Monday, 28 July 2014

155.SEPTIMO(SPANISH,2013)

155.SEPTIMO(SPANISH,2013),|Thriller|,Dir:-Patxi Amezcua,*ing:-Riccardo Darin,Belen Rueda

  "The Secret in their Eyes" കണ്ടതോടെ റിക്കാര്‍ഡോ ഡാരിന്‍ എന്ന നടന്‍ എന്‍റെ പ്രിയപ്പെട്ട നടനമാരില്‍ ഒരാള്‍ ആയി മാറി.പിന്നീട് "El Aura" എന്ന ചിത്രം കണ്ടതോടെ റിക്കാര്‍ഡോ ടാറിന്റെ സിനിമകള്‍ തിരഞ്ഞെടുത്തു കാണാന്‍ തുടങ്ങി.റിക്കാര്‍ഡോ ഡാരിന്‍ സെബാസ്റ്റിന്‍ എന്ന വക്കീലിനെ അവതരിപ്പിച്ച ത്രില്ലര്‍ ചിത്രമാണ് "Septimo".സെബാസ്റ്റിന്‍ തിരക്കേറിയ ഒരു വക്കീല്‍ ആണ്.പലപ്പോഴും കുറ്റവാളികള്‍ക്ക് വേണ്ടി വാദിച്ച് അവരെ രക്ഷപ്പെടുത്തുന്ന സമര്‍ത്ഥനായ വക്കീല്‍ ആയിരുന്നു സെബാസ്റ്റിന്‍.ഡെലിയ എന്ന സ്പെയിന്ക്കാരി ആണ് സെബാസ്റ്റിന്റെ ഭാര്യ.തന്‍റെ ഭര്‍ത്താവ് വാദിക്കുന്ന കേസുകള്‍ സമൂഹത്തിലെ നീചന്മാര്‍ക്ക് വേണ്ടി ആണെന്ന് അവര്‍ മനസ്സിലാകുമ്പോള്‍ ഡെലിയ സെബാസ്റ്റിനോട് വിവാഹമോചനം ആവശ്യപ്പെടുന്നു.അകന്നു കഴിഞ്ഞിരുന്ന അവര്‍ മക്കളായ ലൂനയുടെയും ലോക്കയുടെയും ഒപ്പം ഒരു ഫ്ലാറ്റില്‍ ആണ് കഴിഞ്ഞിരുന്നത്.കുട്ടികളെ സ്ക്കൂളില്‍ കൊണ്ട് പോകാനായി സെബാസ്ടിന്‍ എന്നത്തേയും പോലെ ഒരു രാവിലെ അവിടെ എത്തുന്നു.അന്ന് സെബാസ്ടിന്‍ വാദിക്കേണ്ട ഒരു സുപ്രധാന കേസ് ഉള്ള ദിവസം ആയിരുന്നു.ഡെലിയയെ യാത്രയാക്കിയതിനു ശേഷം കുട്ടികളും ഒരുമിച്ച് ഇറങ്ങാന്‍ തുടങ്ങിയ സെബാസ്റ്റിന്‍ അവരുടെ ആഗ്രഹ പ്രകാരം അവര്‍ താമസിക്കുന്ന നിലയില്‍ നിന്നും താഴോട്ട് സ്റ്റെപ്പുകള്‍ ഇറക്കി വിടുന്നു.സെബാസ്റ്റിന്‍ ലിഫ്റ്റിലും പോകുന്നു.ആര് ആദ്യം എത്തും എന്ന ഒരു കുട്ടിക്കളിയും ഉണ്ടായിരുന്നു അതില്‍.

    എന്നാല്‍ താഴെ വന്ന സെബാസ്റ്റിന്‍ തന്‍റെ കുട്ടികളെ നോക്കി നില്‍ക്കുന്നു.എന്നാല്‍ അവര്‍ താഴെ വരുന്നില്ല.ഫ്ലാറ്റിലെ റിസപ്ഷനില്‍ ഇരിക്കുന്ന ആളും കുട്ടികള്‍ ആ വഴി കടന്നു പോകുന്നത് കണ്ടിട്ടില്ല.സെബാസ്റ്റിന്‍ ഹാജരാകാന്‍ ഇരിക്കുന്ന കേസ് വിളിക്കരായി എന്ന് ഫോണ്‍ കോളുകള്‍ വന്നു തുടങ്ങി.എന്നാല്‍ കുട്ടികളെ കാണാത്തത് കൊണ്ട് അവരെ അന്വേഷിച്ച് ഇറങ്ങുന്നു.ആ ഫ്ലാറ്റില്‍ തന്നെ ഉള്ള ഒരു പോലീസുകാരനുമായി ചെറിയ പ്രശ്നങ്ങള്‍ സെബാസ്സ്ട്ടിനു ഉണ്ടായിരുന്നു എങ്കിലും പോലീസുകാരനും ആ അന്വേഷണത്തില്‍ സഹകരിക്കുന്നു.ഓരോ വീട്ടിലും കയറി അവര്‍ അന്വേഷിക്കുന്നു.എന്നാല്‍ അവിടെ ഒരു മുറിയില്‍ ആളുകളോട് അധികം ഇടപ്പഴകാത്ത പ്രാകൃതന്‍ എന്ന്‍ തോന്നുന്ന ഒരാള്‍ ഉണ്ടായിരുന്നു.സെബാസ്റ്റിന്‍ അയാളെ സംശയിക്കുന്നു.എന്നാല്‍ ഒരാളുടെ വീട്ടില്‍ അതിക്രമിച്ചു കിടക്കുന്നതിന്‍റെ പ്രശ്നങ്ങളെ കുറിച്ച് പോലീസുകാരന്‍ പറയുന്നു.സെബാസ്ട്ടിനു കുട്ടികളെ കിട്ടിയേ മതിയാകൂ.അതിനായി അയാള്‍ എന്തും ചെയ്യും.കൂടുതല്‍ അറിയാന്‍ സിനിമ കാണുക.

  ഇവിടെ കുട്ടികളെ തട്ടിക്കൊണ്ടു പോയി എന്ന് സംശയികാവുന്ന ധാരാളം ആളുകള്‍ ഉണ്ട്.സെബാസ്സ്ടിന്റെ ശത്രുകള്‍ മുതല്‍ അന്ന് ഹാജരാകാന്‍ പോകുന്ന കേസിനെ വരെ ബാധിക്കുന്ന ആളുകള്‍.അല്ലാതെയും ഉള്ള അദൃശ്യ കരങ്ങള്‍.അല്‍പ്പ നേരത്തിനുള്ളില്‍ നടക്കുന്ന സംഭവങ്ങള്‍ ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.തന്റെ മക്കളെ അന്വേഷിച്ചു ഒരു പിതാവ് എത്ര വരെ പോകും എന്ന് ഈ ചിത്രം അവതരിപ്പിക്കുന്നു.റിക്കാര്‍ഡോ ടാരിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നും പെടുത്താന്‍ കഴിയില്ലെങ്കിലും അത്യാവശ്യം കാണാവുന്ന ഒരു  ത്രില്ലര്‍ ആണ് ഈ ചിത്രം.

More reviews @ www.movieholicviews.blogspot.com

Sunday, 27 July 2014

154.MANGLISH(MALAYALAM,2014)

154.MANGLISH(MALAYALAM,2014),Dir:-Salam Bappu,*ing:-Mammootty,Caroline Beach,Tini Tom.

മലയാളത്തിന്‍റെ പ്രിയ മെഗാസ്റ്റാറിനെ അഭിനയം എന്താണ് എന്നും ആരും ഉപദേശിക്കേണ്ട ആവശ്യം ഇല്ലാത്തത് പോലെ തന്നെ ഉള്ള ഒരു കാര്യം ആണ് അദ്ദേഹത്തിന്റെ സിനിമകളുടെ തിരഞ്ഞെടുപ്പും.കുറച്ചു ദിവസം മുന്‍പ് എവിടെയോ മമ്മൂട്ടി പറഞ്ഞു എന്നും പറഞ്ഞ ഒരു വാചകം ശ്രദ്ധിച്ചു.അദ്ദേഹത്തിന് വേണമെങ്കില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രം മതിയാകും.എന്നാല്‍ അദ്ദേഹത്തിന് വേണ്ടി കാത്തു നില്‍ക്കുന്ന പുതുമുഖ സംവിധായകര്‍ക്ക് മമ്മൂട്ടി എന്ന നടന വൈഭവം കൂടെ ചേരുമ്പോള്‍ ലഭിക്കുന്ന നേട്ടങ്ങള്‍ പലതാണ്.നിര്‍മാതാവ് മുതല്‍ എല്ലാം കുറച്ചും കൂടി എളുപ്പത്തില്‍ കിട്ടുമായിരിക്കും എന്നുള്ളത് സത്യമാണ്.ആ ഒരു രീതിയില്‍ അദ്ദേഹം ഈ അടുത്ത്  ചെയ്ത പടങ്ങളുടെ ഗതി പലതും കണ്ടതാണ്.അദ്ദേഹത്തിന്റെ പിന്‍ബലത്തില്‍ വന്ന അന്‍വര്‍ റഷീദ്,അമല്‍ നീരദ്,ആഷിക് അബു,മാര്‍ട്ടിന്‍ പ്രക്കാട്ട്  തുടങ്ങിയ ഇക്കാലത്തെ സംവിധായകരെ മറന്നു കൊണ്ടല്ല ഇത് പറയുന്നത്.സലാം ബാപ്പു "റെഡ് വൈനില്‍" നിന്നും "മംഗ്ലീഷില്‍" എത്തിയപ്പോള്‍ നാലാം ക്ലാസുകാരന്‍ എല്‍ കെ ജിയില്‍ എത്തിയത് പോലെ ആയി തോന്നി.മാസ് സിനിമ എടുക്കുന്നതില്‍ ചില വിദഗ്ധര്‍ ഉണ്ട് മലയാളത്തില്‍.ജോഷി മുതല്‍ വൈശാഖന്‍ വരെ നില്‍ക്കുന്ന ഇപ്പോഴത്തെ സംവിധായകരെ അനുകരിച്ചുള്ള ഒരു മേക്കിംഗ് സ്റ്റൈല്‍ ആണെങ്കില്‍ പോലും ഈ സിനിമ ഓടിയേനെ.ഇവരെ ഒക്കെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യത എന്ന് ചോദിച്ചാല്‍ ഒരു മൊബൈല്‍ ക്യാമറയില്‍ മര്യാദയ്ക്ക് ഫോട്ടോ പോലും എടുക്കാന്‍ അറിയാത്ത എന്നെ പോലെ ഒരാള്‍ മുടക്കിയ ടിക്കറ്റ് കാശിന്‍റെ അവകാശം എന്ന് പറയാം.

   മംഗ്ലീഷ് ആരംഭത്തില്‍ ചെറിയ ഒരു പ്രതീക്ഷ തന്നിരുന്നു.ഉത്സവക്കാലത്ത് ആരാധകര്‍ക്ക് വേണ്ടി ഇറങ്ങുന്ന ഒരു മാസ് ചിത്രം എന്ന ഒരു തോന്നല്‍.എന്നാല്‍ കേട്ട് പഴകിയ ആവര്‍ത്തന വിരസമായ കഥയില്‍ പുതിയതായി എഴുതി ചേര്‍ക്കാന്‍ ഒന്നും കഴിയാത്ത ഒന്നായി ഈ ചിത്രം.കൊച്ചിയുടെ സപ്ന്ദനം അറിയുന്ന മാലിക് ഭായ് എന്ന നായകന്‍ അവിടത്തെ ഒരു ഡോണ്‍ ആണെന്ന് പറയാം.രാഷ്ട്രീയം ,പോലീസ് എന്ന് വേണ്ട സിനിമ നടന്മാര്‍ക്കിടയില്‍ പോലും ബന്ധങ്ങള്‍ ഉള്ള ആള്‍.വിദ്യാഭ്യാസം കുറവുള്ള എന്നാല്‍ കാശുകാരനായ ഒരാള്‍ ആണ് മാലിക് ഭായ്.തന്‍റെ ആദ്യ ഭാര്യയുടെ പിതാവുമായി ശത്രുതയില്‍ ആയിരുന്ന മാലിക് ഭായ് അയാളുടെ രാഷ്ട്രീയ പ്രതിയോഗിയുടെ സ്വന്തം ആളാണ്‌.തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് ഡല്‍ഹിയില്‍ മീന്‍ കൊണ്ട് കൊടുത്ത ആളെ പോലെ ഒരാള്‍.അയാള്‍ക്ക്‌ വേണ്ടി ചെയ്യുന്ന ഒരു ജോലിയുടെ സമയത്ത് മാലിക് ഭായ് മിഷല്‍ എന്ന വിദേശ വനിതയെ കണ്ടു മുട്ടുന്നു.മാലിക് ഒരു അവസരത്തില്‍ അവരുടെ വിശ്വാസം നേടി എടുക്കുന്നു.മിഷലിനു മാലിക്കിനോട് പറയാന്‍ ഒരു രഹസ്യമുണ്ട്.എന്നാല്‍ മിഷലിനു അറിയുന്ന ഭാഷ മാലിക്കിന് വശമില്ല.എന്നാല്‍ ജീവിതത്തില്‍ പ്രധാനമായ ഒരു കാര്യം മിഷലിനു മാലിക് ഭായെ അറിയിക്കുകയും വേണം.അതിനായി അവര്‍ എന്തൊക്കെ ചെയ്തു എന്നതാണ് ബാക്കി കഥ.കേട്ട് പഴകിയ കഥ ആയിരിക്കാം.എന്നാലും അതൊക്കെ മികച്ച ടീം വര്‍ക്കിലൂടെ നന്നാക്കുന്ന ചില സംവിധായകരെ എങ്കിലും നമുക്ക് കാണാന്‍ സാധിക്കും.എന്നാല്‍ സലാം ബാപ്പു അവിടെ നിലവാരമനുസരിച്ച് ഉയര്‍ന്നുമില്ല.

  മമ്മൂട്ടി എന്ന നടന്‍ സൗന്ദര്യത്തില്‍ ഒരു അത്ഭുതം ആണ്.പ്രത്യേകിച്ചും അദ്ദേഹത്തിന്റെ പ്രായം നോക്കുമ്പോള്‍.എന്നാല്‍ സ്ക്രീനില്‍ ഒരു യുവാവായി നായികയുടെ ഒപ്പം യുഗ്മ ഗാനം പാടി നടക്കുന്നത് അല്‍പ്പം ബോര്‍ ആയി തന്നെ തോന്നുന്നുണ്ട്.പ്രത്യേകിച്ച് മെച്ചമില്ലാത്ത ഗോപി സുന്ദറിന്റെ പാട്ടുകള്‍ക്ക് അനുസരിച്ച്.ഗോപിയുടെ സ്റ്റോക്ക് തീര്‍ന്നോ എന്നൊരു സംശയം.തറ വലിപ്പുകള്‍ കുറവായിരുന്നു.പക്ഷെ അതൊക്കെ കേട്ട് ചിരിക്കുന്ന ഒരു കൂട്ടം പ്രേക്ഷകര്‍ക്ക്‌ പോലും അത് കൊണ്ട് ഈ സിനിമയില്‍ ഓര്‍ത്തു വയ്ക്കാന്‍ ഒന്നും ഇല്ലാതെ ആയി പോയി.ആദ്യ പകുതി കണ്ടപ്പോള്‍ രണ്ടാമത്തേതില്‍ എങ്കിലും എന്തെങ്കിലും കാണും എന്ന് കരുതി.എന്നാല്‍ രണ്ടാം പകുതി ആദ്യത്തേതിലും നിരാശ നല്‍കി എനിക്ക്.മമ്മൂട്ടി എന്ന നടന് ഇത്തരം സിനിമകള്‍ ഒന്നും നല്‍കും എന്ന് തോന്നുന്നില്ല.അഭിനയത്തിന്‍റെ ഒക്കെ കാര്യത്തില്‍ ഒരു സാച്ചുറേഷന്‍ പോയിന്‍റ് എത്തിയ ഒരാള്‍ക്ക് പ്രത്യേകിച്ചും.അദ്ധേഹത്തില്‍ നിന്നും കൂടുതല്‍ നല്ല സിനിമകള്‍ പ്രതീക്ഷിക്കുന്നു.ഒരു സിനിമ പ്രേമി എന്ന നിലയില്‍.എന്നാല്‍ ഒരു ആരാധകന്‍ എന്ന നിലയില്‍ അതിലും കൂടുതല്‍ പ്രതീക്ഷിക്കുന്നു.എന്നും ക്ലാസിക്കുകള്‍ വേണം എന്നല്ല.പകരം പോക്കിരി രാജ പോലെ ഒരു പടം ആണെങ്കിലും അത് മതി എന്നെ പോലെ ഒരു സാധാരണ പ്രേക്ഷകന്.ഒരു ആവരേജിലും താഴെ നില്‍ക്കുന്ന ഈ ചിത്രത്തിന് അഞ്ചില്‍ ഒരു രണ്ട് റേറ്റിംഗ് അര്‍ഹിക്കുന്നു എന്ന് തോന്നുന്നു.

More reviews @ www.movieholicviews.blogspot.com


Friday, 25 July 2014

153.VIKRAMADITHYAN(MALAYALAM,2014)

153.VIKRAMADITHYAN(MALAYALAM,2014),Dir:-Lal Jose,*ing:-Dulqar Salman,Unni Mukundan.

  റംസാന്‍ റിലീസുകളില്‍ ആദ്യം എത്തിയ ചിത്രമാണ് "വിക്രമാദിത്യന്‍".ലാല്‍ ജോസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ ഇക്ബാല്‍ കുറ്റിപ്പുറം ആണ്.ഇവരുടെ കൂട്ടുക്കെട്ടില്‍ മുന്‍പിറങ്ങിയ സിനിമകള്‍ എല്ലാം തന്നെ ഒരു വിധം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത് കൊണ്ട് തന്നെ പ്രതീക്ഷകള്‍ നല്ലത് പോലെ ഉണ്ടായിരുന്നു.ട്രയിലര്‍ കണ്ടപ്പോള്‍ "അഞ്ചാതെ","ദ്രോഹി" തുടങ്ങിയ സിനിമകളുമായുള്ള സാദൃശ്യം തോന്നിയിരുന്നു.എന്നാല്‍ തിയറ്ററില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ വിക്രമാദിത്യന് പറയാനുണ്ടായിരുന്നത് മറ്റൊരു കഥയായിരുന്നു.വിക്രമാദിത്യന്‍, "വിക്രമന്‍" ,"ആദിത്യന്‍ " എന്ന രണ്ടു യുവാക്കളുടെ കഥയാണ്.അവര്‍ തമ്മില്‍ ഉള്ള ബന്ധം അല്‍പ്പം കുഴപ്പം ഉള്ളതാണ്.കുട്ടിക്കാലം മുതല്‍ തന്നെ പരസ്പ്പരം അറിയാവുന്നവര്‍ ആയിട്ട് കൂടി എന്നും പരസ്പ്പരം എതിര്‍ക്കേണ്ടി വന്നവര്‍ ആയിരുന്നു അവര്‍.അവര്‍ക്കൊരു കളിക്കൂട്ടുകാരിയും ഉണ്ട്;ദീപിക.ചെറുപ്പം മുതല്‍ ഉള്ള അവരുടെ ബന്ധം അവര്‍ അതേ പോലെ തന്നെ സൂക്ഷിക്കുന്നു.

   എന്നാല്‍ ഒരു ദിവസം ആ ബന്ധത്തില്‍ ഒരു ചെറിയ മാറ്റം വരേണ്ട സമയം വരുന്നു.ആ ഒരു അവസ്ഥയിലേക്ക് ഇവരുടെ സൗഹൃദവും ബന്ധങ്ങളും എങ്ങനെ എത്തപ്പെട്ടു എന്നതാണ് ചിത്രം അവതരിപ്പിക്കുന്നത്‌.ഇതിലെ കഥാപാത്രങ്ങള്‍ ചിലര്‍ എങ്കിലും വ്യത്യസ്ത ധ്രുവങ്ങളില്‍ ചിന്തിക്കുന്നവര്‍ ആയിരുന്നു.അത് പോലെ തന്നെ അവരുടെ പ്രവര്‍ത്തികളും.ഈ ഒരു വൈരുധ്യം ആണ് സിനിമയുടെ കഥയില്‍ അവതരിപ്പിക്കുന്നത്‌.ഇവരുടെ പിണക്കങ്ങളും ഇണക്കങ്ങളും എല്ലാവരെയും ബാധിക്കുന്നുണ്ട്.ആദ്യ പകുതിയില്‍ ഫ്ലാഷ്ബാക്ക് സീനുകള്‍ ധാരാളം ആയി അവതരിപ്പിച്ചപ്പോള്‍ ട്രയിലറില്‍ കണ്ട ഒരു ഓളം ചിത്രത്തിന് ഉള്ളതായി തോന്നിയില്ല എന്നത് വാസ്തവം ആണ്.ഒരു ക്ലീഷേ കഥാഗതിയില്‍ ചിത്രം മുന്നോട്ടു പോകുമ്പോള്‍ വരുന്ന ഇടവേള മുതല്‍ ചിത്രം വേഗതയാര്‍ജിക്കുന്നു.പിന്നെ ഒരു യൂത്ത് എന്റര്‍റ്റെയ്നര്‍ എന്ന നിലയിലേക്ക് വേഗത കൂട്ടുന്നു.ദുല്‍ക്കാര്‍ സല്‍മാന്‍ ഒരു പക്ഷേ അല്‍പ്പം ബോള്‍ഡ് ആയ വേഷങ്ങള്‍ ചെയ്യുന്നതായിരിക്കും നല്ലതെന്ന് ഈ അടുത്ത് ഇറങ്ങിയ സിനിമകള്‍ തെളിവായുണ്ട്.ഒരു റൊമാന്റിക് ഹീറോ എന്ന നിലയില്‍ നിന്നും അടുത്ത സ്റ്റേജില്‍ എത്താന്‍ ഉള്ള സമയം ആയി എന്നര്‍ത്ഥം.ഉണ്ണി മുകുന്ദന്‍-ഈ അടുത്തിറങ്ങിയ ചില സിനിമകളുടെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും ഇ ചിത്രത്തില്‍ മോശമാക്കിയില്ല.മസ്സില്‍ പിടിച്ചുള്ള അഭിനയം ആണ് ഉണ്ണിയുടെ സേഫ് സോണ്‍ എന്ന് തോന്നുന്നു.നമിത പ്രമോദില്‍ ഒരു ഊര്‍ജം ഉണ്ടായിയിരുന്നു.ലെനയുടെ അമ്മ വേഷം നന്നായിരുന്നു.അത് പോലെ തന്നെ അസാധാരണമാം വിധം സ്വാഭാവികമായി  അഭിനയിക്കുന്ന അനൂപ്‌ മേനോന്‍റെ ഒരു സെല്‍ഫ് ബൂസ്റ്റിംഗ് കഥാപാത്രം ഇതില്‍ ഇല്ലായിരുന്നു.

  ബിജിബാലിന്റെ സംഗീതം അത്ര ഇഷ്ടപ്പെട്ടില്ല.പക്ഷേ ജോമോന്റെ ക്യാമറ നന്നായിരുന്നു.ആദിത്യന്റെ അച്ഛനായി അഭിനയിച്ച നടനും നന്നായിരുന്നു.ഒരു പക്ഷെ ലാല്‍ ജോസ്-ഇക്ക്ബാല്‍ കൂട്ടുക്കെട്ടിന്റെ ചിത്രങ്ങളുടെ എല്ലാം നിലവാരം ഈ ചിത്രത്തിന് അവകാശപ്പെടാന്‍ ഇലായിരുന്നു എങ്കിലും സിനിമ മൊത്തത്തില്‍ ഒരു രസം കൊല്ലി ആയി തോന്നിയില്ല.ക്ലൈമാക്സ് ഒക്കെ ഇത്തരം ഒരു സിനിമയില്‍ നിന്നും എന്ത് പ്രതീക്ഷിക്കുന്നുവോ അത് നല്‍കിയിരുന്നു.അതായിരുന്നു ഈ ചിത്രത്തിന്‍റെ ഹൈലൈറ്റും.അതിലെ ക്ലീഷേ ഭാഗം ഒഴിച്ച്.റംസാന്‍ ചിത്രങ്ങളുടെ തുടക്കം മോശം ആയില്ല എന്ന് തോന്നുന്നു.നെഗറ്റീവുകള്‍ ഇല്ല എന്നല്ല.പക്ഷെ ആളുകളെ ആകര്‍ഷിക്കാന്‍ ഈ സിനിമയ്ക്ക് കഴിയും.റേറ്റിങ്ങില്‍ ഒന്നും വലിയ കാര്യം ഇല്ലെങ്കിലും ഇതിനു ഒരു 3/5 ഒക്കെ കൊടുക്കാം.

More reviews @ www.movieholicviews.blogspot.com

Thursday, 24 July 2014

152.BANGALORE DAYS(MALAYALAM,2014)

152.BANGALORE DAYS(MALAYALAM,2014),Dir:-Anjali Menon,*ing:-Fahad,Dulqar,Nivin,Nazriya.

  വളരെയധികം വൈകി ആണ് ഈ ചിത്രം കാണുവാന്‍ സാധിച്ചത്.ആവശ്യത്തിലധികം നിരൂപണങ്ങള്‍ ഈ ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വരുകയും ചെയ്തിരുന്നു.വിശ്വസനീയമായ നിരൂപണങ്ങള്‍ തന്ന പലരും ഈ ചിത്രത്തെ കുറിച്ച് നല്ലത് ആണ് എഴുതിയത്.എങ്കിലും ചിലയിടങ്ങളില്‍ നിന്നും മോശമായ റിവ്യൂ വായിച്ചിരുന്നു.ക്ലീഷേകള്‍ പലതുണ്ടായിരുന്നെങ്കിലും (പ്രത്യേകിച്ച് നായക കഥാപാത്രങ്ങളില്‍ ഒരാള്‍ അവസാനം പങ്കെടുക്കുന്ന മത്സരം പോലെ) ചിത്രം മൊത്തത്തില്‍ എടുത്താല്‍ ഒരു നല്ല സിനിമയായി എനിക്ക് തോന്നി.കഥ അവതരിപ്പിക്കുന്നത്‌ നായക കഥാപാത്രങ്ങളില്‍ ഒരാളായ കുട്ടന്‍റെ കാഴ്ചപ്പാടില്‍ ആണ്.ഒരു പക്ഷേ ഇതിലെ മുഖ്യ കഥാപാത്രങ്ങളില്‍ മറ്റാരുടെയെങ്കിലും കാഴ്ചപ്പാടില്‍ അവതരിപ്പിക്കപ്പെട്ടാല്‍ സിനിമയുടെ സ്വഭാവം മൊത്തം മാറുന്ന ഒരവസ്ഥ.ദിവ്യ എന്ന പെണ്‍ക്കുട്ടിയുടെ കാഴ്ചപ്പാടില്‍ ഈ ചിത്രം അവതരിപ്പിക്കപ്പെട്ടിരുന്നെങ്കില്‍  ഒരു പക്ഷേ ഈ ചിത്രം "ഓം ശാന്തി ഓശാന" എന്ന ചിത്രത്തില്‍ അവതരിപ്പിക്കപ്പെട്ട രീതിയില്‍ ആകുമായിരുന്നു.പെട്ടന്ന് ദേഷ്യം വരുന്ന,കൂടുതല്‍ സെന്‍സിറ്റീവ് ആയ അജുവിനും,പുറമേ പരുക്കന്‍ സ്വഭാവം കാണിക്കുന്ന ദാസിനും എല്ലാം പറയാന്‍ ഉണ്ടാകുമായിരുന്ന കഥകള്‍ പലതായിരുന്നിരിക്കാം.കാഴ്ചപ്പാടുകള്‍ വ്യത്യസ്തം ആകുന്നതിനനുസരിച്ചു സിനിമയുടെ മൊത്തത്തില്‍ ഉള്ള സ്വഭാവവും മാറിയേനെ.

  ഇവിടെ ആണ് നാട്ടിന്‍പുറത്തെ ജീവിതം കൂടുതല്‍ ഇഷ്ടപ്പെടുന്ന നിഷ്ക്കളങ്കന്‍ ആയ കുട്ടന്‍ എന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍  ഈ കഥ അവതരിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റം.ഒരു ഫീല്‍ ഗുഡ് മൂവി പോലെ അവസാനം പല പ്രശ്നങ്ങളും തീരുമ്പോഴും ചുറ്റും ഉള്ളവരെ കുറിച്ച്  ഉള്ള അഭിപ്രായങ്ങള്‍ തന്റെ ഭാഷ്യത്തില്‍ അവതരിപ്പിച്ച കുട്ടന്‍ പലരുടെയും കഥകള്‍ക്ക് വര്‍ണങ്ങള്‍ വാരി വിതറിയത് പോലെ തോന്നി.മറ്റുള്ള കഥാപാത്രങ്ങള്‍ സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങളെ നേരിടാന്‍ ശ്രമിക്കുമ്പോള്‍ കുട്ടന്‍ എന്ന കഥാപാത്രം തന്‍റെ പ്രശ്നങ്ങളെ മാത്രം അല്ലാതെ മറ്റുള്ളവരുടെ ജീവിതത്തിനും പ്രാധാന്യം നല്‍കുന്നു.അയാളുടെ പ്രണയം ഒക്കെ അവതരിപ്പിക്കുമ്പോള്‍ വരുന്ന നിഷ്കളങ്കത അതിന്റെ ഭാഗം ആകാം.അഞ്ജലി മേനോന്‍ എന്ന എഴുത്തുകാരി അവതരിപ്പിച്ച ആ കഥാപാത്രം അത് കൊണ്ട് തന്നെ മികച്ചു നിന്ന്.മൂന്നു കസിന്‍സിന്റെ ജീവിതം അവതരിപ്പിക്കപ്പെട്ടപ്പോള്‍ സിനിമയുടെ നീളം അല്‍പ്പം കൂടിയെങ്കിലും അനിവാര്യം ആയ ഒന്നായി അത് തോന്നി.നല്ല ബന്ധങ്ങളെ കുറിച്ചും അവയില്‍ സൗഹൃദം കലരുമ്പോള്‍ ഉള്ള ഒരു ഊഷ്മളതയും ഈ ചിത്രത്തെ ഒരു യൂത്ത് സിനിമ എന്നതില്‍ നിന്നും എല്ലാ വിഭാഗം ആളുകളെയും ആകര്‍ഷിച്ചു എന്ന് വേണം അനുമാനിക്കാന്‍.കാരണം ദിവസങ്ങള്‍ പിന്നിട്ടും ഈ ചിത്രത്തിന് കുടുംബ പ്രേക്ഷകര്‍ ധാരാളമായി ഉണ്ട് എന്നത് അതിനു ഒരു തെളിവാണ്.മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രം ആണ് RJ സാറ.തന്‍റെ വൈകല്യത്തെ ജീവിത കാഴ്ചപ്പാടുകളിലൂടെ അവള്‍ തോല്‍പ്പിക്കുന്നു.തീര്‍ച്ചയായും ഇഷ്ടവും അനുകമ്പയും തോന്നിക്കുന്ന ഒരു കഥാപാത്രം.അപകര്‍ഷത ബോധം ഉള്ള അജു അത് പുറമേ കാണിക്കുന്നില്ലെങ്കിലും ചിലയവസരങ്ങളില്‍ അയാള്‍ക്കുണ്ടാകുന്ന ഒരു സുരക്ഷിതമില്ലായ്മ പ്രകടമാണ്.അതിനുള്ള അയാളുടെ മുഖമൂടി ആയിരുന്നു ദേഷ്യം,aggressiveness ഒക്കെ.ദാസ് എന്ന കഥാപാത്രത്തോട് ആദ്യം തോന്നുന്ന ഒരു ചെറിയ ഇഷ്ടക്കേട് പിന്നീട് അയാള്‍ എങ്ങനെ അങ്ങനെ ആയി എന്ന് മനസ്സിലാകുമ്പോള്‍ തീരുന്നു.ദിവ്യ അപക്വമായ മനസ്സുള്ള ഒരു പൊട്ടി പെണ്ണ് വിഭാഗത്തില്‍ പെടുത്താവുന്ന ഒരാള്‍ ആയിരുന്നെങ്കിലും ജീവിതത്തില്‍ ആവശ്യം വന്നപ്പോള്‍ അവള്‍ നടത്തുന്ന നീക്കങ്ങള്‍ അവളെ ഒരു മൂലയില്‍ തളച്ചിടുന്നില്ല എന്ന നിലയില്‍ എത്തിയിരുന്നു.

  ബ്രയാന്‍ ആദംസിന്റെ "Summer Of 69" പാട്ട് നമ്മളില്‍ പലര്‍ക്കും ഇഷ്ടപ്പെട്ട ഒന്നാണ്.ഗോപി സുന്ദറിനു പ്രചോദനം തോന്നാന്‍ മറ്റൊരു പാട്ട് എടുക്കാമായിരുന്നു.മലയാളികള്‍ ലോക സിനിമയോടും ഗാനങ്ങളോടും നല്ലത് പോലെ ഒപ്പം സഞ്ചരിക്കുന്നവര്‍ ആണ്.അഞ്ജലി മേനോനിലെ സംവിധായക അവരിലെ എഴുത്തുകാരിക്ക് നേര്‍ വഴി കാട്ടുന്ന സംവിധായക തന്നെയായി മാറി.ഒരാള്‍ എഴുതി മറ്റൊരാള്‍ സംവിധാനം ചെയ്‌താല്‍ കിട്ടുന്നതിനേക്കാളും പ്രകടനം സിനിമയ്ക്ക് കാഴ്ച വയ്ക്കാന്‍ അതിലൂടെ സാധിച്ചു.യുവതാരനിരയുടെ ഒരു "മിനി ട്വന്റി-ട്വന്റി" ആയിരുന്നെങ്കിലും കഥാപാത്രങ്ങളെ എല്ലാം തുല്യ പ്രാധാന്യത്തോടെ അവതരിപ്പിക്കാന്‍ സാധിച്ചു.കുട്ടന്‍റെ മാതാപിതാക്കളുടെ ജീവിതം പോലെ കുറഞ്ഞ സമയത്തില്‍ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട് അവര്‍.കൂടെ അന്ധവിശ്വാസങ്ങളില്‍ ചെന്ന് വീഴുന്ന മാതാപിതാക്കള്‍ക്ക് ഒരു കൊട്ടും ഉണ്ട് ദിവ്യയുടെ മാതാപിതാക്കളിലൂടെ.ഈ വര്‍ഷം ഇറങ്ങിയ നല്ല മലയാളം ചിത്രങ്ങളുടെ കൂട്ടത്തില്‍ ഈ സിനിമയ്ടെ തീര്‍ച്ചയായും ഉള്‍പ്പെടുത്താം എന്ന് തോന്നുന്നു.മലയാളികളില്‍ ഭൂരിപക്ഷവും അങ്ങനെ തന്നെ ആണ് കരുതുന്നതെന്ന് വിശ്വസിക്കുന്നു.

More reviews @ www.movieholicviews.blogspot.com 

Sunday, 20 July 2014

151.THE GRAND BUDAPEST HOTEL(ENGLISH,2014)

151.THE GRAND BUDAPEST HOTEL(ENGLISH,2014),|Comedy|Drama|,Dir:-Wes Anderson,*ing:-Ralph Fiennes,Murray Abraham,Mathiew Almaric.

വളരെയധികം നല്ല അഭിപ്രായങ്ങള്‍ കേട്ടെങ്കിലും കാണാന്‍ വൈകി പോയി "The Grand Budapest Hotel".ഈ വര്‍ഷം ഇറങ്ങിയ മികച്ച ചിത്രം എന്ന് ഉറപ്പായും പറയാം ഈ ചിത്രത്തെ കുറിച്ച്.അവതരണ ശൈലിയുടെ പ്രത്യേകത ഒന്ന് മതി ഈ ചിത്രം മനസ്സില്‍ തങ്ങി നില്‍ക്കാന്‍."Bottle Rocket","Moonrise Kingdom" തുടങ്ങിയ സിനിമയുടെ സംവിധായകന്‍ ആയ "Wes Anderson" ആണ് ഇതിന്റെയും സംവിധായകന്‍.ഒരു കഥയ്ക്കുള്ളിലെ കഥ എന്ന് പറയാം ഈ ചിത്രത്തെ.ഒരു കഥ എങ്ങനെ ഉണ്ടാകുന്നു എന്ന് പറഞ്ഞു കൊണ്ട് "The Grand Budapest Hotel" എന്ന പുസ്തകത്തിന്‍റെ രചയിതാവ് ഈ സിനിമയുടെ തുടക്കം കുറിക്കുന്നു.അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഒരാള്‍ കഥാകൃത്ത്‌ ആണെങ്കില്‍ അയാളെ തനിക്കുള്ള കഥകള്‍ അന്വേഷിച്ചു എത്തും എന്നാണ്.അത്തരത്തില്‍ അയാളെ തേടി എത്തിയ കഥയാണ് "The Grand Budapest Hotel".1985 ല്‍ തുടങ്ങുന്ന ഈ സിനിമ നമ്മളെ 1968 ലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.സാങ്കല്‍പ്പിക രാജ്യമായ "റിപബ്ലിക് ഓഫ് സുബ്രോവ്ക്ക" എന്ന രാജ്യത്ത് എത്തുന്ന അയാള്‍ അവിടെ വ്യത്യസ്തന്‍ ആയ ഒരു മനുഷ്യനെ  "Grand Budapest Hotel" ല്‍ വച്ച് പരിചയപ്പെടുന്നു.ഒരു വൃദ്ധനായ അയാള്‍ ആ ഹോട്ടലിന്‍റെ ഉടമയാണെന്നും എന്നാല്‍ അവിടത്തെ ജോലിക്കാര്‍ക്ക് താമസിക്കാന്‍ ഉള്ള കൊച്ചു മുറിയിലും സൌകര്യത്തിലും ആണ് കഴിഞ്ഞു കൂടുന്നതെന്നും മനസ്സിലാകുന്നു."മുസ്തഫ സീറോ" എന്ന്‍ പേരുള്ള വൃദ്ധനെ കൂടുതല്‍ അറിയാന്‍ അയാള്‍ക്ക്‌ അവസരം ലഭിക്കുന്നു.സീറോ അയാളെ അന്ന് വൈകിട്ട് ഉള്ള അത്താഴത്തിനു ക്ഷണിക്കുന്നു.അവിടെ വച്ച് അയാളുടെ കഥ എഴുത്തുകാരനോട്‌ പറയുന്നു.ഒരു ലോബി ബോയ്‌ എങ്ങനെ ഈ ഹോട്ടലിന്‍റെ ഉടമ ആയി എന്ന കഥ.

   കഥ 1932 ലേക്ക് പോകുന്നു.ഉടമ ആരാണെന്ന് പരാമര്‍ശിക്കാതെ ആ ഹോട്ടലിന്‍റെ നടത്തിപ്പുക്കാരന്‍ ആയ "ഗുസ്താവ്" എന്നയാളിലൂടെ ആണ് കഥ പുരോഗമിക്കുന്നത്.അയാള്‍ അവിടെ എല്ലാവര്ക്കും പ്രിയങ്കരന്‍ ആണ്.ആ ഹോട്ടലിന്റെ പ്രതാപക്കാലത്ത് അവിടെ വന്നിരുന്ന അതിഥികള്‍ പലരും ഗുസ്താവിനെ കാണുന്നതിനു വേണ്ടി മാത്രം വന്നവരായിരുന്നു.പ്രായമായ സ്ത്രീകള്‍ക്ക് വേണ്ടപ്പെട്ടവന്‍ ആയിരുന്നു ഗുസ്താവ്.ഗുസ്താവിന്റെ മേല്‍നോട്ടത്തില്‍ നല്ല രീതിയില്‍ പോയ ഹോട്ടലില്‍ ഒരു ലോബി ബോയ്‌ ട്രെയിനീ ആയി വന്ന മുസ്തഫ സീറോയുടെ ഗുരു ആയി ഗുസ്ഥാവേ മാറുന്നു.ഒരു ലോബി ബോയുടെ ജോലികള്‍ എന്തെല്ലാം ആണെന്ന് അയാള്‍ സീരോയെ പഠിപ്പിക്കുന്നു.അധികം താമസിക്കാതെ തന്നെ അറബ് വംശജന്‍ ആയ മുസ്ഥാഫ ഗുസ്താവയുടെ വിശ്വസ്തന്‍ ആയി മാറുന്നു.ഗുസ്താവയുടെ ഒറ്റയ്ക്കുള്ള ജീവിതത്തില്‍ അയാളുടെ രഹസ്യങ്ങള്‍ പങ്കു വയ്ക്കാവുന്ന അത്ര വിശ്വസ്തന്‍ ആയി മുസ്തഫ മാറുന്നു.സുബ്രോക്ക ഒരു യുദ്ധത്തെ അഭിമുഖികരിക്കുന്ന കാലമായിരുന്നു അത്.ഒരു ദിവസം തന്‍റെ പ്രത്യേക അതിഥിയായി വന്നിരുന്ന വൃദ്ധയുടെ മരണം പത്രത്തില്‍ നിന്നും കാണാന്‍ ഇടയായ ഗുസ്ഥാവേ സീറോയെ കൂട്ടി കൊണ്ട് അവരുടെ വീട്ടില്‍ പോകുന്നു.കോടീശ്വരിയായ അവരുടെ സ്വത്തുക്കള്‍ക്ക് വേണ്ടി നോക്കി ഇരുന്ന അവരുടെ മകനായ "ദിമിത്രി",പെണ്‍മക്കള്‍ ,മറ്റു ബന്ധുക്കള്‍ എന്നിവരെ ഞെട്ടിച്ചു കൊണ്ട് അവരുടെ സ്വത്തില്‍ ഉണ്ടായിരുന്ന അമൂല്യമായ "The Boy with an Apple" എന്ന ചിത്രം അവര്‍ ഗുസ്താവയുടെ പേരില്‍ എഴുതി വയ്ക്കുന്നു.എന്നാല്‍ ഗുസ്താവ എല്ലാവരുടെയും എതിര്‍പ്പിനെ വക വയ്ക്കാതെ ആ ചിത്രം അവിടെ നിന്നും മോഷ്ടിക്കുന്നു.എന്നാല്‍ ഗുസ്താവയെ കാത്തിരുന്നത് ഒരു വലിയ അപകടം ആയിരുന്നു.കൂടെ അപകടത്തില്‍ പങ്കു പറ്റാന്‍ മുസ്തഫ സീറോയും.അവരുടെ സാഹസിക ജീവിതം കൂടുതല്‍ അറിയാന്‍ ആയി ചിത്രം കാണുക.

 വില്ലിയം ടെഫോ,ഓവന്‍ വിത്സണ്‍,എഡ്വാര്‍ഡ് നോര്‍ട്ടന്‍ തുടങ്ങിയവര്‍ ചെറിയ റോളുകളില്‍ ഈ സിനിമയില്‍ വരുന്നുണ്ട്.ബെര്‍ലിന്‍ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിലെ ഉദ്ഘാടന ചിത്രം ആയിരുന്നു "The Grand Budapest Hotel".കൂടാതെ അവിടത്തെ ജൂറിയുടെ പ്രത്യേക അവാര്‍ഡും ലഭിച്ചിരുന്നു.സിനിമയുടെ അവതരണ രീതി വളരെയധികം വ്യത്യസ്തം ആയിരുന്നു.ഒരു ഫാന്റസി കഥ പോലെ അവതരിപ്പിക്കപ്പെട്ട ഈ കഥ പറച്ചിലില്‍ കാലഘട്ടത്തിനനുസരിച്ച് സിനിമകള്‍ അവതരിപ്പിക്കപ്പെട്ട രീതിയില്‍ തന്നെ ആയിരുന്നു വെള്ളിത്തിരയിലും ഈ കാലഘട്ടങ്ങള്‍ അവതരിപ്പിച്ചത്.ഒരു കഥ ഉണ്ടായ കഥയാണ് "The Grand Budapest Hotel".

More reviews @ www.movieholicviews.blogspot.com

Saturday, 19 July 2014

150.CITIZEN KANE (1941,ENGLISH)

CITIZEN KANE(ENGLISH,1941),|Drama|Mystery|,Dir:-Orson Welles,*ing:- Orson Welles,Joseph Cotton,DorothyComingore.

  ലോക സിനിമയുടെ ചരിത്രത്തില്‍ സ്വര്‍ണ ലിപികളാല്‍ ആലേഖനം ചെയ്ത പേരുകളാണ് "ഓര്‍സന്‍ വെല്‍സും" അദ്ദേഹത്തിന്റെ പ്രഥമ ചിത്രമായ CITIZEN KANE "എന്നിവ.ലോകം കണ്ട ഏറ്റവും മഹത്വരം ആയ ആദ്യ ചിത്രം എന്നാണു ഈ ചിത്രത്തെക്കുറിച്ച് നിരൂപണ ലോകത്തെ പ്രധാനിയായ "Roger Ebert" അഭിപ്രായപ്പെട്ടത്.ലോകം മുഴുവനും ഈ ചിത്രത്തിന് നല്‍കുന്ന ആദരവിന്റെ ഉത്തമ ദൃഷ്ടാന്തം ആണ് "American Film Institute" നൂറു വര്‍ഷ സിനിമ ചരിത്രത്തിലെ മികച്ച സിനിമയായി 1998 ല്‍ തിരഞ്ഞെടുത്തത്. "Sight & Sound "എന്ന "British Film Institute "പ്രസിദ്ധീകരണമായ മാസിക ഈ ചിത്രത്തെ തുടര്‍ച്ചയായി അഞ്ചു വര്‍ഷം മികച്ച സിനിമയായി തിരഞ്ഞെടുത്തിരുന്നു.2012 ല്‍ ആല്‍ഫ്രഡ് ഹിച്ച്കോക്കിന്റെ "Vertigo" ഈ ചിത്രത്തെ 2012 ല്‍ പിന്തള്ളി ഒന്നാമതായി.ഇതില്‍ തീരുന്നില്ല ഈ ചിത്രത്തിന്‍റെ മഹത്വം.അക്കാദമി പുരസ്കാരങ്ങളില്‍ 9 നാമനിര്‍ദ്ദേശം ലഭിച്ച ഈ ചിത്രം അതില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്ക്കാരവും നേടി.സിനിമ ചരിത്രത്തിലെ അത്ഭുതമായ ഈ ചിത്രം ബോക്സ് ഓഫീസില്‍ ഒരു പരാജയം ആയിരുന്നു എന്നത് ഒരു ദു:ഖ സത്യമായി നിലക്കൊള്ളുന്നു.ഈ സിനിമ ഇക്കാലത്തും കാണുന്ന ഏതൊരു പ്രേക്ഷകനും അന്നത്തെ കാഴ്ചക്കാരെ ചിന്തിച്ചു എന്നിരിക്കും,എന്ത് കൊണ്ടാണ് ഈ ചിത്രത്തെ ഇത്ര വാഴ്ത്തുന്നത് എന്ന്.ന്യായമായ ഒരു സംശയം ആണത്.പ്രത്യേകിച്ചും സാങ്കേതിക വിദ്യകള്‍ മികച്ചതായി വരുന്ന ഈ കാലത്ത്.

   സിനിമ വിദഗ്ധന്മാരുടെ ഇടയില്‍ ഈ ചിത്രത്തെക്കുറിച്ച് ഉള്ള മതിപ്പിന് മുഖ്യ കാരണമായി തോന്നിയത് ഈ ചിത്രം നിര്‍മിക്കപ്പെട്ട കാലഘട്ടം തന്നെ ആണ്.ഒരു പക്ഷേ അന്നത്തെ ശബ്ദ ചിത്രങ്ങളില്‍ ഉപയോഗിച്ചിട്ടില്ലാത്ത അത്രയും മികച്ച സാങ്കേതിക പ്രാധാന്യം ഈ ചിത്രത്തിന്റെ നിര്‍മ്മാണ വേളയില്‍ നല്‍കിയതായിരിക്കും പ്രധാന കാരണം.കലാസംവിധാനത്തില്‍ ഒരു കാലത്തെ വിപ്ലവകരമായ മാറ്റം കൊണ്ട് വന്ന "Battleship Potemkin" എന്ന 1925 ല്‍ പ്രദര്‍ശിപ്പിക്കപ്പെട്ട നിശബ്ദ ചലച്ചിത്രത്തിന് ശേഷം ചലച്ചിത്ര മേഖലയിലെ പുതുമകള്‍ക്ക് തുടക്കം കുറിച്ച ഐതിഹാസിക ചിത്രം എന്ന് തന്നെ ആയിരുന്നു "Citizen Kane". ഏതൊരു നല്ല കാര്യത്തിനും ഒരു മികച്ച തുടക്കം വേണമല്ലോ?അത്തരത്തില്‍ സിനിമ മേഘലയില്‍ വന്ന തുടക്കം ആണ് "Citizen Kane".ചിത്രം പ്രേക്ഷകന്‍റെ മുന്നില്‍ അവതരിപ്പിക്കപ്പെട്ട രീതിയും ക്യാമറയ്ക്ക് നല്‍കിയ മുന്‍പ് എങ്ങും ഇല്ലാത്ത പ്രാധാന്യവും ഈ ചിത്രത്തെ ചരിത്രം ആക്കി മാറ്റി.തന്‍റെ പേരിനൊപ്പം ചായാഗ്രാഹകന്റെ പേരും തുല്യ പ്രാധാന്യത്തോടെ സംവിധായകന്‍ ആയ ഓര്‍സന്‍ വേല്‍സ് നല്‍കിയിരുന്നു.

ഇനി സിനിമയുടെ കഥയിലേക്ക്."ചാള്‍സ് ഫോസ്റ്റര്‍ കേന്‍" എന്ന ഒരു മാധ്യമ  പ്രഭുവായ കോടീശ്വരന്റെ മരണത്തിനു ശേഷം അയാളുടെ മരണ സമയത്തെ അവസാന വാക്കായ " Rosebud" എന്താണ് എന്ന് അന്വേഷിച്ച് ഇറങ്ങുന്ന "ജെറി തോംസണ്‍" എന്ന പത്രപ്രവര്‍ത്തകന്റെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.ചിത്രം ആരംഭിക്കുമ്പോള്‍ കാണുന്ന "Rosebud" എന്ന് ക്ലോസപ്പില്‍ കാണുന്ന ഒരു സീനില്‍ മാത്രം ആണ് പ്രേക്ഷകന് ചാര്‍ളി എന്ന ചാള്‍സ് ഫോസ്റ്ററെ കാണാന്‍ സാധിക്കുക.സിനിമയുടെ ആരംഭത്തില്‍ ഗേറ്റില്‍ എഴുതി കാണിക്കുന്നത് പോലെ തന്നെ അന്യര്‍ക്ക് പ്രവേശനം ഇല്ലാത്ത ആ ജീവിതം അവതരിപ്പിക്കപ്പെടുന്നത് അയാളുമായി ബന്ധം ഉണ്ടായിരുന്ന സുഹൃത്തുക്കളിലൂടെയും രണ്ടാം ഭാര്യയിലൂടെയും ആണ്.ചാര്‍ളി ചെറുപത്തില്‍ അമ്മയുടെ സ്വന്തം സ്ഥലത്ത് ലോകത്തിലെ ഏറ്റവും മൂന്നാമത്തെ വലിയ സ്വര്‍ണ ഖനി കണ്ടു പിടിച്ചത് മൂലം നഗരത്തില്‍ അമ്മ മകന്റെ ജീവിതം മെച്ചപ്പെടുത്തുവാന്‍ നഗരത്തിലേക്ക് അയക്കുന്നു.അന്ന് കിട്ടിയ സൗഭാഗ്യങ്ങള്‍ ഇരുപത്തിയഞ്ച് വയസ്സിനു ശേഷം ഏറ്റെടുക്കാന്‍ പ്രായം ആയപ്പോള്‍ ചാര്‍ളി ആവശ്യപ്പെട്ടത് ട്രസ്റ്റിന്റെ കീഴില്‍ ഉള്ള ഒരു സാധാരണ പത്രമായ "New York Enquirer" മാത്രമാണ്.ചാര്‍ളിയുടെ ജീവിത സൌഭാഗ്യങ്ങള്‍ അവിടെ തുടങ്ങി.തന്നെ മാത്രം ലോകത്തില്‍ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന ചാര്‍ളി അധികാര കേന്ദ്രങ്ങളില്‍ പ്രധാന സ്ഥാനങ്ങള്‍ നേടി എടുക്കുന്നു.വിജയം തന്റെ കൂടെ വന്നപ്പോള്‍ അയാള്‍ തന്നെ അധികാര കേന്ദ്രമാകാനും ശ്രമങ്ങള്‍ നടത്തുന്നു.തന്റെ വാര്‍ത്തകളിലൂടെ ജനങ്ങള്‍ എന്ത് ചിന്തിക്കണം എന്ന് താന്‍ വിചാരിക്കണം എന്ന് കരുതുന്ന അവസ്ഥയില്‍ ആകുന്നു.

എന്നാല്‍ ചാര്‍ളിയുടെ സ്വകാര്യ ജീവിതം അയാള്‍ക്കായി കരുതി വച്ചിരുന്നത് മറ്റൊന്നായിരുന്നു.അധികാര ദുര്‍വാശികളില്‍ അയാള്‍ ആ ജിവിതം സ്വയം തച്ചുടയ്ക്കുക ആയിരുന്നു എന്ന് പിന്നീട് സിനിമയില്‍ അയാളുടെ ഒരു കാലത്തെ വേണ്ടപ്പെട്ടവര്‍ പറയുമ്പോള്‍ ആണ് "സാനടൂ" എന്ന അയാളുടെ 49000 ഏക്കര്‍ വരുന്ന സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ട രമ്യഹര്‍മ്യം എത്ര മാത്രം ഉപയോഗശൂന്യം ആയിരുന്നു എന്ന് മനസ്സിലാകുന്നത്‌.നോണ്‍ ലീനിയര്‍ രീതിയില്‍ അവതരിപ്പിക്കപ്പെട്ട ഈ കഥ പറച്ചിലും അക്കാലത്തെ ഒരു പുതുമ ആയിരുന്നു.തന്‍റെ സമ്പത്തിന് സ്നേഹം എന്ന വികാരം നല്‍കാന്‍ ആകില്ല എന്ന് മനസ്സിലാക്കിയ ഒരു വൃദ്ധന്‍ ആയി അയാള്‍ മരിക്കുമ്പോള്‍ കാത്തു വച്ചിരുന്നത് ഒരു വലിയ രഹസ്യം ആയിരുന്നു."Rosebud" എന്ന വാക്കിന്‍റെ രഹസ്യം കണ്ടു പിടിക്കുന്നതില്‍ ജെറിയുടെ ഒപ്പം പ്രേക്ഷകനും ഒരു പങ്കുണ്ട്.ഒരു പക്ഷേ നിഗൂഡത മനോഹരമായി അവതരിപ്പിച്ച ആദ്യ സിനിമ എന്ന് പറയാം ഈ ചിത്രത്തെ.ഒരു പക്ഷേ ഇന്ന് നമ്മള്‍ കാണുന്നത്ര സാങ്കേതിക തികവോ അല്ലെങ്കില്‍ പിരിമുറക്കുന്ന കഥയോ ഒന്നും നമ്മുടെ ഇ-കാലത്ത് ഈ സിനിമയ്ക്ക് അനുഭവപ്പെടും എന്ന് തോന്നുന്നില്ല.എന്നാല്‍ ചിലതെല്ലാം മഹാത്വരമായി അതിന്‍റെ ജനനത്തില്‍ തന്നെ എഴുതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്.അത്തരത്തില്‍ ഒന്നായിരുന്നു "Citizen Kane".മനുഷ്യരാശിക്ക് സിനിമയുടെ പുതു നിര്‍വചനം നല്‍കിയ ക്ലാസിക്.

More reviews @ www.movieholicviews.blogspot.com

149.THE SCENT(KOREAN,2012)

149.THE SCENT(KOREAN,2012),|Thriller|Crime|,Dir:-Hyeoon Joon Kim,*ing:-Hee-Soon Park,Si Yeon Park.

 വലിയ കാമ്പില്ലാത്ത കഥകള്‍ പോലും ശരാശരി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് പലപ്പോഴും അണിയറ പ്രവര്‍ത്തകരുടെ കഴിവാണ്.മികച്ച ഒരു കഥ ശരാശരി നിലവാരത്തില്‍ എത്തുമ്പോള്‍ പോലും അത് കൊണ്ട് തന്നെ അണിയറ പ്രവര്‍ത്തകരുടെ കഴിവുകേട് ആയി വിലയിരുത്തുന്നതാവും  നല്ലത്.പറഞ്ഞു വരാന്‍ കാരണം "The Scent" എന്ന കൊറിയന്‍ ചിത്രത്തിനുള്ളത് ശരാശരി ആയ ഒരു കഥയും സന്ദര്‍ഭങ്ങളും ആണ്.മികച്ച കൊറിയന്‍ ത്രില്ലറുകളുടെ ഇടയില്‍ പെടുത്താമോ എന്നറിയില്ലെങ്കിലും പ്രേക്ഷകനെ ബോറടിപ്പിക്കാത്ത ഒന്ന് ആയി മാറുന്നത് ഈ കഴിവ് കാരണം ആകും.അതിനായി ആവശ്യത്തിനുള്ള ട്വിസ്റ്റും എല്ലാം ഈ ചിത്രത്തിലുണ്ട്.ഡിറ്റക്ടീവ് ആയിരുന്ന "കാംഗ് സിയോന്‍ വൂ" അവിഹിത ബന്ധങ്ങളെ കുറിച്ചുള്ള കേസുകള്‍ അന്വേഷിക്കുന്നതില്‍ മിടുക്കനാണ്.ഒരു പോലീസ് ചീഫിന്റെ ഭാര്യയുമായി ഉണ്ടായിരുന്നു എന്ന് ആരോപിക്കപ്പെട്ട അവിഹിത ബന്ധത്തിന്‍റെ പേരില്‍ രണ്ടു വര്‍ഷത്തെ സസ്പന്ഷനില്‍ ആണ് അയാള്‍.അയാളുടെ ഭാര്യയും പോലീസില്‍ ആണ് ജോലി ചെയ്യുന്നത്.വിവാഹമോചനത്തിന് വേണ്ടി അവര്‍ അപേക്ഷ നല്‍കിയിട്ടുമുണ്ട്.സസ്പന്ഷനില്‍ ആയ സിയോന്‍ വൂ അവിഹിത ബന്ധങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങള്‍ നടത്താന്‍ വേണ്ടി ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ഏജന്‍സി നടത്തുന്നുണ്ട്.പഴയ ഒരു ചെറിയ കുറ്റവാളി ആയ "പൂംഗ്" ആണ് അയാളുടെ സഹായി.

  സിയോന്‍ വൂവിന്‍റെ സസ്പന്‍ഷന്‍ കഴിയാറായ സമയം അയാളെ കാണാന്‍ അതീവ സുന്ദരിയായ ഒരു സ്ത്രീ എത്തുന്നു.അവരുടെ ആവശ്യം തന്‍റെ ഭര്‍ത്താവിന്റെ അവിഹിത ബന്ധം കണ്ടെത്തണം എന്നതായിരുന്നു.ആ സ്ത്രീയുടെ പേര് "കിം സൂ ജിന്‍" .അവര്‍ ഉപയോഗിച്ചിരുന്ന പെര്‍ഫ്യൂം വളരെയധികം വശീകരണ സ്വഭാവം ഉള്ള ഒന്നായിരുന്നു.സിയോന്‍ വൂ കേസ് ഏറ്റെടുക്കാന്‍ തീരുമാനിക്കുന്നു.അയാള്‍ അധികം വൈകാതെ അവരുടെ ഭര്‍ത്താവിന്‍റെ കള്ളത്തരങ്ങള്‍ കയ്യോടെ പിടിക്കാന്‍ ഉള്ള ഒരു സാധ്യത മുന്നില്‍ തെളിന്നു വരുന്നത് കണ്ടു.ഒരു സ്ത്രീയോടൊപ്പം ഹോട്ടല്‍ മുറിയില്‍ താമസിക്കാന്‍ ചെന്ന കിം സൂ ജിന്റെ ഭര്‍ത്താവും കൂടെ ഉള്ള സ്ത്രീയും താമസിചിരുന്നതിന്റെ അടുത്ത മുറിയില്‍ സിയോന്‍ വൂ താമസിക്കുന്നു.എന്നാല്‍ അവിടെ ഉണ്ടായിരുന്നു കിം സൂ ജിന്നും ആയി വൈകാരികമായി അടുക്കുന്നു.കുറച്ചു നേരത്തിനു ശേഷം കട്ടിലില്‍ നിന്നും ഉണര്‍ന്നെണീക്കുമ്പോള്‍ സിയോന്‍ വൂ കാണുന്നത് തൊട്ടപ്പുറത്ത് കൊല ചെയ്യപ്പെട്ട രീതിയില്‍ കിടക്കുന്ന കിം സൂ ജിന്നെ ആണ്.ഭയന്ന്‍ പോയ സിയോന്‍ വൂ അടുത്ത മുറിയില്‍ ചെല്ലുമ്പോള്‍ അവിടെ കിം സൂ ജിന്റെ ഭര്‍ത്താവും സമാന രീതിയില്‍ മരണപ്പെട്ടു കിടക്കുന്നതായി കാണുന്നു.കൂടെ ഉണ്ടായിരുന്ന സ്ത്രീ ഭയന്ന് അവിടെ നില്‍ക്കുന്നത് കണ്ടു.അവരുടെ പേര് എന്താണെന്ന് ചോദിച്ച സിയോന്‍ വൂവിനു കൂടുതല്‍ അത്ഭുതങ്ങള്‍ ആയിരുന്നു ആ രാത്രി നല്‍കിയത്.അവരുടെ പേരും കിം സൂ ജിന്‍;കൂടാതെ മരിച്ചു കിടക്കുന്ന ആളുടെ ഭാര്യ ആണവര്‍ എന്ന് ഭയത്തോടെ പറയുന്നു.അവര്‍ക്കും വശീകരണ ഗന്ധം ഉള്ള ആ പെര്‍ഫ്യൂമിന്റെ മണമായിരുന്നു.

  രണ്ടു കൊലപാതകങ്ങള്‍ക്ക് നിയമത്തിന്‍റെ കണ്ണില്‍ താന്‍ മറുപടി പറയേണ്ടി വരും എന്ന് സിയോന്‍ വൂവിനു നല്ലത് പോലെ അറിയാമായിരുന്നു.അയാള്‍ പഴുതുകള്‍ അടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ സിയോന്‍ വൂവിന്റെ പുറകെ മറ്റൊരു ഡിറ്റക്ടീവ് വരുന്നു,സിയോന്‍ വൂവിനോട് താല്‍പ്പര്യം ഇല്ലാത്ത "സിയോ".സിയോന്‍ വൂവിനു ഒളിപ്പിക്കാന്‍ ഒത്തിരി ഉണ്ട്.കൂടെ സത്യങ്ങള്‍ കണ്ടു പിടിക്കുകയും വേണം.എന്നാല്‍ സിയോയുടെ ലക്‌ഷ്യം താരതമ്യേന എളുപ്പമാണ് സാധാരണ ബുദ്ധിയില്‍ കണ്ടു പിടിക്കാവുന്ന രണ്ടു കൊലക്കേസുകള്‍.ഇതില്‍ ആര് വിജയിക്കും എന്നറിയാന്‍ സിനിമ ബാക്കി കാണണം.പതിവ് കൊറിയന്‍ സിനിമകളുടെ വലിഞ്ഞു മുറുക്കുന്ന ഒരു അന്തരീക്ഷം ഒന്നും ഈ ചിത്രത്തിന് അവകാശപ്പെടാന്‍ കഴിയില്ല.നായികയുടെ സൗന്ദര്യം സിനിമയില്‍ വളരെയധികം നന്നായി ഉപയോഗിച്ചിട്ടുമുണ്ട് ഈ ചിത്രത്തില്‍.ഇടയ്ക്കെവിടെയോ "Out of Time" (ഹിന്ദിയില്‍ ഇമ്രാന്‍ ഹാഷ്മിയുടെ "Zeher") നോട് സാദൃശ്യം തോന്നിയെങ്കിലും ഈ ത്രില്ലറിന്റെ കഥ വ്യത്യസ്ഥമായിരുന്നു.കൊറിയന്‍ നിലവാരം വച്ച് ഒരു ശരാശരിയില്‍ അല്‍പ്പം മുകളില്‍ നില്‍ക്കുന്ന ത്രില്ലര്‍ എന്ന് ഈ ചിത്രത്തെ പറയാം.ചിലപ്പോള്‍ മഴയത്ത് നടക്കുന്ന കൊലപാതകങ്ങള്‍ ഈ ചിത്രത്തില്‍ ഇല്ലാത്തത് കൊണ്ടാകാം ഇങ്ങനെ ഒരു അഭിപ്രായം.മഴയില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്കും ഒരു സൌന്ദര്യം ഉണ്ടെന്നു പല കൊറിയന്‍ സിനിമകളും തെളിയിച്ചിട്ടും ഉണ്ട്.

More reviews @ www.movieholicviews.blogspot.com

1995. Drop ( English, 2025)