Sunday, 30 June 2013

ROPE (1948,ENGLISH, Crime | Drama | Thriller)


ROPE (1948,ENGLISH,  Crime | Drama | Thriller) Crew:- Dir: Alfred Hitchcock Starring: James Stewart, Dick Hogan, John Dall, Farley Granger)

  ആല്‍ഫ്രെഡ് ഹിച്ച്കോക്ക് എന്ന സംവിധായകന്‍റെ കയ്യൊപ്പ് പതിഞ്ഞ മറ്റൊരു ചിത്രം.."Rope" ..പേര് സൂചിപ്പിക്കുന്നത് പോലെ ഒരു കയറിനെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങള്‍ ആണ് ചിത്രം...ഇതൊരു കയറിന്‍റെ ആത്മകഥ ഒന്നുമല്ല...പക്ഷെ ഒരു കയറുപയോഗിച്ചു നടത്തുന്ന നിഷ്ട്ടൂരമായ കൊലപാതകത്തിന്റെ കഥ ആണ് Rope...സസ്പന്‍സ് ആദ്യം തന്നെ നമുക്ക് കാണിച്ചു തരുകയും...പിന്നീട് അതിലേക്കു അടുക്കുന്ന വ്യക്തിക്ക് നേരിടേണ്ടി വരുന്ന മാനസിക വ്യാപാരങ്ങളും ആണ് ചിത്രം.. സാധാരണ  ഹിച്ച്കോക്ക് ചിത്രങ്ങളില്‍ നിന്നും വിഭിന്നമായി സസ്പന്‍സ് നേരത്തെ പ്രേക്ഷകന് കാണിച്ചു കൊടുക്കുന്ന ഈ ചിത്രം പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ ഒരു പരീക്ഷണ ചിത്രമായാണ് കാലം വാഴ്ത്തുന്നത്..ഒറ്റ ടേക്കില്‍ എടുത്ത നീളമുള്ള രംഗങ്ങള്‍ ആണ് പലതും..ആ കാലഘട്ടത്തിലെ ധീരമായ ഒരു പരീക്ഷണം ആയിരുന്നു ഈ ചിത്രം...

   ഇനി കഥയിലേക്ക്...ഒരിക്കലും കണ്ടെത്താനാവാത്ത ...ഒരു തെളിവും അവശേഷിപ്പിക്കാനാവാത്ത ഒരു കൊലപാതകം നടത്താന്‍ രണ്ടു സുഹൃത്തുക്കള്‍-- - തീരുമാനിക്കുന്നു...അവര്‍ സ്വയം കണക്കാക്കിയിരുന്നത്, അവര്‍ മറ്റുള്ള മനുഷ്യരേക്കാളും ഭൌതികമായി ഉന്നത നിലവാരത്തില്‍ ഉള്ളവര്‍ ആണെന്നാണ്‌... ....Brandon ,Philip എന്നിവരാണ് ആ സുഹൃത്തുക്കള്‍.. സമ്പന്നരായ അവര്‍ അവരുടെ കുട്ടിക്കാലത്തെ അധ്യാപകനായ Rupert Kardell മനുഷ്യരെ കുറിച്ച് പറഞ്ഞു കൊടുത്ത ഒരു തത്വം പ്രാവര്‍ത്തികമാക്കാന്‍  ശ്രമിക്കുന്നു..."കൊലപാതകം എന്നുള്ളത് ഉയര്‍ന്ന ഭൌതിക  നിലവാരത്തില്‍ ഉള്ളവര്‍ക്ക് വേണ്ടി മാത്രം സൃഷ്ട്ടിച്ച ഒന്നാണ്..താഴ്ന്ന നിലവാരത്തില്‍ ഉള്ളവര്‍ ജീവിക്കുകയോ മരിക്കുകയോ ചെയ്താല്‍പ്പോലും ഒരു പ്രശ്നവും ഇല്ല...സമൂഹത്തിലെ തെറ്റും കുറ്റവും ഉയര്‍ന്ന ഭൌതിക നിലവാരം ഉള്ളവരെ ബാധിക്കുന്നില്ല..അവര്‍ അതിന് അതീതര്‍ ആണ്.."

  ഈ ചിന്തയില്‍ ജീവിച്ച ബ്രണ്ടന്‍ -സ്വയം ഉയര്‍ന്ന ഒരു വ്യക്തിതമായി തന്നെ കരുതുന്നു..സാമ്പത്തികവും വിദ്യാഭ്യാസപരവും ആയി മുന്നില്‍ നില്‍ക്കുന്ന ബ്രണ്ടന്‍ സ്വയം അങ്ങനെ വിശ്വസിപ്പിക്കുന്നു...തന്‍റെ സുഹൃത്തായ ഫിലിപ്പില്‍ ഈ ആശയം പകരുന്നു...അവരുടെ സാമൂഹികമായ മേല്‍കോയ്മ ലോകത്തെ കാണിക്കുവാന്‍ അവര്‍ തീരുമാനിക്കുന്നു.സഹപാഠിയായ ഡേവിഡ്‌ന്‍റെ കൊലപാതകത്തിന് അവര്‍ ആസൂത്രണം ചെയ്യുന്നു..സമൂഹത്തിലെ മേല്‍കോയ്മ സ്വയം മനസിലാക്കുവാന്‍ അവര്‍ പൂര്‍ണത ഉള്ള ഒരു കൊലപാതകം കയര്‍ ഉപയോഗിച്ച് നടത്തുന്നു ...കൊലപാതകം നടത്തിയതിനു ശേഷം അവര്‍ ഒരു വിരുന്നു സംഘടിപ്പിക്കുന്നു .. കൊലയ്ക്കിരയായ ഡേവിഡ്ന്‍റെ അച്ഛനേയും ബന്ധുക്കളെയും കാമുകിയേയും അവര്‍ വിരുന്നിനു വിളിക്കുന്നു..കൂടെ അവരുടെ പഴയ അദ്ധ്യാപകന്‍ Rupert ഉം അതിഥി ആയി വരുന്നു...കൊലപാതകത്തിന് ശേഷം ഡേവിഡ് ന്റെ ശവം ഒളിപ്പിച്ച പെട്ടിയുടെ മുകളില്‍ അവര്‍ ഭക്ഷണം വിളമ്പുന്നു...

  വിരുന്നിനു വരാത്ത ഡേവിഡ് അവിടെ ഒരു സംസാര വിഷയം ആകുന്നുണ്ട്..എങ്കിലും അവര്‍ ഭക്ഷണം കഴിക്കുന്ന പെട്ടിയുടെ ഉള്ളില്‍ ഡേവിഡ് ശവമായി ഇരിക്കുന്ന കാര്യം അറിയാതെ അവര്‍ വിരുന്നില്‍ പങ്കെടുക്കുന്നു..എന്നാല്‍ അവിടെ വരുന്ന  ചില സംസാരങ്ങള്‍ അദ്ധ്യാപകന്‍ ആയ Rupert ന്‍റെ മനസ്സില്‍ ചില സംശയങ്ങള്‍ ഉണ്ടാക്കുന്നു..ഫിലിപ്പിനുണ്ടാകുന്ന ചില മാറ്റങ്ങള്‍ ആ സംശയം കൂട്ടുന്നു...Rupert ആ കൊലപാതകം എങ്ങനെ കണ്ടു പിടിക്കും എന്നുള്ളതാണ് ബാക്കി ചിത്രം...


   സമാന കഥാസന്ദര്‍ഭം  ഉള്ള Murder by Numbers (2002) കണ്ടിട്ടുണ്ടെങ്ങിലും അതിനെക്കാളും വളരെയധികം മികച്ചതായി തോന്നി ഈ ചിത്രം...2002 ഇല്‍ ഇറങ്ങിയ ചിത്രം പതിവ് ഹോളിവുഡ് മസാല ഒക്കെ ചേര്‍ത്തപ്പോള്‍ മോശമായി പോവുകയാണ് ചെയ്തത്...Anthony Hopkins , Dr .Hannibal Lecter ആയി അഭിനയിച്ച" Manhunter" പരമ്പരയില്‍  സമാനമായ കൊലപാതകം ഉണ്ട്..പക്ഷെ അത് കുറച്ചു കൂടി ഭീകരം ആയിരുന്നു...കൊലയ്ക്കിരയായവരെ ഭക്ഷണം ആക്കി അതിഥികള്‍ക്ക് വിളംബുന്നുണ്ട് Lecter ....പക്ഷെ രംഗങ്ങളില്‍ അത്ര ക്രൂരത കാണിക്കുന്നില്ല Rope ഇല്‍ ..എന്നാല്‍ പോലും ഹിച്ച്കൊകിന്റെ കഥ പറച്ചിലില്‍ ആ ക്രൂരത നമ്മുടെ മനസ്സില്‍ വരുന്നുമുണ്ട്....സമൂഹത്തിലെ ഉന്നത നിലവാരം എന്നുള്ള Rupert ന്‍റെ വാക്കുകളെ തെറ്റിദ്ധരിച്ചു ഏറ്റവും പൂര്‍ണത ഉള്ള കൊലപാതകം നടത്തി എന്ന് സ്വയം വിശ്വസിക്കുന്ന സുഹൃത്തുക്കള്‍ നടത്തിയ കൊടിയ പാതകത്തിലും അവശേഷിപ്പിച്ച മാനുഷികമായ തെളിവുകള്‍ ചികഞ്ഞെടുക്കുന്ന James Stewart ,Rupert എന്നാ കഥാപാത്രമായി മികച്ചു നിന്നു..അകമ്പടി ആയി മറ്റുള്ള കഥാപാത്രങ്ങളും...മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍,മികച്ച കഥ അവതരണം,സംവിധാനം എന്ന് വേണ്ട സെറ്റ് ഇട്ടിരിക്കുന്ന ആ മുറിയില്‍ ജനലില്‍ കൂടി വരുന്ന പ്രകാശം പോലും ഓരോ സമയത്തിനനുസരിച്ച് മാറ്റി സാങ്കേതികമായ പൂര്‍ണതയ്ക്കും ഈ ചിത്രം ശ്രമിച്ചിട്ടുണ്ട്..പരിമിതമായ സാഹചര്യങ്ങളില്‍ ചിത്രീകരിച്ച ഈ ചിത്രം ഹിച്ച്കൊകിന്റെ മാസ്റ്റര്‍പിസ് ചിത്രം തന്നെ ആണ് "Rope"...


      The various dimensions a movie talks about life shows the quality of the film..Here, in quest of a perfect murder theory,the characters are living to show that they are superior to other inferior human beings,while one is working to prove that his words are twisted for their selfishness...A technical brilliance and master craft from the master himself-Alfred Hitchcock...Kudos to the great!!!My rating for the flick is 9.5/10...
    

Thursday, 27 June 2013

REAR WINDOW ( 1954--ENGLISH--MYSTERY/THRILLER



REAR WINDOW ( 1954--ENGLISH--MYSTERY/THRILLER--CREW :Dir-Hitchcock,Stars: James Stewart, Grace Kelly )

  ഒരു മുഖവുര ആവശ്യമില്ലാത്ത സംവിധായകന്‍ ആണ്  ആല്‍ഫ്രെഡ് ഹിച്ച്കോക്ക്..മനുഷ്യരില്‍ എല്ലായ്പ്പോഴും കാണുന്ന ജിജ്ഞാസ എന്നാ വികാരത്തെ അതിന്‍റെ പാരമ്യത്തില്‍ എത്തിച്ച് ഭാവനയുടെ ചിറകില്‍ അവയെ പറപ്പിക്കുന്ന ഇതിഹാസം...അതിന് അദ്ദേഹം തിരഞ്ഞെടുത്തത് സിനിമ എന്ന മാധ്യമത്തെയും..സിനിമകളില്‍ തനിക്ക് മാത്രം കഴിയുന്ന രീതിയില്‍ കഥകള്‍ പറയുകയും അത് കാഴ്ചക്കാരെ വിശ്വസിപ്പിക്കാനും ഉള്ള അദ്ദേഹത്തിന്റെ കഴിവ്..അതായിരിക്കും മഹാനായ ആ സംവിധായകന്‍ തന്‍റെ കാലത്തെ അതിജീവിക്കുന്ന കലാസൃഷ്ട്ടികളില്‍ വരച്ചു കാണിച്ചത്...

  തന്‍റെ വഴികളില്‍ സിനിമ എന്നാ കലാരൂപത്തെ ജനകീയവും അതേ സമയം ഒരു രസം കൊല്ലി എന്നതിനുമപ്പുറം കാഴ്ചക്കാരന്റെ മനസ്സില്‍ ജനിക്കുന്ന സംഭവ വികാസങ്ങള്‍ ആയി അവയെ അവതരിപ്പിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ മാത്രം പ്രത്യേകത ആണ്..അത്തരത്തില്‍ ഉള്ള ഒരു ചിത്രം ആണ് Rear Window..ഒളിഞ്ഞു നോട്ടം എന്നും മനുഷ്യന് ഇഷ്ട്ടമാണ്..അത് ഏതു തരത്തില്‍ ആണെങ്കിലും.ജാതിമതഭേദമന്യേ എല്ലാവരും അതില്‍ വിദഗ്ദ്ധരും ആണ്..മറ്റുള്ളവരുടെ ജീവിതം ഒരു തുറന്ന പുസ്തകം പോലെ നമ്മുടെ മുന്നില്‍ തുറന്നു വയ്ക്കുന്ന ഒരവസ്ഥ ഉണ്ടായാല്‍ തീര്‍ച്ചയായും നമ്മള്‍ ആ ജീവിത താളുകളില്‍ തീര്‍ച്ചയായും നമ്മുടേതായ ഒരു കഥ രചിക്കും..അതാണ്‌ Rear Window എന്നാ ചിത്രത്തിന്റെ പ്രമേയം..സാഹസികമായ ഒരു ഫോട്ടോ ഷൂട്ടില്‍ കാലിന് പരുക്കേറ്റ് വിശ്രമിക്കുന്ന ജെഫ് എന്ന നായകനില്‍ കഥ ആരംഭിക്കുന്നു..ജെഫിന്റെ കാമുകി , സുന്ദരിയായ ഫാഷന്‍ consultant ലിസ ,സ്റെല്ല എന്നാ നേഴ്സ് ,സുഹൃത്തായ detective ഡോയല്‍ എന്നിവരിലൂടെ ആണ് കഥ വികസിക്കുന്നത്..തുറന്നിട്ട ജനലുകളിലൂടെ അയല്‍ക്കാരെ അവര്‍ കാണാതെ നോക്കുകയാണ് ജെഫ്..സമയം കൊല്ലി എന്നാ നിലയില്‍ മാത്രം മറ്റുള്ളവരുടെ ജീവിതം-നിരാശയായ യുവതി,സംഗീതജ്ഞന്‍ ,നര്‍ത്തകി,പുതുതായി വിവാഹിതരായ ദമ്പതികള്‍,ബാല്‍കണിയില്‍ കിടന്നുറങ്ങുന്ന ദമ്പതികള്‍ ;അവരുടെ നായ,പൊരുത്തം ഇല്ലാതെ ജീവിക്കുന്ന ആഭരണ കച്ചവടക്കാരനും ഭാര്യയും എന്നിവരെ കാണുകയാണ് ജെഫ് ...ഇവരൊക്കെ ആണ് വിശ്രമത്തില്‍ കഴിയുന്ന ജെഫിന്റെ ജീവിതത്തെ സംഭവബഹുലം ആക്കുന്നത്...ജെഫ് ഒരു ക്യാമറമാന്‍ ആണ് ;പ്രശസ്തന്‍,സാഹസികനും...ഒരു ദിവസം തന്‍റെ പതിവ് 'ഒളിഞ്ഞു നോട്ടത്തിന്‍റെ " ഇടയില്‍ തന്‍റെ അയല്‍ വക്കത്തുള്ള apartmentil ഒരു കൊലപാതകം നടന്നു എന്ന് ഒരു തോന്നല്‍ ഉണ്ടാകുന്നു..എന്നാല്‍ കണ്ണിനു മുന്നില്‍ ഉള്ള തെളിവുകളുടെ അഭാവം ജെഫിനെ കാമുകിയുടെയും സുഹൃത്തായ detective ന്റെ മുന്നിലും ചെറിയ രീതിയില്‍ പരിഹാസ്യന്‍ ആക്കുന്നു..എന്നാല്‍ പിന്നീട് എന്തോ ഒരു സത്യം അതിനു പിന്നില്‍ ഉണ്ടെന്നു കാമുകിക്ക് സ്ത്രീസഹജമായ തെളിവുകളിലൂടെ മനസ്സിലാകുന്നു...എന്നാല്‍ സുഹൃത്തായ നിയമപാലകന് അത് മനസ്സിലാകാതെ പോകുന്നു..ജെഫ് പറഞ്ഞ പല തെളിവുകളും ഡോയല്‍ ഭേദിക്കുന്നു...

   എന്നാല്‍,ലഭിക്കുന്ന സാഹചര്യ തെളിവുകള്‍ common sense ഉപയോഗിച്ച് വിശകലനം ചെയ്തു ജെഫ് കൊലപാതകിയുടെ അടുത്തെത്തുന്നു...വീല്‍ചെയറില്‍ ഇരുന്നു കൊണ്ട് തന്നെ ഒരിക്കലും അറിയപ്പെടാതെ പോകുമായിരുന്ന ഒരു കൊലപാതകം ജെഫ് കണ്ടെത്തുന്നു..ജെഫിന്റെ താല്പര്യം കാണുമ്പോള്‍ ഒരു കൊലപാതകം ജെഫ് ആഗ്രഹിച്ചിരുന്നത് പോലെ തോന്നും...നമ്മളില്‍ പലരും അങ്ങനെയാണ്...കൊലപാതകം നടത്താന്‍ പേടി ആണെങ്കിലും അത് ആരെങ്കിലും നടത്തിയാല്‍ താല്പര്യത്തോടെ അതിനെ സമീപിക്കുന്നവര്‍...

   മനുഷ്യന്റെ ഇത്തരത്തില്‍ ഉള്ള ബലഹീനത എന്ന് പറയാവുന്ന സ്വഭാവത്തെ അതി ദാരുണം ആയ ഒരു കൊലപാതകത്തിന്റെ ചുരുള്‍ അഴിക്കാനായി ഹിച്ച്കോക്ക് ഉപയോഗപ്പെടുതിയിരിക്കുന്നു...ഇവിടെ ഹിച്ച്കൊകിന്റെ ക്യാമറ കണ്ണുകളിലൂടെ നമ്മള്‍ തന്നെ ആണ് ഈ കൊലപാതകം കാണുന്നത്...നമുക്ക് തോന്നാവുന്ന കാര്യങ്ങള്‍ മാത്രം ആണ് നായകനും തോന്നുന്നത്...തന്‍റെ ക്യാമറ നമുക്ക് നേരെ നീട്ടിയിട്ട്‌ അതിന്റെ ലെന്‍സിലൂടെ കാഴ്ചക്കാരനെ  കൊണ്ട് തന്നെ കഥ പറയിപ്പിക്കുകയാണ് ഹിച്ച്കോക്ക്..അത്തരത്തില്‍ തികച്ചും വ്യത്യസ്തവും അതെ സമയം നമ്മളെ പുതിയതെന്തോ തിരയാന്‍ പ്രേരിപ്പിക്കുകയാണ് സംവിധായകന്‍......

Here,we are the heroes in the movie.While watching,we takes the place of Jeff in investigating..This prime investigating thriller rates much above the usual thrillers fledged with mystery..This is a must watch for all the movie lovers of thriller/mystery genre...Do watch the flick when you want to see others life ...My rating is 9.5/10 for the movie brilliance..Kudos to Alfred Hitchcock...!!!! You really changed up our movie watching!!!

GOODBYE LENIN (2003,GERMAN)



GOODBYE LENIN (2003,GERMAN)

പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഏതു തരം സിനിമകള്‍ ആണ് എനിക്കിഷ്ട്ടമെന്നു..ഇപ്പോള്‍ ഉത്തരം കിട്ടിക്കൊണ്ടിരിക്കുന്നു.."എന്നെ പറ്റിക്കുന്ന ചിത്രങ്ങളുടെ ആരാധകന്‍" ആയി മാറുകയാണ് ഞാനിപ്പോള്‍....
...ഈ ചിത്രവും എന്നെ ചതിച്ചു..എനിക്കിഷ്ട്ടപെട്ടു...Good Bye Bafana എന്ന ചിത്രത്തിന് വേണ്ടി തിരഞ്ഞപ്പോഴാണ് ഈ പേര് ഉടക്കിയത്....വെറുതെ ഡൌണ്‍ ലോഡ് ചെയ്തു....കഥ വായിച്ചു നോക്കി...മഹേഷ്‌ ബാബുവിന്‍റെ Dookudu എന്നാ സിനിമയിലെ ചില രംഗങ്ങള്‍ മനസ്സില്‍ വന്നു..ഇനി എങ്ങാനും കോപ്പി ആയിരിക്കുമോ എന്നൊരു സംശയവും വന്നു..അങ്ങനെ ഇത് കണ്ടു തുടങ്ങി..

കഥ തുടങ്ങുന്നത് വിഘടിച്ചു നില്‍ക്കുന്ന ജെര്‍മനിയിലെ സോഷ്യലിസ്റ്റ്‌ ഭരണം നടക്കുന്ന ഈസ്റ്റ്‌ ജെര്‍മനിയില്‍ ആണ്..സോഷ്യലിസ്റ്റ്‌ ആശയങ്ങളില്‍ മടുത്തു നാട് വിട്ടു ഈസ്റ്റ്‌ ജെര്‍മനിയിലേക്ക് പോയ റോബര്‍ട്ട്‌ കേര്‍നെരിന്റെ ഭാര്യയും രണ്ടു കുട്ടികളും ഈസ്റ്റ്‌ ജെര്‍മനിയില്‍ തങ്ങുന്നു...വേറെ വഴിയില്ലാതെ അദ്ദേഹത്തിന്റെ ഭാര്യ ക്രിസ്ടിയെന്‍ സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാരി ആകുന്നു..അവര്‍ സോഷ്യലിസ്റ്റ്‌ ആശയങ്ങളുടെ പ്രധാന idealist ആയി മാറുന്നു...കുട്ടികള്‍ മുതിര്‍ന്നു..മകനായ അലക്സ്‌‌ സോഷ്യലിസ്റ്റ്‌ ആശയങ്ങളോട് എതിരായി...മകള്‍ മരിയന്‍ തന്റെ കുട്ടിയുമായി അവരോടൊപ്പം ജീവിക്കുന്നു..സോഷ്യലിസ്റ്റ്‌ ആശയങ്ങള്‍ക്ക് എതിരായ സമരത്തില്‍ പങ്കെടുത്ത അലെക്സിനെ പോലിസ് അറസ്റ്റ് ചെയ്യുന്നു..അത് കണ്ട ക്രിസ്ടിയെനു ഹൃദയാഘാതം ഉണ്ടാകുന്നു..അവര്‍ കോമയില്‍ ആയി..8 മാസങ്ങള്‍ക്ക് ശേഷം അവര്‍ കണ്ണ് തുറക്കുന്നു...പക്ഷെ അപ്പോഴേക്കും ബെര്‍ലിന്‍ മതില്‍ പൊളിച്ചു മാറ്റി ഈസ്റ്റ്‌ ജെര്‍മനിയും ക്യാപിറ്റലിസ്റ്റ് ആയി മാറുന്നു..ഇനിയൊരു ഹൃദയാഘാതം താങ്ങാന്‍ ക്രിസ്ടിയെനു കഴിയില്ലെന്ന് ഡോക്ടര്‍ പറയുന്നു..ജെര്‍മനിക്ക് 8മാസത്തിനുള്ളില്‍ സംഭവിച്ച മാറ്റം അമ്മ അറിഞ്ഞാല്‍ വീണ്ടും ഹൃദയാഘാതം ഉണ്ടാകുമെന്ന് കരുതിയ അലക്സ്‌ അത് അമ്മയില്‍ നിന്നും മറച്ചു വച്ച് 8 മാസം മുന്‍പുള്ള ജെര്‍മനിയെ അമ്മയുടെ മുന്നില്‍ പുനരവതരിപ്പിക്കുന്നു . അതിനായുള്ള അലെക്സിന്റെ ശ്രമങ്ങള്‍ ആണ് പിന്നീട്...

റെക്കോര്‍ഡ്‌ ചെയ്തു വച്ച വാര്‍ത്ത അമ്മയെ ടി വി യിലൂടെ കാണിക്കുകയും ,എന്തിനു മാറിയ വസ്ത്രധാരണ രീതി പോലും അമ്മയെ അറിയിക്കാതെ അവരെ ജീവിതത്തിലേക്ക് കൊണ്ട് വരുന്നു...കെട്ടിടത്തിനു മുകളില്‍ കണ്ട കൊക്കോ കോളയുടെ പോസ്റ്റര്‍ അമ്മ കണ്ടപ്പോള്‍ അത് പാര്‍ട്ടി ഔദ്യോഗിക പാനീയം ആയി അംഗീകരിച്ചു എന്നുള്ള വാര്‍ത്ത‍ അമ്മയെ കാണിക്കുന്നു.. അങ്ങനെ പല കള്ളങ്ങളിലൂടെ അമ്മയ്ക്ക് സംഭവിക്കാമായിരുന്ന ഹൃദയാഘാതം അലെക്സ് തടഞ്ഞു നിര്‍ത്തുന്നു ...അവസാനം എന്ത് സംഭവിക്കും എന്നതാണ് ബാക്കി കഥ..അലെക്സിന്റെ കള്ളത്തരങ്ങള്‍ വിജയിക്കുമോ???ക്രിസ്ടിയെന്‍ സത്യങ്ങള്‍ അറിയുമോ??കഥയില്‍ നിന്നും മാറി പോയി മോശം ആകാമായിരുന്ന പലസന്ദര്‍ഭങ്ങളിലും മികച്ച തിരക്കഥ ചിത്രത്തിന് തുണയായി...

വിഘടിച്ചു നിന്ന ആശയങ്ങള്‍ ഒന്നിക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന മാറ്റങ്ങളും ..മാറിയ സാഹചര്യത്തില്‍ അവരുടെ ജീവിതങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്നുള്ളത് ഒരമ്മയുടെയും മകന്‍റെയും കഥയിലൂടെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് Wolfgang Becker..ചിരിക്കാന്‍ ധാരാളം ഉണ്ട്..പലപ്പോഴും ഒരു ടോം ആന്‍ഡ്‌ ജെറി ആകുന്നുണ്ട് കഥ...അമ്മയുടെ മുന്നിലെ കള്ളത്തരങ്ങള്‍ പൊളിയും എന്നാ അവസ്ഥയില്‍ ബുദ്ധിപൂര്‍വമായ നീക്കങ്ങളിലൂടെ അമ്മയെ സമാധാനിപ്പിക്കുന്ന മകന്‍... ഒരമ്മയുടെ ജീവിതം നീട്ടി കൊടുക്കുന്നു...തീര്‍ച്ചയായും ഈ സമയത്തും വളരെയധികം പ്രാധാന്യം ഉള്ളതാണ് ഈ ചിത്രം..ലോകത്തിന്‍റെ പല ഭാഗത്തില്‍ നിന്നും മാറ്റി നിര്‍ത്തിയ ലെനിന്‍റെ ആശയങ്ങളുടെ അവസാനം ആണ് ജെര്‍മനി എന്ന് പറയാം...തകര്‍ക്കപെട്ട ലെനിന്‍റെ പ്രതിമയുമായി പോകുന്ന ഹെലികോപ്ടറില്‍ ഗുഡ് ബൈ എന്ന് കൈ കൊണ്ട് കാണിച്ചിരിക്കുന്ന പ്രതിമ അതിനു മികച്ച ഉദാഹരണം ആണ്...അത് മനോഹരമായും ഒരല്‍പം പരിഹാസരൂപത്തിലും ഇതില്‍ കാണാം...ആശയങ്ങളുടെ വൈരുധ്യം പലയിടത്തും പ്രകടം ആകുന്നുമുണ്ട് ഈ ചിത്രത്തില്‍...

ഞാന്‍ ആദ്യം പറഞ്ഞത് പോലെ ഈ ചിത്രവും എന്നെ പറ്റിച്ചു..എന്റെ മുന്‍വിധികള്‍ ഈ ചിത്രം തകര്‍ത്തു..കലാപമുഖരിതവും ആശയങ്ങളുടെ 
വൈരുദ്ധ്യങ്ങളും ഉള്ള ഒരു സീരിയസ് സിനിമ ആണ് ഞാന്‍ പ്രതീക്ഷിച്ചത്..പക്ഷെ നര്‍മത്തിന്റെ മേമ്പൊടി ചാലിച്ചപ്പോള്‍ ഈ ചിത്രം മനോഹരമായി...അമ്മയും മകനും...അച്ഛനും മകനും തമ്മില്‍ ഉള്ള സ്നേഹം ഇതൊരു മികച്ച ഡ്രാമയും ആക്കി...Dookuduവില്‍ മഹേഷ്‌ അച്ഛനായ പ്രകാശ് രാജിനെയും സമാന രീതിയില്‍ സംരക്ഷിക്കുന്നുണ്ട്...ഈ ചിത്രം ആശയങ്ങള്‍ക്ക് വേണ്ടിയും Dookudu കച്ചവടത്തിന് വേണ്ടിയുമെന്നുള്ള വ്യത്യാസം മാത്രം...

ഒരു Family-Comedy-Drama കാണാന്‍ ആഗ്രഹം ഉള്ളവര്‍ക്ക് തീര്‍ച്ചയായും ഇഷ്ട്ടപ്പെടും ഈ ചിത്രം...ഹോളിവൂടിനും കൊറിയനും അപ്പുറം ഉള്ള ഇത്തരം ചിത്രങ്ങള്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു..

This is one of the best movies I ever watched in the mentioned genre..I came to know about it a week ago or so..yet without much expectations,I liked this movie and my rating is 9/10 !!!

BATTLESHIP POTEMKIN (1925,RUSSIAN SILENT FILM)



BATTLESHIP POTEMKIN (1925,RUSSIAN SILENT FILM)

സിനിമ എന്ന മാധ്യമത്തിന് കഥ അവതരിപ്പിക്കുന്ന രീതിയിലും ക്യാമറ ഉപയോഗിക്കുന്ന ടെക്നോളജി അതിന്‍റെ എഡിറ്റിംഗ് എന്നിവയില്‍ നവ സാദ്ധ്യതകള്‍ തുറന്നു കൊടുത്ത ഐതിഹാസിക ചിത്രം ആണ് "Battleship Potemkin"..സംസാരിക്കാത്ത സിനിമകള്‍ക്ക്‌ ദൃശ്യങ്ങളിലൂടെ അതിന്‍റെ കഥ ആസ്വാധകന്‍ മനസ്സിലാക്കി എടുക്കുന്ന പ്രവണതയ്ക്ക് തുടക്കം കുറിച്ച ചിത്രം..ഭാവിയില്‍ നിര്‍മ്മിച്ച..അല്ലെങ്കില്‍ ഇപ്പോള്‍ നിര്‍മ്മിച്ച്‌ കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ക്ക് സിനിമ എന്ന മാധ്യമത്തിന് അനുവാചകരില്‍ ചലനം സൃഷ്ടിക്കുന്നതില്‍ മാതൃക ആക്കിയ സിനിമ എന്ന് നിസ്സംശയം പറയാം "Battleship Potemkin"നെ...

1925 ഇല്‍ ഇറങ്ങിയ ഒരു ചിത്രം;അതും നിശ്ശബ്ദ ചിത്രം..ചാര്‍ളി ചാപ്ലിന്റെ നിശ്ശബ്ദ സിനിമകളും പിന്നെ ഈ അടുത്ത് യു ടുബില്‍ കണ്ട ഹരിശ്ചന്ദ്രയും ഒക്കെ മികച്ചതായിരുന്നു..മറ്റൊന്ന് അവയുടെ കഥ നമുക്ക് പരിചിതവും ആയിരുന്നു..അത് കൊണ്ട് തന്നെ ഒരിക്കലും അതൊന്നും മടുപ്പിച്ചില്ല..പക്ഷെ ഒരു ചരിത്ര പശ്ചാത്തലത്തില്‍ ഉള്ള ചിത്രം ;തീര്‍ത്തും അപരിചിതമായ ചുറ്റുപാടില്‍ നടക്കുന്ന കഥ എന്നിവയൊക്കെ ഈ ചിത്രം കാണുന്നതില്‍ ചെറിയ മടുപ്പുണ്ടാക്കി..പക്ഷെ വായിച്ചറിഞ്ഞ ഈ ചിത്രം കാണാന്‍ തന്നെ തീരുമാനിച്ചു...1905ഇല്‍ റഷ്യയില്‍ നടന്ന ഒരു വിപ്ലവത്തിന്റെ കഥ ആണ് ചിത്രം..അതിന്‍റെ തുടക്കം മുതല്‍ ഉള്ള സംഭവങ്ങള്‍ ആണ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്...പഴകിയ മാംസം നല്‍കിയതിന്റെ പേരില്‍ സാര്‍ ഭരണകൂടത്തിന്റെ നേര്‍ക്ക്‌ Potemkin എന്ന യുദ്ധക്കപ്പലില്‍ നിന്നും ഉത്ഭവിച്ച് ,വ്യാപകമായി പടര്‍ന്ന ഒരു വിപ്ലവത്തിന്റെ കഥ ആണ് "Battleship Potemkin"...കപ്പലില്‍ ആരംഭിച്ച വിപ്ലവം വിപ്ലവക്കാരികള്‍ കരയില്‍ എത്തിയതോട് കൂടി ജനങ്ങള്‍ ഏറ്റെടുക്കുന്നു..അതിനെ തുടര്‍ന്ന് വിപ്ലവത്തെ അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമിക്കുന്നു...അതിനെ അതിജീവിച്ചു അത് നാട് മുഴുവന്‍ പടര്‍ന്നു ; വിപ്ലവം ആരംഭിച്ച Potemkin യുദ്ധക്കപ്പലില്‍ ഉള്ള നാവികര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് മറ്റുള്ള കപ്പലുകളും വരുന്നിടത്ത് ചിത്രം അവസാനിക്കുന്നു...

ജനങ്ങളില്‍ അമര്‍ത്തി വയ്ക്കപെട്ട സ്വാതന്ത്ര്യത്തിന്റെ വികാരം ഇളക്കാന്‍ ഈ ചിത്രത്തിന് അന്നത്തെ കാലത്തില്‍ സാധിച്ചിരുന്നു..പല ഭരണകൂടങ്ങളും ഈ ചിത്രത്തെ അന്നത്തെ കാലത്ത് ഭയപ്പെട്ടിരുന്നു..സംഭാഷണങ്ങള്‍ ഇല്ലെങ്കിലും ആ ചിത്രത്തിന്റെ ശക്തി അവിടെ ആയിരുന്നു..ഒരു കാലത്തില്‍ ശക്തമായ ഒരു മാധ്യമമായി മാറാന്‍ ഈ നിശബ്ധചിത്രങ്ങള്‍ക്ക് സാധിച്ചിരുന്നു എന്നുള്ളത് നമുക്ക് ശേഷം വരുന്ന തലമുറയ്ക്ക് ഒരിക്കലും ചിന്തിക്കാന്‍ പോലും കഴിയില്ല..അത്രയ്ക്കും ശക്തമാണ് അവതരണം...

അതിനെക്കാളും മുന്നില്‍ നില്‍ക്കുന്നത് ഇതിന്റെ സംവിധായകന്‍ Eisenstein സിനിമ എന്ന വിസ്മയത്തില്‍ കൊണ്ട് വന്ന മാറ്റങ്ങള്‍ ആണ്..Eisenstein's theory of Montage അദ്ദേഹം പരീക്ഷിച്ച ചിത്രമാണ് ഇത്..കൂടുതല്‍ ഒന്നും എനിക്ക് അതിനെ കുറിച്ച് അറിയില്ല ..എങ്കിലും കഥ അവതരിപ്പിക്കുന്നതില്‍ പുതിയ രീതികള്‍ അവതരിപ്പിച്ചു എന്ന് എനിക്ക് മനസ്സിലായി..തീര്‍ച്ചയായും സിനിമകളെ കുറിച്ച് ഗൌരവമായ പഠനം നടത്തുന്നവര്‍ കാണുന്ന ചിത്രം ആണിതെന്നു തോന്നുന്നു...ഇല്ലെങ്കില്‍ തീര്‍ച്ചയായും കാണേണ്ട പടം ആണ്...

നിശബ്ധമായ ഒരു ചിത്രത്തിന്റെ സമൂഹത്തില്‍ ഉണ്ടായ സ്വാധീനതയെകാളും ആ ചിത്രം ഇന്നും ആസ്വാദ്യകരം ആയി നില്‍ക്കുന്നത് പ്രശംസനീയം തന്നെ ആണ്.. 

Truely,there is no language for cinema...The way it communicates with the viewer shows its greatness...Leaving the revolutionary technical aspect in modern movies;donated by this movie..as an average viewer,my rating is 10/10 as it communicated with my view on a movie...
NB:-This was once selected as the best movie ever released..Even in 2012,it ranked 12th among the best movies ever released..keep in mind...numerous technologies were introduced after 1925!!!

CENTRAL STATION (CENTRAL DO BRASIL)- {1998, PORTUGUESE}



CENTRAL STATION (CENTRAL DO BRASIL)- {1998, PORTUGUESE}


Father's Day ആണെന്നു മുഖ പുസ്തകത്തിൽ കണ്ടപ്പോഴാണ് ഈ ചിത്രത്തെ കുറിച്ച് ഓർമ വന്നത്..ശനിയാഴ്ചകളിൽ മാംഗോയിൽ ഉള്ള സിനിമ കാഴ്ചകളിൽ നിന്നൊരു ചിത്രം..അന്ന് വേണാട് എക്സ്പ്രസ്സ്‌ പിടിക്കാനുണ്ടായിരുന്നത് കൊണ്ട് മുഴുമിപ്പിക്കാൻ പറ്റാതിരുന്ന ചിത്രം..അന്ന് കണ്ട ഭാഗങ്ങൾ മനസ്സിൽ എവിടെയോ കിടന്നിരുന്നു ...പക്ഷെ സിനിമയുടെ പേര് മറന്നും പോയി ...അങ്ങനെ ഒരു വിധം പടത്തിന്റെ പേര് തപ്പി എടുത്തു ..Central Station..ഡൌണ്‍ ലോഡും ചെയ്തു..പക്ഷേ കാണാൻ സാധിച്ചത് ഇന്നലെ മാത്രം ..പകുതി നേരത്തെ കണ്ടിരുന്നു..എന്നാലും ഞാൻ ഈ പ്രാവശ്യം മുഴുവനായി തന്നെ കണ്ടു ...

ഈ സിനിമ എൻറെ മനസ്സിൽ എന്നും ഒരു ചോദ്യ ചിഹ്ന്നമായി എന്നും ഉണ്ടായിരുന്നു..മൂന്നു നാല് വർഷം അതങ്ങനെ തന്നെ കിടക്കുകയും ചെയ്തു..കഥ ഇങ്ങനെ...ഡോറ - ബ്രസീലിലെ റിയോയിൽ ഉള്ള സെൻട്രൽ സ്റ്റേഷനിൽ അക്ഷരാഭ്യാസം ഇല്ലാത്തവർക്കായി കത്തുകൾ എഴുതി കൊടുത്തു ജീവിക്കുന്നു..പലരും അവരുടെ കഷ്ട്ടതകളും സുഖങ്ങളും നേട്ടങ്ങളും എല്ലാം ഉറ്റവരെ അറിയിക്കുന്നത് ഡോറ വഴി ആണ് ...എന്നാൽ ഡോറ അവരെയെല്ലാം വെറും ശല്യങ്ങൾ ആയി ആണ് കരുതുന്നത്..പ്രതീക്ഷകളോടെ അവരെ കൊണ്ട് എഴുതിക്കുന്ന എഴുത്തുകൾ പലപ്പോഴും അവർ അയക്കാറുമില്ല ..തികച്ചും നിരാശ ജനകം ആണു അവരുടെ ജീവിതം..കുട്ടികളും ഭർത്താവും ഒന്നുമില്ലാതെ ജീവിക്കുന്ന അവർക്ക് കൂട്ടായുള്ളത് മരിലിയ പെരേ അവതരിപ്പിക്കുന്ന ഐറിൻ ആണ് ..ദിവസവും കിട്ടുന്ന എഴുത്തുകൾ വായിച്ചു നോക്കി അവരെ കുറിച്ച് പരദൂഷണം പറയുന്നത് ആണ് ഡോറയുടെ പ്രധാന വിനോദം..ഒരിക്കൽ അവരുടെ അടുത്ത് എഴുത്ത് എഴുതാനായി ഒരു സ്ത്രീയും കുട്ടിയും എത്തുന്നു...അവരിൽ നിന്നും അകന്നു കഴിയുന്ന ഭർത്താവിന് വേണ്ടി ആയിരുന്നു ആ എഴുത്ത്...അച്ഛനെ കാണാനായി കൊതിക്കുന്ന ആ 9 വയസ്സുകാരന് വേണ്ടി ഉള്ള എഴുത്തുകൾ..ആദ്യത്തെ പ്രാവശ്യം ഡോറ എഴുത്ത് എന്നത്തേയും പോലെ അയക്കുന്നില്ല..ഒരിക്കലും വരാത്ത ഒരു മുഴുക്കുടിയന് വേണ്ടിയുള്ള എഴുത്ത് ആവശ്യമില്ലാത്തത് ആണെന്നാണ്‌ അവരുടെ അഭിപ്രായം..എന്നാൽ അടുത്ത ദിവസവും ആ അമ്മയും കുട്ടിയും ഡോറയുടെ അടുക്കൽ വരുന്നു..അന്നും പതിവ് പോലെ എഴുത്ത് എഴുതിപ്പിക്കുന്നു..എന്നാൽ അന്നൊരു അപകടത്തിൽ ആ കുട്ടിയുടെ അമ്മ മരിക്കുന്നു..ജോസുവെ എന്നായിരുന്നു അവന്റെ പേര്..

ഡോറ പിന്നീട് അവൻറെ സംരക്ഷണം ഏറ്റെടുക്കുന്നതായി ഭാവിച്ചു അവനെ അവയവ മോഷ്ട്ടാക്കളുടെ അടുക്കൽ എത്തിക്കുന്നു..എന്നാൽ വീണ്ടു വിചാരം ഉണ്ടായ അവർ അവനെ അവിടെ നിന്നും രക്ഷിക്കുന്നു....അവൻറെ ഏറ്റവും വലിയ ആഗ്രഹം അച്ഛനെ കാണണം എന്നതാണു..പ്രായശ്ചിത്തം എന്നോണം അവർ അവനെ അച്ഛന്റെ അടുക്കലേക്കു എത്തിക്കാൻ തീരുമാനിക്കുന്നു..ശേഷം അവർ യാത്ര തിരിക്കുന്നു...പിന്നീട് അവർ നടത്തുന്ന യാത്രയും അതിലെ കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ...കാശില്ലാതിരുന്നപ്പോൾ അവർ കാണിക്കുന്ന കൊച്ചു കൊച്ചു കള്ളങ്ങളും ആയി മുന്നോട്ടു പോകുന്ന അവർക്ക് അവസാനം എന്ത് സംഭവിച്ചു എന്നതാണു കഥ....

ഇതിൽ ഡോറ ആയി അഭിനയിക്കുന്ന Fernando Montenegro യും ജോസുവേ ആയി അഭിനയിക്കുന്ന Vinicius De Olivieraയും ഉജ്ജ്വലമായാണു തങ്ങളുടെ ഭാഗങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്..അവർ തമ്മിൽ ഉള്ള അഭിനയ മുഹൂർത്തങ്ങൾ മികച്ചതായിരുന്നു..ആരോരും ഇല്ലാതെ നിരാശയിൽ ജീവിക്കുന്ന ഡോറയും തന്റെ അച്ഛനാണ് ലോകത്തിൽ വച്ച് ഏറ്റവും നല്ലതെന്ന് കരുതുന്ന 9 വയസ്സുകാരൻ ജോസുവയും സിനിമ അവസാനിക്കുമ്പോൾ ഒരു ചെറു തേങ്ങലായി മനസ്സിൽ തങ്ങി നിൽക്കുക തന്നെ ചെയ്യും.. നല്ല സിനിമയെ ഇഷ്ട്ടപെടുന്നവർക്കായി സമർപ്പിക്കുന്നു ...തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം..പശ്ചാത്തല സംഗീതം രംഗങ്ങൾക്ക് കൂടുതൽ മിഴിവേകുന്നു...

NB:- ഇതിൽ അരോചകം ആയി തോന്നിയത് പല ഹോളിവുഡ് സിനിമകളിലും ഇന്ത്യയെ വളരെ അപരിഷ്കൃതവും വിദ്യാഭ്യാസം കുറഞ്ഞവരും ചേരികളിൽ താമസിക്കുന്നവരും ആയിട്ടാണ്..ഏകദേശം അത് പോലെ തന്നെ ആണ് ബ്രസീലിലെ പ്രശസ്ത നഗരമായ റിയോ ഡി ജെനേരിയോയെയും ചിത്രീകരിച്ചിരിക്കുന്നത് ...എത്ര ആലോചിച്ചിട്ടും എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് മനസ്സിലാകുന്നില്ല 

After City of God,this is surely one of my favorite flick from Brazil...The power of this movie lasted in me for the last 3 years after watching the half..My rating to this movie is 9/10...This is surely a nice watch for movie lovers!!

RUBY SPARKS (2012,ENGLISH)



RUBY SPARKS (2012,ENGLISH)

" മാജിക്കൽ റിയലിസം " എന്ന ഫാന്റസി വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രമാണ് റൂബി സ്പാർക്സ് ..ഒരാളുടെ ഭാവനയിൽ വിരിയുന്ന കഥാപാത്രങ്ങൾക്ക് ജീവൻ വയ്ക്കുക...ഉത്ഭവം അയാളുടെ ഭാവനയിൽ മാത്രം...ജീവിതവും അത് പോലെ.. അവസാനവും അത് പോലെ ...ഭാവനയിൽ വിരിയുന്ന യന്ത്ര മനുഷ്യൻ എന്ന് പറയാം..അതാണ്‌ മാജിക്കൽ റിയലിസം ...മലയാളത്തിൽ ഈ അടുത്തായി ഇറങ്ങിയ "നത്തോലി ചെറിയ മീനല്ല " ഈ ഗണത്തിൽ പെടുത്താവുന്നതാണ് ....ഒരാൾ എഴുതുന്ന കഥയിൽ മറ്റുള്ളവർ ജീവിക്കുന്നു ..അത്തരത്തിൽ ഒരു ചിത്രമാണ് റൂബി സ്പാർക്സും ....

കഥ ഇങ്ങനെ...എഴുതാൻ പുതിയ കഥ ഒന്നുമില്ലാതെ ഇരുന്ന കാൽവിൻ സ്വപ്നത്തിൽ ഒരു പെണ്‍ക്കുട്ടിയെ കാണുന്നു...അവളെ അവൻ തന്റെ പുതിയ കഥയിൽ അവതരിപ്പിക്കുന്നു...പക്ഷെ ഒരു ദിവസം അവൾ തന്റെ വീട്ടിൽ നില്ക്കുന്നത് കണ്ടു അമ്പരക്കുന്നു ....കഥ എഴുതുന്നതിൽ പ്രശസ്തൻ ആണെങ്കിലും ഒരു അന്ത:മുഖനും അത് പോലെ സുഹൃത്തുക്കൾ ഒന്നുമില്ലാതെ ആണ് കാൽവിൻ ജീവിക്കുന്നത്..ആകെ ഉള്ള സുഹൃത്ത്‌ സഹോദരൻ ഹാരി മാത്രം...ആദ്യം നടക്കുന്നത് വിശ്വസിക്കാൻ ആകാതെ കാൽവിൻ പിന്നീട് യഥാർത്ഥ ലോകത്തിൽ സംഭാവിക്കന്ന കാര്യം ആണെന്നു മനസിലാകുന്നതോട് കൂടി അവന്റെ ജീവിതം മാറുന്നു...റൂബിയും കാൽവിനും സന്തോഷമായി ജീവിക്കുന്നു.... സത്യം റൂബി അറിയുന്നുമില്ല...തന്റെ ജീവിതം കാൽവിന്റെ ഭാവന മാത്രം ആണെന്ന് ..നല്ല രീതിയിൽ പോയിരുന്ന അവരുടെ ജീവിതത്തിൽ ചില താള പിഴകൾ സംഭവിക്കുന്നതോട് കൂടി അവൻ റൂബിയെ എഴുതി തന്റെ വരുതിയിൽ ആക്കാൻ ശ്രമിക്കുന്നു...അതിനെ തുടർന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങൾ ആണ് Ruby Sparks ......

എഴുത്തിനനുസരിച്ചു മാറ്റാവുന്ന ജീവിതവും,കാമുകിയും എല്ലാം എത്ര സുന്ദരംആണ് ???ഒരിക്കലും വഴക്കുണ്ടാകാതെ ..ഒരിക്കലും പിണങ്ങാതെ നമ്മുടെ നിയന്ത്രണത്തിൽ തന്നെ ചലിക്കുന്ന ഒരു ജീവിതം...അതെത്ര സുന്ദരം ആണെങ്കിലും ആ കഥാപാത്രങ്ങൾ എല്ലാം നമ്മുടെ അടിമ ആയിരിക്കും..അവർക്ക് സ്വന്തമായി ഒന്നും കാണില്ല..അവരുടെ പുഞ്ചിരി പോലും നമ്മുടെ അടിമ ആയിരിക്കും ..അത്തരത്തിൽ ഉള്ള അവസ്ഥയെ നേരിടേണ്ടി വരുന്ന എഴുത്തുകാരനും ..അവന്റെ കഥാപാത്രവും ആണ് ഇതിലെ പ്രധാന കഥാ പാത്രങ്ങൾ ...

ഇതിലെ നായിക് റൂബി സ്പാർക്സ് ആയി അഭിനയിക്കുന്ന Zoe Kazan ന്റെ ആണു കഥ...നായകനായി പോൾ ഡാനോ യും ..ചെറിയ ഒരു വേഷത്തിൽ Antonio ബന്ടെരാസ് ഉം അഭിനയിക്കുന്നു....മികച്ച ചിത്രം എന്ന് പറയാൻ പറ്റില്ല ..എങ്കിലും ഭാവനയുടെ സാധ്യതകളെ വളരെയധികം പ്രയോജനപ്പെടുത്തിയ മനോഹരമായ ഒരു സിനിമ ആണു റൂബി സ്പാർക്സ് ...സമാന ഗതിയിൽ ഇറങ്ങിയ" അമേ"ലി ",മിഡ്നയിറ്റ് ഇന് പാരിസ്","ആലീസ്" തുടങ്ങിയ സിനിമകളോട് ഒപ്പം നില്ക്കാവുന്ന ഒരു ചിത്രം ആണ് റൂബി സ്പാർക്സ് ..

This movie impressed me with the way it was made...completely in a comedy back ground with a cute love story and filled with loads of imagination...The problems of this imaginary world is also well narrated in this movie..Good work by the writer,the heroine herself and by the director Jonathan and Valerie......This will be in one of my modern day favorite movies....My rating is 8/10....If you can imagine such a thing in life..go for it...It's a nice watch!!!

THE ELEPHANT MAN (1980,ENGLISH,B&W)



THE ELEPHANT MAN (1980,ENGLISH,B&W)

ഇതൊരു ബുദ്ധി ജീവി ചിത്രമല്ല..ആർകും മനസിലാകുന്ന മനുഷ്യത്വം എന്ന വികാരം ഉള്ള എല്ലാവര്ക്കും ഈ ചിത്രം ആസ്വാദ്യകരം ആയിരിക്കും .. കറുപ്പും വെളുപ്പും നിറത്തിൽ ചാലിച്ച മനോഹരമായ ചിത്രം...8 ഓസ്കാർ പുരസ്കാര നോമിനേഷനും BAFTA അവാർഡ് ഉൾപ്പടെ നിരവധി പുരസ്ക്കാരങ്ങളും നേടിയ പ്രശസ്തമായ ചിത്രം...ഒരു സുഹൃത്തിന്റെ നിര്ദേശ പ്രകാരം ഈ ചിത്രം കാണുമ്പോൾ പേരു സൂചിപ്പിക്കുന്നത് പോലെ ഒരു fiction ചിത്രമാണ് ഞാൻ പ്രതീക്ഷിച്ചത്..എന്നാൽ എന്റെ പ്രതീക്ഷകൾക്ക് വിരുദ്ധമായി മനുഷ്യത്വം എന്നാ വികാരത്തിന്റെ സൌന്ദര്യം ആണ് ഇതിൽ ഞാൻ കണ്ടത്...

ഹാന്നിബ്ബാൾ ലെക്ടർ എന്ന ക്രൂരനായ ഡോക്ടർ കഥാപാത്രത്തെ അനശ്വരമാക്കിയ ആന്റണി ഹോപ്കിന്സിന്റെ മനുഷ്യ സ്നേഹിയായ ഒരു ഡോക്ടർ കഥാപാത്രം ,ജോണ്‍ മെറിക് അഥവ " Elephant Man " എന്ന കഥാപാത്രമായി ജോണ്‍ ഹർടും മത്സരിച്ചുള്ള അഭിനയം ആണ് ഈ ചിത്രത്തെ അനശ്വരം ആക്കിയത് ...കഥ ഇങ്ങനെ..4 മാസം ഗർഭിണിയായിരിക്കെ കാട്ടാന കൂട്ടത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ സുന്ദരി ആയ അമ്മയ്ക്കുണ്ടായ വിരൂപിയായ മകൻ..എല്ലാവരാലും വെറുക്കപ്പെട്ടവനും ഉപേക്ഷിക്കപ്പെട്ടവനും ആയ അവൻ ലണ്ടനിലെ ഒരു കാർണിവലിൽ ഒരു പ്രദർശന വസ്തു ആയി ബയിട്സ് എന്നാ ആളുടെ അടിമയായി ജീവിക്കുന്നു...കണ്ണാടിയിൽ സ്വന്തം രൂപം നോക്കാൻ ഭയമുള്ള ആന മനുഷ്യൻ ആയ ജോണ് മെറിക് ആണു ബയിറ്റ്സിന്റെ കച്ചവടത്തിലെ മൂലധനം...ഒരു പ്രത്യേക സാഹചര്യത്തിൽ ലണ്ടൻ ഹോസ്പിറ്റലിലെ ഡോക്ടർ ആയ ട്രെവേസ് കാണുന്നു ...അതോടു കൂടി മെറികിന്റെ ജാതകം മാറുന്നു ...മനുഷ്യ സ്നേഹികളായ ഒരു കൂട്ടം ആളുകളുടെ അടുതെതുന്നതോട് കൂടി മെറിക് സ്നേഹത്തിന്റെ പുതിയ ഒരു ലോകം കാണുന്നു..അവിടെ എല്ലാവരും അവനെ ഒരു മനുഷ്യൻ ആയി അംഗീകരിക്കുന്നു ...ട്രെവേസിന്റെ ഭാര്യ ,കെൻഡൽ എന്നാ പ്രശസ്ത ആയ നാടക നടി ,മതേർസ് ഹെഡ് ,നോറ എന്നീ നേഴ്സുമാർ ,ഇംഗ്ലണ്ടിലെ രാജ്ഞി പോലും അവിടത്തെ ആ നിർഭാഗ്യവാനായ മനുഷ്യനോടു അനുകമ്പ കാണിച്ചു..എന്നാൽ വിധി വീണ്ടും അവനു എതിരായിരുന്നു...വീണ്ടും അവൻ ക്രൂരത ഉള്ള ലോകത്തിലെ പ്രദർശന വസ്തു ആയി മാറുന്നു..ആ പീഡനങ്ങൾ അവനെ മരണത്തോട് അടുപ്പിക്കുന്നു...എന്നാൽ ദൈവത്തിന്റെ ക്രൂരതയാൽ വൈരൂപികളായ വേറെ ഒരു കൂട്ടം മനുഷ്യർ അവനെ വീണ്ടും രക്ഷിക്കുന്നു ...വേറെ ഒരു ലോകത്തിൽ എത്തി ചേർന്ന അവൻ അവസാനം ഭയചകിതരായ മനുഷ്യരുടെ അടുത്ത് നിന്നും കാരുണ്യം നിറഞ്ഞ ആ സുന്ദര ലോകത്തില തിരിച്ചെത്തുന്നു....അവന്റെ നാളുകൾ അവസാനിക്കാറായി എന്ന് മനസിലാക്കിയ അവർ അവനിഷ്ട്ടപെട്ട ..എന്നാൽ ഒരിക്കലും കണ്ടിട്ടില്ലാത്ത നാടകം കാണിക്കാനായി കൊണ്ട് പോകുന്നു..തന്റെ മരണം ആയി എന്നറിഞ്ഞിട്ടാണോ എന്നറിയില്ല...അവന്റെ ഏറ്റവും വലിയ അഭിലാഷമായ നിവർന്നു കിടക്കയിൽ എന്ന ആഗ്രഹം അവൻ ചെയ്യുന്നു..ശരീരത്തിന്റെ പ്രത്യേക രൂപ നിർമിതി മൂലം ഒരിക്കലും അവനു അതിനു സാധിച്ചിരുന്നില്ല ..ആ ഉറക്കത്തിൽ അവൻ സന്തോഷമായി മരണത്തെ പുൽകുന്നു ..തന്നെ മനുഷ്യൻ ആയി ലോകം അംഗീകരിച്ചിരിക്കുന്നു എന്ന സന്തോഷത്തോടു കൂടി...

"Never, never! Nothing will die
The stream flows, the wind blows,
the cloud fleets, the heart beats"

എന്ന് അവന്റെ അമ്മ ഏതോ ലോകത്തിൽ ഇരുന്നു പറയുന്നിടത്ത് അവന്റെ ജീവിതം അവസാനിക്കുന്നു ...."I am not an elephant! I am not an animal! I am a human being! I am a man!" എന്ന് കരഞ്ഞിരുന്ന ഒരു മനുഷ്യന് ഇതിൽ കൂടുതൽ മനോഹരാമായ ഇതു മരണം ആണു ലഭിക്കുക??

ഇതിലെ എല്ലാ കഥാപാത്രങ്ങളും സിനിമ കഴിഞ്ഞാലും മനസ്സിൽ തങ്ങി നിൽക്കും ....എന്തായാലും നല്ല ഒരു സിനിമ കണ്ടത്തിൽ എനിക്ക് സന്തോഷം....I don't know how much this review have any impact on anyone to watch this movie..but still it's highly recommendable to watch...when you get a chance to free your mind and see beautiful part of humanity,you can go for this...

You will feel sorry to know that there actually lived a man with this deformity..

Beware:-This flick don't have the glorious,rich background of Hollywood films...But this really do have the part did by the greats of the industry..Excellent acting,an ice melting story flooded with excellent direction and all...I will rate it 9/10..I am sure watching this won't be a boring experience...

1995. Drop ( English, 2025)