Tuesday, 17 June 2014

122.LIFEBOAT(ENGLISH,1944)

122.LIFEBOAT(ENGLISH,1944),|Thriller|War|,Dir:-Alfred Hitchcock,*ing:-Tallulah Bankhead,John Hodiak,Walter Slezak.

  ആല്‍ഫ്രെഡ് ഹിച്ച്കോക്കിന്റെ വ്യത്യസ്തമായ ഒരു ത്രില്ലര്‍ ആണ് രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിക്കപ്പെട്ട ലൈഫ് ബോട്ട് എന്ന ബ്ലാക്ക് & വൈറ്റ് ചിത്രം.ജര്‍മന്‍ യുദ്ധക്കപ്പലിന്റെ ആക്രമണത്തില്‍ തകര്‍ന്ന കപ്പലിലെ യാത്രക്കാര്‍ ഒരു ലൈഫ് ബോട്ടില്‍ കയറി രക്ഷപ്പെടുന്നു.അവരുടെ കൂടെ ഒരു കുഞ്ഞുമായി ഒരു സ്ത്രീയും നീന്തി കയറുന്നു.എന്നാല്‍ അവരുടെ കുട്ടി മരണപ്പെട്ടിരുന്നു.ജര്‍മന്‍ സേനയോടുള്ള വിരോധം അവര്‍ക്കിടയില്‍ കൂടിവരുന്ന സമയത്ത് ആ ലൈഫ് ബോട്ടില്‍ രക്ഷപ്പെടാന്‍ ഒരാള്‍ കൂടി എത്തുന്നു.വില്ലി എന്ന ജര്‍മന്‍ .അവരുടെ കപ്പലിനെ ആക്രമിച്ച യുദ്ധക്കപ്പല്‍ തകര്‍ന്നെന്നും അതില്‍  ഉണ്ടായിരുന്ന ഒരു ക്രൂ മാത്രം ആണ് താന്‍ എന്നയാള്‍ പരിചയപ്പെടുത്തുന്നു.തങ്ങള്‍ ഈ നിലയ്ക്ക് ആകാനും ആ പിഞ്ച് കുഞ്ഞു മരിക്കാനും കാരണക്കാരനായ ശത്രു പക്ഷത്തെ ആളെ അമേരിക്കന്‍-ബ്രിട്ടീഷ് വംശജര്‍ ആയ അവര്‍ ആദ്യം കൂടെ കൂട്ടാന്‍ സമ്മതിക്കുന്നില്ല.എന്നാല്‍ അവസാനം മനുഷ്യത്വത്തിന്റെ പുറത്ത് അവര്‍ അയാളെ ആ ബോട്ടില്‍ കയറ്റുന്നു.ജര്‍മന്‍ ഭാഷ മാത്രം അറിയാവുന്ന വില്ലി തന്‍റെ കാര്യങ്ങള്‍ എല്ലാം അവതരിപ്പിച്ചത് പത്രത്തിലെ കോളം എഴുത്തുകാരി ആയ കോണി പോര്‍ട്ടര്‍ മുഖേനെ ആയിരുന്നു.തനിക്കു ആരോടും ശത്രുത ഇല്ല എന്നും യുദ്ധ കപ്പലിലെ ക്യാപ്റ്റന്റെ നിര്‍ദേശ പ്രകാരം ആണ് അവരെ ആക്രമിച്ചതെന്നും വില്ലി പറയുന്നു.

     അടുത്തുള്ള ലക്ഷ്യസ്ഥാനമായ ബര്‍മുഡ ലക്ഷ്യമാക്കി നീങ്ങാന്‍ അവര്‍ തീരുമാനിക്കുന്നു.എന്നാല്‍ അവര്‍ പോകുന്ന ദിശ തെറ്റാണെന്ന് വില്ലി പറയുന്നു.എന്നാല്‍ വില്ലിയുടെ വാക്ക് വകവയ്ക്കാതെ അവര്‍ ലൈഫ് ബോട്ട് മുന്നോട്ട് നീക്കുന്നു.കോമ്പസ് ഇല്ലാതെ ലക്ഷ്യം കണ്ടെത്താന്‍ ആകാതെ അവര്‍ മുന്നോട്ടു പോകുന്നു.അവര്‍ അവിടെ തല്ക്കാലം ഉള്ള രക്ഷയ്ക്കായി അവരില്‍ നിന്നും കൊവാക്കിനെ സ്കിപ്പര്‍ ആയി തിരഞ്ഞെടുക്കുന്നു.പ്രതീക്ഷയോടെ ലക്‌ഷ്യം വച്ച് തുഴഞ്ഞ അവരുടെ സ്വഭാവങ്ങളും അവരുടെ ജീവിതവും എല്ലാം അവിടെ ചുരുളഴിയുന്നു.യുദ്ധങ്ങള്‍ തന്റെ കോളത്തില്‍ എഴുതി കാശ് ഉണ്ടാക്കുന്ന കോണി പോര്‍ട്ടര്‍,കോടീശ്വരന്‍ ആയ റിറ്റ്,നേഴ്സ് ആയ ആലീസ് ,അപകടത്തില്‍ കാലിനു മുറിവേറ്റ ഗസ് എന്നിവരുടെ എല്ലാം ജീവിതകഥകള്‍ അവതരിക്കപ്പെടുന്നു.പിന്നീട് ആ രക്ഷാ ബോട്ടില്‍ സംഭവിക്കുന്നത്‌ സ്വന്തം ജീവന്‍ നിലനിര്‍ത്താനായി ശ്രമിക്കുന്ന കുറച്ചു മനുഷ്യരുടെ വ്യഗ്രത ആണ്.അവരുടെ എല്ലാം പുറം മോടിയില്‍ നിന്നും പുറത്തു വരുന്നു.മരണത്തെ മുഖാമുഖം കണ്ട അവര്‍ അവരുടെ വലിപ്പ ചെറുപ്പം എല്ലാം മാറ്റി വച്ച് ഒരേ രീതിയില്‍ കഴിയുന്നു.അതിന്റെ ഇടയ്ക്ക് ഗസ്സിന്റെ കാലു മുറിച്ചു കളയേണ്ട രീതിയില്‍ മോശം ആകുന്നു.എന്നാല്‍ അതിനു കഴിവുള്ള ഒരാളെ ഉണ്ടായിരുന്നുള്ളൂ.ജര്‍മന്‍ കപ്പലിലെ ക്രൂ ആണെന്ന് സ്വയം പരിചയപ്പെടുത്തിയ വില്ലി.എന്നാല്‍ വില്ലി അവര്‍ എല്ലാം പ്രതീക്ഷിച്ചതിനും അപ്പുറം ആയിരുന്നു.ആ ആറു പേരുടെയും ചിന്തകള്‍ക്ക് അപ്പുറം ആയിരുന്നു വില്ലി.യഥാര്‍ത്ഥത്തില്‍ വില്ലി ആരായിരുന്നു?ദുരൂഹത നിറഞ്ഞു നിന്നിരുന്ന വില്ലി അവരുടെ രക്ഷകന്‍ ആകുമോ അതോ വില്ലിയില്‍ ഒരു ക്രൂര മൃഗം ഒളിഞ്ഞിരിപ്പുണ്ടോ?ബാക്കി അറിയുന്നതിനായി ഈ ചിത്രം ആകുക.

  ഹിച്ച്കോക്ക് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് ഒരു ബോട്ടും അതിലെ യാത്രക്കാരെയും മാത്രം ആണ്.അതില്‍ ഉള്ള മനുഷ്യരുടെ പല മുഖങ്ങളും ജീവിതത്തില്‍ അവര്‍ക്കുണ്ടായിരുന്ന വിശ്വാസ പ്രമാണങ്ങളും തമ്മില്‍ ഉള്ള സംഘര്‍ഷങ്ങളെ ആണ്.വില്ലി എന്ന കഥാപാത്രം ആണ് ദുരൂഹത എന്ന് ചിന്തിക്കുമ്പോള്‍ അവരില്‍ ഓരോരുത്തരും അതിലേറെ ദുരൂഹതകള്‍ ഉള്ള ആളുകള്‍ ആണെന്ന് മനസ്സിലാക്കപെടുന്നു.ഒരു ത്രില്ലര്‍/യുദ്ധ സിനിമ എന്നതില്‍ ഉപരി മനുഷ്യരുടെ അതിജീവനത്തിനുള്ള ത്വര ഈ ചിത്രത്തില്‍ അവതരിക്കപ്പെടുന്നുണ്ട്.അവിടെ ആണ് ഈ ചിത്രം ദുരൂഹത ഉള്ള ഒരു ത്രില്ലര്‍ ആകുന്നതു.ഈ ചിത്രം ഇറങ്ങിയ സമയത്തുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം ചിത്രം പരക്കെ വിമര്‍ശിക്കപ്പെട്ടു.ഓസ്കാര്‍ പുരസ്ക്കാരങ്ങളില്‍ മൂന്നു നാമനിര്‍ദേശം ഈ ചിത്രത്തിന് ലഭിച്ചിരുന്നു.റോപ്,റിയര്‍ വിന്‍ഡോ  തുടങ്ങിയ ഹിച്ച്കോക്ക് സിനിമകളില്‍ ഉപയോഗിച്ചിരുന്നത് പോലെ  കുറച്ചു സെറ്റ് മാത്രം ഇട്ടു ചെയ്ത ചിത്രം ആണിതും.അതില്‍ ആദ്യത്തെ ചിത്രം എന്ന് വിശേഷിപ്പിക്കാം ലൈഫ് ബോട്ടിനെ.ഹിച്ച്കോക്ക് സിനിമകളുടെ ആരാധകര്‍ക്ക് വളരെയേറെ ഇഷ്ടപ്പെടും ഈ ചിത്രം.

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment