Tuesday, 20 October 2020

1294. Unhinged (English, 2020)

 1294. Unhinged (English, 2020)

          Thriller.




   സ്വന്തം ജീവിതം നശിച്ച ഒരാൾ.അയാളുടെ മുന്നിൽ ഉള്ള ജീവിതത്തെ നേരിടാൻ അയാൾക്ക്‌ പല വഴികൾ ഉണ്ട്.ചിലപ്പോൾ ഒന്നിരുന്നു ചിന്തിച്ചാൽ തീരാവുന്ന പ്രശ്നം മാത്രമേ ഉണ്ടാകൂ.പലപ്പോഴും ഇതു നടക്കുന്നത് ആ സമയത്തെ ചിന്തകൾക്ക് അനുസരിച്ചു ആകും.


  ഒരു മോശം ദിവസത്തിന്റെ വില എന്താണെന്ന് ഈ അവസ്ഥയിൽ ഉള്ള ആൾ മറ്റൊരാളെ പഠിപ്പിക്കാൻ ശ്രമിച്ചാലോ??നടക്കുന്നത് ഭീകരമായ സംഭവങ്ങൾ ആയിരിക്കും.അതാണ് ഒരു edge-of-the-seat-thriller എന്നു വിളിക്കാവുന്ന Unhinged ന്റെ കഥ. അന്നത്തെ ദിവസം ഇത്രയും ഭീകരം ആകും എന്നു ആരും കരുതി കാണില്ല.



   റസൽ ക്രോ ഈ ചിത്രത്തിന് വേണ്ടി ഭാരം കൂട്ടിയത് വാർത്ത ആയതു മുതൽ കാത്തിരുന്ന ചിത്രം ആയിരുന്നു.കഥയുടെ സിനോപ്സിസ് വായിച്ചപ്പോൾ തന്നെ പ്രതീക്ഷയും കൂടി.ചിത്രത്തിന്റെ ആദ്യ സീൻ ഉണ്ട്.ഏതാനും നിമിഷങ്ങൾക്കുളിൽ നടന്ന സംഭവം എന്താണെന്ന് ഒന്നൂടി rewind ചെയ്തു നോക്കേണ്ടി വന്നു.ഭീകരമായൊരു സീനിന്റെ മികച്ച അവതരണം എന്നു പറയേണ്ടി വരും അതിനെ.


റസൽ ക്രോവിന്റെ കഥാപാത്രം ശരിക്കും ഭയപ്പെടുത്തും.സ്‌ക്രീനിൽ ആ കഥാപാത്രം വരുമ്പോൾ തന്നെ ഭയം എന്നൊരു വാക്ക് ആയിരിക്കും പ്രേക്ഷകന്റെ മനസ്സിൽ ഉണ്ടാവുക.ശരിക്കും ഞെട്ടിച്ച പ്രകടനം.ഒരു one-മാൻ- show എന്നു പറഞ്ഞാൽ അധികമാകില്ല.


  ജീവിതത്തിലെ ചെറിയ സംഭവങ്ങൾ പല മനസ്ഥിതി ഉള്ളവരെ എങ്ങനെ ബാധിക്കും എന്നത് നോക്കി കാണേണ്ടത് ആണ്.റിപ്പോർട്ടുകൾ പകരം ലോകമെമ്പാടും road rage പോലുള്ള സംഭവങ്ങൾ ഒക്കെ വർദ്ധിച്ചു വരുമ്പോൾ പ്രത്യേകിച്ചും.വണ്ടിയുടെ ഹോണ് ഇതു വരെ ഒരു പ്രാവശ്യം മാത്രം അടിക്കേണ്ടി വന്ന അവസ്ഥയിൽ ഉള്ള രാജ്യത്തു ജീവിക്കുന്ന ,അത്തരത്തിൽ ഉള്ള ഒരു സംസ്ക്കാരം ഉള്ള രാജ്യങ്ങളിൽ ഒരു വലിയ പ്രശ്നം ഉണ്ടാക്കാൻ അതു മതിയായിരിക്കും.അത്തരത്തിൽ ഒരു Courtesy Tap ന്റെ വില എന്താണ് എന്ന് അറിയാൻ Unhinged കാണുക.



  എന്റെ ഈ വർഷത്തെ ഇഷ്ട സിനിമകളിൽ ഒന്നാണ് Unhinged.


 ചിത്രത്തിന്റെ ലിങ്ക്  @mhviews എന്ന് ടെലിഗ്രാമിൽ സെർച്ചിൽ  ലഭ്യമാണ്.

Tuesday, 13 October 2020

1293. Mother's Day( English, 2010)

 1293. Mother's Day( English, 2010)

          Thriller, Horror


  അമ്മമാർ മക്കളെ നല്ലവരായും , ഒപ്പം നന്മയുടെ പ്രതീകങ്ങൾ ആയി ഭാവിയിൽ വളരും എന്ന പ്രതീക്ഷയിൽ ആണ് വളർത്തുന്നത്.എന്നാൽ ഇവിടെ ഒരു അമ്മയുണ്ട്.അമ്മയുടെ സ്വഭാവം കണ്ടാൽ അമ്മയൊരു അമ്മയാണോ എന്നു ചോദിച്ചു പോകും.അങ്ങനെ ഒരു അമ്മയുടെ സംഭവബഹുലമായ കഥയാണ് കുറച്ചു വയലൻസും, കൊലപാതകവും, കള്ളങ്ങളും എല്ലാം കൂടി അവതരിപ്പിച്ചിരിക്കുന്ന സിനിമയുടെ പേരാണ് Mother's Day.




   സൊഹാപ്പി കുടുംബം അവരുടെ സുഹൃത്തുക്കളും ആയി വീടിന്റെ ബേസ്മെന്റിൽ ഒരു പാർട്ടിയിൽ ആയിരുന്നു.നേരത്തെ ഉണ്ടായിരുന്ന അതിഥികളെ കൂടാതെ ക്ഷണിക്കപ്പെടാത്ത 3 അതിഥികൾ കൂടി അവിടെ എത്തി.എന്നാൽ അതിഥികൾ ആണ് എന്നുള്ള ചിന്തയിൽ അല്ല അവർ അവിടെ വന്നത്.കാരണം, അതവരുടെ വീട് ആയിരുന്നു

 


  പിന്നീട് എന്തു സംഭവിക്കുന്നു എന്നതാണ് സിനിമയുടെ ബാക്കി കഥ. 1980 ൽ റിലീസ് ആയ ഇതേ പേരിൽ ഉള്ള സ്ളാഷർ സിനിമയെ ആസ്പദമാക്കിയാണ്  സിനിമ അവതരിപ്പിച്ചിരിക്കുന്നത്.


  ജീവിതത്തിലെ നിർണായകമായ നിമിഷങ്ങളിൽ മനുഷ്യൻ പല കാര്യങ്ങളോടും എങ്ങനെ പ്രതികരിക്കും എന്നത് കണ്ടു മനസ്സിലാക്കേണ്ടത് ആണ്.പ്രത്യേകിച്ചും തീർത്തും പരിചിതമല്ലാത്ത ഒരു അവസ്ഥ.ജീവിതത്തിൽ പുറമെ ചിരിച്ചു കാണിച്ചു കൊണ്ടുള്ള ജീവിതവും അതിന്റെ ഉള്ളിൽ ഉള്ള വേദനകളും എല്ലാം.


  പക്ഷെ ഈ ഒരു ഘടകത്തിനും അപ്പുറം ഈ ചിത്രം ഒരു Slasher ചിത്രമാണ്, ഒരു സൈക്കോളജിക്കൽ ത്രില്ലർ ആണ്, ഒപ്പം അത്യാവശ്യം അപ്രതീക്ഷിതമായ ഒരു ക്ളൈമാക്‌സ് ഉള്ള ചിത്രവും  ആണ്.കണ്ടു നോക്കുക, പ്രത്യേകിച്ചും ഈ ഴോൻറയിൽ ഉള്ള ചിത്രങ്ങൾ താൽപ്പര്യം ഉള്ളവർ.നിരാശരകേണ്ടി വരില്ല.



 ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് @mhviews എന്നു ടെലിഗ്രാമിൽ സെർച്ച് ചെയ്യുമ്പോൾ ലഭിക്കുന്നതാണ്.

Monday, 12 October 2020

1292. The Wolf of Snow Hollow (Engish, 2020)

 1292. The Wolf of Snow Hollow (Engish, 2020)

         Mystery.



  പൂർണ ചന്ദ്രൻ ഉള്ള ദിവസങ്ങളിൽ അടുത്തടുത്തായി നടക്കുന്ന കൊലപാതകങ്ങൾ.പ്രത്യേകിച്ചു ഒരു തെളിവും പൊലീസിന് ലഭിക്കുന്നില്ല.Werewolf ആകാം ഇതിനു പിന്നിൽ എന്ന വാദം വരെയുണ്ട്.എന്നാൽ ഇതിന് പിന്നിൽ ഒരു കൊലയാളി ഉണ്ടെന്നും, അതു മനുഷ്യൻ ആണെന്നും കരുതുന്നവരും ഉണ്ട്.എന്നാൽ പിന്നീട് Werewolf ആണ് എന്ന രീതിയിൽ ഉള്ള സംശയം ബലപ്പെടുകയും ചെയ്യുന്നു.ആരാണ് യഥാർത്ഥത്തിൽ ഇതിനു പിന്നിൽ?


    നായക കഥാപാത്രത്തെ അവതരിപ്പിച്ച ജിം കമ്മിങ്‌സ് ആണ് സംവിധാനവും കഥയും എഴുതിയിരിക്കുന്നത്.ഒരു കൊലപാതക മിസ്റ്ററി എന്നതിൽ നിന്നും അന്വേഷണത്തിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഭയങ്ങളെയും സിനിമ അവതരിപ്പിച്ചിട്ടുണ്ട്.മികച്ച ഒരു ശ്രമം ആയാണ് ഈ സിനിമയെ കുറിച്ചുള്ള അഭിപ്രായം.


  വിവാഹ മോചിതനായ, തന്റെ ടീനേജ് മകളെ കുറിച്ചു ശ്രദ്ധാലുവായ, ഷെരീഫ് ആയ തന്റെ പിതാവിന്റെ ആരോഗ്യത്തെ കുറിച്ചുള്ള ചിന്തകളോടൊപ്പം പ്രസ്തുത കേസന്വേഷണത്തിൽ കൂടി ആയതോടെ പലപ്പോഴും അയാൾക്ക്‌ സ്വയം നിയന്ത്രിക്കുക അസാധ്യമായി മാറുന്നു.


  സിനിമ അവസാനിക്കുന്നത് അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റോട് കൂടിയാണ്.അതാണ് ചിത്രത്തെ മിസ്റ്ററിയിൽ ഉൾപ്പെടുത്തിയത്.എന്നാൽ ചിത്രത്തിന്റെ സ്വഭാവം വച്ചു ധാരാളം രീതികളിൽ കാണുവാനും സാധിക്കും.


  സിനിമ നിരൂപകരുടെ ഇടയിൽ മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രമാണ് The Wolf of Snow Hollow.കാണുവാൻ ശ്രമിക്കുക.



സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക്  @mhviews എന്ന ടെലിഗ്രാം സെർച്ചിൽ ലഭ്യമാണ്.

Saturday, 10 October 2020

1291. The Con Artists (Korean, 2014)

 1291. The Con Artists (Korean, 2014)

           Thriller, Action, Mystery.



Heist Movies ൽ പ്രതീക്ഷിക്കുന്ന ചില ഘടകങ്ങൾ ഉണ്ട്.ആക്ഷൻ, ത്രിൽ, സസ്പെൻസ്, സ്റ്റൈൽ, നല്ല വേഗത ഉള്ള അവതരണം. അങ്ങനെ എല്ലാ ഘടകങ്ങളും ഒരുമിച്ചു നന്നായാൽ സിനിമയും നന്നാകും.

 

കൊറിയൻ ചിത്രമായ The Con Artists അങ്ങനെ ഒന്നാണ്.ചോ എന്ന അധോലോക നായകന്റെ സ്വന്തമായ സേഫ് തുറന്നു മോഷണം നടത്തിയ ടീമിന് അയാൾ ഒരു പുതിയ ജോലി കൊടുക്കുന്നു.കൊറിയയിലെ കസ്റ്റംസിന്റെ അടുക്കൽ ഉള്ള വലിയൊരു തുക മോഷ്ടിക്കാൻ.പരസ്പ്പരം വിശ്വാസം വേണ്ട ഒരു ഉദ്യമം.എന്നാൽ നടന്നതോ?



  ഈ ഒരു കഥയിൽ നിന്നും കഥാപാത്രങ്ങളിലേക്ക് പോകുമ്പോൾ അവരുടെ സ്വഭാവ രീതികളും അതിന്റെ പല തരത്തിൽ ഉള്ള മാറ്റങ്ങളും കാണാം.ആദ്യം പറഞ്ഞ പോലെ എല്ലാ ഘടകങ്ങളും സിനിമയിൽ ഉണ്ട്.ക്ളൈമാക്സിലേക്കു അടുക്കുമ്പോൾ ഉള്ള ട്വിസ്റ്റുകൾ നൽകുന്ന സസ്പെൻസ് element കൂടി ആകുമ്പോൾ ഇത്തരത്തിൽ ഉള്ള സിനിനയ്ക്കു വേണ്ടത് എല്ലാം ആയി.


 കൊറിയൻ സിനിമയിലെ മികച്ച ഹിറ്റുകളിൽ ഒന്നായിരുന്നു ചിത്രം.കാണാത്തവർ ഉണ്ടെങ്കിൽ കാണുക.


 സിനിമയുടെ ലിങ്ക് ടെലിഗ്രാമിൽ @mhviews എന്ന് സേർച്ച് ചെയ്താൽ ലഭ്യമാണ്.

1290. Wait Until Dark (English, 1967)

 1290. Wait Until Dark (English, 1967)

          Thriller




  Home Invasion സിനിമകളിലെ ക്ലാസിക് എന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് Wait Until Dark.Hush, Don't Breathe പോലുള്ള ഈ വിഭാഗത്തിലെ പുതിയ കാല ഇഷ്ട സിനിമകൾക്ക് ഒരു മാർഗ രേഖയായി മാറിയ ചിത്രം ആകും ഇതു. ലോകമെമ്പാടും പിന്നീട് സിനിമകൾ ആയി ഈ തീമിൽ ചിത്രങ്ങൾ ഇറങ്ങിയതിൽ ഭൂരിഭാഗവും ഇതിന്റെ ചുവടു പിടിച്ചായിരുന്നു എന്നു പറഞ്ഞാൽ അതിശയോക്തി ആകില്ല. 1966 ൽ അവതരിപ്പിച്ച ഇതേ പേരിൽ ഉള്ള നാടകത്തെ ആധാരമാക്കിയാണ് സിനിമ അവതരിപ്പിച്ചത്.ഓഡ്രി ഹെപ്ബെർണിന്റെ അന്ധയായ സൂസി എന്ന കഥാപാത്രത്തിന് ആ വർഷത്തെ അക്കാദമി പുരസ്‌കാരങ്ങളിൽ മികച്ച നടിയ്ക്കുള്ള നോമിനേഷനും ലഭിച്ചിരുന്നു.


  കാനഡയിൽ നിന്നും ഒരു പാവയുടെ ഉള്ളിൽ കടത്തപ്പെട്ട കഞ്ചാവ് അപ്രതീക്ഷിതമായി സാം എന്ന ഫോട്ടോഗ്രാഫറുടെ വീട്ടിൽ ഉണ്ടെന്നുള്ള വിവരം ലഭിച്ച, അതിൽ താൽപ്പര്യം ഉള്ള 3 പേർ അതു വീണ്ടെടുക്കാൻ ശ്രമിക്കുന്നു.വീട്ടിൽ ഉണ്ടായിരുന്ന അന്ധയായ , സാമിന്റെ ഭാര്യയായ സൂസിയെ അവർ അതിനായി ഉപയോഗിക്കാൻ ശ്രമിച്ചു.എന്നാൽ അവരുടെ ശ്രമങ്ങൾ വിജയിക്കുമോ എന്നതാണ് സിനിമയുടെ കഥ.


  ഒരു പക്ഷെ ഇന്നത്തെ കാലത്തു ഈ ഒരു പ്രമേയം ക്ളീഷേ ആയി മാറിയത് കൊണ്ടു എത്ര മാത്രം ഇഷ്ടമാകും എന്നു അറിയില്ല.പക്ഷെ ഒന്നുണ്ട്, ഒരു ക്ലാസിക് എന്നു ഒരു സിനിമയെ കരുതണമെങ്കിൽ ആ പ്രസ്തുത ഴോൻറയിൽ ആ സിനിമയുടെ സ്വാധീനം ആകും കാരണം എന്ന് വിശ്വസിക്കുന്ന പ്രേക്ഷകർക്ക് കണ്ടു നോക്കാവുന്ന ഒന്നാണ്. പിന്നീട് 2013 ലും നാടക രൂപത്തിൽ അവതരിപ്പിക്കപ്പെട്ട ഒരു സിനിമ ദൃശ്യം മികവിന്റെ തെളിവ് തന്നെയാണ്.


  ഭൂരിഭാഗ സീനുകളും ഒരു ഫ്‌ളാറ്റിന്റെ ബേസ്മെന്റിൽ അവതരിപ്പിച്ച ചിത്രം, പ്രധാനപ്പെട്ട കഥാപാത്രത്തിന്റെ വൈകല്യം എന്നിവ കൂടി വരുമ്പോൾ പ്രേക്ഷകനിലും ഒരു തരം ഭയം ഉണ്ടാകും. 


കണ്ടു നോക്കുക.നഷ്ടം ആകില്ല!!


 സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് @mhviews എന്നു ടെലിഗ്രാമിൽ സെർച്ച് ചെയ്യുമ്പോൾ  ലഭ്യമാണ്.

Monday, 5 October 2020

1289. Backcountry (English, 2014)

 1289. Backcountry (English, 2014)

          Horror, Thriller.



  കാനഡയിൽ വന പ്രദേശം രാജ്യത്തിന്റെ നല്ലൊരു ഭാഗം നിറയ്ക്കുന്നുണ്ട്.വന്യ ജീവി സംരക്ഷണത്തിന് ഉള്ള നിയമങ്ങൾ നല്ലതു പോലെ പാലിക്കുന്നും ഉണ്ട്.ഉപാധികളോടെ ഉള്ള  Hunting Season കർശനമായി തന്നെ പല കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുന്നുണ്ട്.ചിലപ്പോൾ കാടിനു സമാന്തരമായി പോകുന്ന വഴികളിൽ മാൻ, മൂസ്, കരടി തുടങ്ങിയവയെ ഒക്കെ കാണാനും സാധിക്കുംഇതു പലപ്പോഴും പതിവ് കാഴ്ച ആയി മാറാറുണ്ട്.വന്യ ജീവികളുടെ വാസ സ്ഥലത്തേക്ക് നിയമപരമായി പോകാൻ കൂടുതലും സാധിക്കില്ല. എന്നാൽ അതിനു മുതിരുന്നവർ ഉണ്ട്.അത്തരം ഒരു ദമ്പതികളുടെ കഥ ആണ് Backcountry അവതരിപ്പിക്കുന്നത്.


  യഥാർത്ഥമായ കുറെ സംഭവങ്ങളെ ആധികാരികം ആക്കിയാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.അലക്‌സും ജെന്നും തങ്ങളുടെ അവധിക്കാലം ആഘോഷിക്കാൻ ആണ് ആ കാട്ടിലേക്കു പോയത്.അവിടെ തിരഞ്ഞെടുക്കാൻ ഒരു കാരണം ഉണ്ടായിരുന്നു.അലക്സിന്റെ കുട്ടിക്കാലത്തെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ആയിരുന്നു അത്.അവിടത്തെ ഓരോ ഭാഗവും കാണാപ്പാഠം ആണെന്ന് അലക്‌സ് അഹങ്കരിച്ചിരുന്നു.


   അവിടെ വച്ചാണ് അവർ ഒരു അപരിചിതനെ പരിചയപ്പെടുന്നത്.ടൂറിസ്റ്റ് ഗൈഡ് ആണെന്ന് പരിചയപ്പെടുത്തിയ അയാളുമായി നല്ല അനുഭവം അല്ല അവർക്ക് ഉണ്ടായത്.അങ്ങനെയിരിക്കെ ഒരു രാത്രി അവരെ അന്വേഷിച്ചു ഒരു അതിഥി എത്തി.തന്റെ അധികാര പരിധിയിൽ അനുവാദം കൂടാതെ വന്ന ആളുകളെ ശത്രു ആയി കണ്ട ഒരാൾ.പിന്നീട് അലക്സിന്റെയും ജെന്നിന്റെയും ലക്ഷ്യം ഒന്നായി മാറി.Survival!!


  അവർക്ക് എന്തു സംഭവിക്കും എന്നതാണ് ബാക്കി സിനിമ അവതരിപ്പിക്കുന്നത്. അവസാന അര മണിക്കൂർ ആണ് ഈ സിനിമയുടെ മുഖ്യ ഭാഗം.അതിഥികൾ ആയി കാണാൻ കഴിയാത്തവരോട് ആതിഥേയൻ എങ്ങനെ ആകും പെരുമാറുക എന്നതിന്റെ ക്രൂരമായ ഒരു വേർഷൻ.കൊല്ലാൻ അവൻ വരുമ്പോൾ രക്ഷപ്പെടാൻ ഉള്ള ശ്രമം നടത്തുക എന്നത് ആണ് അവർക്ക് ചെയ്യാവുന്ന കാര്യം.


  സാധാരണ വളരെയധികം നാടകീയമായി മാറുന്ന survival thriller കൾ വച്ചു നോക്കുമ്പോൾ നല്ല ഒരു അനുഭവം ആണ് ഈ ചിത്രം.അധികം വളച്ചു കെട്ടലുകൾ ഇല്ലാതെ മനുഷ്യന്റെ survival instinct മാത്രം ആണ് ഇവിടെ മുഖ്യമായി വരുന്നത്.



  സിനിമയുടെ ലിങ്ക് വേണ്ടവർ Telegram ൽ @mhviews എന്നു സെർച്ച് ചെയ്യുക.

1288. Dobermann (French, 1997)

 1288. Dobermann (French, 1997)

          Action, Thriller




ഈ സിനിമയെക്കുറിച്ച് പറയാൻ ആദ്യം മനസ്സിൽ വരുന്നത് "കോമിക് ബുക്കിൽ നിന്നും നേരെ സ്ക്രീനിലേക്ക് പറിച്ചു നട്ട മികച്ച സിനിമ" എന്നാകും.അൽപ്പം അതിശയോക്തി തോന്നാം ഇങ്ങനെ കേൾക്കുമ്പോൾ.പ്രത്യേകിച്ചും കോമിക് ബുക്കിൽ നിന്നു അല്ല യഥാർത്ഥത്തിൽ സിനിമ അവതരിപ്പിച്ചത് എന്ന കൊണ്ടു തന്നെ.പക്ഷെ ഒരു കോമിക്സ് വായിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ ഉണ്ടല്ലോ?കഥാപാത്രങ്ങളെയും സാഹചര്യങ്ങളെയും larger than life എന്ന നിലയിൽ അവതരിപ്പിച്ചു കൊണ്ടുള്ളത്?അത്തരത്തിൽ ഒരു ഫീൽ ആണ് Dobermann പ്രേക്ഷകന് നൽകുന്നത്. 


  സിനിമയിലെ ആദ്യ സീനുകൾ മുതലേ ആക്ഷൻ ചിത്രങ്ങളിലെ "മാസ്" എന്ന ഘടകം കാണാൻ സാധിക്കും.സീനുകളിലും സംഭാഷണത്തിലും എല്ലാം പ്രകടമായി തന്നെ ഈ ഒരു ഘടകം ഉണ്ട്.ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാങ്ക് കൊള്ളക്കാരൻ ആണ് "ഡോബർമാൻ".ഒരു ബാങ്ക് കൊള്ളയെ കുറിച്ചാണ് ചിത്രവും.അതിനു പുറകെ പോകുന്ന പോലീസും എല്ലാം കൂടി വളരെ ലൗഡ് ആയ ഒരു അന്തരീക്ഷത്തിൽ ആണ് കഥ പോകുന്നത്.


  ഇത്തരം ഒരു കഥയിൽ ആവശ്യമുള്ള ആക്ഷൻ, സെക്‌സ്, ഡ്രഗ്സ്, പക,ചതി എന്നു വേണ്ട എല്ലാ ഘടകവും കാണാം.അവസാനത്തെ അര മണിക്കൂർ ഒക്കെ മൊത്തം ആക്ഷൻ ആണ്.ആക്ഷൻ എന്നു പറയുമ്പോൾ മാർഷ്യൽ ആർട്ട്‌സ് സിനിമകളിലെ പോലെ ഉള്ള ആക്ഷൻ അല്ല.അടി, വെടി, ബോംബ് അങ്ങനെ മൊത്തത്തിൽ ചിത്രം പോകുമ്പോൾ ഓർമ വന്നത് ഒരു ടറാന്റിനോ ചിത്രം കണ്ടത് പോലെ ആണ്.ഒരു പക്ഷെ അതിലും കൂടുതൽ ആയിരിക്കാം ആക്ഷനിലെ വൈബ് എന്നു പറഞ്ഞാൽ പോലും അധികം ആകില്ല.യാൻ കൗനെന് എന്ന ഫ്രഞ്ച് സംവിധായകന്റെ ചിത്രം നല്ല രീതിയിൽ under-rated ആണെന്ന് ആണ് കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്.ഒരു പക്ഷെ ഇത്തരത്തിൽ ഉള്ള ആക്ഷൻ ചിത്രങ്ങൾക്ക് ബഞ്ച്മാർക് പോലും ആകേണ്ടിയിരുന്ന അത്ര under-rated.


  ഹെൽമറ്റ് സീൻ,  അതു പോലെ ബാങ്ക് തകർക്കുന്ന സീൻ ഒക്കെ ആക്ഷൻ സിനിമകളിൽ തന്നെ ഏറ്റവും മികച്ച രംഗങ്ങൾ ആണെന്ന് പറയേണ്ടി വരും.ബ്ളാക് ഹ്യൂമറിന് ഉള്ള സാധ്യതകളെ നന്നായി ഉപയോഗിച്ചിട്ടും ഉണ്ട്.ഈ സിനിമ കാണുമ്പോൾ രണ്ടു അഭിപ്രായം ഉണ്ടാകാൻ മാത്രമേ സാധ്യത ഉള്ളൂ.ഒന്നു, തീരെ ഇഷ്ടപ്പെടാതെ ഇരിക്കുക. രണ്ടു, കണ്ടു ഫാൻ ആവുക.ഇഷ്ടപ്പെടാതെ ഇരിക്കാൻ ഉള്ള കാരണം നമ്മുടെ ഒക്കെ പ്രതീക്ഷയ്ക്കും അപ്പുറം ഒരു വില്ലൻ കഥാപാത്രം സിനിമയിൽ നായകനായി മാറുന്നത് കാണുന്നത് കൊണ്ടും ആകാം.സിനിമയുടെ സാമ്പ്രദായിക ഘടനയിൽ എത്ര മാത്രം acceptable ആണ് അതെന്നു നോക്കേണ്ടി വരും. സുഹൃത്തുക്കളോടും കാമുകിയോടും ഉള്ള ഇഷ്ടം അല്ലാതെ വേറെ ഒരു നന്മയും ഇല്ലാത്തത്ര മോശമായ ഒരു കഥാപാത്രം ആണ് വിൻസന്റ് കസേലിന്റെ യാൻ അഥവാ ഡോബർമാൻ എന്ന കഥാപാത്രം.അവസാന രംഗങ്ങൾ ഒക്കെ ഒരു തരം hallucination ഉണ്ടായത് പോലെ തോന്നും കാണുമ്പോൾ.


  ആക്ഷൻ സിനിമകളുടെ ആരാധകൻ ആണെങ്കിൽ, ഒരു പക്ഷെ അൽപ്പം വ്യത്യസ്തമായി, വലിയ കഥ ഒന്നും ഇല്ലാത്ത, ഒരു ദിവസം നടക്കുന്ന സംഭവങ്ങളുടെ കോമിക് ബുക്കിൽ വായിക്കുന്ന കഥയുടെ കാല്പനികതയോടെ ഒരു ചിത്രം കാണണം എന്ന് തോന്നുന്നെങ്കിൽ കണ്ടു നോക്കൂ. 

Anyways, am impressed!!


 ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക്  ടെലിഗ്രാമിൽ @mhviews എന്നു സെർച്ച് ചെയ്യുമ്പോൾ ലഭ്യമാണ്.

Sunday, 4 October 2020

1287. American Murder: The Family Next Door.(English, 2020)

 1287. American Murder: The Family Next Door.(English, 2020)

        Documentary, Crime

One wrote on Twitter: "Takes a lot to bring me to tears. But the last 15 mins of this has broken me. I actually shed a few tears and not an emotional guy, but this got me.."

A second said: "I'm sick to my stomach over this Netflix documentary 'American Murder: The Family Next Door."

(Courtesy:Daily Record)




  Netflix Canada യിൽ ഒന്നാം സ്ഥാനത്തു ആണ് ഇപ്പോൾ American Murder: The Family Next Door. ഈ ഡോക്യുമെന്ററിയെ കുറിച്ചു പൊതുവെ Netflix ൽ ഇറങ്ങിയ ഏറ്റവും disturbing ആയ ഡോക്യുമെന്ററി എന്നാണ് പ്രേക്ഷകർ ഭൂരിഭാഗവും വിലയിരുത്തുന്നത്.എന്താകും അതിനു കാരണം എന്ന് നോക്കാം.

  ഗർഭിണിയായ ഒരു സ്ത്രീയും അവരുടെ രണ്ടു പെണ്കുട്ടികളെയും കാണാതായ സംഭവത്തിന്റെ ദുരൂഹതകൾ എന്നാണ് Netflix ഈ ഡോക്യുമെന്ററിയെ കുറിച്ചു synopsis നൽകിയത്.എന്നാൽ അതിനും അപ്പുറം ആയിരുന്നു ഈ ഡോക്യുമെന്ററി. അമേരിക്കയിലെ കോളറാഡോയിൽ നടന്ന ഈ സംഭവം അമീപിക്കായിലെ സമൂഹ മനസാക്ഷിയെ മൊത്തം ഞെട്ടിച്ച ഒന്നായിരുന്നു.
 
  ഷനോൻ എന്ന സ്ത്രീയും അവരുടെ മക്കളും ദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷരായി.വീടിനു പുറത്തേക്കു അവർ പോയതിന്റെ ഒരു സൂചനയും ഇല്ലായിരുന്നു.ജോലി സംബന്ധമായി ദൂരെ ആയിരുന്ന ഭർത്താവ് വന്നപ്പോഴേക്കും ഷനോന്റെ സുഹൃത്തു അവർക്ക് എന്തെങ്കിലും സംഭവിച്ചിരിക്കും എന്നു കരുതി പോലീസിൽ അറിയിക്കുകയും അവർ അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു.ഓർക്കണം, ഒറ്റ തെളിവ് പോലും ഇല്ലാത്ത കേസ് ആയിരുന്നു ഇതു.

  എന്നാൽ നാലാം ദിവസം പ്രതിയെ കണ്ടു പിടിക്കുമ്പോൾ അമേരിക്കൻ ജനതയിൽ മൊത്തം ഒരു ഞെട്ടൽ ആണ് ഈ സംഭവത്തെ കുറിച്ചു ഉണ്ടായത്.അത്രയ്ക്കും disturbing ആയിരുന്നു ഈ കേസിലെ ദുരൂഹത മാറിയപ്പോൾ ഉണ്ടായത്.അതിന്റെ നാൾ വഴിയിലൂടെ ആണ് ഈ ഡോക്യുമെന്ററി സഞ്ചരിക്കുന്നത്.

  The Watts Tapes എന്ന Spotify യിലെ പോഡ്കാസ്റ്റ് വഴി ആണ് ആദ്യമായി ഈ കേസിനെ കുറിച്ചു ഞാൻ കേൾക്കുന്നത്.അതു കൊണ്ടു തന്നെ ആ സംഭവം ഡോക്യുമെന്ററി ആയി വന്നപ്പോൾ കാണാൻ ഉള്ള ത്വര സ്വാഭാവികം ആയും ഉണ്ടായി.പോലീസ് അന്ന് കേസ് അന്വേഷണ സമയത്തു റെക്കോർഡ് ചെയ്ത വീഡിയോകൾ, സി സി ടി വി ദൃശ്യങ്ങൾ,ഷാനോന്റെ ഫേസ്ബുക്, ഫോണ് മെസേജുകൾ എല്ലാം അന്നത്തെ സംഭവങ്ങൾ ചിത്രീകരിക്കാൻ ആയി ഉപയോഗിച്ചിട്ടുണ്ട്.

  ഈ സംഭവങ്ങളിലേക്കു അന്നത്തെ തെളിവുകളിൽ കൂടി നോക്കുമ്പോൾ ശരിയാണ് , ആദ്യം പറഞ്ഞ പോലെ നല്ല disturbing ആണ്.സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി പലപ്പൊഴും ചെയ്യുന്ന കാര്യങ്ങൾ മനുഷ്യനെ മൃഗം ആക്കി മാറ്റാറുണ്ട്.ഒരു പക്ഷെ അൽപ്പ സമയത്തെ ചിന്താ കുഴപ്പം ആയിരിക്കാം വലിയ ഒരു ക്രൈമിലേക്കു പോകുന്നത്.ക്രിമിനൽ വാസന ഇല്ല എന്നു കരുതുന്ന ഒരാളെ പോലും അങ്ങനെ ആക്കി മാറ്റാൻ സാധിയ്ക്കും.

  അപ്പോഴും ചിന്തിക്കുക.നമ്മൾ എന്താണ്?നമ്മൾ എന്തിനു വേണ്ടി ആണ് നിലകൊള്ളുന്നത്?ജീവിതത്തിലെ priority കൾ എന്താണ്?ഇത്തരം ഒരു retrospection ഒരു പക്ഷെ ഇത്തരത്തിൽ ഉള്ള പ്രവൃത്തികളിൽ നിന്ന് മനുഷ്യനെ രക്ഷിക്കാൻ കഴിയും എന്ന് തന്നെ വിശ്വസിക്കുന്നു.

  തീർച്ചയായും കാണേണ്ട ഡോക്യുമെന്ററികളിൽ ഒന്നാണ് American Murder: The Family Next Door.

Netflix ൽ ലഭ്യമാണ്.


         

1286. The Social Dilemma (English,2020)

 1286. The Social Dilemma (English,2020)

          Documentary



  "The Social Dilemma യെ കുറിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റ് ഇടുന്ന അത്ര കോമഡി വേറെ ഇല്ല എന്നാണ് തോന്നുന്നത്"



  നമ്മൾ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സോഷ്യൽ നെറ്റ്‌വർക്കുകൾ എങ്ങനെ നമ്മളെ നിയന്ത്രിക്കുന്നു, എങ്ങനെ അവരുടെ കച്ചവട താല്പര്യങ്ങൾക്കായി ഉപയോഗിക്കുന്നു എന്നത് ആണ് ഈ ഡോക്യുമെന്ററി ഈ സത്യങ്ങൾ ഒക്കെ മനസ്സിലാക്കി ഇത്തരം സോഷ്യൽ നെറ്റ്‌വർക്കുകളിൽ തുടക്ക കാലത്തു ഇതിനെല്ലാം ചുക്കാൻ പിടിച്ച ആളുകളുടെ തുറന്നു പറച്ചിലുകളും, വിദഗ്ധരുടെ അഭിപ്രായങ്ങളും ആയി ആണ് മുന്നോട് പോകുന്നത്‌.



  ആദ്യം ഫേസ്ബുക് നമ്മളെ ശ്രദ്ധിക്കുന്നു എന്നു പേഴ്സണലി  തോന്നിയത്‌ നമ്മൾ ഗൂഗിളിൽ സെർച്ച് ചെയ്തതിനു ശേഷം ഫേസ്‌ബുക്കിൽ അതേ കാര്യങ്ങൾ പരസ്യമായി വന്നു കണ്ടപ്പോൾ ആണ്.ഉദാഹരണമായി പറഞ്ഞാൽ, പല പ്രോഡക്റ്റുകളും അങ്ങനെ ഓണ്ലൈന് ആയി വാങ്ങാനായി കാണും.പക്ഷെ ആ സമയത്തു ആവശ്യം ഉള്ള കാര്യമായത് കൊണ്ട് സഹായകരമായി തോന്നി.പിന്നീട് ഫോണിൽ ഏതെങ്കിലും ഒരു പ്രോഡക്റ്റിനെ കുറിച്ചു സുഹൃത്തുക്കളോടൊ സഹോദരനോടൊ സംസാരിച്ചു കഴിയുമ്പോൾ അതേ കാര്യത്തെ കുറിച്ചു പരസ്യങ്ങൾ കാണാൻ തുടങ്ങി.


  കൂടുതൽ നേരവും വെറ്റിലയിൽ ചുണ്ണാമ്പ് തേയ്ക്കുന്ന പോലെ മൊബൈൽ സ്‌ക്രീനിൽ വിരല് വച്ചു പ്രവർത്തിപ്പിക്കുന്ന എന്നെ സംബന്ധിച്ചു അതൊക്കെ നോർമൽ ആയി മാറി.എന്റെ മാത്രം അല്ല.നമ്മളിൽ ഭൂരിഭാഗം പേരുടെയും അവസ്ഥ അതായിരിക്കണം.സിനിമ ഇഷ്ട വിഷയം ആയതു കൊണ്ടു ആകണം, സുഹൃത്തുക്കൾ മുതൽ വീഡിയോ സജഷൻ വരെ അതിനെ സംബന്ധിച്ചു ആണ്.എന്നെ സംബന്ധിച്ചു അതം ഒരു ബോണസ് ആണ്.


  പക്ഷെ The Social Dilemma കണ്ടപ്പോൾ തോന്നിയത്‌ ഇങ്ങനെ ഒക്കെ ബോണസ് ആയി കാര്യങ്ങൾ കൈ വെള്ളയിൽ ഉണ്ടെന്നു കരുതിയ എന്നെ ഞെട്ടിച്ച കാര്യങ്ങൾ ആയിരുന്നു.പ്രത്യേകിച്ചു AI യുടെ പ്രവർത്തന രീതി ഒക്കെ.സുക്കസർബര്ഗ് AI നല്ല കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാം എന്നൊക്കെ പേഴ്സയുന്നുണ്ടെങ്കിലും ക്ളൈമാക്സിൽ വിദഗ്ധർ അതു എത്ര മാത്രം പ്രായോഗികം ആകും എന്നതിനെ കുറിച്ചു ആശങ്കകൾ പങ്കു വയ്ക്കുന്നുണ്ട്.


  വാട്സ്ആപ് കേശവൻ അമ്മാവനെ പോലെ ഫേസ്ബുക് പ്രവർത്തിച്ച കുറെ ഏറെ കാര്യങ്ങൾ ഉണ്ട്. Pizzagate Conspiracy Theory , Flat Earth Conspiracy Theory തുടങ്ങി വാക്‌സിൻ വിരുദ്ധർ, രാഷ്ട്രീയ propoganda തുടങ്ങി ധാരാളം സംഭവങ്ങളിൽ ഒരു കേശവൻ അമ്മാവൻ ആയി ആളുകളെ തെറ്റിദ്ധാരണകൾ പറഞ്ഞു പഠിപ്പിച്ച എത്രയോ സംഭവങ്ങൾ.ഈ ഡോക്യുമെന്ററി അവതരിപ്പിച്ചിരിക്കുന്നത് ഒരു ചെറിയ സിനിമ രൂപത്തിൽ കൂടി ആണ്.ചർച്ച ചെയ്യുന്ന കാര്യങ്ങളുടെ സിനിമാവിഷ്‌ക്കാരം കൂടി കാണാൻ കഴിയും.വെറുതെ ടെക്നിക്കൽ കാര്യങ്ങൾ പറഞ്ഞു പോകുന്നത് അല്ലാതെ നമ്മുടെ എല്ലാം ജീവിതത്തിൽ പ്രായോഗികമായി എങ്ങനെ ഇതെല്ലാം സ്വാധീനിക്കുന്നു എന്നു കാണാൻ കഴിയും.


 സോംബികളെ പോലെ നമ്മളെ എല്ലാം മാറ്റിയെടുക്കാൻ കഴിഞ്ഞതിന്റെ ബയോളജിക്കൽ ആയ കാര്യങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട് ഇതിൽ.വെറുതെ പറഞ്ഞു പോകുന്ന കാര്യങ്ങൾ അല്ല ഇതൊന്നും.ഈ വിഷയങ്ങൾ ആയി നല്ല അറിവ് ഉള്ള ആളുകൾ അവരുടെ ആശങ്കകൾ ആണ് പങ്കു വയ്ക്കുന്നത്.പലരും ഈ ടെക്‌നോളജി ഒക്കെ നിര്മിച്ചവരും ആണ്.


 ഇതു കണ്ടു കഴിഞ്ഞു എഴുതി എങ്കിലും ഇതിനെല്ലാം വിപരീതമായി പ്രവർത്തിക്കാൻ എനിക്ക് തന്നെ കഴിയുമോ എന്നു പോലും സംശയമാണ്.ഇല്ല.കഴിയില്ല!!ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ആയി മാറിയിട്ടുണ്ട് ഒപ്പം ഉള്ള devices എല്ലാം.ഇതെല്ലാം വാങ്ങിക്കൂട്ടുമ്പോൾ, അറിഞ്ഞു കൊണ്ട് അപകടത്തിൽ ചാടുക ആണെന്ന് മനസ്സിലാക്കുന്നുണ്ടെങ്കിലും നേരത്തെ പറഞ്ഞ പോലെ ജീവിതത്തിന്റെ ഭാഗം ആണ് ഇന്ന് എല്ലാം.


 ആദ്യം പറഞ്ഞ പോലെ വലിയ ഒരു തമാശ ആകും ഈ പോസ്റ്റ് ഫേസ്‌ബുക്കിൽ തന്നെ ഇടുമ്പോൾ.പിന്നെ ഒരു സമാധാനം ഉള്ളത് AI യെ നമ്മൾ മൈൻഡ് ചെയ്യാത്തത് കൊണ്ടു ഈ എഴുതി ഇടുന്നതൊന്നും അഞ്ചോ പത്തോ പേരിൽ കൂടുതൽ കാണുക പോലും ഇല്ല എന്നാണ്.AI യ്ക്ക് പോലും വേണ്ടാത്ത ആളായത് കൊണ്ടു തന്നെ, ആരെങ്കിലും കാണുക ആണ് കാണാൻ മറക്കല്ലേ എന്നു പറയാൻ ഉദ്ദേശിക്കുന്നു.പ്രത്യേകിച്ചു ഒരു കാര്യമുണ്ട് അതു ഈ ഡോക്യുമെന്ററി കണ്ട ഉടനെ ഫേസ്‌ബുക്ക് ഒക്കെ ഉപേക്ഷിക്കും എന്നല്ല, പകരം ഒരു മികച്ച ത്രില്ലർ ഡോക്യുമെന്ററി കാണാൻ ഉള്ള അവസരം എന്ന നിലയിൽ ആണ്.അതു കൊണ്ടു കാണാൻ ശ്രമിക്കുക..


Netflix ൽ ലഭ്യമാണ് ഡോക്യുമെന്ററി!!

Friday, 2 October 2020

1285. A Perfect Getaway(English, 2009)

 1285. A Perfect Getaway(English, 2009)

          Crime, Mystery




  ഹണിമൂൺ ആഘോഷിക്കാൻ ആയി പ്രകൃതി രമണീയമായ സ്ഥലത്തേക്ക് പോകുന്ന ദമ്പതികൾ.അവർ പോകുന്ന വഴിക്ക് കുറച്ചു പേരെ പരിചയപ്പെടുന്നു. ആ സമയത്താണ് ക്രൂരമായ രീതിയിൽ ദമ്പതികളെ കൊല്ലുന്ന കൊലപാതകികളെ കുറിച്ചുള്ള വാർത്തകൾ പുറത്തു വരുന്നത്.ഒരു പക്ഷെ ആ കൂട്ടത്തിൽ ആരെങ്കിലും ആയിരിക്കാം കൊലപാതകികൾ.പോലീസ് അന്വേഷണം നടത്തുന്നു.പരസ്പ്പരം ആർക്കും ആരെയും സംശയിക്കാവുന്ന അവസ്ഥ. കൊലപാതകികൾ ഇവരിൽ ആരെങ്കിലും ആണോ??

 


 2011 ൽ ആണ് ആദ്യമായി ഈ പടം കാണുന്നത്.ക്ളൈമാക്സിലേക്കു എത്തിയപ്പോൾ അന്ന് ഞെട്ടിപ്പോയിരുന്നു.അങ്ങനെ ഒരു കഥ ആയിരിക്കും എന്ന് തീരെ ഐഡിയ ഇല്ലായിരുന്നു.കഴിഞ്ഞ ദിവസം Amazon Prime ൽ suggestion ആയി കണ്ടപ്പോൾ ആണ് ഭാര്യയോട് സിനിമ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചത്.ഇല്ല എന്ന മറുപടി കേട്ടപ്പോൾ ഒന്നു കൂടി കണ്ടൂ.ക്ളൈമാക്‌സ് മാത്രം ഓർമ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ കാണുമ്പോഴും , സമാനമായ ധാരാളം സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും A Perfect Getaway യ്ക്ക് ഒരു ഫ്രഷ്നസ് ഉള്ളതായി തോന്നി.


  പ്രത്യേകിച്ചും മനോഹരമായ സ്ഥലങ്ങൾ, ഇടയ്ക്കു ഭീതി ഉണ്ടാക്കുന്ന കഥ എന്നിവ ഒക്കെ സിനിമയുടെ പോസിറ്റിവ് വശമാണ്.മികച്ച മിസ്റ്ററി/ത്രില്ലർ സിനിമകളിൽ ഉൾപ്പെടുത്താവുന്ന ചിത്രമാണ് ഇതു. Creepy ആയ ഒരു അന്തരീക്ഷം ആണ് സിനിമയ്ക്ക് നല്കിയിരിക്കുന്നതെങ്കിലും ഹവായി ദ്വീപുകളിലെ വശ്യമായ മനോഹാരിതയും കൂടി ചേരുമ്പോൾ പ്രേക്ഷകനെ സിനിമയുടെ മൂഡിലേക്കു എത്തി ചേർക്കാൻ എളുപ്പം കഴിയുന്നുണ്ട്. Zodiac അല്ലെങ്കിൽ Seven പോലെ ഉള്ള ചിത്രങ്ങൾ അല്ലാതെ പ്രേക്ഷകനെ പെട്ടെന്ന് ഞെട്ടിക്കുന്ന, cheap thrills എന്ന ഓമന പേരിൽ വിളിക്കുന്ന സസ്പെൻസുകൾ ഇല്ലേ? അത്തരത്തിൽ ഒരെണ്ണം നല്ല രീതിയിൽ വർക് ഔട്ട് ആയ ചിത്രമാണ്.


  സിനിമ ഇറങ്ങിയ സമയം മിക്സഡ് ആയ അഭിപ്രായങ്ങൾ കണ്ടിരുന്നു.പക്ഷെ അന്ന് പ്രമേയം വായിച്ചപ്പോൾ കാണാൻ തോന്നിയത് കൊണ്ടാണ് ചിത്രം കണ്ടത്.എന്തായാലും സിനിമ കാണാത്തവർ ഉണ്ടെങ്കിൽ കണ്ടു നോക്കിക്കൊള്ളു.ഇപ്പോഴത്തെ അവസ്ഥയിൽ മുകളിൽ പറഞ്ഞ cheap thrills എങ്കിലും ഉള്ള സിനിമ ആണെങ്കിൽ നന്നായി എന്ന അവസ്ഥ ആണ് പുതിയ സിനിനകൾ കാണുമ്പോൾ.


  ചിത്രം Amazon Prime ൽ ലഭ്യമാണ്.



ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് @mhviews എന്ന ടെലിഗ്രാം സെർച്ചിൽ ലഭ്യമാണ്.

Thursday, 1 October 2020

1284.Villains (English,2019)

 1284.Villains (English,2019)

         Horror, Comedy


  മിക്കിയും ജൂൾസും ഒരു കടയിൽ നിന്നും പണം മോഷ്ടിച്ചതിന് ശേഷം രക്ഷപ്പെടുകയാണ്.വിജനമായ ഒരു റോഡിലൂടെ സഞ്ചരിക്കുമ്പോൾ ആണ് വണ്ടിയിൽ ഉള്ള ഇന്ധനം തീർന്നൂ എന്നു മനസ്സിലാകുന്നത്.സഹായിക്കാൻ ആരുമില്ലാത്ത അവസ്ഥ.പോലീസ് ആണെങ്കിൽ അവരുടെ മോഷണം കാരണം അവരെക്കുറിച്ചു ഉള്ള അന്വേഷണവും തുടങ്ങി. ആ സമയമാണ് മരുഭൂമിയിലെ മരുപ്പച്ച എന്ന പോലെ ആണ് അവിടെ ഒരു വീട് കണ്ടത്.അവർ ചോദിക്കാനും പറയാനും ഒന്നും നിൽക്കാതെ വീടിന്റെ പൂട്ടു തകർത്തു അകത്തു കയറി.എന്നാൽ, മോഷ്ടാക്കൾ ആയ അവരെ അമ്പരപ്പിച്ചു കൊണ്ടുള്ള സംഭവങ്ങൾ ആണ് അവിടെ നടന്നത്.അവർ അവിടെ കണ്ടത് എന്തായിരുന്നു?അവരുടെ പിന്നീടുള്ള അനുഭവങ്ങൾ ആണ് Villains എന്ന സിനിമ അവതരിപ്പിക്കുന്നത്.



  സ്ഥിരം home intrusion സിനിമ എന്ന വിചാരത്തിൽ ആണ് സിനിമ കണ്ടു തുടങ്ങിയത്.സിനിമയുടെ പേരിൽ ഉള്ള വില്ലന്മാർ ഇവരാണെന്നും കരുതി.എന്നാൽ പ്രതീക്ഷകളെ മാറ്റി കൊണ്ടു സിനിമയുടെ സ്വഭാവം മാറുകയാണ് ചെയ്തത്.ഒരു സൈക്കോ ത്രില്ലർ ആയി സിനിമ മാറാൻ അധികം താമസമുണ്ടായില്ല.ജോർജ്, ഗ്ലോറിയ എന്നീ കഥാപാത്രങ്ങൾ ശരിക്കും വേറെ ഒരു ലോകത്തു ജീവിക്കുന്ന ആളുകളെ പോലെ ആണ് തോന്നിയത്.ശരിക്കും വെറുപ്പ് തോന്നുന്ന കഥാപാത്രങ്ങൾ.


  ശരിക്കും ഈ സിനിമ വില്ലന്മാരുടെ കഥയാണ്.ഒറ്റ അന്വേഷണം മാത്രമേ ഉള്ളൂ.വില്ലന്മാരിൽ നല്ല വില്ലൻ ചീത്ത വില്ലൻ എന്നൊന്നും ഇല്ലങ്കിലും ഇവിടെ ആരാണ് നന്മ ഉള്ള വില്ലൻ ,തിന്മ അധികം ഉള്ള വില്ലൻ എന്ന കണക്കെടുപ്പിൽ ആണ് കഥ പോകുന്നത്.


 Home Intrusion സിനിമകളിൽ അടുത്തു ഇറങ്ങിയതിൽ വച്ച് തരക്കേടില്ലാത്ത ചിത്രം ആണ് Villains.എനിക്ക് എന്തായാലും സിനിമ ഇഷ്ടമായി.


  Amazon Prime ൽ ചിത്രം ലഭ്യമാണ്.


ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക്  t.me/mhviews യിൽ ലഭ്യമാണ്.

1890. Door (Japanese, 1988)