Thursday, 10 October 2019

1108.Comali (Tamil,2019)


1108.Comali (Tamil,2019)

   16 വർഷങ്ങൾക്കു മുമ്പുണ്ടായ അപകടത്തിൽ കോമ സ്റ്റേജിൽ ആയ രവി എന്ന യുവാവ് ബോധം വന്നു ജീവിതത്തിലേക്ക് ഉള്ള യാത്ര വീണ്ടും തുടങ്ങാൻ പോവുകയാണ്.പക്ഷെ എളുപ്പം അല്ലായിരുന്നു അവനു വഴികൾ.2000 ആകാൻ ഏതാനും മണിക്കൂറുകൾ ഉള്ളപ്പോൾ കോമയിൽ ആയ രവിയ്ക്കു 2016 അപരിചിതമാണ്.മൊബൈൽ ടച്ച് ഫോണ് യുഗത്തിലേക്ക് അവന്റെ ചിന്തകൾ എത്തുന്നില്ല.പക്ഷെ survive ചെയ്യുകയും വേണം.അതിനു എന്തു ചെയ്യും??

  ജയം രവി ,രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കഥയെല്ലാം മാറ്റി നോക്കിയാൽ നല്ല ഒരു സോഷ്യൽ sattire ആണെന്ന് പറയാൻ കഴിയും.തമാശയുടെ അകമ്പടിയോടെ ആണ് സോഷ്യൽ കമന്ററി ഉൾപ്പെടുത്തിയിരിക്കുന്നത്.ഫേസ്ബുക് പോലുള്ള സോഷ്യൽ മീഡിയ ടൂൾസിനെ ഒക്കെ അതുമായി തീരെ പരിചയം ഇല്ലാത്ത ആളുടെ കാഴ്ചപ്പാടിൽ നിന്നും അവതരിപ്പിക്കുന്നത് ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

  ആദ്യ പകുതി നല്ല രസകരം ആയിരുന്നു.യോഗി ബാബു ഒക്കെ നല്ല പോലെ സ്‌കോർ ചെയ്ത്.തുടക്കം കുറെ 90 കളിലേ നൊസ്റ്റു എല്ലാം കൂടി ചിത്രം നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.രണ്ടാം പകുതി സിനിമയുടെ കഥ എന്ന ഘടകത്തിലേക്കു പോയി
മെലോഡ്രാമ അൽപ്പം കൂടി പോയി എന്ന് തോന്നി.എന്നതും മോശമല്ല.
  മൊത്തത്തിൽ നല്ല തമാശകൾ ഒക്കെ ഉള്ള ഒരു തമിഴ് ചിത്രം ആണ് 'കോമാളി'.


More movie suggestions @www.movieholicviews.blogspot.ca

Tuesday, 8 October 2019

1107.Remain Silent(Mandarin,2019)


1107.Remain Silent(Mandarin,2019)
         Mystery

  അടച്ചിട്ട മുറിയിൽ ആണ് ആ സ്ത്രീ കുത്തേറ്റ് കിടക്കുന്നത് കണ്ടത്.ആ മുറിയിൽ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.പക്ഷെ അവിടെ ദുരൂഹതകൾ ഏറെ ഉണ്ടായിരുന്നു.പ്രത്യേകിച്ചും ആ യുവാവിന് കുത്തേറ്റു കിടക്കുന്ന സ്ത്രീയും ആയുള്ള ബന്ധം.അവൻ പറയുന്ന ആ വലിയ രഹസ്യം ആർക്കും പെട്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.

  വെങ്വാൻ ഫാൻ എന്ന ഗായികയ്ക്ക് കുത്തേറ്റ് കോമയിൽ ആയതിനു ശേഷം ആണ് കേസ് അന്വേഷണം നടക്കുന്നത്.കോടതിയിൽ കേസ് വാദിക്കാൻ എത്തിയത് ലാനും വൂവും ആണ്.പ്രതിയായി മറു ഭാഗത്ത് ഉള്ളത് അമേരിക്കൻ പൗരൻ ആണ്.ജിമ്മി തോമസ്.ചൈനീസ് വംശജനായ ജിമ്മിയെ കേസിൽ നിന്നും രക്ഷപെടുത്താൻ അമെരിക്കൻ എംബസ്സി നിയോഗിച്ച വൂ എന്ന വക്കീലിനോട് അവൻ അവരെ ഒന്നും ചെയ്തിട്ടില്ല എന്നാണ് പറയുന്നത്.പക്ഷെ മറ്റാരും അവിടെ ഉള്ളതായി ക്യാമറയിൽ ഇല്ല.ആ മുറിയിൽ മൂന്നാമത് ഒരാളുടെ സാനിധ്യം ഉണ്ടോ?

    തരക്കേടില്ലാത്ത ഒരു കുറ്റാന്വേഷണ ചിത്രമാണ് ചൈനീസ് ചിത്രമായ Remain Silent.

More movie suggestions @www.movieholicviews.blogsot.ca

ചിത്രത്തിന്റെ ലിങ്ക് : t.me/mhviews

1106.Thanneer Mathan Dinangal(Malayalam,2019)


1106.Thanneer Mathan Dinangal(Malayalam,2019)

  ഇതാണോ ഇത്ര വലിയ കെട്ടിഘോഷിച്ച പടം?കുറെ meme ഒക്കെ ഇറങ്ങിയിരുന്നു സിനിമ വന്നപ്പോൾ.പക്ഷെ എല്ലാം ബോർ!തിയറ്റർ എക്സ്പീരിയൻസ് എന്തായാലും സിനിമ ആവശ്യപ്പെടുന്നില്ല.പിന്നെ അതാണ് പ്രശ്നം എന്നു പറയരുത്.കുറെ സംഭവങ്ങൾ ഒക്കെ കൂട്ടി വച്ച് സിനിമ എടുത്തിരിക്കുന്നു.സിനിമയിൽ അവസരം തേടി എത്രയോ പേർ നടക്കുന്നു.അവരെ ഒന്നും കണക്കിൽ എടുക്കാതെ ചുമ്മാ waste of resource!!ഇതൊക്കെ ആണോ സിനിമ!!

പിന്നെന്താ....

  സ്റ്റെഫിയെ ജെയ്സൻ ഫോണ് വിളിക്കുന്ന സംഭവം ഒക്കെ ഉണ്ടല്ലോ,സത്യം പറഞ്ഞാൽ ജീവിതത്തിൽ നടന്നിട്ടുണ്ട് എന്നു പറയാൻ കഴിയുന്നവർക്ക് കൂടുതൽ റിലേറ്റ് ചെയ്യാൻ പറ്റും സിനിമയും ആയിട്ടു.അമ്മാതിരി ബോറൻ ഫോണ് വിളി.ഹോ!! ക്ലാസിൽ ആരും ശ്രദ്ധിക്കാതെ കാമുകിയെ നോക്കുന്ന,പ്രണയം അസ്ഥിക്ക് പിടിച്ചിട്ട് റിബൽ ഒക്കെ ആകുന്ന പ്ലസ് ടൂ കാലം ഒക്കെ റിലേറ്റ് ചെയ്യാൻ പറ്റുമെങ്കിൽ സിനിമ ആയി കാണേണ്ട, നല്ല രസമുള്ള ഓർമ ആയി കണ്ടാൽ മതി.

  സ്ക്കൂളിലെ ക്രിക്കറ്റ് കളി മുതൽ ഇന്റർവെൽ സമയത്തു പുറത്തു പോയി നാരങ്ങ വെള്ളവും പഫ്സും കഴിച്ചവർക്കു മനസ്സിലാകും ആ സീനുകളിലെ രസങ്ങൾ.ഇന്നത്തെ കാലത്ത് പ്ലസ് ടൂ പിള്ളേരൊക്കെ ഇങ്ങനെ ആണോ എന്നറിയില്ല.പക്ഷെ സിനിമയുടെ പിന്നണിയിൽ ഉള്ളവർ,അവരുടെ ഒരു അനുഭവം വച്ചു ആ കാലഘട്ടത്തിലെ സംഭവങ്ങൾ ആണ് സിനിമയിൽ നിറച്ചിരിക്കുന്നത് എന്നു വിശ്വസിക്കുന്നു.

  രവി സാർ കഥയിൽ നിറഞ്ഞാടി ജെയ്സനെ വട്ടാക്കുമ്പോൾ അതു പോലത്തെ ഒരു അദ്ദേഹം ,അതേ രീതിയിൽ കോളേജിൽ പഠിപ്പിച്ചത് ഓർമ വന്നു.ഭയങ്കരമായും നമ്മുക്ക് പരിചിതമായ ഒരു ലോകത്തിലേക്ക്‌ കൊണ്ടു പോയ ഫീൽ.നൊസ്റ്റാൾജിയ അടുപ്പിക്കാൻ ദൂരദര്ശനും,വാഷിങ് പൗഡർ നിർമയുടെ പാട്ടും ഒന്നും വേണ്ട എന്നു ഗിരീഷും കൂട്ടരും കാണിച്ചു തന്നു.എന്നാൽ ഇതു പഴയകാലത്ത് ഉള്ള കഥയാണോ എന്നു ചോദിച്ചാൽ അതും അല്ല.തണ്ണീർ മത്തൻ പോലത്തെ സിനിമകൾ ഒക്കെ നല്ല ഒരു ആശയമാണ്.ജീവിതത്തിലെ ഒരു പ്രത്യേക കാലഘട്ടത്തിലെ സരളമായ സംഭവങ്ങൾ നൽകുന്ന ഗൃഹാതുരത്വത്തിന്റെ ഓർമകൾ വീണ്ടും വരാൻ കഴിയുന്ന സിനിമകൾ.പ്രേമം ഒക്കെ ഹിറ്റ് ആയതിനു മറ്റൊരു കാരണമില്ല.

   പിന്നെ,പലർക്കും പല അനുഭവങ്ങൾ ആകും  പ്ലസ് ടൂ,കോളേജ് കാലം ഒക്കെ.ജെയ്സനെ പോലെ തന്നെ കാണാൻ കൊള്ളാമോ,പെണ്ണുങ്ങൾ തന്നെ നോക്കുമോ എന്നൊക്കെ ഉള്ള 'വലിയ' കൊച്ചു ചിന്തകൾ ഉള്ള, ഇഷ്ടം ഉള്ള പെണ്ണിന് ദിവസവും ഗ്ലാമർ കൂടി പോകുന്നു എന്ന് ഭയക്കുന്ന ചില ആളുകൾ ഇല്ലേ?അതേ ചിന്താഗതി ഉള്ള ധാരാളം ആളുകൾ ഉണ്ടാകാം നാട്ടിൽ.അവരൊക്കെ ആകും ഈ സിനിമ ഇത്ര ഹിറ്റ് ആക്കിയത്.

  ഇതിന്റെ ഒക്കെ മേലെ ചിന്തിക്കുന്ന, പ്രായത്തിന്റെ അപ്പുറത്തെ പക്വത ഉള്ളവരെ സംബന്ധിച്ചു ചിരിക്കാൻ ഒക്കെ ഒറ്റ സീൻ മാത്രമേ കാണൂ.അതവരുടെ maturity ആണ്.അത്രയും mature അല്ലാത്തവർ കണ്ടോളു സിനിമ.ഇഷ്ടമാകും.

സിനിമയിൽ ഉണ്ടായിരുന്ന പ്രിയ സ്നേഹിതർക്കു ഒക്കെ അഭിമാനിക്കാം,ഇങ്ങനെ ഒരു സിനിമയുടെ ഭാഗം ആയതിൽ.'ജാതിയ്ക്ക തോട്ടം' ആണ് 1 വയസുള്ള മകളുടെ ഇഷ്ട ഗാനം.യൂടൂബിൽ റിപ്പീറ്റ്‌ ആണ് ടി വിയിൽ.

Tuesday, 1 October 2019

1105.The Skin I Live In(Spanish,2011)


1105.The Skin I Live In(Spanish,2011)
          Mystery,Drama


   തന്റെ വീട്ടിൽ  സജ്ജമാക്കിയ ഓപറേഷൻ മുറിയിൽ പ്ലാസ്റ്റിക് സർജൻ ആയ റോബർട്ട് നടത്തുന്ന പരീക്ഷണങ്ങളിൽ നിന്നും ഉള്ള അറിവുകൾ അയാൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നു.പക്ഷെ Code of Ethics വച്ചു അയാൾ ചെയ്യുന്നത് തെറ്റായിരിക്കാം .കാരണം അയാളുടെ പരീക്ഷണങ്ങൾക്ക് ഒരു സ്ത്രീയെ ആണ് ഉപയോഗിക്കുന്നത്.എന്നാൽ രഹസ്യമായി തന്നെ അയാൾ അതു ചെയ്യുന്നു.

   ധനികനായ റോബർട്ട് അവളെ ഒരു പ്രത്യേക മുറിയിൽ ആണ് താമസിപ്പിച്ചിരുന്നത്.വീട്ടിൽ ഉള്ള സി സി ടി വി ക്യാമറകൾ വഴി അവളുടെ ഓരോ ചലനവും അയാൾ കാണുമായിരുന്നു.വീട്ടിൽ ഉള്ള ജോലിക്കാരി ഇന്റർക്കോം വഴി ആ സ്ത്രീയുടെ ആവശ്യങ്ങൾ നടത്തി കൊടുത്തിരുന്നു.

  പ്രത്യേകിച്ചും ഒന്നും തോന്നാത്ത ഒരു കഥ അല്ലെ?ഇതു സിനിമയുടെ കഥയുടെ തുടക്ക ഭാഗങ്ങൾ ആണ്.ഒരു ഫ്ലാഷ് ബാക്കിൽ കഥ മൊത്തം മാറി മറിയും.അപ്രതീക്ഷിതമായി മുന്നിൽ വന്ന നിഗൂഢതകൾ എല്ലാം അത്ഭുതം ആകും.പ്രത്യേകിച്ചും അതിനും അപ്പുറം കഥ ഉണ്ടാകും എന്ന് മനസ്സിലാക്കുമ്പോൾ.കഥയെ കുറിച്ചുള്ള പരാമർശം ഇവിടെ നിർത്തുകയാണ്.

  കാരണം,ബാക്കി ഉള്ളത് കണ്ടു തന്നെ മനസ്സിലാക്കണം.അതാണ് ആ സിനിമയുടെ സൗന്ദര്യം.കഥയുടെ രീതി വച്ചു അല്പം ഇറോട്ടിക് സീനുകൾ ഉണ്ട്.കഥയിൽ പക്ഷെ സാധാരണമായ ഒരു കാര്യം പോലെ നന്നായി പ്ളേസ്‌ ചെയ്തിട്ടും ഉണ്ട്.

  Thierry Jonquet രചിച്ച ഫ്രഞ്ച് നോവലായ Mygale ആണ് സിനിമയ്ക്ക് പ്രചോദനം ആയതു.ഈ നോവൽ പിന്നീട് ഇംഗ്ളീഷിൽ Tarantula ആയി മാറുകയും ചെയ്തു.നിഗൂഢതകൾ നിറഞ്ഞ സിനിമ മികച്ച ഒരനുഭവം ആയിരിക്കും.പ്രത്യേകിച്ചും കഥയിലെ വിശ്വസനീയം ആയ ട്വിസ്റ്റ് ഒക്കെ...

  More movie suggestions @www.movieholicviews.blogsot.ca

സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് : t.me/mhviews
or

@mhviews in telegram search

Saturday, 28 September 2019

1104.Super Deluxe(Tamil,2019)


1104.Super Deluxe(Tamil,2019)


        ഹൈപ്പർ ലിങ്ക് ഫോർമാറ്റിൽ ഉള്ള ഇന്ത്യൻ സിനിമകളിലെ മാസ്റ്റർ പീസുകളിൽ ഒന്നായി ആണ് Super Deluxe കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്.Netflix ൽ സിനിമ കണ്ടു കഴിഞ്ഞിട്ടു കുറെ ആയെങ്കിലും എങ്ങനെ ഈ സിനിമയെ കുറിച്ചു എഴുതണം എന്നു ഒരു പിടിയും ഇല്ലായിരുന്നു.

ഒരു ത്രില്ലർ,മിസ്റ്ററി എന്നൊക്കെ പറഞ്ഞു പോകുന്നതിന്റെ ഇടയ്ക്കു വിജയ് സേതുപതിയുടെ കഥാപാത്രം കൂടി വരുമ്പോൾ അതിനു സമൂഹതിബറെ ചില വിഷയങ്ങളിൽ ഇപ്പോഴും ഉള്ള കാഴ്ചപ്പാടുകളിൽ മാറ്റം ഇല്ലാത്ത അവസ്ഥയെ അവതരിപ്പിക്കുന്നു.അപ്പോഴാണ് അന്യഗ്രഹത്തിൽ നിന്നും വന്ന മൃണാളിനി രവിയുടെ കഥാപാത്രം.

   ഒരു പക്ഷെ വ്യത്യസ്ത ഴോൻറെകളിൽ ഉള്ള കഥകൾ ഒറ്റ സിനിമയും ഹൈപ്പർലിങ്കിങ്ങിലൂടെ അവതരിപ്പിക്കപ്പെട്ടപ്പോൾ അതിന്റെ മൊത്തത്തിൽ ഉള്ള ഫ്‌ളോ പോകാതെയും സിനിമ അവതരിപ്പിച്ചത് നന്നായി ഇഷ്ടപ്പെട്ടൂ.സമന്തയും,വിജയ് സേതുപതിയും,ഫഹദും,മിസ്ക്കിനും രമ്യ കൃഷ്ണനും ആ പയ്യന്മാരും എല്ലാം കഥാപാത്രങ്ങൾ നന്നായി ചെയ്തു.

  എടുത്തു പറയേണ്ട കഥാപാത്രം പോലീസുകാരൻ ആയി വരുന്ന ഭഗവതി പെരുമാളിന്റെ ബെർലിൻ എന്ന കഥാപാത്രം ആണ്.ഒറ്റ കഥാപാത്രത്തിലൂടെ അയാൾ പ്രതിനിധീകരിച്ചത് സമൂഹത്തിലെ വലിയ ഒരു വിഭാഗത്തെ ആണ്.ഓരോ കഥയിലും അയാൾക്കുള്ള സ്വാധീനം അതു സൂചിപ്പിക്കുന്നുണ്ട്.

     ബ്ലാക്മെയിലിലൂടെ സ്ത്രീ ശരീരത്തോട് ഉള്ള ആർത്തി,തന്റെ സമൂഹത്തിലെ റോളിൽ മാറ്റം വരുത്തിയ വ്യക്തിയോടുള്ള സമീപനം,തന്റെ അധികാരം ഉപയോഗിച്ചു നിയന്ത്രിക്കുന്നത് എല്ലാം നോക്കുമ്പോൾ സിനിമയുടെ കഥാപാത്രം തന്നെ ആ കഥാപാത്രം ആണ്.ആ കഥാപാത്രം ഇല്ലായിരുന്നെങ്കിൽ ഇവരിൽ പലരുടെയും ജീവിതം കുറേക്കൂടി എളുപ്പം ആയേനെ.

കഥയുടെ മൊത്തത്തിൽ ഉള്ള പശ്ചാത്തലം ഇങ്ങനെ ഒക്കെ ആണ് എന്ന് പറയാം.സിനിമ കൊമേർഷ്യൽ ഹിറ്റ് ആണോ അല്ലയോ എന്നൊന്നും കണക്കിൽ എടുക്കാതെ കാണാം ചിത്രത്തെ.കുറെ കഴിഞ്ഞാലും സിനിമ മനസ്സിൽ നിൽക്കും.വിജയ് സേതുപതിയുടെ നിഷ്കളങ്കമായ കഥാപാത്രം ഇപ്പോഴും മനസ്സിൽ നിൽക്കുന്നുണ്ട്.


   സിനിമ Netflix ൽ ലഭ്യമാണ്...

More movie suggestions @www.movieholicviews.blogspot.ca

 ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക്: t.me/mhviews

Friday, 27 September 2019

1103.The Tashkent Files(Hindi,2019)


1103.The Tashkent Files(Hindi,2019)
         Mystery.


       Alt Balaji യുടെ ഒരു സീരീസ് ഉണ്ടായിരുന്നു.രാജ്കുമാർ റാവു നായകനായ Bose:Dead or Alive.സുബാഷ് ചന്ദ്ര ബോസിന്റെ മരണത്തെ കുറിച്ചു ധാരാളം ദുരൂഹതകൾ Conspiracy Theory കൾ ആയി പ്രചരിക്കുന്നുണ്ടായിരുന്നു.

  എന്നാൽ ഈ കഥകളിൽ അൽപ്പം ആധികാരികത ഉണ്ടെന്ന് പലരും അഭിപ്രായപ്പെട്ട 'India's Biggest Cover-up'  എന്ന അനൂജ് ധറിന്റെ നോവലിനെ ആസ്പദം ആക്കിയാണ് സീരീസ് അവതരിപ്പിച്ചത്.ആ സീരിസിന്റെ അവസാനം മറ്റൊരു ദുരൂഹ മരണത്തിലേക്കുള്ള സൂചനകൾ ഉണ്ടായിരുന്നു.ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണത്തിലെ ദുരൂഹത.

    The Tashkent Files എന്ന ചിത്രം പറയുന്നത് ലാൽ ബഹദൂർ ശാസ്ത്രിയുടെ ദുരൂഹ മരണത്തെ കുറിച്ചുള്ള കഥയാണ്.പല കോണ്സപിറസി തിയറികളും വന്നു പോകുന്നുണ്ട്.നേരത്തെ പറഞ്ഞ സീരീസിലെ സാധ്യതകൾ പോലും പരാമർശിച്ചു പോകുന്നുണ്ട്.ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതകളിൽ ഒന്നാണ് സുബാഷ് ചന്ദ്രബോസിന്റെ മരണത്തെ കുറിച്ചുള്ള രഹസ്യങ്ങളും ,പാക്കിസ്ഥാനുമായുള്ള യുദ്ധത്തിന് ശേഷം താഷ്കെന്റിൽ രണ്ടു രാജ്യങ്ങളുടെയും നേതാക്കൾ ഉടമ്പടി ഒപ്പു വയ്ക്കാൻ പോയപ്പോൾ ഉണ്ടായ ശാസ്ത്രിയുടെ മരണവും.അതിലേക്കുള്ള സാധ്യതകൾ ചിത്രം ചർച്ച ചെയ്യുന്നുണ്ട്.

  ഒരു ജൂനിയർ ജേർണലിസ്റ്റ് ആയ രാഗിണിയ്ക്കു ഉടൻ തന്നെ ഒരു പൊളിറ്റിക്കൽ സ്‌കൂപ് കിട്ടിയില്ലെങ്കിൽ ജോലി പോകും എന്ന് ഉള്ള അവസ്ഥയിൽ ആണ് ആണ് അജ്ഞാതമായ ആ ഫോണ് കോൾ വരുന്നത്.ഒരു ഗെയിം പോലെ അവളോട്‌ ചോദ്യങ്ങൾ ചോദിച്ചു അവളെ തന്നെ തന്റെ കളി കളിപ്പിയ്ക്കാൻ തീരുമാനിക്കുന്ന ഒരാൾ. 

   രാഗിണിയ്ക്കു കിട്ടിയ ആ വലിയ സ്‌കൂപ് ആയിരുന്നു തന്ത്രപ്രധാനമായ രേഖകൾ അവളുടെ കയ്യിൽ എത്തിയതോടെ അവളുടെ കരിയർ രക്ഷിക്കുന്നത്.രാഗിണിയും അറിയാതെ തന്നെ ഒരു സത്യാന്വേഷണത്തിൽ ആണ്.ആ അന്വേഷണത്തിന്റെ കഥയാണ് The Tashkent Files.

    ഒരു propoganda ചിത്രം എന്ന നിലയിൽ ആയിരുന്നു നിരൂപകർ അവസാന ഇലക്ഷന്റെ സമയം ചിത്രത്തെ കണ്ടിരുന്നത്.പലരും ചിറ്റഗ്രാത്തിന്റെ ആധികാരികതയെ കുറിച്ചു സംശയം പ്രകടിപ്പിച്ചിരുന്നു.കാരണം,ചരിത്രം നമ്മൾ പുസ്തകങ്ങളിൽ നിന്നും പഠിച്ച ഒന്നല്ലായിരുന്നു ഈ കഥ.സിനിമ എന്നാൽ ഒരു സ്ലീപ്പർ ഹിറ്റ് ആയി മാറുക ആണുണ്ടായത്.

   ഒരു മിസ്റ്ററി സിനിമ എന്ന നിലയിൽ കാണാൻ ശ്രമിക്കാവുന്ന ഒന്നാണ് ഈ ചിത്രം.അതിനുള്ള എല്ലാം ചിത്രത്തിൽ ഉണ്ട്.പ്രത്യേകിച്ചും കോണ്സപിറസി തിയറികൾ ഒക്കെ താൽപ്പര്യമുള്ള,സ്ഥിരമായി വായിക്കുന്നവർക്കു കണ്ടു നോക്കാവുന്ന ഒരു ചിത്രം!!


  More movie suggestions @www.movieholicviews.blogspot.ca

ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് : t.me/mhviews

      or

@mhviews in telegram search

Thursday, 26 September 2019

1102.Article 15(Hindi,2019)



​​1102.Article 15(Hindi,2019)


       "ആർട്ടിക്കിൾ 15- ഇൻഡ്യയുടെ Mississippi Burning".

   ചിരിച്ചു തള്ളേണ്ട ഒരു താരതമ്യം അല്ല ഇതു.റിസർവേഷൻ ആണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നം.റിസർവേഷൻ ഉള്ളവർക്ക് ഒന്നും പഠിക്കാതെ തന്നെ ജോലിയും അഡ്മിഷനും എല്ലാം കിട്ടുന്നു.മാർക്ക് ഉള്ള നമുക്കൊന്നും ഇല്ല!ഈ അടുത്തായി ഫേസ്ബുക്കിലെ ഏറ്റവും വലിയ കദന കഥകളിൽ ഒന്നായിരുന്നു ഇതു.അതിനു പിന്നിൽ ഉള്ള കഥ പറയാൻ പോയാൽ മുൻ ധാരണയോടെ ഒരു വിഷയത്തെ സമീപിക്കുന്ന പലർക്കും അതു മനസ്സിലാകില്ല.ആരുടെയും അഭിപ്രായം മാറ്റാൻ വേണ്ടി അല്ല.പക്ഷെ ആർട്ടിക്കിൾ 15 കാണണം ഈ അഭിപ്രായം ഉള്ളവർ,ഒരിക്കലെങ്കിലും.

മെയിൻസ്ട്രീം സിനിമയിൽ ജാതിയുടെ പേരിൽ അഭിമാനം കൊള്ളുന്നു ഓരോരുത്തരെയും അഡ്രസ് ചെയ്യുന്നുണ്ട് ഈ സിനിമ.നേരത്തെ 'പരിയേറും പെരുമാൾ' കണ്ടതിനു ശേഷം പറഞ്ഞ ഒരു ജാതിയുടെ വശം ഉണ്ട്.ജാതി വെറി എന്നത് രണ്ടു ഏറ്റവും തമ്മിൽ ഉള്ളത് അല്ലാതെ ഒരു അറ്റത്ത് ഉള്ളവരിൽ തന്നെ വെവ്വേറെ തട്ടുകൾ ഉണ്ടെന്നു ഉള്ള വസ്തുത. വ്യക്തമായി പറയുന്നുണ്ട് ആർട്ടിക്കിൾ 15 ലും ഈ വസ്തുത.ശരിക്കും ഈ താരതമ്യം ചിത്രത്തിൽ ഒരു  കാര്ട്ടൂണ്/സ്പൂഫ് ആയി തന്നെ വ്യക്തമായി കൊള്ളേണ്ടിടത്തു തന്നെ അവതരിപ്പിക്കുന്നുണ്ട്.


  പക്ഷെ അങ്ങനെ ഒരു രീതിയിൽ മാത്രമായി കഥ അവതരിപ്പിക്കാതെ ഒരു കുറ്റാന്വേഷണ കഥ കൂടി ആയി ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.പുതുതായി അസിസ്റ്റന്റ് കമ്മീഷണർ ആയി ചാർജ് എടുത്ത അയൻ രഞ്ജൻ,അതിന്റെ രണ്ടാമത്തെ ദിവസം തന്നെ കാണാതായ മൂന്നു പെണ്ക്കുട്ടികളിൽ രണ്ടു പേരുടെ ശവശരീരം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ അന്വേഷണത്തിൽ ആണ് എത്തിപ്പെടുന്നത്.'ദുരഭിമാന കൊല' എന്ന പേരിൽ കേസ് എഴുതി തള്ളി,മരിച്ചവരുടെ പിതാക്കന്മാർ അവർ തമ്മിൽ ഉള്ള സദാചാരത്തിനു ചേരാത്ത ബന്ധം കാരണം കൊലപ്പെടുത്തി എന്ന നിലയിൽ കേസ് അവസാനിപ്പിക്കാൻ ഉള്ള ശ്രമം നടന്നിരുന്നു.


   എന്നാൽ കൊലപാതകത്തിന് പിന്നിൽ മറയായി ഉപയോഗിച്ച ഒരു കഥ ആണോ ഇതു?ആദ്യം പറഞ്ഞ Mississippi Burning ഉം കണ്ടു നോക്കണം കാണാത്തവർ.ആ സിനിമ കണ്ടപ്പോൾ ഉണ്ടായ അതേ ഒരു ഫീൽ ആയിരുന്നു ഈ ചിത്രത്തിനും.റിസർവേഷൻ ആണ് ഇൻഡ്യയിലെ ഏറ്റവും വിപത്ത് എന്നു പറയുമ്പോൾ ആർട്ടിക്കിൾ 15 ആ വാദം പൂർണമായും തകർത്തു തരിപ്പണമാക്കുന്നുണ്ട്.ക്ളൈമാക്സിലെ ഒരു സീൻ ഉണ്ട്.കറ നല്ലതാണ് എന്നു പറഞ്ഞു കൊണ്ട് അഴുക്കു ചാലിൽ ഇറങ്ങുന്നവർ.ഒരു പക്ഷെ പ്രതീകമായി തന്നെ അഴുക്കു ചാലുകൾ ഒരു പ്രത്യേക വിഭാഗത്തിന് മാത്രമല്ല,ആർക്കും നടക്കാവുന്ന ഒന്നാണ് എന്നു നല്ല രീതിയിൽ അവതരിപ്പിക്കുന്നു.

   ഇന്ത്യയുടെ രാഷ്ട്രീയ മുഖം എങ്ങനെ ആയാലും വർഷങ്ങളായി മനസ്സിൽ കുഷ്ഠം വഹിക്കുന്ന ആളുകൾ ഉണ്ട്.ഒരു പക്ഷെ ആ രോഗത്തിന് പോലും നാണക്കേട് ഉണ്ടാക്കുന്ന വസ്തുതകൾ.ദുരഭിമാന കൊലകളും ജാതിയുടെ വ്യത്യാസവും എല്ലാം ഇന്ത്യൻ ഭരണ ഘടനയുടെ കീഴിൽ ഉള്ള ഭൂരിഭാഗം സംസ്ഥാനങ്ങളിൽ പോലും ഉണ്ട്.ആർട്ടിക്കിൾ 15 ന്റെ പ്രസക്തി എഴുതി വച്ചു ഓർമിപ്പിക്കേണ്ട അവസ്ഥ.അയൻ രഞ്ജൻ ചെയ്തത് പോലെ.

  സിനിമ കാണുക!!

NB:കഴിഞ്ഞ ദിവസം സിനിമയെ കുറിച്ചു വിശദമായി സംസാരിക്കാൻ ഒരു അവസരം ലഭിച്ചിരുന്നു.ഇന്ത്യയുടെ Mississipi Burning ആണെന്ന് സിനിമ കണ്ട വിദേശികൾ പോലും സമ്മതിച്ചിരുന്നു,ഇങ്ങനെ ഒരു ആശയം മുന്നോട്ട് വച്ചപ്പോൾ.ലോകമെമ്പാടും റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു പ്രമേയം ആണ് ആർട്ടിക്കിൾ 15നു ഉള്ളത്.വിശദമായി ചർച്ച ചെയ്യേണ്ട വിഷയം.

  സിനിമ Netflix ൽ ലഭ്യമാണ്.

More movie suggestions @www.movieholicviews.blogspot.ca

1995. Drop ( English, 2025)