Monday, 4 June 2018

882.CONTAGION(ENGLISH,2011)


882.Contagion(English,2011)
       Thriller.

'Contagion' കാലത്തെ അതിജീവിച്ച,പ്രവചന സ്വഭാവമുള്ള കാലഘട്ടത്തിന്‍റെ മെഡിക്കല്‍ ത്രില്ലര്‍!!


  ആദ്യ തന്നെ ഒരു ജാമ്യം എടുത്തു കൊണ്ട് തുടങ്ങുന്നു.മെഡിക്കല്‍ വിഷയങ്ങള്‍ ഉള്ള അറിവ് ചുറ്റും ഉള്ളത് കണ്ടും കേട്ടും വായിച്ചും മാത്രം പരിചയം ആണ് ഉള്ളത്.ഇപ്പോള്‍ പടരുന്ന 'നിപ' വൈറസും അതിനെ അനുബന്ധിച്ച് നടക്കുന്ന സംഭവങ്ങളും ആയി ചെറുതല്ലാത്ത ഒരു ബന്ധം ചിത്രത്തില്‍ കാണാന്‍ സാധിച്ചു ആ അറിവ് വച്ച്.വസ്തുതകളും ആയി എത്ര മാത്രം സത്യം ഉണ്ടെന്നുള്ളത് ശാസ്ത്രീയമായി വിശകലനം ചെയ്യാനുള്ള അറിവ് കുറവാണ്.

 ഹോങ്ങ്കൊങ്ങില്‍ നിന്നും തിരിച്ചു വന്ന 'ബെത്ത്' ക്ഷീണിതയായിരുന്നു.അവരുടെ യാത്രയ്ക്ക് ഒരു രഹസ്യ സ്വഭാവം ഉണ്ടായിരുന്നു. അവിടെ നിന്നും തിരിക്കുന്ന രണ്ടാം ദിവസം മുതല്‍ ഉള്ള സംഭവങ്ങള്‍ ആണ് സിനിമയില്‍ കാണിച്ചു തുടങ്ങുന്നത്.രണ്ടു ദിവസങ്ങള്‍ക്കു ശേഷം അവര്‍ മരിക്കുന്നു.അതിനു പുറകെ അവരുടെ മകനും. അജ്ഞാതമായ ആ രോഗത്തിന്‍റെ കാരണങ്ങള്‍ ആദ്യം മെഡിക്കല്‍ ലോകത്തിനെ കുഴപ്പിക്കുന്നു. ബെത്തിന്റെ ഭര്‍ത്താവായ 'മിച്'(Matt Damon) എന്നാല്‍ ആ അജ്ഞാത രോഗത്തില്‍ നിന്നും സ്വയം പ്രതിരോധ ശക്തി ലഭിച്ച ആളായിരുന്നു.എന്നാല്‍ പതിയെ രോഗം ലോകം മുഴുവന്‍ പടരുന്നു.

   ദിവസങ്ങള്‍ കഴിയുംതോറും അജ്ഞാതമായ അസുഖം അതിന്റെ രൌദ്ര ഭാവം കാണിച്ചു തുടങ്ങുന്നു.ലോകമെമ്പാടും ആളുകള്‍ മരണപ്പെടുന്നു.രോഗികളുമായി അടുത്ത് ഇടപ്പഴകുന്നവരും രോഗ ബാധിതരാകുന്നു.സംഘര്‍ഷ ഭരിതമായ ലോകമായിരുന്നു അതിന്റെ മോശം വശം.അതിന്റെ ഒപ്പം രോഗം വരാനുള്ള കാരണങ്ങളെ കുറിച്ച് ശാസ്ത്രീയമായ ഒരു അടിത്തറയും ഇല്ലാതെ യൂടൂബിലൂടെ വീഡിയോ ഇറക്കുകയും ,രോഗത്തിനുള്ള മരുന്ന് താന്‍ കണ്ടു പിടിച്ചു എന്നുള്ള അവകാശ വാദവും ആയി അലന്‍ ക്രംവേയ്ദ് രംഗതെതുന്നു.താന്‍ രോഗ ബാധിതന്‍ ആയിരുന്നു എന്നും ഹോമിയോപ്പതിയില്‍ അതിനുള്ള മരുന്ന് ഉണ്ടെന്നും ഉള്ള അവകാശവാദം 'ഫോര്സിതിയ' എന്ന മരുന്നിന്റെ പുറകെ ആളുകളെ നടത്താന്‍ കഴിഞ്ഞൂ.

    എന്നാല്‍ മെഡിക്കല്‍ ലോകം ,വളരെ വേഗത്തില്‍ പടരുകയും മരണം സംഭവിക്കുകയും ചെയ്യുന്ന രോഗത്തിനുള്ള മരുന്ന് കണ്ടെത്താനുള്ള ശ്രമത്തില്‍ ആയിരുന്നു.വളരെയധികം ദിവസങ്ങള്‍ക്കു കഴിയുന്നു.ആളുകള്‍ പുറത്തു ഇറങ്ങാത്ത ,ഭക്ഷണത്തിന് പോലും സര്‍ക്കാര്‍ ഏജന്‍സികളുടെ കാരുണ്യത്തിനു ആളുകള്‍ കാത്തു നില്‍ക്കേണ്ട അവസ്ഥ സംജാതമാകുന്നു.എങ്കില്‍ കൂടിയും രോഗം എങ്ങനെ ?എവിടെ നിന്നും പടര്‍ന്നൂ എന്ന കാര്യം നിഗൂഡമായി നില നിന്നൂ.രോഗത്തിന്‍റെ യഥാര്‍ത്ഥ കാരണങ്ങളിലേക്കും,അതിന്റെ പ്രതിവിധിയും ആണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌.


   കേരളത്തില്‍ ഇപ്പോള്‍ ആളുകളുടെ മരണത്തിനു ഇടയാക്കിയ 'നിപ' വൈറസ് രോഗവും ആയി സിനിമ അഭേദ്യമായ ബന്ധം പുലര്‍ത്തുന്നു.പ്രത്യേകിച്ചും 'അലന്‍ ക്രംവേയ്, യെ പോലുള്ള കഥാപാത്രങ്ങള്‍ ശരിക്കുമുള്ള ജീവിതത്തില്‍ നമ്മുടെ മുന്നില്‍ തന്നെ ഏകദേശം അതേ Pattern ല്‍ തന്നെ കാണുമ്പോള്‍ ആണ് സിനിമയുടെ പ്രവചന സ്വഭാവം മനസ്സിലാവുക.രോഗികളെ പരിചരിക്കുന്നവരുടെ മരണം , അതിനൊപ്പം  രോഗത്തെ കുറിച്ചുള്ള രഹസ്യം അവസാനം ചിത്രത്തില്‍ അവതരിപ്പിക്കുമ്പോള്‍ പോലും ഈ ഒരു വസ്തുത കാണാവുന്നതാണ്.ആല്‍ക്കഹോള്‍ രോഗത്തെ പ്രതിരോധിക്കുന്നു എന്ന പരാമര്‍ശം ഒക്കെ സമീപ കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്നു. ഒരു മെഡിക്കല്‍ ത്രില്ലര്‍ മാത്രമല്ലാതെ ഒരു സിനിമയ്ക്ക് ആവശ്യമായ കഥ കൂടി വ്യക്തികളിലൂടെ അവതരിപ്പിച്ചു പോകുന്നും ഉണ്ട് 'സ്റ്റീവന്‍ സോടര്ബെര്ഗ്'.


     സിനിമ ഇറങ്ങുന്നതിനു മുന്‍പ് പടര്‍ന്ന രോഗങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലൂടെ രൂപപ്പെടുത്തിയ സിനിമയ്ക്ക് 'Medical Accuracy' ഉണ്ടായിരുന്നു എന്ന് പല പ്രമൂഖരും രേഖപ്പെടുത്തിയിരുന്നു.സാധാരണ ഒരു Disaster സിനിമയ്ക്കും ഏറെ മുകളില്‍ നില്‍ക്കും  'Contagion'.ഇത്തരം സിനിമകളിലെ ക്ലീഷേകള്‍ ഒരു വിധം ഒഴിവാക്കാനും  'multi-narrative' "hyperlink cinema" അവതരണത്തിന് സാധിച്ചിട്ടും ഉണ്ട്.തീര്‍ച്ചയായും കണ്ടിരിക്കേണ്ട ത്രില്ലര്‍ ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ് Contagion.


Director: Steven Soderbergh
Writer: Scott Z. Burns
Stars: Matt Damon, Kate Winslet, Jude Law

Tuesday, 29 May 2018

881.SILENT WITNESS(MANDARIN,2013)

881.Silent Witness(Mandarin,2013)
Mystery,Thriller

മേയ് 28 ലെ കോടതിയും ദുരൂഹത നിറഞ്ഞ ഒരു കൊലപാതക കേസും - Silent Witness.

  മേയ് 28 കുറച്ചു പേരെ സംബന്ധിച്ചു ഒരു പ്രധാന ദിവസമാണ്.അന്നാണ് കോടീശ്വരനായ ലിൻ-ടെ യുടെ മകൾ പ്രതിയെന്ന് സംശയിക്കുന്ന കേസിന്റെ വിചാരണ ആരംഭിക്കുന്നത്.ലിൻ ടേ യ്ക്ക് ബന്ധമുണ്ടായിരുന്ന പ്രശസ്ത ഗായികയെ,മകൾ കാർ കൊണ്ടു ഇടിച്ചു വീഴ്ത്തി വധിച്ചു എന്നതായിരുന്നു കേസ്.അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങിൽ നടന്ന സംഭവങ്ങൾക്കുള്ള പ്രാഥമിക തെളിവ് ലിൻ ടേ യുടെ ഡ്രൈവർ അപകടം നടന്ന ഉടനെ പോലീസിനെ വിളിക്കുകയും കാറിനെ കുറിച്ചു നൽകിയ സൂചനയും ആയിരുന്നു.

   കേസിൽ രണ്ടു ഭാഗവും വാദിക്കുന്നത് പ്രഗത്ഭരായ വക്കീലന്മാരും.ടോങ് ടാവോ 10 വർഷത്തോളമായി ലിൻ ടേ യുടെ നാശം കാണാനായി ആഗ്രഹിക്കുന്ന ആളാണ്.അയാൾക്ക്‌ അതിനു വ്യക്തമായ കാരണവും ഉണ്ട്.ലിൻ ടേ യ്ക്ക് വേണ്ടി വാദിക്കുന്നത് ഏറ്റവും വിലപിടിപ്പുള്ള വക്കീൽ ആയ സോ-ലീ യും.2 പേർക്കും ജയിച്ചേ തീരൂ.ടോങ് വോയെ സംബന്ധിച്ചു തെളിവുകൾ എല്ലാം ലിൻ ടേ യുടെ മകൾക്ക് എതിരായത് കൊണ്ടു അത്ര ബുദ്ധിമുട്ടുണ്ടാകില്ല എന്നാണ് ആദ്യം കരുതിയത്.

എന്നാൽ കോടതി മുറിയിൽ നിശബ്ദ ആയി തുടക്കത്തിൽ കാണപ്പെട്ട സോ-ലീ തനിക്കു കേസ് ജയിക്കാൻ അവസരം കിട്ടി എന്ന നിലയിൽ കേസിനു നിർണായകമായ ഒരു വഴിത്തിരിവ് ഉണ്ടാക്കുന്നു.ആ കേസിന്റെ മൊത്തത്തിൽ ഉള്ള സ്വഭാവം തന്നെ മാറ്റി മറിച്ച ഒന്നു.എന്നാൽ അതൊരു തുടക്കം മാത്രമായിരുന്നു.കേസിൽ പലതരം തെളിവുകളും ഇടപെടലുകളും ഉണ്ടാകുന്നു.എന്താണ് സത്യം?എന്താണ് മിഥ്യ എന്നുള്ള ചോദ്യം ഉയരുന്നു.ഒപ്പം കേസിലെ നിർണായകമായ പല സംഭവങ്ങളും വെളിപ്പെടുന്നു.കൂടുതൽ അറിയാൻ Silent Witness കാണുക.

  മൂകനായ സാക്ഷി എല്ല കേസിലും ഉണ്ടാകും.തെളിവ്!!അവിചാരിതമായി അവശേഷിപ്പിക്കുന്ന ഒന്നാകാം അല്ലെങ്കിൽ മനപ്പൂർവം ഉള്ള ഒന്നു.ആ തെളിവുകൾ തങ്ങളുടെ കാഴ്ചപ്പാടിൽ,തങ്ങളുടെ ജോലിയുടെ മാന്യത നില നിർത്തി തന്നെ സത്യം കണ്ടെത്താൻ ശ്രമിക്കുകയാണ് 2 വക്കീലുമാരും.എന്നാൽ വെറും തെളിവുകൾക്കും അപ്പുറം അവർക്ക് നേരിടേണ്ടത് സ്നേഹത്തിന്റെയും ,ത്യാഗത്തിന്റെയും ലോകത്തിലെ ആളുകളോട് ആണെന്ന് മാത്രം.ഇത്തരം ഒരു അവസ്ഥയിൽ തെറ്റുകൾ ഉണ്ടാവുക സ്വാഭാവികമായും മനുഷ്യ സഹജമാണ്.അതിന്റെ കുരുക്കിൽ ആണ് ഇവരിൽ പലരും അകപ്പെട്ടിരിക്കുന്നതും.വളരെ സങ്കീർണമായും ഇടയ്ക്കു പ്രേക്ഷകനെ കുഴപ്പിക്കുന്ന കഥാഗതിയും ആണ് ചിത്രത്തിന് ഉള്ളത്.ഒരു മിസ്റ്ററി/സസ്പെൻസ് ചിത്രം എന്ന നിലയിൽ മികവ് പുലർത്തിയിട്ടുണ്ട് ചൈനീസ് ചിത്രമായ Silent Witness.

ഇതിന്റെ കൊറിയൻ പതിപ്പായിരുന്നു ചോയ്-മിൻ-സിക് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച Heart Blackened!!

Director: Xing Fei
Writer: Xing Fei
Stars: Sicheng Chen, Jiajia Deng, Dawei Gao

880.DEATH WISH(ENGLISH,2018)


880.Death Wish


Death Wish-പോൾ കേഴ്‌സിയുടെ പുതിയ അവതാരം

  ചാള്സ് ബ്രോസ്നന്റെ പഴയ കൾട് സിനിമ പരമ്പര ചിലർക്കെങ്കിലും ഓർമ കാണും എന്നു വിശ്വസിക്കുന്നു.പോൾ കേഴ്‌സി എന്ന ആര്കിടെക്റ്റ് തന്റെ കുടുംബത്തിന് നേരിട്ട ദുരന്തം കാരണം നിയമം കയ്യിൽ എടുക്കാൻ തീരുമാനിക്കുന്നത് ആണ് ആ സിനിമയുടെ ഇതിവൃത്തം.അതിനെ പിന്തുടർന്ന ചിത്രങ്ങളും അതേ പാത പിന്തുടർന്നൂ.അങ്ങനെ മൊത്തത്തിൽ അഞ്ചു സിനിമകൾ."Death Wish പരമ്പര"

  2018 ൽ 'ഏലി റോത്' ബ്രൂസ് വില്ലീസുമായി ആയി ആദ്യ ഭാഗത്തെ പുന:ആവിഷ്ക്കരിച്ചിരിക്കുന്നു.പുതിയ പോൾ കേഴ്‌സി സർജൻ ആണ്.ചിക്കാഗോയിലെ തിരക്കേറിയ സർജന്മാരിൽ ഒരാളായ ഡോ.കേഴ്‌സിയുടെ കുടുംബം ഭാര്യയും മകളുമായി സന്തോഷത്തിൽ പോകുമ്പോൾ ആയിരുന്നു ആ ദാരുണ സംഭവം ഉണ്ടായത്.പൊലീസിന് കേസിൽ കൂടുതൽ ഒന്നും ചെയ്യാൻ ആകില്ല എന്നു മനസ്സിലാക്കിയ പോൾ ,നിയമം സ്വന്തം കയ്യിൽ എടുക്കാൻ തീയുമാനിക്കുന്നു.പ്രതികളെ കുറിച്ചു വ്യക്തമായ ഒരു സൂചനയും ഇല്ലാത്തത് കൊണ്ട് ക്രിമിനൽ പ്രവർത്തികളിൽ ഉൾപ്പെടുന്നവരെ കൊന്നൊടുക്കാൻ തുടങ്ങുന്നു.അതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങൾ ആണ് ബാക്കി ചിത്രം.

  നല്ല രീതിയിൽ തന്നെ അവതരിപ്പിച്ച ചിത്രം എന്നാൽ ഈ കാലഘട്ടത്തിന്റെ ആവശ്യം ആയിരുന്നോ എന്ന ചോദ്യം പല നിരൂപകരും ചോദിച്ചതായി കണ്ടൂ.പ്രത്യേകിച്ചും 70 കളിൽ അമേരിക്കയിലെ കുറ്റകൃത്യം കൂടുതൽ ഉള്ള സമയം ഇറങ്ങിയ ചിത്രം നേടിയ സമയത്തെ പോലുള്ള സാഹചര്യങ്ങൾ അല്ല അവിടെ ഉള്ളത് എന്നത് കൊണ്ട് തന്നെ.കുറ്റകൃത്യങ്ങൾ കുറഞ്ഞിട്ടില്ലെങ്കിലും "ഹുഡി ധരിച്ച ഒരു വെള്ളക്കാരൻ തോക്കും എടുത്തു നിയമം കയ്യിൽ എടുക്കാൻ ഇറങ്ങുക' എന്നത് 70 കളിൽ 'multi culturism' അധികം ഇല്ലാതിരുന്ന കാലഘട്ടത്തിൽ നിന്നും മാറി അത്തരം ഒരു അവസ്ഥയിൽ എത്തുമ്പോൾ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ഉണ്ടാക്കുന്ന പ്രോത്സാഹനം അപകടകരം ആണെന്ന് വായിച്ചിരുന്നു.സിനിമയിൽ തന്നെ അത്തരം സാഹചര്യങ്ങൾ മാധ്യമങ്ങളിൽ കൂടി ചർച്ച ചെയ്യുന്നത് അവതരിപ്പിച്ചിട്ടും ഉണ്ട്.

  എന്നാൽ ക്ളീഷേ സിനിമാറ്റിക് material ആയിരുന്നിട്ടു കൂടി ഇത്തരം സിനിമകളിൽ മാസ്റ്റർ ഡിഗ്രി എടുത്തിരിക്കുന്ന ബ്രൂസ് വില്ലീസിന്റെ ഈ അടുത്തു ഇറങ്ങിയ സിനിമകളിൽ മികച്ചത് എന്നു പറയാം 'Death Wish (2018)'.തന്നിൽ ഇനിയും ധാരാളം അങ്കത്തിനു ബാല്യം ഉണ്ടെന്നു തെളിയിക്കുക ആണ് ബ്രൂസ് ഈ സിനിമയിലൂടെയും.ഒരു ത്രില്ലർ കാണാൻ ഉള്ള മൂഡിൽ ആണെങ്കിൽ കണ്ടോളൂ!!

  "Who the f**k are you" എന്നു Icream Man എന്ന മയക്കുമരുന്ന് കച്ചവടക്കാരൻ ചോദിക്കുമ്പോൾ കേഴ്‌സി "I'm your last customer' എന്നു പറഞ്ഞു ചറപറ വെടി വയ്ക്കുന്ന സീൻ ഒരു സിനിമയിലെ രംഗം എന്ന നിലയിൽ കിടിലൻ മാസ് ആയിരുന്നു.എങ്കിലും ചോദ്യം വീണ്ടും അവശേഷിക്കുന്നു.പോലീസ് നിഷ്ക്രിയർ ആകുമ്പോൾ സാധാരണക്കാരൻ നിയമം അവന്റെ രീതിയിൽ നടപ്പിലാക്കാൻ തുടങ്ങിയാൽ അതു പോലീസിന്റെ പരാജയം ആണോ അതോ സാധാരണക്കാരനെ സഹായിക്കാൻ കഴിയാത്ത നിയമത്തിന്റെ പിടിപ്പുക്കേടോ??ജനങ്ങൾ നിയമം കയ്യിൽ എടുക്കുന്നതും അതിന്റെ ഇര ആയി മാറിയ പല പാവങ്ങളെയും കണ്ടത് കൊണ്ടു തന്നെ ഇത്തരം നീതി വ്യവസ്ഥകൾ സിനിമയിൽ മാത്രം ആയി നിൽക്കട്ടെ എന്നു ആഗ്രഹിക്കുന്നു.


Director: Eli Roth
Writers: Joe Carnahan (screenplay by), Brian Garfield (from the novel by) 
Stars: Bruce Willis, Vincent D'Onofrio, Elisabeth Shue
Action,Thriller

Friday, 25 May 2018

879.CHARADE(ENGLISH,1963)



879.Charade
       English,1963
       Mystery,Thriller,Action,Romance,Spy Thriller
Director: Stanley Donen
Writers: Peter Stone (screenplay), Peter Stone (story)

Stars: Cary Grant, Audrey Hepburn, Walter Matthau 

'ഹിച്കോക്കിന്റെ അല്ലാത്ത ഹിച്കോക് ചിത്രം'- Charade.

    ഹിച്കോക് എന്ന പേരു ഈ ചിത്രത്തിന്റെ ഒപ്പം എഴുതി ചേർത്ത നിരൂപകർക്കു ഒരിക്കലും തെറ്റിയില്ല.അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഉള്ളത് പോലെ തന്നെ പ്രേക്ഷകനെ പല രീതിയിലും ഒരു കാര്യം വിശ്വസിപ്പിക്കുകയും പിന്നീട് അതേ കാര്യത്തിന് പിന്നിലുള്ള ദുരൂഹതകൾ അനാവരണം ചെയ്യുകയും ഒപ്പം ചെറിയ സംഭവങ്ങളിലൂടെ വീണ്ടും അത്ഭുതപ്പെടുത്തുന്ന 'ഹിച്ചകോക്കിയൻ മാജിക്' ആണ് ' സ്റ്റാൻലി ഡൊണേന്' Charade ൽ അവതരിപ്പിച്ചിരിക്കുന്നത്.അതു പോലെ മറ്റൊരു പ്രത്യേകത,മതിയായ കോപ്പിറൈറ്റ് രേഖകൾ ഇല്ലാത്തതു മൂലം ചിത്രം റിലീസ് ആയ ഉടൻ തന്നെ US Public Domain (അവകാശികൾ ഇല്ലാത്ത സൃഷ്ടികൾ) ൽ ഉൾപ്പെടുത്തിയിരുന്നു.


ട്രെയിനിൽ നീന്നും വീണു മരണപ്പെടുന്ന ഭർത്താവിന്റെ വിയോഗം ആയിരുന്നു റജീന ലാംപെർട് തന്റെ അവധിക്കാലം ചിലവഴിച്ചതിനു ശേഷം പാരീസിൽ എത്തിയപ്പോൾ അറിയുന്നത്.വീട്ടിൽ ഉണ്ടായിരുന്ന എല്ലാം വിറ്റു പെറുക്കി ഭർത്താവ് ദുരൂഹമായ ഒരു യാത്ര നടത്തുകയും, ആ യാത്രയിൽ മരണപ്പെടുകയും ആണുണ്ടായത്.മൃതദേഹം പള്ളിയിൽ വയ്ക്കുമ്പോൾ അവിടെ എത്തി ചേർന്നവരുടെ വിചിത്രമായ രീതികൾ റെജീനയെ കുഴപ്പിക്കുന്നു.പിന്നീട് അമേരിക്കൻ എംബസ്സിയിൽ നിന്നും അവളെ വിളിപ്പിക്കുമ്പോൾ അതു വരെ തന്റെ മുന്നിൽ ഉണ്ടായിരുന്ന കഥകൾ ഒന്നും അല്ലായിരുന്നു മരണപ്പെട്ട ലാംപെർട്ട എന്ന ഭർത്താവിന് ഉണ്ടായിരുന്നത് എന്നവർ മനസ്സിലാക്കുന്നു.ആരായിരുന്നു യഥാർത്ഥത്തിൽ ലാംപെർട്ട്?അയാളുടെ യാത്രയുടെ പിന്നിൽ ഉള്ള കാരണം എന്തായിരുന്നു? അയാളുടെ മരണ ശേഷം നടന്ന അസ്വാഭാവികമായ സംഭവങ്ങളുടെ കാരണങ്ങൾ എന്തായിരുന്നു?ഇതെല്ലാം കൂടി റെജീനയെ ഇവിടെ കൊണ്ടെത്തിക്കും? ചിത്രം കാണുക!!

  1961 ൽ പ്രസിദ്ധീകരിച്ച 'പീറ്റർ സ്റ്റോണിന്റെ' ' 'The Unsuspecting Wife' എന്ന ചെറുകഥയെ ആസ്പദമാക്കി അവതരിപ്പിച്ച ചിത്രം മിസ്റ്ററി/ത്രില്ലർ  ചിത്രങ്ങളിലെ ഒരു ക്ലാസിക് ആയി മാറുവാൻ ധാരാളം ഘടകങ്ങൾ ഉണ്ടായിരുന്നു.പ്രത്യേകിച്ചും  ചിത്രം ഉൾപ്പെടുന്നത് 4 വ്യത്യസ്ത ഴോൻറെകളിൽ ആയിരുന്നു.സസ്പെൻസ്,ത്രില്ലർ,റൊമാൻസ് പിന്നെ Spy Movie എന്ന നിലയിൽ ഉള്ള ഒരു സങ്കലനം.കാലത്തെ അതിജീവിക്കുന്ന ചിത്രങ്ങൾ എന്നു പറയാറില്ലേ?അത്തരം ചിത്രങ്ങളെ ക്ളാസിക്കുകൾ ആയി പരിഗണിക്കുമ്പോൾ ഒരു കാലഘട്ടത്തിന്റെ അടയാളമായി മാറുകയും,പിന്നീട് വന്ന ചിത്രങ്ങൾക്ക് ഒരു ബെഞ്ചമാർക് ആയി മാറുവാനും 'Charade' ന് സാധിച്ചിട്ടുണ്ട്.പ്രത്യേകിച്ചും ചിത്രത്തിന്റെ തുടക്കം പേര് എഴുതിക്കാണിക്കുന്നത് മുതൽ അതിലെ ബി ജി എം വരെ പിന്നീട് വന്ന ചിത്രങ്ങൾക്ക് പ്രചോദനം ആയിരുന്നു.1970-80 കളിലെ ഇന്ത്യൻ സിനിമ ഇത്തരത്തിൽ ഉള്ള സ്വാധീനം കാണാൻ സാധിക്കും.

  Whodunnit-Whydunnit എന്ന ചോദ്യങ്ങൾക്ക് പലവുര ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയും,അതു പോലെ തന്നെ തെറ്റാനും സാധ്യത ഉള്ള കഥാപാത്രങ്ങളും കഥാഗതിയും.ഈ ഒരു pattern ചിത്രത്തിന്റെ അവസാന സീനിൽ പോലും ഉൾക്കൊള്ളിക്കാൻ സാധിക്കുകയും,അതിനൊപ്പം തന്നെ പ്രേക്ഷകന്റെ സംശയങ്ങൾക്ക് ഉള്ള മറുപടികൾ പല രീതിയിലും ഉത്തരം കൊടുക്കുകയും ചെയ്തിട്ടുണ്ട്.ലോക സിനിമയിലെ തന്നെ മികച്ച മിസ്റ്ററി/ത്രില്ലറുകളുടെ ഗണത്തിൽ പലരും കണക്കാക്കുന്നുണ്ടെങ്കിലും കോപ്പിറൈറ്റ് പ്രശ്നം ചിത്രത്തിന്റെ പേരിന് ഏൽപ്പിച്ച ആഘാതം വളരെ വലുതായിരുന്നു..

878.THE TOOTH AND THE NAIL(KOREAN,2017)

878.The Tooth and the Nail(Korean,2017)
      Mystery,Thriller
   
കൺക്കെട്ടുക്കാരന്റെ ഇന്ദ്രജാലം-The Tooth and the Nail


   ഒരു കൊലപാതക കേസ് കോടതിയുടെ മുന്നിലുണ്ട്.ആകെയുള്ള തെളിവുകൾ വെട്ടിമാറ്റപ്പെട്ട നിലയിൽ ഉള്ള ഒരു ചൂണ്ടു വിരലും ,ശരീരം കത്തിച്ച ചാരവും കുറച്ചു വെടിയുണ്ടകളും ഒരു തോക്കും.മരണപ്പെട്ടൂ എന്നു കരുതുന്ന ആളുടെ ശരീരം ഇല്ലാത്തതു കൊണ്ടു ഒരു കൊലപാതകം നടന്നിട്ടില്ല എന്നു പ്രതിഭാഗവും ,എന്നാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കൊലപാതകവും കൊലയാളിയും മുന്നിൽ തന്നെയുണ്ട് എന്നു മറുവിഭാഗവും വാദിക്കുന്നു.

   1955 ൽ പ്രസിദ്ധീകരിച്ച 'ബാലിങ്കറിന്റെ' "The Tooth and the Nail" എന്ന നോവലിൽ ആണ് ഈ സംഭവങ്ങൾ ഉള്ളത്.അതിന്റെ ദൃശ്യവിഷ്‌ക്കാരം ആണ് ചിത്രം.'Stone Mansion Murder Case' ഉം അതിലേക്കു നയിച്ച സംഭവങ്ങളും സമാന്തരമായി ആണ് ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്.

  മരണപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ചോയ്,കൊലയാളി എന്നു വിശ്വസിക്കപ്പെടുന്ന അക്കാലത്തെ സമ്പന്നരിൽ ഒരാളായ നാം-ഡോ -ജിന്നിന്റെ ഡ്രൈവർ ആയിരുന്നു.എന്നാൽ വളരെ ദുരൂഹത നിറഞ്ഞ ആ കേസിലേക്കു അവർ രണ്ടു പേരും എങ്ങനെ വന്നെത്തി എന്നതാണ് ചിത്രത്തിന്റെ ഇതി വൃത്തം.സംഭവം നടന്നോ എന്നു വിശ്വസിക്കപ്പെടുന്ന ആയ രാത്രി യഥാർത്ഥത്തിൽ എന്തായിരുന്നു സംഭവിച്ചത്?കോടതിയുടെയും നിയമ വിദഗ്ധരുടെയും മുന്നിൽ ഉള്ള കേസ് യഥാർത്ഥത്തിൽ എന്തായിരുന്നു?കാണുക....

  ജപ്പാൻ അധിനിവേശ കാലഘട്ടത്തിൽ നിന്നും സഞ്ചരിക്കുന്ന ചിത്രം മികച്ച രീതിയിൽ അണിയിച്ചൊരുക്കിയ ഒരു കുറ്റാന്വേഷണ ത്രില്ലർ ആണെന്ന് ആദ്യ തോന്നുമെങ്കിലും.ചിത്രത്തിന്റെ അവസനത്തോട് അടുക്കുമ്പോൾ അപ്രതീക്ഷിതമായ, 'കൊറിയൻ ചിത്രങ്ങളുടെ ആ X-ഫാക്റ്റർ' ചിത്രത്തെ മറ്റൊരു രീതിയിലേക്ക് മാറ്റുന്നു.കാഴ്ചക്കാരന്റെ കണ്ണിൽ,കാണേണ്ടതിനെ മറയ്ക്കുകയും ,അതു പോലെ കാണേണ്ടാത്തതിനെ കാണിക്കുകയും ചെയ്യുന്ന ഇന്ദ്രജാലക്കാരന്റെ മായാജാലം ഈ ചിത്രത്തിലെ  X -ഫാക്റ്റർ ആകുമ്പോൾ പ്രേക്ഷകന് ലഭിക്കുന്നത് മികച്ച ഒരു മിസ്റ്ററി /ത്രില്ലർ ആണ്.

  സത്യം എല്ലാവരുടെ മുന്നിലും ഉണ്ടെങ്കിലും ചില സമയങ്ങളിൽ പ്രിയപ്പെട്ടവർക്കു വേണ്ടി ചെയ്യുന്ന പലതും അതിന്റെ ഉദ്ദേശ ശുദ്ധി കൊണ്ടു തന്നെ ന്യായീകരിക്കപ്പെടുമ്പോൾ ചിത്രം മികച്ചതായി മാറുന്നു.സമാന്തരമായി പറയുന്ന കഥ പ്രേക്ഷകന് കേസിൽ വാദിക്കുന്ന സംഭവങ്ങളെ കുറിച്ചു വ്യക്തമായ ഒരു ധാരണ നൽകി തന്നെയാണ് അവതരിപ്പിക്കുന്നത്.Whodunnit-Whydunnit ശൈലിയിൽ നോക്കുമ്പോൾ ഏറെ സങ്കീർണതകൾ ഉള്ള കേസിനെ അത്ര സങ്കീർണം അല്ലാതെ അവതരിപ്പിക്കാൻ ഈ രീതിയ്‌ക്ക് കഴിഞ്ഞിട്ടുമുണ്ട്.എന്നാൽ നേരത്തെ പറഞ്ഞ ആ X-ഫാക്റ്റർ വിദഗ്ധമായി ചിത്രത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു.കൊറിയൻ സിനിമയുടെ ആരാധകർക്ക് ഇഷ്ടപ്പെടുന്ന ചിത്രമാകും 'The Tooth and the Nail'

 Directors: Sik Jung, Hwi Kim
Writers: Bill S. Ballinger, Sik Jung
Stars: Soo Go, Ju-hyuk Kim, Sung-woong Park |


877.BASTILLE DAY(ENGLISH,2016)


877.Bastille Day
English,2016
Action,Thriller
Director: James Watkins
Writers: Andrew Baldwin, James Watkins
Stars: Idris Elba, Richard Madden, Charlotte Le Bon


ഫ്രഞ്ച് ദേശിയ ദിനമായ Bastille Day യോട് അടുത്ത ദിവസങ്ങളിൽ ഒരു ബോംബ് സ്ഫോടനം ഉണ്ടാകുന്നു.അതിനോട് അനുബന്ധിച്ചു ബോംബുകൾ ഇനിയും പൊട്ടാം എന്നുള്ള ഭീഷണികളും.പോലീസ് ഈ സംഭവങ്ങളെ അവിടത്തെ മുസ്‌ലിം വംശജരുടെ നേർക്കു തിരിക്കുന്നതോടെ രാജ്യം മൊത്തം ആരാജകത്വം നിറയുന്നു.ഒരു ഭാഗത്തു ഫാസിസത്തിനു എതിരെ എന്നു പറഞ്ഞു ഇസ്‌ലാം മത വിശ്വാസികളും.മറു ഭാഗത്തു ഇന്റലിജൻസും പോലീസും,ഒപ്പം CIA യും.

   സങ്കീർണമായ ഒരു പൊളിറ്റിക്കൽ ചിത്രം ആണെന്ന് തോന്നുമെങ്കിലും ഈ സംഭവത്തിലേക്കു നയിച്ച കാര്യങ്ങൾ കൗതുകകരമാണ്.ഒരു ചെറിയ പോക്കറ്റടിക്കാരൻ ആയ മൈക്കിൾ മെസനിൽ നിന്നും ഉണ്ടായ കൈപ്പിഴ വേറെ ഒരു രീതിയിൽ രാജ്യം മുഴുവൻ പടരുകയായിരുന്നു.ബോംബ് സ്ഫോടനം ലക്ഷ്യം ഇട്ടവരുടെ ഉദ്ദേശ്യത്തിൽ നിന്നും ആകെ ആ കേസ് മാറുകയും അന്താരാഷ്ട്ര തലത്തിൽ ഉള്ള ഇടപെടലുകൾ വരെയും ഉണ്ടാകുന്നു.

  ഒരു ആക്ഷൻ ത്രില്ലർ ആയി അവതരിപ്പിച്ച Basttile Day അധികം മുഷിപ്പിക്കാതെ കണ്ടു തീർക്കാവുന്ന ഒന്നാണ്.പ്രത്യേകിച്ചും ഐദ്രിസ് എൽബ, റിച്ചാർഡ് മാദൻ തുടങ്ങിയവരുടെ പ്രകടനങ്ങൾ.കഥയുടെ അവസാനം വലിയ പുതുമ ഒന്നും ഇല്ലെങ്കിൽ പോലും ആക്ഷൻ ത്രില്ലർ എന്ന നിലയിൽ രസിപ്പിക്കുന്ന സീനുകൾ കുറച്ചുണ്ടു.ഇംഗ്ലീഷ്-ഫ്രഞ്ച് ഭാഷകളുടെ സങ്കരണം ആണ് Basttile Day.ആക്ഷൻ ത്രില്ലറുകളുടെ ആരാധകർക്ക് ഇഷ്ടമാകും വളരെ വേഗത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം.

876.KOKO AND THE GHOSTS(CROATIAN,2011)


876.Koko and the Ghosts
      Croatian,2011
     Mystery
    Director: Daniel Kusan
Writers: Daniel Kusan, Ivan Kusan (novel)
Stars: Antonio Parac, Kristian Bonacic, Nina Mileta


കുറ്റാന്വേഷണ നോവലുകളുടെ പാതയിൽ Koko and the Ghosts

കുട്ടിക്കാലത്തു താല്പര്യപൂർവം വായിച്ചിരുന്ന ചില കുറ്റാന്വേഷണ നോവലുകൾ ആയിരുന്നു 'Famous Five','Secret Seven','Hardy Boys' തുടങ്ങിയവ.കുട്ടികൾ നടത്തുന്ന കുറ്റാന്വേഷണം ഒക്കെ ആണ് കഥ.ആ ഒരു പ്രായത്തിൽ ഉള്ളവരെ ത്രിൽ അടിപ്പിക്കാൻ സാധിക്കുന്നവ ആയിരുന്നു ഇവയെല്ലാം.'ഇവാൻ കുസാൻ' സൃഷ്‌ടിച്ച ഇത്തരത്തിൽ ഉള്ള കഥാപാത്രങ്ങളും കഥകളും അടങ്ങിയ ചിത്രമാണ് Koko and the Ghosts എന്ന ക്രൊയേഷ്യൻ ചിത്രം.

  ചിത്രത്തെ കുറിച്ചു പറയുന്നതിന് മുൻപ് ആദ്യം പറയാൻ മറ്റൊന്ന് ആണുള്ളത്.സിനിമ കണ്ട അനുഭവം.മുതിർന്നു വരുമ്പോൾ പലപ്പോഴും ബാലിശം ആയി തോന്നിയിരുന്നു അക്കാലത്തെ പല കഥകളും.അതേ രീതിയിൽ ഒരു പുസ്തകം വായിക്കുന്ന കുട്ടിയുടെ മനസ്സോടെ കണ്ടാൽ ആ പ്രായത്തിലേക്കു തിരിച്ചു പോയി എന്ന് ഒരു തോന്നൽ ഉണ്ടാക്കാൻ കോക്കോയുടെയും കൂട്ടുകാരുടെയും കഥയിലൂടെ കഴിയുന്നുണ്ട്.മുതിർന്നവർക്ക് കണ്ടു പിടിക്കാൻ കഴിയാത്ത കേസുകൾ ഒക്കെ കുട്ടികൾ കണ്ടു പിടിക്കുന്നത് പോലുള്ള കഥകൾ മുതിർന്നവരിൽ എത്ര മാത്രം കാഴ്ചയിൽ സ്വാധീനം ഉണ്ടാക്കും എന്നുള്ള സംശയം കാരണം ആണ് ഇത്തരം ഒരു മുഖവുര.

ഇനി കഥയിലേക്ക്.കോക്കോയും കുടുംബവും ആദ്യ കേസ് തെളിയിച്ച ഗ്രീൻ ഹില്ലിൽ നിന്നും താമസം മാറുന്നു.പുതിയ വീട്ടിൽ ആദ്യം താമസിച്ചിരുന്ന 'വിൻസെക്' മരിച്ചു പോയെങ്കിലും അയാളുടെ ശബ്ദവും മറ്റും പിന്നീട് അവിടെ കേട്ടവർ ഉണ്ടെന്നും,ഒരിക്കൽ താൻ അതു സ്വയം കേട്ടെന്നും കോക്കോയുടെ പുതിയ സുഹൃത്തു സ്‌ലാട്കൊ പറയുന്നു.വിന്സെക്കിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ ഉള്ള വീടിനെ കുറിച്ചുള്ള അന്വേഷണങ്ങളുടെ ഇടയിൽ ആണ് കോക്കോയും കുടുംബവും അവിടെ നിന്നും വീട് മാറി പോകണം എന്നുള്ള ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത്.

  യഥാർത്ഥത്തിൽ പ്രേതം ഇല്ല എന്ന അഭിപ്രായം ആണ് എല്ലാവർക്കും ഉണ്ടായിരുന്നതെങ്കിലും നിഗൂഢമായ എന്തോ എന്നു ഈ സംഭവങ്ങളുടെ പുറകിൽ ഉണ്ടായിരുന്നു എന്ന് കോക്കോയ്ക്കും കൂട്ടർക്കും തോന്നുന്നു.എന്നാൽ അപ്രതീക്ഷിതമായ പലതും സംഭവിക്കുന്നു.ആ കഥയാണ് ചിത്രം ബാക്കി പറയുന്നത്.

ക്രൊയേഷ്യൻ സിനിമകളിൽ മികച്ച വിജയം നേടിയ സിനിമ പരമ്പര ആയിരുന്നു കോക്കോയുടെയും കൂട്ടരുടെയും.നേരത്തെ സൂചിപ്പിച്ച പോലെ കുട്ടികളുടെ കുറ്റാന്വേഷണ നോവൽ വായിക്കുന്നത് പോലെ നല്ലൊരു അനുഭവം ആയിരുന്നു ചിത്രം മൊത്തത്തിൽ.പലപ്പോഴും കൗതുകകരമായ ചെറിയ ട്വിസ്റ്റുകളും എല്ലാം കൂടി ചേർന്ന ഒരു 'കൊച്ചു വലിയ' ചിത്രമാണ് Koko and the Ghosts.

1995. Drop ( English, 2025)