Monday, 19 December 2022

1622. Taxi Driver (English, 1976)

 

1622. Taxi Driver (English, 1976)
         Psychological Thriller, Drama. Streaming on Netflix



ട്രാവിസ് ബിക്കിളിനെ കുറിച്ച് പറയാൻ ഏറ്റവും എളുപ്പം റോജർ എബർട്ട് അദ്ദേഹത്തിന്റെ റിവ്യൂവിൽ എഴുതിയ വാക്കുകൾ ഉപയോഗിച്ച് ആണ്‌. റോഡ് മുറിച്ചു കടക്കാൻ താൽപ്പര്യം ഇല്ലാത്ത വൃദ്ധയെ താൻ എന്തോ വലിയ കാര്യമാണ് ചെയ്തത് എന്ന് വിശ്വസിച്ചു റോഡ് മുറിച്ചു കടത്തുന്ന ആൾ. അതാണ്‌ ട്രാവിസും ചെയ്യുന്നത്. ഇൻസോംനിയ കാരണം രാത്രി ഉറക്കം ഇല്ലാത്തത് കൊണ്ട് തനിക്കു ഏറ്റവും യോജിച്ച ജോലി രാത്രിയിൽ ടാക്സി ഓടിക്കുന്നത് ആണെന്ന്  ട്രാവിസ് കണ്ടെത്തുന്നു. അയാളുടെ കണ്ണിൽപ്പെടുന്ന രണ്ട് സ്ത്രീകൾ അപകടത്തിൽ ആണെന്ന് വിശ്വസിക്കുകയും അവരെ രക്ഷപ്പെടുത്താൻ അവർക്കു താൽപ്പര്യം ഇല്ലാതിരുന്നിട്ട് കൂടി ശ്രമിക്കുകയും ചെയ്യുന്നു.

  തന്റെ നഗരത്തിനെ കാർന്നു തിന്നുന്ന എല്ലാത്തരം മാലിന്യങ്ങളെയും നശിപ്പിക്കണം എന്ന് കരുതുന്ന, ഒരു പക്ഷെ സ്വയം ഒരു രക്ഷകൻ വേഷം അണിയാൻ ആണ്‌ ട്രാവിസ് ശ്രമിക്കുന്നതും. ട്രാവിസ് സാമൂഹികമായുള്ള ബന്ധങ്ങൾ നിർമിച്ചു എടുക്കുന്നതിൽ വലിയ പരാജയം ആണ്‌. അല്ലെങ്കിൽ തനിക്ക് ഇഷ്ടപ്പെട്ട സ്ത്രീയെ സിനിമയ്ക്ക് വിളിച്ചിട്ടു xxx ചിത്രം പ്രദർശിപ്പിക്കുന്ന തിയറ്ററിൽ കൊണ്ട് പോകുമോ? അയാൾ ശരിക്കും ഒരു മായാ ലോകത്തിൽ ആണ്‌. തന്റെ ചുറ്റും ഉള്ളവരെ ആ ലോകത്തിലേക്കു എത്തിക്കാൻ അയാൾ ശ്രമിക്കുന്നും ഉണ്ട്.

തമാശയ്ക്ക് ജോലി ഇല്ലാതെ ഇരിക്കുന്ന ആൾ താൻ യഥാർത്ഥത്തിൽ സീക്രട്ട് സർവീസിൽ ജോലി ചെയ്യുന്നു എന്ന് പറഞ്ഞാൽ എങ്ങനെ ഇരിക്കും? ട്രാവിസും അങ്ങനെ എല്ലാം സ്വയം വിശ്വസിക്കുകയാണ്  താൻ സീക്രട്ട് സർവീസിൽ ആണെന്ന്. അല്ലെങ്കിൽ അയാൾ അങ്ങനെയും സ്വയം പരിചയപ്പെടുത്തുകയാണ്. ട്രാവീസിന്റെ ഏകാന്ത ജീവിതത്തിൽ അയാൾ മനസ്സിൽ സങ്കൽപ്പിച്ചു നിർമിക്കുന്ന ശത്രുക്കളും ഇരകളും എല്ലാം അയാളുടെ ജീവിതത്തിന്റെ ഭാഗം ആവുകയാണ് പതുക്കെ.

മാർട്ടിൻ സ്ക്കോർസി മൈക്കിൾ ചാപ്മാൻറെ ഒപ്പം സൃഷ്ടിച്ച ദൃശ്യവിന്യാസത്തിലെ പുതുമകളുടെ എല്ലാം മുന്നിൽ നിൽക്കുന്ന കഥാപാത്ര സൃഷ്ടി ആണ്‌ Taxi Driver ലെ ട്രാവിസ് ബിക്കിൾ.എക്കാലത്തെയും എനിക്കിഷ്ടപ്പെട്ട മികച്ച സിനിമകളിൽ ഒന്നായി Taxi Driver മാറാൻ കാരണവും അതാണ്‌ . Taxi Driver കോളേജ് കാലഘട്ടത്തിൽ കാണുമ്പോൾ A Clockwork Orange, The Shining എന്നിവ പോലെയൊക്കെ കഥാപാത്ര സൃഷ്ടിയിൽ പ്രാധാന്യം കൊടുത്ത ക്ലാസിക്കുകൾ ആയിട്ട് കണക്കാക്കാൻ ആണ്‌ ഇഷ്ടപ്പെട്ടത്. ഇന്നും ആ കാഴ്ചപ്പാടിൽ മാറ്റം ഇല്ല.ഡി നീറോയെ കുറിച്ച് ഒന്നും പറയാനില്ല. ഈ ചിത്രത്തിൽ ട്രാവിസ് ബിക്കിളിനെ കാണാൻ മാത്രമേ സാധിച്ചുള്ളൂ. അതാണ്‌.

വീണ്ടും കാണുമ്പോൾ/ കണ്ടപ്പോൾ ട്രാവിസ് ബിക്കിൾ സമൂഹത്തിനു അപകടകാരി ആണോ അതോ മാനസികാരോഗ്യം ആകെ താറുമാറായ, സഹായം കിട്ടാത്ത ഒരു മനുഷ്യൻ ആണോ എന്ന് മാത്രം പൂർണമായും മനസ്സിലാകാതെ നിൽക്കുന്നുണ്ട്.

വളരെയധികം ഇഷ്ടപ്പെട്ട ചിത്രം എന്ന നിലയിൽ 5/5 ൽ കുറഞ്ഞത് ഒന്നും റേറ്റിങ് ആയി കൊടുക്കാൻ മനസ്സ് സമ്മതിക്കുകയും ഇല്ല.

Taxi Driver കാണാത്തവർക്ക് ടെലിഗ്രാം ലിങ്ക്  കൊടുക്കുന്നു.

t.me/mhviews1

Taxi Driver ലെ ട്രാവിസ് ആരാധകർ ഉണ്ടോ ഇവിടെ?

1621.God's Crooked Lines (Spanish, 2022)

 1621.God's Crooked Lines (Spanish, 2022)

       Psychological Thriller: Streaming on Netflix.



    ആലീസ് മാനസിക പ്രശ്നങ്ങൾ ഉള്ളവരെ ചികിൽസിക്കുന്ന ആശുപത്രിയിലേക്ക് കടന്ന് ചെല്ലുന്നതു ഒറ്റയ്ക്കാണ്. പ്രശസ്തരായ രണ്ട് ഡോക്റ്റർമാരുടെ റെഫെറൻസ് അനുസരിച്ചു അവൾ സ്വയം അഡ്മിറ്റ് ആവുകയാണ്. എന്നാൽ ആലീസ് അവിടെ എത്തിയതിനു മറ്റൊരു ഉദ്ദേശം ഉണ്ടായിരുന്നു. ഒരു കൊലപാതകത്തെ കുറിച്ചുള്ള വിവരം അറിയാൻ വേണ്ടി ആണ്‌ അവൾ അവിടേക്കു വന്നത്. അവൾ തന്റെ അന്വേഷണം രഹസ്യമായി നടത്തുന്ന സമയത്ത് ആണ്‌ മറ്റൊരു കാര്യം സംഭവിക്കുന്നത്. ആലീസിന് കൊലപാതകം അന്വേഷിക്കാൻ വേണ്ടി ആശുപത്രിയിൽ ഒരു രോഗിയായി കയറാൻ വേണ്ടി എഴുത്തുകൾ കൊടുത്ത ഡോക്റ്റർമാർക്ക് അവളെ അറിയില്ല എന്ന്. യഥാർത്ഥത്തിൽ എന്താണ് അവിടെ സംഭവിച്ചത്? ആലീസ് കള്ളം പറയുക ആണോ അതോ മറ്റുള്ളവരോ?


       ഒറിയോൾ പോളോയുടെ ആരാധകർക്കു അറിയാം അദ്ദേഹത്തിന്റെ കഥകളിൽ മിസ്റ്ററി അവതരിപ്പിക്കുന്ന രീതി. കഥയിലെ ഓരോ കഥാപാത്രവും പ്രേക്ഷകന്റെ സംശയത്തിന്റെ ദൃഷ്ടിയിൽ തന്നെ ആയിരിക്കും ക്ലൈമാക്സ്‌ ആകുന്നതു വരെയും. അതും പലപ്പോഴും തീരെ പ്രാധാന്യം ഇല്ല എന്ന് തോന്നുന്ന കഥാപാത്രം ആയാൽ പോലും. ശരിക്കും അയാൾ ഒരു കൺക്കെട്ടു വിദ്യ ആണ്‌ തന്റെ കഥകളിൽ നടത്തുന്നത്. പ്രേക്ഷകന്റെ ശ്രദ്ധ തിരിച്ചു വിട്ടു കൊണ്ട് മിസ്റ്ററി അവതരിപ്പിക്കുന്നു.അത് തന്നെയാണ് ഇവിടെയും ചെയ്തിരിക്കുന്നത്.


  പല കഥാപാത്രങ്ങളും പ്രേക്ഷകന്റെ മുന്നിൽ സംശയത്തിൽ ആണ്‌. ആ സംശയങ്ങൾ ആണ്‌ സിനിമയെ മികച്ചത് ആക്കുന്നതും. അത് അവസാന രംഗത്തിൽ വരെ തുടരുകയും ചെയ്യുന്നു. ശരിക്കും പോളോയുടെ കഥകൾ അത്തരത്തിൽ ആണ്‌. ഈ സിനിമയിൽ Los renglones torcidos de Dios എന്ന Torcuato Luca de Tena യുടെ നോവലിനെ ആസ്പദമാക്കിയാണ് ഒറിയോൾ പോളോ സംവിധാനവും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.ഒറിയോൾ പോളോയുടെ കൈമുദ്ര പതിഞ്ഞിട്ടുള്ള സിനിമ അവതരണം ആണ്‌ ഇവിടെയും. പ്രത്യേകിച്ചും പ്രേക്ഷകൻ പ്രതീക്ഷിച്ചിരിക്കുന്ന കഥാഗതി ആണ്‌ ഇവിടെയും. പ്രേക്ഷകൻ,ഇങ്ങനെ ആയിരിക്കും എന്ന് ചിന്തിക്കുന്നിടത്തു നിന്നും നമുക്ക് അത്ഭുതങ്ങൾ തന്ന് കൊണ്ടിരിക്കും.


  കണ്ടു നോക്കുക. ഒരു സ്ലോ പേസ്ഡ് സൈക്കോളജിക്കൽ ത്രില്ലർ ആണ്‌. രണ്ട് കാലഘട്ടം സിനിമയിൽ കാണിക്കുന്നത് ഇടയ്ക്ക് കുഴപ്പിക്കുന്നും ഉണ്ട് കഥയിൽ. നേരത്തെ പറഞ്ഞ കൺക്കെട്ടു വിദ്യ ആണ്‌ അത്.ഇവിടെ അത് നല്ലത് പോലെ ഉപയോഗിക്കുന്നും ഉണ്ട്.


 സിനിമയുടെ ചെറിയ ഒരു റേറ്റിങ് :4/5


സിനിമയുടെ ഡൌൺലോഡ് ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.


God's Crooked Lines കണ്ടവർക്ക് സിനിമ ഇഷ്ടപ്പെട്ടിരുന്നോ? അഭിപ്രായങ്ങൾ പങ്ക് വയ്ക്കുമല്ലോ? 


 

Saturday, 17 December 2022

1620. Avatar: The Way of Water (English, 2022)

 1620.  Avatar: The Way of Water (English, 2022)

          Action , Sci- Fi



 മൂന്നു മണിക്കൂറിൽ കൂടുതൽ ഉള്ള സിനിമ. അതും ഇന്റർവെൽ പോലും ഇല്ലാതെ ഒറ്റ ഇരുപ്പിന് കാണുക. മുതിർന്നവർ മാത്രം അല്ല. കുട്ടികളും. Visual Magic കൊണ്ട് സ്‌ക്രീനിൽ തന്നെ ശ്രദ്ധിക്കണം ഓരോ പ്രേക്ഷകനും എന്ന ഉദ്ദേശത്തോടെ എടുത്ത ചിത്രം. അതാണ്‌ Avatar: The Way of Water. ജയിംസ് കാമറൂൺ എന്തൊരു സംഭവം ആണെന്ന് പറഞ്ഞ നമ്മുടെ ഒക്കെ തലമുറയുടെ അടുത്ത തലമുറകളും ഇതു തന്നെ പറയും എന്ന് ഉറപ്പിച്ചു പറയാവുന്ന ചിത്രം.


സയൻസ് ഫിക്ഷൻ മുതൽ സിനിമ പല ഴോൻറെയിൽ കൂടി സഞ്ചരിക്കുമ്പോഴും ആദ്യ ഭാഗം തന്ന അതേ സംതൃപ്തി രണ്ടാം ഭാഗത്തിലും കിട്ടുക എന്ന് പറഞ്ഞാൽ അധികം ആകില്ല. ഇത്രയും വലിയ ഒരു ഹൈപ്പിനോട് നീതി പുലർത്തുക എന്നൊക്കെ പറഞ്ഞാൽ എന്ത് മാത്രം ബുദ്ധിമുട്ടാകും? അത്രയും വലിയ ബെഞ്ച്മാർക് ആണല്ലോ ആദ്യ ഭാഗം ഉണ്ടാക്കി വച്ചതും?


 ജേക്ക് സല്ലിയുടെ ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ സംഭവിച്ചു. ഇന്ന്‌ അയാൾ തന്റെ ഗോത്രത്തിന്റെ ചീഫ് ആണ്‌. കുടുംബസ്ഥൻ ആണ്‌. പിതാവും ആണ്‌. തനിക്കെതിരെ, താൻ നില കൊണ്ട ആദർശങ്ങൾക്ക് എതിരെ വീണ്ടും ശത്രുക്കൾ അണി നിരക്കുന്നു. തന്റെ കുടുംബത്തെ രക്ഷിക്കേണ്ട ചുമതലയും അയാൾക്കാണ്. അതിനായി തുടങ്ങുന്ന യാത്ര നമ്മളെ കൊണ്ടെത്തിക്കുന്നത് കൊതിയോടെ സ്‌ക്രീനിൽ നോക്കി ഇരിക്കാൻ തക്ക മനോഹരമായ ദൃശ്യ ഭംഗിയിലേക്ക് ആണ്‌.അതാണ്‌ സിനിമയുടെ കഥയും.


എത്ര മനോഹരമായ ഭാവന ആണ്‌ ഓരോ കാഴ്ചയും? കൊതി തോന്നി പോകും. യഥാർത്ഥത്തിൽ ഭൂമിയിൽ അങ്ങനെ ഒരു സ്ഥലം ഉണ്ടായിരുന്നെങ്കിൽ എന്നൊക്കെ ഓർത്ത്. നല്ല ശക്തമായ ഒരു കഥ സിനിമയ്ക്കുണ്ട്. വെറുതെ തട്ടി കൂട്ടൽ അല്ലായിരുന്നു. മുന്നോട്ടു വരുന്ന ഭാഗങ്ങളിലേക്ക് കഥാപത്രങ്ങളെ ഡെവലപ്പ് ചെയ്തു തന്നെയാണ് ഈ രണ്ടാം ഭാഗം അവതരിപ്പിച്ചതും. കഥ എന്ന് പറയുമ്പോൾ മിസ്റ്ററി - ഡാർക്ക്‌ ത്രില്ലർ ഒന്നും അല്ല കേട്ടോ. ഇത്തരത്തിൽ ഉള്ള ഒരു സിനിമയ്ക്ക് പറ്റുന്ന കഥ. ആദ്യ ഭാഗം വിയറ്റ്‌നാം കോളനി ആണെന്ന് പറഞ്ഞവരെ ഓർമിപ്പിക്കുന്നുണ്ട് ഈ ഭാഗത്തിലെ കഥ വേറെ എന്തൊക്കെയോ ആണെന്ന് പറഞ്ഞവരെ.എന്റെ എട്ടും, നാലും, രണ്ടും വയസ്സുള്ള കുട്ടികൾ സിനിമ അലമ്പ് ഉണ്ടാക്കാതെ മൊത്തത്തിൽ ഇരുന്നു കണ്ടത് തന്നെ വളരെയധികം സന്തോഷം തന്ന്.എനിക്ക് സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് കിരി എന്ന കഥാപാത്രം ആണ്‌. ധാരാളം സാധ്യതകൾ ഉള്ള സ്വഭാവം ഉള്ള ഒരു കഥാപാത്രം ആണ്‌ അവൾ. മുന്നോട്ടുള്ള സിനിമകളിൽ അവളുടെ സ്വാധീനം നല്ലത് പോലെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.


എന്തായാലും predictable ആയിരുന്നെങ്കിലും ചില ചെറിയ മാസ് സീനുകൾ, ഇമോഷൻസ് തുടങ്ങി ഒരു സിനിമ എങ്ങനെ ഒക്കെ മനുഷ്യനെ രസപ്പെടുത്തുമോ അത്തരത്തിൽ നോക്കിയാൽ മികച്ച സിനിമയാണ് Avatar: The Way of Water. എന്റെ റേറ്റിങ് എനിക്ക് ഒരു സിനിമ കണ്ടു കഴിയുമ്പോൾ എന്ത് മാത്രം സംപ്തൃപ്തി നൽകി എന്നതിനെ അനുസരിച്ചു ആണ്‌.


അത്തരത്തിൽ ഒരു സ്കെയലിൽ നോക്കിയാൽ എന്റെ റേറ്റിങ് 5/5 ആണ്‌. പല അഭിപ്രായം ഉള്ളവരും ഉണ്ടാകും. എന്റെ സിനിമ കാഴ്ചയെ എങ്ങനെ satisfy ചെയ്തു എന്നതിനാണ് ഈ ഒരു സ്കോർ.


സിനിമ കണ്ടവയുടെ അഭിപ്രായം പങ്ക് വയ്ക്കുമല്ലോ?


1619. Avatar (English, 2009)

 1619. Avatar (English, 2009)

        Streaming on Disney+



സിനിമയെ കുറിച്ച് ഒരു റിവ്യൂ അല്ല ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചത്. അതിന്റെ ആവശ്യം ഒന്നും ഇപ്പോഴില്ലലോ. Avatar കാണാത്തവർ തന്നെ ചുരുക്കം ആയിരിക്കുമല്ലോ? എന്നാൽ എന്റെ അവസ്ഥ അതല്ലായിരുന്നു.സിനിമ ഇറങ്ങി വർഷങ്ങൾക്കു ശേഷം 2022 ൾ ആണ്‌ ആദ്യ ഭാഗം കാണുന്നത്. എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് കണ്ടില്ല റിലീസ് ആയ സമയത്ത് എന്നതാണ് സത്യം. 'വിയറ്റ്നാം കോളനി' യുടെ കഥ ആണെന്നൊക്കെ കേട്ടത് കൊണ്ട് തന്നെ അന്ന് താൽപ്പര്യമില്ലാതെ പോയി. ടെക്നിക്കൽ സവിശേഷതകൾ ഒന്നും ഹരം പിടിപ്പിച്ചതും ഇല്ല.പിന്നീട് രണ്ടാം ഭാഗം വരാറായപ്പോൾ ആണ്‌ കാണുന്നത്.അത് വലിയ ഒരുബസൈസ് ഫയൽ ഡൌൺലോഡ് ചെയ്തു അത്യാവശ്യം നല്ല സൗണ്ട് സിസ്റ്റത്തിൽ.


 നന്നായി ഇഷ്ടപ്പെടുകയും ആദ്യ ഭാഗം തിയറ്ററിൽ കാണാത്തത്തിൽ നിരാശയും തോന്നി അപ്പോൾ.65 ഇഞ്ച് ടി വിയിൽ കിട്ടിയ ഇങ്ങനെ ആയിരുന്നെങ്കിൽ തിയറ്ററിൽ എന്തായിരിക്കും എന്ന് ആണ്‌ ചിന്തിച്ചത്.


എന്തായാലും ആ അബദ്ധം ഇനി ഉണ്ടാകാൻ പാടില്ലലോ? അത് കൊണ്ട് തന്നെ തിയറ്ററിൽ പോയി കാണാൻ തന്നെ തീരുമാനിച്ചു രണ്ടാം ഭാഗം. സിനിപ്ലെക്സിൽ Ultra AVX, D Box, ATMOS, HFR സൗകര്യങ്ങൾക്ക് ഒപ്പം 3D കൂടി ഉള്ള സ്‌ക്രീനിൽ ആണ്‌ സിനിമയ്ക്ക് ടിക്കറ്റ് എടുത്തിരിക്കുന്നത്.


 എന്തായാലും കണ്ടിട്ട് വരട്ടെ. ആദ്യ ഭാഗം കാണാത്തവർ കുറവായിരിക്കും. കാണാത്തവർ കണ്ടിട്ട് അടുത്ത ഭാഗം കാണാമല്ലോ? സിനിമയുടെ premise നെ കുറിച്ച് നല്ല ഒരു ഐഡിയ കിട്ടുമല്ലോ?


ഇതു പോലെ ഞാൻ കാണാത്ത പ്രശസ്തമായ സിനിമകൾ ധാരാളം ഉണ്ട് ഇനിയും കാണാനായിട്ട് . ഇതു വായിക്കുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ഇതു പോലെ കാണാൻ വച്ചിട്ട് വർഷങ്ങളായിട്ടും കാണാത്ത സിനിമകൾ ഏതൊക്കെ ആണ്‌ ഉള്ളത്? ഒന്ന് കമന്റ് ചെയ്യാമോ?

Friday, 16 December 2022

1618. Guillermo del Toro's Pinocchio (English, 2022)

 1618.  Guillermo del Toro's Pinocchio (English, 2022)

            Animation, Drama, Family: Streaming on Netflix



  ക്രിസ്മസ് അവധിക്കാലത്ത് കുട്ടികളുമായി ഇരുന്നു കാണുവാൻ പറ്റിയ ഒരു സിനിമയാണ് പിനോക്കിയോ. കാർലോ കൊലോഡിയയുടെ കള്ളം പറഞ്ഞാൽ മൂക്ക് വളരുന്ന മരമനുഷ്യൻ ആയ പിനോക്കിയോയുടെ കഥ നമുക്കെല്ലാം സുപരിചിതമാണല്ലോ ?അതിന്റെ മികച്ച ഒരു ദൃശ്യാവിഷ്ക്കാരം ആണ്  Guillermo del Toro's Pinocchio. ഒന്നാം ലോക മഹായുദ്ധത്തിൽ ഓസ്ട്രിയയുടെ ബോംബ് ആക്രമണത്തിൽ മകൻ നഷ്ടപ്പെട്ട ജെപ്പെറ്റോയ്ക്കു അയാളുടെ മകനായി വരുന്ന പിനോക്കിയോയുടെ ജീവിത യാത്ര ആണ് കഥ. 


അക്കാലത്ത് ഉള്ള സമൂഹികാവസ്ഥകളും കാലങ്ങൾക്ക് ശേഷം പിനോക്കിയോ എന്തായി മാറിയെന്നും ഉള്ള കഥ ഒരു മുത്തശി കഥ പോലെ തന്നെ ആണ് ഈ ചിത്രത്തിലും അവതരിപ്പിച്ചിരിക്കുന്നത്. ഒരു ലൈവ് ആക്ഷൻ ആനിമേഷൻ ചിത്രം എന്ന നിലയിലും മികവ് പുലർത്തുന്ന ചിത്രം അതിന്റെ അവതരണത്തിലെ നിലവാരം കൊണ്ട് തന്നെ കണ്ടു തീരുമ്പോൾ മനസ്സിന് തൃപ്തി നല്കുന്നുമുണ്ട്. 


ചിത്രം മൊത്തത്തിൽ ഒരു ഡാർക് ടോണിൽ ആണ്. യുദ്ധം നില നിന്നിരുന്ന സാഹചര്യത്തിൽ സിനിമയ്ക്കു കൊടുക്കാവുന്ന മികച്ച ഒരു ദൃശ്യ ഭാഷ അത് കൊണ്ട് തന്നെ ലഭിക്കുകയും ചെയ്തു. ഒരു ആനിമേഷൻ സിനിമയിൽ പ്രതീക്ഷിക്കുന്ന കുട്ടിക്കളിയിൽ നിന്നും ഏറെ മുന്നിൽ ആണ്  Guillermo del Toro's Pinocchio. ഡിസ്നിയുടെ പഴയ പിനോക്കിയോ ആ കാലഘട്ടത്തിൽ നന്നായി തോന്നിയെങ്കിലും പുതിയ വേർഷൻ ആ കാലഘട്ടവും കഥാപാത്രങ്ങളും എല്ലാം അതിന്റേതായ ഗൌരവത്തിൽ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നെ അത്ഭുതപ്പെടുത്തിയത് പിനോക്കിയയുടെ കഥയ്ക്ക് ഇത്തരത്തിൽ കൊടുത്ത ട്രീറ്റ്മെന്റ് ആണ്. സിനിമയുടെ ക്ലൈമാക്സ് മികച്ചതായിരുന്നു. 


തീർച്ചയായും കാണാൻ ശ്രമിക്കുക. കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഇഷ്ടപ്പെടും  Guillermo del Toro's Pinocchio. 


എന്റെ റേറ്റിംഗ്: 5/5  


സിനിമ കണ്ടിട്ടുള്ളവർ അഭിപ്രായം പങ്ക് വയ്ക്കുമല്ലോ?

1617. Thank God (Comedy, Fantasy)

 1617. Thank God (Comedy, Fantasy)

           Comedy, Fantasy: Streaming on Prime



        പരിചിതമായ ഒരു പ്ലോട്ട് ആണ് സിനിമയ്ക്കു ഉള്ളത്. മരിച്ചു കഴിഞ്ഞു ജീവിതത്തിൽ ചെയ്ത പ്രവൃത്തികളുടെ എല്ലാം കണക്കെടുപ്പിൽ വരുന്ന നായകൻ. പല ഭാഷകളിലും  ഈ ഒരു പ്രമേയം വരുന്ന ചിത്രങ്ങളിൽ അതായത് സംസ്ക്കാരവും മതവും ഉൾക്കൊണ്ടുള്ള ദൈവ സങ്കൽപ്പങ്ങൾ ആണ് ഉള്ളതും. അത്തരത്തിൽ What Goes Around എന്ന ഡാനിഷ് സിനിമയുടെ റീമേക് ആണ് Thank God. ഡാനിഷ് സിനിമ കണ്ടിട്ടില്ല. കാണണം എന്നുണ്ട്. അതിനു കാരണം ഈ സിനിമ ഇഷ്ടപ്പെട്ടത് കൊണ്ടാണോ എന്നു ചോദിച്ചാൽ അല്ല. ഈ സിനിമയിലെ ഏറ്റവും വലിയ പ്രശ്നം മുഖ്യ കഥാപാത്രങ്ങളിൽ ഒരാളായ ആയാനെ അവതരിപ്പിച്ച സിദ്ധാർഥ് ആയിരുന്നു. ഒരു നടൻ എന്ന നിലയിൽ എല്ലാ റോളും ചെയ്യാൻ ബുദ്ധിമുട്ടുള്ള ആളാണ് സിദ്ധാർഥ് എന്നു തോണിയിട്ടുണ്ട്. പ്രത്യേകിച്ചും കോമഡി. ഇവിടെയും അതാണ് സംഭവിച്ചത്. ഒരു ഫീൽ ഗുഡ് കോമഡി ആയി മാറേണ്ട സിനിമയിൽ അയാൻ എന്ന കഥാപാത്രവും ആയി തീരെ കണക്റ്റ് ചെയ്യാൻ കഴിഞ്ഞില്ല എന്നത് വലിയ ഒരു പോരായ്മ ആണ് പ്രേക്ഷകനെ സംബന്ധിച്ച്. അതേ സമയം CG എന്ന കഥാപാത്രമായി വന്ന അജയ് ദേവ്ഗൺ നന്നായി തന്നെ ആ റോൾ ചെയ്തതായും തോന്നി. 


  പ്രവചിക്കാവുന്ന കഥാഗതി ആണ് സിനിമയ്ക്കു ഉള്ളത്. റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആയ ധനികനായ അയാൻ ഒരു കാർ അപകടത്തിൽ പെടുന്നു . അയാളുടെ ഓപ്പറേഷൻ ഭൂമിയിൽ നടക്കുന്ന സമയം ഒരു മൽസരത്തിൽ ജയിച്ചാൽ അയാളുടെ ഓപ്പറേഷൻ വിജയം ആകും എന്നും, അല്ലെങ്കിൽ അയാൾ മരിച്ചു നരകത്തിലെ നിതാന്ത വേദനകൾ അനുഭവിക്കേണ്ടി വരും എന്നുള്ള ഓഫർ കിട്ടുന്നു. ആ മൽസരത്തിൽ അയാളുടെ ജീവിതത്തിലൂടെ കടന്നു പോയ പ്രധാനപ്പെട്ട സംഭവങ്ങളും വ്യക്തികളും എല്ലാം കടന്നു വരുന്നു. അയാൾ അവർക്ക് വേണ്ടി എന്ത് ചെയ്തു, അയാൾ അവരോടു എങ്ങനെ എല്ലാം പെരുമാറി എന്നു മുതൽ പല രീതിയിലും അയാളെ വിലയിരുത്തുക ആണ് ആ മൽസരത്തിൽ. അയാൾ ജയിച്ചോ ഇല്ലയോ എന്നതാണ് സിനിമയുടെ കഥ. 


  പരിചിതമായ പ്രമേയം ആയിരുന്നെങ്കിലും ഇത്തരം പ്രമേയങ്ങളിൽ ഉള്ള കോമഡി എന്നൊരു ഘടകം പലപ്പോഴും പാളി പോയതായി തോന്നി. താങ്ക്സ് ടൂ സിദ്ധാർഥ്. എന്നാലും ചുമ്മാ ടൈം പാസ് എന്ന നിലയിൽ കാണാൻ ഉള്ളത് ഉണ്ട്. മസ്തിയിലെ 'ദിൽ ദേ ദിയായും' മനികയുടെ ഹിന്ദി വേർഷനും സിനിമയിൽ ഉണ്ടായിരുന്നു. ചുമ്മാ പറഞ്ഞെന്ന് മാത്രം. വെറുതെ കണ്ടു നോക്കാം കേട്ടോ. 


എന്റെ കുഞ്ഞ് റേറ്റിംഗ് : 2.5 /5




Wednesday, 14 December 2022

1616. Julia's Eyes(Spanish, 2010)

 

1616. Julia's Eyes(Spanish, 2010)
          Mystery, Horror.



സാറയുടെ മരണം ആത്മഹത്യ അല്ല എന്നു അവളുടെ ഇരട്ട സഹോദരി ആയ ഹൂലിയ വിശ്വാസിക്കുന്നു. എന്നാൽ പോലീസും മറ്റുള്ളവരും അവൾ ആത്മഹത്യ  ചെയ്തത് ആണെന്ന് തന്നെ ഉറപ്പിക്കാൻ ശ്രമിക്കുന്നു. പ്രത്യേകിച്ചും പതിയെ കാഴ്ച ശക്തി നഷ്ടപ്പെട്ടു പോകുന്ന അസുഖം ബാധിച്ച സാറയെ സംബന്ധിച്ച് തന്റെ ജീവിതം ഇരുട്ടിൽ ആയിരിക്കും ഇനി എന്നുള്ള ഭയം കാരണം ആയിരിക്കാം അവൾ ആത്മഹത്യ ചെയ്തത് എന്നു വിശ്വസിക്കാൻ ഉള്ള സാധ്യത തന്നെയായിരുന്നു കൂടുതലും. സമാനമായ അവസ്ഥയിലൂടെ പോകുന്ന ഹൂലിയ എന്നാൽ തന്റെ സഹോദരി അങ്ങനെ ചെയ്യില്ല എന്നു ഉറച്ചു വിശ്വസിക്കുന്നു.

ആ സമയം ആണ് അവൾ ഒരു രഹസ്യം അറിയുന്നത്. ഒറ്റപ്പെട്ടു താമസിക്കുന്നു എന്നു കരുതിയ സാറയ്ക്ക് ഇത് വരെ ആരും കണ്ടിട്ടില്ലാത്ത അദൃശ്യനായ ഒരു കാമുകൻ ഉണ്ടായിരുന്നുവത്രെ. അതിനും അപ്പുറം ഉള്ള ചില രഹസ്യങ്ങൾ കൂടി ഹൂലിയ സാറയെ കുറിച്ച് അറിയാത്തത് അവളുടെ മുന്നിലേയ്ക്ക് വരുന്നു. സാറയെയും അവളുടെ ജീവിതത്തെയും കുറിച്ച് തനിക്ക് അറിയാത്ത കുറെ കാര്യങ്ങൾ ഉണ്ടെന്ന് അവൾ മനസ്സിലാക്കുന്നതിനോടൊപ്പം അതിൽ ഇഴ ചേർന്നിരിക്കുന്ന നിഗൂഡതകൾ കൂടി കണ്ടെത്താൻ ഉള്ള ശ്രമത്തിൽ ആണ് അവൾ. എന്നാൽ ഏത് സമയം വേണമെങ്കിലും നഷ്ടപ്പെടാവുന്ന കാഴ്ചയ്ക്ക് മുന്നേ ഉള്ള സമയത്ത് ഹൂലിയയ്ക്ക് അത് ചെയ്യുകയും ചെയ്യണം. ഇതിന്റെ ഇടയിൽ കാര്യങ്ങൾ സങ്കീർണം ആക്കുവാൻ ഉതകുന്ന രീതിയിൽ കുറെയേറെ സംഭവങ്ങൾ കൂടി നടക്കുകയാണ്. ഹൂലിയയുടെ സംശയങ്ങൾ യാഥാർഥ്യം ആണോ?അതോ അവളുടെ തോന്നലുകൾ മാത്രമോ?

സിനിമയുടെ ഒരു ഘട്ടം കഴിഞ്ഞതിൽ പിന്നെ ഹൂലിയ ഒഴികെയുള്ള കഥാപാത്രങ്ങളുടെ മുഖം നേരെ ഫ്രേമിൽ കാണിക്കുന്നില്ല. ഹൂലിയയുടെ സംശയങ്ങൾക്ക് പിന്നിൽ ഒരു വ്യക്തി ഉണ്ടാകുമോ അത് ആരാണ് എന്നുള്ള ചോദ്യത്തിന് ഉത്തരം പ്രേക്ഷകന് ഊഹിക്കാമെങ്കിലും ഇത്തരത്തിൽ പല കഥാപാത്രങ്ങളും മുഖം ഇല്ലാത്തവർ ആയി വരുമ്പോൾ സംശയങ്ങൾ നീളും. അത് ആരും ആകാം എന്ന അവസ്ഥയും ആകും. നല്ലൊരു മിസ്റ്ററി, ഹൊറർ ചിത്രമാണ് Julia 's Eyes . ഞാൻ പണ്ട് കണ്ടതാണ്. പക്ഷേ അന്ന് ഇതിനെക്കുറിച്ച് എഴുതിയിരുന്നില്ല. ഇപ്പോൾ സ്പാനിഷ് സിനിമ റീമേക് രാജ്ഞി  തപ്സി Dobaara യ്ക്കു ശേഷം അടുത്തതായി ചെയ്ത Blurr ഇതിന്റെ റീമേക് ആണെന്ന് മനസ്സിലായി. ഒറിജിനൽ ഉള്ളപ്പോൾ എന്തിന് റീമേക് കാണണം എന്ന ചോദ്യമാണ് ഭാര്യ Blurr കാണണം എന്നു പറഞ്ഞപ്പോൾ മനസ്സിൽ വന്നത്. സ്പാനിഷ് അങ്ങനെ ആണ് ഒന്ന് കൂടി കണ്ടതും.

സിനിമ കാണാത്തവർ കുറവാണ് എന്നറിയാം. എങ്കിലും കാണാത്തവർ ഉണ്ടെങ്കിൽ കണ്ടു നോക്കിക്കോളൂ. സിനിമ ഇറങ്ങിയ സമയത്ത് സസ്പെൻസ് നന്നായി ആണ് തോന്നിയത്. പിന്നീട് ധാരാളം സിനിമകൾ ഇതേ പോലെ ഒക്കെ വന്നത് കൊണ്ട് അന്നത്തെ അത്ര ഇംപാക്ട് ഉണ്ടാകുമോ എന്നറിയില്ല.

സിനിമ നേരത്തെ കണ്ടവരുടെ അഭിപ്രായം എന്താണ്?

സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.

1995. Drop ( English, 2025)