Sunday, 10 January 2016

583.WAZIR(HINDI,2016)

583.WAZIR(HINDI,2016),|Action|Crime|Mystery|,Dir:-Bejoy Nambiar,*ing:-Amitabh Bachchan, Farhan Akhtar, Aditi Rao

  2016 ലെ  ആദ്യ  ഹിന്ദി  ചിത്രം  എന്ന  പ്രതീക്ഷയില്‍  നിന്നും അധികമായി  സിനിമയിലെ അഭിനേതാക്കളും  പ്രതീക്ഷ  ഉണര്‍ത്തുന്ന സംവിധായകനും  ആയിരുന്നു "വസീര്‍  എന്ന ചിത്രത്തിന്റെ  പ്രതീക്ഷകളെ  വാനോളം  ഉയര്‍ത്തിയത്‌.ചിത്രം  ആരംഭിക്കുമ്പോള്‍  മുതല്‍  ആ  ഒരു  മൂഡ്‌  നില നിര്‍ത്തുന്നുണ്ട് .പ്രത്യേകിച്ചും  ആദ്യ  സംഭവങ്ങള്‍.പോലീസ് ഉദ്യോഗസ്ഥന്‍ ആയ ഡാനിഷ്  അലിയും  കുടുംബവും  സഞ്ചരിച്ചിരുന്ന  കാറിനു  നേരെ  നടന്ന  തീവ്രവാദി  ആക്രമണം  മുതല്‍  അമിതാഭ്  ബച്ചന്റെ പണ്ഡിറ്റ്‌ ഒംകാര്‍ ധര്‍  എന്ന  കഥാപാത്രത്തിന്റെ കഥാപാത്ര വികസനത്തില്‍  ഉള്ള  രംഗങ്ങള്‍  വരെ.

   എന്നാല്‍ തിരക്കഥ  എഴുതിയ  വിധു  വിനോദ്  ചോപ്രയ്ക്കും അഭിജത് ജോഷിക്കും  രണ്ടാം  പകുതിയില്‍  ചിത്രത്തിന്റെ  മൊത്തത്തില്‍  ഉള്ള മൂഡ്‌ നിലനിര്‍ത്താന്‍ സാധിച്ചില്ല.പ്രത്യേകിച്ചും കഥ  ഒന്നില്‍  മാത്രം  ശ്രദ്ധ  ചെലുത്താതെ പല  വിഷയങ്ങളിലേക്ക്  മാറി.ആ രംഗങ്ങളില്‍  ഏതു  ഭാഗത്തിന്  കൂടുതല്‍  പ്രാധാന്യം  കൊടുക്കണം  എന്നുള്ള  സംശയം  ആകാം  ഈ ഒരു  അവസ്ഥയ്ക്ക്  കാരണം.


പിന്നെ  ക്ലൈമാക്സ്.ഏറെക്കുറെ  ഊഹിക്കാവുന്ന  ക്ലൈമാക്സും  അതിനു  വിശദീകരണം  ആയി  അവസാന  ഭാഗങ്ങളും.ഇത്രയെല്ലാം  പറയുമ്പോള്‍  ചിത്രം തീരെ  മോശം  ആണെന്ന  അഭിപ്രായവും  ഇല്ല..ഒരു  പക്ഷേ  നല്ല  ഒരു  ടീം  പ്രവര്‍ത്തിച്ച ഈ  സിനിമയെക്കുറിച്ച്  ഒരു പ്രേക്ഷകന്‍  എന്നാ  നിലയില്‍   ചിന്തിച്ചപ്പോള്‍ പ്രതീക്ഷിച്ച  അത്ര  വന്നില്ല.എന്നാല്‍ ബച്ചന്‍  സീനിയര്‍,ഫര്‍ഹാന്‍  അക്തര്‍  എന്നിവര്‍ നല്ല പ്രകടനം  ആണ്  കാഴ്ചവച്ചത്.എന്നാല്‍  നീല്‍  നിതിന്‍  മുകേഷ്,ജോണ്‍  എബ്രഹാം  എന്നിവരെ  ആവശ്യത്തിനു  ഉപയോഗിച്ചില്ല  എന്ന പോരായ്മയും  ഉണ്ട്.മൊത്തത്തില്‍  തരക്കേടില്ലാത്ത   ഒരു  ചിത്രം  എന്ന്  പറയാം  എന്നതിലുപരി മികച്ചത്  എന്ന്  പറയാന്‍  സാധിക്കില്ല  എന്നാണ്  ഒരു  പ്രേക്ഷകന്‍  എന്ന  നിലയില്‍  അനുഭവപ്പെട്ടത്

More movie suggestions @www.movieholicviews.blogspot.com

583.BEEBA BOYS(ENGLISH,2015)

583.BEEBA BOYS(ENGLISH,2015),|Action|Crime|,Dir:-Deepa Mehta,*ing:-Randeep Hooda, Ali Momen, Sarah Allen

  വിവാദപരമായ വിഷയങ്ങള്‍  തന്റെ  സിനിമകളുടെ  ഭാഗം  ആക്കിയിരുന്ന സംവിധായിക  ആയിരുന്നു  ദീപ മേത്ത.പ്രമേയപരമായും മികവിന്റെ  രൂപത്തിലും  ചിത്രങ്ങള്‍ ശ്രദ്ധേയം  ആവുകയും  ചെയ്തിരുന്നു.ഫിലിം  ഫെസ്റ്റിവലുകളില്‍ നിറസാനിദ്ധ്യം  ആയിരുന്നു അവരുടെ പല ചിത്രങ്ങളും.`മൂന്നു  വര്‍ഷത്തെ  ഇടവേളയ്ക്കു ശേഷം ദീപ  തിരിച്ചെത്തിയിരിക്കുന്നത് കൂടുതല്‍  വിവാദപരമായ ഒരു  പ്രമേയവും  ആയാണ്.

  കാനഡയിലെ  രണ്ടാം  തലമുറയില്‍ പെട്ട  ഇന്ത്യക്കാര്‍ വാങ്കുവറില്‍ ഒരു  വലിയ  സമൂഹം  ആയി  ജീവിക്കുന്നു.സാമ്പത്തികപരമായും സമൂഹത്തിലെ വില അനുസരിച്ചും  പലരും  ഉയര്‍ന്ന  ജീവിത  രീതി  ആണ് പിന്തുടരുന്നത്.യഥാര്‍ത്ഥ സംഭവങ്ങളെ  ആസ്പദം  ആക്കി  എടുത്ത  ഈ ചിത്രത്തില്‍ ജീത്  ജോഹര്‍ എന്ന അധോലോക  നായകന്‍റെ  കഥ  ആണ്  അവതരിപ്പിക്കുന്നത്‌.ഇന്ത്യക്കാരുടെ രക്ഷകന്‍ ആണ്  താനെന്നു  സ്വയം വിശ്വസിക്കുന്ന ജീത്  താന്‍  വെള്ളക്കാരുടെ  ചെയ്തികളില്‍  നിന്നും അവരെ സംരക്ഷിക്കും  എന്ന്  അവകാശപ്പെടുന്നു.മയക്കുമരുന്നില്‍  തുടങ്ങി  ആയുധ കച്ചവടം  പോലും നടത്തുന്നു.ഇത്തരം  സിനിമകളില്‍ സ്ഥിരം  ചേരുവകകള്‍  എല്ലാം  തന്നെ  ഈ  ചിത്രത്തിലും  ഉണ്ട്.

  എന്നാല്‍  നായകനെ ആവശ്യത്തിലധികം "പുണ്യാളന്‍"  ആക്കുന്നും  ഇല്ല.ഗ്യാങ്ങുകള്‍  തമ്മില്‍  ഉള്ള പോരാട്ടങ്ങള്‍,കോടതി രംഗങ്ങള്‍,അധോലോക നായകനില്‍ അനുരക്ത  ആകുന്ന  നായിക,ചതി,വിശ്വാസ വഞ്ചന,കൊലപാതകങ്ങള്‍ എല്ലാം അധോലോക  ചിത്രങ്ങളുടെ  സ്ഥിരം  ഫോര്‍മാറ്റില്‍  തന്നെ   അവതരിപ്പിച്ചിട്ടും  ഉണ്ട്.പല  രംഗങ്ങളും  സ്റ്റൈലിഷ്  ആയിരുന്നു  താന്,പ്രത്യേകിച്ചും  പഞ്ചാബി  റോക്ക്  ഒക്കെ  പശ്ചാത്തലം  ആയി  വരുമ്പോള്‍.എന്നാല്‍  ചിത്രത്തില്‍ എവിടെയോ  എന്തൊക്കെയോ  പാകപ്പിഴവ് വന്നത് പോലെ.തിരക്കഥയില്‍  കുറച്ചും  കൂടി  ശ്രദ്ധിക്കാമായിരുന്നു.കഥ  പ്രവചിക്കാവുന്ന  രീതിയില്‍  ആയിരുന്നു അവതരിപ്പിച്ചിരുന്നത്  എന്നതൊക്കെ  പോരായ്മ  ആയി  തോന്നി.പ്രത്യേകിച്ചും  അതിനായുള്ള  ഒരു പ്ലോട്ട്  നിര്‍മിച്ചതിന്  ശേഷം.പിന്നെ വെള്ളക്കാരെ  മോശം   ആയി  കാണിക്കുന്ന  രംഗങ്ങള്‍  ഉള്ളത്  കൊണ്ട് അവര്‍ക്കും  ചിത്രം  അത്ര  പഥ്യം  ആയി  തോന്നിയില്ല.മോശം  റേറ്റിംഗ്  ഒക്കെ അതിന്റെ  കൂടി  ഭാഗം  ആകാം.സ്ഥിരം ഇന്‍ഡോ-കനേഡിയന്‍  ചിത്രങ്ങളുടെ  വിധി  തന്നെയായിരുന്നു  ഈ ചിത്രത്തിനും.


More movie suggestions @www.movieholicviews.blogspot.com

582.QISSA:THE TALE OF A LONELY GHOST(PUNJABI,2013)

582.QISSA:THE TALE OF A LONELY GHOST(PUNJABI,2013),|Fantasy|Drama|,Dir:-Anup Singh,*ing:-Madhuja Mukherjee, Anup Singh.


   സ്വാതന്ത്ര്യാനന്തര ഭാരത്തിനു ഉണ്ടായ  ഏറ്റവും വലിയ മുറിവായിരൂനു മതത്തിന്റെ പേരില്‍ രാജ്യം രണ്ടായി വിഭജിക്കപ്പെട്ടത്.വിഭജനത്തില്‍ പാക്കിസ്ഥാന്‍റെ  സ്വന്തമായി  മാറിയ   പഞ്ചാബിലെ  ഭാഗത്ത്‌  ഉണ്ടായ സംഘര്‍ഷങ്ങള്‍ അംബര്‍ സിങ്ങിന്റെയും കുടുംബത്തിന്റെയും പാലായനത്തിനു  വഴി തെളിച്ചു.സിഖുകാര്‍  അടങ്ങിയ ആ  ഗ്രാമം മൊത്തം അവിടെ  നിന്നും ശത്രുക്കളെ  തുരത്തിയെങ്കിലും  പാലായനം  ചെയ്തു.അവിടത്തെ ഗ്രാമവാസികളെ  ആക്രമിക്കാന്‍  വന്ന അവസാന  പാക്കിസ്ഥാനിയെയും  കൊന്ന്  "കിണറ്റിലെ  വെള്ളത്തിലെ  വിഷം"  ആക്കി  കഴിഞ്ഞാണ്  അംബര്‍ സിംഗ്  അവിടെ  നിന്നും പോകുന്നത്.

  ഇത്  വരെ ഉള്ളത്  യാതാര്‍ത്ഥ്യം.എന്നാല്‍ ഭാര്യ  മൂന്നാമതും അയാള്‍ക്ക്‌  പെണ്‍കുട്ടിയെ നല്‍കിയപ്പോള്‍  അടുത്തത് ആണ്‍ക്കുട്ടി  ആയിരിക്കും  എന്ന്  അയാള്‍  ഉറപ്പു  പറയുന്നു.ഭാര്യയുടെ പ്രവചനം പോലെ തന്നെ  നാലാമതും  പെണ്‍കുട്ടി  ആണ്  ഉണ്ടായതു.എന്നാല്‍  ആ ചിന്ത അംബര്‍ സിംഗിന്റെ  മനസ്സ്  മാറ്റി.പാലായനം ചെയ്തെങ്കിലും സ്വന്തം ജീവിതം കെട്ടിയുയര്‍ത്തിയ അയാള്‍ എന്നാല്‍ തനിക്കൊരു  പിന്ഗാമി  ഇല്ല  എന്നുള്ള ചിന്തയില്‍  ചെയ്തത് ഒരു ക്രൂരത  ആണ്.നാലാമത്തെ  മകള്‍ക്ക്  കണ്‍വര്‍  എന്ന്  പേരിട്ട അയാള്‍  അവളെ  ആണ്‍ക്കുട്ടി  ആയി  വളര്‍ത്തി.ആണ്‍ക്കുട്ടികളുടെ വസ്ത്രധാരണവും പെരുമാറ്റങ്ങളും എല്ലാം.

  ആദ്യ  രണ്ടു  ഭാഗത്തും  അവതരിപ്പിച്ചിരിക്കുന്ന  കഥ ഒരു  തലമുറ  മുഴുവന്‍  പെണ്‍കുട്ടി എന്ന്  പറഞ്ഞാല്‍  കുടുംബത്തിനു  ഒരു  ഭാരം  ആണെന്ന്  കരുതിയ  ചിന്തകളില്‍ നിന്നും  ഉരുത്തിരിഞ്ഞതാണ്.അംബര്‍  സിംഗും  അങ്ങനെ  തന്നെ  ചെയ്തു.എന്നാല്‍  അയാള്‍  അതിനെ   അയാളുടെ  ഭ്രാന്തന്‍  ചിന്തകളും  ആയി  നേരിട്ടു  എന്ന്  മാത്രം,എന്നാല്‍ ചിത്രത്തിന്റെ  മൂന്നാം  ഭാഗം  എന്ന്  പറയുന്ന  സ്ഥലം കൂടുതല്‍  സങ്കീര്‍ണം  ആകുന്നു.ആദ്യ  രണ്ടു  ഭാഗം  മൂലം  ഉണ്ടാകുന്ന അവിശ്വസനീയം  ആയ  ഒരു  മാനസികാവസ്ഥ.അത് ചിത്രത്തിലെ എല്ലാ  കഥാപാത്രങ്ങളെയും ബാധിക്കുന്നുണ്ട്  എന്നത്  സത്യം.സ്വന്തം  വ്യക്തിത്വം  പോലും  മറന്ന  ജന്മങ്ങളായി  അവര്‍  മാറുന്നു.2013 ലെ   Toronto International Film Festival ല്‍  Netpac Award ഈ  ചിത്രം  നേടിയിരുന്നു.ഒപ്പം  നിരൂപക  പ്രശംസയും..

More movie suggestions @www.movieholicviews.blogspot.com

Thursday, 7 January 2016

581.THE MATRIX(ENGLISH,1999)

581.THE MATRIX(ENGLISH,1999),|Sci-Fi|Action|,Dir:-Andy Wachowski, Lana Wachowski,*ing:-Keanu Reeves, Laurence Fishburne, Carrie-Anne Moss

  "The Matrix" എന്ന സിനിമയുടെ പേര് കേള്‍ക്കുമ്പോള്‍  തന്നെ ആദ്യം തന്നെ മനസ്സില്‍  വരുന്നത് അതിലെ ആക്ഷന്‍ സീനുകള്‍ ആകും.വെടിയുണ്ടകള്‍ ഒക്കെ വരുമ്പോള്‍ സ്ലോ മോഷനില്‍ ഒഴിഞ്ഞു കൊടുക്കുന്ന കഥാപാത്രങ്ങള്‍ ഒക്കെ സാധാരണ ഒരു ചിത്രത്തില്‍ ആയിരുന്നെങ്കില്‍ തികച്ചും അരോചകം തന്നെ ആയേനെ.എന്നാല്‍ "വാചോസ്ക്കി സഹോദരങ്ങള്‍" സംവിധാനം ചെയ്ത ഈ കീനു റീവ്സ് ചിത്രം അതിന്‍റെ കഥാഘടന കൊണ്ട് തന്നെ ആ രംഗങ്ങളെ അവിസ്മരണീയമായ അനുഭവം  ആക്കി  മാറ്റി.സയന്‍സ് ഫിക്ഷന്‍ ചിത്രം ആയ "ദി മാട്രിക്സ്" പറയുന്ന കഥ  നമ്മള്‍ ഉണ്ടെന്നു കരുതുന്ന ലോകം വെറും മായ  ആണെന്നും.ഒരു പ്രത്യേക രീതിയില്‍ പ്രോഗ്രാം ചെയ്ത ഒരു System ആണ് Virtual Reality എന്ന് വിശേഷിപ്പിക്കാവുന്ന ലോകത്തില്‍ ഉള്ളതും എന്നാണു.

   പ്രോഗ്രാമര്‍ ആയ നിയോ ഒരു ഹാക്കര്‍ കൂടി ആണ്.Matrix എന്ന വാക്ക് അയാളുടെ ശ്രദ്ധയില്‍ ആവര്‍ത്തിച്ച് വരുകയും അതിനെ കുറിച്ചുള്ള അന്വേഷണം അയാളെ കൊണ്ടെത്തിക്കുന്നത് മോര്‍ഫിയാസ് എന്ന കലാപകാരിയുടെ അടുക്കലും ആണ്.ലോകത്തെ കുറിച്ചുള്ള സത്യം അയാള്‍ നിയോയെ ബോധിപ്പിക്കുന്നു.ഒരു ചുവന്ന ഗുളിക കഴിക്കുന്ന നിയോ പിന്നീട് അറിയുന്നതും കാണുന്നതും ആയ ലോകവും അവിടത്തെ അയാളുടെ ശത്രുക്കളെയും മിത്രങ്ങളെയും ആണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌.ജാപ്പനീസ് ആയോധന കലയുടെ രീതിയില്‍ അവതരിപ്പിച്ച സംഘട്ടനങ്ങള്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഒരു Benchmark ആയി മാറി എന്നും പറയാം.

മാട്രിക്സ് എന്ന മായാവലയത്തില്‍ അകപ്പെട്ടു പോയവരും അതില്‍ നിന്നും രക്ഷപ്പെടാന്‍ ഉള്ള ശ്രമങ്ങളും പിന്നീട് ഈ ചിത്രത്തിന്റെ അടുത്ത രണ്ടു ഭാഗങ്ങള്‍ ആയി വന്നിട്ടുണ്ട്. The Matrix Reloaded ,The Matrix Revolutions എന്നിവയായിരുന്നു ഫ്രാഞ്ചൈസിയുടെ അടുത്ത രണ്ടു ചിത്രങ്ങള്‍.ഓസ്ക്കാര്‍ പുരസ്ക്കാര വേദിയില്‍ നാല് വിഭാഗത്തില്‍ ചിത്രം പുരസ്ക്കാരം നേടിയിരുന്നു.ചിത്രത്തിന്റെ മികവിന് കാരണമായ സാങ്കേതിക  വിഭാഗത്തില്‍ ആയിരുന്നു നാല് നാമനിര്‍ദേശങ്ങള്‍ നേടിയതും അത് മുഴുവനും അവാര്‍ഡ് ആയി ലഭിച്ചതും.Best Film Editing,Best Sound,Best Effects/Sound Effects Editing,Best Effects/ Sound Effects Editing എന്നീ വിഭാഗത്തില്‍ ആയിരുന്നു പുരസ്ക്കാരങ്ങള്‍.ലോകത്തിലെ തന്നെ മികച്ച സയന്‍സ് ഫിക്ഷന്‍ സിനിമകളുടെ കൂട്ടത്തില്‍ ആണ് "The Matrix" ന്‍റെ സ്ഥാനം.

More movie suggestions @www.movieholicviews.blogspot.com

  

580.SPOTLIGHT(ENGLISH,2015)

580.SPOTLIGHT(ENGLISH,2015),|Biography|Thriller|Drama|,Dir:-Tom McCarthy,*ing:-Mark Ruffalo, Michael Keaton, Rachel McAdams.

88മത് അക്കാദമി  പുരസ്ക്കരങ്ങളില്‍  6  നാമനിര്‍ദേശം  ലഭിച്ച  ചിത്രം  ആണ്  Spotlight.നാമനിര്‍ദേശം  ലഭിച്ച  വിഭാഗങ്ങള്‍  ചുവടെ.


  • Best Motion Picture of the Year

Michael Sugar
Steve Golin
Nicole Rocklin
Blye Pagon Faust


  • Best Performance by an Actor in a Supporting Role

Mark Ruffalo


  • Best Performance by an Actress in a Supporting Role

Rachel McAdams


  • Best Achievement in Directing

Tom McCarthy


  • Best Writing, Original Screenplay

Josh Singer
Tom McCarthy


  • Best Achievement in Film Editing

Tom McArdle
 


 അമരിക്കന്‍  പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഏറ്റവും പ്രശസ്തമായ കുറ്റാന്വേഷണ  ടീം  ആയിരുന്നു Spotlight."ദി ബോസ്റ്റന്‍  ഗ്ലോബ് "  പത്രത്തിലെ ആ  ടീം  അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ പുതിയ നിലവാരം  കെട്ടിയുയര്‍ത്തി.ഈ ചിത്രം അവതരിപ്പിക്കുന്നത്‌  അവരുടെ ആ ടീം  നേരിടേണ്ടി  വന്ന ഏറ്റവും  വലിയ പ്രതിസന്ധികളില്‍  ഒന്നിനെ  കുറിച്ചാണ്.വിശ്വാസം എന്നത് മനുഷ്യന്  എന്നും ഒഴിച്ചുക്കൂട്ടനാവാത്ത ഒന്നായിരുന്നു.അത് കൊണ്ട് തന്നെ അത് പ്രതിനിധീകരിക്കുന്ന  സ്ഥാപനങ്ങളുടെ മേല്‍ ഉള്ള ഏതൊരു നീക്കവും അവന്‍ സ്വയം  തിരഞ്ഞെടുക്കാന്‍  വിദൂരമായ സാധ്യത മാത്രമുള്ള മതത്തിനെ  പ്രതിക്കൂട്ടില്‍  ആക്കുമ്പോള്‍  പലപ്പോഴും പ്രതിരോധത്തില്‍ ആകുന്നു,

   ഈ ചിത്രവും  അത്തരത്തില്‍  ഉള്ള ഒരു കഥ പറയുന്നു.അമേരിക്കയിലെ ബോസ്ടന്‍  നഗരത്തിലെ പ്രധാന പത്രങ്ങളില്‍ ഒന്നാണ് "ദി ബോസ്റ്റന്‍ ഗ്ലോബ്".2000 നു  ശേഷം  അവര്‍ക്ക്  പുതിയ  ന്യൂസ് എഡിറ്റര്‍ വരുന്നു.ബാരോണ്‍ എന്ന ആള്‍ വ്യത്യസ്തന്‍  ആയിരുന്നു.എന്ത് കാര്യത്തിലും തികഞ്ഞ പ്രൊഫഷനലിസം കാണിച്ചിരുന്ന ബാരോണ്‍ ആ അടുത്ത്  ആ പത്രത്തിലെ ഒരു കോളം വാര്‍ത്തയെ Follow-Up ചെയ്യാന്‍ ആവശ്യപ്പെടുന്നു.ഒരു  വൈദികന് നേരെ ഉള്ള കുറ്റാരോപണം ആയിരുന്നു  ആ വാര്‍ത്ത‍.കുട്ടികളെ ലൈംഗികം ആയി  ചൂഷണം ചെയ്യുന്ന വൈദികര്‍  കത്തോലിക്കാ സഭയില്‍  ഉണ്ടെന്നുള്ള സംശയം  പലര്‍ക്കും ഉണ്ടായിരുന്നു.എന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും  ശക്തമായ ഒരു മത സ്ഥാപനത്തിന് നേരെ വിരല്‍  ഉയര്‍ത്താന്‍  പലരും   ഭയപ്പെട്ടിരുന്നു.പരസ്യമായ  ഒരു  അങ്ങാടി  രഹസ്യം  ആയിരുന്നു  അത്.

   ഈ  കേസിന്റെ  പിന്നില്‍  ഉള്ള സംഭവങ്ങള്‍  അന്വേഷിക്കാന്‍  ആണ്  ബാരോണ്‍ ആ സമയത്ത് ഉണ്ടായിരുന്ന Spotlight ടീമിനോട്  ആവശ്യപ്പെടുന്നത്.സിനിമയുടെ പ്ലോട്ടില്‍ നിന്നും  ഒട്ടും മാറാതെ  എന്നാല്‍  ഒരു  ത്രില്ലര്‍  സിനിമയുടെ ഫീല്‍ കൊണ്ട്  വന്നത്  ചിത്രത്തെ  കൂടുതല്‍  മികവിലേക്ക്  ഉയര്‍ത്തുന്നു.വിവാദ വിഷയം  ആയ്യിരുന്നു സിനിമയുടെ പ്രമേയം എങ്കിലും യഥാര്‍ത്ഥത്തില്‍  നടന്ന സംഭവങ്ങളെ  കുറിച്ചുള്ള വിശദമായ  വിശകലനം  ആയിരുന്നു  ഈ ചിത്രം.മാര്‍ക്ക് രഫലോ,മൈക്കില്‍ കീറ്റോണ്‍,രേച്ചാല്‍ മക് ആഡംസ്  തുടങ്ങി നല്ല  ഒരു  നിര  അഭിനേതാക്കള്‍  തന്നെയുണ്ട്‌ ഈ ചിത്രത്തില്‍.സംഭവത്തിന്റെ അവസാനം എന്താകും  എന്നറിയാം എന്നിരുന്നിട്ടും  ഈ ചിത്രത്തിന് പ്രേക്ഷകനെ  പിടിച്ചിരുത്താന്‍ ആയി  യാതൊരു  മുഷിപ്പും  ഇല്ലാതെ.ഈ  വര്‍ഷം   ഇറങ്ങിയ  ചിത്രങ്ങളില്‍  തീര്‍ച്ചയായും  കണ്ടിരിക്കണ്ട  ചിത്രങ്ങളില്‍  ഒന്ന് .

More movie suggestions @www.movieholicviews.blogspot.com

579.THE INTERN(ENGLISH,2015)

579.THE INTERN(ENGLISH,2015),|Comedy|,Dir:-Nancy Meyers,*ing:-Robert De Niro, Anne Hathaway, Rene Russo.


   വാര്‍ദ്ധക്യം  മനുഷ്യന്റെ  ജീവിതത്തിലെ  ഏറ്റവും  ദുരിതം  നിറഞ്ഞ സമയം  ആണ് ഒരു  ശരാശരി മനുഷ്യനെ സംബന്ധിച്ച്.ജീവിതക്കാലം മൊത്തം കഷ്ടപ്പെട്ട്  ജോലി  ചെയ്യുന്നത് ഒരു  പക്ഷെ ഈ  കാലഘട്ടത്തില്‍ വിശ്രമിക്കാന്‍  ആയിരിക്കും.എന്നാല്‍ പല മനുഷ്യരും അനുഭവിക്കുന്നത് ദുരിതം മാത്രം  ആയിരിക്കും.ചിലര്‍ക്ക്  അവരുടെ ഇണയെ നഷ്ടപ്പെടുന്നു.മറ്റു ചിലര്‍ക്ക് രോഗങ്ങളും ശ്രദ്ധിക്കാന്‍ മക്കള്‍ പോലും  ഇല്ലാത്ത അവസ്ഥയും.എന്നാല്‍  ബെന്‍ തന്റെ എഴുപതാം വയസ്സിലും വ്യത്യസ്തന്‍ ആണ്.ഇപ്പോഴും ബെന്‍ സ്വയം തിരക്കുകളില്‍  ജീവിക്കാന്‍  ആണ്  ആഗ്രഹിക്കുന്നത്.ഒറ്റയ്ക്ക്  താമസിക്കുന്ന ബെന്‍  തന്റെ  ജീവിതത്തില്‍ ഉടന്നീളം കാത്തു  സൂക്ഷിച്ചിരുന്ന ചിട്ടകള്‍ അതെ രീതിയില്‍  തന്നെ  തുടരുന്നു.ഒരു  വിട്ടു വീഴ്ചയും  ഇല്ലാതെ.

    Intern ആയി ഒരു പുതു തലമുറ ഓണ്‍ലൈന്‍ വസ്ത്ര വിപണന കമ്പനിയില്‍ ബെന്നിന്  കയറാനുള്ള  അവസരം  ലഭിക്കുന്നു.ചില ബാധ്യതകളുടെ പുറത്തു ആ  കമ്പനി നടത്തുന്ന പ്രോഗ്രാം ആയിരുന്നു അത്.മികച്ച രീതിയില്‍ അഭിമുഖങ്ങളെ നേരിട്ട ബെന്‍ അവിടെ Intern ആകുന്നു.സ്വന്തം ഐഡിയകള്‍ വിജയകരമായി മാര്‍ക്കറ്റ് ചെയ്ത ജൂള്‍സ് എന്ന സ്ത്രീയുടെ സ്വപ്നം ആയിരുന്നു ആ പ്രോജക്റ്റ്.അവര്‍ അതിനായി സ്വന്തം ജീവിതം പോലും നോക്കാതെ അധ്വാനിച്ചൂ.ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവര്‍ വിജയകരമായി  തന്റെ  ബിസിനസുമായി മുന്നോട്ടു പോകുന്നു.അവര്‍ക്ക്  താല്‍പ്പര്യം  ഇല്ലാതിരുന്നിട്ട് പോലും ബെന്‍ അവരുടെ ഒപ്പം ജോലി ചെയ്യേണ്ടി  വരുന്നു.

     ബെന്നിന്  ജീവിതത്തില്‍ ആകെ  ഉള്ളത് എക്സ്പീരിയന്‍സ് മാത്രം ആയിരുന്നു.40 വര്‍ഷം അയാള്‍ ജോലി  ചെയ്തിരുന്ന സ്ഥലത്ത്  പുതിയ കെട്ടും  ഭാവവും ആയി പുതിയ രീതികളും ബെന്‍  ഇണങ്ങി  തുടങ്ങുമ്പോള്‍ അയാള്‍  ജീവിതത്തില്‍ പുതിയ  ഒരു  അദ്ധ്യായം തുടങ്ങുക  ആയിരുന്നു.ബിസിനസ്സില്‍   വിജയം നേടിയെങ്കിലും ജീവിതത്തില്‍  പതറി  തുടങ്ങുന്ന ജൂള്‍സിനു  ബെന്‍ എങ്ങനെ സഹായം ആകുന്നു  എന്നതാണ്  ബാക്കി ചിത്രം.റോബര്‍ട്ട് ഡി നീറോ  എന്നത്തേയും  പോലെ  സ്ക്രീനില്‍  നിറഞ്ഞു  നിന്നൂ.ചെറിയ തമാശകളും അല്‍പ്പം പോസിറ്റീവ് ചിന്തകളും  ഒക്കെ  നല്‍കി കൊണ്ട് ചിത്രം അവസാനിക്കുമ്പോള്‍ സന്തോഷത്തോടെ  കണ്ടിരിക്കാവുന്ന  ഒരു  ചിത്രം  ആയി Intern മാറുന്നു.

More movie suggestions @www.movieholicviews.blogspot,com 

Tuesday, 5 January 2016

578.HENERAL LUNA(FILIPINO,2015)

578.HENERAL LUNA(FILIPINO,2015),|Biography|History|,Dir:-Jerrold Tarog,*ing:-John Arcilla, Mon Confiado, Arron Villaflor.

     ദേശസ്നേഹം  എന്ന  വാക്കിനു  പലതരത്തില്‍  ഉള്ള വ്യാഖ്യാനങ്ങള്‍  നല്‍കിക്കൊണ്ടിരിക്കുന്ന ഈ   കാലത്ത് ഫിലിപ്പിന്‍സില്‍  നിന്നും  ദേശ  സ്നേഹം  എന്ന  വാക്കിനെ   അവരുടെ  സ്വാതന്ത്ര്യത്തിനു വേണ്ടി ഉള്ള പോരാട്ടവുമായി  ചേര്‍ത്ത്  വായിച്ച്   അതിന്റെ  വിലയെ  കുറിച്ച് അവര്‍ അറിയാന്‍  കാരണം  ആയ   ഒരാള്‍  ഉണ്ടായിരുന്നു. ജെനറല്‍ ലൂണ.കര്‍ക്കശക്കാരന്‍  ആയ ഒരു  പട്ടാളക്കാരന്‍  എന്നതില്‍  ഉപരി ഒരു  വലിയ ദേശ സ്നേഹിയും ആയിരുന്ന മനുഷ്യന്‍.എന്നാല്‍ സ്വാതന്ത്ര്യം  എന്ന  വാക്കിനും ദേശസ്നേഹം  എന്നതിനും പ്രത്യേകിച്ച് ഒരു പ്രാധാന്യവും കൊടുക്കാത്ത ഒരു ജനത.അവര്‍ക്ക് ആര് അവരെ  ഭരിച്ചാലും  അവരുടെ സ്വകാര്യ താല്‍പ്പര്യങ്ങള്‍ക്ക് മാത്രം  ആയിരുന്നു  പ്രാധാന്യം.ഒരു  യുദ്ധത്തിനു  സൈന്യം ട്രെയിനില്‍  പോകുമ്പോള്‍ അതില്‍  സ്വന്തക്കാരെ  സഞ്ചാരികളെ പോലെ  കൊണ്ട്  പോകാന്‍  താല്‍പ്പര്യപ്പെടുന്ന  സൈനികര്‍  ഉള്ള  ഒരു  രാജ്യം.

   പറഞ്ഞു  വരുന്നത്  ഫിലിപ്പിന്‍സ്  എന്ന  രാജ്യത്തെ  കുറിച്ചാണ്.യഥാര്‍ത്ഥ സംഭവങ്ങളും അല്‍പ്പം ഫിക്ഷനും കൂട്ടി  ചേര്‍ത്ത് ആണ് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദേശസ്നേഹി ആയ  ജെനറല്‍ ലൂണയുടെ  കഥ  അവതരിപ്പിച്ചിരിക്കുന്നത്.സ്പെയിനിന്‍റെ  അടുക്കല്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ചു എന്ന്  വരുത്തി തീര്‍ത്ത  രീതിയില്‍  അമേരിക്ക, ഫിലിപ്പിന്‍സില്‍ തങ്ങളുടെ കോളനി  സ്ഥാപിക്കാന്‍  ഉള്ള ശ്രമങ്ങള്‍  തുടങ്ങുന്നു.എന്നാല്‍ ഈ  നീക്കം  മുന്നില്‍  കണ്ട ജെനറല്‍  ലൂണ സൈന്യത്തിനെ സജ്ജം  ആക്കാന്‍  ശ്രമിക്കുന്നു.എന്നാല്‍ ഭരണ സംവിധാനങ്ങളില്‍ മുഖ്യ സ്ഥങ്ങളില്‍ ഉണ്ടായിരുന്ന ചിലര്‍ അമേരിക്കയെ  അനുകൂലിക്കുന്നു.അവരില്‍ പലരും  സ്പെയിന്‍  ഭരണത്തിലും  കച്ചവട താല്‍പ്പര്യങ്ങളിലൂടെ അവരുടെ  പങ്കാളികള്‍  ആയിരുന്നു.

   കണ്ണിന്റെ  മുന്നില്‍  ഉള്ള  മിത്രത്തെ  കൂടുതല്‍  ഭയക്കേണ്ടി  വന്ന അവസ്ഥ  ആയിരുന്നു  ജെനറല്‍  ലൂണയ്ക്ക്.ലൂണയുടെ  കാര്‍ക്കശ്യം  നിറഞ്ഞ  സ്വഭാവം  പലരെയും  ഭയപ്പെടുത്തി.രാജ്യത്തിലെ  ഏറ്റവും ശക്തനായ  ,പട്ടാള  ജെനറലിന്റെ വാക്കുകളെ ധിക്കരിക്കുന്ന  ആര്‍ക്കും  മരണം  എന്നത്  ശിക്ഷ  ആണെന്ന്  പട്ടാള നിയമത്തിലെ  ആദ്യ വാക്ക്യം  ആയി  ചേര്‍ത്ത  രാജ്യത്ത്  ജെനറല്‍  ലൂണ  അത്രയ്ക്കും  ശക്തനും  ആയിരുന്നു.എന്നാല്‍  ജെനറല്‍   ലൂണ  തന്‍റെ ജീവിത ലക്ഷ്യത്തില്‍  വിജയിച്ചോ?ശത്രുക്കളുടെ നീക്കങ്ങളെ എങ്ങനെ  ലൂണ  നേരിട്ടു?കൂടുതല്‍  അറിയാന്‍  ചിത്രം  കാണുക.ഫിലിപ്പിന്‍സ്  സിനിമ  ചരിത്രത്തിലെ  വലിയ  സംഭവങ്ങളില്‍  ഒന്നായിരുന്നു ഈ  ചിത്രം.ഈ വര്‍ഷത്തെ  മികച്ച വിദേശ  സിനിമകളുടെ  അവസാന  പട്ടികയില്‍  ഓസ്ക്കാര്‍  പുരസ്ക്കാരത്തില്‍  എത്തി ചേരും  എന്ന്  പലരും പ്രതീക്ഷിച്ച  ചിത്രം.എന്നാല്‍ പ്രതി  സ്ഥാനത്ത്  അമേരിക്ക  വന്നത്  കൊണ്ട് അവഗണിക്കപ്പെട്ടൂ  എന്ന  അഭിപ്രായങ്ങള്‍  പലയിടത്ത്  നിന്നും  കേട്ടിരുന്നു.ഒരു എപിക്/ബയോഗ്രഫി എന്ന  നിലയില്‍  ചിത്രം  മികച്ചു  നില്‍ക്കുന്നു.പ്രത്യേകിച്ചും ജെനറല്‍  ലൂണ ആയി  വേഷമിട്ട  ജോണ്‍  ആര്‍ക്കില്ല മികച്ച  പ്രകടനം  ആയിരുന്നു  നടത്തിയത്.എന്നാല്‍  സാധാരണ  ഇത്തരം  ബയോപിക് ചിത്രത്തില്‍  നിന്നും  പ്രതീക്ഷിക്കുന്ന  ഒരു  അവസാനം  അല്ല  ഫിലിപ്പിന്‍സിലെ  ഏറ്റവും  മഹാനായ,തന്ത്രജ്ഞനായ,ധൈര്യശാലി ആയ  മനുഷ്യന്‍റെ  കഥയുടെ അവസാനം സംഭവിച്ചത്.


More movie suggestions @www.movieholicviews.blogspot.com

1995. Drop ( English, 2025)