Thursday, 10 July 2014

139.BACKYARD ASHES(ENGLISH,2013)

139.BACKYARD ASHES(ENGLISH,2013),|Comedy|Sports|,Dir:-Mark Grentell,*ing:-Sarah Burnell,Damian Callinan.

 1882 ല്‍ ഓസ്ട്രേലിയന്‍ ടീമിനോട് ഏറ്റ പരാജയത്തില്‍ നിരാശരായ ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഇംഗ്ലീഷ് ക്രിക്കറ്റ് മരിച്ചു എന്നും ചാരം ഓസ്ട്രേലിയയിലേക്ക് കൊണ്ട് പോയി എന്നും എഴുതി.അടുത്ത തവണ തങ്ങള്‍ ആ ചാരം തിരിച്ചു ഇംഗ്ലണ്ടില്‍ തന്നെ എത്തിക്കും എന്ന് ശപഥം എടുത്ത ഇവോ ബ്ലി എന്ന ഇംഗ്ലീഷ് ക്യാപ്റ്റന്‍ തന്‍റെ ശപഥം പൂര്‍ത്തീകരിച്ചപ്പോള്‍ മെല്‍ബര്നിലെ കുറച്ചു വനിതകള്‍ അദ്ദേഹത്തിന് നല്‍കിയ സ്റ്റംപുകളുടെ അടച്ചു വച്ച ചാരം ആണ് പിന്നീട് വിശ്വ വിഖ്യാതമായ ആഷസ് പരമ്പരയ്ക്ക് തുടക്കം കുറിച്ചത്.പ്രതീകാത്മകമായ ആ ചരമ-ഉയിര്‍ത്തെഴുന്നേല്‍പ്പ് പുതിയ ഭാവത്തില്‍ എത്തുകയാണ് "Backyard Ashes" എന്ന ഓസ്ട്രേലിയന്‍ സിനിമയില്‍. ഇത്തവണയും രണ്ടു ഭാഗത്തും ഉള്ളത് ഓസി-ഇംഗ്ലണ്ട് ടീമുകള്‍ തന്നെയാണ്.എന്നാല്‍ മത്സരം ടെന്നീസ് പന്തിലും മൈതാനം വീടിന്‍റെ പുറകു വശവും ആണെന്ന് മാത്രം.ടഗ്ഗി വാട്ടെര്സും കൂട്ടുകാരും ഒഴിവുദിനങ്ങള്‍ ആഘോഷിച്ചിരുന്നത് ടഗ്ഗിയുടെ വീടിന്‍റെ പുറകു വശത്ത് തിന്നും കുടിച്ചും കൂടെ ക്രിക്കറ്റ് കളിച്ചും ആണ്.നമ്മള്‍ പറമ്പുകളില്‍ കളിച്ചിരുന്ന അതേ നിയമങ്ങള്‍ ഉള്ള ക്രിക്കറ്റ്..സിക്സ് അടിച്ചു പുറത്തു പോയാല്‍ ഔട്ട്‌,ഒറ്റക്കയ്യില്‍ കുത്തിപൊങ്ങി വരുന്ന പന്ത് പിടിച്ചാല്‍ ഔട്ട്‌ എന്ന് വേണ്ട മിക്ക നിയമങ്ങളും പഴയ കുട്ടിക്കളികളെ ഓര്‍മിപ്പിക്കും.

  ഒരു ഫാക്റ്റരിയിലെ തൊഴിലാളികള്‍ ആണ് ടഗ്ഗിയും കൂട്ടരും.അവരില്‍ ഏഷ്യക്കാര്‍ ഉണ്ട്,സായിപ്പന്മാര്‍ ഉണ്ട്...അങ്ങനെ ഓസ്ട്രേലിയയിലെ കുടിയേറ്റക്കാരും സാധാരണ മനുഷ്യരും അവരുടെ കുടുംബങ്ങളും കളിച്ചും ചിരിച്ചും സന്തോഷമായി ജീവിക്കുന്നു.എന്നാല്‍ ഒരു ദിവസം അവരുടെ കമ്പനി നഷ്ടം കുറയ്ക്കാന്‍ വേണ്ടി കുറച്ചു മാറ്റങ്ങള്‍ വരുത്തുന്നു.അതില്‍ ദാഗ്ഗിയുടെ ഉറ്റ സുഹൃത്തും സഹപ്രവര്‍ത്തകനും ആയ നോര്‍മിനു ജോലി നഷ്ടപ്പെടുന്നു.അതിനു കാരണക്കാരനായ ഇംഗ്ലീഷുകാരന്‍ ആയ ലോര്‍ഡ്സ് എന്ന മാനേജരെ അവര്‍ വെറുക്കുന്നു.എന്നാല്‍ ടഗ്ഗിയുടെ സന്തോഷങ്ങള്‍ വീണ്ടും കാറ്റില്‍ പരത്തി ലോര്‍ഡ്സ് നോര്മിന്റെ വീട് വാങ്ങി അവിടെ ഭാര്യയുമായി താമസിക്കുവാന്‍ വരുന്നു.പൊതുസമൂഹത്തില്‍ അധികം ഇടപ്പഴകാന്‍ ഇഷ്ടം ഇല്ലാത്ത ലോര്‍ഡ്സ് അവരില്‍ നിന്നും അകലം പാലിക്കുന്നു.എന്നാല്‍ ലോര്‍ദ്സിന്റെ ഭാര്യയ്ക്ക് അതില്‍ അമര്‍ഷം ഉണ്ട്.ലോര്‍ഡ്സ് കൂടുതല്‍ നേരവും തന്റെ പൂച്ചയായ ടെക്സ്ട്ടര്‍ക്ക് ഒപ്പം ചിലവഴിക്കുന്നു.പലപ്പോഴും ടഗ്ഗിയുടെയും കൂട്ടരുടെയും ഒത്തു ചേരലുകള്‍ ലോര്‍ഡ്സിന് അരോചകം ആകുന്നും ഉണ്ട്.അവര്‍ തമ്മില്‍ വലിയ മതിലുകള്‍ വീടുകള്‍ തമ്മില്‍ തീര്‍ത്തു.എന്നാല്‍ ചരിത്രത്തിന്‍റെ ബാക്കിയെന്നോണം ഒരു ആഷസ് അവരുടെ ജീവിതത്തിലും വരുന്നു.വളരെയധികം രസകരമായ ഒരു ആഷസ് കളി.രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഉള്ള മത്സരം ആയി അത് മാറുന്നു.എന്നാല്‍ അതിന്‍റെ കാരണമോ??കൂടുതല്‍ അറിയാന്‍ സിനിമ കാണുക.

  ഒരു സിനിമ എന്ന നിലയില്‍ അത്ര വലിയ സംഭവം ഒന്നുമല്ല ഈ ചിത്രം.എന്നാല്‍ ക്രിക്കറ്റ് കളിയില താല്‍പ്പര്യം ഉള്ളവര്‍ക്ക് പലപ്പോഴും മനസ്സിലാകുന്ന ചിലതൊക്കെ ഈ സിനിമയില്‍ ഉണ്ട്.പ്രത്യേകിച്ചും പല ഇതിഹാസ താരങ്ങളെ കുറിച്ചും ഉള്ള പരാമര്‍ശങ്ങളും സ്ലെട്ജിങ്ങും എല്ലാം.റേറ്റിംഗ് ഒന്നും നോക്കാതെ ചിത്രം മനസ്സിനെ ഇഷ്ടപ്പെടുത്തുമോ എന്ന് ചോദിച്ചാല്‍,അതിനു ഉള്ള സാധ്യതകള്‍ ഈ സിനിമയ്ക്കും ഉണ്ട്.ഒരിക്കലും ഉപേക്ഷിക്കാന്‍ ആവാത്ത ചിത്രം എന്നൊന്നും പറയാന്‍ കഴിയില്ലെങ്കിലും ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രം എന്ന് ഇതിനെ പറയാം.

More reviews @ www.movieholicviews.blogspot.com

Wednesday, 9 July 2014

138.RUNNING MAN(KOREAN,2013)

138.RUNNING MAN(KOREAN,2013),|Action|Thriller|,Dir:-Dong -oh Jo,*ing:-Sin Ha Gyoon,Eun Ji Jo.

 മാറുന്ന കൊറിയന്‍ സിനിമയുടെ മുഖങ്ങളില്‍ ഒന്നാണ്, നമ്മുടെ നാട്ടില്‍ വന്നിരുന്നു എങ്കില്‍ ഒരു കൊമേര്‍ഷ്യല്‍ ത്രില്ലര്‍ എന്ന് വിളിക്കാവുന്ന "Running Man" എന്ന സിനിമ.കൂടുതല്‍ ജനകീയവും വിശാലവുമായ ഒരു മാര്‍ക്കറ്റ് അവര്‍ പ്രതീക്ഷിക്കുന്നുണ്ടാകും.പതിഞ്ഞ  താളത്തില്‍ മഴയില്‍ നനഞ്ഞ കൊറിയന്‍ ത്രില്ലര്‍ സിനിമകള്‍ അവരുടെ മുഖമുദ്ര ആയിരുന്നു.എന്നാല്‍ ഒരു മാറ്റം വരണം എന്ന് തോന്നിയത് കൊണ്ടാകാം തമാശയും ആക്ഷനും ഒക്കെ കലര്‍ന്ന ചിത്രങ്ങള്‍ ഈ അടുത്തായി ഇറങ്ങുന്നത്.കൊറിയയില്‍ ആദ്യമായി നൂറു ശതമാനം നിക്ഷേപവവും ഒരു ഹോളിവുഡ് സ്റ്റുഡിയോ നിര്‍വഹിച്ചു എന്ന പ്രത്യേകത ഈ സിനിമയ്ക്കുന്ന്ട്.20 th Century Fox ആയിരുന്നു ആ നിര്‍മാതാക്കള്‍."Secretly Greatly","Phsychometry" മുതലായ സിനിമകള്‍ എല്ലാം കച്ചവടത്തിന്‍റെ ഒരു ഉദ്ദേശം വച്ച് പുലര്‍ത്തുന്നു എന്നും തോന്നുന്നു."Running Man" അവിചാരിതമായി ഒരു വലിയ രഹസ്യത്തിന്റെ കാവല്‍ക്കാരന്‍ ആകേണ്ടി വന്ന  ജോണ്‍ വൂ എന്ന സാധാരണക്കാരന്റെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.

   ജോണ്‍ വൂ ഒരു പഴയ കുറ്റവാളി ആണ്.സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അച്ഛന്‍ ആകേണ്ടി വന്ന ജോണ്‍ വൂ മകനായ ചാ ഗി ഹുക്കിന്റെ ഒപ്പമാണ് താമസം.പകല്‍ സമയങ്ങളില്‍ വണ്ടികള്‍ നന്നാക്കുകയും,രാത്രി സമയങ്ങളില്‍ ടാക്സി ഓടിച്ചുമാണ് അയാള്‍ ജീവിച്ചിരുന്നത്.കൌമാരക്കാരനായ സ്ക്കൂള്‍ വിദ്യാര്‍ഥി ആയ മകന്‍ അച്ഛന്റെ കുട്ടിക്കളികളില്‍ അമര്‍ഷം ഉള്ള ആളാണ്.മുന്ക്കോപം കാരണം അവന്‍ പലപ്പോഴും പ്രശ്നങ്ങളില്‍ ചെന്ന് ചാടാറും ഉണ്ട്.അച്ഛനും മകനും തമ്മില്‍ പ്രായവ്യത്യാസത്തില്‍ ഉള്ള കുറവ് കാരണം പലപ്പോഴും വഴക്ക് കൂടാറും ഉണ്ട്.ഒരു ദിവസം ഒരു ഹോട്ടലില്‍ ഒരാളെ കൊണ്ട് വിട്ടിട്ടു പോകാന്‍ ഇറങ്ങിയ ജോണ്‍ വൂവിന്റെ കാറില്‍ കൂടുതല്‍ കാശ് തരാം എന്നും പറഞ്ഞു ഒരാള്‍ കയറുന്നു.അയാള്‍ പറഞ്ഞ സ്ഥലത്തെത്തിച്ച ശേഷം പിന്നെയും കാത്തു നിന്ന് അടുത്ത സ്ഥലത്ത് കൊണ്ട് പോയാല്‍ പിന്നെയും കാശ് തരാമെന്ന് പറഞ്ഞ അയാള്‍ക്ക്‌ വേണ്ടി ജോണ്‍ വൂ കാത്തു നില്‍ക്കുന്നു.അയാള്‍ വണ്ടിയില്‍ കയറിയതിനു ശേഷം യാത്ര തുടര്‍ന്ന ജോണ്‍ എന്നാല്‍ അയാള്‍ പറഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ അയാള്‍ മരണപ്പെട്ടതായി കാണുന്നു.അവിടെ ഉണ്ടായിരുന്ന സെക്ക്യൂരിറ്റി അയാളെ ശ്രദ്ധിച്ചതോടെ ആ കൊലപാതകം ജോണിന്‍റെ മേല്‍ ചാര്‍ത്തുന്നു എല്ലാവരും.ജോണ്‍ അവിടെ മുതല്‍ ഓട്ടം തുടങ്ങുന്നു..ആ സമയത്ത് ആദ്യം ഉള്ള ഹോട്ടലിന്‍റെ അടുത്ത് മറ്റൊരാളും കൊല്ലപ്പെടുന്നു.പോലീസില്‍ നിന്നും മറ്റും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ജോണിന്‍റെ മൊബൈല്‍ ഫോണ്‍ തന്നാല്‍ അയാളെ രക്ഷിക്കാം എന്ന് പറഞ്ഞു കൊണ്ട് അടുത്ത ആളുകള്‍ വരുന്നു.എന്നാല്‍ അവര്‍ക്കും ജോണിന്‍റെ ജീവന്‍ വേണമായിരുന്നു.അതിനു പുറകെ നാഷണല്‍ ഇന്വസ്സ്ടിഗേശന്‍ ഏജന്‍സി കൂടി ജോണിന്‍റെ കേസ് അന്വേഷിക്കാന്‍ വരുന്നു.ഇവരില്‍ നിന്നും എല്ലാം രക്ഷപ്പെടാന്‍ ഓടുകയാണ് ജോണ്‍.എന്നാല്‍ ഇവര്‍ക്കെല്ലാം വേണ്ടത് ജോണിന് അറിയാത്ത ഒരു രഹസ്യം ആയിരുന്നു..എന്നാല്‍ അത് ജോണിന്‍റെ ഒപ്പം ഉണ്ടായിരുന്നു താനും.തന്ത്രപ്രധാനമായ ആ രഹസ്യം തേടി പോകുന്ന ജോണിനെ കാത്തിരുന്നത് കുറച്ചുകൊലപാതകങ്ങളും ജീവന് ആപകടം ഉണ്ടാക്കുന്ന സംഭവങ്ങളും ആയിരുന്നു.എന്തായിരുന്നു ആ രഹസ്യം?ജോണ് എങ്ങനെ അതില്‍ നിന്നും രക്ഷപ്പെടും?ജോണിന്റെ ഓട്ടത്തിന്റെ ആ കഥയാണ് ബാക്കി ചിത്രം.

  കഥയില്‍ ദുരൂഹത ഉണ്ടെങ്കിലും തമാശ കലര്‍ത്തി അവതരിപ്പിച്ചിരിക്കുന്നത് കൊണ്ട് സ്ഥിരം കൊറിയന്‍ സിനിമകളില്‍ നിന്നും പ്രതീക്ഷിക്കുന്ന ഒരു ത്രില്ലര്‍ മൂഡ്‌ കിട്ടുന്നില്ല.ഒരു ഹോളിവുഡ് സിനിമയുടെ രീതിയില്‍ ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.കൊറിയന്‍ സിനിമകളില്‍ ഉള്ളത് പോലെ പ്രേക്ഷകനെ വരിഞ്ഞു മുറുക്കുന്ന ഒരു തിരക്കഥയുടെ അഭാവം ഉള്ളത് പോലെ തോന്നിയിരുന്നു ഈ ചിത്രം.

More reviews @www.movieholicviews.blogspot.com

Tuesday, 8 July 2014

137.AZOOMA(KOREAN,2012)

137.AZOOMA(KOREAN,2012),|Crime|Thriller|,Dir:-Ji Seung Lee,*ing:-Seong Woo Bae,Taekwang Hwang.

2012 ലെ ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ആണ് "അസൂമ" എന്ന കൊറിയ ചിത്രം ആദ്യം പ്രദര്‍ശിപ്പിക്കുന്നത്.ഈ ചിത്രം അവതരിപ്പിച്ച രീതി വളരെയധികം വ്യത്യസ്ഥമായിരുന്നു.സാധാരണ രീതിയില്‍ ഒരു പ്രത്യേക ഘടനയില്‍ കഥ അവതരിപ്പിക്കുന്നതിനു പകരം ഓരോ സീനില്‍ നിന്നും അതിന്‍റെ ഫ്ലാഷ്ബാക്ക് അല്ലെങ്കില്‍ ആ സീനിലേക്ക്‌ എത്തിയത് എങ്ങനെ എന്നാണു അവതരിപ്പിച്ചിരുന്നത്.ഇത്തരം ഒരു അവതരണ ശൈലിയിലും കഥ ആരെയും കുഴപ്പിക്കാത്ത രീതിയില്‍ തന്നെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടും ഉണ്ട്.ഒരു പക്ഷേ ഓരോ സന്ദര്‍ഭങ്ങളിലേക്ക് എത്തി എന്നുള്ളത് വളരെയധികം എളുപ്പമുള്ള രീതിയില്‍ പ്രേക്ഷകനെ മനസ്സിലാക്കുവാന്‍ സാധിച്ചിട്ടുണ്ട്."അസൂമ" തന്‍റെ മകള്‍ക്ക് നിഷേധിക്കപ്പെടുകയും എന്നാല്‍ കുറ്റവാളി എന്ന് ഒരു അമ്മയ്ക്ക് ഉറപ്പുള്ള ആള്‍ക്ക് നല്‍കുകയും ചെയ്ത നീതിയ്ക്കു എതിരായി ഒഴുക്കിന് എതിരെ നീന്തി കരയ്ക്കെത്താന്‍ ശ്രമിക്കുന്ന അമ്മയുടെ കഥയാണ്.യൂന്‍ എന്ന പത്തുവയസ്സുകാരി പെണ്‍ക്കുട്ടി ഒരു ദിവസം അപ്രത്യക്ഷയാകുന്നു.അവളുടെ അമ്മ ജോലിക്ക് ശേഷം വന്നു അവളെ വീട്ടില്‍ കൂട്ടി കൊണ്ട് വരാന്‍ ശ്രമിച്ചിട്ടും അവളെ കണ്ടെത്താന്‍ സാധിക്കുന്നില്ല.ആറു മണിക്കൂറിനു ശേഷം അവര്‍ പോലീസില്‍ പരാതി നല്‍കുന്നു.എന്നാല്‍ ഇത്തരം കേസുകളില്‍ കുട്ടികള്‍ രാത്രി തന്നെ തിരിച്ച് എത്താറുണ്ട് എന്ന്‍ പറഞ്ഞ് അവര്‍ ആ അമ്മയെ യാത്രയാക്കുന്നു.പരാതി എഴുതി വാങ്ങിയപ്പോള്‍ പോലും ഉള്ള പോലീസിന്‍റെ നിസ്സംഗത അവരെ തളര്‍ത്തുന്നു.അല്‍പ്പ സമയത്തിന് ശേഷം വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ യൂനിനെ കാണുന്നു.അവള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു.

  യൂനിന്റെ അമ്മയായ യംഗ് അവളെ ആശുപത്രിയിലേക്ക് എടുത്തു കൊണ്ട് ഓടുന്നു.യൂനിനെ മരണത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഡോക്റ്റര്‍മാര്‍ക്ക് കഴിഞ്ഞു.എന്നാല്‍ യൂനിനെ ആക്രമിച്ച ആളെ കണ്ടെത്താന്‍ യംഗ് തന്നെയും മകളെയും ഉപേക്ഷിച്ചു പോയ ടി വി സെലിബ്രിറ്റി ആയ ദന്ത ഡോക്റ്ററെ സമീപിക്കുന്നു.എന്നാല്‍ തന്‍റെ പ്രശസ്തിക്ക് ഈ സംഭവം കളങ്കം ആകും എന്ന് കരുതുന്നു.മകളുമായി എവിടെങ്കിലും മാറി താമസിക്കാന്‍ അയാള്‍ ആവശ്യപ്പെടുന്നു.എന്നാല്‍ യംഗ് പോലീസിന്റെ അടുക്കല്‍ ഈ സംഭവവുമായി ചെല്ലുന്നു.എന്നാല്‍ അവരുടെ നിസ്സംഗത തുടരുന്നു."മ" എന്ന പേരുള്ള ഡിറ്റക്ടീവ് അവരോട് ഈ കേസിന്‍റെ പുറകെ പോയാല്‍ ഉള്ള ഭവിഷ്യത്തുക്കള്‍ യംഗിനോട് അവതരിപ്പിക്കുന്നു.എന്നാല്‍ അവര്‍ നീതി വേണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു.എങ്ങും നിന്നും സഹായം ലഭിക്കില്ല എന്നറിഞ്ഞതോടെ അവര്‍ കുറ്റവാളിയെ തേടി ഇറങ്ങുന്നു.ലക്ഷ്യം കാണുന്നതിനു മുന്‍പ് തന്നെ അവര്‍ക്ക് മനസ്സിലായി തനിക്കു നീതി നിഷേധിക്കാന്‍ ഒരു കൂട്ടം ആളുകള്‍ അവളുടെ ഒപ്പം തന്നെ ഉണ്ടെന്ന്.ഒരു കുറ്റവാളിക്ക് ലഭിക്കുന്ന പരിഗണന മകള്‍ക്ക് ലഭിക്കില്ല എന്ന് മനസ്സിലാകുന്നതോടെ അവര്‍ സ്വന്തം വഴി തേടുന്നു.അവര്‍ അതില്‍ എങ്ങനെ വിജയിക്കും?നീതി നിഷേധിക്കപ്പെട്ട അമ്മയും മകളും അതെങ്ങനെ നേടി എടുക്കും?അതാണ്‌ ഈ ചിത്രത്തിന്റെ ബാക്കി കഥ.

  64 ശതമാനത്തോളം ഇത്തരത്തില്‍ കുട്ടികളെ പീഡിപ്പിച്ചവര്‍ കൊറിയയില്‍ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാറുണ്ട് എന്ന് പറയുന്ന കണക്കുകള്‍ ഒരു പക്ഷേ കുട്ടികളുടെ ഭാവിയില്‍ ആശങ്കാകുലരായ മാതാപിതാക്കളെ തളര്‍ത്തുന്നു.എന്നാല്‍ മരണശിക്ഷ കിട്ടണ്ട രാക്ഷസന്മാര്‍ പുതിയ ഇരകളെ തേടി നടക്കുകയും ചെയ്യുന്നു.ഒരു പക്ഷേ കൊറിയയില്‍ നടക്കുന്ന ഇത്തരം മാനസിക പ്രശ്നങ്ങള്‍ ഉള്ളവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ ആകാം അവരുടെ വളരെയധികം ക്രൂരമായ പ്രവര്‍ത്തികളും അതിനെ ചുവടുപ്പറ്റിയുള്ള അന്വേഷണങ്ങള്‍ നടത്തുന്ന സിനിമകള്‍ക്ക്‌ പ്രചോദനം.നമ്മുടെ നാടും ഇത്തരം ഒരു അവസ്ഥയിലേക്കാണ് പോകുന്നതെന്ന് പലപ്പോഴും തോന്നി പോകും.നീതി നിഷേധം അനുഭവിക്കുന്നത് എല്ലായ്പ്പോഴും നിസ്സഹായനായ സാധാരണക്കാരന്‍ ആണല്ലോ?അത്തരമൊരു കഥ ആയതു കൊണ്ടും കൂടി ആകാം "ദൃശ്യം " എന്ന ചിത്രം മലയാളത്തില്‍ മഹാസംഭവം ആയത്.നമ്മുടെ എല്ലാവരുടെ ഉള്ളില്‍ നീതി ലഭിക്കാത്ത ആളുകളോട് ഒരു അനുകമ്പ  നീതി എന്നും ഉണ്ടായിരുന്നിരിക്കാം.അത്തരം ഒരു പ്രമേയം ആണ് ഈ സിനിമയെയും വയ്ത്യസ്തം ആക്കുന്നത്.

More reviews @ www.movieholicviews.blogspot.com

Facebook page:-https://www.facebook.com/movieholicviews 

136.PSYCHOMETRY(KOREAN,2013)

136.PSYCHOMETRY(KOREAN,2013),|Thriller|Sci-fi|,Dir:-Ho Young-Kweon,*ing:-Kang Woo Kim,Bum Kim,Esom.

2013 ല്‍ ഇറങ്ങിയ കൊറിയന്‍ Sci-fi ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രമാണ് "Psychometry".Psychometry പാരാ നോര്‍മല്‍ ശാഖയില്‍ ഉള്‍പ്പെടുന്ന ഒന്നാണ്.ഒരു വസ്തു അല്ലെങ്കില്‍ സബ്ജെക്ട്ടിനെ സ്പര്‍ശിക്കുമ്പോള്‍ അതില്‍ കൂടുതല്‍ സ്വാധീനം ഉള്ള മാഗ്നറ്റിക് ഫീല്‍ഡിനെ കുറിച്ച് അറിയാന്‍ സാധിക്കും എന്ന്‍ കരുതുന്ന ഒരു വിഷയമാണ് Psychometry.സാധാരണ ഗതിയില്‍ അവിശ്വസനീയമായ ഒരു വിഷയമാണ് ഇതും.ഒരു വസ്തുവിന്‍റെ ഭൂതക്കാലം ഇത്തരത്തില്‍ ഉള്ള സ്പര്‍ശനങ്ങളില്‍ കൂടി അറിയാവുന്നതിലെ അസ്വാഭാവികത സ്ഥിരം കൊറിയന്‍ സിനിമകളില്‍ നിന്നും വേറിട്ട ഒരു മുഖം ഈ ചിത്രത്തിന് നല്‍കുന്നു.ഈ പാരനോര്‍മല്‍ ശാഖയിലൂന്നിയുള്ള കുറച്ചു കുട്ടികളുടെ തിരോധാനത്തിനു പിന്നില്‍ ഉള്ള അന്വേഷണം ആണ് ഈ ചിത്രം.യാംഗ് ചുന്‍ ഒരു യുവ പോലീസുകാരന്‍ ആണ്.ഏറ്റവും മോശം സര്‍വീസ് റെക്കോര്ഡ് ഉള്ള പ്രത്യേകിച്ച് വലിയ കഴിവൊന്നും ഇല്ലാത്ത ആള്‍.ഡിപ്പാര്‍ട്ട്മെന്റ് പോലും യാംഗ് ചുന്നിനെ ഒരു കുട്ടിക്കളി ആയി മാത്രമേ കണക്കാക്കുന്നുള്ളൂ.മണി ചെയിന്‍ പോലുള്ള തട്ടിപ്പ് പരിപാടികളില്‍ കൂടി എങ്കിലും കുറച്ചു കാശ് ഉണ്ടാക്കി ജീവിക്കണം എന്ന ആഗ്രഹം ഉള്ള ആള്‍ ആയിരുന്നു യാംഗ്.

  ഒരു ദിവസം യാംഗ് ചുന്നിന്റെ നൈറ്റ് ഡ്യൂട്ടിയുടെ സമയം ഒരു പെണ്‍ക്കുട്ടിയെ കാണാനില്ല എന്നും ഉള്ള പരാതിയുമായി ഒരു അമ്മ പോലീസ് സ്റ്റേഷനില്‍ എത്തുന്നു.എന്നാല്‍ പോലീസുകാര്‍ ആ പരാതി കാര്യമായെടുക്കുന്നില്ല.പരാതി കിട്ടുന്നതിന്‍റെ അന്ന് രാത്രി യാംഗ് ചുന്‍ ചുവരില്‍ ഉള്ള ഒരു സ്പ്രേ പെയിന്റിംഗ് ശ്രദ്ധിക്കുന്നു.അസ്വാഭാവികമായ ഒന്ന്.ആ സ്പ്രേ പെയിന്റ് ചെയ്തയാളുമായുള്ള സംസാരത്തിന്റെ ഇടയ്ക്ക് അയാള്‍ യംഗ് ചുന്നിന്റെ മുഖത്ത് സ്പ്രേ അടിച്ചു ഓടി മറയുന്നു.എന്നാല്‍ അല്‍പ്പ ദിവസത്തിന് ശേഷം ആ സ്പ്രേ പെയിന്റിങ്ങില്‍ ഉണ്ടായിരുന്ന സ്ഥലത്ത് നിന്നും കാണാതെ പോയ കുട്ടിയുടെ മൃതദേഹം കിട്ടുന്നു.  സ്വന്തം ജീവിതാനുഭവം മൂലം യംഗ് ചുന്‍ പരാതി കിട്ടിയപ്പോള്‍ തന്നെ അത് ഒരു തട്ടിക്കൊണ്ടു പോകല്‍ ആണെന്ന് വിശ്വസിക്കുന്നു.എന്നാല്‍ ആരും അവനെ വിശ്വസിക്കുന്നില്ല,പോലീസ് ചീഫ് ഒഴികെ.അയാള്‍ യംഗ് ചുന്നിനോട് സ്വതന്ത്രമായി ആ കേസ് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.ശവശരീരം ലഭിക്കുന്നതിനു മുന്‍പ് തന്നെ ആ സ്ഥലത്തെ കുറിച്ചുള്ള സൂചനകള്‍ സ്പ്രേ പെയിന്റിങ്ങിലൂടെ ചുവരില്‍ അവതരിപ്പിച്ച ആളെ തേടി ആയി യാംഗ് ചുന്നിന്റെ അന്വേഷണം.അതിന്റെ ഇടയ്ക്ക് മറ്റൊരു കുട്ടി തട്ടിക്കൊണ്ടു പോകളില്‍ നിന്നും രക്ഷപ്പെടുന്നു.തന്‍റെ നായക്കുട്ടിക്കു അസുഖം ആണെന്നും അതിനെ നോക്കുന്നോ എന്നും പറഞ്ഞു കാറില്‍ വന്ന ഒരാള്‍ പറഞ്ഞു എന്ന് ആ കുട്ടി പറയുന്നു.ആ നായക്കുട്ടി ഫ്രീസറില്‍ വച്ചത് പോലെ തണുത്തിരുന്നു എന്നും അവള്‍ പറഞ്ഞു.ജനങ്ങളുടെ ഇടയില്‍ ഭീതി പടര്‍ന്നു.ആ സമയം തന്നെ യാംഗ് ചുന്നിനു പരിചയം ഉള്ള ഒരു കൊച്ചു കുട്ടിയെ സമാനമായ രീതിയില്‍ കാണാതെ ആകുന്നു.യംഗ് ചുന്‍ ആ സ്പ്രേ പെയിന്റിങ്ങും ഇ തിരോധാനങ്ങളും ആയി എന്തോ ബന്ധം ഉണ്ടെന്നു മനസ്സിലാക്കുന്നു.യാംഗ് സംശയിച്ചത് ശരി ആയിരുന്നോ?ആ കുട്ടികള്‍ക്ക് സംഭവിച്ചതെന്ത്?ആരാണ് യഥാര്‍ത്ഥ കൊലപാതകി?കൂടുതല്‍ അറിയാന്‍ സിനിമ കാണുക.

  കൊറിയന്‍ സിനിമകളും ഒരു മാറ്റത്തിന്‍റെ പാതയില്‍ ആണെന്ന് ഈ അടുത്ത് ഇറങ്ങിയ ചില സിനിമകള്‍ സൂചിപ്പിക്കുന്നു.അവരുടെ സ്വാഭാവികമായ ഒരു ഇരുണ്ട ഫ്രെയിമുകളില്‍ നിന്നും കൂടുതല്‍ ജനകീയം ആകാന്‍ ഉള്ള ഒരു ശ്രമം ചിത്രങ്ങളില്‍ കാണാം.കൂടുതല്‍ രാജ്യങ്ങളില്‍ സിനിമയ്ക്ക് സ്വാധീനം ചെലുത്താന്‍ ആകണം അവര്‍ ഈ മാറ്റങ്ങള്‍ കൊണ്ട് ശ്രമിക്കുന്നത് എന്ന് തോന്നുന്നു.എന്തായാലും കൊറിയന്‍ ത്രില്ലറുകള്‍ അധികം നിരാശപ്പെടുത്തില്ല.അത് പോലെ തന്നെ ഈ ചിത്രവും.ഒരു sci-fi പ്രമേയത്തില്‍ കൂടിയുള്ള അന്വേഷണം ആണ് ഈ ചിത്രം.

More reviews @ www.movieholicviews.blogspot.com

Facebook Page: https://www.facebook.com/movieholicviews

Monday, 7 July 2014

135.LA CAJA 507(SPANISH,2002)

135.LA CAJA 507(SPANISH,2002),|Thriller|Mystery|,Dir:-Enrique Urbizu,*ing:-Dafne Fernandez,Antonio Resines.

2002 ല്‍ ഇറങ്ങിയ ഒരു സ്പാനിഷ് ത്രില്ലര്‍ ചിത്രം ആണ് "La Caja 507".നിയമവ്യവസ്ഥ തന്നെയും കുടുംബത്തെയും സംരക്ഷിക്കില്ല എന്ന് മനസ്സിലാക്കിയ ഒരു സാധാരണ മനുഷ്യന്‍ തന്‍റെ മനസ്സിന് തൃപ്തി കിട്ടാനായി നടത്തുന്ന ഒറ്റയാള്‍ പോരാട്ടം ആണ് ചിത്രം.ഒരു തുള്ളി രക്തം പോലും ചീന്താതെ അല്ലെങ്കില്‍ അതിന് ഉള്ള കഴിവില്ലാതെ ചില കണ്ണികള്‍ തന്ത്രപൂര്‍വ്വം കൂട്ടി ചേര്‍ക്കാന്‍ ആണ് അയാള്‍ ശ്രമിക്കുന്നത്.അയാളുടെ പേര് പാര്‍ടോ.ഒരു മധ്യവയസ്ക്കന്‍ ആയ പാര്‍ടോ ഒരു ബാങ്കിലെ മാനേജര്‍ ആണ്.ഒരു സാധാരണക്കാരനായാണ്‌ അയാള്‍ ജീവിക്കുന്നത്.മകളോടും ഭാര്യയോടും ഒപ്പം അവരെ സംരക്ഷിച്ചു ,അവരെ സ്നേഹിച്ചു അയാള്‍ ജീവിക്കുന്നു.എന്നാല്‍ ഒരു ദിവസം അയാളുടെ ജീവിതത്തില്‍ സംഭവിച്ച ദുരന്തം അയാളുടെ ജീവിതത്തെ ആകമാനം മാറ്റി മറിക്കുന്നു.തന്‍റെ പുരുഷ സുഹൃത്തിനോടൊപ്പം ഒരു എസ്റ്റേറ്റില്‍ സമയം ചിലവഴിക്കാന്‍ പോയ പാര്‍ദോയുടെ പതിനാറു വയസ്സുകാരി ആയ മകള്‍ അവിടെ ഉണ്ടായ കാട്ടു തീയില്‍ അകപ്പെടുന്നു.ആര്‍ക്കെങ്കിലും രക്ഷിക്കാന്‍ ആകുന്നതിനു മുന്‍പ് അവള്‍ മരിക്കുന്നു.പാര്‍ടോയും ഭാര്യയും തങ്ങളുടെ വിരസമായ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ തീരുമാനിക്കുന്നു.

  എന്നാല്‍ ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം പാര്‍ദോയുടെ ഭാര്യയെ ബന്ദിയാക്കി കുറച്ചു കള്ളന്മാര്‍ പാര്‍ടോ ജോലി ചെയ്യുന്ന ബാങ്ക് കൊള്ളയടിക്കുന്നു.അവിടെ ബാങ്ക് ലോക്കറില്‍ ഇരുന്ന പെട്ടികള്‍ ആയിരുന്നു അവര്‍ കൊള്ളയടിച്ചത്.പാര്‍ദോയുടെ ഭാര്യ അവരുമായുള്ള മല്‍പ്പിടുത്തത്തില്‍ മരണത്തെ മുഖാമുഖം വീട്ടില്‍ വച്ച് കാണുന്നു.എന്നാല്‍ പാര്‍ടോയെ ബോധം കെടുത്തി അവര്‍ മോഷണത്തിന് ശേഷം ബാങ്കില്‍ നിന്നും രക്ഷപ്പെടുന്നു.വളരെയധികം പ്ലാന്‍ ചെയ്തു നടത്തിയ ഈ മോഷണം എന്നാല്‍ പാര്‍ദോയുടെ ജീവിതത്തില്‍ ഒരു നിര്‍ണായക വഴിത്തിരിവായി.ബോധം വന്നതിനു ശേഷം കള്ളന്മാര്‍ കൊണ്ട് പോകാത്ത ഒന്നില്‍   507 ആം നമ്പറില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ പാര്‍ദോയ്ക്ക് എന്തോ ഒരു പ്രത്യേകത തോന്നി.അയാള്‍ അത് മാറ്റി വയ്ക്കുന്നു. സമൂഹത്തിലെ കുറച്ചു ഉന്നതന്മാരുടെ പേരും അതില്‍ ഉള്ള ഭീമമായ തുകകളുടെ കണക്കും പാര്‍ദോയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു.പാര്‍ടോ ആ രേഖകളിലൂടെ അന്വേഷണം നടത്തുന്നു.അയാളെ ആ അന്വേഷണം കൊണ്ടെത്തിച്ചത് ഒരു വലിയ രഹസ്യത്തിലേക്ക് ആണ്.തനിക്കു ലോകത്തെ കുറിച്ചും സ്വന്തം ജീവിതത്തെ കുറിച്ചും അറിയാവുന്നത് വെറും തുച്ചം ആണെന്ന് മനസ്സിലാക്കുന്നു.ഒരു വശത്ത് അത്യാസന നിലയില്‍ കിടക്കുന്ന ഭാര്യ മറു വശത്ത് നീതി ലഭിക്കാന്‍ ഉള്ള ആഗ്രഹം.എന്നാല്‍ നിയമവ്യവസ്ഥ തന്നെ ഒരു സാധാരണക്കാരനെ രക്ഷിച്ചില്ലെങ്കില്‍?ഇതിനിടയില്‍ പാര്‍ദോയെ അന്വേഷിച്ചു ശക്തനായ ഒരു പ്രതിയോഗിയും എത്തുന്നു.പാര്‍ടോ കണ്ടെത്തിയ രഹസ്യം എന്താണ്?പാര്‍ടോ തനിക്കു അര്‍ഹതപ്പെട്ട നീതി എങ്ങനെ നേടി എടുക്കുന്നു?അതാണ്‌ ബാക്കി സിനിമ.

    സ്വന്തം കൈ കൊണ്ട് ചോര ചീന്തി എടുക്കുന്ന നീതിക്ക് ആയുസ്സില്ല എന്ന് പാര്‍ടോയുടെ മനസ്സ് അയാളോട്പറഞ്ഞത്. കളിക്ക് ഉപയോഗിച്ചത് ഏറ്റവും ശക്തമായ ആയുധവും.സിനിമയുടെ ഓരോ മേഖലകളിലും ഒരു സാധാരണ പ്രേക്ഷകന്‍ എന്ന നിലയില്‍ ചിത്രം വളരെയധികം തൃപ്തിപ്പെടുത്തി.പ്രത്യേകിച്ചും കണ്ണികള്‍ എല്ലാം ഒരു വശത്ത് തന്നെ കൊണ്ട് വച്ച് യോജിപ്പിക്കുന്നതൊക്കെ.നല്ല ഒരു ത്രില്ലര്‍ ആണ്"La Caja 507".സ്പാനിഷ് ത്രില്ലറുകള്‍ കാണാതെ മാറ്റി വയ്ക്കരുത്.അവര്‍ ഈ കാര്യത്തില്‍ പ്രഗല്‍ഭര്‍ ആണ്.

More reviews @ www.movieholicviews.blogspot.com

Facebook page: https://www.facebook.com/movieholicviews

Sunday, 6 July 2014

134.MOSS(KOREAN,2010)

134.MOSS(KOREAN,2010),|Mystery|Thriller|,Dir:-Woo Suk-kang,*ing:-Jae yeong,Hae-il Park

2010 ല്‍ ഇറങ്ങിയ കൊറിയന്‍ ത്രില്ലര്‍ ആണ് "Moss".കൊറിയന്‍ ത്രില്ലറുകളില്‍ അസാധാരണമായി കാണുന്ന ഒന്നാണ് നീളമേറിയ സിനിമകള്‍.പ്രത്യേകിച്ചും രണ്ടേമുക്കാല്‍ മണിക്കൂര്‍ നീളമുള്ള ഒരു സിനിമ.പലപ്പോഴും നീളം കാരണം മാറ്റി വച്ച സിനിമ കണ്ടു തീര്‍ത്തപ്പോള്‍ മാന്സ്സിലായി ഈ സിനിമയുടെ ദൈര്‍ഘ്യത്തിന്റെ കാരണം.അത്രയേറെ കഥകള്‍ കഥാപാത്രങ്ങള്‍ക്ക് പറയാന്‍ ഉണ്ടായിരുന്നു ചിത്രത്തില്‍.മുപ്പതു വര്‍ഷമായി ഒരു ഗ്രാമത്തില്‍ ചാമ്പല്‍ ആയി കിടന്ന രഹസ്യങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ആണ് ചിത്രം അവതരിപ്പിക്കുന്നത്‌.റിയൂ എന്ന യുവാവും പാര്‍ക്ക് മിന്‍ വൂക് എന്ന പബ്ലിക് പ്രോസിക്യൂട്ടറും പരസ്പരം പാര പണിയുന്നതില്‍ മിടുക്കര്‍ ആണ്.ഒരാളുടെ കുറ്റം കണ്ടു പിടിക്കുകയാണ് മറ്റയാളുടെ സ്ഥിരം പരിപാടി.ഒരു ദിവസം സിയോളില്‍ ആയിരുന്ന റിയൂവിനു ഒരു അജ്ഞാത ഫോണ്‍ സന്ദേശം ലഭിക്കുന്നു.റിയൂവിന്റെ അച്ഛന്‍ മരണപ്പെട്ടു എന്നതായിരുന്നു സന്ദേശം.റിയൂ അന്ത്യക്കര്‍മങ്ങള്‍ നിര്‍വഹിക്കുവാനായി അച്ഛന്‍ താമസിച്ചിരുന്ന ഗ്രാമത്തിലേക്ക് പോകുന്നു.റിയൂവിന്റെ അച്ഛന്‍ കുടുംബവുമായി വര്‍ഷങ്ങളായി അകന്നു കഴിഞ്ഞ് ആണ് ആ ഗ്രാമത്തില്‍ താമസിക്കുന്നത്.അത് കൊണ്ട് തന്നെ റിയൂവിനെ അവിടെ ആര്‍ക്കും അറിയില്ല.റിയൂ അച്ഛന്റെ മരണത്തെ കുറിച്ച് സംശയം പ്രകടിപിക്കുന്നു.എന്നാല്‍ പ്രായം ചെന്ന ഒരാളുടെ മരണമായി എല്ലാവരും കരുതുന്നു.റിയൂ അവിടെ താമസിക്കുന്നത് ഗ്രാമവാസികള്‍ക്ക്‌ ചിലര്‍ക്ക് അരോചകമായി തോന്നുന്നു..

 ആ ഗ്രാമത്തിന്‍റെ ആദ്യവും അന്ത്യവും എല്ലാം കിം ടിയോക് എന്ന ഗ്രാമ തലവന്‍ ആണ്.അയാള്‍ പഴയ ഒരു പോലീസുകാരനും ആണ്.ഒരു കുറ്റവാളി ആയിരുന്ന റിയൂവിന്റെ അച്ഛന്‍ പിന്നീട് ക്രിസ്ത്യന്‍ മത വിശ്വാസി ആവുകയായിരുന്നു.ഒരു സന്യാസജീവിതം ആയിരുന്നു അയാള്‍ അവിടെ ജീവിച്ചു തീര്‍ത്തത്.ഒരു സാത്വികന്‍ ആയി ഗ്രാമവാസികള്‍ അയാളെ കരുതിപോന്നു. എന്നാല്‍ റിയൂവിനു അവിടെ ഉള്ള ആളുകളുടെ പ്രവര്‍ത്തിയില്‍ എന്തോ ഒരു നിഗൂഡത തോന്നുന്നു.റിയൂ അവിടെ താമസിക്കാതെ ഇരിക്കാന്‍ ഉള്ള കാരണങ്ങള്‍ ഗ്രാമ മുഖ്യന്റെ അനുയായികള്‍ അയാളോട് പറയുന്നു.എന്നാല്‍ റിയൂ അവിടെ താമസിക്കാന്‍ തീരുമാനിക്കുന്നു.റിയൂ ആദ്യം താമസിച്ച ഒരു കടയോട് ചേര്‍ന്ന ഭാഗത്തില്‍ ഉള്ള ആളുകളുടെ പ്രവര്‍ത്തിയില്‍ തന്നെ അയാള്‍ സംശയാലു ആകുന്നു പല കാരണങ്ങള്‍ കൊണ്ടും.പകല്‍ കാണുന്നതല്ല പലരുടെയും യഥാര്‍ത്ഥ മുഖം എന്ന് റിയൂ മനസ്സിലാക്കുന്നു.അല്‍പ്പ ദിവസത്തിന് ശേഷം റിയൂ തന്‍റെ അച്ഛന്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും മറ്റൊരു സ്ഥലത്തേക്കുള്ള ഒരു തുരങ്കം കണ്ടെത്തുന്നു.ചില സംഭാഷണങ്ങള്‍ ഒക്കെ ചിലര്‍ അറിയാതെ കേട്ടപ്പോള്‍ ആ ഗ്രാമത്തിനു ഒരു വലിയ രഹസ്യം പുറം ലോകത്തോട്‌ പറയാന്‍ ഉണ്ടെന്നു റിയൂ മനസ്സിലാക്കുന്നു.രഹസ്യങ്ങള്‍ അന്വേഷിച്ചിറങ്ങിയ റിയൂവിനെ കാത്തിരുന്നത് അപകടങ്ങള്‍ ആയിരുന്നു.സ്വന്തം ജീവന്‍ പോലും അപകടത്തില്‍ ആണെന്ന് റിയൂ മനസ്സിലാക്കുന്നു.റിയൂവിനു രഹസ്യങ്ങള്‍ കണ്ടു പിടിച്ചേ മതിയാകുമായിരുന്നു.റിയൂ അതിനായി ഒരാളുടെ സഹായം ആവശ്യപ്പെടുന്നു.എന്നാല്‍ ശത്രുക്കള്‍ പ്രബലരായിരുന്നു.ആരാണ് റിയൂവിന്റെ ശത്രുക്കള്‍?റിയൂ അവരില്‍ നിന്നും രക്ഷപ്പെടുമോ?അതോ?രഹസ്യങ്ങള്‍ എന്താണെന്ന് അറിയാന്‍ ബാക്കി സിനിമ കാണുക.

  ഒട്ടിപ്പിടിച്ചു കിടക്കുന്ന പായല്‍ പോലെയാണ് ചിലരുടെ ജീവിതം .അതില്‍ നിന്നും ഉള്ള മോചനത്തിനായി അവര്‍ ചെയ്യുന്ന അവസാന ശ്രമങ്ങള്‍ ചിലപ്പോള്‍ പ്രതീക്ഷിക്കുന്നതിനും അപ്പുറം ഉള്ള നീക്കങ്ങള്‍ ആയിരിക്കും.അത് കൊണ്ട് തന്നെ സിനിമയുടെ അവസാനമായി എന്ന് കരുതുന്ന സ്ഥലത്ത് നിന്ന്  പോലും വേറെ ഒരു ക്ലൈമാക്സ് വരുന്നത്.ഒരു നല്ല മുഴുനീള ത്രില്ലര്‍ ആണ് മോസ് എന്ന ചിത്രം.കൊറിയന്‍ ത്രില്ലര്‍ സിനിമകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് ധൈര്യമായി കാണാവുന്ന ഒരു ചിത്രം.

More reviews @ www.movieholicviews.blogspot.com


Saturday, 5 July 2014

133,THE HIDDEN FACE(2011,SPANISH)

133.THE HIDDEN FACE(2011,SPANISH),|Mystery|Thriller|,Dir:-Andrez Bais,*ing:-Quim Gutierrez,Martina Garcia.

2011 ല്‍ ഇറങ്ങിയ സ്പാനിഷ് ത്രില്ലര്‍ ആണ് "The Hidden Face".ഈ ചിത്രത്തിന് ശരിക്കും അര്‍ത്ഥവത്താണ് ഈ പേര്.പ്രത്യേകിച്ചും മനുഷ്യന്‍റെ മറഞ്ഞിരിക്കുന്ന നിഗൂഡമായ സ്വഭാവവിശേഷങ്ങള്‍ ഉള്ള ഒരു മുഖം.പിന്നെ സിനിമയുടെ കഥാഗതിയില്‍ പ്രധാനമായ ഒരു സ്ഥാനവും ഈ പേര് കൊണ്ട് അര്‍ത്ഥമാക്കുന്നുണ്ട്.അഡ്രിയാന്‍ എന്ന യുവ സംഗീതജ്ഞന്റെ ജീവിതത്തില്‍ ആകസ്മികമായി വന്നെത്തിയ രണ്ടു സ്ത്രീ കഥാപാത്രങ്ങളും അഡ്രിയാന്‍ അവരില്‍ ഉളവാക്കുന്ന മാറ്റങ്ങളും ആണ് ചിത്രം.പ്രണയത്തിന്‍റെ അവിഭാജ്യ ഘടകം എന്ന് പറയാവുന്ന അസൂയ പിന്നെ സ്വന്തമെന്നു കരുതുന്ന ആള്‍ മറ്റൊരാള്‍ക്ക് സ്വന്തമാകുമോ എന്ന ഭയം ,ഇവയെല്ലാം ചേര്‍ന്ന് ഒരു ത്രില്ലര്‍ ചിത്രം ഒരുക്കിയിരിക്കുകയാണ് സംവിധായകന്‍ ആയ ആന്‍ഡി ബെയ്സ്.ഒരു ദിവസം തന്റെ ജോലി കഴിഞ്ഞെത്തിയ അഡ്രിയാനെ കാത്തിരുന്നത് തന്‍റെ കാമുകിയായ ബെലന്‍ റെക്കോര്ഡ് ചെയ്തു വച്ച ഒരു വീഡിയോ ആണ്.തനിക്കു ഈ ബന്ധം ഇനി തുടരാന്‍ താല്‍പ്പര്യം ഇല്ല എന്നും.അത് നേരിട്ട് പറയാന്‍ ഉള്ള ബുദ്ധിമുട്ട് കാരണം ഒരു വീഡിയോയില്‍ രേഖപ്പെടുത്തി താന്‍ പോവുകയാണെന്നും ആയിരുന്നു ആ വീഡിയോയുടെ സാരാംശം.അഡ്രിയാന്‍ വിഷമത്തില്‍ ആകുന്നു.അയാള്‍ മദ്യത്തില്‍ അഭയം തേടുന്നു.

  ഒരു ദിവസം മദ്യപാനം കഴിഞ്ഞപ്പോള്‍ ബാറിലെ ജോലിക്കാരി ആയ ഫാബിയാന അഡ്രിയാനെ തന്റെ വീട്ടില്‍ കൊണ്ട് പോകുന്നു.പിറ്റേന്ന് രാവിലെ ഫാബിയാനയെ ശ്രദ്ധിക്കാതെ അയാള്‍ യാത്ര ആകുന്നു.എന്നാല്‍ അന്ന് വൈകിട്ട് അയാള്‍ വീണ്ടും അവള്‍ ജോലി ചെയ്യുന്ന ആ ബാറില്‍ എത്തുന്നു.അഡ്രിയാന്‍ ഫാബിയാനയെ തന്‍റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു.ഒരു തെറ്റിദ്ധാരണയുടെ പുറത്തു തന്നെ വിട്ടു പോയ ബെലനെ അയാള്‍ വെറുക്കുന്നു.ഫാബിയാന അഡ്രിയാനൊപ്പം അയാളുടെ വലിയ വീട്ടില്‍ താമസം ആരംഭിക്കുന്നു.സന്തോഷകരമായി അവര്‍ രണ്ടും ജീവിക്കുന്ന സമയം അഡ്രിയാനെ തിരക്കി രണ്ടു അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ എത്തുന്നു.ബെലന്‍ രാജ്യം വിട്ടു പോയിട്ടില്ല എന്നും അവള്‍  എവിടെ ആണെന്നുള്ളതിന്‌ ഒരു തെളിവും ഇല്ല എന്നവര്‍ അറിയിക്കുന്നു.അവര്‍ സംശയിക്കുന്നവരില്‍ പ്രഥമ സ്ഥാനം അഡ്രിയാനാണ്.അഡ്രിയാന്‍  അന്വേഷണവുമായി സഹകരിക്കുന്നു.അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഫാബിയാനയുടെ മുന്‍ കാമുകനും ആണ്.ചില ദിവസങ്ങളില്‍ ഫാബിയാന വീട്ടിലെ വെള്ളത്തില്‍ ഉണ്ടാകുന്ന ചില മാറ്റങ്ങള്‍ ശ്രദ്ധിക്കുന്നു.പ്രത്യേകിച്ചും ഓളം വെട്ടുന്ന ബാത്ത് ടബ്ബിലെ വെള്ളവും വാഷ്‌ ബേസിനിലെ വെള്ളവും.അത് പോലെ തന്നെ തണുത്ത വെള്ളം മാറി പെട്ടന്ന് ചൂട് വെള്ളം ആകുന്നതും.ഒരിക്കല്‍ അവള്‍ക്കു പൊള്ളല്‍ എല്ക്കുകയും ചെയ്യുന്നു.ഫാബിയാന ആ വലിയ വീട്ടില്‍ പ്രേതം ഉണ്ടെന്നു വിശ്വസിക്കുന്നു.ടാപ്പില്‍ നിന്ന് കേള്‍ക്കുന്ന ശബ്ദ തരംഗങ്ങള്‍ അവളുടെ വിശ്വാസം ഊട്ടി ഉറപ്പിക്കുന്നു.എന്നാല്‍ അഡ്രിയാന്‍ അത് വിശ്വസിക്കുന്നില്ല.അങ്ങനെ ഇരിക്കെ ഒരു ദിവസം ബെലന്റെ മൃതദേഹം എന്ന് സംശയിക്കുന്ന ഒരു ശരീരം അവളുടെ ആണോ എന്ന്‍ തിരിച്ചറിയാന്‍ വേണ്ടി അഡ്രിയാനെ പോലീസ് വിളിപ്പിക്കുന്നു.അത് ബെലന്റെ ശവശരീരം ആയിരുന്നോ?ബെലന് യഥാര്‍ത്ഥത്തില്‍ എന്ത് സംഭവിച്ചു?അഡ്രിയാന്‍ അവളുടെ തിരോധാനത്തിനു പിന്നിലുണ്ടോ?ആ വീട്ടില്‍ പ്രേതം ഉണ്ടെന്നുള്ള ഫാബിയാനയുടെ വിശ്വാസം ശരി ആയിരുന്നോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

   ചിത്രം അവതരിപ്പിച്ചിരിക്കുന്നത് രണ്ടു പകുതിയിലും അഡ്രിയാന്‍റെ കാമുകിമാരുടെ കഥകളിലൂടെയും അവരുടെ കാഴ്ച്ചപ്പാടുകളിലും ആണ്.സിനിമയുടെ അവസാനം അപ്രതീക്ഷമായ ക്ലൈമാക്സിലും പറയാത്തതില്‍ കൂടുതലും ഉണ്ട്.അഡ്രിയാനെ കാത്തിരിക്കുന്ന മറ്റൊരു ഭീഷണിയും.ആ ഭീഷണി സിനിമയില്‍ അവതരിപ്പിക്കുന്നില്ല എങ്കിലും അതിലേക്കു പോകുന്ന സൂചനകള്‍ സിനിമ നല്‍കുന്നുണ്ട്. ത്രില്ലര്‍ സിനിമകളുടെ ആരാധകര്‍ക്ക് കണ്ടിരിക്കാവുന്ന ഒരു സ്പാനിഷ് ത്രില്ലര്‍ ആണ് "The Hidden face".

More reviews @ www.movieholicviews.blogspot.com

1995. Drop ( English, 2025)