1463. Neyyattinkara Gopante Arattu ( Malayalam, 2022)
Streaming on Amazon Prime
ചിറകൊടിഞ്ഞ കിനാവുകൾക്ക് ശേഷം മലയാളത്തിൽ വന്ന മികച്ച സ്പൂഫ് സിനിമ ആണെന്ന് നിസംശയം പറയാം ഗാനഭൂഷണം നെയ്യാറ്റിനക്കര ഗോപന്റെ കഥ പറയുന്ന ആറാട്ട് എന്ന ചിത്രത്തെ. സിനിമ മോശം ആണെങ്കിൽ പോലും സ്വന്തം താരപ്രഭയും മലയാളം സിനിമയിലെ മാർക്കറ്റും കൊണ്ട് വിജയിപ്പിക്കുന്ന L ബ്രാൻഡിന്റെ അഴിഞ്ഞാട്ടം ആണ് ആറാട്ട് സിനിമയിൽ എന്നു പറഞ്ഞാൽ പോലും അതിശയോക്തി ആകില്ല. ആറാടുക ആയിരുന്നു ഏട്ടൻ എന്ന് പറഞ്ഞത് എത്ര മാത്രം സത്യം ആണെന്ന് സിനിമ കണ്ട് കഴിഞ്ഞപ്പോൾ മനസ്സിലായി.
അതിനും അപ്പുറം സ്വന്തം സിനിമ മാത്രമല്ല, മലയാളത്തിലെ മറ്റ് ഒരു സ്പൂഫ് സിനിമ (സലാം കാശ്മീർ ) യുടെ സ്പൂഫ് കൂടി അദ്ദേഹത്തിന്റെ സിനിമയിൽ അവതരിപ്പിക്കാൻ ശ്രമിച്ചത് തീർച്ചയായും അഭിനന്ദാർഹം ആണ്.അത് സസ്പെൻസ് ആണെങ്കിലും സൂചിപ്പിക്കാതെ വയ്യ. L ബ്രാൻഡിന്റെ തലയിൽ ഒരു പൊൻ തൂവൽ കൂടി ആയി മാറുകയാണ് അങ്ങനെ ആറാട്ട്. സിനിമ തുടങ്ങുന്നത് മുതൽ സ്വന്തം അഭിനയ ജീവിതത്തിനു ഒരു tribute ആയിട്ടാണ് ഓരോ ഡയലോഗ് പോലും സിനിമയിൽ വരുന്നത്.
റിലീസ് ആകാൻ പോകുന്ന നിക്കോളാസ് കേജിന്റെ The Unbearable Weight of Massive Talent നു പ്രചോദനം ആറാട്ട് ആണെന്ന് തോന്നിയാലും അൽഭുതപ്പെടാൻ ഇല്ല. കേജിന്റെ സ്വന്തം സിനിമ ജീവിതത്തിന് ഒരു tribute ആയിരിക്കും ആ ചിത്രം എന്നു പ്രേക്ഷകരുടെ ഇടയിൽ പ്രതീക്ഷ ഉണർത്തുന്ന ആ ചിത്രം ഇപ്പോൾ തന്നെ ക്രിട്ടിക്സിൻ്റെ ഇടയിൽ നല്ല അഭിപ്രായം ആണ്.
എന്നാൽ സ്വന്തം അഭിനയ ജീവിതത്തിനു tribute ആയി സ്പൂഫ് ചിത്രം അവതരിപ്പിച്ച L ബ്രാൻഡിന്റെ ചിത്രത്തിന് അത്രയും പ്രാധാന്യം ഫാൻസിന്റെ ഇടയിൽ കിട്ടിയിട്ടുണ്ടോ എന്നു പോലും സംശയമാണ്. 2 ആഴ്ചയിൽ 50 കോടിയുടെ അടുത്ത് കളക്ഷൻ നേടിയെന്ന് പറയപ്പെടുന്ന ചിത്രം എന്നാൽ ഫാൻസ് അല്ലാത്തവർ കണ്ടാൽ തല വേദന, പനി ഒക്കെ വരാന് സാധ്യതയുണ്ട്. അത്രയ്ക്ക് ആണ് മാസ് സീനുകൾ നല്കുന്ന adrenaline rush എന്നു പറയേണ്ടി വരും.
തന്റെ അഭിനയ ജീവിതത്തിലെ സിനിമകളിലെ കഥാപരിസരങ്ങൾ ആറാട്ടിലേക്ക് സമന്വയിപ്പിച്ച്, അതിനു ഇത് വരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത കഥയും അതിനു മുകളിൽ മലയാള സിനിമയിലെ മികച്ച ആദ്യ പകുതിയും ക്ലൈമാക്സിലെ ഇത് വരെ വന്നിട്ടില്ലാത്ത ട്വിസ്റ്റ് കൊണ്ടും സമ്പന്നം ആക്കിയിട്ടുണ്ട് ബി.ഉണ്ണികൃഷ്ണൻ എന്ന സംവിധായകൻ ആറാട്ട് എന്ന ചിത്രത്തിൽ. ഏട്ടൻ യാഥാർത്തത്തിൽ ആരാണെന്ന് ക്ലൈമാക്സിൽ അറിയുമ്പോൾ രോമാഞ്ചം കാരണം മുടി ഒക്കെ എയറിൽ കയറാൻ വരെ സാദ്ധ്യതയുണ്ട് . അതും ഈ സിനിമയുടെ പ്രത്യേകത ആണ്.
പ്രജ മുതൽ അങ്ങോട്ട് ഒന്നാമൻ, താണ്ഡവം, ചതുരംഗം, ബ്രഹ്മചാരി (മി.), വാമനപുരം,അലിഭായ്, റോക് and റോൾ,കോളേജ് കുമാരൻ, ഭഗവാൻ, നീരാളി, ഒടിയൻ, ഡ്രാമ, കാസനോവ, 1971 , ബിഗ് ബ്രദർ , വെളിപ്പാട് തുടങ്ങി വലിയ ലിസ്റ്റിലെ L ബ്രാൻഡ് തീർത്ത കൾട്ട് പാരലൽ യൂണിവേഴ്സിൽ ഇട്ടിമാണിക്ക് ശേഷം ഫുൾ ഫോമിൽ ആറാടി ആണ് ആറാട്ട് ഇടം പിടിച്ചിരിക്കുന്നത്.
എട്ടനോടൊപ്പം അഭിനയിച്ച അഭിനേതാക്കളും, എന്തിന് സിനിമയിലെ കാറും ലോറിയും വരെ മൽസരിച്ച് അഭിനയിച്ചിട്ടുണ്ട് ഏട്ടനോടു ഒപ്പം ആറാട്ടിൽ. വർഷങ്ങൾക്ക് ശേഷം ഞാൻ കണ്ട ഒരു മികച്ച സിനിമ ആണ് ആറാട്ട് എന്ന് മടി കൂടാതെ എവിടെയും പറയാൻ കഴിയും. കളക്ഷൻ ഇതിലും കൂടുതൽ കിട്ടേണ്ട ചിത്രം ആയിരുന്നെങ്കിലും OTT യിലൂടെ പെട്ടെന്ന് തന്നെ പ്രേക്ഷകന്റെ മുന്നിൽ എത്തിച്ച ചിത്രം എന്ന നിലയിൽ സിനിമയ്ക്ക് തിയറ്ററിൽ കിട്ടേണ്ട ഓരോ വർഷവും കൂടുന്ന കളക്ഷൻ റെക്കോഡുകൾ എത്ര ദിവസം കൂടി ആരാധകർക്ക് കൊണ്ട് നടക്കാം എന്ന് അറിയില്ല. എന്തായാലും സിനിമ കണ്ടവർക്ക് പ്രേക്ഷകൻ എന്ന നിലയിൽ ഒരിക്കലും മറക്കാൻ സാധിക്കില്ല ആറാട്ട്.
സിനിമയുടെ തുടക്കം കണ്ടപ്പോൾ തന്നെ adrenaline rush കാരണം എനിക്കു തല വേദന വന്നത് കൊണ്ട് 3 ദിവസം കൊണ്ടാണ് സിനിമ കണ്ടു തീർത്തത്. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു, വല്ല മരുന്നും വാങ്ങി വച്ചിട്ട് പ്രതീക്ഷയോടെ.
NB: സിനിമയുടെ പൂർണമായും ഉള്ള പേര് അടിച്ചു കൊടുത്താൽ മാത്രമേ സിനിമ ആമസോണിൽ കാണിക്കൂ.അത് കണ്ട് പിടിക്കാൻ ഞാൻ അൽപ്പം താമസിച്ചു പോയി.അങ്ങനെ കളഞ്ഞ സമയത്തെ കുറിച്ച് ഓർത്തു കുറച്ചു വിഷമം ഉണ്ട്.പക്ഷേ സിനിമ കണ്ടപ്പോൾ സന്തോഷം ആയി അത് മാറി.
എനിക്കു ഏറെ ഇഷ്ടപ്പെട്ട ചിത്രത്തിന് നല്കുന്ന റേറ്റിംഗ്
@mhviews rating: 6/4