Friday, 10 October 2014

189.THE MEDUSA TOUCH(ENGLISH,1978)

189.THE MEDUSA TOUCH(ENGLISH,1978),|Thriller|Sci-Fi|,Dir:-Jack Gold,*ing:-Richard Burton,Lino Ventura.

   "Medusa, Telekinesis പിന്നെ കുറച്ചു    ദുരൂഹതയും ആയി സൈക്കോ/ഫാന്റസി/സൈ-ഫൈ ത്രില്ലര്‍...!!"

 ഗ്രീക്ക് ഇതിഹാസത്തിലെ ഒരു കഥാപാത്രം ആണ് "Medusa."സ്ത്രീയുടെ മുഖവും തലമുടിക്ക് പകരം വിഷ പാമ്പുകളും ആണ് അവള്‍ക്കു ഉള്ളത്.അവളുടെ കണ്ണിലേക്ക് നോക്കുന്ന  ആളുകളെ  എല്ലാം അവള്‍ കല്ലാക്കി മാറ്റും.ചുരുക്കത്തില്‍ വിപത്തിനെ ആണ് Medusa പ്രതിനിധികരിക്കുന്നത് എന്ന് പറയാം.ഫ്രഞ്ച് പോലീസില്‍ നിന്നും പകരത്തിനു പകരം പോലീസിനെ കൈമാറുന്ന പദ്ധതി പ്രകാരം "സ്കോട്ട്ലന്റ് യാര്‍ഡില്‍" എത്തിയതായിരുന്നു "ബ്രുണേല്‍" എന്ന പോലീസുകാരന്‍.എഴുത്തുകാരന്‍ ആയ "മോര്‍ലരിനെ" സ്വവസതിയില്‍ അപകടകരമായി ക്ഷതമേല്‍പ്പിച്ചു കൊല്ലപ്പെട്ടതായി കാണപ്പെടുന്നു.ബ്രുണേല്‍ ആയിരുന്നു ആ കേസ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ടത്.സംഭവം നടന്ന സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു കഴിഞ്ഞ് അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ മരണപ്പെട്ടു എന്ന് കരുതിയ മോര്‍ലറിനു ജീവന്‍ വന്നതായി കാണപ്പെട്ടു.അവര്‍ ഉടന്‍ തന്നെ അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു.

  ബ്രുണേല്‍ കേസ് അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ മോര്‍ലറിനെ കുറിച്ച് പലരോടും അന്വേഷണം നടത്തിയപ്പോള്‍ അറിഞ്ഞ കാര്യങ്ങള്‍ അമ്പരിപ്പിക്കുന്നതായിരുന്നു.പ്രത്യേകിച്ചും അയാള്‍ എഴുതി കൊണ്ടിരുന്ന പുസ്തകത്തില്‍ അവതരിപ്പിച്ചിരുന്ന അവ്യക്തമായ കഥാപാത്രങ്ങള്‍.അയല്‍വാസികളും ആയി ബന്ധം ഒന്നുമില്ലാത്ത,സുഹൃത്തുക്കളും ശത്രുക്കളും ഇല്ലാത്ത ഒരാള്‍ ആണ് മോര്‍ലര്‍ എന്ന് ബ്രുണേല്‍ മനസ്സിലാകുന്നു.അത് കൊണ്ട് തന്നെ മോര്‍ലറിനു എന്ത് ആണ് അന്ന് രാത്രി സംഭവിച്ചത് എന്നറിയാന്‍ ഉള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നു.അയാളുടെ മുറിയില്‍ കാണപ്പെട്ട ദുരൂഹമായ ചിത്രങ്ങളും സംഭവത്തിന്‌ ആകെ മൊത്തം നിഗൂഡമായ ഒരു പരിവേഷം നല്‍കുന്നു.ആ സമയത്താണ് മോര്‍ലറിനെ പരിചരിക്കുന്ന ഡോക്റ്റര്‍ ബ്രുനെലിനോട് വിചിത്രമായ ഒരു കാര്യം പറയുന്നത്.പള്‍സ് തീരെ കുറഞ്ഞ മോര്‍ലറിന്റെ തലച്ചോറ് സാധാരണ മനുഷ്യനില്‍ നിന്നും കൂടുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന്.ബ്രുണേല്‍ മോര്‍ലര്‍ എഴുതിക്കൊണ്ടിരുന്ന പുസ്തകത്തിലെ കഥാപാത്രങ്ങളെ തിരയാന്‍ തുടങ്ങുന്നു.അതിലെ ഒരു കഥാപാത്രമായ "സോണ്‍ഫെല്‍ടിനെ" കണ്ടെത്തുന്നു.അവര്‍ ഒരു ഡോക്റ്റര്‍ ആയിരുന്നു-മനുഷ്യ മനസ്സിനെ പരിചരിക്കുന്ന ഒരു ഡോക്റ്റര്‍.മോര്‍ലാര്‍ അവരുടെ ചികിത്സ തേടിയിരുന്നു എന്നവര്‍ പറയുന്നു.കൂടെ മോര്‍ലറിന്റെ വിചിത്രമായ ജീവിതത്തെ കുറിച്ചും.കൂടുതല്‍ ദുരൂഹമായ ആ കഥ അറിയാന്‍ ബാക്കി ചിത്രം കാണുക.

 "റിച്ചാര്‍ഡ് ബര്‍ട്ടന്‍" മോര്‍ലര്‍ എന്ന കഥാപാത്രമായി മികച്ചു നിന്നു.എടുത്തു പറയേണ്ടത് ബി ജി എം ആണ്.എഴുപതുകളിലും എന്പതുകളിലും ഇറങ്ങിയ പല ചിത്രങ്ങളിലും തീമിലും സംഗീതത്തിലും ഉള്ള ഒരു പുതുമ ഇപ്പോള്‍ കാണുന്ന പ്രേക്ഷകന് പോലും അനുഭവപ്പെടും എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്‌.ഒരു പക്ഷേ ഇന്ന് ഹോളിവുഡ് സിനിമകള്‍ പലതിനും പുതുമ അവകാശപ്പെടാന്‍ പോലും ഇല്ലാതെ ഉള്ള സാഹചര്യത്തില്‍.ഇനി ഈ ചിത്രത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഒരു സൈക്കോ-ഫാന്റസി-ത്രില്ലര്‍ ചിത്രത്തില്‍ നിന്നും പ്രതീക്ഷിക്കാവുന്നതെല്ലാം ഈ ചിത്രത്തില്‍ ഉണ്ട്.എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഈ ചിത്രം;പ്രത്യേകിച്ചും ക്ലൈമാക്സ് രംഗം പ്രേക്ഷകനില്‍ എത്തിക്കുന്ന ഭീകരത അത്രമാത്രം ആണ്.

More reviews @ www.movieholicviews.blogspot.com

Sunday, 5 October 2014

188.22 JUMP STREET(ENGLISH,2014)

188.22 JUMP STREET(ENGLISH,2014),|Comedy|Action|,Dir:-Phil Lord,Christopher Miller, *ing:-Jonah Hill,Channing Tatum.

 "21 JUMP STREET ആരാധകര്‍ക്ക് നിരാശ നല്‍കാതെ രണ്ടാം ഭാഗം..(അവസാനത്തെയും??)"

  "ഷ്മിതും" "ജെങ്കോയും" സ്ക്കൂളില്‍ അണ്ടര്‍ കവര്‍ പോലീസുകാരായി പോയതിനു ശേഷം (21 Jump Street) ഉള്ള കഥയാണ് ഈ ഭാഗത്തില്‍ അവതരിപ്പിക്കുന്നത്‌.ഇത്തവണ അവര്‍ക്ക് പോകേണ്ടത് കോളേജിലേക്ക് ആണ്."വൈഫൈ" എന്ന ഏകാഗ്രത കൂട്ടുന്ന മയക്കു മരുന്ന് ഉപയോഗം കോളേജില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട് എന്നും അത് ഉപയോഗിച്ചിരുന്ന ഒരു പെണ്‍ക്കുട്ടി മരിച്ചു എന്നും ഉള്ള വാര്‍ത്തകള്‍  ആണ് "ക്യാപ്റ്റന്‍ ദിക്സന്‍" ഇവരെ രണ്ടു പേരെയും തിരികെ വിളിക്കാന്‍ കാരണം.ആകെ ഉള്ള തെളിവ് മരിച്ച പെണ്‍ക്കുട്ടി മയക്കുമരുന്ന് കൈ മാറ്റം ചെയ്യുന്ന സമയത്ത് ആരോ എടുത്ത ഒരു ഫോട്ടോ മാത്രം.അത് കൊണ്ട് തന്നെ മുഖം വ്യക്തം അല്ലാത്ത ആ രണ്ടാമത്തെ ആളെ കണ്ടെത്തി ഈ മയക്കുമരുന്ന് അവിടെ വില്‍ക്കുന്നവരെ കണ്ടെത്തുക എന്നതാണ് അവരുടെ ദൗത്യം.

  ഷ്മിതും ജെങ്കോയും കോളേജില്‍ എത്തുന്നു.മുപ്പതുകളില്‍ ആയി പ്രായം എങ്കിലും രണ്ടു പേരും ഇപ്പോഴും കൊച്ചു കുട്ടികളുടെ മനസ്സുമായാണ് ജീവിക്കുന്നത്.രണ്ടു പേരും തമ്മില്‍ ഉള്ള കൌമാരപ്രായക്കാരുടെ സൌഹൃദത്തിലെ പിണക്കങ്ങളും ഇണക്കങ്ങളും ആണ് പിന്നീട് ഉള്ളത്.പ്രത്യേകിച്ചും ആദ്യ ഭാഗത്ത്‌ ജെങ്കോ ഷ്മിതിനെ രക്ഷിക്കാന്‍ വേണ്ടി കൊണ്ട വെടിയുണ്ടയുടെ കഥ ഒക്കെ സിനിമയില്‍ വരുന്നും ഉണ്ട്.നാമമാത്രം ആയ തെളിവുമായി കോളേജില്‍ എത്തിയ അവര്‍ അവസാനം ആദ്യ ഭാഗത്തിലെ വില്ലനായ "വാല്‍ട്ടരെ" കാണാന്‍ ആയി ജയിലില്‍ പോകുന്നു.അയാള്‍ ആ ഫോട്ടോയില്‍ ഉള്ള രണ്ടാമത്തെ ആളുടെ കയ്യിലെ ടാറ്റു അവര്‍ക്ക് കാണിച്ചു കൊടുക്കുന്നു.മയക്കു മരുന്ന് ആരാണ് കൊടുത്തതെന്ന് അറിയാന്‍ ആ ടാറ്റൂ ഉള്ള ആളെ കണ്ടെത്തിയാല്‍ മതിയെന്ന്  പറയുന്നു.ശ്മിതും ജെങ്കോയും ടാറ്റൂ അന്വേഷിച്ചു ഇറങ്ങുന്നു.അത് ഒരു പാര്‍ട്ടിക്കിടയില്‍ "സൂക്കിന്റെ" കയ്യില്‍ ആണത് ഉള്ളതെന്ന് അവര്‍ മനസ്സിലാക്കുന്നു.എന്നാല്‍ ജെങ്കോയുടെ അതെ രീതിയില്‍ ഇഷ്ടങ്ങള്‍ ഉള്ള സൂക്കും ജെങ്കോയും സുഹൃത്തുക്കള്‍ ആകുന്നു.അവിടെ ഷ്മിത് ജെങ്കോയും ആയുള്ള സുഹൃത്ത് ബന്ധം അവസാനിപ്പിക്കുന്നു.ഷ്മിതും ജെങ്കോയും കേസന്വേഷണം പൂര്‍ത്തി ആക്കുമോ?സൂക്ക് ആ മയക്കു മരുന്ന് കണ്ണിയില്‍ ആരായിരുന്നു?ഇതൊക്കെ ആണ് ബാക്കി ചിത്രം.

 സിനിമയുടെ ഏന്‍ഡ് ക്രെഡിറ്റ് എഴുതി കാണിക്കുമ്പോള്‍  നല്ല രസമുണ്ടായിരുന്നു .ഇനി അടുത്ത് വന്നേക്കാവുന്ന Jump Street പരമ്പരയിലെ ചിത്രങ്ങള്‍ എന്ന് പറഞ്ഞു കുറേ സംഭവങ്ങള്‍ കാണിക്കുന്നുണ്ട്.ഇടയ്ക്ക് "ജോനാ ഹില്ലിനെ" മാറ്റി "സേത്ത് റോജനെയും" ഒക്കെ കാണിച്ചു.മൊത്തത്തില്‍ രസകരമായ ഒരു പാകെജ് ആണ് 22 Jump Street.പ്രത്യേകിച്ചും ആദ്യ ഭാഗത്തിന്റെ ആരാധകര്‍ക്കും പിന്നെ അമേരിക്കന്‍ കോമഡി സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും.കുറച്ചു നേരം ഇരുന്നു ചിരിക്കാന്‍ ഉള്ളത് ഈ ചിത്രം നല്‍കുന്നുണ്ട്.

More reviews @www.movieholicviews.blogspot.in

Thursday, 2 October 2014

187.VELLIMOONGA(MALAYALAM.2014)

187.VELLIMOONGA(MALAYALAM,2014),Dir:-Jibu Jacob,*ing:-Biju Menon,Aju Varghese.

"ചളിയുടെ എണ്ണം കുറച്ചാലും മലയാളി കുടുംബങ്ങള്‍ തിയറ്ററില്‍ കയറും".

 മലയാളം സിനിമയില്‍ താരങ്ങള്‍ മാത്രം ആയപ്പോള്‍ കുറഞ്ഞതാണ് നിഷ്കളങ്ക ചളികള്‍.ഹാസ്യ സിനിമകള്‍ നല്ലവണ്ണം കൈകാര്യം ചെയ്യുന്നവര്‍ ദൈവതുല്യരായി മാറുകയും പിന്നീട് ചില  ഭാഷകളില്‍ ഉള്ള തമാശകള്‍ ക്ലച് പിടിക്കുകയും ചെയ്തു.എന്നാല്‍ ഒരു പരിധി വരെ മാത്രമേ അതിനും നിലനില്‍പ്പ്‌ ഉണ്ടായുള്ളൂ.പിന്നീട് ന്യൂ ജെനരേശന്‍ സിനിമകളും അല്ലാത്ത ഹാസ്യ പ്രധാനമായ സിനിമകളും തമാശയ്ക്ക് വേണ്ടി ഉപയോഗിച്ചത് ചളികള്‍ ആണ്.തിയറ്ററില്‍ അത് കേള്‍ക്കുമ്പോള്‍ ചിരി വരും എങ്കിലും അല്‍പ്പം നേരത്തിനു ശേഷം മറന്നു പോകാവുന്നത്ര ആയുസ്സ് മാത്രമേ അതിനു ഉണ്ടായിരുന്നുള്ളൂ.ഇപ്പോഴത്തെ അവസ്ഥയില്‍ ത്രില്ലറുകള്‍ ആണ് എല്ലാവര്‍ക്കും ഇഷ്ടം എന്നും തോന്നി പോകുന്നു.അപ്പോഴാണ്‌ അപ്രതീക്ഷിതമായി വലിയ പരസ്യവും കോലാഹലവും ഒന്നും ഇല്ലാതെ "വെള്ളിമൂങ്ങ" വന്നത്.ബിജു മേനോന്‍ എന്ന നടന്‍റെ പടത്തിനു എന്ത് മാത്രം ഉണ്ടാകും മാര്‍ക്കറ്റ് എന്നതും ഒരു വിഷയം ആയിരുന്നു.

  മാമച്ചന്‍ എന്ന "ഖദര്‍ധാരി"യുടെ രാഷ്ട്രീയം ആണ് സിനിമയില്‍ ഹാസ്യാത്മകം ആയി അവതരിപ്പിച്ചിരിക്കുന്നത്.കേരളത്തിലെ മുന്നണി രാഷ്ട്രീയവും അവിശുദ്ധ കൂട്ടുകെട്ടുകളും എല്ലാം അത് പോലെ തന്നെ തമാശ രൂപേണ അവതരിപ്പിച്ചിട്ടുണ്ട്.നാട്ടുകാര്‍ക്ക് ഒരു ഗുണവും ഇല്ലാത്ത "ശിക്കാരി ശംഭു" എന്ന് മനസ്സില്‍ തോന്നി പോകുന്ന "വെള്ളിമൂങ്ങ" മാമച്ചന്‍ ആയി വന്ന ബിജു മേനോന്‍ കലക്കി എന്ന് തന്നെ പറയാം.നല്ല ടൈമിംഗ് ഉള്ള തമാശകളും പിന്നെ അജു വര്‍ഗീസും ആയുള്ള  കോമ്പിനേഷനും ഒക്കെ നന്നായിരുന്നു.പ്രത്യേകിച്ച് എടുത്തു പറയാന്‍ സങ്കീര്‍ണമായ ഒരു കഥയൊന്നും ഇതില്‍ ഇല്ല.പകരം കുറെ സിട്ടുവേഷനല്‍ കോമഡികള്‍ ആണ് ചിത്രത്തില്‍ അധികവും.ആദ്യ പകുതിയില്‍ ചിരി ഒഴിഞ്ഞു നേരം ഇല്ല എന്നത് പോലെ ആയിരുന്നു.മസ്സില്‍ പിടിക്കാതെ അല്‍പ്പം റിലാക്സ് ചെയ്തു കണ്ടാല്‍ ചിരി വരാന്‍ നല്ല സാധ്യത ഉണ്ട്.പിന്നെ എന്ത് കട്ട ചളിക്കും ചിരിച്ചു മറിയുന്ന എനിക്ക് ഇതൊക്കെ ധാരാളം ആയിരുന്നു.കൂടെ തിയറ്ററില്‍ ഉണ്ടായിരുന്നവരും എന്നെ പോലെ ആണെന്ന് കരുതുന്നു.ജിബു തോമസിന്‍റെ സംവിധാനം നന്നായിരുന്നു.ഭാവി ഉണ്ടെന്ന് തോന്നുന്ന ഒരു സംവിധായകന്‍.കുടുംബവും ആയി പോയി കാണാവുന്ന ഒരു നല്ല കൊച്ചു സിനിമ ആണ് "വെള്ളിമൂങ്ങ "

  വെള്ളിമൂങ്ങ ഇറങ്ങിയ ദിവസം മറ്റൊരു സിനിമ കാണാന്‍ നിന്ന  എന്‍റെ സുഹൃത്തിനോട്‌ ഒരാള്‍ ചോദിച്ചു അപ്പുറത്തെ തിയറ്ററിലെ സിനിമ എങ്ങനെ ഉണ്ടെന്ന്.അവന്‍ പറഞ്ഞു കൊള്ളില്ല എന്ന്.ഞാന്‍ അവനോടു പിന്നീട്  ചോദിച്ചു നീ അതിനു അത് കണ്ടോ അതോ റിപ്പോര്‍ട്ട് വല്ലതും കിട്ടിയിരുന്നോ എന്ന്.അപ്പോള്‍ അവന്‍ പറഞ്ഞു "പേര് കേട്ടാല്‍ തന്നെ അറിയില്ലേ പടം പൊളി ആണെന്ന്".ഇന്നും തിയറ്ററിലെ തിരക്ക് കാരണം അവനു ടിക്കറ്റ് കിട്ടിയിട്ടില്ല ഇത് വരെ..

More reviews @ www.movieholicviews.blogspot.com

186.THE DOUBLE(ENGLISH,2013)

186.THE DOUBLE(ENGLISH,2013),|Thriller|Drama|,Dir:-Richard Ayoade,*ing:-Jessie Eisenberg,Mia Wasikowska.

 "ജെയിംസ് സൈമണ്‍ vs ജയിംസ് സൈമണ്‍."

ജയിംസ് സൈമണ്‍ -അധികം ആര്‍ക്കും ഇഷ്ടമില്ലാത്ത,എന്നാല്‍ ജോലിയില്‍ മിടുക്ക് കാണിക്കുന്ന ,അമ്മയുടെ പൊന്നോമന ആയ പുത്രന്‍ ആണ്.എന്നാല്‍ ഒരു ദിവസം ജയിംസ് സൈമണിന്റെ ജീവിതം ആകെ മൊത്തം തെറ്റുന്നു.രാവിലെ ട്രെയിനില്‍ വച്ച് അയാളുടെ സ്യൂട്ട് കെയ്സ് ട്രെയിന്‍ ഡോറിന്റെ ഇടയില്‍ കുരുങ്ങുന്നു.അതിനും മുന്‍പ് ഒരാള്‍ ജെയിംസിനോട് തന്‍റെ സീറ്റില്‍ നിന്നും മാറാന്‍ ആവശ്യപ്പെടുന്നുണ്ട് ട്രെയിനില്‍.എന്നാല്‍ ബാക്കി എല്ലാം ഒഴിഞ്ഞ സീറ്റുകളും ആയിരുന്നു.പിന്നീട് തന്‍റെ ഓഫീസില്‍ എത്തിയ ജയിംസിനോട് സെക്യൂരിറ്റി പുതിയ ആളെ കാണുന്നത് പോലെ ഐ ഡി കാര്‍ഡ് ചോദിക്കുന്നു.താന്‍ ഏഴു വര്‍ഷമായി അവിടെ ജോലി ചെയ്യുന്നുണ്ട് അവിടെ എന്ന് പറഞ്ഞിട്ട് പോലും രക്ഷ ഉണ്ടായില്ല.സന്ദര്‍ശകന്‍ ആയി ജയിംസ് രജിസ്റ്ററില്‍ ഒപ്പിട്ടു ഓഫീസില്‍ കയറുന്നു.ഓഫീസില്‍ അകെ മൊത്തം അപരിചിത്വ ഭാവം ആയിരുന്നു എല്ലാവര്ക്കും ജയിംസിനോട്.

  ജയിംസ് ധാരാളം ആശയങ്ങള്‍ ഉള്ള ജോലിക്കാരന്‍ ആയിരുന്നു.എന്നാല്‍ അയാള്‍ക്ക്‌ തന്റെ ആശയങ്ങള്‍ പലപ്പോഴും വ്യക്തമായി പ്രകടിപ്പിക്കാന്‍ സാധിച്ചിരുന്നില്ല.അതിനാല്‍ തന്നെ അയാളുടെ മേധാവി ആയ കേണലിന്റെ അടുക്കല്‍ തന്‍റെ കഴിവുകള്‍ അവതരിപ്പിക്കാന്‍ അവസരവും കിട്ടുന്നില്ല.ആ സമയത്താണ് പുതിയ ഒരു ജോലിക്കാരന്‍ അവിടെ ജോലിയില്‍ ചേരുന്നത്.അയാളുടെ പേരും ജയിംസ് സൈമണ്‍ എന്നായിരുന്നു.അയാള്‍ക്ക്‌ ജയിംസ് സൈമണിന്റെ അതേ മുഖവും.അയാളെ എല്ലാവരും ഇഷ്ടപ്പെടുന്നു.താന്‍ ജനാലയിലൂടെ ടെലിസ്കോപ്പ് വച്ച് നോക്കുന്ന അടുത്ത കെട്ടിടത്തിലെ തന്‍റെ സ്വപ്ന സുന്ദരി പോലും പുതിയ ജയിംസ് സൈമണ്‍ തട്ടി എടുക്കുന്നു.പുതിയ ജയിംസ് സൈമണ്‍ പഴയ ജയിംസ് സൈമണിന്റെ എതിര്‍ വശം ആയിരുന്നു സ്വഭാവത്തില്‍.ആരുമായും എളുപ്പം കൂട്ട് കൂടുന്ന,തന്‍റെ ആവശ്യങ്ങള്‍ മറ്റുള്ളവരില്‍ എത്തിക്കാന്‍ സാധിക്കുന്ന ഒരാള്‍.പുതിയ ജയിംസ് സൈമണ്‍ ആദ്യം പഴയ ജയിംസ് സൈമണിനെ സഹായിക്കുന്നുണ്ട് എങ്കിലും  പിന്നീട് പഴയ ജയിംസ് സൈമണ്‍ പുതിയ ജയിംസ് കാരണം ആര്‍ക്കും വേണ്ടാത്ത ആള്‍ ആയി മാറുന്നു.പുതിയ ജയിംസ് സൈമണിന്റെ പിടിയില്‍ നിന്നും പഴയ ജയിംസ് സൈമണ്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.ആ സംഭവ വികാസങ്ങള്‍ ആണ് ബാക്കി സിനിമ.

 "Kaarthik Calling Kaarthik" എന്ന ഹിന്ദി സിനിമയുമായി ചില ബന്ധങ്ങള്‍ ആദ്യം തോന്നിയിരുന്നു എങ്കിലും അവസാനം ആ സംശയം പൂര്‍ണമായും മാറി."ജെസ്സി ഐസന്ബെര്ഗ്" ഇംഗ്ലീഷ് സിനിമയിലെ മികച്ച നടന്മാരില്‍ ഒരാള്‍ തന്നെ ആണെന്ന് ഈ സിനിമയിലൂടെയും അടിവരയിടുന്നുണ്ട്.(എന്‍റെ പേര്‍സണല്‍ അഭിപ്രായം ആണ്).ഒരു പ്രത്യേക തരം ത്രില്ലര്‍ എന്ന് വിളിക്കാം ഈ ചിത്രത്തെ:പ്രത്യേകിച്ചും കണ്ണാടിയില്‍ കാണുന്നത് പോലെ രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍.ഇതേ പേരില്‍ ഉള്ള "Fyodor "ന്‍റെ നോവലിനെ ആസ്പദം ആക്കി ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

More reviews @ www.movieholicviews.blogspot.com

185.JEEVA(TAMIL,2014)

185.JEEVA(TAMIL,2014),Dir:-Suseenthiran,*ing:-Vishnu,Sri Divya.

 "മലയാളത്തിലെ രമേശന്‍;തമിഴില്‍ ജീവ"

"1983" എന്ന മലയാളം സിനിമയില്‍ സംവിധായകന്‍ നായകനായ രമേശനിലൂടെ അവതരിപ്പിച്ചത് തൊണ്ണൂറുകളില്‍ ബാല്യം പിന്നിട്ട കുട്ടികളുടെ ക്രിക്കറ്റിനോടുള്ള താല്‍പ്പര്യവും അവരുടെ സ്വപ്നങ്ങളും ആയിരുന്നു.ഇന്ത്യന്‍ ടീമിനായി ആദ്യം അവതരിച്ച "കപിലിന്‍റെ ചെകുത്താന്മാര്‍" മുതല്‍ സച്ചിന്‍ ആദ്യമായി ലോകകപ്പിന്‍റെ ഭാഗമായ 2011 വരെ ഉള്ള സംഭവവികാസങ്ങള്‍ ആണ് 193 യില്‍ അവതരിപ്പിച്ചത്.ഇവിടെ സംവിധായകന്‍ ശുശീന്ദ്രനും പയറ്റുന്നത് ഇത്തരം ഒരു കഥാതന്തുവില്‍ നിന്ന് കൊണ്ടാണ്.എന്നാല്‍ 1983 എന്നതിന് പകരം സച്ചിന്‍ എന്ന കളിക്കാരനെ ഇഷ്ടപ്പെട്ടു ക്രിക്കറ്റ് ജീവിതത്തിലേക്ക് ആവാഹിച്ച ജീവ എന്ന ബാലനില്‍ നിന്നും ആണ്.മൂന്നാം വയസില്‍ അമ്മയെ നഷ്ടപ്പെട്ട ജീവ താമസിക്കുന്നത് സാധാരണ സര്‍ക്കാര്‍ ജീവനക്കാരന്‍ ആയ അച്ഛന്റെ കൂടെ ആണ്.എന്നാല്‍ ജീവയ്ക്ക് അയല്‍വക്കത്ത്‌  ഉള്ള  വീട്ടില്‍ ഒരച്ഛനും അമ്മയും സഹോദരിയും ഉണ്ട്.ജീവയുടെ എല്ലാം അവര്‍ ആണ്.രക്ത ബന്ധം കൊണ്ട് അല്ലെങ്കിലും അവര്‍ ജീവയെയും സ്വന്തം മകനായി കരുതുന്നു.

  ചെറുപ്പത്തില്‍ ജീവയുടെ ക്രിക്കറ്റിനോടുള്ള താല്‍പ്പര്യം സ്വപിതാവിന് ദഹിക്കുന്നില്ലെങ്കിലും അടുത്ത വീട്ടില്‍ ഉള്ളവര്‍ അവന്‍റെ ഇഷ്ടങ്ങള്‍ക്ക് പച്ചക്കൊടി കാണിക്കുന്നു.ജീവയുടെ ജീവിതത്തില്‍ ക്രിക്കറ്റ് അലിഞ്ഞു ചേരുന്നത് ഇവിടെയാണ്‌.പിന്നീട് സ്ക്കൂള്‍ ടീമില്‍ അംഗമാവുകയും കൗമാരത്തില്‍ പ്രണയത്തില്‍ അകപ്പെടുകയും ഒക്കെ ജീവ ചെയ്യുന്നുണ്ട്.എന്നാല്‍ ജീവയ്ക്ക് അതിലും താല്‍പ്പര്യം ക്രിക്കറ്റ് മാത്രം ആയിരുന്നു.തന്‍റെ സ്വപ്നങ്ങളിലേക്ക് എത്തി ചേരാന്‍ ജീവയ്ക്ക് ഒരു വഴി തെളിയുന്നു.ജീവ ആ ലക്ഷ്യത്തിലേക്ക് എത്താന്‍ കഠിന പരിശ്രമം നടതുന്നും ഉണ്ട്.എന്നാല്‍ ജീവിതത്തില്‍ സംഭവിക്കുന്നത്‌ എന്താണെന്ന് നമുക്ക് പ്രവചിക്കാന്‍ കഴിയില്ലല്ലോ.അതാണ്‌ ജീവയുടെയും ജീവിതത്തില്‍ സംഭവിച്ചത്.ജീവയുടെ സ്വപ്നങ്ങളിലേക്ക് എത്താന്‍ ഉള്ള പോരാട്ടങ്ങള്‍ ആണ് ബാക്കി സിനിമ.

  ചെന്നൈ ടീമിന്‍റെ ശ്രീനിവാസനെയും ക്യാപ്റ്റന്‍ ധോണിയെയും സംവിധയകന്മാര്‍ക്ക് ഒന്നും തീരെ ഇഷ്ടം ഇല്ല എന്ന് തോന്നും 1983 യും ജീവയും കാണുമ്പോള്‍.രണ്ടു സിനിമയും കണ്ടവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകും എന്ന് കരുതുന്നു.ക്രിക്കറ്റിനെ കുറിച്ച് ഒരു സിനിമ എടുത്താല്‍ ഇവരോടുള്ള വിരോധം മാത്രം ആണ് മുതല്‍ മുടക്ക് എന്ന് തോന്നി പോകും.എന്തായാലും ക്രിക്കറ്റ് എന്ന കളിയെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു പ്രാവശ്യം ധൈര്യമായി കാണാവുന്ന സിനിമയാണ് ജീവ.വലിയ സംഭവം ആയി തോന്നിയില്ലെങ്കില്‍ പോലും ഇടയ്ക്കിടെ ചിത്രം ഇഷ്ടപ്പെടും.

More reviews @ www.movieholicviews.blogspot.com

Wednesday, 1 October 2014

184.STONEMAN MURDERS(HINDI,2009)

184.STONEMAN MURDERS(HINDI,2009),|Thriller|Mystery|,Dir:-Manish Gupta,*ing:-Kay Kay Menon,Arbaaz Khan.

"ചുരുളഴിയാത്ത Stoneman Murders ന്‍റെ മുംബൈ പതിപ്പ്"

  "സഞ്ജയ്‌" എന്ന മുംബൈ പോലീസിലെ SI ആരെയും കൂസാത സ്വഭാവക്കാരന്‍ ആണ്.ഒരു രാത്രി മുംബയിലെ തെരുവോരത്ത് രാത്രിയില്‍ വഴിയില്‍ കിടന്നുറങ്ങിയ ഒരു ബാലനെ ആരോ തലയ്ക്കടിച്ചു കൊല്ലപ്പെടുത്തിയതായി കാണപ്പെട്ടു.അന്വേഷണം ആരംഭിച്ചത് സഞ്ജയ്‌ ആയിരുന്നു.എന്നാല്‍ അന്വേഷണത്തിന്റെ ഇടയ്ക്ക് ഹാജി മസ്താന്റെ ഗുണ്ടകളില്‍ ഒരാളെ അറസ്റ്റ് ചെയ്തപ്പോള്‍ അയാള്‍ സഞ്ജയെ പ്രകോപിപ്പിച്ചു.സഞ്ജയ്‌ തന്‍റെ ചൂടന്‍ സ്വഭാവം അയാളുടെ നേര്‍ക്ക്‌ എടുക്കുന്നു.അയാള്‍ ജയിലില്‍ വച്ച് കൊല്ലപ്പെടുന്നു.സഞ്ജയ്‌ സസ്പന്ഷനില്‍ ആകുന്നു.സഞ്ജയുടെ ഒപ്പം ഉള്ള മറ്റൊരു SI ആയിരുന്നു "കേദാര്‍".കേദാറിനെ അന്വേഷണ ചുമതല ഏല്‍പ്പിക്കുന്നു.എന്നാല്‍ സഞ്ജയ്‌ തന്നെ സസ്പണ്ട് ചെയ്യുന്നതിന് മുന്‍പ് അതൊരു പരമ്പര കൊലപാതകത്തിന്റെ തുടക്കം ആണെന്നും ഇനിയും ഇത്തരം കൊലപാതകങ്ങള്‍ സംഭവിക്കാം എന്നും തന്‍റെ മേധാവിയെ അറിയിക്കുന്നു.എന്നാല്‍ അവര്‍ സഞ്ജയുടെ വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കുന്നില്ല.

  എന്നാല്‍ മുംബൈ നഗരത്തെ ഞെട്ടിച്ചു കൊണ്ട് തുടരെ അഞ്ചു കൊലപാതകങ്ങള്‍ സമാനമായ രീതിയില്‍ നടക്കുന്നു.പോലീസ് തുമ്പ് കിട്ടാതെ വലയുന്നു.ആ സമയത്താണ് സഞ്ജയ്‌ തന്റെ മേലധികാരിയെ വീണ്ടും കാണാന്‍ ചെല്ലുന്നത്.താന്‍ പറഞ്ഞത് സത്യമായെന്നും അതിനാല്‍ ആ കേസ് തന്നെ കൊണ്ട് അന്വേഷിപ്പിക്കണം എന്നും അയാള്‍ പറയുന്നു.എന്നാല്‍ സസ്പന്ഷനില്‍ ആയ സഞ്ജയെ തിരിച്ചെടുക്കാന്‍ സാധിക്കില്ല എന്നും പറ്റുമെങ്കില്‍ സ്വതന്ത്രനായി കേസ് അന്വേഷണം നടത്താനും അയാള്‍ ആവശ്യപ്പെടുന്നു.കേദാര്‍ അന്വേഷിക്കുന്ന കേസില്‍ സമാന്തരമായ ഒരു അന്വേഷണം.കേസ് ആദ്യം സഞ്ജയ്‌ തെളിയിക്കുകയാണെങ്കില്‍ അയാളെ വീണ്ടും സര്‍വീസില്‍ എടുക്കാം എന്ന ഉറപ്പും നല്‍കുന്നു.സഞ്ജയ്‌ തന്റെ അന്വേഷണം ആരംഭിക്കുന്നു.സഹായത്തിനായി കോന്‍സ്ട്ടബില്‍ "കാംബ്ലയുടെ" സഹായവും തേടുന്നു.അയാള്‍ സഞ്ജയ്ക്ക് ആവശ്യമുള്ള വിവരങ്ങള്‍ കൈ മാറുന്നു.പാതയോരത്ത് ഉറങ്ങുന്നവര്‍ "മുഹമ്മദ്‌" എന്ന ടാക്സി ഡ്രൈവറെ ആണ് കൊലയാളി ആയി സംശയിക്കുന്നത്.സഞ്ജയ്‌ അയാളുടെ അടുക്കല്‍ ചെല്ലുന്നു.പക്ഷേ അയാള്‍ രക്ഷപ്പെടുന്നു.പിന്നീടും കൊലപാതകങ്ങള്‍ നടക്കുന്നു സമാനമായ രീതിയില്‍.സഞ്ജയോടു വിരോധം ഉള്ള കേദാരിന്റെ മനസ്സില്‍ വേറെ ചിന്തകള്‍ ആയിരുന്നു.ഈ സമയത്ത് സഞ്ജയ്‌ ആ പരമ്പര കൊലപാതകത്തിലെ ക്രമം കണ്ടെത്തുന്നു.എന്നാല്‍ പിന്നീട് നടന്ന സംഭവങ്ങള്‍ സഞ്ജയ്ക്ക് ആപത്താകുന്നു.രഹസ്യങ്ങളുടെ ചുരുളഴിയുമോ?കൂടുതല്‍ അറിയാന്‍ ബാക്കി ചിത്രം കാണുക.

  കൊറിയന്‍.സ്പാനിഷ് ത്രില്ലറുകളുടെ ഒരു മൂഡില്‍ ആണ് ഈ യഥാര്‍ത്ഥത്തില്‍ നടന്ന കൊലപാതകങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്."22 ബൈസെ ശ്രാഭന്‍" എന്ന ബംഗാളി ചിത്രത്തിന്‍റെ ആദ്യ ഭാഗമായി വേണമെങ്കില്‍ ഈ ചിത്രത്തെയും കണക്കാക്കാം.ക്ലൈമാക്സ് ഒക്കെ വ്യത്യസ്തം ആയിരുന്നു എങ്കിലും മുംബയില്‍ നടന്ന ഈ കൊലപാതകങ്ങളുടെ മാതൃകയില്‍ പിന്നീട് ബംഗാളിലും കൊലപാതകങ്ങള്‍ നടന്നിരുന്നു.നമ്മുടെ നാട്ടിലും നിലവാരം ഉള്ള ത്രില്ലര്‍ സിനിമകള്‍ ഉണ്ടാക്കാം എന്ന് "മനീഷ് ഗുപ്ത" ഈ ചിത്രത്തിലൂടെ കാണിച്ചു തരുന്നു.തീര്‍ച്ചയായും ത്രില്ലര്‍ പ്രേമികള്‍ക്ക് ആവശ്യമായ ട്വിസ്റ്റുകള്‍ എല്ലാം ഉള്ള ചിത്രം.

More reviews @ www.movieholicviews.blogspot.com

183.STILL SMALL VOICES(ENGLISH,2007)

183.STILL SMALL VOICES(ENGLISH,2007),|Thriller|Mystery|Fantasy|,Dir:-Mario Azzopardi,*ing:-Catherine Bell,Mark Humphrey.

"മരണപ്പെട്ടു എന്ന് കരുതിയ പെണ്‍ക്കുട്ടിയുടെ 911 കോള്‍!!"

 ഫാന്റസി-ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രം ആണ് "Still Small Voices".അമേരിക്കന്‍ ടി വി ചിത്രമായാണ് ഇത് റിലീസ് ആകുന്നത്."മൈക്കള്‍" 911 ഫോണ്‍ കോളുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍ ആണ് ജോലി ചെയ്യുന്നത്.കുറച്ചു ദിവസം മുന്‍പ് അവളുടെ കുട്ടിയെ പ്രസവത്തില്‍ തന്നെ നഷ്ടപ്പെടുന്നു.അതിനു ശേഷം മൈക്കള്‍ ദു:സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങുന്നു.നീല ഫ്രോക്ക് അണിഞ്ഞ പെണ്‍ക്കുട്ടി അവളുടെ കുട്ടിയെ തട്ടി എടുത്തു കൊണ്ട് പോകുന്നതായും അതിനോടൊപ്പം വാതില്‍ തകര്‍ത്തു അകത്തു കയറാന്‍ ശ്രമിക്കുന്ന ഒരു തടിയനെയും ആണ് അവള്‍ സ്വപ്നത്തില്‍ കാണുന്നത്.അതവളെ വളരെയധികം ഭയപ്പെടുത്തുന്നുണ്ട്.ഒരു ദിവസം മൈക്കളിന് ജോലിയുടെ സമയത്ത് സഹായം ആവശ്യം ഉണ്ടെന്നു തോന്നിക്കും വിധം ഒരു പെണ്‍ക്കുട്ടിയുടെ എന്ന് തോന്നിപ്പിക്കുന്ന കോള്‍ ലഭിക്കുന്നു.സംസാരിക്കാന്‍ കഴിയാതിരുന്ന ആ പെണ്‍ക്കുട്ടിയുടെ വയസ്സ് ആറു ആണെന്നും അവള്‍ ഒരു തീ അപകടത്തില്‍ പെട്ടിരിക്കുകയാനെന്നും ശബ്ദ സഹായത്തോടെ മൈക്കള്‍ മനസ്സിലാക്കുന്നു.എന്നാല്‍ വിലാസം അറിയുന്നതിന് മുന്‍പ് കോള്‍ കട്ട് ആകുന്നു.

  തന്റെ കയ്യില്‍ ഉള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആ മേല്‍ വിലാസത്തില്‍ സഹായിക്കാന്‍ മൈക്കള്‍ പോലീസിനോട് ആവശ്യപ്പെടുന്നു.എന്നാല്‍ അവര്‍ക്ക് അതിനു സാധിക്കുന്നില്ല.കാരണം അങ്ങനെ ഒരു അഡ്രസ്സ് ഇല്ലായിരുന്നു എന്നത് ആയിരുന്നു കാരണം.പിന്നീട് മൈക്കളിന്റെ ബോസ് അത്തരത്തില്‍ ഒരു കോള്‍ വന്നിരുന്നില്ല എന്നവളോട് പറയുന്നു.തല്‍ക്കാലത്തേക്ക് ജോലിയില്‍ നിന്നും മാറി നില്‍ക്കാനും ആവശ്യപ്പെടുന്നു.ജീവിതത്തില്‍ നടന്ന ദുരിതങ്ങള്‍ അവളുടെ മാനസിക നില തെറ്റിച്ചു എന്ന് അവര്‍ കരുതുന്നു.എന്നാല്‍ മൈക്കലിനെ പിന്നെയും ആ സ്വപ്നം പിന്തുടരുന്നു.എന്നാല്‍ പതിവ് പരിശോധനയ്ക്ക് ഇടയില്‍ അവളുടെ തലയില്‍ ഉള്ള ഒരു ഞരമ്പില്‍ ബ്ലീഡിംഗ് ഉണ്ടായി എന്ന് ഡോക്റ്റര്‍ മനസ്സിലാക്കുന്നു.പ്രസവത്തിന്റെ സമയത്തുള്ള സ്ട്രസ്സില്‍ സംഭവിച്ച ക്ഷതം ആയിരുന്നു അത്.ഉടന്‍ തന്നെ അവളുടെ ഭര്‍ത്താവായ "ഡോക്റ്റര്‍ ആഷ്" അവളെ അന്വേഷിച്ചു ഇറങ്ങുന്നു.മൈക്കള്‍ തന്‍റെ അമ്മയുടെ വീട്ടിലേക്കുള്ള യാത്രയില്‍ ആയിരുന്നു.എന്നാല്‍ അവള്‍ കേള്‍ക്കുന്ന ശബ്ദങ്ങള്‍ ആരോ സഹായം ചോദിച്ചു കൊണ്ട്  ഉള്ളതാണെന്ന് അവള്‍ കരുതുന്നു.അവള്‍ ഒരു തീരുമാനം എടുക്കുന്നു.അവള്‍ ആ കോളിന്റെ പുറകില്‍ ഉള്ള സത്യം അന്വേഷിക്കാന്‍ തീരുമാനിക്കുന്നു.അതിന്റെ പുറകില്‍ ഉള്ള സത്യവും.കൂടുതല്‍ സത്യങ്ങള്‍ അവള്‍ അറിയുന്നു.അല്‍പ്പം കുഴയ്ക്കുന്ന സത്യങ്ങള്‍..

  ഒരു ടി വി സിനിമ ആണെങ്കിലും ഹോളിവുഡ് ത്രില്ലര്‍ സിനിമകളുടെ നിലവാരം ഈ ചിത്രത്തിന് ഉണ്ട്.അതി തീക്ഷ്ണമായ ഒരു ത്രില്ലര്‍ മൂഡ്‌ ഈ ചിത്രം കൊടുക്കുന്നില്ല എങ്കില്‍ പോലും ഇംഗ്ലീഷ് സിനിമയുടെ നിലവാരത്തില്‍ ഉള്ള ഒരു ത്രില്ലര്‍ ആണ് ഈ ചിത്രം.തുടക്കത്തില്‍ പറഞ്ഞത് പോലെ യാഥാര്‍ത്ഥ്യത്തില്‍ നിന്നും കുറച്ചു അകന്നു ഒരു ഫാന്ടസ്സി ത്രില്ലര്‍ ആയാണ് ഈ ചിത്രം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.അതിനാല്‍ തന്നെ ആവശ്യമുള്ള ട്വിസ്റ്റുകള്‍ ഈ ചിത്രം ഉടനീളം നല്‍കുന്നുണ്ട്.

More reviews @ www.movieholicviews.blogspot.com

1995. Drop ( English, 2025)