Monday, 23 October 2017

785.DOG DAY AFTERNOON(ENGLISH,1975)

785.DOG DAY AFTERNOON(ENGLISH,1975),|Crime|Biography|Drama|,Dir:-Sidney Lumet,*ing:- Al Pacino, John Cazale, Penelope Allen.


     ബ്രേക്കിംഗ് ന്യൂസുകള്‍ "സര്‍വസാധാരണം"ആയ ഒരു കാലഘട്ടത്തില്‍ 1972 ആഗസ്റ്റ്‌ 22 നു നടന്ന ഒരു കവര്‍ച്ച അത്തരത്തില്‍ ഒന്നായി  വാര്‍ത്തകളില്‍ ഇടം നേടിയപ്പോള്‍ എത്രത്തോളം കൗതുകകരം ആയിരിക്കും എന്ന് ആലോചിച്ചു നോക്കാം?മീഡിയയുടെ മുന്നില്‍ ആ ഒരു ദിവസം, സങ്കീര്‍ണതകള്‍ നിറഞ്ഞ ജീവിതത്തില്‍ നിന്നും ജോണിന് ലഭിച്ച പ്രശസ്തി അയാളുടെ ജീവിതം തന്നെ മാറ്റി മറിച്ചിരുന്നു.സ്വവര്‍ഗ വിവാഹങ്ങള്‍ തീരെ അസാധാരണം ആയ ഒരു കാലഘട്ടത്തില്‍ അതിനു പോലും മുതിര്‍ന്ന ജോണിന് അന്ന് പോലും കിട്ടാത്ത അത്ര പ്രശസ്തി ആയിരിക്കാം ബ്രൂക്ലിനില്‍ നടന്ന ബാങ്ക് കൊള്ളയിലൂടെ ലഭിച്ചത്.ജോണിന് അവകാശപ്പെട്ടത് ആണ് ആ ദിവസം.പില്‍ക്കാലത്ത് മികച്ച സിനിമകളില്‍ ഒന്നായി മാറിയ "Dog Day Afternoon" പോലും സംഭവബഹുലം ആയ അയാളുടെ ജീവിതത്തിന്റെ ചലച്ചിത്രാവിഷ്ക്കാരം ആയി മാറിയത് അതിനുള്ള  തെളിവാണ്.

    ജോണിനോട്‌ വളരെയധികം രൂപ സാദൃശ്യമുള്ള അല്‍ പച്ചീനോ ചെയ്ത സണ്ണി എന്ന കഥാപാത്രത്തിലൂടെ ആണ് ചിത്രം മുന്നോട്ടു പോകുന്നത്.ഒരു ബാങ്ക് കൊള്ളയ്ക്ക് വേണ്ട മുന്നൊരുക്കങ്ങള്‍ അധികം ഒന്നുമില്ലാതെ നടത്തിയ ഒന്നായിരുന്നു അത്.ആദ്യം തന്നെ കൂടെ ഉണ്ടായിരുന്ന ആള്‍ ഭയം കാരണം ഓടി പോയി.സണ്ണിയുടെ ഒപ്പം ഉണ്ടായിരുന്ന "സാല്‍" ആയിരുന്നെങ്കില്‍ സ്വഭാവ വൈരുദ്ധ്യങ്ങളുടെ  ഒരു കലവറ ആയിരുന്നു.കാന്‍സര്‍ വരാതെ ഇരിക്കാനും ആത്മാവിനെ കാത്തു സൂക്ഷിക്കാനും തീരുമാനിച്ച ഒരാള്‍ പക്ഷെ തിരഞ്ഞെടുത്ത വഴി വ്യത്യസ്തമായിരുന്നു എന്ന് മാത്രം.

   ബാങ്കില്‍ ഒരു മോഷണം നടത്താന്‍ പോലുമുള്ള പണം ഇല്ലാത്ത സമയത്ത് അതിനായി തുനിഞ്ഞ കവര്‍ച്ചക്കാരുടെ അവസ്ഥ എന്ത് മാത്രം ഭീകരം ആയിരിക്കും?അതും അല്‍പ്പ സമയത്തിനുള്ളില്‍ പോലീസും ,എഫ് ബി ഐ യും ജനക്കൂട്ടവും എല്ലാം ചേര്‍ന്ന് ആഘോഷമാക്കി മാറ്റിയ ഒന്നായി മാറുമ്പോള്‍.മുന്‍ സൈനികന്‍ ആയ,സൈനിക സേവനത്തിനു ശേഷം പലതരം ജോലികള്‍ ചെയ്ത സണ്ണിയുടെ, അന്നത്തെ കവര്ച്ചയ്ക്ക് പിന്നില്‍ ഉള്ള ലക്‌ഷ്യം സാധാരണ ഒരു മനുഷ്യന് എത്ര മാത്രം ദഹിക്കും എന്നുള്ളത് ഒരു സംശയം ആണ്.പിന്നീട് അതിനെ കുറിച്ച് വിരുദ്ധമായ അഭിപ്രായങ്ങള്‍ വന്നിരുന്നു എന്നത് വേറൊരു സത്യം.

   സണ്ണി എന്ന വ്യക്തിയുടെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ അയാളുടെ ജീവിതത്തില്‍ സംഭവിച്ചതിനെ വെറും ദുരന്തങ്ങള്‍ മാത്രമായി കാണാന്‍ സാധിക്കില്ല.അതില്‍ പലതും അയാളുടെ മാത്രം തീരുമാനങ്ങള്‍ ആയിരുന്നു.ജീവിതത്തില്‍ ഉണ്ടായ പല പ്രശ്നങ്ങളെയും അയാള്‍ നേരിട്ടത് അസാധാരണമായ വഴികളിലൂടെ ആയിരുന്നു.വിവാഹ ജീവിതത്തില്‍ പോലും അയാള്‍ ഈ ഒരു ശൈലി ആയിരുന്നു പിന്തുടര്‍ന്നത്‌.ബാങ്ക് കവര്ച്ചയ്ക്കിടയില്‍ അയാള്‍ക്ക്‌ ജനങ്ങളില്‍ നിനും ലഭിച്ച ഹര്‍ഷാരവങ്ങള്‍ പോലും അത്തരം ഒരു സാഹചര്യത്തില്‍ അയാള്‍ അതിനെ നേരിട്ട രീതിയിലൂടെ ലഭിച്ച അനുമോദനം പോലും ആയി കണക്കാക്കാം.

  ബന്ദികള്‍ ആയി ആ ബാങ്കില്‍ അടയ്ക്കപ്പെട്ടവര്‍ പോലും അയാളെ സ്നേഹിച്ചു തുടങ്ങിയിരുന്നു.അവിടെ നിന്നും രക്ഷപ്പെടാന്‍ ഒരു അവസരം കിട്ടിയാല്‍ അള്‍ജീരിയയില്‍ പോകാമെന്ന് അയാള്‍ പറഞ്ഞപ്പോള്‍ ഉണ്ടായ അവരുടെ പ്രതികരണം എല്ലാം രസകരമായിരുന്നു.മനുഷ്യത്വം ഏറെ ഉള്ള മനുഷ്യന്‍.അയാള്‍ തന്‍റെ ജീവിതത്തില്‍ എല്ലാവരെയും സ്നേഹിച്ചിരുന്നു എന്ന് തോന്നും.സണ്ണിയുടെ പുറമെയുള്ള സ്വഭാവത്തില്‍ അയാളുടെ ഭ്രാന്തമായ ചിന്തകളുടെ സൂചനകള്‍ ഒന്നും കാണില്ല.

  സണ്ണി ആയി അക്ഷരാര്‍ത്ഥത്തില്‍ പച്ചീനോ ജീവിക്കുകയായിരുന്നു എന്ന് തോന്നി പോകും.അത്രയ്ക്കും ജീവന്‍ ഉണ്ടായിരുന്നു ആ കഥാപാത്രത്തിന്.പിന്നീട് തന്‍റെ ജീവിതത്തിലെ സുപ്രധാനമായ ആ ദിവസം തിരശീലയില്‍ കണ്ട ജോണ്‍,സിനിമയിലെ ചില കാര്യങ്ങളോട് നീരസം പ്രകടിപ്പിച്ചെങ്കിലും സണ്ണി,സാല്‍ എന്നീ കഥാപാത്രങ്ങളെ കുറിച്ച് മികച്ച അഭിപ്രായമായിരുന്നു പറഞ്ഞത്.

 "Dog Day" എന്ന് വിശേഷിപ്പിക്കാവുന്ന ആ ചൂട് കൂടിയ ദിവസം നടന്ന സംഭവങ്ങള്‍ അന്നത്തെ ദിവസത്തിന്റെ കാഠിന്യം ഏറെ കൂട്ടി.  ഒരു ദിവസത്തിലെ ഏതാനും മണിക്കൂറുകളില്‍ നടന്ന കുറ്റകൃത്യം ടെലിവിഷന്റെ ജനപ്രീതിയുടെ ആദ്യ കാലഘട്ടങ്ങളില്‍ തന്നെ എങ്ങനെ സ്വാധീനിക്കാന്‍ സാധിച്ചു എന്നും.അത് പോലെ താനെ നല്ലവനാണ് എന്ന് തോന്നുന്ന കള്ളന്മാര്‍ക്ക്;റോബിന്‍ ഹൂഡ്,കായംക്കുളം കൊച്ചുണ്ണി എന്നിവര്‍ക്ക് ലഭിച്ച ജന പിന്തുണ പോലെ ഒന്ന് സണ്ണിക്ക് ലഭിച്ചതും ഒക്കെ രസകരമായി തന്നെ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.ക്രിമിനല്‍ ആയി മാറിയ ഒരാളുടെ ജീവിതം തന്നെ മാറ്റിയ യഥാര്‍ത്ഥ സംഭവങ്ങളുടെ ആവിഷ്ക്കാരം ആയ Dog Day Afternoon മികച്ച തിരക്കഥയ്ക്കുള്ള ആ വര്‍ഷത്തെ ഓസ്ക്കാര്‍ പുരസ്ക്കാരവും നേടിയിരുന്നു.ഒരു ക്രൈം ചിത്രം കാണുമ്പോള്‍ ഉള്ളതിനേക്കാളും കുറേ ചോദ്യങ്ങള്‍ ആകും പ്രേക്ഷകന്റെ മുന്നില്‍ സണ്ണി എന്ന കഥാപാത്രം അവശേഷിപ്പിക്കുക.എന്ത് കൊണ്ട് സണ്ണി ഇങ്ങനെ ആയി തീര്‍ന്നൂ എന്നത് ആണ് അതില്‍ ഏറ്റവും പ്രസക്തമായത്.





    

No comments:

Post a Comment