Wednesday, 20 June 2018

889.THE FIVE(KOREAN,2013)



889.The Five(Korean,2013)
       Thriller,Drama


"ഒരു നിസഹായയുടെ പ്രതികാരം - The Five"

    സുന്ദരികളായ സ്ത്രീകൾ,എന്നാൽ അവർക്ക് അടുത്ത ജന്മത്തിൽ എങ്കിലും നന്നായി ജീവിക്കാൻ സാധിക്കണം എന്നു ആണ് അയാൾ ചിന്തിച്ചിരുന്നത്.അതിനായി അവർക്ക് ഈ ജന്മത്തിൽ നിന്നും മോക്ഷം നൽകുന്ന ജോലി കൂടി അയാൾ ഏറ്റെടുക്കുന്നു.തന്റെ ഇരയുടെ കണ്ണിൽ നോക്കി അവരെ ക്രൂരമായി കൊലപ്പെടുത്തി അവരുടെ എല്ലുകളിൽ നിന്നും ചെറിയ ശിൽപ്പങ്ങൾ നിർമിക്കുകയും അവരിൽ കൗതുകം തോന്നുകയും ചെയ്യുന്ന വസ്തു തന്റെ ജോലിക്കുള്ള ട്രോഫി ആയി കരുതി സൂക്ഷിക്കുന്നു അവൻ.


   ആകസ്മികം ആയാണ് ആ പതിന്നാലു വയസ്സുകാരി അയാളുടെ ശ്രദ്ധയിൽ പെടുന്നത്.എന്നാൽ മേൽപ്പറഞ്ഞ കാരണം കൊണ്ട് അല്ലെങ്കിലും അയാളുടെ നേർക്കുള്ള തെളിവ് ആയി അവൾ മാറുമോ എന്ന ചിന്ത അയാളെ കൊണ്ടു എത്തിച്ചത് കൂട്ടക്കുരുതിയിൽ ആയിരുന്നു.അതും അവളുടെ പിറന്നാൾ ദിവസം.ക്രൂരമായി ആക്രമിക്കപ്പെട്ട പെൻകുട്ടിയും അവളുടെ പിതാവും അവിടെ വച്ചു തന്നെ മരണപ്പെടുന്നു.എന്നാൽ അയാളുടെ ചെയ്തികൾക്കെല്ലാം കണക്കു തീർക്കാൻ ഒരാളുടെ ആയുസ് മാത്രം വിധി അവശേഷിപ്പിക്കുന്നു.പെണ്ക്കുട്ടിയുടെ അമ്മയായ യൂൻ-ആ യുടെ രൂപത്തിൽ!!

  എന്നാൽ ക്രൂരമായി ആക്രമിക്കപ്പെട്ട അവർക്ക് പ്രതികാരം ഒറ്റയ്ക്ക് ചെയ്യാൻ ഉള്ള ആരോഗ്യ സ്ഥിതി ഇല്ലായിരുന്നു.അതിനു അവർ ഒരു വഴി കണ്ടു പിടിക്കുന്നു.തന്റെ പ്രതികാരത്തിന്റെ വില ആയി തന്റെ ജീവൻ.മരണം പോലും അവരെ പിന്നോട്ടു കൊണ്ടു പോകില്ല എന്ന ദൃഢനിശ്ചയം അവരെ കൊണ്ട് ചില തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തയാക്കി.എന്തായിരുന്നു അവരുടെ പദ്ധതി?കൂടുതൽ അറിയാൻ ചിത്രം കാണുക.

  നിസ്സഹായത മുഴച്ചു നിൽക്കുന്ന തന്റെ ജീവിതത്തിൽ ചെയ്തു തീർക്കാവുന്ന അത്രയും കാര്യങ്ങൾ തന്റെ പ്രതികാരത്തിന്റെ ചൂടിൽ ചെയ്തു തീർക്കാൻ ശ്രമിക്കുന്ന കഥാപാത്രങ്ങൾ സിനിമകൾക്ക് സാധാരണം ആയ പ്രമേയം ആണെങ്കിലും,സ്വർത്ഥമായ താല്പര്യങ്ങളോടെ,എന്നാൽ ഒഴിവാക്കാൻ പറ്റാത്ത ഉദ്ദേശ്യങ്ങളോടെ വരുന്നവരെ അതിന്റെ അനന്തര ഫലങ്ങൾ അറിഞ്ഞു സ്വീകരിക്കുന്ന യൂൻ-ആ എന്ന കഥാപത്രം യഥാർത്ഥത്തിൽ വ്യത്യസ്തത നൽകുന്നുണ്ട്.ചിത്രത്തിന്റെ ശക്തിയും അത്തരം ഒരു കഥാപാത്ര സൃഷ്ടി ആണ്.

യൂണ്-സൈക്കിന്റെ 'The 5ive Hearts' എന്ന വെബ്ടൂണ് ആണ് സിനിമ രൂപത്തിൽ അവതരിപ്പിക്കപ്പെട്ടത് വെബ്ട്ടൂണുകളുടെ സ്വാഭാവിക ഇരുണ്ട പശ്ചാത്തലം നിലനിർത്തി കൊണ്ടു തന്നെ കഥാപാത്രങ്ങളുടെ വൈകാരികമായ ഭാഗങ്ങൾക്കു കൂടി പ്രാധാന്യം നൽകാൻ സിനിമയിൽ ശ്രദ്ധിച്ചിട്ടുണ്ട്.പ്രേക്ഷകന് ഈ കഥ കൂടുതൽ convincing ആകാൻ ഈ രീതി തീർച്ചയായും സഹായിച്ചിട്ടും ഉണ്ട്.മാ-ഡോംഗ്-സിയോക്കിന്റെ ഒക്കെ ആദ്യ കാല കഥാപാത്രങ്ങളിൽ കഥയോട് ഏറെ ചേർന്നു നിൽക്കുന്ന ഒന്നാണ് ഇതിൽ ഉള്ളത്.അൽപ്പ കാലത്തിനു ശേഷം സിനിമയിൽ അഭിനയിക്കാൻ വന്ന കിം-സുൻ-ആ അമ്മയായുള്ള തന്റെ കഥാപാത്രം അവിസ്മരണീയം ആക്കി.കൊറിയൻ ചിത്രങ്ങളിൽ പോലും ഇത്തരം ധാരാളം അമ്മമാരെ കണ്ടിട്ടുണ്ടെങ്കിലും കഥയിൽ ആ കഥാപാത്രം നൽകുന്ന വ്യത്യസ്തമായ സ്വാധീനം തരക്കേടില്ലാത്ത പ്രതികാര/ത്രില്ലർ ആക്കി മാറ്റുന്നു "The Five" എന്ന ചിത്രത്തെ.

No comments:

Post a Comment