Thursday, 13 September 2018

925.Junga(Tamil,2018)


925.Junga(Tamil,2018)


     'ജുങ്ക' - ഈ സിനിമയുടെ മോശം വശങ്ങളിലേക്ക് ആദ്യം പോകാം.ഈ പോസ്റ്ററിൽ ഉള്ളത് ആണ് ഏറ്റവും മോശം ആയ കാര്യം.സംശയിക്കേണ്ട.വിജയ് സേതുപതി തന്നെ.നല്ല ഒരു കഥ ഉണ്ടെങ്കിൽ അതിനെ ഏറ്റവും ഭംഗിയായി അവതരിപ്പിക്കുന്ന തമിഴ് നടൻ എന്നു ഉറപ്പായും പറയാവുന്ന വിജയുടെ ഏറ്റവും മോശം കഥാപാത്രങ്ങളിൽ ഒന്നായിരിക്കും ഇതിലെ 'ഡോൺ ജുങ്ക'.ഗെറ്റപ്പ് ചേഞ്ച്‌ എന്നു പറഞ്ഞു തമാശയ്ക്കു വേണ്ടി ചെയ്തതാണെങ്കിലും ആകെ ബോർ ആയി തോന്നി അതു.തമിഴിലെ ഏതു നടനും ചെയ്യാവുന്ന ഒരു കഥാപാത്രം,സ്വന്തം പ്രൊഡക്ഷൻ കമ്പനിയിൽ നിന്നും വരുമ്പോൾ 'ആക്റ്റർ വിജയ്' എന്തായിരിക്കും കരുതിയിട്ടുണ്ടാവുക??

  കഥയിൽ വലിയ ലോജിക് ഒന്നും ഇല്ലാത്തതു കൊണ്ടു ഒരു ഫാന്റസി സിനിമ ആയി കണക്കാക്കാം.കുറച്ചു തമാശയും ഒക്കെ ആയി പോകുന്ന ചിത്രത്തിൽ വിജയ്‌ പലപ്പോഴും തീരെ comfortable ആണെന്ന് തോന്നിയില്ല.സ്വാഭാവികമായ,നിഷ്ക്കളങ്കം ആയ അദ്ദേഹത്തിന്റെ തമാശ കഥാപാത്രങ്ങൾ കണ്ടിട്ടുണ്ടാവും.എന്നാൽ ഇവിടെ വേറെന്തോ ആയി മാറാൻ ഉള്ള ഒരു ശ്രമം പോലെ.യോഗി  ബാബു,കുറച്ചു നേരം സ്‌ക്രീനിൽ ഉള്ള രാജേന്ദർ,നായിക സയേഷ ഒക്കെ ആ ഫ്ലോയിൽ അങ്ങു പോയി.'അമ്മ വേഷത്തിൽ വന്ന ശരണ്യ ,മുത്തശ്ശി വേഷം ചെയ്ത നടി എന്നിവരൊക്കെ നന്നായിരുന്നു.അതു പോലെ സുന്ദരമായ ഫ്രാൻസും!!!

  Encounter ചെയ്തു കൊല്ലാൻ പോകുന്ന ഒരു ഡോൺ, അയാളെ കൊല്ലാൻ കൊണ്ടു പോകുമ്പോൾ അയാളുടെ കഥ കൊല്ലാൻ പോകുന്ന പൊലീസുകാരോട് പറയുന്നതാണ് സിനിമയുടെ പ്രമേയം.ഇടയ്ക്കു ചെറിയ തമാശകൾ ഒക്കെ ആയി സിനിമ വെറുതെ ഒരു ടൈം പാസ് ചിത്രമായി മാറുമ്പോൾ മനസ്സിൽ തോന്നിയതു, വിജയ് സേതുപതിയെ പോലെ ഒരാൾ എന്തിനു ഈ കഥാപാത്രം ചെയ്തു എന്നതാണ്.കാർത്തി,ജീവ,ശിവ ഒക്കെ പോലെ ഈ കഥാപാത്രം ചെയ്യാൻ കഴിയുന്ന ധാരാളം ആളുകൾ ഉള്ളപ്പോൾ മികച്ച അഭിനേതാവ് ആയ ഒരാൾ 'കണ്ണു തട്ടാതെ' ഇരിക്കാൻ ചെയ്‌ത സിനിമ ആയി മറക്കാം.ഒരു പിടി നല്ല സിനിമകൾ വിജയുടെ ആയി വരാൻ ഉള്ളത് കൊണ്ട് പ്രത്യേകിച്ചും.

വിജയ് സേതുപതിയുടെ അഭിനയം ഒഴിച്ചു നിർത്തിയാൽ ഒരു ശരാശരി entertainer ആയി തോന്നി 'ജുങ്ക'.

ഒരു 'ആക്റ്റർ വിജയ്' ആരാധകൻ എന്ന നിലയിൽ എഴുതിയ കുറിപ്പാണിത്...!!!

924.Summer of '84(English,2018)



924.Summer of '84(English,2018)
        Mystery

   'It','Hardy Boys',Famous Five,'Secret Seven ','Goonies' തുടങ്ങി '80 കളിലെ തലമുറയ്ക്ക് നൽകിയ മികച്ച ഒരു homage ആണ് Summer of '84.സിനിമ നടക്കുന്ന കാലഘട്ടം മുതൽ 'Le Matos' ന്റെ പശ്ചാത്തല സംഗീതം പോലും പ്രേക്ഷകനെ ആ കാലഘട്ടത്തിലേക്കു കൊണ്ടു പോകാൻ സാധിക്കുന്ന ഒന്നായിരുന്നു.ടീനേജ് കുറ്റാന്വേഷണ കഥകൾ വായിച്ചു കഥകളുടെ ലോകത്തിലേക്ക്‌ വന്ന ഏതൊരാൾക്കും നൊസ്റ്റാൾജിയ നൽകുന്ന കാലം.'വിന്റേജ്' ബാലരമ,പൂമ്പാറ്റ,ട്വിങ്കിൾ കാലഘട്ടത്തിലേക്കു ഉള്ള തിരിച്ചു പോക്കായി തോന്നും മുപ്പതുകളിൽ എത്തിയ പലർക്കും.'നൊസ്റ്റാൾജിയ' എന്ന വാക്കിനു അത്രയധികം വിലയുണ്ടാകാം പലർക്കും.പുസ്തകങ്ങൾ വായിച്ചും,കൂട്ടുകാർ കൂട്ടം ചേർന്നുള്ള കളികളും ഒക്കെ ആയി ശുദ്ധമായ അന്തരീക്ഷം ഉള്ള,ടെക്‌നോളജി ഭാവിയിൽ സംഭവിക്കുന്ന ഏതൊക്കെയോ ഭ്രാന്തൻ ആശയങ്ങളിൽ ഉള്ളതാണ് എന്നു ചിന്തിക്കുന്ന ആ കാലഘട്ടം ഇഷ്ടമാണെങ്കിൽ മടിക്കാതെ 'Summer of '84' കണ്ടോളൂ.

   'It' റീമേക്,' Stranger Things' എന്നിവയുടെ ചുവടു പറ്റി ആണ് 'Summer of '84' ന്റെ അവതരണവും.ടീനേജ് പ്രായത്തിൽ ഉള്ള കുട്ടികളുടെ തിരോധാനം ഒരു ചെറിയ ടൗണിനെ ഭയപ്പെടുത്തുമ്പോൾ,തന്റെ വീടിന്റെ അപ്പുറത്തുള്ള പോലീസുകാരൻ ആണ് ഇതിനെല്ലാം പിന്നിൽ എന്നു വിശ്വസിക്കുന്ന 'ഡേവി ആംസ്ട്രോങ്ങും' കൂട്ടുകാരും നടത്തുന്ന അന്വേഷണം ആണ് ചിത്രത്തിന്റെ പ്രമേയം.ഒരു 'ടീനേജ് കുറ്റാന്വേഷണ' നോവൽ വായിക്കുന്ന സരളതയോടെ കാണാവുന്ന ചിത്രം എന്നാൽ ക്ളൈമാക്സിനോട് അടുക്കുമ്പോൾ വളരെ അധികം disturbing ആയി മാറുന്നുണ്ട്.കഥ കൂടുതൽ വിവരിക്കുന്നതിൽ കാര്യമില്ല. ഇന്നത്തെ കാലത്തു ക്ളീഷേ ആണെന്ന് തോന്നാം!!

  ക്രൊയേഷ്യൻ ചിത്രമായ 'Koko i duhovi' പോലെ ഉള്ള സിനിമകൾ ഒക്കെ പഴയ ചിത്രകഥകളിലെ ആ മൂഡ് നിലനിർത്തിയെങ്കിൽ,ഇവിടെ അതിലും വ്യത്യസ്തമായി 'gore elements' നു ആണ് പ്രാമുഖ്യം.പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു പ്രത്യേകിച്ചും ഇത്തരം ചിത്രത്തിലെ ക്ളൈമാക്‌സ്.ഒരു സിനിമ കണ്ടു തീർത്ത ഉടനെ അതിന്റെ OST തേടി പോകാൻ തോന്നിക്കും La Mantos ന്റെ സംഗീതം.സിനിമയുടെ ആകെ മൊത്തം ഉള്ള പൂര്ണതയ്ക്കു വേണ്ടി വന്ന ഒരു ഘടകം ആയിരുന്നു അത്.'RKSS' എന്നു അറിയപ്പെടുന്ന സംവിധായക ജോഡികളുടെ ചിത്രം ഈ കലാഘട്ടത്തിലെ ഒരു പുതുമ ആണ്.,Shia LaBeouf, ന്റെ ചിത്രമായ 'Disturbia'  യും ആയി കഥാപാപരമായി ചെറുതല്ലാത്ത സാദൃശ്യം തോന്നിയിരുന്നെങ്കിലും 30 വർഷങ്ങൾ മുൻപുള്ള കാലഘട്ടത്തിന്റെ സ്മരണകൾ അയവിറക്കാൻ ഉള്ള ഒരു ചിത്രമായി മാറി 'Summer of '84'.

To the '80 s and '90s kids,ധൈര്യമായി കണ്ടോളൂ ഈ ചിത്രം.നിരാശരാകില്ല!!

923.BHAVESH JOSHI SUPER HERO(HINDI,2018)

923.Bhavesh Joshi Super Hero(Hindi,2018)
        Action,Drama


  സൂപ്പർ ഹീറോ സിനിമകൾ ഹോളിവുഡ് വാഴുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ സിനിമ വ്യവസായങ്ങളിൽ ഒന്നായ ബോളിവുഡ് കൂടി ചേരുകയാണ്.വിരലിൽ എണ്ണാവുന്ന സൂപ്പർ ഹീറോ സിനിമകൾ ആണ് ഇന്ത്യൻ സിനിമയിൽ നിന്നും വന്നിട്ടുള്ളത്.ഒരു പക്ഷെ സൂപ്പർ ഹീറോകളെക്കാളും അമാനുഷികമായ ശക്തികൾ ഉള്ള നായകന്മാർ ആണ് നമുക്ക് ഉള്ളത് എന്ന കാരണം കൊണ്ടാകും.സൂപ്പർ ഹീറോകൾ ചാടും ,ഓടും ,പറക്കും.അതൊക്കെ നമ്മുടെ പല സിനിമകളിലും നായകന്മാർ  തന്നെ ചെയ്യാറും ഉണ്ട്.ഈ ഒരു സാഹചര്യത്തിൽ ആണ് പുതിയ ഒരു തരം സൂപ്പർ ഹീറോ വരുന്നത്.

  സാധാരണ പോലെ അതി സങ്കീർണം ആയ ശാസ്ത്രീയ ഇടപെടലുകൾ ഇല്ല.വേറെ ഗ്രഹങ്ങളിൽ പോയിട്ടില്ല,കാശുകാരൻ അല്ല,പ്രത്യേക തരം സുരക്ഷാ കവചം ഇല്ല,കുറെ കാലം ഐസിൽ ഇട്ടു വച്ചിട്ടും ഇല്ല.പ്രധാനമായും പറക്കുകയും ഇല്ല.ആകെ അറിയാവുന്നത് കുറച്ചു സോഫ്റ്റ്‌വെയർ കോഡിങ് ആണ്.പിന്നെ ഇടയ്ക്കു പെട്ടെന്ന് പഠിച്ച കുറച്ചു കരാട്ടെയും മാത്രം.പക്ഷെ അയാളുടെ ഉദ്ദേശ ശുദ്ധി ഏറെ കുറെ നല്ലതാണ്.ഇന്ത്യയെ എക്കാലവും കാർന്നു തിന്നുന്ന അഴിമതി ആണ് അയാളുടെ ശത്രു.

പണ്ട് തൊപ്പിയും ചൂലുമായി ഇന്ത്യൻ യുവത തെരുവുകളിൽ ഇറങ്ങിയപ്പോൾ ഉണ്ടായ ഒരു പ്രതീക്ഷ.അതിൽ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്.എന്നാൽ പതിയെ ആവേശം കെട്ടടങ്ങിയപ്പോൾ മനസ്സിലായി.ഇന്ത്യ ഇങ്ങനെ തന്നെ ആണ്.മാറില്ല.ആര് മാറിയാലും system.അതു അങ്ങനെ തന്നെ നിൽക്കും.രാഷ്ട്രീയക്കാരും ബ്യുറോക്രസിയും ആയുള്ള അവിശുദ്ധ ബന്ധം.അതു അങ്ങനെ തന്നെ നിലനിൽക്കും.എന്നാൽ 2 പേർ അതിനെതിരെ ഉള്ള പോരാട്ടം തുടർന്ന് കൊണ്ടിരുന്നു.ഭാവേഷ് ജോഷിയും സുഹൃത്തായ സിക്കന്ദർ ഖന്നയും.അവർ മുഖമൂടി അണിഞ്ഞു യൂടൂബ് വീഡിയോകളും ആയി തെറ്റിനെ ചൂണ്ടി കാണിച്ചിരുന്നു.എന്നാൽ സിക്കു,പിന്നീട് ജീവിത യാഥാർഥ്യങ്ങളോട് ചേർന്നു ജീവിക്കാൻ ശ്രമിക്കുന്നു.പക്ഷെ ഭാവേഷ് അതിനു തയ്യാറല്ലായിരുന്നു.ഒരു പ്രത്യേക അവസരത്തിൽ ഭാവേഷ് ഇല്ലാതായി തീരുന്നു.അവിടെ ഭാവേഷ് ജോഷി എന്ന സൂപ്പർ ഹീറോ ഉദയം കൊള്ളുന്നു.

  അനുരാഗ് കശ്യപ് ഉൾപ്പടെ ഉള്ള ടീം എഴുതിയ കഥ സാഹചര്യങ്ങളെ കൂടുതലും യാഥാർഥ്യങ്ങളോട് ചേർന്നു നിൽക്കുന്ന രീതിയിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്.DC ചിത്രങ്ങളിലെ പോലുള്ള ഇരുട്ടു നിറഞ്ഞ പശ്ചാത്തലം.സംഘടന രംഗങ്ങളിലെ മികവ് ഹർശവർധൻ കപൂറിന് പ്രകടമായിരുന്നു.ആ ബൈക് ചേസിംഗ് സീൻ ഒക്കെ മികച്ചതായിരുന്നു.പ്രിയാൻഷുവിന്റെ കഥാപാത്രം ആയിരുന്നു സിനിമയുടെ നട്ടെല്ല്.പ്രത്യേകിച്ചും പ്രതീക്ഷകൾ ഇല്ലാതിരുന്നിട്ടും പോരാടാൻ തീരുമാനിച്ച കഥാപാത്രമായി ജീവിച്ചു.  അവസാന രംഗങ്ങളിലെ ഇഴച്ചിൽ മാറ്റി നിർത്തിയാൽ നല്ല നിലവാരം ഉള്ള ചിത്രം ആയിരുന്നു "ഭാവേഷ് ജോഷി സൂപ്പർ ഹീറോ".കണ്ടു മടുത്ത സൂപ്പർ ഹീറോകളിൽ നിന്നും ജീവനും രക്തവും മരണവും ഉള്ള സാധാരണ ആളുകളുടെ ഇടയിൽ നിന്നും ഉള്ള സൂപ്പർ ഹീറോ. 

ചിത്രം Netflix ൽ ലഭ്യമാണ്!!

Tuesday, 28 August 2018

922.THE LIQUIDATOR(MANDARIN,2017)



922.The Liquidator(Mandarin,2017)
Mystery,Thriller.

തുടരെ ഉള്ള കൊലപാതകങ്ങൾ.ആദ്യം വന്നത് വിവാദമായ ഒരു സ്ക്കൂൾ വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് ഉള്ളതായിരുന്നു.അദ്ധ്യാപകന്റെ ക്രൂരത നഷ്ടപ്പെടുത്തിയ ജീവന് പകരം ചോദിക്കാൻ ആയി "The Light of the City" എന്ന പേരിൽ ഓണ്ലൈനില് നിന്നും ഒരാൾ പ്രത്യക്ഷപ്പെടുന്നു.ക്രൂരമായ രീതിയിൽ അധ്യാപകൻ കൊല്ലപ്പെടുന്നു.അർഹമായ വിധി എന്നു ഓണ്ലൈന് ജീവികൾ പ്രഖ്യാപിക്കുന്നു.അപ്പോഴാണ് അതിനെ ചുവടു പിടിച്ച് ഒരു അഭിഭാഷകൻ കൊല്ലപ്പെടുന്നത്.അകാരണമായി ഒരു പെണ്കുട്ടിയുടെ ജീവിതത്തിൽ കഷ്ടപ്പാടുകൾ സമ്മാനിച്ച അയാളുടെ മരണവും സോഷ്യൽ മീഡിയയിൽ ആഘോഷം ആകുന്നു.

ജനങ്ങൾക്കായി നീതിന്യായ വ്യവസ്ഥയുടെ അപ്പുറത്തും നിന്നു ഒരു രക്ഷകൻ.സോഷ്യൽ മീഡിയയിൽ വരുന്ന സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു ,ജനങ്ങൾ ഒരാളുടെ മരണം ആഗ്രഹിക്കുന്നു എന്നു മനസ്സിലാക്കുമ്പോൾ "The Light of the City" അവതരിക്കുന്നു.ജനങ്ങളുടെ നീതി നടപ്പിലാക്കുന്നു.പൊലീസിന് മറഞ്ഞിരുന്നു ജനങ്ങൾക്ക് വേണ്ടി നീതി നിർവഹണം നടത്തുന്ന ആൾ ആരാണെന്നു കണ്ടെത്താൻ ആകാതെ നിൽക്കുമ്പോൾ ആണ് സർവീസിൽ നിന്നും മാറി നിന്നിരുന്ന "ഫാങ്-മൂ" വിന്റെ സഹായം തേടുന്നത്.വീണ്ടും സർവീസിൽ കയറിയ ഫാങ് മൂ ,കൊലയാളിയെ കുറിച്ചുള്ള പ്രൊഫൈലിങ് നടത്തുന്നു തുടക്കത്തിൽ തന്നെ,ലഭ്യമായ തെളിവുകൾ വച്ചു.

എന്നാൽ അയാൾ ആരാണ് എന്നുള്ള ദുരൂഹത നിലനിൽക്കുമ്പോൾ ആണ് കൊലയാളിക്ക് ഫാങ് മൂവിനെ ഈ കേസിൽ കൊണ്ടു വരാൻ ഉള്ള തെളിവുകൾ അവശേഷിപ്പിച്ചിട്ടുണ്ട് എന്നു മനസ്സിലാകുന്നത്.എന്തിനായിരിക്കും അതു?ആരാണ് കൊലയാളി?ഈ ചോദ്യങ്ങൾ കണ്ടെത്തുമ്പോഴും വീണ്ടും കൊലപാതകങ്ങൾ നടന്നു കൊണ്ടിരിക്കുന്നു,സോഷ്യൽ മീഡിയയിൽ നിന്നുമുള്ള ജനങ്ങളുടെ പ്രതികരണങ്ങൾക്കു അനുസൃതമായി.

'Lei Mi ' രചിച്ച അതേ പേരിൽ ഉള്ള ചൈനീസ് നോവലിന്റെ ദൃശ്യവിഷ്‌ക്കാരം ആണ് 'The Liquidator'.'Guilty of the Mind' എന്ന കഥയിലൂടെ വന്ന ഫാങ് മൂവിനെ ഈ ചിത്രത്തിന്റെ റിലീസിനു ഒരു വർഷം മുൻപ് തന്നെ സ്‌ക്രീനിൽ വന്നിരുന്നു.സോഷ്യൽ മീഡിയ Mob Justice നടത്താനുള്ള സ്ഥലമായി പരിണമിച്ചാൽ,അവിടെ ഒരു Vigilante പ്രത്യക്ഷപെട്ടാൽ എന്താകും ഉണ്ടാവുക?നിലവിൽ ഉള്ള നീതി വ്യവസ്ഥകൾ പോരാ എന്നുള്ള ചിന്ത collective ആയി ജനങ്ങൾക്ക് ഉണ്ടാകുമ്പോൾ ആ സമൂഹം അപകടകാരികൾ ആയി മാറും." The Liquidator" ആ ചിന്തകൾക്ക് പ്രാമുഖ്യം നല്കുന്നതിനോടൊപ്പം തന്നെ നല്ല ഒരു മിസ്റ്ററി ചിത്രം ആകുന്നു ഉണ്ട്.

ഒരു പരിധിക്കു അപ്പുറം ചിത്രം സൈക്കോളജിക്കൽ ത്രില്ലർ ആയി മാറുന്നു.മനുഷ്യ മനസ്സുകൾ തമ്മിൽ ഉള്ള കളികളിലൂടെ പോകുമ്പോൾ അവിചാരിതം ആയ പലതും സംഭവിക്കുന്നു.CGI യുടെ നിലവാരക്കുറവ് എടുത്തു കാണിക്കുന്ന ചില സീനുകളുടെ അപ്പുറം തരക്കേടില്ലാത്ത ഒരു മിസ്റ്ററി/ത്രില്ലർ ആണ് 'The Liquidator'.

കാണാൻ ശ്രമിക്കുക...!!

921.ETEROS EGO(GREEK,2016)



921.Eteros Ego (Greek,2016)
       Mystery
കൊലപാതകികൾ ഭൂമിയിൽ കാണപ്പെടുന്ന പ്രത്യേകതരം ജീവികൾ ആണോ?അതോ എല്ലാവരുടെ ഉള്ളിലും ഒരു കൊലയാളി ഉണ്ടാകുമോ?അവസരം വരുമ്പോൾ പുറത്തു വരാൻ?"Eteros Ego" അഥവാ "The Other Me" എന്ന ഗ്രീക്ക് ചിത്രം പൂർണമായും ഈ ഒരു പ്രമേയത്തെ ആസ്പദം ആക്കി ആണ് അവതരിപ്പിച്ചിരിക്കുന്നത്.
തുടരെ ഉണ്ടാകുന്ന 2 കൊലപാതകങ്ങളിൽ തോന്നിയ സാദൃശ്യം ആണ് പോലീസ് ഡെപ്യൂട്ടി ചീഫിനെ കൊലയാളിയുടെ സ്വഭാവങ്ങളെ കുറിച്ചു വിശകലനം നടത്താൻ ആയി ശാസ്ത്രീയ സഹായം തേടുന്നത്.പ്രൊഫസർ ദിമിട്രിസ് അങ്ങനെ ആണ് ഈ കേസിന്റെ ഭാഗം ആകുന്നതു.കൊല്ലപ്പെട്ടവരുടെ അടുക്കൽ കാണുന്ന വാക്യങ്ങളും സംഖ്യകളും എല്ലാം ദിമിട്രിസിൽ ഈ കൊലപാതകങ്ങൾ പ്രത്യേക തരം pattern പിന്തുരുന്നതായി മനസ്സിലാക്കുന്നു.ഓരോന്നിനും കൊലപാതകത്തെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ രേഖപ്പെടുത്തിയിരുന്നു.
ദിമിട്രിസ് വ്യക്തിപരമായ ചില പ്രശ്നങ്ങൾ കാരണം കുഴയുന്ന സമയം ആയിരുന്നെങ്കിലും അയാൾ ആ കേസ് അന്വേഷണത്തിൽ തന്റേതായ സമയം ചിലവഴിക്കുന്നു.അതിനൊപ്പം നേരത്തെ നടന്ന ചില മരണങ്ങളിലും അയാൾ സംശയം പ്രകടിപ്പിക്കുന്നു.പലതും കൂട്ടി യോജിപ്പിക്കുമ്പോൾ എല്ലാത്തിനും ഉത്തരം ലഭിക്കും എന്ന സാമാന്യ യുക്തിയിൽ കേസ് അന്വേഷണം മുന്നോട്ട് പോകുന്നു.ദിമിട്രിസ് അയാളോട് തന്നെ ഇടയ്ക്കു ചോദിക്കുന്ന ചോദ്യം ഉണ്ട്.ശരിക്കും ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ ആ പ്രാർത്ഥന ദൈവം കേൾക്കാറുണ്ടോ എന്നു.നേഴ്‌സ് ആയ സോഫിയയ്ക്ക് അതിനുള്ള ഉത്തരം നൽകാൻ സാധിക്കുന്നില്ലെങ്കിലും അയാളുടെ സംശയം മാറ്റാൻ ഈ കേസ് അന്വേഷണത്തിന് കഴിയുന്നുണ്ട്.അതിനൊപ്പം നീതി-ന്യായങ്ങളുടെ പ്രവർത്തന രീതിയെക്കുറിച്ചും.കാരണം അയാളും അനുഭവിക്കുന്നത് സമാനമായ വേദന ആയിരുന്നു ജീവിതത്തിൽ!!
ആരാണ് യഥാർത്ഥ കൊലയാളി?കൊലപാതകിയുടെ ഉദ്ദേശം എന്തായിരുന്നു?കൂടുതൽ അറിയാൻ ചിത്രം കാണുക..ഗ്രീക്ക് സിനിമ പലപ്പോഴും പ്രേക്ഷകന്റെ അഭിരുചി അനുസരിച്ചു മാറുന്ന ഒന്നായി ആണ് പൊതുവെ വിലയിരുത്തുന്നത്.അത്തരത്തിൽ ഉള്ള സിനിമ സംസ്ക്കാരം പിന്തുടർന്നു വരുന്ന അവരിൽ നിന്നും ലഭിച്ച മികച്ച മിസ്റ്ററി ചിത്രങ്ങളിൽ ഒന്നാണ് Eteros Ego.കുറ്റാന്വേഷണ കഥ എന്നതിലുപരി കഥാപാത്രങ്ങളുടെ മാനസിക തലങ്ങളിലേക്കും ക്യാമറ സഞ്ചരിച്ചിട്ടുണ്ട് ചിത്രം.കാണാൻ ശ്രമിക്കുക!!

920.KADAIKKUTTI SINGHAM(TAMIL,2018)



920.Kadaikkutti Singham
തമിഴ് പടം 2 ഇറങ്ങിയ സമയത്തു തന്നെ അതിന്റെ നേരെ എതിർ സ്വഭാവം ഉള്ള ഒരു ചിത്രവും ഇറങ്ങി.സിനിമകളിലെ ക്ളീഷേകൾ പൊളിച്ചെടുക്കിയ തമിഴ് പടവും ,പുണ്യ പുരാതന സിനിമാക്കാലം മുതൽ ഉള്ള ക്ളീഷേ കഥയുമായി "കടയ്കുട്ടി സിംഗവും"."സിംഗം" എന്ന പേരു കുടുംബ സ്വത്തായി പ്രഖ്യാപിക്കാൻ ഇറങ്ങിയിരിക്കുന്ന സൂര്യ-കാർത്തി സഹോദരന്മാരുടെ ചിത്രം പാണ്ഡിരാജ് സംവിധാനം ചെയ്തു അവതരിപ്പിച്ചപ്പോൾ മികച്ച വിജയം ആണ് നേടിയത്.
മനുഷ്യൻ ആദ്യമായി എഴുതിയ കഥകളിൽ ഒന്നാകും ഈ ചിത്രത്തിന്റെ.പുത്രൻ വേണം എന്ന ആഗ്രഹം കാരണം കല്യാണം കഴിക്കാൻ നടക്കുന്ന പണക്കാരനായ കൃഷിക്കാരൻ (സത്യരാജ്).അവസാനം കുറെ പെൻകുട്ടികൾക്കു ശേഷം ഒരു സൽ പുത്രൻ(കാർത്തി) ഉണ്ടാകുന്നു.നല്ല ഒറിജിനൽ നന്മ മരം.വീര ശൂര പരാക്രമി,കൃഷിക്കാരൻ ,കാമുകൻ,സഹോദരൻ,മകൻ,സുഹൃത്തു,ഏഴൈ തോഴൻ എന്നു വേണ്ട ഇന്ത്യൻ സിനിമയിലെ എല്ലാ ക്ളീഷേയും അടങ്ങിയ കഥാപാത്രം.പ്രത്യേകിച്ചു ഒരു ഗുണവും പുതുമയും ഉണ്ടാകും എന്ന് തോന്നാത്ത കഥയും കഥാപാത്രവും.അതിന്റെ ഒപ്പം നായകന്റെ ഷോ ഓഫ് പാട്ടും,മത്സരവും ഒക്കെ.
എന്നാൽ മികവുറ്റ അവതരണം കൊണ്ടോ അല്ലെങ്കിൽ "Too much of anything is poisonous" എന്നത് പോലെയോ വ്യത്യസ്തമായ,ഒറീജിനാലിറ്റി ഉള്ള സിനിമ തേടി പോയ നവീന പ്രേക്ഷകന്റെ മുന്നിൽ വ്യത്യസ്തത ആയിരുന്നു ഈ ചിത്രം.നല്ല താര നിര.പ്രസരിപ്പുള്ള സത്യരാജ്, കാർത്തി എന്നിവർ ആയിരുന്നു സിനിമയുടെ ആണിക്കല്ല്.കുറെ ഏറെ കഥാപാത്രങ്ങൾ.തീർത്തും സാധാരണമായ ഒരു കഥ.ചിലപ്പോൾ സിനിമ കഴിയുമ്പോൾ ഈ കണ്ണീർ കഥ ഒക്കെ സീരിയലിൽ ഉള്ളത് അല്ലെ എന്നൊക്കെ തോന്നാം.എന്നാൽ സിനിമ കാണുമ്പോൾ അങ്ങനെ ഒന്നും തോന്നാതെ മികച്ച രീതിയിൽ അവതരിപ്പിച്ചത്‌ പോലെ തോന്നി.പഴയ 'വിക്രമൻ' സിനിമകളുടെ ബാധ കൂടിയ 'പാണ്ഡിരാജ്' ഈ കാലത്തു നടത്തിയ ഒരു ധീര പരീക്ഷണം ആയിരുന്നു എന്ന് വേണം ഈ ചിത്രത്തെ കുറിച്ചു പറയാൻ.ഇടയ്ക്കു ഇങ്ങനത്തെ ചിത്രങ്ങൾ ഒക്കെ കാണാൻ രസമായിരിക്കും.ഈ ചിത്രത്തിന്റെ വിജയം കണ്ടു കൂടുതൽ സിനിമകൾ ഇറങ്ങാതെ ഇരുന്നാൽ മതിയായിരുന്നു എന്നും കരുതുന്നു.
ഒരു Entertainer ആണ് കാണാൻ ആഗ്രഹം എങ്കിൽ "കടയ്ക്കുട്ടി സിംഗം" ധൈര്യമായി കാണാം!!

919.MOHANLAL(MALAYALAM,2018)



919.മോഹൻലാൽ

"Celebrity Worship Syndrome".വലിയ പേരൊക്കെ ആണെങ്കിലും എല്ലാവർക്കും പരിചിതമായ ഒരു രോഗാവസ്ഥ ആണ് ഇത്.പ്രത്യേകിച്ചും "ഫാനാരന്മാർ" എന്നു പണ്ട് ആരോ വിളിച്ച ആളുകളുടെ അവസ്‌ഥ.ഇതും "മോഹൻലാൽ" എന്ന സിനിമയും ആയുള്ള ബന്ധം എന്താണ് എന്ന് ചോദിക്കുന്നതിനു മുൻപ് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.

"പാവങ്ങളുടെ നോളൻ" എന്നു വിളിക്കാവുന്ന ഒരു സംവിധായകൻ ഉണ്ട് മലയാളത്തിൽ.ആരാണ് അതെന്നു ചോദിച്ചാൽ ഉള്ള ഉത്തരം അൽപ്പം വിചിത്രം ആയി തോന്നാം.'സാജിദ് യാഹിയ'.ആദ്യ സിനിമ ആയ 'ഇടി' ഇറങ്ങിയപ്പോൾ പലരും പരിഹസിച്ചിരുന്നു.പക്ഷെ ആ മൊത്തം കഥയും ജയസൂര്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സ്വപ്നം മാത്രം ആയിരുന്നു എന്ന് പ്രേക്ഷകർ മനസ്സിലാക്കിയിരുന്നെങ്കിൽ എന്നു പിന്നീട് തോന്നുക ഉണ്ടായി!!അല്ലേലും "മുറ്റത്തെ മുല്ലയിൽ മൂത്രിക്കുക" എന്ന പഴഞ്ചൊല്ല് മലയാളിയുടെ കാര്യത്തിൽ സത്യമാണ്.പടം മലയാളികൾ പൊളിച്ചു കയ്യിൽ കൊടുത്തു!!!(veshamem unde frande!!)

ഇനി 'മോഹൻലാൽ' എന്ന സിനിമയിലേക്ക്.പേരും പ്രമോഷനും ,ഏട്ടൻ ആന്തം ഒക്കെ കേൾക്കുമ്പോൾ ലാലേട്ടനെ മഹത്വൽക്കരിച്ചിരിക്കുന്ന പടം ആണെന്ന് തോന്നാം.ലോകത്തിലെ ഏറ്റവും പ്രശസ്തൻ ആയ മലയാളിയുടെ പേര് തന്നെ സിനിമയ്ക്ക് തിരഞ്ഞെടുത്തത് സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു സിനിമ കൂടുതൽ ആളുകളിൽ എത്തിക്കാൻ വേണ്ടി ആകണം.സിനിമയുടെ കഥയിൽ മഞ്ജു അവതരിപ്പിക്കുന്ന മീനുകുട്ടി യഥാർത്ഥത്തിൽ ആരാണ്??മാനസിക രോഗം ബാധിച്ച ഒരു പെൺകുട്ടി.അതിൽ ഏട്ടനെ ഉൾപ്പെടുത്തി, ഒരാളുടെ കാഴ്ചപ്പാടിലൂടെ..അതും 'Celebrity Worship Syndrome' എന്ന അടിപൊളി പേരുള്ള അസുഖം ഉള്ള ആൾ.അവളുടെ കാഴ്ചപ്പാടിൽ ഉള്ള കഥയിൽ യഥാർത്ഥ ലോകത്തിൽ നിന്നും അകലുന്ന പലതും ഉണ്ട്.ഉദാഹരണത്തിന് ഭർത്താവ് ചുമ്മാതെ വച്ചിരിക്കുന്ന പെട്ടിയിൽ ഉള്ള കാശ് ആർക്കെങ്കിലും എടുത്തു കൊടുക്കുക.നഗരം വിറപ്പിക്കുന്ന ഗുണ്ടയെ ഒറ്റ ചവിട്ടിനു പറപ്പിക്കുക.എന്തിനു, ലാലേട്ടൻ എന്ന ബ്ലഡ് ഗ്രൂപ് ഒക്കെ സാധാരണ സ്ക്കൂളിൽ പോയ ആരുടെയും സ്വപ്നത്തിൽ പോലും ഉണ്ടാകില്ല.പക്ഷെ ഇവിടെ കഥ അവതരിപ്പിക്കുന്നത് രോഗിണിയായ മീനുക്കുട്ടിയുടെ കാഴ്ചപ്പാടിൽ നിന്നാണ്.ഒരു പക്ഷെ ഇന്ദ്രജിത്തിന്റെ 'സേതു മാധവന്റെ' കാഴ്ചപ്പാടിൽ ആയിരുന്നെങ്കിലോ,അജുവിന്റെ തരികിട കഥാപാത്രത്തിന്റെ ആയിരുന്നെങ്കിലോ വേറെ ഒന്നായേനെ കഥ.ഒന്നെങ്കിൽ ഒരു കണ്ണീർ സിനിമ.അല്ലെങ്കിൽ ഒരു ഫ്രോഡിന്റെ കഥ.

അല്ലെങ്കിലും മഞ്ജു വാര്യർ എന്ന നടി ഇത്രയും അഭിനയിച്ചു വൃത്തിക്കേട് ആക്കി എന്ന് ആളുകളെ കൊണ്ടു പറയിപ്പിക്കാൻ ശ്രമിക്കും എന്നാണോ പ്രേക്ഷകർ കരുതുന്നത്?ശരിക്കും കഥാപാത്രത്തിന്റെ പൂര്ണതയ്ക്കു വേണ്ടി ആവിഷ്‌കരിച്ച ബ്രില്യൻറ് തീരുമാനം ആയിരുന്നു അതു. ഫാനിസം എന്ന സംഭവത്തെ എടുത്തു അലക്കി ഉടുപ്പിച്ച ചിത്രം ഫാനിസം ബാധിക്കുന്ന മലയാളികൾക്ക് എന്തു സംഭവിക്കും എന്നു ഉള്ളതിന്റെ ചൂണ്ടു പലക കൂടി ആണ്.എന്തിനു,സിനിമയിലെ കഥാപാത്രങ്ങളുടെ പേരുകൾ ഏട്ടൻ സിനിമയിലെ കഥാപാത്രങ്ങൾ ആകുന്നതു പോലും യാദൃശ്ചികം ആകാൻ വഴിയില്ല.എല്ലാം മീനുക്കുട്ടിയുടെ കാഴ്ചപ്പാടിൽ ഉള്ള ലോകം ആണ്. ചുരുക്കത്തിൽ ഒരു സൈക്കോളജിക്കൽ ത്രില്ലർ എന്നു വിളിക്കേണ്ടിയിരുന്ന ചിത്രത്തെ അധിക്ഷേപിച്ചവർ ഒന്നൂടി കാശ് വാങ്ങി ഡി.വി.ഡി യിൽ സിനിമ കണ്ടതിനു ശേഷം ഈ കാഴ്ചപ്പാടിൽ ചിന്തിക്കാൻ ശ്രമിക്കുക.ഒരു പക്ഷെ പിൽക്കാലത്ത് മലയാളികൾ സത്യാവസ്ഥ മനസ്സിലാക്കുമ്പോൾ റീ-റിലീസ് വേണം എന്ന് പറഞ്ഞു അലമ്പു ആക്കാതെ ഇരിക്കാൻ വേണ്ടി ആണ്.

ഇപ്പോൾ എന്തു കൊണ്ട് ആണ് സംവിധായകൻ ആയ സാജിദ് യാഹിയായെ 'പാവങ്ങളുടെ നോളൻ' എന്നു വിളിച്ചതെന്നു മനസ്സിലായി കാണും!!

(നല്ല പോലെ പൊക്കി അടിച്ചിട്ടുണ്ട്..പോസ്റ്റ് കളയരുത് സാജിദ് സാർ!!!) 

1995. Drop ( English, 2025)