Sunday, 17 May 2015

367.EX MACHINA(ENGLISH,2015)

367.EX MACHINA(ENGLISH,2015),|Sci-Fi|Thriller|.Dir:-Alex Garland,*ing:-Alicia Vikander, Domhnall Gleeson, Oscar Isaac.

88 മത്  ഓസ്ക്കാര്‍  നാമനിര്‍ദേശം  രണ്ടു  വിഭാഗത്തില്‍  ലഭിക്കുകയും  അതില്‍  ഒന്നില്‍  വിജയി  ആവുകയും  ചെയ്ത  ചിത്രം  ആണ്  Ex Machina

 

  • Best Achievement in Visual Effects

Andrew Whitehurst
Paul Norris
Mark Williams Ardington
Sara Bennett

  • Best Writing, Original Screenplay

Alex Garland എന്നിവയില്‍  മികച്ച  വിഷ്വല്‍  effects  നുള്ള  പുരസ്ക്കാരം  ഈ  ചിത്രത്തിന്  ലഭിച്ചു.


2013 ല്‍ റിലീസ് ആയ Her എന്ന സിനിമയില്‍ അവതരിപ്പിച്ച
 പ്രമേയം പുതുമയുള്ളത് ആയിരുന്നു.മനുഷ്യനും ഓപ്പറേറ്റിംഗ് സിസ്റ്റവും തമ്മില്‍ ഉള്ള വൈകാരികമായ ബന്ധം അവതരിപ്പിച്ച ആ ചിത്രം വ്യത്യസ്തമായ ഒരു പ്രണയ കഥയും ആയി മാറി.ആ സിനിമയുടെ V 2.0 എന്ന് വിളിക്കാം Ex Machina എന്ന ഈ ചിത്രത്തെ.പ്രമേയം ആയുള്ള സാമ്യത്തിനും അപ്പുറം Her പോലെ തന്നെ മികച്ച ഒരു ചിത്രമായി ഈ ചിത്രവും അനുഭവപ്പെട്ടു.

   ചിത്രത്തിന്‍റെ ആരംഭത്തില്‍ Bluebook എന്ന ഇന്റര്‍നെറ്റ്‌ സേര്‍ച്ച്‌ എഞ്ചിന്‍ ഭീമനിലെ കോഡര്‍ ആയ കലേബിനു ഒരു ഓണ്‍ലൈന്‍ ലോട്ടറിയില്‍ ഒന്നാം സ്ഥാനം ലഭിച്ചതായി അറിയിക്കുന്നു.സമ്മാനമായി ലഭിക്കുന്നത് Bluebook ന്‍റെ തലവനായ നതാനിനോടൊപ്പം ഒരാഴ്ചത്തെ താമസം ആണ്.അതീവ സമര്‍ത്ഥന്‍ ആയ നതാനിനോടൊപ്പം ഒരാഴ്ച ചിലവഴിക്കാന്‍ അയാളുടെ വസതിയിലേക്ക് ഹെലിക്കോപ്ട്ടരില്‍ കാലേബ് പുറപ്പെടുന്നു.ഏക്കര്‍ കണക്കിന് സ്ഥലത്ത് ആര്‍ക്കും പ്രവേശിക്കാന്‍ അനുവാദം ഇല്ലാത്ത വളരെയധികം സെക്യൂരിറ്റി ഉള്ള സ്ഥലത്താണ് നതാന്‍ താമസിക്കുന്നത്.അവിടെ കയറിയപ്പോള്‍ തന്നെ ഒരു തരം ദുരൂഹത അനുഭവപ്പെട്ട കലേബ് പിന്നീട് നതാന്‍ അയാളോട് ആവശ്യപ്പെട്ട ഉടമ്പടിയില്‍ ഒപ്പ് വയ്ക്കാന്‍ നിര്‍ബന്ധിക്കുന്നു.അവിടെ നടക്കുന്ന കാര്യം ഒരു കാരണവശാലും ലോകത്ത് മറ്റൊരാള്‍ അറിയരുത് എന്നതായിരുന്നു ഉടമ്പടി.കലെബിനെ അവിടെ കാത്തിരുന്നത് ലോകത്തിലെ തന്നെ മികച്ച അത്ഭുതങ്ങളില്‍ ഒന്നായിരുന്നു.

  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എവാ എന്ന യന്ത്ര മനുഷ്യ സ്ത്രീയെ ടൂറിംഗ് ടെസ്റ്റ്‌ (റോബോട്ടുകള്‍ അവയുടെ യാന്ത്രികത മാറ്റി വച്ച് മനുഷ്യനെ പോലെ പെരുമാറുന്നുണ്ടോ എന്ന് കണ്ടു പിടിക്കാന്‍ ഉള്ള ടെസ്റ്റ്‌ ) നടത്താന്‍ നതാന്‍ കലേബിനെ ക്ഷണിക്കുന്നു.മനുഷ്യനെ പോലെ ചിന്തിക്കാനും ചതിക്കാനും പ്രണയിക്കാനും കഴിവുള്ള എവ കലേബിനു അത്ഭുതം ആയിരുന്നു.എന്നാല്‍ കലേബ് കാണുന്നതെല്ലാം സത്യമായിരുന്നില്ല.കലേബിന്റെ മുന്നില്‍ ഉണ്ടായിരുന്ന കള്ളത്തരങ്ങള്‍ എന്തൊക്കെ ആയിരുന്നു.യന്ത്ര മനുഷ്യന്‍ ശരിക്കും മനുഷ്യനെ പോലെ ചിന്തിക്കാന്‍ തുടങ്ങിയാല്‍ എന്താകും?ഇതൊക്കെ ആണ് ചിത്രം അവതരിപ്പിക്കുന്നത്‌.ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളുടെ കണക്കെടുപ്പ് വര്‍ഷാന്ത്യത്തില്‍ വരുമ്പോള്‍ ഈ ബ്രിട്ടീഷ് ചിത്രവും ആ ലിസ്റ്റില്‍ വരും എന്ന് പ്രതീക്ഷിക്കുന്നു.സേര്‍ച്ച്‌ എന്‍ജിനുകള്‍ പലരും അവരുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അല്ലെങ്കില്‍ ഉപയോഗിക്കുന്ന സാഹചര്യങ്ങളും ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.അതി വേഗം വളരുന്ന ടെക്നോളജിയുടെ നേര്‍ക്കുള്ള ഒരു കണ്ണാടി കൂടി ആണ് ഈ ചിത്രം.

More movie suggestions @www.movieholicviews.blogspot.com

Friday, 15 May 2015

366.CHAPPiE(ENGLISH,2015)

366.CHAPPiE(ENGLISH,2015),|Sci-Fi|Thriller|Action|,Dir:-Neill Blomkamp,*ing:-Sharlto Copley(Voice), Dev Patel, Hugh Jackman.

  "ചാപ്പി"യുടെ കഥ നടക്കുന്നത് 2016 ല്‍ ആണ്.പഴയ ചിത്രങ്ങളില്‍ 30 വര്‍ഷങ്ങള്‍ക്കു ശേഷം എന്നതൊക്കെ മാറ്റി ഇപ്പോള്‍ ടെക്നോളജിയുടെ അഭൂതപൂര്‍വം ആയ വളര്‍ച്ച കാരണം ഒരു വര്‍ഷം മുന്നിലേക്ക്‌ മാത്രം മാറ്റിയുള്ള ഫിക്ഷണല്‍ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.ദക്ഷിണാഫ്രിക്കയില്‍ കുറ്റ കൃത്യങ്ങളുടെ നിരക്ക് കൂടിയപ്പോള്‍  മനുഷ്യ പോലീസിനെ മാറ്റി പകരം മനുഷ്യനെ പോലെ പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്ന യന്ത്ര മനുഷ്യന്മാരെ ക്രമ സമാധാന പരിപാലനത്തിനായി നിയോഗിക്കുന്നു.ഡിയോന്‍ വിത്സണ്‍ രൂപപ്പെടുത്തിയ ആ റോബോട്ടുകള്‍ വന്‍ തോതില്‍ വിറ്റഴിക്കുന്നത് TetraVaal എന്ന സ്ഥാപനം ആണ്.ആധുനിക സജ്ജീകരണങ്ങള്‍ ഉള്ള അവരുടെ ഫാക്റ്ററിയില്‍ അതിനോടൊപ്പം മേന്മയേറിയ റോബോട്ടുകളെ വികസിപ്പിക്കാന്‍ ഉള്ള ശ്രമങ്ങള്‍ തുടര്ന്നും ഉണ്ട്.

  ഡിയോന്‍ ഇപ്പോഴും പരീക്ഷണങ്ങളില്‍ ആണ്.മനുഷ്യനെ പോലെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും വികാരങ്ങള്‍ പ്രതിഫലിപ്പിക്കാനും പുതിയ വിദ്യകള്‍ അഭ്യസിക്കാനും കഴിവുള്ള Artificial Intelligence റോബോട്ടുകള്‍ ആണ് ഡിയോന്‍ ലക്‌ഷ്യം ഇടുന്നത്.ഡിയോനിന്റെ ഒപ്പം ജോലി ചെയ്യുന്ന മറ്റൊരു എന്‍ജിനീയര്‍ ആയ മൂര്‍ തന്‍റെ പരീക്ഷണങ്ങള്‍ നടത്തി വികസിപ്പിച്ച റോബോട്ട് ആര്‍ക്കും വേണ്ടാതെ ഇരിക്കുന്നതില്‍ ദു:ഖിതന്‍ ആണ്.അയാള്‍ക്ക്‌ അതിന്റെ പേരില്‍ ഡിയോണിനോട് ദേഷ്യവും ഉണ്ട്.ഡിയോന്‍ വര്‍ഷങ്ങളായി നടത്തുന്ന പരീക്ഷണങ്ങളുടെ അവസാനം അത് സംഭവിച്ചു.ഡിയോന്‍ തന്‍റെ ലക്ഷ്യത്തില്‍ എത്തി ചേര്‍ന്നു.ഡിയോനിന് ഇനി വേണ്ടത് പരീക്ഷണം നടത്താവുന്ന ഒരു റോബോട്ട് ആണ്.ആ ഇടയ്ക്ക് ഗുണ്ടാ സംഘങ്ങള്‍ ആയുള്ള ആക്രമണത്തില്‍ നിര്‍ജീവം ആയ Scout 22 എന്ന റോബോട്ട് ആണ് അതിനായി ഡിയോണിന്‍റെ മനസ്സില്‍ ഉള്ളത്.എന്നാല്‍ ആ ശ്രമത്തിനു മേലധികാരി ആയ മിഷേല്‍ അനുവാദം നല്‍കുന്നില്ല.ഡിയോന്‍ തന്‍റെ ലക്ഷ്യത്തില്‍ നിന്നും പിന്മാറാന്‍ തയ്യാര്‍ അല്ലായിരുന്നു.

  ഈ സമയം വളരെയധികം പണം ആവശ്യം ഉള്ള മൂന്നു പേര്‍ ഉണ്ടായിരുന്നു.ആ പണം ഇല്ലെങ്കില്‍ ജീവന്‍ വരെ നഷ്ടം ആകാന്‍ സാധ്യത ഉള്ളവര്‍.ഡിയോന്‍ അവരെ കണ്ടു മുട്ടുന്നു ഒരു പ്രത്യേക സാഹചര്യത്തില്‍.ഡിയോനിന്റെ ലക്ഷ്യത്തില്‍ എത്തി ചേരാന്‍ അവരെ കൊണ്ട് കഴിയുമോ??ആരാണ് ചാപ്പി?ഇതിന്റെ എല്ലാം ഉത്തരം ചിത്രം കാണുമ്പോള്‍ ലഭിക്കും.Neural Transmission ഒക്കെ പ്രമേയം ആയി വരുന്ന ഈ ചിത്രത്തില്‍ ഒരു പക്ഷേ ഭാവിയില്‍ സംഭവിക്കാന്‍ സാധ്യത ഉള്ള കാര്യങ്ങള്‍ ആണ് കാണാന്‍ കഴിയുക.ചാപ്പിയുടെ സംഗീതം ഹാന്‍സ് സിമ്മര്‍ ആയിരുന്നു.സംവിധായകന്‍  നീലിന്റെ District 9 എന്ന ചിത്രത്തിന്‍റെ അടുത്ത് വരില്ലെങ്കില്‍ പോലും അന്ന് അന്യഗ്രഹ ജീവികളോട് തോന്നിയ ഇഷ്ടം ഈ ചിത്രത്തില്‍ റോബോട്ടുകളോട് തോന്നി പോകും.ചാപ്പി വിമര്‍ശകരുടെ തൂലികയില്‍ കൊല ചെയ്യപ്പെട്ട ചിത്രം ആയിരുന്നു.എങ്കിലും ഒരു സാധാരണ പ്രേക്ഷകന്‍ ആയ എന്നെ എ ചിത്രം തൃപ്തിപ്പെടുത്തി.ഒപ്പം ചാപ്പിയും.

More movie suggestions @www.movieholicviews.blogspot.com

365.LA MOUSTACHE(FRENCH,2005)

365.LA MOUSTACHE(FRENCH,2005),|Mystery|Drama|,Dir:-Emmanuel Carrère,*ing:-Vincent Lindon, Emmanuelle Devos, Mathieu Amalric.

 ഒരു സിനിമയില്‍ തന്നെ വളരയധികം കഥകള്‍ മെനഞ്ഞെടുക്കാന്‍ ഉള്ള സ്വാതന്ത്ര്യം പ്രേക്ഷകന് നല്‍കുന്ന സംവിധായകര്‍ ഉണ്ട്.കാര്യങ്ങള്‍ നേരിട്ട് അവതരിപ്പിക്കുന്നതിനു പകരം പ്രേക്ഷകന്‍റെ ഭാവനയില്‍ കഥയ്ക്ക്‌ അനുസൃതം ആയ മാറ്റങ്ങള്‍ സംഭവിക്കും ഇത്തരം ഉദ്ദേശം വച്ച് നിര്‍മിക്കുന്ന ചിത്രങ്ങള്‍ക്ക്.La Moustache എന്ന ഫ്രഞ്ച് ചിത്രത്തിലൂടെ ഇമ്മാനുവല്‍ കാരി പ്രേക്ഷകന് അത്തരം ഒരു അവസരം നല്‍കുന്നുണ്ട്.സങ്കീര്‍ണമാണ് ചിത്രം പലപ്പോഴും എന്നാല്‍ അതിലേക്കു നയിക്കുന്ന വിഷയം ആകട്ടെ വളരെ ചെറുതും.ഒരു മീശയ്ക്ക് മനുഷ്യ ജീവിതത്തില്‍ എന്ത് മാത്രം പ്രാധാന്യം വരാം എന്ന് ചിന്തിക്കുന്നതിനു പകരം മീശ കാരണം കഥകള്‍ മെനഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കുന്നു ഈ ചിത്രം.

    മാര്‍ക്ക് രാവിലെ കുളിക്കാന്‍ കയറിയപ്പോള്‍ ആണ് ഭാര്യ ആഗ്നസിനോട്‌ തന്‍റെ മീശ എടുക്കട്ടെ എന്ന് ചോദിക്കുന്നത്.എന്നാല്‍ മാര്‍ക്ക് മീശ എടുത്തതിനു ശേഷം പുറത്തു വരുമ്പോള്‍ ഭാര്യയ്ക്ക് അയാളുടെ പുതിയ മുഖം കാണുമ്പോള്‍ എന്താണ് അഭിപ്രായം എന്നറിയാന്‍ ആഗ്രഹം ഉണ്ട്.മീശയില്ലാത്ത അയാളുടെ മുഖത്തെ കുറിച്ച് തനിക്കു ആലോചിക്കാനേ കഴിയില്ല എന്ന് പറയുന്ന മാര്‍ക്കിന്റെ ഭാര്യ ആഗ്നസ് എന്നാല്‍ അയാളുടെ മുഖം കണ്ടിട്ട് പ്രത്യേകിച്ച് അഭിപ്രായം ഒന്നും പറയുന്നില്ല.മാര്‍ക്ക് പലപ്പോഴും തന്‍റെ മുഖം ഭാര്യക്ക് അഭിമുഖമായി പിടിച്ചിട്ടും ആഗ്നസ് ഒന്നും പറയുന്നില്ല.അന്ന് വൈകിട്ട് ആഗ്നസിന്റെ ആദ്യ ഭര്‍ത്താവിന്റെ വീട്ടില്‍ അവര്‍ പാര്‍ട്ടിക്ക് പോകുമ്പോഴും ആരും മാര്‍ക്കിന്റെ മുഖത്തെ കുറിച്ച് ഒന്നും പറയുന്നില്ല,തന്‍റെ മുഖത്ത് പതിനഞ്ചു വര്‍ഷം ആയുള്ള മീശ പോയതിനെ കുറിച്ച് ആരും ഒന്നും പറയാത്തത് മാര്‍ക്കിനെ വിഷമത്തില്‍ ആക്കുന്നു.അയാള്‍ അവസാനം ആഗ്നസിനോട്‌ ദേഷ്യത്തില്‍ എന്ത് കൊണ്ടാണ് അഭിപ്രായം പറയാത്തത് എന്ന് പറയുമ്പോള്‍ ആഗ്നസ് അയാള്‍ക്ക്‌ നേരത്തെ തന്നെ മീശ ഇല്ലായിരുന്നു എന്ന് പറയുന്നു.

  മാര്‍ക്ക് ആകെ വിഷമത്തില്‍ ആകുന്നു.മീശ ഉണ്ടായിരുന്നതായി തനിക്കു തോന്നിയതാണോ എന്നൊരു ഉള്‍വിളിയുടെ പുറത്തു പഴയ ഫോട്ടോകള്‍ നോക്കുമ്പോള്‍ അതില്‍ തനിക്കു മീശ ഉള്ളതായി കാണുന്നു.എന്നാല്‍ പരിചയം ഉള്ളവര്‍  ഒന്നും ആ ഒരു ഭാവം കാണിക്കുന്നില്ല താനും.ഇവിടെ മാര്‍ക്കിന്റെ തോന്നലുകള്‍ ശരി ആയിരുന്നോ?അതോ അയാളുടെ ചുറ്റും ഉള്ള ലോകം അയാളോട് കള്ളം പറയുകയാണോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.കാന്‍ ചലച്ചിത്ര മേളയില്‍ "Label Europa Cinemas" പുരസ്ക്കാരം ഈ ചിത്രം നേടുകയുണ്ടായി.

More movies @www.movieholicviews.blogspot.com

Sunday, 10 May 2015

364.IT FOLLOWS(ENGLISH,2014)

364.IT FOLLOWS(ENGLISH,2014),|Horror|Thriller|,Dir:-David Robert Mitchell,*ing:-Maika Monroe, Keir Gilchrist, Olivia Luccardi.

    സിനിമ വിഭാഗങ്ങളില്‍ ഏറ്റവും റിസ്ക്‌ ഉള്ളത് കോമഡി .ഹൊറര്‍ എന്നീ ചിത്രങ്ങള്‍ അവതരിപ്പിക്കാന്‍ ആണെന്ന് തോന്നുന്നു.രണ്ടും പാളി പോകാന്‍ നല്ലത് പോലെ സാധ്യത ഉള്ളതാണ്.രണ്ടു വിഭാഗത്തില്‍ ഉള്ള ചിത്രങ്ങളും അതിന്‍റെ ഉദ്ദേശിക്കുന്ന രീതിയില്‍ മികവു പുലര്‍ത്തി ഇല്ലെങ്കില്‍ പരാജയം ആകും ഫലം.എന്തായാലും ഒരു ഹൊറര്‍ പടം ആയി ഇറങ്ങുകയും അത്യാവശ്യം ആളുകളെ പേടിപ്പിക്കാനും കഴിയുന്ന ചിത്രം ആയി തോന്നി "It Follows"

  പേരില്‍ ഉള്ളത് പോലെ തന്നെ ആളുകളെ പിന്തുടരുന്ന രൂപങ്ങള്‍ ആണ് ചിത്രത്തിന്‍റെ പ്രമേയം.ചിത്രത്തിന്‍റെ ആരംഭത്തില്‍ ഭയന്നോടുന്ന പെണ്‍ക്കുട്ടിക്ക് എന്ത് സംഭവിച്ചു എന്നുള്ളത് പെട്ടന്ന് ഒരു ഷോക്ക് ആയി മാറും.പിന്നീട് സമാന സംഭവങ്ങള്‍ നടക്കുന്നത് ജയ്‌ എന്ന പെണ്‍ക്കുട്ടിക്കു  ആണ്.രൂപങ്ങള്‍ ഒരാളുടെ മുന്നില്‍ ദൃശ്യം ആകുന്നതു എങ്ങനെ എന്നുള്ള വിശദീകരണം അവളുടെ കാമുകന്‍ ആയി അല്‍പ്പ ദിവസം നടന്ന ജെഫ് എന്ന യുവാവ് നല്‍കുന്നുണ്ടെങ്കിലും ചിത്രത്തില്‍ അതിന്‍റെ വലിയൊരു വിശദീകരണം ഇല്ല.ഒരു പ്രേത പടത്തില്‍ നമ്മള്‍ കാണുന്നതിനും അപ്പുറം ഉള്ള ഒരു ചെറിയ ചെയിന്‍ മാത്രം ആണ് ഈ ചിത്രത്തില്‍ ഉള്ളത്.Prequel ആയി ഒരു രണ്ടാം ഭാഗം വരുന്നു എന്നുള്ള സംസാരവും ഉണ്ട്.

  ലിമിറ്റഡ് പ്രേക്ഷകര്‍ക്ക്‌  വേണ്ടി ആദ്യം റിലീസ് ചെയ്ത ഈ ചിത്രം പിന്നീട് വലിയ തോതില്‍ റിലീസ് ആകുകയായിരുന്നു.പ്രത്യേകിച്ചും സ്ഥിരം പ്രേത ചിത്രങ്ങളിലെ പോലെ ഉള്ള ഫാന്‍സി ഡ്രെസ് പ്രേതങ്ങള്‍ കുറവായിരുന്നു ഈ ചിത്രത്തില്‍.ഒപ്പം ഭയപ്പെടുത്തുന്ന ശബ്ദം ഉണ്ടാക്കുന്നവയും.സംവിധായകന്‍ ആയ മിച്ചല്‍ കുട്ടിക്കാലത്ത് കണ്ട സ്വപ്നങ്ങളെ ആസ്പദം ആക്കി ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ചിത്രത്തിന്‍റെ അവസാനവും ചിലതെല്ലാം ചോദ്യം ആയി അവശേഷിപ്പിച്ചാണ് തീരുന്നത്.ഒരു പക്ഷേ അടുത്ത ഭാഗം അതിനു ഉത്തരം നല്‍കുമായിരിക്കും.എന്തായാലും ഇപ്പോള്‍ പ്രേക്ഷകന് സ്വന്തമായ രീതിയില്‍ അനുമാനിക്കാം ആ സംഭവങ്ങളെ എന്ന് തോന്നുന്നു.

More movie suggestions @www.movieholicviews.blogspot.com  

363.KINGSMAN:THE SECRET SERVICE(ENGLISH,2014)

363.KINGSMAN:THE SECRET SERVICE(ENGLISH,2014),|Thriller|Action|,Dir:-Matthew Vaughn,*ing:-Colin Firth, Taron Egerton, Samuel L. Jackson

  ഈ അടുത്തിറങ്ങിയ മികച്ച സ്പൈ  ചിത്രങ്ങളില്‍ ഒന്നാണ് Kingsman:The Secret Service.പ്രേക്ഷകനെ രസിപ്പിക്കാന്‍ ഉള്ളതെല്ലാം മാത്യു വോനും കൂട്ടരും ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ട്."വിശ്വരൂപം" സിനിമയിലെ പ്രശസ്തമായ സംഘട്ടന രംഗം വെറും മിനിയേച്ചര്‍ ആക്കി മാറ്റുന്ന സ്ടയലിഷ് സംഘട്ടന രംഗങ്ങള്‍ ആണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.ഒപ്പം സ്ഥിരം സ്പൈ ചിത്രങ്ങളില്‍ കാണുന്നതിലും ഒരു പടി മുകളില്‍ നില്‍ക്കുന്ന സ്ടയലിഷ് കഥാപാത്രങ്ങളും ചിത്രത്തെ ആ ജോനറില്‍ ഉള്ള ചിത്രങ്ങളില്‍ മുകളില്‍ നിര്‍ത്താനും മാത്രം പ്രാപ്തം ആണ്.

    ഡേവ് ഗിബ്ബന്‍സ്,മാര്‍ക്ക് മില്ലര്‍ എന്നിവര്‍ രചിച്ച "ദി സീക്രട്ട് സര്‍വിസ് " എന്ന കോമിക് പുസ്തകം ആണ് ഈ ചിത്രത്തിന്‍റെ കഥയ്ക്ക്‌ ആധാരം.അതീവ രഹസ്യ സ്വഭാവം ഉള്ള ഒരു ചാര സംഘടന ആണ് കിംഗ്സ്മാന്‍.ഒരു രാജ്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും പിണിയാളുകളുടെ നിയന്ത്രണങ്ങള്‍  ഇല്ലാത്ത രഹസ്യ സംഘടന ആണ്.അവര്‍ വര്‍ഷങ്ങളായി  അവരുടെ രഹസ്യ സ്വഭാവം നില നിര്‍ത്തുന്നു.1997 ല്‍ നടന്ന അവരുടെ ഒപരെഷനില്‍ മരിച്ച പുതിയ ഉദ്യോഗസ്ഥന്റെ കുടുംബത്തിനു സഹായവും ആയി ഹാരി ഹാര്‍ട്ട് എന്ന എജന്റ്റ് വരുന്നു.എന്തെങ്കിലും സഹായം ആവശ്യം ഉണ്ടെങ്കില്‍ ഉപയോഗിക്കണ്ട കോഡും നമ്പറും അടങ്ങിയ വിവരങ്ങള്‍  മരിച്ചയാളുടെ മകനായ എഗ്സിക്ക് നല്‍കുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം എഗ്സിക്ക് ഒരു ആവശ്യം ഉണ്ടാകുന്നു.അച്ഛന്‍ മരിച്ചതിനു ശേഷം ദുരിതത്തില്‍ ആയ ജീവിതത്തില്‍ എഗ്സിക്ക് അന്ന് നല്‍കിയ ആ സമ്മാനം ഉപയോഗപ്രദം ആകുന്നു.അത് പോലെ ജീവിതത്തില്‍ ഒരിക്കലും വിചാരിക്കാത്ത മാറ്റങ്ങളും വരുന്നു.

   എഗ്സിയെ പോലെ ജീവിതം നയിച്ചിരുന്ന ഒരാള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വഴികളിലേക്ക് എത്തി ചേരാന്‍ മുന്നില്‍ വഴികള്‍ ഉണ്ട്.അതിനു ആവശ്യം കഠിനാധ്വാനം മാത്രം ആണ്.ഒപ്പം സ്വയം ആര്‍ജ്ജിച്ച മനോബലവും.സസ്പന്‍സ് ചേരുവകകള്‍ കുറവ് ആണെങ്കിലും ആ ഒരു കുറവ് നിര്‍ത്തുന്ന രീതിയില്‍ ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.പ്രത്യേകിച്ചും പള്ളിയിലെ ആ സംഘട്ടന രംഗവും ഒപ്പം ക്ലൈമാക്സിലെ ഫയര്‍ വര്‍ക്സും. ചിത്രം ലോകം എമ്പാടും വലിയ ഹിറ്റ്‌ ആയി മാറിയിരുന്നു.മാത്യൂ വോണ്‍ ചിത്രങ്ങളിലെ ഏറ്റവും വലിയ ഹിറ്റ്‌ ആയ ഈ ചിത്രം ഒരു രണ്ടാം ഭാഗം ആയി തിരയില്‍ വരുമെന്ന് കേള്‍ക്കുന്നുണ്ട്.എന്തായാലും ഈ ഭാഗത്തോടെ ഞാന്‍ ഈ ചിത്രത്തിന്‍റെ ആരാധകന്‍ ആയി മാറിയിട്ടുണ്ട്.

More movie suggestions @www.movieholicviews.blogspot.com

Wednesday, 6 May 2015

362.DUM LAGA KE HAISHA(HINDI,2015)

362.DUM LAGA KE HAISHA(HINDI,2015),|Comedy|Family|,Dir:-Sharat Katariya,*ing:-Ayushman Khurana,Bhumi Pednekar.

  ഇന്ത്യന്‍ സിനിമയുടെ തലസ്ഥാനം ആയ ബോളിവുഡ് സാമ്പത്തിക ലാഭം മാത്രം നോക്കി നിര്‍മിക്കുന്ന കോടികള്‍ എറിഞ്ഞുള്ള താര ചിത്രങ്ങളുടെ ഇടയില്‍ വന്ന ഒരു കൊച്ചു ചിത്രം ആണ് "ദം ലഗാ കെ ഹൈഷ".ബോളിവുഡ് നായിക സങ്കല്‍പ്പങ്ങളില്‍ നായികയുടെ സീറോ സൈസിന് ഉള്ള പ്രാധാന്യം ഒക്കെ മാറ്റി വളരെയധികം തടി ഉള്ള നായിക ആണ് ചിത്രത്തില്‍ ഉള്ളത്.കൂടെ  പാവത്താനായ നായകനും.തൊണ്ണൂറ്റിഅഞ്ചില്‍ നടക്കുന്ന സംഭവങ്ങള്‍ ആണ് ചിത്രത്തില്‍ ഉടന്നീളം.

  പ്രേം പ്രകാശ് എന്ന യുവാവ് കുമാര്‍ സാനുവിന്റെ ആരാധകന്‍ ആണ്.ആരാധന മൂത്ത പ്രേം ആ കൊച്ചു പട്ടണത്തില്‍ ഒരു കാസറ്റ് കട നടത്തുന്നു.ഇംഗ്ലീഷ് അറിയാത്ത പ്രേം പ്രകാശ് പ്ലസ് ടൂ ജയിച്ചിട്ടില്ല.സ്വന്തം പിതാവിനെ വളരെയധികം ഭയക്കുന്ന പ്രേം പ്രകാശ് വണ്ണം ഉള്ള സന്ധ്യ എന്ന യുവതിയെ വിവാഹം ചെയ്യാന്‍ ആ ഭയം കാരണം  സമ്മതിക്കുന്നു.സന്ധ്യ ,പ്രേമിന്‍റെ സ്ത്രീ സങ്കല്‍പ്പങ്ങളില്‍ നിന്നും വ്യത്യസ്ത ആയിരുന്നു.വിദ്യാഭ്യാസം ഉള്ള സന്ധ്യയോടു പ്രേമിന് ഒരു തരം ഈഗോയും അവളുടെ വണ്ണം ഉള്ള  ശരീരത്തോട് അവജ്ഞയും ആയിരുന്നു.സന്ധ്യ കുടുംബ ജീവിതം മുന്നോട്ടു കൊണ്ട് പോകാന്‍ ശ്രമിക്കുന്നു.അവരുടെ ജീവിതം എന്നാല്‍ പോയിരുന്നത് നേരായ വഴിയില്‍ അല്ലായിരുന്നു.ഒരു ശരാശരി ഇന്ത്യന്‍ യുവാവിന്റെ ഈഗോയും സ്ത്രീകളോട് തോറ്റ് കൊടുക്കാന്‍ ഉള്ള മടിയും അത് പോലെ സുഹൃത്തുകള്‍ക്കു ലഭിച്ച നല്ല ജീവിതത്തില്‍ അസൂയയും ഉള്ള പ്രേം പ്രകാശ് കുടുംബ ജീവിതത്തില്‍ പരാജയം ആകുന്നു.

     എന്നാല്‍ പ്രേമിന്റെയും സന്ധ്യയുടെയും ജീവിതത്തില്‍ മാറ്റം വരുത്താന്‍ സാധിക്കുന്ന ഒന്നുണ്ടായിരുന്നു.അതിലേക്കു നയിക്കുന്ന സംഭവങ്ങള്‍ ആണ് ചിത്രം ബാക്കി അവതരിപ്പിക്കുന്നത്‌.കുറച്ചു തമാശയും പിന്നെ തൊണ്ണൂറ്റിഅഞ്ചുകളുടെ നൊസ്റ്റാള്‍ജിയയും എല്ലാം ചേര്‍ത്ത് എടുത്ത ഈ ചിത്രം തരക്കേട് ഇല്ലാത്ത ഒന്നാണ്.ഈ ചിത്രത്തില്‍ സന്ധ്യ ആയി അഭിനയിച്ച ഭൂമി പെട്നെക്കാര്‍ ഇന്ത്യന്‍ സിനിമയില്‍ നായകന്മാര്‍ മാത്രം ചെയ്തു വരുന്ന Weight Transformation നന്നായി ചെയ്തിട്ടുണ്ട്.സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതിനു ശേഷം ഉള്ള അവരുടെ രൂപം കണ്ടാല്‍ അത് മനസ്സിലാകും.

More movie suggestions @www.movieholicviews.blogspot.com

Sunday, 3 May 2015

361.LAKESIDE MURDER CASE(JAPANESE,2004)

361.LAKESIDE MURDER CASE(JAPANESE,2004),|Mystery|,Dir:-Shinji Aoyama,*ing:-Kôji Yakusho, Hiroko Yakushimaru, Akira Emoto .

   കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് ആശങ്ക ഉള്ളവരാണ് മാതാപിതാക്കള്‍ മിക്കവാറും എല്ലാവരും.അത് ലോകത്തിന്റെ ഏതു കോണില്‍ ആയാലും പ്രസക്തം ആയ ഒരു വിഷയം ആണെന്ന് തോന്നുന്നു.ജപ്പാനിലെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം പ്രദാനം ചെയ്യുന്ന സ്ക്കൂള്‍ ആണ് ശുബുന്‍ഖാന്‍.അവിടെ കുട്ടികള്‍ക്ക് അഡ്മിഷന്‍ കിട്ടുക എന്നുള്ളത് വളരെ കഠിനം ആണ്.അതിനു അവര്‍ പല തട്ടില്‍ ഉള്ള പരീക്ഷയില്‍ പങ്കെടുക്കേണ്ടി വരും.ഹിമെഗാമി തടാകത്തിന്റെ തീരത്തുള്ള സ്ഥലത്താണ് കുട്ടികളുടെ പരീക്ഷകള്‍ നടക്കുന്നത്.പരീക്ഷകള്‍ നടത്തുന്നത് ടൌകുമി എന്ന അദ്ധ്യാപകന്‍ ആണ്.പരീക്ഷകളില്‍ പങ്കെടുക്കാന്‍ മൂന്നു കുട്ടികളും അവരുടെ മാതാപിതാക്കളും എത്തിയിട്ടുണ്ട്.

     നമിക്കിയുടെ മകള്‍ പരീക്ഷയില്‍ പങ്കെടുക്കുന്നുണ്ട്.എന്നാല്‍ അത് അയാളുടെ സ്വന്തം മകള്‍ അല്ല.തന്‍റെ ഭാര്യയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് മൈക്ക.മിക്കായുടെ അമ്മയായ മിനാക്കോയും ആയി വേര്‍പിരിയാന്‍ നമിക്കി തീരുമാനിച്ചിരിക്കുന്നു.എന്നാല്‍ കുട്ടിയുടെ അഡ്മിഷന്‍ നടക്കാന്‍ വേണ്ടി അവര്‍ രണ്ടു പേരും ഒരുമിച്ചു അവിടെ എത്തുന്നു.കുട്ടികളുടെ പരീക്ഷകളുടെ ഒപ്പം മാതാപിതാക്കന്മാര്‍ക്കും അവിടെ അഭിമുഖങ്ങള്‍ നടത്തുന്നുണ്ട്.അപ്പോഴാണ്‌ അവിടെ നമിക്കിയുടെ കാമുകിയായ ടക്കഷിന എന്ന ഫോട്ടോഗ്രാഫര്‍ അവിടെ എത്തുന്നത്‌.അവര്‍ താമസിക്കുന്നത് പുഴക്കരയില്‍ ഉള്ള ഒരു ഹോട്ടലില്‍ ആണ്.

  അന്ന് രാത്രി ടക്കഷിനയെ കാണാനായി ഇറങ്ങിയ നമിക്കി തിരിച്ചു വന്നപ്പോള്‍ അയാളുടെ ഭാര്യ ഒരു രഹസ്യം പറയുന്നു.എല്ലാവരുടെയും ജീവനെ ബാധിക്കുന്ന ആ രഹസ്യം ഒന്നെങ്കില്‍ പുറത്തു അറിയിക്കാം.അല്ലെങ്കില്‍ ഒളിച്ചു വയ്ക്കാം.എന്നാല്‍ അതിനു വ്യക്തമായ പദ്ധതികള്‍ വേണം.അതിനായി അവര്‍ ഒത്തു ചേരുന്നു.എന്താണ് ആ രഹസ്യം?അവര്‍ എന്തിനാണ് അത് ഒളിച്ചു വയ്ക്കുന്നത്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.കുട്ടികളുടെ  വളര്‍ച്ചയില്‍ അവരുടെ സ്വാതന്ത്ര്യം എന്ത് മാത്രം ഉണ്ടെന്നുള്ള വിശകലനം നടക്കുന്നതിനോടൊപ്പം മാതാപിതാക്കളുടെ മത്സരബുദ്ധിയും ഈ മിസ്റ്ററി/ത്രില്ലര്‍ അന്വേഷിക്കുന്നു.ഒരു സ്ലോ പോയിസന്‍ പോലെ നമുക്ക് ഇഷ്ടം ആകുന്ന ചിത്രം ആണ് പുഴയരികിലെ കൊലപാതക കേസ് ..

More movie suggestions @www.movieholicviews.blogspot.com

1995. Drop ( English, 2025)