Tuesday, 31 July 2018

911.BROS(KOREAN,2017)


911.The Bros(Korean,2017)
       Comedy/Mystery/Fantasy

പിതാവിന്റെ മരണത്തെ തുടർന്ന് ശവസംസ്‌കാര ചടങ്ങുകൾ നടത്തുന്നതിന്റെ ഭാഗം ആയി ഒത്തു ചേരുന്ന സഹോദരങ്ങൾ.അവിടെ വച്ചു അവർ അജ്ഞതയായ ഒരാളെ പരിചയപ്പെടുന്നു.ആ ദിവസങ്ങളിൽ ഒന്നിൽ അവർ അവരുടെ പിതാവിനെ കുറിച്ചു ചില രഹസ്യങ്ങൾ മനസ്സിലാകുന്നു.എവിടെയോ കേട്ട കഥ പോലെ തോന്നുന്നില്ലേ?ബ്രിട്ടീഷ് സിനിമയായ 2007 ൽ റിലീസ് ചെയ്ത " Death At A Funeral",പിന്നീട് അതിന്റെ അമേരിക്കൻ പതിപ്പ് ആയി 2010 ലും വന്നിരുന്നു.ഈ സിനിമകൾ കണ്ടവർക്ക് പരിചിതമായ പ്ലോട്ട്!!

  "The Bros" കാണുമ്പോഴും അങ്ങനെ ഒരു മുൻ വിധി പ്രേക്ഷകന് എന്ന നിലയിൽ ഉണ്ടായി.കൊറിയൻ പതിപ്പ് എന്ന ചിന്ത തന്നെ തെറ്റായിരുന്നു എന്നു മനസ്സിലായതും മെച്ചം!!ആദ്യ വരികളിൽ സൂചിപ്പിച്ചത് പോലെ ഒറ്റ വരിയിൽ കഥ വായിക്കാൻ ശ്രമിച്ചത് മാത്രം ആണ് പ്രശ്നം ആയതു.കോമഡിയിൽ ഊന്നിയുള്ള കഥ പറച്ചിൽ ആയിരുന്നു ചിത്രത്തിൽ ഉപയോഗിച്ചത്.മാ-ഡോംഗ്-സിയോക്,ലീ-ഡോംഗ്-ഹ്വീ എന്നിവർ ആണ് മരണപ്പെട്ട പിതാവിന്റെ സംസ്ക്കാര ചടങ്ങിനു എത്തിയ മക്കൾ ആയി വേഷമിട്ടത്.പരസ്പ്പരം ദേഷ്യം ഉള്ള സഹോദരങ്ങൾ ആയി ഇരുവരും തകർത്തു അഭിനയിച്ചു.

    2 പേർക്കും വ്യക്തമായ ചില സ്വകാര്യ ഉദ്ദേശങ്ങൾ കൂടി ആ യാത്രയിൽ ഉണ്ടായിരുന്നു."കൻഫയൂഷനിസം" പിന്തുടരുന്ന അവരുടെ കുടുംബത്തിലെ പഴക്കം ഏറിയ ആചാരങ്ങൾ കൂടി ചേരുമ്പോൾ കഥ കൂടുതൽ രസകരം ആകുന്നു.എന്നാൽ പിന്നീട് അവസാനം അടുക്കുമ്പോൾ ആകെ ചിത്രത്തിന്റെ മൂഡ് മാറുന്നു.അതു വരെ അവതരിപ്പിച്ച കഥയിൽ നിന്നും ഭിന്നമായ രഹസ്യങ്ങൾ അവതരിപ്പിക്കപ്പെടുന്നു.കൊറിയൻ സിനിമയുടെ മുഖ മുദ്രയായ പല ഘടകങ്ങളും  പിന്നീടുള്ള ചിത്രത്തിൽ കാണാം.ഫാന്റസിയുടെ പിൻബലം കൂടി ആകുമ്പോൾ പ്രതീക്ഷിച്ച ഒരു കഥ അല്ല പ്രേക്ഷകന് കണ്ടു തീർക്കുന്നത്.കഥാസാരത്തിൽ നിന്നും ഉള്ള മുൻ വിധികൾ എത്ര മാത്രം തെറ്റാണ് എന്നു അവസാനം മനസ്സിലായി.അവസാന ഒരു 20 മിനിറ്റ് "മികച്ചത്" എന്നു മാത്രമേ പറയാൻ സാധിക്കൂ.അത്ര മാത്രം നന്നായിരുന്നു.പ്രത്യേകിച്ചും ഫ്‌ളാഷ് ബാക് ഒക്കെ.മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു ചിത്രത്തിനു തിയറ്ററിൽ നിന്നും ലഭിച്ചത്.മാ-ഡോംഗ്-സിയോക്കിന്റെ ആരാധകർക്ക് അദ്ദേഹത്തിന്റെ മുഴുനീള കോമഡി റോൾ ഇഷ്ടം ആകും എന്നു കരുതുന്നു.ചിത്രം കാണാൻ ശ്രമിക്കുക!!

910.UNCLE(MALAYALAM,2018)


910.Uncle(Malayalam,2018)

"അങ്കിളിന്റെ ഒപ്പം ദൂരം കൂടിയ യാത്ര".

    സാമൂഹിക പ്രസക്തി ഉള്ള ഒരു വിഷയവും ആയിട്ടാണ് ജോയ് മാത്യു ഇത്തവണ 'അങ്കിൾ' എന്ന ചിത്രം അവതരിപ്പിച്ചത്.സ്ഥിരം,പ്രായത്തിന് ചേരുന്ന കഥാപാത്രങ്ങൾ അല്ല മമ്മൂട്ടി എന്ന നടൻ ചെയ്യുന്നത് എന്ന വിമർശകരുടെ മാനിച്ചു എന്നു തോന്നി പോയി ഇതിലെ കെ.കെ എന്ന കഥാപാത്രം കണ്ടപ്പോൾ.എന്നാൽ ചിത്രത്തിന്റെ കഥയ്ക്ക് ആവശ്യമുള്ള തരത്തിൽ ആ കഥാപാത്രത്തെ പ്രേക്ഷകനിൽ രജിസ്റ്റർ ചെയ്യാൻ ഉള്ള ശ്രമം കാരണം മമ്മൂട്ടി എന്നത്തേയും പോലെ സുന്ദരമുഖനായി തന്നെ കാണപ്പെട്ടു.ഈ ചിത്രത്തിൽ അതിനെ കുറ്റം പറയാനും സാധിക്കില്ല.കാരണം ആ കഥാപാത്രം അങ്ങനെ തന്നെ ആകണമായിരുന്നു.പഴയ 'കുട്ടേട്ടൻ' കഥാപാത്രം പ്രായം ആകുന്ന പോലെ ഒന്നു.

   ഇവിടെ കെ കെ ഒരു യാത്രയിൽ ആണ്.സുഹൃത്തിന്റെ മകളുമായി.ആ യാത്ര തുടങ്ങാൻ ഉള്ള സംഭവങ്ങളിൽ നിന്നും ആണ് ചിത്രം തുടങ്ങുന്നത്.സുഹൃത്തു ആണ് മകളുടെ ഒപ്പമെങ്കിലും പെണ്കുട്ടിയുടെ അച്ഛന് ആകെ സന്തുഷ്ടൻ ആയിരുന്നില്ല ആ യാത്രയിൽ.അതിനു കാരണം ആയ സംഭവങ്ങൾ ഒക്കെ അവതരിപ്പിച്ചു കെ കെ എന്ന കഥാപാത്രത്തെ പ്രേക്ഷകനിൽ രെജിസ്റ്റർ ചെയ്യാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.നല്ല കാര്യം.പക്ഷെ സിനിമ നല്ല വിരസമായ രംഗങ്ങളിലൂടെ ആണ് കുറെ ഏറെ പോയത്.ഒരു പക്ഷെ ആ യാത്രയുടെ ദൈർഘ്യം അതേ പോലെ പ്രേക്ഷകനിൽ തോന്നിയിരിക്കാം.

  ഇവിടെയും കഥയാണ് വില്ലൻ ആയതു.ഷൊർട് ഫിലിമിനു ഉള്ള കഥ നീട്ടി വലിച്ചത് പോലെ തോന്നി.അവസാന ഒരു 20 മിനിറ്റിലേക്കു എത്താൻ വേണ്ടി ഉള്ള പ്രയാണം ആയിരുന്നു ആ നീണ്ട യാത്ര.സാമൂഹികമായി വളരെ ഉയർന്ന നിലവാരത്തിൽ ഉള്ളവർ എന്നു വിശ്വസിക്കുന്ന മലയാളികളുടെ മോശം സ്വഭാവങ്ങളിൽ ഒന്നിനെ നല്ലതു പോലെ അവസാനം വിമർശിച്ചിട്ടുണ്ട് ജോയ് മാത്യു.മുത്തുമണിയുടെ കഥാപാത്രം അതിൽ സമർഥമായി ഉപയോഗിച്ചു.

ഒരു ത്രില്ലർ എന്ന നിലയിൽ അവതരിപ്പിക്കാൻ ശ്രമിച്ചു എങ്കിലും 'മുന്നറിയിപ്പ്' ഒക്കെ നൽകിയ ഒരു 'image breaking' മമ്മൂട്ടിയുടെ കഥാപാത്രത്തിന് നൽകാത്തത് കൊണ്ടു തന്നെ predictable ആയിരുന്നു സിനിമ.അതു കൊണ്ടു തന്നെ ആ ത്രില്ലിംഗ് എക്സ്പീരിയൻസ് ഒന്നും പ്രേക്ഷകന് ലഭിച്ചെന്ന് തോന്നുന്നില്ല.ആ ഒരു കാരണം കൊണ്ട് കഥാപാത്രത്തിന് അനുയോജ്യനായ നടൻ മമ്മൂട്ടി അല്ല എന്ന് പോലും തോന്നി പോകും. മലയാളത്തിലെ മികച്ച ത്രില്ലർ ചിത്രങ്ങളിൽ ഒന്നായ 'ഷട്ടർ' അവതരിപ്പിച്ച ജോയ് മാത്യു എന്ന കലാകാരനിൽ നിന്നും ഇതിലും ഏറെ പ്രതീക്ഷിച്ചിരുന്നു എന്നതായിരുന്നു സത്യം.ഒരു പ്രേക്ഷകന് എന്ന നിലയിൽ മികച്ച ഒരു സിനിമ എക്സ്പീരിയൻസ് ഒന്നും തന്നില്ലെങ്കിലും ശരാശരി സിനിമ ആയി ആണ് 'അങ്കിൾ' തോന്നിയത്.

Sunday, 22 July 2018

909.SUPER TROOPERS 2 (ENGLISH,2018)


909.Super Troopers 2 (English,2018)
     

Super Troopers 2 ഇറങ്ങുന്നതിന് മുന്നേ ധാരാളം rumors ഉണ്ടായിരുന്നു.പ്രധാനമായും ആദ്യ ഭാഗത്തിന്റെ prequel ആണെന്നുള്ള വാർത്തകൾ ആയിരുന്നു.ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളുടെ പിതാക്കന്മാരുടെ കഥ ആയിരിക്കും എന്നുള്ള വാർത്തകൾ ശക്തം ആയപ്പോൾ ജയും കൂട്ടരും അതു തള്ളി കളഞ്ഞിരുന്നു.2012 മുതൽ ചിത്രം സ്‌ക്രിപ്റ്റ് പൂർത്തി ആയെന്നു കേട്ടിരുന്നു.പക്ഷെ ചിത്രം നിർമിക്കാൻ ആവശ്യമായ പണം ക്രൗഡ് ഫണ്ടിങ്ങിലൂടെ ഒപ്പിക്കാൻ ആയിരുന്നു അവരുടെ ശ്രമം.അതിൽ അവർ വിജയിക്കുകയും ചെയ്തു.അവസാനം 2018 ൽ ചിത്രം റിലീസ് ആയി.

   ഇത്തവണ Super Troopers പുതിയ ഒരു ദൗത്യത്തിൽ ആണ്.'Fred Savage' സംഭവത്തിനു ശേഷം (അതിനെക്കുറിച്ചു അവസാനം കാണിക്കുന്നുണ്ട്) trooper ആയുള്ള ജോലി നഷ്ടപ്പെട്ട അവരെല്ലാം construction ജോലികളിൽ ആണ്.ആ സമയത്താണ് അമേരിക്കയുടെ കുറച്ചു സ്ഥലം കാനഡയുടെ കീഴിൽ ആണെന്നും അതു അമേരിക്കയുടേത് ആയി മാറ്റുന്നതിന്റെ ഭാഗം ആയുള്ള താൽക്കാലിക സംവിധാനത്തിന് നേതൃത്വം നൽകാൻ അവർ ഇപ്പോൾ കാനഡയുടെ കീഴിൽ ഉള്ള Vermont എന്ന ചെറിയ ടൗണിലേക്ക് തിരിക്കുന്നു.

 കാനഡ അമേരിക്കയുടെ 51 ആം സംസ്ഥാനം ആണെന്ന് പറഞ്ഞു കളിയാക്കുന്നത് മുതൽ ഉണ്ട് അമേരിക്കൻ-കനേഡിയൻ വാക് യുദ്ധങ്ങൾ.പഴയ ചിത്രമായ Canadian Bacon രസകരമായി ഈ സംഭവങ്ങളെ അവതരിപ്പിച്ചിരുന്നു.അമേരിക്കയും കാനഡയും തമ്മിൽ ഉള്ള ചെറിയ വ്യത്യാസങ്ങൾ ,അവയെ പർവതീകരിച്ചു ഹാസ്യവും കൂടി ചേർത്തു ആണ് Canadian Bacon അവതരിപ്പിച്ചിരുന്നത്.അതിന്റെ പുതുമയേറിയ version എന്നു വിളിക്കാം ഇത്തവണ Super Troopers 2 നെ.രാഷ്ട്രീയവും സാമൂഹികവുമായ വ്യത്യാസങ്ങൾ എല്ലാം പ്രതിപാദിച്ചിട്ടുണ്ട് ഉണ്ട്.ഒരു മയവും ഇല്ലാതെ അമേരിക്കൻ-കനേഡിയൻ ക്ളീഷേകളെ എല്ലാം പരിഹസിച്ചു പോയിട്ടും ഉണ്ട്.

 രണ്ടാം ഭാഗം റിലീസ് ചെയ്ത ആദ്യ നാളുകളിൽ ഉള്ള കളക്ഷൻ സിനിമയെ സാമ്പത്തികമായി രക്ഷപ്പെടുത്തിയെങ്കിലും മോശം അഭിപ്രായം ധാരാളം ഉയർന്നിരുന്നു.പക്ഷെ ആദ്യ ഭാഗത്തിന്റെ വിജയം അതു പിന്നീട് ആർജിച്ചത് ആയിരുന്നു.Home Video വേർഷനുകൾ ഇറങ്ങുമ്പോൾ ചരിത്രം ആവർത്തിക്കാൻ സാധ്യതയുണ്ട്.സങ്കീർണമായ കഥ ഒന്നും ഇല്ലാതെ,ഒരു സ്കിറ്റ് പോലെ ആളുകളെ രസിപ്പിക്കുന്ന ,target audience നു വേണ്ടത് നൽകാൻ Broken Lizard ടീമിന് ഇത്തവണയും കഴിഞ്ഞിട്ടുണ്ട് എന്നാണ് ചിത്രം കണ്ടതിനു ശേഷം തോന്നിയത്.എന്തായാലും വിശ്രമവേളകൾ ആനന്ദകരമാക്കാൻ വേണ്ടി കാണാം..!!

908.SUPER TROOPERS(ENGLISH,2001)


908.Super Troopers(English,2001)
        Mystery/Comedy

"Broken Lizard" നെ കുറിച്ചു കേട്ടിരിക്കും.കോളേജിലെ ഏതാനും സുഹൃത്തുക്കൾ ചേർന്നു തുടങ്ങിയ ചെറിയ കോമഡി ഗ്യാങ്,അവർ ചെയ്തിരുന്ന sketch comedy കളിൽ നിന്നും മാറി വലിയ സ്‌ക്രീനിൽ അവതരിപ്പിക്കപ്പെടുമ്പോൾ BL സ്വന്തമായ ഒരു പേര് കോമഡി ഷോകളിൽ ഉണ്ടാക്കി എടുത്തിരുന്നു.ഇന്ത്യൻ വംശജൻ ആയ 'ജയ് ചന്ദ്രശേഖർ' നേതൃത്വം നൽകുന്ന ഈ കോമഡി ഗ്രൂപ്,രസകരമായ ,അമേരിക്കൻ രീതിയിൽ ഉള്ള മസാല നിറഞ്ഞ കോമഡികളിലൂടെ പിന്നീട് ധാരാളം സിനിമകളുടെ ഭാഗവും ആയി.

  അവരുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രം ആയിരുന്നു "Super Troopers".ജയ് സംവിധാനം ചെയ്തു അഭിനയിക്കുകയും ,ബ്രോക്കൻ ലീസാർഡ്  തന്നെ കഥയെഴുത്തുകയും ചെയ്ത സിനിമയിൽ കെവിൻ,സ്റ്റിവ്,പോൾ,എറിക് എന്നീ ബ്രോക്കൻ ലീസാർഡ് അംഗങ്ങൾ തന്നെ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.പ്രധാനമായും സ്വയം typical ഇന്ത്യൻ കഥാപാത്രമായി സിനിമകളിൽ വേഷം ഇടാൻ താൽപ്പര്യം ഇല്ലാത്തതു കൊണ്ടു തന്നെ തനിക്കു കൂടുതൽ പരിചിതമായ അമേരിക്കൻ ജീവിത രീതികളെ മുന്നിൽ കണ്ടു കൊണ്ടു സർക്കാസം രീതിയിൽ ആണ് ജയ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ജയ് അവതരിപ്പിക്കുന്ന കഥാപാത്രം 'Arcot "Thorny" Ramathorn' പേരും രൂപവും കൊണ്ടു അൽപ്പമെങ്കിലും ഇന്ത്യൻ ഛായ തോന്നിയാൽ പോലും കഥാപാത്ര അവതരണം അമേരിക്കൻ ആണ്.

   വളരെ സാധാരണമായ ഒരു കഥയാണ് ' Super Troopers' നു ഉള്ളത്.ഹൈവേ പട്രോൾ വിഭാഗത്തെ ചിലവ് ചുരുക്കലിന്റെ ഭാഗമായി മേയർ പിരിച്ചു വിടാൻ ഒരുങ്ങുമ്പോൾ തങ്ങൾക്കും നിയമ പാലനത്തിൽ പ്രാധാന്യം ഉണ്ടെന്നു തെളിയിക്കാൻ ശ്രമിക്കുന്ന ഒരു പറ്റം ഹൈവേ പട്രോൾ പൊലീസിലെ അംഗങ്ങളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.എന്നാൽ അവരുടെ വഴി എളുപ്പം അല്ലായിരുന്നു.കാരണം അവിടത്തെ ലോക്കൽ പൊലീസ്.ഹൈവേ പട്രോൾ ടീമിനെ പിരിച്ചു വിട്ടാൽ അവർക്ക് വേണ്ടി ചിലവാക്കുന്ന പണം കൂടി പോലീസ് വിഭാഗത്തിന് ലഭിക്കും എന്ന ധാരണയിൽ ആയിരുന്നു അവർ.

   ബ്രയാൻ കോക്‌സ് അവതരിപ്പിക്കുന്ന ഹൈവേ പട്രോൾ മേധാവിയുടെ നേതൃത്വത്തിൽ അവർ തങ്ങളുടെ പ്രാധാന്യം കാണിക്കുവാൻ ശ്രമിക്കുമ്പോൾ ആണ് ഒരു യുവതിയുടെ ജഡം ദുരൂഹമായ സാഹചര്യത്തിൽ ലഭിക്കുന്നത്.കേസിന്റെ പിന്നാലെ പോലീസും ഹൈവേ പട്രോൾ ടീമും അന്വേഷണം ആരംഭിക്കുന്നു.തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങൾ ആണ് ചിത്രം.

 മിസ്റ്ററി/കോമഡി ഴോൻറെയിൽ ഉള്ള ഈ ചിത്രത്തിൽ പ്രാധാന്യം കോമഡിക്കു തന്നെയാണ്.അമേരിക്കൻ Verbal കോമഡി ആണ് മുഖ്യമായും ചിത്രത്തിൽ ഉള്ളത്.BL ന്റെ ചിത്രങ്ങളിൽ എല്ലാം പരക്കെ ഉപയോഗിച്ചിരിക്കുന്ന രീതിയും അതാണ്.ചിത്രം റിലീസ് ആയപ്പോൾ വലിയ വിജയം ആയില്ലെങ്കിലും പിന്നീട് cult status നേടിയിരുന്നു..അതാണ് വർഷങ്ങൾക്കു ശേഷം Super Troopers 2 ,2018 ൽ റിലീസ് ചെയ്തത്!!

Thursday, 5 July 2018

907.A GENTLEMAN(HINDI,2017)



907.A Gentleman(Hindi,2017)

  ഫോക്‌സ് സ്റ്റുഡിയോ നിർമിച്ച ബിഗ് ബജറ്റ് സിനിമ എന്നൊക്കെ കേട്ടപ്പോ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു..പിന്നെ റിലീസ് ആയപ്പോ പടം വൻ ബജറ്റ് കാരണം ഫ്ലോപ്പ് എന്നൊക്കെ കേട്ടിരുന്നു.ലേശം കൗതുകം കൂടുതൽ ആയതു കൊണ്ട് സിനിമ കണ്ടു.

  'Old wine in a new bottle' എന്നു പറയാം കഥ.ഡീസന്റ് ആയ യുവാവ്.അയാൾക്ക്‌ പ്രണയം.പ്രണയിക്കുന്ന പെണ്കുട്ടിക്ക് അൽപ്പം കൂടി ജീവിതത്തിൽ 'കൂൾ' attitude ഉള്ള ആളെ വേണം.പക്ഷെ യഥാർത്ഥത്തിൽ ആ യുവാവ് അങ്ങനെ ആയിരുന്നോ??ഇതാണ് കഥ.അയ്യോ!!എത്ര കേട്ടിരിക്കുന്നു അല്ലെ??

  കഥ ഒക്കെ പ്രശ്നം അല്ലെങ്കിൽ രണ്ടര മണിക്കൂർ മൊത്തം ആക്ഷൻ,കോമഡി,പാട്ടു ഒക്കെ ആയി ഒരു നല്ല ടൈം പാസ് സിനിമ ആണ് 'A Gentleman'.സിദ്ധാർഥ് ഇത്തരം റോൾ ഒക്കെ കൊള്ളാം.ആളോട് പോയി ദരിദ്ര കർഷകന്റെ റോൾ ചെയ്യാൻ പറയരുത് എന്നു മാത്രം അതു ചെയ്യാൻ പണി അറിയുന്ന ആളുകൾ ഉണ്ട് ജാക്വ്‌ലിൻ കൊള്ളാമായിരുന്നു.അലമ്പാക്കിയില്ല.


Entertainment!!!Again Entertainment and Again!!
 അതാണ് ഈ സിനിമ.സീരിയസ് ആയൊരു സിനിമ കാണാൻ പോകുന്നവർ തല വയ്ക്കാതെ ഇരിക്കുന്നതാകും നല്ലതു.കാരണം ഇൻഡ്യയിൽ നിന്നും അമേരിക്കയിലേക്ക് കയറാൻ ഇത്ര എളുപ്പം ആണെന്ന് ഇതിലൂടെ മനസ്സിലാക്കിയവർ ലോജിക്കിനെ ഒക്കെ പഴിക്കും പക്ഷെ ബോർ അടിക്കാതെ ഒരു സിനിമ കണ്ട സംതൃപ്തി ഉണ്ട്.അതു ധാരാളം!!

906.GULEBAGHAVALI(TAMIL,2018)


906.Gulebaghavali(Tamil,2018)

Rakesh Manoharan:
ഗുലേബഗവാലി

  പ്രത്യേകിച്ചു ഒരു കഥ ഒന്നും ഇല്ലാത്ത സിനിമ.പേരിനു ഒരു നായകനും നായികയും.പ്രഭുദേവയും ഹൻസികയും.എന്നാൽ സിനിമയുടെ എല്ലാമെല്ലാം ആകുന്നതു രേവതി ആണ്.മാസ് ഇൻട്രോ മുതൽ സിനിമയുടെ അവസാനം വരെ വളരെ എനർജെറ്റിക് ആയ രേവതിയെ കാണാം.

ഒരു ചെറിയ മോഷണ കഥ.കുറെ അധികം വില്ലന്മാർ.അതിൽ പകുതി മുക്കാൽ ആളുകളും മണ്ടന്മാർ.പലപ്പോഴും സിനിമ പ്രഭുദേവ നായകൻ ആയിരുന്ന സമയത്തെ സിനിമകളുടെ അതേ രീതി പിന്തുടരുന്നതായി തോന്നി.സ്ലിം ആയി വന്ന ഹൻസിക എന്നത്തേയും പോലെ അലങ്കാരം മാത്രം ആയി നിന്നു.മൊട്ട രാജേന്ദ്രന്റെ ഗുണ്ടയെ മണ്ടൻ വേഷം ഒക്കെ വലിയ ഒരു തമാശ ചിത്രത്തിലെ പോലെ അല്ലെങ്കിലും ഇടയ്ക്കിടെ രസിപ്പിച്ചു

 ഭിന്നാഭിപ്രായങ്ങൾ ധാരാളം വരുന്ന ചിത്രമാണ് ഗുലേബഗവാലി.തീരെ ഇഷ്ടപ്പെടാത്തവർ ധാരാളം ഉണ്ടാകും.എന്നാൽ എനിക്ക് സിനിമ ഒരു ടൈം പാസ് ആയിരുന്നു.വലിയ പ്രതീക്ഷകൾ ഇല്ലാതെ ഒരു ചുമ്മാ സിനിമ ആണ് പ്രതീക്ഷിച്ചിരുന്നതും.പക്ഷെ രേവതിയുടെ മാഷാ എന്ന കഥാപാത്രം ചിരിപ്പിച്ചു.സിനിമയുടെ അവസാന ഒരു അര മണിക്കൂറും നന്നായിരുന്നു.കുറച്ചു സമയം വെറുതെ കയ്യിൽ ഉള്ളവർക്ക് കാണാം...

905.ULKUTHU(TAMIL,2017)



905.Ulkuthu(Tamil,2017)
ഉൾകുത്തു

 കാർത്തിക് രാജു സംവിധാനം ചെയ്ത ഉൾകുത്തു കാണാൻ ഒരേ ഒരു കാരണം 'അട്ടകത്തി' ദിനേശ് ആണ്.പണ്ട് അട്ടകത്തി കണ്ടതോടെ പുള്ളിയുടെ സിനിമ എല്ലാം കാണാൻ ശ്രമിക്കുമായിരുന്നു.ഇതു വരെ കാണാത്തത് ഏറ്റവും നല്ല അഭിപ്രായം ലഭിച്ച 'കുക്കു' ആണ്. 😢😢😢😢

  ഇനി ഉൾകുത്തിലേക്ക്..കഥയെ കുറിച്ചു ഒന്നും അറിയാതെ കണ്ടു തുടങ്ങി.കുറച്ചു കഴിഞ്ഞപ്പോ സ്ഥലം നല്ല പരിചയം.4 വർഷം പഠിച്ച നാഗര്കോവിലും ചുറ്റുവട്ടവും.കോളേജിന്റെ അടുത്തുള്ള 'മുട്ടം' ആണ് കഥ നടക്കുന്ന സ്ഥലമായി കാണിച്ചിരിക്കുന്നത്.

കഥ എന്നു പറഞ്ഞാൽ പഴയ പ്രതികാര കഥ.അതു പുതിയ കുപ്പിയിൽ.പുതിയ കുപ്പി കുഴപ്പമില്ലായിരുന്നു.അത്യാവശ്യം ട്വിസ്റ്റും,പ്ലാൻ ചെയ്തു ഉള്ള പ്രതികാരവും ഒക്കെ കുഴപ്പമാണ് തോന്നിയില്ല.വലുതായി മുഴച്ചു നിന്ന ഒരു പ്രശ്നം,വലിയ സൈസ് ഉള്ള വില്ലന്മാരെ ഒക്കെ മാസ് ഹീറോയായി അടിച്ചിടുന്ന ദിനേഷിന്റെ ശരീര പ്രകൃതി ആയിരുന്നു.ഇത്തരത്തിൽ ഉള്ള ചില നടന്മാർ ചെയ്യുന്ന പോലെ സ്റ്റൂൾ ഉപയോഗിച്ചോ അല്ലെങ്കിൽ വലിയ ഹീൽ ഉള്ള ബൂട്‌സ് ഉപയോഗിച്ചോ എഡിറ്റിങ് /ക്യാമറ വിദ്യകൾ ഉപയോഗിച്ചോ അഡ്ജസ്റ്റ് ചെയ്യാമായിരുന്നു.

  എന്നാലും വിജയ് സേതുപതിയുടെ ഒക്കെ പോലെ ഉള്ള സിനിമ അല്ല കാണുന്നത് എന്ന ബോധം പിന്നീട് ഉണ്ടായി.സ്ഥിരം തമിഴ് കൊമേർഷ്യൽ സിനിമ..ചുമ്മാതെ ഇരുന്നോ നിന്നോ കാണാം.വലിയ നഷ്ടം ഒന്നുമില്ല.. മൊബൈലിലോ ടി വിയിലോ ലാപ്പിലോ അല്ലെ!!

904.VELAIKKARAN(TAMIL,2017)


904.Velaikkaran(Tamil,2017)
ഇന്ത്യൻ സിനിമയിലെ രാഷ്ട്രീയത്തിന് അതിഭാവുകത്വം ഏറെ ഉണ്ടെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.അതേ.സിനിമയ്ക്കും ഒരു രാഷ്ട്രീയം ഉണ്ട്.അതു ആളുകളിൽ എത്തുമ്പോൾ വ്യാപകമായി സ്വീകരിക്കപ്പെടണം.ഏറ്റവും എളുപ്പ വഴി.ആളുകളിൽ സമത്വം വിഭാവനം ചെയ്യുന്ന കമ്യൂണിസം ആണ്.സിനിമകൾ ഏറെയും ആ ഒരു പാറ്റേർനിൽ ആണ് രാഷ്ട്രീയം പറയുന്നതും.

  നായകന്മാർക്കു വലിയ സ്ക്കോപ് ഉണ്ട് അത്തരം സിനിമകൾക്കു.കുത്തക മുതലാളിമാർക്ക് എതിരെ ആഞ്ഞടിച്ച വേലക്കാരൻ അത്തരത്തിൽ ഒന്നായിരുന്നു.ശിവ കാർത്തികേയന് ഹീറോയിക് പരിവേഷത്തിനു മാറ്റ് കൂട്ടുന്ന എല്ലാം ഉണ്ടായിരുന്നു സിനിമയിൽ.എന്നാൽ തുല്യ പ്രാധാന്യത്തിൽ വന്ന വില്ലൻ ഇടയ്ക്കൊക്കെ SK യെ പുറകിലാക്കിയത് പോലെ ആയി.പ്രത്യേകിച്ചും ക്ളൈമാക്സിനു മുന്നേ.ഫഹദ് ഡബ് ചെയ്തു വൃത്തിക്കേട് ആക്കിയില്ല എന്നു മാത്രമല്ല,തന്റെ സിഗ്നേച്ചർ വേഷമായ മാനേജർ രൂപത്തിൽ നന്നായി.

  എന്നാൽ മൊത്തത്തിൽ സിനിമ മുന്നോട്ടു വച്ച ഉട്ടോപ്യൻ ആശയം ഒക്കെ സിനിമയിൽ മാത്രം ഒതുങ്ങും.അവിശ്വസനീയം ആയ ധാരാളം രംഗങ്ങൾ.ഒരാൾ ഭക്ഷണം കഴിച്ചു രോഗം വരുത്താൻ ശ്രമിക്കുന്നു.മുതലാളിമാർ എല്ലാം കമ്പനി എഴുതി കൊടുക്കാൻ തയാറാകുന്നു എന്നു വേണ്ട സ്വപ്നത്തിൽ കാണാൻ മാത്രം കഴിയുന്ന ആശയങ്ങൾ,സംഭവങ്ങൾ.

 നയൻതാര ഈ അടുത്തു ചെയ്തതിൽ ഒരു പ്രാധാന്യവും ഇല്ലാത്ത വേഷം.SK യുടെ ഉയർന്ന താരമൂല്യം,തമിഴ് സിനിമാക്കാർക്ക് ഇടയിൽ പുതുതായി വന്ന അവസരത്തിൽ ഉള്ള രാഷ്ട്രീയ മോഹം ഒക്കെ ഇതിനോട് കൂട്ടി വായിക്കാം.പ്രത്യേകിച്ചു ഒന്നും ഇല്ലാതെ,ചുമ്മാ കണ്ടു കൊണ്ടിരിക്കാവുന്ന ചിത്രം.'അമ്മ-അപ്പ പാശം,നാട്ടുകാരോടുള്ള പ്രതിബദ്ധത,അർധ രാത്രി ഒരുമിച്ചു ലൈറ്റ് ഇട്ടു സപ്പോട്ട കൊടുക്കുക..ജസ്റ്റ് തമിഴ് സിനിമ തിങ്‌സ്!!


903.DIWANJIMOOLA GRAND PRIX(MALAYALAM,2018)


903.Diwanjimoola Grand Prix(Malayalam,2018)


"എന്തിനോ വേണ്ടി തിളച്ച സാമ്പാർ"...

 വെറും ക്ളീഷേ ആയി മാറിയ ഡയലോഗ് ആണിത്..അതിനെക്കാളും ക്ളീഷേ കഥയും,തീരെ നിലവാരം ഇല്ലാത്ത അവതരണവും."ദിവാൻജി മൂല ഗ്രാൻഡ് പ്രിക്‌സ്" ഇതിന്റെ അപ്പുറം ഒന്നുമായി തോന്നിയില്ല...

  സിനിമയിലെ അൽപ്പമെങ്കിലും രസമുള്ളത് പഴയ സിനിമകളിലെ ചില കഥാപാത്രങ്ങളെ വീണ്ടും അവതരിപ്പിച്ചു എന്നതായിരുന്നു.പക്ഷെ ആ കൗതുകത്തിനും അപ്പുറമുള്ള പ്രാധാന്യം ഒന്നും അവരിൽ ഭൂരിഭാഗത്തിനും ഇല്ലായിരുന്നു.സാജൻ ജോസഫ് ആലുക്ക(കസ്തൂരിമാൻ) ആയിരിക്കാം ഇതിലെ കളക്ടർ കഥാപാത്രം എന്നു കരുതുന്നു.അതാണ് ഭൂരിഭാഗം എന്നു പറഞ്ഞത്.

സ്പോർട്സ് പ്രമേയം ആകുന്ന ചിത്രങ്ങളുടെ സ്ഥിരം ഫോർമാറ്റിനോട് ഒരു പരിഭവവും ഇല്ല..സ്പോർട്സ് സിനിമകൾ ഇഷ്ടവും ആണ്.എന്നാൽ ഇവിടെ അതേ രീതിയിൽ കഥ അവതരിപ്പിക്കുകയും,എന്നാൽ ഒരു രീതിയിൽ പോലും അത്തരം സിനിമകളിൽ നിന്നും ലഭിക്കുന്ന എനർജി ഒന്നും എവിടെയും കണ്ടില്ല.ഇതിന്റെ മുന്നില്  ദിലീപിന്റെ 'സ്പീഡ് ട്രാക്' ഒക്കെ ഇതിഹാസ സിനിമ ആണ്..

ഇതിന്റെ സംവിധായകൻ അനിൽ ആണ് ഏറ്റവും ശ്രദ്ധേയം...കുഞ്ചാക്കോ ബോബൻ കൂറ സ്ക്രിപ്റ്റുകൾ തിരഞ്ഞെടുക്കുന്നതിൽ മലയാളത്തിലെ മെഗാ സ്റ്റാറിന്റെ ഒപ്പം മത്സരം ആണ് എന്നുള്ള കരക്കമ്പി പലപ്പോഴും സത്യമാകാറുണ്ട്.പക്ഷെ 24 നോർത്ത് കാതം ഒക്കെ ചെയ്ത ഒരാളിൽ നിന്നും ഇതു പ്രതീക്ഷിച്ചില്ല..അഭിനയിച്ചവർ മോശമാക്കി എന്നല്ല,അവതരണം മൊത്തത്തിൽ പാളി പോയ ഒരു സംരംഭം ആണ് ദിവാൻജി..

   'കലക്റ്റർ ബ്രോ ' എഴുതിയ തിരക്കഥ ഒക്കെ നല്ല രസമായിരുന്നു..സിനിമ കണ്ടു നിരൂപിക്കുന്ന പോലെ എളുപ്പമല്ല സിനിമയ്ക്ക് എഴുതുന്ന പണി എന്നു എല്ലാവർക്കും കാണിച്ചു കൊടുത്തു കൊണ്ടു മുന്നേറി അദ്ദേഹം.നാട് നന്നാക്കാൻ വരുന്ന കലക്റ്റർ,വാട്ട് മെമ്പർ,ബൈക്ക് റേസിംഗിലൂടെ ആളുകളെ ഒന്നിപ്പിച്ചു സമാധാനം കൊണ്ടു വരാൻ ശ്രമിക്കുന്നു.ഇതിന്റെ ഇടയിൽ കഥയും കഥാപാത്രങ്ങളും ഒന്നും വികസിക്കുന്നതായി എങ്ങും കാണുന്നുമില്ല..

തിയറ്ററിൽ കണ്ടവർക്കും സമാന അനുഭവം ആണെന്ന് വിശ്വസിക്കുന്നു..സ്പോർട്സ് സിനിമകളിലെ ഏറ്റവും interesting ആയ ക്ളൈമാക്‌സ് സീനിൽ 2 പ്രാവശ്യം ഉറങ്ങി പോയി..റിവൈൻഡ് അടിച്ചു മൂന്നാമത്തെ ചാൻസിൽ ആണ് കണ്ടു തീർത്തത്..അത്രയ്ക്കും ബോർ ആയിരുന്നു പടം...'ഗൂഡാലോചന' ഒക്കെ എന്തു ഭേദം!!!

902.SKETCH(TAMIL,2018)


902.Sketch(Tamil,2018)
Rakesh Manoharan:
ഒരു ആക്ഷൻ ചിത്രം എങ്ങനെ എടുക്കരുത് എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം ആണ് "സ്കെച്ച്".കഥയിൽ പുതുമ ഒന്നും ഇല്ല എന്നത് ഒരു വലിയ കുറവായി കാണണ്ട.അവസാന ട്വിസ്റ്റ് മുൻപ്  സിനിമകളിൽ കണ്ടതാണെങ്കിലും,അൽപ്പം കൂടി ആ ഭാഗത്തിന് ഒക്കെ പ്രാധാന്യം കൊടുക്കാമായിരുന്നു എന്നു തോന്നി.

ഒരു ഗുണ്ടയുടെ പ്രണയം.അതിനു ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും ഒക്കെ പാട്ടിന്റെ ആവശ്യം ഉണ്ടായിരുന്നോ??തിയറ്ററിൽ സിനിമ കണ്ടവരുടെ വിരലുകൾ മൊബൈലിലേക്ക് പോയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.സ്കെച്ചിന്റെ പഞ്ച ഡയലോഗ് ചിലപ്പോഴൊക്കെ സ്വയം കളിയാക്കുന്ന പോലെ തോന്നിയെങ്കിലും സ്കെച്ച് ചെയ്യുന്ന രീതി ഒക്കെ നന്നായിട്ടുണ്ട്.തമെന്നയുടെ കഥാപാത്രത്തിന് കൊടുത്ത സ്‌പേസ് കുറച്ചു കൂടി പോയി.സിനിമയുടെ ഒഴുക്കിനെ നന്നായി ബാധിച്ചു.കാശ് കുറെ വാങ്ങിച്ചിട്ടും ബാഹുബലി 2ൽ കുറച്ചു അഭിനയിച്ചതിന്റെ പശ്ചാത്താപം ആണെന്ന് തോന്നുന്നു ഈ റോൾ.

 അന്യൻ ഒക്കെ ഇറങ്ങിക്കഴിഞ്ഞ സമയത്തു ഇതു പോലത്തെ ഒക്കെ റോൾ ചെയ്തു മാസ് ഹീറോ എന്ന ലേബലിൽ ആകാൻ അന്നേ ശ്രമിച്ചിരുന്നെങ്കിൽ ചിയാന്റെ സിനിമകൾക്കു ഇപ്പൊ ഉള്ള ഗതി വരില്ലായിരുന്നു.

ചിത്രം പലതും പറയാൻ ശ്രമിച്ചു.മാസിൽ തുടങ്ങി പിന്നെ പ്രണയം വന്നൂ..അവസാനം സന്ദേശവും.മൂന്നും കൊമേർഷ്യൽ സിനിമകളിലെ പഴകിയ ചേരുവകൾ ആണെങ്കിലുംത അതു ശരിയായ രീതിയിൽ അവതരിപ്പിക്കാൻ സംവിധായകനും കൂട്ടരും പരാജയപ്പെട്ടൂ.അവസാനം വെറുതെ ഇരുന്നു കണ്ടു,മറക്കാൻ മാത്രം ഗും ഉള്ള ഒരു ചിയാൻ ചിത്രം കൂടി റിലീസ് ആയി..

എന്നാൽ മികച്ച സിനിമകളിൽ ഇനിയും ചിയാൻ വരുമെന്ന പ്രതീക്ഷയോടെ!!



901.ORAYIRAM KINAKKALAL(MALAYALAM,2018)



901.Orayiram Kinakkalal(Malayalam,2018)

Rakesh Manoharan:
മാർക്കറ്റിങ്ങിന് ഇത്ര വിലയുള്ള സമയത്തു സ്വന്തം പ്രൊഡക്റ്റിനോട് ഒരു ബഹുമാനമോ വിശ്വാസമോ ഇല്ലാത്ത ആളുകൾ ഉണ്ടാക്കിയ സിനിമ ആണ് 'ഒരായിരം കിനാക്കൾ'.കാരണം ഡി വി ഡി റിലീസ് ആയ സമയത്തു ഏറെ കണ്ട ഒരു ചോദ്യമാണ് "ഇതെന്തു സിനിമ"? എന്നു .മുട്ടിനു മുട്ട് ട്വിസ്റ്റ് വേണം എന്ന് കരുതുന്ന മലയാളിയുടെ പുതിയ സിനിമ ചിന്തയുടെ ഒപ്പം ആണ് സിനിമയും പോകുന്നത്.

പണം ആവശ്യമില്ലാത്ത ആളുകൾ കാണില്ലല്ലോ.അതു പോലെ പണം ആവശ്യം ഉള്ളവരുടെ ജീവിതത്തിൽ എത്തി ചേരുന്ന അവസരവും അതു പല വിധത്തിൽ ഉള്ള പ്രശ്നങ്ങളിലേക്ക് മാറുന്നതും ആണ് സിനിമയുടെ ഇതിവൃത്തം.ഒറ്റ രാത്രിയിലെ സംഭവങ്ങൾ ആണ് സിനിമയുടെ പ്രധാന കഥാ തന്തു.

തരക്കേടില്ലാത്ത രീതിയിൽ തന്നെ അവതരിപ്പിച്ച സിനിമ കുഴപ്പമില്ലാത്ത ഒരു entertainer ആണ്.കലാഭവൻ ഷാജോണിന്റെ ഷാജഹാൻ എന്ന പൊലീസ് കഥാപാത്രം ആകും മറ്റുള്ളവരിൽ നിന്നും ശ്രദ്ധേയം ആകുന്നത്.പക്കാ പോലീസ് ഫ്രോഡിൽ നിന്നും അയാൾക്ക്‌ ഉണ്ടാകുന്ന transition നന്നായിരുന്നു.എല്ലാവരും തെറ്റിദ്ധരിക്കുന്ന കഥാപാത്രത്തിൽ നിന്നും അവസരത്തിന് അനുസരിച്ചു മാറുന്ന ആളായും പിന്നീട് ഉള്ള ഭാഗങ്ങളും.റോഷൻ മറയുവിന്റെ കഥാപാത്രം ഭയങ്കര വെറുപ്പ് വാങ്ങി പിടിക്കുന്ന ഒന്നാണ്.സ്പോർട്സ് ഭ്രാന്തൻ ആയ സായ് കുമാറിന്റെ ലാലാജി പിന്നീട് ലാലേട്ടൻ ആകുന്നതും ഒക്കെ രസമുണ്ടായിരുന്നു.

  മികച്ച മലയാള സിനിമ അല്ലായിരുന്നു "ഒരായിരം കിനാക്കൾ".പക്ഷെ മോശവും അല്ല.ആവറേജ് വിജയം എങ്കിലും നേടേണ്ടിയിരുന്ന ഒന്നാണ്..

900.VIKADAKUMARAN(MALAYALAM,2018)

 
900.Vikadakumaran(Malayalam,2018)

വികടകുമാരൻ
പ്രത്യേകം ലോജിക് ഒന്നും നോക്കാതെ ഇരുന്ന് കണ്ടാൽ നോസ്റ്റാള്ജിക് ആയ കുറെ തമാശകൾ ഒക്കെ ഉള്ള സിനിമ.ത്രിൽ/ട്വിസ്റ്റ് ക്ളൈമാക്‌സ് പോലും ചിരിപ്പിച്ചു.വിഷ്ണു ഉണ്ണി കൃഷ്ണൻ നല്ല പൊസിറ്റിവ് സ്‌ക്രീൻ പ്രസൻസ് ആയിരുന്നു.ധര്മജനും അതു പോലെ.

   ഒരു മിസ്റ്ററി/സസ്പെൻസ് ത്രില്ലർ ഒന്നുമല്ലായിരിക്കും ബോബൻ സാമൂവലും കൂട്ടരും ഉദ്ദേശിച്ചതെന്നു തോന്നുന്നു.മുൻ ചിത്രങ്ങളിൽ ഒന്നായ 'റോമൻസ്' പോലെ അണിയിച്ചൊരുക്കാൻ ആകും ബോബൻ-രാജേഷ് ടീം ശ്രമിച്ചത്.എന്തായാലും ചിത്രത്തെ കുറിച്ചു ഒരു ഏകദേശ ധാരണ ഉണ്ടായിരുന്നു.അതു കൊണ്ടു നിരാശപ്പെടുത്തിയില്ല.ഇതു സ്വന്തം അഭിപ്രായം മാത്രമാണ്.മോശം അഭിപ്രായങ്ങളും കണ്ടിരുന്നു.

  ജിനുവിന്റെ വില്ലൻ വേഷത്തിനോട് ദേഷ്യം തോന്നി.പക്ഷെ സിനിമയുടെ നന്മയ്ക്കു വേണ്ടി ആണല്ലോ എല്ലാം എന്നു കരുതി ആശ്വസിച്ചു.വിഷ്ണു ഉണ്ണി കൃഷ്ണൻ ഇതു പോലത്തെ സിനിമകൾ ചെയ്യുന്നതാണ് രസം.കുറച്ചു നന്മ ഒക്കെ ഉള്ള കൊമെഡിയൻ നായകൻ.'കട്ടപ്പനയിലെ ഹൃതിക് റോഷൻ' ഒക്കെ പോലെ. 

  മലയാള സിനിമയിൽ നടക്കുന്ന വലിയ മാറ്റങ്ങൾക്കിടയിൽ രണ്ടു രണ്ടര മണിക്കൂർ ഉള്ള ഇത്തരം സിനിമകളോട് ഒരു അയിത്തവും ഇല്ല.നല്ല ടൈം പാസ് ആണ് ഈ ചിത്രവും..

899.LAVA KUSA(MALAYALAM,2017)



   899.Lava Kusa (Malayalam,2017)
യാതൊരു പ്രതീക്ഷയും ഇല്ലാതെ ആണ് കണ്ടു തുടങ്ങിയത്.ശരിക്കും,കാണാൻ ഒരാഗ്രഹവും ഇല്ലാതിരുന്നിട്ടും ചുമ്മാ ഒരു സിനിമ കാണാം എന്നു കരുതി ആണ് കണ്ടത്.ചുമ്മാ ഇരുന്നു കണ്ടു സിനിമ തീർന്നൂ.ലോജിക്  ഒന്നും ആലോചിക്കാതെ,വെറുതെ ഇരുന്നു കാണാൻ പറ്റിയ ഒരു സിനിമ.

  സിനിമയിലെ ട്വിസ്റ്റോ,പ്ലോട്ടോ,ലോജിക്കില്ലായ്മയോ ഒന്നും വിഷയം ആയി തോന്നിയില്ല.Funky songs,bgm,പിന്നെ ചിത്രത്തിന്റെ മൊത്തത്തിൽ ഉള്ള pleasant മൂഡ് ഒക്കെ ഒരു ഘടകം ആയിരുന്നിരിക്കാം മോശം അഭിപ്രായം ഉണ്ടാകാത്തതിനു കാരണം.തിയറ്റർ കാഴ്ച ഒന്നും എന്തായാലും സിനിമ അർഹിക്കുന്നില്ല.പഴ തൊലിയിൽ തെന്നി വീഴുന്ന തരത്തിൽ ഉള്ള കോമഡികൾ,നല്ല ഡാൻസർ ആയ നീരജിന് മനസ്സു തുറന്നു ഡാൻസ് ചെയ്യാൻ കിട്ടിയ അവസരം.അജു,ബിജു,ദീപ്തി,മേജർ ഒക്കെ അതിന്റെ ഭാഗം ആയെന്നു മാത്രം.

  ബാലരമയിലെ കുറ്റാന്വേഷണ കഥ പോലെ ഒക്കെ ആയിരുന്നു കഥ.ബ്രില്യൻസ് ഇല്ല,വലിയ അന്താരാഷ്ട്ര പ്രശ്നം ഉണ്ടാക്കുന്ന കഥ ഇല്ല,പാട്ടില്ല.ബി ജി എം ഒക്കെ പലപ്പോഴും നേരത്തെ കേട്ടത് പോലെയും തോന്നി.പക്ഷെ പറഞ്ഞു വരുമ്പോൾ എന്താ..കൾട്ടും അല്ല,മികച്ച ചിത്രവും അല്ലാത്ത ഒരു കൊച്ചു സിനിമ ആണ് 'ലവകുശ.'

898.ACHAYANS(MALYALAM,2017)


898.Achayans(Malayalam,2017)


കണ്ണൻ താമരക്കുളം എന്ന സംവിധായകൻ സംവിധാനം പഠിച്ചു പഠിച്ചു ബെറ്റർ ആയി വരുന്നെന്നു തോന്നിപ്പിക്കുന്ന ചിത്രമാണ് അച്ചയാൻസ്... പേര് പറയാൻ പോലും കൊള്ളാത്ത ആദ്യ പടത്തിൽ നിന്നും ആടുപുലിയാട്ടം എന്ന സിനിമയിലേക്ക് എത്തിയ 'അഗ്രികൾച്ചർ സ്റ്റാർ'-താമരക്കുളം കൂട്ടുക്കെട്ടിന്റെ സിനിമ ആദ്യം കണ്ടപ്പോ വധം ആയി തോന്നിയെങ്കിലും ആകസ്മികമായി 2 പ്രാവശ്യം കല്യാണ വണ്ടിയിൽ ഇതിന്റെ ഡി വി ഡി കാണേണ്ട അവസ്ഥ വന്നപ്പോൾ കുറേക്കൂടി ഇഷ്ടമായി...ഇനിയും കണ്ടാൽ ഒരു പക്ഷെ കട്ട ഫാൻ ആയി പോകുമോ എന്നു കരുതി കണ്ടില്ല...(ആടിന്റെ കാര്യത്തിൽ ഇതു സംഭവിച്ചതാണ്)

   അച്ചയാൻസ് ഒരു പടി കൂടി കടന്നു ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടമായി...ക്ളൈമാക്‌സ് ആകാറാകുമ്പോ ഇരുന്നു ഉറങ്ങി പോകുന്നത് കൊണ്ടും എവിടെ വരെ കണ്ടൂ എന്നു ഓർമ ഇല്ലാത്തതു കൊണ്ടും ഹോട്ടലിൽ എല്ലാവരും എത്തുന്നത് കഴിഞ്ഞുള്ള ഭാഗങ്ങൾ ഒരു 4 ദിവസം എങ്കിലും കണ്ടു കാണും...

  ക്ളൈമാക്‌സ് ഇത്രയ്ക്കും അവസാനം വരെ നീട്ടി പ്രേക്ഷകനെ മുൾമുനയിൽ നിർത്തിയത് അഭിനന്ദനാര്ഹം ആണ്...കണ്ണേട്ടനിൽ ഉള്ള സ്പാർക്ക് ആളി കത്തിയിട്ടുണ്ട്..മലയാളത്തിലെ സദാചാര വാദികളെ നൈസ് ആയി വെല്ലുവിളിച്ചു ഒരു ലെബനീസ് ചിത്രം എടുക്കുകയും ജയറാം സാറിനു പോലും അതു മനസ്സിലാകാതെ അവതരിപ്പിക്കാൻ കഴിഞ്ഞെന്നും ആണ് വിശ്വാസം..

 ലംബോധര ശങ്കര പാടി വരുന്ന പ്രകാശ് രാജ് കേസ് അന്വേഷണത്തിൽ ഉപയോഗിച്ച നൂതനമായ റിസോർട്ട് ട്രിക്ക്,മാണിപ്പുലേഷൻ ഓഫ് പ്രതി തുടങ്ങിയ ബുദ്ധിപൂർവമായ നീക്കങ്ങൾക്ക് ശേഷം one-side ലവിനെ possessiveness  ആയി മൃദുലപ്പെടുത്തി പ്രേക്ഷകന് ചിന്തിക്കാൻ ഉള്ള ഇടം കൊടുക്കാത്തത് സേതു ബ്രില്യൻസ് കൂടി ആകാം...

  എന്തായാലും ഈ അടുത്തു വന്ന സംവിധായകരിൽ ഏറ്റവും അധികം വളർച്ച ഉണ്ടായ സംവിധായകൻ കണ്ണൻ താമരക്കുളം തന്നെയാണെന്ന് എവിടെയും പറയാൻ മടിയില്ല..എല്ലാവരും ആദ്യത്തെ രണ്ടു മൂന്നു സിനിമകളിൽ കഴിവ് തെളിയിച്ച കഴിഞ്ഞു ബോർ ആകുമ്പോൾ കണ്ണൻ താമരക്കുളം അത്ഭുതം ആണ് ഓരോ സിനിമ കഴിയുമ്പോഴും.. 6 അല്ലെങ്കിൽ 7 മത്തെ സിനിമയിൽ ജയറമേട്ടനും ഒരു 50 കോടി സിനിമ കൊണ്ടു വരാൻ സാധിക്കും എന്ന് തന്നെയാണ് വിശ്വാസം...അൽപ്പം കാത്തിരുന്നാൽ മലയാളത്തിലെ എണ്ണം പറഞ്ഞ കൂട്ടുക്കെട്ട് ആയി മാറുമെന്ന് മനസ്സു പറയുന്നു...

897.VELIPADINTE PUSTHAKAM(MALYALAM,2017)


897.Velipadinte Pusthakam(Malayalam,2017)


ലാൽ ജോസ് ഒരു തലമുറയോട് ചെയ്ത ഏറ്റവും വലിയ പാതകം ആണ് ക്ലാസ്മേറ്റ്‌സ് എന്ന ചിത്രം.യാഥാർഥ്യത്തോട് ഒരിക്കലും ഒത്തു ചേരാത്ത ചിത്രം.റീയൂണിയൻ ദിവസം കൊലപാതകം ഒക്കെ തട്ടിക്കൂട്ടിയ ചിത്രം അന്നത്തെ പ്രേക്ഷകരുടെ ആസ്വാദന ശേഷിയുടെ നിലവാരമില്ലായ്‌മ കാരണം വലിയ ഹിറ്റ് ആയി മാറി.എന്നാൽ ഏകദേശം 11 വർഷങ്ങൾക്കു ശേഷം അതിനുള്ള പ്രായശ്ചിത്തം ആയി വന്ന ക്യാംപസ് ചിത്രമാണ് വെളിച്ചപ്പാടിന്റെ പുസ്തകം.

 ഒരേ മുഖം,ഒരു മെക്സിക്കൻ അപാരത,ആനന്ദം തുടങ്ങി ധാരാളം ക്യാംപസ് ചിത്രങ്ങൾ അരങ്ങു വാഴ്ന്നു വന്ന മലയാളത്തിൽ വേറിട്ടു നിൽക്കുന്ന ഈ ചിത്രം.സ്ഥിരമായി മോഹൻലാലിനെ അനുകരിക്കുന്ന അനൂപ് മേനോനിൽ നിന്നും അനൂപ് മേനോൻ വലിയ രീതിയിൽ വളർന്നിരിക്കുന്നു.പലയിടത്തും വിശ്വനാകാൻ ഇടിക്കുള കഷ്ടപ്പെടുകയും ഉണ്ടായി.വിശ്വൻ സ്വഭാവികഥയോടെ മേനോന്റെ കയ്യിൽ ഭദ്രം ആയിരുന്നു

  ജിമിക്കി കമ്മൽ എന്ന പാട്ട് പലതരം അർത്ഥ  വിചിന്താനങ്ങൾക്ക് പിന്നീട് ഇരയായി തീർന്നെങ്കിലും ലക്ഷണമൊത്ത കേരള ക്യാംപസ് എന്ന ധാരണയോട് 200 ശതമാനം നീതി പാലിച്ചൂ.ലാലിന്റെ മൈക്കൽ ഇടിക്കുള പലപ്പോഴും ദേവദൂതനിലെ കഥാപാത്രത്തെ ഓര്മിപ്പിച്ചൂ.ക്ലൈമാക്സിൽ തല്ലിന് ശേഷം ഇരുന്ന മൈക്കിൾ പലപ്പോഴും കിരീടത്തിലെ സേതു മാധവനെയും ഓര്മിപ്പിച്ചൂ.

  മലയാളികളെ പലപ്പോഴും നോസ്റ്റാള്ജിയയിലേക്കു തള്ളി വിട്ട് ലാൽ ജോസ് മാജിക് തന്നെ ഉണ്ടായി.സലീം കുമാറിന്റെ തമാശകൾ അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളിൽ നിന്നും ഏറെ രസിപ്പിച്ചൂ.ഒരു സൈക്കോളജിക്കൽ ത്രില്ലർ ആയി എല്ലാവരെയും മുഷിപ്പിക്കുമായിരുന്ന ചിത്രം കേരളത്തിലെ ബുജികൾക്കു വേണ്ടി അല്ലാതെ സാധാരണക്കാർക്ക് വേണ്ടി മാത്രം എടുത്തതാണ് എന്നു നിസംശയം വാദിക്കാം.

  ക്രിസ്ത്യൻ സഹോദരന്മാർക്ക് വേണ്ടി ക്രിസ്ത്യാനിയോട് തന്നെ പോരാടിയ ഹിന്ദു സഹോദരൻ ആയ വിശ്വത്തിലൂടെ ഫാസിസ്റ്റ് സർക്കാരിന് ഉള്ള തിരിച്ചടി കൂടി നൽകുന്നുണ്ട്.ലിച്ചി ടീച്ചർ ആയി വന്നപ്പോൾ അടുത്ത ലേഡി സൂപ്പർ സ്റ്റാർ ആണെന്നുള്ള ചോദ്യത്തിനും ഉത്തരം കിട്ടി.സിനിമയ്ക്കുള്ളിലെ പ്രൊഡ്യൂസർ ആയി വന്ന വിജയ് ബാബു അഭിനേതാക്കളെ ഒക്കെ തിരഞ്ഞെടുക്കുന്ന രീതി ത്രസിപ്പിച്ചു

  സൈക്കോളജിക്കൽ/മിസ്റ്ററി/crime ചിത്രങ്ങളുടെ ആരാധകർക്കു ആശ്വാസം ആണീ സിനിമ.ഒരു സിനിമയിൽ പ്രധാനപ്പെട്ട സംഘട്ടന രംഗത്തു വെള്ളം തീർന്നു മഴ നിൽക്കുന്നതും,പിന്നീട് ട്വിസ്റ്റ് വെളിപ്പെടുമ്പോൾ മഴ പെയത്ത്‌ നടത്തിയതും സ്വാഭാവികതയുടെ ഉദാഹരങ്ങൾ ആണ്.

896.NJANDUKALUDE NAATTIL ORU IDAVELA(MALAYALAM,2017)


896.Njandukalude Naattil Oru Idavela(Malayalam,2017)


കാണാൻ വലിയ ആഗ്രഹം ഇല്ലാതെ കണ്ടു തുടങ്ങിയ സിനിമ ആയിരുന്നു 'ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള'.സെന്റി അടിപ്പിച്ചൂ കൊല്ലും എന്നൊരു പേടി ചിത്രം അഡ്രസ് ചെയ്യുന്ന അസുഖം കാരണം ഉണ്ടായിരുന്നു.

 പക്ഷെ നല്ല പോസിറ്റിവ് ആയി ആ വിഷയം ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.കാൻസർ എന്ന അസുഖത്തിന്റെ ഭീകരത അപ്പന്റെ പെങ്ങളും മൂത്ത മകനും മരിച്ച സമയം മനസ്സിലാക്കിയിട്ടുണ്ട്.അസുഖം ആണെന്നറിഞ്ഞു അൽപ്പ ദിവസത്തിനുള്ളിൽ മരണത്തിനു കീഴ്പ്പെടുക.മനസ്സിൽ യുവരാജ് സിംഗും,മംമ്തയും,ഇന്നസെന്റും പോലെ ഉള്ളവർ മുന്നിൽ പ്രത്യാശ ആയി നിൽക്കുമ്പോൾ ജിഷ്ണു ഒരു വേദന ആയും മാറി.

 പക്ഷെ പുത്തൻ ജീവിത രീതികൾ തുടങ്ങേണ്ട രീതിയിൽ കാനഡ എന്ന രാജ്യത്തു എത്തിയപ്പോൾ ആണ് ഈ അവസ്ഥ വന്നവർ ഓക്കെ അതിനെ എങ്ങനെ നേരിടുന്നു എന്നു കണ്ടത്.OMKV എന്നു ഞണ്ടിനു നേരെ ബോർഡ് എഴുതി വച്ചു സാധാരണ ഒരു പനി വല്ലതും വന്നത് പോലെ ജോലിയിൽ നിന്നും മാറി ഭേദമായി വരുന്ന സഹ പ്രവർത്തക യിവാൻ,ശരിക്കും അത്ഭുതപ്പെടുത്തി.എത്ര നിസാരം ആയാണ് അവർ ആ അവസ്ഥയെ കാണുന്നത് എന്നുള്ളത് ഒരു കൗതുകം ആയിരുന്നു.

 'ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള' യിവാനെ പോലെ ഉള്ള ഇവിടത്തെ ധാരാളം ആളുകളുടെ അത്ര പോസിറ്റിവ് അല്ലായിരുന്നു.കാരണം കുടുംബ ബന്ധുക്കളിൽ ആകുലത ഉള്ളവർ കൂടുതൽ ആയിരുന്നു.നിവിൻ പോളിയ്ക്ക് ചിത്രത്തിന്റ കൊമേർഷ്യൽ മുഖം ആയി മാറുക അല്ലാതെ പ്രത്യേകിച്ചു റോൾ ഒന്നും ഇല്ലായിരുന്നു.കയ്യടക്കത്തോടെ ,ഒന്നു പിഴച്ചാൽ കൈ വിട്ടു പോകുമായിരുന്ന കഥാപാത്രങ്ങളെ,നുറുങ്ങു തമാശകളിലൂടെ ഓക്കെ പോസിറ്റിവ് ഊർജം നൽകുന്ന ചിത്രം ആയി മാറ്റിയതിനു അല്താഫിന് ആണ്‌ ഫുൾ ക്രെഡിറ്റ്.  .

 ചിത്രത്തെ ഒതുക്കത്തോടെ അവതരിപ്പിച്ചതിലൂടെ ശാന്തി കൃഷ്ണ അവതരിപ്പിച്ച മുഖ്യ കഥാപാത്രം പോലും അധികം സ്ട്രെയിൻ എടുക്കേണ്ടി വന്നില്ല എന്നു തോന്നുന്നു.തിയറ്റർ വിജയ പരാജയങ്ങളിൽ ഒന്നും നോക്കാതെ വളരെയധികം ഒരു പ്രേക്ഷകന് എന്ന നിലയിൽ ചിത്രം അവസാനം സന്തോഷം ആണ് നൽകിയത്.

895.RANGASTHALAM(TELUGU,2018)

895.Rangasthalam(Telugu,2018)

Rakesh Manoharan:
രംഗസ്ഥലം

സിനിമ ഇറങ്ങിയ അന്ന് മുതൽ കേട്ട 'തള്ളൽ' ആയിരുന്നു രസം ചരൻ തേജിന് അഭിനയിക്കാൻ അറിയാം എന്നു.മഗധീര ഒഴികെ ഉള്ള സിനിമകൾ എല്ലാം തന്നെ അഭിനയ കുലപതി ആണെന്ന് ഉള്ള ഒരു ഫിലും ഉണ്ടാക്കി..

എന്നാൽ ഇന്ന് സിനിമ കണ്ടപ്പോൾ..ശരിക്കും ഞെട്ടി പോയി..മൂന്നു മണിക്കൂറോളം ഉള്ള ഒരു തെലുങ്കു സിനിമ..അതും RCT നായകൻ...കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്...ജോസഫ്സ്..കുട്ടിക്ക് അഭിനയിക്കാൻ അറിയാം എന്നായിരുന്നു..കഥ ഒക്കെ സ്ഥിരം ആയിരുന്നെങ്കിലും അതു ആസ്വാദ്യകരമായി എടുക്കാൻ സുകുമാറിനു കഴിഞ്ഞു..അതിന്റെ ഒപ്പം ചീത്ത പേരെല്ലാം മാറ്റി ഉള്ളിൽ കിടക്കുന്ന അഭിനയം എല്ലാം പുറത്തും കൊണ്ടു വന്നോടി..ചിട്ടി ബാബു എന്ന കഥാപാത്രം RCT യുടെ കരിയർ ബ്രെക്കിങ് തന്നെ ആണ്..അയാൾ ചില സീൻ ഒക്കെ ഗംഭീരം ആക്കി..പ്രത്യേകിച്ചും ആ ക്ളൈമാക്‌സ്...ഇത്രയും ചീത്ത പേര് കേട്ട ഒരു നടനിൽ നിന്നും പ്രതീക്ഷിച്ചും ഇല്ല..

  ഇടയ്ക്കു സംഘട്ടനങ്ങളിൽ ഒക്കെ വളരെ കുറച്ചു കത്തി സീനുകൾ ഉണ്ടായിരുന്നത് ഒഴിച്ചു തെലുങ്കു സിനിമകളുടെ മാസ് വശം ഒന്നും ഇല്ലാത്ത സിനിമ.എങ്കിലും എന്തൊക്കെയോ നല്ല ഘടകങ്ങൾ ഉണ്ട് മൊത്തത്തിൽ..ആദി ഒക്കെ നന്നായിരുന്നു..പാട്ടുകളും അതേ...സിനിമ കാണാത്തവർ കുറവായിരിക്കും..പ്രത്യേകിച്ചു കഥ ഒന്നും പറയാൻ ഇല്ലെങ്കിലും ഇടയ്ക്കു ഒരു കമ്മട്ടിപ്പാടം ഒക്കെ ആയി സിനിമ മാറുന്നുണ്ട്..
കാണാത്തവർ കാണുക....!!

894.AADHI(MALAYALAM,2018)


894.Aadhi(Malayalam,2018)
       Action,Thriller


പ്രണവ് ശരിക്കും അധ്വാനിച്ചു സിനിമയിൽ.ഇടയ്ക്കിടെ ശബ്ദത്തിലും ചില ഭാവങ്ങളിലും എല്ലാം ലാലേട്ടൻ തന്നെ ആയിരുന്നു.ശബ്ദത്തിൽ ലാലേട്ടന്റെ ഒരു 'ഹെവി ബാസ് വേർഷൻ'.

ജീത്തു ജോസഫ്,ഓരോ സിനിമയിലും പ്രതീക്ഷകളിൽ നിന്നും ഏറെ താഴെ പോകുന്നതായി തോന്നി.പ്രണവ് ഫാക്റ്റർ ഇല്ലായിരുന്നുവെങ്കിൽ ചിത്രത്തിന്റെ അവസ്ഥ തന്നെ മോശം ആകുമായിരുന്നു.നല്ല ഇഴച്ചിൽ തോന്നി ഇടയ്ക്കു.അതു കഥ demand ചെയ്യുന്ന ഒന്നായി തോന്നിയില്ല .അതു കൊണ്ടാണ് ലാഗ് പരാമർശിച്ചത്.

  മോശം സിനിമ ഒന്നുമല്ല.പക്ഷെ താര പുത്രന് കിട്ടാവുന്ന വലിയ ലോഞ്ച് എന്നു കരുതി കണ്ട സിനിമയിൽ അങ്ങനെ ഒന്നും തോന്നിയില്ല,അതിനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നെങ്കിലും.മൊത്തത്തിൽ എന്തൊക്കെയോ കുറവുകൾ..പക്ഷെ  വീണ്ടും അഭിനയിച്ചാൽ വലിയ താരമായി മാറാൻ കാലിബർ ഉള്ള നടൻ ആണ് പ്രണവ്.ആളുടെ സ്റ്റണ്ട് സീനുകൾ ഒക്കെ മലയാള സിനിമയിലെ പുത്തൻ അനുഭവം ആയിരുന്നു.പ്രണവ് എന്ന നടൻ അല്ലാതെ മറ്റൊരു പ്രത്യേകതയോ മികച്ചതോ ഒന്നും ആയി തോന്നിയില്ല സിനിമ.ചുമ്മാ കണ്ടു കൊണ്ടിരിക്കാം.കണ്ടില്ലെങ്കിൽ നഷ്ടം ആകുന്നതു ആ സ്റ്റണ്ട് സീനുകൾ മാത്രവും!!

Parkour സീനുകളിൽ പ്രണവ് ശരിക്കും തിളങ്ങി.ഒരു പക്ഷെ യുവ താരങ്ങളിൽ ആക്ഷൻ ഏറ്റവും ഭംഗിയായി അവതരിപ്പിക്കാൻ പോകുന്നത് പ്രണവ് ആയിരിക്കും.കാത്തിരിക്കുന്നു അടുത്ത പ്രണവ് ചിത്രങ്ങൾക്കായി!!

Wednesday, 4 July 2018

893.MOTHER(KOREAN,2009)


893.Mother(Korean,2009)
       Mystery,Drama

"വിചിത്രമായ ഒരു കാര്യം എന്താണ് എന്ന് വച്ചാൽ അവളുടെ മൃതദേഹം വച്ച രീതി ആണ്.സാധാരണ ഗതിയിൽ മൃതദേഹം കുഴിച്ചു മൂടാൻ ശ്രമിക്കുമ്പോൾ എന്തിനാണ് ആ രീതിയിൽ മൃതദേഹം അവിടെ അങ്ങനെ പ്രദർശിപ്പിച്ചത്?കൊലയാളിക്ക് അവളോട് അത്ര മാത്രം ദേഷ്യം ഉണ്ടായിരുന്നിരിക്കാം.അവളുടെ ശരീരം അവിടെ വച്ചാൽ ആ ഗ്രാമത്തിൽ ഉള്ള എല്ലാവർക്കും കാണാൻ സാധിക്കും".ജിൻ -ടേ ,ഹ്യേ-ജായോട് ഇതു പറയുമ്പോൾ ചെയ്യാത്ത കുറ്റത്തിന് ബലിയാട് ആയി മാറിയ മകനെ കുറിച്ചു ആയിരുന്നു അവരുടെ വിഷമം.

   മാനസിക വളർച്ച ഇല്ലാത്ത 28 കാരൻ മകൻ മദ്യപിച്ചു വന്ന ദിവസം ,മരണപ്പെട്ട പെണ്ക്കുട്ടിയെ പിന്തുടർന്നൂ എന്ന സാക്ഷി മൊഴി,മറ്റു അന്വേഷണങ്ങൾ ഒന്നും ഇല്ലാതെ തന്നെ പോലീസ് അവനെ പ്രതിയാക്കി.ഓര്മക്കുറവ് കൂടി ആയപ്പോൾ ഡോ-ജുൻ ആണ് പ്രതി എന്നുള്ള രീതിയിൽ തന്നെ സംഭവങ്ങൾ മുന്നോട്ടു പോയി.എന്നാൽ അവന്റെ അമ്മ ഹ്യേ-ജയ് തോൽക്കാൻ തയ്യാറല്ലായിരുന്നു.ദരിദ്ര ആയിരുന്നെങ്കിലും തന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ചു സ്വന്തം മകനെ രക്ഷിക്കാൻ അവർ ശ്രമം തുടരുന്നു.ഏറ്റവും വില കൂടിയ വക്കീൽ,കാശ് കൊടുത്തു കൂടെ നിർത്തിയ ഡോ-ജുന്നിന്റെ അൽപ സ്വൽപ്പം ഫ്രോഡ് ആയ സുഹൃത്തു തുടങ്ങിയവരെ എല്ലാം അവരുടെ കഴിവിന് അനുസരിച്ചു മകന്റെ നിരപരാധിത്വം തെളിയിക്കാൻ ആയി അവർ ഉപയോഗിച്ചു.എന്നാൽ പലപ്പോഴും അവർ ഇടറി പോയി.അവരുടെ അന്വേഷണത്തിന്റെ കഥയാണ് ഈ ചിത്രം.അവർ ആ കൊലപാതകത്തിന്റെ പിന്നിലെ രഹസ്യം കണ്ടെത്തുമോ?അവരുടെ ചിന്തകളോട് ചേർന്നു നിൽക്കുന്ന ഒന്നാകുമോ അതു?ആ രഹസ്യം കണ്ടെത്താനായി ചിത്രം കാണുക.


2010 ലെ മികച്ച വിദേശ ചിത്രത്തിനുള്ള ദക്ഷിണ കൊറിയയുടെ ഓസ്കാർ നാമനിർദേശം ആയിരുന്നു "Mother" എന്ന ഈ ചിത്രം.ബോംഗ്-ജൂൻ- ഹോ സംവിധാനം ചെയ്ത ചിത്രത്തിന്റെ തുടക്കം തന്നെ പ്രധാന കഥാപാത്രമായി കിം-ഹ്യേ ജയയെ കണ്ടു കൊണ്ടാണ് തിരക്കഥ പോലും പൂർത്തിയാക്കിയത് .കൊറിയൻ ഗ്രാമ പശ്ചാത്തലത്തിൽ ഒറ്റയ്ക്ക് കഴിയേണ്ടി വരുന്ന ഒരമ്മയും മകനും തമ്മിൽ ഉള്ള ബന്ധം പലപ്പോഴും വിചിത്രം ആയിരുന്നു.അവരുടെ ലോകം തന്നെ മകനെ ചുറ്റിപ്പറ്റി ആയിരുന്നു.അവർക്ക് അവനെ നഷ്ടം ആകുന്നതിനെ കുറിച്ചു ചിന്തിക്കാൻ പോലും കഴിയുന്നില്ല.മനോഹരമായി തന്നെ കിം ആ കഥാപാത്രത്തെ അവതരിപ്പിച്ചു.

   ഒരു സാധാരണ മിസ്റ്ററി ചിത്രം ആയി തുടക്കം തോന്നുമെങ്കിലും അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റ് കഥയിൽ ഉണ്ട്.അവിടെ സിനിമ മറ്റൊരു തലത്തിലേക്ക് മാറുന്നു.കുറച്ചു സമയം മാത്രമേ പിന്നെ കഥാപാത്രങ്ങൾ സ്‌ക്രീനിൽ ഉള്ളായിരുന്നു എങ്കിലും ജീവിതം ബാക്കി വച്ചതിലൂടെ യാത്ര തുടരുമ്പോൾ പ്രിയപ്പെട്ടത് ഉപേക്ഷിക്കാൻ ആരും തയ്യാറാകില്ല..ചിത്രം കാണുക!!ഇഷ്ടമാകും..

Tuesday, 3 July 2018

892.OCTOBER(HINDI,2018)


892.October(Hindi,2018)
       Romance,Drama

"October-അസാധാരണമായ ഒരു  പ്രണയ കഥ"

   മുകളിൽ പറഞ്ഞിരിക്കുന്നത് തന്നെ ശരി ആണോ എന്നൊരു സംശയമുണ്ട്. പ്രണയ കഥ പ്രമേയമായി വരുന്ന സിനിമ കണ്ടു ആദ്യമായി ആണ് ഇത്രയും കുഴങ്ങുന്നത്!!സിനിമയുടെ ഴോൻറെ കൊടുത്തിരിക്കുന്നത് Romance/Drama എന്നും ആണ്.പക്ഷെ സിനിമ കണ്ടു കൊണ്ടിരിക്കുമ്പോഴും തീരുമ്പോഴും ഒരു ഫാന്റസി ചിത്രം പോലെ ആണ് തോന്നിയത്.അല്ലെങ്കിൽ practical sense ൽ നോക്കിയാൽ ഡാൻ എന്ന കഥാപാത്രത്തിന്റെ ഭ്രാന്തു.വളരെ മികച്ച ചിത്രമായി ഭൂരിഭാഗവും ആളുകൾ വിലയിരുത്തിയ ചിത്രമാണ്.ഇങ്ങനെ ഒക്കെ തോന്നാൻ ഉള്ള കാരണം പറയാം.

  പ്രായോഗിക തലത്തിൽ സിനിമയെ സമീപിച്ചാൽ, 21 വയസ്സുള്ള ഡാൻ.അവൻ ഒരു ഹോട്ടലിൽ കോഴ്‌സ് കഴിഞ്ഞുള്ള ഇന്റർൻഷിപ്പിൽ ആണ്.സ്വതവേ 'വെട്ടൊന്നു മുറി രണ്ടു' എന്ന നിലപാടുള്ള യുവാവിന്റെ സ്വഭാവം ഹോട്ടൽ മേഘലയിൽ യത്ഗ്ര സ്വീകാര്യം ആയ ഒന്നല്ലായിരുന്നു.ഇന്റർൻഷിപ് പൂർത്തിയാക്കിയില്ലെങ്കിൽ കോഴ്സ് സർട്ടിഫിക്കറ്റ് ലഭിക്കില്ല എന്നും 3L രൂപ ഫൈൻ ആയി അടയ്ക്കണം എന്നും നിബന്ധന ഉണ്ടായിരുന്നു.ഒരു പുതു വർഷ രാത്രിയിൽ ആയിരുന്നു ആ ഹോട്ടലിൽ അപകടം ഉണ്ടായത്.ശ്യൂലി എന്ന മറ്റൊരു ഇന്റർണ് മൂന്നാം നിലയിൽ നിന്നും താഴെ വീഴുന്നു.മരണത്തിനെ നേരിൽ കണ്ട അവൾ അത്യാസന്ന നിലയിൽ ആശുപത്രിയിൽ ആയി.സഹപാഠിയ്ക്ക് നേരിട്ട ഒരു ദുരന്തം എന്നതിൽ നിന്നും അവൾ വീഴ്ചയ്ക്ക് മുൻപ് അവസാനമായി ചോദിച്ച ചോദ്യം "Where is Dan?" എന്നത് അവനെ സംബന്ധിച്ചു എന്തോ ഒന്നായി മാറി.ആകെ മൊത്തം കണ്ടു പരിചയം മാത്രം ഉള്ളവരിൽ എന്തു ബന്ധം ഉടലെടുക്കാൻ ആണ്?

  രണ്ടു കാരണങ്ങൾ ആകും ഉണ്ടാവുക.ഒന്നു ഡാൻ അവളെ നിശബ്ദമായി പ്രണയിച്ചിരുന്നു.അല്ലെങ്കിൽ ഡാനിന്റെ സ്വഭാവം അനുസരിച്ചു ആ ചോദ്യത്തിനു അവളുടെ അവസാനത്തെ സംഭാഷണം എന്ന പ്രാമുഖ്യം നൽകി കൊണ്ടുള്ള കരുതൽ ആയി മാറി കാണണം.എങ്ങനെ ആയാലും purely ഡാനിന്റെ മനസ്സിന്റെ ചിന്തയ്ക്കാണ് ഇവിടെ പ്രാമുഖ്യം എന്നു തോന്നുന്നു.'ഒക്ടോബർ' എന്തു കൊണ്ട് നല്ല ഒരു ചിത്രം ആകുന്നു എന്ന ചോദ്യത്തിന് ഉത്തരം എന്നാൽ ഈ വിശകലനത്തിൽ നിന്നും ലഭിക്കും എന്നു തോന്നുന്നില്ല.

  പതിയെ ഉള്ള 'ഒക്ടോബർ' തീം മ്യൂസിക് ആകാം,വരുണ് ധവാൻ ചെയ്ത മികച്ച കഥാപാത്രത്തിലൂടെ ആകാം.കണ്ണിലൂടെ സംസാരിക്കാൻ ശ്രമിച്ച ശ്യൂലി ആകാം,മികച്ച അഭിനയം കാഴ്ച വച്ച 'അമ്മ കഥാപാറ്റഗ്രാം ആകാം.ഇതെല്ലാം കൂടി നന്നായി വന്ന ആ കഥയാകാം.വല്ലാത്ത ഒരു ഫീൽ ആയിരുന്നു ചിത്രം..ഇന്നത്തെ ലോകത്തിൽ ഒരു ഭാരമായി മനുഷ്യൻ മാറുമ്പോൾ ഉള്ള ചിന്താഗതികൾ രണ്ടു ഭാഗത്തു നിന്നും അവതരിപ്പിക്കുമ്പോഴും,അതിൽ നിന്നും ശ്യൂലിയ്ക്കു ലഭിക്കുന്ന പ്രോത്സാഹനം,ഡാനിന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ.ഈ ഒരു സംഭവം ഡാൻ എന്ന വ്യക്തിയെ തന്നെ അടിമുടി മാറ്റുന്നു.അവസാന രംഗത്തിൽ അവൻ ആ മുല്ലപ്പൂ ചെടിയും ആയി പോകുമ്പോൾ അവൻ കൂടെ കൂട്ടുന്നത് എന്തിനെ ആണ്??ആ ചോദ്യത്തിനുള്ള ഉത്തരം ആകും സിനിമയുടെ കാതൽ.

  വളരെ മികച്ച ഒരു പ്രത്യേകതരം ചിത്രം ആയി തോന്നി 'ഒക്റ്റോബർ' ഞാൻ എന്ന പ്രേക്ഷകന്.പലർക്കും പല രീതിയിൽ ആകാം തോന്നിയിട്ടുണ്ടാവുക.എന്നാൽ കുറച്ചു നല്ല ഓർമ്മകൾ നൽകി ഈ ചിത്രം.