയ മനുഷ്യര്‍.എല്ലാവരിലും ശരീരത്തിലൂടെ ഓടുന്ന ചോരയ്ക്കപ്പുറം വ്യത്യാസം ഒന്നും ഇല്ല എന്ന് മനസ്സിലാക്കിയാല്‍ തീരാവുന്ന വ്യത്യാസമേ ഇപ്പോള്‍ ഉള്ളൂ എന്ന് കരുതുന്നു.എന്നാല്‍ പ്രശ്നം,ഈ കാര്യം മനസ്സിലാക്കാന്‍ ആരും ശ്രമിക്കുന്നില്ല എന്നതാണ്.

  ഈ  സിനിമയെ വരികളിലൂടെ അവതരിപ്പിക്കുമ്പോള്‍,  ഒരിക്കലും മേല്‍പ്പറഞ്ഞ രാഷ്ട്രീയം ഒന്നും മറച്ചു എഴുതിയാല്‍ ഈ ചിത്രത്തിന് തന്നെ പ്രസക്തി ഇല്ലാതെ ആകും.ചിത്രത്തില്‍ ഉള്ള 'പരമ്പര' കൊലയാളി എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന കഥാപാത്രമാണ് ഇത് വരെ കണ്ട ചിത്രങ്ങളിലെ ഏറ്റവും ഭയപ്പെടുത്തുന്ന കൊലയാളി കഥാപാത്രം ആയി തോന്നിയത്.പ്രത്യേകിച്ചും ആദ്യത്തെ ആ കൊലപാതകം.അതിന്റെ ഭീകരത.അത് എന്തിനു വേണ്ടി ആണെന്ന് കഥ വികസിക്കുമ്പോള്‍ മനസ്സിലാകുമ്പോള്‍ ഒരു തരം മരവിപ്പ് ആണ് ഉണ്ടാവുക.'Sairat' ലെ ദുരഭിമാന കൊല ഒക്കെ ഒരു ഷോക്ക് ആയി മാറിയപ്പോള്‍,ആ വഴിയില്‍ നിന്നും ചെറിയൊരു diversion എടുക്കുകയും ,ജാതിയുടെ പേരില്‍ അഹങ്കരിക്കുന്ന വ്യക്തികള്‍ക്ക് മേല്‍ നേടിയ മാനസികമായ ഒരു വിജയം ആയിരുന്നു പരിയേറും പെരുമാളിന് ഉണ്ടായത്.കതിര്‍ നല്ലൊരു നടന്‍ ആണ്.നല്ല വേഷങ്ങള്‍ ചെയ്യാന്‍ കഴിവുള്ള നടന്‍.

  ചിത്രം കാണാത്തവര്‍ കാണാന്‍ ശ്രമിക്കുക.ഇത്തരം ഒരു വിഷയത്തെ പക്വമായ രീതിയില്‍ അവതരിപ്പിച്ച ഒരു ചിത്രം എന്ന രീതിയില്‍ ഉള്ള കാഴ്ച തന്നെ ആണ് ആവശ്യം.അല്ലാതെ ഒരു റൊമാന്റിക് ചിത്രം ഒക്കെ പ്രതീക്ഷിച്ചു പോയാല്‍ നിരാശ ആകും ഉണ്ടാവുക.മനുഷ്യനെ മനുഷ്യനായി കാണാന്‍ സാധിക്കുന്ന,ജാതിയുടെ അതിര്‍വരമ്പുകള്‍ പൊട്ടിച്ചു എറിയുന്ന ഒരു നല്ല നാളെയ്ക്കായി പ്രതീക്ഷിക്കുന്നതിനോടൊപ്പം,ഇപ്പോഴത്തെ തലമുറയിലും ജാതിയുടെ വിഷ വിത്തുകള്‍ പാകാതെ ഇരിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ!!

More movie suggestions @www.movieholicviews.blogspot.ca



Saturday, 3 November 2018

965.Pudhupettai(Tamil,2006)



965.Pudhupettai(Tamil,2006)

        യുവന്‍ ശങ്കര്‍ രാജയുടെ   "എങ്ക ഏരിയ ഉള്ള വരാതെ" പാട്ടും,ധനുഷ്,സെല്‍വ രാഘവന്‍..ഇതെല്ലാം വലിയ ഘടകങ്ങള്‍ ആയിരുന്നു അന്ന് റിലീസ് ദിവസം 21 തികഞ്ഞ ഒരു പ്രേക്ഷകന് തിയറ്ററില്‍ പോയി സിനിമ കാണാന്‍.മാര്‍ത്താണ്ഡം,ആനന്ദ്‌ തിയറ്ററില്‍ ആയിരുന്നു റിലീസ് എന്നാണു ഓര്മ.ബര്‍ത്ത്ഡേ ആയതു കൊണ്ട് കൂട്ടുകാരന്‍ കണ്ണനെയും കൂട്ടി ആണ് സിനിമയ്ക്ക് പോയത്.പാട്ടുകള്‍ എല്ലാം ഇഷ്ടപ്പെട്ടു,യുവന്റെ വലിയ ഫാന്‍ എന്നതിനോടൊപ്പം,സെല്‍വ-ധനുഷ് കൂട്ടുക്കെട്ടിലെ സിനിമകളുടെ വലിയ ആരാധകനും ആയിരുന്നു ആ സമയം.സ്ഥിരം ക്ലീഷേ സിനിമകളില്‍ നിന്നും വിഭിന്നമായി വന്ന തുള്ളുവതോ ഇളമൈ,കാതല്‍ കൊണ്ടേന്‍,രവിയും ആയി വന്ന 7 G റെയിന്‍ബോ കോളനി ഒക്കെ സെല്‍വയെ  പ്രിയപ്പെട്ട സംവിധായകന്‍ ആക്കി മാറ്റിയിരുന്നു.സ്ഥിരം രക്ഷകന്‍ സിനിമകള്‍ വന്നിരുന്ന സമയത്തെ വ്യത്യസ്തത ആയിരുന്നു ഈ സിനിമകള്‍ ഒക്കെ.

   എന്തായാലും നീള കൂടുതല്‍ ഉണ്ടായിരുന്നെങ്കിലും ഒട്ടും ബോര്‍ അടിപ്പിക്കാതെ 'പുതുപ്പേട്ടെ" അവസാനിച്ചു.വീട്ടില്‍ ചോറിന്റെ കൂടെ ചിക്കന്‍ ഇല്ലാത്തതു കൊണ്ട് സൈക്കിളില്‍ മുംബയില്‍ പോയി ഡോണ്‍ ആകാന്‍ ശ്രമിക്കുന്നു എന്ന് ട്രോള്‍ ഇറക്കുന്ന ഈ കാലത്തെ സംബന്ധിച്ച് ഒരു പുതുമയും ഇല്ലായിരിക്കും 'കുമാര്‍' ഗുണ്ട തലവന്‍ ആയ ഈ കഥയുടെ ഒറ്റവരി വിവരണത്തിന്.പക്ഷെ 'പുതുപ്പേട്ടെ' വലിയൊരു സിനിമയായിരുന്നു.തമിഴ് പശ്ചാത്തലത്തില്‍ ,രാഷ്ട്രീയവും അധികാരവും ഏറെ ആശ്രയിക്കുന്ന ,"കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍" എന്ന പതിവില്‍  ഒരു കഥാപാത്രം കൂടി പിറവി എടുക്കുക ആയിരുന്നു."കൊക്കി" കുമാര്‍ ധനുഷ് എന്ന നടന്റെ 'മാസ്റ്റര്‍പ്പീസ്"   തന്നെ ആയിരുന്നു.അയാള്‍ അല്ലാതെ ആ കഥാപാത്രം ആര്‍ക്കാണ് ചെയ്യാന്‍ കഴിയുക?

   ചേരിയിലെ പട്ടിണിയില്‍ നിന്നും വരുന്ന ,ശരീരത്തില്‍ മാംസത്തിന്റെ ആധിക്യം ഇല്ലാത്ത പ്ലസ് ടൂ വിദ്യാര്‍ഥി,അമ്മ കൊല്ലപ്പെട്ടപ്പോള്‍ സ്വന്തം പിതാവില്‍ നിന്നും രക്ഷപ്പെടാന്‍ വീടിറങ്ങി പോകുമ്പോഴും അതിനു ശേഷം ഉള്ള അയാളുടെ പുറം ലോകത്തിലെ ആദ്യ ദിവസങ്ങള്‍ക്കും വിശ്വസനീയത ഉണ്ടായിരുന്നു.ധനുഷിന്റെ രൂപം വലിയ ഒരു ഘടകം ആയിരുന്നു ആ വേഷത്തിന് എന്ന് തന്നെ വേണം പറയാന്‍.കൊക്കി കുമാറിന് എന്നും ഭയം ഉണ്ടായിരുന്നു.തുടക്ക കാലത്തില്‍ അയാളോട് പറയുന്നുണ്ട്,സ്വന്തം ജീവനില്‍ ഭയം ഉള്ളവന് മാത്രമേ മറ്റുള്ളവരുടെ ജീവന്‍ എടുക്കാം കഴിയൂ എന്ന്.ഉള്ളില്‍ ഉള്ള ഭയം ആയിരുന്നു എതിരാളികളെ അവസാനിപ്പിക്കണം എന്ന നിലപാടില്‍ അയാള്‍ എത്തി ചേര്‍ന്നത്‌.സ്വന്തം പിതാവിനോട് പോലും അയാള്‍ ദയ കാണിച്ചില്ല.തന്നെ കൊല്ലാതെ വിട്ടയക്കണം എന്ന് പറയുമ്പോള്‍ മണി പറയുന്നുണ്ട്"നിനക്ക് നിന്റെ മകനെ അറിയാത്തത് കൊണ്ടാണ്.നാളെ വന്നു അവന്‍ കാല്‍ അനക്കി നോക്കും നീ ജീവിച്ചിരുപ്പുണ്ടോ" എന്ന്.സ്വന്തം ജീവനെ രക്ഷിക്കുക എന്നതില്‍ ഉരിതിരിയുന്ന നായക രീതികള്‍ അല്ലാതെ വലിയ രീതിയില്‍ കൊക്കി കുമാറിനെ ഗ്ലോറിഫൈ ചെയ്യാന്‍ ചിത്രത്തില്‍ ശ്രമിച്ചിട്ടില്ല.

  വിശ്വസ്തനായ മണിയുടെ പെങ്ങളെ ആവേശത്താല്‍ അയാള്‍ കല്യാണം കഴിക്കുന്നതോടെ കുമാറിന്റെ ശരിക്കുള്ള സ്വഭാവം പുറത്തു വരുന്നു.വിശ്വസ്തരോടൊപ്പം തന്‍റെ 'Safe zone' ല്‍ ജീവിച്ചിരുന്ന ആളുടെ യഥാര്‍ത്ഥ ഭയം പുറത്തേക്കു വരുന്നു.കൊക്കി കുമാറിന് ധാരാളം അവസരങ്ങള്‍ ഉണ്ട്,രാഷ്ട്രീയത്തിലും ഒരു ഗുണ്ടാ തലവന്‍ എന്ന നിലയിലും.എന്നാല്‍ ഒന്നുണ്ട്.അയാള്‍ യഥാര്‍ത്ഥത്തില്‍ നമ്മള്‍ കണ്ടു ശീലിച്ച സിനിമ നായകന്മാരെ പോലെ അതി ശക്തന്‍ അല്ലായിരുന്നു.ജീവിതത്തിന്റെ തുടക്കത്തില്‍ ഒരിടിക്ക് ഒരാളെ കൊല്ലുന്നത് ഒക്കെ തന്‍റെ നില നില്‍പ്പിനു ആയി വേണ്ടി ചെയ്തത് ആണെങ്കിലും പിന്നീട് അയാള്‍ക്ക്‌ ആ ശക്തി നഷ്ടമായി തീര്‍ന്നിരുന്നു.

  കഥയുടെ മുന്നോട്ടുള്ള ഇടപ്പെടലുകളില്‍ ഈ ഘടകം ആണ് കൂടുതല്‍ ഫോക്കസ് ചെയ്തിരിക്കുന്നത്.അശക്തനായ ഗുണ്ടാ തലവന്‍,എന്നാല്‍ തന്നിലെ ദൌര്‍ബല്യങ്ങള്‍ ഒളിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നു.സിനിമയുടെ അവസാനം അയാള്‍ എത്തേണ്ട സ്ഥലത്ത് എത്തി ചേര്‍ന്നതായി മനസ്സിലാക്കുമെങ്കിലും അമാനുഷികാന്‍ അല്ലാത്ത ഒരു സാധാരണ മനുഷ്യന് വേണ്ട ഭാഗ്യത്തിന്റെ അകമ്പടി ഇവിടെ അയാള്‍ക്ക് ഉണ്ട്.ഇന്ത്യന്‍ രാഷ്ട്രീയം എന്താണ് മുന്നോട്ടു വയ്ക്കുന്നത് എന്നുള്ള ചെറിയ ബോധ്യം ഉണ്ട് ആ സീനില്‍.ഇതില്‍ എല്ലാം ധനുഷ് എന്നാ നടന്‍ 'കൊക്കി' കുമാര്‍ ആയി തന്നെ മാറുക ആയിരുന്നു.പ്രത്യേകിച്ചും അയാളുടെ ആദ്യ രണ്ടു ചിത്രത്തിലെയും കഥാപാത്രങ്ങളുടെ ഒരു സ്വാധീനവും ഇല്ലാതെ കൊക്കി കുമാര്‍.


   വില്ലന്‍ പരിവേഷം ഉള്ള നായകന്‍.എല്ലാവരും പോസിറ്റീവ് ആയ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ ഒരു ഭാഗത്ത്‌ ഇത്തരത്തില്‍ ഉള്ള ചിത്രങ്ങളും ഉണ്ടായിരുന്നു.തമിഴ് സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി അന്നും ഇന്നും തോന്നിയ "പുതുപ്പേട്ട" വലിയ ഒരു വിജയ ചിത്രം ആയില്ല എന്നാണു ഓര്‍മ.ഒരു പക്ഷെ കാലം തെറ്റി വന്ന ചിത്രമായിരിക്കാം.

  വര്‍ഷങ്ങള്‍ക്കു ശേഷം ചെറിയ ഒരു കൌതുകം കാരണം ഒന്നുകൂടി ചിത്രം കണ്ടൂ.ഇന്നത്തെ കാഴ്ചയില്‍ ശരിക്കും അത്ഭുതപ്പെടുത്തി.ഇന്ന് പോലും പുതുമ നല്‍കാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്.കാലം ഏറെ കഴിഞ്ഞിട്ടും വലിയ വ്യത്യസ്തതകള്‍ ഒന്നും തോന്നിയില്ല.ആള്‍ക്കൂട്ടത്തിലെ ഒരാള്‍ ആയിരുന്ന 'വിജയ്‌ സേതുപതി' ഇന്ന് തമിഴിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയിരിക്കുന്നു.അന്നുണ്ടായ അതെ തോന്നല്‍ ആണ് ഇന്നും.തമിഴ് സിനിമയിലെ തന്നെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് 'പുതുപ്പേട്ട'.അതില്‍ വലിയ മാറ്റം ഒന്നും വന്നിട്ടില്ല എന്ന് തോന്നി ഒരു പ്രേക്ഷകന്‍ എന്ന നിലയ്ക്ക്.

കൊക്കി കുമാറിന്റെ ക്ലീഷേകള്‍ നിറഞ്ഞ ഈ gangster ചിത്രം കാണാത്തവര്‍ ഉണ്ടെങ്കില്‍ കാണണം.

യൂടൂബില്‍ ചിത്രം ലഭ്യമാണ്.അല്ലാതെ ഉള്ള ലിങ്ക് എന്റെ ടെലിഗ്രാം ചാനലിലും.

  More movie suggestions @www.movieholicviews.blogspot.ca

Telegram Channel Link: t.me/mhviews

Sunday, 28 October 2018

964.17 Again(English,2009)



964.17 Again(English,2009)
        Fantasy,Comedy

       മൈക്കിനു അത് നിര്‍ണായകമായ ദിവസം ആയിരുന്നു.സ്ക്കൂളിലെ മികച്ച ബാസ്ക്കറ്റ്ബോള്‍ കളിക്കാരന ആയ മൈക്ക് ,എന്നാല്‍ അന്നത്തെ നിര്‍ണായകമായ മത്സരത്തിനു മുന്‍പാണ് ആ കാര്യം അറിയുന്നത്.പിന്നീട് നമ്മള്‍ കാണുന്നത് ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ഉള്ള മൈക്കിനെ ആണ്.മൈക്ക് ഏറെ മാറിയിരുന്നു.ഒപ്പം അയാളുടെ ജീവിതവും.പ്രിയപ്പെട്ടത് എല്ലാം ഉപേക്ഷിച്ചു സ്വന്തമാക്കിയ ജീവിതത്തില്‍ അയാള്‍ ഇന്ന് മോശമായ അവസ്ഥയില്‍ ആണ്.അയാള്‍ക്ക്‌ ഒരു രണ്ടാം അവസരം ലഭിക്കുമോ?
       
      'Life Mulligan'  അഥവാ ജീവിതത്തിലെ രണ്ടാം അവസരങ്ങള്‍ പ്രമേയം ആയി വരുന്ന ചിത്രങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ ആയി അധികം ആളുകള്‍ കാണില്ല.എല്ലാവരുടെ ഉള്ളിലും ഉണ്ടാകാം ഇത്തരത്തില്‍ ജീവിതത്തില്‍ തിരുത്തലുകള്‍ വേണം എന്ന് തോന്നുന്ന സന്ദര്‍ഭങ്ങള്‍.ജീവിതത്തിനു രണ്ടാമതൊരു അവസരം വിരളം  ആയതു കൊണ്ട് തന്നെ ഈ ഒരു പ്രമേയം ഫാന്റസി ആയി എന്നും നിലനില്‍ക്കുമെങ്കിലും സ്ക്രീനില്‍ കഥാപാത്രങ്ങള്‍ക്ക്  ലഭിക്കുന്ന ഇത്തരം അവസരങ്ങള്‍ രസകരമാണ്.

  ഈ വിഭാഗത്തിലെ ക്ലാസിക്കുകളില്‍ ഒന്നായ ,ഫ്രാങ്ക് കാപ്ര അവതരിപ്പിച്ച 'It's A Wonderful Life" ന്‍റെ മറ്റൊരു പതിപ്പായാണ്‌ 17 Again തോന്നിയത്.ഈ ഴോന്രെയിലെ സിനിമകള്‍ എല്ലാം ക്ലീഷേ ഘടകങ്ങള്‍ ഉള്ളതാണെങ്കിലും ജീവിതത്തിലെ അവസരങ്ങള്‍ കണ്ടെത്തുന്നതില്‍ ഉള്ള സാദൃശ്യം വ്യക്തമാണ്,കഥാപാത്രങ്ങളുടെ പ്രായവും മറ്റും പരിഗണിക്കുമ്പോള്‍ എന്നതിനോടൊപ്പം കഥാപാത്രം അവിടെ ഇല്ലെങ്കില്‍ ഉള്ള ശൂന്യത വരുത്തി വയ്ക്കുന്ന മാറ്റങ്ങള്‍ ഇവിടെയും ഉണ്ട്.ദുരൂഹമായി അപ്രത്യക്ഷരായ കഥാപാത്രങ്ങള്‍.മാറ്റം അവര്‍ക്ക് മാത്രമേ ഉള്ളൂ.  എന്നാല്‍ 17 Again മറ്റൊരു പ്രധാന വ്യത്യാസം  കൂടിയുണ്ട്.ഇത്തരത്തില്‍ ഉള്ള  ഫാന്റസിയില്‍  എല്ലാം ശരിയാക്കും എന്ന മിഥ്യാ ധാരണയില്‍ നിന്നും യഥാര്‍ത്ഥ ജീവിതത്തിലെ ചില മാറ്റങ്ങള്‍ മതിയാകുമോ എന്ന് കൂടി ചര്‍ച്ച ചെയ്യുന്നു.ചിത്രത്തിന്‍റെ നല്ല ഒരു വശം ആണിത്.

    സീരിയസ് ആയ പ്രമേയം ആണെങ്കിലും രസകരമായ രീതിയില്‍ ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.സങ്കീര്‍ണമായ രീതി അവലംബിക്കാതെ ,ടീനേജ് റൊമാന്റിക് കോമഡി ആയി വരുന്ന ഭൂരിഭാഗം സീനുകളും രസകരം ആയിരുന്നു.ഈ ഒരു പ്രമേയത്തിന് സിനിമകള്‍ ധാരാളം ഉണ്ടെങ്കിലും അധികം മുഷിപ്പിക്കാതെ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട് സാക് എഫ്രോണ്‍ നായകനായ ചിത്രം.കാണുക!!ഇഷ്ടമാകും!!

ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

Telegram channel link:   t.me/mhviews

 


Saturday, 27 October 2018

963.La bestia nel cuore(Italian,2005)


963.La bestia nel cuore(Italian,2005)
        Mystery,Drama

            സ്വപ്നങ്ങളില്‍ ആണ് അവള്‍ അവ്യക്തമായ രംഗങ്ങള്‍ കാണുന്നത്.കുട്ടിയായിരുന്ന അവള്‍,അമ്മ,അച്ഛന്‍,സഹോദരന്‍.ഇവരെല്ലാം അതില്‍ ഉണ്ടായിരുന്നെങ്കിലും അസ്വാഭാവികമായി എന്തോ അതില്‍ തോന്നി തുടങ്ങി.എന്തോ ദുരൂഹത എന്നോ കണ്ടു മറന്ന ആ സംഭവങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് അവള്‍ക്കു സംശയം തോന്നി.അച്ഛനും അമ്മയും മരിച്ചത് കാരണം ഉത്തരം കണ്ടെത്താന്‍ ഒരു വഴി മാത്രമേ ഉള്ളൂ.അമേരിക്കയില്‍ സ്ഥിര താമസം ആക്കിയ സഹോദരനെ കാണുക.അവളുടേത്‌ എന്ന് അവള്‍ വിശ്വസിക്കുന്ന തന്‍റെ ഭൂതക്കാലം കണ്ടത്താന്‍ അവള്‍ ശ്രമം തുടങ്ങുന്നു.

   ക്രിസ്റ്റീന കൊമെന്‍സിനി എഴുതിയ  ഇതേ പേരില്‍ ഉള്ള നോവലിനെ ആസ്പദമാക്കി അവര്‍ തന്നെ സംവിധാനം ചെയ്ത ചിത്രമാണ് 'La bestia nel cuore' a.k.a Don't Tell.സാധാരണ  രീതിയില്‍ ഉള്ള കുറ്റകൃത്യങ്ങളുടെ പിന്നില്‍ ഉള്ള രഹസ്യങ്ങള്‍ അനാവരണം ചെയ്യുന്ന ചിത്രങ്ങള്‍ ഏറെ ഉണ്ടെങ്കിലും ഈ ഇറ്റാലിയന്‍ ചിത്രം അവതരിപ്പിക്കുന്നത്‌ മനുഷ്യ ജീവിതത്തില്‍,അവരുടെ ബന്ധങ്ങളില്‍ ജീവിത സാഹചര്യങ്ങളില്‍ ഉള്ള ദുരൂഹമായ ചില കാര്യങ്ങളെ കുറിച്ചാണ്.പ്രധാന കഥാപാത്രമായ സബീന മാത്രമല്ല ഇതിലെ കഥാപാത്രങ്ങളില്‍ പലര്‍ക്കും സമാന്തരമായി തന്നെ പ്രാധാന്യമുള്ള പ്ലോട്ടുകള്‍ നല്‍കിയിട്ടുണ്ട്.

  ഫ്രാങ്കോ,എമീലിയ,മരിയ,ഡാനിയേല്‍ എന്നിവര്‍ക്കും അവരുടെ ജീവിതതിന്റെതായ ഓരോ കഥകളുണ്ട്.പ്രത്യേകം ഒരു പ്ലോട്ട് കൊടുത്ത് അസ്വാഭാവികത തോന്നിക്കാത്ത രീതിയില്‍  കഥയില്‍ തന്നെ അവര്‍ക്കും വ്യക്തമായ സ്ഥാനങ്ങള്‍ കൊടുത്തിട്ടും ഉണ്ട്.അല്‍പ്പം സങ്കീര്‍ണമായ കഥയാണ് ചിത്രത്തില്‍.കാരണം ,സാധാരണ രീതിയില്‍ നല്ലത് പോലെ പ്രേക്ഷകനെ ഇത്തരത്തില്‍ ഒരു സാഹചര്യത്തിലേക്ക് കഥാപാത്രങ്ങള്‍ മാറുന്നത് ഉള്‍ക്കൊള്ളാന്‍ എത്ര മാത്രം കഴിയും എന്നത് ചോദ്യമാണ്.നേരത്തെ പറഞ്ഞത് പോലെ ഒരു സ്ഥിരം കുറ്റകൃത്യം അനാവരണം ചെയ്യുന്നത് പോലെ അല്ല ഇത്തരം പ്രമേയങ്ങള്‍ സൃഷ്ടിക്കുന്ന Impact.അല്‍പ്പം ഗൗരവമേറിയ ഒരു മിസ്റ്ററി/ഡ്രാമ ചിത്രം കാണണം എന്ന് ആഗ്രഹം ഉള്ളവര്‍ക്ക് കണ്ടു നോക്കാവുന്ന ഒന്നാണ്.നിരൂപക പ്രശംസ ഏറെ ലഭിച്ച ചിത്രം 78 ആം അക്കാദമി പുരസ്ക്കാരങ്ങങ്ങളില്‍ മികച്ച വിദേശ ചിത്രത്തിനുള്ള നോമിനേഷന്‍ ലഭിച്ചിരുന്നു.

ചിത്രം എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

t.me/mhviews


962.Den skyldige(Danish,2018)


962.Den skyldige(Danish,2018)
      Thriller,Drama


         താന്‍ അപകടത്തിലാണ് എന്ന് ഉള്ള വിവരം ആണ് ആ സ്ത്രീ അസ്ഗറിനു നല്‍കിയത്.ആരോ അവളുടെ ഒപ്പം ഉണ്ടെന്നും അവള്‍ക്കു മകളോട് മാത്രം സംസാരിക്കാന്‍ അനുവാദം ഉള്ളായിരുന്നു.അത് കൊണ്ട് സൂചനകളിലൂടെ അസ്ഗര്‍ തന്‍റെ ജോലിയില്‍ മുന്നോട്ടു പോയി.അവരുടെ ജീവന്‍ രക്ഷിക്കുക എന്നതായിരുന്നു അയാളുടെ മുഖ്യ ലക്‌ഷ്യം!!എന്നാല്‍....???

     ഡാനിഷ് ചിത്രമായ 'Den skyldige' അഥവാ The Guilty യുടെ മര്‍മ പ്രധാനമായ ഭാഗം ആണിത്.എന്നത്തേയും പോലെ മദ്യപിച്ചും കഞ്ചാവടിച്ചും പോലീസിനെ വിളിച്ചു ശല്യപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ അസ്ഗരിനും അന്ന് കുറവല്ലായിരുന്നു.അടുത്ത ദിവസം തന്‍റെ ജീവിതത്തിലെ തന്നെ സുപ്രധാനമായ ഒരു ദിവസം ആയിരുന്നു.അയാളുടെ ഭൂതക്കാലത്തിന്റെ  അവശേഷിപ്പുകള്‍  ആകാം അടുത്ത ദിവസം.എന്നാല്‍ ഇന്ന് 112   എന്ന എമെര്‍ജന്സി നംബറിനും ഇപ്പുറം അയാള്‍ക്ക്‌ വേറെ ഒരു ഉത്തരവാദിത്തം ഉണ്ട്.കുറച്ചു ജീവനുകള്‍ രക്ഷിക്കുക.

    The Call എന്ന ഹാലി ബെറി പടം കണ്ടവര്‍ക്ക് സിനിമ ആ റൂട്ടില്‍ ആണോ പോകുന്നതെന്ന് തോന്നുമ്പോള്‍ ആകാം അപ്രതീക്ഷിതമായത്‌ പലതും സംഭവിക്കുന്നത്‌.ഒരു പക്ഷെ മൂല കഥ അത് പോലെ നിര്‍ത്തി വ്യത്യസ്തമായ ഒരു ട്രീട്മെന്റിലൂടെ കഥാപാത്രങ്ങളെ ശബ്ദങ്ങളിലൂടെ പ്രേക്ഷകന് പരിചയപ്പെടുത്തുന്നു.അവരിലേക്ക്‌ കൂടുതല്‍ ഇറങ്ങി പോകുമ്പോഴും അവരുമായും ഉള്ള കൂടുതല്‍ സംഭാഷണങ്ങളിലൂടെ ഒരു പോലീസ് കണ്ട്രോള്‍ റൂമിന്‍റെ കഥ വികസിക്കാന്‍ ഉള്ള സ്കോപ്പില്‍ നിന്നും വളരെയേറെ മാറിയിരിക്കുന്നു.ഇതില്‍ adventurous ആയ ആക്ഷന്‍ രംഗങ്ങള്‍ ഒന്നും ഇല്ല.പകരം സിനിമ അവസാനിക്കുന്നതിന്റെ അല്‍പ്പം മുന്‍പ് കഥയുടെ സംഭവങ്ങളുടെ യാതാര്‍ത്ഥ്യം മനസ്സിലാകുമ്പോള്‍ ഒരു മരവിപ്പ് ഉണ്ട്.മുന്‍വിധികള്‍ ഇല്ലാതെ സംഭവങ്ങളെ സമീപിക്കാന്‍ മനുഷ്യ മനസ്സ് സമ്മതിക്കില്ല എന്ന് തോന്നി പോകും.

   എന്തായാലും നല്ല Engaging ആയിരുന്നു ചിത്രം.സ്ക്രീനില്‍ നായക കഥാപാത്രവും,പിന്നീട് ഒന്ന് രണ്ടു ആളുകളെയും കാണിക്കുന്നത് ഒഴിച്ചാല്‍ ബാക്കി കഥാപാത്രങ്ങള്‍ എല്ലാം പ്രേക്ഷകന് ശബ്ദം മാത്രം  ആണ്.ഇത്തരത്തില്‍ ഒരു ചെറിയ space ല്‍ ചെയ്ത ചിത്രം എന്നത് കൂടാതെ കതപത്രങ്ങളെയും ഇത്തരത്തില്‍ അവതരിപ്പിച്ചതില്‍ പോലും പിഴവുകള്‍ ഉണ്ടായതായി കണ്ടില്ല.നല്ല ചിത്രമാണ്.കഴിയുമെങ്കില്‍ കാണുക.

ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

t.me/mhviews

1995. Drop ( English, 2025)