Monday, 19 May 2014

115.H (KOREAN,2002)

115.H.(KOREAN,2002),|Thriller|Mystery|Crime|,Dir:-Jong-hyuk Lee,*ing:- Jung-ah YumJin-hee JiJi-ru Sung

  "H" ഈ അക്ഷരത്തില്‍ കൊറിയയില്‍ നിന്നും 2002ല്‍ ഇറങ്ങിയ ഈ ത്രില്ലര്‍ ചിത്രത്തെ കുറിച്ച് ഉള്ളതെല്ലാം അടങ്ങിയിരിക്കുന്നു.ആറു സ്ത്രീകളുടെ കൊലപാതകത്തിന് ശേഷം പരമ്പര കൊലയാളി ആയ ഇരുപത്തിരണ്ടു വയസ്സുകാരന്‍ ഷിന്‍ പോലീസില്‍ കീഴടങ്ങുന്നു.അവന്‍റെ അവസാനത്തെ ഇര ആരായിരുന്നു എന്ന് കണ്ടുപിടിക്കുവാന്‍ പോലീസിനു സാധിക്കുന്നില്ല.എന്നാലും ഈ കൊലപാതകങ്ങള്‍ക്ക് നിയമം ഷിന്നിനു മരണ ശിക്ഷ നല്‍കുന്നു.ഷിന്‍ ജയിലില്‍ ആയതിന്‍റെ പത്താം മാസം സമാനമായ രീതിയില്‍ രണ്ടു സ്ത്രീകള്‍ കൂടി കൊല്ലപെടുന്നു.ഷിന്‍ ചെയ്തത് പോലെ തന്നെ ഗര്‍ഭിണികള്‍ ആയിരുന്നു ഇത്തവണയും മരിച്ചത്.ഒരു മനോരോഗിയുടെ ചെയ്തികള്‍ ആയി പോലീസ് കരുതിയിരുന്ന ആ കൊലപാതകങ്ങള്‍ക്ക് മറ്റു അര്‍ത്ഥതലങ്ങള്‍ കൈ വരുന്നു.സമാനമായ രീതിയില്‍ ഉള്ള കൊലപാതകങ്ങളുടെ പിന്നാലെ പോയ അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ ആയ കിം ,കാംഗ് എന്നിവര്‍ക്ക് ആദ്യ കൊലപാതകിയെ മനസ്സിലാകുന്നു.അയാളുടെ പുറകെ പോയ കാംഗ് അയാളെ ഒരു നിശാക്ലബ്ബില്‍ വച്ച് വെടിവയ്ക്കുന്നു.എന്നാല്‍ അയാള്‍ വെടിയേല്‍ക്കുന്നതിനു മുന്‍പ് അവിടെ ഉണ്ടായിരുന്ന ഒരു സ്വവര്‍ഗാനുരാഗി ആയ സ്ത്രീയുടെ ചെവി മുറിച്ചിട്ട് അവരെ കൊല്ലപ്പെടുത്തുന്നു.വെടി ഏറ്റെങ്കിലും അയാള്‍ മരിക്കുന്നില്ല.പിന്നീടുള്ള അന്വേഷണത്തില്‍ അയാള്‍ ഷിന്നിനോടൊപ്പം ജയിലില്‍ ഉണ്ടായിരുന്ന ആള്‍ ആണെന്ന് മനസ്സിലാകുന്നു.

  എന്നാല്‍ കൊലപാതകങ്ങള്‍ അവിടെ അവസാനിക്കുന്നില്ല.പിന്നീടും സമാന രീതിയില്‍ ഉള്ള കൊലപാതകങ്ങള്‍ നടക്കുന്നു.പോലീസ് ആകെ മൊത്തം കുഴങ്ങുന്നു.ഷിന്നിനോട് ഇതിനെക്കുറിച്ച്‌ ചോദിക്കാന്‍ ജയിലില്‍ പോയ കാംഗ്,കിം എന്നിവരോട് അയാള്‍ സഹകരിക്കുന്നില്ല.കിമ്മിന്റെ പോലീസ് ആയ കാമുകന്‍ ഹാന്‍ ആദ്യം ഷിന്നിന്റെ കേസ് അന്വേഷിച്ച സമയത്ത് ആത്മഹത്യ ചെയ്തിരുന്നു.കാരണം ദുരൂഹമായി തുടരുന്നു. വീണ്ടും കൊലയാളിയെ ലഭിക്കുന്നു. ഇത്തവണ കൊലയാളി, പോലീസിന്‍റെ മുന്നില്‍ വച്ച് ആത്മഹത്യ ചെയ്യുന്നു.അയാള്‍ ഷിന്‍ പഠിച്ച സ്ഥാപനത്തില്‍ സീനിയര്‍ ആയിരുന്നു എന്ന് മനസ്സിലാകുന്നു.എന്നാല്‍ ഈ കൊലപാതകങ്ങള്‍ തുടര്‍ക്കഥ ആയപ്പോള്‍ സര്‍ക്കാര്‍ ഷിന്നിനെ മരണ ശിക്ഷയ്ക്ക് വിധിക്കുന്നു.പോലീസ് ഇനിയും കൊലപാതകങ്ങള്‍ ഉണ്ടാകില്ല എന്ന് വിശ്വസിക്കുന്നു.എന്നാല്‍ എന്താണ് ഈ കൊലകളുടെ കാരണം?ഇവര്‍ പോലീസ് സംശയിക്കുന്നത് പോലെ ഷിന്നിന്റെ വാടക കൊലയാളികള്‍ ആയിരുന്നോ?സംശയത്തിന്‍റെ മുള്‍മുനയില്‍ പലരും ഉണ്ട്.എന്നാല്‍ ഒന്നിനും ഒരു തെളിവ് ലഭിക്കുന്നുമില്ല.കാത്തിരിക്കുന്നത് അപ്രതീക്ഷിതമായ കാരണങ്ങള്‍ ആണ്.ബാക്കി അറിയുവാന്‍ ചിത്രം കാണുക.

  വളരെയധികം സങ്കീര്‍ണമായ ഒരു കഥയാണ് ഈ ചിത്രത്തിനുള്ളത്."The Cure" എന്ന ജാപനീസ് സിനിമയോട് കുറച്ചൊക്കെ സാമ്യം ഈ ചിത്രത്തിന് തോന്നിയിരുന്നു.എങ്കിലും കഥാസന്ദര്‍ഭം,കഥാതന്തു എന്നിവയെല്ലാം ഈ ചിത്രത്തില്‍ വ്യത്യസ്തം ആണ്.ത്രില്ലര്‍ സിനിമകളുടെ ആരാധകര്‍ക്ക് തലപുകയ്ക്കാന്‍ ഉള്ള അവസരങ്ങള്‍ ഈ ചിത്രം സൃഷ്ടിക്കുന്നുണ്ട്.ഒരു നല്ല ത്രില്ലര്‍ സിനിമ എന്ന് പറയാം H എന്ന ഈ ചിത്രത്തെ.H എന്താണെന്ന് അവസാനം എനിക്ക് മനസ്സിലായപ്പോള്‍ ഞാന്‍ ഈ ചിത്രത്തിന് 7/10 മാര്‍ക്ക് നല്‍കുന്നു.

 More reviews @ www.movieholicviews.blogspot.com

No comments:

Post a Comment