Wednesday, 22 May 2024

1804. Blink (Kannada, 2024)

1804. Blink (Kannada, 2024)

          Sci-Fi, Mystery



⭐⭐⭐⭐/5


 തന്റെ മരിച്ചു പോയി എന്ന് വിശ്വസിക്കുന്ന പിതാവ് ജീവിച്ചിരിപ്പുണ്ട് എന്ന് ഒരു അജ്ഞാതൻ അപൂർവയോട് പറയുന്നതോടു കൂടി അവന്റെ ജീവിതം മാറുകയാണ്. തന്റെ പരീക്ഷകൾ എഴുതി എടുക്കാൻ നടക്കുന്ന ഒരു യുവാവ്. അതിന്റെ ഒപ്പം ചെറിയ ജോലികളും ചെയ്യുന്നു. ഇതാണ് അപൂർവ. എന്നാൽ ഇത്രയും വർഷത്തെ തന്റെ ജീവിതം തന്നെ ഒരു മിഥ്യ ആണെന്ന് അവൻ പതിയെ മനസ്സിലാക്കുന്നു ആ അജ്ഞാതൻ വന്നതോടു കൂടി.അതിനു കാരണം ആയത്, ആ അജ്ഞാതൻ അവനു നൽകിയ ടൈം ട്രാവൽ ചെയ്യാൻ കഴിയുന്ന ഒരു ദ്രാവകം വഴിയും. അതിനായി അവനെ തിരഞ്ഞെടുത്തതിന് കാരണം ഏറെ സമയം കണ്ണ് അടയ്ക്കാതെ വയ്ക്കാൻ ഉള്ള അപൂർവയുടെ കഴിവ് കാരണവും. എന്നാൽ അത് മാത്രം ആയിരുന്നോ അതിനു കാരണം?ആരാണ് അപൂർവ്വയോട് സംസാരിച്ച ആ അജ്ഞാതൻ?


 കന്നഡ സിനിമയിലെ മികച്ച ഒരു ടൈം ട്രാവൽ, മിസ്റ്ററി ചിത്രം ആയിട്ടാണ് Blink അനുഭവപ്പെട്ടത്. അതിനു ഒരു പ്രധാന കാരണം, ഇതിലെ ട്വിസ്റ്റുകൾ കാരണം ആയിരുന്നു. ഒരു ഘട്ടം കഴിയുമ്പോൾ പെട്ടെന്ന് ചിന്തിക്കാൻ കഴിയാത്ത അത്ര കാര്യങ്ങൾ ആണ് നടക്കുക. പ്രശസ്തമായ ഒരു ഇംഗ്ലീഷ് സിനിമ ക്ലൈമാക്സ് ആയപ്പോൾ ഓർമ വരുമെങ്കിലും അപൂർവയെ ചുറ്റിപ്പറ്റിയുള്ള കഥാപാത്രങ്ങളും അവനും ആയുള്ള ബന്ധവും എല്ലാം തന്നെ ഉൾപ്പെടുത്തി അത്തരം ഒരു ക്ലൈമാക്സ് തുടക്കത്തിൽ പ്രതീക്ഷിച്ചല്ലായിരുന്നു. അത് വഴി സിനിമ കൂടുതൽ ത്രില്ലിംഗ് ആയി മാറ്റുന്നുണ്ട്.


 ഞാൻ വെറുതെ സിനൊപ്സിസ് മാത്രം വായിച്ചു കണ്ട ചിത്രം ആയിരുന്നു Blink. അത് കൊണ്ട് തന്നെ കഥ തുടക്കത്തിൽ എന്താണ് പറയാൻ ശ്രമിക്കുന്നത് എന്ന് മനസ്സിലാക്കാൻ കുറച്ചു സമയം എടുത്തു എന്നതാണ് സത്യം. അതിനു കാരണം സമാന്തരമായി പറഞ്ഞ് പോകുന്ന കുറച്ചു അധികം കഥകൾ ഈ സിനിമയിൽ ഉണ്ടായിരുന്നു എന്നതാണ് . ആ കഥകൾ അവിടെ പ്ളേസ് ചെയ്തത് എന്തിനാണ് എന്നൊക്കെ സംശയിച്ചിരുന്നു. എന്നാൽ എന്റെ പ്രതീക്ഷകൾ എല്ലാം തകർത്തു കൊണ്ട് ആ കണ്ണികൾ എല്ലാം ബന്ധിപ്പിക്കുമ്പോൾ നല്ല ഒരു ടൈം ട്രാവൽ ചിത്രം കണ്ടതിന്റെ സന്തോഷം ആയിരുന്നു.


ടൈം ട്രാവൽ സിനിമകളുടെ ആരാധകർക്കു ഇഷ്ടമാകും.


സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.


Tuesday, 21 May 2024

1803. Three of Us (Hindi, 2022)

 1803. Three of Us (Hindi, 2022)

          Drama



Streaming on Netflix.


⭐⭐⭐⭐/5


 ശൈലജയുടെ ഓർമ്മകൾ പതിയെ അവരിൽ നിന്നും അകലുകയാണ്. ഡിമൻഷ്യ അവളുടെ ഓർമകളിൽ ശൂന്യത നിറയ്ക്കുന്നു. അത് മനസ്സിലാക്കിയ ശൈലജ അവരുടെ ഭർത്താവിനോട് ഒരു ആവശ്യം പറയുന്നു. കുട്ടിക്കാലത്ത് ഒരു നാല് വർഷം അവൾ ജീവിച്ച കൊങ്കണിൽ പോകണം എന്ന്. അങ്ങനെ അവർ ആ യാത്ര പുറപ്പെടുകയാണ്. ശൈലജയുടെ ഭൂതക്കാലവും അവിടെ അവർക്കുണ്ടായിരുന്ന സൗഹൃദങ്ങളും ഭയങ്ങളും എല്ലാം ഒരിക്കൽ കൂടി അവരുടെ ജീവിതത്തിന്റെ ഭാഗം ആവുകയാണ്. ഇവരുടെ ഒപ്പം ഒരാൾ കൂടിയുണ്ട്. ശൈലജയുടെ ബാല്യകാല സുഹൃത്തായ, ഒരു പക്ഷെ അവൾക്കു ആദ്യമായി അനുരാഗം തോന്നിയ പ്രദീപും.


 Three Of Us, സംഭാഷണങ്ങളിലൂടെ മുന്നോട്ട് പോകുന്ന ഒരു സിനിമയാണ്. കുട്ടിക്കാലവും, അതിൽ ഉണ്ടായിരുന്ന സ്വപ്നങ്ങളും സൗഹൃദങ്ങളും എല്ലാം ഭാവിജീവിതത്തിൽ പലർക്കും അന്യമാകാറുണ്ട്. ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് പറിച്ചു നടപ്പെടേണ്ടി വരുന്ന ഓരോ വ്യക്തിക്കും പരിചിതമായിരിക്കും ഇത്തരം അവസ്ഥകൾ. അത് കൊണ്ട് തന്നെ സിനിമയിൽ പലയിടത്തും പലർക്കും അത്തരം ഓർമകളിലേക്ക് ചെന്നെത്താൻ ഉള്ള ഒരു സാധ്യതയും ഈ സിനിമയുടെ കഥാഖ്യാനത്തിൽ കാണാം.


കൊങ്കണിലെ മനോഹരമായ ഭൂപ്രദേശങ്ങൾ മികച്ച ഒരു അനുഭവം ആയിരുന്നു. എന്നേ സംബന്ധിച്ച് ഇത്രയും മനോഹരമായ ഒരു സ്ഥലത്തെ കുറിച്ച് ഒരു ക്ലൂ പോലും ഇത് വരെ ഇല്ലായിരുന്നു. ക്ലാസിക് ഇന്ത്യൻ സൗന്ദര്യം സ്‌ക്രീനിൽ കാണുന്നത് മികച്ച ഒരു അനുഭവം ആയിരുന്നു. അതിനൊപ്പം ഷെഫാലി ഷാ, ജയ്ദീപ്, സ്വാനന്ദ് തുടങ്ങിയവരുടെ subtle ആയ അഭിനയവും ഓരോ കഥാപാത്രത്തെയും ഉൾക്കൊള്ളാൻ പ്രേക്ഷകനെ സജ്ജരാക്കുന്നുണ്ട്.


ശൈലജ അവസാനം അവളുടെ ഇനിയുള്ള ജീവിതത്തിലേക്ക്, അവളുടെ സംഭവം ബഹുലമായ ബാല്യക്കാലത്തു നടന്ന കാര്യങ്ങളിൽ നിന്നും ഉണ്ടായ വ്യത്യസ്തമായ വികാരങ്ങളിലേക്ക് നടന്നു എത്തിയോ എന്നുള്ളത് കാണാൻ മറക്കേണ്ട. പിന്നെ ഒരു കാര്യം. ഇത്തരത്തിൽ ഉള്ള ഒരു ചിത്രത്തിന്, പ്രധാനമായും സംഭാഷണങ്ങളിലൂടെ കഥ മുന്നോട്ടു പോകുന്ന ഒന്നിൽ പ്രതീകഴിക്കാവുന്ന വേഗത മാത്രം ആണുള്ളത്. എങ്കിൽക്കൂടിയും, മനസ്സു നിറയ്ക്കുന്ന നല്ലൊരു സിനിമാനുഭവം ആണ് Three of Us.


സിനിമയുടെ ലിങ്ക് t.me/mhviews1 ലും ലഭ്യമാണ്.



Friday, 17 May 2024

1802. Lost In The Stars(Mandarin, 2022)







 1802. Lost In The Stars(Mandarin, 2022)

         Mystery, Crime.

⭐⭐⭐½ /5

നല്ല ട്വിസ്റ്റുകൾ ഉള്ള ഒരു ചൈനീസ് ചിത്രമാണ് Lost In The Stars. ഒരു പക്ഷെ ഇത്തരത്തിൽ ഉള്ള ചിത്രങ്ങൾ ചിലപ്പോൾ എങ്കിലും കണ്ടിട്ടുണ്ടെങ്കിലും ഈ ഒരു സിനിമയിൽ ഞാൻ ഇത്തരം ട്വിസ്റ്റുകൾ പ്രതീക്ഷിച്ചില്ലായിരുന്നു എന്നതാണ് സത്യം.


തങ്ങളുടെ ആദ്യ വിവാഹ വാർഷികം ആഘോഷിക്കാൻ ആയി ബർലാൻഡിയ എന്ന ദ്വീപിൽ എത്തിയതാണ് ഹേ ഫെയും അയാളുടെ ഭാര്യ ലി മൂസിയും. ഒരു ദിവസം പെട്ടെന്ന് ലീ മൂസിയെ കാണാതായി. ചൈനീസ് വംശജൻ ആയ ഹേ ഫേ തായ്, മലയ് ഭാഷ മാത്രം സംസാരിക്കുന്ന സ്ഥലത്തു അയാളുടെ പ്രശ്നങ്ങൾ പറയാൻ ബുദ്ധിമുട്ടുന്നു. മാത്രമല്ല, അയാളെ ആരും വിശ്വസിക്കുന്നുമില്ല. ഭാര്യ ആരുടെയെങ്കിലും ഒപ്പം ഒളിച്ചോടി പോയതാകും എന്ന് വരെ അവിടെ പലരും പറയുന്നു.


 ഒരു ദിവസം പോലീസ് സ്റ്റേഷനിൽ വച്ച് ആക്രമസക്തൻ ആകുന്ന അയാളുടെ മുന്നിലേക്ക്‌ ചൈനീസ് അറിയാവുന്ന ഷെങ് എന്ന ഓഫീസർ വരുന്നു. അയാൾ ലെ ഫെയേ സഹായിക്കാൻ തയ്യാറാകുന്നു. അതിന്റെ ഭാഗമായി ലെ ഫെയുടെ ഹോട്ടലിൽ എത്തിയ അവർ കാണുന്നത്, അവിടെ ലീ മുസിയെ ആണ്. എന്നാൽ അത് ലീ മൂസി അല്ല എന്ന് ലെ ഫേ ആണയിട്ട് പറയുമെങ്കിലും അവർ ലീ മൂസി ആണെന്നുള്ള തെളിവുകൾ അവർ കാണിക്കുന്നു. സംഭവം ആകെ മൊത്തം സങ്കീർണം ആവുകയാണ്. ലീ മൂസി അവിടെ ഉള്ളത് കൊണ്ട് തന്നെ പോലീസിന്റെ അന്വേഷണം അവിടെ അപ്രസക്തം ആവുകയാണ്.അവിടെ ഉണ്ടായിരുന്നത് യഥാർത്ഥത്തിൽ ലീ മൂസി തന്നെയാണോ? അതോ?


കാണാതായ ഭാര്യയെ അന്വേഷിച്ചിറങ്ങുന്ന ഭർത്താവ്. അതും അയാൾക്ക്‌ പരിചിതം അല്ലാത്ത സ്ഥലം. ഒരു ടൂറിസ്റ്റ് destination ആയത് കൊണ്ട് തന്നെ അപകടങ്ങളിൽ ചെന്ന് ചാടാൻ ഉള്ള അവസരവും കൂടുതൽ അണ്. ഇവിടെ ആണ് കഥയിൽ ഉള്ള ട്വിസ്റ്റുകൾ സിനിമയെ മികച്ചതാക്കുന്നത്. ഒരു ഘട്ടം കഴിയുമ്പോൾ ട്വിസ്റ്റുകൾ ഓരോന്നായി വരുമ്പോൾ ഇത്തരം ചിത്രങ്ങളുടെ ആരാധകർക്കു നല്ലൊരു അനുഭവം ആയി മാറുന്നുണ്ട്. കണ്ട് നോക്കുക.


സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.




Thursday, 16 May 2024

1801. The Lunchbox (Hindi, 2013)

 1801. The Lunchbox (Hindi, 2013)

         Drama



⭐⭐⭐⭐½ /5


 ഇന്നലെ 8 A. M Metro കണ്ട് തുടങ്ങിയത് മുതൽ മനസ്സിൽ വന്ന മറ്റൊരു ചിത്രമാണ് The Lunchbox. കഥയിലും കഥാപാത്രങ്ങളിലും കുറച്ചു സാദൃശ്യം തോന്നിയിരുന്നു രണ്ടു സിനിമയിലും. The Lunchbox ന്റെ പുതിയ കാല ആവിഷ്ക്കാരം ആണ് പ്രമേയത്തിൽ 8 A. M Metro എന്ന് തോന്നിയാലും കുറ്റം പറയാൻ ആകില്ല.


 പ്രമേയത്തിൽ ഉള്ള സാമ്യങ്ങൾക്കും അപ്പുറം The Lunchbox ൽ രണ്ടു അപരിചിതർ പരസ്പ്പരം സംവദിക്കാൻ കാരണം ഇള ഭർത്താവിനായി സ്നേഹത്തോടെ തയ്യാറാക്കിയ ഉച്ച ഭക്ഷണം തെറ്റായ അഡ്രസിൽ പോയി സാജൻ എന്ന ആളുടെ കയ്യിൽ ലഭിക്കുന്നതിലൂടെ ആണ്. ഹോട്ടലിൽ നിന്നും ടിഫിൻ ഓർഡർ ചെയ്യുന്ന സാജനെ സംബന്ധിച്ച് വ്യത്യസ്ത രുചി അനുഭവപ്പെട്ടത് കൊണ്ട് തന്നെ അന്നത്തെ ഭക്ഷണത്തെ കുറിച്ച് അയാൾക്ക്‌ സംശയം വരുകയും ചെയ്തു. എന്നാൽ ഇളയ്ക്കു ഭക്ഷണം തന്റെ ഭർത്താവിന് അല്ല കിട്ടിയത് എന്ന് മനസ്സിലായി. അവർ അടുത്ത ദിവസം മുതൽ തന്റെ ഭക്ഷണത്തെ കുറിച്ച് ഇന്നും പറയാത്ത ഭർത്താവിന് പകരമായി സാജന് ഉച്ച ഭക്ഷണം അയക്കുകയാണ്.സാജനും ആയി ഓരോ ദിവസത്തെ ഭക്ഷണത്തിലും വയ്ക്കുന്ന കുറിപ്പിലൂടെ സംസാരിക്കുകയാണ്.ആ ബന്ധം അവിടെ തുടങ്ങുന്നു.


ആരാണ്, എന്താണ് എന്നറിയാതെ അവർ പരസ്പ്പരം അവരുടെ ലോകം മറ്റൊരാളുടെ മുന്നിലേക്ക്‌ തുറന്നിടുകയാണ്. അജ്ഞാതരായി തുടർന്ന അവരുടെ ജീവിതത്തിൽ കുറച്ചു സംഭവങ്ങൾ ഉണ്ടാവുകയും അതിന്റെ പ്രതിഫലനങ്ങൾ അവരുടെ ജീവിതത്തിൽ ഉരുതിരിയുന്നതും ആണ് The Lunchbox ന്റെ പ്രമേയം.


രസകരമായ ചില കഥാപാത്രങ്ങൾ ഇവർക്കൊപ്പം ഈ ചിത്രത്തിലുണ്ട്. പ്രത്യേകിച്ചും ഇളയുടെ മുകളിലത്തെ ഫ്ലാറ്റിൽ താമസിക്കുന്ന ആന്റി, സാജന്റെ ഓഫീസിലെ പുതിയ ജീവനക്കാരനായാ, നവാസുദീൻ സിദ്ധിക്കി അവതരിപ്പിച്ച അസ്‌ലാം എന്നിവർ. The Lunchbox ചർച്ച ചെയ്യുന്നത് പ്രധാനമായും സ്വന്തം പങ്കാളിയുടെ അടുക്കൽ നിന്നും അവർക്കു ആവശ്യമായ പ്രണയം ലഭിക്കുന്നില്ല എന്ന് മനസ്സിലാക്കിയ ഇളയുടെ ചിന്തകളും ഭാര്യ മരിച്ച്, ഇളയെക്കാൾ ഏറെ പ്രായകൂടുതൽ ഉള്ള സാജന്റെയും ചിന്തകൾ ആണ്.


ഇവിടെ അവിഹിതത്തിലേക്കു പോകാൻ വലിയ സാധ്യതകൾ ഉണ്ടായിരുന്നിട്ടു കൂടി 8 A. M Metro യിൽ കണ്ടത് പോലെ ഒരു വഴിത്തിരിവ് ഉണ്ടാവുകയാണ് ചെയ്തത്. സംഭാഷണങ്ങളിലൂടെ ആണ് ചിത്രം മുന്നോട്ടു പോകുന്നത്. അത്തരത്തിൽ ഉള്ള സംഭാഷണങ്ങൾക്ക് പ്രേക്ഷകനെ കാണുന്ന സിനിമയോട് ചേർത്ത് നിർത്താൻ തക്ക രസകരവും ആണ്. 


ഇറങ്ങിയ സമയത്തു തന്നെ The Lunchbox ധാരാളം നിരൂപക പ്രശംസ പിടിച്ചു പറ്റിയതാണ്. ഇനിയും കാണാത്തവർ ഉണ്ടെങ്കിൽ കണ്ട് നോക്കൂ. എനിക്ക് വളരെയധികം ഇഷ്ടമായ ഒരു ചിത്രം തന്നെ ആയിരുന്നു The Lunchbox.


ചിത്രത്തിന്റെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.



1800. 8 A.M. Metro (Hindi, 2023)

 

1800. 8 A.M. Metro (Hindi, 2023)

          Drama



⭐⭐⭐⭐/5


ഇരാവതിയുടെയും പ്രീതത്തിന്റെയും ബന്ധത്തെ എന്താണ് വിളിക്കേണ്ടത് എന്ന് മനസ്സിലാകില്ല. അത്രയ്ക്കും സങ്കീർണം ആണ് അവരുടെ ബന്ധം. ഒരു മെട്രോ ട്രെയിനിൽ വച്ച് കണ്ട് മുട്ടിയ രണ്ടു പേര്. അതിൽ ഇരാവതിയ്ക്കു ട്രെയിനിൽ യാത്ര ചെയ്യാൻ ഭയമാണ്. അതിനു പിന്നിൽ ഒരു കാരണമുണ്ട്.അവളുടെ ഭൂതക്കാലവും ആയി ബന്ധപ്പെട്ടത്.


അവൾ വിവാഹിത ആണ്. ഭർത്താവിനോടും രണ്ടു കുട്ടികളോടും ഒപ്പമാണ് അവളുടെ ജീവിതം. ജോലി തിരക്കിൽ ആയ ഭർത്താവും കുട്ടികളുടെ ജീവിതവുമായി അവൾ പോകുമ്പോൾ ആണ് അനുജത്തിയുടെ ഡെലിവറിയും ആയി ബന്ധപ്പെട്ട് അവൾ ഹൈദരാബാദിൽ എത്തുന്നത്. അവിടെ വച്ചാണ് അവൾ പ്രീതത്തെ കണ്ട് മുട്ടുന്നത്. അവരുടെ ആദ്യ കൂടിക്കാഴ്ച പോലും വിചിത്രം ആയിരുന്നു എന്ന് പറയേണ്ടി വരും.


അവരുടെ ബന്ധത്തിൽ മുൻവിധികൾ ഇല്ലായിരുന്നു. അവർ കുറേ കാര്യങ്ങൾ സംസാരിച്ചു. പരസ്പ്പരം എല്ലാ കാര്യങ്ങളും തുറന്നു പറയുന്നു എന്ന തോന്നലുണ്ടാക്കി.അവരുടെ ഇടയിൽ കവിതകളും കഥകളും പുസ്തകങ്ങളും എല്ലാം വിഷയമായി. അവർ പരസ്പ്പരം ആ ബന്ധത്തെ സാധാരണയായി ഒരു സ്ത്രീയും പുരുഷനും തമ്മിൽ ഉണ്ടായേക്കാവുന്ന ബന്ധത്തിൽ നിന്നും വ്യത്യസ്തമായി നിന്നു. പറയാൻ മറന്നു പോയി. പ്രീതവും വിവാഹിതൻ ആയിരുന്നു. ഭാര്യയും രണ്ടു കുട്ടികളും ഉള്ള ജീവിതം.


 ഇരാവതിയുടെ പേര് ആദ്യമായി ശരിക്കും ഉച്ചരിച്ച ആൾ, അവളുടെ ഭയത്തെ മനസിലാക്കിയ ആൾ, അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന ആൾ എന്ന നിലയിൽ അവൾക്കു പ്രീതത്തിനോട് ജീവിതത്തിൽ തന്നെ അവളെ ആദ്യമായി മനസ്സിലാക്കിയ ഒരാൾ എന്ന രീതിയിൽ ആയിരുന്നു കണ്ടത്. എന്നാൽ പ്രീതത്തിനോ? 


സംഭാഷണങ്ങളിലൂടെ ആണ് 8 A.M. Metro മുന്നോട്ടു പോകുന്നത്. സാധാരണ ഒരു ഹിന്ദി സിനിമയുടെ ധാരാളിത്തമോ ത്രില്ലോ ഒന്നും ഇല്ലാത്ത ഒരു ചിത്രം. എന്നാൽ ലോകത്തിൽ എവിടെയും പെട്ടെന്ന് പരിചിതമാകുന്ന വികാരങ്ങൾ ആണ് കഥാപാത്രങ്ങൾ തമ്മിൽ ഉള്ളത്. ഒരുപക്ഷെ ഇവരുടെ രണ്ടുപേരുടെയും ജീവിത പശ്ചാത്തലം വച്ച് നോക്കുമ്പോൾ ഒരു അവിഹിത ബന്ധത്തിന് സ്കോപ് എപ്പോഴും ഈ ചിത്രത്തിൽ ഉണ്ട്. എന്നാൽ ഇരാവതിയും പ്രീതവും അവരുടെ ബന്ധത്തെ ഈ കാര്യത്തിൽ എങ്ങനെ നോക്കി കണ്ടൂ എന്നും ചിത്രം പറയുന്നുണ്ട്. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ അവരുടെ ബന്ധത്തിന്റെ പേര് തന്നെ മാറുമായിരുന്നു.


 സംഭാഷണങ്ങൾ അതി മനോഹരമായിരുന്നു . കവിതകളും, ഒന്ന് മനസ്സിരുത്തി മനസ്സിലാക്കിയാൽ മികവുറ്റ ഭാവന അതിൽ കാണാൻ സാധിക്കുമായിരുന്നു. കാൽപ്പനികത ജീവിതത്തിൽ ഉൾപ്പെടുത്തിയ രണ്ടു മധ്യവയസ്ക്കർ എന്ന നിലയിൽ അവരുടെ സംഭാഷണങ്ങളിൽ കവിത നിറഞ്ഞു തുളുമ്പുന്നുണ്ട്.


ചിത്രത്തിന്റെ അവസാനം പ്രേക്ഷകന് ചെറിയ രീതിയിൽ ഷോക്ക് നൽകുന്നുണ്ട് കഥയിൽ. അതിനും അപ്പുറം ക്ലൈമാക്സ് തുറന്ന പുസ്തകം പോലെ വച്ച് അവസാനിപ്പിക്കുമ്പോൾ അതിലെ താളുകളിൽ പ്രേക്ഷകന് ബാക്കി എഴുതാൻ ഉള്ള ഇടവും ഉണ്ട്. അഭിനേതാക്കൾ subtle ആയ മികച്ച അഭിനയത്തിലൂടെ മനം കവർന്നു എന്നു പറയാം.


8 A.M. Metro എല്ലാവരും കാണണം എന്ന് പറയുന്നില്ല. ഒരു പക്ഷെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ മാത്രം വികസിക്കുന്ന കഥ പറച്ചിൽ ആകുമ്പോൾ കഥാപാത്രങ്ങളെ സസൂക്ഷ്മമം വീക്ഷിക്കണം. എങ്കിൽ മാത്രമേ ഇരാവതിയിലൂടെ പ്രീതത്തിനെയും പ്രീതത്തിലൂടെ ഇരാവതിയെയും മനസ്സിലാക്കാൻ കഴിയൂ. എങ്കിൽ മാത്രേ 8 A.M. Metro ഇഷ്ടപ്പെടാൻ സാധിക്കൂ. താൽപ്പര്യം ഉള്ളവർക്ക് കണ്ട് നോക്കാം. ഓർക്കുക. ഇത് എല്ലാവർക്കും ഉള്ള ഒരു സിനിമ അല്ല. എനിക്ക് സിനിമ നന്നായി ഇഷ്ടപ്പെട്ടൂ.


സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.




1799. Jules ( English,2023)

 1799. Jules ( English,2023)

         Sci- Fi, Comedy, Feel- Good




⭐⭐⭐⭐½ /5


ഒരു ഫീൽ ഗുഡ് സിനിമയിൽ ക്ലൈമാക്സിൽ പ്രേക്ഷകന് ത്രില്ല് നൽകി അവസാനം പൂർണമായ സംതൃപ്തി നൽകുന്ന ചിത്രങ്ങൾ കുറേ ഉണ്ടാകും. അതാണല്ലോ ഫീൽ ഗുഡ് സിനിമകളുടെ സൗന്ദര്യവും . അത്തരത്തിൽ പൂർണമായും സന്തോഷവും സമാധാനവും കിട്ടുന്ന, സയൻസ് ഫിക്ഷൻ വിഭാഗത്തിൽ ഉള്ള ഒരു ചിത്രമാണ് Jules.


മിൽട്ടൻ റോബിൻസൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്. പ്രായവും കുറേ ആയി. ഓർമ പലപ്പോഴും കുറയുന്നുണ്ട്. പക്ഷെ അയാൾ അത് മന:പ്പൂർവം വിസ്മരിക്കുന്നുണ്ട്. എങ്കിലും സിറ്റി കൗൺസിലിൽ പോയി തന്റെ ആശങ്കകൾ പങ്കു വയ്ക്കാൻ മടിയില്ലാത്ത ഒരു ഉത്തമ പൗരൻ ആണ് മിൽട്ടൻ. എന്നാൽ ഇതിൽ ഉള്ള പ്രശ്നം ഓരോ തവണയും ഒരേ കാര്യങ്ങൾ തന്നെ ആണ് മിൽട്ടൻ കൗൺസിലിൽ അവതരിപ്പിക്കുന്നത് എന്നതാണ്.


അങ്ങനെയിരിക്കെ അയാളുടെ വീട്ടിൽ ഒരു അപ്രതീക്ഷിത അതിഥി എത്തി. അയാൾ അതിനെക്കുറിച്ചു മറ്റുള്ളവരോട് പറഞ്ഞിട്ടും വിശ്വസിക്കുന്നില്ല. ഒരു വശത്തു സർക്കാർ തന്നെ ആ കാര്യം എവിടെ ആണെന്ന് അന്വേഷിക്കുന്നു. എന്നാൽ ഓർമ കുറഞ്ഞ ഒരു വൃദ്ധനെ ആരും മുഖവിലയ്ക്ക് എടുക്കുന്നുമില്ല.


എന്നാൽ മിൽട്ടന്റെ ഒപ്പം രണ്ടു പേര് കൂടി ചേരുന്നു. അവരും സമാനമായ അവസ്ഥയിൽ കൂടി ജീവിക്കുന്നവരാണ്. അവരുടെ അതിഥി ആരാണ്? ആ അതിഥി അവരുടെ ജീവിതത്തിൽ എന്ത് മാറ്റങ്ങൾ ആണ് ഉണ്ടാക്കുന്നത്? ഇതാണ് സിനിമയുടെ കഥ.


മനോഹരമായ ഒരു ചിത്രമാണ് Jules. ഒരു സയൻസ് ഫിക്ഷൻ എന്ന നിലയിൽ ഉള്ള ശാസ്ത്രീയമായ വലിയ വിശദീകരണങ്ങളോ ഒന്നും ഈ ചിത്രത്തിൽ ഇല്ല. എന്നാൽ രസകരമായ ജീവിതങ്ങൾ ഇവിടെ കാണാൻ കഴിയും. പ്രായം ഓക്കെ ആകുമ്പോൾ ഇങ്ങനെ ഒരു സാഹസം ചെയ്തു നോക്കണം എന്ന് സിനിമ കഴിഞ്ഞു തോന്നിയാൽ പോലും കുറ്റം പറയാൻ കഴിയില്ല.


കണ്ട് നോക്കൂ. നല്ല ഒരു ചിത്രമാണ് Jules. എനിക്ക് നന്നായി ഇഷ്ടപ്പെട്ടൂ.


ചിത്രത്തിന്റെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.



1798. The Debt (English, 2010)

 1798. The Debt (English, 2010)

          Thriller.



⭐⭐⭐⭐/5


    മുൻകാല മോസാദ് ഏജന്റുമാരും പിന്നീട് ദമ്പതികളും ആയി മാറിയ റേച്ചലും സ്റ്റെഫാനും നാസി യുദ്ധ കുറ്റവാളി ആയ വോഗേലിനെ കൊല്ലപ്പെടുത്തിയതിന്റെ പേരിൽ ലഭിച്ച പ്രശസ്തിയിൽ ആണ് അവരുടെ പിന്നീടുള്ള ജീവിതം കെട്ടിപ്പൊക്കിയത്. അധികാര സ്ഥാനങ്ങളിലും സമൂഹത്തിലെ അവരുടെ സ്ഥാനങ്ങൾക്കും എല്ലാം പ്രധാന കാരണം ഈ ഓപ്പറേഷൻ ആയിരുന്നു. എല്ലാവരും വാഴ്ത്തി പാടുന്ന പോരാളികൾ. ഇസ്രായേലിന്റെ അഭിമാനം. 


വർഷങ്ങൾക്കു ശേഷം ഇവരുടെ വീര കഥ പുസ്തകം ആയി അവരുടെ മകൾ തന്നെ എഴുതി ഇറക്കുകയാണ്. എന്നാൽ അന്നത്തെ ദിവസം അവർ അത് വരെ കാത്തു സൂക്ഷിച്ചിരുന്ന, അവരുടെ ഒപ്പം മറ്റൊരാളുടെ കൂടെ രഹസ്യം ആയ ഒരു കാര്യം പുറത്തു വരാൻ സാധ്യത ഉണ്ടെന്നു അവർ മനസ്സിലാക്കുന്നു. എന്താണ് ആ രഹസ്യം? അത് അവരെ എങ്ങനെ ബാധിക്കും? ഇതാണ് ഇസ്രായേലി ത്രില്ലർ ചിത്രമായ Ha-Hov ന്റെ റീമേക് ആയ The Debt പറയുന്നത്.


ഭൂതക്കാലത്തിൽ ഉള്ള ഒരു കടം, അതും പ്രായമേറെ ആയപ്പോൾ അവർ അത് വരെ കെട്ടിപ്പൊക്കിയത് മുഴുവനും തകർക്കാൻ കഴിയുന്ന ഒന്നായിരുന്നു. അത് വരെ അവർ ആസ്വദിച്ച ജീവിതം വരെ ഒരുപക്ഷെ അവർക്കു നഷ്ടപ്പെടാം. ഈ അവസ്ഥയിൽ എന്തായിരിക്കും അവർ ചെയ്തിട്ടുണ്ടാവുക?


സിനിമയുടെ തുടക്കം മുതൽ പ്രേക്ഷകന് നൽകുന്ന ഒരു ടെൻഷൻ ഉണ്ട് The Debt ൽ . പ്രത്യേകിച്ചും ഇത്തരം ഒരു ഓപ്പറേഷൻ, ആക്കാലത്തെ രാഷ്ട്രീയ സമവാക്യങ്ങൾ എല്ലാം കൂടി ചേരുമ്പോൾ കഥാപാത്രങ്ങൾ പ്രേക്ഷകനും ആയി നന്നായി അടുക്കുന്നുണ്ട്. ഒരു സിനിമയ്ക്ക് പ്രധാനമായും വേണ്ടത് അതാണല്ലോ?


 സീരിയസ് ആയ ഒരു ത്രില്ലർ ചിത്രമാണ് The Debt. കഥയുടെ ചെറിയ സൂചനകൾക്ക് അപ്പുറം മറ്റൊന്നും അറിയാതെ കണ്ടാൽ ഏറെ ഇഷ്ടം ആകുന്ന ഒരു ത്രില്ലർ. മികച്ച രീതിയിൽ തന്നെ കഥയും കഥാപാത്രങ്ങളും എല്ലാം പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിക്കുന്നുണ്ട് The Debt ൽ. ത്രില്ലർ സിനിമ സ്നേഹികൾക്ക് കണ്ടിട്ടില്ലെങ്കിൽ കണ്ട് നോക്കാവുന്ന ഒന്നാണ് The Debt.


ചിത്രത്തിന്റെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.



1995. Drop ( English, 2025)