Tuesday, 21 April 2015

353.THE VOICES(ENGLISH,2014)

353.THE VOICES(ENGLISH,2014),|Crime|Thriller|,Dir:-Marjane Satrapi,*ing:-Ryan Reynolds, Gemma Arterton, Anna Kendrick

  ജെറി ബാത്ത് ടബ് ഉണ്ടാക്കുന്ന ഫാക്റ്ററിയില്‍ ആണ് ജോലി ചെയ്യുന്നത്.ഒറ്റയ്ക്ക് താമസിക്കുന്ന ജെറിയുടെ കൂട്ടുകാര്‍ ആണ് ബോസ്ക്കോ എന്ന നായയും Mr.വിസ്ക്കര്‍സ് എന്ന് വിളിപ്പേരുള്ള പൂച്ചയും.ഒരു കാമുകി പോലും ഇല്ലാതെ ഒറ്റയ്ക്ക് ആണ് ജെറി ജീവിക്കുന്നതെങ്കിലും അയാളുടെ ജീവിതം സാധാരണ രീതിയില്‍ ആണ് പോയിക്കൊണ്ടിരുന്നത്.ജെറിയോട് മാത്രം സംസാരിക്കുന്നു എന്ന് ജെറി വിശ്വസിക്കുന്ന ബോസ്ക്കോയും വിസ്ക്കറും അവന്റെ ജീവിതത്തിലെ എല്ലാ സംഭവങ്ങളെ കുറിച്ചും അഭിപ്രായം പറഞ്ഞിരുന്നു.ബോസ്ക്കോ പലപ്പോഴും ഉപദേശ രൂപേണ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ വിസ്ക്കര്‍ കൂടുതല്‍ ആക്രമണ സ്വഭാവം ഉള്ള ഉപദേശങ്ങള്‍ നല്‍കുന്നതായാണ് ജെറി മനസ്സിലാക്കിയത്.

   ഓഫീസില്‍ നടന്ന കോംഗോ പാര്‍ട്ടിയുടെ  ഒരുക്കത്തിനിടെ ആണ് ജെറി അക്കൌണ്ട്സ് വിഭാഗത്തില്‍ ഉള്ള ഇംഗ്ലീഷുകാരി ആയ ഫിയോണയും ആയി പരിചയത്തില്‍ ആകുന്നതു.ജീവിതം ആഘോഷിക്കാന്‍ ആഗ്രഹം ഉള്ള ഫിയോണയെ ജെരിക്ക് ഇഷ്ടം ആകുന്നു,എന്നാല്‍ ഫിയോണ അതെ കമ്പനിയുടെ  ഫാക്റ്ററിയില്‍ ജോലി ചെയ്യുന്ന ജെറിയോട് ഇഷ്ടം കാണിക്കുന്നില്ല.ഡേറ്റ് ചെയ്യാന്‍ ആയി ജെറി ഫിയോണയെ വിളിച്ച ദിവസം അവള്‍ പോകുന്നില്ല അവന്റെ കൂടെ.പകരം മറ്റൊരു പാര്‍ട്ടിയില്‍ പങ്കെടുത്തു വന്ന അവളെ ആ രാത്രി ജെറി കാണുന്നു.ജെറിയുടെ ജീവിതത്തില്‍ കുറച്ചു രഹസ്യങ്ങള്‍ ഉണ്ട്.ഒരു പക്ഷേ ജെറി ശരി എന്ന് കരുതുന്ന ഭയാനകം ആയ രഹസ്യങ്ങള്‍.അതിലേക്കു പങ്കാളികള്‍ ആകാന്‍ ആണ് ഇനി കുറച്ചു പേരുടെ വിധി.എന്താണ് ആ രഹസ്യങ്ങള്‍?ജെറി യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു?അതാണ്‌ ചിത്രത്തിന്‍റെ ബാക്കി കഥ.

  ജെറിയുടെ ജീവിതം വര്‍ണാഭം ആയി അവതരിപ്പിക്കുമ്പോള്‍ അവന്റെ ജീവിതത്തിലെ വെളിച്ചം ആണ് അവന്‍ സ്വയം കണ്ടെത്തുന്നത്.മനസ്സിന്‍റെ ചില ആശ്വാസ പ്രകടനം മാത്രം ആയി ആ കഥാപാത്രത്തിന്റെ ചിന്തകളെ കണക്കു കൂട്ടുന്നതില്‍ തെറ്റില്ല എന്ന് തോന്നുന്നു.സൈക്കോ ത്രില്ലര്‍ സിനിമകളുടെ ജോനറില്‍ ഉള്‍പ്പെടുത്താവുന്ന ഈ ചിത്രം റയാന്‍ രേയ്നോല്‍ട്സിന്റെ അഭിനയ മികവു കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റും.ഇത്തരം ഒരു കഥാപാത്രത്തിന്റെ സൃഷ്ടിയില്‍ റയാന്റെ സ്ക്ക്രീന്‍ പ്രസന്‍സ് ഉണര്‍ത്തുന്ന ദുരൂഹത ചിത്രത്തിന്‍റെ മികച്ച കാര്യങ്ങളില്‍ ഒന്നാണ്.സമ്മിശ്ര പ്രതികരണം ആണ് ചിത്രം ഇറങ്ങിയപ്പോള്‍ ലഭിച്ചതെങ്കിലും വ്യത്യസ്തം ആയ ഒരു സൈക്കോ ത്രില്ലര്‍ ചിത്രം ആയി The Voices തോന്നി.

More movie suggestions @www.movieholicviews.blogspot.com

Monday, 20 April 2015

352.EYE FOR AN EYE(KOREAN,2008)

352.EYE FOR AN EYE(KOREAN,2008),|Thriller|Action|,Dir:-Kwon-tae Ahn, Kyung-Taek Kwak,*ing:-Suk-kyu Han, Seung-won Cha, Young-chang Song .

    പോലീസ് ജോലിയില്‍ നിന്നും വിരമിച്ച് സ്വന്തമായി ബിസിനസ്സ് ചെയ്യാന്‍ ഉള്ള ഒരുക്കത്തില്‍ ആണ് ക്യാപ്റ്റന്‍ ബെയ്ക്ക്‌-സുംഗ്.ജോലിയില്‍ വിരസത തോന്നിയപ്പോള്‍ എടുത്ത തീരുമാനം എന്നാല്‍ മാറ്റാന്‍ ബെയ്ക്ക്‌ തീരുമാനിക്കുന്നു.അതിനു കാരണം ആയതു അതീവ ശ്രദ്ധയോടെ നടന്ന രണ്ടു മോഷണങ്ങള്‍ ആയിരുന്നു.സോംഗ് യംഗ് എന്ന കോടീശ്വരനായ ബിസിനസ്സുകാരനെ ഉന്നം വച്ചായിരുന്നു രണ്ടു മോഷണങ്ങളും.ആദ്യ മോഷണം അയാളുടെ ബാങ്കില്‍ കൊണ്ട് പോകാനായി പണവുമായി പോയ  വണ്ടിയില്‍ ആയിരുന്നു.മോഷ്ടാക്കള്‍ സൃഷ്ടിച്ച സാഹചര്യങ്ങളിലൂടെ അവര്‍ ആ മോഷണം നടത്തുന്നു.

  രണ്ടാമത്തെ മോഷണം അനധികൃതമായി കൊറിയയില്‍ എത്തിയ 600 കിലോ സ്വര്‍ണം മോഷ്ടിചായിരുന്നു.അതും സോംഗ് യംഗ് കൈകാര്യം ചെയ്യാനായി കൊണ്ട് വന്നതായിരുന്നു.ബെയ്ക്കിനു എന്നാല്‍ അന്റോണിയോ എന്നൊരാള്‍ ആദ്യം തന്നെ സ്വര്‍ണം ഇറങ്ങാന്‍ പോകുന്ന കാര്യം രഹസ്യമായി അറിയിക്കുന്നുണ്ട്.പോലീസ് മോഷ്ടാക്കളെ കുരുക്കാന്‍ നോക്കിയെങ്കിലും വിദഗ്ധമായി അവര്‍ രക്ഷപ്പെട്ടു.മികച്ച ബുദ്ധിയുള്ള ഒരാളുടെ തല ഇതിനു പിന്നില്‍ പ്രവൃത്തിക്കുന്നുണ്ട് എന്ന് ബെയ്ക്ക്‌ മനസ്സിലാക്കുന്നു.മോഷ്ടാവ് ബെയ്ക്കിനെയും തന്‍റെ മോഷണങ്ങളില്‍ വെല്ലുവിളിക്കുന്നുണ്ട്   ബെയ്ക്കിനു കേസില്‍ താല്‍പ്പര്യം കൂടുന്നു.എന്നാല്‍ ബെയ്ക്കിനെ അതി സമര്‍ത്ഥമായി പറ്റിച്ച് മോഷ്ടാക്കള്‍ രക്ഷപ്പെടുന്നു.ആരാണ് ആ മോഷ്ടാവ്?എന്താണ് അയാളുടെ ഉദ്ദേശം?അതാണ്‌ ഈ ചിത്രത്തിന്‍റെ ബാക്കി കഥ പറയുന്നത്.

 ഹെയ്സ്റ്റ് ചിത്രമായ "Eye for an eye" പുതിയ കഥകള്‍ ഒന്നും പറയുന്നില്ല എങ്കില്‍ പോലും അതുള്‍പ്പെടുന്ന ജോനരിനോട്‌ നീതി പാലിച്ചിട്ടുണ്ട്.പ്രതികാരം ആണ് ചിത്രത്തിന്‍റെ പ്രമേയം.ക്യാറ്റ് ആന്‍ഡ് മൗസ്  ഗെയിം  ഈ ചിത്രത്തില്‍ നന്നായി ഉപയോഗിച്ചിട്ടുണ്ട്.കഥ അവതരിപ്പിക്കപ്പെടുന്നത് ക്യാപ്റ്റന്‍ ബെയ്ക്കിന്റെ കാഴ്ചപ്പാടിലൂടെ ആണ്.അധികം സങ്കീര്‍ണതകള്‍ ഇല്ലാത്ത നല്ലൊരു ആക്ഷന്‍/ത്രില്ലര്‍ ചിത്രം ആണ് eye for an eye.

More movie suggestions @www.movieholicviews.blogspot.com

Saturday, 18 April 2015

351.DIAL M FOR MURDER(ENGLISH,1954)

351.DIAL M FOR MURDER(ENGLISH,1954),|Thriller|Crime|,Dir:-Alfred Hitchcock,*ing:-Ray Milland, Grace Kelly, Robert Cummings.

 പ്രത്യക്ഷത്തില്‍ ഒരു തെളിവും അവശേഷിപ്പിക്കാതെ നടത്തുന്ന കുറ്റ കൃത്യങ്ങള്‍ പ്രമേയം ആയുള്ള സിനിമകള്‍ ധാരാളം നമ്മുടെ മുന്നില്‍ അവതരിപ്പിച്ച സംവിധായകന്‍ ആണ് ആല്‍ഫ്രഡ്‌ ഹിച്ച്കോക്ക്.Rope,Strangers On A Train തുടങ്ങിയ സിനിമകള്‍ എല്ലാം ഈ ഒരു പ്രമേയത്തില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്.ഒരു കുറ്റ കൃത്യവും തെളിവുകള്‍ ഇല്ലാതെ ചെയ്യാന്‍ കഴിയും എന്നുള്ള വിശ്വാസങ്ങളിലേക്ക് എന്നാല്‍ ഹിച്ച്കോക്ക് തടസ്സം നില്‍ക്കുകയും ചെയ്യുന്നുണ്ട്.മേല്‍പ്പറഞ്ഞ രണ്ടു സിനിമകളിലും പെര്‍ഫെക്റ്റ് ക്രൈമിന്റെ  നിലനില്‍പ്പിനെ ചോദ്യം ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചിട്ടും ഉണ്ട്.ഓരോ കുറ്റ കൃത്യങ്ങളിലും കണ്ണ് ശരിയായി തുറന്നു വച്ചാല്‍ ദൃഷ്ടി എത്തുന്നത്‌ കുറ്റവാളിയുടെ ആത്മവിശ്വാസത്തില്‍ ആകും എന്ന് തോന്നുന്നു.തെളിയിക്കപ്പെടാത്ത കുറ്റങ്ങള്‍ കുറ്റ കൃത്യം അല്ല എന്ന വിശ്വാസത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തികള്‍  നിസാരനായ മനുഷ്യന്‍ നടത്തുമ്പോള്‍ അതില്‍  എല്ലാ പഴുതും അടച്ച്‌ ചെയ്യാന്‍ കഴിയും എന്ന് വിശ്വസിക്കാന്‍ പോലും കഴിയില്ല.

  ഇനി സിനിമയിലേക്ക്.ടോണി വെണ്ടീസ് ടെന്നീസ് കളിയില്‍ കമ്പം ഉള്ള ആളായിരുന്നു.ടെന്നീസിന് വേണ്ടി ജീവിച്ച അയാളുടെ ജീവിതത്തില്‍ ഭാര്യയായ മാര്‍ഗറ്റിനു നല്‍കാന്‍ കഴിയാത്ത സ്നേഹം മറ്റൊരാള്‍ നല്‍കുന്നു എന്നയാള്‍ മനസ്സിലാക്കുന്നു.അയാള്‍ ടെന്നീസിനോട് വിട പറഞ്ഞ് സ്പോര്‍ട്സ് ഉപകരണങ്ങള്‍ വില്‍ക്കുന്ന കമ്പനിയില്‍ ജോലിക്ക് കയറുന്നു.തന്‍റെ ജീവിതം തിരിച്ചു പിടിച്ചു എന്ന് വിശ്വസിക്കുന്ന മാര്‍ഗറ്റിനു എന്നാല്‍ ഭര്‍ത്താവിന് തന്‍റെ രഹസ്യ ബന്ധത്തെ കുറിച്ച് അറിയില്ല എന്ന് വിശ്വസിക്കുന്നു.എഴുത്തുകാരന്‍ ആയ അവരുടെ കാമുകന്‍ മാര്‍ക്ക് അവളെ കാണാന്‍ ആയി എത്തുന്നു.ഒരു സുഹൃത്ത്‌ എന്ന് പറഞ്ഞു മാര്‍ഗറ്റ് പരിചയപ്പെടുത്തുന്ന മാര്‍ക്കിനെയും കൂട്ടി അടുത്ത ദിവസം ഒരു പാര്‍ട്ടിക്ക് പോകാന്‍ ടോണി തീരുമാനിക്കുന്നു.എന്നാല്‍ ആ ദിവസം നടക്കാന്‍ പോകുന്ന സംഭവങ്ങള്‍ അയാള്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ടായിരുന്നു.അയാള്‍ അന്നത്തെ ദിവസം തനിക്കു വേണ്ടി ജോലി ചെയ്യാന്‍ തിരഞ്ഞെടുത്തത് സ്വാന്‍ എന്ന അയാളുടെ പഴയ കോളേജ് സീനിയറിനെ ആയിരുന്നു.ജീവിതത്തില്‍ പണത്തിന്റെ ആവശ്യം ഏറെ ഉണ്ടായിരുന്ന സ്വാന്‍ ,ടോണിയുടെ പഴുതുകള്‍ ഇല്ലാത്ത കൊലപാതക മാര്‍ഗത്തെ വിശ്വസിക്കുന്നു.എന്നാല്‍ അടുത്ത ദിവസം രാത്രി നടന്ന സംഭവങ്ങള്‍ അവിശ്വസനീയം ആയിരുന്നു.അവിടെ ആണ് ഈ ചിത്രത്തിന്‍റെ വലിയ ട്വിസ്റ്റ് ഒളിഞ്ഞിരിക്കുന്നത്.

   ക്രൈം/ത്രില്ലര്‍ സിനിമകള്‍ക്ക്‌ വേണ്ടിയ പ്രേക്ഷകനെ മുള്‍ മുനയില്‍ നിര്‍ത്തുന്ന അവസ്ഥകള്‍ ഈ ചിത്രത്തില്‍ കൊണ്ട് വരാന്‍ ഹിച്ച്കോക്ക് ശ്രമിച്ചിട്ടുണ്ട്.ആല്ഫ്രെഡ്‌ ഹിച്ച്കോക്കിന്റെ ഒരേ ഒരു ത്രിമാന ചിത്രം ആയിരുന്നു Dial M for Murder.അക്കാലത്തെ ലഭ്യമായ സാങ്കേതിക വിദ്യയില്‍ വാര്‍ണര്‍ ബ്രദേര്‍സിന്‍റെ പ്രത്യേക ക്യാമറയില്‍ ആണ് ത്രിമാനസ്വഭാവം ഉണ്ടാക്കിയത്.ഭാര്യയുടെ വിശ്വാസ വഞ്ചനയ്ക്ക് പകരം വീട്ടാന്‍ ടോണി ശ്രമിക്കുമ്പോള്‍ അയാളോടുള്ള അനുകമ്പ പ്രേക്ഷകനില്‍ ഉണ്ടാക്കി എടുക്കാന്‍ ഹിച്ച്കോക്ക് ശ്രമിച്ചിട്ടുണ്ട്.അത് കൊണ്ട് തന്നെയാകണം നടക്കാന്‍ പോകുന്ന സംഭവങ്ങള്‍ ഇതാണ് എന്ന് പറഞ്ഞു അവതരിപ്പിക്കപ്പെടുമ്പോള്‍ പോലും ടോണിയെ പോലീസ് പിടിക്കരുത് എന്ന് ചിലര്‍ എങ്കിലും വിചാരിക്കുന്നതും.ഫ്രെഡ്രിക്ക് നോട്ടിന്റെ നാടകം സിനിമയായി മാറുകയായിരുന്നു പിന്നീട്.അമേരിക്കന്‍ ഫിലിം ഇന്‍സ്ടിട്ട്യൂട്ടിന്റെ (AFI) മികച്ച 100 ത്രില്ലറുകളില്‍ ഈ ചിത്രവും സ്ഥാനം പിടിച്ചിട്ടുണ്ട്.പിന്നെ പതിവ് പോലെ ഹിച്ച്കോക്ക് ഈ ചിത്രത്തിലും തല കാണിച്ചിട്ടുണ്ട്.ടോണിയുടെയും സ്വാനിന്റെയും റീ-യൂണിയന്‍ ഫോട്ടോയില്‍ അദ്ധേഹത്തെ കാണാന്‍ സാധിക്കും.

More movie suggestions @www.movieholicviews.blogspot.com

Thursday, 16 April 2015

350.THE SNOW WHITE MURDER CASE(JAPANESE,2014)

350.THE SNOW WHITE MURDER CASE(JAPANESE,2014),|Mystery|Thriller|Crime|,Dir:-Yoshihiro Nakamura,*ing:-Mao Inoue, Gô Ayano, Nanao.

  ഒരു കൊലപാതകത്തിന്റെ ഇന്റര്‍നെറ്റ്‌ ഭാഷ്യം.അതാണ്‌ ഈ ചിത്രത്തെ കുറിച്ച് ചുരുക്കി ഒറ്റ വാക്കില്‍ പറയാന്‍ പറ്റുന്നത്.കാനേ മിനാറ്റോ എഴുതിയ ഈ നോവലിന്റെ ഉദ്ദേശവും അത് തന്നെ ആയിരിക്കണം.സോഷ്യല്‍ മീഡിയ സംഭവങ്ങളെ അവലോകനം ചെയ്യുന്നത് എങ്ങനെ ആണെന്ന് ഈ ചിത്രത്തില്‍ അതി ഗംഭീരം ആയി അവതരിപ്പിച്ചിട്ടുണ്ട്.പ്രത്യേകിച്ചും കുറ്റവാളി ആരാണെന്ന് തെളിവുകള്‍ ലഭിക്കാത്ത ഒരു കൊലപാതകം എങ്ങനെ ഒക്കെ വിലയിരുത്താന്‍ പേര് പോലും വെളിപ്പെടുത്താന്‍ മടിയുള്ള സാങ്കല്‍പ്പിക ലോകത്തിനു കഴിയുന്നു എന്നുള്ള വെളിപ്പെടുത്തല്‍ ആണ് ഈ ചിത്രം.ജാപ്പനീസ് ത്രില്ലറുകളുടെ പൊതു സ്വഭാവം ആണ് ഒരു മെല്ലെപ്പോക്ക്.ഒരു കഥയില്‍ നിന്നും മറ്റൊന്നിലേക്ക്,അങ്ങനെ അങ്ങനെ ഒന്ന് രണ്ടു സിനിമയ്ക്കുള്ള കഥ പറയാറുണ്ട്‌ ഇത്തരം പല ജാപ്പനീസ് ത്രില്ലറുകളും .അതെ ഫോര്‍മാറ്റില്‍ ആണ് ഈ ചിത്രവും അവതരിപ്പിച്ചിരിക്കുന്നത്.

   ശരീരത്തില്‍ മുറിവുകള്‍ ഏറ്റു കൊല്ലപ്പെട്ട യുവതിയുടെ ശരീരം തീ കൊളുത്തിയ നിലയില്‍ കാണപ്പെടുന്നു.പ്രശസ്ത ബ്യൂട്ടി സോപ ആയ സ്നോ വൈറ്റിലെ ജീവനക്കാരി ആയിരുന്നു കൊല്ലപ്പെട്ട മിക്കി നോറിക്കോ.നോറിക്കോ സുന്ദരി ആയിരുന്നു.ഏതൊരു സ്ത്രീയ്ക്കും അസൂയ തോന്നുന്ന സൗന്ദര്യവും ചുറുചുറുക്കും.പോലീസ് തെളിവുകള്‍ ഒന്നും ആ കേസില്‍ ലഭിക്കാതെ ആയപ്പോള്‍ ആണ് ഒരു ടി വി ചാനലിലെ തുടക്കക്കാരന്‍ ആയ അക്കാഹോഷിക്ക് ആ ഫോണ്‍ കോള്‍ വരുന്നത്.അക്കൊഹോഷിയുടെ പഴയ സുഹൃത്തായ രിസാക്കോ കാനോ എന്ന യുവതി ആയിരുന്നു അവനെ വിളിച്ചത്.മരണപ്പെട്ട നോറിക്കോ അവളുടെ കൂടെ ജോലി ചെയ്തിരുന്നതായിരുന്നു എന്നും കൊലപാതകിയെ കുറിച്ച് അവര്‍ക്കൊക്കെ ഒരു സംശയം ഉണ്ടെന്നും അക്കൊഹോഷിയെ അറിയിക്കുന്നു.RED STAR എന്ന പേരില്‍ ട്വിറ്റെര്‍ അക്കൌണ്ട് ഉപയോഗിക്കുന്ന അക്കൊഹോഷി ട്വിറ്റെരിലൂടെ മരണ കാരണങ്ങള്‍ പുറത്തു വിടുന്നു.അക്കൊഹോഷി നോറിക്കൊയുടെ കൂടെ ജോലി ചെയ്തവരും ആയി നടത്തിയ അഭിമുഖ സംഭാഷണങ്ങള്‍ക്ക് ശേഷം ആയിരുന്നു വെളിപ്പെടുത്തലുകള്‍.

  ടി വിയിലും കുറ്റാന്വേഷണ പരിപാടിയില്‍ ആ കൊലപാതകം ചര്‍ച്ച ചെയ്യപ്പെട്ടു.പോലീസ് അന്വേഷണം നടക്കുമ്പോള്‍ തന്നെ ഓണ്‍ ലൈന്‍ ലോകം കൊലയാളിയെ കണ്ടെത്തുന്നു.നോറിക്കൊയുടെ കൂടെ ജോലി ചെയ്തിരുന്ന ഷിറോണോ ആണ് കൊലയാളിയുടെ പേരിന്റെ സ്ഥാനത്ത് ഉള്ളത്.കൂടെ ജോലി ചെയ്തിരുന്നവരുടെ അഭിപ്രായത്തില്‍ ഷിറോണോയ്ക്ക് നോറിക്കൊയുടെ അവളുടെ സൗന്ദര്യത്തിന്റെ പേരില്‍ അസൂയ ഉണ്ടായിരുന്നു എന്നതാണ്.കൊലയാളിയെ ഓണ്‍ ലൈനില്‍ കണ്ടെത്തിയെങ്കിലും അതിനു എതിര്‍ അഭിപ്രായം ഉള്ള ഒരാള്‍ ഉണ്ടായിരുന്നു.ഷിറോനോയെ അനുകൂലിച്ചും പ്രതികൂലിച്ചും കഥകള്‍ വന്നു തുടങ്ങി.എന്താണ് സത്യം?ആരുടെ വാക്കുകളില്‍ ആണ് സത്യം ഉള്ളത്?കൊലപാതകം നടന്നതിനു ശേഷം അപ്രത്യക്ഷയായ ഷിറോണോ എവിടെയാണ്?ഒരു സംഭവം തന്നെ പല രീതിയില്‍ വിലയിരുത്തി,അതും പല ആളുകളുടെ മനോ വിചാരം അനുസരിച്ചാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.വ്യത്യസ്തമായ മേക്കിംഗ് ആണ് ചിത്രത്തിന് മുതല്‍ക്കൂട്ട് ആയിരിക്കുന്നത്.ത്രില്ലര്‍ സിനിമ സ്നേഹികള്‍ക്ക് വ്യത്യസ്തം ആയിരിക്കും ഇത്തരത്തില്‍ അവതരിപ്പിക്കപ്പെട്ട കുറ്റാന്വേഷണ ചിത്രം.

More movie suggestions @www.movieholicviews.blogspot.com

Tuesday, 14 April 2015

349.FANTASTIC Mr.FOX(ENGLISH,2009)

349.FANTASTIC Mr.FOX(ENGLISH,2009),|Comedy|Adventure|Animation|,Dir:-Wes Anderson,Voices:-George Clooney, Meryl Streep, Bill Murray |

  രോല്‍ ദാളിന്‍റെ കുട്ടികള്‍ക്കായുള്ള നോവലിനെ ആസ്പദം ആക്കി Wes Anderson സംവിധാനം ചെയ്ത അനിമേഷന്‍  ചിത്രം ആണ് Fantastic Mr.Fox.സ്റ്റോപ്  അനിമേഷന്‍ വിദ്യ ഉപയോഗിച്ച് കഥാപാത്രങ്ങളെ തിരശീലയില്‍ അവതരിപ്പിച്ച ഈ ചിത്രത്തിനു ആ വര്‍ഷത്തെ രണ്ടു ഓസ്ക്കാര്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു.മനുഷ്യനും മൃഗങ്ങളും തമ്മില്‍ ഉള്ള ജീവിത സമരം ആണ് സിനിമയുടെ പ്രമേയം.ആ കഥയില്‍ ആണ് ഒരു മനുഷ്യന്‍റെ എല്ലാ ഗുണങ്ങളും മോശം വശവും ഉള്ള  വന്യ മൃഗം ആയ Mr.ഫോക്സ് വരുന്നത്.

  മിസ്റ്റര്‍ ഫോക്സും ഭാര്യയേ ഫെലിസിറ്റിയും മനുഷ്യര്‍ വളര്‍ത്തുന്ന  പക്ഷികളെ മോഷ്ടിച്ച് ആണ് ജീവിച്ചിരുന്നത്.ചുരുക്കത്തില്‍ പറഞ്ഞാല്‍ മനുഷ്യരുടെ ഇടയില്‍ മോഷണം നടത്തുന്നത് പോലെ മനുഷ്യരില്‍ നിന്നും മോഷണം നടത്തുന്ന ഒരു കുറുക്കന്‍ ആയിരുന്നു മിസ്റ്റര്‍ ഫോക്സ്.എന്നാല്‍ അന്ന് രാത്രി നടന്ന മോഷണ ശ്രമത്തിനിടയില്‍ അവര്‍ പിടിയിലാകുന്നു.അപ്പോഴാണ്‌ ഫെലിസിറ്റി ഭര്‍ത്താവിനോട് താന്‍ ഗര്‍ഭിണി ആണെന്ന് പറയുന്നത്.തങ്ങള്‍ രണ്ടു പേരും കുട്ടിയും ആയി അപ്പോള്‍ രക്ഷപ്പെട്ടാല്‍ ഇനി മോഷ്ടിക്കില്ല എന്ന് ഉറപ്പു നല്‍കാന്‍ ഫെലിസിറ്റി മിസ്റ്റര്‍ ഫോക്സിനോട് ആവശ്യപ്പെടുന്നു.ആ വാര്‍ത്ത ഫോക്സിന് പുതിയ ലോകം ലഭിച്ചത് പോലെ ആയിരുന്നു.ഫോക്സ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.എങ്ങനെ?.മനുഷ്യരുടെ ഇടയില്‍ നിന്നും അവര്‍ എങ്ങനെ രക്ഷപ്പെട്ടു അന്ന് രാത്രി?

  പിന്നീട് മിസ്റ്റര്‍  ഫോക്സും ഭാര്യയും അവരുടെ മകനുമായി ജീവിക്കുമ്പോള്‍ അവരുടെ ജീവിതത്തില്‍ മനുഷ്യരുടെ ഇടപ്പെടല്‍ വീണ്ടും ഉണ്ടാകുന്നു.എന്ത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്?മിസ്റ്റര്‍ ഫോക്സ് അതിനായുള്ള വഴികള്‍ നോക്കുന്നു.നിലനില്‍പ്പിനായി വേറൊരു വഴിയും മിസ്റ്റര്‍ ഫോക്സിനും കൂട്ടര്‍ക്കും  ഇല്ലായിരുന്നു.ശരിക്കും മനുഷ്യ ലോകത്തിനു  സമാന്തരമായ ഒരു മൃഗ ലോകത്തില്‍ ആണ് മിസ്റ്റര്‍ ഫോക്സും കൂട്ടരും ജീവിക്കുന്നത്.എന്നാല്‍ ജീവിതത്തില്‍ നമ്മള്‍ പല വേഷങ്ങളും കെട്ടുന്നത് പോലെ ആ മൃഗങ്ങളും വേഷങ്ങള്‍ ധരിക്കുന്നു.പക്ഷേ ഉള്ളിന്റെ ഉള്ളില്‍ അവര്‍ വന്യ മൃഗങ്ങള്‍ ആണ്.പ്രത്യേക കഴിവുകള്‍ ഉള്ള വന്യ ജീവികള്‍.വെസ് ആണ്ടെര്സന്‍ ഈ ചിത്രത്തിലും തന്‍റെ മറ്റു ചിത്രങ്ങളിലേതു പോലെ തന്നെ കുടുംബ ബന്ധങ്ങള്‍ക്ക് പ്രധാനമായ സ്ഥാനം ഈ ചിത്രത്തിലും നല്‍കിയിട്ടുണ്ട്.അനിമേഷന്‍ ചിത്രം ആയിരുന്നു എങ്കിലും മനുഷ്യരുടെ മാനസികാവസ്ഥ പ്രകടിപ്പിച്ച മിസ്റ്റര്‍ ഫോക്സും കൂട്ടരും കലക്കി.പ്രത്യേകിച്ചും സ്വന്തം മക്കളെ ഒന്നിനും കൊള്ളില്ല എന്ന് പറയുന്ന മാതാപിതാക്കളുടെ പ്രതിനിധി ആയിരുന്ന മിസ്റ്റര്‍ ഫോക്സ് അവസാനം ആ തീരുമാനം മാറ്റുമ്പോള്‍ വല്ലാത്ത ഒരു ഇഷ്ടം ഈ ചിത്രത്തോട് തോന്നി പോകുന്നുണ്ട്.

More movie suggestions www.movieholicviews.blogspot.com

Monday, 13 April 2015

348.THE ROYAL TENENBAUMS(ENGLISH,2001)

348.THE ROYAL TENENBAUMS(ENGLISH,2001),|Comedy|,Dir:-Wes Anderson,*ing:-Gene Hackman, Gwyneth Paltrow, Anjelica Huston.

  The Darjeeling Limited ചിത്രത്തിലെ പോലെ തന്നെ മൂന്നു സഹോദരങ്ങളുടെ കഥയാണ് Wes Anderson ഈ ചിത്രത്തിലും അവതരിപ്പിക്കുന്നത്‌.സമ്പന്നരായ റ്റെനെന്ബോം കുടുംബത്തിലെ മുതിര്‍ന്ന അംഗമായ റോയല്‍ റ്റെനന്ബോം താനും ഭാര്യ ആയ എതെലിനും പിരിയുക ആണെന്ന് കുട്ടികളെ അറിയിക്കുന്നു.ചാസ്,മാര്‍ഗറ്റ്,റിച്ചി എന്നിവരാണ് ആ കുടികള്‍.മാര്‍ഗറ്റിനെ അവര്‍ എടുത്തു വളര്‍ത്തിയതാണ്.റോയല്‍  അവിടെ നിന്നും പോയെങ്കിലും നിയമപരമായി ഭാര്യയും ആയി പിരിയുന്നില്ല.തന്‍റെ സ്വത്തെല്ലാം ഭാര്യയ്ക്ക് കൊടുത്തു അയാള്‍ പോകുമ്പോള്‍ മൂന്നു ചെറിയ കുട്ടികളും ആയി ഒറ്റയ്ക്ക് ആകേണ്ടി വന്ന എതെലിന്‍ എന്നാല്‍ അവരെ നന്നായി വളര്‍ത്തി.ചെറുപ്പത്തില്‍ തന്നെ ആ കുട്ടികള്‍ ഓരോ മേഖലയിലും മിടുക്കരായി.ചാസ് ചെറുപ്പത്തില്‍ തന്നെ ബിസിനസ്സിന്റെ ബാല പാഠങ്ങള്‍  അഭ്യസിച്ചു അതില്‍ മിടുക്കന്‍ ആയി തീര്‍ന്നു.മാര്‍ഗറ്റ് ചെറു പ്രായത്തില്‍ തന്നെ കഥ എഴുത്തിലേക്കും നാടകത്തിലേക്കും തിരിഞ്ഞു.റിച്ചി പ്രൊഫഷനല്‍ ടെന്നീസില്‍ പ്രശസ്തന്‍ ആയി.

  എന്നാല്‍ ചെറുപ്പത്തിലെ മികവു ഇവര്‍ക്കാര്‍ക്കും മുന്നോട്ടു കൊണ്ട് പോകാന്‍ സാധിക്കുന്നില്ല.ഭാര്യ മരിച്ച ചാസ് തന്‍റെ രണ്ടു കുട്ടികളും ആയി അരക്ഷിതാവസ്ഥയില്‍ ആണ് ജീവിക്കുന്നത്.മാര്‍ഗറ്റ് ഒരു ഡോക്റ്ററെ വിവാഹം ചെയ്തെങ്കിലും വിഷാദ രോഗത്തിന് അടിമയാണ്.റിച്ചി ചില പ്രത്യേക കാരണങ്ങളാല്‍ ടെന്നീസ് ജീവിതം അവസാനിപ്പിക്കുന്നു.വിരസമായ തന്‍റെ ജീവിതത്തിലേക്ക് വന്ന പുതിയ പുരുഷനെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് എതെലിന്‍.  ആ സമയം ആണ് റോയല്‍ ഒരിക്കല്‍ കൂടി അവരുടെ ജീവിതത്തിലേക്ക് വരുന്നത്.പതിനെട്ടോളം വര്‍ഷം അകന്നു നിന്ന സഹോദരങ്ങള്‍ ഒരു കൂരയ്ക്ക് താഴെ ഒരുമിക്കാന്‍ ഉള്ള അവസരം വരുന്നു.അവരുടെ ജീവിതത്തില്‍ നഷ്ടം ആയ ചിലതുണ്ട്.അതവര്‍ക്ക് തിരികെ ലഭിക്കണം  എന്ന ആഗ്രഹം ഇല്ലെങ്കിലും അവരുടെ ചെറുപ്പത്തില്‍ ഒപ്പം ഇല്ലാതെ ഇരുന്ന പിതാവ് ആ മുങ്ങുന്ന കപ്പലിനെ കരയ്ക്ക്‌ അടുപ്പിക്കാന്‍ എത്തുന്നു.കപ്പലിലെ യാത്രക്കാര്‍ തമ്മില്‍ ബന്ധങ്ങള്‍ കുറവാണ്.അതാണ്‌ റോയലിന്റെ പ്രശ്നവും.

  Wes Anderson ന്‍റെ ചിത്രങ്ങള്‍ക്ക് പൊതുവായി ഉണ്ടെന്നു തോന്നിയ ഒന്നുണ്ട്.കഥയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ബന്ധങ്ങളുടെ തീവ്രമായ രംഗങ്ങള്‍.അത് കോമഡിയില്‍ പൊതിഞ്ഞ് അവതരിപ്പിക്കുമ്പോള്‍ പോലും ചെറിയ നനവ്‌ കണ്ണിലൂടെ വരാറുണ്ട് ചില ഭാഗങ്ങളില്‍.റോയല്‍ എന്ന ജീന്‍ ഹാക്മാന്റെ കഥാപാത്രം അദ്ദേഹത്തിന് ആ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്ക്കാരം  നേടി കൊടുത്തിരുന്നു.നിസ്സഹായന്‍ ആയ തെറ്റ് മനസ്സിലാക്കി വന്ന ആ കഥാപാത്രം മനസ്സില്‍ തങ്ങി നില്‍ക്കും.ഒരു മികച്ച ഫീല്‍ ഗുഡ് മൂവി ആണ് The Royal Tenenbaums എന്ന റ്റെനെന്ബോം  കുടുംബത്തിന്റെ കഥ പറയുന്ന ഈ ചിത്രം.തീര്‍ച്ചയായും കാണേണ്ട ഒരു ചിത്രം ആണിത്.


More movie suggestions @www.movieholicviews.blogspot.com


Saturday, 11 April 2015

347.WALK ON WATER(HEBREW,2004)

347.WALK ON WATER(HEBREW,2004),|Thriller|Drama|,Dir:-Eytan Fox,*ing:-Lior Ashkenazi, Knut Berger, Caroline Peters.

  മൊസ്സാദ്,ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ഇന്റലിജന്‍സ് ഏജന്‍സി.ലോകമെമ്പാടും ഉള്ള ന്യൂനപക്ഷമായ ജൂതന്മാരെ സംരക്ഷിക്കുകയും അവരുടെ ശത്രുക്കള്‍ എന്ന് കരുതുന്നവരെ തെളിവുകള്‍ പോലും അവശേഷിപ്പിക്കാതെ വധിക്കുന്നതില്‍ പ്രാവീണ്യം നേടിയ ഏജന്റുമാര്‍ ആണ് അവരുടെ ശക്തി.അത്തരത്തില്‍ ഉള്ള ഒരാളായിരുന്നു എയാല്‍.തങ്ങള്‍ക്കു നേരെ ഭീഷണി ആയ ഒരാളെ ടര്‍ക്കിയില്‍ പോയി  കൊല്ലപ്പെടുത്തി തിരിച്ചെത്തിയ എയാലിനു ഓഫീസില്‍ അഭിനന്ദനങ്ങള്‍ ഏറെ കിട്ടുന്നു.എന്നാല്‍ തന്‍റെ യാത്രയുടെ അത്രയും സമയം ഭാര്യയായ ഐറിസിനെ ഫോണില്‍ വിളിക്കാന്‍ ശ്രമിക്കുന്ന അയാള്‍ക്ക്‌ അവളെ ഫോണില്‍ കിട്ടുന്നില്ല.

  വീട്ടിലെത്തിയ എയാല്‍ കണ്ടത് ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച് മരിച്ച ഐറിസിനെ ആണ്.ഭാര്യയുടെ മരണം നല്‍കിയ ഷോക്ക് അയാള്‍ക്ക്‌ വലുതായിരുന്നു.അതിലും  അയാളെ വിഷമിപ്പിച്ചത് അവളുടെ മരണ കാരണം ആയിരുന്നു.എങ്കിലും തന്‍റെ ജോലിയെ ആത്മാര്‍ത്ഥം ആയി പ്രണയിക്കുന്ന എയാല്‍ ആ ദുഃഖത്തില്‍ നിന്നും വേഗം തന്നെ മോചിതന്‍ ആകാന്‍ ശ്രമിക്കുന്നു.ഈ സമയം ഏജന്‍സിക്കും അയാളുടെ മനസ്സിന്‍റെ സ്ഥിതിയെ കുറിച്ച് ആശങ്കയുണ്ട്.അത് കൊണ്ട് തന്നെ അവരുടെ നിരീക്ഷണത്തില്‍ ആണ് എയാല്‍.ആ സമയം ആണ് മെനച്ചം എന്ന ഏജന്‍സിയിലെ മേധാവി എയാലിനെ പുതിയ ജോലി ഏല്‍പ്പിക്കുന്നത്.ജൂതരുടെ മുഖ്യ ശത്രുക്കളില്‍ ഒരാളായ നാസിയുടെ പഴയ ഓഫീസര്‍ ഇപ്പോഴും ജീവനോടെ ഉണ്ടെന്നും അയാളെ കണ്ടെത്തണം എന്നും ആയിരുന്നു അത്.അയാളുടെ ബന്ധുക്കള്‍ അയാള്‍ മരിച്ചു പോയി എന്ന് പറയുന്നുണ്ടെങ്കിലും അയാള്‍ എവിടെയോ വാര്‍ദ്ധക്യം ജീവിച്ചു തീര്‍ക്കുകയാണ് എന്ന് പറയുന്നു.അയാളുടെ അടുക്കല്‍ എത്താന്‍ പറ്റിയ എളുപ്പ വഴി അയാളുടെ കൊച്ചു മക്കള്‍ ആണ്.ഒരാള്‍ ഇസ്രായേലില്‍ ഉണ്ട്.മറ്റെയാള്‍ സഹോദരിയെ കാണാന്‍ ഉടന്‍ തന്നെ ഇസ്രായേലില്‍ എത്തും.

  സാഹസികത കുറഞ്ഞ ആ ഓപറേഷനില്‍ എയാല്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നില്ല.എന്നാല്‍ എയാലിന്റെയും മെനച്ചമിന്റെയും കുടുംബത്തെ കൂട്ടക്കൊല ചെയ്ത നാസി പടയിലെ പഴയ പ്രമൂഖനെ കണ്ടെത്തണം എന്ന മെനച്ചമിന്റെ അഭ്യര്‍ത്ഥനയെ മാനിച്ച് എയാല്‍ ഒരു ടൂറിസ്റ്റ് ഗൈഡ് ആയി അക്സല്‍ എന്ന ആ യുവാവിനെ വിളിക്കാനായി എയര്‍പ്പോര്‍ട്ടില്‍ പോകുന്നു.ഓരോ തീവ്രവാദി ആക്രമണത്തിന് ശേഷവും ശോക പൂര്‍ണമായ പാട്ടുകള്‍ മാത്രം കേള്‍ക്കുന്ന ടെല്‍ അവീവിലെ റേഡിയോയില്‍ തുടങ്ങുന്ന പാട്ടുകളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ മുതല്‍ ആക്സല്‍,പിയ എന്നീ ആ പഴയ നാസി ഓഫീസറുടെ കൊച്ചു മക്കളും ആയി എല്ലാ കാര്യത്തില്‍ അഭിപ്രായം പറഞ്ഞു എയാലും തന്‍റെ ജീവിതത്തിലെ നിര്‍ണായകം ആയ വഴിത്തിരിവിലേക്ക് പോകുന്നു.

ഒരു ത്രില്ലര്‍ എന്നതില്‍ ഉപരി ചിത്രം ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെ മറക്കാന്‍ ശ്രമിക്കുന്ന പുത്തന്‍ തലമുറയെയും എന്നാല്‍ മറക്കാന്‍ ശ്രമിക്കും തോറും ഓര്‍മിക്കുന്ന മറ്റൊരു കൂട്ടം ആളുകളെയും അവതരിപ്പിക്കുന്നു.അറബ് വംശജന്‍ ആയ അക്സലിന്റെ സുഹൃത്തും ജര്‍മ്മന്‍ വംശജരായ അക്സലും പിയയും ഉദാഹരണങ്ങള്‍ മാത്രം.വളരെ നല്ലൊരു ചിത്രം ആണ് Walk On Water.

More suggestions @www.movieholicviews.blogspot.com

1995. Drop ( English, 2025)