ഒരു രാജ്യത്തിന്‍റെ പൊതുവായ നിയമങ്ങള്‍ എന്ന പേരില്‍ നമ്മള്‍ അറിയുന്നത് അവിടത്തെ ഭരണകൂടത്തിന്‍റെ പ്രത്യയശാസ്ത്രപരമായ നിലപാടുകള്‍ ആണ്.അതില്‍ ഭൂരിപക്ഷ ജനങ്ങളുടെയും പിന്തുണ പ്രതീക്ഷിക്കുക എളുപ്പമല്ല.പ്രത്യേകിച്ചും ആ നിലപാടുകളില്‍ മതത്തിന്‍റെ നിഴലുകള്‍ വരുമ്പോള്‍.സ്വാതന്ത്ര്യം കാംക്ഷിക്കുന്ന ജനങ്ങള്‍ ആണ് ഭൂരിഭാഗവും.ഒന്നുമില്ലെങ്കില്‍ ഇഷ്ടവിനോദങ്ങളില്‍ ഏര്‍പ്പെടാനും അതിനെ പ്രോത്സാഹിപ്പിക്കാനും ഉള്ള ത്വര കൂടുതല്‍ ജനസമൂഹത്തിലും കാണും.അത്തരം ഒരു സ്വാതന്ത്ര്യം നഷ്ടമായ ഇറാനിലെ സ്ത്രീകളെ കുറിച്ചുള്ള കഥയാണ് പ്രശസ്ത സംവിധായകന്‍ ആയ "ജാഫര്‍ പനാഹിയുടെ" "ഓഫ്സൈഡ്" എന്ന ചിത്രത്തിന്‍റെ പ്രമേയം.വിവാദങ്ങള്‍ വിളിച്ചു വരുത്തുകയും ഇറാനില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും തടയുക വരെയുണ്ടായി ഈ ചിത്രം.ഒരു ലോകകപ്പ് യോഗ്യത മത്സരം ഇറാനില്‍ വച്ച് ഇറാനും ബഹറിനും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആ മത്സരം കാണാനായി പോകുന്ന ആറു പെണ്‍ക്കുട്ടികളുടെ കഥയാണ് "ഓഫ്സൈഡ്" പറയുന്നത്.
ഇറാനിലെ നിയമം അനുസരിച്ച് സ്ത്രീകള്‍ പുരുഷന്മാരോടൊപ്പം ഇരുന്ന് കായികവിനോദങ്ങള്‍ ആസ്വദിക്കുന്നതില്‍ വിലക്കുണ്ട്.എന്നാല്‍ ഈ വിലക്കിനെ മാറി കടന്നു മത്സരം കാണുവാന്‍ ചില പെണ്‍ക്കുട്ടികള്‍ ശ്രമിക്കുന്നു.ആദ്യ സീനില്‍ മത്സരം കാണാന്‍ പോയ തന്‍റെ മകളെ അന്വേഷിച്ചു നടക്കുന്ന ഒരു പിതാവിനെ കാണിക്കുന്നു.നിയമലംഘനത്തില്‍ നിന്നും സ്വന്തം മകളെ രക്ഷിക്കാന്‍ ഉള്ള ഒരു അച്ഛന്റെ ശ്രമം അതില്‍ കാണാം.ഒറ്റയ്ക്ക് പോകുന്ന ഒരു പെണ്‍ക്കുട്ടി മൈതാനത്തിന്‍റെ മുന്നില്‍ നിന്നും ഉയര്‍ന്ന വിലയ്ക്ക് കരിച്ചന്തയില്‍ ടിക്കറ്റ് സംഘടിപ്പിക്കുന്നു.എന്നാല്‍ അവള്‍ മൈതാനത്തിന്‍റെ അകത്തു കയറുന്നതിനു മുന്‍പ് സുരക്ഷാഭടന്മാര്‍ അവള്‍ സ്ത്രീയാണെന്ന് കണ്ടെത്തുന്നു.അവര്‍ അവളെയും കൂട്ടി മത്സരം നടക്കുന്ന സ്ഥലത്തിന്‍റെ അടുത്തായുള്ള ഒരു സ്ഥലത്ത് താല്‍ക്കാലിക തടവുകാരി ആക്കുന്നു.സമാന അവസ്ഥയില്‍ പിടിക്കപ്പെട്ട മറ്റ് അഞ്ചു പെണ്‍ക്കുട്ടികള്‍ കൂടി അവിടെ ഉണ്ടായിരുന്നു.അവര്‍ക്കെല്ലാം ഫുട്ബോള്‍ എന്ന ഒരു വികാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.നിര്‍ബന്ധിത സൈനിക സേവനത്തിന്‍റെ ദുരിതങ്ങള്‍ അവിടെ ഉള്ള ഓരോ സൈനികനും പറയാനുണ്ട്.അവരുടെ ജീവിതം,സ്വപ്‌നങ്ങള്‍ എല്ലാം അതില്‍ പൊലിഞ്ഞു പോയിരിക്കുന്നു.അത് കൊണ്ട് തന്നെ ആദ്യം ദേഷ്യപ്പെടുന്ന അവര്‍ ആ പെണ്‍ക്കുട്ടികളോട് പിന്നീട് സൌമ്യമായി പെരുമാറുന്നുണ്ട്.തടവിലാക്കപ്പെട്ടത്തിന്റെ തൊട്ടടുത്തായി നടക്കുന്ന ഫുട്ബോള്‍ മത്സരം അവര്‍ക്ക് കാണുവാന്‍ സാധിക്കുന്നില്ലെങ്കിലും അവര്‍ ആഗ്രഹിക്കുന്ന ഒരു ഹരം അവിടത്തെ ശബ്ദ കോലാഹലങ്ങളില്‍ നിന്നും ലഭിക്കുന്നുണ്ട്.ചിലപ്പോഴൊക്കെയായി മത്സരം വിവരിക്കുന്ന സൈനികര്‍ അവരെ സഹായിക്കുന്നുണ്ട്.ഫുട്ബോള്‍ മത്സരം അധികം കാണിക്കുന്നില്ലെങ്കിലും പശ്ചാത്തലത്തില്‍ കളിയുടെ ആരവങ്ങള്‍ ആണ് മുഴുവനും.മറ്റുള്ള രാജ്യത്തെ സ്ത്രീകള്‍ക്ക് ഇറാനില്‍ പുരുഷന്മാരോടൊപ്പം മത്സരം കാണാമല്ലോ എന്ന് ചോദിക്കുന്ന പെണ്‍ക്കുട്ടിയോട് സൈനികന്‍ പറയുന്നുണ്ട് അതിനു കാരണം മൈതാനത്തില്‍ ആണുങ്ങള്‍ വിളിക്കുന്ന ചീത്ത വാക്കുകള്‍ മനസിലാക്കുവാന്‍ അവര്‍ക്ക് ഭാഷ അറിയില്ല എന്ന്.അപ്പോള്‍ ഇറാനില്‍ ജനിച്ചതാണോ തങ്ങളുടെ തെറ്റ് എന്ന് ആ പെണ്‍ക്കുട്ടി ചോദിക്കുന്നു.ഒരു അലര്‍ച്ച മാത്രം ആയിരുന്നു അതിനുള്ള ഉത്തരം.അതായിരുന്നു സംവിധായകന്‍ ഉദ്ദേശിച്ച ഈ ചിത്രത്തിന്‍റെ സാമൂഹിക പ്രസക്തിയും.
ഒരു സാധാരണ സിനിമ എന്നതില്‍ ഉപരി സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ട ചെറിയ സന്തോഷങ്ങളെ ആണ് സംവിധായകന്‍ ഈ സിനിമയില്‍ ആത്മാര്‍ഥതയോടെ അവതരിപ്പിച്ചിരിക്കുന്നത്.മത്സരം കഴിഞ്ഞ് നിയമലംഘനം നടത്തിയ ഇവരെ മേലധികാരികളുടെ അടുക്കലേക്കു കൊണ്ട് പോകുന്ന സംഭവങ്ങളില്‍ സിനിമ അവസാനിക്കുന്നു.തീര്‍ച്ചയായും കണ്ടിരിക്കണം ഈ ചിത്രം.പ്രത്യേകിച്ചും ലോകകപ്പ് മത്സരങ്ങള്‍ വരുന്ന ഈ സമയത്ത് അത് തങ്ങളുടെ നാട്ടില്‍ നടന്നിരുന്നു എങ്കില്‍ അത് കാണാന്‍ സാധിക്കാത്ത മനുഷ്യജന്മങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു എന്ന് അറിയണമെങ്കില്‍.പുരാതന ഒളിമ്പിക്സില്‍ ഇത്തരം ഒരു നിയമം നിലനിന്നിരുന്നതായി കേട്ടിട്ടുണ്ട്.ഇത്തരം നിയമങ്ങളില്‍ ജനങ്ങള്‍ക്ക് എല്ലാം താല്‍പ്പര്യം ഇല്ലായിരുന്നു എന്ന് അവിടത്തെ യുവാക്കളുടെയും ചെറുപ്പക്കാരായ സൈനികരുടെയും നിലപാടുകളില്‍ കൂടി കാണിക്കുവാനും ജാഫര്‍ പനാഹി ശ്രമിച്ചിട്ടുണ്ട്.
ബ്രസീലില്‍ ഇത്തവണ നടക്കുന്ന ലോകക്കപ്പ് ഇത്തരം അസ്വാതന്ത്ര്യത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചു എറിയുകയും,ദേശ-മത-ലിംഗ വിവേചനം ഇല്ലാതെ എല്ലാവരിലും ഒരേ മനസ്സോടെ ആസ്വദിക്കുന്ന ഒന്നാകണം എന്ന് നമുക്ക് മനസ്സ് കൊണ്ട് ആഗ്രഹിക്കാം.കാരണം മൈതാനങ്ങളില്‍ മുഴങ്ങുന്നത് ലോകരാജ്യങ്ങളുടെ ആരവം ആണ്.അത് ഒന്നിച്ചു മുഴങ്ങിയാല്‍ മാത്രമേ ജാഫര്‍ പനാഹിയുടെ സ്വാതന്ത്ര്യം കാംക്ഷിക്കുന്ന പെണ്‍ക്കുട്ടികള്‍ ആഗ്രഹിച്ച ഒരു മത്സരാന്തരീക്ഷം ലോകകപ്പ് വേദികള്‍ക്ക് പ്രദാനം ചെയ്യാന്‍ കഴിയൂ.കലയും കായികവിനോദവും സുന്ദരമായി മാറുന്നത് ഇത്തരം കൂട്ടിയെഴുത്തുകളില്‍ ആണ്.ഫുട്ബോള്‍ മത്സരത്തിലെ ഫൗള്‍ സൂചിപ്പിക്കുന്ന ഈ വാക്ക് ചില നിയമങ്ങളിലെ ഫൗള്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.അങ്ങനെ പേരിനോട് നീതി പുലര്‍ത്തിയ ഒരു മനോഹര ചിത്രം ആണ് "ഓഫ്സൈഡ്".