Thursday, 12 January 2023

1641. Ticket to Paradise (English, 2022)

1641. Ticket to Paradise (English, 2022)

           Romance, Comedy



തങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത് മകളുടെ ജീവിതത്തിലും സംഭവിക്കരുത് എന്നാണ് ജോർജിയ - ഡേവിഡ് ദമ്പതികൾ തീരുമാനിച്ചത്. അവരുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത്?ചെറിയ പ്രായത്തിൽ വിവാഹിതരായി , ഒരു മകൾ ആയപ്പോഴേക്കും പിരിയേണ്ടി വന്ന അവർ തങ്ങളുടെ ജീവിതത്തിൽ എടുത്ത തീരുമാനങ്ങൾ എല്ലാം മോശം ആയിരുന്നു എന്നു വിശ്വസിക്കുന്നു. അത് കൊണ്ട് തന്റെ പങ്കാളിയെ ബാലിയിൽ നിന്നും കണ്ടെത്തി, അവിടെ വച്ച് വിവാഹിതയാകൻ പോകുന്ന മകളായ ലില്ലിയെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ആയി , വിവാഹത്തിൽ പങ്ക് ചേരാൻ എന്ന വ്യാജേന ജോർജിയയും ഡേവിഡും പോവുകയാണ്. തികച്ചും വിഭിന്നമായ സംസ്ക്കാരത്തിൽ നടക്കുന്ന കല്യാണം, ബന്ധങ്ങൾക്ക് വലിയ വില നൽകുന്ന ആളുകൾ തുടങ്ങി ജോർജിയയ്ക്കും ഡേവിഡിനും പരിചിതമല്ലാത്ത സാഹചര്യങ്ങളിലേക്ക് ആണ് പോകുന്നത്. അവർക്കു ആ കല്യാണം മുടക്കാൻ സാധിക്കുമോ? ശേഷം എന്ത് സംഭവിക്കുന്നു എന്നത് ആണ് സിനിമയുടെ കഥ. 


കുറച്ചു തമാശകളും കുടുംബ ബന്ധങ്ങളെ കുറിച്ചുള്ള പാശ്ചാത്യരുടെ ചിന്തകളും ആണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരം സിനിമകളിൽ ഉള്ള ക്ലീഷേകൾ ധാരാളം ഉണ്ടെങ്കിലും വെറുതെ കണ്ടിരിക്കാവുന്ന ഒന്നാണ് ജോർജ് ക്ലൂണിയും ജൂലിയ റോബർട്സും അഭിനയിച്ച ചിത്രം. വെറുതെ ടൈം പാസ് എന്നു പറഞ്ഞു കാണാവുന്ന സിനിമ ആയിട്ടാണ് Ticket To Paradise തോന്നിയത്. ഒരു ടിപ്പിക്കൽ റോം -കോം . 


എന്റെ റേറ്റിംഗ്: 3/5 


സിനിമയുടെ ലിങ്ക് t.me/mhviews1  ൽ ലഭ്യമാണ്



1641. Ticket to Paradise (English, 2022)

           Romance, Comedy


Wednesday, 11 January 2023

1639. Ullasam (Malayalam, 2022)

 

    1639. Ullasam (Malayalam, 2022)




 എന്റെ രണ്ടു മണിക്കൂർ 17 മിനിറ്റ് ജീവിതത്തിൽ നിന്നും നഷ്ടപ്പെട്ടു പോയത് പോലെയാണ് ഉല്ലാസം എന്ന സിനിമ കണ്ടു തീർത്തപ്പോൾ തോന്നിയത്. ഊട്ടി റെയിൽവേ സ്റ്റേഷനിലെ ഷെയ്നിന്റെ ബാഗ് മുകളിലേക്ക് എറിഞ്ഞുള്ള കരണം മറിച്ചൽ കണ്ടപ്പോൾ തന്നെ സിനിമ കാഴ്ച മതിയാക്കിയ കൂട്ടുകാരൻ പിന്നീട് ഈ സിനിമയെ കുറിച്ച് പറഞ്ഞപ്പോൾ ആ സീൻ കണ്ടപ്പോൾ തന്നെ മതിയായി എന്നാണ്. പക്ഷേ സിനിമ ഇറങ്ങിയ സമയത്തുള്ള ഭയങ്കര തമാശ സിനിമ ആണെന്നുള്ള അഭിപ്രായങ്ങൾ കണ്ടത് കൊണ്ടും, അതിനോടൊപ്പം സിനിമ കൊള്ളില്ല എന്നു പറഞ്ഞവരെ സിനിമയിലെ നായകൻ തന്നെ ഓഫ്സ്ക്രീനിൽ ഓടിച്ചത് കണ്ടപ്പോഴും ശത്രുക്കൾ പറഞ്ഞു പരത്തുന്നത് ആണെന്ന് കരുതി. 


  സത്യമായും പറയുക ആണ് ശത്രുക്കൾക്ക് പോലും ഈ വിധി വരുത്തരുത്. അത് പോലെ അസഹനീയം ആയിരുന്നു സിനിമ. എനിക്കു തോന്നുന്നത് കഥയും കൊണ്ട് വന്ന പ്രവീൺ ബാലകൃഷ്ണൻ പഴയ അല്ലു ആർജുൻ സിനിമകൾ കണ്ടു വളർന്നു ഫാൻ ആയ ആൾ ആയിരിക്കണം. വലുതായി ഒരു സിനിമയ്ക്കു കഥ എഴുതുമ്പോൾ അങ്ങനെ എന്തെങ്കിലും ചെയ്തു വയ്ക്കണം എന്നു ചെറുപ്പത്തിൽ തന്നെ ആഗ്രഹിച്ചിരുന്നിരിക്കണം. ഒരു അവസരം കിട്ടിയപ്പോൾ അന്ന് മനസ്സിൽ ഉണ്ടായിരുന്ന ഫ്രെയിമുകളും കഥാപാത്രങ്ങളും എല്ലാം ചേർത്ത് ഒരു കഥ ഉണ്ടാക്കിയിരുന്നിരിക്കണം. അത്രയ്ക്ക് ഔട്ട് ഡേറ്റഡ് ആയ ഒരു സിനിമ ആണ് ഉല്ലാസം. ഒരു മാതിരി ആര്യ+ ചാർ ളി + DDLJ+ വെട്ടം എന്നൊക്കെ പറയാവുന്ന ഒരു കോമ്പിനേഷൻ . അല്ലെങ്കിൽ അതിനെല്ലാം homage കൊടുത്തതും ആയിരുന്നിരിക്കാം.അത് പോലെ തന്നെയാണ് നായകനും നായികയും അല്ലാത്ത കഥാപാത്രങ്ങളും. ചുമ്മാ സിനിമ ആയതു കൊണ്ട് ഇവരൊക്കെ വേണമല്ലോ എന്ന് കരുതി അഭിനയിപ്പിച്ചത് പോലെയുണ്ട്.


  നിർവികാരമായി തമാശ എന്നു പറയാവുന്ന ചളികളും കണ്ടു ഇങ്ങനെ ഇരിക്കാം എന്നു മാത്രം. ചില സിനിമകളിലെ ചളികൾ കണ്ടാൽ ഇയാൾ എന്താണ് ഇങ്ങനെ എന്നൊക്കെ ചിന്തിച്ചേക്കാം. എന്നാൽ അതിനു പോലും ഉള്ള മനസ്സോ അവസരമോ പോലും ഉല്ലാസം തരുന്നില്ല എന്നതാണ് സത്യം. പക്ഷേ സിനിമ കണ്ടു ഇഷ്ടപ്പെട്ടൂ എന്നു പറഞ്ഞവരെ കണ്ടു. അത് കൊണ്ട് ഈ സിനിമ എന്റെ ചായ കപ്പിലെ ചായ അല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്തായാലും ഗോൾഡ് കണ്ടതിന്റെ ക്ഷീണം ഒന്നും അല്ല എന്നാണ് ഉല്ലാസം കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്. ഒന്നാമത് റൊമാൻസ് എന്നു പറഞ്ഞു എന്തൊക്കെയോ കാട്ടി കൂട്ടുന്നു. രണ്ടാമത് അത് പോലെ തന്നെ തമാശയും . അതങ്ങനെ പോയി അവസാനം എന്തോ ഒരു ക്ലൈമാക്സും . 


  ഉല്ലാസം മോശം സിനിമ അനുഭവം ആയിരുന്നു എന്നെ സംബന്ധിച്ച്.

സോറി. റേറ്റിംഗ് ഒന്നും ഇടുന്നില്ല!!





Tuesday, 10 January 2023

1638. Saudi Vellakka (Malayalam, 2022)


1638. Saudi Vellakka (Malayalam, 2022)

          Streaming on സോണിലിവ്




സൌദി വെള്ളക്കയെ കുറിച്ച് പറയുകയാണെങ്കിൽ , ചെറിയ ഒരു കഥയുള്ള നന്മ നിറഞ്ഞ സിനിമ എന്നു പറയാം. ഞാനൊക്കെ കുട്ടിക്കാലത്ത് ക്രിക്കറ്റ് കളിക്കുമ്പോൾ ബോൾ ചെന്നു വീഴുന്നത് കളി സ്ഥലത്തിന്റെ അപ്പുറം ഉള്ള റോസമച്ചിയുടെ വീട്ടിൽ ആയിരുന്നു. ആ അമ്മച്ചി ആണെങ്കിൽ പലപ്പോഴും ബോൾ കിട്ടിയാൽ തരില്ല. ചിലപ്പോഴൊക്കെ അമ്മച്ചിയെക്കാളും സപീഡിൽ പോയി ബോൾ എടുത്തു രക്ഷപ്പെടാറുണ്ടായിരുന്നു. പാവം അമ്മച്ചിയെ പറഞ്ഞിട്ടും കാര്യമില്ല. ബോൾ വീഴുന്നത് മൊത്തം അമ്മച്ചിയുടെ ഓടിന്റെ പുറത്തായിരുന്നു. പിന്നീട് അമ്മച്ചിയുടെ കൊച്ചു മകൻ ക്രിക്കറ്റ് കളിക്കാൻ വരുമ്പോൾ ഇതൊക്കെ തന്നെ ചെയ്തത് ചരിത്രം. ഇത്രയും പറഞ്ഞത് ഐഷ എന്ന കഥാപാത്രം റോസമ്മച്ചിയെ ഓർമിപ്പിച്ചത് കൊണ്ടാണ് ചെറുതായി. പക്ഷേ ഇവിടെ ഐഷ മോശമായ ഒരു കാര്യം ചെയ്തു എന്നും വ്യത്യാസം ഉണ്ട്. 


   ബട്ടർഫ്ലൈ എഫെക്റ്റ് പോലെ ആ സംഭവം പലരുടെയും ജീവിതത്തിനെ ബാധിക്കുകയും ചെയ്തു. ചെറുതെന്ന് പുറത്തു നിന്നും കാണുന്നവര്ക്ക് തോന്നുന്ന സംഭവം വർഷങ്ങൾക്ക് അപ്പുറം എത്രയോ പേരെ വീണ്ടും ഇതിൽ ഉൾപ്പെടുത്തുന്നു എന്നതാണ് ഇതിലെ കഥാപാത്രങ്ങൾ ആയി സ്ക്രീനിൽ വരുന്നത്. ചിലപ്പോഴൊക്കെ ഇമോഷണൽ ആയി തോന്നുന്ന ഭാഗങ്ങൾ സിനിമയിൽ ഉണ്ട്. സിനിമയുടെ നല്ല വശം ഇതൊക്കെയാണ്. 


  എന്നാൽ മോശം വശം ആയി തോന്നിയ കാര്യമുണ്ട്. ഒന്ന് , ചെറിയ ഒരു കഥ ആയത് കൊണ്ട് തന്നെ സിനിമയുടെ സമയ ദൈർഘ്യം എത്തിക്കാൻ വേണ്ടി ആയിരുന്നിരിക്കാം സിനിമ വളരെ പതുക്കെയാണ് പോകുന്നത്. അത് കൊണ്ട് തന്നെ എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല. മറ്റൊന്ന് സൌണ്ട് ആണ്. ഒരു സീനിൽ തന്നെ വരുന്ന മുഖ്യ കഥാപാത്രങ്ങൾ അല്ലാത്തവരുടെ അടുത്തും മൈക് കൊണ്ട് വച്ചിരിക്കുന്നത് പോലെ ആണ് പല രംഗങ്ങളും. സബ്ടൈറ്റിൽ തപ്പി എടുക്കാൻ തോന്നും. അത്യാവശ്യം നല്ല ഒരു സൌണ്ട് സിസ്റ്റത്തിൽ ആണ് സിനിമ കണ്ടതും. എല്ലാവർക്കും അങ്ങനെ തോന്നുമോ എന്നറിയില്ല. എന്തായാലും എന്റെ സിനിമ ആസ്വാദനത്തിൽ കല്ല് കടിയായി ഇതൊക്കെ മാറി. 


  തരുൺ മൂർത്തി ഇപ്പോഴത്തെ മലയാളം സിനിമ ട്രെൻഡ് ആയ സിനിമയിലൂടെ  രാഷ്ട്രീയം അവതരിപ്പിക്കുക എന്ന പരിപാടി ഇതിലും നടത്തിയിട്ടുണ്ട്. സിനിമയിൽ രാഷ്ട്രീയം പറയുന്നത് കൂടുതൽ സ്വീകാര്യമായ ഒരു പ്ലാറ്റ്ഫോമിലൂടെ തങ്ങളുടെ രാഷ്ട്രീയം പറയാനായി ഉപയോഗിക്കാം എന്നതിൽ എതിരഭിപ്രായം ഒന്നുമില്ല . അതങ്ങനെ കണ്ടാൽ ഏത് സിനിമ ആയാലും സിനിമ കൊള്ളാമെങ്കിൽ സിനിമ ആസ്വാദനത്തെ ബാധിക്കില്ല എന്നു തന്നെ വിശ്വസിക്കുന്നു. Subtle ആയി അവതരിപ്പിച്ചാൽ ഒന്നെങ്കിൽ ശ്രദ്ധിക്കപ്പെടാം, അല്ലെങ്കിൽ ശ്രദ്ധിക്കപ്പെടാതെയും പോകാം. അത്തരത്തിൽ ഉള്ള രീതിയിൽ ആണ് സിനിമയിൽ ഉള്ളത്. 


  സിനിമയുടെ കഥയും മറ്റും നല്ലതായിരുന്നെങ്കിലും ഇടയ്ക്ക് ഇഷ്ടപ്പെടാത്ത ഘടകങ്ങൾ എന്നു മുകളിൽ സൂചിപ്പിച്ചത് കാരണം നല്ലൊരു സിനിമ ആസ്വാദനം ആണ് നഷ്ടം ആയതെന്ന് തോന്നുന്നു. അങ്ങനെ നോക്കുമ്പോൾ സിനിമ അവസാനം ശരാശരി അനുഭവം ആയി മാറി എന്നു പറയേണ്ടി വരും എനിക്ക് . സിനിമ ഇഷ്ടപ്പെട്ടവരുടെയും ഇഷ്ടപ്പെടാത്തവരുടെയും  അഭിപ്രായങ്ങളോടും യോജിക്കുന്നു. ജാവ ഓപ്പറേഷൻ തന്നെയാണ് തരുൺ മൂർത്തിയുടെ മികച്ച സിനിമ.


എന്റെ റേറ്റിംഗ് :3/5


സിനിമ കണ്ടവരുടെ അഭിപ്രായങ്ങളും പങ്ക് വയ്ക്കുമല്ലോ?




1637. Shefeekkinte Santhosham (Malayalam, 2022)

1637.  Shefeekkinte Santhosham (Malayalam, 2022)

         Streaming on Simply South.




ഷെഫീഖിന്റെ മൂലക്കുരു ആണ്‌ സിനിമയിലെ മുഖ്യ പ്രമേയം എന്നാണ് കരുതിയത്. മൂലക്കുരു ഉള്ള യുവാവിന്റെ പ്രാരാബ്ദം, പ്രശ്നങ്ങൾ എന്നിവയൊക്കെ പ്രതീക്ഷിച്ചു ആണ്‌ സിനിമ കണ്ടത്. എന്നാൽ, വലിയ കുഴപ്പമില്ലാത്ത, ഒരു ചെറിയ കഥ സിനിമയിൽ വേറെ ഉണ്ടായിരുന്നു. ആദ്യ പകുതി വളരെയധികം നിരാശപ്പെടുത്തിയത് കൊണ്ടായിരിക്കാം രണ്ടാം പകുതി നന്നായി തോന്നിയത്.


 വീണ്ടും പറയുകയാണ്. മികച്ച സിനിമ ആണെന്നുള്ള അഭിപ്രായം ഷഫീഖിന്റെ സന്തോഷത്തെ കുറിച്ചില്ല. എന്നാൽ കണ്ടിരിക്കാവുന്ന ഒരു ചെറിയ സിനിമ ആയിട്ടാണ് തോന്നിയത്. സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് മനോജ്‌ കെ ജയന്റെയും കൃഷ്ണപ്രസാദിന്റെയും കഥാപാത്രങ്ങൾ ആയിരുന്നു. കുറച്ചു നിസ്സഹായതയിൽ ചെറിയ തമാശകൾ ഉണ്ടായിരുന്നു മനോജിന്റെ കഥാപാത്രത്തിൽ. ഒരു പിതാവ് അത്തരം ഒരു അവസ്ഥയിൽ മകനോട് എങ്ങനെ പെരുമാറണം എന്ന് കൃഷ്ണപ്രസാദിന്റെ റോൾ കാണിച്ചു തന്നിട്ടുണ്ട്. ഉണ്ണിയുടെ ഷഫീക്കും മോശമായില്ല. ബാലയുടെ സിഗ്നേച്ചർ ഡയലോഗും കഥാപാത്രത്തിനു അവസാനം വന്ന മാറ്റവും സിനിമയുടെ കഥയിൽ നല്ലതായി തോന്നി . സിനിമയിലെ ഈ ചെറിയ ട്വിസ്റ്റ് എവിടെ അവസാനിപ്പിക്കും എന്ന് കരുതിയ സിനിമയ്ക്ക് ഗുണമേ ചെയ്തുള്ളൂ. 


 തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ ആണെന്നുള്ള അഭിപ്രായം ഒന്നുമില്ല. മോശവും അല്ല . പക്ഷെ ടൈം പാസ് ആയി കണ്ടു പോകാവുന്ന സിനിമയാണ് എന്ന് മാത്രം.


എന്റെ റേറ്റിങ് : 2.5/5



Saturday, 7 January 2023

1636. The Menu (English, 2022)

1636. The Menu (English, 2022)

          Horror : Streaming on Disney+



നിങ്ങൾ ഇവിടത്തെ ഭക്ഷണം കഴിക്കരുത്. പകരം അതിനെ അനുഭവിച്ചു അറിയണം. അതിന്റെ രുചി, അത് പോലെ മറ്റു പല ഘടകങ്ങളും ആണ്‌ അതിൽ പ്രധാനം. അവിടത്തെ മെന്യുവും അത് പോലെ തന്നെ ആയിരുന്നു. അവിടെ വന്നിരിക്കുന്ന ഓരോരുത്തരെയും സ്വയം ആരാണ് അവർ എന്ന് ഓർമിപ്പിക്കുന്ന രീതിയിൽ ഉള്ളത്. ഭക്ഷണത്തിന്റെ അളവിൽ അല്ല, പകരം അതിനു പിന്നിൽ ഉള്ള കഥകളിലും അത് കഴിക്കുന്ന സമയം ഓരോരുത്തയുടെയും മാനസിക അവസ്ഥകളോടും അത് ചേർന്നിരിക്കുന്നു.


ഭക്ഷണം കഴിക്കുമ്പോൾ ഇത്രയൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണോ? വയറും മനസ്സും നിറയുന്ന, സ്നേഹത്തോടെ തയ്യാറാക്കുന്ന ഭക്ഷണം ആണ്‌ നമുക്ക് എല്ലാം ഇഷ്ടപ്പെടുക. എന്നാൽ ഭക്ഷണത്തിനു പിന്നിൽ ഇത്രയയും ഫിലോസഫിയും അതിനും അപ്പുറം കുറച്ചു ഭയം കൂടി ആയാലോ? വെറുതെ weird ആയ ഒരു concept ആണെന്ന് തോന്നുമെങ്കിലും ഹൊറർ സിനിമകൾക്ക് പ്രേതം - ഭൂതം എന്നിവയിൽ നിന്നും മനുഷ്യന്റെ ജീവിതത്തിലെ ചിരിയിലും ഭക്ഷണത്തിലും എന്ന് വേണ്ട ഓരോ വികാരത്തിലും ഭയം കണ്ടെത്താൻ ഉള്ള ശ്രമം ആയിരുന്നിരിക്കണം കഴിഞ്ഞ വർഷങ്ങളിൽ റിലീസ് ആയ സിനിമകളിൽ ഉണ്ടായത്. അത്തരത്തിൽ ഒരു സിനിമ ആണ്‌ The Menu.


 ഈ ചിത്രം ഇഷ്ടപ്പെടാം, അതും അതിലെ സംഭാഷണങ്ങളും സംഭവങ്ങളും നൽകാൻ ശ്രമിക്കുന്ന ഭയത്തിലൂടെ. അല്ലെങ്കിൽ പ്രതീക്ഷിച്ചത് ഒന്നും കിട്ടാത്ത ബോറൻ പടം ആയും മാറും. എന്നേ സംബന്ധിച്ചു ഇത്തരം ശ്രമങ്ങൾ, അതും അമാനുഷിക - അദൃശ്യ ശക്തികളുടെ അപ്പുറം മനുഷ്യൻ അവനിൽ തന്നെ കണ്ടെത്താൻ ശ്രമിക്കുന്നത് ഹൊററിലൂടെ നടത്തുന്നത് നല്ലത് ആണെന്നാണ്. ഹൊറർ സിനിമകളിൽ ഫ്രഷ്നസ് കൊണ്ട് വരാൻ ഇതിനു സാധിക്കുന്നുണ്ട്.


കഥയുടെ പരിസരങ്ങളിൽ ഒന്നും പുതുമ ഇല്ല. മിക്ക സിനിമകളിലും കാണാവുന്ന, കുറെ അപരിചിതർ ഒരുമിച്ചു കൂടുന്ന, ആരും എത്തിപ്പെടാത്ത സ്ഥലം തന്നെ ആണ്‌ ഇവിടെയും ഉള്ളത്. അങ്ങനെ ഒരു സ്ഥലത്തു അരുതാത്തത് എന്തെങ്കിലും നടക്കും എന്നതും ഉറപ്പാണല്ലോ? ബാക്കി ഒക്കെ സിനിമ കാണുമെങ്കിൽ കണ്ടു മനസ്സിലാക്കുക. എനിക്ക് ഇഷ്ടപ്പെട്ടൂ സിനിമ.


 ക്രിട്ടിക്സ് അവകാശപ്പെട്ട അത്ര മികവ് തോന്നിയില്ല ഈനു മാത്രം. ഈ വർഷത്തെ മികച്ച സിനിമ എന്ന ടാഗ് അൽപ്പം ഭാരമായി തോന്നി. ഭക്ഷണം പ്രമേയം ആയി ഹൊറർ ചിത്രങ്ങൾ വേറെയും വന്നിട്ടുണ്ട്. ഈ വർഷം തന്നെ ഇറങ്ങിയ Fresh പോലുള്ള ഹൊറർ ചിത്രങ്ങളിൽ ഭക്ഷണം ഒരു ഘടകം ആയിരുന്നു. ഹൊറർ എലമെന്റ് അതിൽ ആണ്‌ കൂടുതൽ എന്ന് തോന്നി.


മൊത്തത്തിൽ കുഴപ്പം ഇല്ലാത്ത സിനിമ അനുഭവം ആയി മാറി എനിക്ക് The Menu.


എന്റെ റേറ്റിങ് : 3/5




1635. Udanpaal (Tamil, 2022)

1635. Udanpaal (Tamil, 2022)

         Streaming on Aha Video.




സാമ്പത്തിക ബുദ്ധിമുട്ടിൽ ഉള്ള രണ്ട് മക്കൾ അവരുടെ പിതാവിന്റെ സ്വത്ത്‌ വിറ്റ് ബാധ്യതകൾ ഒഴിവാക്കാം എന്ന് കരുതുന്നു. എന്നാൽ അവരുടെ പിതാവ് അതിനു സമ്മതിക്കുന്നില്ല. പക്ഷെ അന്നേ ദിവസം തന്നെ അപ്രതീക്ഷിതമായ ചില സംഭവങ്ങൾ ഇവരുടെ എല്ലാം ജീവിതത്തിൽ നടക്കുകയാണ്. തങ്ങളുടെ പിതാവിന്റെ ജീവന് വിലയായി ലക്ഷങ്ങൾ ഉണ്ടാക്കാം എന്ന് മക്കൾ കരുതുന്നു. എന്നാൽ എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്?


 സ്വന്തം മാതാപിതാക്കളെ നോക്കാത്ത മക്കളുടെ അടുത്ത തലമുറ അവരോട് എങ്ങനെ പെരുമാറും എന്ന സ്ഥിരം കഥകളുടെ ഫോർമാറ്റിൽ ആണ്‌ സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ഒരു സോഷ്യൽ മെസേജ് ഉണ്ടെന്നത് വ്യക്തം. എന്നാൽ അതിനൊപ്പം സിനിമാറ്റിക് ആയ കുറച്ച കാര്യങ്ങൾ കൂടി ഉൾപ്പെടുത്തുമ്പോൾ ഉടൻപാൽ രസകരമായി മാറുന്നുണ്ട്.ബ്ലാക് ഹ്യൂമറിലൂടെ ആണ്‌ ഈ തമാശ ഭാഗങ്ങൾ അവതരിപ്പിക്കുന്നതും.


സോഷ്യൽ മെസേജ് സിനിമയിൽ അവതരിപ്പിക്കുമ്പോൾ കഥയിൽ അത് പ്രേക്ഷകനിൽ എത്തിക്കാൻ തക്ക convince ചെയ്യുന്ന പ്ലോട്ട് ട്വിസ്റ്റുകൾ വേണം എന്ന ആഗ്രഹം ഉള്ള ആളാണ്‌ ഞാൻ ഒരു പ്രേക്ഷകൻ എന്ന നിലയിൽ. അല്ലെങ്കിൽ അത് ഡോക്യുമെന്ററി ആയി പോകും എന്ന് വിശ്വസിക്കുന്നു. എന്നാൽ ഉടൻപാൽ സോഷ്യൽ മെസേജ് എന്നതിനോടൊപ്പം സിനിമ എന്ന മാധ്യമത്തോട് നീതി പുലർത്തി ആണ്‌ അവതരിപ്പിച്ചിരിക്കുന്നത്. തരക്കേടില്ലാത്ത ഒരു സിനിമ.



റേറ്റിങ് : 3/5



Friday, 6 January 2023

1634. My Name is Azhakan (Malayalam, 2022)

1634. My Name is Azhakan (Malayalam, 2022)



പൊളിറ്റിക്കൽ കറക്റ്റനസ് നോക്കി നെറ്റി ചുളിക്കുന്നവർ ഈ സിനിമയുടെ തുടക്കം കാണാനേ പോകരുത്. കാരണം സിനിമയിലെ നായകന് തുടക്കം മുതലേ പൊളിറ്റിക്കൽ കറക്റ്റ് അല്ലാത്ത ആളുകൾ പോ. ക നോക്കാതെ പല രീതിയിലും പരാമർശങ്ങൾ നടത്തുന്നുണ്ട്. പഴയ കാല സിനിമകളുടെ അത്രയും ഇല്ലെങ്കിലും ചെറുതായി ഉണ്ട് അത്തരത്തിൽ ഉള്ള സൂചനകൾ.ഒരു നാട്ടിൻപുറം. ആരുടെയൊക്കെയോ സിനിമ സങ്കൽപ്പങ്ങളിൽ എഴുതി ചേർത്ത കാണാൻ കൊള്ളില്ല എന്ന മനുഷ്യ രൂപം ആണ്‌ നായകൻ. ഇവിടെ ആണ്‌ പോ. ക യുടെ കാര്യമായി പറയുന്നത്. എനിക്ക് തോന്നിയിട്ടുള്ളത് പണ്ട് പലപ്പോഴും എന്റെ ജീവിതത്തിൽ തന്നെ എന്റെയൊക്കെ നിറം പറഞ്ഞ് കളിയാക്കിയവരൊക്കെ ഇപ്പോൾ വലിയ പോ.ക പോസ്റ്റ് ഇടുമ്പോൾ അന്ന് പറഞ്ഞതൊക്കെ മറന്നു പോയി  അല്ലെങ്കിൽ നന്നായി എന്നതാണ്. എന്തായാലും നല്ല കാര്യമാണല്ലോ അല്ലെ അത് ? അവിടെ ആണ്‌ പോ.ക,സിനിമയുടെ തന്നെ മൊത്തത്തിൽ ഉള്ള രീതികൾ മാറ്റിയത്.


  വലിയ രീതിയിൽ ആക്ഷേപങ്ങൾ ഇല്ലാതെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് ഈ ഒരു കാരണം കൊണ്ടും ആകണം. നായകന്റെ പ്രണയം,കല്യാണലോചന സമയത്തൊക്കെ ചില ചെറിയ സൂചനകളിലൂടെ അത് കടന്ന് പോയി. ഇത്രയും പറഞ്ഞ് വന്നത് ഇന്നത്തേക്കാലത്തു ഇങ്ങനെ രൂപം വച്ച് തമാശ ഉണ്ടാക്കുന്ന സിനിമകൾ കുറഞ്ഞത് കൊണ്ടും, അങ്ങനെ വന്നവയിൽ തന്നെ സാമാന്യം കുറഞ്ഞ രീതിയിൽ ആക്ഷേപങ്ങൾ വരുന്നൂ എന്നും സൂചിപ്പിക്കാൻ ആണ്‌.


  തരക്കേടില്ലാത്ത ഒരു കുഞ്ഞു സിനിമ ആണ്‌ മൈ നെയിം ഈസ്‌ അഴകൻ. കഥയൊക്കെ പഴകിയത് ആണെങ്കിലും ചെറിയ തമാശകൾ എല്ലാം ആയി സിനിമ അങ്ങനെ പോയി. ഭയങ്കര ടോക്സിക് ആയ അഴകന്റെ പിതാവായി വന്ന ജാഫർ ഇടുക്കിയുടെ കഥാപാത്രത്തെ അവസാനം അനാവശ്യം ആയി ഗ്ലോറിഫൈ ചെയ്തതായി തോന്നി. അല്ലാതെ നോക്കിയാൽ സാധാരണ ഒരു മലയാളം സിനിമ. വലിയ പ്രശ്നങ്ങളും ഇല്ല, ചുമ്മാതെ കണ്ടിരിക്കുകയും ചെയ്യാം എന്ന തരത്തിൽ ഉള്ളത്. സമയം ഉണ്ടെങ്കിൽ കണ്ടു നോക്കാം.


എന്റെ റേറ്റിങ് : 3/5



1995. Drop ( English, 2025)