Wednesday, 3 February 2021

1324. The White Tiger (English/Hindi, 2021)

 1324. The White Tiger (English/Hindi, 2021)

         Drama, Crime.



 വെട്ടാൻ കൊണ്ടു പോകുന്ന പോത്തിനും കോഴിക്കും എല്ലാം അറിയാമായിരിക്കും അവരെ കൊണ്ട് പോകുന്നത് എന്തിനാണ് എന്നു.കോഴികളുടെ കാര്യം നോക്കിയാൽ അവരെ അടച്ചിട്ടിരിക്കുന്ന കൂട്ടിൽ അവരുടെ മുന്നിൽ വച്ചു കൂട്ടത്തിൽ ഒന്നിനെ വെട്ടി പാക്കിൽ ആക്കി കൊടുക്കുമ്പോഴും നിസ്സംഗതയോടെ നോക്കി നിൽക്കും. അവയ്ക്ക്  അറിയാമായിരിക്കാം ഒരു പക്ഷെ തന്റെ വിധിയും അതു തന്നെ ആണെന്ന്.


  പറഞ്ഞു വരുന്നത് സമൂഹത്തിന്റെ അടിത്തട്ടിൽ ഉള്ളവരെ കുറിച്ചാണ്.അടിമ സമ്പ്രദായം നിലവിൽ ഇല്ലെങ്കിലും അടിമകളെ പോലെ ജീവിക്കാൻ വിധിക്കപ്പെട്ടവർ.അവരിലും ഈ നിസ്സംഗത ഉണ്ടായിരിക്കാം. മാൻ ബുക്കർ പ്രൈസ് ജേതാവായ അരവിന്ദ് അഡിഗയുടെ 'ദി വൈറ്റ് ടൈഗർ' പറഞ്ഞു വയ്ക്കുന്നത് ബൽറാം എന്ന ഗ്രാമീണ യുവാവിന്റെ കഥയാണ്.അവനും ആ കോഴികളെ പോലെ ആയിരുന്നു.അവന്റെ മുന്നിൽ ലോകം അടയ്ക്കപ്പെട്ടിരുന്നു.അവന്റെ കഴിവുകൾക്ക് അനുസൃതമായ ഒരു ജീവിതം അല്ലായിരുന്നു അവനു കിട്ടിയതു.


  എന്നാൽ അവൻ അവന്റെ അച്ഛനെയും സഹോദരനെയും പോലെ നിസംഗതയോടെ അല്ലായിരുന്നു നിന്നതു.അവന്റെ മേൽ ഉള്ള അദൃശ്യമായ ഒരു അടിമ ചങ്ങല തകർക്കാനാണ് അവന്റെ ശ്രമം.അതിനായി അവൻ തന്റെ ലക്ഷ്യത്തിലേക്കു ഓരോ നീക്കവും നടത്തുന്നു.അവന്റെ സംഭവ ബഹുലമായ കഥ 2010 കാലഘട്ടത്തിൽ ഇന്ത്യയിലേക്ക് വന്ന ചൈനീസ് പ്രീമിയറിന് എഴുതുന്ന ഈ-മെയിലിലൂടെ ആണ് കഥ അവതരിപ്പിച്ചിരിക്കുന്നത്.ഇന്ത്യയെ അടയാളപ്പെടുത്തുന്ന രണ്ടു extreme വശങ്ങൾ, അതിന്റെ കഥയും അതിലെ സംഘർഷങ്ങളും ആണ് കഥയുടെ മുഖ്യ പ്രമേയം.


  'ദി വൈറ്റ് ടൈഗർ' വായിക്കാനായി വാങ്ങിച്ചു വച്ചെങ്കിലും വായിക്കാൻ മറന്നു പോയ പുസ്തകമാണ്.Netflix ൽ സിനിമ ആയി വരുന്നു എന്ന് പറഞ്ഞപ്പോൾ ഇറങ്ങിയ ദിവസം തന്നെ കണ്ടു.രാജ്കുമാർ റാവു, പ്രിയങ്ക ചോപ്ര ഒക്കെ ഉണ്ടെങ്കിലും ബൽറാമിനെ അവതരിപ്പിച്ച ആദർശ് ഗൗരവിന്റെ ഷോ ആയിരുന്നു സിനിമ.സിനിമയുടെ കഥ ബൽറാമിന്റെ വീക്ഷണത്തിൽ ആയതു കൊണ്ട് തന്നെ ആ കഥയ്ക്ക് അനുയോജ്യമായ വേഷ പകർച്ചകളിൽ അയാൾ മികച്ചു നിന്നു.അയാൾ അയാളുടെ മേൽ ചാർത്തി കൊടുത്ത അദൃശ്യമായ അടിമ ചങ്ങല പൊളിച്ചു അതിൽ നിന്നും പുറത്തിറങ്ങുമോ?അതെങ്ങനെ ആണ് എന്ന് പറയുന്ന സിനിമ മോശമല്ലാത്ത ഒന്നായി തോന്നി.


  സിനിമ കണ്ട പ്രേക്ഷകന് എന്ന നിലയിൽ ഇഷ്ടമാവുകയും ചെയ്തു.

No comments:

Post a Comment