Monday, 24 March 2014

104.INSOMNIA (NORWEGIAN,1997)

104.INSOMNIA(NORWEGIAN,1997),|Mystery|Drama|Thriller|,Dir:- Erik Skjoldbjærg,*ing:-Stellan SkarsgårdMaria MathiesenSverre Anker Ousdal

   "ഇന്‍സോമനിയ" ശരിയായ അളവില്‍ ഉറക്കം കിട്ടാത്ത ആളുകളില്‍ കാണപ്പെടുന്ന മാനസികാവസ്ഥയെ ഇങ്ങനെ വിളിക്കാം.ഇത്തരത്തില്‍ ഉള്ള പ്രമേയങ്ങള്‍ക്ക്സിനിമ പലപ്പോഴും പ്രധാന തീമും ആയിട്ടുണ്ട്‌.Fight Club,Machinsit,Insomnia(2002) എന്നീ ചിത്രങ്ങള്‍ ഇവയില്‍ ചിലത് മാത്രം.നോളന്റെ 2002 ല്‍ ഇറങ്ങിയ ഇതേ പേരില്‍ ഉള്ള ചിത്രം ഈ നോര്‍വീജിയന്‍ ചിത്രത്തെ ആസ്പദമാക്കി ആയിരുന്നു."ഇന്‍സോമനിയ " എന്ന ഈ ചിത്രം പറയുന്നത് നോര്‍വയില്‍ ഒരു പെണ്‍ക്കുട്ടിയുടെ കൊലപാതകം അന്വേഷിക്കാന്‍ വന്ന ജോനാസ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന അന്വേഷണവും അതിനെ തുടര്‍ന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയും ആണ്.അതീവ ശ്രദ്ധയോടെ നടത്തിയ ഒരു കൊലപാതകം ആയിരുന്നു ടാന്യ എന്ന പെണ്ക്കുട്ടിയുടെത്.തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാതെ നടത്തിയ ആ കൊലപാതകത്തില്‍  പെണ്‍ക്കുട്ടിയുടെ മുടി പോലും കഴുകിയിരുന്നു തെളിവുകള്‍ നശിപ്പിക്കുവാന്‍ വേണ്ടി.തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാത്ത ബുദ്ധിപൂര്‍വമായ കൊലപാതകം എന്ന് വിളിക്കാവുന്ന ഒന്നായിരുന്നു അത്.

    അന്വേഷണം ആരംഭിച്ചത് ടാന്യയുടെ കാമുകനായ എയ്ലേര്‍ട്ട്‌ എന്ന ചെറുപ്പക്കാരനില്‍ ആയിരുന്നു.ജോനാസിന്‍റെ സഹ പ്രവര്‍ത്തകനായ വിക് ആയിരുന്നു അന്വേഷണത്തില്‍ പങ്കാളി.കൊലപാതകിയെ കുടുക്കുവാനായി നടത്തിയ ശ്രമത്തില്‍ വിക് വെടിയേറ്റ് കൊല്ലപ്പെടുന്നു.പാതിരാത്രിക്കും സൂര്യന്‍ ഉദിക്കുന്ന ആര്‍ട്ടിക് പ്രദേശത്ത് താമസിച്ചിരുന്ന ജോനാസിനു ശരിയായ രീതിയില്‍ ഉറക്കം ലഭിക്കുന്നില്ല.അതയാളെ അസ്വസ്ഥനാക്കുന്നു.അതിനൊപ്പം വിക്കിന്‍റെ കൊലപാതകം അയാളെ കൂടുതല്‍ തളര്‍ത്തുന്നു.വിക്കിന്‍റെ കൊലപാതകം നടത്തിയത് ടാന്യയുടെ കൊലപാതകി തന്നെ ആണെന്നുള്ള നിഗമനത്തില്‍ ആ കേസ് അന്വേഷിക്കാനായി ഹില്‍ടെ എന്ന അന്വേഷണ ഉദ്യോഗസ്ഥ വരുന്നു.സമാന്തരമായ രണ്ടു കേസുകളുടെ അന്വേഷണവും  നടക്കുന്നതിന്റെ ഇടയില്‍ ടാന്യയുടെ കൊലയാളിയെ കുറിച്ച് പ്രധാനമായ വിവരങ്ങള്‍ ലഭിക്കുന്നു.ആ കൊലയാളിയെ പിന്തുടര്‍ന്ന് പോയ ജോനാസ് അയാളെ പിടിക്കുമ്പോള്‍ അയാള്‍ ഒരു രഹസ്യം ജോനാസിനോട് വെളിപ്പെടുത്തുന്നു.ജോനാസിനെ കുറിച്ചുള്ള ഒരു രഹസ്യം അയാള്‍ക്കറിയാം.താന്‍ പോലീസ് പിടിയില്‍ ആയാല്‍ അത് വെളിപ്പെടുത്തും എന്ന് അയാള്‍ ജോനാസിനെ അറിയിക്കുന്നു.തന്റെ നിലനില്‍പ്പും  ദൌത്യ നിര്‍വഹണവും തമ്മില്‍ ഉണ്ടാകുന്ന പൊരുത്തക്കേട് അയാളുടെ മാനസിക നില അപ്പാടെ മാറ്റുന്നു.ജോനാസ് ആ അവസ്ഥയെ എങ്ങനെ മറികടക്കും?ആരാണ് ടാന്യയുടെ കൊലപാതകി?ജോനാസിനു ആയ കൊലയാളിയെ കുരുക്കാന്‍ കഴിയുമോ?ഇതാണ് ഈ ചിത്രം ബാക്കി അവതരിപ്പിക്കുന്നത്‌.

   ഇംഗ്ലീഷില്‍ ഇറങ്ങിയ റീമേക്കുമായി ഇതിനെ താരതമ്യപ്പെടുതേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല ഈ ചിത്രത്തിന്.ഹോളിവുഡ് എന്ന ഭീമാകാരന്റെ ഭാഗമായി ഇറങ്ങിയപ്പോള്‍ കൂടുതല്‍ ആളുകളില്‍ ഈ സിനിമ എത്തിയിരുന്നു എന്നുള്ളത് സത്യമാണ്.എങ്കില്‍ പോലും ഉറക്കമില്ലാത്ത പാതിരാത്രിയില്‍ പോലും സൂര്യന്‍ ഉദിച്ചു നില്‍ക്കുന്ന നോര്‍വയുടെ പശ്ചാത്തലത്തില്‍ ഈ ചിത്രം കൂടുതല്‍ വിശ്വസനീയം ആകുന്നുണ്ട്.പ്രധാന കഥാപാത്രങ്ങള്‍ എല്ലാം തന്നെ സിനിമയുടെ മൊത്തത്തില്‍ ഒരു ഫീല്‍ പ്രേക്ഷകന് നല്‍കുന്നുമുണ്ട്.ഒരു പക്ഷെ എനിക്ക് നോളന്റെ സിനിമയേക്കാളും ഈ സിനിമ ഇപ്പോള്‍ കൂടുതല്‍ ഇഷ്ട്ടപ്പെടുന്നത് പോലെ തോന്നുന്നു.അഭിപ്രായങ്ങള്‍ മാറിയേക്കാം.എന്നാലും അന്വേഷണ-ത്രില്ലര്‍ സിനിമകള്‍ ഇഷ്ട്പ്പെടുന്നവര്‍ ഈ ചിത്രം കാണുവാന്‍ ശ്രമിക്കുക.ഒന്നുമ്മില്ലാതെ നോളന്‍ ഈ ചിത്രം റീമേക്ക് ചെയ്യുവാനായി എടുക്കില്ലല്ലോ.ഈ  ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക്  7.5/10!!

More movie reviews @ www.movieholicviews.blogspot.com


Sunday, 16 March 2014

103.THESIS ON A HOMICIDE (SPANISH,2013)

103.THESIS ON A HOMICIDE(SPANISH,2013),|Mystery|Crime|Thriller|,Dir:-Hernán Goldfrid,*ing:-Ricardo DarínNatalia SantiagoAlberto Ammann.

  നിയമ സംഹിതയുടെ  അടിത്തറ എന്ന് പറയുന്നത് നിയമങ്ങള്‍ ജനങ്ങളില്‍ തുല്യതയോടെ പ്രയോഗിക്കപ്പെടുമ്പോള്‍ ആണ്.നിയമം നല്‍കുന്ന പരിരക്ഷ പലതരത്തില്‍ ആകുമ്പോള്‍ സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാകുന്നു.അത് കൊണ്ട് തന്നെ കഴിയുന്നതും കുറ്റമറ്റ നിയമവ്യവസ്ഥകള്‍ മെനഞ്ഞെടുക്കാന്‍ ആണ് വിദഗ്ദ്ധരായ നിയമജ്ഞര്‍ ശ്രമിക്കുന്നത്.അത്തരത്തില്‍ നിയമത്തെ കുറിച്ച് അഗാധമായ പഠനം നടത്തുന്ന ഒരു നിയമ അദ്ധ്യാപകന്‍ ആണ് മധ്യവയസ്ക്കനായ ആല്‍ബര്‍ട്ടോ.നിയമത്തിന്റെ അടിത്തറയെ കുറിച്ചുള്ള പുസ്തകങ്ങള്‍ അക്കാദമിക് നിലവാരത്തില്‍ ഉള്ളത് പ്രസിദ്ധീകരിച്ച അദ്ദേഹം തന്‍റെ തന്റെ മുഴുവന്‍ സമയവും പഠനത്തിനായാണ് ചിലവാക്കിയിരുന്നത്.ഒരിക്കല്‍ നിയമവ്യവസ്ഥയെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ക്ക് എതിരഭിപ്രായം ഒരു തീസിസ്ന്റെ രൂപത്തില്‍,എന്നാല്‍ പ്രായോഗിക തലത്തില്‍ അദ്ദേഹത്തിന്റെ മുന്നില്‍ അവതരിക്കപ്പെടുന്നു.

   "എല്‍ ഓറ" എന്ന സ്പാനിഷ് ക്രൈം ത്രില്ലര്‍ സിനിമയിലെ നായകന്‍ റിക്കാര്‍ഡോ ടാരിന്‍ അഭിനയിച്ച മറ്റൊരു വിദഗ്ദ്ധമായ ക്രൈം ത്രില്ലര്‍ ആണ് "തീസിസ് ഓണ്‍ എ ഹോമിസയഡ്"."എല്‍ ഓറ" സംവേധിച്ചത് പൂര്‍ണതയുള്ള കുറ്റകൃത്യത്തെ കുറിച്ചായിരുന്നു.സമാനഗതിയില്‍ ആണ് ഈ ചിത്രവും സഞ്ചരിക്കുന്നത്.എന്നാല്‍ ഇവിടെ അക്കാദമിക് ആയ പല ചോദ്യങ്ങളും "എല്‍ ഓറ"യിലെ നായകനെക്കാളും അധികം ഇവിടെ നായകന്‍ നേരിടുന്നുണ്ട്.ഉന്നത പഠനത്തിന്റെ ഭാഗമായി വരുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സെമിനാര്‍ എടുത്തിരുന്ന ആല്‍ബര്‍ട്ടോ പഠനത്തിന്‍റെ അവസാനം അവരോട് ഒരു കേസിനെക്കുറിച്ചുള്ള തീസിസ് അവതരിപ്പിക്കാന്‍ ആവശ്യപ്പെടുന്നു.ഒരു കുറ്റകൃത്യത്തിന്റെ പൂര്‍ണമായ പഠനം ആണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യം.ആല്‍ബര്‍ട്ടോ പഠിപ്പിക്കുന്ന ക്ലാസ്സില്‍ അയാളുടെ ഉറ്റ സുഹൃത്തിന്‍റെ മകന്‍ ഗോണ്‍സാലോ വിദ്യാര്‍ഥി ആയി വരുന്നു.അതിമിടുക്കനും നിയമവ്യവസ്ഥയെ കൂടുതല്‍ അടുത്തറിയുന്ന ആളുമാണ് ഗോണ്‍സാലോ.അല്‍പ്പ ദിവസത്തിന് ശേഷം ആ കോളജ് ക്യാമ്പസ്സില്‍ ഒരു പെണ്‍ക്കുട്ടി അതിദാരുണമായി കൊല്ലപ്പെടുന്നു.എന്നാല്‍ കുറ്റകൃത്യം നടത്തിയത് അതിവിധഗ്ദ്ധമായി ആയിരുന്നു.അതിനാല്‍ തന്നെ പ്രതികളെക്കുറിച്ച് ഒന്നും ലഭിച്ചില്ല.തന്‍റെ കണ്മുന്നില്‍ നടന്ന കൊലപാതകത്തെ കുറിച്ച് ആല്‍ബര്‍ട്ടോ അന്വേഷണം ആരംഭിക്കുന്നു.പ്രത്യേകിച്ചും പ്രത്യേകതകള്‍ ഉള്ള ഒരു കേസ് ആയി അദ്ദേഹത്തിന് അത് തോന്നുന്നു.എന്നാല്‍ ആ അന്വേഷണം തനിക്കും തന്റെ വിശ്വാസങ്ങള്‍ക്കും കഴിവുകള്‍ക്കും എതിരെ ഉള്ള ഒരു മത്സരം പോലെയായി പിന്നീട് മാറുന്നു.ആ കൊലപാതകം യഥാര്‍ത്ഥത്തില്‍ നടന്നത് എന്തിനാനെന്നുള്ള ആല്‍ബര്‍ട്ടോ കണ്ടുപ്പിടിക്കുമ്പോള്‍ കഥ കൂടുതല്‍ സങ്കീര്‍ണ്ണം ആകുന്നു.ബുദ്ധിപൂര്‍വമായ നീക്കങ്ങളിലൂടെ പിന്നീട് കഥ മുന്നോട്ടു നീങ്ങുന്നു.ആ കൊലപാതകത്തിന്റെ ലക്‌ഷ്യം എന്തായിരുന്നു?ആല്‍ബര്‍ട്ടോ എങ്ങനെ തന്റെ ലക്ഷ്യങ്ങളുടെ അടുത്തേക്ക് എത്തുന്നു?കൊലപാതകിയുമായുള്ള ആ മത്സരത്തില്‍ ആല്‍ബര്‍ട്ടോ ജയിക്കുമോ??ഇതാണ് ബാക്കി ഉള്ള കഥ.

   ഒരു മികച്ച ക്രൈം ത്രില്ലര്‍ എന്ന് തന്നെ അര്‍ജന്റീനയില്‍ നിന്നും വന്ന ഈ സ്പാനിഷ് ചിത്രത്തെ വിളിക്കാം.പെര്‍ഫെക്റ്റ് ക്രൈം എന്ന കണ്സപ്റ്റ് ഇവിടെയും ചര്‍ച്ചാവിഷയം ആകുന്നുണ്ട്..പുസ്തകത്തില്‍ എഴുതപ്പെട്ട നിയമവും പ്രായോഗികമായ നിയമവ്യവസ്ഥകളും തമ്മില്‍ നടക്കുന്ന ഉരസലുകള്‍ പ്രകടമാക്കുന്ന ഈ ചിത്രത്തിന് എന്‍റെ മാര്‍ക്ക് 4/5!!

 More reviews @ www.movieholicviews.blogspot.com!!

Friday, 14 March 2014

102.HIGHWAY(HINDI,2014)

102.HIGHWAY(HINDI,2014),Dir:-Imtiaz Ali,*ing:- Alia BhattRandeep Hooda

  ഹൈവേ ഒരു യാത്രയുടെ കഥയാണ്.ഒരു പെണ്‍ക്കുട്ടിയുടെ ജീവിതത്തിലൂടെ ഉള്ള യാത്ര.സ്ത്രീ എവിടെയും സുരക്ഷിത അല്ല.കഴുകന്റെ കണ്ണുകളുമായി മാധുര്യമുള്ള ഭാഷയില്‍ സംസാരിക്കുന്ന ചെന്നായകള്‍ അവള്‍ക്കു ചുറ്റും എന്നുമുണ്ട്.അത് വീടിനുള്ളിലായാലും പുറത്തായാലും.സമ്പന്നതയോ ദാരിദ്ര്യമോ ഒന്നും അതിന് പിന്ബലമേകുന്നില്ല.അത് കൊണ്ട് തന്നെ കാമത്തിന്‍റെ കണ്ണുകളോടെ തന്നെ നോക്കാത്ത ഏതൊരു മനുഷ്യനോടും അവള്‍ക്കു ഒരിഷ്ടം തോന്നി പോവുക സ്വാഭാവികം.അവള്‍ക്കു അതൊരു അഭയസ്ഥാനം ആണ്.സ്വന്തം ആകുലതകളില്‍ നിന്നും സ്വയം രക്ഷയിലേക്കുള്ള ഒരു അഭയസ്ഥാനം.സമ്പന്നതയുടെ കൊടുമുടിയില്‍ ആയാല്‍ പോലും അവള്‍ അത്തരം അവസ്ഥകളില്‍ കുടിലിനെ ആശ്രയിക്കുന്നു.ഇത്തരം പ്രമേയവുമായി ധാരാളം സിനിമകള്‍ വന്നിട്ടുമുണ്ട്.സമ്പന്നയായ നായികയ്ക്ക് അവള്‍ക്കു വീരപുരുഷനായി തോന്നുന്ന നായകനോടുള്ള പ്രണയം.എന്നാല്‍ ഇവിടെ പ്രണയം ഉണ്ടെങ്കിലും അതൊരിക്കലും അതിര്‍വരമ്പുകള്‍ ഭേദിക്കുന്നില്ല.അതാണ്‌ ഈ റോഡ്‌ മൂവിയുടെ  പ്രത്യേകതയും.

തന്റെ കല്യാണത്തിന്റെ തലേന്ന് രാത്രി വീര ത്രിപാഠി എന്ന പെണ്‍ക്കുട്ടിയെ അപഹരിക്കുന്നു മഹാബീര്‍ ഭട്ടി എന്ന ഗുണ്ടയുടെ ആളുകള്‍.സമൂഹത്തില്‍ വളരയധികം ഉന്നത ബന്ധങ്ങള്‍ ഉള്ള ത്രിപാഠിയുടെ മകളെ തട്ടി കൊണ്ട് വന്നതില്‍ സ്വന്തം സംഘാംഗങ്ങള്‍ വരെ മഹാബീര്‍ ഭട്ടിയ്ക്ക് എതിരാകുന്നു.എന്നാല്‍ തന്‍റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്ന മഹാബീര്‍ വീരയെയും കൊണ്ട് തന്റെ ലക്‌ഷ്യം നേടാന്‍ യാത്ര തിരിക്കുന്നു.ഇവിടെ ഇരയും വേട്ടക്കാരനും തമ്മില്‍ ഒരു ബന്ധം ഉടലെടുക്കുന്നു.സ്റ്റോക്ഹോം സിന്ദ്രോം എന്ന പേരില്‍ അറിയപ്പെടുന്ന മാനസികാവസ്ഥയാണ് പിന്നെ ഈ സിനിമയെ നയിക്കുന്നത്.ഉറ്റവരുടെ അടുക്കല്‍ നിന്നും ലഭിക്കുന്ന സംരക്ഷണം തനിക്ക്പോര എന്നുള്ള തോന്നലില്‍ വേട്ടക്കരനോട് തോന്നുന്ന ഒരുതരം മാനസികാവസ്ഥ..ഒരു ഹൈവേയിലൂടെ തന്റെ യാത്ര ആരംഭിക്കുന്ന വീര എന്ന പെണ്‍ക്കുട്ടിയും മഹാബീര്‍ എന്ന ഗുണ്ടയും തമ്മില്‍ ഉള്ള ബന്ധത്തിനെ പ്രണയത്തിന്‍റെ നിറം മാത്രം നല്‍കി നിര്‍വചിക്കാന്‍ കഴിയില്ല.കാരണം ആ ബന്ധം അതിലും അപ്പുറം ആണ്.അവരുടെ ബന്ധത്തെ തീവ്രമാക്കുന്ന സംഭവങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രം രണ്ടാം പകുതിയില്‍ മറ്റൊരു ദിശയിലേക്കു മാറുന്നു.അവരുടെ ജീവിതത്തില്‍ ഉണ്ടായ സംഭവങ്ങള്‍ കോര്‍ത്തിണക്കി ആ യാത്രയുടെ അന്ത്യത്തില്‍ എന്ത് സംഭവിക്കുന്നു എന്നുള്ളതാണ് ബാക്കി ചിത്രം.

  ഇംതിയാസ് അലി " റോക്ക്സ്റ്റാര്‍" എന്ന പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയില്‍ നിരാശപ്പെടുത്തിയെങ്കിലും ,അഭിനയിക്കാന്‍ അറിയാവുന്ന ഒരു നടിയെ ആലിയ ഭാട്ടിലൂടെ ലഭിച്ചത് മൂലം മികച്ചൊരു ചിത്രം നല്‍കാന്‍ സാധിച്ചു.രണ്ദീപ് ഹൂട എന്ന മുഖത്ത് വികാരങ്ങള്‍ വരാത്ത മോഡല്‍ നടന് ഈ ചിത്രത്തിലൂടെ തന്റെ ഉള്ളിലും ഒരു നല്ല നടന്‍ ഉണ്ടെന്ന് കാണിച്ചു തരാന്‍ കഴിഞ്ഞു.സംഗീത സാമ്രാട്ടായ റഹ്മാന്‍ജിയുടെ വ്യത്യസ്തമായ സംഗീതം ഈ റോഡ്‌ മൂവിയ്ക്ക് മികച്ച അടിത്തറ നല്‍കി.കഥാഗതി ആവശ്യപ്പെടുന്ന ഇഴച്ചിലുകള്‍ പലയിടത്തും സിനിമയ്ക്കുണ്ടായിരുന്നു.എങ്കിലും സ്ഥിരം മസാല ബോളിവുഡ് ചിത്രങ്ങളില്‍ നിന്നും എല്ലാം വ്യത്യസ്തമായി വന്ന ഒരു രത്നം ആണ് ഈ ചിത്രം എന്നതില്‍ സംശയമില്ല.ഇത്തരം ചിത്രങ്ങള്‍  കോടികളുടെ  ക്ലബ്ബില്‍ മുന്‍ നിരയില്‍ സ്ഥാനം പിടിക്കാന്‍ ഉള്ള സാധ്യത കുറവാണ്.എങ്കിലും ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ തൃപ്തിപ്പെടുത്തും ഈ ചിത്രം.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 3.5/5!!

  More reviews @ www.movieholicviews.blogspot.com

Monday, 24 February 2014

101.MIRACLE IN CELL NO.7(KOREAN,2013)

101.MIRACLE IN CELL NO.7(KOREAN,2013),|Comedy|Drama|,Dir:-Hwan-kyung Lee,*ing:-Ryu Seung-RyongKal So-WonDal-su Oh

  കൊറിയന്‍ സിനിമകളുടെ പൊതുവായുള്ള സാമ്യം എന്ന് പറയാവുന്നത് വൈകാരികമായ രീതിയില്‍ കഥാപാത്രങ്ങളോട് കാണിക്കുന്ന അനുകമ്പയാണ്.അത് കഥയിലെ നായകനും വില്ലനും എല്ലാം ഒരേ പോലെ ലഭിക്കുന്നുണ്ട് പലപ്പോഴും.കഥാപാത്ര രൂപീകരണത്തില്‍ അത്തരമൊരു സാധ്യത അവര്‍ മിയ്ക്കവാറും എല്ലാ ചിത്രങ്ങളിലും കാത്തു സൂക്ഷിക്കുന്നു എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.ഏതു ജോണരില്‍ ഉള്‍പ്പെടുത്താവുന്ന സിനിമയിലും ഇത്തരം കഥാപാത്രങ്ങളെ കാണുവാന്‍ സാധിക്കും.ഒരു ഡ്രാമ-കോമഡി ജോണരില്‍ ഉള്‍പ്പെടുത്താവുന്ന "മിറാക്കിള്‍ ഇന്‍ സെല്‍ നമ്പര്‍.7 എന്ന ചിത്രത്തിലും ഇത്തരം ഒരു രീതി പിന്തുടര്‍ന്നതായി കാണാം.ഈ ചിത്രം മാനസികമായ വളര്‍ച്ചയില്‍ പിന്നോട്ട് നില്‍ക്കുന്ന ഒരു അച്ഛനും ,അമ്മയില്ലാത്ത മകളും തമ്മിലുള്ള ബന്ധം ആണ് അവതരിപ്പിക്കുന്നത്‌.ഈ സിനിമയുടെ തീമില്‍ തന്നെ വൈകാരികമായ ഘടകങ്ങള്‍ എല്ലാം ഉള്‍പ്പെടുത്താന്‍ ഉള്ള സാധ്യതയുണ്ട്.അത് ഉചിതമായ രീതിയില്‍ സിനിമയില്‍ ഉപയോഗിച്ചിട്ടുമുണ്ട്.

      ആറു വയസ്സിന്റെ ബുദ്ധിവളര്‍ച്ച ഉള്ള ലീ യംഗ് ഗൂ തന്‍റെ ആറു വയസ്സ് പ്രായമുള്ള മകള്‍ യെ-സുംഗുമായി സന്തോഷത്തോടെ ജീവിച്ചു വരുകയായിരുന്നു.ബുധിവലര്ച്ചയില്‍ പിന്നോട്ട് ആയിരുന്നെങ്കിലും കാര്യങ്ങള്‍ തന്റേതായ രീതിയില്‍ മനസ്സിലാക്കുവാന്‍ ഉള്ള കഴിവ് ലീ യോംഗിനു ഉണ്ടായിരുന്നു.ഒരു സൂപ്പര്‍ മാര്‍ക്കറ്റിലെ കാര്‍ പാര്‍ക്കിംഗ് ജീവനക്കാരനായിരുന്നു അയാള്‍.മകളുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുവാന്‍ ആഗ്രഹമുള്ള ലീ യോംഗ് അവള്‍ ആവശ്യപ്പെട്ടത് പോലെ "സെയിലര്‍ മൂണ്‍" ബാഗ് വാങ്ങിക്കുവാനായി ശ്രമിക്കുന്നു.എന്നാല്‍ തന്റെ ശമ്പള ദിവസം ആകുമ്പോള്‍ വാങ്ങിക്കുവാന്‍ തയ്യാറെടുക്കുകയും ചെയ്യുന്നു.എല്ലാ ദിവസവും അവര്‍ ആ ബാഗ് വില്‍ക്കുന്ന കടയില്‍ പോയി അതിന്റെ ഭംഗി ആസ്വദിക്കുകയും ചെയ്യും.എന്നാല്‍ ഒരു ദിവസം ആ ബാഗ് പോലീസ് ചീഫിന്റെ മകള്‍ക്കായി ആ ബാഗ് വില്‍ക്കപ്പെടുന്നു.തങ്ങളുടെ ഇഷ്ട കഥാപാത്രത്തിന്റെ പേരില്‍ ഉള്ള ആ ബാഗ് നഷ്ടമായപ്പോള്‍ അവര്‍ അത് വാങ്ങിക്കരുത് എന്ന് പോലീസ് ചീഫിനോട് അഭ്യര്‍ത്ഥിക്കുന്നു.എന്നാല്‍ അയാള്‍ അവരെ വക വച്ചില്ല.മാത്രമല്ല ലീ യോംഗിനെ തല്ലുകയും ചെയ്യുന്നു.അടുത്ത ദിവസം പോലീസ് ചീഫിന്റെ മകള്‍ വഴിയില്‍ മരിച്ചു കിടക്കുന്നതായി കാണുന്നു.തൊട്ടടുത്തായി ലീ യോംഗും.ദൃക്സാക്ഷി മൊഴിയില്‍ നിന്നും അയാളെ പോലീസ് അറസ്റ്റ് ചെയ്തു.

  ബുദ്ധിവളര്‍ച്ച ഇല്ലാത്ത ലീ യോംഗിന്റെ കുറ്റ സമ്മതം ഒപ്പിട്ടു വാങ്ങുകയും ചെയ്യുന്നു.അങ്ങനെ ജയിലില്‍ അടയ്ക്കപ്പെട്ട ലീ യോംഗിനെ ആദ്യം അവിടെയുള്ളവര്‍ എല്ലാം ഒരു കൊച്ചു കുട്ടിയുടെ കൊലപാതകി ആണെന്നും പറഞ്ഞ് ദ്രോഹിക്കുന്നു.എന്നാല്‍ ലീ യോംഗ് അവരുടെയെല്ലാം പ്രതീക്ഷകള്‍ക്കും അപ്പുറം ആയിരുന്നു.ലീ യോംഗിനെ അടുത്തറിഞ്ഞ അവര്‍ അയാളുടെ എല്ലാമെല്ലാം ആയ മകളെ അയാളെ കാണിക്കുവാന്‍ വേണ്ടി ഉള്ള ശ്രമം തുടങ്ങി.ലീ യോംഗിനു മകളെ കാണുവാന്‍ സാധിച്ചോ?ലീ യോംഗ് ആണോ യഥാര്‍ത്ഥ കുറ്റവാളി?അല്ലെങ്കില്‍ ലീ-യോമ്ഗിനു നീതി ലഭിക്കുമോ?ഇതിനെല്ലാം ഉള്ള ഉത്തരം ഒരു വ്യത്യസ്തമായ രീതിയില്‍ കണ്ടെത്തുകയാണ് ഈ ചിത്രം.യെ-സുംഗിന്റെ കുട്ടിക്കാലം അവതരിപ്പിച്ച കുട്ടിയുടെ ഓമനത്വം നിറയുന്ന മുഖവും അഭിനയവും മികച്ചതായിരുന്നു.അത് പോലെ തന്നെ ചില കഥാപാത്രങ്ങള്‍ ഒക്കെ ചിരിപ്പിക്കുകയും അല്‍പ്പം നൊമ്പരം ഉണര്‍ത്തുകയും ചെയ്തു.സാധാരണമായ ഒരു കഥയെ ഒരു കൊച്ചു പെണ്‍ക്കുട്ടിയുടെ കാഴ്ചപ്പാടില്‍ അവതരിപ്പിച്ചിരിക്കുന്നു ഈ ചിത്രത്തില്‍.കഥ സഞ്ചരിക്കുന്നത് അവളുടെ വാക്കുകളില്‍ ആണ്.സത്യം തേടിയുള്ള യാത്രയും അങ്ങനെ തന്നെ.

  വളരെ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രമായിരുന്നു ഇത്.ഒരു നല്ല ഫീല്‍ ഗുഡ് മൂവി എന്ന് വിളിക്കാം ഈ ചിത്രത്തെ.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 7.5/10!!

  More reviews @ www.movieholicviews.blogspot.com

Saturday, 15 February 2014

100.THE FOUNTAIN(ENGLISH,2006)

100.THE FOUNTAIN(ENGLISH,2006),|Fantasy|Sci-fi|,Dir:-Darren Aronofsky,*ing:-Hugh JackmanRachel Weisz
  
 പ്രേക്ഷകന്റെ ഭാവനയില്‍ വിരിയുന്ന ഒരു ചിത്രമാണ് "ദി ഫൗണ്ടന്‍".അതിനായുള്ള സന്ദര്‍ഭങ്ങള്‍ ഒരുക്കി കൊടുത്തിരിക്കുകയാണ് "Pi" ,ബ്ലാക്ക് സ്വാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഡാരന്‍ അറ്നോഫ്സ്കി എന്ന സംവിധായകന്‍.നോണ്‍ ലീനിയര്‍ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ സിനിമയില്‍ മൂന്നു കാലഘട്ടത്തില്‍ ഉള്ള കഥകളാണ് അവതരിപ്പിച്ചിരിക്കുന്നത്.പ്രപഞ്ചാരംഭം മുതല്‍ തുടങ്ങുന്ന ഈ സിനിമയില്‍ ഭൂതം,ഭാവി,വര്‍ത്തമാനം എന്നീ മൂന്നു കാലഘട്ടങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുന്നു.ഈ കാലഘട്ടങ്ങള്‍ തമ്മില്‍ ഒരു ബന്ധമുണ്ട്.അവയുടെ എല്ലാം ലക്‌ഷ്യം ഒന്നാണ്.സര്‍വ ജീവന്റെയും തുടിപ്പെന്ന് വിശ്വസിക്കുന്ന ഒരു രഹസ്യത്തിലേക്ക്.മായന്മാരുടെ മിത്തുകളിലെ ശിബാബ എന്ന നക്ഷത്രക്കൂട്ടം ലക്ഷ്യമാക്കി യാത്ര തിരിക്കുന്ന ടോമാസ്‌ എന്ന സ്പാനിഷ് പോരാളിയും , മരണം ഒരു രോഗമായി കാണണം എന്നും അതിനു മരുന്നുണ്ട് എന്ന് വിശ്വസിക്കുന്ന ക്രിയോ എന്ന ഡോക്റ്ററും ഭാവിയില്‍ മരണത്തെ അതിജീവിച്ച ക്രിയോ തന്‍റെ പ്രിയതമയെ തേടുന്ന ലോകവും എല്ലാം അവസാനിക്കുന്നത് ആ രഹസ്യത്തിലാണ്. 

    ഡോക്റ്റര്‍ ക്രിയോയുടെ ഭാര്യ ഇസ്സി തലച്ചോറിലെ ട്യൂമര്‍ മൂലം മരണത്തെ കാത്തിരിക്കുകയാണ്.അതിനെതിരായി ഒരു വൃക്ഷത്തില്‍ നിന്നുമെടുക്കുന്ന മരുന്ന് അവളെ സുഖപ്പെടുത്തും എന്നുള്ള വിശ്വാസത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്നു ക്രിയോ.അതേ സമയം ഇസ്സി ഒരു കഥയുടെ പണിപ്പുരയിലാണ്.സ്പാനിഷ് യോദ്ധാവായ ടോമാസ് മനുഷ്യനെ അജയനാക്കുന്ന മായന്‍ രഹസ്യത്തെ തേടി പോകുന്ന കഥ.എന്നാല്‍ അതിന്‍റെ അവസാന ഭാഗം എഴുതി ചേര്‍ക്കാന്‍ ഉള്ള നിയോഗം ക്രിയോയ്ക്കാണ് എന്ന് ഇസ്സി വിശ്വസിക്കുന്നു.പിന്നീടുള്ളത് ഭാവിയില്‍ മരണത്തെ അതിജീവിച്ച് തന്‍റെ പ്രിയതമയുമായി ഒന്നിക്കാന്‍ വെമ്പുന്ന കുമിള മനുഷ്യനും അവസാനം ആ രഹസ്യം കണ്ടെത്തുന്നു.നേരത്തെ പറഞ്ഞത് പോലെ ജീവന്‍റെ രഹസ്യം എന്ന് പറയാവുന്ന ആ പ്രാചീന സത്യത്തിന്റെ പൊരുള്‍ എന്താണ് എന്നുള്ളതാണ് ബാക്കി ചിത്രം പറയുന്നത്.

 പെരുന്തച്ചന്‍റെ കുളം പോലെ ഒരു വശത്ത് നിന്ന് നോക്കിയാല്‍ ഒരു സയന്‍സ് ഫിക്ഷന്‍ ആണെന്ന് തോന്നുകയും,മറുഭാഗത്ത്‌ നിന്നും നോക്കിയാല്‍ ഒരു ഫാന്റസി ആണെന്ന് തോന്നുന്ന ചിത്രത്തിന് യാഥാര്‍ത്ഥ്യം പറയുന്ന മുഖവും ഉണ്ട്. ഈ ചിത്രത്തില്‍ എടുത്തു പറയേണ്ടത് ഇതിന്‍റെ പശ്ചാതല സംഗീതമാണ്.ക്ലിന്റ് മാന്‍സേല്‍ ചിത്രത്തിന്‍റെ മൊത്തത്തില്‍ ഉള്ള ഒരു കാല്‍പ്പനിക അന്തരീക്ഷത്തെ പ്രതിനിധീകരിക്കുന്നുണ്ട്.പിന്നെ ഇതിന്‍റെ പല രംഗങ്ങളും കണ്ടപ്പോള്‍ ഇത് 3 D ചിത്രമായി ഇന്നെങ്ങാനും റിലീസ് ആയെങ്കില്‍ ഉള്ള സൌന്ദര്യം ഓര്‍ത്തു പോയി.അത്രയ്ക്കും മനോഹരമായാണ് ഇതിലെ ഭൂത-ഭാവി കാലങ്ങള്‍ അവതരിപ്പിക്കുന്നത്‌.ഹ്യൂജ്ക ജാക്ക്മാന്‍ നന്നായി മൂന്ന്‍ കാലത്തുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.ഒരു കഥയെക്കാളുപരി രംഗങ്ങള്‍ പ്രേക്ഷകന്‍റെ ഭാവനയ്ക്ക് അനുസൃതമായി സങ്കല്‍പ്പിക്കാന്‍ ഉള്ള അവസരം ആരോന്ഫസ്കി നല്‍കിയിട്ടുണ്ട്.ഒരു പ്രത്യേക ക്രമത്തില്‍ അല്ലാതെ രൂപപ്പെടുത്തിയ സീനുകള്‍ പോലും അത്തരമൊരു ചിന്തയ്ക്കുള്ള സാധ്യത നല്‍കുന്നുണ്ട്.വളരെ മനോഹരമായ ഒരു കോണ്‍സെപ്റ്റ് ഈ സിനിമയ്ക്കുണ്ട്.എന്നാല്‍ അത് എല്ലാവരെയും എത്രത്തോളം തൃപ്തിപ്പെടുത്തും എന്ന് പറയുക അസാധ്യമാണ്.2046 പോലെ ഉള്ള ചിത്രങ്ങള്‍ ഇഷ്ടമായവര്‍ക്ക് തീര്‍ച്ചയായും ഈ സിനിമ കണ്ടു നോക്കാവുന്നതാണ്.ഈ ചിത്രത്തിന് എന്‍റെ മാര്‍ക്ക് 7.5/10!!

More reviews @ www.movieholicviews.blogspot.com

Friday, 14 February 2014

99.PAPILIO BUDDHA(MALAYALAM,2013)

PAPILIO BUDDHA(MALAYALAM,2013),Dir:-Jayan K Cherian,*ing:-Sreekumar,Saritha Sunil,Kallen Pokkudan.

പപ്പിലിയോ ബുദ്ധ ഒരു പ്രതീകമാണ്.വംശനാശം വന്നിരിക്കുന്ന ഒരു ചിത്രശലഭവവും അത് പോലെ തന്നെ സാമൂഹിക അരക്ഷിതാവസ്ഥയില്‍ അന്യം നിന്ന് പോയേക്കാവുന്ന കുറച്ചു മനുഷ്യരുടേയും കഥയാണ്.മലയാളം സിനിമയില്‍ ഒരിക്കലും അവതരിപ്പിക്കാന്‍ സാധ്യതയില്ലാത്ത തീം ആണ് ചിത്രത്തിന്.നമുക്ക് പരിചിതമല്ലാത്ത ഒരു മലയാള സിനിമ..ഒരു സിനിമ എന്ന നിലയില്‍ ഇതില്‍ വര്‍ണത്തില്‍ ചാലിച്ച കഥയില്ല, കഥാപാത്രങ്ങളില്ല.പകരം ഇരുളടഞ്ഞ കുറച്ചു ജീവിതങ്ങള്‍,അതും സമ്പൂര്‍ണ സാക്ഷരതയുടെയും ബൗദ്ധിക ജ്ഞാനത്തിന്റെയും നിറക്കുടങ്ങള്‍ എന്ന് സ്വയം അഹങ്കരിക്കുന്ന ഒരു സമൂഹത്തില്‍ തൊട്ടുകൂടായ്മ സാമൂഹികമായും രാഷ്ട്രീയമായും പതിപ്പിച്ചു കൊടുത്തവരുടെ ജീവിതം ആണിവിടെ പ്രതിപാദ്യം.

 "പപ്പിലിയോ ബുദ്ധ" എന്ന ചിത്രശലഭങ്ങളെ കുറിച്ച്  പഠനം നടത്താന്‍ വരുന്ന അമേരിക്കക്കാരനായ ജാക്കിന്‍റെ സഹായി ആണ് ശ്രീകുമാര്‍ അവതരിപ്പിക്കുന്ന ശങ്കരന്‍.ബ്രാഹ്മണ നാമാധാരിയായ തൊട്ടുകൂടാത്തവന്‍.ശങ്കരനും ജാക്കും സ്വവര്‍ഗ്ഗാനുരാഗികള്‍ ആണ്..ശങ്കരന്‍റെ അച്ഛനായ കരിയേട്ടന്‍(കല്ലേന്‍ പൊക്കുടന്‍) ആണ് ആദിവാസികളുടെ സമരമുഖത്തെ നേതാവ്.സ്വന്തമായി ഭൂമിക്കായി അവര്‍ വനം കയ്യേറി സമരം ചെയ്യുന്നു.പഴയ കമ്മ്യൂണിസ്റ്റ് ആയ കരിയേട്ടന്‍ ദൈവത്തോടൊപ്പം ആരാധിച്ചിരുന്ന ഈ.എം.എസ് പിന്നീട് ഭൂമിയുടെ കാര്യം വന്നപ്പോള്‍ നമ്പൂതിരിയും മറ്റെയാളുകളും എന്ന നിലപാടെടുത്തപ്പോള്‍ പാര്‍ട്ടിയോട് വിട പറഞ്ഞു.എങ്കിലും ഒരിക്കല്‍ ചുവരില്‍ കയറിയ "ദൈവത്തെ" താഴെ ഇറക്കാന്‍ കരിയേട്ടന്‍ തുനിയുന്നില്ല.ദളിത്‌ യുവതിയായ മഞ്ചുശ്രീ ഒരു ഓട്ടോ ഡ്രൈവര്‍ ആണ്.ഓട്ടോ ഓടിച്ചു കിട്ടുന്ന കാശില്‍ അവിടത്തെ കുട്ടികളെ അവള്‍ പഠിപ്പിക്കുന്നു.കഥാപാത്രങ്ങള്‍ എന്ന് പറയുന്നത് ഇവരൊക്കെ ആണ്.പിന്നെ ഉള്ളതെല്ലാം പ്രതീകങ്ങള്‍ ആണ്.

സീം എന്ന എന്‍.ജി.ഓ സ്വഭാവമുള്ള ഗ്രൂപ്പ് അവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.എന്നാല്‍ ആദിവാസികള്‍ക്കായി പ്രത്യേകിച്ച് ഒന്നും ചെയ്യാതെ ഭോഗിച്ചും കുടിച്ചും  പ്രവര്‍ത്തിക്കുന്ന അവരിലും ജാതീയവും മതപരവുമായ മോശം പരാമര്‍ശങ്ങള്‍ ഉണ്ടാകുമ്പോള്‍ അവരോടൊപ്പം ഉള്ള ജീവിതത്തെ സ്നേഹിക്കുന്ന ജെ.എന്‍.യൂ ക്കാരനായ ശങ്കരന്‍ അവരില്‍ നിന്നും അകലുന്നു.ദളിത്‌ തീവ്രവാദികള്‍ എന്ന് മുദ്രകുത്തി ഭയാനകമായ രീതിയില്‍ പോലീസ് പീഡിപ്പിക്കുന്ന ശങ്കരനും കാമാതുരമായ  കണ്ണുകളോടെ തന്നെ സമീപിച്ച സഹ ഓട്ടോ ഡ്രൈവറെ  ആക്രമിച്ചതിന്റെ പ്രതികാരമായി പീഡിപ്പിക്കപ്പെട്ട മഞ്ചുശ്രീ എന്നിവര്‍ അവകാശങ്ങള്‍ ഇല്ലാത്ത സമൂഹത്തെ പ്രതിനിധികരിക്കുന്നു.ദളിതരായ ശങ്കരനെയും മഞ്ചുശ്രീയേയും ആര്‍ക്കും വേണ്ട.മാധ്യമ നയനങ്ങള്‍ക്ക് അവര്‍ അന്യരാണ്.സെന്‍സര്‍ ബോര്‍ഡിന്‍റെ കുരുക്കുകളില്‍ പെട്ട് പ്രദര്‍ശനാനുമതി നിഷേധിച്ച ഈ സിനിമയില്‍ നഗ്നതയും പിന്നെ ചില ദേശിയ പ്രതീകങ്ങളോടുള്ള പ്രത്യക്ഷമായ എതിര്‍പ്പും പ്രകടിപ്പിക്കുന്നുണ്ട്.ഈ ചിത്രത്തില്‍ ഗാന്ധിജിയെക്കാളും അംബേദ്‌കര്‍ ,അയ്യങ്കാളി ,ബുദ്ധന്‍ എന്നിവര്‍ക്കാണ് പ്രാമൂഖ്യം നല്‍കിയിരിക്കുന്നത്.ഗാന്ധിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളും അവസാന രംഗങ്ങളില്‍ കത്തിക്കുകയും ചവിട്ടി തെറിപ്പിക്കുകയും ചെയ്യുന്ന ഇത്തരം പ്രതീകങ്ങളും ഈ നിരോധനത്തിന് ആക്കം കൂട്ടി എന്ന് വേണം കരുതാന്‍.ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന മഞ്ചുശ്രീയെ ആക്രമിക്കുന്നവരില്‍ എല്ലാ തരക്കാരും ഉണ്ടെന്ന് ഓട്ടോകളില്‍ ഉള്ള ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.

 നിലവിലുള്ള സാമൂഹിക കാഴ്ചപ്പാടിനെയും രാഷ്ട്രീയത്തെയും മോശമാക്കി ചിത്രീകരിക്കുന്ന ഒരു രീതിയാണ് ഇതില്‍ അവലംബിച്ചിരിക്കുന്നത്.എന്നാല്‍ ഒരു സിനിമയെ സിനിമയായി കാണാന്‍ സാധിച്ചാല്‍ ഫിക്ഷന്റെ കണിക അധികമില്ലാത്ത ഈ ചിത്രത്തെ ധീരമായ ഒരു ചുവടുവയ്പ്പ് ആണെന്ന് പറയേണ്ടി വരും.അവകാശങ്ങളില്ലാത്ത ദളിത്‌ ജനത,പിന്നെ സ്ത്രീ സുരക്ഷ മതപരവും ജാതിപരവുമായ തൊട്ടു കൂടായ്മ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ചിത്രം.അതിനായി ഉപയോഗിച്ച രംഗങ്ങള്‍ ഭീകരമായിരുന്നു.ഞാന്‍ കണ്ടത്തില്‍ വച്ച് റിയാലിറ്റിയോട് അടുത്ത് നില്‍ക്കുന്ന ക്രൂരമായ രംഗങ്ങള്‍ ഈ ചിത്രത്തിലാണ്.എം.ജെ രാധാകൃഷ്ണന്റെ ക്യാമറ ചലിച്ചപ്പോള്‍ കണ്ടത് കാനന സൌന്ദര്യവും കാനന ക്രൌര്യതയും ആണ്.അഭിനയത്തേക്കാള്‍ ഉപരി ജീവിക്കുകയായിരുന്നു ഇതിലെ നടീ നടന്മാര്‍ എന്ന് വേണം പറയാന്‍.അല്‍പ്പം മാറി ചിന്തിക്കുന്ന ചിത്രം കാണണം എന്നഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും കാണാവുന്ന സിനിമയാണിത്.സിനിമയുടെ തുടക്കത്തില്‍ ഉള്ള ഇരുട്ട് ഒരു പ്രതീകമായിരുന്നു എന്ന് മനസ്സിലാകും സിനിമ അവസാനിക്കുമ്പോള്‍..പരാജിതരായ ഒരു ജനസമൂഹത്തിന്റെ ജീവിതത്തിലെ ഇരുട്ട്..

More reviews @ www.movieholicviews.blogspot.com

Tuesday, 11 February 2014

98.THE TRAFFICKERS(KOREAN,2012)

98.THE TRAFFICKERS(KOREAN,2012),|Crime|Thriller|,Dir:-Hong-seon Kim,*ing:-Chang Jung LimDaniel ChoiDal-su Oh

"ദി ട്രാഫിക്കര്‍സ്",പേര് സൂചിപ്പിക്കുന്നത് പോലെ സ്വാര്‍ത്ഥ ലാഭത്തിനായി മനുഷ്യനെ ഉപയോഗിക്കുന്നവരുടെ കഥ പറയുന്ന ചിത്രമാണ്.എന്നാല്‍ ഇവിടെ ശരീരങ്ങളെ വികാര ശമനത്തിനായി ഉപയോഗിക്കുന്ന വില്ലന്മാരൊക്കെ ഉള്ള  സാധാരണ തട്ടികൊണ്ട് പോകല്‍ ചിത്രമല്ല.പകരം ഇതില്‍ ശരീര അവയവങ്ങളെ കച്ചവടച്ചരക്കാക്കുന്ന ഒരു വലിയ റാക്കറ്റിന്റെ കഥയാണ് പറയുന്നത്.ചിത്രം ആരംഭിക്കുമ്പോള്‍ കയ്യില്‍ ഒരു കത്തിയുമായി ദേഹം മുഴുവന്‍ രക്തം ഒലിപ്പിച്ചു കൊണ്ട് ഒരാള്‍ ഒരു കപ്പലില്‍ നില്‍ക്കുന്നത് കാണിക്കുന്നു.അയാളെ പിടിക്കാനായി പോയ ആളെയും കൊല്ലപ്പെടുത്തി അയാള്‍ കടലിലേക്ക്‌ ചാടുന്നു.പിന്നെ വ്യത്യസ്ഥ സ്ഥലങ്ങളില്‍ ഉള്ള മൂന്ന്‍ ആളുകളെ കാണിക്കുന്നു.മൂന്നു പേര്‍ക്കും ഒരേ ലക്ഷ്യമാണ്‌.ചൈനയിലേക്ക് പോകുന്ന ആ കപ്പലില്‍ കയറുക എന്നത് ആയിരുന്നു അവരുടെ ലക്‌ഷ്യം.ഒരാള്‍ കാലിന് സ്വാധീനമില്ലാത്ത ഭാര്യയുമായി ,സാംഗ്-ഹോ.അവര്‍ ചൈനയിലേക്കുള്ള വിനോദ സഞ്ചാരികള്‍ ആണ്.രണ്ടാമത്തേത് യൂ-റി.തന്‍റെ അച്ഛന്റെ ഹൃദയശസ്ത്രക്രിയയ്ക്ക് വേണ്ടി ചൈനയില്‍ പോകുന്നു.മൂന്നാമതായി യംഗ്-യൂ തന്‍റെ കൂട്ടുകാരോടൊപ്പം ഒരു കലാശക്കൊട്ടിനെന്നപ്പോലെ ഒരു കുറ്റകൃത്യം നടത്താനായി പോകുന്നു.

     ആ കപ്പലില്‍ അന്ന് രാത്രി സാംഗ്-ഹോയ്ക്ക് തന്‍റെ ഭാര്യയെ നഷ്ടപ്പെടുന്നു.വീല്‍ചെയറില്‍ മാത്രം സഞ്ചരിക്കുന്ന അവരുടെ തിരോധാനം നിഗൂഡത ആയിരുന്നു.സാംഗ് ഹോയുടെ ഭാര്യയെ കാണാതാകുന്നതിനു മുന്‍പ് അവര്‍ യൂ-റി യോട് സംസാരിച്ചിരുന്നു.അങ്ങനെ യൂ-റിയും സാംഗ്-ഹോയുടെ കൂടെ അവരെ അന്വേഷിക്കുന്നു.എന്നാല്‍ അവരുടെ അന്വേഷണം സഫലമായില്ല.കപ്പലിലെ ജോലിക്കാരുടെ നിസ്സഹകരണം മൂലം സാംഗ്-ഹോയ്ക്ക് തന്‍റെ ഭാര്യയെ കണ്ടെത്താന്‍ സാധിക്കുന്നില്ല.അന്ന് രാത്രി സാംഗ്-ഹോയെ ആരോ തലയ്ക്കടിച്ചു വീഴ്ത്തുകയും ചെയ്യുന്നു.അതേ സമയം യംഗ്-യൂവും കൂട്ടരും അവരുടെ ലക്‌ഷ്യം സാധിക്കാന്‍ ഉള്ള തത്രപ്പാടില്‍ ആയിരുന്നു.അന്താരാഷ്‌ട്ര കടല്‍ നിയമങ്ങള്‍ ബാധകം ആകുന്ന സ്ഥലത്ത് അവരുടെ പ്രവര്‍ത്തികള്‍ നിയമവിരുദ്ധം അല്ലായിരുന്നു.അങ്ങനെ അവസാനം ആ കപ്പല്‍ ചൈനയില്‍ എത്തുന്നു.യംഗ്-യൂവും കൂട്ടരും തങ്ങളുടെ ജോലി തീര്‍ത്തു ചൈനയില്‍ ഇറങ്ങുന്നു.ചികിത്സയ്ക്കായി പോകുന്ന യൂ-റിയും കപ്പലില്‍ നിന്നും ഇറങ്ങി.എന്നാല്‍ സാംഗ്-ഹോ ഭാര്യയെ അന്വേഷിച്ച് അലയുന്നു.അവസാനം സാംഗ്-ഹോയുടെ ഫോണില്‍ ഒരു കോള്‍ വരുന്നു.അങ്ങേതലയ്ക്കല്‍ സാംഗ്-ഹോയുടെ ഭാര്യ ആയിരുന്നു.അവര്‍ക്ക് എന്ത് സംഭവിച്ചു?യൂ-റിയുടെ അച്ഛനെ രക്ഷ്സിക്കാന്‍ സാധിക്കുമോ?യംഗ്-യൂവും കൂട്ടരും തങ്ങളുടെ ലക്ഷ്യത്തില്‍ വിജയിച്ചോ?ഇങ്ങനെ പരസ്പ്പര്‍ബന്ധം ഇല്ലാത്ത മൂന്ന്‍ ആളുകളുടെ ജീവിത കഥ പരസ്പരം കൂട്ടി യോജിച്ചു വരുന്നു ഒരു സ്ഥലത്ത്.അതാണ്‌ ബാക്കി ചിത്രം.

  സ്ഥിരം കൊറിയന്‍ സിനിമകളുടെ ഫോര്‍മുലയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം പതിവ് പോലെ ധാരാളം സസ്പന്സുകള്‍ നമുക്കായി മാറ്റി വച്ചിട്ടുണ്ട്.കഥയുടെ ഒരവസരത്തില്‍ നമ്മള്‍ അത് വരെ കണ്ടതാണോ സത്യം അതോ ഇപ്പോള്‍ കാണുന്നതാണോ സത്യം എന്ന് ഒരു ചിന്താകുഴപ്പം ഉണ്ടാവുകയും ചെയ്യും.സാധാരണ രീതിയില്‍ തുടങ്ങുന്ന ഈ ചിത്രം രണ്ടാം പകുതിയില്‍ അത്ഭുതപ്പെടുത്തും..കൊറിയന്‍ ത്രില്ലറുകളുടെ ആരാധകര്‍ക്ക് ഇഷ്ടപ്പെടും ഈ സിനിമ.ഒരു ദിവസത്തെ ഈ മൂന്നു കൂട്ടരുടെ കഥ പറഞ്ഞ ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക് 6.5/10!!

More reviews @ www.movieholicviews.blogspot.com

1995. Drop ( English, 2025)