Tuesday, 18 June 2024

1808. The Best Offer ( English, 2013)


 1808. The Best Offer ( English, 2013)

          Mystery.

ലോകത്തിൽ എന്തിന്റെയും വ്യാജസൃഷ്ടി നിർമിക്കാൻ സാധിക്കുമോ? വസ്തുക്കളുടെ ശരിയായിരിക്കും. എന്നാൽ വികാരങ്ങളോ?


സിനിമ പാരഡൈസോ, ഗിസേപ്പേ ടോർണാറ്റോറെ എന്നീ പേരുകൾ ഒരു സിനിമ സ്നേഹിയെ സംബന്ധിച്ച് അധികം മുഖവുരകൾ വേണ്ടാത്തത്തതാണ്. ഗിസെപ്പേയുടെ 2013 ൽ റിലീസ് ആയ ഒരു ഹിച്ച്കോക്കിയൻ സ്റ്റൈൽ ചിത്രം ആണ് The Best Offer. 


 വിലപിടിപ്പുള്ള പുരാവസ്തുക്കളുടെ ലേലം നടത്തുന്ന ഒരു കമ്പനിയുടെ ഡിറക്റ്റർ ആണ്  വിർഗിൽ. സ്വന്തമായി ഉന്നതമായ നിലവാരം നിർമിച്ചു അതിനനുസരിച്ചു ജീവിക്കുന്ന,  ധാരാളം വിലപിടിപ്പുള്ള വസ്തുക്കളുടെ ഉടമ കൂടി ആണയാൾ. ഒരു ദിവസം അയാൾ തന്റെ വീട്ടിലെ വസ്തുക്കൾ എല്ലാം വില നിശ്ചയിച്ചു വിറ്റു തരണം എന്ന ആവശ്യവുമായി ക്ലെയർ എന്ന യുവതി അയാളെ വിളിക്കുകയാണ്‌. എന്നാൽ ഫോണിലൂടെ അല്ലാതെ അവൾ അയാളുടെ മുന്നിലേക്ക്‌ വരുന്നില്ല. എന്നാൽ ഈ ഫോൺ വിളികൾ വിർഗിലിന്റെ ജീവിതത്തെ അടിമുടി മാറ്റുകയാണ്. അതെങ്ങനെ എന്നതാണ് The Best Offer പറയുന്നത്.


 സിനിമ ഇറങ്ങിയ സമയത്ത് ധാരാളം നല്ല നിരൂപണങ്ങൾ കേട്ടത് കൊണ്ടും ഏകദേശം കഥയെ കുറിച്ച് ഒരു രൂപം ഉള്ളത് കൊണ്ട് ഒരു ദശാബ്ദത്തോളം കഴിഞ്ഞാണ് ഞാൻ The Best Offer കാണാൻ തീരുമാനിക്കുന്നത്. സിനിമ കണ്ട് കൊണ്ടിരുന്നപ്പോൾ തന്നെ ഒരു പക്ഷെ തേർഡ് ആക്റ്റ് ഇങ്ങനെ ആയിരിക്കും എന്നൊരു ചിന്ത മനസ്സിലൂടെ പോയിരുന്നു. എന്നാൽ ആ ചിന്ത ഏകദേശം അതേപോലെ വന്നെങ്കിലും The Best Offer അത് വരെ എന്റെ ഉള്ളിലെ പ്രേക്ഷകനെ പലപ്പോഴായി മറ്റൊരു ലോകത്തിലേക്കു കൊണ്ട് പോയിരുന്നു.


 സ്വാർത്ഥൻ ആയ ഒരു മനുഷ്യൻ, അയാളുടെ സൗഹൃദങ്ങൾ, ശീലങ്ങൾ, പ്രണയം എന്നിവയെല്ലാം ശരിക്കും ഇത്തരത്തിൽ ഉള്ള ചിന്തകളിൽ നിന്നും പ്രേക്ഷകനെ distract ചെയ്യുക ആയിരുന്നു എന്ന് ഒരു പക്ഷെ സിനിമയുടെ അവസാനം തോന്നിയാലും കുഴപ്പമില്ല. ഒരു പക്ഷെ വിർഗില്ലിന്റെ അവസ്ഥയും ഇങ്ങനെ ആയിരിക്കണം എന്ന് പറഞ്ഞാലും അതിശയോക്തി ആകില്ല.


കഥാപാത്രങ്ങളും പ്രേക്ഷകനും തമ്മിൽ ശക്തമായ ഒരു ബന്ധം ഉണ്ടാക്കുക, അതിനു ശേഷം സ്‌ക്രീനിൽ നടക്കുന്നത് പ്രേക്ഷകനെ വിശ്വസിപ്പിക്കുക എന്ന സിനിമയുടെ ഏറ്റവും വലിയ മാന്ത്രികതയാണ് ഇവിടെ കാണാൻ സാധിക്കുന്ന. അജ്ഞാതയായി ഇരിക്കാൻ താൽപ്പര്യം ഉള്ള യുവതിയോട് ഇടയ്ക്ക് ചെറിയ പ്രണയം പ്രേക്ഷകന് തോന്നിയാലും കുഴപ്പമില്ല. കാരണം , വിർഗിൽ ചിലപ്പോൾ ഈ അവസ്ഥയിൽ ആയിരിക്കണം. പ്രേക്ഷകനും കഥാപാത്രവും  ഉണ്ടാക്കിയ ബന്ധം കാരണം അത് നമുക്ക് കൂടുതൽ ആയി അനുഭവപ്പെടുന്നു എന്ന് മാത്രം.


 ഏതൊരു വസ്തുവിന്റെയും മൗലികമായ രൂപത്തെയും വ്യാജ നിർമിതിയെയും തമ്മിൽ തിരിച്ചറിയാൻ കഴിയുന്ന വീർഗിലിന്റെ ജീവിതത്തിൽ അയാൾക്ക്‌ തെറ്റ് പറ്റിയോ എന്നത് ആണ് The Best Offer പറഞ്ഞ് വയ്ക്കുന്നത്. തീർച്ചയായും കാണാൻ ശ്രമിക്കുക. നല്ലൊരു ചിത്രമാണ്.



⭐⭐⭐⭐½ /5


സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.


  

No comments:

Post a Comment