Tuesday, 8 April 2014

107.JUNK MAIL(NORWEGIAN,1997)

JUNK MAIL(NORWEGIAN,1997),|Thriller|Comedy|,Dir:-Pål Sletaune,*ing:- Robert SkjærstadAndrine SætherPer Egil Aske

 Junk Mail-അനാവശ്യമായി ഇന്‍ബോക്സില്‍ വരുന്ന മെയിലുകളെ സൂചിപ്പിക്കുന്ന വാക്ക്.അത് പോലെ തന്നെയാണ് പലരുടെയും ജീവിതത്തില്‍ അനാവശ്യമായി കടന്നു വരുന്ന ചില കഥാപാത്രങ്ങളും.അവര്‍ ഒരാളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കുകയും അവരുടെ ജീവിതത്തില്‍ സ്ഥാനം ഉണ്ടാക്കി എടുക്കാനും ശ്രമിക്കുന്നു.നമ്മുടെയെല്ലാം മെയിലുകളില്‍ വരുന്ന സ്പാം അഥവാ ജങ്ക് മെയില്‍ ചെയ്യുന്നതും ഇതാണ്.ഇവിടെ ജങ്ക് മെയില്‍ എന്ന് പറയാവുന്ന ഇതിലെ പ്രധാന കഥാപാത്രമായ പോസ്റ്റ്മാനെ ആണ്.രസകരമല്ലാത്ത മുഷിഞ്ഞ തന്‍റെ ബാഗ് പോലെ തന്നെയാണ് അയാളുടെ ജീവിതവും.ആകെമൊത്തം മുഷിപ്പ്.അയാളെ ഇഷ്ടപ്പെടുന്ന വിരൂപയായ സഹപ്രവര്‍ത്തക,ജീവിതത്തില്‍ വിനോദത്തിന് തീരെ  പ്രാധാന്യം കൊടുക്കാത്ത സുഹൃത്തുക്കളും തൊഴിലും എല്ലാം കൂടി റോയ് എന്ന പോസ്റ്റ്മാന്റെ ജീവിതത്തിനെ സ്വാധീനിക്കുന്നു.ഒരു പക്ഷേ അയാളുടെ സ്വഭാവത്തിന് ചേര്‍ന്ന സ്ഥലത്തായിരിക്കും അയാള്‍ എത്തപ്പെട്ടത്.

  റോയ് ദുര്‍ബലനാണ്.ശാരീരികമായും മാനസികമായും.പോസ്റ്റ്‌ ചെയ്യാന്‍ ഉള്ള എഴുത്തുകള്‍ ആവശ്യക്കാരില്‍ എത്തിച്ചേരുന്നത് അയാളുടെ താല്‍പ്പര്യം അനുസരിച്ച് മാത്രമാണ്.അയാളുടെ പ്രധാന വിനോദം എന്ന് പറയാവുന്നതും അതാണ്‌.മറ്റുള്ളവരുടെ കത്തുകള്‍ തുറന്നു നോക്കി വായിക്കുന്നതില്‍ അയാള്‍ സന്തോഷം കണ്ടെത്തിയിരുന്നു.അയാള്‍ വല്ലപ്പോഴും ചിരിക്കുന്നത് അവ വായിക്കുമ്പോഴും വായിച്ചതിനു ശേഷം അത് ആവശ്യക്കാരില്‍ എത്തുമ്പോഴും ആയിരുന്നു.ഒരു ദിവസം റോയ് ഒരു ഡ്രൈ ക്ലീനിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ലിനെ എന്ന സ്ത്രീയെ കണ്ടുമുട്ടുന്നു.ഒരു പുസ്തക കടയില്‍ അവരുടെ പ്രവര്‍ത്തി കണ്ട അയാള്‍ അവരെ നിരീക്ഷിക്കുന്നു.ഒരു ദിവസം എഴുത്തുകള്‍ കൊടുക്കാന്‍ നേരം അയാള്‍ അബദ്ധത്തില്‍ ലിനെ പോസ്റ്റ്ബോക്സില്‍ വച്ചിട്ട് പോകുന്ന അവരുടെ അപ്പാര്‍ട്ട്മെന്റിന്റെ താക്കോല്‍ കൈക്കലാക്കുന്നു.അയാള്‍ അവരുടെ വീട്ടില്‍ ആരും ഇല്ലാതിരുന്ന നേരത്ത് കയറി ചെല്ലുന്നു.ആ അപ്പാര്‍ട്ട്മെന്റിന്റെ താക്കോലിന്റെ മറ്റൊരു പതിപ്പുണ്ടാക്കി ഉപയോഗിക്കുന്നു.എന്നാല്‍ മറ്റൊരാളുടെ ജീവിതത്തില്‍ അവരറിയാതെ നോക്കുന്ന അയാളുടെ പ്രവര്‍ത്തികള്‍ അയാളെ കൂടുതല്‍ കുഴപ്പങ്ങളില്‍ കൊണ്ടെത്തിക്കുന്നു.ഒരു ജങ്ക് മെയില്‍ എന്ന് വിളിക്കാവുന്ന റോയുടെ ജീവിതം പല കാരണം കൊണ്ടും അവിടെ നിന്നും മാറുന്നു.റോയുടെ കണ്ടെത്തലുകള്‍ ലിനെയുടെ ജീവിതതിനെയും സ്വാധീനിക്കുന്നു.റോയ് തുറക്കാന്‍ നോക്കിയത് ലിനയുടെ ജീവിതത്തിലെ ചില രഹസ്യങ്ങളായിരുന്നു.എന്താണ് ആ രഹസ്യങ്ങള്‍?അവിടെ മുതല്‍ ആണ് ഈ ചിത്രം ഒരു ത്രില്ലര്‍ ആയി മാറുന്നത്.

  അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളില്‍ പുരസ്ക്കാരങ്ങള്‍ വാരി കൂട്ടിയ ഈ ചിത്രം കഥയ്ക്ക്‌ ആവശ്യമായ രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞ് പോകുന്ന മിതത്വം പാലിക്കുന്നു.ലിനെ ആയി അഭിനയിച്ച അന്നെ ലിനെസ്ടാദ്,റോയ് ആയി അഭിനയിച്ച റോബര്‍ട്ട് എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.ചുരുങ്ങിയ സമയം കൊണ്ട് സിനിമ അവതരിപ്പിച്ചു എന്നത് ഈ ചിത്രത്തിന് അവകാശപ്പെടാവുന്ന വിജയം ആണ്.അധികം എച്ചുക്കെട്ടലുകള്‍ ഇല്ലാതെ പാകമാക്കിയ ഒരു നോര്‍വീജിയന്‍ ബ്ലാക്ക് കോമഡി ത്രില്ലര്‍ എന്ന് പറയാം ജങ്ക് മെയിലിനെ.വ്യത്യസ്തമായ അവതരണ ശൈലിയില്‍ ഉള്ള ഒരു ത്രില്ലര്‍ ആണ് ഈ ചിത്രം,പ്രമേയവും വ്യത്യസ്ഥം.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 7/10.

 More reviews @ www.movieholicviews.blogspot.in

No comments:

Post a Comment