1726. RDX ( Malayalam, 2023)
Streaming on Netflix
⭐⭐⭐⭐/5
എന്തായാലും RDX കണ്ടു കഴിഞ്ഞപ്പോൾ 'തല്ലുമാല ' കണ്ടു ഇഷ്ടപ്പെടാത്തത് കൊണ്ട് അമ്മാവൻ ആയെന്നു മുദ്ര കുത്തപ്പെട്ട് നിരാശൻ ആയിരുന്ന എനിക്ക് സമാധാനമായി. കാരണം RDX ഇഷ്ടപ്പെട്ടൂ. കിടിലൻ ആക്ഷൻ സിനിമ. ഓരോ പഞ്ചിനും കിക്കിനും അതിനുള്ള പവർ സ്‌ക്രീനിൽ കാണാൻ കഴിഞ്ഞ പടം.
അതേ പോലെ ഓരോ ഇടിക്കും അതിന്റേതായ കാര്യങ്ങൾ നിരത്തി തന്നെ അവതരിപ്പിച്ചത് കൊണ്ട് ഒരു ഇടിയും പാഴായി പോയത് പോലെയും തോന്നിയില്ല. ആന്റണി വർഗീസിനെ കുറിച്ച് ഒന്നും പറയാനില്ല. ഇതേ പോലുള്ള ഇടി സിനിമകൾക്ക് tailor - made ആണ് ആൾ. പക്ഷെ നീരജ്, ഷെയ്ൻ എന്നിവർ സർപ്രൈസ് ആയിരുന്നു. ഇമേജ് ബ്രേക്കിങ് എന്ന് പറയാം.
സ്ഥിരം ഡിപ്രഷൻ കഥാപാത്രത്തിൽ നിന്നും ഫുൾ ആയി മോചനം ഇല്ലെങ്കിലും ആക്ഷൻ സീനുകൾ നന്നായി തോന്നി. നീരജിന്റെ നഞ്ചക്സ് പ്രകടനം കിടിലം ആയിരുന്നു. ആക്ഷൻ കോറിയോഗ്രാഫി, ബി ജി എം എന്നിവ ആണ് പല മാസ് സിനിമകളും elevate ചെയ്തത്. കൃത്യമായി അതെല്ലാം ഉപയോഗിച്ചിട്ടുണ്ട്. ബാബു ആന്റണിക്കു കുറെ കൂടി സ്ക്രീൻ സ്‌പേസ് ഉണ്ടായിരുന്നേൽ എന്ന് ആഗ്രഹിച്ചു. പിന്നെ പറയാൻ മറക്കരുത് വില്ലന്മാരുടെ വിളയാട്ടം. വിഷ്ണു അഗസ്ത്യ, പിന്നെ പേരറിയാത്ത കുറെ വില്ലന്മാർ, എല്ലാവരും പൊളിച്ചു. വിഷ്ണുവിനെ ഇൻസോംനിയ നൈറ്റ്സ് മുതൽ ശ്രദ്ധിച്ചത് ആണ്.
പിന്നെ തല്ലുമാല പോലെ മനസ്സിലാകാത്ത ഭാഷ അല്ലാത്തത് കൊണ്ട് കഥ, സംഭാഷണം ഒക്കെ മനസ്സിലാക്കി തന്നെ സിനിമ കണ്ടു. മോന് കാണാൻ വേണ്ടി മാത്രം ഇംഗ്ലീഷ് സബ്സ് വച്ചൂ എന്ന് മാത്രം. മറ്റേതിൽ അതല്ലായിരുന്നല്ലോ അവസ്ഥ.
എന്തായാലും സംവിധായകൻ നഹാസ് പണി അറിയാവുന്ന ആൾ ആണെന്ന് മനസ്സിലായി. ആക്ഷൻ സിനിമകൾ തീരെ റിലീസ് വരാതെ അവസാനം തല്ല്മാല ഒക്കെ മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷൻ സിനിമ ആണെന്നൊക്കെ പറഞ്ഞ് കേട്ടപ്പോൾ ഇനി ഇഷ്ടപ്പെടുന്ന ഒരു ആക്ഷൻ സിനിമയും മലയാളത്തിൽ നിന്നുണ്ടാകില്ല എന്ന വിഷമം ഒരു 80's വസന്തം എന്ന നിലയിൽ ഉണ്ടായിരുന്നു. അത് എന്തായാലും മാറി.
പാട്ടുകൾ എല്ലാം നേരത്തെ തന്നെ ഇഷ്ടപ്പെട്ടായിരുന്നു. എന്നേ സംബന്ധിച്ച് പൂർണമായും തൃപ്തി നൽകിയ ഒരു മലയാള സിനിമ ആണ് RDX.