Tuesday, 3 October 2017

777.SINGLE RIDER(KOREAN.2017)

777.SINGLE RIDER(KOREAN.2017),|Mystery|Drama|,Dir:-Zoo Young Lee,*ing:-Byung-hun Lee, Hyo-jin Kong, Sohee.


  പ്രവചനാതീതം ആണ് ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളില്‍ ഭൂരിഭാഗവും.ജീവിതത്തില്‍ എല്ലാം നേടാന്‍ വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ കുടുംബം,സൗഹൃദം എന്നിവയെല്ലാം ചിലപ്പോഴെങ്കിലും മറക്കാനുള്ള മനസ്സ് കൂടി വേണം ഈ ഓട്ടപന്തയത്തില്‍ വിജയിക്കാന്‍.അങ്ങനെയുള്ള ഒരു ഓട്ടത്തില്‍ ആയിരുന്നു ജേ-ഹൂന്‍.സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ഒരു കൊറിയന്‍ കമ്പനിയിലെ  ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ആയിരുന്നു അയാള്‍.തന്‍റെ ജോലിയിലെ മികവിലൂടെ സ്വപ്നം കണ്ട ഒരു ജീവിതം ആസ്വദിക്കുകയായിരുന്നു.

  എന്നാല്‍ അപ്രതീക്ഷിതമായി കമ്പനിയ്ക്ക് നഷ്ടങ്ങള്‍  സംഭവിക്കുകയും,അയാളെ വിശ്വസിച്ചു പണം മുടക്കിയ ക്ലൈന്റുകള്‍ അയാളില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു.താന്‍ നേടിയതെല്ലാം കൈ വിട്ടു പോകുന്നതായി അയാള്‍ക്ക്‌ തോന്നുന്നു.ജോലി കഴിഞ്ഞു തിരികെ എത്തിയ അയാള്‍ ഓസ്ട്രേലിയയിലേക്ക് പോകാന്‍ തീരുമാനിക്കുന്നു.ജേ-ഹൂന്‍റെ ഭാര്യയും മകനും അവിടെയാണ് ഉള്ളത്.സംഗീതത്തില്‍ താല്‍പ്പര്യം ഉള്ള ഭാര്യ അവരുടെ ആഗ്രഹങ്ങള്‍ സാധിക്കുന്നതിനായാണ് ഓസ്ട്രേലിയ തിരഞ്ഞെടുക്കുന്നത്.ജേ-ഹൂന്‍ അവരെ അറിയിക്കാതെ തന്‍റെ കുടുംബത്തെ കാണാനായി യാത്ര തിരിച്ചു.


   ഓസ്ട്രേലിയയില്‍ എത്തിയ ജേ-ഹൂന്‍ കണ്ട സംഭവങ്ങള്‍ അയാളുടെ പ്രതീക്ഷകളുടെ അപ്പുറത്ത് ഉള്ളവയായിരുന്നു.അവിടെ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ക്ക് എല്ലാം താനും ഉത്തരവാദി ആണെന്നുള്ള ബോധ്യം ഉള്ളത് കൊണ്ടായിരിക്കണം അയാള്‍ മൂകനായ ഒരു കാഴ്ചക്കാരനെ പോലെ അവിടെ നിന്നത്.അകലെ നിന്ന് തന്‍റെ പ്രിയപ്പെട്ടവരേ അയാള്‍ നോക്കി കണ്ടൂ.അസുഖം ബാധിച്ച മകന്റെ അവസ്ഥ,ഭാര്യ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന ജീവിതം എല്ലാം അയാളില്‍ നിരാശ കൂട്ടിയാതെ ഉള്ളൂ.

  മേല്‍പ്പറഞ്ഞ കഥ കേള്‍ക്കുമ്പോള്‍ സാധാരണ ഒരു കുടുംബ കഥ ആയി മാത്രം തോന്നാം ഈ ചിത്രം.എന്നാല്‍ തന്‍റെ പ്രിയപ്പെട്ടവര്‍ക്ക് മാറ്റം വന്നത് പോലെ ജേ-ഹൂനും മാറ്റം വന്നിരുന്നു.ഒരു പക്ഷെ അയാള്‍ക്ക്‌ പോലും മനസിലാകാന്‍ കഴിയാത്ത മാറ്റം.ജീവിതത്തില്‍ ഒറ്റപ്പെട്ട അയാള്‍ക്ക്‌ പുതുതായി ലഭിച്ച സൗഹൃദം,പരിചയങ്ങള്‍ എന്നിവ അയാള്‍ക്ക്‌ ചെറിയ രീതിയില്‍ ആശ്വാസമായിരുന്നു.എന്നാല്‍ തന്നില്‍ തന്നെ വന്ന മാറ്റങ്ങള്‍ തിരിച്ചറിയാന്‍ അയാള്‍ വൈകി പോയി.എന്ത് മാറ്റം ആണ് ജേ-ഹൂന് സംഭവിച്ചത്?ആ കഥയാണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌.

  നവാഗതന്‍ ആയ സൂ യംഗ് ലീ പറയാന്‍ ഉദ്ദേശിച്ച കഥയ്ക്ക്‌ അല്‍പ്പം പുതുമ അവകാശപ്പെടാം.പ്രത്യേകിച്ചും അധികം സൂചനകള്‍  ഒന്നും നല്‍കി പ്രേക്ഷകനെ കുഴപ്പിക്കാതെ ഒരു രഹസ്യത്തിലേക്ക് അടുക്കുന്ന രീതിയില്‍,പ്രതീക്ഷിക്കുന്ന കഥയില്‍ നിന്നും വിഭിന്നം ആയുള്ള ഒരു കഥ അവതരിപ്പിച്ചതിന്.പ്രത്യേകിച്ചും അവിചാരിതമായി ഉണ്ടാകുന്ന സംഭവങ്ങളിലൂടെ  ആണ് പ്രേക്ഷകന് ചിത്രത്തിന്‍റെ അവസാന ഭാഗങ്ങള്‍ ആസ്വദിക്കാന്‍ കഴിയുക.മനുഷ്യ ശരീരം നശ്വരമായ ഒന്നാണ്.എന്നാല്‍ അതിന്റെ ശേഷിപ്പുകള്‍?

More movie suggestions @www.movieholicviews.blogspot.ca

No comments:

Post a Comment