Saturday, 10 December 2022

1608. Kumari (Malayalam, 2022)

 1608. Kumari (Malayalam, 2022)

          Streaming on Netflix



കുമാരി മലയാളത്തിന്റെ Tumbaad ആണോ? എന്നെ സംബന്ധിച്ച് Tumbaad ഇൻഡ്യൻ സിനിമകളിൽ തന്നെ മികച്ച ഒരു സിനിമ ആയിട്ടാണ് തോന്നിയത്. എന്നാൽ അതുമായി താരതമ്യം ചെയ്യാതെ നോക്കിയാൽ നല്ലൊരു സിനിമ ആണെന്ന് ആണ് അഭിപ്രായം. പ്രത്യേകിച്ചും പ്രാദേശികമായ മിത്തും മറ്റും ഉൾപ്പെടുത്തി വരുന്ന സിനിമകൾക്ക് നൽകാൻ കഴിയും eerie ആയ ഒരു കഥാപാശ്ചാത്തലം ഉണ്ട്. ഫാന്റസിയുടെ മികച്ച ഉദാഹരണങ്ങൾ ആയി ആ കഥകൾ മാറുമ്പോൾ തന്നെ രസകരമായി മാറാറുണ്ട് അത്തരം സിനിമകൾ. ഇവിടെയും അങ്ങനെ തന്നെയാണ് എന്നാണ് തോന്നിയത്. 


ഷൈൻ  ടോമിന്റെ ഇൻറർവ്യുകളിൽ ഉള്ള ആളല്ല സിനിമകളിൽ അദ്ദേഹത്തിന്റെ അഭിനയം. പലപ്പോഴും തോന്നാറുണ്ട് സിനിമയിൽ ആണ് ഷൈൻ നോർമൽ എന്നും. ഈ സിനിമയിൽ തന്നെ ധ്രുവൻ എന്ന കഥാപാത്രം ഒരു ഘട്ടത്തിൽ ഇൻറർവ്യുകളിൽ കാണുന്ന ഷൈൻ ആയി മാറുന്നുണ്ട് . കഥയെ കുറിച്ച് പറഞ്ഞാൽ, രണ്ടു കാലഘട്ടത്തിൽ ഉള്ള സംഭവങ്ങൾ ഫാന്റസി കലർത്തി മുത്തശ്ശി കഥയുടെ രൂപത്തിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഗ്രാമവും, അവിടത്തെ തറവാടും, അതിൽ അഹങ്കാരിയായ ഒരാൾ ചെയ്യുന്ന ദ്രോഹവും, അതിനോടു അനുബന്ധിച്ച് മിത്തുകളിൽ ഉള്ളത് പോലുള്ള ദൈവ പ്രതിഷ്ഠയുടെ ഇടപ്പെടലുകളും പിന്നീട് അത് തലമുറകൾക്ക് അപ്പുറം ഉണ്ടാക്കുന്ന പ്രതിഫലനവും ആണ് സിനിമയുടെ കഥ. 


ക്ലൈമാക്സ് അടുക്കുമ്പോൾ സിനിമയിലെ ഹൊറർ ഘടകങ്ങൾ ആണ് പ്രേക്ഷകന്റെ മുന്നിൽ എത്തുക. പലപ്പോഴും പഴങ്കഥകളിൽ പറഞ്ഞിട്ടുള്ള കഥാപാത്രങ്ങളുടെ ഒക്കെ ഒരു സിനിമ കാഴ്ച ആണ് കുമാരി എന്നു പറയാം. ആ രീതിയിൽ മാത്രം സിനിമയെ സമീപിച്ചാൽ ഇഷ്ടപ്പെടും. ആഭിചാരത്തിന്റെയും, അന്ധ വശ്വാസങ്ങളുടെയും മറവിൽ തങ്ങളുടെ ഉള്ളിലെ ദാർഷ്ട്യവും അഹന്തയും ഒളിപ്പിച്ച ഒരു തലമുറയും, അതിനോടു പടവെട്ടിയ ജനതയും ഒക്കെ ഉള്ള നാട്ടിൽ അത്തരം ഒരു കണ്ണിലൂടെ നോക്കിയാൽ പോലും സിനിമയുടെ കഥ റിലേറ്റ് ചെയ്യാൻ കഴിയും. കാലങ്ങൾ കഴിഞ്ഞെങ്കിലും ചെറിയ ഓർമ്മപ്പെടുത്തലുകൾ   ചിത്രം നൽകുന്നുണ്ട്. എന്തായാലും എന്റെ അഭിപ്രായത്തിൽ തരക്കേടില്ലാത്ത ഒരു നല്ല സിനിമയാണ് കുമാരി. 


എന്റെ റേറ്റിംഗ്: 3/5 


സിനിമ കണ്ടവരുടെ അഭിപ്രായം പങ്ക് വയ്ക്കുമല്ലോ?

Friday, 9 December 2022

1607. Padavettu (Malayalam, 2022)

 1607. Padavettu (Malayalam, 2022)

           Streaming on Netflix



 കാല് വയ്യാതെ എണ്ണയും തേച്ച് ഇരുന്ന ആൾ എണീറ്റ് കാട്ടു പന്നിയെ ഓടിക്കുന്ന അത്ര റിയലിസ്റ്റിക് പടം ആണ് പടവെട്ട്. പിന്നീട് അയാൾ തലയിൽ കെട്ടും കെട്ടി നാട്ടിലെ വില്ലനായ പ്രമാണിയെ തോൽപ്പിക്കുകയും  ഒക്കെ ചെയ്യുന്നു. തമിഴ്- തെലുങ്ക് സിനിമയിലെ മണ്ണിനായി പോരാടുന്ന നായകന്റെ മലയാളം വേർഷൻ ആണ് പടവെട്ടിലെ രവി. നിവിൻ പോളിയുടെ സേഫ് സോൺ സിനിമകളിലെ പോലെ അലസനായ ഒരു കഥാപാത്രം ആണ് രവിയും. രവിയെ കൂടുതൽ റിലേറ്റ് ചെയ്യാന് പറ്റുന്നത് ജേക്കബിന്റെ സ്വർഗരാജ്യത്തിലെ കഥാപാത്രവും ആയിട്ടാണ്. അതിൽ കടത്തിൽ ആയ അച്ഛനു പണം കൊടുത്തു വില്ലനായ ആളെ പോലെയാണ് ഇതിലെ ഷമ്മി തിലകന്റെ കഥാപാത്രവും. വീട് നന്നാക്കാൻ പണം കൊടുത്തിട്ടു അവസാനം അത് വരെ ഇല്ലാതിരുന്ന അഭിമാനം പുറത്തു വരുന്ന ജോലിയും കൂലിയും ഇല്ലാതെ ഇരിക്കുന്ന നായകൻ ആണ് രവി. 


പിന്നെ ഇതിൽ ഷമ്മിയുടെ കുയ്യലീ എന്ന കഥാപാത്രം രാഷ്ട്രീയക്കാരൻ ആയത് കൊണ്ട് വില്ലൻ ആണെന്നുള്ള മനോഭാവം പ്രേക്ഷകന് ഉണ്ടാക്കാൻ ഉള്ളതെല്ലാം സിനിമയിൽ ഉണ്ടാക്കി വച്ചിട്ടും ഉണ്ട്. പക്ഷേ പഞ്ചായത്തിൽ നിന്നു പോലും സഹായം കിട്ടാതെ കരഞ്ഞ അമ്മയുടെ മകന് രോഷം തോന്നുന്നു വീടിന്റെ അറ്റക്കുറ്റ പണികൾ കഴിഞ്ഞപ്പോൾ . വല്ല ജോലിക്കും പോകുന്നതിന് പകരം ആത്മാഭിമാനം ഉണരുന്നു നായകന്. അങ്ങനെ എന്തൊക്കെയോ ആണ് നായകൻ.ആ സമയം ആകുമ്പോൾ എനിക്കു ഉറക്കം വന്നു തുടങ്ങിയിരുന്നു. മറ്റ് സൌത്ത് ഇൻഡ്യൻ ഭാഷകളിൽ ഉള്ളത് പോലെ ഒരു സിനിമ ഇറക്കിയത് ആണ്. എത്ര പേർക്ക് ഇഷ്ടമായി പടവെട്ട് എന്നു അറിയില്ല. എന്നെ സംബന്ധിച്ച് തീരെ ഇഷ്ടം ഇല്ലാത്ത സിനിമകളുടെ ഒപ്പമാണ് പടവെട്ടും. 


ഒരു സമയത്ത് യൂത്തിന്റെ ആയ സിനിമകൾ ഇറക്കി നല്ല മാർക്കറ്റ് വാല്യൂ ഉണ്ടാക്കിയ നിവിന് ഇപ്പോൾ കിട്ടുന്ന ഇത്തരം സിനിമകൾ ഒന്നും തീരെ ഇഷ്ടപ്പെട്ടില്ല എന്നു പറയുന്നറ്റ് ആണ് ശരി. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ സിനിമകൾ ഏതാണ് എന്നു തീരുമാനിക്കുന്ന പുതിയ ടീം പുള്ളിയെ നന്നാക്കുക ആണോ നശിപ്പിക്കുക ആണോ എന്നൊരു സംശയം. എന്തായാലും ഇഷ്ടപ്പെട്ട ഒരു നടൻ ഇതിൽ നിന്നെല്ലാം മാറി നല്ല സിനിമകളും ആയി വരട്ടെ എന്നു ആശംസിക്കുന്നു. 


എന്റെ റേറ്റിംഗ്: 2/5 


പടവെട്ട് കണ്ട പലർക്കും സിനിമ ഇഷ്ടമായിട്ടുണ്ടാകും അല്ലെങ്കിൽ ഇഷ്ടമായിട്ടുണ്ടാകില്ല. എന്താണെങ്കിലും അഭിപ്രായം പങ്ക് വയ്ക്കുമല്ലോ ?

Thursday, 8 December 2022

1058.100(Tamil,2019)

​​1058.100(Tamil,2019)



    ഇന്ത്യൻ സിനിനയിലെ താര പ്രവേശത്തിന് പോലീസ്,ഗുണ്ടാ,ഡോൺ വേഷങ്ങൾക്കു അതിന്റെതായ പ്രാധാന്യം ഉണ്ടെന്നുള്ളത് ചരിത്രം ആണ്.പ്രേക്ഷകരിൽ ഒരു നടൻ വലിയ ഒരു സംഭവം ആണെന്ന് തോന്നിപ്പിക്കാൻ തീർച്ചയായും ഇത്തരം വേഷങ്ങൾ സഹായിക്കും എന്നതും സത്യമാണ്.ഇന്ത്യൻ സിനിമയിലെ താരാധിപത്യത്തിൽ ഈ ഘടകങ്ങൾ തീർച്ചയായും കാണാൻ സാധിക്കും.ഇതേ വഴിയിൽ തന്നെ ആണ് അഥർവ ഇത്തരം ഒരു വേഷം ചെയ്തതെന്ന് തോന്നുന്നു.ഒരു പോലീസുകാരന്റെ വേഷം.കൂര്മ ബുദ്ധിയുള്ള,മസിൽ ഉള്ള,പോലീസ് സ്റ്റൈലിൽ മീശ വച്ച,ബുള്ളറ്റ് ഉള്ള പോലീസുകാരൻ.


     ഒരു മിസ്റ്ററി/സസ്പെൻസ് സിനിമയിൽ പക്ഷെ ഇത്തരം കാര്യങ്ങൾ കയറ്റിയപ്പോൾ സംഭവിച്ചത് ഈ അടുത്തു ഇറങ്ങിയ പല തമിഴ് ത്രില്ലർ സിനിമകളും നൽകിയത് പോലുള്ള ഒരു സംതൃപ്തിയുടെ കുറവായിരുന്നു.നായകനെ establish ചെയ്യാൻ ഉപയോഗിച്ച സിനിമയുടെ തുടക്കം ഇത്തരം ഒരു കഥയ്ക്ക് വേണ്ടിയുള്ള മുന്നൊരുക്കം മാത്രം ആയിരുന്നെങ്കിൽ ഒരു ത്രില്ലിംഗ് factor ഉറപ്പായും വന്നേനെ.പക്ഷെ ക്ളീഷേ എന്നു ഒക്കെ പറയാമെങ്കിലും ഇത്തരത്തിൽ ട്വിസ്റ്റ് ഒക്കെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാൻ പറ്റാത്തത് പോലെ ആയിരുന്നു തുടക്കം.


   


  ഒരു ആവറേജ്,തരക്കേടില്ലാത്ത സിനിമ ആയി അവസാനം 100 നെ വിലയിരുത്താം എന്നു തന്നെ തോന്നുന്നു.അഥർവയുടെ അച്ഛൻ മുരളി ഇത്തരത്തിൽ ഒരു പോലീസ് വേഷം ചെയ്തിട്ടില്ല എന്നു തോന്നുന്നു.അഥർവയും വേഷം മോശമാക്കിയിട്ടില്ല.പക്ഷെ,കഥാപാത്രവും കഥയും place ചെയ്ത സ്ഥലം തെറ്റി പോയി എന്ന് ആണ് അഭിപ്രായം.അതു പോലെ ഹൻസികയെ നായകന്റെ ചേച്ചി ആക്കി കാണിച്ചിരുന്നെങ്കിൽ നന്നായേനെ എന്നു തോന്നി.യോഗി ബാബു എന്നത്തേയും പോലെ തമാശ ഒക്കെ നന്നായി ചെയ്തു.


ഒരു സാധാരണ മാസ് പോലീസ് സ്റ്റോറിയിൽ ഇത്തരം കഥകളുടെ മൂഡ് ഉറപ്പായും പോകും.അതാണ് സംഭവിച്ചത്.പക്ഷെ ആദ്യ അര മണിക്കൂറോളം ക്ഷമിക്കാമെങ്കിൽ തരക്കേടില്ലാത്ത ഒരു മിസ്റ്ററി/സസ്പൻസ് ചിത്രം ആണ് "100".പ്രത്യേകിച്ചും പോലീസ് കഥകളിലെ സ്ഥിരം ഫോർമുല വിടെ മാറ്റി പിടിച്ചിട്ടുണ്ട്.911 പോലുള്ള സേവനങ്ങൾ പ്രമേയം ആക്കിയുള്ള കഥകൾ ധാരാളം വിദേശ സിനിമകളിൽ വന്നിട്ടുണ്ട്.അത്തരം ഒരു പശ്ചാത്തലം തമിഴ് സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ഒരു നല്ല വശമാണ്.


  സമ്മിശ്രമായ ഒരു അഭിപ്രായം ആണ് എല്ലാം കൂടി നോക്കുമ്പോൾ ചിത്രത്തെ കുറിച്ചു തോന്നുക.എവിടെയോ എന്തൊക്കെയോ മിസ്സിങ്!! 

1052. Mindhunters (English,2004)

1052.Mindhunters(English,2004)

         Mystery, Slasher



    തങ്ങളുടെ പഠനത്തിന്റെ ഭാഗം ആയുള്ള അവസാന പരീക്ഷയ്ക്ക് വേണ്ടി ആണ് അവർ ആ ദ്വീപിൽ പോകുന്നത് എന്നാണ് കരുതിയിരുന്നത്.എന്നാൽ അവർ 7 പേരെയും കാത്തിരുന്നത് അവരുടെ ചിന്തകൾക്കും അപ്പുറം ഉള്ള കാര്യങ്ങൾ ആയിരുന്നു.അതും തങ്ങളുടെ മേഖലയിൽ ഉള്ള കഴിവിൽ വിശ്വാസം ഉള്ള കൂട്ടർ കൂടി ആകുമ്പോൾ.ഒരു സീരിയൽ കില്ലറെ കണ്ടെത്താൻ ഉള്ള പ്രത്യേക ഒരു ഗെയിം ആണ് അവർക്ക് ഉണ്ടായിരുന്നത്.എന്നാൽ യഥാർത്ഥത്തിൽ....?????


   Mindhunters ,പേര് പോലെ തന്നെ ആണ് മുഖ്യകഥാപാത്രങ്ങളുടെ ജോലിയും.അവർ 7 പേരും ഒരു മനുഷ്യനെ കണ്ടാൽ അയാളുടെ ബോഡി language ഒക്കെ ഉപയോഗിച്ചു അയാളുടെ ചിന്തകളെയും സ്വഭാവത്തെയും എല്ലാം അപഗ്രഥിക്കാൻ ശ്രമിക്കുന്നവർ ആണ്.ക്രിമിനൽ കേസുകളിൽ ഒക്കെ പ്രതികളെ കണ്ടെത്തുന്നതിൽ സഹായകരം ആകുന്ന പ്രൊഫൈലിങ് നടത്തുന്ന ഈ കൂട്ടരേ പ്രൊഫൈലേഴ്‌സ് എന്നാണ് വിളിക്കുന്നത്.


    ദ്വീപിലേക്ക് തിരിക്കുന്നതിനു മുൻപ് ആ ഗ്രൂപ്പിൽ ഉണ്ടായിരുന്ന ചിലർ ഒരു സത്യം മനസ്സിലാക്കുന്നു.അതിനു ശേഷം ആരും ഇല്ലാത്ത ദ്വീപിലും അവർ ഒരിക്കലും പ്രതീക്ഷിക്കാത്തത് കാണുന്നു.പരീക്ഷ ആണെന്ന് കരുതിയ സംഭവം അവരുടെ ജീവന്റെ പരീക്ഷ ആയി മാറുന്നു.സീരിയൽ കില്ലർ എന്ന ഘടകം കൂട്ടി ചേർത്ത് അതിനു കുറ്റാന്വേഷണ/മിസ്റ്ററി സ്വഭാവം കൊണ്ടു വന്നിരിക്കുന്നു.


 And Then There Were None,The 10 Little Indians തുടങ്ങിയ സിനിമകളിലെ പോലെ ഒരു അടച്ചിട്ട സ്ഥലത്തെ കൊലയാളിയെ കണ്ടു പിടിക്കൻ ഉള്ള ശ്രമം ആണ് ചിത്രത്തിൽ ഉള്ളത്.ഒരു തരം improvised വേർഷൻ എന്നു വിളിക്കാം.ഈ രീതിയിൽ തന്നെ സിനിമകൾ വേറെ വന്നിട്ടുണ്ടെങ്കിലും തരക്കേടില്ലാത്ത ചിത്രമാണ് "Mindhunters".

Wednesday, 7 December 2022

1606. Kooman (Malayalam, 2022)

 1606. Kooman (Malayalam, 2022)

          Streaming on Amazon Prime.

          


 കാലിക പ്രസക്തിയുള്ള ഒരു കുറ്റാന്വേഷണം ആണ് കൂമൻ എന്ന ആസിഫ് അലി- ജിത്തു ജോസഫ് സിനിമ അവതരിപ്പിക്കുന്നതെങ്കിലും ഈ സിനിമയിലെ ആസിഫ് അലിയുടെ ഗിരി എന്ന പോലീസുകാരന്റെ കഥാപാത്ര അവതരണം ആണ് എനിക്കു ഏറെ ഇഷ്ടപ്പെട്ടത്. വിദ്യാഭ്യാസം കുറവുള്ള ജോർജുക്കുട്ടി ദൃശ്യത്തിൽ  പൊലീസുകാരെ മൊത്തത്തിൽ ആശയക്കുഴപ്പത്തിൽ ആക്കിയത് പോലെ തന്നെ ആയിരുന്നു ഗിരിയുടെ സ്വഭാവം കൂമനിൽ . മനസ്സിൽ ഉള്ള പക വച്ച് അയാൾ മറ്റുള്ളവരോട് പക വീട്ടുന്നത്, അതും ഭ്രാന്തമായ ആവേശത്തോടെ ആകുമ്പോൾ ആസിഫിൽ സിനിമയിലെ സ്ഥിരം നായക കഥാപാത്രത്തെ  കാണാൻ സാധിക്കില്ല. പകരം സിനിമയിലെ തന്നെ ഏറ്റവും നെഗറ്റീവ് കഥാപാത്രം ആയി മാറുകയാണ് ഗിരി.  


  അവസാനം വരെയും നില നിർത്തിയ , തന്റെ എല്ലാ പ്രവൃത്തിയിലും ആരോടെങ്കിലും ഒക്കെ ജയിക്കണം എന്നുള്ള മനോഭാവം അവസാനം വരെയും ഉണ്ടായിരുന്നു എന്നതും ഗിരി എന്ന കഥാപാത്ര സൃഷ്ടിയുടെ മികവായി ആണ് കാണാൻ കഴിയുക. സിനിമയുടെ തേർഡ് ആക്ട് ഇതിൽ നിന്നും വിഭിന്നമായി കുറ്റാന്വേഷണം ആയി മാറുമ്പോൾ സിനിമയുടെ ഗ്രാഫ് മൊത്തത്തിൽ അത് വരെ നല്കിയ രസ ചരട് പൊട്ടിക്കുന്നതായി ആണ് തോന്നിയത്.എന്നാലും അതിലേക്ക് എത്തി ചേരുന്നത് ഗിരിയുടെ സ്വഭാവം കൊണ്ടാണ് എന്നത് കൊണ്ട് തന്നെ കണക്റ്റ് ചെയ്യാൻ പറ്റുന്നതും  ആണ്. ക്ലൈമാക്സ് മോശം ആണെന്ന് അല്ല. പകരം നേരത്തെ പറഞ്ഞത് പോലെ കാലിക പ്രസക്തവും ആണ്. പക്ഷേ  ആസിഫ് അലിയുടെ അത്രയും നേരം ഉള്ള സ്വഭാവം കാരണം തന്നെ നല്ലൊരു കഥയായി വേറെ രീതിയിൽ വികസിപ്പിക്കാം എന്നു തോന്നി. അങ്ങനെ ആയിരുന്നെങ്കിൽ കൂമൻ എന്ന പേര് അക്ഷരർഥത്തിൽ സിനിമയ്ക്ക് യോജിക്കുമായിരുന്നു. 


 ആസിഫ് തന്റെ സിനിമകളുടെ സ്ക്രിപ്റ്റുകൾ കണ്ടെത്തുന്നതിൽ കാണിക്കുന്ന ശ്രദ്ധാക്കുറവ് അയാളുടെ കരിയറിനെ നന്നായി ബാധിച്ചിട്ടുണ്ട് എന്നു തന്നെ ഈ അടുത്ത് ഇറങ്ങിയ രണ്ടു സിനിമകളിലൂടെയും മനസ്സിലാക്കാം. നല്ല ടീം ആണെങ്കിൽ അയാൾ നന്നായി തന്നെ സിനിമ ചെയ്യാന് കഴിയുന്ന ഒരു നടൻ ആണ്. പ്രത്യേകിച്ചും അൽപ്പം ഡാർക് ഷെയ്ഡ് ഉള്ളത്.ആസിഫിനെ കുറിച്ച് ഇത്രയും നേരം പറഞ്ഞത് ഇത് അയാളുടെ സിനിമയാണ്, അയാൾ ആയിരുന്നു സിനിമയുടെ നട്ടെല്ല് എന്നത് കൊണ്ടാണ്. ഗിരി എന്ന പോലീസ് ഉദ്യോഗസ്ഥനെ പോലെ ഉള്ളവരെ ജീവിതത്തിൽ കണ്ടിട്ടുണ്ടെങ്കിൽ അത്തരം ഒരു കഥാപാത്രവുമായി കണക്ഷൻ കിട്ടും. എനിക്കു അങ്ങനെ ഒരു അനുഭവം ഉണ്ടായി സിനിമ കണ്ടപ്പോൾ. 


 നേരത്തെ പറഞ്ഞത് പോലെ ക്ലൈമാക്സ് അൽപ്പം സീരിയൽ ലെവൽ ആയെങ്കിലും ജിത്തുവിന്റെ മറ്റ് സിനിമകളിലെ പോലുള്ള ഒരു  ത്രൂ -ഔട്ട് സീരിയൽ അവതരണം കൂമനിൽ കുറവായിരുന്നു. എനിക്കു ജിത്തു ജോസഫ് സിനിമകളിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് ഗിരി. സിനിമ മൊത്തത്തിൽ തരക്കേടില്ലാതെ, അത്യാവശ്യം നല്ലത് പോലെ ത്രിൽ അടിപ്പിക്കുന്ന ഒന്നാണ്. ഈ അടുത്ത് ഇറങ്ങിയ സിനിമകളിൽ നല്ലതെന്ന് പറയാവുന്ന ഒരു മലയാളം സിനിമ . 


എന്റെ റേറ്റിംഗ്: 3.5/5 


സിനിമ കണ്ടവരുടെ അഭിപ്രായം പങ്ക് വയ്ക്കുമല്ലോ ?

Tuesday, 6 December 2022

1605. The Sadness (Mandarin, 2012)

 

1605. The Sadness (Mandarin, 2012)
          Horror: Streaming on AMC+ (Shudder)



     നമ്മുടെ എല്ലാവരുടെയും ജീവിതത്തിലെ ഏകദേശം രണ്ടു വർഷം മരണ ഭയത്തോടെ കഴിഞ്ഞ കോവിഡ് കാലഘട്ടം ഇപ്പോഴും ഓർമ കാണുമല്ലോ?ഇവിടെ കോവിഡിന് പകരം ആൽവിൻ വൈറസ് ആണ് വന്നിരുന്നതെങ്കിലോ?ആൽവിൻ വൈറസ് ഒരു ഫ്ലൂ വൈറസ് ആണ്. എന്നാൽ അത് ബാധിച്ചവരുടെ മൊത്തത്തിൽ ഉള്ള തലച്ചോറിന്റെ പ്രവർത്തനം തന്നെ മാറ്റും . ദു:ഖമാണ് പിന്നെ അവരുടെ മുഖമുദ്ര . അത് അവരെ അപകടകാരികൾ ആക്കി മാറ്റും. ആക്രമണവും മനുഷ്യ ശരീരത്തിനോട് ഉള്ള അർത്തിയും ആകും അവർക്ക് ഉണ്ടാവുക.

  ഇത്തരത്തിൽ ആൽവിൻ വൈറസ് പ്രവർത്തിക്കുമ്പോൾ സർക്കാറും ജനങ്ങളും ഇതിനെ തുടക്കത്തിൽ കാര്യമായി എടുക്കുന്നില്ല. അതിനു ശേഷം നടക്കുന്ന ഭീതിദത്തമായ കാര്യങ്ങൾ ആണ് സിനിമയിൽ പിന്നീട് കാണിക്കുന്നത്.ഇതു തുടങ്ങിയ ദിവസം ദമ്പതികൾ ആയവരിൽ ഒരാൾ അപകടകരമായ അവസ്ഥയിൽ ആണ്‌. അതിൽ മറ്റേ ആൾക്ക് എന്താണ് ചെയ്യാൻ കഴിയുക?

പല സോംബി ചിത്രങ്ങളിലും ഇത്തരത്തിൽ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പടരുന്ന വൈറസുകളെ കുറിച്ച് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും The Sadness എന്ന തായ്‌വാൻ ചിത്രം ക്രൂരമായ മനസ്ഥിതിയിലേക്ക് മനുഷ്യനെ മാറ്റി അവർ മറ്റുള്ളവർക്ക് അപകടകാരി ആയി മാറുന്നത് മികച്ച ഹൊറർ രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഏഷ്യൻ സിനിമകൾ ഹോളിവുഡ് സിനിമകളുടെ മുന്നിൽ പോകുന്നത് നന്നായി കാണാൻ സാധിക്കും ഇത്തരം ചിത്രങ്ങളിൽ.

അതിൽ നല്ലവരും മോശക്കാരായ മനുഷ്യരും ഉണ്ട്. അവരുടെ എല്ലാം മനോവിചാരങ്ങൾ ഒരു വൈറസ് എങ്ങനെ മാറ്റി എല്ലാവരും ഒരേ പോലെ ആകുന്നു എന്നും കാണാം. സിനിമയുടെ അവസാനം ആകുമ്പോഴേക്കും ചില കഥാപാത്രങ്ങളോട് അനുകമ്പ തോന്നുമെങ്കിലും അത് വരെ സിനിമ കണ്ട പ്രേക്ഷകന് അത് എങ്ങനെ ആകും ബാധിക്കുക എന്നതും ചിന്തനീയം ആണ്.

ബോഡി ഹൊറർ സിനിമകളിൽ മികച്ചതെന്ന് പറയാൻ കഴിയുന്ന ചിത്രമാണ് The Sadness . ഹൊറർ സിനിമകളുടെ ആരാധകർ കണ്ടു നോക്കൂ.

ഒരു ചെറിയ റേറ്റിംഗ് ഇടാം 3.5/5

സിനിമ കണ്ടവരുടെ അഭിപ്രായം കൂടി രേഖപ്പെടുത്തുമല്ലോ?

സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.

1604. Monster (Malayalam, 2022)

 1604. Monster (Malayalam, 2022)

          Streaming on Hotstar.



  സച്ചിൻ കളിച്ചിരുന്ന സമയം ഫോം ഔട്ട്‌ ആകുമ്പോൾ പോയി അങ്ങേരോട് എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടതെന്നു ടി വിയിൽ കളി കാണുന്നവർ ഇരുന്നു പറയുന്ന അവസ്ഥ ഇല്ലേ? അത് കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ല. ഇത്രയും റൺസ്, സെഞ്ചുറി ഒക്കെ അടിച്ച ആളോട് ആണ്‌ ടി വിയിൽ കളി കണ്ടു, കണ്ടത്തിൽ കളിച്ചവർ ബാറ്റിങ് ടെക്നിക്ക് പഠിപ്പിച്ചു കൊടുക്കുന്നത്. പക്ഷെ ക്രിക്കറ്റ് കളിയെക്കുറിച്ച് നല്ല അറിവ് ഉള്ള പ്രൊഫഷനലുകൾ സച്ചിന് സഹായത്തിനു ഉണ്ടായിരുന്നിരിക്കാം അല്ലെ?അത് കൊണ്ടും ആയിരിക്കുമല്ലോ മോശം സമയങ്ങളെ അതി ജീവിച്ചു ക്രിക്കറ്റ് ദൈവം ആയി അദ്ദേഹം മാറിയത്.


 ഇത്രയും പറഞ്ഞ് വന്നത്, നമ്മളിൽ പലരും ജനിക്കുന്നതിനു മുന്നേ അഭിനയിച്ചു തുടങ്ങിയ, ഇത്രയേറെ സിനിമകൾ ചെയ്ത, ഹിറ്റുകൾ നേടിയ ഒരാൾക്ക്‌ ഒരു സിനിമയുടെ  കഥ കേട്ടു ഇഷ്ടപ്പെട്ടതിനു ശേഷം സിനിമയിൽ അഭിനയിക്കുമ്പോൾ ചെയ്യുന്ന ചില സംഭവങ്ങൾ എങ്കിലും ചളി ആണ്‌ എന്നുള്ള അറിവില്ലേ എന്നൊരു സംശയമുണ്ട്.അതോ വേറെ ഡയലോഗ് പറയിപ്പിച്ചിട്ടു ഡബ്ബിങ് സമയം മിമിക്രി ആർട്ടിസ്റ്റുകളെ വച്ച് ഡബ് ചെയ്യുന്നത് ആണോ ആവോ? എന്തായാലും എഡിറ്റിങ് പോലും അറിയാത്ത നമ്മളൊക്കെ ഇതിനെ കുറിച്ച് സംസാരിക്കേണ്ട ആവശ്യം ഇല്ല എന്ന് വച്ചാലും L ബ്രാണ്ടിന്റെ കൂടെ നടക്കുന്നവർക്ക് എങ്കിലും ഇതൊക്കെ തോന്നണ്ടേ? അത് സിനിമ സംവിധാനം ചെയ്യുന്ന സംവിധായകന് ആയാലും?


 Cringe സിനിമകളുടെ നിലവാരം തന്റെ ഓരോ സിനിമയിലും ഈ അടുത്തായി നല്ലത് പോലെ ബാർ കൂട്ടി കൊണ്ട് ലാലേട്ടൻ വരുന്നതായി ഈ  കാണാൻ സാധിക്കുന്നുണ്ട്.ലൂസിഫർ കഴിഞ്ഞതോടെ ഹിഡൻ ഐഡന്റിറ്റി ഇല്ലാതെ ഏട്ടൻ സിനിമകൾ പറ്റാതെ ആയിട്ടുണ്ട്‌ എന്ന് തോന്നുന്നുണ്ട്. പോലീസ് വേഷങ്ങളിൽ അഭിനയിക്കുമ്പോൾ ഉള്ള താടി പ്രശ്നം ആയിരിക്കാം എന്ന് കരുതുന്നു അതിനു പിന്നിൽ . എന്തായാലും മോൺസ്റ്റർ സിനിമയുടെ ആദ്യ പകുതിയിൽ ഏട്ടൻ ആറാടുക ആയിരുന്നു എന്ന് ഫാൻസ്‌ പോലും പറയില്ല. അത്ര വധം ആയിരുന്നു അഭിനയം.


 ജാക്കി - ഡിക്കി ഡബിൾ മീനിങ് തമാശ ഒക്കെ ഇപ്പോഴും ട്രെൻഡ് ആണെന്ന് കരുതി ജീവിക്കുന്നവരുടെ പാരലൽ ലോകം ആണ്‌ സിനിമയിൽ ഉള്ളത്. ഏട്ടന് ആ ഡയലോഗ് ഒക്കെ എഴുതി ഉക്രി കൊടുക്കുമ്പോൾ 'ന്താ ഉക്രി ഇതൊക്കെ? ഇതിലൊക്കെ ഇപ്പോഴും തമാശയുണ്ടോ? എന്നൊക്കെ ഏട്ടൻ ചോദിച്ചിരുന്നേൽ നന്നായേനെ എന്ന് തോന്നുന്നു. അത് ചോദിക്കാത്തത് കൊണ്ട് എഴുപതുകളിലെ വസന്തൻ ചേട്ടൻ എന്നൊക്കെ വിളിക്കാൻ പറ്റുന്ന അമ്മാവന്മാരുടെ സിനിമ എന്ന് ഒറ്റ വാക്കിൽ പറയാം മോൺസ്റ്ററിനെ.


പിന്നീട് സിനിമയുടെ മെയിൻ കഥയിലേക്ക് വന്നപ്പോൾ അതിലെ പ്രധാന ഭാഗം Black Widow (1987) ഇൽ നിന്നും ചുരുണ്ടി എടുത്തത് ആണെങ്കിലും അതിനു കുറച്ചു കൂടി ഡെപ്ത് നൽകി കൊണ്ടുള്ള കഥ കൂടി ഫിറ്റ് ചെയ്തു കഴിഞ്ഞതിനു ശേഷം സിനിമ watchable ആയി മാറി എന്ന് മാത്രം പറയാം. പക്ഷെ ഫാൻസി ഡ്രസ് കോമ്പറ്റിഷൻ നടത്തുന്ന അസ്കിത കയറിയ ഏട്ടൻ അവിടെയും വന്നു എന്തൊക്കെയോ വലിയ സംഭവം ആണെന്ന് പറയുന്നുണ്ട്. ആറാട്ട് സീരീസ് എന്നൊക്കെ വിളിക്കാവുന്ന സിനിമ ആയി മോൺസ്റ്ററും അവിടെ മാറുന്നു.


ഹണി റോസ് ഏട്ടന്റെ ഒപ്പം നിൽക്കുന്ന റോൾ കിട്ടിയതോടെ മലയാളത്തിലെ ഒറിജിനൽ ലേഡി സൂപ്പർ സ്റ്റാർ ആയി മാറാൻ പോകുന്നു എന്നത് മാത്രം പോസിറ്റിവ് ആയി തോന്നി. സിനിമയിൽ കൊള്ളാവുന്നത് ഹണി റോസ് ആയിരുന്നു. ( ഫ്രം ഹണി റോസ് ഫാൻസ്‌ കാനഡ ഘടകം ). ലക്ഷ്മി മാഞ്ചുവിനെ ആദ്യം കണ്ടപ്പോൾ ലെന മെലിഞ്ഞത് ആണോ എന്ന് തോന്നിയായിരുന്നു. പിന്നെ ലെനയെ കൂടി സ്‌ക്രീനിൽ കണ്ടപ്പോൾ ഇതു ഡബിൾ റോൾ ആണോ എന്നും സംശയിച്ചു ആകെ റിലെ പോയി. സിനിമയുടെ തുടക്കം പോയ റിലെ തിരിച്ചു വന്നിട്ടും ഇല്ലായിരുന്നു. ലക്ഷ്മിയുടെ ഫൈറ്റ് ഒക്കെ കൊള്ളാമായിരുന്നു.


സിനിമ ഇഷ്ടമായോ ഇല്ലയോ എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ? ലൂസിഫർ കഴിഞ്ഞുള്ള ഏട്ടന്റെ ആറാടുക ആണ്‌ സിനിമകളിൽ ഒന്നൂടി ആണ് മോൺസ്റ്റർ. വീണ്ടും പറയുന്നു, ഏട്ടനെ ടി വിയിൽ കണ്ടു വിമർശിക്കാൻ നോക്കുന്നത് ഒക്കെ വെള്ളത്തിൽ വര വരച്ചത് പോലെ ആണ്‌. അവർക്കും അവരുടെ കൂടെ നിൽക്കുന്ന ആളുകൾക്കും സിനിമകളെ കുറിച്ച് നല്ല ബോധ്യം ഉണ്ട്. ആ ബോധ്യം നല്ല രീതിയിൽ ഉപയോഗിച്ചാൽ നല്ല സിനിമകൾ ഇനിയും വരും. പ്രേക്ഷകന്റെ ആസ്വാദന നിലവാരത്തെ വില കുറച്ചു കാണാതെ ഇരുന്നാൽ തന്നെ വലിയ കാര്യം.


ഒന്നുമില്ലെങ്കിലും, തിയറ്ററിൽ നിന്നു അല്ലെങ്കിലും OTT സബ്സ്ക്രീപ്‌ഷൻ കാശ് കൊടുത്തു എടുത്തു സമയം ചിലവാക്കി ആരെങ്കിലും ഒക്കെ കാണുന്നത് അല്ലെ സിനിമകൾ? 


സിനിമയ്ക്ക് എന്റെ റേറ്റിങ് 1/5.


സിനിമ കണ്ടവരുടെ അഭിപ്രായങ്ങൾ പങ്ക് വയ്ക്കാമോ?



1995. Drop ( English, 2025)