Sunday, 22 June 2014

123.NOBEL CHOR(BENGALI,2011)

123.NOBEL CHOR(BENGALI,2011),|Thriller|Drama|,Dir:-Suman Ghosh,*ing:-Mithun Chakraborthy,Soma Chakraborthy.

ഭാരതം സമ്മാനിച്ച മഹാന്മാരില്‍ എന്നും മുന്‍പന്തിയില്‍ ആണ് "ഗുരുദേബ്" എന്ന് ജനങ്ങള്‍ ആദരത്തോടെ വിളിക്കുന്ന രബീന്ദ്രനാഥ ടാഗോറിന്റെ സ്ഥാനം.അദ്ദേഹത്തിന്‍റെ സാഹിത്യസപര്യകള്‍ക്ക് സമ്മാനമായി 1913 ല ലഭിച്ച നോബല്‍ സമ്മാനം 2005 ല്‍ മ്യൂസിയമായി മാറിയ വീട്ടില്‍ നിന്നും മോഷണം പോകുന്നു.ആ മോഷണവും അതിനു ശേഷം നടന്ന സംഭവങ്ങളും ഭാനു എന്ന ഒരു സാധാരണക്കാരന്‍ ആയ ഗ്രാമവാസിയുടെ ജീവിതത്തിലൂടെ അവതരിപ്പിക്കുകയാണ് സുമന്‍ ഘോഷ് ഈ ചിത്രത്തില്‍.മോഷണത്തെ തുടര്‍ന്ന് നടന്ന സംഭവങ്ങളെ ഫിക്ഷനുമായി കോര്‍ത്തിണക്കി ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.നോബല്‍ സമ്മാനം മോഷണം പോയി എന്ന വാര്‍ത്ത രാജ്യത്താകമാനം പ്രകമ്പനം സൃഷ്ടിച്ചു.പ്രത്യേകിച്ചും ടാഗോര്‍ എന്ന മഹാനെ ദൈവത്തെ  പോലെ ആരാധിക്കുന്ന ബംഗാളില്‍.പോലീസും സി ബി ഐ യും എല്ലാം കേസ് അന്വേഷണം തുടങ്ങുന്നു.മോഷണം നടന്ന അന്ന് രാത്രി ഭാനുദാ എന്ന് വിളിക്കുന്ന ഭാനു എന്ന സാധുവായ ഗ്രാമീണന്റെ വീട്ടിലെ കിണറിന്റെ അടുത്ത് മോഷ്ടാവിനു നഷ്ടപ്പെടുന്നു.പിറ്റേന്ന് രാവിലെ കിണറിന്റെ കരയില്‍ കടക്കുന്ന സ്വര്‍ണ നിറമുള്ള വസ്തു കണ്ട ഭാനു അതുമായി ആ ഗ്രാമത്തിലെ സ്കൂളിലെ പ്രധാനാധ്യാപകനെ കാണാന്‍ ചെല്ലുന്നു.അന്നത്തെ പത്രത്തില്‍ കണ്ട വാര്‍ത്ത അനുസരിച്ച് അത് കാണാതായ നോബല്‍ സമ്മാനം ആണെന്ന് അദ്ദേഹം ഭാനുവിനോട് പറയുന്നു.ഗ്രാമത്തിലെ മുതിര്‍ന്നവരുമായി ആലോചിച്ച് അവര്‍ അവസാനം നോബല്‍ സമ്മാനം മുഖ്യമന്ത്രിയെ ഏല്‍പ്പിക്കാന്‍ തീരുമാനിക്കുന്നു.നോബല്‍ സമ്മാനം വിറ്റ്‌ അത് ഗ്രാമത്തിന്‍റെ ശോചന്യാവസ്ഥ മാറ്റണം എന്ന അഭിപ്രായം ഉയര്‍ന്നു എങ്കിലും ഭാനു അതിനു ചെവി കൊടുക്കുന്നില്ല.ഭാനു അടുത്ത ദിവസം തലസ്ഥാന നഗരിയായ കൊല്‍ക്കത്തയിലേക്ക് യാത്ര തിരിക്കുന്നു.

   ഭാനു നോബല്‍ സമ്മാനം സര്‍ക്കാരിനെ ഏല്‍പ്പിക്കുമ്പോള്‍ കിട്ടുന്ന സമ്മാനം കൊണ്ട് തങ്ങളുടെ ജീവിതം ഭദ്രം ആകും എന്ന് ഭാനുവിന്റെ ഭാര്യയും വിശ്വസിക്കുന്നു.ഗ്രാമത്തില്‍ ഉണ്ടായിരുന്ന ഹൊരി എന്നയാളുടെ അടുക്കലേക്കു ആണ് ഭാനു പോകുന്നത്.മുഖ്യമന്ത്രിയുടെ അടുക്കല്‍ ഏതാണ ഹോരി സഹായിക്കുമെന്ന് അവര്‍ കരുതുന്നു.എന്നാല്‍ ഹൊരി ഭാനുവിനെ ആ സമ്മാനം വില്‍ക്കാന്‍ നിര്‍ബന്ധിക്കുന്നെങ്കിലും ഭാനു അതിനു തയ്യാറാകുന്നില്ല.മുഖ്യമന്ത്രിയെ കാണാന്‍ ഉള്ള അവസരം നിഷേധിക്കപ്പെട്ട ഭാനുവിന്റെ മനസ്സിന് ചാഞ്ചല്യം ഉണ്ടാകുന്നു.രബീന്ദ്രനാഥ ടാഗോര്‍ ആരാണ് എന്ന് അറിയാതെ ആരാധിക്കുന്നവരുടെ കൂട്ടത്തില്‍ ആയിരുന്നു അക്ഷരാഭ്യാസം ഇല്ലാത്ത ഭാനുവും.എന്നാല്‍ ഗുരുദേബിന്റെ വില ശരിക്കും എവിടെയാണെന്ന് ഭാനു മനസ്സിലാക്കുന്നു.ഒരു ഗ്രാമത്തില്‍ നിന്നും കൊല്‍ക്കട്ട പോലെ ഒരു വന്‍ നഗരത്തില്‍ എത്തിയ ഭാനുവിനെ കാത്തിരുന്നത് മനുഷ്യന്‍റെ മറ്റൊരു മുഖമായിരുന്നു.നോബല്‍ സമ്മാനത്തിനു വെറും സ്വര്‍ണത്തിന്‍റെ വില നല്‍കാന്‍ തയ്യാറായ മാര്‍വാഡി മുതല്‍ അന്താരാഷ്‌ട്ര തലത്തില്‍ ഉള്ള ബിസിനസ്സിനു ചുക്കാന്‍ പിടിച്ച പണക്കാരന്‍ വരെ ഉള്ള ആളുകള്‍ നോബല്‍ സമ്മാനം എന്താണെന്നും ഗുരുദേബ് ആരാണെന്നും ഭാനുവിന് മാന്സ്സിലാക്കി കൊടുക്കുന്നു.ഇന്ത്യന്‍ രാഷ്ട്രീയം,ബ്യൂറോക്രസി എന്നിവയുടെ പൊയ്മുഖങ്ങളും ഗ്രാമങ്ങളിലെ ജീവിത അവസ്ഥയും എല്ലാം ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുവാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്.ഈ ഒരു അവസ്ഥയില്‍ ഭാനുവിന് എന്ത് സംഭവിച്ചു എന്നതാണ് ബാക്കി ചിത്രം.

  വെറുതെ ഒരു കാഴ്ച വസ്തു മാത്രമായി ഇരിക്കുന്ന നോബല്‍ സമ്മാനം വിറ്റ് ജീവിതം കരുപിടിപ്പിക്കാന്‍ പറയുന്ന ആളുകള്‍ മുതല്‍ അതിന്റെ മഹത്വം അറിയുന്ന ധാരാളം ആളുകള്‍ ഉണ്ടായിരുന്നു എങ്കിലും അതിന്റെ വില എന്താണെന്ന് യഥാര്‍ത്ഥത്തില്‍ ഭാനുവിന് മാത്രമേ മനസ്സിലാകുന്നുള്ളൂ."പീപലി ലൈവ് " പോലെ ഉള്ള സിനിമകളുടെ ഗണത്തില്‍ പെടുത്താം ഈ ചിത്രത്തെയും.ഒരു ത്രില്ലര്‍ എന്ന് വിളിക്കാവുന്ന കഥാ സന്ദര്‍ഭങ്ങളും എന്നാല്‍ അതിനു വിപരീതമായ കഥാഗതിയും കഥാപാത്രങ്ങളും ഈ ചിത്രത്തിലും കാണുവാന്‍ സാധിക്കും.പഴയക്കാല ബോളിവുഡ് സൂപ്പര്‍ താരമായിരുന്ന മിഥുന്‍ ദായുടെ വ്യത്യസ്തമായ മുഖമാണ് ഈ ബംഗാളി ചിത്രത്തില്‍.ടഗോരിനെക്കാളും കച്ചവട സാധ്യത പുതു യുഗത്തിലെ കായിക സിനിമ താരങ്ങള്‍ക്ക് ആണെന്ന് വില പേശലില്‍ പറയുന്ന  ഭാഗം മതി ഈ ചിത്രത്തിന്റെ പ്രസക്തി മനസ്സിലാക്കാന്‍.

More reviews @ www.movieholicviews.blogspot.com 

No comments:

Post a Comment