Tuesday, 29 May 2018

881.SILENT WITNESS(MANDARIN,2013)

881.Silent Witness(Mandarin,2013)
Mystery,Thriller

മേയ് 28 ലെ കോടതിയും ദുരൂഹത നിറഞ്ഞ ഒരു കൊലപാതക കേസും - Silent Witness.

  മേയ് 28 കുറച്ചു പേരെ സംബന്ധിച്ചു ഒരു പ്രധാന ദിവസമാണ്.അന്നാണ് കോടീശ്വരനായ ലിൻ-ടെ യുടെ മകൾ പ്രതിയെന്ന് സംശയിക്കുന്ന കേസിന്റെ വിചാരണ ആരംഭിക്കുന്നത്.ലിൻ ടേ യ്ക്ക് ബന്ധമുണ്ടായിരുന്ന പ്രശസ്ത ഗായികയെ,മകൾ കാർ കൊണ്ടു ഇടിച്ചു വീഴ്ത്തി വധിച്ചു എന്നതായിരുന്നു കേസ്.അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങിൽ നടന്ന സംഭവങ്ങൾക്കുള്ള പ്രാഥമിക തെളിവ് ലിൻ ടേ യുടെ ഡ്രൈവർ അപകടം നടന്ന ഉടനെ പോലീസിനെ വിളിക്കുകയും കാറിനെ കുറിച്ചു നൽകിയ സൂചനയും ആയിരുന്നു.

   കേസിൽ രണ്ടു ഭാഗവും വാദിക്കുന്നത് പ്രഗത്ഭരായ വക്കീലന്മാരും.ടോങ് ടാവോ 10 വർഷത്തോളമായി ലിൻ ടേ യുടെ നാശം കാണാനായി ആഗ്രഹിക്കുന്ന ആളാണ്.അയാൾക്ക്‌ അതിനു വ്യക്തമായ കാരണവും ഉണ്ട്.ലിൻ ടേ യ്ക്ക് വേണ്ടി വാദിക്കുന്നത് ഏറ്റവും വിലപിടിപ്പുള്ള വക്കീൽ ആയ സോ-ലീ യും.2 പേർക്കും ജയിച്ചേ തീരൂ.ടോങ് വോയെ സംബന്ധിച്ചു തെളിവുകൾ എല്ലാം ലിൻ ടേ യുടെ മകൾക്ക് എതിരായത് കൊണ്ടു അത്ര ബുദ്ധിമുട്ടുണ്ടാകില്ല എന്നാണ് ആദ്യം കരുതിയത്.

എന്നാൽ കോടതി മുറിയിൽ നിശബ്ദ ആയി തുടക്കത്തിൽ കാണപ്പെട്ട സോ-ലീ തനിക്കു കേസ് ജയിക്കാൻ അവസരം കിട്ടി എന്ന നിലയിൽ കേസിനു നിർണായകമായ ഒരു വഴിത്തിരിവ് ഉണ്ടാക്കുന്നു.ആ കേസിന്റെ മൊത്തത്തിൽ ഉള്ള സ്വഭാവം തന്നെ മാറ്റി മറിച്ച ഒന്നു.എന്നാൽ അതൊരു തുടക്കം മാത്രമായിരുന്നു.കേസിൽ പലതരം തെളിവുകളും ഇടപെടലുകളും ഉണ്ടാകുന്നു.എന്താണ് സത്യം?എന്താണ് മിഥ്യ എന്നുള്ള ചോദ്യം ഉയരുന്നു.ഒപ്പം കേസിലെ നിർണായകമായ പല സംഭവങ്ങളും വെളിപ്പെടുന്നു.കൂടുതൽ അറിയാൻ Silent Witness കാണുക.

  മൂകനായ സാക്ഷി എല്ല കേസിലും ഉണ്ടാകും.തെളിവ്!!അവിചാരിതമായി അവശേഷിപ്പിക്കുന്ന ഒന്നാകാം അല്ലെങ്കിൽ മനപ്പൂർവം ഉള്ള ഒന്നു.ആ തെളിവുകൾ തങ്ങളുടെ കാഴ്ചപ്പാടിൽ,തങ്ങളുടെ ജോലിയുടെ മാന്യത നില നിർത്തി തന്നെ സത്യം കണ്ടെത്താൻ ശ്രമിക്കുകയാണ് 2 വക്കീലുമാരും.എന്നാൽ വെറും തെളിവുകൾക്കും അപ്പുറം അവർക്ക് നേരിടേണ്ടത് സ്നേഹത്തിന്റെയും ,ത്യാഗത്തിന്റെയും ലോകത്തിലെ ആളുകളോട് ആണെന്ന് മാത്രം.ഇത്തരം ഒരു അവസ്ഥയിൽ തെറ്റുകൾ ഉണ്ടാവുക സ്വാഭാവികമായും മനുഷ്യ സഹജമാണ്.അതിന്റെ കുരുക്കിൽ ആണ് ഇവരിൽ പലരും അകപ്പെട്ടിരിക്കുന്നതും.വളരെ സങ്കീർണമായും ഇടയ്ക്കു പ്രേക്ഷകനെ കുഴപ്പിക്കുന്ന കഥാഗതിയും ആണ് ചിത്രത്തിന് ഉള്ളത്.ഒരു മിസ്റ്ററി/സസ്പെൻസ് ചിത്രം എന്ന നിലയിൽ മികവ് പുലർത്തിയിട്ടുണ്ട് ചൈനീസ് ചിത്രമായ Silent Witness.

ഇതിന്റെ കൊറിയൻ പതിപ്പായിരുന്നു ചോയ്-മിൻ-സിക് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച Heart Blackened!!

Director: Xing Fei
Writer: Xing Fei
Stars: Sicheng Chen, Jiajia Deng, Dawei Gao

880.DEATH WISH(ENGLISH,2018)


880.Death Wish


Death Wish-പോൾ കേഴ്‌സിയുടെ പുതിയ അവതാരം

  ചാള്സ് ബ്രോസ്നന്റെ പഴയ കൾട് സിനിമ പരമ്പര ചിലർക്കെങ്കിലും ഓർമ കാണും എന്നു വിശ്വസിക്കുന്നു.പോൾ കേഴ്‌സി എന്ന ആര്കിടെക്റ്റ് തന്റെ കുടുംബത്തിന് നേരിട്ട ദുരന്തം കാരണം നിയമം കയ്യിൽ എടുക്കാൻ തീരുമാനിക്കുന്നത് ആണ് ആ സിനിമയുടെ ഇതിവൃത്തം.അതിനെ പിന്തുടർന്ന ചിത്രങ്ങളും അതേ പാത പിന്തുടർന്നൂ.അങ്ങനെ മൊത്തത്തിൽ അഞ്ചു സിനിമകൾ."Death Wish പരമ്പര"

  2018 ൽ 'ഏലി റോത്' ബ്രൂസ് വില്ലീസുമായി ആയി ആദ്യ ഭാഗത്തെ പുന:ആവിഷ്ക്കരിച്ചിരിക്കുന്നു.പുതിയ പോൾ കേഴ്‌സി സർജൻ ആണ്.ചിക്കാഗോയിലെ തിരക്കേറിയ സർജന്മാരിൽ ഒരാളായ ഡോ.കേഴ്‌സിയുടെ കുടുംബം ഭാര്യയും മകളുമായി സന്തോഷത്തിൽ പോകുമ്പോൾ ആയിരുന്നു ആ ദാരുണ സംഭവം ഉണ്ടായത്.പൊലീസിന് കേസിൽ കൂടുതൽ ഒന്നും ചെയ്യാൻ ആകില്ല എന്നു മനസ്സിലാക്കിയ പോൾ ,നിയമം സ്വന്തം കയ്യിൽ എടുക്കാൻ തീയുമാനിക്കുന്നു.പ്രതികളെ കുറിച്ചു വ്യക്തമായ ഒരു സൂചനയും ഇല്ലാത്തത് കൊണ്ട് ക്രിമിനൽ പ്രവർത്തികളിൽ ഉൾപ്പെടുന്നവരെ കൊന്നൊടുക്കാൻ തുടങ്ങുന്നു.അതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങൾ ആണ് ബാക്കി ചിത്രം.

  നല്ല രീതിയിൽ തന്നെ അവതരിപ്പിച്ച ചിത്രം എന്നാൽ ഈ കാലഘട്ടത്തിന്റെ ആവശ്യം ആയിരുന്നോ എന്ന ചോദ്യം പല നിരൂപകരും ചോദിച്ചതായി കണ്ടൂ.പ്രത്യേകിച്ചും 70 കളിൽ അമേരിക്കയിലെ കുറ്റകൃത്യം കൂടുതൽ ഉള്ള സമയം ഇറങ്ങിയ ചിത്രം നേടിയ സമയത്തെ പോലുള്ള സാഹചര്യങ്ങൾ അല്ല അവിടെ ഉള്ളത് എന്നത് കൊണ്ട് തന്നെ.കുറ്റകൃത്യങ്ങൾ കുറഞ്ഞിട്ടില്ലെങ്കിലും "ഹുഡി ധരിച്ച ഒരു വെള്ളക്കാരൻ തോക്കും എടുത്തു നിയമം കയ്യിൽ എടുക്കാൻ ഇറങ്ങുക' എന്നത് 70 കളിൽ 'multi culturism' അധികം ഇല്ലാതിരുന്ന കാലഘട്ടത്തിൽ നിന്നും മാറി അത്തരം ഒരു അവസ്ഥയിൽ എത്തുമ്പോൾ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ഉണ്ടാക്കുന്ന പ്രോത്സാഹനം അപകടകരം ആണെന്ന് വായിച്ചിരുന്നു.സിനിമയിൽ തന്നെ അത്തരം സാഹചര്യങ്ങൾ മാധ്യമങ്ങളിൽ കൂടി ചർച്ച ചെയ്യുന്നത് അവതരിപ്പിച്ചിട്ടും ഉണ്ട്.

  എന്നാൽ ക്ളീഷേ സിനിമാറ്റിക് material ആയിരുന്നിട്ടു കൂടി ഇത്തരം സിനിമകളിൽ മാസ്റ്റർ ഡിഗ്രി എടുത്തിരിക്കുന്ന ബ്രൂസ് വില്ലീസിന്റെ ഈ അടുത്തു ഇറങ്ങിയ സിനിമകളിൽ മികച്ചത് എന്നു പറയാം 'Death Wish (2018)'.തന്നിൽ ഇനിയും ധാരാളം അങ്കത്തിനു ബാല്യം ഉണ്ടെന്നു തെളിയിക്കുക ആണ് ബ്രൂസ് ഈ സിനിമയിലൂടെയും.ഒരു ത്രില്ലർ കാണാൻ ഉള്ള മൂഡിൽ ആണെങ്കിൽ കണ്ടോളൂ!!

  "Who the f**k are you" എന്നു Icream Man എന്ന മയക്കുമരുന്ന് കച്ചവടക്കാരൻ ചോദിക്കുമ്പോൾ കേഴ്‌സി "I'm your last customer' എന്നു പറഞ്ഞു ചറപറ വെടി വയ്ക്കുന്ന സീൻ ഒരു സിനിമയിലെ രംഗം എന്ന നിലയിൽ കിടിലൻ മാസ് ആയിരുന്നു.എങ്കിലും ചോദ്യം വീണ്ടും അവശേഷിക്കുന്നു.പോലീസ് നിഷ്ക്രിയർ ആകുമ്പോൾ സാധാരണക്കാരൻ നിയമം അവന്റെ രീതിയിൽ നടപ്പിലാക്കാൻ തുടങ്ങിയാൽ അതു പോലീസിന്റെ പരാജയം ആണോ അതോ സാധാരണക്കാരനെ സഹായിക്കാൻ കഴിയാത്ത നിയമത്തിന്റെ പിടിപ്പുക്കേടോ??ജനങ്ങൾ നിയമം കയ്യിൽ എടുക്കുന്നതും അതിന്റെ ഇര ആയി മാറിയ പല പാവങ്ങളെയും കണ്ടത് കൊണ്ടു തന്നെ ഇത്തരം നീതി വ്യവസ്ഥകൾ സിനിമയിൽ മാത്രം ആയി നിൽക്കട്ടെ എന്നു ആഗ്രഹിക്കുന്നു.


Director: Eli Roth
Writers: Joe Carnahan (screenplay by), Brian Garfield (from the novel by) 
Stars: Bruce Willis, Vincent D'Onofrio, Elisabeth Shue
Action,Thriller

Friday, 25 May 2018

879.CHARADE(ENGLISH,1963)



879.Charade
       English,1963
       Mystery,Thriller,Action,Romance,Spy Thriller
Director: Stanley Donen
Writers: Peter Stone (screenplay), Peter Stone (story)

Stars: Cary Grant, Audrey Hepburn, Walter Matthau 

'ഹിച്കോക്കിന്റെ അല്ലാത്ത ഹിച്കോക് ചിത്രം'- Charade.

    ഹിച്കോക് എന്ന പേരു ഈ ചിത്രത്തിന്റെ ഒപ്പം എഴുതി ചേർത്ത നിരൂപകർക്കു ഒരിക്കലും തെറ്റിയില്ല.അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഉള്ളത് പോലെ തന്നെ പ്രേക്ഷകനെ പല രീതിയിലും ഒരു കാര്യം വിശ്വസിപ്പിക്കുകയും പിന്നീട് അതേ കാര്യത്തിന് പിന്നിലുള്ള ദുരൂഹതകൾ അനാവരണം ചെയ്യുകയും ഒപ്പം ചെറിയ സംഭവങ്ങളിലൂടെ വീണ്ടും അത്ഭുതപ്പെടുത്തുന്ന 'ഹിച്ചകോക്കിയൻ മാജിക്' ആണ് ' സ്റ്റാൻലി ഡൊണേന്' Charade ൽ അവതരിപ്പിച്ചിരിക്കുന്നത്.അതു പോലെ മറ്റൊരു പ്രത്യേകത,മതിയായ കോപ്പിറൈറ്റ് രേഖകൾ ഇല്ലാത്തതു മൂലം ചിത്രം റിലീസ് ആയ ഉടൻ തന്നെ US Public Domain (അവകാശികൾ ഇല്ലാത്ത സൃഷ്ടികൾ) ൽ ഉൾപ്പെടുത്തിയിരുന്നു.


ട്രെയിനിൽ നീന്നും വീണു മരണപ്പെടുന്ന ഭർത്താവിന്റെ വിയോഗം ആയിരുന്നു റജീന ലാംപെർട് തന്റെ അവധിക്കാലം ചിലവഴിച്ചതിനു ശേഷം പാരീസിൽ എത്തിയപ്പോൾ അറിയുന്നത്.വീട്ടിൽ ഉണ്ടായിരുന്ന എല്ലാം വിറ്റു പെറുക്കി ഭർത്താവ് ദുരൂഹമായ ഒരു യാത്ര നടത്തുകയും, ആ യാത്രയിൽ മരണപ്പെടുകയും ആണുണ്ടായത്.മൃതദേഹം പള്ളിയിൽ വയ്ക്കുമ്പോൾ അവിടെ എത്തി ചേർന്നവരുടെ വിചിത്രമായ രീതികൾ റെജീനയെ കുഴപ്പിക്കുന്നു.പിന്നീട് അമേരിക്കൻ എംബസ്സിയിൽ നിന്നും അവളെ വിളിപ്പിക്കുമ്പോൾ അതു വരെ തന്റെ മുന്നിൽ ഉണ്ടായിരുന്ന കഥകൾ ഒന്നും അല്ലായിരുന്നു മരണപ്പെട്ട ലാംപെർട്ട എന്ന ഭർത്താവിന് ഉണ്ടായിരുന്നത് എന്നവർ മനസ്സിലാക്കുന്നു.ആരായിരുന്നു യഥാർത്ഥത്തിൽ ലാംപെർട്ട്?അയാളുടെ യാത്രയുടെ പിന്നിൽ ഉള്ള കാരണം എന്തായിരുന്നു? അയാളുടെ മരണ ശേഷം നടന്ന അസ്വാഭാവികമായ സംഭവങ്ങളുടെ കാരണങ്ങൾ എന്തായിരുന്നു?ഇതെല്ലാം കൂടി റെജീനയെ ഇവിടെ കൊണ്ടെത്തിക്കും? ചിത്രം കാണുക!!

  1961 ൽ പ്രസിദ്ധീകരിച്ച 'പീറ്റർ സ്റ്റോണിന്റെ' ' 'The Unsuspecting Wife' എന്ന ചെറുകഥയെ ആസ്പദമാക്കി അവതരിപ്പിച്ച ചിത്രം മിസ്റ്ററി/ത്രില്ലർ  ചിത്രങ്ങളിലെ ഒരു ക്ലാസിക് ആയി മാറുവാൻ ധാരാളം ഘടകങ്ങൾ ഉണ്ടായിരുന്നു.പ്രത്യേകിച്ചും  ചിത്രം ഉൾപ്പെടുന്നത് 4 വ്യത്യസ്ത ഴോൻറെകളിൽ ആയിരുന്നു.സസ്പെൻസ്,ത്രില്ലർ,റൊമാൻസ് പിന്നെ Spy Movie എന്ന നിലയിൽ ഉള്ള ഒരു സങ്കലനം.കാലത്തെ അതിജീവിക്കുന്ന ചിത്രങ്ങൾ എന്നു പറയാറില്ലേ?അത്തരം ചിത്രങ്ങളെ ക്ളാസിക്കുകൾ ആയി പരിഗണിക്കുമ്പോൾ ഒരു കാലഘട്ടത്തിന്റെ അടയാളമായി മാറുകയും,പിന്നീട് വന്ന ചിത്രങ്ങൾക്ക് ഒരു ബെഞ്ചമാർക് ആയി മാറുവാനും 'Charade' ന് സാധിച്ചിട്ടുണ്ട്.പ്രത്യേകിച്ചും ചിത്രത്തിന്റെ തുടക്കം പേര് എഴുതിക്കാണിക്കുന്നത് മുതൽ അതിലെ ബി ജി എം വരെ പിന്നീട് വന്ന ചിത്രങ്ങൾക്ക് പ്രചോദനം ആയിരുന്നു.1970-80 കളിലെ ഇന്ത്യൻ സിനിമ ഇത്തരത്തിൽ ഉള്ള സ്വാധീനം കാണാൻ സാധിക്കും.

  Whodunnit-Whydunnit എന്ന ചോദ്യങ്ങൾക്ക് പലവുര ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയും,അതു പോലെ തന്നെ തെറ്റാനും സാധ്യത ഉള്ള കഥാപാത്രങ്ങളും കഥാഗതിയും.ഈ ഒരു pattern ചിത്രത്തിന്റെ അവസാന സീനിൽ പോലും ഉൾക്കൊള്ളിക്കാൻ സാധിക്കുകയും,അതിനൊപ്പം തന്നെ പ്രേക്ഷകന്റെ സംശയങ്ങൾക്ക് ഉള്ള മറുപടികൾ പല രീതിയിലും ഉത്തരം കൊടുക്കുകയും ചെയ്തിട്ടുണ്ട്.ലോക സിനിമയിലെ തന്നെ മികച്ച മിസ്റ്ററി/ത്രില്ലറുകളുടെ ഗണത്തിൽ പലരും കണക്കാക്കുന്നുണ്ടെങ്കിലും കോപ്പിറൈറ്റ് പ്രശ്നം ചിത്രത്തിന്റെ പേരിന് ഏൽപ്പിച്ച ആഘാതം വളരെ വലുതായിരുന്നു..

878.THE TOOTH AND THE NAIL(KOREAN,2017)

878.The Tooth and the Nail(Korean,2017)
      Mystery,Thriller
   
കൺക്കെട്ടുക്കാരന്റെ ഇന്ദ്രജാലം-The Tooth and the Nail


   ഒരു കൊലപാതക കേസ് കോടതിയുടെ മുന്നിലുണ്ട്.ആകെയുള്ള തെളിവുകൾ വെട്ടിമാറ്റപ്പെട്ട നിലയിൽ ഉള്ള ഒരു ചൂണ്ടു വിരലും ,ശരീരം കത്തിച്ച ചാരവും കുറച്ചു വെടിയുണ്ടകളും ഒരു തോക്കും.മരണപ്പെട്ടൂ എന്നു കരുതുന്ന ആളുടെ ശരീരം ഇല്ലാത്തതു കൊണ്ടു ഒരു കൊലപാതകം നടന്നിട്ടില്ല എന്നു പ്രതിഭാഗവും ,എന്നാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കൊലപാതകവും കൊലയാളിയും മുന്നിൽ തന്നെയുണ്ട് എന്നു മറുവിഭാഗവും വാദിക്കുന്നു.

   1955 ൽ പ്രസിദ്ധീകരിച്ച 'ബാലിങ്കറിന്റെ' "The Tooth and the Nail" എന്ന നോവലിൽ ആണ് ഈ സംഭവങ്ങൾ ഉള്ളത്.അതിന്റെ ദൃശ്യവിഷ്‌ക്കാരം ആണ് ചിത്രം.'Stone Mansion Murder Case' ഉം അതിലേക്കു നയിച്ച സംഭവങ്ങളും സമാന്തരമായി ആണ് ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്.

  മരണപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ചോയ്,കൊലയാളി എന്നു വിശ്വസിക്കപ്പെടുന്ന അക്കാലത്തെ സമ്പന്നരിൽ ഒരാളായ നാം-ഡോ -ജിന്നിന്റെ ഡ്രൈവർ ആയിരുന്നു.എന്നാൽ വളരെ ദുരൂഹത നിറഞ്ഞ ആ കേസിലേക്കു അവർ രണ്ടു പേരും എങ്ങനെ വന്നെത്തി എന്നതാണ് ചിത്രത്തിന്റെ ഇതി വൃത്തം.സംഭവം നടന്നോ എന്നു വിശ്വസിക്കപ്പെടുന്ന ആയ രാത്രി യഥാർത്ഥത്തിൽ എന്തായിരുന്നു സംഭവിച്ചത്?കോടതിയുടെയും നിയമ വിദഗ്ധരുടെയും മുന്നിൽ ഉള്ള കേസ് യഥാർത്ഥത്തിൽ എന്തായിരുന്നു?കാണുക....

  ജപ്പാൻ അധിനിവേശ കാലഘട്ടത്തിൽ നിന്നും സഞ്ചരിക്കുന്ന ചിത്രം മികച്ച രീതിയിൽ അണിയിച്ചൊരുക്കിയ ഒരു കുറ്റാന്വേഷണ ത്രില്ലർ ആണെന്ന് ആദ്യ തോന്നുമെങ്കിലും.ചിത്രത്തിന്റെ അവസനത്തോട് അടുക്കുമ്പോൾ അപ്രതീക്ഷിതമായ, 'കൊറിയൻ ചിത്രങ്ങളുടെ ആ X-ഫാക്റ്റർ' ചിത്രത്തെ മറ്റൊരു രീതിയിലേക്ക് മാറ്റുന്നു.കാഴ്ചക്കാരന്റെ കണ്ണിൽ,കാണേണ്ടതിനെ മറയ്ക്കുകയും ,അതു പോലെ കാണേണ്ടാത്തതിനെ കാണിക്കുകയും ചെയ്യുന്ന ഇന്ദ്രജാലക്കാരന്റെ മായാജാലം ഈ ചിത്രത്തിലെ  X -ഫാക്റ്റർ ആകുമ്പോൾ പ്രേക്ഷകന് ലഭിക്കുന്നത് മികച്ച ഒരു മിസ്റ്ററി /ത്രില്ലർ ആണ്.

  സത്യം എല്ലാവരുടെ മുന്നിലും ഉണ്ടെങ്കിലും ചില സമയങ്ങളിൽ പ്രിയപ്പെട്ടവർക്കു വേണ്ടി ചെയ്യുന്ന പലതും അതിന്റെ ഉദ്ദേശ ശുദ്ധി കൊണ്ടു തന്നെ ന്യായീകരിക്കപ്പെടുമ്പോൾ ചിത്രം മികച്ചതായി മാറുന്നു.സമാന്തരമായി പറയുന്ന കഥ പ്രേക്ഷകന് കേസിൽ വാദിക്കുന്ന സംഭവങ്ങളെ കുറിച്ചു വ്യക്തമായ ഒരു ധാരണ നൽകി തന്നെയാണ് അവതരിപ്പിക്കുന്നത്.Whodunnit-Whydunnit ശൈലിയിൽ നോക്കുമ്പോൾ ഏറെ സങ്കീർണതകൾ ഉള്ള കേസിനെ അത്ര സങ്കീർണം അല്ലാതെ അവതരിപ്പിക്കാൻ ഈ രീതിയ്‌ക്ക് കഴിഞ്ഞിട്ടുമുണ്ട്.എന്നാൽ നേരത്തെ പറഞ്ഞ ആ X-ഫാക്റ്റർ വിദഗ്ധമായി ചിത്രത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു.കൊറിയൻ സിനിമയുടെ ആരാധകർക്ക് ഇഷ്ടപ്പെടുന്ന ചിത്രമാകും 'The Tooth and the Nail'

 Directors: Sik Jung, Hwi Kim
Writers: Bill S. Ballinger, Sik Jung
Stars: Soo Go, Ju-hyuk Kim, Sung-woong Park |


877.BASTILLE DAY(ENGLISH,2016)


877.Bastille Day
English,2016
Action,Thriller
Director: James Watkins
Writers: Andrew Baldwin, James Watkins
Stars: Idris Elba, Richard Madden, Charlotte Le Bon


ഫ്രഞ്ച് ദേശിയ ദിനമായ Bastille Day യോട് അടുത്ത ദിവസങ്ങളിൽ ഒരു ബോംബ് സ്ഫോടനം ഉണ്ടാകുന്നു.അതിനോട് അനുബന്ധിച്ചു ബോംബുകൾ ഇനിയും പൊട്ടാം എന്നുള്ള ഭീഷണികളും.പോലീസ് ഈ സംഭവങ്ങളെ അവിടത്തെ മുസ്‌ലിം വംശജരുടെ നേർക്കു തിരിക്കുന്നതോടെ രാജ്യം മൊത്തം ആരാജകത്വം നിറയുന്നു.ഒരു ഭാഗത്തു ഫാസിസത്തിനു എതിരെ എന്നു പറഞ്ഞു ഇസ്‌ലാം മത വിശ്വാസികളും.മറു ഭാഗത്തു ഇന്റലിജൻസും പോലീസും,ഒപ്പം CIA യും.

   സങ്കീർണമായ ഒരു പൊളിറ്റിക്കൽ ചിത്രം ആണെന്ന് തോന്നുമെങ്കിലും ഈ സംഭവത്തിലേക്കു നയിച്ച കാര്യങ്ങൾ കൗതുകകരമാണ്.ഒരു ചെറിയ പോക്കറ്റടിക്കാരൻ ആയ മൈക്കിൾ മെസനിൽ നിന്നും ഉണ്ടായ കൈപ്പിഴ വേറെ ഒരു രീതിയിൽ രാജ്യം മുഴുവൻ പടരുകയായിരുന്നു.ബോംബ് സ്ഫോടനം ലക്ഷ്യം ഇട്ടവരുടെ ഉദ്ദേശ്യത്തിൽ നിന്നും ആകെ ആ കേസ് മാറുകയും അന്താരാഷ്ട്ര തലത്തിൽ ഉള്ള ഇടപെടലുകൾ വരെയും ഉണ്ടാകുന്നു.

  ഒരു ആക്ഷൻ ത്രില്ലർ ആയി അവതരിപ്പിച്ച Basttile Day അധികം മുഷിപ്പിക്കാതെ കണ്ടു തീർക്കാവുന്ന ഒന്നാണ്.പ്രത്യേകിച്ചും ഐദ്രിസ് എൽബ, റിച്ചാർഡ് മാദൻ തുടങ്ങിയവരുടെ പ്രകടനങ്ങൾ.കഥയുടെ അവസാനം വലിയ പുതുമ ഒന്നും ഇല്ലെങ്കിൽ പോലും ആക്ഷൻ ത്രില്ലർ എന്ന നിലയിൽ രസിപ്പിക്കുന്ന സീനുകൾ കുറച്ചുണ്ടു.ഇംഗ്ലീഷ്-ഫ്രഞ്ച് ഭാഷകളുടെ സങ്കരണം ആണ് Basttile Day.ആക്ഷൻ ത്രില്ലറുകളുടെ ആരാധകർക്ക് ഇഷ്ടമാകും വളരെ വേഗത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം.

876.KOKO AND THE GHOSTS(CROATIAN,2011)


876.Koko and the Ghosts
      Croatian,2011
     Mystery
    Director: Daniel Kusan
Writers: Daniel Kusan, Ivan Kusan (novel)
Stars: Antonio Parac, Kristian Bonacic, Nina Mileta


കുറ്റാന്വേഷണ നോവലുകളുടെ പാതയിൽ Koko and the Ghosts

കുട്ടിക്കാലത്തു താല്പര്യപൂർവം വായിച്ചിരുന്ന ചില കുറ്റാന്വേഷണ നോവലുകൾ ആയിരുന്നു 'Famous Five','Secret Seven','Hardy Boys' തുടങ്ങിയവ.കുട്ടികൾ നടത്തുന്ന കുറ്റാന്വേഷണം ഒക്കെ ആണ് കഥ.ആ ഒരു പ്രായത്തിൽ ഉള്ളവരെ ത്രിൽ അടിപ്പിക്കാൻ സാധിക്കുന്നവ ആയിരുന്നു ഇവയെല്ലാം.'ഇവാൻ കുസാൻ' സൃഷ്‌ടിച്ച ഇത്തരത്തിൽ ഉള്ള കഥാപാത്രങ്ങളും കഥകളും അടങ്ങിയ ചിത്രമാണ് Koko and the Ghosts എന്ന ക്രൊയേഷ്യൻ ചിത്രം.

  ചിത്രത്തെ കുറിച്ചു പറയുന്നതിന് മുൻപ് ആദ്യം പറയാൻ മറ്റൊന്ന് ആണുള്ളത്.സിനിമ കണ്ട അനുഭവം.മുതിർന്നു വരുമ്പോൾ പലപ്പോഴും ബാലിശം ആയി തോന്നിയിരുന്നു അക്കാലത്തെ പല കഥകളും.അതേ രീതിയിൽ ഒരു പുസ്തകം വായിക്കുന്ന കുട്ടിയുടെ മനസ്സോടെ കണ്ടാൽ ആ പ്രായത്തിലേക്കു തിരിച്ചു പോയി എന്ന് ഒരു തോന്നൽ ഉണ്ടാക്കാൻ കോക്കോയുടെയും കൂട്ടുകാരുടെയും കഥയിലൂടെ കഴിയുന്നുണ്ട്.മുതിർന്നവർക്ക് കണ്ടു പിടിക്കാൻ കഴിയാത്ത കേസുകൾ ഒക്കെ കുട്ടികൾ കണ്ടു പിടിക്കുന്നത് പോലുള്ള കഥകൾ മുതിർന്നവരിൽ എത്ര മാത്രം കാഴ്ചയിൽ സ്വാധീനം ഉണ്ടാക്കും എന്നുള്ള സംശയം കാരണം ആണ് ഇത്തരം ഒരു മുഖവുര.

ഇനി കഥയിലേക്ക്.കോക്കോയും കുടുംബവും ആദ്യ കേസ് തെളിയിച്ച ഗ്രീൻ ഹില്ലിൽ നിന്നും താമസം മാറുന്നു.പുതിയ വീട്ടിൽ ആദ്യം താമസിച്ചിരുന്ന 'വിൻസെക്' മരിച്ചു പോയെങ്കിലും അയാളുടെ ശബ്ദവും മറ്റും പിന്നീട് അവിടെ കേട്ടവർ ഉണ്ടെന്നും,ഒരിക്കൽ താൻ അതു സ്വയം കേട്ടെന്നും കോക്കോയുടെ പുതിയ സുഹൃത്തു സ്‌ലാട്കൊ പറയുന്നു.വിന്സെക്കിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ ഉള്ള വീടിനെ കുറിച്ചുള്ള അന്വേഷണങ്ങളുടെ ഇടയിൽ ആണ് കോക്കോയും കുടുംബവും അവിടെ നിന്നും വീട് മാറി പോകണം എന്നുള്ള ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത്.

  യഥാർത്ഥത്തിൽ പ്രേതം ഇല്ല എന്ന അഭിപ്രായം ആണ് എല്ലാവർക്കും ഉണ്ടായിരുന്നതെങ്കിലും നിഗൂഢമായ എന്തോ എന്നു ഈ സംഭവങ്ങളുടെ പുറകിൽ ഉണ്ടായിരുന്നു എന്ന് കോക്കോയ്ക്കും കൂട്ടർക്കും തോന്നുന്നു.എന്നാൽ അപ്രതീക്ഷിതമായ പലതും സംഭവിക്കുന്നു.ആ കഥയാണ് ചിത്രം ബാക്കി പറയുന്നത്.

ക്രൊയേഷ്യൻ സിനിമകളിൽ മികച്ച വിജയം നേടിയ സിനിമ പരമ്പര ആയിരുന്നു കോക്കോയുടെയും കൂട്ടരുടെയും.നേരത്തെ സൂചിപ്പിച്ച പോലെ കുട്ടികളുടെ കുറ്റാന്വേഷണ നോവൽ വായിക്കുന്നത് പോലെ നല്ലൊരു അനുഭവം ആയിരുന്നു ചിത്രം മൊത്തത്തിൽ.പലപ്പോഴും കൗതുകകരമായ ചെറിയ ട്വിസ്റ്റുകളും എല്ലാം കൂടി ചേർന്ന ഒരു 'കൊച്ചു വലിയ' ചിത്രമാണ് Koko and the Ghosts.

Sunday, 13 May 2018

875.RANSOM(ENGLISH,1996)



    പണക്കാരന്‍-വില്ലന്മാര്‍ തട്ടി കൊണ്ട് പോയ കുട്ടി.Hostage സിനിമകളിലെ സ്ഥിരം ഒരു തീം ആണെന്ന് തോന്നിയിട്ടുണ്ട്.മേല്‍ ഗിബ്സന്‍ നായകനായി അഭിനയിച്ച Ransom അത്തരത്തില്‍ ഒരു പ്രമേയം ഉള്ള ചിത്രമാണ്.അമേരിക്കയിലെ എയര്‍ലൈന്സുകളില്‍ നാലാമത്തെ സ്ഥാനത്തുള്ള കമ്പനിയുടെ ഉടമയ ടോം മുല്ലെന്‍ ഭാര്യയും ഏക മകനും അടങ്ങുന്ന കുടുംബവുമായി കഴിയുകയാണ്.

   ഒരു ദിവസം അവരുടെ മകന്‍ അജ്ഞാതര്‍ തട്ടി കൊണ്ട് പോകുന്നു.മോചനദ്രവ്യമായി പണം ആവശ്യപ്പെടുന്നു.എന്നാല്‍ തന്റെ ഭൂതക്കാലത്തിലെ ഒരു ചെയ്തിയില്‍ പലപ്പോഴും കുറ്റ ബോധം തോന്നുന്ന ടോം ആദ്യം ഇത്തരം ഒരു അവസ്ഥയില്‍ തന്റെ ചെയ്തികളുടെ ഫലം ആണെന്ന് കരുതി ദുര്‍ബലന്‍ ആകുന്നു.തട്ടിക്കൊണ്ടു പോയവരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും FBI കുട്ടിയെ കണ്ടെത്താന്‍ അവരെ സഹായിക്കുന്ന ശ്രമത്തിലാണ്.


  എന്നാല്‍ ഒരു അവസരത്തില്‍ കുട്ടിയെ ഇനി തിരികെ കിട്ടും എന്ന് ഉറപ്പു അയാള്‍ക്ക്‌ തോന്നുമ്പോള്‍ ടോം എല്ലാവരെയും അമ്പരിപ്പിച്ചു കൊണ്ട് ഒരു നീക്കം നടത്തുന്നു.മനസ്സില്‍ ദേഷ്യം തോന്നിയ ഒരു പിതാവിനെ സംബന്ധിച്ചിടത്തോളം വളരെയധികം റിസ്ക്കും കുഴപ്പവും പിടിച്ച ഒന്നായിരുന്നു അത്.സ്ഥിരം ക്ലീഷേ ചിത്രങ്ങളില്‍ നിന്നും Ransom എന്ന ചിത്രത്തിനെ വ്യത്യസ്തമാക്കുന്ന ഒരു സംഭവം അതായിരുന്നു.സാധാരണ രീതിയില്‍ പോകേണ്ടിയിരുന്ന ഒരു പക്ഷെ ബോര്‍ ആകുമായിരുന്ന കഥയുടെ ജീവന്‍ നിലനിര്‍ത്തിയത് ആ ഒരു സംഭവം ആയിരുന്നു.


ഒരു ആക്ഷന്‍ /ത്രില്ലര്‍ എന്ന ന്നിലയില്‍ മെച്ചപ്പെടുത്താന്‍ ധാരാളം സംഭവങ്ങള്‍ അവിടെ നിന്നും ഉണ്ടെങ്കിലും അതിനായി സിനിമയുടെ പ്രവര്‍ത്തകര്‍ അധികം ശ്രമിച്ചില്ല എന്ന് തോന്നുന്നു.എന്നാല്‍ക്കൂടിയും ധൈര്യപൂര്‍വമായ അത്തരം ഒരു നീക്കം അപ്രതീക്ഷിതമായിരുന്നു എന്നത് കണക്കിലെടുക്കുമ്പോള്‍ ചിത്രം അത്ര മോശമായി തോന്നിയുമില്ല.ത്രില്ലര്‍ സിനിമയുടെ ആരാധകര്‍ക്ക് കണ്ടു നോക്കാവുന്ന ഒരു സാധാരണ ഹോളിവുഡ് ചിത്രമാണ് Ransom.


875.Ransom
       English,1996
       Thriller,Action
        Dir:Ron Howard
        Stars:Mel Gibson, Gary Sinise, Rene Russo 

874.MURDER SHE SAID(ENGLISH,1961)



     "ട്രെയിനില്‍ വച്ച് കണ്ട കൊലപാതകത്തിന്റെ രഹസ്യങ്ങളിലേക്ക്-Murder, She Said"


     ഒരു മിന്നായം പോലെ ആണ് മിസ്‌.മാര്‍പിള്‍ സമീപത്തുള്ള ട്രെയ്നില്‍ ഒരു യുവതിയെ ആരോ കഴുത്ത് ഞെരിച്ചു കൊല്ലാന്‍ ശ്രമിക്കുന്നത് കാണുന്നത്.അവര്‍ അധികാരികളെ വിവരം അറിയിച്ചെങ്കിലും അത്തരം ഒരു സംഭവം നടന്നിരിക്കാന്‍ സാധ്യതയില്ല എന്ന് പോലീസുകാരന്‍ വീട്ടില്‍ വന്നു പറയുമ്പോള്‍,സ്വന്തം കണ്ണുകളെ വിശ്വസിച്ച മിസ്‌.മാര്‍പ്പിള്‍ ആ സംഭവത്തിന്റെ നിഗൂഡത കണ്ടെത്താന്‍ ശ്രമിക്കുന്നു.കുറ്റാന്വേഷണ കഥകള്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന അല്‍പ്പം പ്രായമുള്ള മിസ്‌ മാര്‍പ്പിള്‍ ആ സംഭവം നടന്നിരിക്കാന്‍ സാധ്യതയുള്ള സ്ഥലം കണ്ടെത്താന്‍ ശ്രമിക്കുന്നു.അവര്‍ അവിടേക്ക് യാത്ര ആകുന്നു.

  Murder, She Said, അഗത ക്രിസ്റ്റിയുടെ  4.50 from Paddington എന്ന നോവലിനെ ആസ്പദമാക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്.യഥാര്‍ത്ഥ കഥയില്‍ നിന്നും അല്‍പ്പം വ്യത്യസ്തതകള്‍ വരുത്തിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.അഗത ക്രിസ്റ്റിയുടെ കുറ്റാന്വേഷണ തല്‍പരരായ കഥാപാത്രങ്ങളില്‍ 3 ചിത്രങ്ങളില്‍ അവതരിപ്പിക്കപ്പെട്ട മിസ്‌.മാര്‍പ്പിളിനും പ്രധാനപ്പെട്ട സ്ഥാനമുണ്ട്.അഗത ക്രിസ്റ്റിയുടെ നോവലുകള്‍ ഒരു തലമുറയിലെ കുറ്റാന്വേഷണ കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും അവ അവതരിപ്പിക്കപ്പെട്ട രീതികളിലും reference ആയിരുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തി ആകില്ല.വായിച്ചു പോയ പല കുറ്റാന്വേഷണ നോവലുകള്‍ക്കും ഇത്തരത്തില്‍ ഉള്ള സാദൃശ്യം കാണാം.


     ഒരു കുറ്റാന്വേഷണ കഥ വായിക്കുന്ന അതെ മനസ്സോടെ കണ്ടിരിക്കാവുന്ന ചിത്രമാണ് Murder,She Said.ഒരു വലിയ കുടുംബവും അവിടെ നടക്കുന്ന നിഗൂഡമായ മറ്റു കൊലപാതകങ്ങളും എല്ലാം കൂടി ചേരുമ്പോള്‍ ഇത്തരത്തില്‍ ഉള്ള ചിത്രങ്ങളുടെ ആരാധകര്‍ക്ക് നല്ല ഒരു അനുഭവം ആയി മാറുന്നു.മാര്‍ഗരറ്റ് രൂതര്ഫോര്ദ് അവതരിപ്പിച്ച മിസ്‌.മാര്‍പ്പിള്‍ എന്ന കഥാപാത്രം രസകരവും അതെ സമയം ശ്രദ്ധേയമായ കൂരമ ബുദ്ധിയും ഇഴകി ചേര്‍ന്ന ഒന്നായിരുന്നു.


  874.Murder,She Said
   English,1961
   Mystery
  Dir:-George Pollock
  Stars:Margaret Rutherford, Arthur Kennedy, Muriel Pavlow

873.FRONT OF THE CLASS(ENGLISH,2008)


"Tourette Syndrome" എന്ന അപൂര്‍വ രോഗത്തെ അതി ജീവിച്ച ബ്രാഡിന്റെ കഥ.


    'Tourette Syndrome'  -ഈ പേര് ടൈപ്പ് ചെയ്യുമ്പോള്‍ അതിന്റെ അടിയില്‍ ചുവന്ന വര കാണിക്കുന്നു.അതായതു തെറ്റായ ഒരു വാക്കാണ്‌ ടൈപ്പ് ചെയ്തതെന്ന് അര്‍ത്ഥം.അതെ,Tourette Syndrome അങ്ങനെ ഒരു അവസ്ഥയാണ്.ഒരു വിധം ഇത് പോലത്തെ രോഗങ്ങളുടെ പേരുകള്‍ മനസ്സിലാകുന്ന ഗൂഗിളിനു പോലും വലിയ അറിവുണ്ടെന്ന് തോന്നുന്നില്ല ഈ വാക്ക്.അതാണല്ലോ അങ്ങനെ കാണിച്ചത്.ഇത് തന്നെയാണ് ഈ അവസ്ഥയുടെ ഭീകരമായ വശവും.'അജ്ഞത'.തലച്ചോറിനെ സംബന്ധിക്കുന്ന ചില അവസ്ഥകള്‍  Tourette Syndrome നു കാരണം ആകുന്നതു.എന്നാല്‍ അത്തരത്തില്‍ ഒരു അവസ്ഥയില്‍ ഉള്ള ആളുടെ സാമൂഹികമായ ഇടപ്പെടലുകള്‍ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടും.അയാളെ ശല്യക്കാരന്‍ ആയും,സമൂഹത്തില്‍ ഇടപ്പെടാന്‍ കൊള്ളാത്ത ആളായും കണക്കാക്കും.കാരണം.നമ്മള്‍ ആരും പരിചിതര്‍ അല്ല ഈ രോഗാവസ്ഥയെ.


   'ബ്രാഡ്' ചെറുപ്പം മുതല്‍ ശാന്ത ശീലന്‍ ആയിരുന്നു.പ്രത്യേകിച്ചും പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതിരുന്ന അവന്‍ പിന്നീട് ചില അപ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചു തുടങ്ങി.കണക്ക് വിഷമകരമായ ആ  വിദ്യാര്തിക്ക് ടെന്‍ഷന്‍ കൂടുമ്പോള്‍ അത്തരത്തില്‍ ഉള്ള ശബ്ദവും കൂടുമായിരുന്നു.എന്നാല്‍ അധ്യാപകര്‍ ,സഹപാഠികള്‍ എന്ന് വേണ്ട അവന്റെ സ്വന്തം അച്ഛന്‍ പോലും ശല്യക്കാരന്‍ ആയി അവനെ മുദ്ര കുത്തി.എന്നാല്‍ അവന്റെ അമ്മ അങ്ങനെ അവനെ ഉപേക്ഷിക്കാന്‍ തയ്യാറല്ലായിരുന്നു.ഡോക്റ്റര്‍ പോലും സമാനമായ അഭിപ്രായം പറഞ്ഞപ്പോള്‍ അക്കാലത്തെ പരിമിത സൌകര്യങ്ങളില്‍ നിന്ന് കൊണ്ട് മെഡിക്കല്‍ പുസ്തകങ്ങളില്‍ നിന്നും അവര്‍ കണ്ടു പിടിച്ചു.ബ്രാഡ് 'Tourette Syndrome' എന്ന അപൂര്‍വ അവസ്ഥ ഉള്ള ആളാണ്‌ എന്ന്.


  നല്ല വിദ്യാഭ്യാസം ലഭിച്ച ബ്രാഡ് എന്നാല്‍ തന്റെ സ്വപ്നങ്ങള്‍ക്ക് വിലങ്ങു തടി ആയി തന്റെ അസുഖത്തെ കാണുന്നില്ല.ഒരു ടീച്ചര്‍ ആവുക എന്നതായിരുന്നു അവന്റെ ഉദ്ദേശം.അതിനായി അവനെ സഹായിച്ച മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു.അവന്റെ സ്ക്കൂളിലെ പ്രിന്‍സിപ്പാള്‍.ഒരു പക്ഷെ ബ്രാഡിന്റെ അമ്മയും  പ്രിന്‍സിപ്പാളും ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ അവന്റെ കഥ പുസ്തകം ആയും സിനിമ ആയും നമ്മുടെ മുന്നില്‍ എത്തില്ലായിരുന്നു.തീര്‍ച്ച!!തന്റെ ശാരീരികാവസ്ഥ ഒരു സാധാരണ മനുഷ്യനായി ജീവിക്കുന്നതില്‍ നിന്നും തന്നെ തടയാന്‍ കഴിയില്ല എന്നുള്ള ആത്മവിശ്വാസം ആയിരുന്നു ബ്രാഡിന്റെ ഏറ്റവും വലിയ കൈ മുതല്‍.ബ്രാഡിന്റെ സ്വപ്നങ്ങളിലേക്കുള്ള യാത്രയാണ് ബാക്കി ചിത്രം.


ടി വി സിനിമകളിലെ 'ക്ലാസിക്' എന്ന് വിശേഷിപ്പിക്കാം.അത്ര മാത്രം പോസിറ്റീവ് എനെര്‍ജി ആയിരുന്നു ഈ ചിത്രം നല്‍കിയത്.'Hallmark Hall of Fame ' ടി വി ചിത്രമായി അവതരിപ്പിക്കപ്പെട്ട ചിത്രം പിന്നീട് CBS ല്‍ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.ജെയിംസ് വോക്ക് എന്ന പുതുമുഖ നടന്‍ ആയിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.എന്നാല്‍ മികച്ച രീതിയില്‍ ,ഒരു ഫീല്‍ ഗുഡ് മൂവി ആക്കി മാറ്റാന്‍ ആ പുതുമുഖത്തിന് തന്റെ കഥാപാത്രത്തിലൂടെ സാധിച്ചു.അത്രയ്ക്കും പോസിറ്റീവ് ആയിരുന്നു അയാളുടെ അഭിനയം.എന്നെന്നും ഓര്‍ക്കുന്ന കഥാപാത്രം ആണ് ഈ ചിത്രത്തിലെ ബ്രാഡ്.

"ഹിച്കി" എന്ന റാണി മുഖര്‍ജീ സിനിമ റിലീസ് ആയപ്പോള്‍ ഒരു സുഹൃത്തിന്റെ സജഷന്‍ ആയിരുന്നു 'Front of the Class' എന്ന ചിത്രം."ഹിച്കി", 'Front of the Class' നു ആസ്പദമായ 'Front of the Class: How Tourette Syndrome Made Me the Teacher I Never Had' എന്ന ബ്രാഡ് കൊഹന്റെ ജീവിത കഥയെ ആസ്പദമാക്കി ആണ് അവതരിപ്പിച്ചിരിക്കുന്നത്.യഥാര്‍ത്ഥത്തില്‍ ഇത്തരത്തില്‍ ഉള്ള ഒരു മനുഷ്യന്‍ ജീവിച്ചിരിപ്പുണ്ട് എന്ന് ചിത്രത്തിന്റെ അവസാനം കാണുമ്പോള്‍ ആണ് കഷ്ടപ്പാടുകളെയും സമൂഹത്തിന്റെ കാഴ്ചപ്പാടുകളെയും മാറ്റി മറിയ്ക്കാന്‍ കഴിയുന്ന മനുഷ്യന്റെ ദൃഡ നിശ്ചയത്തിന്റെ ശക്തിയെ കുറിച്ച് ഓര്‍ത്തു അഭിമാനം തോന്നുന്നത്.തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളില്‍ ഒന്നാണ് 'Front of the Class'


873.Front of the Class
       English,2008
       Drama
       Dir:Peter Werner
       Stars:James Wolk, Treat Williams, Dominic Scott Kay
   

872.THE GIRL ON THE TRAIN(ENGLISH,2016)



"റേച്ചല്‍ ട്രെയിനില്‍ വച്ച് കണ്ട കാഴ്ചയും അതിനു പിന്നിലെ ദുരൂഹതകളും'-"The Girl on the Train".


  'അഗത ക്രിസ്റ്റി' യുടെ കഥയെ ആസ്പദമാക്കി നിര്‍മിച്ച ചിത്രമായിരുന്നു 'Murder She Said'.'പോള ഹോക്കിന്സിന്റെ' പ്രഥമ നോവലായ 'The Girl on the Train' ഉം സമാനമായ കഥാഗതി ഉള്ള ചിത്രമാണ്.എന്നാല്‍ കഥയുടെ നിര്‍ണായകമായ വഴിത്തിരുവില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ സഞ്ചരിക്കുന്ന രണ്ടു ചിത്രങ്ങളും ആണ്."Murder She Said" കോമഡി ഒക്കെ ചേര്‍ത്ത് ഒരു സ്ഥിരം കുറ്റാന്വേഷണ ചിത്രമായി ആണ് അവതരിപ്പിച്ചിരുന്നത്.എന്നാല്‍ 'The Girl on the Train' ഗൗരവമായ സമീപനം കഥയുടെ അവതരണത്തില്‍ കാണാന്‍ ആകും.

  റേച്ചല്‍ ജീവിതത്തില്‍ ആകെ പരാജയമായിരുന്നു.പ്രധാനമായും അവളുടെ മദ്യപാനം അവളുടെ കുടുംബ ജീവിതം തന്നെ തകര്‍ത്തൂ.ജോലിയും പോയ അവസരത്തില്‍ അവള്‍ എല്ലാ ദിവസവും ട്രെയിനില്‍ അങ്ങോട്ടുമിങ്ങോട്ടും അലക്ഷ്യമായി,മദ്യപാനം ചെയ്തു യാത്ര ചെയ്തു കൊണ്ടിരുന്നു.എല്ലാ ദിവസവും അവള്‍ പോകുമ്പോള്‍ തന്റെ മുന്‍ ഭര്‍ത്താവും കുടുംബവും താമസിക്കുന്ന വീട് അവള്‍ കാണാറുണ്ട്‌.അവരെ ശ്രദ്ധിക്കുകയും ചെയ്യാറുണ്ട്.അത് പോലെ അവളുടെ കാഴ്ചപ്പാടില്‍ ഉള്ള ഏറ്റവും മികച്ച ദമ്പതികള്‍ ആയ സ്ക്കോട്ട്-മേഗന്‍ എന്നിവരെയും.


   അവളുടെ ചിന്തകളില്‍ പലപ്പോഴും ഇവരെല്ലാം വന്നു പോകാറും ഉണ്ടായിരുന്നു.അങ്ങനെ ഉള്ള ഒരു ദിവസം അവള്‍ സ്കോട്ട്-മേഗന്‍ ദമ്പതികളുടെ വീടിന്റെ മുകളിലത്തെ നിലയില്‍ ഒരു കാഴ്ച കണ്ടൂ.റേച്ചല്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന്.അതിനു പിന്നാലെ അവള്‍ അറിഞ്ഞത് മേഗന്‍റെ  തിരോധാനം ആയിരുന്നു.എന്നാല്‍ മേഗനെ കാണാതായ ദിവസം റേച്ചല്‍ പരിസര പ്രദേശങ്ങളില്‍ കണ്ടതായ സൂചനകള്‍ ലഭിച്ചു.എന്നാല്‍ മദ്യ ലഹരിയില്‍ ആയിരുന്ന അവള്‍ക്കു അവിടെ എത്തിയതിനു ശേഷം എന്തുണ്ടായി എന്ന് ഒരു അറിവും ഇല്ലായിരുന്നു.പോലീസ് കേസ് വിഷയമായി റേച്ചലിനെ സംശയിക്കുന്നു.എന്നാല്‍ റേച്ചല്‍ അന്ന് കണ്ട ആ കാഴ്ചയുമായി മേഗന്‍റെ തിരോധാനത്തിനു ബന്ധം ഉണ്ടെന്നു കരുതുന്നു.

 ആകെ മൊത്തം സങ്കീര്‍ണമായ അവസ്ഥകളിലൂടെ ആണ് ചിത്രം പിന്നീട് കടന്നു പോകുന്നത്.ദുരൂഹതകള്‍ ഏറെ ഉള്ള കഥാപാത്രങ്ങള്‍.പലരും സമൂഹത്തിന്റെ മുന്നില്‍ മറ്റൊരാളായി അഭിനയിക്കുന്നു,ഉള്ളില്‍ മറ്റൊരു മുഖം ഒളിപ്പിച്ചു കൊണ്ട്.ശതമായ സ്ത്രീ കഥാപാത്രങ്ങളും അവരിലെ നിസഹായതയും എല്ലാം ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്.ക്ലൈമാക്സിനോട് അടുക്കുമ്പോള്‍ ചിത്രത്തിന്റെ അത് വരെ ഉള്ള കഥാഗതി തന്നെ മാറുന്നതായി കാണാം.ദുരൂഹതകള്‍ ഏറെ നിറഞ്ഞ ഭംഗിയായി അവതരിപ്പിച്ച ഒരു slow-burner ആണ് 'The Girl on the Train'.മിസ്റ്ററി ത്രില്ലര്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് ഇഷ്ടമാകാന്‍ സാധ്യതയുള്ള ഒന്നാണ് ഈ ചിത്രം.


872.The Girl on the Train 
        English,2016
        Mystery,Drama,Thriller
        Dir:Tate Taylor
        Stars:Emily Blunt, Haley Bennett, Rebecca Ferguson

871.GAME NIGHT(ENGLISH,2018)



        കൂട്ടുകാരും കുടുംബവുമായി എവിടെയെങ്കിലും ഒരു രാത്രി ഒത്തു കൂടുമ്പോള്‍ ശരാശരി മലയാളികള്‍ അല്‍പ്പം ഗോസിപ്പും വെള്ളമടിയും ഒക്കെ ആയി ചിലവഴിക്കും ഭൂരിഭാഗം അവസരങ്ങളിലും.എന്നാല്‍ വിദേശികള്‍ കുറച്ചു കൂടി അത്തരം അവസരങ്ങള്‍ താല്‍പ്പര്യം ഉള്ളത് ആക്കാനായി പലതരം ഗെയിമുകളും ഉള്‍പ്പെടുത്തുന്നു.മലയാളിയുടെ ചീട്ടു കളി മറക്കുന്നില്ല.എന്തായാലും അത്തരത്തില്‍ ചില രാത്രികള്‍ കഴിച്ചു കൂട്ടുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് Game Night അവതരിപ്പിക്കുന്നത്‌.

   വെറുതെ സമയം ചിലവഴിക്കുക എന്നതിലുപരി പലപ്പോഴും ഇത്തരം കളികള്‍ മത്സരത്തിന്റെ പിടിമുറുക്കത്തില്‍ പെടാറുണ്ട്.മാക്സ്-ആനി ദമ്പതികള്‍ ഇത്തരം കളികളുടെ ഇടയില്‍ പരിചയപ്പെട്ടു വിവാഹിതര്‍ ആയവരാണ്‌.മാക്സ് സാധാരണ രീതിയില്‍ ഇത്തരം കളികളില്‍ കേമന്‍ ആണെങ്കിലും അയാളുടെ സഹോദരന്‍ ബ്രൂക്സ് അയാളെ സ്ഥിരമായി കളികളില്‍ പരാജയപ്പെടുത്തുമായിരുന്നു.ജീവിത നിലവാരത്തില്‍ പോലും തന്നെക്കാള്‍ മുന്നില്‍ ഉള്ള കോടീശ്വരനായ എല്ലാവര്ക്കും പ്രിയങ്കരന്‍ ആയ ബ്രൂക്സ് മാക്സിനെ കാണാന്‍ എത്തുന്നു എന്ന് അറിഞ്ഞത് മുതല്‍ അയാളുടെ ആധി കൂടി.

 അവസാനം ബ്രൂക്സ് എത്തുന്നു.പതിവ് പോലെ മാക്സിന്റെ വീട്ടില്‍ വച്ച് അയാളെ പരാജയപ്പെടുത്തിയതിനു ശേഷം മാക്സിനെയും സുഹൃത്തുക്കളെയും ബ്രൂക്സ് സ്വന്തം വീട്ടില്‍ നടക്കാന്‍ പോകുന്ന Game Night നു ക്ഷണിക്കുന്നു.അവരുടെ ജീവിതത്തില്‍ ഇത് വരെയും അനുഭവിച്ചിട്ടില്ലാത്ത ഒരു രാത്രിക്ക് വേണ്ടി എന്ന രീതിയില്‍ ആയിരുന്നു അവര്‍ക്കുള്ള വാഗ്ദാനം.എന്നാല്‍ പ്രതീക്ഷകള്‍ക്കും അപ്പുറം ആയിരുന്നു ആ രാത്രി.അവര്‍ പ്രതീക്ഷിച്ചതിലും സാഹസികമായ ഒരു രാത്രി.

  ആ രാത്രിയുടെ കഥയാണ് രസകരമായ രീതിയില്‍ Game Night അവതരിപ്പിക്കുന്നത്‌.'ജേസന്‍ ബേറ്റ്മാന്‍' സിനിമകളുടെ സ്ഥിരം രീതിയില്‍ അവതരിപ്പിച്ച തമാശ ചിത്രം.ഒപ്പം റേച്ചല്‍ മക് ആഡംസും ഉണ്ട്.Entertainer എന്ന നിലയില്‍ മികച്ച അനുഭവമായിരുന്നു ചിത്രം.ചിരിപ്പിക്കുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ ചിത്രത്തിലുണ്ട്.ഒപ്പം ചെറിയ ട്വിസ്റ്റുകളും.'Sibling Rivalry'  രസകരമായ രീതിയില്‍ അവതരിപ്പിച്ച ഒരു ചിത്രമാണ് Game Night.കോമഡി-ത്രില്ലര്‍ എന്ന അസ്വാഭാവികമായ ഒരു ഴോന്രെയില്‍ മികച്ചു നിന്ന ഒരു ചിത്രമാണ് Game Night.


871.Game Night
  English,2018
Comedy,Thriller
Dir:John Francis Daley, Jonathan Goldstein
Stars:Jason Bateman, Rachel McAdams, Kyle Chandler

Saturday, 12 May 2018

870.24 HOURS TO LIVE(ENGLISH,2017)



'24 Hours To Live'-സ്ഥിരം ഹോളിവുഡ് ഫോര്മുലയിൽ വീണ്ടും ഒരു ആക്ഷൻ ചിത്രം കൂടി!!

Ethan Hawke എന്ന ഒറ്റ പേര് കാരണം ആയിരിക്കും സമ്മിശ്രണ-മോശം അഭിപ്രായം നിരൂപകരിൽ നിന്നും ലഭിച്ച ഈ ചിത്രം പലരും കണ്ടിരിക്കുക.'ക്ളീഷേ' എന്ന വാക്കിന്റെ അന്വർത്ഥം ആക്കുന്ന മറ്റൊരു ചിത്രം ആണ് 24 Hours To Live.

    ഇന്റർപോളിന്റെ കയ്യിൽ നിന്നും Red Mountain എന്ന നിഗൂഢതകൾ ഏറെ നിറഞ്ഞ ഒരു കമ്പനിക്കു വേണ്ടി ,അവരുടെ രഹസ്യങ്ങൾ അറിയാവുന്ന ഒരാളെ കൊല്ലപ്പെടുത്തണം.ട്രവിസ് (Hawke) ആ ഉദ്യമം ഏറ്റെടുക്കുന്നു.ഭാര്യയും മകനും നഷ്ടപ്പെട്ട വേദന മാറാത്ത ട്രവിസ് എന്നാൽ ആ ഉദ്യമത്തിൽ ലഭിക്കാൻ പോകുന്ന വലിയ തുക മോഹിച്ചു തന്റെ ജോലിയിലേക്ക് തിരിക്കുന്നു.
 
എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ മരണത്തെ നേരിൽ കാണേണ്ടി വരുന്ന ട്രവീസിനും അയാൾ ഏറ്റെടുത്ത ഉദ്യമത്തിനും എന്തു സംഭവിച്ചു എന്നതാണ് കഥ.

  കഥാഗതിയിൽ തന്നെ ഒരു പ്രത്യേകതയും ഇല്ല അല്ലെ?ഇടയ്ക്കു കുറച്ചു sci-fi elements ഉൾപ്പെടുത്തി ആ ക്ളീഷേയെ ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും പുതുമ തോന്നിക്കാൻ മാത്രം എന്തെങ്കിലും ഉള്ളതായി അനുഭവപ്പെട്ടില്ല.

  ഇത്തരം അടി,വെടി,ബോംബ് കഥകൾക്ക് പിന്നെ ഒരു ഗുണമുണ്ട്.ചുമ്മാ അങ്ങു ഇരുന്നു   കാണാം അധികം ബുദ്ധിമുട്ടില്ലാതെ.ഈ സിനിമയും ആ നിലയിൽ നോക്കിയാൽ നല്ലതായിരുന്നു.കുറെ അധികം ഷൂട്ടൗട്ട് രംഗങ്ങൾ,ലോകത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന ആളുകൾ,അന്താരാഷ്ട്ര കൊലയാളികൾ ,ഇടയ്ക്കു പരിചയപ്പെടുന്ന നായിക തുടങ്ങി സ്ഥിരം ചേരുവകൾ എല്ലാം ഒത്തു ചേർന്ന അധികം ബോർ അടിപ്പിക്കാത്ത ഒരു ശരാശരി അനുഭവം ആയി മാറി "24 Hours To Live"

870.24 Hours To Live
  English,2017
 Action,Thriller
 Dir:Brian Smrz
Stars: Ethan Hawke, Paul Anderson, Rutger Hauer

869.SAVARAKATHI(TAMIL,2018)


"സവരക്കത്തി"- 'മനുഷ്യ സ്വഭാവത്തിന്റെ പഠനം' ,ബ്ളാക് ഹ്യൂമറിലൂടെ!!

ക്രോധം ഒരു മനുഷ്യനെ എത്ര മാത്രം ക്രൂരൻ ആക്കാം??മങ്കേശ്വരൻ എന്ന ഗുണ്ടാ തലവൻ പരോളിന് ശേഷം ജയിലിലേക്ക് തിരിച്ചു പോകുന്ന ദിവസം.സ്വതവേ എന്തിനേയും ആക്രമിക്കാൻ ശ്രമിക്കുന്ന ഒരു കഥാപാത്രം തിരിച്ചു പോകുന്ന വഴി പിച്ചൈ മൂർത്തി എന്ന ബാർബറുമായി ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുന്നു.എന്നാൽ താൻ തിരിച്ചു പോകുന്നതിനു മുൻപേ പിച്ചൈയെ കൊല്ലും എന്നു മങ്കേശ്വരൻ ശപഥം ചെയ്യുന്നു.


പിച്ചൈ മൂർത്തി അൽപ്പം പിരി ഇളകിയ ആൾ ആണോ എന്ന് വരെ സംശയിക്കാം.അയാൾ പലപ്പോഴും eccentric ആയാണ് പ്രേക്ഷകന് അയാളുടെ ശരീര ഭാഷയിലൂടെ തോന്നുക.തന്റെ കടയിൽ നിന്നും ഭാര്യയുടെ അങ്ങളയുടെ രെജിസ്റ്റർ കല്യാണയത്തിനു പോകവേയാണ് അയാളുടെ ആ ദിവസത്തിൽ അപ്രതീക്ഷിതമായ പലതും സംഭവിക്കുന്നത്.

അബദ്ധത്തിൽ ഉണ്ടായ ഒരു സംഭവത്തിൽ പിച്ചൈയുടെ പ്രതികരണവും അതിനൊപ്പം മങ്കേശ്വരന്റെ ദേഷ്യവും കൂടി ആയപ്പോൾ പ്രശ്നം വഷളായി.പൂർണ ഗർഭിണി ആയ പിച്ചൈമൂർത്തിയുടെ ഭാര്യയായി ഷംന മികച്ച പ്രകടനം ആണ് നടത്തിയത്.കേൾവിക്കു പ്രശ്നമുള്ള കഥാപാത്രമായി അവർ മികച്ചു നിന്നു.സംവിധായകരായ റാമും മിഷ്ക്കിനും ശരിക്കും കഥാപാത്രങ്ങളായി മാറുക കൂടി ചെയ്തപ്പോൾ നല്ല ഒരു സിനിമ ആയി മാറി സവരക്കത്തി.

  ഇടയ്ക്കിടെ ഒരു ത്രില്ലർ സിനിമയുടെ സ്വഭാവങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിൽ ബ്ളാക് ഹ്യൂമർ കൂടി കലർത്തി ഉള്ള അവതരണം ആയിരുന്നു മിഷ്ക്കിന്റെ സഹോദരൻ ആയ സംവിധായകൻ ആദിത്യ അവതരിപ്പിച്ചത്.മനുഷ്യൻ അവന്റെ സ്വാഭാവികമായ പ്രതികരണങ്ങൾ ഓരോ സന്ദർഭങ്ങളിലും പ്രകടിപ്പിക്കുമ്പോൾ എന്താകും ഉണ്ടാവുക??ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ ശ്രദ്ധിച്ചാൽ പിച്ചൈയുടെ ജീവിതം അയാളെ അങ്ങനെ ആക്കിയതായിരിക്കാം.സമാനമായ അവസ്ഥ ആണ് മങ്കേശ്വരനും.അതു പോലെ കല്യാണം കഴിക്കാൻ പോകുന്ന പെണ്കുട്ടിയുടെ മാതാപിതാക്കളും.അവർ പ്രവർത്തിച്ചതെല്ലാം സാധാരണമായ മനുഷ്യ പ്രതികരണങ്ങൾ ആയിരുന്നു.

  എന്നാൽ ക്ളൈമാക്സിലെ ആ രംഗം!!ഒരു മഴ പെയ്തു തീർന്ന പോലെ ഒരു സുഖമായിരുന്നു.എന്തു മാത്രം ശാന്തത ആയിരുന്നു ആ രംഗം പ്രേക്ഷകനും കൊടുത്തിട്ടുണ്ടാവുക?മരണക്കളിയിൽ നിന്നും തങ്ങളുടെ പ്രതികാരത്തിന്റെയും നിലനിൽപ്പിന്റെയും സംഘർഷങ്ങളിൽ നിന്നും പെട്ടെന്നൊരു മാറ്റം.അപ്രതീക്ഷിതം ആയിരുന്നു അങ്ങനെ ഒന്നു.ഒരു മിസ്റ്ററി സിനിമ പോലെ അല്ല.പകരം അവിടെ നടന്ന സംഭവങ്ങൾക്ക് അങ്ങനെ ഒരു അവസാനം പ്രതീക്ഷിക്കുകയും അതു ലഭിക്കുകയും ചെയ്യുമ്പോൾ ഉള്ള ആശ്വാസം,മനസിന്റെ സുഖം. അതു കണ്ടു തന്നെ അറിയുക..


869.Savarakathi
  Tamil,2018
Action,Comedy

Dir:G R Adithya
Stars:Ram,Myskkin,Shamna

1890. Door (Japanese, 1988)