Wednesday, 31 December 2014

263.AAMAYUM MUYALUM(MALAYALAM,2014)

263.AAMAYUM MUYALUM(MALAYALAM,2014),Dir:-Priyadarshan,*ing:-Jayasurya,Innocent,Nedumudi Venu.

"ആമയും മുയലും" മലയാളികള്‍ മറക്കേണ്ട സിനിമ.

   പഴയ കാല ഹിറ്റ്‌ സംവിധായകര്‍ക്ക് മുഴുവന്‍ കണക്കു കൂട്ടലുകള്‍ തെറ്റുകയാണോ എന്നുള്ള സാധാരണ മലയാളി പ്രേക്ഷകന്‍റെ സംശയം കൂടുതല്‍ ബലപ്പെടുത്തുന്നു പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആമയും മുയലിലൂടെ."ഇന്നസെന്‍റിനെ" നായകന്‍ ആക്കി പ്രിയന്‍ സംവിധാനം ചെയ്ത ഈ സിനിമ അദ്ദേഹത്തിന്റെ തന്‍റെ പഴയക്കാല ചിത്രങ്ങളുടെ സാമ്പാര്‍ പരുവം ആണ്.ഇടയ്ക്ക് പഴയ ദാസനെയും വിജയനെയും ഓര്‍മിപ്പിക്കുന്ന ഡയലോഗും ചന്ദാമാമ മുതലായ സിനിമകളുടെയും പ്രിയന്‍റെ പ്രതാപക്കാല ചിത്രങ്ങളും എല്ലാം പലപ്പോഴും ഓര്‍ക്കാന്‍ ഈ സിനിമ സഹായിച്ചു.സാധാരണയായി മലയാളം സിനിമകളുടെ ഹിന്ദി റീമേക്കുകള്‍ ചെയ്തു ഹിറ്റ്‌ ആക്കിയ ചരിത്രം ഉള്ള പ്രിയന്‍ ഇത്തവണ "മാലാമാല്‍ വീക്കിലി" എന്ന തന്‍റെ തന്നെ പഴയ ഹിന്ദി  ചിത്രം മലയാളത്തിലേക്ക് മാറ്റി "ആമയും മുയലും" ആക്കി.

  സുധാ ചന്ദ്രന്‍ അവതരിപ്പിച്ച വേഷത്തില്‍ സുകന്യയും പിന്നെ പരേഷ് റാവല്‍,ഓം പൂരി എന്നിവര്‍ അവതരിപ്പിച്ച വേഷത്തില്‍ യഥാക്രമം നെടുമുടി വേണുവും ഇന്നസന്റും  വന്നു.ഇന്നസന്‍റ് അവതരിപ്പിച്ച ഹിന്ദി സിനിമയിലെ വേഷം മലയാളത്തില്‍ നന്ദു അവതരിപ്പിച്ചു.കേരളത്തിന്‌ അപരിചിതമായ ഒരു ഗ്രാമം.രാജസ്ഥാനിലോ ബീഹാറിലോ മറ്റോ കാണാന്‍ സാധിക്കും എന്ന് കരുതുന്നു.എല്ലാം നഷ്ടപ്പെട്ട ജനങ്ങള്‍ അവരുടെ വിധിയില്‍ വിശ്വസിച്ചു ജീവിക്കുമ്പോള്‍ അപ്രതീക്ഷിതമായി അവിടെ ഒരാള്‍ക്ക്‌ ലോട്ടറി അടിക്കുന്നു.പിന്നെ നടക്കുന്ന ടോം ആന്‍ഡ് ജറി കളികള്‍ ആണ് സിനിമ മൊത്തം.സ്ഥിരം പ്രിയന്‍ ചേരുവകകള്‍ ഈ ചിത്രത്തില്‍ ഉണ്ടെങ്കിലും അതെല്ലാം നന്നായി ബോറടിപ്പിച്ചു.പ്രത്യേകിച്ചും ക്ലൈമാക്സിലെ കൂട്ടയോട്ടം.പണ്ടൊരു കഥ കേട്ടിട്ടുണ്ട്.ഒരു തമാശ സര്‍ക്കസിലെ ആ കോമാളി ആദ്യം പറഞ്ഞു.അപ്പോള്‍ എല്ലാവരും ചിരിച്ചു.അയാള്‍ രണ്ടാം ദിവസവും അത് തന്നെ പറഞ്ഞു.ആളുകള്‍ കുറച്ചു ചിരിച്ചു.മൂന്നാം ദിവസം കുറച്ചു ഗൌരവത്തില്‍ ആയി.നാലാം ദിവസം ആളുകള്‍ കൂവി.ആ അവസ്ഥ ആയിരുന്നു സിനിമയില്‍ ചിരിപ്പിക്കാന്‍ ഉദ്ദേശിച്ചു എടുത്ത പല രംഗങ്ങളിലും.

  എം ജി ശ്രീകുമാര്‍ സംഗീതം നല്‍കിയപ്പോള്‍ പാട്ടുകള്‍ തീരെ നിലവാരം കാണിച്ചില്ല എന്നതും പ്രിയന്‍റെ മുന്‍ക്കാല ചിത്രങ്ങളിലെ നയന മനോഹരമായ ഗാന രംഗങ്ങളും ഈ ചിത്രത്തിന് അന്യം ആയിരുന്നു.ചുരുക്കി പറഞ്ഞാല്‍ ഹരിശ്രീ അശോകന്‍,മാമുക്കോയ എന്നിവര്‍ ഉള്‍പ്പെട്ട അതി ശക്തമായ  കോമഡി നിരയ്ക്കും മറ്റു വിഭാഗത്തില്‍ ഉള്ളവര്‍ക്കും ഒന്നും ചെയ്യാന്‍ ആയില്ല.ജയസൂര്യ നായകന്‍ ആണെന്ന് പറയാമെങ്കിലും സഹ നടന്‍ മാത്രമായാണ് സിനിമയില്‍ നിന്നത്.സിനിമയുടെ തുടക്കത്തില്‍ മോഹന്‍ലാലിന്‍റെ ശബ്ദം കേള്‍പ്പിച്ച പ്രിയന്‍ ഇടയ്ക്ക് മോഹന്‍ലാലിനെ പോലെ അഭിനയിക്കുന്ന അനൂപ്‌ മേനോനെയും കൊണ്ട് വന്നു അഭിനയിപ്പിച്ചു.

  തീര്‍ച്ചയായും മലയാളികളും പ്രിയദര്‍ശനും കൂട്ടരും മറക്കേണ്ട ഒരു ദുരിതം ആണ് "ആമയും മുയലും".ഏതോ ഒരു സിനിമയില്‍ ആരോ പറഞ്ഞത് പോലെ "ഇപ്പോള്‍ പിള്ളേരൊക്കെ സിനിമ ഡൌണ്‍ലോഡ് ചെയ്തു കാണുന്ന കാലമാണ്".അത് കൊണ്ട് തന്നെ മൂവി ബഫ് അല്ലാത്ത സാധാരണക്കാരും പണ്ട് ഉരുട്ടി കൊടുത്ത ചോറ് പോലെ ഉള്ള സിനിമകളില്‍ നിന്നും പുറത്തു വന്നിട്ടുണ്ട്.പ്രത്യേകിച്ചും കുടുംബങ്ങള്‍.എന്തായാലും പ്രിയന്‍ എന്ന സംവിധായകനില്‍ വിശ്വാസം ഉള്ള ധാരാളം പ്രേക്ഷകര്‍ എന്നും ഇവിടെ ഉണ്ടാകും.പക്ഷേ അവര്‍ക്ക് വേണ്ടത് പഴയ ചോറ് അല്ല.പകരം നല്ലൊരു ബിരിയാണി ആണ്.പ്രിയനിലെ സംവിധായകന്‍ അതുമായി മടങ്ങി വരും എന്ന് പ്രതീക്ഷിക്കുന്നു.

More reviews @www.movieholicviews.blogspot.com

262.COUSINS(MALAYALAM,2014)

262.COUSINS(MALAYALAM,2014),Dir:-Vaisakh,*ing:-Kunchacko Boban,Indrajith.

 കസിന്‍സ്-മലയാളം സംസാരിക്കുന്ന തെലുങ്ക്‌ സിനിമ!!

  ക്രിസ്തുമസ് കാലത്ത് ഹോളി നടത്തിയത് പോലെ തോന്നും കസിന്‍സ് കാണുമ്പോള്‍.ആകെ മൊത്തം മഞ്ഞ,ചുവപ്പ്,പച്ച,നീല എന്ന് വേണ്ട ഒരു വിധം  എല്ലാ നിറവും ചേര്‍ത്ത് ഇണക്കി  ഉള്ള ഒരു "പെര്‍ഫെക്റ്റ് കളര്‍ഫുള്‍ തെലുങ്ക്/തമിഴ്‌ സിനിമ" ആണ് കസിന്‍സ്.ഭാഷ മാത്രം മലയാളം.ഇങ്ങനെ മഴവില്ലിലെ നിറങ്ങള്‍ ഒക്കെ പെറുക്കിയെടുത്തു  സിനിമകള്‍ എടുക്കാന്‍ വൈശാഖ് തന്‍റെ ആദ്യ സിനിമയായ പോക്കിരിരാജ മുതല്‍ ശ്രമിച്ചിട്ടുണ്ട്.നിരൂപകരുടെ കണ്ണില്‍ മോശം ആണെന്ന് തോന്നിയാലും ആ സിനിമകള്‍ ഭൂരിഭാഗം വരുന്ന സാധാരണക്കാരന് അല്‍പ്പ നേരം ചിരിച്ചു മറക്കാന്‍ ഉള്ളത്  ആയിരുന്നു.എന്നാല്‍ ഒരു ചുവടു മാറ്റം "കൊന്തയും പൂണൂലും" എന്ന ചിത്രത്തില്‍ നടത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം നല്‍കിയില്ല.അതാകും വീണ്ടും വൈശാഖ് തന്‍റെ സുരക്ഷിത മേഖലയിലേക്ക് ഇത്തവണ തിരിച്ചു വന്നത്.

  നാല് കസിന്‍സിന്റെ സൗഹൃദവും അവരില്‍ ഒരാളായ ശ്യാമിന്‍റെ മെഡിക്കല്‍ സയന്‍സിനു തന്നെ അത്ഭുതമായ വായില്‍ കൊള്ളാത്ത പേരുള്ള ആ പഴയ അസുഖം മാറ്റാന്‍ അവര്‍ ശ്രമിക്കുന്നതും ആണ് കഥ.മിന്നു കെട്ടുന്നതിനു മുന്‍പ് പള്ളിയില്‍ വച്ച് അച്ചന്‍ സമ്മതം ചോദിക്കുമ്പോള്‍ സ്ക്കൂളിലെ പഴയ കാമുകിയെ അല്ലേ വിവാഹം ചെയ്യേണ്ടത് എന്ന് ചോദിക്കുന്ന രീതിയില്‍ വരെ മാരകം ആയ അസുഖം ആണ് സാമിന്.ഡോക്റ്റര്‍ പറഞ്ഞതനുസരിച്ച് സാമിന് ആറു വര്‍ഷം മുന്‍പ് അപകടം നടന്ന സ്ഥലത്തേക്ക് ഓര്‍മകള്‍ വഴിയില്‍ കിടന്നു കിട്ടും എന്ന് കരുതി മഞ്ഞ ജീപ്പില്‍ നാല് പേരും വീട്ടുകാരുടെ അനുവാദം ഒക്കെ ചോദിച്ചു പോകുന്നു.കേരളത്തില്‍ ഉണ്ടായിരുന്ന പച്ച,മഞ്ഞ,ചുവപ്പ് നിറത്തിന്റെ ഒക്കെ കുറവ് നികത്തിയാണ് പിന്നെയുള്ള രംഗങ്ങള്‍.കേരള ബോര്‍ഡറില്‍ ബ്രിട്ടീഷുകാര്‍ ഭരണം നിര്‍ത്തി പോയത് അറിയാത്ത,പ്രേം നസീര്‍ മരിച്ചത് അറിയാത്ത നാട്ടില്‍ അവര്‍ എത്തപ്പെടുന്നു.രാജ്ഞി വാഴ്ച ആണ് അവിടെ.അവിടെ മൊത്തം ഐറ്റം ഡാന്‍സിനു തയ്യാറെടുത്തു നില്‍ക്കുന്ന കുറെ പെണ്ണുങ്ങള്‍ ഉണ്ട് എപ്പോഴും.അവിടെ വച്ച് സാമിന് ഓര്‍മ തിരിച്ചു കിട്ടുമോ എന്നതാണ് സിനിമ പറഞ്ഞു തരുന്നത്.

  നാല് കസിന്‍സ് ആയി കുഞ്ചാക്കോ ബോബന്‍,ഇന്ദ്രജിത്ത്,സുരാജ് പിന്നെ ജോജു എന്നിവര്‍ വേഷമിടുന്നു.മടിയന്മാരും  മണ്ടന്മാരുമായ കസിന്‍സ് ആയ പോളിയും ടോണിയും  ആയി സുരാജും ജോജുവും സ്ഥിരം ചളികള്‍ ഒക്കെ ആയി തിളങ്ങിയിട്ടുണ്ട്.അതില്‍ നല്ലതെന്ന് പറയാന്‍ ജോജുവിന്‍റെ ചില ഭക്ഷണ തമാശകള്‍  ഉണ്ടായിരുന്നു.പിന്നെ ഉള്ളത് ഇന്ദ്രജിത്തിന്‍റെ ജോജി.തന്നെ കൊണ്ട് ആകും വിഷം ആ  വേഷം നന്നാക്കിയിട്ടുണ്ട് ഇന്ദ്രജിത്ത്.സാമിനെ അവതരിപ്പിച്ച കുഞ്ചാക്കോയും തെറ്റില്ലായിരുന്നു.പക്ഷേ ഒരു മീശക്കാരന്‍ പണക്കാരന്‍ ആയി വന്ന ഷാജോണ്‍ ശരിക്കും വെറുപ്പിച്ചു.ചളി അടിക്കുകയാണ് എന്നറിഞ്ഞു തന്നെയാകും അവര്‍ ഈ ഡയലോഗ് ഒക്കെ പറയുന്നതെന്ന് എന്നാണു തോന്നുന്നത്.സച്ചി-സേതുവിലെ സേതു തിരക്കഥ എഴുതിയെങ്കിലും ഒറ്റയ്ക്ക് പണി എടുത്തു പണി വാങ്ങിയ  സലാം കാശ്മീര്‍,ഐ ലവ് മീ എന്നിവയുടെ ഒക്കെ നിലവാരത്തില്‍ എത്തിയില്ലെങ്കിലും മല്ലു സിംഗിന്‍റെ നിലവാരം പോലും കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞില്ല.പിന്നെ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ക്ക് വേണ്ടി മാത്രം കുറെ സീനുകളും.കുടുംബ പ്രേക്ഷകരെ ലക്ഷ്യമിടുന്ന സിനിമകള്‍ ആയി വന്നു ഹിറ്റ്‌ ആയവയെല്ലാം ഈ ഒരു ചേരുവക കഥയില്‍ ഇടാറുണ്ട് പലപ്പോഴും.മനസ്സില്‍ തങ്ങി നില്‍ക്കുന്നത് ആകെ മൊത്തം നിഷ അഗര്‍വാളും ,വേദികയും മാത്രം ആണ്.രണ്ടു പേരെയും നല്ല സുന്ദരിമാരായി തന്നെ കാണിച്ചിട്ടുണ്ട്.

ലോജിക് ഒന്നും നോക്കിയില്ലെങ്കില്‍ പോലും ഇപ്പോള്‍ പല സംവിധായകരും വില കുറച്ചു കാണുന്ന കുടുംബ പ്രേക്ഷകരുടെ ആസ്വാദന നിലവാരം പ്രതീക്ഷിച്ചാകാം ഈ സിനിമയും പുറത്തു വന്നത്.എന്നാല്‍ കാലം മാറിയത് വൈശാഖും കൂട്ടരും അറിഞ്ഞില്ല എന്ന് തോന്നുന്നു.ജനപ്രിയ നായകന് അടുത്ത് പറ്റിയതൊന്നും ആരും കണ്ടില്ല എന്ന് തോന്നുന്നു.ഒരു കോടി മുടക്കി സെറ്റ് ഇട്ട സമയത്ത് ഒരു നൂറു രൂപ കൊടുത്ത് ഒരു കൊച്ചു കുട്ടിയോട് ആ തിരക്കഥ വായിക്കാന്‍ പറഞ്ഞിരുന്നെങ്കില്‍ ഈ അപകടം  സംഭവിക്കില്ലായിരുന്നു എന്ന് തോന്നുന്നു.ചളിയും തമാശയും ഒക്കെ കാണാന്‍ തന്നെയാണ് പ്രേക്ഷകര്‍ സിനിമയ്ക്ക് കയറുന്നത്.എന്നാല്‍ അത് അവരുടെ വായില്‍ കയറിയിരുന്നു വെടി വയ്ക്കുന്നത് പോലെ ആയാല്‍ അവര്‍ ഉപേക്ഷിക്കാന്‍ സാധ്യത കൂടുതല്‍ ആണ്.പ്രതീക്ഷിക്കാവുന്ന ട്വിസ്ട്ടുകളും കഥയുമായി ചിത്രം അവസാനിക്കുമ്പോള്‍ ഇത്രയും നേരം കണ്ടതാണോ ക്രിസ്തുമസ്സ് ആഘോഷിക്കാന്‍ വന്ന സിനിമ എന്ന് ഓര്‍ക്കാതെ ഇരുന്നാല്‍ നന്ന്.

More reviews @ www.movieholicviews.blogspot.com

  

261.PK(HINDI,2014)

261.PK(HINDI,2014),Dir:-Rajkumar Hirani,*ing:-Amir Khan,Anushka Sharma.

  "PK പറയാന്‍ ശ്രമിക്കുന്ന സാമൂഹിക യാതാര്‍ത്ഥ്യം"

  അമീര്‍ ഖാന്‍ സിനിമകള്‍ ഇറങ്ങുമ്പോള്‍ ഉയര്‍ത്തി വിടുന്ന വിവാദങ്ങള്‍ പതിവാണ്.PK യും അതില്‍ നിന്നും വ്യത്യസ്തം ആകുന്നില്ല.എന്നാല്‍ ഇത്തവണ സിനിമ ഉയര്‍ത്തിപ്പിടിക്കുന്നത് Blasphemy ആണെന്ന വിവാദം വര്‍ഗീയ സംഘടനകളെ ഒരു പരിധി വരെ ഈ ചിത്രത്തിന് എതിരാക്കിയിട്ടും ഉണ്ട്.അതാണ്‌ പല സ്ഥലങ്ങളിലായി ഈ ചിത്രത്തിന് എതിരെ നടക്കുന്ന ആക്രമണങ്ങള്‍ കാണിച്ചു തരുന്നത്.സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയ ചിത്രത്തെക്കുറിച്ച് ഇത്തരത്തില്‍ നടക്കുന്ന അബദ്ധധാരണകള്‍,അത് Crime File,Da Vinci Code,വിശ്വരൂപം എന്ന് വേണ്ട ഏതു ചിത്രമായാലും അത് തങ്ങള്‍ക്ക് എതിരെ ആണെന്ന് കരുതുന്ന മത സംഘടനകള്‍ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു കൂച്ച് വിലങ്ങിടാന്‍ ശ്രമിക്കുകയാണ് എന്ന് പറയേണ്ടി വരും.പണ്ട് പ്രവാചകന്‍റെ ചിത്രം വരച്ചതിന്റെ പേരില്‍ നടന്ന സംഭവങ്ങളും,എം എഫ് ഹുസ്സൈന്‍ വരച്ച ചിത്രങ്ങള്‍ക്ക് ഉണ്ടായ എതിര്‍പ്പും എല്ലാം ഇവിടെ കൂട്ടി വായിക്കേണ്ടത് ആണ്.

  PK എന്നാല്‍ ഒരിക്കലും blasphemy പ്രചരിപ്പിക്കുന്നില്ല എന്നതാണ് സത്യം.പകരം അത് റോങ്ങ്‌ നമ്പര്‍ എന്ന് വിളിക്കുന്ന മനുഷ്യരുടെ ഇടയില്‍ ഉള്ള ദൈവീക ദൂതന്മാരെ ആണ് ലക്‌ഷ്യം വച്ചിരിക്കുന്നത്.ഹൈന്ദവ പ്രതീകങ്ങള്‍ കൂടുതലായി വിമര്‍ശന വിധേയം ആയിട്ടുണ്ടെങ്കിലും ചിത്രത്തില്‍ ഉടന്നീളം ദൈവത്തിന്‍റെ പ്രതിനിധികള്‍ എന്നവകാശപ്പെടുന്ന കള്ളാ നാണയങ്ങള്‍ക്ക് ചിത്രം മറുപടി നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്.OH My God എന്ന പരേഷ് റാവല്‍ ചിത്രം പറഞ്ഞതില്‍ കൂടുതല്‍ ഒന്നും PK പറയുന്നില്ല.ഒരു പക്ഷേ ദൈവങ്ങളുടെ അസ്തിത്വത്തെ കൂടുതല്‍ ചോദ്യം ചെയ്തത് OMG ആകാന്‍ ആണ് സാധ്യത കൂടുതല്‍.എന്നാല്‍ PK ഭാരതത്തിലെ ചില കള്ള നാണയങ്ങള്‍ക്കും അത് പോലെ തന്നെ ചില സാമൂഹിക അവസ്ഥകളെയും ആണ് വിമര്‍ശിച്ചിട്ടുള്ളത്.പ്രത്യേകിച്ചും ആ കോണ്ടം സീനും പിന്നെ ഒരു ദൈവത്തിന്‍റെ അടുക്കല്‍ എത്തിച്ചേരാന്‍ പലതരം മാര്‍ഗങ്ങള്‍ ആരായുന്ന ഒരു വിശാല സമൂഹത്തെയും ആണ്.മനുഷ്യ രൂപം എടുത്ത PK എന്ന അന്യഗ്രഹ ജീവി തനിക്കു തിരിച്ചു പോകാന്‍ ഉള്ള റിമോട്ട് നഷ്ടം ആകുമ്പോള്‍ നടത്തുന്ന അന്വേഷണത്തില്‍ ആണ് ദൈവം എല്ലാം കണ്ടെത്തും എന്ന വിശ്വാസത്ല്‍ എത്തി ചേരുന്നത്.

PK തന്‍റെ ആ അവസ്ഥയില്‍ ഏതൊരു മനുഷ്യനെയും പോലെ തന്നെ തന്റെ മനുഷ്യ രൂപത്തോട് നീതി കാണിച്ച് ദൈവത്തില്‍ വിശ്വസിക്കുന്നു.PK തന്‍റെ അന്വേഷണങ്ങള്‍ ദൈവ വിശ്വാസത്തില്‍ മാത്രം നിര്‍ത്തുന്നു.ഒരു പക്ഷേ സാധാരണ മനുഷ്യന് മനസ്സിലാകാത്ത കാര്യം അന്വേഷിക്കുന്ന PKയ്ക്ക് വേറെ വഴികളും ഇല്ലായിരുന്നു.ഇത് തന്നെ അല്ലെ മനുഷ്യനും പരാജയം ഉണ്ടാകുമ്പോള്‍ ചെയ്യുന്നത്?സ്വയം തന്‍റെ പരാജയത്തില്‍ നിന്നും മുക്തന്‍ ആകുന്നതിനു പകരം ദൈവത്തില്‍ മാത്രം എല്ലാ പഴി ചാരുന്നു.ഒരു സന്തോഷത്തിനും ആശ്വാസതിനും ഈശ്വരനെ ആശ്രയിക്കുന്നതിനു പകരം എല്ലാം ഈശ്വരന്‍ ആണ് നല്‍കുന്നതെന്ന ഒരു മിഥ്യ ധാരണ വച്ച് പുലര്‍ത്തുന്ന സമൂഹത്തിനു ഒരു അടി തന്നെ ആണ് ഈ ചിത്രം.ഈ ചിത്രം കാണാത്തവര്‍ ആണ് ഇതിനെതിരെ ശബ്ദം ഉയര്‍ത്തുന്നത് എന്ന് തോന്നുന്നു.ശിവ ഭഗവാന്‍റെ വേഷം ധരിച്ച ഒരാളുടെ പുറകെ ഓടുന്നത് ദൈവത്തെ കളിയാക്കുന്നതാണ് എന്ന് എങ്ങനെ വിശ്വസിക്കുന്നു ആവോ?എന്തായാലും The Interview എന്ന ഒരു സാധാരണ തമാശ പടത്തിനു  എതിരെ ഉത്തര കൊറിയന്‍ സ്വേചാധിപതി ചെയ്തത് എന്താണോ അതാണ്‌ ഇപ്പോള്‍ വര്‍ഗീയതയുടെ പേരില്‍ ഈ ചിത്രത്തിന് എതിരെയും നടക്കുന്നത്.ഈ സിനിമ പറയാന്‍ ഉദ്ദേശിച്ചത് എന്താണ് എന്നെങ്കിലും മനസിലാക്കുക.ഇവിടെ വിമര്‍ശന വിധേയര്‍ ആയ റോങ്ങ്‌ നമ്പരുകള്‍ അല്ല വിശ്വാസികളുടെ എല്ലാ കാര്യങ്ങളും നടത്തി തരുന്നത്.അത് ആരെയും ഏല്‍പ്പിച്ചിട്ടില്ല എന്ന് മാത്രം എങ്കിലും സ്വയം മനസ്സിലാക്കുക.

More reviews @www.movieholicviews.blogspot.com

Friday, 26 December 2014

260.THE INTERVIEW(ENGLISH,2014)

260.THE INTERVIEW(ENGLISH,2014),|Comedy|,Dir:-Evan Goldberg, Seth Rogen,*ing:-James Franco, Seth Rogen, Randall Park.

  "This is the End" എന്ന സൂപ്പര്‍ കോമഡി ചിത്രത്തിന് ശേഷം അതേ ടീം ഒന്നിക്കുന്ന സിനിമയാണ് "The Interview".ഒരു പക്ഷേ ഈ വര്‍ഷം ഏറ്റവും അധികം ലോക ജനത സംസാരിച്ചത് ഈ തമാശ ചിത്രത്തെ കുറിച്ച് ആകാം.ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോംഗ് ഉന്നിനെ ആക്ഷേപിച്ചു എന്ന കാരണം കൊണ്ട് ഉത്തര കൊറിയയിലെ ഹാക്കര്‍മാര്‍ സോണിയുടെ സെര്‍വറില്‍ കയറി ചെയ്തത് ലോകം മുഴുവന്‍ അറിഞ്ഞതാണ്.ഒരു സമയത്ത് സിനിമയുടെ പ്രദര്‍ശനം തന്നെ ഭയം മൂലം നിര്‍ത്തി വയ്ക്കാന്‍ സോണി നിര്‍ബന്ധിതരായി എന്നും കേട്ടിരുന്നു.എന്നാലും ഏകാധിപത്യ വ്യവസ്ഥയോട് തോറ്റ് കൊടുക്കരുതെന്ന വാദങ്ങള്‍ മൂലം സോണി അവസാനം തീരുമാനം മാറ്റുകയായിരുന്നു.

  ചിത്രം ക്രിസ്ത്മസ് ദിനത്തിന്‍റെ തലേന്ന് തിരഞ്ഞെടുത്ത തിയട്ടരുകളില്‍ റിലീസ് ചെയ്യുകയും ചെയ്തു.മണിക്കൂറുകള്‍ക്കകം സിനിമയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് വിറ്റും പോയിരുന്നു.ഈ ഒരു ഓവര്‍ ഹൈപ്പ് ചിത്രത്തെ സുരക്ഷിതം ആക്കി എന്ന് പറയാം.ലോകം മുഴുവന്‍ കാത്തിരുന്ന സിനിമ കണ്ടു തീര്‍ന്നപ്പോള്‍ തോന്നിയത് ഒന്ന് മാത്രം.അമേരിക്ക അവരോടു ഏറ്റുമുട്ടാന്‍ തയ്യാറായി നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് എതിരെ ഉപയോഗിക്കുന്ന അതേ കളിയാക്കല്‍ തന്ത്രം തന്നെയാണ് ഈ ചിത്രത്തിലും ഉപയോഗിച്ചിരിക്കുന്നത് എന്നാണ്."The Dictator" എന്ന ചിത്രവും പിന്നെ ചാര്‍ളി ചാപ്ലിന്റെ വിശ്വപ്രസിദ്ധമായ "The Great Dictator" എന്നിവയൊക്കെ സമാനമായ തീം രസകരമായി അവതരിപ്പിച്ചവയാണ്.എന്നാല്‍ ഈ ചിത്രത്തില്‍ ഇടയ്ക്കുള്ള ചില പരാമര്‍ശങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ചിത്രം ഉത്തര കൊറിയന്‍ എകാധിപതിയെക്കുറിച്ചു ലോക മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകളുടെ ഒക്കെ ഒരു സ്പൂഫ് അവതരണം  ആയി മാറി.അതാകും കിം ജോംഗ് യുന്നിനെ ഈ ചിത്രം ചൊടിപ്പിച്ചത്.ഇത് രാഷ്ട്രീയമായ രീതിയില്‍ കാണുന്ന പ്രേക്ഷകന് തോന്നാവുന്ന ഒരു വികാരം ആണ്.ഏകാധിപത്യം ഭൂമിയില്‍ നിന്നും തുടച്ചു കളയണം എന്ന് ആഗ്രഹിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അവിശ്വസനീയമായ,എങ്കിലും തമാശയുടെ രീതിയില്‍ അവതരിപ്പിച്ച ക്ലൈമാക്സില്‍ നടക്കുന്ന സംഭവങ്ങള്‍ രസിപ്പിച്ചിരുന്നു.ഉത്തര കൊറിയന്‍ ജനത ഇതിനെക്കുറിച്ച്‌ എന്ത് പറയുന്നു?ക്രൂരനും സര്‍വോപരി ജനങ്ങളെ അടിമയെ പോലെ കരുതുന്ന ഒരു ഏകാധിപതിയുടെ lighter side ആണ് ചിത്രം തമാശ രൂപത്തില്‍ അവതരിപ്പിക്കുന്നത്‌.

 Skylark Tonight എന്ന ടി വി ഷോയുടെ അവതാരകനെയും നിര്‍മാതാവിനെയും ഉത്തര കൊറിയയിലേക്ക് ആ ഷോയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്ന കിം ജോംഗ് ഉന്നിനെ കാണാന്‍ അവര്‍ തയ്യാറാകുന്നു.എന്നാല്‍ CIA യ്ക്ക് വേറെ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു ഈ അഭിമുഖം കൊണ്ട്.അതെന്താണ് എന്നും അതിന്റെ അനന്തര ഫലങ്ങള്‍ എന്തൊക്കെ ആണെന്നും ആണ് ബാക്കി ചിത്രം. ഈ ചിത്രത്തിന്‍റെ മൂലകഥ. ഒരു സിനിമ എന്ന നിലയില്‍ റോജര്‍ സേത്ത് ആന്‍ഡ് ടീമിന്‍റെ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ബോര്‍ അടിക്കാതെ കണ്ടിരിക്കാവുന്ന ഒരു തമാശ ചിത്രം ആയി മാറും.എന്നാല്‍ വളരെയധികം പ്രതീക്ഷയോടെ എന്തോ സംഭവം ആണെന്ന മട്ടില്‍ കാണാന്‍ ഇരുന്നാല്‍ ചിലപ്പോള്‍ നിങ്ങള്‍ നിരാശന്‍ ആയേക്കാം.പ്രത്യേകിച്ചും "This is the End" എന്ന എന്നെ രസിപ്പിച്ച സിനിമ പലര്‍ക്കും ഇഷ്ടം ആയില്ല എന്ന് കണ്ടിരുന്നു.ആ ഒരു തരത്തില്‍ തന്നെയാകും അഭിപ്രായങ്ങള്‍ പലതും വരുക എന്ന് കരുതുന്നു.

More reviews @www.movieholicviews.blogspot.com

Tuesday, 23 December 2014

259.ONE ON ONE(KOREAN,2014)

259.ONE ON ONE(KOREAN,2014),|Crime|Drama|,Dir:-Kim Ki Duk,*ing:-Dong-seok Ma, Young-min Kim, Yi-Kyeong Lee

  കിം കി ടുക് സംവിധാനം ചെയ്ത ഈ ചിത്രം അദ്ദേഹത്തിന്റെ വളരെയധികം വയലന്‍സ് നിറഞ്ഞ ചിത്രങ്ങളില്‍ നിന്നും അല്‍പ്പം ഡോസ് കുറച്ച ഒരു ചിത്രമാണ്.ഈ ചിത്രത്തില്‍ മനുഷ്യ മനസ്സില്‍ ഉള്ള ദുര്‍ബല ചിന്തകളായ അടിച്ചമര്‍ത്തപ്പെട്ടവന്റെ സങ്കടവും ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവര്‍ ചെയ്ത അനീതികളോടുള്ള എതിര്‍പ്പും  അത് നടപ്പിലാക്കിയവര്‍ക്ക് ഉള്ള തക്കതായ ശിക്ഷകളും നല്‍കാന്‍ തീരുമാനമെടുത്തു തുടങ്ങിയ ഒരു തീവ്രവാദി സംഘടന എന്ന് വേണമങ്കില്‍ വിളിക്കാവുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് അവതരിപ്പിച്ചിരിക്കുന്നത്.ഷാഡോ എന്ന സംഘടനയുടെ മറവില്‍ ഏഴു പേര്‍  സാമൂഹിക അനീതിക്കെതിരെ നടത്തുന്ന പോരാട്ടം ആയാണ് ചിത്രം തുടക്കത്തില്‍ അവതരിപ്പിക്കപ്പെടുന്നത്.

   മേയ് ഒമ്പതാം തീയതി നടന്ന ഒരു ക്രൂര കൃത്യത്തില്‍ പങ്കാളികള്‍ ആയ ഏഴു പേരെ അവര്‍ വിചാരണ ചെയ്യുന്നു.അതിനായി ഷാഡോ എന്ന സംഘടനയില്‍ ഉള്ളവര്‍ അവര്‍ ഒത്തു ചേരുന്ന രാത്രികള്‍ക്ക് മുന്‍പ് ആ ക്രൂര കൃത്യത്തില്‍ പങ്കെടുത്ത ഏഴു പേരെ ഓരോരുത്തരായി അവരുടെ രഹസ്യ സങ്കേതത്തില്‍ എത്തിക്കുന്നു.പകല്‍ സമയം ഈ സംഘടനയില്‍ ഉള്ളവര്‍ പലതരം ജീവിത രീതികള്‍ ആണ് പിന്തുടരുന്നത്.ഇവര്‍ പലപ്പോഴും അടിമത്തം അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ പ്രതിനിധികള്‍ ആണ്.സമൂഹത്തിലെ പുച്ഛവും അവജ്ഞയും ആണ് അവരെ തളര്‍ത്തുന്നത്.ഒരു പക്ഷേ അവരുടെതായ ജീവിതം അവര്‍ക്ക് നഷ്ടം വന്നിരുന്നു.ആ ക്രൂര കൃത്യത്തില്‍ പങ്കെടുത്ത ഏറ്റവും അവസാന കണ്ണി മുതല്‍ മുകളിലോട്ടു ആണവര്‍ തട്ടി കൊണ്ട് വരുന്നത്.നിയമം ഒരിക്കലും അവരെ തൊടുക പോലും ഇല്ലായിരുന്നു.ഷാഡോ സംഘടനയുടെ നേതാവ് അവര്‍ ഓരോരുത്തരോടും അന്ന് നടന്ന സംഭവങ്ങള്‍ ഒരു പേപ്പറില്‍ എഴുതി തരാന്‍ ആവശ്യപ്പെടുന്നു.അതിനായി അവരെ ക്രൂരമായി പീഡിപ്പിക്കുന്നു.അവസാനം അവര്‍ ജീവന്‍ രക്ഷിക്കാനായി അയാള്‍ പറയുന്നത് പോലെ ചെയ്യുകയും ചെയ്യുന്നു.എന്നാല്‍ സ്വന്തം ദേഷ്യവും അടിമത്തവും മാറ്റാനായി ആ സംഘടനയില്‍ ചേര്‍ന്നവര്‍ക്കു നേതാവായ മാ ദിയോമ്ഗ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ക്രൂരതകളോട് പൊരുത്തപ്പെടാനും സാധിക്കുന്നില്ല.എന്താണ് മേയ് ഒമ്പതാം തീയതി സംഭവിച്ചത്?ആ കൃത്യത്തില്‍ പങ്കെടുത്ത ആളുകള്‍ക്ക് എന്ത് സംഭവിച്ചു?ഇവിടെ കുറ്റവാളികള്‍ ആ കൃത്യം ചെയ്യാന്‍ ഏല്‍പ്പിച്ച ആള്‍ മുതല്‍ അത് നടപ്പിലാക്കിയവര്‍ വരെ ആണ്.

  കിം കി ദുക് സിനിമകളില്‍ മികച്ചത് എന്നൊന്നും ഈ ചിത്രത്തെ കുറിച്ച് പറയാന്‍ കഴിയില്ല.എന്നാല്‍ മനുഷ്യ മനസ്സിന്റെ ക്രൂരമായ ചില വികാരങ്ങളും അത് പോലെ തന്നെ അവയില്‍ നിന്നും മാറി സമാധാനത്തിന്റെ പാത വെട്ടിത്തുറക്കാന്‍ ഉള്ള ബുദ്ധ ഉപദേശങ്ങള്‍ കൂടി തീം ആയി വരുന്നുണ്ട്.71 ആം വെനീസ് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ ഈ ചിത്രം ആയിരുന്നു ഉത്ഘാടന ചിത്രം.ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദം ആക്കി എടുത്ത ചിത്രം എന്ന് കിം കി ദുക് വാദിക്കുമ്പോഴും ആ സംഭവം എന്താണെന്ന് ആര്‍ക്കും മനസ്സിലായില്ല എന്നത് കൊണ്ട് അത് കണ്ടു പിടിക്കുന്നവര്‍ക്ക് സമ്മാനവും വാഗ്ദാനം ചെയ്തിട്ടുണ്ട് കിം.

More reviews @www.movieholicviews.blogspot.com

Sunday, 21 December 2014

258.I ORIGINS(ENGLISH,2014)

258.I ORIGINS(ENGLISH,2014),|Sci-Fi|Drama|,Dir:-Mike Cahill,*ing:-Michael Pitt, Steven Yeun, Astrid Bergès-Frisbey.

"Priya Varma: You know a scientist once asked the Dalai Lama, "What would you do if something scientific disproved your religious beliefs?" And he said, after much thought, "I would look at all the papers. I'd take a look at all the research and really try to understand things. And in the end, if it was clear that the scientific evidence disproved my spiritual beliefs, I would change my beliefs."

Ian: That's a good answer.

Priya Varma: Ian... what would you do if something spiritual disproved your scientific beliefs?"

  ഇത്തരം  ഒരു ആശയത്തില്‍ ഊന്നിയാണ് I Origins എന്ന ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയില്‍ അവതരിപ്പിക്കപ്പെടുന്ന വിഷയത്തിനും അപ്പുറം ഈ ചിത്രത്തിന് വിശ്വാസങ്ങളില്‍ ഊന്നിയുള്ള ഒരു മുഖം കൂടി നല്‍കാന്‍ "Another Earth" സിനിമയുടെ സംവിധായകന്‍ ആയ മൈക്ക് ഈ ചിത്രത്തിലൂടെ ശ്രമിച്ചിട്ടുണ്ട്.കണ്മുന്നില്‍ കാണുന്നത് മാത്രം വിശ്വസിക്കുന്ന ഒരു ഗവേഷണ വിദ്യാര്‍ഥി ആയ ഇയാന്‍ ഗ്രേയില്‍ ഈ ചിത്രം ആരംഭിക്കുന്നു.അയാള്‍ക്ക്‌ കണ്ണുകളോട് ഭയങ്കരമായ ഒരു ആകര്‍ഷണം  ഉണ്ട്.ഇയാന്‍ അത് കൊണ്ട് തന്നെ അയാളെ  ആകര്‍ഷിക്കുന്ന കണ്ണുകളുടെ ചിത്രങ്ങള്‍ തന്‍റെ ക്യാമറയില്‍ പകര്‍ത്താനും ശ്രമിക്കാറുണ്ട്.മനുഷ്യന്‍റെ ഉല്‍പ്പത്തിയില്‍ ദൈവത്തെ കൂടുതലായി വിശ്വസിക്കുന്നത് കണ്ണിനു മാത്രമായി ലഭിച്ച പ്രത്യേകത മൂലം ആണ്.ഒരു കണ്ണ് പോലെ ആയിരിക്കില്ല മറ്റൊരാളുടെ കണ്ണ്.Unique എന്ന വാക്ക് ഉപയോഗിക്കാന്‍ പറ്റിയ സ്ഥലം.എന്നാല്‍ സയന്‍സില്‍ വിശ്വസിക്കുന്ന ഇയാന്‍ പരിണാമ പ്രക്രിയ മൂലം ഉണ്ടായതല്ല കണ്ണുകളുടെ ഈ പ്രത്യേകത എന്ന തത്വത്തില്‍ വിശ്വസിക്കുന്നില്ല.

   അയാള്‍ സ്വന്തമായി കണ്ണുകള്‍ ഒരു ജീവനില്‍ സ്വയം ഉണ്ടാക്കാന്‍ ആയി ശ്രമിക്കുന്നു.അതിനായി കൂടെ ഉള്ള ജൂനിയര്‍ ഗവേഷണ വിദ്യാര്‍ഥി ആയ കരേന്‍ ,സുഹൃത്തായ കെന്നി എന്നിവര്‍ ആണ് കൂടെ ഉള്ളത്.ആ സമയത്താണ് കണ്ണുകളുടെ സൗന്ദര്യത്തില്‍ ഭ്രമിച്ചു ഇയാന്‍ സോഫി എന്ന പെണ്‍ക്കുട്ടിയില്‍  അനുരക്തന്‍ ആകുന്നത്.എന്നാല്‍ സോഫിയുടെ ചിന്താഗതികള്‍ മറ്റൊന്നായിരുന്നു.അവള്‍ ആത്മാവിലും അത് പോലെ തന്നെ ദൈവീകമായ കാര്യങ്ങളിലും വിശ്വസിച്ചിരുന്നു.ഈ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും അവര്‍ ഒന്നിച്ചു ജീവിക്കാന്‍ ആരംഭിക്കുന്ന,എന്നാല്‍ തന്‍റെ ജീവിതത്തിലെ സുപ്രധാനമായ ഒരു ദിവസം നടന്ന സംഭവങ്ങളില്‍ ഇയാന്‍റെ ജീവിതത്തില്‍ നഷ്ടങ്ങള്‍ സംഭവിക്കുന്നു.ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ഉള്ള ഇയാന്‍റെ ജീവിതത്തില്‍ ആകസ്മികമായി ആണ് Iris database ഒരു പ്രധാന വിഷയം ആയി വരുന്നത്.ഇയാന്‍റെ മകനില്‍ Dr.സിമ്മന്‍സ്  നടത്തിയ ചില പരീക്ഷണങ്ങള്‍ എന്തിനെ കുറിച്ചാണ് എന്നുള്ള അന്വേഷണത്തില്‍ ആണ് ഇയാന്‍ ആ രഹസ്യത്തിന്റെ പുറകെ പോകുന്നത്.അയാള്‍ക്ക്‌ അതിനു ഉത്തരം ലഭിച്ചത് ഒരു പക്ഷേ പൂര്‍ണമായും നടപ്പിലാക്കിയാല്‍ ഒരു പക്ഷേ ലോകത്തില്‍ തന്നെ ഏറ്റവും അധികം ആളുകളുടെ bio metric വിവരങ്ങള്‍ ശേഖരിക്കപ്പെടുന്ന ആധാര്‍ കാര്‍ഡില്‍ ഉണ്ടായ ഒരു വിവരവും.അതിന്‍റെ ഡാറ്റാബേസ് access ഉള്ള കെന്നിയുടെ സഹായം അയാള്‍ക്ക്‌ അതില്‍ ലഭിച്ചു.പിന്നീട് നടന്ന സംഭവങ്ങള്‍ വിശ്വസിക്കണോ വേണ്ടയോ എന്ന് പ്രേക്ഷകര്‍ക്ക്‌ തീരുമാനിക്കാം.

   സിനിമ കഴിഞ്ഞതിനു ശേഷം Dr.സിമ്മന്‍സ് നടത്തുന്ന പരീക്ഷണങ്ങള്‍ മറ്റൊരു സയന്‍സ് ഫിക്ഷന്‍ സിനിമയ്ക്ക് വിത്ത് പാകിയിട്ടും ഉണ്ട്.പ്രത്യേകിച്ചും ഇയാന്‍ കണ്ടു പിടിക്കുന്ന രഹസ്യവുമായി കൂട്ടി വായിക്കുമ്പോള്‍.സിനിമയുടെ ഭൂരിഭാഗവും പരീക്ഷണങ്ങളും ബന്ധങ്ങളുടെ വൈരുദ്ധ്യമായ കാര്യങ്ങളും അവതരിപ്പിച്ചു പോകുന്നു.എന്നാല്‍ സിനിമ പിന്നീട്  മറ്റൊരു മുഖം കൈ വരിക്കുന്നു.നല്ലൊരു സയന്‍സ് ഫിക്ഷന്‍ ചിത്രം ആയി തോന്നി I Origins അങ്ങനെ. Festival Internacional de Cinema Fantàstic de Catalunya യില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം ആണിത്.കണ്ണും ചിന്തകളും തമ്മില്‍ എന്‍ എന്തെങ്കിലും ബന്ധം ഉണ്ടോ?ഇപ്പോഴത്തെ ജീവിതത്തിലും ഭാവി ജീവിതത്തിലും??

More reviews @www.movieholicviews.blogspot.com

Wednesday, 17 December 2014

257.REDIRECTED(ENGLISH,2014)

257.REDIRECTED(ENGLISH,2014),|Action | Drama | Thriller |,Country:-Lithuania,Dir:-Emilis Velyvis,*ing:-Vinnie Jones, Scot Williams, Gil Darnell .

  IMDB ഈ വര്‍ഷം കൂടുതല്‍ ദിവസങ്ങളിലും "9" ല്‍ കൂടുതല്‍ റേറ്റിംഗ് ലഭിച്ചു കൊണ്ടിരുന്ന  ചിത്രം ആയിരുന്നു Redirected.പക്ഷേ സിനിമയെ കുറിച്ച് ക്രിടിക് റിവ്യൂസ്‌ അല്ലാതെ മറ്റൊന്നും ലഭ്യം അല്ലായിരുന്നു ഇറങ്ങിയ സമയത്ത്.അതും ലിത്വാനിയയില്‍ മാത്രം .അത് കൊണ്ട് തന്നെ പ്രതീക്ഷ വാനോളം ഉയര്‍ന്നിരുന്നു.പ്രത്യേകിച്ചും മികച്ച റിവ്യൂ പലയിടത്തും കണ്ടത് കൊണ്ട്.കഴിഞ്ഞ വര്‍ഷം RUSH എന്ന സിനിമയ്ക്ക് വേണ്ടി കാത്തിരുന്നത് പോലെ തന്നെ ആണ് ഈ വര്‍ഷം Redirected എന്ന ഈ ലിത്വേനിയന്‍ ചിത്രത്തിനും കാത്തിരുന്നത്.ലിത്വേനിയയിലെ ഏറ്റവും വലിയ പണം വാരി പടങ്ങളില്‍ ഒന്നായി  ഈ ചിത്രം മാറി എന്നത് ചരിത്രം.എന്നാല്‍ ഈ ചിത്രം ഇത്രയും അധികം പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ മാത്രം മികച്ചതാണോ എന്നൊന്ന് പരിശോധിക്കാം.

  അന്ന് മൈക്കിളിന്റെ പിറന്നാള്‍ ആയിരുന്നു.ജോലി കഴിഞ്ഞതിനു ശേഷം കാമുകിയോടൊപ്പം അയാള്‍ പുറത്തു ഡിന്നറിനു പോകാന്‍ തയ്യാരാകാം എന്ന് പറഞ്ഞു.അന്നയാള്‍ അവളോട്‌ വിവാഹം ചെയ്യാന്‍ ആവശ്യപ്പെടാന്‍ പോവുകയായിരുന്നു.അയാള്‍ ഫോണില്‍ ആയിരിക്കുമ്പോള്‍ ആ ശബ്ദം കേള്‍ക്കുന്നത്.പെട്ടന്നായിരുന്നു ആ ആക്രമണം.അയാളെ അവര്‍ കീഴ്പ്പെടുത്തി.അല്‍പ്പ സമയത്തിന് ശേഷം ബോധം വന്നപ്പോള്‍ അയാള്‍  പന്നികള്‍ ഒക്കെ ഉള്ള ഒരു വണ്ടിയില്‍ ആയിരുന്നു.അപ്രതീക്ഷിതമായത്‌ ആണ് അവിടെ പിന്നീട് സംഭവിക്കുന്നത്‌.അയാള്‍ അറിയാതെ തന്നെ വലിയൊരു കുറ്റകൃത്യത്തിന്റെ ഭാഗം ആവുകയായിരുന്നു.പ്രശ്നങ്ങളില്‍ നിന്നും പ്രശ്നങ്ങളിലേക്ക് ചാടി പോകുന്ന സംഭവങ്ങള്‍ ആയിരുന്നു പിന്നീട്.മൈക്കില്‍ അന്ന് ഓര്‍ക്കാപ്പുറത്ത് പുതിയ ഒരു ശത്രുവിനെ ഉണ്ടാക്കി.ഗോള്‍ഡന്‍ പോള്‍ എന്ന അധോലോക തലവന്‍ ആയിരുന്നു അത്.മൈക്കിളിന്റെ ഒപ്പം ഉറ്റ സുഹൃത്തുക്കള്‍ ആയ ജോണി,ബെന്‍,ടിം എന്നിവരും ഈ പ്രശ്നത്തില്‍ അകപ്പെടുന്നു.എന്താണ് ആ കുറച്ചു നേരത്തിനുള്ളില്‍ സംഭവിച്ചത് എന്നതാണ് ഈ ചിത്രം ബാക്കി അവതരിപ്പിക്കുന്നത്‌.

   Facial Comedy യുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം ഈ ചിത്രത്തെ.സംവിധായകന്‍ ആയ വെളിവിസ്, എമിര്‍  കുസ്ടൂരിക്കയുടെ സിനിമകളുടെ ഒരു മൂഡ്‌ പകര്‍ത്താന്‍ ശ്രമിച്ചത്‌ പോലെ തോന്നി.പ്രത്യേകിച്ചും Black Cat,White Cat ,Underground തുടങ്ങിയ ചിത്രങ്ങളുടെ ഒരു അന്തരീക്ഷം ആയിരുന്നു ചിത്രത്തിന്.ക്ലൈമാക്സിലെ കല്യാണ രംഗം ഒക്കെ Black Cat,White Cat നെ ഓര്‍മിപ്പിച്ചു.ചിലയിടങ്ങളില്‍ Hangover Series,Dude, Where’s My Car,Thursday എന്നിവയുടെ ഒരു സാമ്യം തോന്നി.Pulp Fiction പോലെ നല്ല സ്ടയ്ലിഷ് സിനിമ ആയി ആരംഭിച്ച ഈ ചിത്രം പിന്നീട് പലപ്പോഴായി കണ്ട ചിത്രങ്ങളുടെ ഓര്‍മ ഉണ്ടാക്കി.വിന്നി ജോണ്‍സിന്റെ വില്ലന്‍ കഥാപാത്രം നന്നായിരുന്നു.പല ഓര്‍മപ്പെടുത്തലുകള്‍ വന്നെങ്കിലും ചിത്രം ഉടന്നീളം ഒരു വേഗത നില നിര്‍ത്തി.IMDB 9 എന്ന റേറ്റിങ്ങില്‍ നിന്നും ചിത്രം ഇപ്പോള്‍ താഴേക്കു ഇറങ്ങിയിട്ടുണ്ട്.ലിത്വേനിയയില്‍ ജനുവരിയില്‍ റിലീസ് ആയ ഈ ചിത്രം നവംബറില്‍ ആണ് UK യില്‍ ഇറങ്ങുന്നത്.അവര്‍ക്ക് ചിത്രം അധികം ഇഷ്ടം ആയെന്നു തോന്നുന്നില്ല.കാരണം ഇപ്പോള്‍ അഭിപ്രായങ്ങള്‍ പലതും മോശം ആണ്.എന്നാല്‍ ലിത്വേനിയന്‍ പ്രേക്ഷകര്‍ ചിത്രം രണ്ടു കയ്യും നീട്ടി സ്വീകരിച്ചതായും കാണാം.സിനിമ കാഴ്ചപ്പാടുകളുടെ വ്യത്യാസം ആയിരിക്കാം കാരണം.എന്നാല്‍ എന്‍റെ കാഴ്ചപ്പാടില്‍ ഞാന്‍ ലിത്വെനിയയുടെ ഒപ്പം നില്‍ക്കുന്നു. നല്ലൊരു ആക്ഷന്‍/ത്രില്ലര്‍/കോമഡി  ചിത്രമായി എനിക്ക്  ഇത് തോന്നി,റേറ്റിംഗിനോട് അത്ര യോജിപ്പ് ഇല്ലാതെ തന്നെ..

More reviews @www.movieholicviews.blogspot.com

1995. Drop ( English, 2025)