Thursday, 8 August 2024

1824. Fried Green Tomatoes

 1824. Fried Green Tomatoes 

         Comedy, Mystery



സാധാരണ ഒരു കോമഡി ഡ്രാമ ആണെന്ന് കരുതി കണ്ട് തുടങ്ങുന്ന സിനിമ അവസാനം അതിന്റെ നിഗൂഢ സ്വഭാവം കാരണം പ്രതീക്ഷയ്ക്ക് അപ്പുറം മാറ്റം വന്നാലോ?അങ്ങനെ വരുമ്പോൾ അത് ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നായി മാറിയാലോ?ഈവ്‌ലിൻ എന്ന വീട്ടമ്മ അവരുടെ കുടുംബ ജീവിതത്തിൽ തീരെ സന്തുഷ്ട അല്ലായിരുന്നു. ആക്‌സ്മികമായി ഒരു ഓൾഡ് ഏജ്‌ ഹോമിൽ വച്ച് പരിചയപ്പെടുന്ന നിന്നി ത്രെഡ്ഗുഡ് എന്ന വൃദ്ധയായ സ്ത്രീ അവർക്കു പരിചയം ഉള്ള കുറച്ചു ആളുകളുടെ ജീവിതത്തെ കുറിച്ച് ഈവലിനോട് പറഞ്ഞു തുടങ്ങുമ്പോൾ ഒന്നെങ്കിൽ ഒരു ട്രാജഡി, അല്ലേൽ ഒരു ഫീൽ ഗുഡ് സിനിമ മാത്രമാകും Fried Green Tomatoes എന്നതായിരുന്നു എന്റെ മുൻവിധി.


 എന്നാൽ ഈ കഥയ്ക്ക് അവസാനം ഒളിപ്പിച്ചു വച്ച ഒരു വലിയ രഹസ്യം അനാവരണം ചെയ്യുന്ന സമയം ആയപ്പോഴേക്കും എന്റെ അവസ്ഥ സിനിമയെ കുറിച്ചുള്ള മുൻവിധികൾ മാറ്റുന്നത് മാത്രം ആയിരുന്നില്ല. അതിനൊപ്പം ഒരു കാലഘട്ടത്തിൽ ഉള്ള സമൂഹവും മനുഷ്യരുടെ ഇഷ്ടാനിഷ്ട്ടങ്ങളും എല്ലാം ഒത്തു ചേരുമ്പോൾ മികച്ച ഒരു സിനിമ കണ്ട അനുഭവം ആണുണ്ടായത്.


ഇഡ്ജി എന്ന പെൺകുട്ടിയുടെ കഥ അവളുടെ സഹോദരൻ ബഡി മുതൽ അങ്ങോട്ട് വ്യാപിച്ചു കിടക്കുകയാണ്. വളരെ അധികം ഇഷ്ടം തോന്നുന്ന ഒരു കഥാപാത്രം ആയിരുന്നു ഇഡ്ജി.മേരി സ്റ്റുവർട്ടിന്റെ മികച്ച ഒരു കഥാപാത്രം. ഇത്തരത്തിൽ ഉള്ള സ്ത്രീ കഥാപാത്രങ്ങളെ ധാരാളം കണ്ടിട്ടുണ്ടെങ്കിലും ഒരു പ്രത്യേക സ്നേഹം തോന്നി പോകും ഇഡ്ജിയോട്. അത് പോലെ തന്നെയാണ് ആ ചെറിയ ഗ്രാമത്തിൽ ഉള്ള പല കഥാപാത്രങ്ങളും.ബിഗ് ജോർജും റൂത്തും സ്മോക്കിയും എല്ലാം അതിൽ ഉൾപ്പെടും.


ഫാനി ഫ്ലാഗിന്റെ Fried Green Tomatoes at the Whistle Stop Cafe എന്ന നോവൽ ഞാൻ വായിച്ചിട്ടില്ല. അങ്ങനെ ഒരെണ്ണത്തെ കുറിച്ച് കേട്ടിട്ട് പോലുമില്ല. ഈ സിനിമയെ കുറിച്ച് അറിയുന്നത് തന്നെ കാത്തി ബേറ്റ്സ് എന്ന നടിയോടു പെട്ടെന്നൊരു ദിവസം തോന്നിയ ആരാധന കാരണം ആണ്. പക്ഷെ എത്ര മാത്രം ജീവനുള്ള കഥാപാത്രങ്ങൾ ആണ് ഈ സിനിമയിൽ ഉള്ളത്? വല്ലാത്ത ഒരു ഫീലും ഇഷ്ടവും ആയിരുന്നു ഈവ്‌ലിൻ ഇവരുടെ എല്ലാം കഥ കേൾക്കുമ്പോൾ. പിന്നെ പ്രത്യേകിച്ച് പറയാൻ ഉള്ളത് കാത്തി ബേറ്റ്സിന്റെ ഈവ്‌ലിൻ എന്ന കഥാപത്രമാണ്. അവരുടെ കഥാപാത്രം സിനിമയ്ക്ക് കൊണ്ട് വന്ന ദ്വിമുഖം ഉണ്ട്. ഒരു പക്ഷെ ഒരു കോമഡി ഫീൽ ഗുഡ് സിനിമ ആണെന്ന് പ്രേക്ഷകനെ പറഞ്ഞു പറ്റിക്കാൻ ആ കഥാപാത്രത്തിന് കഴിഞ്ഞു. ഇത്തരം ഒരു കഥയിലേക്ക് ആണ് നമ്മളെ കൊണ്ടെത്തിക്കുന്നത് എന്ന് പറയാൻ പോലും സാധിക്കില്ല.


എന്തായാലും വളരെ ഇഷ്ടമായി Fried Green Tomatoes എന്ന ചിത്രം. താൽപ്പര്യം തോന്നുന്നു എങ്കിൽ തീർച്ചയായും കാണുക. നിരാശപ്പെടേണ്ടി വരില്ല.

 

ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് t.me/mhviews1  ലഭ്യമാണ് 




No comments:

Post a Comment