Tuesday 28 August 2018

922.THE LIQUIDATOR(MANDARIN,2017)



922.The Liquidator(Mandarin,2017)
Mystery,Thriller.

തുടരെ ഉള്ള കൊലപാതകങ്ങൾ.ആദ്യം വന്നത് വിവാദമായ ഒരു സ്ക്കൂൾ വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് ഉള്ളതായിരുന്നു.അദ്ധ്യാപകന്റെ ക്രൂരത നഷ്ടപ്പെടുത്തിയ ജീവന് പകരം ചോദിക്കാൻ ആയി "The Light of the City" എന്ന പേരിൽ ഓണ്ലൈനില് നിന്നും ഒരാൾ പ്രത്യക്ഷപ്പെടുന്നു.ക്രൂരമായ രീതിയിൽ അധ്യാപകൻ കൊല്ലപ്പെടുന്നു.അർഹമായ വിധി എന്നു ഓണ്ലൈന് ജീവികൾ പ്രഖ്യാപിക്കുന്നു.അപ്പോഴാണ് അതിനെ ചുവടു പിടിച്ച് ഒരു അഭിഭാഷകൻ കൊല്ലപ്പെടുന്നത്.അകാരണമായി ഒരു പെണ്കുട്ടിയുടെ ജീവിതത്തിൽ കഷ്ടപ്പാടുകൾ സമ്മാനിച്ച അയാളുടെ മരണവും സോഷ്യൽ മീഡിയയിൽ ആഘോഷം ആകുന്നു.

ജനങ്ങൾക്കായി നീതിന്യായ വ്യവസ്ഥയുടെ അപ്പുറത്തും നിന്നു ഒരു രക്ഷകൻ.സോഷ്യൽ മീഡിയയിൽ വരുന്ന സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു ,ജനങ്ങൾ ഒരാളുടെ മരണം ആഗ്രഹിക്കുന്നു എന്നു മനസ്സിലാക്കുമ്പോൾ "The Light of the City" അവതരിക്കുന്നു.ജനങ്ങളുടെ നീതി നടപ്പിലാക്കുന്നു.പൊലീസിന് മറഞ്ഞിരുന്നു ജനങ്ങൾക്ക് വേണ്ടി നീതി നിർവഹണം നടത്തുന്ന ആൾ ആരാണെന്നു കണ്ടെത്താൻ ആകാതെ നിൽക്കുമ്പോൾ ആണ് സർവീസിൽ നിന്നും മാറി നിന്നിരുന്ന "ഫാങ്-മൂ" വിന്റെ സഹായം തേടുന്നത്.വീണ്ടും സർവീസിൽ കയറിയ ഫാങ് മൂ ,കൊലയാളിയെ കുറിച്ചുള്ള പ്രൊഫൈലിങ് നടത്തുന്നു തുടക്കത്തിൽ തന്നെ,ലഭ്യമായ തെളിവുകൾ വച്ചു.

എന്നാൽ അയാൾ ആരാണ് എന്നുള്ള ദുരൂഹത നിലനിൽക്കുമ്പോൾ ആണ് കൊലയാളിക്ക് ഫാങ് മൂവിനെ ഈ കേസിൽ കൊണ്ടു വരാൻ ഉള്ള തെളിവുകൾ അവശേഷിപ്പിച്ചിട്ടുണ്ട് എന്നു മനസ്സിലാകുന്നത്.എന്തിനായിരിക്കും അതു?ആരാണ് കൊലയാളി?ഈ ചോദ്യങ്ങൾ കണ്ടെത്തുമ്പോഴും വീണ്ടും കൊലപാതകങ്ങൾ നടന്നു കൊണ്ടിരിക്കുന്നു,സോഷ്യൽ മീഡിയയിൽ നിന്നുമുള്ള ജനങ്ങളുടെ പ്രതികരണങ്ങൾക്കു അനുസൃതമായി.

'Lei Mi ' രചിച്ച അതേ പേരിൽ ഉള്ള ചൈനീസ് നോവലിന്റെ ദൃശ്യവിഷ്‌ക്കാരം ആണ് 'The Liquidator'.'Guilty of the Mind' എന്ന കഥയിലൂടെ വന്ന ഫാങ് മൂവിനെ ഈ ചിത്രത്തിന്റെ റിലീസിനു ഒരു വർഷം മുൻപ് തന്നെ സ്‌ക്രീനിൽ വന്നിരുന്നു.സോഷ്യൽ മീഡിയ Mob Justice നടത്താനുള്ള സ്ഥലമായി പരിണമിച്ചാൽ,അവിടെ ഒരു Vigilante പ്രത്യക്ഷപെട്ടാൽ എന്താകും ഉണ്ടാവുക?നിലവിൽ ഉള്ള നീതി വ്യവസ്ഥകൾ പോരാ എന്നുള്ള ചിന്ത collective ആയി ജനങ്ങൾക്ക് ഉണ്ടാകുമ്പോൾ ആ സമൂഹം അപകടകാരികൾ ആയി മാറും." The Liquidator" ആ ചിന്തകൾക്ക് പ്രാമുഖ്യം നല്കുന്നതിനോടൊപ്പം തന്നെ നല്ല ഒരു മിസ്റ്ററി ചിത്രം ആകുന്നു ഉണ്ട്.

ഒരു പരിധിക്കു അപ്പുറം ചിത്രം സൈക്കോളജിക്കൽ ത്രില്ലർ ആയി മാറുന്നു.മനുഷ്യ മനസ്സുകൾ തമ്മിൽ ഉള്ള കളികളിലൂടെ പോകുമ്പോൾ അവിചാരിതം ആയ പലതും സംഭവിക്കുന്നു.CGI യുടെ നിലവാരക്കുറവ് എടുത്തു കാണിക്കുന്ന ചില സീനുകളുടെ അപ്പുറം തരക്കേടില്ലാത്ത ഒരു മിസ്റ്ററി/ത്രില്ലർ ആണ് 'The Liquidator'.

കാണാൻ ശ്രമിക്കുക...!!

921.ETEROS EGO(GREEK,2016)



921.Eteros Ego (Greek,2016)
       Mystery
കൊലപാതകികൾ ഭൂമിയിൽ കാണപ്പെടുന്ന പ്രത്യേകതരം ജീവികൾ ആണോ?അതോ എല്ലാവരുടെ ഉള്ളിലും ഒരു കൊലയാളി ഉണ്ടാകുമോ?അവസരം വരുമ്പോൾ പുറത്തു വരാൻ?"Eteros Ego" അഥവാ "The Other Me" എന്ന ഗ്രീക്ക് ചിത്രം പൂർണമായും ഈ ഒരു പ്രമേയത്തെ ആസ്പദം ആക്കി ആണ് അവതരിപ്പിച്ചിരിക്കുന്നത്.
തുടരെ ഉണ്ടാകുന്ന 2 കൊലപാതകങ്ങളിൽ തോന്നിയ സാദൃശ്യം ആണ് പോലീസ് ഡെപ്യൂട്ടി ചീഫിനെ കൊലയാളിയുടെ സ്വഭാവങ്ങളെ കുറിച്ചു വിശകലനം നടത്താൻ ആയി ശാസ്ത്രീയ സഹായം തേടുന്നത്.പ്രൊഫസർ ദിമിട്രിസ് അങ്ങനെ ആണ് ഈ കേസിന്റെ ഭാഗം ആകുന്നതു.കൊല്ലപ്പെട്ടവരുടെ അടുക്കൽ കാണുന്ന വാക്യങ്ങളും സംഖ്യകളും എല്ലാം ദിമിട്രിസിൽ ഈ കൊലപാതകങ്ങൾ പ്രത്യേക തരം pattern പിന്തുരുന്നതായി മനസ്സിലാക്കുന്നു.ഓരോന്നിനും കൊലപാതകത്തെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ രേഖപ്പെടുത്തിയിരുന്നു.
ദിമിട്രിസ് വ്യക്തിപരമായ ചില പ്രശ്നങ്ങൾ കാരണം കുഴയുന്ന സമയം ആയിരുന്നെങ്കിലും അയാൾ ആ കേസ് അന്വേഷണത്തിൽ തന്റേതായ സമയം ചിലവഴിക്കുന്നു.അതിനൊപ്പം നേരത്തെ നടന്ന ചില മരണങ്ങളിലും അയാൾ സംശയം പ്രകടിപ്പിക്കുന്നു.പലതും കൂട്ടി യോജിപ്പിക്കുമ്പോൾ എല്ലാത്തിനും ഉത്തരം ലഭിക്കും എന്ന സാമാന്യ യുക്തിയിൽ കേസ് അന്വേഷണം മുന്നോട്ട് പോകുന്നു.ദിമിട്രിസ് അയാളോട് തന്നെ ഇടയ്ക്കു ചോദിക്കുന്ന ചോദ്യം ഉണ്ട്.ശരിക്കും ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ ആ പ്രാർത്ഥന ദൈവം കേൾക്കാറുണ്ടോ എന്നു.നേഴ്‌സ് ആയ സോഫിയയ്ക്ക് അതിനുള്ള ഉത്തരം നൽകാൻ സാധിക്കുന്നില്ലെങ്കിലും അയാളുടെ സംശയം മാറ്റാൻ ഈ കേസ് അന്വേഷണത്തിന് കഴിയുന്നുണ്ട്.അതിനൊപ്പം നീതി-ന്യായങ്ങളുടെ പ്രവർത്തന രീതിയെക്കുറിച്ചും.കാരണം അയാളും അനുഭവിക്കുന്നത് സമാനമായ വേദന ആയിരുന്നു ജീവിതത്തിൽ!!
ആരാണ് യഥാർത്ഥ കൊലയാളി?കൊലപാതകിയുടെ ഉദ്ദേശം എന്തായിരുന്നു?കൂടുതൽ അറിയാൻ ചിത്രം കാണുക..ഗ്രീക്ക് സിനിമ പലപ്പോഴും പ്രേക്ഷകന്റെ അഭിരുചി അനുസരിച്ചു മാറുന്ന ഒന്നായി ആണ് പൊതുവെ വിലയിരുത്തുന്നത്.അത്തരത്തിൽ ഉള്ള സിനിമ സംസ്ക്കാരം പിന്തുടർന്നു വരുന്ന അവരിൽ നിന്നും ലഭിച്ച മികച്ച മിസ്റ്ററി ചിത്രങ്ങളിൽ ഒന്നാണ് Eteros Ego.കുറ്റാന്വേഷണ കഥ എന്നതിലുപരി കഥാപാത്രങ്ങളുടെ മാനസിക തലങ്ങളിലേക്കും ക്യാമറ സഞ്ചരിച്ചിട്ടുണ്ട് ചിത്രം.കാണാൻ ശ്രമിക്കുക!!

920.KADAIKKUTTI SINGHAM(TAMIL,2018)



920.Kadaikkutti Singham
തമിഴ് പടം 2 ഇറങ്ങിയ സമയത്തു തന്നെ അതിന്റെ നേരെ എതിർ സ്വഭാവം ഉള്ള ഒരു ചിത്രവും ഇറങ്ങി.സിനിമകളിലെ ക്ളീഷേകൾ പൊളിച്ചെടുക്കിയ തമിഴ് പടവും ,പുണ്യ പുരാതന സിനിമാക്കാലം മുതൽ ഉള്ള ക്ളീഷേ കഥയുമായി "കടയ്കുട്ടി സിംഗവും"."സിംഗം" എന്ന പേരു കുടുംബ സ്വത്തായി പ്രഖ്യാപിക്കാൻ ഇറങ്ങിയിരിക്കുന്ന സൂര്യ-കാർത്തി സഹോദരന്മാരുടെ ചിത്രം പാണ്ഡിരാജ് സംവിധാനം ചെയ്തു അവതരിപ്പിച്ചപ്പോൾ മികച്ച വിജയം ആണ് നേടിയത്.
മനുഷ്യൻ ആദ്യമായി എഴുതിയ കഥകളിൽ ഒന്നാകും ഈ ചിത്രത്തിന്റെ.പുത്രൻ വേണം എന്ന ആഗ്രഹം കാരണം കല്യാണം കഴിക്കാൻ നടക്കുന്ന പണക്കാരനായ കൃഷിക്കാരൻ (സത്യരാജ്).അവസാനം കുറെ പെൻകുട്ടികൾക്കു ശേഷം ഒരു സൽ പുത്രൻ(കാർത്തി) ഉണ്ടാകുന്നു.നല്ല ഒറിജിനൽ നന്മ മരം.വീര ശൂര പരാക്രമി,കൃഷിക്കാരൻ ,കാമുകൻ,സഹോദരൻ,മകൻ,സുഹൃത്തു,ഏഴൈ തോഴൻ എന്നു വേണ്ട ഇന്ത്യൻ സിനിമയിലെ എല്ലാ ക്ളീഷേയും അടങ്ങിയ കഥാപാത്രം.പ്രത്യേകിച്ചു ഒരു ഗുണവും പുതുമയും ഉണ്ടാകും എന്ന് തോന്നാത്ത കഥയും കഥാപാത്രവും.അതിന്റെ ഒപ്പം നായകന്റെ ഷോ ഓഫ് പാട്ടും,മത്സരവും ഒക്കെ.
എന്നാൽ മികവുറ്റ അവതരണം കൊണ്ടോ അല്ലെങ്കിൽ "Too much of anything is poisonous" എന്നത് പോലെയോ വ്യത്യസ്തമായ,ഒറീജിനാലിറ്റി ഉള്ള സിനിമ തേടി പോയ നവീന പ്രേക്ഷകന്റെ മുന്നിൽ വ്യത്യസ്തത ആയിരുന്നു ഈ ചിത്രം.നല്ല താര നിര.പ്രസരിപ്പുള്ള സത്യരാജ്, കാർത്തി എന്നിവർ ആയിരുന്നു സിനിമയുടെ ആണിക്കല്ല്.കുറെ ഏറെ കഥാപാത്രങ്ങൾ.തീർത്തും സാധാരണമായ ഒരു കഥ.ചിലപ്പോൾ സിനിമ കഴിയുമ്പോൾ ഈ കണ്ണീർ കഥ ഒക്കെ സീരിയലിൽ ഉള്ളത് അല്ലെ എന്നൊക്കെ തോന്നാം.എന്നാൽ സിനിമ കാണുമ്പോൾ അങ്ങനെ ഒന്നും തോന്നാതെ മികച്ച രീതിയിൽ അവതരിപ്പിച്ചത്‌ പോലെ തോന്നി.പഴയ 'വിക്രമൻ' സിനിമകളുടെ ബാധ കൂടിയ 'പാണ്ഡിരാജ്' ഈ കാലത്തു നടത്തിയ ഒരു ധീര പരീക്ഷണം ആയിരുന്നു എന്ന് വേണം ഈ ചിത്രത്തെ കുറിച്ചു പറയാൻ.ഇടയ്ക്കു ഇങ്ങനത്തെ ചിത്രങ്ങൾ ഒക്കെ കാണാൻ രസമായിരിക്കും.ഈ ചിത്രത്തിന്റെ വിജയം കണ്ടു കൂടുതൽ സിനിമകൾ ഇറങ്ങാതെ ഇരുന്നാൽ മതിയായിരുന്നു എന്നും കരുതുന്നു.
ഒരു Entertainer ആണ് കാണാൻ ആഗ്രഹം എങ്കിൽ "കടയ്ക്കുട്ടി സിംഗം" ധൈര്യമായി കാണാം!!

919.MOHANLAL(MALAYALAM,2018)



919.മോഹൻലാൽ

"Celebrity Worship Syndrome".വലിയ പേരൊക്കെ ആണെങ്കിലും എല്ലാവർക്കും പരിചിതമായ ഒരു രോഗാവസ്ഥ ആണ് ഇത്.പ്രത്യേകിച്ചും "ഫാനാരന്മാർ" എന്നു പണ്ട് ആരോ വിളിച്ച ആളുകളുടെ അവസ്‌ഥ.ഇതും "മോഹൻലാൽ" എന്ന സിനിമയും ആയുള്ള ബന്ധം എന്താണ് എന്ന് ചോദിക്കുന്നതിനു മുൻപ് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.

"പാവങ്ങളുടെ നോളൻ" എന്നു വിളിക്കാവുന്ന ഒരു സംവിധായകൻ ഉണ്ട് മലയാളത്തിൽ.ആരാണ് അതെന്നു ചോദിച്ചാൽ ഉള്ള ഉത്തരം അൽപ്പം വിചിത്രം ആയി തോന്നാം.'സാജിദ് യാഹിയ'.ആദ്യ സിനിമ ആയ 'ഇടി' ഇറങ്ങിയപ്പോൾ പലരും പരിഹസിച്ചിരുന്നു.പക്ഷെ ആ മൊത്തം കഥയും ജയസൂര്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സ്വപ്നം മാത്രം ആയിരുന്നു എന്ന് പ്രേക്ഷകർ മനസ്സിലാക്കിയിരുന്നെങ്കിൽ എന്നു പിന്നീട് തോന്നുക ഉണ്ടായി!!അല്ലേലും "മുറ്റത്തെ മുല്ലയിൽ മൂത്രിക്കുക" എന്ന പഴഞ്ചൊല്ല് മലയാളിയുടെ കാര്യത്തിൽ സത്യമാണ്.പടം മലയാളികൾ പൊളിച്ചു കയ്യിൽ കൊടുത്തു!!!(veshamem unde frande!!)

ഇനി 'മോഹൻലാൽ' എന്ന സിനിമയിലേക്ക്.പേരും പ്രമോഷനും ,ഏട്ടൻ ആന്തം ഒക്കെ കേൾക്കുമ്പോൾ ലാലേട്ടനെ മഹത്വൽക്കരിച്ചിരിക്കുന്ന പടം ആണെന്ന് തോന്നാം.ലോകത്തിലെ ഏറ്റവും പ്രശസ്തൻ ആയ മലയാളിയുടെ പേര് തന്നെ സിനിമയ്ക്ക് തിരഞ്ഞെടുത്തത് സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു സിനിമ കൂടുതൽ ആളുകളിൽ എത്തിക്കാൻ വേണ്ടി ആകണം.സിനിമയുടെ കഥയിൽ മഞ്ജു അവതരിപ്പിക്കുന്ന മീനുകുട്ടി യഥാർത്ഥത്തിൽ ആരാണ്??മാനസിക രോഗം ബാധിച്ച ഒരു പെൺകുട്ടി.അതിൽ ഏട്ടനെ ഉൾപ്പെടുത്തി, ഒരാളുടെ കാഴ്ചപ്പാടിലൂടെ..അതും 'Celebrity Worship Syndrome' എന്ന അടിപൊളി പേരുള്ള അസുഖം ഉള്ള ആൾ.അവളുടെ കാഴ്ചപ്പാടിൽ ഉള്ള കഥയിൽ യഥാർത്ഥ ലോകത്തിൽ നിന്നും അകലുന്ന പലതും ഉണ്ട്.ഉദാഹരണത്തിന് ഭർത്താവ് ചുമ്മാതെ വച്ചിരിക്കുന്ന പെട്ടിയിൽ ഉള്ള കാശ് ആർക്കെങ്കിലും എടുത്തു കൊടുക്കുക.നഗരം വിറപ്പിക്കുന്ന ഗുണ്ടയെ ഒറ്റ ചവിട്ടിനു പറപ്പിക്കുക.എന്തിനു, ലാലേട്ടൻ എന്ന ബ്ലഡ് ഗ്രൂപ് ഒക്കെ സാധാരണ സ്ക്കൂളിൽ പോയ ആരുടെയും സ്വപ്നത്തിൽ പോലും ഉണ്ടാകില്ല.പക്ഷെ ഇവിടെ കഥ അവതരിപ്പിക്കുന്നത് രോഗിണിയായ മീനുക്കുട്ടിയുടെ കാഴ്ചപ്പാടിൽ നിന്നാണ്.ഒരു പക്ഷെ ഇന്ദ്രജിത്തിന്റെ 'സേതു മാധവന്റെ' കാഴ്ചപ്പാടിൽ ആയിരുന്നെങ്കിലോ,അജുവിന്റെ തരികിട കഥാപാത്രത്തിന്റെ ആയിരുന്നെങ്കിലോ വേറെ ഒന്നായേനെ കഥ.ഒന്നെങ്കിൽ ഒരു കണ്ണീർ സിനിമ.അല്ലെങ്കിൽ ഒരു ഫ്രോഡിന്റെ കഥ.

അല്ലെങ്കിലും മഞ്ജു വാര്യർ എന്ന നടി ഇത്രയും അഭിനയിച്ചു വൃത്തിക്കേട് ആക്കി എന്ന് ആളുകളെ കൊണ്ടു പറയിപ്പിക്കാൻ ശ്രമിക്കും എന്നാണോ പ്രേക്ഷകർ കരുതുന്നത്?ശരിക്കും കഥാപാത്രത്തിന്റെ പൂര്ണതയ്ക്കു വേണ്ടി ആവിഷ്‌കരിച്ച ബ്രില്യൻറ് തീരുമാനം ആയിരുന്നു അതു. ഫാനിസം എന്ന സംഭവത്തെ എടുത്തു അലക്കി ഉടുപ്പിച്ച ചിത്രം ഫാനിസം ബാധിക്കുന്ന മലയാളികൾക്ക് എന്തു സംഭവിക്കും എന്നു ഉള്ളതിന്റെ ചൂണ്ടു പലക കൂടി ആണ്.എന്തിനു,സിനിമയിലെ കഥാപാത്രങ്ങളുടെ പേരുകൾ ഏട്ടൻ സിനിമയിലെ കഥാപാത്രങ്ങൾ ആകുന്നതു പോലും യാദൃശ്ചികം ആകാൻ വഴിയില്ല.എല്ലാം മീനുക്കുട്ടിയുടെ കാഴ്ചപ്പാടിൽ ഉള്ള ലോകം ആണ്. ചുരുക്കത്തിൽ ഒരു സൈക്കോളജിക്കൽ ത്രില്ലർ എന്നു വിളിക്കേണ്ടിയിരുന്ന ചിത്രത്തെ അധിക്ഷേപിച്ചവർ ഒന്നൂടി കാശ് വാങ്ങി ഡി.വി.ഡി യിൽ സിനിമ കണ്ടതിനു ശേഷം ഈ കാഴ്ചപ്പാടിൽ ചിന്തിക്കാൻ ശ്രമിക്കുക.ഒരു പക്ഷെ പിൽക്കാലത്ത് മലയാളികൾ സത്യാവസ്ഥ മനസ്സിലാക്കുമ്പോൾ റീ-റിലീസ് വേണം എന്ന് പറഞ്ഞു അലമ്പു ആക്കാതെ ഇരിക്കാൻ വേണ്ടി ആണ്.

ഇപ്പോൾ എന്തു കൊണ്ട് ആണ് സംവിധായകൻ ആയ സാജിദ് യാഹിയായെ 'പാവങ്ങളുടെ നോളൻ' എന്നു വിളിച്ചതെന്നു മനസ്സിലായി കാണും!!

(നല്ല പോലെ പൊക്കി അടിച്ചിട്ടുണ്ട്..പോസ്റ്റ് കളയരുത് സാജിദ് സാർ!!!) 

Thursday 9 August 2018

918.BEFORE I GO TO SLEEP(ENGLISH,2014)


918.Before I Go To Sleep(English,2014)
       Mystery,Thriller

"താൻ ആരാണെന്നു തനിക്കു അറിയില്ലെങ്കിൽ........!!! -Before I go to Sleep....

ഓരോ ദിവസവും താൻ ആരാണെന്നു അറിയാതെ ഉണരേണ്ടി വരുക.കൂടെ ഉറങ്ങുന്ന മനുഷ്യൻ തന്റെ ഭർത്താവാണെന്നു അയാൾ പറഞ്ഞു മാത്രം മനസ്സിലാക്കുക.അന്ന് രാവിലെ വരുന്ന ഒരു ഫോണ് കോളിൽ നിന്നു മാത്രം താൻ ആരാണ് എന്നു ഉള്ള അന്വേഷണം തുടരുക.ക്രിസ്റ്റിന് എന്ന കഥാപാത്രം പ്രേക്ഷകന്റെ മുന്നിൽ എത്തുന്ന ആദ്യ നിമിഷം മുതൽ ഇതാണ് കാണുന്നത്.ഇതു ഒരു cycle ആയി പിന്നെയും ആവർത്തിക്കുന്നു.താൻ ആരാണെന്നു കണ്ടെത്താനും തനിക്കു എന്തു കൊണ്ട് ഇത്തരം ഒരു അവസ്ഥ ഉണ്ടായി എന്നും കണ്ടെത്താൻ ശ്രമിക്കുന്ന ക്രിസ്റ്റിന് എന്ന സ്ത്രീയുടെ കഥ ആണ് "Before I go to sleep".

നിക്കോൾ കിഡ്മാൻ അവതരിപ്പിക്കുന്ന ക്രിസ്റ്റിന് എന്ന കഥാപാത്രം ആണ് സിനിമയുടെ നട്ടെല്ല്.ഒരു സൈക്കോ ത്രില്ലർ ആയി മാറുന്നു ചിത്രം ധാരാളം പ്ലോട്ട് ട്വിസ്റ്റുകൾ കൊണ്ടു സമ്പന്നമാണ്.തുടക്കത്തിൽ കാണുന്ന കഥയിൽ നിന്നും ധാരാളം വ്യതിയാനങ്ങൾ സംഭവിക്കുന്നു.ചുറ്റും കള്ളം പറയുന്നവരുടെ ഒരു ലോകം ആണെന്നു വിശ്വസിക്കാൻ മാത്രമേ ക്രിസ്റ്റിൻ അവളുടെ യഥാർത്ഥ വ്യക്തിത്വത്തെ കണ്ടെത്താൻ ശ്രമിക്കുമ്പോൾ കഴിയൂ.സിനിമ കാണുമ്പോൾ പ്രേക്ഷകനും അതേ അഭിപ്രായം ആകും ഉണ്ടാവുക.


  S J വാട്സൻ എഴുതിയ ഇതേ പേരിൽ ഉള്ള നോവലിനെ ആസ്പദമാക്കി നിർമിച്ച ചിത്രം അതിന്റെ ഡാർക് മൂഡ് കൊണ്ടാണ് ശ്രദ്ധേയം ആകുന്നത്.പ്രേക്ഷകനും ക്രിസ്റ്റിനോടൊപ്പം ആശയക്കുഴപ്പത്തിൽ അകപ്പെടും.ഒരു ദിവസത്തിന്റെ പരിമിതമായ സമയത്തിനും അപ്പുറം ഓരോ ദിവസവും ക്രിസ്റ്റിന് ഉറക്കം ഉണരുമ്പോൾ സംഭവങ്ങൾ ആവർത്തിക്കപ്പെടുക ആണ്.പരിചിതമായ ചോദ്യവും ഉത്തരങ്ങളും.സത്യം അറിയാൻ പരിമിതമായ സമയം മാത്രം ആണ് മുന്നിൽ ഉള്ളത്!!

ആരാണ് ക്രിസ്റ്റിന് യഥാർത്ഥത്തിൽ?അവൾ എങ്ങനെ ഇങ്ങനെ ആയി??Before I go to sleep കാണുക,ഉത്തരത്തിനായി...!!


917.THE WARNING(SPANISH,2018)


917.The Warning(Spanish,2018)
        Mystery,Fantasy.

  April 02,2008.
      24 Hour Store ലേക്ക് ഡേവിഡ് ,അന്നത്തെ പ്രധാനപ്പെട്ട രാത്രിയുടെ മുന്നൊരുക്കങ്ങൾക്കു ആയി പോകുമ്പോൾ അവന്റെയും സുഹൃത്തു ജോണിന്റെയും ജീവിതങ്ങൾ വരുന്ന ദിവസങ്ങളിൽ മാറി മറിയും എന്നു കരുതിയിട്ടുണ്ടാകില്ല.

പത്തു വർഷങ്ങൾക്കു ശേഷം April 12,2018.നിക്കോ എന്ന പത്തു വയസ്സുകാരന്റെ ജീവിതവും അപ്രതീക്ഷിതമായ അപകടത്തെ നേരിടും എന്നൊരു സൂചന ലഭിക്കുന്നു.

    ഏതാനും വർഷങ്ങളുടെ ഇടവേളയിൽ നടക്കുന്ന സംഭവങ്ങളെ Parallel ആയി ആണ് "The Warning" എന്ന സ്പാനിഷ്,Netflix റിലീസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.സമാന്തരമായി പോകുന്ന കഥ ആണെങ്കിലും ആ കഥ എവിടെ എങ്കിലും കണ്ടുമുട്ടണം.എങ്കിൽ മാത്രമേ ഈ 2 സംഭവങ്ങളും തമ്മിൽ ഉള്ള ബന്ധം കണ്ടെത്താൻ ആകൂ.എന്നാൽ അതിനു പിന്നിൽ അപകടകരമായ ഒരു ചരിത്രം കൂടി ഉണ്ടെങ്കിലോ?പ്രത്യേകിച്ചു സാധാരണ മനുഷ്യരുടെ ബുദ്ധിയിൽ വെളിവാകാത്ത ഒരു കഥ?

'പോൾ പെൻ' രചിച്ച അതേ പേരിൽ നിന്നുള്ള നോവലിൽ നിന്നും ആണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്.സാമാന്യ യുക്തിയെ ചോദ്യം ചെയ്യുന്ന പലതും സിനിമകളിൽ പ്രമേയം ആകാറുണ്ട്.സിനിമയ്ക്കുള്ള ഒരു സ്വാതന്ത്ര്യം ആണത്.പ്രത്യേകിച്ചും ഒരു നോവൽ വായിക്കുന്ന ലാഘവത്തോടെയും,ആ കഥയിലേക്ക് പ്രേക്ഷകന് നേരിട്ടു കഥാപാത്രങ്ങളെ കാണുമ്പോൾ പല കാര്യങ്ങളും പ്രേക്ഷകന് മറക്കും.ഫിക്ഷൻ നൽകുന്ന ഒരു സ്വാതന്ത്ര്യം കൂടി ആണത്.

   ജോണ് കണ്ടു പിടിക്കുന്ന ഒരു പ്രത്യേക pattern ഉണ്ടാകാൻ ഉള്ള കാരണങ്ങൾ ഒന്നും ചിത്രത്തിൽ വിശദീകരിക്കുന്നില്ല എന്നത് പ്രധാന പോരായ്മ ആണ് ഈ ചിത്രത്തിൽ.പകരം ഇങ്ങനെ ഒക്കെ സംഭവിച്ചിരിക്കാം എന്നൊരു ദിശാ ബോധം പ്രേക്ഷകന് നൽകുന്നുണ്ട്.നിരൂപകരുടെ ഇടയിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ആയിരുന്നെങ്കിൽ കൂടിയും സിനിമയുടെ മൊത്തത്തിൽ ഉള്ള പ്രമേയം ഒരു ത്രില്ലറിന്റെ വേഗത്തിൽ അവതരിപ്പിച്ചപ്പോൾ ചിത്രം തരക്കേടില്ലാത്ത ഒന്നായി മാറി എന്നതാണ് സത്യം.

  കഥയെ കുറിച്ചു അധികം സൂചനകൾ നൽകുന്നില്ല.പക്ഷെ ഡാർക്,ഫാന്റസി ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന ഒരാൾ ആണെങ്കിൽ ഒരു കൗതുകത്തോടെ കാണാം ഈ ചിത്രം.മികച്ച ഫാന്റസി ചിത്രം ആയി മാറാൻ ഉള്ള അവസരം ഉണ്ടായിരുന്നെങ്കിലും ഇത്തരം ആശയങ്ങളിൽ പൊതുവായി തരുന്ന വിശദീകരണങ്ങൾ നേരിട്ടോ അല്ലാതെയോ പ്രകടം ആകുന്നില്ല എന്ന പോരായ്മ കാരണം ഇങ്ങനെ ഒക്കെ സംഭവങ്ങൾ ഉണ്ടാകുന്നു എന്നു പ്രേക്ഷകനിൽ ഒരു ബോധം ഉണ്ടാക്കാൻ ആണ് ചിത്രം ശ്രമിക്കുന്നത്.ഒരു പക്ഷെ അതിനുതകുന്ന കഥാപാത്രങ്ങൾ ഈ ചിത്രത്തിൽ കുറവായിരുന്നു.അതാകും കാരണം.

 ചിത്രത്തിന്റെ പ്രമേയത്തിൽ താൽപ്പര്യം ഉണ്ടെങ്കിൽ കാണുവാൻ ശ്രമിക്കുക!!

Friday 3 August 2018

916.SECRET(MANDARIN,2007)


916.Secret(Mandarin,2007)
       Mystery,Romance

  രണ്ടു സ്ക്കൂൾ വിദ്യാർഥികൾ പരിചയപ്പെടുന്നു.ആദ്യ ദിവസം തന്നെ അവർ പരസ്പ്പരം അവരുടെ സംഗീത അഭിരുചിയിലെ സാമർഥ്യം തിരിച്ചറിഞ്ഞു. സംഗീതത്തിൽ ആയിരുന്നു അവരുടെ താൽപ്പര്യം.അവർ തങ്ങളുടെ സമയം കൂടുതലും പിയാനോയിൽ മനോഹരമായ സംഗീതം വായിച്ചു കൊണ്ടിരുന്നു.അവന്റെ പേര് 'യെ'.പെണ്ക്കുട്ടിയുടെ പേര് 'ലു'.സംഗീതത്തിന് പ്രസിദ്ധമായ ആ സ്ക്കൂളിൽ പിയാനോ വായനയിൽ മിടുക്കൻ ആയ ലു വളരെ വേഗം താരം ആയി.ആ സമയം മറ്റൊരു പെണ്കുട്ടി 'യി' ,ലുവിന് അവളോട്‌ പ്രണയം ആണെന്ന് കരുതുന്നു.

  കഥ വായിക്കുമ്പോൾ ആകെ പൈങ്കിളി ആണെന്നു തോന്നുന്നുണ്ടല്ലേ?അതേ.ചിത്രത്തിന്റെ മൂല കഥ നല്ല പൈങ്കിളി ആണ്.പ്രണയം എത്ര ഒക്കെ ശ്രമിച്ചാലും പൈങ്കിളി ആയി മാത്രമേ എല്ലാവർക്കും അനുഭവപ്പെടൂ.ഒരു സിനിമയെ സംബന്ധിച്ചു ആണെങ്കിൽ ക്ളീഷേ കഥാഗതി.എന്നാൽ ഈ ബന്ധങ്ങൾക്ക് പിന്നിൽ ഒരു രഹസ്യം ഉണ്ടെങ്കിലോ?അതും ഇത്തരം ഒരു പ്രമേയത്തിൽ അധികം ലോജിക് ആലോചിച്ചാൽ സാധാരണ ഗതിയിൽ ധാരാളം പ്രശ്നങ്ങൾ ഉണ്ടാകുന്ന ഒരു രഹസ്യം?തായ് വാനിലെ  ഗായകൻ ആയ 'ജയ് ചോ' സിനിമകളിൽ കൂടിയും പ്രശസ്തൻ ആണ്.അദ്ദേഹത്തിന്റെ ആദ്യ സംവിധായക സംരംഭം ആണ് 'Secret'.

  ജയ് ചിത്രങ്ങളിലെ സ്ഥിരം ചേരുവകൾ ആയ പ്രണയം,സംഗീതം എല്ലാം ഇവിടെയും ഉണ്ട്.എന്നാൽ പ്രധാന കഥയിലേക്ക് ഒരു രഹസ്യം കൂടി ചേർത്തിരിക്കുന്നു.യെയെ സംബന്ധിച്ചു ,അവൾ പിയാനോ വായനയിൽ സമർത്ഥ ആയിരുന്നു.ലുവിന്റെ പിതാവ് ആ സ്ക്കൂളിലെ അധ്യാപകരിൽ ഒരാളും.ഒരു ത്രികോണ പ്രണയ കഥ ആണെന്നുള്ള മുൻ വിധിയിൽ കാണാതെ ഇരിക്കേണ്ട ഒന്നല്ല ഈ ചിത്രം..പ്രണയം ഒഴിച്ചുകൂടാൻ ആകാത്ത പ്രമേയം ആണെങ്കിലും അതിൽ ഈ പറഞ്ഞ 'രഹസ്യം' ഉൾപ്പെടുത്തിയപ്പോൾ,അതിന്റെ കൂടുതൽ സങ്കീർണമായ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ചെലുത്തിയില്ല എന്നത് ഒരു പോരായ്മ ആയി തോന്നി.

വളരെയധികം നിരൂപക പ്രശംസ ലഭിച്ച ചിത്രത്തിന് ,ജയ് ചോ ചെയ്ത കഥാപാത്രം ആയിരുന്നു നിരൂപകരുടെ മുന്നിൽ കല്ലു കടി ആയി തീർന്നത്.പലരും ആ കഥാപാത്രം മറ്റാരെങ്കിലും ചെയ്തിരുന്നെങ്കിൽ നന്നായേനെ എന്നു പറഞ്ഞെങ്കിലും ജയ്യുടെ പ്രഥമ സംവിധായക സംരംഭത്തെ പുകഴ്ത്തിയിരുന്നു.കൊറിയൻ റീമേക് അടുത്ത വർഷം പ്രൊഡക്ഷൻ തുടങ്ങും എന്നാണ് വാർത്തകൾ.മികച്ച ഒരു കൊറിയൻ അനുഭവം ആകും ആ ചിത്രം എന്നു കരുതാം.കഥാപാത്രങ്ങളിൽ നല്ലതു പോലെ മാറ്റങ്ങൾ വരുത്തി കൊറിയൻ രീതിയിൽ ആകുമ്പോൾ കൂടുതൽ മികച്ചത് ആകും എന്ന പ്രതീക്ഷയും ഉണ്ട്.

Wednesday 1 August 2018

915.ARAVINDANTE ATHITHIKAL(MALAYALAM,2018)


915.Aravindante Athithikal(Malayalam,2018)

Comedy,Drama

"അരവിന്ദന്റെ അതിഥികൾ"-പെട്ടെന്ന് അവസാനിപ്പിച്ച അതിഥി!!

  അരവിന്ദന്റെ ജീവിതത്തിൽ എല്ലാവരും അതിഥികൾ ആയി മാറുന്നു.ജന്മം നൽകിയവർ പോലും അവന്റെ ജീവിതത്തിൽ അതിഥികൾ ആയി മാറുന്നു.ഈ അടുത്തു തിയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായം നേടിയ ചിത്രം എന്നാൽ  പെട്ടെന്ന് അവസാനിച്ചു എന്ന പ്രതീതി ആണ് ഉണ്ടായത്.

 മിസ്റ്ററി/ഡ്രാമ ഴോൻറെയിൽ സാധ്യതകൾ ഉണ്ടായിരുന്ന ചിത്രത്തിൽ തുടക്കത്തിൽ നല്ല രസം ഉണ്ടായിരുന്നു.സിംപിൾ തമാശകൾ ഒക്കെ ആയി തന്നെ വിനീതിന്റെ അരവിന്ദൻ എന്ന കഥാപാത്രം മുന്നോട്ടു പോയി.അഭിനയത്തിൽ ഏറ്റവും അധികം improve ആയ നടൻ ഈ അടുത്തു ഉള്ള ഒരാൾ അദ്ദേഹം ആയിരിക്കും.മികച്ച സംവിധായകൻ,ഗായകൻ എന്നിവയോടൊപ്പം മികച്ച അഭിനേതാവ് ആകാൻ ഉള്ള നല്ല ശ്രമങ്ങൾ തുടരുന്നു.അതിനൊപ്പം മറ്റു കഥാപാത്രങ്ങൾ,വിന്റേജ് ഉർവശി ഒക്കെ സിനിമയുടെ നല്ല ഘടകങ്ങൾ.

  ചിത്രം മോശം ആണെന്ന് ഒന്നും തോന്നിയില്ല.പക്ഷെ കഥ ഇടയ്ക്കു കൈ വിട്ടു പോയത് പോലെ തോന്നി.ഉർവശിയുടെ കഥാപാത്രം സിനിമയ്ക്ക് ഒരു എനർജി ആണെങ്കിലും സിനിമയുടെ പകുതി കഴിയുമ്പോൾ ഒന്നും ചെയ്യാൻ ഇല്ലാത്ത ഒരു വെറുതെ കഥാപാത്രം ആയി തോന്നി.കുറെ നല്ല കഥാപാത്രങ്ങൾ ഉണ്ടായിരുന്നെങ്കിലും ക്രമമായ ഒരു ഇഴ ചേർക്കൽ കഥയ്ക്ക് ഉള്ളതായി തോന്നിയില്ല.അവിടെ ആണ് ചിത്രം സാധ്യതകൾ നഷ്ടപ്പെടുത്തിയത്.കഥ എങ്ങനെ അവസാനിപ്പിക്കണം എന്ന ഒരു പ്ലാൻ ഇല്ലാത്തതു പോലെ തോന്നി.

  സിനിമകൾ മികച്ചത്/ശരാശരി/മോശം എന്നീ വ്യത്യാസങ്ങൾ വരുന്നത് ഇത്തരം ചില ഘടകങ്ങൾ കണക്കിൽ എടുക്കുമ്പോൾ ആണ്.ആ ഒരു സ്കെയിലിൽ ശരാശരി ആയി ആണ് ചിത്രം അനുഭവപ്പെട്ടത്.സാമ്പത്തിക വിജയം നേടിയ ചിത്രം ആയതു കൊണ്ട് ഭൂരിപക്ഷ അഭിപ്രായം വേറെ ആയിരുന്നെങ്കിലും ഒരു പ്രാവശ്യം കണ്ടു മറക്കേണ്ടി വരുന്ന സിനിമ ആയി മാറുക ആയിരുന്നു അരവിന്ദന്റെ അതിഥികൾ!!

ടൈം പാസ് ചിത്രം!!

914.ASURAVADHAM(TAMIL,2018)



914.Asuravadham(Tamil,2018)
  Mystery,Action

"അസുരവധം"-മികച്ച പ്രതികാരം.

  കൊറിയൻ സിനിമകളിൽ കണ്ടു വരുന്ന ഒരു രീതി പിന്തുടർന്ന ചിത്രം ആയാണ് 'അസുരവധം' തുടക്കം മുതൽ തന്ന അനുഭവം.പ്രതികാര രീതികൾ പല സിനിമകളിലും കണ്ടിട്ടുണ്ടെങ്കിലും അതിന്റെ ഏറ്റവും ക്രൂരം ആയ രീതി ആണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.ശാരീരികമായി ഏൽപ്പിക്കുന്ന വേദനകൾക്കും അപ്പുറം ഉള്ള ഒരു വേദന ഉണ്ട്.ചിത്രം പറയാൻ ശ്രമിക്കുന്നത് ആ പ്രമേയം ആണ്.

  തുടക്കത്തിൽ ഉള്ള ഫോണ് വിളി.അതു എന്തു മാത്രം irritating ആയിരുന്നു എന്ന് ആലോചിച്ചു നോക്കി.പിന്നെ നടക്കുന്നത് ഇത്തരം സംഭവങ്ങളുടെ ഒരു പരമ്പരയാണ്.ഫോണ് കോളിൽ അതൊരു തുടക്കം മാത്രം ആണെന്നും ഒരാഴ്ചയ്ക്കുള്ളിൽ അയാൾ കൊല്ലപ്പെടും എന്നൊരു ഫോണ് കോൾ വന്നാൽ എന്തു ചെയ്യും???അജ്ഞാതൻ ആയ കോളർ ആരായിരുന്നു?എന്താണ് അയാളുടെ ആ ഭീഷണിയ്ക്കു കാരണം?

ശശികുമാർ അവതരിപ്പിച്ച കഥാപാത്രത്തിന് പിന്നിൽ ഉള്ള ദുരൂഹത ആണ് ചിത്രം.ഇടയ്ക്കു ഒരു സമയത്തു മലയാളത്തിലെ 'കോക്ടെയിൽ'/Butterfly On A Wheel ന്റെ തമിഴ് പതിപ്പ് ആണോ എന്ന് സംശയിച്ചുവെങ്കിലും അതിനും അപ്പുറം ആയിരുന്നു സിനിമ.പാളി പോയി എന്ന് തോന്നിയ ഭാഗങ്ങൾ സംഘട്ടനം ഒക്കെ ആയിരുന്നു.നല്ല ആക്ഷൻ കൊറിയോഗ്രാഫി ഒക്കെ ഹോട്ടൽ സംഘടനത്തിൽ ഉണ്ടായിരുന്നു.എങ്കിലും ' തമിഴ് സൂപ്പർ ഹീറോ'  രീതി ഇടയ്ക്കു കടന്നു വന്നത് മാത്രം ചെറിയ കല്ലുകടി ആയി തോന്നി.

  പിന്നെ ചിത്രം തുടക്കം തന്ന ഒരു ഇമ്പാക്റ്റ്  ഇടയ്ക്കു വച്ചു പോയെന്ന് തോന്നിയെങ്കിലും അവസാനം വരെ കഥാപാത്രങ്ങളുടെ കാര്യത്തിൽ ഒരു കോമ്പ്രമൈസും ഇല്ലാത്തതു കൊണ്ടു തന്നെ പടം മികച്ചതായി തോന്നി...തുടക്കം പ്രതീക്ഷിച്ച പോലെ ഒരു ഒഴുക്ക് ഇടയ്ക്കു പോയി സാധാരണ പടം ആയി ഇടയ്ക്കു മാറുന്നത് പോലെ തോന്നിയത് ഇടയ്ക്കു നിരാശ നൽകിയിരുന്നു. എങ്കിലും മൊത്തത്തിൽ നല്ല ഒരു സിനിമ ആയാണ് "അസുരവധം" തോന്നിയത്..

913.GHOST STORIES(ENGLISH,2018)


913.Ghost Stories(English,2018)
        Mystery,Horror

"കാഴ്ചക്കാരനെ കുഴപ്പിക്കുന്ന പ്രേത കഥകൾ"-Ghost Stories.

   സമീപ കാലത്ത് ഇറങ്ങിയ ഇംഗ്ലീഷ് ഹൊറർ ചിത്രങ്ങൾ പലതും ഒരേ അച്ചിൽ വാർത്തത് പോലെ കാഴ്ചക്കാരന് തോന്നിയെങ്കിൽ അത്ഭുതപ്പെടാൻ ഇല്ല." Thanks to Conjuring" എന്നു പറയാം പല ചിത്രങ്ങളെയും.Jump scare രംഗങ്ങളുടെ ബാഹുല്യം ആയിരുന്നു പലതിലും.അതിന്റെ ഒപ്പം പലപ്പോഴും മോശം CGI ഒക്കെ മനുഷ്യന്റെ ക്ഷമ പരീക്ഷിക്കാൻ ശ്രമിക്കുന്നും ഉണ്ടായിരുന്നു.

  എന്നാൽ അതെല്ലാം മനസ്സിൽ നിന്നും കളയുക.ഇതാ ഒരു വ്യത്യസ്ത ഹൊറർ ചിത്രം.ബ്രിട്ടീഷ് ചിത്രമായ "Ghost Stories" മേൽ പറഞ്ഞതിന് ഒക്കെ അപവാദം ആണ്.ഒരു ഹൊറർ ആന്തോളജി എന്ന പ്രതീക്ഷയിൽ കണ്ടു തുടങ്ങിയ ചിത്രം എന്നാൽ കഥാപരമായി മികച്ചു നിൽക്കുന്നു.ഹൊറർ ചിത്രങ്ങൾക്ക് ആവശ്യമായ ചേരുവകകൾ കൂട്ടി ചേർത്തു പോകുന്ന ചിത്രം സാധാരണ ഒരു ഹൊറർ ചിത്രം ആയി മാറും എന്ന പ്രതീക്ഷയിൽ നിന്നും പ്രേക്ഷകന് ചിന്തിക്കാൻ സ്‌പേസ് ധാരാളം നൽകുന്ന ഒരു "Mind f***ing സിനിമ" ആയി മാറുന്നു.ചിത്രത്തിനെ കുറിച്ചുള്ള interpretations ധാരാളം ഇന്റർനെറ്റിൽ ലഭ്യമാണ്.സ്വന്തമായി കഥയെ വ്യാഖ്യാനിക്കാൻ സാധിക്കുന്നില്ലെങ്കിൽ മാത്രം ഉപയോഗിക്കുക്ക.എന്നാലും പ്രേക്ഷകന്റെ മനസ്സു നിറയ്ക്കുന്നത് സ്വന്തമായി ഉള്ള കാഴ്ച്ചയിലൂടെ ഉരുത്തിരിയുന്ന കഥ ആണെന്ന് വിശ്വസിക്കാൻ ആണ് ഇഷ്ടം!!

ഇനി കഥയെ കുറിച്ചു ചെറുതായി പറയാം.മത വിശ്വാസങ്ങൾ തകർത്ത കുടുംബത്തിലെ അംഗമായ ഗുഡ്‌മാൻ ,ചിത്രത്തിൽ എന്തിനും ഏതിനും ലോജിക് നോക്കുന്ന ആളാണിപ്പോൾ.ചാൾസ് കാമറൂണ് എന്ന പ്രൊഫസറെ മനസിൽ ഗുരുവായി കണ്ടു അതീന്ദ്രീയ ശക്തികൾ എന്നു കരുതി പോന്ന എതിന്റെയും പിന്നിൽ ഉള്ള logical explanations കണ്ടെത്തുകയും അതിനോടൊപ്പം ഇതിൽ മുതലെടുപ്പ് നടത്തുന്നവരെ ജനങ്ങളുടെ മുന്നിൽ തുറന്നു കാണിക്കുകയും ചെയ്യുന്നു ഗുഡ്‌മാൻ. ഒരിക്കൽ ചാൾസ് കാമറൂണിന് അയാളെ കാണണം എന്ന് പറഞ്ഞ ഫോണ് കോൾ പ്രകാരം അയാളുടെ അടുക്കലേക്കു പോകുന്നു.ഏതാനും വർഷങ്ങൾക്കു മുൻപ് അപ്രത്യക്ഷനായി ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ എല്ലാവരും മരിച്ചു പോയി എന്ന് കരുതിയിരുന്ന കാമറൂണ് എന്നാലിപ്പോൾ ജീവിതത്തിന്റെ അവസാന നാളുകളിൽ ആണ്.

എന്നാൽ അവിടെ വച്ചു അയാൾ ഗുഡ്‌മനോട് അവർ രണ്ടു പേരും കണ്ടെത്താൻ ശ്രമിച്ചിരുന്നത് തെറ്റായിരുന്നു എന്നും,ഗുഡ്‌മാന്റെ കാഴ്ചപ്പാടുകളെ പരിഹസിക്കുകയും ചെയ്യുന്നു.തന്റെ മനസ്സിലെ വിഗ്രഹം ഉടഞ്ഞു പോയി എന്ന് തോന്നിയ ഗുഡ്‌മാനോട് ,കാമറൂണ് 3 കേസുകൾ നൽകിയിട്ട് അതിനു പിന്നിൽ ഉള്ള രഹസ്യങ്ങൾ കണ്ടെത്താൻ ആവശ്യപ്പെടുന്നു.

 മത ചിന്തകൾ ഉണർത്തി വിടുന്ന പ്രേത കഥകൾ തുടങ്ങിയവയുടെ എല്ലാം കള്ളത്തരങ്ങൾ പൊളിച്ചെടുക്കുകയും പിന്നീട് അതിൽ നിന്നും യാഥാർഥ്യം കണ്ടെത്തുന്ന നായകൻ എന്നൊക്കെ ഉള്ള ക്ളീഷേ കഥാഗതി അല്ല ചിത്രത്തിന് ഉള്ളത്.Ghost Stories സഞ്ചരിക്കുന്നത് മറ്റൊരു രീതിയിൽ ആണ്.ആ ഭാഗത്തെ കുറിച്ചു ഇനിയും കൂടുതൽ എഴുതിയാൽ സിനിമയുടെ പിന്നിൽ ഉള്ള മിസ്റ്ററി/സസ്പെൻസ് ഒക്കെ വെറുതെ ആയി പോയേക്കാം.തീർച്ചയായും വ്യത്യസ്തത ആഗ്രഹിക്കുന്ന സിനിമ ആസ്വാദകർക്ക് കണ്ടു നോക്കാവുന്ന ചിത്രം തന്നെയാണ് Ghost Stories.

    

912.THE MAN FROM NOWHERE(KOREAN,2010)h


912.The Man From Nowhere(Korean,2010)
        Action,Thriller

"The Man From Nowhere" ആദ്യമായി കാണുമ്പോൾ തോന്നിയത്  Leon: The Professional എന്ന സിനിമയുടെ കൊറിയൻ പതിപ്പ് ആയിരിക്കും എന്നാണ്. കാരണം ,ബിച്ചൂ(ഹിന്ദി),സൂര്യ പാർവൈ(തമിഴ്) തുടങ്ങിയ പതിപ്പുകൾ നേരത്തെ കണ്ടത് കൊണ്ടു കുറ്റം പറയാനും കഴിയില്ല.എന്നാൽ 2010ൽ റിലീസ് ആയ ഈ ചിത്രം എന്നാൽ അന്നത്തെ കാഴ്ചയിൽ തന്നെ പ്രതീക്ഷകൾ എല്ലാം തകിടം മറിച്ചു.Leon ഉമായി ഒരു ബന്ധവും ചിത്രത്തിന് ഇല്ലായിരുന്നു,ഒറ്റവരി കഥയിലെ സാമ്യം അല്ലാതെ.ഏറെ കാലങ്ങൾക്കു ശേഷം ഈ ചിത്രം കാണുമ്പോഴും അതിലെ ആക്ഷൻ കൊറിയോഗ്രാഫി ഒക്കെ മികവിന്റെ അടയാളമായി ഇപ്പോഴും നിൽക്കുന്നതായി തോന്നി.

  പ്രത്യേകിച്ചും ക്ളൈമാക്സിലെ സംഘട്ടന രംഗങ്ങൾ.അതിൽ കത്തി ഉപയോഗിച്ചുള്ള സംഘട്ടനം ഫിലിപ്പിനോ മാർഷ്യൽ ആർട്‌സ് രീതി ആയ Kali/Arnis  ആയിരുന്നു.കത്തികൾ ഉപയോഗിച്ചു വളരെ വേഗം നടക്കുന്ന സംഘട്ടന രംഗങ്ങൾ പ്രേക്ഷകനെ വളരെയധികം ത്രിൽ അടിപ്പിക്കും എന്നത് തീർച്ചയാണ്.ആ സംഘട്ടന രംഗങ്ങൾ കാണുന്നതിന് വേണ്ടി മാത്രം ചിത്രം കണ്ടാൽ പോലും നഷ്ടം ആകില്ല സമയം.

  കൊറിയൻ സിനിമയുടെ ചരിത്രത്തിൽ വലിയ ഹിറ്റുകൾ ആയ ഒരു പിടി ചിത്രങ്ങളിൽ അഭിനയിച്ച "വോണ്-ബിൻ" അവസാനമായി അഭിനയിച്ച സിനിമ ആണ് The Man from Nowhere.എവിടെ നിന്നു വന്നു എന്ന് അറിയാത്ത ഒരാൾ.അജ്ഞാതനായ,എപ്പോഴും ഗൗരവ ഭാവത്തിൽ നടക്കുന്ന അയാളുമായി മറ്റൊരു അപർട്മെന്റിലെ പെണ്കുട്ടി സൗഹൃദത്തിൽ ആകാൻ ശ്രമിക്കുന്നു.എന്നാൽ അവളുടെ മാതാപിതാക്കൾ നയിച്ച കുത്തഴിഞ്ഞ ജീവിതം അവരുടെ ജീവിതവും ഒപ്പം അവളുടെ ജീവിതവും അപകടത്തിലാക്കി.ക്രൂരമായ ഒരു കൂട്ടം ആളുകളുടെ ഇടയിൽ അവൾക്കു വേണ്ടി ആരുണ്ടാകും?

  ചൈനീസ് മാഫിയ ദക്ഷിണ കൊറിയയിൽ നടത്തുന്ന ക്രൂരമായ കൊലപാതകങ്ങൾ,നിയമം ലംഘിച്ചു നടത്തുന്ന ബിസിനസുകൾ എന്നിവയൊക്കെ ആഭ്യന്തരമായ പ്രശ്നങ്ങൾ പലപ്പോഴും ഉണ്ടാക്കാറുണ്ട്.അതിനൊപ്പം ചേർക്കേണ്ട ചേരുവകകൾ കൂടി ആകുമ്പോൾ മികച്ച ഒരു ത്രില്ലർ ആയി മാറുന്നു ചിത്രം.2010 ലെ കൊറിയൻ ചിത്രങ്ങളിലെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളിൽ ഒന്നാമത് ആയിരുന്നു ലീ-ബിയോങ് എഴുതി സംവിധാനം ചെയ്ത ഈ ചിത്രം.മികച്ച കൊറിയൻ ചിത്രങ്ങളുടെ പട്ടികയിൽ എന്നും ഉണ്ടാകും The Man from Nowhere.