Friday, 3 May 2019

1020.Jar City(Icelandic,2006)



1020.Jar City(Icelandic,2006)
Mystery,Crime

രണ്ടു ദിവസത്തോളം പഴകിയ നിലയിൽ ആണ് അയാളുടെ ശവ ശരീരം കണ്ടെത്തിയത്.തലയ്ക്കു ഏറ്റ ക്ഷതം കാരണം മരണപ്പെട്ട ഹോൾബെർഗ് ഒരു മുൻകാല കുറ്റവാളി ആണ്.കേസ് അന്വേഷിക്കാൻ എത്തിയ ഏർലണ്ടറും സംഘവും തെളിവുകൾ ഇല്ലാതെ കുഴയുന്നു.

നിഗൂഢമായ ധാരാളം കാര്യങ്ങൾ ആ കൊലപാതകത്തിന് പിന്നിലുണ്ടായിരുന്നു.ഒരു പക്ഷെ കുറെ വർഷങ്ങൾക്കു മുൻപ് ഇത്തരം ഒരു സാഹചര്യം ഉണ്ടാകും എന്ന് ബോധ്യം ഇല്ലാത്ത ആളുകൾ,അവരുടെ ചില രഹസ്യങ്ങൾ.അതിൽ നിന്നും ഉരുത്തിരിഞ്ഞ കേസുകൾ.അതിന്റെ ബാക്കി പത്രം ആയി കാലം മനുഷ്യരിലൂടെ തന്നെ രേഖപ്പെടുത്തിയ തെളിവുകൾ.സിനിമയുടെ കഥയിലെ നിഗൂഢത ഒരു കടങ്കഥ പോലെ , തെളിയിക്കാൻ ബുദ്ധിമുട്ടുള്ള കേസുകളിലെ, അല്ലെങ്കിൽ ഒരു സംഭവത്തിന്റെ പിന്നാലെ ഉള്ള രഹസ്യങ്ങൾ എത്ര വർഷം കഴിഞ്ഞാലും 'ദൈവത്തിന്റെ കയ്യൊപ്പ്' എന്ന മാജിക് കാരണം വ്യക്തത വരുമെന്ന് ഊട്ടി ഉറപ്പിക്കുന്നു ഈ ചിത്രം.

പ്രേക്ഷകനെ കാത്തിരിക്കുന്നതും ഇത്തരത്തിൽ ഉള്ള രഹസ്യങ്ങളിലേക്കുള്ള വഴിയാണ്.നമുക്ക് അപരിചിതരായ കഥാപാത്രങ്ങൾ,അവരുടെ കഥ ആദ്യമായി കേൾക്കുക ആണെങ്കിലും അവരുടെ പിന്നിൽ ഉള്ള രഹസ്യങ്ങൾ പൊതു സമൂഹത്തിനു മുന്നിൽ തെളിയാതെ കിടക്കുമ്പോൾ അതിന്റെ സത്യം അറിയാൻ ഉള്ള ആഗ്രഹം ആണ് ഓരോ മിസ്റ്ററി ചിത്രങ്ങളെയും പ്രിയപ്പെട്ടവ ആക്കുന്നത്.ഇവിടെ 'Jar City' പൂർണമായും വിജയിച്ചു എന്നു തോന്നും.

ഹോൾബെർഗിനെ ആരാണ് കൊലപ്പെടുത്തിയത്?എന്തായിരുന്നു ഈ കൊലപാതകത്തിന് പിന്നിലെ രഹസ്യം?വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങളുടെ പിന്നിലെ രഹസ്യം എന്താണ്?കൂടുതൽ അറിയാൻ ചിത്രം കാണുക.

'Arnaldur Indriðason' രചിച്ച 'Myrin' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ഐസലാണ്ടിക് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഐസലാണ്ടിക് സിനിമകളിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ ഇടയിൽ സ്ഥാനം നേടിയ ചിത്രം മികച്ച ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ സിനിമ ആയി കണക്കാക്കുന്നതിനോടൊപ്പം 'deCODE genetics' എന്ന ഐസ്‌ലാണ്ട് കമ്പനിയുടെ പ്രവർത്തനങ്ങളെ പരോക്ഷമായി പ്രതിപാദിച്ചു കൊണ്ടും ആണ് അവതരിപ്പിച്ചിരിക്കുന്നത്.ആർലണ്ടറുടെ കുറ്റാന്വേഷണ കഥാപാത്രമായ ഏർലണ്ടറുടെ കഥകളിലെ ആദ്യ ഭാഗം ആണ് സിനിമ ആയി മാറിയത്.

നോർഡിക് സിനിമകളുടെ ദൃശ്യഭംഗിയും ഇരുളിമ നിറഞ്ഞ ഫ്രയിമുകളിലെ മരണത്തിന്റെ,നിഗൂഢതയുടെ പ്രതിഫലനവും എല്ലാം ചേരുമ്പോൾ ഇത്തരം ഒരു ചിത്രത്തിന് പ്രേക്ഷകൻ പ്രതീക്ഷിക്കുന്ന ഒരു അമ്പിയൻസ് സിനിമയിലൂടെ ഉണ്ടാക്കി എടുക്കാൻ സാധിക്കുന്നുണ്ട്.കാണാതെ ഇരിക്കരുത്.മികച്ച ഒരു നോർഡിക് ചിത്രം തന്നെയാണ് 'Jar City'.

MHV rating :4/4

More movie suggestions @www.movieholicviews.blogspot.ca

ചിത്രത്തിന്റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്

1019.Thattumpurath Achuthan(Malayalam,2018)


1019.Thattumpurath Achuthan(Malayalam,2018)

കുഞ്ചാക്കോ ബോബന്റെ ഈ അടുത്തു ഇറങ്ങിയ സിനിമകളെ ഒരൊന്നായി പരിചയപ്പെടുത്തേണ്ട കാര്യമില്ല എന്നാണ് തോന്നുന്നത്.(അള്ളു രാമെന്ദ്രൻ കണ്ടിട്ടില്ല).കാരണം മറ്റൊന്നുമല്ല ഓരോ സിനിമയും മുൻ സിനിമയുടെ തുടർച്ച പോലെയോ അല്ലെങ്കിൽ പരിചിതമായ കഥ പോലെയോ ഒക്കെ തോന്നാം.കൂടുതലും ഒരു മെഗാ സീരിയലിന്റെ ഒരു എപ്പിസോഡിൽ നിന്നും അടുത്ത എപ്പിസോഡിലേക്കു മാസങ്ങൾ കൊണ്ടു എത്തി ചേരുന്ന പ്രതീതി.
ഇതു മോശമായി പറഞ്ഞ കാര്യമല്ല.മേൽപ്പറഞ്ഞ സീരിയൽ കൊണ്ടു ഉദ്ദേശിച്ചത് കുടുംബ പ്രേക്ഷകരെ കൂടി ആണ്.തിയറ്ററിൽ എത്ര ദിവസം ഈ സിനിമകൾ ഓടുന്നു എന്നു അറിയില്ല.കാരണം ആദ്യ ദിവസങ്ങളിൽ തന്നെ ഫേസ്ബുക് നിരൂപണങ്ങൾ ആ ചിത്രങ്ങളെ നിഷ്ക്കരുണം ദയാവധം ചെയ്യാറുള്ളതായി തോന്നിയിട്ടുണ്ട്.വീടുകളിൽ സി ഡി/ ഡി വി ഡി ഇറങ്ങുമ്പോൾ നല്ലതു പോലെ ഓടുകയും ചെയ്യുന്നു.ടി വി യിൽ കാണിക്കുമ്പോഴും അധികം പ്രശ്നങ്ങൾ ഒന്നുമില്ലാതെ സമാധാനമായി കാണാനും പ്രേക്ഷകർ ഉണ്ട്.അതു കൊണ്ടൊക്കെ ആയിരിക്കും മിയ്ക്ക മാസവും ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇറങ്ങുന്നതും.അങ്ങനെ ഒരു മാർക്കറ്റ് ഉണ്ടെന്നു തന്നെ വിശ്വസിക്കുന്നു.
വിജയുടെ 'രക്ഷകൻ യൂണിവേഴ്‌സ് സിനിമകൾ' (RAC) പോലെ തന്നെ പ്രാധാന്യം ഉണ്ട് KBUC യ്ക്കും.'കുഞ്ചാക്കോ ബോബൻ യൂണിവേഴ്‌സ് സിനിമകൾ' ഒരു പ്രത്യേക pattern പിന്തുടരുന്നുണ്ട്.ഇപ്പോഴത്തെ മലയാള സിനിമയ്ക്ക് സമാന്തരമായി ഒരു "Parallel Mega Serial Universe".ഇതിന്റെ പ്രത്യേകത ആണ് ഒരേ രീതിയിൽ തന്നെ ഉള്ള നിർമാണം.ആകെ മൊത്തം വ്യത്യാസം ചേരുവകകളിൽ ആണ്.ചേരുവകൾ എന്നു പറയുമ്പോൾ അതിലും വ്യത്യസ്തത ഒന്നുമില്ല.Substitute ചെയ്യുന്നു എന്ന് മാത്രം.നന്മയും,കുടുംബവും,ഇടയ്ക്കു മാസ് കാണിക്കുന്ന നായകനും ഒക്കെ എല്ലാ സിനിമയിലും കാണാം.എന്നാൽക്കൂടിയും തരക്കേടില്ലാതെ വീട്ടിൽ ഇരുന്നു കാണാനും കഴിയും.'90 കളിലെ ജഗദീഷ്-സിദ്ധിഖ്-മുകേഷ് സിനിമകളെ പോലെ.(ആ സിനിമകളിലെ കോമഡികൾ ഇപ്പോഴും പുതുമ ഉള്ളതാണ്.അതല്ല ഇവിടെ ഉദ്ദേശിച്ചത്.) വെറുതെ ഇരുന്നു കാണാവുന്ന സിനിമകൾ.
'തട്ടുംപുറത്തു അച്യുതൻ' കണ്ടൂ.ലാൽ ജോസ് രണ്ടായിരത്തിന്റെ തുടക്കത്തിലേക്കു തന്റെ സിനിമയെ കൊണ്ടു പോകാൻ ശ്രമിച്ചത് പോലെ തോന്നി.തെറ്റിദ്ധരിക്കപ്പെടുന്ന നായകൻ,പിന്നെ നന്ദനം ലാൽ ജോസ് വേർഷൻ പോലെ.കുഞ്ചാക്കോ ബോബനും പതിവ് പോലെ.പഴയകാല ദിലീപ് ചിത്രങ്ങളുടെ ചെറിയ ചായ കാച്ചലും തോന്നി.രാഷ്ട്രീയമായി വേറെ ആംഗിളിൽ ചിന്തിക്കാവുന്നത് ഒക്കെ ഉണ്ടെങ്കിലും അങ്ങോട്ട് കടക്കുന്നില്ല.മേൽപ്പറഞ്ഞ കാര്യങ്ങൾ ആണ് പ്രധാനം.സിനിമ മൊത്തം ഫാന്റസി ആണ്.സ്വപ്നങ്ങൾ യാഥാർഥ്യം ആകുന്ന പയ്യനിൽ തുടങ്ങുന്ന ഫാന്റസി. എന്തിനു വേറെ, നായകന്റെ പ്രേമം പോലും ഫാന്റസി ആണ്.അതിനൊപ്പം കാശുകാരനായ വലിയ വീടുള്ള സ്ഥിരം വില്ലൻ ചെക്കനും.ഇതൊന്നും കൂടാതെ പല തരത്തിൽ ഉള്ള മെസേജുകൾ കൂടി ഫ്രീ ആയി കിട്ടും.ഉദാ:കാശ് കെട്ടി വച്ചിരിക്കുന്ന അച്ഛനും മോനും പോലത്തെ കഥ.
തിയറ്റർ കാഴ്ച്ച ഒന്നും ചിത്രം ഡിമാൻഡ് ചെയ്യുന്നതായി പോലും തോന്നിയില്ല.വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ ഇടയ്ക്കു പിള്ളേരുടെ കൂടെ കളിച്ചും കുറച്ചു ഫുഡ് കഴിച്ചും ഒക്കെ കാണേണ്ട പടം.അങ്ങനെ ചെയ്താൽ എന്തായാലും ബോർ ഒന്നും അടിക്കില്ല.ഇങ്ങനെ ഒക്കെ ഇരുന്ന് സിനിമ കാണാനുള്ള സാഹചര്യം എനിക്കുണ്ടായിരുന്നു.അതു കൊണ്ടു ഇഷ്ടപ്പെട്ടൂ.ഉറങ്ങിയൊന്നുമില്ല.ഭജന പാട്ടു കൊള്ളാമായിരുന്നു.മകന്റെ കൂടെ ബോൾ എറിഞ്ഞു പിടിക്കുന്ന കളി ആണ് കളിച്ചത്.കപ്പയും ബീഫും കഴിക്കാൻ ഉണ്ടായിരുന്നു. സോറി.വിഷയത്തിൽ നിന്നും അകന്നു.
പറഞ്ഞു വന്നത് ഓവർ ആയി യാഥാർഥ്യത്തോട്‌ ചേർന്നു നിൽക്കാൻ കുറെ ഏറെ സിനിമകൾ മത്സരിക്കുമ്പോൾ നൊസ്റ്റാൾജിയ ഉണർത്തുന്ന ഇതു പോലെ ഉള്ള സിനിമകളും ഇടയ്ക്കു വരട്ടെ.ഓവർ യാഥാർഥ്യ സിനിമകൾ ടി വി പ്രേക്ഷകർക്ക് അത്ര ദഹിക്കില്ല.അതു പോലെ ഇത്തരം ചിത്രങ്ങൾ സിനിമ കുതുകികളായ ആൾക്കാർക്കും.അതു കൊണ്ടു ഇത് ഇഷ്ടപ്പെടുന്ന വിഭാഗം ഇഷ്ടപ്പെട്ടോട്ടെ.അല്ലാത്തവർക്ക് ഉറക്ക കഥകളും പുച്ഛവും കലർത്തി സാധാരണ മലയാളികളെ പുച്ഛിക്കാം!
കുഞ്ചാക്കോ ബോബൻ സിനിമാറ്റിക് യൂണിവേഴ്‌സ് ഒരു യാഥാർഥ്യം ആണ്.മലയാള സിനിമയുടെ ചരിത്രത്തിൽ ഭാവിയിൽ രേഖപ്പെടുത്താൻ പോകുന്ന ഒന്നാണത്.

1018.Creed II(English,2018)


1018.Creed II(English,2018)
Action,Sports


റോക്കി-അപ്പോളോ ക്രീഡ് legacy 'Creed' ആദ്യ ഭാഗത്ത് വന്നതാണ്.ചാംപ്യനിൽ നിന്നും മുൻ ചാമ്പ്യനായി റോക്കിയുടെ മുന്നിൽ അപ്പോളോ മുട്ടു മടക്കിയപ്പോൾ പിറന്നത് ചരിത്രം ആയിരുന്നു സിനിമയിൽ.റോക്കി എന്ന സിൽവസ്റ്റർ കഥാപാത്രം ലോകം മുഴുവനും പ്രശസ്തമായി.പിന്നീട് റോക്കിയുടെ മുന്നിൽ വച്ചു തന്നെ അപ്പോളോ മരണത്തിനു കീഴടങ്ങുകയും ചെയ്തു.റഷ്യക്കാരൻ ആയ ഇവാൻ ഡ്രാഗോ ആയിരുന്നു അപ്പോളോയെ റിങ്ങിൽ വച്ചു കീഴ്പ്പെടുത്തിയത്.അപ്പോളോ മരണപ്പെട്ടെങ്കിലും പിന്നീട് റോക്കി അതിനു പകരം വീട്ടുകയും ചെയ്തു.
സംഭവ ബഹുലമായ കുറെ ഭാഗങ്ങൾക്കു ശേഷം ആണ് അപ്പോളോയുടെ മകൻ അഡോണിസ് Creed ആദ്യ ഭാഗത്തിൽ റോക്കിയുടെ മുന്നിൽ എത്തുന്നത്.അഡോണീസ് ഇപ്പോൾ ലോക ചാമ്പ്യൻ ആണ്.കാമുകിയുമായി ഒരു കുടുംബം കെട്ടിപ്പെടുത്താൻ ശ്രമിക്കുന്നു.അപ്പോഴാണ് അഡോണീസിന്റെ ചാമ്പ്യൻ പട്ടത്തിന്‌ ഒരു എതിരാളി വരുന്നത്.അപ്പോളോയെ കീഴടക്കിയ,റോക്കിയുടെ കൈകളാൽ പരാജയത്തിന്റെ രസം അറിഞ്ഞ ഇവാൻ ഡ്രാഗോയുടെ മകൻ വിക്റ്റർ ഡ്രാഗോ ആണ് അത്.റോക്കി IV ന്റെ direct sequel എന്നു പറഞ്ഞാലും തെറ്റില്ല
മുപ്പത്തിമ്മൂന്നു വർഷത്തെ പക ഇവാൻ ഡ്രാഗോയുടെ മുന്നിലുണ്ട്.റോക്കിയിൽ നിന്നേറ്റ പരാജയം അയാളുടെ ജീവിതത്തെ തന്നെ നശിപ്പിച്ചു.പരാജിതനായി,തെരുവിൽ അലയേണ്ടി വന്ന അയാളുടെ ഒരേ ഒരു സ്വത്ത് അയാളുടെ മകൻ വിക്റ്റർ ആണ്.അവന് അറിയുന്നത് ബോക്‌സിങ്ങും.തന്റെ പിതാവിന്റെ മരണത്തിനു കാരണം ആയവരോട് പക വീട്ടാൻ ഉള്ള അവസരം ആയിരുന്നു അഡോണീസിന്.എന്നാൽ ട്രെയിനർ ആയി ഇത്തവണ റോക്കി ഇല്ല!!അതിനു കാരണം?റോക്കിയില്ലാതെ അഡോണീസ് ലക്ഷ്യം കാണുമോ?കൂടുതൽ അറിയാൻ ചിത്രം കാണുക.
റോക്കി പരമ്പരയിലെ പഴയ ചിത്രങ്ങളിൽ നിന്നും കഥാപാത്രങ്ങളെ കൊണ്ടു വന്നു റോക്കി legacy നില നിർത്തുന്നതിനോടൊപ്പം Creed legacy തുടർന്ന് കൊണ്ടു പോകാൻ ഉള്ളതെല്ലാം ചിത്രത്തിൽ ഉണ്ട്.പഴയ ഫോർമാറ്റിൽ ആണ് ചിത്രം എങ്കിലും എപ്പോഴും മടുക്കാത്ത റോക്കി മ്യൂസിക്കും ട്രെയ്നിങ്ങും എല്ലാം തന്നെ സാധരണ ബോക്‌സിങ് ചിത്രങ്ങളിൽ നിന്നും ഈ ഭാഗത്തെയും വേർതിരിച്ചു നിർത്തുന്നുണ്ട്.എന്നത്തേയും പോലെ കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന കഥയിൽ ഭാവിയിലേക്ക് വേണ്ടി പോലും ഒരു പക്ഷെ കഥാപാത്രങ്ങളെ കൊണ്ടു വരാൻ സാധിക്കുന്ന രീതിയിൽ ഇപ്പോൾ തന്നെ സൂചനകൾ ഉണ്ട്.
റോക്കി പരമ്പര ഒരിക്കലും തീരില്ല.അതു സിൽവസ്റ്റർ ഇല്ലെങ്കിൽ പോലും തുടരും.റോക്കിയുടെ കുറച്ചു ഡയലോഗും ആ മാസ് ബി ജി എമ്മും മതി.കഥാപാത്രങ്ങൾ മുൻ സിനിമകളിൽ നിന്നും അടർത്തി എടുക്കാനും ധാരാളമുണ്ട്.അതു തന്നെ ആണ് റോക്കി സിനിമയുടെ വിജയവും.One -Man-Show എന്നതിനും അപ്പുറം വ്യക്തിത്വം ഉള്ള ധാരാളം കഥാപാത്രങ്ങളെ സിൽവസ്റ്റർ അണിയികച്ചൊരുക്കിയിട്ടുണ്ട്. ചിത്രം വേറെ ലെവൽ ആകും.തീർച്ച.റോക്കിയുടെ ആരാധകർക്ക് വീണ്ടും ഇതിഹാസ നായകനെ സ്‌ക്രീനിൽ കാണാൻ ഉള്ള അവസരം ആണ് ഇത്.അതിനോടൊപ്പം ക്ളീഷേ (സ്പോർട്സ് സിനിമ കഥയിൽ ഇതിൽ കൂടുതൽ എന്തു പ്രതീക്ഷിക്കാൻ) ആണെങ്കിലും നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.മറക്കാതെ കാണുക.
More movie suggestions @www.movieholicviews.blogspot.ca
ചിത്രത്തിന്റെ ലിങ്ക് എന്റെ ടെലിഗ്രം ചാനലിലും ലഭ്യമാണ്.

1017.Pahuna:The Little Visitors(Nepali,2017)


1017.Pahuna:The Little Visitors(Nepali,2017)
Drama,Comedy

ആ രണ്ടു കുട്ടികളുടെ കൈയിൽ ആണ് കൈ കുഞ്ഞായ അനുജന്റെ ചുമതല.അവർ ജനിച്ചു വളർന്ന സ്ഥലത്തു നിന്നും രക്ഷപ്പെടുക ആണ്.അച്ഛന് അപകടം ഉണ്ടായി എന്ന് കരുതി 'അമ്മ ആ പിഞ്ചു കുഞ്ഞിനെ അവരെ ഏൽപ്പിച്ചു അവിടെ നിന്നും രക്ഷപ്പെടുന്ന കൂട്ടരുടെ കൂടെ അയക്കുന്നു.

പ്രക്ഷുബ്ധമായ ,യുദ്ധ സമാനമായ ഒരു സിനിമ ആയിരിക്കും ഈ രംഗങ്ങൾ തുടക്കത്തിൽ കാണുമ്പോൾ പ്രേക്ഷകന്റെ മുന്നിൽ ഉണ്ടാവുക.പ്രത്യേകിച്ചും മാറിക്കൊണ്ടിരിക്കുന്ന നേപ്പാളിന്റെ രാഷ്ട്രീയ മുഖങ്ങൾ കൂടി ആകുമ്പോൾ. എന്നാൽ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ടു സിനിമ മുന്നോട്ട് പോവുക ആണ്.മുതിർന്നവരുടെ ചിന്തകളിൽ നിന്നും ലഭിച്ച ആശയത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ ആ കുട്ടികൾ അവരിൽ നിന്നും മാറുന്നു.അവർ ഒരു കേടായി കിടക്കുന്ന ചെറിയ വാനിൽ ജീവിച്ചു തുടങ്ങുന്നു.

ഇവിടെ മുതൽ ചിത്രം വളരെ നിഷ്ക്കളങ്കം ആണ്.ബാല്യത്തിന്റെ നിഷ്ക്കളങ്കത ആണ് എങ്ങും.ഇരുട്ടിനെ ഭയപ്പെടുന്ന ആണ്കുട്ടി.അപ്പോഴും ധൈര്യത്തോടെ നിൽക്കുന്ന മൂത്ത പെണ്ക്കുട്ടി.ഭീകര സത്വം ആയി മനസ്സിൽ വരച്ചിട്ട പാതിരി.ഇന്ത്യൻ കറന്സിയും നേപ്പാളി കറന്സിയും തമ്മിൽ ഉള്ള വ്യത്യാസം പോലും അറിയാത്ത ബാല്യം.നിഷ്കളങ്കതയിൽ നിന്നും ഉയരുന്ന ധാരാളം സന്ദർഭങ്ങൾ ചിത്രത്തിന്റെ മുഖ മുദ്ര ആണ്.

ഇതിൽ നിന്നും എല്ലാം അവർ ജീവിതത്തെ കുറിച്ചു അറിയാൻ ശ്രമിക്കുന്നു.സിനിമ പറയാൻ ശ്രമിക്കുന്ന രാഷ്ട്രീയം സരളമായി തന്നെ ഈ സന്ദര്ഭങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നും ഉണ്ട്.രണ്ടാം തരം പൗരന്മാരായി സ്വത്ര്യലബ്ധിക്കു ശേഷം ഇൻഡ്യയിൽ ജീവിക്കേണ്ടി വരുന്ന അവസ്‌ഥ സാമൂഹികമായ ചില വേർത്തിരിക്കലുകൾ അനുഭവിക്കുന്ന ജനതയെ കുറിച്ചൊക്കെ ധാരാളം കാര്യങ്ങൾ സിക്കിം ജനതയെ ആസ്പദമാക്കി എടുത്ത ഈ നേപ്പാളി ഭാഷ ചിത്രത്തിന് പ്രകടമായി പറയാമായിരുന്നു.എന്നാൽ ആദ്യ സിനിമയിൽ പാഖി ടൈർവാല എന്ന സംവിധായിക കഥ സന്ദര്ഭങ്ങളിലൂടെ അധികം പ്രക്ഷുബ്ധം ആകാതെ അവതരിപ്പിച്ചു എന്നാണ് അഭിപ്രായം.Yet Relevant!

നിഷ്‌കളങ്കമായ ബാല്യം,അവയുടെ രസ ചരടുകൾ പൊട്ടാതെ പ്രേക്ഷകന്റെ മുന്നിൽ സമാധാനത്തോടെ അവതരിപ്പിക്കപ്പെട്ട കുഞ്ഞു അതിഥികളുടെ കഥ തീർച്ചയായും കണ്ടിരിക്കണം.നല്ല ചിത്രമാണ്.

Movieholic Rating: 4/4

More movie suggestions @www.movieholicviews.blogspot.ca

ചിത്രത്തിന്റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്.