Monday, 30 May 2022

1494. Along Came a Spider (English,2001)

 1494. Along Came a Spider (English,2001)

         Mystery, Thriller.




  മോർഗൻ ഫ്രീമാന്റെ അലക്സ് ക്രോസ് സിനിമ പരമ്പരയിൽ Kiss the Girls നു ശേഷം വന്ന ചിത്രമാണ് Along  Came A Spider. ആദ്യ സിനിമയിൽ നിന്നും തുടരുന്ന രണ്ടാം ഭാഗത്തിൽ അലക്സിന്റെ പാർട്ണർ ഒരു sting ഓപ്പറേഷനിൽ കൊലപ്പെടുന്നു. അതിന്റെ കുറ്റബോധത്തിൽ ജീവിക്കുന്ന അയാൾ ഒരു കേസിൽ ഉൾപ്പെടുകയാണ്.


  സുരക്ഷ ഭീഷണിയുള്ള ഒരു രാഷ്ട്രീയക്കാരന്റെ മകളെ ആരോ കിഡ്നാപ്പ് ചെയ്യുന്നു. കിഡ്നാപ്പ് ചെയത ആൾ അലക്സിനു ആണ്‌ അതിനെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നത്. അങ്ങനെ അലക്സും ഈ കേസിൽ ഭാഗം ആകുന്നു. എന്നാൽ ഒരു ക്യാറ്റ് ആൻഡ് മൗസ് കളിക്കും അപ്പുറം മറ്റു ചില കാര്യങ്ങൾ കൂടി സംഭവിക്കുന്നു. ചില ചെറിയ പ്ലോട്ട് ട്വിസ്റ്റ്‌ ഒക്കെയായി ജെയിംസ് പാട്ടേഴ്സന്റെ ഇതേ പേരിൽ ഉള്ള നോവലിന്റെ സിനിമ ആവിഷ്ക്കാരം അവസാനിക്കുന്നു.


 ആദ്യത്തെ ഭാഗത്തിന്റെ അത്രയും complex അല്ലായിരുന്നു എങ്കിലും തരക്കേടില്ലാത്ത ഒരു സൈക്കോളജിക്കൽ ത്രില്ലർ ആണ്‌ ചിത്രം. ആദ്യ ഭാഗത്തിലെ ക്ലൈമാക്സ്‌ ഫയറിങ് പോലെ എന്തെങ്കിലും ഉണ്ടാകും എന്നു കരുതിയെങ്കിലും ഒരു പ്ലോട്ട് ട്വിസ്റ്റ്‌ കൊണ്ട് വന്ന് അത് compensate ചെയ്തിട്ടുണ്ട്.മൊത്തത്തിൽ തരക്കേടില്ലാത്ത ചിത്രം.

 താൽപ്പര്യം ഉള്ളവർക്ക് കണ്ടു നോക്കാം.


Download Link: t.me/mhviews1 

 ഡൗൺലോഡ് ലിങ്ക്, കൂടുതൽ സിനിമ suggestions എന്നിവ www.movieholicviews.blogspot.com ൽ ലഭിക്കും.

Sunday, 29 May 2022

1141.The Witch: Part 1. The Subversion(Korean,2018)

 1141.The Witch: Part 1. The Subversion(Korean,2018)

         Mystery,Thriller.



    ഒരു സാധാരണ ഗ്രാമത്തിലെ പെണ്ക്കുട്ടി.ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നു.പതിവ് സിനിമകളിലെ  പോലെ അവൾ തുടക്കത്തിൽ അതിൽ വിജയി ആകുന്നു.ഫൈനൽ റൗണ്ടിലേക്ക് പോകുമ്പോൾ അവളുടെ മനസ്സിൽ തന്റെ കുടുംബത്തെ സഹായിക്കാൻ കുറച്ചു പണം സമ്പാദിക്കുക എന്നതാണ്.എന്നാൽ, പെട്ടെന്ന് തന്നെ സിനിമയുടെ മൊത്തം സ്വഭാവം മാറുകയാണ്.കൊറിയൻ സിനിമകളിലെ പ്ലോട്ട് മാറ്റത്തിലൂടെ അമ്പരപ്പിക്കുന്ന സ്വഭാവം കാത്തു സൂക്ഷിക്കുന്ന ഒരു സിനിമ.അതാണ് The Witch: Part 1. The Subversion.


    പഴകിയ ഒരു പ്രമേയം ആണെന്ന് തോന്നാമെങ്കിലും വളരെ ഭംഗിയായി അവതരിപ്പിച്ചു അതിന്റെ പൂർണ തീവ്രതയോട് തന്നെ രണ്ടാമത്തെ ഭാഗത്തിനായി പ്രേക്ഷകനെ കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ചിത്രം ആണ് The Witch: Part 1. The Subversion.Transformation രംഗം ഒക്കെ സിനിമയുടെ പ്ലോട്ടിനെ മൊത്തത്തിൽ മാറ്റുന്നുണ്ടെങ്കിലും അത് മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.ആദ്യ ഭാഗം അവസാനിക്കുമ്പോൾ പോലും കഥയുടെ ഒരു ചെറിയ ഭാഗം മാത്രം പ്രേക്ഷകന് മുന്നിൽ ഇട്ടു കൊടുത്തു കൂടുതൽ ചോദ്യങ്ങൾ അവശേഷിപ്പിച്ചാണ് അവസാനിക്കുന്നത്.


   കൊറിയൻ സിനിമയിലെ പുതു തലമുറയിലെ അഭിനേതാക്കൾ ആണ് ചിത്രത്തിൽ കൂടുതലും.സന്ദര്ഭത്തിനു ചേർന്ന മികച്ച ആക്ഷൻ രംഗങ്ങൾ, സിനിമ അവതരിപ്പിച്ചതിലെ വേഗത എന്നിവയും സിനിമയുടെ ത്രില്ലർ സ്വഭാവത്തിന് കൂടുതൽ മികവ് നൽകി.കൊറിയൻ സിനിമ പ്രേമികൾ ഒരു കാരണവശാലും കാണാതെ വിടരുത് The Witch: Part 1. The Subversion. 


MH View Rating 3.5/4


 സിനിമയുടെ ലിങ്ക് www.movieholicviews.movie.blog  ൽ ലഭ്യമാണ്.

Thursday, 26 May 2022

1493. Memory (English, 2022)

 1493. Memory (English, 2022)

         Action, Crime.



  ബെൽജിയൻ ചിത്രമായ The Memory of a Kilker ന്റെ റീമേക്ക് ആണ്‌ ലിയാം നീസന്റെ പുതിയ ചിത്രമായ Memory. ലിയാമിന്റെ ആരാധകരെ സംബന്ധിച്ച് അദ്ദേഹത്തിന്റെതായി അവസാനം വന്ന ചിത്രങ്ങളിൽ ഭേദപ്പെട്ട ചിത്രം എന്നു പറയാവുന്ന ഒന്ന് ആണ് Memory.


  എന്നാൽ, ഒറിജിനൽ ചിത്രം വച്ചു നോക്കിയാലും സമാനമായ, ഒരു പക്ഷെ ക്ളീഷേ പ്രമേയമായ കഥ വച്ചു നോക്കിയാലും മികച്ചതെന്നു തോന്നിക്കാത്ത ഒരു സിനിമ ആയാണ് Memory അനുഭവപ്പെട്ടത്. വാടക കൊലയാളി ആയ നായകൻ തന്റെ അവസാന ജോലി ആയി ലഭിച്ചത് ഒരു 12 വയസുകാരിയെ കൊലപ്പെടുത്തുക എന്ന ജോലി ആയിരുന്നു. അതറിയാതെ ആ ജോലി ഏറ്റെടുത്ത അയാൾ അതിൽ നിന്നും പിന്മാറുകയും അത് മൂലം അയാളുടെ ശത്രുക്കളുടെ എണ്ണം കൂടുകയും ചെയ്യുന്നു.

 

അൽഷിമേഴ്‌സ് പതിയെ അയാളുടെ ഓർമകളെയും മറ്റും ബാധിച്ചു തുടങ്ങിയെങ്കിലും തനിക്കു ശരി എന്നു തോന്നുന്ന കാര്യം ചെയ്യാൻ അയാൾ തീരുമാനിക്കുന്നു. ഇതാണ് സിനിമയുടെ കഥ.


  സിനിമയുടെ പോസിറ്റീവ്, നെഗറ്റീവ് എന്നിവയെ കുറിച്ച് തുടക്കത്തിൽ പറഞ്ഞത് പോലെ തന്നെ, ലിയാം നീസന്റെ ആരാധകർക്കു ഈ അടുത്ത സമയം അദ്ദേഹം ചെയ്ത ഭേദപ്പെട്ട ചിത്രം ആണ്‌ Memory. എന്നാൽ മറ്റുള്ളവർക്ക് രസിക്കാൻ ഉള്ള ഒന്നും അധികം സിനിമ നൽകുന്നും ഇല്ല.

 

Guy Pearce ചെയ്ത പോലീസ് വേഷം തമ്മിൽ ഭേദം ആയിരുന്നു. Monica Bellucci സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തെങ്കിലും വലിയ ഇമ്പാക്ട് ഉണ്ടാക്കിയതും ഇല്ല. ലിയാം നീസന്റെ പ്രായം അനുസരിച്ചു ഉള്ള ഒരു വേഷം ആയിരുന്നെങ്കിലും ഒരു ആരാധകൻ എന്ന നിലയിൽ കുറേക്കൂടി നല്ല സിനിമകൾ പ്രതീക്ഷിക്കുന്നു. നിക്കോളാസ് കേജ് ധാരാളം മോശം സിനിമകൾക്ക് ശേഷം തിരിച്ചു വന്നത് പോലെ ഒരെണ്ണം.അത് ക്രിട്ടിക്സിന്റെ ഇടയിൽ നല്ല അഭിപ്രായം കിട്ടുന്ന ഒന്നായാലും തരക്കേടില്ല.

Download  Link : t.me/mhviews1

More movie suggestions and download link available @www.movieholicviews.blogspot.com

Wednesday, 25 May 2022

1492. Love Death+ Robots Vol 3 (English, 2022)

 1492. Love Death+ Robots Vol 3 (English, 2022)

           Sci-Fi, Thriller: Streaming on Netflix.



 ക്യാപ്സൂൾ രൂപത്തിൽ ഉള്ള കഥകൾ. പറയാൻ ഏറെയുണ്ട് ഓരോ കഥയ്ക്കും, ഓരോ കഥാപാത്രത്തിനും.അതും മികച്ച അനിമേഷൻ രൂപത്തിൽ അവതരിപ്പിച്ച 5 മുതൽ 15 മിനിറ്റിനുള്ളിൽ തീരുന്ന എപ്പിസോഡുകളിൽ അവതരിപ്പിക്കുന്ന മാജിക് ആണെന്ന് നിസംശയം Love Death +Robots നെ വിശേഷിപ്പിക്കാം.


 ആദ്യ രണ്ട് volume നല്ലത് പോലെ ഇഷ്ടമായ  ഒരാൾ എന്ന നിലയിൽ ഏറെ പ്രതീക്ഷയോടെ ആണ്‌ കണ്ടത്.പ്രതീക്ഷ എന്തായാലും തെറ്റിയില്ല. മുൻ രണ്ട് volume നൽകിയ അതെ ആസ്വാദനം ഇവിടെയും ലഭിച്ചു.മികച്ച ദൃശ്യങ്ങളും അതെ സമയം ഹൊറർ ഫീലും നൽകിയ ജിബാരോ, ഡേവിഡ് ഫിഞ്ചരിന്റെ പകയുടെയും വിശ്വാസത്തിന്റെയും കഥ പറയുന്ന ബാഡ് ട്രാവെല്ലിങ്,ആക്ഷനും sci -fi യും യോജിപ്പിച്ച Kill Team Kill, വ്യത്യസ്തമായ, പരിണാമം സംഭവിച്ച എലികളുടെ കഥ പറയുന്ന Mason's Rat, Zombie Apocalypse യുടെ കഥ പറയുന്ന Night of the Mini Dead എല്ലാം മികച്ചു തന്നെ നിന്നു.


  ആവശ്യത്തിലധികം രക്‌തചൊരിച്ചിൽ ഉള്ള സാമാന്യ ഭാവനയുടെ അപ്പുറം നിൽക്കുന്ന ഒരു പിടി കഥകൾ,9 എപ്പിസോഡ് ആയി anthology രൂപത്തിൽ അവതരിപ്പിച്ച സീരീസ് പ്രണയം, മരണം, അതിന്റെ ഒപ്പം റോബോട്ടുകൾ കൂടി ചേരുന്ന കഥയും കഥാപശ്ചാത്തലവും ആയാണ് Netflix അവതരിപ്പിച്ചിരിക്കുന്നത്. മുൻ ഭാഗങ്ങളിൽ മികച്ച കഥകൾ വേറെയും ഉണ്ട്.

  ചെറിയ സമയ ദൈർഖ്യം ആണ്‌ ഓരോ എപ്പിസോഡിനും ഉള്ളത് എന്നത് കൊണ്ട് തന്നെ ബോർ അടിക്കാതെ കാണാവുന്ന സീരീസ് ആണ്‌ Love Death + Robots


More movie suggestions @www.movieholicviews.blogspot.com

Monday, 23 May 2022

1491. Oruthee (Malayalam, 2022)

 1491. Oruthee (Malayalam, 2022)



  Erida എന്ന ഒരു മോശം സിനിമ അവതരിപ്പിച്ച വി കെ പ്രകാശ് തന്നെയാണ് ഒരുത്തീ എന്ന സിനിനയും അവതരിപ്പിച്ചിരിക്കുന്നത്. തന്റെ മുൻ സിനിമയെ വച്ചു നോക്കിയാൽ സംവിധായകൻ എന്ന നിലയിൽ വി കെ പി യുടെ ഗ്രാഫ് ഏറെ മുകളിൽ കൊണ്ട് പോകേണ്ട ചിത്രം തന്നെയാണ് ഒരുത്തീ.


  രാധാമണി എന്ന സാധാരണക്കാരി അവരുടെ മകൾ ആശുപത്രിയിൽ കിടന്നപ്പോൾ ഉണ്ടായ സമ്പത്തിക പരാധീനത  കാരണം ആണ്‌ മുഖ്യമായും, അടുത്ത് വാങ്ങിയ സ്വർണ്ണ മാല പണയം വയ്ക്കാൻ പോയത്. എന്നാൽ അവർ പറ്റിക്കപ്പെടുക ആണെന്ന് മനസ്സിലാകുന്ന സ്ഥലത്തു ആണ്‌ സിനിമയുടെ കഥ ആരംഭിക്കുന്നത്.


  അതിനു ശേഷം അവർക്കു നടക്കുന്ന സംഭവങ്ങൾ നമുക്ക് എങ്ങാനും ആണ്‌ സംഭവിച്ചത് എങ്കിൽ ഉള്ള ഭീകരമായ അവസ്ഥ ഒന്ന് ഓർത്താൽ തന്നെ സിനിമ അൽപ്പം ടെൻഷൻ അടുപ്പിക്കുന്ന ഒരു ത്രില്ലർ ആയി മാറുന്നുണ്ട്. കുറച്ചു നേരം മാത്രം ഉള്ള വിനായകന്റെ കഥാപാത്രവും നന്നായിരുന്നു.


  മൊത്തത്തിൽ തരക്കേടില്ലാത്ത ഒരു ത്രില്ലർ ആണ്‌ ഒരുത്തീ. സംഭവം നടന്ന ദിവസം ഏതാണ് എന്നു കാണിക്കാൻ ആണോ അതോ സിനിമയിലൂടെ സിനിമ അവതരിപ്പിച്ചവരുടെ രാഷ്ട്രീയം പറയാൻ  ആണോ എന്തോ അവസാനം വരെ ടി വി ബാക്ഗ്രൗണ്ട് ആയി അത് പറയുന്നുണ്ടായിരുന്നു. അത് ടാർഗറ്റ് ചെയ്ത പ്രേക്ഷകരുടെ കയ്യടി കൂടി കിട്ടട്ടെ. അല്ലെങ്കിലും വലതു പക്ഷ രാഷ്ട്രീയത്തിന് എതിരെ എന്തെങ്കിലും പറയാതെ എന്ത് മലയാള സിനിമ?

 

അത് പറഞ്ഞാലും പറഞ്ഞില്ലെങ്കിലും സിനിമയുടെ കഥ അത്യാവശ്യം നല്ലതായി തന്നെ ആണ്‌ തോന്നിയത്. എന്നാലും സിനിമ അവതരിപ്പിച്ച രീതി കുറെ കൂടി നന്നാക്കാമായിരുന്നു എന്നു തോന്നി.കഥയിൽ ഉള്ള ഭീകര അവസ്ഥ സ്‌ക്രീനിൽ ഉണ്ടായിരുന്നോ എന്നു സംശയം ഉണ്ട്.


  എന്തായാലും Erida പോലെ ഒരു ചിത്രം അവതരിപ്പിച്ച ആളിൽ നിന്നും അടുത്ത് വന്ന ചിത്രമായ ഒരുത്തീ കുറേക്കൂടി നല്ലതായിരുന്നു.മൊത്തത്തിൽ ശരാശരി ആയ അനുഭവം.

Sunday, 22 May 2022

1490.Good Neighbor(English, 2016)

 1490.Good Neighbor(English, 2016)

          Thriller, Drama: Streamingon Tubi TV (Canada)



 മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാൻ ഉള്ള ത്വര മനുഷ്യ സഹജം ആയിരിക്കണം. അത് കൊണ്ട് തന്നെ ആയിരിക്കണം ഇത്തരം വിഷയങ്ങൾ കാലാകാലങ്ങളായി സിനിമ, നോവൽ എന്നിവയ്ക്കു പ്രമേയം ആയി വരുന്നത്. ഹിച്കോക് ചിത്രം ആയ Rear Window മുതൽ പലതും ഓർമ വരുന്നതും. Disturbia, The Girl on the Train പോലുള്ള പല ചിത്രങ്ങളും പല രീതിയിലും ഈ concept ആയി യോജിച്ചു പോകുന്ന ചിത്രങ്ങളാണ്.


  The Good Neighbor അത്തരം ഒരു പ്രമേയം ആണ്‌ അവതരിപ്പിക്കുന്നത്.രണ്ട് യുവാക്കൾ അവരുടെ സോഷ്യൽ മീഡിയയ്ക്ക് വേണ്ടി വീഡിയോ content നിർമ്മിക്കുന്നുന്നുണ്ട്‌. ഇത്തവണ അവർ തിരഞ്ഞെടുത്തത് അവരുടെ അയൽവാസിയുടെ ജീവിതം ആണ്‌. മുരടൻ ആയ, വിഭാര്യൻ ആയ, ഒറ്റയ്ക്ക് താമസിക്കുന്ന ആൾ എന്ന നിലയിലും, അയാളുടെ സംശയാസ്പദമായ സ്വാസഭാവം രീതികളും ആണ്‌ അവരിൽ കൗതുകം ഉണ്ടാക്കിയത്.


  അവർ അതിനായി രഹസ്യമായി ഒളി ക്യാമറകൾ അയാളുടെ വീട്ടിൽ സ്ഥാപിക്കുന്നു. അതിനു ശേഷം അയാളുടെ ചലനങ്ങളെ വീക്ഷിച്ചു തുടങ്ങുന്നു. ഒളി ക്യാമറകൾ സ്ഥാപിച്ചതിനോടൊപ്പം അയാളെ ഭയപ്പെടുത്താൻ ഉള്ള പല ഗിമ്മിക്കുകളും അവർ ചെയ്യുന്നുണ്ട്. എന്നാൽ പലപ്പോഴും അതിലെല്ലാം നിർവികാരം കാണിച്ച അയാളുടെ ഭൂതക്കാലം അവർ വിചാരിച്ചതിനും അപ്പുറം ആയിരുന്നു.


 ഇതിനൊപ്പം മറ്റൊരു ബാക്ക് സ്റ്റോറി കൂടി ചിത്രം പറയുന്നുണ്ട്. ശരിക്കും ക്ലൈമാക്സ്‌ പ്രതീക്ഷിച്ചതിനും അപ്പുറം ആയിരുന്നു. ഒരു ത്രില്ലർ എന്ന നിലയിൽ നിന്നും അവർ ഒളി ക്യാമറയിൽ പകർത്തിക്കൊണ്ടിരുന്ന മനുഷ്യന്റെ കഥ. കഥയുടെ ഏകദേശ രൂപം ഇതാണ്. സിനിമ കാണണം എന്നു തോന്നുന്നെകിൽ ഒന്ന് ട്രൈ ചെയ്യുക.


എനിക്ക് പേഴ്സണലി ഇഷ്ടമായി ചിത്രം.


Download Link: t.me/mhviews1


More movie suggestiins and download link available @www.movieholicviews.blogspot.com

Saturday, 21 May 2022

1489. 12th Man ( Malayalam, 2021)

 1489.  12th Man ( Malayalam, 2021)

          Streaming on Hotstar (Canada)



  Perfect Strangers കണ്ടു കഴിഞ്ഞിട്ട് ഏഷ്യാനെറ്റ് വച്ച ജീത്തു ജോസഫ് കണ്ടത് ബിഗ് ബോസിൻ്റെ പരസ്യം ആയിരിക്കണം. പുള്ളിക്കാരൻ, തൻ്റെ ട്വിസ്റ്റ്+ സസ്പെൻസ് ഒക്കെ എഴുതാൻ ഉള്ള കഴിവ് കൂടി വച്ച് നേരെ എഴുതി തീർത്തത് ആയിരിക്കും 12th Man.

                      -Just Kidding-


  Perfect Strangers പണ്ട് കണ്ടപ്പോൾ സിനിമ നന്നായി ഇഷ്ടപ്പെട്ടെങ്കിലും ചില രഹസ്യങ്ങൾ അങ്ങനെ തന്നെ ഇരിക്കേണ്ടത്തിൻ്റെ ആവശ്യകതയെ കുറിച്ച് ആലോചിച്ചിരുന്നു.ഇന്ന് 12th Man കണ്ടപ്പോൾ അതൊന്നു കൂടി ഊട്ടി ഉറപ്പിച്ചു. Perfect Strangers ലെ basic ആയ ആശയം മാത്രം കടമെടുത്ത്, അതിനെ ഇത്തരത്തിൽ ഒരു കഥയായി മാറ്റിയത് ജീത്തുവിൻ്റെ കഴിവ് ആണെന്ന് പറയാം.


  സിനിമയുടെ Act 1 ലാണ് Perfect Strangers കടന്നു വരുന്നത്.അതിൽ തന്നെ കഥാപാത്രങ്ങൾ പ്രേക്ഷകൻ്റെ മനസ്സിൽ എന്ത് മാത്രം registered ആയി എന്നുള്ളത് ഒരു ചോദ്യമാണ്. അവിടെ നിന്നും പ്രതീക്ഷിച്ചത് പോലെ Act 2 വിൽ ഉണ്ടാകുന്ന സംഭവം കഥയുടെ മെയിൻ ഭാഗം ആയി മാറുന്നു. Act 3 യിലെ revelation ഭാഗം ആണ് ഇതിൽ തീരെ impact തരാതെ പോയത്. പക്ഷേ wait!!


  ക്ലൈമാക്സിൽ ഉള്ളതിനേക്കാൾ അധികം ട്വിസ്റ്റ്, സസ്പെൻസ് എല്ലാം അതിനു മുന്നേ ഉള്ള സിനിമയുടെ കഥയിൽ വന്നത് ആണ് സിനിമയിലെ interesting part. സത്യം പറഞാൽ സിനിമ അപ്രതീക്ഷിതമായി പ്രേക്ഷകനെ പിടിച്ചു ഇരുതുന്നത് അവിടെയാണ്. ഓരോ സംഭാഷണവും ട്വിസ്റ്റ്, സസ്പെൻസ് എന്നിവയുടെ പെരുമഴക്കാലം തന്നെ ആയിരുന്നു.

അത് കൊണ്ട് തന്നെ ആണ് അതിലും താഴെ നിൽക്കുന്ന ക്ലൈമാക്സ് തീരെ താൽപ്പര്യം നൽകാതെ പോയതും.


   OTT യ്ക്ക് വേണ്ടിയുള്ള, പ്രത്യേകിച്ച്  വൈകിട്ടത്തെ മലയാളം ടിവി സീരിയൽ സംസ്ക്കാരത്തിൽ 12th Man ബ്രില്യൻ്റ് ആയി പ്ലേസ് ചെയ്യുക അത്തരത്തിൽ ഉള്ള പ്രേക്ഷകനെ മുന്നിൽ കണ്ട് തന്നെ അവതരിപ്പിച്ച ചിത്രമാണ്. ബിഗ് ബോസിനെ പോലെ മോഹൻലാലിന് ചെവിയിൽ ഹെഡ്സെറ്റ്, മൈക് ഒക്കെ ഇല്ല എന്നേ ഉള്ളൂ.അഭിനയം അതിൻ്റെ ഹാങ്ങോവർ ഉള്ളത് പോലെ ആയിരുന്നു.മോഹൻലാലിൻ്റെ ഇൻട്രോ ഒക്കെ ബോർ ആയിരുന്നു എന്നും എടുത്തു പറയുന്നു. മോഹൻലാൽ എന്ന Madani perform ചെയ്യാൻ ഉള്ള വലിയ സ്പേസ് ഒന്നും സിനിമയിൽ ഇല്ലായിരുന്നു.അത് കൊണ്ട് അദ്ദേഹം സിമ്പിൾ ആയി തന്നെ അവതരിപ്പിച്ചു സ്ഥിരം ലാൽ മാനറിസങ്ങൾ നിറഞ്ഞ കഥാപാത്രം


 മൊത്തത്തിൽ മോശം അല്ലാത്ത, സംതൃപ്തി നൽകിയ ചിത്രമാണ് 12th Man. മുക്കിനു മുക്ക് വരുന്ന ട്വിസ്റ്റ്, അതിൻ്റെ നിലവാരം ചർച്ച ചെയ്താൽ പോലും അത് place ചെയ്തത് സിനിമയിൽ perfect ആയിരുന്നു. മികച്ച എഴുത്തുകാരൻ എന്ന നിലയിൽ നിന്നും നല്ലൊരു സംവിധായകൻ എന്ന നിലയിൽ ജീത്തു ജോസഫിൻ്റെ വളർച്ചയുടെ അടയാളം കൂടി ആണ് 12th Man.


  കാണാത്തവർ കണ്ടോളൂ!!മോശം സിനിമ അല്ല 12th Man. ഇഷ്ടമാകും!!

Wednesday, 18 May 2022

1488. Why Don't You Just Die!(Russian,2018)

 1488. Why Don't You Just Die!(Russian,2018)

          Mystery, Action

          


Bloodbath, Bloodletting, Carnage!!


  മാറ്റ്വെ അയാളുടെ കാമുകിയായ ഒല്യായുടെ ഒരു ആഗ്രഹം സാധിച്ചു കൊടുക്കാൻ വേണ്ടി ആണ് അവളുടെ മാതാപിതാക്കളുടെ അപാർട്ട്മെൻ്റിൽ എത്തുന്നത്. അവളുടെ അച്ഛനെ കൊലപ്പെടുത്തുക എന്നതായിരുന്നു ഒല്യായുടെ ആവശ്യം.അസ്വാഭാവികം ആയ ഒരു ആവശ്യം.അല്ലേ?പ്രത്യേകിച്ചും തൻ്റെ കാമുകനോട് ഒരു കാമുകി ആവശ്യപ്പെടുന്ന ഒരു ആഗ്രഹം ആണോ എന്ന് പോലും സ്വാഭാവികമായും സംശയിക്കാം.


  എന്നാൽ ആ ചോദ്യം അവിടെ നിൽക്കുമ്പോൾ തന്നെ മാറ്റ്വെ എത്തപ്പെട്ട അപാർട്മെൻ്റ് ചോരക്കളം ആയി മാറി തുടങ്ങുക ആയിരുന്നു.ചതി, വിശ്വാസ വഞ്ചന, ബന്ധങ്ങളിലെ കാപട്യങ്ങൾ, ആർത്തി, അനുകമ്പ ഇല്ലാത്ത മനുഷ്യർ എന്നീ ഘടകങ്ങൾ ആണ് സിനിമയിൽ പിന്നീട് കാണാൻ സാധിക്കുക.ഈ കാര്യങ്ങൾ എങ്ങനെ സിനിമയുടെ കഥയിലേക്ക് ചേർക്കപ്പെടും എന്ന് അറിയാൻ ചിത്രം കാണുക.


  ചുരുക്കം ചില കഥാപാത്രങ്ങൾ മാത്രമാണ് സ്ക്രീനിൽ വരുന്നതെങ്കിലും, അവരിൽ ഓരോരുത്തർക്കും ഓരോ കഥ പറയാൻ ഉണ്ടായിരുന്നു. ആ കഥകൾ പലതും നേരത്തെ പറഞ്ഞ ഘടകങ്ങളെ പ്രേക്ഷകൻ്റെ മുന്നിൽ എത്തിക്കുക ആണ്.പല കഥകളിലും ട്വിസ്റ്റ്, സസ്പെൻസ് എന്നിവയും ഉണ്ട്.അതെല്ലാം പതിയെ ഒഴുകുന്ന ജലം എത്തി ചേരുന്ന ഒരു നദി പോലെ മാറി, ആ നദിക്ക് രക്തത്തിൻ്റെ നിറവും ഗന്ധവും നൽകുകയാണ് ഈ ചിത്രത്തിൽ.


  നല്ല രീതിയിൽ വയലൻസ് ഉള്ള, തങ്ങളുടെ അതി ജീവനം മാത്രം ലക്ഷ്യം ആക്കി ജീവിക്കുന്നവർക്ക് പരസ്പരം അനുകമ്പ തോന്നണം എന്നും ഇല്ലല്ലോ.വെറുതെ വയലൻസിന് വേണ്ടി ഉള്ള രക്ത ചൊരിച്ചിൽ അല്ല.പകരം കഥയുടെ ഒപ്പം blend ചെയ്തു പോകുന്ന സംഭവങ്ങൾ.ഇതിൽ ചിലതൊക്കെ ഒരു ഡാർക് കോമഡി മൂഡിൽ ചിരിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നത് മറ്റൊരു കാര്യം.


  മേൽപ്പറഞ്ഞ കഥ വായിച്ചപ്പോൾ സിനിമയുടെ സ്വഭാവം ഏകദേശം മനസ്സിലായി , സിനിമ കാണണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ കണ്ടോളൂ എനിക്ക് ഇഷ്ടമായി Why Don't You Just Die!


  എന്നാലും എത്ര ലിറ്റർ ചുവന്ന പെയിൻ്റ് ആയിരിക്കും സിനിമയിൽ ഉപയോഗിച്ചിരിക്കുക?

Download link: t.me/mhviews1

More movie suggestions and download link available @www. movieholicviews.blogspot com

1487.Everything Everywhere All at Once(English, 2022)

 1487. Everything Everywhere All at Once (English, 2022)

          Fantasy, Action, Comedy.




  Marvelous!!Amazing!! Incredible!!


എല്ലാവരും കാണണം ഈ സിനിമ.സിനിമയുടെ അനന്തമായ സാധ്യതകൾ ഇതിൽ നിങ്ങൾക്ക് കാണാൻ സാധിക്കും.

  

  സിനിമ കണ്ട് കഴിയുമ്പോൾ ഇങ്ങനെ ഒരു വികാരം പ്രേക്ഷകൻ്റെ മനസ്സിൽ ഉണ്ടാക്കാൻ കഴിഞ്ഞ ഒരു ചിത്രമാണ് Everything Everywhere All at Once. എന്തായാലും എനിക്ക്  അങ്ങനെ തന്നെ ആണ് തോന്നിയത്. Multi-verse എന്ന conceptൻ്റെ അനന്തമായ സാധ്യതകൾ ഉപയോഗിച്ച് അവസാനത്തോടെ അടുക്കുമ്പോൾ novel ആയ ഒരു കഥയെ ഇത്തരത്തിൽ കണക്റ്റ് ചെയ്യുക എന്നത് തന്നെ ഉന്നതമായ ഭാവനാസൃഷ്ടി ആണെന്ന് നിസംശയം പറയാം കഴിയും.


  തുടക്കത്തിൽ ഒരു ആക്ഷൻ, സൂപ്പർ - ഹീറോ സിനിമ പോലെ തുടങ്ങിയെങ്കിലും അവസാനം ആകുമ്പോഴേക്കും nihalism പോലുള്ള ആഴമേറിയ concept ലൂടെ ജീവിതത്തെ അവതരിപ്പിക്കുകയും അതിനെ പ്രേക്ഷകനിൽ നല്ലൊരു feel ഉണ്ടാക്കി എടുക്കാനും കഴിഞ്ഞു Everything Everywhere All at Once ലൂടെ.


  Parallel Universe concept. അതിൽ നമ്മളെ പോലുള്ള മറ്റുള്ളവർ, പക്ഷേ ചെയ്യുന്നത് വ്യത്യസ്തമായ ജോലികൾ, വ്യത്യസ്തമായ ജീവിതം. അതിനോടൊപ്പം നമ്മുടെ ജീവിതത്തിൽ നമ്മൾ വേണ്ടെന്ന് കരുതിയ വഴിത്തിരിവുകൾ.ഇതെല്ലാം നമ്മളിൽ ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ട് എങ്കിൽ ഈ സിനിമ നല്ലത് പോലെ connect ചെയ്യാൻ കഴിയും.


  ഈ സിനിമ ഒരു മായാജാലം തന്നെ ആയിരുന്നു.സ്ക്രീനിൽ മിന്നി മറഞ്ഞു പോകുന്ന പല ലോകങ്ങളുടെ അവിടത്തെ രീതികൾ, എല്ലാം തന്നെ ഉന്നതമായ ചിന്തയുടെ കൂടി output ആണ്.സിനിമ ആസ്വാദകർക്ക് വല്ലപ്പോഴും മാത്രം ലഭിക്കുന്ന  masterpiece എന്ന് പറയാവുന്ന ചിത്രം.കണ്ടു കഴിഞ്ഞിട്ടും മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന കുറെ കഥാപാത്രങ്ങൾ.ശരിക്കും ഭ്രമിച്ചു പോയി സിനിമയുടെ മേക്കിംഗ് കണ്ടിട്ട് തന്നെ.

   കഥയെ കുറിച്ച് ചോദിച്ചാൽ, ചെറുപ്പത്തിൽ ഇഷ്ടപ്പെട്ട ആളിൻ്റെ ഇറങ്ങി പോയ ചൈനീസ് പെൺക്കുട്ടി ആയ ഈവ്ലിൻ ഇപ്പൊൾ ഭർത്താവിനോടൊപ്പം laundromat നടത്തി ജീവിക്കുന്നു.അവരുടെ മകൾ വളർന്നു വലുതായി അവൾക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കുന്നു.ഈ സമയം ആണ് മറ്റൊരു ലോകത്തിൽ നിന്നും അവളുടെ സഹായം അഭ്യർത്ഥിച്ചു കൊണ്ട് ഒരാൾ എത്തുന്നത്. അവിടെ തുടങ്ങുന്ന നിഗൂഢത നമ്മളെ തമാശയുടെയും ആക്ഷൻ്റെയും മറ്റു പലതിൻ്റെയും ലോകത്തിലൂടെ കൊണ്ടെത്തിക്കുന്നത് നമ്മുടെ ജീവിതത്തിൻ്റെ കുറിച്ചുള്ള ചില ചിന്തകളിലേക്ക് ആണ്. ഇത്രയേറെ ആഴത്തിൽ ഉള്ള കുറെ concepts ഒരു ചിത്രത്തിലൂടെ തന്നെ ഒരുമിച്ചു അവതരിപ്പിച്ചിട്ടുണ്ട് ഉണ്ടോ എന്ന് സംശയമാണ്.


  വെറും 38 തിയറ്ററിൽ തുടങ്ങിയ A24 സിനിമ നിരൂപക - പ്രേക്ഷക പ്രശംസയും നേടി കൂടുതൽ തിയറ്ററുകളിൽ റിലീസ് ആയി വൻ വിജയം ആയി മാറുക ആണ് ഉണ്ടായത്.തീർച്ചയായും കണ്ടിരിക്കേണ്ട സിനിമകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താം Everything Everywhere All at Once നേ. മറക്കാതെ കാണുക.


Download Link: t.me/mhviews1


More movie suggestions and download link available @www.movieholicviews.blogspot com

Tuesday, 17 May 2022

1486. The Night House(English, 2020)

 1486. The Night House(English, 2020)

          Horror, Mystery/ Streaming on Disney+ (Canada)



 അപ്രതീക്ഷിതം ആയിരുന്നു ഓവൻ്റെ മരണം.അയാളുടെ ഭാര്യ ബെത്തിനെ സംബന്ധിച്ച് എന്തിനാണ് ആയാൾ തോക്ക് ഉപയോഗിച്ചു ആത്മഹത്യ ചെയ്തത് എന്ന് പോലും അറിയില്ല.മരണപ്പെട്ടവർ മരിച്ചതിന് ശേഷം പ്രിയപ്പെട്ടവരുടെ അടുക്കലേക്ക് വരുമോ?ബെത്തിന് അങ്ങനെ ആണ് പിന്നീട് ഉള്ള ദിവസങ്ങളിൽ തോന്നിയത്.ഓവൻ പണി കഴിപ്പിച്ച നദിക്കരയിൽ ഉള്ള വീട്ടിൽ അവൾക്ക് അയാളുടെ സാന്നിധ്യം അനുഭവപ്പെടുന്നു.കൂടാതെ അവളുടെ സ്വപ്നങ്ങളിൽ വിചിത്രമായ പലതും കാണുന്നു.


  അവളുടെ മാനസിക നില, ഓവൻ മരിച്ചപ്പോൾ ഉണ്ടായ ആഘാതത്തിൽ മാറിയതും ആകാം.എന്നാലും ചില കാഴ്ചകൾ അവളിൽ സംശയങ്ങൾ ഉണ്ടാക്കി തുടങ്ങി.ഇവൻ്റെ മരണത്തിൻ്റെ പിന്നിൽ ഉള്ള ദുരൂഹത കണ്ടെത്തണം എന്ന അവളുടെ അതിയായ മോഹം കൊണ്ടെത്തിക്കുന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത, ദുരൂഹമായ കാര്യങ്ങളിലേക്ക് ആണ്.


 പ്രേതം എന്ന കൺസെപ്റ്റ് ആണോ സൈക്കോളജിക്കൽ ത്രില്ലർ എന്ന നിലയിൽ ആണോ  സിനിമ കണ്ടതിനു ശേഷം ഈ കഥയെ കുറിച്ച് തോന്നിയത് എന്നത് പ്രേക്ഷകൻ്റെ മാനസികാവസ്ഥ അനുസരിച്ച് തീരുമാനിക്കുന്ന ഒന്നായി ആണ് തോന്നിയത്.നല്ല ഡാർക് ആയ, ദുരൂഹമായ ഒരു കഥയാണ് The Night House അവതരിപ്പിക്കുന്നത്.ക്ലൈമാക്സ് അപ്രതീക്ഷിതം ആയിരുന്നു.അത് വരെ കണ്ട കാഴ്ചകളിൽ നിന്നും വ്യത്യസ്തം ആയ ഒരു ക്ലൈമാക്സ്. 


  തരക്കേടില്ലാത്ത നല്ലൊരു ചിത്രമായി തോന്നി The Night House.കഥയിൽ അടുത്തത് എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ ഓവൻ എന്തിന് അങ്ങനെ ഒരു കടും കൈ ചെയ്തൂ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ കാണുക.

Download Link: t.me/mhviews1

More movie suggestions and download link available at www.movieholicviews.blogspot.com

Sunday, 15 May 2022

1485. The Kashmir Files(Hindi, 2022)

 1485. The Kashmir Files(Hindi, 2022)

          Streaming on Zee5



  വ്യക്തിപരമായി, ഇടയ്ക്ക് രാഷ്ട്രീയ സംവാദങ്ങളിൽ മാത്രം കേട്ടുള്ള പരിചയം ആണ് കശ്മീരിൽ നിന്നും പണ്ഡിറ്റുകൾ പാലായനം ചെയ്യേണ്ടി വന്ന സംഭവം.പ്രത്യേകിച്ചും കേരളത്തിൽ ജനിച്ചു വളർന്ന ഒരാൾ എന്ന നിലയിൽ ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളിലും ഉണ്ടായ യുദ്ധം ഉൾപ്പടെ ഉള്ള കെടുതികൾ അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നത് കൊണ്ട് തന്നെ വായിച്ചു മാത്രം അനുഭവം ഉള്ള കാര്യമാണ്.


  The Kashmir Files ഇറങ്ങിയ സമയം ആണ് പല ഭാഗത്തിൽ നിന്നും ഉള്ള വാദങ്ങൾ ശ്രദ്ധിക്കുന്നത്. ഒരു അഭിപ്രായം ഉണ്ടാക്കി എടുക്കുക എന്നതിലുപരി ഒരു വിഭാഗത്തിൻ്റെയും രാഷ്ട്രീയ സംവാദങ്ങൾ കൂടുതൽ ഈ വിഷയത്തിൻ്റെ ആഴം അറിയാൻ സഹായിച്ചു എന്ന് മാത്രം.


  ആർട്ടിക്കിൾ 370 എടുത്ത് കളയുന്നതിന് മുന്നേ ഒരു ഇന്ത്യക്കാരൻ കനേഡിയൻ പൗരൻ ആയാൽ എന്തൊക്കെ മാറ്റം ഉണ്ടാകും ഒരു ഇന്ത്യൻ പൗരനിൽ എന്ന ചോദ്യത്തിന് ഉത്തരമായി പല കാര്യങ്ങൾ പറയുന്നതിനോടൊപ്പം കശ്മീരിൽ സ്ഥലം വാങ്ങാൻ കഴിയില്ല എന്ന് ഉത്തരം പറയുകയും, അതിനൊപ്പം തന്നെ അല്ലേലും ഇന്ത്യൻ പൗരൻ ആയിരുന്നാൽ തന്നെ അതിനു കഴിയില്ലലോ എന്നും പറയുമായിരുന്നു.ഇന്ത്യയെ കുറിച്ച് സ്കൂളിൽ പഠിക്കാൻ തുടങ്ങിയ സമയം മുതൽ വാർത്തകളിലും മറ്റുമായി ഒരു പ്രഹേളിക ആയി നിറഞ്ഞു നിന്നിരുന്നു കശ്മീർ എല്ലായ്പ്പോഴും.അതിനു ഇപ്പോഴും വലിയ മാറ്റം എന്തെങ്കിലും ഉണ്ടായി എന്ന് കരുതുന്നില്ല.


  The Kashmir Files എന്ന ചിത്രത്തെ ഒരു propaganda എന്നൊക്കെ ആരെങ്കിലുമൊക്കെ വിശേഷിപ്പിച്ചാലും അത്തരം ഒരു വിഷയത്തിൽ ഒരു ഭാഗത്ത് നിൽക്കുന്നവർക്ക് പറയാൻ ഉള്ളത് വ്യക്തമായി അവതരിപ്പിച്ച ചിത്രമായി തോന്നി. പ്രമുഖ മാധ്യമ അവതാരക പറഞ്ഞത് പോലെ ശവക്കുഴി ഇനിയും തോണ്ടണോ എന്ന ചോദ്യത്തിന് ചരിത്രം അതിൻ്റെ പല വശവും പല സമയങ്ങളിൽ ആയി ചർച്ച ചെയ്യപ്പെടും എന്നും അറിഞ്ഞിരിക്കേണ്ട കാര്യമാണ്.


  പല വിഷയങ്ങളിലും ഇത്തരം കഥകൾ പറയാൻ ഉണ്ടാകും. നമ്മൾ ഒരു പക്ഷെ പഠിച്ചും വായിച്ചും കണ്ടും വളർന്നത് ഭൂരിഭാഗം ഇതിൽ ഒരു വശം മാത്രം ആയിരിക്കും. മറു വിഭാഗത്തിനും ശബ്ദം ഉണ്ടാകണം.അത്തരം ഒരു ശബ്ദം ആണ് The Kashmir Files.  സിനിമ എന്ന നിലയിൽ നല്ല രീതിയിൽ അവതരിപ്പിച്ച, വിഷയത്തിനോട് ഏറെ നീതി പുലർത്തിയ ചിത്രം എന്ന നിലയിലും മികച്ചു നിന്നു.


 സംവാദങ്ങൾ ഇനിയും നടക്കട്ടെ.മുപ്പത് വർഷങ്ങൾക്ക് ശേഷവും നീതി കിട്ടിയില്ല എന്ന് വിലപിക്കുന്ന ഒരു ജനതയ്ക്ക് നീതിയും ലഭിക്കട്ടെ. അങ്ങനെ ഒരു സംവാദത്തിന് തുടക്കം കുറിക്കാൻ ഒരു സിനിമയ്ക്ക് കഴിഞ്ഞിട്ട് ഉണ്ടെങ്കിൽ പ്രതീക്ഷയോടെ തന്നെ സിനിമ എന്ന മാധ്യമത്തിൻ്റെ വിനോദ രസത്തിനും അപ്പുറം അതിൻ്റെ ശക്തിയെ ബഹുമാനിക്കുന്നു. 


  ഈ ഒരു വിഷയത്തിൽ ഏതു ഭാഗത്തു നിന്നാലും, ഒരു സംവാദം ലക്ഷ്യമിട്ട് എങ്കിലും ചിത്രം കാണാൻ ശ്രമിക്കുക.സിനിമ കൈകാര്യം ചെയ്ത വിഷയവും അവതരിപ്പിച്ച രീതിയും നന്നായി ഇഷ്ടപ്പെട്ടു.ഇത്തരം ഒരു വിഷയം ഒരു ഡോക്യുമൻ്ററി ആയി വരുന്നതിലും നല്ലത് main- stream സിനിമയുടെ ഭാഗമായി കൂടുതൽ ആളുകളിൽ എത്തി ചേരുക എന്നത് ആണ്.

1484. Jhund (Hindi,2022)

 1484. Jhund (Hindi,2022)

          Streaming on Zee5



  ക്ലീഷേ എന്ന വാക്കിന് സിനിമ വിഭാഗങ്ങൾക്കിടയിൽ ഒരു പകരം വാക്ക് ഉണ്ടെങ്കിൽ അത് സ്പോർട്സ് ഡ്രാമ വിഭാഗം ആയിരിക്കും.ചുരുക്കം ചില സിനിമകൾ ഒഴികെ ഭൂരിഭാഗം സിനിമകളിലും ക്ലൈമാക്സ് പ്രേക്ഷകന് ഊഹിക്കാൻ കഴിയുന്ന ഒന്നാണ്.പക്ഷേ പ്രേക്ഷകനിൽ താൽപ്പര്യം തോന്നിപ്പിക്കാൻ ഉള്ള എന്തെങ്കിലും ആ ക്ലൈമാക്സിൽ ഉണ്ടെങ്കിൽ സിനിമ രക്ഷപ്പെടാൻ സാധ്യതയുണ്ട്.


  എന്നാൽ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി വിജയ് ബർസെ നടത്തിയ സ്പോർട്സ് ഉൾപ്പെടുന്ന വിപ്ലവത്തിന് ദൃഷ്യാവിഷ്‌ക്കാരം നൽകിയപ്പോൾ മൊത്തത്തിൽ സിനിമ എന്ന നിലയിൽ നേരത്തെ പറഞ്ഞ ഒരു impact തോന്നിയില്ല. നാഗ്പൂരിലെ ചേരികളിൽ നിന്നും ഫുട്ബോൾ കളിക്കുന്ന ഏതാനും യുവാക്കളെ കണ്ടെത്തുകയും അതിലൂടെ അവരുടെ ജീവിതം മാറ്റി മറിക്കുകയും ചെയ്യുന്ന വിജയ് ആയി അമിതാബ് ബച്ചൻ ആണ് സ്ക്രീനിൽ വന്നത്.


  ദളിത് - അംബേദ്കേറിയൻ movement എല്ലാം പ്രതിപാദിച്ചു പോകുന്നുണ്ടെങ്കിലും ഒരു സിനിമ എന്ന നിലയിൽ നല്ലത് പോലെ നാടകീയത അനുഭവപ്പെട്ടു. മുഖ്യ കഥാപാത്രങ്ങളിൽ ഒരാൾക്ക് ഇടയ്ക്ക് വരുന്ന പ്രണയം,മറ്റൊരു മരണം തുടങ്ങി എല്ലാം കഥാപാത്രങ്ങളിൽ തന്നെ യാതൊരു ചലനവും ഉണ്ടാക്കിയതായി കണ്ടില്ല.പ്രത്യേകിച്ചും ക്ലൈമാക്സിൽ ത്രിൽ അടിക്കാൻ വേണ്ടി ചെയ്ത എയർപോർട്ട് സീൻ ഒക്കെ സിനിമ അവതരിപ്പിച്ചതിൻ്റെ പ്രശ്നം കൊണ്ടാണോ എന്തോ ഇഷ്ടപ്പെട്ടില്ല.


 സംഭവങ്ങൾ ഒക്കെ യാഥാർത്ഥ്യം ആയിരിക്കും. എന്നാൽക്കൂടിയും സിനിമാറ്റിക് പ്രസൻ്റേഷൻ അധികം impressive ആയി തോന്നിയില്ല ഇടയ്ക്കുള്ള ചെറിയ സംഭവങ്ങൾ ഒഴികെ. ഒരു ആവറേജ് സിനിമാറ്റിക് എക്സ്പീരിയൻസ് ആയി മാറി Jhund.

Saturday, 14 May 2022

1483. Oru Thathwika Avalokanam (2022)

 1483. Oru Thathwika Avalokanam (2022)

         Streaming on Amazon Prime



         രാഷ്ട്രീയ വിഷയങ്ങൾക്കും വാർത്തകൾക്കും ഒരു പഞ്ഞവും ഇല്ലാത്ത നാടാണ് കേരളം.പണ്ട് സിനിമകളിൽ പഞ്ചവടി പാലം, സന്ദേശം തുടങ്ങി രാഷ്ട്രീയം പ്രമേയം ആയി വരുന്ന ആക്ഷൻ സിനിമകൾ വരെ മലയാളത്തിന് സ്വന്തമാണ്. ഇപ്പൊൾ ഒരു പരിധി വരെ സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ ചായ്‌വ് ഉള്ളതും അല്ലാത്തതുമായ ട്രോൾ, സംവാദ ഗ്രൂപ്പുകൾ വഴി കൂടുതൽ കോമിക് ആയ ഒരു രാഷ്ട്രീയ മാനം കൂടി രാഷ്ട്രീയത്തിന് വന്നിട്ടുണ്ട്.


  ഇത്തരത്തിൽ കണ്ടിട്ടുള്ള ട്രോളുകൾ കുറച്ച് എടുത്ത്, അതെല്ലാം കൂട്ടി വളരെയധികം ശ്രമപ്പെട്ട് ബാലൻസിങ് നടത്തി, അവിയൽ പരുവം ആക്കി എടുത്തത് പോലെ തോന്നിയ ചിത്രമാണ് ഒരു താത്വിക അവലോകനം. ട്രയിലർ കണ്ടപ്പോൾ ഒരു രാഷ്ട്രീയ സ്പൂഫ് ആണെന്ന് കരുതിയ സിനിമ ഫേസ്ബുക് ട്രോൾ ചേർത്തുള്ള കഥാവതരണം, ചില രാഷ്ട്രീയ വാർത്തകളുടെ അടിയിൽ വരുന്ന കമൻ്റുകൾ ഉപയോഗിച്ചുള്ള കഥ പോലെ എല്ലാം അവസാനിച്ചത് പോലെ തോന്നി.

  

 ആട് സിനിമയിലെ പോലെ ദാമോദരൻ കിളി എന്നൊക്കെ പറഞ്ഞു കഥാപാത്രത്തിന് ബി ജി എം ഒക്കെ ഷാൻ റഹ്മാൻ തന്നെ ചെയ്തെങ്കിലും പിന്നെ ദാമോദരൻ കിളി എവിടെ പറന്നു പോയെന്ന് പോലും അറിയില്ല. അങ്ങനെ ഒട്ടും പ്രേക്ഷകനും ആയി കണക്റ്റ് ചെയ്യാത്ത കഥാപാത്രങ്ങൾ ആണ് സിനിമ നിറയെ.നക്സൽ ആശയം നല്ലതോ ചീത്തയോ?അഭിപ്രായം എന്താണെങ്കിലും സിനിമയിൽ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല.


  ഫേസ്ബുക്കിൽ, നമുക്ക് രാഷ്ട്രീയ ചായ്‌വ് ഉള്ള പാർട്ടി ആണെങ്കിലും ഇല്ലാത്ത പാർട്ടി ആണെങ്കിലും നല്ല രസമുള്ള ട്രോളുകൾ കണ്ടാൽ ഭൂരിഭാഗം ആളുകളും ഒളിച്ച് എങ്കിലും ചിരിക്കാറുണ്ട്. എന്നാൽ troll - compilation പോലെ അവതരിപ്പിച്ച സിനിമ കണ്ടിട്ട് അതും ഉണ്ടായില്ല. സന്ദേശം പോലെ ഒരു സിനിമ ആണ് എടുക്കാൻ ശ്രമിച്ചത് എങ്കിൽ അതും ഒട്ടും ഒത്തിട്ടില്ല. ജനാധിപത്യത്തെ നവീകരിക്കാൻ ഉള്ള ശ്രമം ആയിരിക്കും നടന്നതെന്ന് തോന്നുന്നു.


 പേഴ്സണൽ ആയി ഉള്ള അഭിപ്രായത്തിൽ സിനിമ തീരെ ഇഷ്ടപ്പെട്ടില്ല.ഇഷ്ടപ്പെട്ടവരെ പലരെയും കണ്ടിരുന്നു ഫേസ്ബുക്കിലും.അവരുടെ ചായക്കപ്പ് ആയിരിക്കും, തീർച്ചയായും എൻ്റെ ചായക്കപ്പ് ഇങ്ങനെ അല്ല.


  

Thursday, 12 May 2022

1482. Malignant (English, 2021)

 1482. Malignant (English, 2021)

          Mystery, Thriller.



  ഭർത്താവിൽ നിന്നും മർദ്ദനമേറ്റ ഗർഭിണിയായ മാഡിസൺ പിന്നീട് കാണുന്നത് ക്രൂരമായി കൊല ചെയ്യപ്പെട്ട അയാളെ ആണ്.ദുരൂഹമായ കൊലപാതകത്തിന് ശേഷം പിന്നീട് മറ്റു സ്ഥലങ്ങളിൽ അടുത്തടുത്തായി നടന്ന കൊലപാതകങ്ങൾ അവളുടെ കൺമുന്നിൽ കണ്ടത് പോലെ ഉള്ള അനുഭവം അവൾക്കുണ്ടായി.

  

പോലീസിനോട് അവൾ ഈ കഥ പറഞ്ഞെങ്കിലും ആരും അവളെ ആദ്യം വിശ്വസിക്കുന്നില്ല.എന്നാൽ മാഡിസൺ പറഞ്ഞത് സത്യം ആണെന്ന് പോലീസിന് ബോധ്യമായി പിന്നീട്. എന്നാലതിന് ശേഷം നടന്നത് എല്ലാം തന്നെ ഭീതിയുടെയും രക്തത്തിൻ്റെയും ഗന്ധമുള്ള സംഭവങ്ങൾ ആയിരുന്നു;ഒരു പക്ഷെ ചിന്തകൾക്ക് അപ്പുറം ഉള്ളത്.


 Conceptual സിനിമയുടെ മികച്ച ദൃശ്യാവിഷ്‌ക്കാരം ആണ് Malignant. പല തരത്തിൽ പ്രേക്ഷകനിൽ ഈ കഥയിലെ ദുരൂഹത ഊഹിച്ചെടുക്കാൻ ശ്രമിച്ചെന്ന് വയ്ക്കുക.ഭൂരിഭാഗം ആളുകളും തങ്ങളുടെ ഊഹങ്ങളിൽ പരാജയപ്പെടാൻ ആണ് ഈ സിനിമയുടെ കാര്യത്തിൽ ഉള്ള സാധ്യത.അതിനു കാരണം മുന്നേ കണ്ട പല സമാനമായ സിനിമകളെയും പോലെ ഉള്ള കഥ ആയിരിക്കും ഈ ചിത്രത്തിലും ഉള്ളത് എന്ന ഊഹം ആയിരിക്കാം.


  എന്നാൽ ജയിംസ് വാനിൻ്റെ Malignant ഒളിപ്പിച്ചു വച്ചിരിക്കുന്നത് ഒരു പക്ഷെ concept  ആയി കാണാവുന്ന ഒരു സംഭവത്തിന് പുതിയ ഒരു സിനിമാറ്റിക് മുഖം നൽകിയാണ്. ആ concept എന്താണെന്ന് കണ്ടു തന്നെ അറിയണം.ഇങ്ങനെ ഒരു concept സിനിമയ്ക്ക് വേണ്ടി വിശ്വസനീയമായ രീതിയിൽ അവതരിപ്പിച്ചു എന്നതാണ് Malignant ൻ്റെ ഹൈലൈറ്റ്.

  

സിനിമയുടെ വേഗത്തിനൊപ്പം ചലിക്കുന്ന പശ്ചാത്തല സംഗീതം.അതിനൊപ്പം അമ്പരിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന ഒരു കഥയും. പശ്ചാത്തല സംഗീതം ഒന്ന് കൂടി കേൾക്കാൻ വേണ്ടി മാത്രം Malignant വീണ്ടും കണ്ടാൽ പോലും ആദ്യത്തെ പ്രാവശ്യം ഉണ്ടായ സിനിമാറ്റിക് അനുഭവം പിന്നീടും ലഭിക്കാം.ഏകദേശം ഒരു വർഷ ഇടവേളയിൽ ചിത്രം പിന്നീട് കണ്ടപ്പോഴും ആസ്വദിച്ചു നല്ലത് പോലെ.


  ഭീകരതയുടെ മറ്റൊരു മുഖമായി ചിത്രം മാറുമ്പോൾ Malignant റിലീസ് സമയം തന്നെ cult- following status നേടിയിരുന്നു.രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ചിത്രം ആണ് Malignant. എന്നാൽ കൂടുതൽ വിവരങ്ങൾ ഇത് വരെ വന്നിട്ടുമില്ല.

Malignant കാണാത്തവർ കുറവായിരിക്കും.എന്നാലും കണ്ടിട്ടില്ലാത്ത Mystery/Thriller സ്നേഹികൾ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്താം Malignant എന്ന ചിത്രത്തെ കൂടി.

Download Link: t.me/mhviews1


  More movie suggestions and download link available @www.movieholicviews.blogspot.com

          

1481. Sleuth (English, 2007)


 1481. Sleuth (English, 2007)

         Mystery, Drama.


  തൻ്റെ ഭാര്യയുടെ കാമുകൻ ആയ നടനെ പ്രശസ്തനായ എഴുത്തുകാരൻ വൈക് അയാളുടെ വീട്ടിലേക്ക് വിളിച്ചു വരുത്തുന്നു.തൻ്റെ ഭാര്യ, നടനായ മിലോയെ വിവാഹം ചെയ്യുക ആണെങ്കിൽ അവളുടെ ചിലവിനായി പണം ഉണ്ടാക്കാൻ വേണ്ടി ഒരു മാർഗം നിർദേശിക്കുന്നു. തൻ്റെ ആശയം വൈക് മിലോയോട് പറയുകയും പിന്നീട് അതിനു രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു.അതൊരു കളി ആയി മാറുന്നു.


  സ്വന്തം ഈഗോയ്ക്ക് വേണ്ടി പരസ്പരം മാനസികമായി എതിരാളിയുടെ മേൽ തൻ്റെ ആധിപത്യം തെളിയിക്കുന്ന ഒരു കളി.അവരെ സംബന്ധിച്ച് ഭയം ഉണ്ടാക്കുക എന്നത് ആണ് എതിരാളിയുടെ മേൽ ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. എന്നാൽ ആ കളി കൂടുതൽ അപകടകരം ആയി മാറുകയാണ് ചെയ്തത്.ഒരു പക്ഷെ പരസ്പരം അവരുടെ ജീവന് പോലും.എന്തായിരുന്നു അവരുടെ കളി?


 Cat & Mouse game പോലെ രണ്ടു കഥാപാത്രങ്ങൾ പരസ്പരം കളിച്ച 1972 ൽ റിലീസ് ചെയ്ത Sleuth സിനിമ ആരാധകർ പലരും കണ്ടിരിക്കും.മികച്ച പ്രകടനത്തിന് മൈക്കിൾ കെയ്നിനും ലോറൻസ് ഒളിവിയറിനും അക്കാദമി പുരസ്ക്കാര നാമനിർദേശം ലഭിച്ചിരുന്നു ഈ ചിത്രത്തിന്.എന്നാൽ ഈ സിനിമയുടെ 2007 റീമേക്കിന് മറ്റൊരു അവതരണ രീതി ആണ് ഉപയോഗിച്ചിരിക്കുന്നത്.


  ഇവിടെ വൈക്കിൻ്റെ കഥാപാത്രം 1972 ലെ സിനിമയിൽ മിലോയുടെ വേഷം അവതരിപ്പിച്ച മൈക്കിൽ കെയ്ൻ ആണ് അവതരിപ്പിച്ചിരിക്കുന്നത്.ജൂഡ് ലോയുടെ മിലോ എന്ന കഥാപാത്രവും കൂടി ആകുമ്പോൾ ഇതിൽ മൽസരിച്ച് അഭിനയിക്കുക ആയിരുന്നു രണ്ടു പേരും.മികച്ച പ്രകടനം ആയിരുന്നു രണ്ടു പേരുടെയും.


 യഥാർത്ഥ നാടക കഥാ പശ്ചാത്തലം കൂടുതൽ കാണാവുന്ന രീതിയിൽ ആണ് 2007 ലെ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ അത്തരം ഒരു അവതരണ രീതി സിനിമയുടെ മൊത്തത്തിൽ ഉള്ള ഒഴുക്കിനെ ബാധിക്കുകയും, ഒപ്പം കഥയിൽ കൊണ്ട് വന്ന വലിയ മാറ്റങ്ങൾ സിനിമ 1972 ലെ പതിപ്പിനോട് അത്ര നീതി പുലർത്തി ഇല്ല എന്ന് തോന്നി.രണ്ടു കഥാപാത്രങ്ങൾ മാത്രമുള്ള നാടകം ആയി അനുഭവപ്പെട്ടു.എന്നാൽ ഒറിജിനൽ കാണാതെ ഈ സിനിമ കണ്ടാൽ കഥാപാത്രങ്ങളുടെ മികച്ച പ്രകടനം മൂലം ഇഷ്ടമാകും ഈ 2007 പതിപ്പ് എന്ന് തോന്നുന്നു.


Download Link: t.me/mhviews1


 More movie suggestions and download link available @www.movieholicviews.blogspot.com

Wednesday, 11 May 2022

1480. A Good Marriage (English, 2014)

 1480. A Good Marriage (English, 2014)

          Mystery, Drama



  വർഷങ്ങളായി ബിസിനസ് ട്രിപ്പിനായി കുടുംബത്തില് നിന്നും മാറി നിൽക്കുന്ന തന്റെ ഭരത്താവിന് മറ്റൊരു മുഖം കൂടി ഉണ്ടെന്ന് ഡാർസി അവരുടെ ഇരുപത്തേഴാം വിവാഹ വർഷികത്തിന് ശേഷം ആണ് മനസ്സിലാക്കുന്നത്. മറ്റുള്ളവരുടെ മുന്നിൽ മാതൃക ദമ്പതികളായ ഡാർസി-ബോബ് ദമ്പതികൾ ഇത്തരം ഒരു കണ്ടെത്തലിന് ശേഷം അവരുടെ ജീവിത ചക്രം തകിടം മറിയുന്നു. അവരുടെ ജീവിതത്തിൽ പിന്നീട് നടക്കുന്ന സംഭവങ്ങൾ  ആണ് A Good Marriage അവതരിപ്പിക്കുന്നത്. 


   സ്റ്റീഫൻ കിങ്ങിന്റെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഒരു സൈക്കോളജിക്കൽ ത്രില്ലർ ആയി സാധാരണ രീതിയിൽ തുടങ്ങിയ ചിത്രം പിന്നീട് മാറുന്നത് ഇവിടെ കാണുന്നത്. എന്നാൽക്കൂടിയും ബോബിന്റെ രഹസ്യം അറിയുന്നിടത്ത് നിന്നും സിനിമയുടെ കഥ പ്രേക്ഷകന് ഏകദേശം ഊഹിക്കാൻ സാധിക്കുകയും പിന്നീട് ഒരു ഡ്രാമ ആയി മാറുകയും ചെയ്യുന്നുണ്ട്. 


  തീർച്ചയായും കണ്ടിരിക്കേണ്ട സിനിമകളുടെ ലിസ്റ്റിൽ ഉൾപ്പെടുന്നില്ലെങ്കിലും സ്റ്റീഫൻ കിങ്ങിന്റെ ആരാധകർക്ക് പ്രത്യേകിച്ചും നോവൽ വായിച്ചിട്ടില്ലാത്തവർക്ക് ഇഷ്ടമാകും എന്ന് കരുതുന്നു. എന്റെ അഭിപ്രായത്തില് കഥയിൽ ധാരാളം അവസരങ്ങള് ഉണ്ടായിരുന്നു  പ്രേക്ഷകനെ പിടിച്ചിരുത്താൻ . എന്നാൽ അതിനു ശ്രമിക്കാതെ മറ്റൊരു പാതയാണ് കഥയിൽ സ്വീകരിച്ചത്. ക്ലൈമാക്സിലേക്ക് അടുക്കുമ്പോള് ഒരു ഒരു ഡ്രാമ മൂഡിലേക്ക് ചിത്രം മാറുന്നു. 


  ഒരു ആവറേജ് സിനിമ അനുഭവം ആയിരുന്നു A Good Marriage. ഒരു പക്ഷേ തുടക്കത്തിൽ നല്കിയ സൈക്കോളജിക്കൽ ത്രില്ലർ എന്ന പ്രതീതി അവസാനം വരെ നില നിർത്തിയിരുന്നെങ്കിൽ നന്നായേനെ എന്ന് തോന്നി.


 ഒരു ആവറേജ് സിനിമ അനുഭവം.


Download Link: t.me/mhviews1


More movie suggestions and download link available @www.movieholicviews.blogspot.com

1479. Upacharapoorvam Gunda Jayan (Malayalam , 2022)

 1479.  Upacharapoorvam  Gunda Jayan (Malayalam , 2022)

           Streaming on Amazon Prime



         ഗുണ്ടായായിരുന്ന , ഗുണ്ട ജയൻ എന്ന വിളിപ്പേരുള്ള ആൾ പഴയ പണി ഉപേക്ഷിച്ചു നല്ലവനായി ജീവിക്കുകയാണ്. അയാൾ തന്റെ  പെങ്ങളുടെ മകളുടെ നടത്താൻ വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുകയാണ്. അപ്പോഴാണ് ആ കല്യാണം നടക്കാതെ ഇരിക്കാൻ വേണ്ടി ഒരാൾ കല്യാണ സ്ഥലത്ത് എത്തുന്നത് . അയാൾ ആരായിരുന്നു?അയാൾക്കു അതിനു കഴിയുമോ ?ഗുണ്ട ജയന്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ കഥയുടെ സംക്ഷിപ്തരൂപം ഇതാണ്. 


  ഒരു ചെറിയ മലയാള സിനിമ. വെറുതെ കണ്ടു കൊണ്ടിരിക്കാം. ക്ലൈമാക്സിലേക്ക്  പോകുമ്പോൾ ഉള്ള ചെറിയ ട്വിസ്റ്റ് ഒക്കെയായി ഇടയ്ക്കൊക്കെ ചിരിപ്പിക്കുന്ന ഒരു സിനിമ. വലിയ സംഭവം ഒന്നും അല്ലെങ്കിലും മോശം ആക്കാത്ത അവതരണവും കുറച്ചു രസികരായ കഥാപാത്രങ്ങളും ഈ സിനിമയിലുണ്ട്. ഗുണ്ട ജയനായി എന്ന കഥാപാത്രമായി  സൈജു കുറുപ്പ് നന്നായി ചെയ്തതായി തോന്നി. അതിനൊപ്പം വരുന്ന മറ്റ് കഥാപാത്രങ്ങളും മോശമാക്കിയില്ല. 


   കുടുംബവുമായി ഇരുന്നു കാണാൻ ഒരു സിനിമ എന്ന് ചുരുക്കത്തിൽ ഉപചാര പൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തെ വിശേഷിപ്പിക്കാം. ഒരു തരക്കേടില്ലാത്ത കുഞ്ഞു സിനിമ ആയി തോന്നി ഗുണ്ടാ ജയൻ.


 


Monday, 9 May 2022

1478. Irudhi Pakkam (Tamil, 2021)

 1478. Irudhi Pakkam (Tamil, 2021)

          Mystery.



  വാതിൽക്കൽ ആരോ മുട്ടുന്നത് കേട്ടാണ് ആ യുവതി വാതിൽ തുറക്കുന്നത്. അടുത്ത അപാർട്മെൻ്റിൻ്റെ ഉള്ള സുഹൃത്തിനെ കാണാൻ വന്ന ആളാണെന്നും അയാൾ അവിടെ ഇല്ലാത്തത് കൊണ്ട് അൽപ്പ നേരം യുവതിയുടെ അപാർട്മെൻ്റിൽ കാത്തിരുന്നോട്ടെ എന്നും ചോദിച്ചു.അവൾ അതിനു സമ്മതിക്കുന്നു.പിന്നീട് ആയാൾ അവളോട് കുടിക്കാൻ വെള്ളം ചോദിക്കുകയും, അത് എടുക്കാൻ പോയ അവളെ അയാൾ കൊലപ്പെടുത്തുകയും ചെയ്യുന്നു.


  Whodunnit എന്നത് ആദ്യ പത്തു മിനിറ്റിൽ തന്നെ കാണിച്ച സിനിമ പിന്നീട് കൊല്ലപ്പെട്ട യുവതിയുടെ പഴയകാല കഥകളിലേക്ക് പോയി. എന്നാൽ അസാധാരണമായ ഒരു ജീവിതം ആണ് അവർ നയിച്ചതെന്ന് തോന്നിപ്പോകും.അതിനോടൊപ്പം അവരുടെ മരണത്തിൻ്റെ പിന്നിൽ ഉള്ള യഥാർത്ഥ കഥ കൂടി അനാവരണം ചെയ്യുമ്പോൾ അസാധാരണമായ ദുരൂഹത ആണ് പറയാൻ ഉള്ളത്.


  കഥ/synopsis കേൾക്കുമ്പോൾ ഉള്ള കൗതുകത്തിൻ്റെ അപ്പുറം സിനിമയ്ക്ക് എന്നാൽ പ്രകടനം കാഴ്ച വയ്ക്കാൻ കഴിഞ്ഞോ എന്നത് സംശയമാണ്. ക്ലൈമാക്സ് കഥ എല്ലാം നന്നായിരുന്നു എങ്കിലും കഥാപാത്രങ്ങളുമായി ഒരു കണക്ഷൻ പ്രേക്ഷകന് ഉണ്ടാക്കാൻ സിനിമയ്ക്ക് കഴിഞ്ഞോ എന്നതും സംശയമാണ്. ഒരു കുറ്റാന്വേഷണ കഥയുടെ സസ്പെൻസ് , ത്രിൽ എല്ലാം ഉണ്ടായിരുന്നെങ്കിലും ക്ലൈമാക്സ് സിനിമ എന്ന നിലയിൽ അധികം കണക്റ്റ് ആയില്ല എന്ന് തോന്നി.


  എന്നാലും മുൻ പറഞ്ഞത് പോലെ കഥയിലെ കൗതുകം സിനിമയുടെ ഹൈലൈറ്റ് ആയതു കൊണ്ട് കുഴപ്പം ഇല്ലാത്ത സിനിമ അനുഭവം ആയിരുന്നു. മിസ്റ്ററി സിനിമ ആരാധകർക്ക് കണ്ടു നോക്കാവുന്ന ഒന്ന്.


@mhviews rating:2.5/4


Download Link: t.me/mhviews1


More movie suggestions and download link at www.movieholicviews.blogspot.com

Saturday, 7 May 2022

1477. Saani Kaayidham (Tamil, 2022)

 1477. Saani Kaayidham (Tamil, 2022)

         Streaming on Amazon Prime.



"രക്തം ചിന്തിക്കാൻ വന്ന ദേവതയ്ക്ക് പ്രതികാരം സംഗീതം നൽകിയ പ്രണയ ഗാനം - സാനി കായിതം."


  ഒരു സിനിമ ഉൾപ്പെടുന്ന ജോൺറെ ഏതാണോ അതിനോട് നീതി പുലർത്താൻ കഴിഞ്ഞാൽ തന്നെ ആ സിനിമ മികച്ചതാണ് എന്ന് വിശ്വസിക്കുന്നവർക്ക് വേണ്ടി ഉള്ള ഒരു ചിത്രമാണ് സാനി കായിതം. പ്രതികാരം ആണ് സിനിമയുടെ പ്രമേയം.പ്രതികാരം എന്നു പറഞ്ഞാൽ  പച്ചയായ പ്രതികാരം.രക്തം ചിന്തി തന്നെ തന്നെയുള്ള പ്രതികാരം. ക്രൂരമായി തൻ്റെ കുടുംബവും ജീവിതവും നശിപ്പിച്ച ആളുകളോട് പൊന്നി എന്ന സ്ത്രീ ചെയ്യുന്ന പ്രതികാരമാണ് സിനിമയുടെ കഥ.


   പ്രതികാരം എന്നു പറയുമ്പോൾ കഥയിൽ പ്രത്യേകതകൾ ഒന്നും ഇല്ലാതെ അവതരണ രീതിയിൽ ഉള്ള നേരത്തെ പറഞ്ഞ പച്ചയായ രക്തരൂക്ഷിതമായ സീനുകൾ ആണ് സിനിമയിൽ ഉടന്നീളം ഉള്ളത്. ഒരു പക്ഷെ പ്രതികാര കഥ ക്ലീഷെ ആയതു കൊണ്ട് എന്തെല്ലാം വ്യത്യസ്തമായ രീതിയിൽ പ്രതികാരം നിർവഹിക്കാം എന്നുള്ള ചിന്തയിൽ നിന്നും ഉരുത്തിരിഞ്ഞ ആശയം ആയിരിക്കും അരുൺ മാതേശ്വരൻ തൻ്റെ രണ്ടാം ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ടാവുക.


 സിനിമയുടെ കഥ വച്ച് നോക്കുക ആണെങ്കിൽ ഒരു പക്ഷെ പൊന്നി ചെയ്യുന്ന പ്രതികാരത്തിനും അപ്പുറം വേണം ചെയ്യാൻ എന്ന് പ്രേക്ഷകനെ തോന്നിപ്പിക്കുന്ന രീതിയിൽ പ്രേക്ഷകനും ആയി കണക്റ്റ് ചെയ്യാൻ കഴിയുന്നുണ്ട് സിനിമയ്ക്ക് എന്ന് തോന്നുന്നു. അത്തരം ഒരു ചിന്ത വന്നാൽ തന്നെ സിനിമ മൊത്തത്തിൽ ഒറ്റ ഇരുപ്പിന് ഇരുന്നു കാണാൻ തോന്നി പോകും. അത്തരത്തിൽ ഉള്ള പ്രവർത്തി ആണ് antagonists പൊന്നിയോട് ചെയ്തത്. കഥാപാത്രവും പ്രേക്ഷകനും തമ്മിൽ ഉള്ള കണക്ഷൻ ആണ് ഇവിടെ സിനിമ ആസ്വദിക്കാൻ മുഖ്യമായി വേണ്ടതും.


  സിനിമയുടെ തുടക്കത്തിൽ ഉള്ള ബ്ലാക് ആൻഡ് വൈറ്റ് സീനിൽ നിന്ന് തന്നെ സിനിമയുടെ സ്വഭാവം പ്രേക്ഷകന് മനസ്സിലാകും. ഇവിടെ ഒരു എൻ്റർടെയ്നർ എന്ന നിലയിൽ സിനിമ കാണാൻ ഇരുന്നാൽ ഇഷ്ടപ്പെടില്ല. അത്തരത്തിൽ ഉള്ള ഒരു ശ്രമവും ചിത്രത്തിൽ നടത്തിയിട്ടില്ല.പകരം എത് ജോൻറെ ആണോ ഉദ്ദേശിച്ചത് അത് ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് ഇവിടെ. അമിതമായ വയലൻസ് കാരണം തന്നെ എല്ലാവരുടെയും ചായ കപ്പായി ചിത്രം മാറുമെന്ന് പറയാൻ കഴിയില്ല.


  എന്നാലുറപ്പായും പറയാൻ കഴിയുന്ന ഒന്നുണ്ട്. കീർത്തി സുരേഷ് എന്ന നടിയുടെ മികച്ച പ്രകടനം ആണ് ചിത്രത്തിൽ ഉള്ളത്.അതിനൊപ്പം സെൽവ രാഘവൻ്റെ സംഗയ്യ എന്ന കഥാപാത്രവും അദ്ദേഹത്തിന് മാത്രം ചെയ്യാൻ കഴിയുന്ന ഒന്നായി പ്രേക്ഷകന് അനുഭവപ്പെടുത്താൻ കഴിഞ്ഞിട്ടും ഉണ്ട്.


  ആദ്യം പറഞ്ഞത് പോലെ ഒരു ജോൺറേയോട് മികച്ച രീതിയിൽ നീതി പുലർത്തുന്ന സിനിമ ഇഷ്ടമുള്ള ആൾ എന്ന നിലയിൽ സാനി കായിതം മികച്ചതായി അനുഭവപ്പെട്ടു എൻ്റെ ഉള്ളിലെ പ്രേക്ഷകന്. Kill Bill, I Spit on Your Grave, Bedevilled പോലുള്ള അസംഖ്യം പ്രതികാര സിനിമകൾ ഇഷ്ടം ആയവർക്ക് ഇഷ്ടമാകുന്ന ഒരു ചിത്രമാണ് സാനി കായിതം.



@mhviews rating: 4/4


More movie suggestions @ www.movieholicviews.blogspot.com

1890. Door (Japanese, 1988)