Monday, 30 October 2017

791.MIDNIGHT RUNNERS(KOREAN,2017)

791.MIDNIGHT RUNNERS(KOREAN,2017),|Thriller|Action|Comedy|,Dir:-Kim Joo-Hwan,Seo-joon Park, Ha-Neul Kang, Ha-seon Park


Synopsis:-


  കൊറിയയിലെ പോലീസ് അക്കാദമിയില്‍ നിന്നുള്ള രണ്ടു ചെറുപ്പക്കാരുടെ കഥയാണ് Midnight Runners അവതരിപ്പിക്കുന്നത്‌.സാധാരണ ജീവിത സാഹചര്യങ്ങളില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ ആവുക എന്ന താല്‍പ്പര്യത്തോടെ വന്ന യുവാക്കളാണ് കി-ജൂനും,ഹീ-യൂലും.ഒരു പ്രത്യേക സാഹചര്യത്തില്‍ ഹീ-യൂലിനെ സഹായിച്ചതിലൂടെ കീ-ജൂന്‍ അവന്റെ ഉറ്റ സുഹൃത്തായി മാറുന്നു.അവരുടെ സ്വപ്നങ്ങളും കുസൃതികളും എല്ലാം അവര്‍ പങ്കു വച്ചു.

  രസകരമായ സൗഹൃദം ആയിരുന്നു അവരുടേത്.ജീവിതം ഒരുമിച്ചു ആസ്വദിക്കുമ്പോള്‍ തന്നെ അവര്‍ ഇരുവരും തങ്ങളുടെ പരിശീലനത്തിലും തങ്ങള്‍ പിന്നീട് ചെയ്യാന്‍ പോകുന്ന ജോലിയുടെ വില തിരിച്ചറിഞ്ഞു തന്നെ പ്രവര്‍ത്തിക്കുന്നു.ഒരു ദിവസം രാത്രിയില്‍ അക്കാദമിയില്‍ നിന്നും ഒഴിവുക്കിട്ടിയ സമയം പുറത്തു പോയ അവര്‍,സുന്ദരിയായ ഒരു പെണ്‍ക്കുട്ടിയെ വഴിയില്‍ വച്ച് കാണുന്നു.എന്നാല്‍ നിമിഷ നേരം കൊണ്ട് അജ്ഞാതരായ കുറച്ചാളുകള്‍ അവളെ ഒരു കാറില്‍ വന്നു തട്ടിക്കൊണ്ടു പോകുന്നു.

 കിം-ജൂനും ,ഹീ-യൂലും തങ്ങള്‍ പഠിച്ചത് ജീവിതത്തില്‍ പ്രായോഗികം ആക്കാന്‍ ശ്രമിക്കുന്നു.അവര്‍ അതില്‍ ഒരു പരിധി വരെ വിജയിച്ചുവെങ്കിലും പഠനം കഴിയാത്ത അവര്‍ക്ക് തങ്ങളുടേതായ പരിമിതികള്‍ ഏറെ ഉണ്ടായിരുന്നു.എന്നാല്‍ അവരിലെ കര്‍ത്തവ്യ ബോധം തങ്ങളുടെ നിസഹായവസ്ഥയെ തരണം ചെയ്യാന്‍ അവരെ പ്രാപ്തരാക്കുന്നു.ആരായിരുന്നു ആ പെണ്‍ക്കുട്ടി? അവളെ തട്ടി കൊണ്ട് പോയത് ആരായിരുന്നു?എന്തായിരുന്നു അവരുടെ ഉദ്ദേശം?കൂടുതലറിയാന്‍ ചിത്രം കാണുക.


PoV:-

  കൊറിയന്‍ കൊമേര്‍ഷ്യല്‍ സിനിമകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് Midnight Runners.2017 ലെ മികച്ച വിജയങ്ങളില്‍ ഒന്നായി മാറിയ ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് തമാശകള്‍ ഇട ചേര്‍ന്ന ഒരു കുറ്റാന്വേഷണ ത്രില്ലര്‍ ആയാണ്.അല്‍പ്പം പോലും മുഷിപ്പിക്കാതെ ഒറ്റയിരുപ്പില്‍ കാണാന്‍ കഴിയുന്ന അത്ര വേഗത്തില്‍ ആയിരുന്നു സിനിമയുടെ കഥ അവതരിപ്പിച്ചിരിക്കുന്നത്.ചിത്രത്തിലെ മികച്ച പ്രകടനങ്ങളിലൂടെ 2 മുഖ്യ കഥാപാത്രങ്ങളും പ്രേക്ഷകനെ രസിപ്പിക്കാന്‍ കഴിഞ്ഞൂ.

  വ്യത്യസ്തമായ സ്വഭാവങ്ങള്‍ ഉള്ള സുഹൃത്തുക്കള്‍ ആയിരുന്നെങ്കിലും അവരുടെ ചിന്തകള്‍ പലപ്പോഴും യോജിച്ചു പോകുന്നു.ചിത്രത്തിന്റെ കഥയുടെ സ്വഭാവം മാറുന്ന സ്ഥലം മുതല്‍ കൊറിയന്‍ സിനിമകളിലെ ഡാര്‍ക്ക്‌ ത്രില്ലറുകളില്‍ ഒന്നായി മാറിയെങ്കിലും കി-ജൂനും ,ഹിയൂളും ചിത്രത്തെ കൂടുതല്‍ ആസ്വാദ്യകരം ആക്കി തീര്‍ത്തൂ.നവീന ലോകത്തിലെ പുത്തന്‍ കുറ്റ കൃത്യങ്ങള്‍ പലപ്പോഴും വിചിത്രമായിരിക്കും.അതില്‍ ഇരയായി മാറുന്ന പലരും ഉണ്ടാകാം.അത്തരത്തില്‍ ഒരു ഗൗരവമേറിയ പ്രമേയം ആയിരുന്നു ചിത്രത്തില്‍ അവതരിപ്പിച്ചത്,


  സൌഹൃദത്തിലൂടെ ആരംഭിക്കുന്ന ചിത്രം പിന്നീട് മികച്ച രണ്ടു പോലീസ് ഉദ്യോഗസ്ഥന്മാരിലേക്ക് മാറാനുള്ള ലക്‌ഷ്യം വന്ന രണ്ടു യുവാക്കളിലേക്ക്‌ മാറുന്നു.തങ്ങളുടെ നിസഹായവസ്ഥയിലും സ്വാര്‍ത്ഥത ഇല്ലാതെ തങ്ങള്‍ എന്ത് ലക്‌ഷ്യം വയ്ക്കുന്നോ അതിനു പ്രമൂഖ്യം നല്‍കിക്കൊണ്ട് ഏതറ്റം വരെ പോയിട്ടാണെങ്കിലും തങ്ങളുടെ കടമ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇവരുടെ കഥ പ്രേക്ഷകന് താല്‍പ്പര്യത്തോടെ അല്ലാതെ കാണാന്‍ കഴിയില്ല.ഈ വര്‍ഷത്തിലെ മികച്ച കൊറിയന്‍ ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ് Midnight Runners.

790.V.I.P(KOREAN,2017)

790.V.I.P(KOREAN,2017),|Thriller|Crime|,Dir:-Park Hoon-Jung,*ing:-Jang Dong-Gun,Kim Myung-MinPark Hee-Soon,Lee Jong-Suk.


  Synopsis:-

   ഒരു പ്രത്യേക ദൗത്യത്തിന് വേണ്ടി ആണ് ഹോംഗ് കോംഗില്‍ വച്ച് FBI ഉദ്യോസ്ഥനായ പീറ്റര്‍ പാര്‍ക്ക്-ജേ യുടെ സഹായം തേടുന്നത്.കൊറിയന്‍ ഇന്റലിജന്‍സ് സര്‍വീസിലെ ഉദ്യോഗസ്ഥനായ പാര്‍ക്ക്,പോളിനോടുള്ള അനിഷ്ടം പ്രകടിപ്പിച്ചു കൊണ്ട് തന്‍റെ ദൗത്യത്തിന് ഒരുങ്ങുന്നു.ഒരു കെട്ടിടത്തില്‍ നിന്നും പോളിന് ആവശ്യമുള്ള ആളെ പാര്‍ക്ക് അവിടെ ഉള്ള ആളുകളുടെ കയ്യില്‍ നിന്നും എത്തിച്ചു കൊടുക്കുക എന്ന ലക്ഷ്യവുമായി കൊറിയന്‍ ചിത്രം VIP ആരംഭിക്കുന്നു.

  കഥ പിന്നീട് പോകുന്നത് അഞ്ചു വര്‍ഷം മുന്‍പ് നടന്ന കൊറിയയില്‍ പലയിടത്തായി ക്രൂരമായ രീതിയില്‍ കൊല്ലപ്പെട്ട പെണ്‍ക്കുട്ടികളുടെ മരണത്തിലേക്ക് ആണ്.ഉത്തര കൊറിയയിലെ ഒരു കുടുംബത്തില്‍ മൂന്നു പേരെ കൊല്ലുകയും അവിടത്തെ പെണ്‍ക്കുട്ടിയെ കൂട്ടം ചേര്‍ന്ന് ഭീകരമായ രീതിയില്‍ കൊല്ലപ്പെട്ട പെണ്‍ക്കുട്ടിയുടെ ഘാതകരെ കണ്ടെത്തിയ ഡേ-ബം എന്ന ഉത്തര കൊറിയന്‍ പോലീസ് ഉദ്യോഗസ്ഥന് അവര്‍ സമ്മാനിച്ചത്‌ അവഗണന ആയിരുന്നു.കാരണം കൊലപാതകി ആയ കിം ഗ്വാംഗ് II ഉത്തര കൊറിയയിലെ ഉന്നത ഉദ്യോഗസ്ഥന്‍റെ മകനായിരുന്നു.

  ഒരു പരമ്പര കൊലയാളി ആയി മാറിയ അവന്‍ കൂട്ടം ചേര്‍ന്ന് പെണ്‍ക്കുട്ടികളെ കൊല്ലുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്നു.അവിടെ നിന്നും കഥ ചെല്ലുന്നത് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം സിയോളില്‍ വീണ്ടും സമാനമായ രീതിയില്‍ ഉള്ള കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ ആണ്.കിമ്മിന്റെ പിതാവ്,മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍  ഉത്തര കൊറിയന്‍ അധികാരികള്‍ക്ക് അഭിമതന്‍ ആവുകയും,അതിന്റെ ഫലമായി ഉത്തര കൊറിയയില്‍ നിന്നും ദക്ഷിണ കൊറിയയില്‍ അഭയം പ്രാപിച്ച കിം  തന്‍റെ ക്രൂരതകള്‍ ദക്ഷിണ കൊറിയയില്‍ തുടരുകയും ചെയ്തതിന്റെ തെളിവായി ധാരാളം മൃത ദേഹങ്ങള്‍ കണ്ടെത്തുന്നു.മുന്‍പ് നടന്ന കൊലപാതകങ്ങളുടെ അതെ രീതിയില്‍.  പോലീസ് ഉദ്യോഗസ്ഥനായ ചേ-യി ഡോ ആണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.

 ആ സമയം കിമ്മിനെ അന്വേഷിച്ചു വേറൊരു കൂട്ടരും എത്തുന്നു.അമേരിക്കയില്‍ നിന്നും.അവര്‍ക്ക് അജ്ഞാതമായ ഉദ്ദേശ്യങ്ങള്‍ ഉണ്ട്.അവരുടെ താല്‍പ്പര്യങ്ങള്‍ നടപ്പിലാക്കാനായി അവര്‍ സമീപിച്ചിരിക്കുന്നത് പാര്‍ക്കിനെ ആയിരുന്നു.ഇതേ സമയം കിമ്മിനെ പിടിക്കൂടന്‍ മറ്റൊരാള്‍ കൂടി എത്തുന്നു.കിം തന്‍റെ ക്രൂരതകള്‍ ഫോട്ടോ ആയും വീഡിയോ ആയും പകര്‍ത്തുമ്പോള്‍ തെളിവുകള്‍ ഉണ്ടാകുന്നു.എന്നാല്‍ കിമ്മിനെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി സംരക്ഷിക്കാം ഒരുങ്ങുന്ന FBI യും,കൊറിയന്‍ ഇന്റലിജന്‍സും ആയി പോലീസിനു നേരിട്ട് ഏറ്റുമുട്ടേണ്ടി വരുന്നു.ഈ സാഹചര്യം കിമ്മിന് കൂടുതല്‍ എളുപ്പമാക്കി,കേസില്‍ നിന്നും രക്ഷപ്പെടാന്‍.ഇവരില്‍ അവസാന വിജയം ആരുടെ ആയിരിക്കും? ബാക്കി എന്തുണ്ടായി എന്നതാണ് V.I.P എന്ന കൊറിയന്‍ ക്രൈം ത്രില്ലര്‍ പറയുന്നത്.

  PoV

വളരെയധികം വിമര്‍ശങ്ങള്‍ ലഭിച്ചിരുന്നു ബോക്സോഫീസില്‍ വന്‍ വിജയം ആയിരുന്നിട്ടും ഈ ചിത്രത്തിന്.അതിനുള്ള കാരണം ചിത്രത്തില്‍ കൊല ചെയ്യപ്പെടുന്ന പെണ്‍ക്കുട്ടികളുടെ  ആയി വരുന്ന രംഗങ്ങളില്‍ കണ്ടെത്തിയ അശ്ലീലതയും വയലന്‍സും  ആയിരുന്നു.ഒരു പരിധി വരെ കുറ്റപ്പെടുത്തലുകള്‍ ശരിയായിരുന്നു.കാരണം ,അക്കാദമിക് താല്‍പ്പര്യങ്ങള്‍ ഉള്ള ചിത്രത്തില്‍ നിന്നും ഭിന്നമായി ജനകീയ താരങ്ങള്‍ അഭിനയിച്ച ചിത്രം കുടുതല്‍ ആളുകളില്‍ എത്തിച്ചേരുമ്പോള്‍  വ്യാപകമായി  ഉണ്ടാകാന്‍ സാധ്യതയുള്ള മാനസിക സംഘര്‍ഷം ആയിരുന്നു.

   എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളെ മുഖവിലയ്ക്ക് എടുക്കാതെ പ്രേക്ഷകര്‍ ചിത്രത്തെ വന്‍ വിജയം ആക്കിയതും ചരിത്രം.തുടക്കം കൊറിയന്‍ സിനിമകളിലെ സ്ഥിരം മഴയും കൊലപാതകങ്ങളും എല്ലാം സ്ഥിരം ഫോര്‍മാറ്റില്‍ ഉള്ള ചിത്രത്തിന്റെ പ്രതീതി ഉണ്ടാക്കിയെങ്കിലും പിന്നീട് കൊലപാതകങ്ങള്‍ക്ക് രാഷ്ട്രീയമായ ലക്ഷ്യങ്ങളും മുഖവും നല്കുംമ്പോള്‍ അവിടെ സംഭവിക്കുന്നത്‌ അധികാരവും കടമയും തമ്മില്‍ ഉള്ള സംഘര്‍ഷങ്ങള്‍ ആയിരുന്നു.ലേ-ബൂമ്മും,യി-ഡോയും സമാനമായ സാഹചര്യങ്ങളോട് പോരുതിയവര്‍ ആയിരുന്നു.കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ എത്തിയ FBI ഉദ്യോഗസ്ഥന്‍ സാഹചര്യങ്ങള്‍ വേറെ ഒരു തലത്തിലേക്ക് എത്തിക്കുന്നു.


  ഈ അടുത്ത് ഇറങ്ങിയ കൊറിയന്‍ ചിത്രങ്ങളില്‍ മികച്ച ഒന്നായിരുന്നു V.I.P.സ്ഥിരം രീതിയില്‍ തുടങ്ങുകയും എന്നാല്‍ പിന്നീട് സങ്കീര്‍ണമായ ഒരു കഥയും അതിന്റെ ദുരൂഹതകളും മാറി വരുമ്പോള്‍ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചിരിക്കുന്നു.കൊറിയന്‍ ത്രില്ലര്‍ ചലച്ചിത്രങ്ങളുടെ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകും V.I.P

Saturday, 28 October 2017

789.LIAR'S DICE(HINDI,2013)

789.LIAR'S DICE(HINDI,2013),|Drama|Mystery|,DIr:-Geethu Mohandas,*ing:-Nawazuddin Siddiqui, Geetanjali Thapa, Manya Gupta.


87 ആമത് ഓസ്ക്കാര്‍ പുരസ്ക്കാരങ്ങളില്‍ ഇന്ത്യയില്‍ നിന്നുമുള്ള ഔദ്യോഗിക നാമനിര്‍ദേശം ലഭിച്ച ചിത്രമാണ് ഗീതു മോഹന്‍ദാസ്‌ സംവിധാനം ചെയ്ത "Liar's Dice".റോഡ്‌ മൂവി ആയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്

   Synopsis:-

       ഹിമാചല്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന കമല എന്ന യുവതി അവരുടെ ഭര്‍ത്താവിനെ അന്വേഷിച്ചു ഡല്‍ഹിയിലേക്കു നടത്തുന്ന യാത്രയും അതിന്റെ പരിണിത ഫലവും ആണ് ചിത്രത്തിന്റെ പ്രമേയം.യഥാസ്ഥികമായ വിശ്വാസങ്ങള്‍ ഏറെ പുലര്‍ത്തുന്ന ഗ്രാമത്തില്‍ നിന്നും ഉള്ള അവളുടെ യാത്രയെ ആരും അവിടെ പിന്താങ്ങുന്നില്ല.എന്നാല്‍ തന്‍റെ ഭര്‍ത്താവിനു എന്ത് പറ്റി എന്നറിയാന്‍ ഉള്ള ത്വരയില്‍ അവള്‍ തന്‍റെ യാത്ര ആരംഭിക്കുന്നു.

   യാത്രയ്ക്കിടയില്‍ കണ്ടു മുട്ടുന്ന നവാസുധീന്‍ എന്ന പട്ടാളക്കാരന്‍ ആണെന്ന് തോന്നിപ്പിക്കുന്ന ആളുമായി ഉടലെടുക്കുന്ന ബന്ധവും  (അത് പ്രണയത്തിന്‍റെ അല്ല).കമലയും മകളും അവരുടെ യാത്രയില്‍ കണ്ടെത്തുന്ന രഹസ്യങ്ങളും ആണ് ചിത്രത്തിന്റെ ബാക്കിയുള്ള കഥ.

 PoV:-


  അസംഘിടതമായ ഒരു തൊഴില്‍ മേഘലയാണ്‌ ഇന്ത്യയിലെ കെട്ടിടം നിര്‍മാണ തൊഴിലാളികളുടെ.പല സ്ഥലങ്ങളിലും നിന്നുമായി വന്നു മതിയായ സുരക്ഷ ഉപകരണങ്ങള്‍ പോലുമില്ലാതെ ജോലി ചെയ്യുന്ന അവരില്‍ പലരും അപകടത്തില്‍ പെടുകയും ,പിന്നീട് കാഴ്ചയില്‍ നിന്നും മറയുകയും ചെയ്യുന്നത് പതിവ് കാഴ്ചകളാണ്.അവരുടെ അപകടങ്ങളുടെ മേല്‍ നിര്‍മാണ കമ്പനികള്‍ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയ്യാറല്ല എന്ന ഭീകരമായ സത്യം മനുഷ്യന് ജീവന്,അവന്‍ ചെയ്യുന്ന ജോലിയനുസരിച്ചു നല്‍കുന്ന തുച്ഛമായ വില പേടിപ്പിക്കുന്നതാണ്.

  Liar's Dice എന്ന ചിത്രം പറയാന്‍ ശ്രമിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഈ ഒരു വിഷയമാണ്.കമലയോട് ഒരു ദയയും ഇല്ലാതെ പെരുമാറുന്ന നവാസുധിന്‍,അപരിചിതയായ സ്ത്രീയോട് ,അവളുടെ സാഹചര്യങ്ങളെ മുതലെടുക്കാന്‍ ശ്രമിക്കുന്ന ചിന്താഗതിയിലേക്ക് താഴുന്നുണ്ട്‌.എന്നാല്‍ അയാളില്‍ ചില നന്മയോക്കെ ഉണ്ടായിരുന്നു എന്ന് ഇടയ്ക്ക് തോന്നി പോകും.

  ചിത്രത്തിന്റെ അവസാനം നവാസുധീന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക്‌ ചേരുന്ന ഏറ്റവും മികച്ച പേരാണ് Liar's Dice.എതിരാളികളെ പറ്റിക്കാനും അവരുടെ പറ്റിക്കാനുള്ള ശ്രമങ്ങളെ കണ്ടെത്താനും ഉള്ള ഈ കളി പോലെ നവാസുധീനും അവസാനം തന്‍റെ ഭാവങ്ങള്‍ മാറുന്നു.ചിത്രം അവതരിപ്പിക്കുന്ന പ്രമേയം എല്ലാവര്‍ക്കും അറിയാവുന്ന ,എന്നാല്‍ പ്രതികരിക്കാന്‍ താല്‍പ്പര്യം ഇല്ലാത്ത ഒരു വിഷയമാണ്.ഇത്തരമൊരു പ്രമേയം തിരഞ്ഞെടുത്ത ഗീതു മോഹന്‍ദാസ്‌ പ്രശംസയര്‍ഹിക്കുന്നു.നവാസുധീന്‍ സിദ്ധിഖിയുടെയും ഗീതാഞ്ജലി ഥാപ്പയുടെയും മികച്ച അഭിനയം ചിത്രത്തിന് മുതല്‍ക്കൂട്ടാണ്.

  ഒരു റോഡ്‌ മൂവിയുടെ അധികം ആഡംബരങ്ങള്‍ ഇല്ലാതെ,എന്നാല്‍ പ്രമേയപരമായും സിനിമ എന്ന നിലയിലും പ്രസക്തവും മികച്ചു നില്‍ക്കുന്ന  ഒന്നാണ് Liar's Dice.



   

788.GUKORORKU:TRACES OF SIN(JAPANESE,2016)

788.GUKORORKU:TRACES OF SIN(JAPANESE,2016),|Mystery|Drama|,Dir:-Kei Ishikawa,*ing:-Satoshi Tsumabuki, Hikari Mitsushima, Keisuke Koide.


   Synopsis:-

    ടനാക ഒരു മാസികയില്‍ ജേര്‍ണലിസ്റ്റ് ആയി ജോലി ചെയ്യുന്നു.വളരെയധികം പ്രശ്നങ്ങളുടെ ഇടയില്‍ ആണ് അയാള്‍.കുട്ടിക്കാലം നല്‍കിയ വേദനിക്കുന ഓര്‍മ്മകള്‍ അയാളെ അലട്ടുന്നതിനോടൊപ്പം പുതുതായി ഒരു പ്രശ്നം കൂടി ഉണ്ടായി.സഹോദരിയായ മിട്സുകോയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.കുറ്റം:അശ്രദ്ധമായ രീതിയില്‍ തന്‍റെ കുഞ്ഞിനെ നോക്കിയതിന്റെ ഫലമായി മരണത്തോട് മല്ലിട്ട് കഴിയുന്നു.അവളെ സന്ദര്‍ശിച്ച ശേഷം ഓഫീസില്‍ എത്തിയ ടനാക ഒരു വര്ഷം മുന്‍പ് നടന്ന നിഗൂഡതകള്‍ ഏറെ ഉള്ള ഒരു കൊലപാതകത്തിനെ കുറിച്ച് സ്വന്തമായ രീതിയില്‍ അന്വേഷണം നടത്താനുള്ള അനുവാദം നേടുന്നു.ഒരു വര്‍ഷത്തില്‍ മരണപ്പെട്ടവരും ആയി ബന്ധമുള്ള ആളുകളെ കണ്ടെത്തി, സന്തുഷ്ടമായ ഒരു കുടുംബത്തിലെ മൂന്നു പേര്‍ എങ്ങനെ കൊല്ലപ്പെട്ടു എന്ന അന്വേഷണം ആയിരുന്നു ഉദ്ദേശ്യം.

  ടനാകയുടെ അന്വേഷണത്തിലെ കണ്ടെത്തലുകളോടൊപ്പം അയാളുടെ ജീവിതത്തില്‍ നടക്കുന്ന സംഭാവങ്ങള്‍ക്കുള്ള ഉത്തരം കൂടി കണ്ടെത്താന്‍ ഉണ്ട്.വളരെ വലിയ ഒരു ലക്‌ഷ്യം ആണ് അയാളുടെ മുന്നില്‍ ഉള്ളത്.മരണപ്പെട്ടവരുടെ ഭൂതക്കാലവും ,പുറമേ ഉള്ള കാഴ്ചയില്‍ നിന്നും വിഭിന്നമായ അവരുടെ താല്‍പ്പര്യങ്ങളും അവരുടെ സുഹൃത്തുക്കളിലൂടെയും,ശത്രുക്കളിലൂടെയും അനാവരണം ചെയ്യപ്പെടുന്നു.ഇതിനോടൊപ്പം കൊലപാതകിയെയും അവരെ കുറിച്ചുള്ള ഞെട്ടിക്കുന്ന രഹസ്യങ്ങളും ചുരുളഴിയുന്നു.


   Point-of-View

   വളരെ എളുപ്പം പറഞ്ഞു പോകാവുന്ന ഒരു കഥയാണ് പ്രത്യക്ഷത്തില്‍ ചിത്രതിനുള്ളതായി തോന്നുക.എന്നാല്‍ ടോകുരു നുകുയിയുടെ   "Gukoroku" എന്ന നോവലിനെ ആസ്പദം ആകി വന്ന ചിത്രം അതിലുമുപരി ആയുള്ള കാര്യങ്ങള്‍ ആണ് ചര്‍ച്ച ചെയ്യുന്നത്.കൊലപാതകങ്ങളുടെ ചുരുളഴിയുമ്പോള്‍ തന്നെ ജാപ്പനീസ് സമൂഹത്തിലെ ജനനം കൊണ്ട് ഉയര്‍ന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഒരു കൂട്ടം ആളുകളുടെയും അതിനോടൊപ്പം അതില്‍ ഉള്‍പ്പെടാത്ത ആളുകളുടെയും കഥ അവതരിപ്പിക്കുന്നു.

  അതിനായി തിരഞ്ഞെടുത്തത് പ്രശസ്തമായ ഒരു സര്‍വകലാശാല ആണ്.മാതാപിതാക്കന്മാരുടെ സമൂഹത്തിലെ പണവും പ്രതാപവും ആണ് ഇവിടെ ആളുകളെ തരം തിരിച്ചിരിക്കുന്നത്."Insiders" എന്ന് അറിയപ്പെടുന്ന സമൂഹത്തിലെ Elite വിഭാഗവും,"Outsiders" എന്ന് അറിയപ്പെടുന്ന മറുഭാഗവും ആണ് ഇവിടെ ഉള്ളത്.അനാവശ്യമായ ഒരു വിടെയത്വം,അല്ലെങ്കില്‍ തങ്ങളുടെ മുകളില്‍ ഉള്ളവരുടെ ഒപ്പം ചേരണം എന്ന് ആഗ്രഹിക്കുന്നവരാണ് "Outsiders" ല്‍ ഭൂരിഭാഗവും.ജാതി-മത വ്യവസ്ഥിതികള്‍ അല്ല ഇവിടെ അവരെ വിഭജിക്കുന്നത്.അത് പൂര്‍ണമായും അവര്‍ ഓരോരുത്തരും ജനിച്ച കുടുംബങ്ങളെ അടിസ്ഥാനമാക്കിയാണ്.

  സ്വന്തം ഉയര്‍ച്ചയ്ക്ക് വേണ്ടി ആരെയും കരുവാക്കുന്ന,മറ്റുള്ളവരുടെ ജീവിതം തങ്ങളുടെ വളര്‍ച്ചയ്ക്കുള്ള ഏണിപ്പടി ആക്കാന്‍ കൊതിക്കുന്നവര്‍.അവരുടെ ജീവിതത്തിനു ചുറ്റും പൊള്ളയായ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥകളാണ് ഉള്ളത്.മരിച്ചവരുടെ എല്ലാം യഥാര്‍ത്ഥ മുഖം പുറം ലോകത്തിനു അന്യം ആയിരുന്നെങ്കിലും മനുഷ്യ സഹജമായ പ്രതികാരം,തനിക്കു ലഭിക്കാത്തത് മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതില്‍ ഉള്ള അസൂയ ,തങ്ങളുടെ ജീവിതം മറ്റുള്ളവരുടെ ഉയര്‍ച്ചയ്ക്കായി ഉപയോഗിക്കപ്പെട്ടവരുടെ പ്രതികാരം.അങ്ങനെ എന്തും ആകാം മരണത്തിനു കാരണം.

    ടനാകയെ ആദ്യം ബസ്സില്‍ വച്ച് കാണുമ്പോള്‍ ഉണ്ടാകുന്ന സംഭവവും,അതില്‍ നിന്നും സമാനമായ സാഹചര്യത്തില്‍ ബസ്സില്‍ അയാളുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്ന പ്രതികരണം ചിത്രത്തിന്റെ മൊത്തത്തില്‍ ഉള്ള സ്വഭാവം അവതരിപ്പിക്കുന്നു.തുടക്കത്തില്‍ കാണുന്നതല്ല ഈ ചിത്രം.ടനാകയെ പോലെ തന്നെ ഏറെ മാറ്റങ്ങള്‍ ചിത്രത്തിനും ഉണ്ടാകുന്നു;നിഗൂഡതയുടെ അകമ്പടിയോടെ


 




  

Wednesday, 25 October 2017

787.SON OF CAIN(SPANISH,2013)

787.SON OF CAIN(SPANISH,2013),|Crime|mystery|Thriller|,Dir:-Jesús Monllaó,*ing:-Jose Coronado, Abril García, Paco González.


   കൗമാര പ്രായത്തില്‍ ഉള്ള ഒരാളുടെ ജീവിതത്തില്‍ ഏറ്റവും സങ്കീര്‍ണമായ ബന്ധം ആയിരിക്കും ഭൂരിഭാഗം സാഹചര്യങ്ങളിലും പിതാവും ആയി ഉള്ളത്.Generation gap എന്ന പദം വളരെയധികം ഉപയോഗിക്കപ്പെടാറുണ്ട് ഈ കാലഘട്ടത്തില്‍.ഒരാള്‍ ഭൂതക്കാല തന്‍റെ ഭൂതക്കാല ജീവിതവും ആയി പുതിയ കാലഘട്ടത്തില്‍ ജീവിക്കുന്ന മകനെ താരതമ്യം ചെയ്തു തുടങ്ങുമ്പോള്‍ Generation Gap എന്ന പദം ഉപയോഗിക്കപ്പെട്ടു തുടങ്ങുന്നു.മകന്റെ ഓരോ നീക്കങ്ങളിലും സ്വന്തം പ്രതിച്ഛായ കണ്ടെത്താന്‍ തുടങ്ങുന്ന പിതാവും ആയുള്ള മാനസിക സംഘര്‍ഷങ്ങള്‍ അസാധാരണം അല്ല പലപ്പോഴും.വ്യക്തമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുമ്പോള്‍ അമ്മയോടുള്ള അടുപ്പം പോലെ മൃദുവാകില്ല അച്ഛനുമായുള്ള ബന്ധം.


Synopsis:

   Son of Cain എന്ന സ്പാനിഷ് ചിത്രം  ആരംഭിക്കുമ്പോള്‍ പ്രേക്ഷകനില്‍ കഥാപരമായി ഇത്തരം ഒരു പ്രമേയം ആണ് ഊഹിക്കാന്‍ സാധിക്കുക.ധനികരായ മാതാപിതാക്കളുടെ മൂത്ത മകനാണ് നിക്കോ.ഒരു പതിന്നാലു വയസ്സുകാരന്‍റെ ചിന്തകളായി അവന്റെ പല പ്രവര്‍ത്തികളും വിലയിരുത്തപ്പെടുന്നു.കാര്‍ലോസ് ആല്‍ബര്‍ട്ട് എന്ന ധനികനായ പിതാവും ആയി ഉള്ള പ്രശ്നങ്ങള്‍ അവനുണ്ടായിരുന്നു.പ്രധാനമായും അവര്‍ തമ്മില്‍ സ്നേഹത്തോടെ സംസാരിച്ചിട്ടു കാലം കുറെ ആയി.കാര്‍ലോസ് ഒരു പരിധി വരെ നിക്കോയുടെ ഈ സ്വഭാവം അവന്റെ പ്രായത്തിന്റെ ആയി അവഗണിക്കുന്നു.

   എന്നാല്‍ അപകടകരമായ അവന്റെ ചില പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍ വന്നപ്പോള്‍ ആണ് കാര്‍ലോസ് ജൂലിയോ എന്ന മനശാസ്ത്ര വിദഗ്ദ്ധന്റെ സഹായം തേടിയത്.ചെസ്സില്‍ വളരെയധികം താല്‍പ്പര്യം ഉണ്ടായിരുന്ന നിക്കൊയ്ക്കു അവന്റെ ഇഷ്ടങ്ങളിലൂടെ ഉള്ള ഒരു തെറാപ്പി നടത്താന്‍ ആയിരുന്നു ജൂലിയോ ശ്രമിക്കുന്നത്.നിക്കോ ജൂലിയോയും ആയി നല്ല ഒരു ബന്ധം സ്ഥാപിക്കുന്നു.എന്നാല്‍ നിക്കോയെ ചുറ്റിപ്പറ്റി കുറെ അധികം രഹസ്യങ്ങള്‍ ഉണ്ടായിരുന്നു.അവന്റെ വിചിത്രവും അപകടകരവുമായ സ്വഭാവത്തിന് കാരണം എന്തായിരുന്നു?ധാരാളം രഹസ്യങ്ങള്‍ അനാവരണം ചെയ്യാനുണ്ട് കാര്‍ലോസ് ആല്‍ബര്‍ട്ടിന്റെ ആ കുടുംബത്തില്‍ നിന്നും.ഒരു പക്ഷെ ഏറ്റവും അപകടകരമായത്.കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  PoV:

 നേരത്തെ പറഞ്ഞത് പോലെ പ്രേക്ഷകന് ഊഹിക്കാനാകുന്നു വഴിയിലൂടെ സഞ്ചരിക്കുന്ന ചിത്രം പിന്നീട് പലപ്പോഴും അതിന്റെ നിഗൂഡം ആയ വശം അവതരിപ്പിക്കുന്നു.പ്രത്യേകിച്ചും ജൂലിയനും ആ കുടുംബവും ആയുള്ള ബന്ധം,നിക്കോയുടെ ലക്ഷ്യങ്ങള്‍ എന്നിവ.ചിത്രം ക്ലൈമാക്സ്‌ ആകുമ്പോള്‍ നിക്കോയുടെ പ്രവര്‍ത്തികളും അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്ന്‍ അവതരിപ്പിക്കുമ്പോള്‍ പൂര്‍ണം ആകുന്നു.തന്‍റെ ഭ്രാന്തമായ ഇഷ്ടങ്ങള്‍ക്ക് വേണ്ടി ഒരാള്‍ പൊരുതുമ്പോള്‍ അവിടെ നഷ്ടം പലരിലും എത്തുന്നു.പ്രേക്ഷകന്‍ എന്ന നിലയില്‍ ഒരു നിമിഷം എങ്കിലും ഞെട്ടലോടെ ആകും അവസാനം രഹസ്യങ്ങളുടെ ചുരുളഴിയുമ്പോള്‍ Son of Cain എന്ന ചിത്രത്തെ സമീപിക്കാന്‍ കഴിയുക.Ignacio Garcia-Valino രചിച്ച Dear Cain എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

Monday, 23 October 2017

786.JULIA'S EYES(SPANISH,2010)

786.JULIA'S EYES(SPANISH,2010),|Mystery|Thriller|,DIr:-Guillem Morales,*ing:-Belén Rueda, Lluís Homar, Pablo Derqui



ഒരു മിനിട്ട് നേരം പോലും പരിപൂര്‍ണമായ അന്ധകാരം നേരിടേണ്ടി വരുമ്പോള്‍ പോലും അന്ധകാരത്തിന്റെ ലോകത്തെ ഭയത്തോടെ ആകും കാണുക.അസാധാരണമായ രോഗം നിമിത്തം അന്ധതയെ പുല്‍കേണ്ടി വരുന്ന ഇരട്ട സഹോദരിമാരിലൂടെ വികസിക്കുന്ന കഥയാണ് ജൂലിയയുടെ കണ്ണുകള്‍ എന്ന സ്പാനിഷ് ചിത്രം അവതരിപ്പിക്കുന്നത്‌.ഭയാനകമായ ഒരു അവസ്ഥയാണ് അത്.പ്രത്യേകിച്ചും,ജന്മന ഉള്ള അന്ധതയില്‍ നിന്നും വ്യത്യസ്തമായി ഇത് വരെ കണ്മുന്നില്‍ ഉണ്ടായിരുന്ന കാഴ്ചകള്‍ എല്ലാം കാണാമറയത്ത് അസ്തമിക്കുമ്പോള്‍ ,ആ ചിന്ത പോലും ആളുകളെ അശക്തരാക്കും.


  കഥാസംഗ്രഹം:

          ജന്മനാ ഉള്ള പ്രത്യേകതരം അസുഖം കാരണം കാഴ്ചശക്തി നഷ്ടപ്പെടുന്ന അവസ്ഥ ആണ് ഇരട്ട സഹോദരിമാര്‍ ആയ സാറ-ജൂലിയ എന്നിവര്‍ക്കുള്ളത്.ജൂലിയ ജോലി സംബന്ധമായ തിരക്കുകള്‍ കാരണം സൈക്കാട്രിസ്റ്റ് ആയ ഭര്‍ത്താവിനോടൊപ്പം മറ്റൊരു സ്ഥലത്താണ് ജീവിക്കുന്നത്.കാഴ്ച കുറഞ്ഞു വരുന്ന സാറ ഒരു ദാതാവിനെ ലഭിച്ചാല്‍ ഉടന്‍ തന്നെ ഓപറേഷന്‍ ചെയ്യാന്‍ ഉള്ള ഒരുക്കത്തിലായിരുന്നു.അവളെ കാണാനായി എത്തുന്ന ജൂലിയ  കാണുന്നത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ അവളുടെ ശവശരീരം ആയിരുന്നു.

    പോലീസിനു ആ മരണത്തില്‍ ദുരൂഹത ഒന്നും തോന്നിയില്ലെങ്കിലും ജൂലിയയ്ക്ക് അവളുടേതായ സംശയങ്ങള്‍ ഉണ്ടായിരുന്നു.അവളുടെ സംശയങ്ങള്‍ കൊണ്ടെത്തിക്കുന്നത് അധികം ആര്‍ക്കും പരിചിതം അല്ലാതിരുന്ന സാറയുടെ കാമുകന്‍ ആയിരിക്കും എന്ന് കരുതപ്പെടുന്ന ആളിലേക്കും,അവളുടെ ഓപ്പറേഷന്‍ നേരത്തെ തന്നെ കഴിഞ്ഞൂ എന്ന അറിവിലേക്കും ആയിരുന്നു.ഓപ്പറേഷന്‍ കഴിഞ്ഞെങ്കില്‍ എന്തിനവള്‍ മറച്ചു വച്ചു എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയെങ്കിലും ദുരൂഹമായിരുന്നു ജൂലിയയെ പോലും പിന്തുടരുന്നു എന്ന് തോന്നിയ ,സാറയുടെ കാമുകന്‍ ആണെന്ന് പലരും കരുതിയ ആള്‍ക്ക്.ജൂലിയയ്ക്ക് തന്‍റെ കാഴ്ച നഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു.എന്നാല്‍ തന്‍റെ സഹോദരിയുടെ മരണത്തിലെ ദുരൂഹത കണ്ടെത്താന്‍,തന്‍റെ കാഴ്ച നഷ്ടമാകുന്നതിനു ഉള്ള ശ്രമം അവള്‍ തുടങ്ങുന്നു.എന്നാല്‍ കൈപ്പിടിയില്‍ അവളുടെ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ എത്തും എന്ന് ചിന്തിക്കുമ്പോള്‍ മരണങ്ങള്‍ ദുരൂഹമായി സംഭവിക്കുന്നു.ജൂലിയയുടെ അന്വേഷണത്തിന്റെ കഥയാണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌.


പ്രേക്ഷകന്റെ കണ്ണിലൂടെ:

 
സിനിമയുടെ തുടക്കം മുതല്‍ ഉള്ള ദുരൂഹത അവസാനം വരെ നില നിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്.അപ്രതീക്ഷിതമായ കഥാഗതി ആണെങ്കിലും ചില കഥാപാത്രങ്ങളുടെ അവതരണത്തില്‍ നിന്ന് തന്നെ അവരുടെ ഉള്ളിലെ ദുരൂഹതയ്ക്ക്‌ മറ്റൊരു വശം നല്‍കാന്‍ സാധിച്ചിട്ടുമുണ്ട്.ഇടയ്ക്ക് ചിത്രം ഒരു സൈക്കോ ത്രില്ലര്‍ ആണെന്നുള്ള തോന്നല്‍ ഉലവക്കുമെങ്കിലും മികച്ച ഒരു മിസ്റ്ററി/ത്രില്ലര്‍ ആയി മാറുന്നു.അന്ധയായ സ്ത്രീ എന്ന നിലയില്‍ ഉള്ള പരിഗണന പോലും നല്‍കാതെ അവളുടെ ശരീരതിനായി കൊതിക്കുന്ന കഥാപാത്രം ഇടയ്ക്ക് അല്‍പ്പം വെറുപ്പ്‌ ഉളവാക്കുകയും സിനിമയുടെ പ്ലോട്ടില്‍ ശക്തമായ ഒരു ട്വിസ്റ്റിനു വഴിവയ്ക്കുകയും ചെയ്യുന്നുണ്ട്.ജൂലിയയുടെ കണ്ണുകള്‍ക്ക്‌ ഒരു പക്ഷെ "Feel Good Movie" യുടെ ആനുകൂല്യം ഒന്നും ലഭിക്കുന്നില്ല.അങ്ങനെ ഒരു അവസാനം സിനിമയ്ക്ക് യോജിക്കാത്ത രീതിയില്‍  സിനിമയുടെ മൊത്തത്തില്‍ ഉള്ള അവതരണത്തിന് വലിയൊരു പങ്കുണ്ട്.
   

       

785.DOG DAY AFTERNOON(ENGLISH,1975)

785.DOG DAY AFTERNOON(ENGLISH,1975),|Crime|Biography|Drama|,Dir:-Sidney Lumet,*ing:- Al Pacino, John Cazale, Penelope Allen.


     ബ്രേക്കിംഗ് ന്യൂസുകള്‍ "സര്‍വസാധാരണം"ആയ ഒരു കാലഘട്ടത്തില്‍ 1972 ആഗസ്റ്റ്‌ 22 നു നടന്ന ഒരു കവര്‍ച്ച അത്തരത്തില്‍ ഒന്നായി  വാര്‍ത്തകളില്‍ ഇടം നേടിയപ്പോള്‍ എത്രത്തോളം കൗതുകകരം ആയിരിക്കും എന്ന് ആലോചിച്ചു നോക്കാം?മീഡിയയുടെ മുന്നില്‍ ആ ഒരു ദിവസം, സങ്കീര്‍ണതകള്‍ നിറഞ്ഞ ജീവിതത്തില്‍ നിന്നും ജോണിന് ലഭിച്ച പ്രശസ്തി അയാളുടെ ജീവിതം തന്നെ മാറ്റി മറിച്ചിരുന്നു.സ്വവര്‍ഗ വിവാഹങ്ങള്‍ തീരെ അസാധാരണം ആയ ഒരു കാലഘട്ടത്തില്‍ അതിനു പോലും മുതിര്‍ന്ന ജോണിന് അന്ന് പോലും കിട്ടാത്ത അത്ര പ്രശസ്തി ആയിരിക്കാം ബ്രൂക്ലിനില്‍ നടന്ന ബാങ്ക് കൊള്ളയിലൂടെ ലഭിച്ചത്.ജോണിന് അവകാശപ്പെട്ടത് ആണ് ആ ദിവസം.പില്‍ക്കാലത്ത് മികച്ച സിനിമകളില്‍ ഒന്നായി മാറിയ "Dog Day Afternoon" പോലും സംഭവബഹുലം ആയ അയാളുടെ ജീവിതത്തിന്റെ ചലച്ചിത്രാവിഷ്ക്കാരം ആയി മാറിയത് അതിനുള്ള  തെളിവാണ്.

    ജോണിനോട്‌ വളരെയധികം രൂപ സാദൃശ്യമുള്ള അല്‍ പച്ചീനോ ചെയ്ത സണ്ണി എന്ന കഥാപാത്രത്തിലൂടെ ആണ് ചിത്രം മുന്നോട്ടു പോകുന്നത്.ഒരു ബാങ്ക് കൊള്ളയ്ക്ക് വേണ്ട മുന്നൊരുക്കങ്ങള്‍ അധികം ഒന്നുമില്ലാതെ നടത്തിയ ഒന്നായിരുന്നു അത്.ആദ്യം തന്നെ കൂടെ ഉണ്ടായിരുന്ന ആള്‍ ഭയം കാരണം ഓടി പോയി.സണ്ണിയുടെ ഒപ്പം ഉണ്ടായിരുന്ന "സാല്‍" ആയിരുന്നെങ്കില്‍ സ്വഭാവ വൈരുദ്ധ്യങ്ങളുടെ  ഒരു കലവറ ആയിരുന്നു.കാന്‍സര്‍ വരാതെ ഇരിക്കാനും ആത്മാവിനെ കാത്തു സൂക്ഷിക്കാനും തീരുമാനിച്ച ഒരാള്‍ പക്ഷെ തിരഞ്ഞെടുത്ത വഴി വ്യത്യസ്തമായിരുന്നു എന്ന് മാത്രം.

   ബാങ്കില്‍ ഒരു മോഷണം നടത്താന്‍ പോലുമുള്ള പണം ഇല്ലാത്ത സമയത്ത് അതിനായി തുനിഞ്ഞ കവര്‍ച്ചക്കാരുടെ അവസ്ഥ എന്ത് മാത്രം ഭീകരം ആയിരിക്കും?അതും അല്‍പ്പ സമയത്തിനുള്ളില്‍ പോലീസും ,എഫ് ബി ഐ യും ജനക്കൂട്ടവും എല്ലാം ചേര്‍ന്ന് ആഘോഷമാക്കി മാറ്റിയ ഒന്നായി മാറുമ്പോള്‍.മുന്‍ സൈനികന്‍ ആയ,സൈനിക സേവനത്തിനു ശേഷം പലതരം ജോലികള്‍ ചെയ്ത സണ്ണിയുടെ, അന്നത്തെ കവര്ച്ചയ്ക്ക് പിന്നില്‍ ഉള്ള ലക്‌ഷ്യം സാധാരണ ഒരു മനുഷ്യന് എത്ര മാത്രം ദഹിക്കും എന്നുള്ളത് ഒരു സംശയം ആണ്.പിന്നീട് അതിനെ കുറിച്ച് വിരുദ്ധമായ അഭിപ്രായങ്ങള്‍ വന്നിരുന്നു എന്നത് വേറൊരു സത്യം.

   സണ്ണി എന്ന വ്യക്തിയുടെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ അയാളുടെ ജീവിതത്തില്‍ സംഭവിച്ചതിനെ വെറും ദുരന്തങ്ങള്‍ മാത്രമായി കാണാന്‍ സാധിക്കില്ല.അതില്‍ പലതും അയാളുടെ മാത്രം തീരുമാനങ്ങള്‍ ആയിരുന്നു.ജീവിതത്തില്‍ ഉണ്ടായ പല പ്രശ്നങ്ങളെയും അയാള്‍ നേരിട്ടത് അസാധാരണമായ വഴികളിലൂടെ ആയിരുന്നു.വിവാഹ ജീവിതത്തില്‍ പോലും അയാള്‍ ഈ ഒരു ശൈലി ആയിരുന്നു പിന്തുടര്‍ന്നത്‌.ബാങ്ക് കവര്ച്ചയ്ക്കിടയില്‍ അയാള്‍ക്ക്‌ ജനങ്ങളില്‍ നിനും ലഭിച്ച ഹര്‍ഷാരവങ്ങള്‍ പോലും അത്തരം ഒരു സാഹചര്യത്തില്‍ അയാള്‍ അതിനെ നേരിട്ട രീതിയിലൂടെ ലഭിച്ച അനുമോദനം പോലും ആയി കണക്കാക്കാം.

  ബന്ദികള്‍ ആയി ആ ബാങ്കില്‍ അടയ്ക്കപ്പെട്ടവര്‍ പോലും അയാളെ സ്നേഹിച്ചു തുടങ്ങിയിരുന്നു.അവിടെ നിന്നും രക്ഷപ്പെടാന്‍ ഒരു അവസരം കിട്ടിയാല്‍ അള്‍ജീരിയയില്‍ പോകാമെന്ന് അയാള്‍ പറഞ്ഞപ്പോള്‍ ഉണ്ടായ അവരുടെ പ്രതികരണം എല്ലാം രസകരമായിരുന്നു.മനുഷ്യത്വം ഏറെ ഉള്ള മനുഷ്യന്‍.അയാള്‍ തന്‍റെ ജീവിതത്തില്‍ എല്ലാവരെയും സ്നേഹിച്ചിരുന്നു എന്ന് തോന്നും.സണ്ണിയുടെ പുറമെയുള്ള സ്വഭാവത്തില്‍ അയാളുടെ ഭ്രാന്തമായ ചിന്തകളുടെ സൂചനകള്‍ ഒന്നും കാണില്ല.

  സണ്ണി ആയി അക്ഷരാര്‍ത്ഥത്തില്‍ പച്ചീനോ ജീവിക്കുകയായിരുന്നു എന്ന് തോന്നി പോകും.അത്രയ്ക്കും ജീവന്‍ ഉണ്ടായിരുന്നു ആ കഥാപാത്രത്തിന്.പിന്നീട് തന്‍റെ ജീവിതത്തിലെ സുപ്രധാനമായ ആ ദിവസം തിരശീലയില്‍ കണ്ട ജോണ്‍,സിനിമയിലെ ചില കാര്യങ്ങളോട് നീരസം പ്രകടിപ്പിച്ചെങ്കിലും സണ്ണി,സാല്‍ എന്നീ കഥാപാത്രങ്ങളെ കുറിച്ച് മികച്ച അഭിപ്രായമായിരുന്നു പറഞ്ഞത്.

 "Dog Day" എന്ന് വിശേഷിപ്പിക്കാവുന്ന ആ ചൂട് കൂടിയ ദിവസം നടന്ന സംഭവങ്ങള്‍ അന്നത്തെ ദിവസത്തിന്റെ കാഠിന്യം ഏറെ കൂട്ടി.  ഒരു ദിവസത്തിലെ ഏതാനും മണിക്കൂറുകളില്‍ നടന്ന കുറ്റകൃത്യം ടെലിവിഷന്റെ ജനപ്രീതിയുടെ ആദ്യ കാലഘട്ടങ്ങളില്‍ തന്നെ എങ്ങനെ സ്വാധീനിക്കാന്‍ സാധിച്ചു എന്നും.അത് പോലെ താനെ നല്ലവനാണ് എന്ന് തോന്നുന്ന കള്ളന്മാര്‍ക്ക്;റോബിന്‍ ഹൂഡ്,കായംക്കുളം കൊച്ചുണ്ണി എന്നിവര്‍ക്ക് ലഭിച്ച ജന പിന്തുണ പോലെ ഒന്ന് സണ്ണിക്ക് ലഭിച്ചതും ഒക്കെ രസകരമായി തന്നെ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.ക്രിമിനല്‍ ആയി മാറിയ ഒരാളുടെ ജീവിതം തന്നെ മാറ്റിയ യഥാര്‍ത്ഥ സംഭവങ്ങളുടെ ആവിഷ്ക്കാരം ആയ Dog Day Afternoon മികച്ച തിരക്കഥയ്ക്കുള്ള ആ വര്‍ഷത്തെ ഓസ്ക്കാര്‍ പുരസ്ക്കാരവും നേടിയിരുന്നു.ഒരു ക്രൈം ചിത്രം കാണുമ്പോള്‍ ഉള്ളതിനേക്കാളും കുറേ ചോദ്യങ്ങള്‍ ആകും പ്രേക്ഷകന്റെ മുന്നില്‍ സണ്ണി എന്ന കഥാപാത്രം അവശേഷിപ്പിക്കുക.എന്ത് കൊണ്ട് സണ്ണി ഇങ്ങനെ ആയി തീര്‍ന്നൂ എന്നത് ആണ് അതില്‍ ഏറ്റവും പ്രസക്തമായത്.





    

1995. Drop ( English, 2025)